നോട്ട് അസാധുവാക്കൽ നടപടി, രാജ്യം സാമ്പത്തിക അരാജകത്വത്തിലേയ്ക്ക്‌

18076289_303.jpg
Share

നോട്ട് അസാധുവാക്കുന്നതിനു മുമ്പ് നടത്തേണ്ടിയിരുന്ന തയ്യാറെടുപ്പുകൾ
നടത്താതെ ജനങ്ങളെ ദുരിതങ്ങളുടെ നിലയില്ലാക്കയത്തിലേക്ക് തള്ളിയിട്ടു.

2016 നവംബർ 8ന് രാത്രി 8 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് നിലവിലുള്ള 500, 1000 രൂപയുടെ കറൻസി നോട്ടുകൾ അസാധുവാക്കിയതായി പ്രഖ്യാപിക്കുകയുണ്ടായി. കള്ളപ്പണവും വ്യാജനോട്ടും തടയാനും രാജ്യത്തിന്റെ സാമ്പത്തിക ഘടന തകർക്കാൻ ശ്രമിക്കുന്ന തീവ്രവാദശക്തികളെ പ്രതിരോധിക്കാനുമുള്ള നടപടിയെന്ന നിലയിലാണ് കറൻസി നിരോധനത്തെ പ്രധാനമന്ത്രിയും പരിവാരങ്ങളും അവതരിപ്പിച്ചത്. സർക്കാരിന്റെ വിശദീകരണം മുഖവിലക്കെടുത്തുകൊണ്ട് കള്ളപ്പണം തടയാൻ ഈ നടപടി സഹായിക്കുമെങ്കിൽ അത് രാജ്യത്തിന് ഗുണകരമാകുമല്ലോ എന്ന പ്രതീക്ഷയിൽ നിരവധി സാധാരണക്കാർ ഈ നടപടിയെ തുടക്കത്തിൽ സ്വാഗതം ചെയ്യുകയുണ്ടായി. അതിനായി കുറച്ചു ക്ലേശങ്ങൾ സഹിക്കാനും ജനങ്ങൾ തയ്യാറായി. ഈ വരികൾ കുറിയ്ക്കുന്ന 14-ാം ദിവസത്തിലും രാജ്യമെമ്പാടും സാധാരണജനങ്ങൾ വെറും 2000 രൂപ പിൻവലിക്കുന്നതിനായി ബാങ്കിനു മുമ്പിലും എ.ടി.എമ്മുകൾക്കു മുമ്പിലും പൊരിവെയിലത്ത് ക്യൂ നിൽക്കുകയാണ്. ദില്ലിയിലും മറ്റു ചില നഗരങ്ങളിലും രാവിലെ 5 മണിമുതൽ രാത്രി 11 മണിവരെ ജനങ്ങൾ തണുപ്പിൽ ക്യൂ നിൽക്കുകയാണ്. ദൈനംദിന ജീവിത ആവശ്യങ്ങൾ നിർവ്വഹിക്കാനായി മാത്രമാണ് ഈ ക്ലേശമനുഭവിക്കുന്നത്. പൊതുമേഖലാ ബാങ്കുകളെ കവർച്ച ചെയ്തുകൊണ്ടു പോകാൻ വിജയമല്യമാരെ അനുവദിക്കുകയും കോടിക്കണക്കായ സാധാരണജനങ്ങളെ കള്ളപ്പണക്കാരെന്ന സംശയത്തിന്റെ മറയിൽ നിർത്തി അവരുടെ വിരലുകളിൽ മഷി പുരട്ടി അപമാനിക്കുകയും ചെയ്യുകയാണ് സർക്കാർ. അതും പോരാഞ്ഞ് ഈ ക്യൂ നിൽപ്പ് ആഡംബരത്തിനും ധൂർത്തിനും വേണ്ടിയാണെന്ന ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പ്രസ്താവന കൂടി വന്നപ്പോൾ ജനങ്ങളുടെ മുറിവിലെ മുളക് പുരട്ടൽ പൂർത്തിയായി.

ഈ ക്യൂ നിൽപ്പ് എന്നൊരു പ്രശ്‌നം മാത്രമേ നോട്ട് നിരോധനം സൃഷ്ടിച്ചിട്ടുള്ളൂ എന്നാണ് കേന്ദ്ര സർക്കാരിനു വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ എ.ജി അവകാശപ്പെട്ടത്. എന്നാൽ യാഥാർത്ഥ്യമെന്താണ്? രാജ്യത്തിന്റെ സാമ്പത്തിക ചലനങ്ങളാകെ നിശ്ചലമായിരിക്കുന്നു. 500ന്റെയും 1000ന്റെയും കറൻസിയുടെ ആകെ മൂല്യം 14 ലക്ഷം കോടി രൂപയുടേതാണ്. അതായത് രാജ്യത്ത് വിനിമയത്തിലുള്ള ആകെ കറൻസിയുടെ മൂല്യത്തിന്റെ 86 ശതമാനം ഒറ്റയടിക്ക് അസാധുവാക്കപ്പെട്ടിരിക്കുന്നു. അവശേഷിക്കുന്ന 14 ശതമാനംകൊണ്ട് 130 കോടി ജനങ്ങളുടെ സാമ്പത്തിക ക്രയവിക്രയങ്ങൾ നടക്കില്ല എന്നതാണ് യഥാർത്ഥ പ്രതിസന്ധി. ഫലത്തിൽ ഒരു സാമ്പത്തിക അടിയന്തിരാവസ്ഥ പിടിമുറുക്കിയിരിക്കുന്നു. വിളവെടുപ്പ് കാലമായതിനാൽ രാജ്യമെമ്പാടും കർഷകർക്ക് ഉൽപ്പന്നങ്ങൾ വിൽക്കാനാവുന്നില്ല. ഉൽപ്പന്നങ്ങൾ വിറ്റ കർഷകർക്ക് റാബി കൃഷി തുടങ്ങാൻ വിത്തും മറ്റും വാങ്ങാനാവുന്നില്ല. തൊഴിൽ മേഖല അപ്പാടെ സ്തംഭിച്ചിരിക്കുന്നു. എസ്റ്റേറ്റുകളിൽ തൊഴിലാളികൾക്ക് ശമ്പളം ലഭിച്ചിട്ടില്ല. പണികൾ നിലച്ചു. വ്യാപാര- വാണിജ്യ മേഖല മുഴുവൻ നിശ്ചലമായി. ഓരോ ദിനവും ഉണ്ടായിക്കൊണ്ടിരിക്കുന്ന ഉൽപ്പാദന നഷ്ടം എത്രയെന്ന് അളക്കാനാവുന്നില്ല. ഒരു ദിവസം ഹർത്താൽ നടത്തിയാൽ രാജ്യത്ത് കാൽ ലക്ഷം കോടി രൂപയുടെ ഉൽപ്പാദന നഷ്ടമുണ്ടാകുമെന്നു പ്രസ്താവന പുറപ്പെടുവിക്കുന്ന നേതാക്കൾ കഴിഞ്ഞ 13 ദിവസമായി തുടരുന്ന ഉൽപ്പാദന സ്തംഭനം എത്ര നഷ്ടമുണ്ടാക്കിയെന്ന് ഉരിയാടുന്നില്ല. ബാങ്കുകളുടെ മുന്നിലെ ക്യൂ നിൽപ്പിനേക്കാൾ ദീർഘകാലാടിസ്ഥാനത്തിൽ ദുരന്തം സൃഷ്ടിക്കുക ഈ ഉൽപ്പാദന സ്തംഭനമായിരിക്കും.

നോട്ട് അസാധുവാക്കൽ സഹകരണമേഖലയിൽ സൃഷ്ടിച്ചിട്ടുള്ള പ്രതിസന്ധി ഗുരുതരമാണ്. സഹകരണ മേഖല മറ്റേതൊരു സംസ്ഥാനത്തേക്കാളും കേരളത്തിൽ വിപുലവും ശക്തവുമാണ്. ഒന്നേകാൽ ലക്ഷം കോടി വരുന്ന നിക്ഷേപം തട്ടിയെടുക്കാൻ നടത്തുന്ന ശ്രമം ഈ മേഖലയുടെ തകർച്ചയിലേക്കും അതുവഴി ലക്ഷക്കണക്കിന് സാധാരണക്കാരുടെ സാമ്പത്തിക ആശ്രയം അറുത്തുമുറിച്ചുമാറ്റുന്നതിലേക്കുമാണ് നയിക്കുക. സഹകരണ ബാങ്കുകളിൽ മാത്രം നിക്ഷേപമുള്ള ലക്ഷക്കണക്കിന് സാധാരണക്കാർ കഴിഞ്ഞ ഒരുമാസത്തോളമായി നിത്യനിദാനച്ചെലവുകൾക്ക് ഒരു രൂപ പോലും പിൻവലിക്കാനാവാതെ നരകിക്കുകയാണ്.

നോട്ട് നിരോധനം സൃഷ്ടിച്ച ക്ലേശങ്ങൾ സഹിക്കാൻ തുടക്കത്തിൽ തയ്യാറായ ജനങ്ങൾ തുടർന്ന് ഉണ്ടായിട്ടുള്ള പ്രതിസന്ധിയുടെ മുമ്പിൽ പകച്ചുനിൽക്കുകയാണ്. സർക്കാർ വിശദീകരിക്കുന്ന ലക്ഷ്യം വാദത്തിനുവേണ്ടി സമ്മതിച്ചാൽത്തന്നെയും നോട്ട് നിരോധനത്തിനു മുന്നോടിയായി അവശ്യമായും സ്വീകരിക്കേണ്ടിയിരുന്ന തയ്യാറെടുപ്പുകളിൽ എന്തുകൊണ്ട് വീഴ്ച ഉണ്ടായി എന്നു വിശദീകരിക്കാൻ നരേന്ദ്ര മോദിയും സംഘവും ബാദ്ധ്യസ്ഥരാണ്. 1000ത്തിന്റെയും 500ന്റെയും കറൻസി അസാധുവാക്കുമ്പോൾ പകരം അതേ തുകയിലുള്ള കറൻസി നൽകാൻ നിശ്ചയമായും സർക്കാർ തയ്യാറെടുപ്പ് നടത്തേണ്ടതായിരുന്നു. അത് ചെയ്യാതെ, അതിനേക്കാൾ ഉയർന്ന മൂല്യമുള്ള 2000 രൂപയുടെ കറൻസി അച്ചടിച്ചു. ഫലത്തിൽ ഇതൊരു പൊതിയാത്തേങ്ങയായി മാറുകയാണുണ്ടായത്. അതു മാത്രവുമല്ല, അച്ചടിച്ച 2000 രൂപയുടെ നോട്ട് വിതരണം ചെയ്യത്തക്ക വിധം എ.ടി.എമ്മുകളെ സജ്ജീകരിക്കുകയും ചെയ്തില്ല. അസാധുവാക്കൽ പ്രഖ്യാപനം നടത്തിയിട്ട് 7 ദിവസം പിന്നിട്ടപ്പോൾ മാത്രമാണ് 500ന്റെ നോട്ടിന്റെ വിതരണം ഭാഗികമായെങ്കിലും നടന്നത്. ഈ വരികൾ കുറിയ്ക്കുമ്പോഴും രാജ്യത്തെ 18 സംസ്ഥാനങ്ങളിൽ പുതിയ 500 രൂപ നോട്ട് എത്തിയിട്ടുമില്ല. എന്തുകൊണ്ടാണ് പിൻവലിക്കപ്പെടുന്ന നോട്ടുകളുടെ അതേ മൂല്യമുള്ള നോട്ടുകൾ സർക്കാർ കാലേകൂട്ടി അച്ചടിക്കുകയും അവ വിതരണത്തിനെത്തിക്കുകയും ചെയ്യാതിരുന്നത്. ഇത്രയും പ്രതിസന്ധി രൂക്ഷമായിരിക്കുമ്പോഴും 1000 രൂപ നോട്ട് അച്ചടിക്കുന്നില്ല എന്നും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെല്ലാം പുറമെയാണ് നിക്ഷേപം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള കർശനമായ നിയന്ത്രണങ്ങൾ. നിയമപ്രകാരം നിക്ഷേപിച്ചിട്ടുള്ള സ്വന്തം പണം പിൻവലിക്കുന്നത് സർക്കാർ തടഞ്ഞിരിക്കുന്നു. കറൻസി ക്ഷാമം ഇല്ല എന്ന് അസാധുവാക്കൽ പ്രഖ്യാപനം വന്നപ്പോൾ മുതൽ സർക്കാർ ആവർത്തിക്കുന്നുണ്ട്. സുപ്രീം കോടതിയിലും അത് ആവർത്തിച്ചു. എങ്കിൽ നിക്ഷേപകർക്കാവശ്യമായത്ര മുഴുവൻ തുകയും – അവരുടെ സ്വന്തം പണമാണത് – നൽകാൻ തയ്യാറാകാവുകയാണ് വേണ്ടത്. ഇതിനും പുറമെയാണ് ഹാജരാക്കുന്ന പഴയ നോട്ടുകൾക്കു പകരം നൽകുന്നതിനും കർശനമായ നിയന്ത്രണങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. അസാധുവാക്കപ്പെട്ട നോട്ട് എത്ര നൽകിയാലും പകരം നൽകുന്നത് 2000 രൂപ മാത്രമാണ്. ബാക്കിത്തുക അക്കൗണ്ടിൽ നിക്ഷേപിക്കും. അക്കൗണ്ടില്ലാത്ത വ്യക്തിക്ക് ഫലത്തിൽ മാറിയെടുക്കാവുന്ന തുക വെറും 2000 രൂപ മാത്രമാണ്. അതും ഒരാൾക്ക് ഒരു തവണ മാത്രം. പാൻ കാർഡോ ഉറവിടമോ രേഖപ്പെടുത്താതെ 50,000 വരെയുള്ള നിക്ഷേപങ്ങൾ സ്വീകരിക്കാൻ നിലവിൽ നിയമപ്രകാരം അനുവാദമുണ്ട്. അതിനു മുകളിലേക്കുള്ള നിക്ഷേപങ്ങൾക്ക് പാൻ കാർഡ് നിർബ്ബന്ധമാക്കിയിരുന്നത് കള്ളപ്പണം കണ്ടെത്താനായിരുന്നല്ലോ. അതേ വ്യവസ്ഥ ഉപയോഗപ്പെടുത്തി പ്രസ്തുത തുകയുടെയെങ്കിലും പഴയനോട്ടുകൾക്ക് പകരം പൂർണ്ണ തുകയും നൽകാത്തതെന്ത്? ചെക്കും മറ്റും ഉപയോഗപ്പെടുത്തി ആഴ്ചയിൽ 24,000-ത്തിൽ കൂടുതൽ തുകപിൻവലിക്കാനാവില്ല. എന്നാൽ ഒരു അക്കൗണ്ടിൽ നിന്നും മറ്റൊരൗക്കണ്ടിലേക്ക് എത്ര തുക വേണമെങ്കിലും ട്രാൻസ്ഫർ ചെയ്യാം. അതായത് പണം പുറത്തേക്കു പോകരുത്; ബാങ്കിൽത്തന്നെ കിടക്കണം.

ജനങ്ങൾക്ക് അവരുടെ പണം മടക്കി നൽകില്ല എന്ന നിർബന്ധ ബുദ്ധി ഈ തീരുമാനങ്ങളുടെ പിറകിൽ കാണാം. അതായത് ഈ നടപടികളിലൂടെയെല്ലാം ജനങ്ങളുടെ പണം ബലം പ്രയോഗിച്ച് അപ്പാടെ ബാങ്കിൽ നിക്ഷേപമാക്കി മാറ്റുന്ന സമീപനമാണ് വ്യക്തമാകുന്നത്. ഈ സാഹചര്യത്തിലാണ് നോട്ട് പിൻവലിക്കൽ തീരുമാനവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള പ്രതിസന്ധി യഥാർത്ഥത്തിൽ ഒരു വീഴ്ചയുടെ സൃഷ്ടിയല്ല എന്നു നാം ചിന്തിച്ചു പോകുന്നത്. 1000ത്തിന്റെയും 500ന്റെയും നോട്ടുകൾ പിൻവലിക്കുമ്പോൾ ഒന്നുകിൽ അവ തന്നെയോ അല്ലെങ്കിൽ അവയിലും കുറഞ്ഞ മൂല്യത്തിന്റെയോ കറൻസി അച്ചടിക്കേണ്ടതിനു പകരം 2000ത്തിന്റെ നോട്ട് അച്ചടിച്ചാൽ ഉണ്ടാകാനിടയുള്ള പ്രതിസന്ധിയെക്കുറിച്ച് തീരെ അറിവില്ലാത്തവരാണോ റിസർവ്വ് ബാങ്കിന്റെയും ഭരണത്തിന്റെയും തലപ്പത്ത് ഇരിക്കുന്നവർ. 86 ശതമാനം മൂല്യമുള്ള നോട്ട് അസാധുവാക്കുമ്പോൾ അത് 14 ശതമാനം നോട്ട് കൊണ്ട് നികത്താനാവില്ല എന്ന് ഇവർക്ക് അറിയില്ലേ. എന്നിട്ടും മുൻകൂർ തയ്യാറെടുപ്പും ഒന്നും നടത്താതിരുന്നതെന്തേ? അപ്പോൾ പ്രതിസന്ധി അറിവില്ലായ്മയുടെ സൃഷ്ടിയല്ല, മറിച്ച് കൃത്യമായ ലക്ഷ്യങ്ങൾ നിർണ്ണയിച്ചുകൊണ്ട് ആവിഷ്‌കരിച്ച ഒരു പദ്ധതിയായിരുന്നു തയ്യാറെടുപ്പില്ലായ്മ.

കള്ളപ്പണം കണ്ടുകെട്ടൽ

എന്താണ് കള്ളപ്പണം? വെളിപ്പെടുത്തപ്പെട്ടിട്ടില്ലാത്ത മാർഗ്ഗങ്ങളിലൂടെ സമ്പാദിച്ചതും നികുതിയടയ്ക്കാത്തതുമായ വരുമാനം അഥവാ സമ്പത്താണ് കള്ളപ്പണം എന്ന് ലളിതമായി പറയാം. മയക്കുമരുന്നിന്റെയും ആയുധത്തിന്റെയും മറ്റും കള്ളക്കടത്തുപോലുള്ള ക്രിമിനൽ നടപടികൾ, കയറ്റുമതിയുടെയും ഇറക്കുമതിയുടെയും രേഖകളിൽ വരുത്തുന്ന കൃത്രിമങ്ങൾ, റിയൽഎസ്റ്റേറ്റ് ഇടപാടുകളിൽ യഥാർത്ഥ വിലയെക്കാൾ കുറഞ്ഞ വില രേഖപ്പെടുത്തൽ, ചരക്കുകളുടെ വില്പനയിൽ രേഖയിൽപ്പറയുന്ന വിലയിൽ കൂടുതലായി വാങ്ങുന്ന പണം, അഴിമതിക്കാരായ മന്ത്രിമാരും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥന്മാരും മറ്റും കൈപ്പറ്റുന്ന കൈക്കൂലിയും കമ്മിഷനും തുടങ്ങിയവയിലൂടെയെല്ലാം കള്ളപ്പണം സൃഷ്ടിക്കപ്പെടുന്നു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കള്ളപ്പണം നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകളിലൂടെ നമ്മുടെ ആഭ്യന്തര വിപണിയിൽ സൈ്വര്യവിഹാരം നടത്തിവരികയാണ്. പണപ്പെരുപ്പത്തിനും കരിഞ്ചന്തയ്ക്കും പൂഴ്ത്തിവയ്പിനുമൊക്കെ അത് ഇടവരുത്തിയിരിക്കുന്നു. കള്ളപ്പണത്തിന്റെ 75 ശതമാനവും, സ്വിസ് ബാങ്കിലെ രഹസ്യനിക്ഷേപത്തിന്റെയും ഹവാല ഇടപാടുകളിലൂടെ കടത്തിയും മറ്റും വിദേശത്ത് സൂക്ഷിച്ചിരിക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്.
ആരാണ് കള്ളപ്പണത്തിന്റെ പ്രധാന ഇടപാടുകാർ? തീർച്ചയായും അദ്ധ്വാനിച്ചുജീവിക്കുന്ന സാധാരണ ജനങ്ങളല്ല. വൻവ്യവസായികൾ, തത്ത്വദീക്ഷയില്ലാത്ത വൻ ബിസിനസ്സുകാർ, അഴിമതിക്കാരായ രാഷ്ട്രീയക്കാരും മന്ത്രിമാരും, റിയൽഎസ്റ്റേറ്റ് മാഫിയകൾ, ആയുധക്കച്ചവടക്കാർ, കള്ളക്കടത്തുകാർ, ഊഹക്കച്ചവടക്കാർ എന്നിങ്ങനെയുളള ഒരു ചെറുന്യൂനപക്ഷമാണവർ. അങ്ങേയറ്റം ചൂഷണപരവും വിവേചനപരവും അഴിമതിനിറഞ്ഞതുമായ ഈ മുതലാളിത്ത വ്യവസ്ഥിതിയിൽ വിശേഷാവകാശങ്ങൾ അനുഭവിച്ചുവരുന്നവരാണവർ.
ഇവിടെ പ്രചാരത്തിലുളള കള്ളപ്പണത്തിന്റെ അളവെത്രയാണ്? ഇൻഡ്യയിലെ വ്യവസായികളും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥപ്രമാണിമാരും സ്വിസ്ബാങ്കിൽ നടത്തിയിട്ടുള്ള നിക്ഷേപം 1.4 ട്രില്ല്യൺ അമേരിക്കൻ ഡോളർ അഥവാ 72 ലക്ഷം കോടിരൂപ എന്ന ഭീമമായ സംഖ്യയുടേതാണെന്ന് ഏതാനും വർഷങ്ങൾക്കുമുമ്പ് ബാങ്ക് അധികൃതർ വെളിപ്പെടുത്തുകയുണ്ടായി. (കുൽദീപ് നയ്യാർ, എക്‌സ്പ്രസ്സ് ട്രിബ്യൂൺ, ജൂലൈ 19, 2011). ഈ വമ്പിച്ച സംഖ്യ രാജ്യത്തേയ്ക്ക് തിരിച്ചുകൊണ്ടുവരാമെങ്കിൽ, രാജ്യത്തിന്റെ വിദേശ കടബാദ്ധ്യത ഒറ്റയടിക്ക് തീർക്കാം. തീർന്നില്ല, പിന്നെയും നമ്മുടെ വിദേശകടബാദ്ധ്യതയുടെ പന്ത്രണ്ട് മടങ്ങ് തുക ബാക്കിയുണ്ടാകും. ആ പണം നിക്ഷേപിച്ചാൽ അതിന്റെ പലിശ തന്നെ കേന്ദ്രഗവണ്മെന്റിന്റെ വാർഷിക ബജറ്റിന് തുല്യമായ തുകവരും. അപ്പോൾ, മുഴുവൻ നികുതികളും ഇല്ലാതാക്കിയാലും ഗവണ്മെന്റിന് സുഖമായി രാജ്യകാര്യങ്ങൾ നടത്തിക്കൊണ്ടുപോകാൻ കഴിയും. ഇൻഡ്യൻ സമ്പദ്‌വ്യവസ്ഥിതിയിൽ കളളപ്പണത്തിന്റെ വ്യാപ്തി എന്തുമാത്രമെന്ന് ഇതിൽ നിന്ന് ഊഹിക്കാം. ലോകബാങ്കിന്റെ ഒടുവിലത്തെ റിപ്പോർട്ട് ഇൻഡ്യയിലെ കള്ളപ്പണത്തിന്റെ അളവ്, വ്യക്തമായ കാരണങ്ങളാൽ, കണക്കിലെ കളികളിലൂടെ കുറച്ചുകാണിച്ചിട്ടുണ്ട്. പക്ഷെ, അതനുസരിച്ചുപോലും മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) 23.2 ശതമാനമാണ് ഇവിടത്തെ കള്ളപ്പണം. 2015-2016 ലെ മൊത്തം ആഭ്യന്തര ഉൽപ്പാദനം 150 ലക്ഷം കോടി രൂപയുടേതാണെന്ന് കണക്കാക്കുകയും കള്ളപ്പണം അതിന്റെ ഏതാണ്ട് 25 ശതമാനമാണെന്ന് കണക്കാക്കുകയും ചെയ്താൽ അത് 37.5 ലക്ഷം കോടി രൂപ വരും. ആദായനികുതിവകുപ്പിന്റെ അഭിപ്രായത്തിൽ ഈ കളളപ്പണത്തിന്റെ 94 ശതമാനവും വിദേശത്താണ് സൂക്ഷിച്ചിരിക്കുന്നത്. മൂന്ന് നാല് ശതമാനം സ്വർണ്ണം, രത്‌നം, റിയൽ എസ്റ്റേറ്റ് എന്നിവയിൽ. ഏറിയാൽ 3 ശതമാനം അഥവാ 75,000 കോടി രൂപയാണ് പണമായി സൂക്ഷിക്കപ്പെടുന്നത്. ഈ രംഗത്തെ താരതമ്യേന ചെറുകിട കളിക്കാരാണ് ഈ തുക കൈകാര്യം ചെയ്യുന്നത്. വൻതോക്കുകളൊന്നും അതിൽപ്പെടില്ല. കറൻസിയുടെ രൂപത്തിലുളള ഈ കളളപ്പണം പൂർണ്ണമായും വെളിച്ചത്തുകൊണ്ടുവരാൻ, ഈ നോട്ട് അസാധുവാക്കൽ നടപടിയിലൂടെ സാധിക്കുന്നുവെന്ന് വാദത്തിന് വേണ്ടി സങ്കല്പിക്കുക. പക്ഷെ, കള്ളപ്പണത്തെ ഇല്ലാതാക്കാൻ അതിലൂടെ സാധിക്കുകയില്ലെന്ന് പകൽപോലെ വ്യക്തമല്ലേ? കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യുപിഎ ഗവണ്മെന്റ് കള്ളപ്പണം നിയന്ത്രിക്കാൻ എന്ന ഇതേ ന്യായമുന്നയിച്ചുതന്നെ, 2005-ന് മുമ്പ് അച്ചടിച്ച നോട്ടുകൾ പിൻവലിക്കാനുള്ള നീക്കം നടത്തിയപ്പോൾ, അന്ന് ബിജെപിയുടെ വക്താവായിരുന്ന മീനാക്ഷിലേഖി മാധ്യമങ്ങളോട് ഇങ്ങനെ പറയുകയുണ്ടായി: ‘2005-ന് മുമ്പ് അച്ചടിച്ച നോട്ടുകൾ അസാധുവാക്കാനുള്ള ധനകാര്യമന്ത്രാലയത്തിന്റെ നീക്കം, രാജ്യത്തിന് പുറത്ത് ഗൂഢമായി കുന്നുകൂട്ടിയിട്ടുള്ള കള്ളപ്പണത്തിന്റെ പ്രശ്‌നം മറച്ചുവയ്ക്കാനായി ആവിഷ്‌കരിച്ചിട്ടുള്ള പുതിയ ചെപ്പടിവിദ്യയാണ്… പാവങ്ങൾക്കെതിരായ കടുത്ത നടപടിയാണിത്. ഇത്തരം ശ്രദ്ധതിരിച്ചുവിടൽതന്ത്രങ്ങൾ മൂലം ഏറ്റവുമധികം ആഘാതം അനുഭവിക്കാൻപോകുന്നത് നിരക്ഷരരും ബാങ്കിംഗ് സൗകര്യങ്ങളില്ലാതത്തവരുമായ സാധാരണക്കാരായ സ്ത്രീപുരുഷന്മാരായിരിക്കും… ജനസംഖ്യയിൽ 65 ശതമാനം പേർക്കും ബാങ്ക് അക്കൗണ്ടില്ല. വലിയൊരുപങ്ക് അക്ഷരാഭ്യാസമില്ലാത്തവരും ദരിദ്രരും വൃദ്ധരും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജീവിക്കുന്നവരുമൊക്കെയടങ്ങുന്ന അത്തരം ആളുകൾ സമ്പാദ്യം സൂക്ഷിക്കുന്നത് പണമായിട്ടാണ്. തങ്ങളുടെ കൈവശമുള്ള നോട്ടിന് വിലയില്ലാതായിരിക്കുന്നുവെന്ന് പറഞ്ഞ് അവരെ പേടിപ്പിക്കുകയും, അത് മാറ്റിക്കൊടുക്കുന്നതിന് കനത്ത ഫീസ് ആവശ്യപ്പെടുകയും ചെയ്യുന്ന ഇടത്തട്ടുകാരുടെ ചൂഷണത്തിന് അവർ ഇരകളായിമാറും. കച്ചവടക്കാരും അവരെ പിടിച്ചുപറിക്കും… ഈ നയം രാജകീയ രക്തമുള്ളവർക്കുവേണ്ടിയുള്ളതാണ്. അദ്ധ്വാനിച്ചുവിയർക്കുന്ന, ചുവന്നരക്തമുള്ള ജനകോടികൾക്കുവേണ്ടിയുളളതല്ല. സ്വിസ് അക്കൗണ്ടുകളിൽ രഹസ്യനിക്ഷേപമുള്ളവരെ ഇത് ബാധിക്കാനേ പോകുന്നില്ല.’ (ടൈംസ് ഓഫ് ഇൻഡ്യ, 24.01.14)

നോട്ട് അസാധുവാക്കൽ  കള്ളപ്പണം തടയില്ല

രാജ്യത്ത് കറുത്തപണം കറൻസികളായി ശേഖരിച്ചു വയ്ക്കുന്നത് വെറും 6 ശതമാനം മാത്രമാണ്. ഈ 6 ശതമാനത്തെ തടഞ്ഞുവെന്ന് വാദത്തിന് അംഗീകരിച്ചാൽത്തന്നെ ബാക്കി 96 ശതമാനം കള്ളപ്പണവും അസാധുവാക്കലിനു ശേഷവും സസുഖം വാഴുകയാണ്. യഥാർത്ഥത്തിൽ വമ്പൻ സ്രാവുകൾ സുരക്ഷിതരായിരിക്കുന്നു. അതായത് മോദി സർക്കാരിന്റെ തീരുമാനം 94 ശതമാനം വരുന്ന ഈ വമ്പന്മാരെ ഒന്നു തൊടുക പോലുമില്ല. അവരുടെ അതിഭീമമായ കള്ളപ്പണം വിദേശബാങ്കുകളിൽ നിക്ഷേപമായും നികുതി വെട്ടിപ്പ് പറുദീസകളായ രാജ്യങ്ങളിലെ മൂലധനനിക്ഷേപമായും ഓഹരി നിക്ഷേപമായും ഭൂമിയായും സ്വർണ്ണമായും ഒരു പരിക്കുമേൽക്കാതെ സംരക്ഷിക്കപ്പെട്ടിരിക്കുമ്പോഴാണ് തന്റെ സർക്കാർ കള്ളപ്പണത്തിനെതിരെ കുരിശുയുദ്ധം നടത്തുകയാണെന്ന് നരേന്ദ്രമോദി സാക്ഷ്യപ്പെടുത്തുന്നത്. 1978ൽ മൊറാർജി ദേശായി സർക്കാർ നോട്ട് പിൻവലിച്ചപ്പോൾ അന്നത്തെ റിസർവ് ബാങ്ക് ഗവർണർ ഐ.ജി.പാട്ടീൽ അതിനോട് വിയോജിച്ചുകൊണ്ട് പറഞ്ഞ വാക്കുകൾ ഇവിടെ ഓർമ്മിപ്പിക്കട്ടെ: ‘കള്ളപ്പണത്തിന്റെ ഉടമസ്ഥർ അവരുടെ കറുത്ത സമ്പാദ്യം കറൻസി രൂപത്തിൽ ദീർഘകാലം സൂക്ഷിച്ചുവയ്ക്കില്ല. അവരുടെ കറുത്ത പണം നോട്ടുകെട്ടുകളാക്കി, കിടക്കയുടെ അടിയിലും സൂട്ട് കേസ്സിലും നിറച്ചുവച്ചിരിക്കുകയാണെന്ന ചിന്ത ശുദ്ധ അറിവില്ലായ്മയാണ്’. കറുത്ത പണം കറൻസികളായി സൂക്ഷിച്ചുവയ്ക്കുന്ന ഏതാണ്ട് 6 ശതമാനത്തോളം പേരെ ഈ അസാധുവാക്കൽ ബാധിച്ചേക്കാം. അവരിൽ ബിജെപിയുമായി ബന്ധമുള്ളവർ തീരുമാനം നേരത്തെ അറിയുകയും പല മാർഗ്ഗങ്ങളിലൂടെ വെളുപ്പിക്കുകയും ചെയ്തതായും നിരവധി ആരോപണങ്ങൾ പുറത്തു വന്നിട്ടുണ്ട്. അതായത് അനേകകോടി ജനങ്ങളെ പരമക്ലേശങ്ങളിൽ അകപ്പെടുത്തിയ നോട്ട് റദ്ദാക്കൽ കള്ളപ്പണക്കാരിൽ ഒരു വമ്പനെയും സ്പർശിക്കുകയില്ല, ബാധിക്കപ്പെടുമെന്ന് കണക്കുകൂട്ടിയിരുന്ന 6 ശതമാനത്തിൽത്തന്നെ സ്വാധീനശക്തിയുള്ളവർ രക്ഷപ്പെടുകയും ചെയ്തിരിക്കുന്നു. പിന്നെ എന്തിനായിരുന്നു ഈ അഭ്യാസം മുഴുവൻ?

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിൽ വിദേശബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം തിരികെ നാട്ടിലെത്തിക്കുമെന്നും അതിന്റെ ആളോഹരി വീതമെന്ന നിലയിൽ 15 ലക്ഷം രൂപ ഏവർക്കും ലഭ്യമാക്കുമെന്നും മോദി നിരവധി വേദികളിൽ പറഞ്ഞിരുന്നു. അങ്ങിനെ തിരികെ എത്തുന്ന പണം സ്വീകരിക്കാൻ പാകത്തിൽ എല്ലാവരും അക്കൗണ്ട് തുറക്കണമെന്നും മോദിയും സംഘവും ആവശ്യപ്പെട്ടിരുന്നു. ഗുജറാത്ത് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ പട്ടിണിപ്പാവങ്ങളായ നിഷ്‌കളങ്കർ ശരിക്കും അപ്രകാരം ധരിച്ചുവശാകുകയും അതിന്റെയടിസ്ഥാനത്തിൽ വോട്ട് ചെയ്യുകയും ചെയ്തിരുന്നു. ബിജെപിയുടെ ഘടകങ്ങൾ മുൻകൈയെടുത്ത് അക്കൗണ്ട് തുടങ്ങാൻ നട്ടുകാരെ സഹായിക്കുക പോലുമുണ്ടായി. എന്നാൽ സംഭവിച്ചതെന്താണ്? എബിപി ലൈവ് ചാനൽ ബിജെപി പ്രസിഡന്റ് അമിത് ഷായുമായി നടത്തിയ ഒരു സംഭാഷണം രഹസ്യക്യാമറയിൽ പകർത്തി പുറത്തുവിടുകയുണ്ടായി. നൂറ് ദിവസത്തിനകം കള്ളപ്പണം പുറത്തുകൊണ്ടുവന്ന് ഓരോ പൗരനും 15 ലക്ഷം രൂപ വീതം നൽകും എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം എന്തുകൊണ്ട് നിറവേറ്റിയില്ല എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത് അത് ചുനാവിജുംല (ഇലക്ഷന് വേണ്ടി ഇറക്കിയ ഒരു ചെപ്പടിവിദ്യ) ആയിരുന്നു എന്നാണ്. ‘ജനങ്ങൾക്ക് അത്രയേറെ പണം നൽകാൻ ഒരു മാർഗ്ഗവുമില്ല’, ആത്മഗതമായി അദ്ദേഹം പറഞ്ഞു. അങ്ങേയറ്റത്തെ ഇരട്ടത്താപ്പും നിർലജ്ജമായ വ്യാജഭാഷണവും എന്നല്ലാതെ എന്താണ് പറയേണ്ടത്! ഇപ്രകാരം പറഞ്ഞു പറ്റിച്ച മോദിക്കെതിരെ കള്ളപ്പണം തിരികെ എത്തിക്കാത്തതിന്റെ പേരിൽ മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും നിരന്തരം വിമർശനം ഉന്നയിക്കുകയായിരുന്നു. ഇതിനിടയിൽ വിദേശബാങ്കുകളിൽ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ളവരുടെ ലഭ്യമായ ലിസ്റ്റ് ഹാജരാക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടപ്പോൾ മുൻസർക്കാർ ഹാജരാക്കിയ അതേ ലിസ്റ്റ് ഒരു കവറിനുള്ളിലാക്കി നൽകുകയാണ് ചെയ്തത്. രാജ്യതാൽപ്പര്യത്തെ മുൻനിർത്തി പേരുകൾ വെളിപ്പെടുത്താനാവില്ലെന്ന് കോടതി പറയുകയും ചെയ്തതോടെ കള്ളപ്പണ വേട്ട അവിടെ അവസാനിച്ചു. ഒരു കള്ളപ്പണക്കാരനെയെങ്കിലും തുറുങ്കിലടയ്ക്കാനോ അയാളുടെ വിദേശ ബാങ്കിലെ കള്ളപ്പണം രാജ്യത്തെത്തിക്കാനോ മോദിക്ക് ഈ നിമിഷം വരെ കഴിഞ്ഞിട്ടില്ല. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കള്ളപ്പണ നിക്ഷേപം വർദ്ധിക്കുകയാണെന്ന് നിരവധി ആധികാരിക കേന്ദ്രങ്ങൾ വെളിപ്പെടുത്തുകയുണ്ടായി. ചുരുക്കത്തിൽ ഭരണം രണ്ടര വർഷം പിന്നിടുമ്പോഴും കള്ളപ്പണക്കാർക്കെതിരെ ഒരു നടപടിയും കൈക്കൊള്ളാത്തതിന്റെ പേരുദോഷം മാറ്റാനുള്ള ഒരു നാടകം കൂടിയാണ് നോട്ട് അസാധുവാക്കൽ നടപടി.

2009-14 കാലയളവിലെ റിസർവ് ബാങ്ക് ഡപ്യൂട്ടി ഗവർണറായിരുന്ന കെ.സി.ചക്രവർത്തി ചൂണ്ടിക്കാട്ടിയത് ഇപ്രകാരമാണ്: ‘ഇപ്പോഴത്തെ നോട്ട് റദ്ദാക്കൽ കള്ളപ്പണം തടയുക എന്ന ലക്ഷ്യം നിറവേറ്റില്ല. കള്ളപ്പണമായി കെമാറ്റം ചെയ്യപ്പെടുന്ന കറൻസി യഥാർത്ഥത്തിൽ വെളുത്തത് തന്നെയാണ്. അതിനാൽ കറൻസിയെ റദ്ദാക്കിക്കൊണ്ടല്ല, കള്ളപ്പണത്തെ സൃഷ്ടിക്കുന്ന പ്രക്രിയ ഇല്ലാതാക്കിക്കൊണ്ട് മാത്രമേ കള്ളപ്പണത്തെ തടയാൻ കഴിയൂ’. ഒരു സമാന്തരസമ്പദ് വ്യവസ്ഥ പോലെ പ്രവർത്തിക്കാൻ കള്ളപ്പണത്തിന് കഴിയുന്നത് ഈ പ്രക്രിയയുടെ പിൻബലത്തിലാണ്. കൃത്രിമമായി വൻകിട ഇടപാടുകളുടെയും പണകൈമാറ്റത്തിന്റെയും രേഖകൾ നിർമ്മിക്കുക, താഴ്ന്ന വില്പനവിലയുടെയും അമിതവില്പനവിലയുടെയും ഇടുപാടുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുക, നിലവിലില്ലാത്ത ഇടപാടുകൾ നടന്നതായി റിപ്പോർട്ടു ചെയ്യുക, വൻ നികുതി വെട്ടിപ്പു നടത്തുക തുടങ്ങി വിദേശരാജ്യങ്ങളുമായി ഉണ്ടാക്കുന്ന കരാറുകൾ വരെ ഈ പ്രക്രിയയുടെ ഭാഗമാണ്. ഈ പ്രക്രിയയ്ക്ക് ഒരു പോറലുപോലുമേൽപ്പിക്കാതെ കള്ളപ്പണത്തെ എങ്ങിനെ തടയും? കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം ഓഹരി വിപണിയിൽ നിറയാൻ പഴുതൊരുക്കുന്ന വ്യവസ്ഥ – ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ നിക്ഷേപകന്റെ ഐഡന്റിറ്റി വെളിപ്പെടുത്തേണ്ടതില്ല എന്ന വ്യവസ്ഥ – പോലും റദ്ദാക്കാൻ തയ്യാറാകാത്ത നരേന്ദ്ര മോദി കള്ളപ്പണ വേട്ട നടത്തുന്നുവെന്ന് അവകാശപ്പെടുന്നതിന് എന്തർത്ഥമാണുള്ളത്?
നോട്ട് അസാധുവാക്കൽ വ്യാജ നോട്ടിനെതിരെയുള്ള യുദ്ധം – യാഥാർത്ഥ്യമെന്ത് ?
പാക്കിസ്ഥാൻ വൻതോതിൽ വ്യാജനോട്ട് അച്ചടിച്ച് ഭീകരപ്രവർത്തകരിലൂടെ ഇൻഡ്യയിൽ വിതരണം ചെയ്ത് രാജ്യത്തിന്റെ സാമ്പത്തികഘടനയെ അട്ടിമറിക്കുകയാണെന്നും അത് പ്രതിരോധിക്കുന്നതിനും കൂടി വേണ്ടിയാണ് നോട്ട് അസാധുവാക്കുന്നത് എന്നാണ് ഗവണ്മെന്റനുകൂലികൾ പ്രചരിപ്പിക്കുന്നത്. 2015 ൽ ബാങ്കുകളും പോലീസും ചേർന്ന് കണ്ടെത്തിയിട്ടുള്ളത് ഇൻഡ്യയിൽ 1000ത്തിന്റെയും 500ന്റെയും വ്യാജനോട്ട് പ്രചാരത്തിലുള്ളത് വെറും 0.002 ശതമാനം മാത്രമാണെന്നാണ്. ഇൻഡ്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠന പ്രകാരം ഒരു നിശ്ചിത സമയത്ത് രാജ്യത്ത് പ്രചാരത്തിലുള്ള വ്യാജ കറൻസിയുടെ മൂല്യം വെറും 400 കോടി രൂപ മാത്രമാണ്. പ്രസ്തുത വ്യാജനിൽ ഒരു പങ്ക് രാജ്യത്തിനുള്ളിലെ ക്രിമിനലുകൾ അച്ചടിക്കുന്നതാണ്. അതായത് പ്രചരിക്കുന്ന വ്യാജകറൻസിയിൽ ഒരു ഭാഗം മാത്രമാണ് ഭീകരശൃംഖല വഴി ഇൻഡ്യയിലെത്തുന്നത്. ഇത്രയും തുഛമായ വ്യാജകറൻസിയെ നേരിടാൻ, രാജ്യത്തെ 14 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള നോട്ട് റദ്ദാക്കേണ്ടതില്ല എന്ന് ഇതിലൂടെ വ്യക്തമാണ്. എന്നു മാത്രവുമല്ല 2000 രൂപയുടെ പുതിയ കറൻസി അച്ചടിച്ചത് യഥാർത്ഥത്തിൽ വ്യാജനോട്ട് നിർമ്മാതാക്കൾക്ക് കൂടുതൽ സഹായകരമായ നടപടിയല്ലേ? ഉയർന്ന മൂല്യമുള്ള നോട്ടുകൾക്ക് വ്യാജകറൻസി ഇറക്കുന്നതാണ് ആദായകരം.ഇപ്പോൾത്തന്നെ 2000 രൂപയുടെ കള്ളനോട്ട് അച്ചടിച്ചതിന്റെ പേരിൽ കേസ് രജിസ്‌ററർ ചെയ്തുകഴിഞ്ഞു. ഇതിൽ നിന്നെല്ലാം മനസ്സിലാക്കാൻ കഴിയുന്നത് നോട്ട് അസാധുവാക്കൽ വ്യാജ കറൻസി തടയില്ല എന്നു തന്നെയാണ്. അപ്പോൾ ഈ പ്രചാരണത്തിന്റെ ലക്ഷ്യമെന്താണ്. നോട്ട് റദ്ദാക്കൽ സൃഷ്ടിക്കുന്ന ജനരോഷത്തെ മതന്യൂനപക്ഷത്തിനെതിരായ വിദ്വേഷമാക്കാനുള്ള ഹീനമായ താൽപ്പര്യവും ഇതിൽ പതിയിരിക്കുന്നുണ്ട്. ജനജീവിതത്തിന്റെ ഏറ്റവും മർമ്മ പ്രധാനമായ സാമ്പത്തിക കൊടുക്കൽവാങ്ങലിലുൾപ്പടെ വർഗ്ഗീയതയുടെ വിഷം കലർത്താനാണ് ബിജെപി ഇതിലൂടെ ശ്രമിക്കുന്നത്. പാക്കിസ്ഥാനിലെ ജനാധിപത്യവിരുദ്ധ ഭരണകൂടവും ഇതേ കാര്യമാണ് അവിടെ ചെയ്യുന്നത്. 9 മാസം മുമ്പ് പാക്കിസ്ഥാനിൽ കണ്ടെത്തപ്പെട്ട വൻ വ്യാജനോട്ട് ശേഖരം ഇൻഡ്യ അച്ചടിച്ചതാണെന്നാണ് അവിടുത്തെ സർക്കാരിന്റെ ആരോപണവും പ്രചാരണവും.
കള്ളപ്പണം പിടിമുറുക്കിയത് സർക്കാർ സംവിധാനങ്ങളുടെ
പരാജയം ഒന്നുകൊണ്ടു മാത്രം

രാജ്യത്തിനുള്ളിലും പുറത്തുമായി കള്ളപ്പണം വലിയ സ്വാധീനം നേടിയതായി വിശദീകരിക്കുമ്പോൾ ഈ സാഹചര്യത്തിനുത്തരവാദികളാരെന്നു കൂടി പറയാൻ സർക്കാർ ബാദ്ധ്യസ്ഥമാണ്. അതിർത്തി കാത്തുപുലർത്താനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനും നിയോഗിക്കപ്പെട്ടിട്ടുള്ള മുഴുവൻസമയ സൈനിക നിരീക്ഷണ സംവിധാനങ്ങൾ, അത്യാധുനികമായ അന്വേഷണ ഏജൻസികൾ, രഹസ്യപ്പോലീസ്, കസ്റ്റംസ്, റോ പോലുള്ള അടിമുടി സുസജ്ജമായ ചാരസംഘടന, ആദായ നികുതി വകുപ്പ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് എന്നിവ ഉൾപ്പടെയുള്ള നിരവധി സംവിധാനങ്ങൾ കോടിക്കണക്കിന് രൂപ ജനങ്ങളുടെ നികുതിപ്പണം ചെലവഴിച്ച് നിലനിർത്തിയിട്ടും കള്ളപ്പണവും നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകളും വർദ്ധിക്കുന്നുണ്ടെങ്കിൽ അത് ഭരണകൂടത്തിന്റെ ഒന്നാകെയുള്ള പരാജയത്തെയല്ലേ കാണിക്കുന്നത്. അതിർത്തി കടന്ന് ഭീകരർ വ്യാജനോട്ടുമായി വരുന്നത് പിടികൂടാൻ ഇവിടെ സംവിധാനങ്ങളില്ലേ. അവയെയൊക്കെ കുറ്റമറ്റ നിലയിൽ പ്രവർത്തിപ്പിക്കാൻ വേണ്ടിയാണ് ജനങ്ങൾ വോട്ടും നികുതിയും തന്ന് അധികാരത്തിലിരുത്തിയിരിക്കുന്നത്. പ്രസ്തുത ഉത്തരവാദിത്തം നിർവ്വഹിക്കാൻ പരാജയപ്പെട്ടവർ, അതിന്റെ പാപഭാരവും കൂടി ചുമക്കാൻ സാധാരണ ജനങ്ങളെ ശിക്ഷിക്കുന്നത് ന്യായമാണോ?

കള്ളപ്പണത്തെ ഭീമാകാരമായ നിലയിലേക്ക് വളർത്തിയത് ആരാണ്?

ഇൻഡ്യൻ സാമ്പത്തികഘടനയിൽ കള്ളപ്പണം ആഴത്തിൽ വേരൂന്നിയിട്ടുണ്ട് എന്നതിൽ സംശയമില്ല. 2012 ഫെബ്രുവരിയിൽ ഒരു ടി.വി. ചർച്ചയിൽ പങ്കെടുക്കവെ അന്നത്തെ സിബിഐ ഡയറക്ടർ അനൗപചാരികമായി പറഞ്ഞത് ഇൻഡ്യയിൽ നിന്ന് വിദേശബാങ്കുകളിലെത്തപ്പെട്ടിട്ടുള്ള കള്ളപ്പണം 500 ബില്യൺ ഡോളർ (32.5 ലക്ഷം കോടി രൂപ) ആണെന്നാണ്. സ്വിസ്സ് ബാങ്കേഴ്‌സ് അസോസിയേഷൻ അവരുടെ ബാങ്കിലുള്ള ഇൻഡ്യൻ കള്ളപ്പണത്തിന്റെ മൂല്യം 2 ബില്യൺ യു.എസ്.ഡോളറാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഈ കണക്കിന്റെ ചുവടുപിടിച്ച്, 2012 മെയ് മാസത്തിൽ ഇൻഡ്യാ ഗവൺമെന്റ് പുറപ്പെടുവിച്ച കള്ളപ്പണത്തെ സംബന്ധിച്ച ധവളപത്രത്തിൽ 2010 വരെയുള്ള യൂറോപ്യൻ ബാങ്കുകളിലുള്ള നിയമവിരുദ്ധ ഇൻഡ്യൻ നിക്ഷേപങ്ങൾ ആകെ 1.47 ലക്ഷം കോടി രൂപയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഔദ്യോഗികമായി സർക്കാർ അംഗീകരിച്ച തുകയാണ്. കൃത്യമായ തെളിവുകൾ സമാഹരിക്കാൻ കഴിഞ്ഞ തുക ഇത്രയും വലുതായിരിക്കുമ്പോൾ വെളിപ്പെടാത്ത തുക ഇതിലും എത്രയോ ഭീമമായിരിക്കും. ഈ സാഹചര്യത്തിൽ രണ്ട് കാര്യങ്ങൾ നമുക്ക് തറപ്പിച്ച് പറയാൻ കഴിയും. ഇൻഡ്യയുടെ ആകെ ആഭ്യന്തര ഉൽപ്പാദനത്തിന്റെ മൂല്യത്തോളം വരുന്ന തുക വിദേശ ബാങ്കുകളിൽ ഇൻഡ്യൻ കള്ളപ്പണം കുമിഞ്ഞിട്ടുണ്ടെന്ന് ഇതിനോടകം പുറത്തു വന്നിട്ടുള്ള വിവരങ്ങൾ സ്ഥാപിക്കുന്നു. രണ്ട്, വിദേശ ബാങ്കുകളിൽ ഇവ സുരക്ഷിതമായിരിക്കുന്നത് ഇൻഡ്യൻ ഭരണകൂടത്തിന്റെ ഒത്താശയുള്ളതുകൊണ്ടാണ്. കള്ളപ്പണക്കാരുടെ വിവരങ്ങൾ പുറത്തറിയിക്കുന്നതിൽ ഇൻഡ്യൻ ഭരണകൂടത്തിന് താല്പര്യമില്ലാത്തതുകൊണ്ട് മാത്രമാണ് അവ ഇപ്പോഴും രഹസ്യമായിരിക്കുന്നതെന്ന് സ്വിസ്സ് ഗവൺമെന്റ് അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്. ഇതോടൊപ്പം മറ്റൊരു സുപ്രധാന കാര്യവും നാം പരിഗണിക്കണം. ആയിരക്കണക്കിന് കോടിരൂപയുടെ കള്ളപ്പണം പ്രതിദിനം ഇൻഡ്യയിൽ വെളുപ്പിക്കപ്പെടുന്നുണ്ട്. പ്രസ്തുത തുക ഇൻഡ്യൻ സാമ്പത്തിക ഘടനയിൽ അതിരൂക്ഷമായ ആഘാതം ഏൽപ്പിക്കുന്നുമുണ്ട്. ഈ വെളുപ്പിക്കൽ പ്രക്രിയ ഇൻഡ്യയിൽ രാഷ്ട്രീയക്കാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും അകമഴിഞ്ഞ പിന്തുണയോടെ നടത്തപ്പെടുന്ന നടപടിയാണ്.
വിദേശബാങ്കുകളിലെ അതിഭീമമായ അനധികൃത നിക്ഷേപങ്ങൾ എങ്ങിനെ ഉണ്ടായി? അവ ആരുടേതാണ്? അഴിമതിയിലൂടെയും കമ്മീഷനുകളിലൂടെയും ആയുധവിൽപ്പനയിലൂടെയും അനധികൃത വ്യാപാരങ്ങളിലൂടെയും സമാഹരിക്കപ്പെടുന്ന കണക്കിൽപ്പെടാത്ത നിയമവിരുദ്ധ സമ്പാദ്യമാണല്ലോ കള്ളപ്പണം. രാഷ്ട്രീയ – ഭരണ നേതൃത്വങ്ങളുടെ അറിവിൽപ്പെടാതെ മുകളിൽ സൂചിപ്പിച്ച ഇടപാടുകൾ ഇൻഡ്യയ്ക്കുള്ളിലും പുറത്തുമായി നടക്കില്ല എന്ന് ആർക്കാണറിയാത്തത്. കഴിഞ്ഞ 5 പതിറ്റാണ്ടായി ഇത് നടന്നുവരികയാണ്. വൻകിട വ്യവസായികളുടെയും സൈനിക – ഭരണ മേധാവികളുടെയും രാഷ്ട്രീയക്കാരുടെയും ദൃഢമായ അവിശുദ്ധ കൂട്ടുകെട്ടാണ് കള്ളപ്പണം സൃഷ്ടിക്കുന്നത്. ഈ നിയമവിരുദ്ധ സംഘത്തെ പൊളിക്കാതെ കറുത്തസമ്പാദ്യം ഇല്ലാതാക്കാൻ കഴിയില്ല. ഈ അവിശുദ്ധ ഗൂഢസംഘത്തെ തകർക്കാൻ മുൻ ഭരണാധികാരികളിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും മോദി ചെയ്തിട്ടുണ്ടോ. ഒരു രൂപയുടെയെങ്കിലും കള്ളപ്പണം ഇൻഡ്യയിലേക്ക് മടക്കിക്കൊണ്ടുവരാൻ മോദിക്ക് കഴിഞ്ഞിട്ടുണ്ടോ. സത്യസന്ധമായ അന്വേഷണത്തിലൂടെ ഒരു കള്ളപ്പണക്കാരനെയെങ്കിലും തുറുങ്കിലടയ്ക്കാൻ മോദി തയ്യാറായോ? ഒരു രാത്രി പ്രഖ്യാപനം നടത്തി, കറൻസി നിരോധിച്ചാൽ കള്ളപ്പണത്തെ തകർക്കാൻ കഴിയുമെന്ന് വീമ്പിളക്കുന്നത് കള്ളപ്പണത്തേക്കാൾ മാരകമായ ദുരന്തം സൃഷ്ടിക്കും. കറൻസി നിരോധനത്തിനുശേഷവും കള്ളപ്പണം രാജ്യത്ത് നിർഭയം വിലസും. വരാനിരിക്കുന്ന നാളുകളിൽ അതിന്റെ വിഷപ്പല്ലുകൾ രാജ്യത്തിന്റെ സാമ്പത്തിക ഘടനയിൽ കൂടുതൽ ആഴ്ന്നിറങ്ങും. മാധ്യമങ്ങളുടെ നിർലജ്ജമായ പെരുമ്പറ കൊട്ടലും മോദിസ്തുതിയും കെട്ടടങ്ങിക്കഴിയുമ്പോൾ കള്ളപ്പണത്തിന്റെ ദുരന്തങ്ങൾ ഏറ്റുവാങ്ങി തകരുന്ന ഇൻഡ്യയിലെ ദരിദ്രസമൂഹത്തിന്റെ ചിത്രം കൂടുതൽ വ്യക്തമായി തെളിഞ്ഞുവരും.

കാപട്യങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കാൻ ശ്രമം

ആറ് മാസം മുമ്പ് തന്നെ പുതിയ നോട്ടുകൾ അച്ചടിക്കാൻ ആരംഭിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി പറയുന്നു. അത് സത്യമാണെങ്കിൽ, കഴിഞ്ഞ സെപ്തംബർ 4-ന് മാത്രം റിസർവ് ബാങ്ക് ഗവർണറായി സ്ഥാനമേറ്റെടുത്ത ഊർജ്ജിത് പട്ടേലിന്റെ കൈയൊപ്പ് നോട്ടിൽ എങ്ങനെ വന്നു? ഇൻഡ്യയിൽ കറൻസി നോട്ട് അച്ചടിക്കുന്ന നാല് പ്രസ്സുകളിലും ഒരേ സമയം പ്രിന്റിംഗ് നടത്തിയാൽ, ഇപ്പോൾ പിൻവലിച്ച നോട്ടിന് പകരം നോട്ട് അച്ചടിക്കാൻ ഏതാണ്ട് 5 മാസം വേണമെന്നാണ് കണക്കാക്കപ്പെടുന്നത്. അപ്പോൾ, 2016 ഡിസംബർ 31-ഓടുകൂടി ഇപ്പോൾ അസാധുവാക്കപ്പെട്ട നോട്ടുകൾക്ക് പകരം നോട്ടുകൾ നൽകാൻ കഴിയുമെന്ന് സർക്കാർ എന്തടിസ്ഥാനത്തിലാണ് പറയുന്നത്. സത്യം മറച്ചുവയ്ക്കപ്പെടുന്നുണ്ടെന്ന് വ്യക്തം. അതുകൊണ്ടാണ് പൂർവ്വാപരവിരുദ്ധങ്ങളായ പ്രസ്താവനകൾ. എല്ലാം പരമരഹസ്യമായിരുന്നുവെന്നും ഗവണ്മെന്റ് അവകാശപ്പെടുന്നു. അങ്ങനെയെങ്കിൽ, നോട്ട് അസാധുവാക്കൽ വരാൻ പോകുന്നു എന്ന വാർത്ത ദൈനിക് ജാഗരൺ എന്ന പ്രമുഖ ഹിന്ദി ദിനപത്രം 2016 ഒക്‌ടോബർ 27-ന് തന്നെ പുറത്തുവിട്ടതെങ്ങനെ? കോട്ടയിൽ നിന്നുള്ള ബിജെപി എംഎൽഎ ഭവാനി സിംഗ് ആരോപിക്കുന്നു: ‘മുകേഷ് അംബാനിയെയും ഗൗതം അദാനിയെയും പോലുളള വൻ കുത്തകകൾക്ക് 500, 1000 രൂപാ നോട്ടുകൾ അസാധുവാക്കാൻ പോകുന്നുവെന്ന വിവരം നേരത്തെ കിട്ടിയിരുന്നു. അവർ അതനുസരിച്ച് മുൻകൂട്ടി അവരുടെ പണം മാറ്റിയെടുത്തു.’ (ഫിനാൻഷ്യൽ എക്‌സ്പ്രസ്സ്, 17.11.2016). രാജ്യത്ത് താമസിക്കുന്ന വ്യക്തികൾക്ക് പുറം രാജ്യങ്ങളിലേയ്ക്ക് പ്രതിവർഷം അയയ്ക്കാവുന്ന തുകയുടെ ഉയർന്നപരിധി 75,000 ഡോളർ ആയിരുന്നത് ബിജെപി ഗവണ്മെന്റ് 2015 മേയ് 26-ന് 250,000 ഡോളറായി ഉയർത്തിയതിനെത്തുടർന്നുളള 11 മാസക്കാലം കൊണ്ട് രാജ്യത്ത് നിന്ന് 30,000 കോടി രൂപയുടെ (4.6 ബില്യൺ ഡോളർ) ഭീമമായ തുക വിദേശത്തേയ്ക്ക് കടത്തപ്പെട്ടതായും റിപ്പോർട്ട് ചെയ്യപ്പെടുന്നു.(ഇൻഡ്യാലെൻസ്.കോം, 11.11.16). ഇങ്ങനെ വിദേശത്തേയ്ക്ക് ഒഴുകിയതിന്റെ ഗണ്യമായ ഒരു പങ്ക് കള്ളപ്പണമാകാൻ സാദ്ധ്യതയുണ്ട്. ഗുജറാത്തിലെ മുൻ ബിജെപി എംഎൽഎ യതിൻ ഓജ പ്രധാനമന്ത്രിക്കുള്ള തുറന്ന കത്തിൽ ഇങ്ങനെ എഴുതുന്നു: ‘നോട്ട് അസാധുവാക്കുന്നുവെന്ന വിവരം ഈ രാജ്യത്തെ കള്ളപ്പണത്തിന്റെ അമ്പത് ശതമാനവും നിയന്ത്രിക്കുന്ന, താങ്കളുടെ ഉറ്റമിത്രങ്ങളായ വ്യവസായികളെ വളരെ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടാവുമെന്നതിൽ സംശയമില്ല…ബിജെപിയോട് പ്രതിബദ്ധത പുലർത്തുന്ന വ്യക്തികൾ നിയന്ത്രിക്കുന്ന എല്ലാ ജില്ലാ സഹകരണബാങ്കുകളും … 8.11.2016 രാത്രി 9 മണി മുതൽ 9.11.2016 രാവിലെ 5 മണിവരെ 500, 1000 രൂപയുടെ കറൻസി നോട്ടുകൾ കൈമാറി ചെറിയ തുകയ്ക്കുള്ള നോട്ടുകളാക്കി മാറ്റുന്നുണ്ടായിരുന്നു… ശ്രീ.അമിത് ഷായുടെ ഉറ്റ സഹചാരികളെല്ലാവരും നവംബർ 8 മുതൽ ഇന്നുവരെയും നോട്ട് കൈമാറ്റ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് വ്യക്തമായും സംശയാതീതമായും തെളിയിക്കുന്ന ഒരു വീഡിയോ റെക്കോർഡിംഗ് എന്റെ പക്കലുണ്ട്. കള്ളപ്പണം 37 ശതമാനം ഡിസ്‌കൗണ്ടോടുകൂടി വെള്ളപ്പണമാക്കി മാറ്റുന്നതിന് വേണ്ടിയുളളവരുടെ വലിയ ക്യൂ അവരുടെ വീടിനും ഓഫീസിനും പുറത്തുണ്ട്, ആളുകൾ അവരുടെ വീടിനും ഓഫീസിനും പുറത്ത് ക്യൂ നിൽക്കുകയാണ്.’ (ദി ക്വിന്റ്.കോം, 21.11.16) കഴിഞ്ഞ സെപ്തംബർ 2 മുതൽ പുറകിലേയ്ക്കുള്ള രണ്ടാഴ്ചയ്ക്കുള്ളിൽ ബാങ്ക് നിക്ഷേപങ്ങൾ ഏതാണ്ട് 10 മടങ്ങ് വർദ്ധിച്ചതായി 19.9.2016-ലെ എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അത് കള്ളപ്പണം വെളുപ്പിക്കപ്പെട്ടതിന്റെ ഫലമായി സംഭവിച്ചതാണെന്നും, ബന്ധപ്പെട്ടയാളുകൾക്ക് നോട്ട് അസാധുവാക്കൽ നടപടി വരാൻ പോകുന്നുവെന്ന് മുൻകൂർ അറിവ് കിട്ടിയെന്നും കരുതിയാൽ തെറ്റുപറയാനാവില്ല. ഏറെ പ്രചാരം നൽകപ്പെട്ട ജൻധൻ യോജന പ്രകാരമുള്ള സീറോബാലൻസ് അക്കൗണ്ടുകളിൽ നവംബർ 8-നെത്തുടർന്ന് ഒറ്റ ദിവസം കൊണ്ട് 21,000 കോടി രൂപയുടെ ഭീമമായ തുക നിക്ഷേപിക്കപ്പെടുകയുണ്ടായി. കള്ളപ്പണം പൂഴ്ത്തിവച്ചിരിക്കുന്നവർ കാര്യവിവരമില്ലാത്ത പാവങ്ങളെ ചൂഷണം ചെയ്ത് – ഒരു പക്ഷെ, അവർക്കൊരു ചെറിയ തുക കമ്മിഷൻ കൊടുത്തുകൊണ്ട് തന്നെ – കള്ളപ്പണം വെളുപ്പിച്ചെടുത്തതെങ്ങനെ എന്നാണ് അത് കാണിക്കുന്നത്. സൂററ്റ് ആസ്ഥാനമായുള്ള ലാൽജിഭായ് പട്ടേൽ എന്ന ഒരു വജ്രബിസിനസ്സുകാരൻ തന്റെ വീട്ടിൽ ഒളിപ്പിച്ചുവച്ചിരുന്ന 60,000 കോടി രൂപയുടെ കള്ളപ്പണം സ്വമേധയാ സറണ്ടർ ചെയ്തിരിക്കുന്നുവെന്നും, രൂപ അസാധുവാക്കൽ നടപടിയുടെ വിജയത്തിന് ഉദാഹരണമാണിതെന്നുമുളള ഒരു കഥ ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം വലിയ പ്രചാരം നേടുകയുണ്ടായി. പക്ഷെ, ലാൽജിഭായ് കഥ വ്യാജമായ ഒന്നാണെന്ന് പിന്നീട് പുറത്തുവന്നു. എങ്കിലും, ഗവണ്മെന്റിന്റെ നടപടിക്ക് അനുകൂലമായ തെളിവെന്ന നിലയിൽ ഇപ്പോഴും ഈ കഥ പ്രചരിച്ചുകൊണ്ടിരിക്കുന്നുവെന്നതാണ് രസകരമായ കാര്യം. ചാക്കുകണക്കിന് നോട്ടുകൾ പാടത്തിട്ട് കത്തിക്കുന്നുവെന്നും മറ്റുമുളള കിംവദന്തികൾ പോലും പ്രചരിപ്പിക്കപ്പെട്ടു. കള്ളപ്പണം കൈയിലുള്ളവർക്ക് നൂറായിരം പഴുതുകളുള്ളപ്പോൾ അത് കത്തിച്ചുകളയാൻ മാത്രം വിഡ്ഢികളായി ആരാണുള്ളത്?

രാജ്യത്തെ ജനങ്ങൾക്ക് എന്തൊക്കെ ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിലും അവരിൽ 92 ശതമാനം പേരും അസാധുവാക്കൽ നടപടിയെ അനുകൂലിക്കുന്നുവെന്ന് പ്രധാനമന്ത്രി പല പൊതുവേദികളിലും പ്രഖ്യാപിക്കുകയുണ്ടായി. നമോആപ് എന്ന് വിളിക്കപ്പെടുന്ന പ്രത്യേക മൊബൈൽ ആപ്ലിക്കേഷനെ അടിസ്ഥാനപ്പെടുത്തി നടത്തിയ ഒരു സർവേയിൽ നിന്നാണ് അദ്ദേഹം ഈ കണക്കവതരിപ്പിക്കുന്നത്. ആകെ 10 ലക്ഷം ഫോണുകളിലാണ് ഈ ആപ് ഡൗൺലോഡ് ചെയ്തിട്ടുള്ളത്. 5 ലക്ഷം പേർ അനുകൂലപ്രതികരണമറിയിച്ചു. രാജ്യത്തെ മൊത്തം ജനസംഖ്യ 121 കോടി. 5 ലക്ഷം എങ്ങനെയാണതിന്റെ 92 ശതമാനമാകുന്നത്? വേദഗണിതമായിരിക്കും!
കറൻസി നിരോധനത്തിന്റെ ലക്ഷ്യമെന്ത്?

കറൻസി നിരോധനത്തിലൂടെ കള്ളപ്പണം തടയാനും വ്യാജനോട്ട് ഇല്ലാതാക്കാനും കഴിയില്ലെങ്കിൽപ്പിന്നെ, സർക്കാർ ഇത്ര തിരക്കുപിടിച്ച്, ഒരു തയ്യാറെപ്പും നടത്താതെ, വൻ പ്രതിസന്ധിയെ വിളിച്ചുവരുത്തുമെന്ന് അറിയാമായിരുന്നിട്ടും, ഇതിന് മുതിർന്നതെന്തുകൊണ്ട്? അതിന് സർക്കാരിനെ അത്രമേൽ നിർബന്ധിച്ച സാഹചര്യമെന്ത്? ജനങ്ങളുടെ ന്യായമായ താൽപ്പര്യങ്ങളെ സംരക്ഷിക്കുക എന്നത് സർക്കാരിന്റെ നയമേയല്ല എന്ന് നമുക്ക് അനുഭവങ്ങളിലൂടെ അറിയാം. കേരളത്തിലെ ജനങ്ങളുടെ റേഷൻ ഏതാണ്ട് പൂർണ്ണമായി ഇല്ലാതാക്കിയത് കേന്ദ്രസർക്കാരാണ്. സേവന നികുതി, വിദ്യാഭ്യാസ സെസ്സ് എന്നിവ വർദ്ധിപ്പിച്ചും സ്വഛ് ഭാരത് സെസ്സും കൃഷി കല്യാൺ സെസ്സും തൂടങ്ങിയ നികുതികൾക്ക് തുടക്കം കുറിച്ചും ജനങ്ങളെ ദ്രോഹിക്കുന്നത് മോദി സർക്കാരാണ്. പെട്രോളിന്റെ വിലയും റെയിൽവേ ചാർജ്ജും കൂട്ടിക്കൊണ്ടേയിരിക്കുകയാണ് ഈ സർക്കാർ. മറുവശത്ത് കോർപ്പറേറ്റുകൾക്കുള്ള സഹായങ്ങൾ അണമുറിയാതെ ഒഴുകിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ കബളിപ്പിച്ച് വിദേശത്തേക്ക് കടക്കാൻ വിജയ് മല്യക്ക് സഹായമൊരുക്കിയത് മോദി സർക്കാരാണ്. വൻകിട വ്യവസായികളുടെ വായ്പ എഴുതിത്തള്ളുന്ന നടപടി അനവരതം മുന്നേറുകയാണ്. മോദിയുടെ അനുഗ്രഹാശിസ്സുകളോടെ അംബാനിയും അദാനിയും തടിച്ചുകൊഴുക്കുകയാണ്. അങ്ങിനെയുള്ള ഒരു സർക്കാർ, കള്ളപ്പണത്തെ തടഞ്ഞ് ജനങ്ങളെ രക്ഷിച്ചുകളുയം എന്നു വിചാരിക്കാൻ ഒരു വഴിയുമില്ല. പിന്നെ എന്താണ് നോട്ട് അസാധുവാക്കൽ നടപടിയുടെ പിന്നിലുള്ള ലക്ഷ്യം?
ഈ അസാധുവാക്കൽ നടപടിയുടെ ഫലങ്ങളെന്തെന്ന് വിലയിരുത്തിയാൽ ഇതിന്റെ ലക്ഷ്യമെന്തെന്ന് മനസ്സിലാക്കാൻ കഴിയും. കറൻസി റദ്ദാക്കപ്പെട്ടതിനുശേഷമുള്ള 11 ദിവസംകൊണ്ട് രാജ്യത്തെ ബാങ്കുകളിലേക്ക് 7 ലക്ഷംകോടി രൂപ നിക്ഷേപമായി ഒഴുകിയെത്തി. ഈ ലേഖനത്തിന്റെ തുടക്കത്തിൽ, ജനങ്ങളുടെ സമ്പാദ്യം എവ്വിധവും ബാങ്കിലെത്തിക്കാനുള്ള ഒരു നിർബന്ധബുദ്ധി ഇതുമായി ബന്ധപ്പെട്ടുള്ള എല്ലാ നടപടികളിലും കാണാമെന്നു വ്യക്തമാക്കുകയുണ്ടായല്ലോ. ഈ സർക്കാർ ഭരണം തുടങ്ങിയതു തന്നെ ജനങ്ങളെ മുഴുവൻ ബാങ്ക് അക്കൗണ്ട് ഉള്ളവരാക്കി മാറ്റാൻ വേണ്ടി ജൻ ധൻ യോജന പദ്ധതി കൊണ്ടുവന്നുകൊണ്ടാണ്. അതിനു ശേഷമാണ് ഇൻഡ്യയിലെ പ്രമുഖ ബാങ്കുകൾ ലയിപ്പിക്കാനുള്ള തീരുമാനം നടപ്പാക്കിയത്. ഇതിനിടയിൽ ആധാറിനെ എല്ലാ ഇടപാടുകൾക്കും നിർബന്ധമാക്കി. ഒപ്പം പലിശ നിരക്ക് നിശ്ചയിക്കാനുള്ള അധികാരം റിസർവ് ബാങ്കിൽ നിന്നും നീക്കംചെയ്ത് സർക്കാരിൽ നിക്ഷിപ്തമാക്കി. ഈ നടപടികകളെല്ലാം ഒരു നിശ്ചിതമായ ലക്ഷ്യത്തെ മുൻനിർത്തിയാണ് കൈക്കൊണ്ടത്. ബാങ്കിംഗ് മൂലധനത്തെ ഇന്നുള്ളതിനേക്കാൾ കൂടുതൽ കാര്യക്ഷമമായ നിലയിൽ കോർപ്പറേറ്റുകളുടെ ദാസ്യത്തിലേക്ക് കൊണ്ടുവരികയെന്നതാണത്.

രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ അതിഭീമമായി ഉയർന്ന കിട്ടാക്കടം മൂലം തകർച്ചയുടെ വക്കിലാണ്. എസ്ബിഐയുടെ ലാഭത്തിന്റെ ഇടിവ് 2015ൽ 62 ശതമാനമാണ്. പഞ്ചാബ് നാഷനൽ ബാങ്ക്, ദേനാ ബാങ്ക്, അലഹാബാദ് ബാങ്ക്, സെൻട്രൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐഡിബിഐ, ഐഓബി തുടങ്ങി നിരവധി ബാങ്കുകൾ 2015ൽ കനത്ത നഷ്ടം നേരിട്ടു. ബാങ്ക് ഓഫ് ബറോഡയുടെ 2015ലെ മാത്രം നഷ്ടം 3342 കോടി രൂപയാണ്. ഈ തകർച്ചയ്ക്കുള്ള കാരണങ്ങളിൽ പ്രധാനം, കിട്ടാക്കടത്തിന്റെ ഭാരമാണ്. 62 വൻകിട കമ്പനികളിൽനിന്നും രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾക്ക് കിട്ടാനുള്ള ഭീമമായ വായ്പാത്തുകയിൽ 8 ലക്ഷം കോടി രൂപ നിഷ്‌ക്രിയ ആസ്തിയായി ഗണിക്കപ്പെട്ടിരിക്കുന്നു. 2009നും 2015നുമിടയിൽ രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയത് 1.14 ലക്ഷം കോടി രൂപയാണ്. (ഇപ്പോൾ ഈ നോട്ട് റദ്ദാക്കൽ പ്രതിസന്ധിക്കിടയിലും വിജയ് മല്യയുടെ ഉൾപ്പടെയുള്ളവരുടെ 7000 കോടി രൂപ എസ്ബിഐ എഴുതിത്തള്ളിയതിന്റെ ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്തുവരികയുണ്ടായി) ഈ എഴുതിത്തള്ളൽ പരിഗണിച്ച് 2014 -2015 കാലയളവിൽ കേന്ദ്ര ഗവൺമെന്റ് 70,000 കോടി രൂപ പൊതുമേഖലാ ബാങ്കുകൾക്ക് സഹായം നൽകി. എന്നിട്ടും പ്രതിസന്ധിയിൽ നിന്നും കര കയറാൻ ബാങ്കുകൾക്ക് കഴിഞ്ഞില്ല. അത്രമേൽ ആഘാതമാണ് വൻകിട മുതലാളിമാർ ബാങ്കുകൾക്ക് ഏൽപ്പിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി കഴിഞ്ഞ ഒന്നര മാസം മുമ്പ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ ഉടനടി ഒന്നേകാൽ ലക്ഷം കോടി രൂപയുടെ നിക്ഷേപ സമാഹരണം നടത്തണമെന്ന് നിർദ്ദേശിച്ചത്. പക്ഷേ അതും ഫലം ചെയ്തില്ല. അങ്ങിനെ ഒടുവിൽ കോർപ്പറേറ്റുകൾ സൃഷ്ടിച്ച പ്രതിസന്ധിയുടെയും ദുരന്തത്തിന്റെയും ഭാരം സാധാരണജനങ്ങളുടെ ശിരസ്സിലേക്ക് ഇറക്കി വയ്ക്കാൻ സർക്കാർ തീരുമാനിച്ചു. അതാണ് മോദി സർക്കാരിന്റെ നോട്ട് അസാധുവാക്കൽ തീരുമാനം. ജനങ്ങളുടെ സമ്പാദ്യം ബലംപ്രയോഗിച്ച് ബാങ്കുകളിൽ നിക്ഷേപമാക്കി മാറ്റുക എന്നതാണ് നോട്ട് റദ്ദാക്കൽ തീരുമാനത്തിന്റെ പ്രത്യക്ഷത്തിലുള്ള ലക്ഷ്യം. നിക്ഷേപിക്കുന്നതിനു നിയന്ത്രണമില്ലാതാക്കുകയും പിൻവലിക്കുന്നതിനു കർശനമായി നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്തത് ജനങ്ങളുടെ സമ്പാദ്യം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ്. പഴയ കറൻസിക്കു പകരം പുതിയവ നൽകുന്നതിന് നിയന്ത്രണമേർപ്പെടുത്തിയതും ഇതേ ലക്ഷ്യത്തോടെയാണ്. കറൻസിക്ക് ക്ഷാമം നിലനിർത്തിയതിന്റെ ലക്ഷ്യവും ഇതുതന്നെയാണ്. നിക്ഷേപിക്കുന്ന തുകയ്ക്ക് പകരമായി പൂർണ്ണമായും പുതിയ കറൻസി നൽകിയാൽ ബാങ്കിൽ നിക്ഷേപം നിലനിൽക്കാത്ത സാഹചര്യം വരും. അതിനാൽ പുതിയ കറൻസി അച്ചടിക്കേണ്ടതില്ലെന്ന് ബോധപൂർവ്വം തീരുമാനിച്ചു. അച്ചടിച്ചതാകട്ടെ 2000 രൂപയുടെ ഉയർന്ന മൂല്യമുള്ള നോട്ടും. വ്യാജനോട്ട് തടയാൻ ഉയർന്ന മൂല്യമുള്ള നോട്ടുകൾ നിരോധിച്ചവർ അതിലും ഉയർന്ന മൂല്യമുള്ള നോട്ട് അച്ചടിച്ച് വ്യാജനോട്ടുകാർക്ക് സൗകര്യം ചെയ്തുകൊടുത്തു! യഥേഷ്ടം പിൻവലിക്കാവുന്ന സ്വന്തം സമ്പാദ്യം പിൻവലിക്കുന്നത് ഒരു നിയമത്തിന്റെയും പിൻബലമില്ലാതെ തടഞ്ഞു. അങ്ങിനെ ഏറ്റവും കുറഞ്ഞത് 2 മാസത്തേക്ക് (മോദിയുടെ 50 ദിവസം) ജനങ്ങളുടെ സമ്പാദ്യമായ 7 ലക്ഷം കോടി രൂപ (ഈ തുക ഇനിയും വർദ്ധിക്കും) ബാങ്കിൽ കിടക്കാൻ നിർബന്ധിത സാഹചര്യം സൃഷ്ടിച്ചു.
പണലഭ്യത ചൂണ്ടിക്കാട്ടി ഗവണ്മെന്റ് റിസർവ്ബാങ്ക് വഴി പലിശനിരക്ക് ഗണ്യമായി വെട്ടിക്കുറയ്ക്കും. അദ്ധ്വാനിച്ചുണ്ടാക്കിയ പണം ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ള പെൻഷൻപറ്റിയ ആൾക്കാരും മുതിർന്ന പൗരന്മാരും അതുമൂലം വലിയ ബുദ്ധിമുട്ടുകൾ നേരിടും. പലിശനിരക്ക് കുറഞ്ഞുവരികയും വിലകൾ കുത്തനെ കൂടിവരികയും ചെയ്യുന്ന അവസ്ഥ അവരെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയാത്ത ഗതികേടിലാക്കും. പക്ഷെ, ഗവണ്മെന്റിന് അതൊരു പ്രശ്‌നമേയല്ല. ഗവണ്മെന്റിനെ സംബന്ധിച്ചിടത്തോളം, അദ്ധ്വാനിക്കുന്ന ജനകോടികളുടെ താല്പര്യത്തെക്കാൾ മുഖ്യം വമ്പൻ കുത്തകകളുടെയും വ്യവസായ സാമ്രാജ്യാധിപന്മാരുടെയും താല്പര്യങ്ങളാണ്. അക്കൂട്ടരിൽ മിക്കവരും കള്ളപ്പണക്കാരും കള്ളപ്പണ ഇടപാടുകാരും കൂടിയാണെന്നതാണ് യാഥാർത്ഥ്യം.

കറൻസിക്ക് ക്ഷാമം സൃഷ്ടിച്ചതിന് മറ്റൊരു ലക്ഷ്യം കൂടി ഉണ്ടായിരുന്നു. അസാധുവാക്കൽ തീരുമാനത്തോടൊപ്പം ഇലക്‌ട്രോണിക് ബാങ്കിംഗ് ഇടപാടുകൾക്ക് ഒരു വിധ നിയന്ത്രണവും ഉണ്ടായിരിക്കില്ല എന്നും തീരുമാനിച്ചിരുന്നത് നാം ഓർക്കുമല്ലോ. ഇനിയുള്ളത് കറൻസിരഹിത ഇടപാടുകളുടെ നാളുകൾ ആയിരിക്കുമെന്നും പ്രഖ്യാപിച്ചു. വൻതോതിൽ ജനങ്ങളെ ഇലക്‌ട്രോണിക് ബാങ്കിംഗിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യവും നോട്ട് നിരോധനത്തിന്റെ പിറകിൽ ഉണ്ടെന്ന് ഈ തീരുമാനങ്ങൾ വ്യക്തമാക്കുന്നു. ചെറിയ നോട്ടുകൾ കിട്ടാനില്ലാതെ വന്നപ്പോൾ ജനങ്ങളിൽ ഒരു വിഭാഗം ഇ-ബാങ്കിംഗിലേക്ക് മാറാൻ നിർബന്ധിതരായി. 11 ശതമാനമായിരുന്ന ഇ-ബാങ്കിംഗ് അസാധുവാക്കൽ തീരുമാനം വന്നതിനു ശേഷം 26 ശതമാനമായി വർദ്ധിച്ചു. കേരളത്തിൽ സൈ്വപ്പിംഗ് 400 ശതമാനമാണ് വർദ്ധിച്ചത്. ലക്ഷക്കണക്കിന് ഗ്രാമങ്ങളിലെ സാധാരണ ജനങ്ങൾ ഒരു സാമ്പത്തിക ഇടപാടിനും വഴികളില്ലാതെ അനിശ്ചിതത്വത്തിലമർന്നപ്പോൾ , പ്ലാസ്റ്റിക് കറൻസിയുടെ ഘോഷണങ്ങൾ ഒഴുകി. കറൻസി രഹിത സമൂഹം സൃഷ്ടിക്കാനിറങ്ങിയവർ ഗ്രാമങ്ങളിലെ കോടിക്കണക്കിന് ജനങ്ങളെ നയാപൈസ കൈവശമില്ലാത്തവരാക്കി മാറ്റി. വൻകിട വ്യാപാരശൃംഖലയുടെ മുന്നേറ്റത്തിന് അനുകൂലമായവയാണ് ഇ-കൊമേഴ്‌സും സൈ്വപ്പിംഗും ഓൺലൈൻ ബാങ്കിഗും. എന്നാൽ അവ ചെറുകിട വ്യാപാരത്തിന് അന്യമായ കാര്യങ്ങളുമാണ്. ചില്ലറ വിൽപ്പന മേഖലയിലെ വൻ വ്യാപാര ശൃംഖലകൾ ശക്തിപ്പടുമ്പോൾ ചെറുകിട ഉൽപ്പാദനവും വ്യാപാരവും തളരുമെന്നതിൽ സംശയമില്ല. അങ്ങിനെ ചെറുമീനുകളെ ഭക്ഷിച്ച് വലിയ മീനുകൾ വളരുന്ന മുതലാളിത്തത്തിന്റെ നിയമപ്രകാരം ചില്ലറവ്യാപാരമേഖലയിൽ കുത്തകകൾ പിടിമുറുക്കും. ചില്ലറവ്യാപാരമേഖലയിൽ നൂറ് ശതമാനം പ്രത്യക്ഷ വിദേശനിക്ഷേപം അനുവദിച്ച മോദിസർക്കാർനയം അതിന് ഇതിനകം കളമൊരുക്കിയിട്ടുമുണ്ട്. 2017 ഏപ്രിൽ മുതൽ, കുത്തകകൾക്ക് അനുകൂലവും ചെറുകിട വ്യാപാരികൾക്കും ഉൽപ്പാദകർക്ക് ഹാനികരവുമായ ജി.എസ്.ടി (ഏീീറ െമിറ ടലൃ്ശരല ഠമഃ) അടിച്ചേൽപ്പിക്കാൻ മോദി സർക്കാർ തീരുമാനിച്ചിരിക്കുകയാണല്ലൊ. അതിനുമുന്നോടിയായി ചെറുകിട മേഖലയെ കുത്തകകൾക്കുവേണ്ടി അടിച്ചുനിരപ്പാക്കാനുള്ള ഒരു ഒറ്റമൂലി കൂടിയാണ് ഇപ്പോഴത്തെ നോട്ട് അസാധുവാക്കലും ജനങ്ങളെ കൊള്ളയടിക്കുന്ന സാമ്പത്തിക നടപടിയും. നോട്ട് അസാധുവാക്കൽ എത്രത്തോളം ജനദ്രോഹപരമാണെന്നതിന്റെ ഒരുദാഹരണമാണിത്.
ചെറുകിടവ്യാപാര രംഗമെന്ന പോലെ റിയൽ എസ്റ്റേറ്റ് രംഗവും വൻ കുത്തകകളുടെ വരുതിയിലാക്കുകയെന്നതായിരിക്കും നോട്ട് അസാധുവാക്കലിന്റെ മറ്റൊരു ഭവിഷ്യത്ത്. ഇൻഡ്യയിലെ ഇടത്തരം റിയൽ എസ്റ്റേറ്റ് ശക്തികൾ വ്യാപാരം അത്രയും നടത്തുന്നത് റൊക്കം കറൻസിയിലാണ്. പ്രമാണത്തിലെ വിലയേക്കാൾ വലിയ വിലയ്ക്കാണ് ഇടപാട് നടക്കുന്നത് എന്നതിനാൽ ആ തുകയത്രയും കറൻസിയിലുള്ള കള്ളപ്പണമാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. പഴയ നോട്ട് അസാധുവായതിലൂടെ ലിക്വിഡിറ്റി നഷ്ടപ്പെട്ട ഇടത്തരം റിയൽ എസ്റ്റേറ്റുകാർ അവരുടെ കൈവശമുള്ള ഭൂമി വിൽക്കാൻ നിർബന്ധിതരാകുകയും പ്രസ്തുത വിപണിയിലേക്ക് വമ്പൻ നിക്ഷേപകർക്ക് കടന്നു വരാൻ വഴിയൊരുങ്ങുകയും ചെയ്യും. രാജ്യത്തിന്റെ നഗര – ഗ്രാമ ഭൂമികൾ കൈവശപ്പെടുത്തിക്കഴിഞ്ഞാൽ ഭൂമിയുടെ വില ഈ ശക്തികൾ തീരുമാനിക്കുന്നതായി മാറും. അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും.

ചെറുകിട ഉൽപ്പാദനത്തെയും വാണിജ്യത്തെയും തളർത്തി, മൂലധന കേന്ദ്രീകരണത്തിനായി ശ്രമിക്കുന്നു. അതിലൂടെ ഫാസിസവൽക്കരണത്തിന് വേഗതയേറ്റുന്നു.

നോട്ട് അസാധുവാക്കൽ നടപടി പ്രത്യക്ഷത്തിൽ ചെറുകിട ഉൽപ്പാദനത്തെയും വ്യാപാരത്തെയും വളരെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണെന്ന് നമ്മൾ കണ്ടുകഴിഞ്ഞു. കറൻസി രൂപത്തിലുള്ള പണം ഉപയോഗപ്പെടുത്തി ദൈനംദിന സാമ്പത്തിക ഇടപാടുകൾ നടത്തി നിലനിൽക്കുന്നവരാണ് രാജ്യത്തെ ഒട്ടു മിക്ക ചെറുകിട ഉൽപ്പാദകരും. നോട്ട് അസാധുവാക്കിയതിനെത്തുടർന്ന് സാധാരണ ജനങ്ങളുടെ ക്രയശേഷിയിൽ പൊടുന്നനെ ഇടിവുണ്ടായതുമൂലം ചെറുകിട ഉൽപ്പാദകരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയാതെ വന്നിരിക്കുന്നു. തന്മൂലം ചെറുകിട ഉൽപ്പാദനവും ചെറുകിട വ്യാപാരവും പ്രതിസന്ധിയിലായിരിക്കുന്നു. ചെറുകിട ഉൽപ്പാദനത്തെ തകർക്കുന്നതിലൂടെ സംഭവിക്കുന്ന വൻതോതിലുളള മൂലധനകേന്ദ്രീകരണം ഫാസിസത്തിന് ഉറച്ച സാമ്പത്തികാടിത്തറ സൃഷ്ടിക്കും. മരണാസന്നമായ മുതലാളിത്ത വ്യവസ്ഥിതിയെ സംരക്ഷിക്കാനായി രാജ്യത്തെ സമ്പൂർണ്ണഫാസിസത്തിലേയ്ക്ക് നയിക്കാൻ ഭരണവർഗ്ഗമായ മുതലാളിവർഗ്ഗം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ നീക്കത്തിന് വസ്തുനിഷ്ഠമായ വിഘാതം സൃഷ്ടിക്കുന്ന ഒരു ഘടകമാണ് രാജ്യത്തെ സമ്പദ്‌വ്യവസ്ഥിതിയിൽ ചെറുകിട മൂലധനത്തിന് ഇപ്പോഴുമുള്ള മുൻതൂക്കം. അതിനാൽ, ചെറുകിട മൂലധനത്തെ തകർക്കുന്ന നോട്ട് അസാധുവാക്കൽ നടപടി, ഫലത്തിൽ രാജ്യത്തെ സമ്പൂർണ്ണഫാസിസത്തിലേയ്ക്ക് നയിക്കാനുള്ള ഭരണവർഗ്ഗപദ്ധതിക്ക് അനുരോധമായ ഒരു നീക്കമാണ.്

പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ കേട്ടാൽ രാജ്യത്തെ രക്ഷിക്കാനായി അദ്ദേഹം ഒറ്റയ്ക്ക് കൈക്കൊണ്ട ധീരസാഹസിക പ്രവൃത്തിയാണിതെന്ന് തോന്നും. അതുകൊണ്ടാണല്ലോ അതിൽ പരാജയമുണ്ടായാൽ തന്നെ തൂക്കിക്കൊന്നുകൊള്ളാൻ അദ്ദേഹം പറയുന്നത്. അപകടകരമായ ചില സൂചനകൾ ആ വാക്കുകളിലുണ്ട്. ഒന്നാമത്, നമ്മുടെ ഭരണഘടനയനുസരിച്ച് ഒരു വ്യക്തിയെയും രാജ്യത്തിന്റെ പരമാധികാരിയായി ജനങ്ങൾ നിയോഗിച്ചിട്ടില്ല. മറിച്ച് ജനപ്രതിനിധിസഭയായ പാർലമെന്റിനെയാണ് അധികാരമേല്പിച്ചിട്ടുള്ളത്. പാർലമെന്റിനോട് ഉത്തരവാദിത്തപ്പെട്ട മന്ത്രിസഭയുടെ തലവൻ എന്ന നിലയിൽ പ്രധാനമന്ത്രിയുടെ അധികാരവും ചുമതലയും കൂട്ടായ അധികാരവും ചുമതലയുമാണ്. അതിനാൽ, പാർലമെന്റിന്റെ അംഗീകാരത്തോടെ മന്ത്രിസഭയിൽ കൂടിയാലോചിച്ചെടുക്കുന്ന തീരുമാനങ്ങളനുസരിച്ച് നടക്കുന്ന ഭരണനിർവഹണത്തിന് നേതൃത്വം കൊടുക്കുക എന്നത് മാത്രമാണ് പ്രധാനമന്ത്രിയുടെ അധികാരം. അതിന് പകരം എല്ലാ കാര്യങ്ങളിലും ഞാൻ ഞാൻ എന്ന് മാത്രം പറഞ്ഞ് പ്രഖ്യാപനങ്ങളും വെല്ലുവിളികളും നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെയ്തികൾ ഏകാധിപത്യപ്രവണതകളാണ് പ്രദർശിപ്പിക്കുന്നത്. നമ്മുടെ രാഷ്ട്രീയ സാമൂഹ്യമണ്ഡലങ്ങളിൽ അവശേഷിക്കുന്ന ജനാധിപത്യാംശങ്ങളെക്കൂടി ദുർബ്ബലപ്പെടുത്തുന്നതും, ആ അർത്ഥത്തിൽ ഫാസിസത്തിന് വഴിയൊരുക്കുന്നതുമായ പ്രവണതയാണിത്.

മുതലാളിത്ത വ്യവസ്ഥയുടെ വേരറുത്തുകൊണ്ടുമാത്രമേ കള്ളപ്പണം
അവസാനിപ്പിക്കാൻ കഴിയൂ.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കോ അതല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിക്കോ എന്തെങ്കിലും ചെപ്പടിവിദ്യയിലൂടെ തുടച്ചുനീക്കാവുന്ന പ്രശ്‌നമല്ല കള്ളപ്പണത്തിന്റെ പ്രശ്‌നം. അടിമുടി ജീർണ്ണമായ മുതലാളിത്ത സാമൂഹ്യ-സാമ്പത്തിക ക്രമത്തിന്റെ സൃഷ്ടിയാണ് അഴിമതിയും അതിന്റെ ഭാഗമായ കള്ളപ്പണവും. മുതലാളിത്തം ഒരു സാമൂഹ്യവ്യവസ്ഥിതിയെന്ന നിലയിൽ, കാലഹരണപ്പെട്ടിരിക്കുന്നു. മഹാനായ ലെനിൻ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ചൂണ്ടിക്കാട്ടിയ വസ്തുതയാണത്. സാമ്രാജ്യത്വത്തിന്റെ ഘട്ടത്തിലെത്തിയ ഈ മുതലാളിത്തത്തെ അദ്ദേഹം മരണാസന്ന മുതലാളിത്തം എന്നാണ് വിശേഷിപ്പിച്ചത്. മരണാസന്ന മുതലാളിത്ത ജീവിതത്തിന്റെ സർവ്വമേഖലകളിലും പ്രതിസന്ധി സൃഷ്ടിക്കുന്നു. സാമ്പത്തികവും സാമൂഹ്യവും സാംസ്‌കാരികവുമായ എല്ലാ മണ്ഡലങ്ങളിലും.
മുതലാളിത്ത രാജ്യമായ ഇൻഡ്യയിലും, സാമ്പത്തികമേഖലയിലെ പ്രതിസന്ധിയുടെ മാത്രമല്ല, അഴിമതിയും സ്വജനപക്ഷപാതവുമുൾപ്പെടെ സാമൂഹ്യജീവിതത്തിൽ കാണപ്പെടുന്ന തിന്മകളുടെയും പ്രഭവകേന്ദ്രം മരണാസന്ന മുതലാളിത്തമാണ്. അതിനാൽ, മുതലാളിവർഗ്ഗത്തിന്റെ താല്പര്യത്തിനുവേണ്ടി നിലകൊള്ളുന്ന ഏതൊരു പ്രസ്ഥാനവും ആ ജീർണ്ണമായ മുതലാളിത്ത സംസ്‌കാരത്തിന്റെ ഇരകളായി മാറുന്നു. മഹനീയമായ കമ്മ്യൂണിസ്റ്റ് ആദർശത്തിന് അധരസേവ ചെയ്യുന്നുവെങ്കിലും യഥാർത്ഥത്തിൽ മുതലാളിത്ത താല്പര്യങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾക്കും അവയുടെ നേതാക്കൾക്കും ഈ ദുർഗ്ഗതി സംഭവിക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. അപ്പോൾപ്പിന്നെ, വാക്കിലും പ്രവൃത്തിയിലും മുരത്ത പിന്തിരിപ്പന്മാരായ ബിജെപിയെപ്പോലുള്ള പാർട്ടികളുടെയും അവയുടെ നേതാക്കളുടെയും കാര്യം പറയേണ്ടതുണ്ടോ! ജീർണ്ണമായ മുതലാളിത്ത വ്യവസ്ഥിതിയുടെ വിശ്വസ്ത കാര്യദർശികളായിരിക്കുന്ന അവർക്ക് അഴിമതിയും അതിന്റെ ഭാഗമായ കള്ളപ്പണവും ഇല്ലാതാക്കാൻ എങ്ങനെ സാധിക്കും? സാധിക്കുകയില്ല. അതുകൊണ്ടാണ്, മേൽ വിശദീകരിച്ചതുപോലെ നരേന്ദ്രമോദിയുടെ ഗവണ്മെന്റും മുൻ ബൂർഷ്വാ ഗവണ്മെന്റുകളെപ്പോലെ അഴിമതിയെയും കള്ളപ്പണത്തെയും സംരക്ഷിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ രാജ്യസ്‌നേഹത്തെ കൗശലപൂർവ്വം മുതലെടുക്കാനായി നടത്തുന്ന അതിവൈകാരിക പ്രഖ്യാപനങ്ങളിലൂടെയും, ഗീബൽസിയൻ ശൈലിയിലുളള പ്രചാരണകോലാഹലത്തിലൂടെയും ഈ സത്യം മൂടിവയ്ക്കാനാണവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

എല്ലാ ജനദ്രോഹനടപടികൾക്കും ദേശസ്‌നേഹത്തിന്റെ മുദ്ര ചാർത്തി ജനപിന്തുണ ഉറപ്പാക്കുന്നത് മുതലാളിവർഗ്ഗത്തിന്റെ ദുഷ്ടബുദ്ധിയാണ്. ബിജെപി സർക്കാരാകട്ടെ ഫാസിസ്റ്റ് ശൈലിയിലാണ് ഈ തന്ത്രം ആവിഷ്‌കരിക്കുന്നത്. ജനജീവിതം താറുമാറാക്കുന്ന സാമ്പത്തികാക്രമണം അഴിച്ചുവിട്ട് കുത്തകകളുടെയും കോർപ്പറേറ്റുകളുടെയും താൽപ്പര്യം സംരക്ഷിക്കുന്ന സർക്കാർ ഈ ഹീനപദ്ധതിയുടെ നടത്തിപ്പ് സുഗമമാക്കുന്നതിനായി അതിന്റെ പിറകിൽ ജനങ്ങളെ അഥവാ ഇരകളെത്തന്നെ അണിനിരത്താനായി അവതരിപ്പിക്കുന്ന വഞ്ചനയാണ് ദേശസ്‌നേഹത്തിന്റെ ഭാഷണം. ഒരു വശത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും സങ്കുചിത ദേശീയ വികാരം വളർത്തിയും മറുവശത്ത് അവരിൽ ഭീതിയും നിസ്സഹായതയും സൃഷ്ടിച്ചും ഭരണകൂടം തന്നെ നടത്തുന്ന ഈ ആക്രമണത്തിന് ഇപ്പോൾ തലകുനിച്ചുകൊടുത്താൽ, നട്ടെല്ല് നിവർത്തി നിന്ന് ഈ അനീതിക്കെതിരെ ശബ്ദമുയർത്താൻ നമുക്ക് കഴിയാതെ പോകുമെന്ന് ഒരു നിമിഷനേരത്തേക്കു പോലും നാം വിസ്മരിക്കരുത്.

കുത്തകകളുടെ താല്പര്യാർത്ഥം സാധാരണ ജനങ്ങളുടെ ജീവിതത്തെ തകർക്കുന്ന ഈ നടപടിയെ ഫലപ്രദമായി പ്രതിരോധിക്കാനായി പ്രബുദ്ധമായ ജനാധിപത്യസമരത്തിന്റെ വേലിയേറ്റം ദേശവ്യാപകമായി വളർത്തിയെടുക്കുക എന്നതാണ് ഇന്നത്തെ അടിയന്തിരാവശ്യകത. സ്വമേധയാ സമരരംഗത്തിറങ്ങാൻ നിർബ്ബന്ധിതരായിക്കൊണ്ടിരിക്കുന്ന ജനങ്ങളുടെ പ്രതിഷേധത്തിന് സംഘടിതരൂപം നൽകേണ്ടതാവശ്യമാണ്. അത്തരമൊരു പ്രസ്ഥാനം വളർത്തിയെടുക്കാൻ മുതലാളിവർഗ്ഗത്തിന്റെ തന്നെ രാഷ്ട്രീയകാര്യദർശകളായ കോൺഗ്രസ്സിനെപ്പോലുള്ള പ്രതിപക്ഷപ്പാർട്ടികൾ സ്വാഭാവികമായും താല്പര്യപ്പെടുന്നില്ല. മറിച്ച് ജനങ്ങളുടെ പ്രതിഷേധത്തെയും രോഷത്തെയും തെരഞ്ഞെടുപ്പ് നേട്ടമാക്കി മുതലെടുക്കുന്നതിന് വേണ്ടിയുള്ള ചില ചടങ്ങ് സമരങ്ങളാണ് അവർ നടത്തുന്നത്. പാർലമെന്റിനകത്തെ കോലാഹലങ്ങൾ മുഴുവൻ ചായക്കോപ്പയിലെ കൊടുങ്കാറ്റാവുന്നത് അതുകൊണ്ടാണ്. ജനങ്ങളോടൊപ്പം നിലകൊളളുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സിപിഐ(എം)-ന്റെ നേതൃത്വത്തിലുള്ള വ്യവസ്ഥാപിത ഇടതുപക്ഷവും ഇതേ ശൈലിയിലുള്ള സമരപ്രഹസനങ്ങൾക്കപ്പുറം ജനകീയസമരം വളർത്തിയെടുക്കാൻ മുൻകൈയെടുക്കുന്നില്ല. അദ്ധ്വാനിച്ചുജീവിക്കുന്ന എല്ലാ വിഭാഗം ജനങ്ങളെയും കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങളുടെ സ്വന്തം സമരക്കമ്മിറ്റികളിൽ അണിനിരത്തിക്കൊണ്ടുള്ള ജനാധിപത്യസമരം വളർത്തിയെടുക്കുക എന്ന യഥാർത്ഥ ഇടതുപക്ഷ സമരരാഷ്ട്രീയം അവർ കൈവെടിഞ്ഞിരിക്കുന്നു. നോട്ട് അസാധുവാക്കിയ നടപടി പിൻവലിക്കണമെന്നുപോലും സിപിഐ(എം) ആവശ്യപ്പെടുന്നില്ല. പകരം അവർ ആവശ്യപ്പെടുന്നത്, ‘ആവശ്യമായത്രയും കറൻസി ലഭ്യമാവുകയും പുതിയ നോട്ടിനനുസരിച്ച് എടിഎം മെഷീനുകൾ പുനഃസജ്ജീകരിക്കുന്ന പ്രവൃത്തി പൂർത്തിയാവുകയും ചെയ്യുന്നതുവരെ, ഗവണ്മെന്റ് നിശ്ചയിച്ചിട്ടുള്ള കാലപരിധിയായ 2016 ഡിസംബർ 30 വരെയുളള ദിവസങ്ങളിൽ പഴയ 500-ന്റെയും 1000-ന്റെയും നോട്ടുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ ജനങ്ങളെ അനുവദിക്കണം’ എന്നുമാത്രമാണ്.(15-11-16 ന് സിപിഐ(എം) പോളിറ്റ്ബ്യൂറോ പുറപ്പെടുവിച്ച പ്രസ്താവന)

കള്ളപ്പണവും അഴിമതിയും പോലെ ജനജീവിതത്തെ താറുമാറാക്കിക്കൊണ്ടിരിക്കുന്ന വ്യാധികളെ നിർമ്മാർജ്ജനം ചെയ്യാൻ ആത്മാർത്ഥമായും ആഗ്രഹിക്കുന്ന ജനങ്ങൾ ഈ യാഥാർത്ഥ്യം മനസ്സിലാക്കണം. മരണാസന്ന മുതലാളിത്തം ഇന്ന് അനിവാര്യമായും അഴിമതി സൃഷ്ടിക്കുന്നു. അതിനാൽ, മുതലാളിത്ത വിരുദ്ധമായ രാഷ്ട്രീയത്തിന് മാത്രമേ അഴിമതിയെ പ്രതിരോധിക്കാൻ സാധിക്കൂ. അഴിമതിപോലുളള തിന്മകളിൽ നിന്ന് മുക്തമായിരിക്കാനും അത്തരം രാഷ്ട്രീയത്തിന് മാത്രമേ സാധിക്കൂ. സമുന്നത മാർക്‌സിസ്റ്റ് ചിന്തകനും തൊഴിലാളിവർഗ്ഗത്തിന്റെ മഹാനായ നേതാവുമായ സഖാവ് ശിബ്ദാസ്‌ഘോഷ് കെട്ടിപ്പടുത്ത സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇൻഡ്യ (കമ്മ്യൂണിസ്റ്റ്) — എസ്‌യുസിഐ(സി) — ഉയർത്തിപ്പിടിക്കുന്നത് ആ സമര രാഷ്ട്രീയത്തെയാണ്. കുത്തക മൂലധനത്തിന്റെ താല്പര്യാർത്ഥം അദ്ധ്വാനിക്കുന്ന ജനങ്ങളെ ദ്രോഹിക്കുന്ന ആഗോളവൽക്കരണ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി ജനാധിപത്യ ബഹുജനസമരങ്ങൾ വളർത്തിയെടുക്കാൻ വേണ്ടി എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ഉന്നതമായ തൊഴിലാളിവർഗ്ഗ സംസ്‌കാരത്തിലും പ്രബുദ്ധതയിലുമധിഷ്ഠിതമായ ജനകീയ സമരക്കമ്മിറ്റികളിൽ അണിനിരന്നുകൊണ്ട് ഈ ദിശയിൽ മുന്നേറാൻ ജനങ്ങൾക്ക് കഴിയുമ്പോൾ മാത്രമേ അഴിമതിയെയും കള്ളപ്പണത്തെയും തുടച്ചുനീക്കാനും സാധിക്കുകയുള്ളു.

നോട്ട് അസാധുവാക്കൽ നടപടിയുടെ യഥാർത്ഥ ഉന്നമെന്തെന്ന് മുകളിൽ വ്യക്തമാക്കി. നോട്ട് അസാധുവാക്കൽ പ്രഖ്യാപനം വന്നയുടൻ തന്നെ അതിന്റെ ജനവിരുദ്ധ സ്വഭാവം വ്യക്തമാക്കിക്കൊണ്ട് എസ്‌യുസിഐ(സി) ആ നടപടി പിൻവലിക്കണമെന്ന് സർക്കാരിനോടാവശ്യപ്പെട്ടിരുന്നു. പാർട്ടിക്ക് ഘടകങ്ങളുള്ള ഇൻഡ്യയിലെ ഇരുപത്തിയഞ്ച് സംസ്ഥാനങ്ങളിലും ജനങ്ങളുടെ യോജിച്ച പ്രതിഷേധസമരങ്ങൾ വളർത്തിയെടുക്കാൻ വേണ്ടി യത്‌നിച്ചുകൊണ്ടിരിക്കുന്നു. കുത്തകകളുടെ താല്പര്യാർത്ഥം ജനങ്ങളെ ദ്രോഹിക്കുന്ന ഈ നടപടിയെ ചെറുത്തുതോല്പിക്കേണ്ടത് അദ്ധ്വാനിക്കുന്ന ജനങ്ങളുടെ ഏവരുടെയും ആവശ്യകതയാണ്. അതിനാൽ, സങ്കുചിത കക്ഷിരാഷ്ട്രീയ ജാതി-മത പരിഗണനകൾക്കതീതമായി ജനങ്ങളുടെ സ്വന്തം സമരക്കമ്മിറ്റികൾ രൂപീകരിച്ചുകൊണ്ട് ഈ ആക്രമണത്തെ പ്രതിരോധിക്കാനായി മുന്നിട്ടിറങ്ങണമെന്ന് ഏവരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Share this post

scroll to top