ലഖിംപൂരിൽ കർഷകരെ അരുംകൊലചെയ്ത സംഭവത്തിൽ പ്രതിഷേധിക്കുക: കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക, പരമാവധിശിക്ഷ ഉറപ്പാക്കുക

Karshaka-ALPY.jpeg
Share

ഒരു ജനാധിപത്യ പ്രക്ഷോഭണത്തെ സംബന്ധിച്ചിടത്തോളം പത്തുമാസമെന്നത് തീരെച്ചെറിയ കാലയളവല്ല. ഒരു പ്രക്ഷോഭത്തിൽ ഏറ്റവും അനിവാര്യമായ ജനാധിപത്യ സമര മാർഗമവലംബിച്ചുകൊണ്ടാണ് ഈ കാലമത്രയും കർഷക സമരം മുന്നോട്ടുപോയത്. കർഷകർക്കുനേരെ ഭരണകൂടം അതിക്രമങ്ങൾ ആവർത്തിച്ചുകൊണ്ടേയിരുന്നതല്ലാതെ കർഷകരുടെ ഭാഗത്തുനിന്ന് യാതൊരു പ്രകോപനവും ഇതേവരെ ഉണ്ടായിട്ടില്ല എന്നിരിക്കെയാണ് യുപിയിലെ ലഖിംപൂരിൽ കർഷകരുടെ റാലിയിലേയ്ക്ക് കേന്ദ്രആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉന്മത്തനായി വാഹനമോടിച്ചുകയറ്റി കർഷകരെ അരുംകൊല ചെയ്തിരിക്കുന്നത്. ഏറ്റവും ഹീനവും അങ്ങേയറ്റം അപലപനീയവുമാണ് പ്രസ്തുത സംഭവം. ഏറ്റവും ന്യായമായ ആവശ്യങ്ങളെ മുൻനിർത്തി സമരം ചെയ്യുന്ന കർഷകർക്കുനേരെയാണ് ഈവിധം ഒരു അക്രമം ഉണ്ടായിരിക്കുന്നത്.
ശത്രുരാജ്യത്തോട് എന്നതിനെക്കാൾ വൈരാഗ്യബുദ്ധിയോടെയാണ് നരേന്ദ്രമോദിയുടെ കേന്ദ്രസർക്കാർ സ്വന്തം ജനങ്ങൾക്കെതിരെ നീങ്ങിക്കൊണ്ടിരിക്കുന്നത്. കർഷകരുടെ പ്രക്ഷോഭം, തങ്ങളുടെ ഉറ്റതോഴന്മാരായ കുത്തകകൾക്കെതിരെയാണ് എന്നതാണ് ബിജെപിനേതാക്കന്മാരെ ഇത്രമേൽ പ്രകോപിതരാക്കുന്നത്. മനുഷ്യത്വം തീരെയില്ലാത്തവരും ആജ്ഞാനുവർത്തികളുമായ ബന്ധുപുത്രാദികള്‍ എന്തുഹീനകൃത്യങ്ങൾക്കും മടിയില്ലാത്ത ഗുണ്ടകളയി കൂടെനില്‍ക്കുന്നു.

ഈ കുതന്ത്ര ങ്ങൾക്കൊന്നും പ്രക്ഷോഭത്തിന്റെ ജ്വാലയണയ്ക്കാനാകുന്നില്ല എന്നുമാത്രമല്ല സമരം വർദ്ധിത വീര്യത്തോടെ മുന്നോട്ടാണ്. കേന്ദ്രമന്ത്രിയുടെ മകനെതിരെ കൊലക്കുറ്റവും മറ്റ് വകുപ്പുകളുംചേർത്ത് കേസെടുത്തതിനുശേഷമേ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് വിട്ടുകൊടുക്കാൻ കർഷകർ തയ്യാറായുള്ളൂ. മാത്രമല്ല മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് 45ലക്ഷം രൂപയും കുടുംബത്തി ലൊരാൾക്ക് സർക്കാർ ജോലിയും പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറായതിനുശേഷമേ ടിക്കുനിയ മൈതാനത്ത് തടിച്ചുകൂടിയ ആയിരക്കണക്കിന് കർഷകർ പിരിഞ്ഞുപോകാൻ തയ്യാറായുള്ളൂ. കൂടുതൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് സംയുക്ത കിസാൻമോർച്ച തീരുമാനിച്ചിരിക്കുന്നത്.

സംയുക്ത കിസാൻ മോർച്ചയുടെ പ്രസ്താവന

ഇന്ത്യയുടെ കർഷക സമര ചരിത്രത്തിലെ വേദനാജനകമായ ഏടുകളിൽ ഒന്നാണ് ലഖിംപൂർ ഖേരിയിൽ നടന്ന കൂട്ടക്കൊല. സമൂഹമാധ്യമങ്ങളിൽ നടന്ന പ്രചരണത്തിലൂടെ ഈ സംഭവത്തിന്റെ സത്യാവസ്ഥ ഇതിനകം തന്നെ ജനങ്ങളുടെ ഇടയിൽ വെളിവാക്കപ്പെട്ടു. ഇത് പൊടുന്നനെ ഉണ്ടായ സംഭവം അല്ലെന്നു വ്യക്തമാണ്. സ്വന്തം ക്രിമിനൽ പ്രതിച്ഛായയിൽ ഊറ്റംകൊള്ളുന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തേനി ഒരു പ്രത്യേക സമുദായത്തിൽ പെട്ട കർഷകരെ ഭീഷണിപ്പെടുത്തുകയും സമരം ചെയ്യുന്ന കർഷകരുടെ ഇടയിൽ പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്തു.
മന്ത്രിയുടെ മകനും ഗുണ്ടാ സംഘവും ചേർന്ന് സമരം ചെയ്തു മടങ്ങുകയായിരുന്ന കർഷകരുടെമേൽ വാഹനമിടിച്ചു കയറ്റുകയും നാലു കർഷകരേയും ഒരു മാധ്യമപ്രവർത്തകനെയും കൊല്ലുകയും ആണുണ്ടായത്. ഈ ദാരുണ സംഭവത്തിന് ഉത്തരവാദികളായവരെ രാജ്യം ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സംഭവം ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര ഗവൺമെന്റിന്റെയും ഉത്തർപ്രദേശ് ഗവൺമെന്റിന്റെയും തനിനിറം വെളിവാക്കിയിട്ടുണ്ട്. ഈ ഭീകരമായ കൊലപാതകത്തിൽ ബിജെപി നേതാക്കളുടെ പങ്ക് സംബന്ധിച്ച് വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും അവർക്കെതിരെയോ അവരോടൊപ്പം ഉണ്ടായിരുന്ന ഗുണ്ടകൾക്കെതിരെയോ ഒരു നടപടിയും സ്വീകരിക്കാൻ ബിജെപി ഇതുവരെ തയ്യാറായിട്ടില്ല. ഐതിഹാസികമായ ഈ കർഷക പ്രക്ഷോഭം മൂലം ബിജെപിക്ക് അവരുടെ സ്വാധീനം നഷ്ടപ്പെടുന്നതിനാൽ അവർ ആക്രമണത്തിലേക്ക് തിരിയുന്നു എന്ന് വ്യക്തമാണ്. സമാധാനപരവും ജനാധിപത്യപരവുമായ ബഹുജന മുന്നേറ്റത്തിലൂടെ ഈ ആക്രമണത്തിനു മറുപടി പറയുവാൻ സംയുക്ത കിസാൻ മോർച്ച തീരുമാനമെടുക്കുകയാണ്. ഈ കൂട്ടക്കൊലയ്ക്കും അതിൽ നടപടിയെടുക്കാത്ത കേന്ദ്രസർക്കാരിനുമെതിരെ രാജ്യവ്യാപകമായ സമരം സംഘടിപ്പിക്കുവാനും സംയുക്ത കിസാന്‍മോര്‍ച്ച തീരുമാനിച്ചു.

സംയുക്ത കിസാൻ മോര്‍ച്ച ഉയർത്തുന്ന ഡിമാൻഡുകൾ:
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തേനിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുക കൊലപാതകം, ഗൂഢാലോചന, ജനകീയ ഐക്യം തകർക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്യുക.
മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെയും കൂട്ടുപ്രതികൾ എന്ന് വ്യക്തമായിട്ടുള്ള സുമിത്ത് ജയ്സ്വാൾ, അങ്കിത് ദാസ് എന്നിവരെയും കൊലപാതകക്കുറ്റം ചുമത്തി ഉടൻ അറസ്റ്റ് ചെയ്യുക.
ഒക്ടോബർ 12 രാജ്യവ്യാപകമായി കർഷക രക്തസാക്ഷിത്വ ദിനമായി ആചരിക്കാൻ സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തിരിക്കുകയാണ്. ലഖിംപൂർ ഖേരിയിലെ ടിക്കോണിയയിൽ ഒക്ടോബർ 12ന് നടക്കുന്ന പ്രാർത്ഥനയിൽ പങ്കെടുത്തുകൊണ്ട് രക്തസാക്ഷികളായ കർഷകർക്ക് ആദരവ് അർപ്പിക്കണമെന്ന് ഉത്തർപ്രദേശിലും രാജ്യമെമ്പാടുമുള്ള കർഷകരോട് സംയുക്ത കി സാൻ മോര്‍ച്ച അഭ്യർത്ഥിക്കുന്നു.
രക്തസാക്ഷികളായ കർഷകർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് അന്നേദിവസം ഗുരുദ്വാരകളിലും ക്ഷേത്രങ്ങളിലും വീടുകളിലും പൊതുസ്ഥലങ്ങളിലും പ്രത്യേക പ്രാർത്ഥനാ സമ്മേളനങ്ങളും അനുശോചന യോഗങ്ങളും സംഘടിപ്പിക്കണമെന്നും വിവിധ കർഷക സംഘടനകളോട് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തിട്ടുണ്ട്. അന്നേദിവസം വൈകുന്നേരം മെഴുകുതിരി തെളിച്ചുകൊണ്ട് മാർച്ച് സംഘടിപ്പിക്കണമെന്നും വീടുകൾക്കു മുമ്പിൽ 5 രക്തസാക്ഷികളെ അനുസ്മരിച്ചുകൊണ്ട് 5 മെഴുകുതിരികൾ കത്തിച്ചു വയ്ക്കണമെന്നും രാജ്യത്തെ നീതിമാന്മാരായ മുഴുവൻ ആളുകളോടും അഭ്യർത്ഥിക്കുന്നു.

ഒക്ടോബർ 11നകം ഡിമാന്റുകൾ അംഗീകരിച്ചില്ലെങ്കിൽ സംയുക്ത കിസാൻ മോർച്ച ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകും. രക്തസാക്ഷികളായ കർഷകരുടെ ചിതാഭസ്മവുമായി ലഖിംപൂർ ഖേരിയിൽ നിന്നും ഷഹീദ് കിസാൻ യാത്ര പുറപ്പെടും . ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലും രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള യാത്രകൾ പ്രത്യേകമായി സംഘടിപ്പിക്കും. ഈ യാത്രകൾ ജില്ലകളിലും സംസ്ഥാനങ്ങളിലും ഏതെങ്കിലുമൊരു വിശുദ് സ്ഥലത്തോ അല്ലെങ്കിൽ ചരിത്രപ്രാധാന്യമുള്ള കേന്ദ്രത്തിലോ സമാപിക്കും.
ദസറ ദിവസമായ ഒക്ടോബർ 15ന് കർഷക വിരുദ്ധമായ ബിജെപി ഗവൺമെന്റിന്റെ പ്രതീകമായ നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും ലോക്കൽ ബിജെപി നേതാക്കളുടെയും കോലം കത്തിക്കും. ഒക്ടോബർ 18ന് രാവിലെ 10 മുതൽ വൈകുന്നേരം നാലുമണി വരെ രാജ്യമൊട്ടാകെ ട്രെയിൻ തടയൽ സമരം സംഘടിപ്പിക്കും.ഒക്ടോബർ 26ന് ലഖിംപൂർ ഖേരിയിൽ സംയുക്ത കിസാൻ മോർച്ച മഹാപഞ്ചായത്ത് സംഘടിപ്പിക്കും.

Share this post

scroll to top