കെ റെയിൽ സിൽവർലൈൻ: ഭൂമി പിടിച്ചെടുക്കൽ ഉത്തരവിനെതിരെ പ്രതിഷേധം വ്യാപകം

Spread our news by sharing in social media

കേന്ദ്ര ഗവൺമെന്റിന്റെയും റെയിൽവേ ബോർഡിന്റെയും അനുമതി ലഭ്യമായ തിനുശേഷമേ ഭൂമി ഏറ്റെടുക്കാവു എന്ന ഹൈക്കോടതി വിധി നിലനിൽക്കെ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന ഭൂമിയുടെ സർവ്വേ നമ്പർ പ്രസിദ്ധീകരിച്ചത് ജനങ്ങളുടെ ഇടയിൽ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. പരിസ്ഥിതി ആഘാത പഠനവും സാമൂഹിക ആഘാത പഠനവും പതിനാലു മാസത്തെ കാലാവധി വെച്ച് ടെൻഡർ ക്ഷണിച്ചിരിക്കുന്ന സാഹചര്യത്തിൽ അത് നടത്തുന്നതിനു മുൻപാണ് ഉത്തരവിറക്കിയിരിക്കുന്നത്. എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ചുകൊണ്ട് നിയമവിരുദ്ധമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന, നാളിതുവരെയായിട്ടും നിയമസഭയിലോപാത കടന്നുപോകുന്ന മേഖലകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലോ ചർച്ചചെയ്യാതെ ഇടതുമുന്നണിയിലും ഭരണ പാർടിയുടെ കമ്മറ്റിയിലും ചർച്ചചെയ്യാതെ ഇത്രയും ബൃഹത്തായ പദ്ധതി നടപ്പിലാക്കാൻ ആരാണ് തീരുമാനമെടുത്തത് എന്നത് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. പദ്ധതിയുടെ സാധ്യതാപഠനം നടത്തിയ നോർതേൺ റെയിൽവേ ചീഫ് എഞ്ചിനിയറായിരുന്ന ആലോക് കുമാർ വർമ്മ ഈ പദ്ധതി കേരളത്തിന് നിരക്കുന്നതല്ല തള്ളിക്കളയണമെന്നും നിർദ്ദേശിച്ചിരുന്നു. മെട്രോമാൻ ഇ.ശ്രീധരൻ അസംബന്ധമെന്നും ദുരൂഹമെന്നും വിശേഷിപ്പിച്ച,


ശാസ്ത്ര സാഹിത്യ പരിഷത്ത് അടിമുടി സാമൂഹ്യവിരുദ്ധവും പരിസ്ഥിതി വിരുദ്ധവും എന്ന് വിശേഷിപ്പിച്ച, കേരളത്തിലെ സാമൂഹ്യബോധമുള്ള ഒരാളും അംഗീകരിക്കാത്ത ഈ പദ്ധതിയുമായി മുന്നോട്ടു പോകുവാന്‍ സര്‍ക്കാര്‍ തുനിയുന്നത് ധിക്കാരപരമാണ്, ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ സംസ്ഥാന കെ റയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ നടന്നുകൊണ്ടിരിക്കുന്നു. പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്ത് മുനിസിപ്പൽ ഓഫീസ് മാർച്ചകളും ഒക്ടോബർ 27 സെക്രട്ടേറിയറ്റ് മാർച്ചും നടത്തും.
പദ്ധതിക്കെതിരെ കോട്ടയത്ത് കളക്ട്രേറ്റ് മാര്‍ച്ചും ധര്‍ണയും നടന്നു. മാര്‍ച്ച് ബസേലിയോസ് കോളജിനുമുന്നില്‍ മുന്‍മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്തു. കളക്ട്രേറ്റ് ധര്‍ണ കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. സമരസമിതിസംസ്ഥാന ചെയര്‍മാന്‍ എസ്.രാജീവന്‍, ജോസഫ് എം.പുതുശ്ശേരി, വി.ജെ.ലാലി, മിനി കെ.ഫിലിപ്പ്, സുധ കുര്യന്‍, ജേക്കബ് ജോണ്‍, ആന്റണി കുന്നുംപുറം, ചാക്കോച്ചന്‍ മണലേല്‍, ചെറിയാന്‍ ചാക്കോ, സോബിച്ചന്‍ കണ്ണംപള്ളി, കുര്യന്‍ പി.കുര്യന്‍, സൈന തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.