മെറ്റ്‌സ് കോളേജ് സമരത്തിന് ഉജ്ജ്വലവിജയം

mets-college-com-shajer.jpg

സമരസംഗമത്തിൽ സഖാവ് എം. ഷാജർഖാൻ പ്രസംഗിക്കുന്നു

Share

ജിഷ്ണുവിന്റെ മരണം കൊളുത്തിവിട്ട പ്രതിഷേധാഗ്നി ടോംസ്‌കോളേജിലെയും ലോ അക്കാദമിയിലെയും വിദ്യാർത്ഥിസമരങ്ങൾ ആളിപ്പടർത്തി. ഈ സമരാഗ്നിയാണ് മാള മെറ്റ്‌സ് കോളേജിലും സമരത്തിന് തിരികൊളുത്തിയത്. മാനേജുമെന്റിന് തോന്നുന്ന രീതിയിൽ ഫൈൻ ഈടാക്കിയും ആഡ് ഓൺ കോഴ്‌സുകളിൽ നിർബന്ധിത അഡ്മിഷൻ എടുപ്പിച്ചുകൊണ്ട് പണംപിരിച്ചും ഇടിമുറികൾ ഉൾപ്പെടെയുള്ള പീഡനമുറകൾ നടപ്പാക്കിയുമാണ് മെറ്റ്‌സ് കോളേജ് പ്രവർത്തിച്ചിരുന്നത്. പ്രതിഷേധിച്ച വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്യാൻ പ്രിൻസിപ്പാൾ മുതിർന്നതോടെ വിദ്യാർത്ഥികൾ സംഘടിതസമരത്തിന് തയ്യാറായി.
സേവ് എജ്യൂക്കേഷൻ കമ്മിറ്റി സംസ്ഥാനസെക്രട്ടറി എം.ഷാജർഖാന്റെ മുൻകയ്യിൽ മെറ്റ്‌സ് സ്റ്റുഡന്റ്‌സ് അസോസിയേഷ(എംഎസ്എ) നും രൂപീകരിക്കപ്പെട്ടു.
മാർച്ച് 24 ന് മെറ്റ്‌സ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച വിദ്യാർത്ഥി കൺവൻഷനിൽ എം.ഷാജർഖാൻ, എഐഡിഎസ്ഒ സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.കെ.ഷഹസാദ് എന്നിവർ പ്രസംഗിച്ചു. 24 ന്റെ സമരപ്രഖ്യാപനത്തിനുശേഷം 28 ന് കോളേജ് ഗേറ്റിനുമുന്നിൽ എംഎസ്എ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. മുഹമ്മദ് റനീസ്, സ്റ്റീഫൻ ഡേവിസ് എന്നീ വിദ്യാർത്ഥികൾ ആരംഭിച്ച നിരാഹാരസമരത്തിന് ദിനം ചെല്ലുംതോറും വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും പിന്തുണ ഏറിവന്നു. മൂന്നാംദിനം ആരോഗ്യനില മോശമായതിനെത്തുടർന്ന് സ്റ്റീഫനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രിൻസിപ്പാളിനെയും വിദ്യാർത്ഥിപീഡനമുറകൾ സ്വീകരിക്കുന്ന പ്രൊഫ. രമേശിനെയും പുറത്താക്കുക, ക്യാമ്പസിൽ സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുക, ഇന്റേണൽ അസസ്‌മെന്റിന്റെ പേരിലുള്ള പീഡനങ്ങൾ അവസാനിപ്പിക്കുക, എല്ലാ പണപ്പിരിവുകൾക്കും രസീത് നൽകുക തുടങ്ങിയ 17 ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് മെറ്റ്‌സ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ ബാനറിൽ വിദ്യാർത്ഥികൾ ഒന്നടങ്കം അണിനിരന്നു. റനീസിന്റെ നിരാഹാരം ഒരാഴ്ച പിന്നിട്ട ഏപ്രിൽ 3 ന് മുഴുവൻ വിദ്യാർത്ഥികളും പഠിപ്പുമുടക്കി സമരരംഗത്തെത്തി. അന്നേ ദിവസം വൈകുന്നേരം സമരപന്തലിൽ സമരസംഗമംനടന്നു. നിരാഹാരത്തെത്തുടർന്ന് ആരോഗ്യനില വഷളായ റനീസ് ആശുപത്രിക്കിടക്കയിൽനിന്ന് സമരസംഗമത്തിൽ പങ്കെടുത്തു.
റനീസിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതിനെത്തുടർന്ന് നെവിൽ സി.രാജ് എന്ന വിദ്യാർത്ഥി നിരാഹാരമേറ്റെടുത്തു. സമരം ശക്തമായതിനെത്തുടർന്ന് ഏപ്രിൽ 4 ന് രാത്രി കോളേജ് അധികൃതർ ചർച്ചയ്ക്ക് തയ്യാറാകുകയും പ്രിൻസിപ്പാളിനെ പുറത്താക്കുന്നത് ഒഴികെയുള്ള ഡിമാന്റുകൾ അംഗീകരിക്കുകയും ചെയ്തു. എന്നാൽ അത്തരമൊരു ഒത്തുതീർപ്പിന് എംഎസ്എ തയ്യാറായില്ല. ഏപ്രിൽ 5 ന് രാവിലെ 6 മണിക്ക് വീണ്ടും ചർച്ചയ്ക്ക് വിളിക്കുകയും വിദ്യാർത്ഥിപ്രതിനിധികൾ ഉൾപ്പെടെയുള്ള ഒരു അന്വേഷണ കമ്മീഷനെ നിയോഗിക്കാമെന്നും അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം പ്രിൻസിപ്പാളിനെതിരെ നടപടിയെടുക്കാമെന്നും ഉറപ്പുനൽകി. അന്വേഷണകാലയളവിൽ പ്രിൻസിപ്പാളിനെ മാറ്റി വൈസ്പ്രിൻസിപ്പാളിന് ചുമതലനൽകുമെന്നും ഇതിനിടയിൽ കമ്മീഷന്റെ തെളിവെടുപ്പിനല്ലാതെ ക്യാമ്പസിൽ പ്രിൻസിപ്പാൾ പ്രവേശിക്കുന്നത് വിലക്കുമെന്നും കോളേജിന്റെ ഒരു വിഷയങ്ങളിലും ഇടപെടില്ലെന്നും ഉറപ്പുനൽകുകയും ചെയ്തു. 3 മാസത്തിനകം അന്വേഷണറിപ്പോർട്ട് നൽകണമെന്നും ഒത്തുതീർപ്പിൽ വ്യവസ്ഥയുണ്ടായി. അങ്ങനെ സമ്പൂർണ്ണമായും ഡിമാന്റുകൾ നേടി സമരം വിജയപാതയിലെത്തി. എഐഡിഎസ്ഒ സംസ്ഥാന സെക്രട്ടറി പി.കെ.പ്രഭാഷ് നെവിലിന് നാരങ്ങാനീര് നൽകി നിരാഹാരസമരം അവസാനിപ്പിച്ചു. തുടർന്ന് വിജയപ്രഖ്യാപനവുമായി എംഎസ്എ ബൈക്ക് റാലി നടത്തി. ആഹ്ലാദപ്രകടനത്തിനുശേഷം ജിഷ്ണുവിന്റെ മാതാവ് മഹിജയ്ക്കും ബന്ധുക്കൾക്കും സേവ് എജ്യൂക്കേഷൻ കമ്മിറ്റി സംസ്ഥാനസെക്രട്ടറി എം.ഷാജർഖാനും നേരെയുണ്ടായ പോലീസ് അതിക്രമത്തിലും അറസ്റ്റിലും പ്രതിഷേധിച്ച് എംഎസ്എ പ്രകടനം നടത്തുകയും ചെയ്തു.

 

 

Share this post

scroll to top