ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് 25വര്‍ഷം ഡിസംബര്‍ 6 കരിദിനമായി ആചരിച്ചു

Dec-6-TVM.jpg

ഡിസംബർ 6 സെക്രട്ടേറിയറ്റിന് മുന്നിലെ കരിദിനാചരണ പരിപാടി എസ്.യുസിഐ(സി) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് ജി.എസ്.പത്മകുമാർ ഉദ്ഘാടനം ചെയ്യുന്നു

Share

25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഒരു കറുത്ത ഏടായി ഇന്നും നിലനില്‍ക്കുന്നു. അന്ന് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പരോക്ഷ പിന്തുണയോടെയും ഉത്തര്‍പ്രദേശ് ഭരിച്ച ബി.ജെ.പി സര്‍ക്കാരിന്റെ ഒത്താശയോടെയും നടത്തിയെടുത്ത ഈ അക്രമം മതേതര ജനാധിപത്യ ആശയങ്ങള്‍ക്കുമേല്‍ ആധുനിക ഇന്ത്യ കണ്ട ഏറ്റവും ഗുരുതരമായ ആഘാതമായിരുന്നു. ഒരു ആധുനിക ജനാധിപത്യ രാഷ്ട്രമായി ബലപ്പെടുത്തിയെടുക്കുന്നതിനുപകരം അതിന്റെ അടിത്തറ തന്നെ പൊളിക്കാന്‍ പോന്നവിധം മുരത്ത അസഹിഷ്ണുതയും ഫാസിസ്റ്റ് സ്വഭാവവും പ്രകടിപ്പിക്കുന്ന ഹിന്ദുരാഷ്ട്രമെന്ന ആര്‍.എസ്.എസ് പദ്ധതി നടപ്പിലാക്കാന്‍ ലക്ഷ്യം വെക്കുന്ന കറുത്ത ശക്തികള്‍ രാജ്യത്തുണ്ടെന്ന യാഥാര്‍ത്ഥ്യമാണ് ഈ സംഭവം വ്യക്തമാക്കിയത്. അന്ന് ബാബ്‌റി മസ്ജിദ് തകര്‍ത്ത, ആര്‍.എസ്.എസ് സ്‌പോണ്‍സര്‍ ചെയ്ത, ബി.ജെ.പി നേതാക്കള്‍ നയിച്ച അതേ സ്വകാര്യസേനകള്‍ ഇന്ന് അധികാരത്തിലിരിക്കുന്ന ബി.ജെ.പിയുടെ രക്ഷാകര്‍തൃത്വത്തില്‍ നിയമം കയ്യിലെടുത്ത് അഴിഞ്ഞാടുകയാണ്. ഗോവധം ആരോപിച്ചുകൊണ്ടുള്ള കള്ളപ്രചരണങ്ങള്‍ നടത്തിക്കൊണ്ട് ദളിതുകള്‍ക്കും മുസ്ലീങ്ങള്‍ക്കുമെതിരെ കിരാത ആക്രമണങ്ങള്‍ നടത്തുകയാണവര്‍. സദാചാര പോലീസ് ചമഞ്ഞുകൊണ്ട് അവര്‍ യുവാക്കളോട് എന്ത് വസ്ത്രം ധരിക്കണമെന്നും, എന്ത് ഭക്ഷണം കഴിക്കണമെന്നും ആരോട് സൗഹൃദം കാണിക്കണമെന്നും ആജ്ഞാപിക്കുകയാണ്. നാട്ടിലെ നിയമങ്ങള്‍ മുറുകെ പിടിക്കേണ്ടതിനുപകരം ബി.ജെ.പി മന്ത്രിമാര്‍ ഇത്തരം അതിക്രമങ്ങളെ തുറന്ന് പിന്തുണക്കുകയാണ്.

ഇന്ത്യന്‍ ജനാധിപത്യത്തിനേറ്റ ഈ കടുത്ത ക്ഷതത്തിന് കാല്‍നൂറ്റാണ്ടായെങ്കിലും ഈ പാതകത്തിനുത്തരവാദികളായവര്‍ക്കെതിരെ യാതൊരു നടപടികളും ഇതേവരെ സ്വീകരിച്ചിട്ടില്ല. ജനാധിപത്യകാംക്ഷികള്‍ ഈ അന്യായത്തിന് ഒരിക്കലും മാപ്പ് നല്‍കില്ല. ഉത്തരവാദികള്‍ക്ക് മതിയായ ശിക്ഷ നല്‍കുന്നതുവരെ പോരാട്ടം മുന്നോട്ട് കൊണ്ടുപോകും.
ഡോ.ബാബാസാഹേബ് അംബേദ്ക്കറുടെ ചരമദിനം കൂടിയായ ഡിസംബര്‍ 6 രാജ്യമെമ്പാടും ദളിതുകള്‍ക്കെതിരെയും മതേതര-ജനാധിപത്യമൂല്യങ്ങളുടെമേലും വര്‍ഗ്ഗീയശക്തികള്‍ നടത്തുന്ന കടന്നാക്രമണങ്ങളെ ചെറുക്കാനുള്ള ക്യാമ്പയിന്‍ ദിനമായും ആചരിച്ചു.

ദേശീയതലത്തില്‍ എസ.യു.സി.ഐ (കമ്യൂണിസ്റ്റ്) ഉള്‍പ്പെടെയുള്ള ആറ് ഇടത് പാര്‍ട്ടികള്‍ ചേര്‍ന്ന് ആഹ്വാനം ചെയ്ത ഈ കരിദിനാചരണത്തിന്റെ ഭാഗമായി അന്നേദിവസം കേരളത്തിലെ വിവിധ ജില്ലകളില്‍ എസ്.യു.സി.ഐ(കമ്യൂണിസ്റ്റ്)ന്റെയും ജനകീയ പ്രതിരോധ സമിതിയുടെയും ആഭിമുഖ്യത്തില്‍ ആഭിമുഖ്യത്തില്‍ വിവിധ പ്രതിഷേധ പരിപാടികള്‍ നടന്നു.

Share this post

scroll to top