എഐയുടിയുസി യുടെ നേതൃത്വത്തിൽ നവംബർ വിപ്ലവ ശതാബ്ദി ആചരണം

Spread our news by sharing in social media

മഹത്തായ നവംബർ വിപ്ലവത്തിന്റെ ശതാബ്ദി ആചരിച്ചുകൊണ്ട് എഐയുടിയുസി യുടെ നേതൃത്വത്തിൽ ഏറണാകുളത്ത് വമ്പിച്ച തൊഴിലാളി റാലിയും പൊതുസമ്മേളനവും നടന്നു. സംസ്ഥാനതല ആചരണത്തിന്റെ ഭാഗമായി ഒക്‌ടോബർ 11ന് നടന്ന റാലി മഹാരാജാസ് കോളേജ് സമീപത്തുനിന്നും ആരംഭിച്ച് ഹൈക്കോടതി ജംഗ്ഷനിൽ വഞ്ചി സ്‌ക്വയറിൽ സമാപിച്ചു.
എഐയുടിയുസി അഖിലേന്ത്യാ വൈസ്പ്രസിഡണ്ടും എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) കേന്ദ്രകമ്മിറ്റി അംഗവുമായ സഖാവ് കെ.രാധാകൃഷ്ണ റാലി ഉദ്ഘാടനം ചെയ്തു. എഐയുടിയുസി സംസ്ഥാന സെക്രട്ടറി സ. വി.കെ.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് ജയ്‌സൺ ജോസഫ്, എഐയുടിയുസി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സ. എസ്.സീതിലാൽ, സ. കെ.അബ്ദുൾ അസീസ് എന്നിവർ പ്രസംഗിച്ചു. എഐയുടിയുസി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എറണാകുളം ജില്ലാ പ്രസിഡണ്ടുമായ സ.എൻ.ആർ.മോഹൻകുമാർ സ്വാഗതവും, സംസ്ഥാന വൈസ് പ്രസിഡണ്ടും എറണാകുളം ജില്ലാ സെക്രട്ടറിയുമായ സ. പി.എൻ.ദിനേശൻ കൃതജ്ഞതയും ഫറഞ്ഞു.
മാർക്‌സിസത്തെ കരിവാരിത്തേക്കാൻ പത്തൊമ്പതാം നൂറ്റാണ്ടിൽ ബൂർഷ്വാ വൈതാളികർ നടത്തിയ നിരന്തര ശ്രമത്തിന് ചുട്ട മറുപടിയെന്നോണമാണ് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽതന്നെ സോഷ്യലിസ്റ്റ് വിപ്ലവത്തിലൂടെ റഷ്യയിൽ തൊഴിലാളിവർഗ്ഗം അധികാരം സ്ഥാപിച്ചതെന്ന് സഖാവ് കെ.രാധാകൃഷ്ണ ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. റഷ്യൻ മണ്ണിൽ മാർക്‌സിസം മൂർത്തവൽക്കരിക്കുകയും തൊഴിലാളിവർഗ്ഗ വിപ്ലവം വിജയകരമായി പൂർത്തീകരിക്കുകയും ചെയ്തത് മഹാനായ ലെനിന്റ നേതൃത്വത്തിലായിരുന്നു. 100 വർഷങ്ങൾക്കമുമ്പ് ഉദയം ചെയ്ത ആ തൊഴിലാളിവർഗ്ഗ ഭരണകൂടത്തിനുകീഴിൽ, സോഷ്യലിസ്റ്റ് പാതയിൽ, യുഎസ്എസ്ആറിൽ, പട്ടിണി, ദാരിദ്രം, ചൂഷണം, തൊഴിലില്ലായ്മ, ബാലവേല, വേശ്യാവൃത്തി തുടങ്ങിയവയെല്ലാം നിർമ്മാർജ്ജനം ചെയ്യാൻ കഴിഞ്ഞു.
വളരെ ചുരുങ്ങിയ കാലംകൊണ്ട് സൃഷ്ടിച്ച ഈ നേട്ടങ്ങളും, വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, കൃഷി, കല, സാഹിത്യം തുടങ്ങി സകല മേഖലകളിലും കൈവരിച്ച പുരോഗതിയും വികസനവും നേരിട്ട് കണ്ട് ബോധ്യപ്പെട്ട അനേകം ലോകപ്രസിദ്ധരായ വ്യക്തിത്വങ്ങൾ റഷ്യയെയും അതിന്റെ ശില്പികളായ ലെനിനെയും സ്റ്റാലിനെയും കലവറയില്ലാതെ പ്രശംസിക്കുകയുണ്ടായി.

ഇന്ന് യുഎസ്എസ്ആർ നിലവിലില്ല. 1991 ൽ ഗോർബചേവിന്റെ നേതൃത്വത്തിൽ സോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും പ്രതിവിപ്ലവം നടന്നു. അതിലൂടെ മുതലാളിത്ത പുനഃസ്ഥാപനം പൂർത്തീകരിക്കുകയും ചെയ്തിരിക്കുന്നു. സോഷ്യലിസത്തിൽ നിർമ്മാർജ്ജനം ചെയ്യപ്പെട്ടിരുന്ന എല്ലാ തിന്മകളും അരാജകത്വവും അരക്ഷിതാവസ്ഥയും സ്വാഭാവികമായിത്തന്നെ പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
സോഷ്യലിസമെന്നത് ഒരു അന്തരാള ഘട്ടമാണെന്ന് നമ്മൾ മനസ്സിലാക്കണം. തൊഴിലാളി വർഗ്ഗമാണ് അധികാരം കയ്യാളുന്നതെങ്കിലും, അധികാരത്തിൽനിന്നും പുറത്താക്കപ്പെട്ട മുതലാളിവർഗ്ഗവും അവിടെ നിലനിൽക്കുന്നുണ്ട്. അധികാരം തിരിച്ചു പിടിക്കാൻ അവർ ശ്രമിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് തൊഴിലാളിവർഗ്ഗം അതിന്റെ വർഗ്ഗ സമരത്തിന്റെ മുർച്ച കൂട്ടിക്കൊണ്ടേയിരിക്കണം. ഇക്കാര്യങ്ങളിലെല്ലാം മാർക്‌സ് മുതൽ ശിബ്ദാസ്‌ഘോഷ് വരെയുള്ള മാർക്‌സിസ്റ്റ് ആചാര്യന്മാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പാഠങ്ങൾ മനസ്സിലാക്കിയാൽ ഇന്നുണ്ടായിരിക്കുന്ന തിരിച്ചടിയിൽ നിരാശപ്പെട്ട് തളർന്നുപോകാതെ സോഷ്യലിസ്റ്റ് സമൂഹ സൃഷ്ടിക്കായുള്ള പോരാട്ടത്തെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയും.
ഇന്ന് സോഷ്യലിസ്റ്റ് ചേരി നിലവിലില്ലെങ്കിലും, വടക്കൻ കൊറിയയിലും ക്യൂബയിലും സോഷ്യലിസം നിലനിൽക്കുന്നുണ്ട്. മാർക്‌സിസത്തിന്റെ ഏറ്റവും ഉയർന്ന രൂപമായ സഖാവ് ശിബ്ദാസ്‌ഘോഷ് ചിന്തകൾ കൂടി സ്വാംശീകരിച്ചുകൊണ്ട് മാത്രമേ ലോകത്തെങ്ങുമിന്ന് വിപ്ലവം സാദ്ധ്യമാകൂ എന്ന കാര്യം അദ്ദേഹം തൊഴിലാളികളെ ഓർമ്മിപ്പിച്ചു. റഷ്യൻ വിപ്ലവത്തിന്റെ ശില്പി മഹാനായ ലെനിന്റെയും, ലെനിന്റെ ഏറ്റവും അർഹനായ പിൻഗാമിമഹാനായ സ്റ്റാലിന്റെയും അനേകം ചിത്രങ്ങൾ ഏന്തിക്കൊണ്ടുള്ള തൊഴിലാളി റാലി ഏവരിലും ആവേശമുണർത്തുന്നതായിരുന്നു=

Share this