ഫിനാൻഷ്യൽ റെസലൂഷൻ ആന്റ് ഡെപ്പോസിറ്റ് ഇൻഷുറൻസ് (എഫ്ആർഡിഐ) ബിൽ-2017. സാധാരണക്കാരുടെ ബാങ്ക് നിക്ഷേപങ്ങൾ കവർന്നെടുക്കും.

Share

ബിജെപി ഗവണ്മെന്റിനെ അധികാരത്തിലെത്തിക്കാൻ ചരടുവലിച്ച കുത്തകകൾക്ക് പ്രത്യുപകാരം ചെയ്യുന്ന പണി കേന്ദ്രഗവണ്മെന്റ് നിർബാധം തുടരുന്നുവെന്ന് വ്യക്തമാക്കുന്ന നടപടികളാണ് തുടരെത്തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കുത്തകകളുടെ കീശ വീർപ്പിക്കാൻവേണ്ടി കൈക്കൊള്ളുന്ന ഈ നടപടികൾ സാധാരണക്കാരുടെ അവസാനതുള്ളി ചോരയും ഊറ്റിയെടുക്കുന്നതൊന്നും അവരെ അലോസരപ്പെടുത്തുന്നില്ല. മാരകമായ സാമ്പത്തികാക്രമണങ്ങൾ കൂടുതൽ ശൗര്യത്തോടെ മുന്നോട്ടുപോകുന്നു.

കള്ളപ്പണവും അഴിമതിയും തടയുമെന്ന നാട്യത്തോടെ രാജ്യത്ത് പ്രചാരത്തിലിരുന്ന 86 ശതമാനം കറൻസിയും പിൻവലിച്ചതായിരുന്നു ആദ്യ പ്രഹരം. വിലക്കയറ്റം രൂക്ഷമാക്കുന്ന ചരക്ക്-സേവന നികുതി നടപ്പിലാക്കിയതായിരുന്നു രണ്ടാമത്തെ ആക്രമണം. ഇപ്പോഴിതാ എഫ്ആർഡിഐ ബില്ല് കൊണ്ടുവന്നിരിക്കുന്നു. സാധാരണക്കാർ കഷ്ടപ്പെട്ട് സ്വരുക്കൂട്ടി ബാങ്കുകളിൽ നിക്ഷേപിച്ചിരിക്കുന്ന പണം കവർന്നെടുത്ത് ബാങ്കുകളെ തകർച്ചയിൽനിന്ന് രക്ഷിക്കുന്ന നടപടിയാണിത്. വൻകിട വ്യവസായികളും കോർപ്പറേറ്റുകളുമൊക്കെ മനപൂർവ്വം വായ്പകൾ തിരിച്ചടയ്ക്കാത്തതുവഴിയുണ്ടാകുന്ന കൃത്രിമമായ പ്രതിസന്ധിക്കാണ് ഇതിലൂടെ പരിഹാരമുണ്ടാക്കുന്നത്. സർക്കാരിന് കുഴലൂത്തുനടത്തുന്ന സാമ്പത്തിക വിദഗ്ദ്ധരും കോളമെഴുത്തുകാരുമൊക്കെ പതിവുപോലെ രംഗത്തെത്തി വാചകക്കസർത്ത് നടത്തുന്നുണ്ട്. ഈ നടപടി ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യുന്നതാണെന്നും മറ്റുമുള്ള വാദഗതികൾ അവർ നിരത്തുന്നു. എല്ലാ ജനവിരുദ്ധ നടപടികളെയും ഇക്കൂട്ടർ ന്യായീകരിക്കുന്നത് വ്യാജമായ ഉറപ്പുകൾ നൽകിയും മറ്റുമാണ്. ജനങ്ങളെ കബളിപ്പിച്ച് ജനദ്രോഹ നയങ്ങൾ സുഗമമായി നടപ്പിലാക്കിയെടുക്കുക എന്നതാണ് ഇവരുടെ ദൗത്യം. നോട്ട് നിരോധനം നടപ്പിലാക്കിയപ്പോഴും ജിഎസ്ടി ആവിഷ്‌കരിച്ചപ്പോഴും ബജറ്റുകളിലൂടെ മധുരത്തിൽ പൊതിഞ്ഞ ആക്രമണങ്ങൾ നടത്തുമ്പോഴുമെല്ലാം അതിനുപിന്നിലുള്ള അപകടം വെളിവാക്കുവാൻ മാർക്‌സിസം-ലെനിനിസം-ശിബ്ദാസ്‌ഘോഷ് ചിന്തയാൽ സായുധമായ നമ്മുടെ പാർട്ടി ശ്രമിച്ചിട്ടുണ്ട്. മാർക്‌സിസം-ലെനിനിസത്തിന്റെ ശാസ്ത്രീയമായ പ്രയോഗപദ്ധതി പിന്തുടർന്ന് നടത്തിയ ആ വിശകലനങ്ങൾ അങ്ങേയറ്റം ശരിയായിരുന്നുവെന്ന് ഈ നയങ്ങൾ ജനജീവിതത്തിൽ സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ വെളിവാക്കുന്നു. എഫ്ആർഡിഐ ബില്ലിന്റെ പ്രത്യാഘാതങ്ങളും ഉൾക്കാഴ്ചയോടെ വിശകലനം ചെയ്യുകയാണിവിടെ.

ഹീനലക്ഷ്യം മറയ്ക്കാൻ
ശ്രമിക്കുമ്പോൾ വൈരുദ്ധ്യങ്ങൾ
പുറത്തുവരുന്നു

2017 ആഗസ്റ്റ് 10ന് പാർലമെന്റിൽ അവതരിപ്പിച്ച ഈ ബില്ല് ”കൂടുതൽ നിക്ഷേപകാനുകൂലവും പ്രശ്‌നപരിഹാരത്തിന് കൂടുതൽ ശക്തി പകരുന്നതുമൊക്കെയാണെ”ന്ന് ജനങ്ങളെ വിശ്വസിപ്പിക്കാൻ കേന്ദ്ര ഗവണ്മെന്റ് നിറംപിടിപ്പിച്ച ന്യായങ്ങളും സദുദ്ദേശ നാട്യവുമൊക്കെയായി പതിവുപോലെ രംഗത്തിറങ്ങിയിട്ടുണ്ട്. ”ധനകാര്യ സ്ഥാപനങ്ങളുടെയും നിക്ഷേപകരുടെയും താല്പര്യം പൂർണമായി സംരക്ഷിക്കുക എന്നതാണ് ഗവണ്മെന്റിന്റെ ഉദ്ദേശം” എന്ന് ധനകാര്യമന്ത്രി അരുൺ ജെറ്റ്‌ലി ട്വീറ്റ് ചെയ്യുന്നു. ഇത് വാസ്തവമാണോ? ജനതാല്പര്യവും ജനങ്ങളുടെ സമ്പത്തും സംരക്ഷിക്കുന്നതിൽ ഈ ഗവണ്മെന്റിന്റെ മുൻകാല ചെയ്തികൾ എന്താണ്? ജനങ്ങളുടെ മടിശ്ശീല കാലിയാക്കുംവിധം അനുദിനം വിലകൾ കുതിച്ചുയർന്നുകൊണ്ടിരിക്കുകയാണ്. വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, തൊഴിൽ നഷ്ടം, വേതനം വെട്ടിക്കുറയ്ക്കലും മരവിപ്പിക്കലും തുടങ്ങിയവയെല്ലാംകൂടി അദ്ധ്വാനിക്കുന്നവരെ ജീവിക്കാൻ അനുവദിക്കാത്ത സാഹചര്യമാണ് വളർന്നുവരുന്നത്.
പൊറുതിമുട്ടിയ കർഷകരും തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികളും ആത്മഹത്യ ചെയ്യുന്ന സ്ഥിതിയും നിലനിൽക്കുന്നു. വിശന്നുവലഞ്ഞ് തെരുവിൽ മരിച്ചുവീഴുന്നവരെ ആരും കണ്ടതായി ഭാവിക്കുന്നില്ല. നിർദ്ദയമായ ചൂഷണത്തിൽ അടിയുറച്ച മുതലാളിത്ത വ്യവസ്ഥയും അതിനെ വിനീതവിധേയമായി സേവിക്കുന്ന ഗവണ്മെന്റും ചേർന്ന് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി മാറ്റിയിരിക്കുന്നു. സാധാരണക്കാരുടെ ചോര വീണ്ടും ഊറ്റിപ്പിഴിഞ്ഞ് മുതലാളിവർഗ്ഗത്തിന് കൂടുതൽ ആനുകൂല്യങ്ങൾ ചൊരിയാനായി നോട്ട് നിരോധനവും ജിഎസ്ടിയുംപോലുള്ള തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതിൽ ബിജെപി സർക്കാരിന് യാതൊരു മനസ്സാക്ഷിക്കുത്തുമില്ല. വറുതിക്കാലത്ത് ഉപകരിക്കാനും ഭാവിയിൽ ഉപയോഗിക്കാനുമൊക്കെയായി ജനങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച് ബാങ്കുകളിൽ സൂക്ഷിച്ചിരിക്കുന്ന നിക്ഷേപങ്ങൾ കവർന്നെടുക്കാനുള്ള പുതിയ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്ന തിരക്കിലാണവരിപ്പോൾ. സുരക്ഷിതമെന്ന് കരുതിയിരുന്ന ബാങ്ക് നിക്ഷേപത്തിന്റെയും ദേശീയ സമ്പാദ്യ പദ്ധതിയിലെയുമൊക്കെ പലിശനിരക്ക് പടിപടിയായി കുറച്ചുകൊണ്ടു വരികയായിരുന്നു കുറച്ചുകാലമായി ഗവണ്മെന്റ്.
ഓരോ തവണ റിസർവ് ബാങ്ക് നയപ്രഖ്യാപനം നടത്തുമ്പോഴും പലിശനിരക്ക് താഴോട്ടുപോകുമെന്ന ഭീതിയിലാണ് സാധാരണ ജനങ്ങൾ. ദേശീയ സമ്പാദ്യ പദ്ധതിയിലും അടുത്തിടെ പലിശനിരക്ക് വെട്ടിക്കുറച്ചു. സാധാരണക്കാരുടെ കാര്യത്തിൽ ഈ ഗവണ്മെന്റിന് എന്തെങ്കിലും പരിഗണനയുണ്ടെങ്കിൽ ഇങ്ങനെ ചെയ്യുമോ? പലിശനിരക്ക് കുറച്ചാലേ വ്യവസായ മേഖലയ്ക്ക് ഉദാരമായി പണംനൽകാൻ കഴിയൂ എന്നാണ് ഗവണ്മെന്റും അവരുടെ കുഴലൂത്തുകാരായ പണ്ഡിതരും പറയുന്നത്. ബാങ്ക് വായ്പയുടെ രൂപത്തിൽ മൂലധനം സമാഹരിക്കാൻ കഴിയുന്നില്ലെങ്കിൽ എങ്ങനെയാണ് വ്യവസായം പുഷ്ടിപ്പെടുകയും സമ്പദ്ഘടന ശക്തിപ്പെടുകയും തൊഴിലവസരങ്ങൾ ഉണ്ടാകുകയും ചെയ്യുക എന്നാണിവർ ചോദിക്കുന്നത്. അങ്ങനെയെങ്കിൽ ഈ മാന്യന്മാരോട് ഒരു ചോദ്യം.

പുതിയ വ്യവസായങ്ങൾ ഉണ്ടാകാതിരിക്കുന്നതും ഉള്ളവതന്നെ അടച്ചുപൂട്ടിപ്പോകുന്നതും എന്തുകൊണ്ട്? അതൊക്കെ മൂലധനത്തിന്റെ കുറവുകൊണ്ടാണോ? അതോ, നിരന്തരമായ മുതലാളിത്ത ചൂഷണംമൂലം ജനങ്ങൾ പാപ്പരാക്കപ്പെടുന്നതുകൊണ്ട് കമ്പോളം ചുരുങ്ങുകയും തൽഫലമായി ഉല്പാദനരംഗത്ത് മുതൽമുടക്കാൻ മുതലാളിമാർ തയ്യാറാകാതിരിക്കുകയും അത് സാമ്പത്തിക തകർച്ചയ്ക്ക് കാരണമാകുകയും ചെയ്യുന്നതുകൊണ്ടോ? ജിഡിപിയുടെ 8.3 ശതമാനം വരുന്ന സംരംഭങ്ങൾ ജീവൻ വയ്ക്കാതെ പോകുന്നുവെന്ന് 2015ലെ സാമ്പത്തിക സർവേ പോലും ചൂണ്ടിക്കാണിക്കുന്നുണ്ട്. തുടരുമെന്ന് പ്രഖ്യാപിച്ച സംരംഭങ്ങൾ ഇങ്ങനെ ആരംഭിക്കാൻ മടിച്ചുനിൽക്കുന്നതിനുകാരണം കമ്പോള പ്രതിസന്ധിതന്നെയാണ്. ഇവയിലേതെങ്കിലും ഇതുവരെ വെളിച്ചംകണ്ടോ എന്ന് കഴിഞ്ഞ രണ്ടുവർഷമായി ധനകാര്യമന്ത്രി ഉരിയാടിയിട്ടില്ല. പൂച്ച പുറത്തുചാടും എന്നതുകൊണ്ട് മുതലാളിത്ത സേവകനായ മന്ത്രി അതേക്കുറിച്ച് നിശബ്ദത പാലിക്കുകയാണ്. അതുകൊണ്ടാണ് മന്ത്രിമാരെല്ലാം സത്യം മൂടിവച്ച് ദീർഘകാലാടിസ്ഥാനത്തിൽ നേട്ടമുണ്ടാകുമെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്നത്.

ബാങ്കിങ്ങ് മേഖലയാകെ ശ്വാസംമുട്ടുകയാണ്. വായ്പയെടുക്കാൻ ആരും വരുന്നില്ല. കിട്ടാക്കടമാകട്ടെ 11 ലക്ഷം കോടി കവിഞ്ഞു എന്നാണറിയുന്നത്. ഇതിൽ 60 ശതമാനവും പൊതുമേഖല ബാങ്കുകളുടേതാണ്. കിട്ടാക്കടവും തിരിച്ചടയ്ക്കാൻ സാദ്ധ്യതക്കുറവുള്ള വായ്പയും പുനസംഘടനയ്ക്ക് വിധേയമായ വായ്പയും എല്ലാംകൂടി ചേരുമ്പോൾ 15 ലക്ഷം കോടി വരുമത്രെ. കിട്ടാക്കടത്തിന്റെ മൂന്നിൽരണ്ടും 24 വൻകിട കുത്തകകമ്പനികളുടേതാണ്. എന്തുകൊണ്ടാണ് ഈ കിട്ടാക്കടം ഇങ്ങനെ കുതിച്ചുയരുന്നതെന്ന് ഗവണ്മെന്റ് മറുപടി പറയേണ്ടതാണ്. കടം തിരിച്ചടയ്ക്കാനുള്ള വരുമാനം വ്യവസായത്തിൽനിന്ന് കിട്ടുന്നില്ല എന്നാണോ ന്യായം പറയുന്നത്? വ്യവസായരംഗത്തുനിന്ന് പുതിയ വായ്പയ്ക്ക് ആവശ്യക്കാരില്ലെങ്കിൽ പലിശനിരക്ക് കുറച്ചാൽ അതുണ്ടാകും എന്നെങ്ങനെ പറയാൻ കഴിയും? ബാങ്ക് വായ്പയെടുക്കാൻ ആള് കുറവാണ് എന്നതൊരു വസ്തുതയാണ്. ഭവനവായ്പയും ഉപഭോക്തൃ വായ്പയുമൊക്കെ കുറഞ്ഞിട്ടുണ്ട്. ജനങ്ങളുടെ വരുമാനത്തിൽ ഇടിവുണ്ടായതാണ് ഇതിന് കാരണം.
ബാങ്കുകളുടെ വരുമാനം കുറഞ്ഞതോടെ പലിശനിരക്ക് കുറച്ചുകൊണ്ട് പിടിച്ചുനിൽക്കാനാണ് ബാങ്കുകൾ ശ്രമിക്കുന്നത്. ദീർഘകാല നിക്ഷേപങ്ങളും ലയനംപോലുള്ളവയുമൊക്കെ നിരുത്സാഹപ്പെടുത്തുക, ഇൻഷുറൻസും മ്യൂച്വൽ ഫണ്ടും പോലുള്ളവയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ മാർഗങ്ങളും അവലംബിക്കുന്നുണ്ട്.
അപരിഹാര്യമായ മുതലാളിത്ത പ്രതിസന്ധി ബാങ്കിംഗ് വ്യവസായത്തെയും പീഡിതമാക്കുന്നു
മുതലാളിത്തത്തിന്റെ ആവിർഭാവകാലത്ത് ബാങ്കുകൾ രംഗപ്രവേശം ചെയ്യുമ്പോൾ, വ്യവസായവൽക്കരണം ത്വരിതപ്പെടുത്താനായി, ജനങ്ങളുടെ സമ്പാദ്യം സ്വരൂപിച്ച്, മുതലാളിമാർക്ക് മൂലധനമെത്തിച്ചുകൊടുക്കുക എന്ന ലക്ഷ്യമാണുണ്ടായിരുന്നത്. ജനങ്ങളിൽ സമ്പാദ്യശീലം വളർത്തുകയും അവർക്ക് പലിശനൽകി വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനുള്ള ഒരു സുരക്ഷിത മാർഗമെന്ന സാമൂഹ്യ ആവശ്യകതയും ഇത് നിറവേറ്റിയിരുന്നു. ആ അർത്ഥത്തിൽ അന്നതിന് ഒരു സാമൂഹ്യ വീക്ഷണം ഉണ്ടായിരുന്നു. എന്നാൽ മുതലാളിത്തം കുത്തകസ്വഭാവമാർജിച്ച്, പുരോഗമന സ്വഭാവം നഷ്ടപ്പെട്ട്, ജീർണവും പിന്തിരിപ്പനുമായതോടെ, സ്വന്തം ലാഭം പെരുക്കുകയെന്ന സങ്കുചിത താല്പര്യം മുൻനിർത്തി, സാധാരണ നിക്ഷേപകരെ പരിഗണിക്കാതെ, ബാങ്കിംഗ് മേഖലയെ ദുരുപയോഗം ചെയ്യാനുള്ള ചിട്ടയായ പദ്ധതികൾ മുതലാളിവർഗ്ഗം ആവിഷ്‌കരിച്ചു.

നിക്ഷേപങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുപകരം അവർ വഴിയാധാരമാകുകയോ ബാങ്കിംഗ് മേഖലതന്നെ തകരുകയോ ചെയ്താലും വേണ്ടില്ല എവ്വിധവും ജനങ്ങളുടെ പണം കവർന്നെടുക്കണം എന്ന ലക്ഷ്യത്തോടെ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് കുത്തകകൾ. അതിനുവേണ്ടി പുതിയ നിയമങ്ങൾ പടച്ചുണ്ടാക്കുകയും നിലവിലുള്ളവ വളച്ചൊടിക്കുകയും ചെയ്യുന്നു. അപ്പോൾ, ബാങ്കുകളുടെ മാന്ദ്യത്തിനുകാരണം മുതലാളിത്ത വ്യവസ്ഥയുടെ സഹജമായ പ്രതിസന്ധിയും മുതലാളിവർഗ്ഗത്തിന്റെ ആർത്തിയും മനുഷ്യത്വമില്ലായ്മയും തന്നെയാണ്.
ബാങ്കുകളും വ്യവസായങ്ങളുമാണ് പീഡിതമാകുന്നത്, വ്യവസായികളും കുത്തകകളുമല്ല
ബാങ്കുകളും വ്യവസായങ്ങളുമൊക്കെ പീഡിതമാകുമ്പോൾ വ്യവസായികളും പിന്നോട്ടടിക്കപ്പെടും എന്നാണ് ന്യായമായും കരുതുക. ‘ക്രെഡിറ്റ് സിസേ’ എന്ന ഏജൻസിയുടെ റിപ്പോർട്ടുപ്രകാരം റിലയൻസ് ഗ്രൂപ്പ് 1.25 ലക്ഷം കോടിരൂപ ബാങ്ക് വായ്പ തിരിച്ചടയ്ക്കാനുണ്ട്. എന്നാൽ റിലയൻസിന്റെ മുതലാളിയായ മുകേഷ് അംബാനി കഴിഞ്ഞ വർഷം ഒരു ലക്ഷം കോടി രൂപയുടെ അധിക വരുമാനമുണ്ടാക്കിയിരിക്കുന്നു. ഒരു വർഷംകൊണ്ട് സ്വത്തിൽ 67 ശതമാനം വർദ്ധിപ്പിച്ച ഇദ്ദേഹമിപ്പോൾ ഏഷ്യയിലെ ഏറ്റവും സമ്പന്നരായ അഞ്ചുപേരിൽ ഒരാളാണ് (സീ ന്യൂസ്, 5-10-2017).

പണം തിരിച്ചടയ്ക്കാത്ത ഒരു മുതലാളിക്കും സമ്പത്തിൽ കുറവുവന്നതായി കാണുന്നില്ല. എല്ലാവരുടെയും സ്വത്ത് ഇരട്ടിച്ചുകൊണ്ടിരിക്കുകയാണ്. ഫോബ്‌സ് നടത്തിയ പഠനം പറയുന്നത് ഇന്ത്യയിലെ വ്യവസായ പ്രമുഖരുടെ സ്വത്തിൽ 26 ശതമാനം, അതായത് 31 ലക്ഷം കോടിരൂപയുടെ, വർദ്ധനയുണ്ടായി എന്നാണ്. വ്യവസായം ക്ഷീണിക്കുന്നു എന്നുകാണുമ്പോൾത്തന്നെ മുതലാളിമാർ അവരുടെ സ്വത്തെല്ലാം കുടുംബാംഗങ്ങളുടെ പേരിലാക്കിയിട്ട് വായ്പ തിരിച്ചടയ്ക്കാൻ നിവൃത്തിയില്ല എന്ന് വിലപിക്കുകയാണ്. എല്ലാ വൻകിട മുതലാളിമാരും അവരുടെ ദല്ലാൾ സ്ഥാപനങ്ങൾ വഴി ഓഹരി കമ്പോളത്തിൽ ഇടപാടുകൾ നടത്തി പൊടുന്നനെ വൻ ലാഭം കൊയ്യുകയാണെന്ന കാര്യം പരസ്യമായ രഹസ്യമാണ്.
ആരുടെ പണംകൊണ്ടാണ് അവർ ഈ കളിയൊക്കെ കളിക്കുന്നത്? വ്യവസായത്തിനെന്ന് പറഞ്ഞ് ബാങ്ക് വായ്പ തരപ്പെടുത്തിയിട്ട് ഓഹരി കമ്പോളത്തിൽ പണമിറക്കി വ്യക്തിപരമായ നേട്ടം കൊയ്യുകയാണിവർ. ഈ വായ്പ തിരിച്ചടയ്ക്കുന്ന കാര്യം വരുമ്പോൾ വ്യവസായ മാന്ദ്യത്തെക്കുറിച്ച് വിലപിച്ചുകൊണ്ട് അവർ കൈമലർത്തുന്നു. ബാങ്കുകൾ പീഡിതമാണെന്നോ നഷ്ടത്തിലാണെന്നോ ഒക്കെ ചിത്രീകരിക്കുന്നതിനുപിന്നിൽ വൻകിട മുതലാളിമാരും ബാങ്ക് മേധാവികളും ഗവണ്മെന്റുമൊക്കെ നടത്തുന്ന ഇത്തരം കള്ളക്കളികളുണ്ട് എന്നർത്ഥം. ബാങ്കുകൾ നഷ്ടത്തിലാണ് എന്ന് ഇവർ വരുത്തിത്തീർക്കുകയാണ്. യഥാർത്ഥത്തിൽ നഷ്ടമൊന്നുമില്ല. ഇത് കൃത്രിമമായി സൃഷ്ടിച്ചെടുത്തതാണ്. ഗവണ്മെന്റാകട്ടെ ഈ തട്ടിപ്പിന് കൂട്ടുനില്ക്കുകയും സത്യം മൂടിവയ്ക്കുകയും ചെയ്യുന്നു. വായ്പ തിരിച്ചടയ്ക്കാത്ത കുത്തകകളോട് ഔദാര്യം കാണിക്കുന്നു. അവരുടെ വായ്പ എഴുതിത്തള്ളുന്നു. ബാങ്കുകളുടെ മൂലധനം നിലനിർത്താനായി പൊതുഖജനാവിൽനിന്ന് പണം ചൊരിഞ്ഞ് അവയെ രക്ഷിക്കുന്നു. ഈ ഇനത്തിൽ 2.11 ലക്ഷം കോടിരൂപ ബാങ്കുകൾക്ക് നൽകുമെന്ന് ഗവണ്മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ബെയ്ൽ-ഔട്ട് എന്നാണിത് അറിയപ്പെടുന്നത്. ഇതുമാത്രമല്ല, ഒരു സാധാരണക്കാരൻ തന്റെ വായ്പാതിരിച്ചടവിന്റെ രണ്ട് ഗഡു വീഴ്ച വരുത്തിയാൽ അയാൾ പണയപ്പെടുത്തിയിരിക്കുന്ന വസ്തു പിടിച്ചെടുക്കാൻ ബാങ്കിന് അധികാരമുണ്ട്. ഒരു ദരിദ്ര കർഷകൻ, വിളനാശമോ വിലയിടിവോ മൂലം ബാങ്ക് വായ്പ തിരിച്ചടയ്ക്കാതിരുന്നാൽ അയാളുടെ സ്ഥാവര ജംഗമ വസ്തുക്കളെല്ലാം ബാങ്ക് കണ്ടുകെട്ടും.

എന്നാൽ മുതലാളിമാരുടെ കാര്യം വരുമ്പോൾ നിയമം മാറും. വമ്പന്മാർ മനപൂർവ്വം വീഴ്ച വരുത്തിയാലും അവർക്ക് പുതിയ വായ്പകൾ അനുവദിക്കാനുള്ള നിയമം പാസാക്കിയെടുത്തിട്ടുണ്ട്. കിട്ടാക്കടങ്ങളുടെ രേഖകൾക്ക് ചെറിയ വിലയിട്ട് പകരം സെക്യൂരിറ്റി റസീപ്റ്റുകൾ നൽകാൻ ഒരു അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി രൂപീകരിച്ചിട്ടുണ്ട്. ഈ രസീതുകൾ ബാങ്കിന്റെ ആസ്തിയായി കണക്കാക്കും. അപ്പോൾ പീഡിതമായ ഒരു ബാങ്ക്, കിട്ടാക്കടത്തിൽ കുറവുവന്നതായി കണക്കുകൾ പറയുന്നതുവഴി, നല്ലവണ്ണം പ്രവർത്തിക്കുന്ന ഒന്നായിമാറും. വായ്പ തിരിച്ചടയ്ക്കാത്തവരുടെ ലിസ്റ്റിൽനിന്ന് പേര് നീക്കം ചെയ്യുന്നതുവഴി വീഴ്ച വരുത്തിയ കമ്പനികൾക്ക് പുതിയ ലോൺ തരപ്പെടുത്തുകയും ചെയ്യാം. ഉദാഹരണത്തിന്, മോദിയുടെ അടുത്ത ആളായി അറിയപ്പെടുന്ന ഗൗതം അദാനി ഒരുലക്ഷം കോടിരൂപ ബാങ്ക് വായ്പ തിരിച്ചടയ്ക്കാനുണ്ട്. പക്ഷേ അതിസമ്പന്നരിൽ പത്താം സ്ഥാനത്തേയ്ക്ക് ഇദ്ദേഹം ഉയർന്നിരിക്കുന്നു.
6.3 ബില്ല്യൻ അമേരിക്കൻ ഡോളറിൽ നിന്ന് 11 ബില്ല്യൻ അമേരിക്കൻ ഡോളറായാണ് അയാൾ ആസ്തി വർദ്ധിപ്പിച്ചത്. ഇയാൾക്ക് ആസ്‌ട്രേലിയയിൽ ഖനനവ്യവസായം നടത്താൻ വീണ്ടും 3000 കോടിരൂപ സ്റ്റേറ്റ് ബാങ്ക് വായ്പ അനുവദിച്ചിരിക്കുന്നു. സമ്പന്നർക്ക് ജനങ്ങളുടെ പണം കൊള്ളയടിക്കാനുള്ള വകുപ്പുകളാണ് ഉണ്ടാക്കിവച്ചിട്ടുള്ളത് എന്ന് വ്യക്തമല്ലേ? കുറ്റം ചെയ്യുന്നവർക്ക് സമ്മാനവും സാധാരണക്കാരന് ശിക്ഷയും എന്നതല്ലേ ഇവിടെ നടക്കുന്നത്? മൂന്നുവർഷമായി അധികാരത്തിലിരിക്കുന്ന ബിജെപി ഗവണ്മെന്റ് കുത്തകകളുടെ കടം 2 ലക്ഷം കോടി രൂപയാണ് എഴുതിത്തള്ളിയത്. കാർഷിക-ഭക്ഷ്യ മേഖലയിൽ ഗവണ്മെന്റ് ആകെ നൽകുന്ന സബ്‌സിഡിക്ക് തുല്യമായ തുകയാണിത്. ജനങ്ങളെ കൊള്ളയടിക്കുന്നതിന് നിയമ സാധുത നൽകുന്നു എന്നല്ലാതെ എന്തുപറയാൻ?

അപ്പോൾ ആരാണ് ജനങ്ങളുടെ പണം തട്ടിയെടുക്കുന്നതും ദുരുപയോഗം ചെയ്യുന്നതും? വൻകിട കുത്തകകളും കോർപ്പറേറ്റുകളുംതന്നെ. ആരാണ് വീണ്ടുംവീണ്ടും സമ്പത്ത് കുന്നുകൂട്ടുന്നത്? ഇതേ ആളുകൾ തന്നെ. നഷ്ടപ്പെടുന്നത് ആർക്ക്? സാധാരണ ജനങ്ങൾക്ക്. കഷ്ടപ്പെട്ടുണ്ടാക്കി ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ള സമ്പാദ്യങ്ങളിൽനിന്നുള്ള വരുമാനം പലിശനിരക്ക് അടിക്കടി കുറയ്ക്കുന്നതിലൂടെ സ്ഥിരമായി കുറഞ്ഞുവരുന്നു. വമ്പൻമാരുടെ കിട്ടാക്കടം എന്നുപറഞ്ഞ് കവർന്നെടുക്കുന്നത് ഈ സമ്പാദ്യമാണ്. ഇതേ വമ്പൻമാർ മനപൂർവ്വം വായ്പ തിരിച്ചടയ്ക്കാതെ ബാങ്കിന് നഷ്ടം വരുത്തുമ്പോൾ അത് നികത്താനായി സാധാരണ ജനങ്ങൾ നൽകിയ നികുതിപ്പണം ഗവണ്മെന്റ് ബാങ്കുകൾക്ക് കോരിച്ചൊരിയുന്നു. നികുതിപ്പണം സാധാരണക്കാരന്റെ ക്ഷേമത്തിനുവേണ്ടിയല്ല ചെലവഴിക്കുന്നത് എന്നർത്ഥം.

എഫ്ആർഡിഐ ബിൽ
എന്ന പ്രഹരം

ജനങ്ങളെ എത്രയൊക്കെ പിഴിഞ്ഞിട്ടും മുതലാളിവർഗ്ഗത്തിന് മതിയാകുന്നില്ല. മാരകമായൊരു പ്രഹരത്തിനാണ് ഇപ്പോഴവർ തയ്യാറെടുക്കുന്നത്. എഫ്ആർഡിഐ ബില്ലിന്റെ ഉദ്ദേശം ഇതാണ്. ഈ ബില്ലിന്റെ പിന്നിലുള്ള ഹീന ലക്ഷ്യങ്ങളും അതിന്റെ മാരക സ്വഭാവവും നമുക്കൊന്ന് പരിശോധിക്കാം.
ഈ ബിൽ പ്രകാരം ഒരു പുതിയ റെസലൂഷൻ കോർപ്പറേഷൻ രൂപീകരിക്കും. ബാങ്ക്, ഇൻഷുറൻസ് കമ്പനി പോലുള്ള ധനകാര്യ സ്ഥാപനങ്ങളുടെ തകർച്ചയുടെ വിഷയം മാത്രം കൈകാര്യം ചെയ്യാനാണ് ഇത് രൂപീകരിക്കുന്നത്. ഈ സ്ഥാപനങ്ങളുടെ ദൈനംദിന കാര്യങ്ങളിൽ കോർപ്പറേഷൻ ഇടപെടില്ല. അമേരിക്കയിലെ ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷന്റെ മാതൃകയിലാണ് ഇത് രൂപീകരിച്ചിട്ടുള്ളത്. ഒരു ബാങ്ക് പരാജയപ്പെടുകയും നിക്ഷേപകർക്ക് നഷ്ടം സംഭവിക്കുകയും ചെയ്താൽ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകുന്ന നിലവിലെ ഡെപ്പോസിറ്റ് ഇൻഷുറൻസ് സംവിധാനം റെസലൂഷൻ കോർപ്പറേഷൻ നീക്കംചെയ്യും. ഒരു ബാങ്കോ മറ്റോ ‘അതിജീവനം അപകടത്തിൽ’ എന്ന വിഭാഗത്തിൽ ഉൾപ്പെടുകയാണെങ്കിൽ, അതായത് പാപ്പരാകുകയാണെങ്കിൽ റസലൂഷൻ കോർപ്പറേഷൻ രംഗത്തുവരും. ആ സ്ഥാപനത്തിന്റെ ആസ്തി-ബാദ്ധ്യതകൾ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിലേയ്ക്ക് മാറ്റിക്കൊണ്ട് ആ സ്ഥാപനത്തിൽ ലയിപ്പിക്കുന്നതുപോലുള്ള നിലവിലുള്ള മാർങ്ങൾ തേടും. അതോടൊപ്പം ബെയ്ൽ-ഇൻ പോലുള്ള പുതിയ മാർഗങ്ങളും അവലംബിക്കും. രോഗാതുരമായ ഒരു ധനകാര്യ സ്ഥാപനത്തിന് നഷ്ടം നികത്താനായി പൊതു ഖജനാവിൽനിന്ന് പണം നൽകുന്നത് ബെയ്ൽ-ഔട്ട് എന്നാണറിയപ്പെടുന്നത്.

നിക്ഷേപകരുടെ പണമെടുത്ത് ഈ കൃത്യം നിർവ്വഹിക്കുന്നതാണ് ബെയ്ൽ-ഇൻ. രണ്ടുതരത്തിലാണ് കോർപ്പറേഷൻ ഇത് ചെയ്യുന്നത്. ഒന്ന്, നിക്ഷേപകരുടെ അക്കൗണ്ടുകൾ മരവിപ്പിക്കാം, പണം പിൻവലിക്കുന്നതിനുള്ള കാലാവധി നീട്ടാം, ഏകപക്ഷീയമായും തോന്നുംപോലെയും പലിശനിരക്ക് വെട്ടിക്കുറയ്ക്കുകയും എത്ര പണം തിരിച്ചുനൽകണമെന്ന് തീരുമാനിക്കുകയും ചെയ്യാം. അതല്ലെങ്കിൽ, തകർന്നുകൊണ്ടിരിക്കുന്ന ഈ സ്ഥാപത്തിന്റെ ഓഹരിയാക്കി നിക്ഷേപം മാറ്റാം. ഈ ഓഹരിക്ക് ഒരു വിലയുമുണ്ടാകില്ലെന്ന് ഊഹിക്കാമല്ലോ. അതുമല്ലെങ്കിൽ ഓഹരി കമ്പോളത്തിലെ ചൂതാട്ടത്തിൽ ഈ പണം നിക്ഷേപിക്കാം. അതായത്, ഒരു ബാങ്ക് അല്ലെങ്കിൽ ഒരു ധനകാര്യ സ്ഥാപനം പാപ്പരാകുകയാണെങ്കിൽ ആ നഷ്ടത്തിന്റെ ഒരു ഭാഗം അല്ലെങ്കിൽ മുഴുവനായിത്തന്നെ നിക്ഷേപകർ ഏറ്റെടുക്കേണ്ടിവരുന്നു എന്നർത്ഥം. നിക്ഷേപത്തിന്റെ എത്ര പങ്ക് തിരിച്ചുനൽകണമെന്നും കോർപ്പറേഷൻ തീരുമാനിക്കും. നിലവിലുള്ള ഒരുലക്ഷം രൂപ നഷ്ടപരിഹാരം നൽകണോ, അത് കൂട്ടണോ കുറയ്ക്കണോ എന്നുമൊക്കെ റെസലൂഷൻ കോർപ്പറേഷനാണ് തീരുമാനിക്കുക.
നമ്മളൊരു ബാങ്കിൽ പണം നിക്ഷേപിക്കുന്നത് ഒരു കരാർ പ്രകാരമാണ്. പണം നൽകുന്ന നിക്ഷേപകരും പണം വാങ്ങുന്ന ബാങ്കും തമ്മിലുള്ള ഒരു കരാർ. ബാങ്കിംഗ് റെഗുലേഷൻസ് ആക്ട് അനുസരിച്ചുള്ളതാണ് ഈ കരാർ. പാപ്പരാകുന്ന ഒരു ബാങ്ക് പുനരുദ്ധരിച്ചെടുക്കണോ ഉപേക്ഷിക്കണോ എന്നൊക്കെ കോർപ്പറേഷൻ സ്വന്തം നിലയിൽ തീരുമാനിക്കുമ്പോൾ മേൽപറഞ്ഞ കരാർ ഏകപക്ഷീയമായി റദ്ദുചെയ്ത് നിക്ഷേപം കൈക്കലാക്കുന്നതിന് തുല്യമാണത്. അതായത് ബാങ്കിൽ നിക്ഷേപിക്കുന്നത് ഒട്ടും സുരക്ഷിതമല്ല എന്നുസാരം. ഒരു ബാങ്ക് അല്ലെങ്കിൽ ധനകാര്യ സ്ഥാപനം തകർന്നതായി പ്രഖ്യാപിക്കപ്പെട്ടാൽ നിക്ഷേപകരുടെ പണം ഭാഗികമായോ പൂർണമായിത്തന്നെയോ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകും. ബാങ്ക് പാപ്പരാകുന്നത് നിക്ഷേപകരുടെ കുഴപ്പംകൊണ്ടല്ലെന്നും കുത്തകകൾ ആസൂത്രിതമായി ബാങ്കിൽനിന്ന് പണം ചോർത്തിയതിന്റെ ഫലമാണെന്നുമോർക്കണം.

ഇത് മോഷണമല്ലെങ്കിൽ പിന്നെന്താണ്? സാധാരണക്കാരന്റെ നിക്ഷേപം കവർന്നെടുക്കുന്നതിന് നിയമസാധുത നൽകലല്ലേ ഇത്? നിയമപ്രകാരം രൂപം നൽകിയിട്ടുള്ള ഒരു കോർപ്പറേഷനെ കരുവാക്കിക്കൊണ്ട് ജനങ്ങളുടെ പണം ഗവണ്മെന്റുതന്നെ കൊള്ളയടിക്കുകയല്ലേ? ”നിക്ഷേപകർക്ക് അനുകൂലമായി വേഗത്തിലും ചിട്ടയായും ഫലപ്രദമായും പ്രശ്‌ന പരിഹാരമുണ്ടാക്കുന്നു” എന്നാണ് ഈ നടപടിയെ ഗവണ്മെന്റ് വിശേഷിപ്പിക്കുന്നത്. ബാങ്കിംഗ് വ്യവസായത്തെ സംരക്ഷിക്കുകയാണ് ഉദ്ദേശമെങ്കിൽ, പണം തുരന്നെടുക്കുന്ന വമ്പന്മാരെ, ജനങ്ങളുടെ തലയിൽ അതിന്റെ പാപഭാരമെല്ലാം ഇറക്കിവയ്ക്കുന്ന കുറ്റവാളികളെ, പിടികൂടി പണം വസൂലാക്കാനുള്ള കർശനമായ നിയമങ്ങൾ ഉണ്ടാക്കി നടപ്പിലാക്കുകയാണ് മര്യാദയും ഔചിത്യവും. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ, ‘ഒരുത്തൻ നശിപ്പിക്കുന്നു, അപരൻ പഴി കേൾക്കുന്നു’ എന്ന ചൊല്ലുപോലെയാകും കാര്യങ്ങൾ. ഇത് വെറുമൊരു അനീതിയുടെ പ്രശ്‌നമല്ല. ഇത് പകൽക്കൊള്ളയാണ്. ”നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കുന്നു”, എന്ന പേരിലാണ് ഈ കൊള്ള നടത്തുന്നത് എന്നുമാത്രം. ‘സബ്‌കേ സാഥ്, സബ്‌കേ വികാസ്’ അഥവാ എല്ലാവരോടുമൊപ്പം, എല്ലാവരുടെയും ഉന്നമനം എന്ന മുദ്രാവാക്യത്തിന്റെ മൂടിവയ്ക്കപ്പെട്ട യഥാർത്ഥ ഭീകരമുഖം ഇതാണ്.

നിക്ഷേപകർ പലിശയിനത്തിൽ നേട്ടമുണ്ടാക്കുന്നതുകൊണ്ട് അവർ ഗുണഭോക്താക്കളാണെന്നും ബാങ്കിനുണ്ടാകുന്ന നഷ്ടം സഹിക്കാൻ അവർ ബാദ്ധ്യസ്ഥരാണെന്നും നിർലജ്ജം വാദിക്കുന്നവരുമുണ്ട്. ഇതും പിടിച്ചുപറിക്കാരന്റെ യുക്തിയാണ്. ബാങ്കിന്റെ നയം രൂപീകരിക്കുന്നതിൽ, ആർക്കൊക്കെ വായ്പ നൽകണം എന്നകാര്യത്തിൽ, സാങ്കേതികമായി പറഞ്ഞാൽ പോർട്ട്‌ഫോളിയോ സെലക്ഷനിൽ നിക്ഷേപകന് എന്തെങ്കിലും സ്ഥാനമുണ്ടോ? അപകടസാദ്ധ്യത ഒഴിവാക്കാൻ ബാങ്ക് സമയോചിതമായി നടപടികൾ സ്വീകരിക്കുന്നുണ്ടോ എന്നറിയാൻ നിക്ഷേപകർക്ക് അധികാരമുണ്ടോ? അപ്പോൾപ്പിന്നെ ബാങ്ക് നടത്തുന്ന നിക്ഷേപത്തിന്റെ നഷ്ടം സഹിക്കാൻ നിക്ഷേപകന് എന്ത് ബാദ്ധ്യത? മുതലാളിത്തത്തിന്റെ കുഴലൂത്തുകാരോട് ഒരു ചോദ്യംകൂടി. ബാങ്കിൽ വരുന്ന നിക്ഷേപം ബാങ്കിന്റെ ബാദ്ധ്യതയാണ്. കടം വാങ്ങിയവൻ പണം തിരിച്ചുതരാതിരുന്നാൽ ബാങ്ക് കടം വാങ്ങി വച്ചിരിക്കുന്ന പണമെടുത്ത് അവന് നൽകുന്നതെങ്ങനെ? ബൂർഷ്വാ സാമ്പത്തിക ശാസ്ത്രത്തിന്റെ പാഠപുസ്തകങ്ങളിലെവിടെയെങ്കിലും ഇതിന് സാധൂകരണം ചൂണ്ടിക്കാണിക്കാൻ കഴിയുമോ? ബൂർഷ്വാ അക്കൗണ്ടിങ്ങിന്റെ അടിസ്ഥാന പ്രമാണങ്ങളെത്തന്നെ നിരാകരിക്കലല്ലേ ഇത്? സാധാരണക്കാരന്റെ മേൽ അരങ്ങേറുന്ന ഒരു കുറ്റകൃത്യം മൂടിവയ്ക്കുന്നതിനുള്ള ദുഷ്ടബുദ്ധിയാണ് ഇവിടെ പ്രകടമാകുന്നത്.

അടുത്തെങ്ങും ഒരു ബാങ്കും പാപ്പരാകില്ലെന്നും നിക്ഷേപകരുടെ പണം എടുക്കേണ്ടിവരില്ലെന്നുമൊക്കെയുള്ള പൊള്ളയായ ആശ്വാസവാക്കുകൾ ചൊരിഞ്ഞ് രോഷാകുലരായ ജനങ്ങളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്ന ചില വിരുതന്മാരുമുണ്ട്. ഇവർ സത്യം മറച്ചുവച്ച് കാര്യങ്ങൾ വളച്ചൊടിച്ച് അവതരിപ്പിക്കുന്നു എന്നുതന്നെ പറയേണ്ടിവരും. ഇപ്പോൾത്തന്നെ മുംബെയിലുള്ള കാപ്പോൽ കോ-ഓപ്പറേറ്റീവ് ബാങ്ക് പാപ്പരായതായി റിസർവ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. നിക്ഷേപം എത്രയുണ്ടെങ്കിലും 3000 രൂപയിൽ കൂടുതൽ പിൻവലിക്കാൻ ഇപ്പോൾ നിക്ഷേപകർക്ക് അവകാശമില്ലെന്നും പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ഈ ബാങ്കിന് പുതിയതായി വായ്പ നൽകാനോ നിലവിലുള്ളവ പുതുക്കാനോ അധികാരമുണ്ടായിരിക്കില്ലെന്നും റിസർവ് ബാങ്ക് പറയുന്നു. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്, ദേന ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഐഡിബിഐ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂക്കോ ബാങ്ക് എന്നീ ഏഴ് പൊതുമേഖലാ ബാങ്കുകൾക്കുമേൽ റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക ആരോഗ്യം ക്ഷയിപ്പിക്കുംവിധമുള്ള ഒരിടപാടും നടത്തരുതെന്നാണ് ഈ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകിയിരിക്കുന്ന ഉപദേശം. പിന്നീട് കോർപ്പറേഷൻ ബാങ്കിനെക്കൂടി ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള എസ്ബിഐ ഒഴികെയുള്ള, 21 ബാങ്കുകളിൽ 16 ബാങ്കുകളും 16 സ്വകാര്യ ബാങ്കുകളിൽ 2 എണ്ണവും കർശനമായ തിരുത്തൽ നടപടി സ്വീകരിക്കേണ്ടവയുടെ ചട്ടക്കൂടിൽ വന്നുകഴിഞ്ഞുവെന്നാണ് റേറ്റിംഗ് ഏജൻസിയായ ഐസിഅർഎ വ്യക്തമാക്കിയിട്ടുള്ളത്. 90 ലക്ഷം കോടിയുടെ ഇടപാടുനടക്കുന്ന ബാങ്കിംഗ് വ്യവസായത്തെ വൻകിട കുത്തകകൾ എപ്രകാരമാണ് കൊള്ളയടിക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാണല്ലോ. ഇറ്റലി, സ്‌പെയിൻ, അയർലണ്ട് എന്നീ രാജ്യങ്ങൾ സോവറീൻ വായ്പാ പ്രതിസന്ധിയിൽ മുങ്ങി നിൽക്കുന്നവയാണ്. ഇവയോട് തുലനപ്പെടുത്തിക്കൊണ്ട് ഇന്ത്യൻ ബാങ്കിംഗ് മേഖലയെ ഗ്രൂപ്പ് 5 ലാണ് സ്റ്റാൻഡേർഡ് ആന്റ് പുവർ എന്ന റേറ്റിംഗ് ഏജൻസി പെടുത്തിയിരിക്കുന്നത്. സാമ്പത്തിക സ്ഥിതി, ആപൽ സാദ്ധ്യത എന്നിവ കണക്കിലെടുത്താണ് ഇവർ തരംതിരിക്കുന്നത്. ഇന്ത്യൻ ബാങ്കുകളുടെ സ്ഥിതി എത്ര അപകടകരമാണെന്ന് വ്യക്തമാണല്ലോ.

ജനങ്ങളുടെ പണം ഓഹരി
കമ്പോളത്തിലെ ഊഹക്കച്ചവടത്തിലേയ്ക്ക് മാറ്റാനുള്ള
ഗൂഢാലോചന

ജനങ്ങളുടെ പണം ഓഹരി കമ്പോളത്തിലേയ്ക്ക് മാറ്റാനുള്ള ഗൂഢാലോചനയും ഒപ്പം നടക്കുന്നു. തുടർച്ചയായി പലിശനിരക്ക് കുറയുമ്പോൾ മെച്ചപ്പെട്ട വരുമാനം പ്രതീക്ഷിച്ച് ഷെയർ, ബോണ്ടുകൾ, മ്യൂചൽ ഫണ്ട് എന്നിവയിലുള്ള നിക്ഷേപത്തിലേയ്ക്ക് ജനങ്ങളെ പ്രലോഭിപ്പിക്കുകയാണ് ചെയ്യുന്നത്. എന്തുകൊണ്ടാണിത്? മുതലാളിത്തം അപരിഹാര്യമായ പ്രതിസന്ധിയിൽ മുങ്ങിക്കൊണ്ടിരിക്കുകയാണ്. അതിനാൽ, മുതലാളിവർഗ്ഗം ഉല്പാദന മേഖലയിൽനിന്ന് ഊഹക്കച്ചവട മേഖലയിലേയ്ക്ക് മൂലധനം തിരിച്ചുവിടുകയാണ്. ജനങ്ങളുടെ നിക്ഷേപംകൂടി അങ്ങോട്ട് തിരിച്ചുവിട്ടാൽ ആ രംഗത്ത് ധാരാളം പണം ലഭ്യമാകുന്ന സ്ഥിതിയുണ്ടാകും. കുറച്ചു ഷെയറുകളും കൂടുതൽ പണവും എന്ന അവസ്ഥ വരുന്നതോടെ ഷെയറുകൾക്കും ബോണ്ടുകൾക്കുമൊക്കെ വില ഉയരും. ഉദാഹരണത്തിന് 30 ഷെയറുകൾ വാങ്ങാൻ മുമ്പ് 3000 രൂപയുണ്ടായിരുന്നപ്പോൾ ഷെയറിന്റെ വില 10 രൂപയാണെങ്കിൽ ഇപ്പോഴത് 30,000 രൂപയും വില 100 രൂപയുമായി ഉയരും. ഇത് ”സമ്പദ്ഘടനയുടെ നല്ല പ്രവണത”യായും ”വളർന്നുവരുന്ന കമ്പോളാഭിമുഖ്യ”മായും ഒക്കെ ഉയർത്തിക്കാണിക്കുന്നു. ഇങ്ങനെ ജനങ്ങളുടെ പണം ഓഹരിക്കമ്പോളത്തിലേയ്ക്ക് ഒഴുക്കി കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന വളർച്ചയിൽ, കുതന്ത്രങ്ങൾ പയറ്റുന്ന വൻകിടക്കാരൻ വലിയ നേട്ടമുണ്ടാക്കുകയും സാധാരണക്കാരന്റെ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടുപോകുകയും ചെയ്യും.

അപ്പോൾ, രാജ്യത്തെ അടിച്ചമർത്തപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം ഇത് ഇരുതല മൂർച്ചയുള്ള വാളാണ്. മുതലാളിത്ത പ്രതിസന്ധിമൂലം ഒരു വശത്ത് വിലക്കയറ്റവും യഥാർത്ഥ വരുമാനത്തിലുള്ള ഇടിവും തൊഴിലില്ലായ്മയും തൊഴിൽ നഷ്ടവും പെരുകുന്നു. അതിനുപുറമെയാണ് ബാങ്കിൽ എന്തെങ്കിലും സമ്പാദ്യമുണ്ടെങ്കിൽ അത് ബലം പ്രയോഗിച്ച് കണ്ടുകെട്ടുകയോ ഓഹരിക്കമ്പോളത്തിലെ ചൂതുകളിക്കായി ചാലുതിരിച്ച് വിടുകയോ ചെയ്യുന്നത്. മരണാസന്നവും അഴിമതി നിറഞ്ഞതും മനുഷ്യത്വരഹിതവുമായ മുതലാളിത്തവ്യവസ്ഥയുടെ ഭീകരമുഖമാണിവിടെ ദൃശ്യമാകുന്നത്. ബിജെപി സർക്കാരിന്റെ ഓരോ നയവും തീരുമാനവും ചുവടുവയ്പും മുതലാളിവർഗ്ഗ സേവ മാത്രം ലാക്കാക്കിയുള്ളതും ജനങ്ങളെ പ്രഹരിക്കുന്നതുമാണ്. ജനങ്ങളുടെ ദുരിതങ്ങൾ അവർക്ക് പരിഗണനാവിഷയമേ അല്ല. സാമ്പത്തികാക്രമണങ്ങളിലൂടെ അവർ ജനങ്ങളെ വീണ്ടുംവീണ്ടും പ്രഹരിച്ചുകൊണ്ടിരിക്കുന്നു. മുതലാളിവർഗ്ഗത്തിന്റെ ആജ്ഞാനുസരണം വിശ്വസ്തതയോടെ പ്രവർത്തിക്കുകയാണവർ. എഫ്ആർഡിഐ ബിൽ ഇത് ഒരിക്കൽക്കൂടി വെളിവാക്കുന്നു.

എന്തുവിലകൊടുത്തും
ഈ ബില്ലിനെ ചെറുക്കണം

ജീവിതത്തിന്റെമേൽ വന്നുപതിക്കുന്ന ആക്രമണങ്ങൾ ഇനിമേൽ നിശബ്ദമായി ഏറ്റുവാങ്ങാൻ കഴിയില്ല. എന്തുവില കൊടുത്തും ഇത് ചെറുക്കണം. ഗവണ്മെന്റിനെ കണ്ണുമടച്ച് വിശ്വസിക്കാതെ ജനങ്ങൾ പ്രതിഷേധമുയർത്തുന്നുണ്ട് എന്നത് പ്രതീക്ഷയ്ക്ക് വകതരുന്നുണ്ട്.
ജനങ്ങളുടെ പ്രതിഷേധംമൂലമാണ് ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാനിരുന്ന എഫ്ആർഡിഐ ബിൽ ഗവണ്മെന്റ് മാറ്റിവച്ചത്. പക്ഷേ അപകടം ഒഴിവായിട്ടില്ല. അവസരം കിട്ടുമ്പോൾ അത് വീണ്ടും വരും. അതുകൊണ്ടുതന്നെ യാതൊരു ഉദാസീനതയുമില്ലാതെ രാജ്യവ്യാപകമായി പ്രതിഷേധ ശബ്ദമുയരണം. ബിൽ വേണ്ടെന്നുവയ്ക്കുന്നതുവരെ ശക്തമായ പ്രക്ഷോഭത്തിന്റെ സമ്മർദ്ദം നിലനിൽക്കണം. പ്രതിപക്ഷത്തെ ബൂർഷ്വാ പാർട്ടികൾ അത്തരമൊരു ശക്തമായ പ്രക്ഷോഭം വളർത്തിയെടുക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.
ഇടതുപക്ഷമെന്ന് മേനിനടിക്കുന്നവരും ഇടതുപക്ഷമായി മാദ്ധ്യമങ്ങളും മറ്റും അംഗീകരിച്ചിട്ടുള്ളവരുമായ പാർട്ടികളും ഇക്കാര്യത്തിൽ എന്തെങ്കിലും താല്പര്യം കാണിക്കുന്നില്ല. ബൂർഷ്വാ വോട്ടുരാഷ്ട്രീയത്തിന്റ നാലതിരുകൾക്കുള്ളിലുള്ള പ്രതിഷേധമേ അവരുയർത്തു. തെരഞ്ഞെടുപ്പുനേട്ടമുണ്ടാക്കുക എന്ന ലക്ഷ്യമേ അത്തരം സമരനാട്യങ്ങൾക്കുണ്ടാകൂ. എന്നാൽ, ഭീകരമായ ഒരു സാമ്പത്തികാക്രമണമാണ് ഇതെന്ന് തിരിച്ചറിഞ്ഞുകൊണ്ട് സർവ്വശക്തിയും സമാഹരിച്ച് ഇതിനെ ചെറുക്കാൻ കഷ്ടതയനുഭവിക്കുന്ന ജനങ്ങളൊന്നടങ്കം മുന്നോട്ടുവരേണ്ടതുണ്ട്.

Share this post

scroll to top