കെഎസ്ആർടിസി പെൻഷൻ സമരം കേരളം ഏറ്റെടുക്കേണ്ട ധാർമ്മിക പോരാട്ടം.

Share

കേരളത്തിൽ 42,000 പേർ പണിയെടുക്കുന്ന ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസിയിലെ 38,000 വിരമിച്ച തൊഴിലാളികൾ ഡിപ്പോകൾക്കുമുന്നിലും തെരുവിലുമായി സമരം ചെയ്യാൻ തുടങ്ങിയിട്ട് 3 മാസം കഴിഞ്ഞു. 5 മാസത്തിലേറെയായി മുടങ്ങിക്കിടക്കുന്ന പെൻഷൻ കുടിശ്ശിക സഹിതം വിതരണം ചെയ്യണമെന്നതാണ് അവരുടെ ആവശ്യം. ജീവിതത്തിന്റെ ആരോഗ്യപൂർണ്ണമായ കാലം മുഴുവൻ സ്ഥാപനത്തിനും സമൂഹത്തിനും വേണ്ടി അദ്ധ്വാനിച്ച ഈ വയോധികരിൽ വലിയൊരു വിഭാഗം, പലവിധ രോഗങ്ങളാൽ കഷ്ടതയനുഭവിക്കുന്നവരാണ്. മരുന്നിനും ഭക്ഷണത്തിനും വാടകയ്ക്കും വകയില്ലാതെ വലയുന്ന ഈ വൃദ്ധജനങ്ങളുടെ ദൃശ്യം ആരുടെയും കരളലിയിപ്പിക്കുന്നതാണ്.

ദിവസവും ആറ്റിങ്ങൽനിന്നും മെഡിക്കൽകോളേജിലെത്തി ക്യൂവിൽനിന്ന് സൗജന്യ ഭക്ഷണപ്പൊതി വാങ്ങി വീട്ടിലെത്തി രോഗിയായ ഭാര്യയോടൊപ്പം കഴിച്ച് വിശപ്പടക്കുന്ന ഒരു കെ.എസ്.ആർ.ടി.സി പെൻഷൻ തൊഴിലാളിയുടെ അവസ്ഥ ആരെയാണ് ഉലയ്ക്കാത്തത്? പെൻഷനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന 38000 വയോധികരും അവരുടെ ആശ്രിതരും കേരള മനസ്സാക്ഷിക്കു മുമ്പിൽ അനേകം ചോദ്യങ്ങളുയർത്തുന്നുണ്ട്. പെൻഷൻ ലഭിക്കാത്തതുമൂലം ഇപ്പോഴത്തെ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത്തന്നെ 10 പേർ ആത്മഹത്യ ചെയ്തു കഴിഞ്ഞു.
സമൂഹത്തിൽ ആദരിക്കപ്പെടേണ്ട ഈ മുതിർന്ന പൗരന്മാർ ഭക്ഷണത്തിനും മരുന്നിനും വേണ്ടി വലയുന്ന സാഹചര്യമൊഴിവാക്കുകയെന്ന മാനുഷിക പരിഗണനയെങ്കിലും സർക്കാർ കാണിക്കുന്നില്ല. ഏവരും പ്രതീക്ഷിച്ച സംസ്ഥാന ബജറ്റിൽപോലും അവരെ ക്രൂരമായി അവഗണിച്ചിരിക്കുന്നു. പെൻഷൻ ഉത്തരവാദിത്തം സർക്കാരിന് ഏറ്റെടുക്കാൻ കഴിയില്ലെന്ന ഉറച്ച പ്രഖ്യാപനമാണ് സർക്കാർ നടത്തിയത്. സഹകരണ ബാങ്കുകളുമായുള്ള ഉടമ്പടി ശരിയായാൽ മാർച്ച്മാസത്തിൽ പെൻഷൻ കുടിശ്ശിക നൽകാമെന്ന ബജറ്റ് പ്രഖ്യാപനം അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്.

തൊഴിലാളികൾക്ക് പെൻഷൻ നൽകുന്നത് അനുകരണീയമല്ലാത്ത ഒരു ബാദ്ധ്യതയായിട്ടാണ് സർക്കാർ കാണുന്നത്. ആഗോളവൽക്കരണനയങ്ങൾ പിന്തുടരുന്ന എല്ലാ രാജ്യങ്ങളിലെയും ഭരണാധികാരികൾ പെൻഷൻ എടുത്തുകളയുന്നതിനെപ്പറ്റിയാണ് ചിന്തിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, കെഎസ്ആർടിസി യുടെ പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗത്തിൽ, പെൻഷൻ മുടക്കം കൂടാതെ മുഴുവൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കരുത്; ഒരു നിശ്ചിത തുക തരാൻ മാത്രമേ കഴിയൂ എന്നാണ് പറഞ്ഞത്. ഇതിനെ ഈ പുതിയ നയത്തിന്റെ ഭാഗമായിട്ടേ കാണാൻ കഴിയൂ. മുഖ്യമന്ത്രിയുടെ വിദഗ്‌ദ്ധോപദേശകയായി നിയമിക്കപ്പെട്ട ഒരാൾ ഈയിടെ തിരുവനന്തപുരം സന്ദർശിച്ച്, സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം പെൻഷനും ശമ്പളവുമാണെന്ന് ഉപദേശം നൽകിയതായിട്ടാണ് റിപ്പോർട്ട്! ആയുസ്സ് ദൈർഘ്യം വർധിക്കുന്നത് ഒരു ആപത്തായിട്ടാണ് ഇവർ കാണുന്നത്. ഈ സംസ്‌ക്കാരം ക്രിമിനൽ മുതലാളിത്തത്തിന്റേതാണ്.
എന്നാൽ, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പെൻഷൻ മുടങ്ങിയപ്പോൾ ഈ നേതാക്കളെല്ലാം പെൻഷൻ ബാദ്ധ്യത സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടവരാണ്. 2014 ആഗസ്റ്റ് 28,29 തീയ്യതികളിൽ കെഎസ്ആർടിസി യിലെ ഇടതു യൂണിയനുകളും ബിഎംഎസ്സും ചേർന്ന് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. അതിനോടനുബന്ധിച്ച്, കെഎസ്ആർടിഇഎ വർക്കിംഗ് പ്രസിഡണ്ട് കെ.കെ.ദിവാകരൻ എഴുതി, ‘കെഎസ്ആർടിസിക്കാരുടെ പെൻഷൻ കാര്യത്തിൽ സർക്കാർ സാമ്പത്തിക സഹായം നൽകിയാൽ മറ്റു പൊതുമേഖലാ സ്ഥാപനങ്ങളും ഈ ആവശ്യം ഉന്നയിക്കുമെന്നാണ് സർക്കാർ വാദം. ഇത് ശുദ്ധ അസംബന്ധമാണ.് സർക്കാരിന്റെ സഹായത്തോടുകൂടിയുള്ള പെൻഷൻ ഫണ്ടല്ലാതെ ഇന്നത്തെ സാഹചര്യത്തിൽ ഒരു മറുമരുന്ന് ആർക്കും നിർദ്ദേശിക്കാൻ കഴിയില്ല.’

2016 ജൂൺ 26ന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഉറപ്പ് ഓർമ്മിക്കുമ്പോഴാണ് ഇവരുടെ ആത്മാർത്ഥതയില്ലായ്മയും ഇരട്ടത്താപ്പും വ്യക്തമാകുന്നത്. ”ജീവനക്കാരുടെ പെൻഷൻ ആരുടെയും ഔദാര്യമല്ല; സർവ്വീസ്സ് കാലത്ത് ഒഴുക്കിയ വിയർപ്പിന്റെ വിലയാണ്. ഈ സർക്കാരിന്റെ കാലത്ത് പെൻഷനുവേണ്ടി സമരം ചെയ്യേണ്ടി വരില്ല. പെൻഷൻ മുടങ്ങില്ല”. ഈ വാക്കു പാലിക്കാൻ ഇടതുപക്ഷ മുഖ്യമന്ത്രി തയ്യാറാവണമെന്നാണ് പെൻഷൻകാരുടെ ആവശ്യം. ഇത് ധിക്കാരപൂർവ്വം നിരാകരിക്കപ്പെട്ടിരിക്കുന്നു. പിണറായി സർക്കാർ അതിന്റെ ധനവകുപ്പ് അഡീഷണൽ സെക്രട്ടറി വഴി, കെഎസ്ആർടിസി പെൻഷൻ ബാദ്ധ്യത സർക്കാരിന് ഏറ്റെടുക്കാനാവില്ല എന്ന സത്യവാങ്മൂലമാണ് കോടതയിൽ നൽകിയത്.
മുൻ സർക്കാരുകളെപ്പോലെ പിണറായി സർക്കാരും, പെൻഷൻകാരെയും ജീവനക്കാരെയും പ്രതിരോധിക്കുന്നത് നഷ്ടത്തിന്റെ കണക്കു പറഞ്ഞാണ്. പലതരത്തിലുള്ള കണക്കുകൾ പുറത്തു വരുന്നുണ്ട്. 25.1.2018ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് ഇപ്രകാരമാണ്: പ്രതിമാസ വരുമാനം 170 കോടി രൂപയും, പ്രതിമാസ ചെലവ് 353 കോടി രൂപയും, അന്തരം 183 കോടിയുമാണ്. ചെലവുകൾ ഇനം തിരിച്ചാൽ, ഡീസൽ, ലൂബ്രിക്കന്റ് (94 കോടി), ശമ്പളം (86 കോടി), പെൻഷനും പെൻഷൻ ആനുകൂല്യങ്ങളും (66 കോടി), വായ്പാ തിരിച്ചടവ് (87 കോടി), സ്‌പെയർ പാർട്‌സ് (10 കോടി) എന്നിങ്ങനെയാണ്. പ്രതിദിനം 6.1 കോടി രൂപ നഷ്ടം വരുത്തിക്കൊണ്ടിരിക്കുന്ന സ്ഥാപനത്തെ എങ്ങനെ രക്ഷിക്കാൻ കഴിയുമെന്ന ചോദ്യമാണ് സർക്കാർ പെൻഷൻകാർക്കും തൊഴിലാളികൾക്കും മുമ്പാകെ വെക്കുന്നത്.

റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻസ് ആക്ട് -1950 പ്രകാരം 1965 ഏപ്രിൽ ഒന്നിനാണ് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ നിലവിൽ വന്നത്. അതിനു മുമ്പ് 27 വർഷം ട്രാവൻകൂർ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് എന്ന പേരിൽ സർക്കാർ ഡിപ്പാർട്ട്‌മെന്റായിട്ടാണ് അത് പ്രവർത്തിച്ചിരുന്നത്. ജനങ്ങൾക്ക് ചുരുങ്ങിയ ചെലവിൽ സുരക്ഷിത യാത്ര പ്രദാനം ചെയ്യുക എന്നതാണ് കെഎസ്ആർടിസിയുടെ ചുമതല.
മോട്ടോർ വാഹന ചട്ടപ്രകാരം സംസ്ഥാനത്ത് ദീർഘദൂര സർവ്വീസ് നടത്താൻ കഴിയുന്ന ഏക ബസ്സ് ഓപ്പറേറ്റർ കെഎസ്ആർടിസിയാണ്. ഏത് റൂട്ടിലും സർവ്വീസ് തുടങ്ങാനും, ദേശസാൽകൃത റൂട്ടുകളിൽ സൂപ്പർക്ലാസ്സ് സർവ്വീസ്സ്’നടത്താനും, സമയക്രമം നിശ്ചയിക്കാനുമുള്ള അധികാരം കെഎസ്ആർടിസിക്കുണ്ട്. എന്നാൽ, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഈ അധികാരങ്ങളെല്ലാം അട്ടിമറിക്കപ്പടുകയുണ്ടായി. സ്വകാര്യ ഓർഡിനറി ബസ്സുകളുടെ ദൂരപരിധി 140 കി.മീ. എന്നത് എടുത്തുകളഞ്ഞു. നിയമപരമായി ചിലകാര്യങ്ങൾ പുന:സ്ഥാപിക്കപ്പെട്ടെങ്കിലും പുതിയ സർക്കാർ അതു പൂർത്തിയാക്കിയില്ല. ഇപ്പോഴും സ്വകാര്യ സർവ്വീസ്സുകാർ പല റൂട്ടുകളും കയ്യടക്കിയിരിക്കുകയാണ്. ഈ വകയിലുണ്ടാകുന്ന നഷ്ടത്തിനുത്തരവാദി തൊഴിലാളികളാണോ?
ആർ.ടി.സി നിയമപ്രകാരം 2:1 എന്ന കണക്കിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മൂലധന വിഹിതം നൽകണം. എന്നാൽ, 1991 മുതൽ യാതൊന്നും ലഭിക്കുന്നില്ല. 2008 മുതൽ കെഎസ്ആർടിസി ധനകാര്യ സ്ഥാപനങ്ങളിൽനിന്നും വായ്പയെടുക്കാൻ തുടങ്ങി. നിലവിലുള്ള പൊതുഗതാഗത ശൃംഖല വിപുലപ്പെടുത്തുവാൻ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പട്ട സ്ഥാപനമായ കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷനിൽ(കെടിഡിഎഫ്‌സി) നിന്നും കടമെടുക്കാൻ തുടങ്ങിയതോടെ കെഎസ്ആർടിസി കടക്കെണിയിൽ കുരുങ്ങുകയായിരുന്നു. സർക്കാർ സഹായം നേരിട്ട് നൽകുന്നത് ഒഴിവാക്കാനായി രൂപം കൊണ്ട ഈ സ്ഥാപനം, 16.5 % വരെയാണ് കെഎസ്ആർടിസിയിൽനിന്നും പലിശ ഈടാക്കിക്കൊണ്ടിരുന്നത്. ദിവസവും 24 പ്രധാന ഡിപ്പോകളിലെ വരുമാനമത്രയും ഇവരുടെ അക്കൗണ്ടുകളിലേക്കാണ് പോയ്‌ക്കൊണ്ടിരുന്നത്. 5 വർഷം കാലാവധിയുള്ള വായ്പയ്ക്ക് തിരിച്ചടവ് അനുസരിച്ച് പലിശനിരക്ക് കുറയുകയുമില്ല. ഇപ്പോഴും 885 കോടി രൂപ തിരിച്ചടക്കാനുണ്ടെന്ന് കെടിഡിഎഫ്‌സിയും മുഴുവൻ അടച്ചുതീർത്തെന്ന് കെഎസ്ആർടിസിയും തർക്കിച്ചുകൊണ്ടിരിക്കുകയാണ്. കെഎസ്ആർടിസി മാനേജ്‌മെന്റിന്റെ കാര്യക്ഷമത ഇതിൽനിന്നുതന്നെ വ്യക്തമാണ്. തിരുവനന്തപുരം, കോഴിക്കോട്, അങ്കമാലി, തിരുവല്ല എന്നീ സ്ഥലങ്ങളിലെ കെഎസ്ആർടിസി ബസ്സ് സ്റ്റാന്റുകൾ പൊളിച്ച് ബി.ഒ.ടി. അടിസ്ഥാനത്തിൽ കെടിഡിഎഫ്‌സി പണിത വാണിജ്യ സമുച്ചയങ്ങളും കെഎസ്ആർടിസിക്ക് ബാധ്യതയായി മാറുകയാണ്. ഇത് എത്ര കാലം കഴിഞ്ഞ് കൈമാറുമെന്ന കാര്യത്തിൽപോലും ഒരു ധാരണയുമുണ്ടാക്കിയിട്ടില്ല. കെഎസ്ആർടിസിയുടെ ബോർഡ് ഓഫ് ഡയറക്ടർമാരിൽ ഒരാൾ കെടിഡിഎഫ്‌സിയുടെ എംഡിയാണെന്നതും ഓർക്കണം.

കെടിഡിഎഫ്‌സിയുടെ കൊള്ളപ്പലിശയ്ക്ക് ഇരയാക്കി കെഎസ്ആർടിസിയെ കടക്കെണിയിൽ കുരുക്കിയതിന് തൊഴിലാളികൾ കുറ്റക്കാരാണോ?

ഡീസലിന് ജല അതോറിറ്റിക്കും വൈദ്യുതി ബോർഡിനും 5% നികുതി ഏർപ്പെടുത്തുമ്പോൾ, കെഎസ്ആർടിസിക്ക് 24.5% നികുതിയാണ് ചുമത്തുന്നത്. ഈയിനത്തിൽ പ്രതിദിനം അധികമായി പിടിച്ചുവാങ്ങുന്ന 60 ലക്ഷം രൂപ സർക്കാർ ന്യായമായും ഒഴിവാക്കേണ്ടതാണ്. ഇക്കാര്യത്തിലും തൊഴിലാളികൾക്ക് ഒന്നും ചെയ്യാനില്ല.
പുതിയ കണക്കനുസരിച്ച് പ്രതിദിനം, ശരാശരി 5784 സർവ്വീസ്സുകളിലായി 14,22,546 കി.മീ. സഞ്ചരിച്ച് 31.14 ലക്ഷം യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നവരാണ് 42,000 വരുന്ന കെഎസ്ആർടിസി തൊഴിലാളികൾ. പൊതു ഗതാഗത സേവനത്തിൽ കെഎസ്ആർടിസി യുടെ സാന്നിദ്ധ്യം ഇപ്പോഴും 30 ശതമാനത്തിൽ താഴെയാണ്. എന്നാൽ, വൻ ലാഭമുണ്ടാക്കാൻ കഴിയില്ലെന്ന് കണ്ട് സ്വകാര്യ ബസ്സ് സർവ്വീസ്സുകാർ തിരിഞ്ഞുനോക്കാത്ത മലമ്പാതകളിലും ഉൾപ്രദേശങ്ങളിലും ജനങ്ങൾക്കാശ്രയം കെഎസ്ആർടിസിയാണ്. രാത്രി വൈകിയും പുലർകാലത്തും യാത്ര സാദ്ധ്യമാക്കുന്നതും കെഎസ്ആർടിസിയാണ്.
കായികമായി വെല്ലുവിളി നേരിടുന്നവർ, കാൻസർ രോഗികൾ, സ്വാതന്ത്ര്യസമര സേനാനികൾ, പത്രപ്രവർത്തകർ തുടങ്ങിയവർക്കെല്ലാം സൗജന്യയാത്ര കെഎസ്ആർടിസി അനുവദിക്കുന്നുണ്ട്. മൊത്തം ഷെഡ്യൂളുകളുടെ 27% ആണ് ഫാസ്റ്റ് പാസഞ്ചറിന് മുകളിലുള്ള കാറ്റഗറിയിൽ വരുന്ന സർവ്വീസ്സുകൾ. സാധാരണക്കാർക്ക് സഹായകരമാകുന്ന ഓർഡിനറി സർവ്വീസ്സുകളാണ് ബാക്കിയത്രയും. ചാർജ് കൂട്ടുവാൻ സ്വകാര്യ ബസ്സ് മുതലാളിമാർ നടത്തുന്ന സർവ്വീസ്സ്മുടക്കെന്ന ഭീഷണിയെ നേരിടാൻ ജനങ്ങൾക്കുള്ള കരുതൽ കെഎസ്ആർടിസിയാണ്. പൊതുഗതാഗത മേഖലയിൽ കെഎസ്ആർടിസി വഹിക്കുന്ന പങ്ക് ഒട്ടും ചെറുതല്ലെന്ന് ഓർക്കണം. 2012ൽ കേരള ഹൈക്കോടതി, സാമൂഹ്യബാധ്യതകൾ ഏറ്റെടുത്തതിന്റെ പേരിൽ 1688 കോടി രൂപ കെഎസ്ആർടിസിയ്ക്ക് നൽകണമെന്ന് വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തിൽ വിധിക്കുകയുണ്ടായി.

നഷ്ടത്തിന്റെ പെരുപ്പിച്ച കണക്കുകാട്ടി പെൻഷകാരുടെ പെൻഷനിലും തൊഴിലാളികളുടെ ശമ്പളത്തിലും മറ്റ് ആനുകൂല്യങ്ങളിലും കൈ വെക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. തൊഴിലാളികൾ എല്ലു മുറിയെ പണിയെടുത്ത് ദിനംപ്രതി ഉണ്ടാക്കുന്ന 6.5 കോടി രൂപയുടെ പകുതിയും വായ്പാതിരിച്ചടവിലേക്കാണ് പോകുന്നത്. മൊത്തം ഡിപ്പോകളിൽ പകുതിയും ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്കു പണയപ്പെടുത്തിയും, ഭൂമി പതിച്ചുകൊടുത്തും എല്ലാമുള്ള മാനേജ്‌മെന്റ് നടപടികളാണ് സ്ഥാപനത്തെ പ്രതിസന്ധിയിലാക്കുന്നത്.
ഒരു സ്ഥാപനത്തിന്റെ നടത്തിപ്പും ഭരണപരമായ കാര്യങ്ങൾ തീരുമാനിക്കുന്നതും മാനേജ്‌മെന്റാണ്; തൊഴിലുടമയാണ്. തൊഴിലാളികൾക്ക് ഇക്കാര്യത്തിൽ ഒരു പങ്കുമില്ല. കെഎസ്ആർടിസിയുടെ കാര്യവും ഇതിൽനിന്ന് വ്യത്യസ്തമല്ല. എംഡിയും ബോർഡ് ഓഫ് ഡയറക്ടർമാരുമടങ്ങുന്ന ‘കീ പീപ്പിൾ’ ആണ് കെഎസ്ആർടിസിയുടെ മാനേജ്‌മെന്റായി അറിയപ്പെടുന്നത്. 16 പേരുള്ള ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിൽ 8 പേർ ഒഫീഷ്യൽ ഡയറക്‌ടേഴ്‌സും, 8 പേർ നോൺ ഒഫീഷ്യൽ ഡയറക്‌ടേഴ്‌സും ആണ്. അവസാനത്തെ 8 പേർ അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളാണ്. ഫലത്തിൽ, അധികാരത്തിലുള്ള രാഷ്ട്രീയകക്ഷിയുടെ ഇഷ്ടാനിഷ്ടങ്ങൾ മാത്രമാണ് നടപ്പാകുന്നത്. കെഎസ്ആർടിസിയെ സംബന്ധിച്ചിടത്തോളം, ഭരണകക്ഷികളുടെ ട്രേഡ് യൂണിയൻ ഭരണമാണ് സ്ഥാപനത്തിൽ നടമാടുന്നത്. ദീർഘ കാലമായി ട്രേഡ് യൂണിയൻ നേതൃത്വത്തിന്റെ ഭാഗമായാണ് കെഎസ്ആർടിസി മാനേജ്‌മെന്റ് പ്രവർത്തിക്കുന്നത്.
എംഡിയുടെ നിയമനം മുതൽ ജീവനക്കാരുടെ സ്ഥലംമാറ്റത്തിലും ശിക്ഷാനടപടികളിലുംവരെ തീരുമാനം വരുന്നത് ഈ യൂണിയൻ നേതൃത്വത്തിലൂടെയാണ്. ഷാസി/ബസ്സ് വാങ്ങൽ മുതൽ ടിക്കറ്റ് നിർമ്മാണം വരെ ഇവരിലൂടെയേ തീരുമാനമാകൂ. പർച്ചേയ്‌സിൽ നടക്കുന്ന അഴിമതിയും കമ്മീഷനും ഓഫറുകളും എല്ലാം ചട്ടപ്പടി കാര്യങ്ങളായി മാറിയിരിക്കുന്നു. ഇതിൽ സമവായമുള്ളതിനാൽ ഒരാക്ഷേപം പോലും ഉയരുകയുമില്ല. രാഷ്ട്രീയ നേതൃത്വത്തിന്റെ ഇച്ഛാനുസരണം നിയമിക്കപ്പെടുന്ന എംഡി, സ്ഥാപനത്തെപ്പറ്റി ഒന്ന് പഠിച്ചുവരുമ്പോഴേക്കും നേതൃത്വത്തിന്റെ അപ്രീതിക്ക് ഇരയാകുകയും സ്ഥാനത്തുനിന്നും ഒഴിവാക്കപ്പെടുകയും ചെയ്യുന്നു. ഇതൊരു തുടർക്കഥയാണ്. അതിനാൽ, കൊട്ടിഘോഷിക്കുന്ന നഷ്ടത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം കാലാകാലങ്ങളായി നിക്ഷിപ്തതാൽപ്പര്യം മുൻനിർത്തി ഭരണം നടത്തിവരുന്ന രാഷ്ട്രീയ നേതൃത്വത്തിനാണ്. ~~

യഥാർത്ഥത്തിൽ, കെഎസ്ആർടിസി ജീവനക്കാർ കേരളത്തിലെ മറ്റേത് പൊതുമേഖലാ സ്ഥാപനവുമായി തട്ടിച്ചുനോക്കിയാലും, വളരെ കുറഞ്ഞ വേതനത്തിന് വളരെ ക്ലേശകരമായ തൊഴിൽസാഹചര്യത്തിൽ പണിയെടുക്കുന്നവരാണ്. ഓപ്പറേറ്റിംഗ് വിഭാഗത്തിലും മെക്കാനിക്കൽ വിഭാഗത്തിലും പണിയെടുക്കുന്ന തൊഴിലാളികളുടെ അദ്ധ്വാനഭാരം കടുത്തതും തൊഴിൽസാഹചര്യം അപായകരവുമാണ്.

പൊതുഗതാഗത സേവനരംഗത്ത് പൊതുതാൽപര്യം സംരക്ഷിച്ചുകൊണ്ട് പ്രവർത്തിക്കുന്ന കെഎസ്ആർടിസി പോലൊരു സ്ഥാപനത്തെ ലാഭ-നഷ്ടങ്ങളുടെ പരിഗണനയിൽ കാണാൻ ഒരു ജനാധിപത്യ സർക്കാരിനു കഴിയുമോ? സംസ്ഥാന സർക്കാരിന്റെ പുതിയ ബജറ്റിൽ പറയുന്നത്, പുനഃസംഘാടനത്തിന്റെ ഭാഗമായി 3 ലാഭകേന്ദ്രങ്ങളാക്കി കെഎസ്ആർടിസിയെ വിഭജിക്കുമെന്നാണ്. കേന്ദ്ര വൈദ്യുതി നിയമത്തിന്റെ ഭാഗമായി കെഎസ്ഇബിയെ ലാഭകേന്ദ്രങ്ങളാക്കി വിഭജിച്ച അതേ ആഗോളവൽക്കരണ നയംതന്നെയാണ് ഇതിന്റെ പിന്നിലും എന്നു കാണാൻ വിഷമമില്ല. ഈ നയത്തെ സിഐടിയു സ്വാഗതം ചെയ്തിരിക്കുന്നു. എന്നാൽ, യുഡിഎഫ് ഭരണകാലത്ത് 2013 സെപ്റ്റംബർ 21ന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരിം ദേശാഭിമാനിയിൽ എഴുതിയത് ഇങ്ങനെയായിരുന്നു: സർക്കാർ എല്ലാ വർഷവും കോടിക്കണക്കിന് രൂപ ചെലവഴിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ആശുപത്രികൾ, ജയിലുകൾ, കോടതികൾ, പോലീസ് സ്റ്റേഷനുകൾ എന്നിവയെല്ലാം ലാഭമുണ്ടാക്കുന്ന സ്ഥാപനങ്ങളാണോ? ലാഭമില്ലാത്തതിന്റെ പേരിൽ ഇവയെല്ലാം അടച്ചുപൂട്ടി, സ്വകാര്യ മൂലധന നിക്ഷേപത്തിന് വിട്ടുകൊടുത്താൽ സാധാരണക്കാരുടെ സ്ഥിതിയെന്താകും? സർക്കാർ ആശുപത്രികൾ ജനസേവനം നടത്തുമ്പോൾ, സ്വകാര്യ ആശുപത്രികൾ നടത്തി ലാഭം ഉണ്ടാക്കുന്നവരില്ലേ?… ഇവരെയാണോ നാം മാതൃകയാക്കേണ്ടത്? എല്ലാം ലാഭകരമായി മാത്രം നടത്തുക എന്ന ആശയം ദുരമൂത്ത മുതലാളിത്തത്തിന്റേതാണ്.’

കെഎസ്ആർടിസിയിലെ അംഗീകൃതരും പ്രബലരുമായ യൂണിയനുകളുടെ തൊഴിലാളിവിരുദ്ധവും അവസരവാദപരവുമായ നടപടികൾമൂലം തൊഴിലാളികൾ വിഷമവൃത്തത്തിലായിരിക്കുകയാണ്. ഒരു കാലത്ത് ഉശിരുള്ള എത്രയോ അവകാശ പോരാട്ടങ്ങൾ നടത്തിയ തൊഴിലാളികൾ ഇന്ന് മാനേജുമെന്റുവൽക്കരിക്കപ്പെട്ട ട്രേഡ് യൂണിയനുകൾക്കു കീഴിൽ നിരാശപ്പെട്ടു കിടക്കുകയാണ്. ഇത്തരം നേതൃത്വങ്ങളെ തട്ടിമാറ്റിക്കൊണ്ട് ശരിയായ തൊഴിലാളിവർഗ്ഗ ബോധത്താൽ നയിക്കപ്പെടുന്ന സംഘടനയിൽ അണിചേരാൻ കെഎസ്ആർടിസി തൊഴിലാളികൾ തയ്യാറാകുകയാണ് വേണ്ടത്.
ഇനിയും പുറത്തുവിടുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ലാത്ത സുശീൽ ഖന്ന റിപ്പോർട്ട് നടപ്പിലാക്കുകയാണ് സർക്കാരും മാനേജ്‌മെന്റും. പുനരുദ്ധാരണമെന്ന പേരിൽ എന്തെല്ലാം തൊഴിലാളി വിരുദ്ധവും തലതിരിഞ്ഞതുമായ നടപടികളാണ് ഇവർ കൈക്കൊള്ളുന്നത്. ജീവനക്കാരുടെ എണ്ണം കുറയ്ക്കുക, അവരെ പിരിച്ചുവിടുക, ഓർഡിനറി സർവ്വീസുകൾ വെട്ടിക്കുറയ്ക്കുക, വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ശമ്പളം നിശ്ചയിക്കുക, സിംഗിൾ ഡ്യൂട്ടി സമ്പ്രദായം അടിച്ചേൽപ്പിക്കുക, ടിക്കറ്റുകളുടെ അച്ചടിയും റിസർവ്വേഷനും സി.പി.ഐ(എം) നേതൃത്വത്തിലുള്ള സൊസൈറ്റിക്ക് കൈമാറുക, ബോഡി നിർമ്മാണ യൂണിറ്റുകൾ അടച്ചുപൂട്ടുക, ബോഡി നിർമ്മാണം സ്വകാര്യ കമ്പനിയെ ഏല്പിക്കുക, പെൻഷൻ പരിമിതപ്പെടുത്തുക തുടങ്ങിയവ ഇതിനകം നടപ്പാക്കിത്തുടങ്ങി. ഇതെല്ലാം കെഎസ്ആർടിസിയെ ലാഭത്തിലാക്കാനുള്ള നടപടികളാണെന്നാണ് സർക്കാർ പറയുന്നത്. തൊഴിലാളിപക്ഷ സമീപനവും സാമൂഹ്യബോധവുമുള്ള ആർക്കും ഇതംഗീകരിക്കാനാവില്ല.
കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് ചുരുങ്ങിയ പലിശ നിരക്കിൽ ദീർഘകാല വായ്പയെടുക്കുക, പ്രൊഫഷണൽ യോഗ്യതയുള്ളവരെ മാനേജ്‌മെന്റ് തലത്തിൽ നിയമിക്കുക എന്നീ നിർദ്ദേശങ്ങളും ഖന്ന റിപ്പോർട്ടിലുണ്ടന്ന് പറയുന്നു. എന്നാൽ, 01.02.2014ന് ഗതാഗത(എ)വകുപ്പ് പുറപ്പെടുവിച്ച പുനരുദ്ധാരണ പാക്കേജിൽ ഈ നിർദ്ദേശങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ നാല് വർഷമായിട്ടും അത് നടപ്പിലാക്കിയിട്ടില്ല. സുശീൽ ഖന്ന റിപ്പോർട്ടിന്റെ പേരിൽ ഇപ്പോൾ പറയുന്ന ഈ നിർദ്ദേശങ്ങൾ അടുത്ത രണ്ട് വർഷം കൊണ്ട് നടപ്പിലാക്കി ലാഭത്തിലെത്തിക്കുമെന്നാണ് സർക്കാർ പറയുന്നത്. അത് കാത്തിരുന്ന് കാണുകയേ നിർവ്വാഹമുള്ളൂ.

എന്നാൽ, ലാഭം ഉണ്ടാക്കിയിട്ടേ പെൻഷൻ കൃത്യമായി തരാൻ കഴിയൂ എന്ന സമീപനം മുഖ്യമന്ത്രി മാറ്റിയേ തീരൂ. പെൻഷൻ തൊഴിലാളികളുടെ മാറ്റിവെക്കപ്പെട്ട വേതനമാണെന്ന സുപ്രിം കോടതി വിധിയുടെ വിശദീകരണമാണ് ഇപ്പോൾ വന്ന ഹൈക്കോടതി നിരീക്ഷണങ്ങൾ. ആയിരവും രണ്ടായിരവും കോടികൾ പുതിയ ബസ്സുകൾ വാങ്ങാൻ നീക്കിവെക്കുന്ന അത്യുത്സാഹത്തിന്റെ ചെറിയൊരു ഭാഗം താല്പര്യമെങ്കിലും പെൻഷൻ കൊടുക്കുന്ന കാര്യത്തിൽ കാണിക്കേണ്ടതല്ലേ? 1984ൽ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന എൻ.സുന്ദരൻ നാടാർ നിയമസഭയിൽ നടത്തിയ പ്രഖ്യാപനത്തിലുടെയാണ് കെഎസ്ആർടിസി തൊഴിലാളികൾക്ക് സ്റ്റാറ്റിയൂട്ടറി പെൻഷൻ നിലവിൽ വന്നത്. രാഷ്ട്രീയ തീരുമാനത്തിലൂടെ നടപ്പിലായ പെൻഷൻ മുടങ്ങാതെ നൽകാനുള്ള ബാധ്യത സർക്കാറിനുണ്ട്. 2013ന് ശേഷം സർവ്വീസ്സിൽ പ്രവേശിച്ചവർക്ക് പങ്കാളിത്ത പെൻഷനാണ് ഏർപ്പെടുത്തിയത്. (പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കുമെന്ന എൽ.ഡി.എഫ് പ്രകടനപത്രികയിലെ നാലാമത്തെ വാഗ്ദാനം വിസ്മൃതിയിലായി.) ഇപ്പോഴുള്ള 38,000 പേരുടെ പെൻഷൻ മുടക്കം കൂടാതെ നൽകാനുള്ള ബാധ്യത സർക്കാർ ഏറ്റെടുക്കണം. പെൻഷൻ കുടിശ്ശിക മുഴുവൻ ഉടനടി സർക്കാർ നൽകണം. കെഎസ്ആർടിസിയുടെ മുഴുവൻ ബാധ്യതകളും പൂർണ്ണമായി സർക്കാർ ഏറ്റെടുക്കുകയും, കെഎസ്ആർടിസിയെ സർക്കാർ ഡിപ്പാർട്ട്‌മെന്റ ് ആക്കുകയുമാണ് വേണ്ടത്. ഇതിനെതിരെ പറയുന്ന ഏത് കാര്യവും മുടന്തൻ ന്യായങ്ങൾ മാത്രമാണ്.

പെൻഷൻ പറ്റിയ തൊഴിലാളികൾക്കെതിരെ ഏതറ്റംവരെയും പോകാനുള്ള സർക്കാരിന്റെ ധാർഷ്ട്യത്തെ അടിയറവ് പറയിക്കേണ്ടതുണ്ട്. പെൻഷൻ നിഷേധവും പിരിച്ചുവിടലും നിയമന നിരോധനവും സ്വകാര്യവൽക്കരണവുമെല്ലാം കെഎസ്ആർടിസിയിൽ മാത്രമായി ഒതുങ്ങുകയില്ലെന്ന് മറ്റ് എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാർ മനസ്സിലാക്കണം. ആഗോളവൽക്കരണ നയത്തിന്റെ ഒരു പരീക്ഷണഓട്ടമാണ് കെഎസ്ആർടിസിയിൽ അധികാരികൾ നടത്തുന്നത്. ആയതിനാൽ, മുഴുവൻ തൊഴിലാളികളും ജീവനക്കാരും മനുഷ്യസ്‌നേഹികളും ഈ സമരത്തെ പിന്തുണയ്ക്കണം. കെഎസ്ആർടിസി പെൻഷൻകാർ നടത്തുന്ന വീറുറ്റ സമരത്തെ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടി ശക്തിയുക്തം പിന്തുണയ്ക്കുന്നു.

Share this post

scroll to top