ലെനിൻ-നിർഭയനായ പോരാളി, അത്യുന്നതനായ നേതാവ്‌

lenin.jpg
Share

(മഹാനായ ലെനിന്റെ നിര്യാണത്തിനുശേഷം, ക്രെംലിൻ മിലിട്ടറി സ്‌കൂളിൽ, 1924 ജനുവരി 28 ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ സഖാവ് സ്റ്റാലിൻ നടത്തിയ പ്രസംഗം, നവംബർ വിപ്ലവ ശതാബ്ദിയുടെ ഭാഗമായി, ജനുവരി 21 -ലെനിൻ അനുസ്മരണദിനത്തോട് അനുബന്ധിച്ച് ഞങ്ങൾ പ്രസിദ്ധീകരിക്കുന്നു).

സഖാക്കളേ, ഇന്നുവൈകുന്നേരം നിങ്ങൾ ഇവിടെ ലെനിൻ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നതായും, അതിലെ പ്രസംഗകരിൽ ഒരാളായി എന്നെ ക്ഷണിക്കുന്നതായും എന്നോടുപറയുകയുണ്ടായി. ലെനിന്റെ പ്രവർത്തനങ്ങളെ പറ്റി മുൻകൂട്ടി തയ്യാറാക്കി പ്രസംഗിക്കേണ്ടുന്ന ആവശ്യം എനിക്കുണ്ടെന്നും ഞാൻ കരുതുന്നില്ല. ഒരു മനുഷ്യൻ എന്ന നിലയിലും, ഒരു നേതാവ് എന്ന നിലയിലും ലെനിന്റെ സ്വഭാവസവിശേഷതകളിൽ ചിലത് പുറത്തുകൊണ്ടുവരുന്ന ചില വസ്തുതകളിലേയ്ക്ക് എന്റെ വാക്കുകൾ ചുരുക്കുന്നതാവും നല്ലതെന്ന് ഞാൻ കരുതുന്നു. ഈ വസ്തുതകൾ തമ്മിൽ അന്തർലീനമായ ബന്ധം ഉണ്ടായെന്നുവരില്ല. എന്നാൽ, ലെനിനെ സംബന്ധിച്ചിടത്തോളമുള്ള പൊതുവായ ചിത്രം ലഭിക്കുന്നതിൽ അതിനു നിർണ്ണായക പ്രാധാന്യമില്ല. എന്തുതന്നെയായായും ഇപ്പോൾ ഉറപ്പുതന്നതിൽ കൂടുതലായി ഈ അവസരത്തിൽ എന്തെങ്കിലും ചെയ്യാൻ എനിക്ക് സാധിക്കുകയില്ല.

പർവ്വതമുകളിലെ ഗരുഡൻ

ലെനിനെ ഞാൻ ആദ്യം പരിചയപ്പെടുന്നത് 1903-ൽ ആണ്. അതൊരു നേരിട്ടുള്ള പരിചയം ആയിരുന്നില്ല എന്നതാണ് സത്യം. മറിച്ച്, കത്തിടപാടുകളാണ് ഞങ്ങളെ ബന്ധിപ്പിച്ചത് എന്നാൽ, അതൊരു മായാത്ത മുദ്രയാണ് എന്നിൽ ഉളവാക്കിയത്. നാളിതുവരെയുള്ള എന്റെ പാർട്ടിപ്രവർത്തനത്തിനിടയിൽ ഒരിക്കലും അതെന്നെ വിട്ടുപോയിട്ടുമില്ല. ആ സമയത്ത് എന്നെ സൈബീരിയായിലേയ്ക്ക് നാടുകടത്തിയിരിക്കുകയായിരുന്നു. തൊണ്ണൂറുകളുടെ അവസാനം മുതൽ (1890-കൾ) വിശേഷിച്ചും 1901 നുശേഷമുള്ളകാലത്തെ ലെനിന്റെ വിപ്ലവപ്രവർത്തനങ്ങളെക്കുറിച്ചുള്ള എന്റെ അറിവ് (ഓസ്‌ക്രയിലെ പ്രത്യക്ഷപ്പെടലിനുശേഷം) അനിതരസാധാരണമായ ശേഷികൾ ഉള്ള ഒരാളെയാണ് ലെനിനിൽ കണ്ടെത്തിയിരിക്കുന്നതെന്ന് എന്നെ ബോദ്ധ്യപ്പെടുത്തി. ആ സമയത്ത് ഞാൻ അദ്ദേഹത്തെ, കേവലം പാർട്ടിയുടെ നേതാവായി മാത്രമല്ല കണ്ടത്, മറിച്ച് പാർട്ടിയുടെ യഥാർത്ഥ സ്ഥാപകനായാണ്. കാരണം, നമ്മുടെ പാർട്ടിയുടെ യഥാർത്ഥ അന്തഃസത്തയെയും അടിയന്തര ആവശ്യകതകളേയും മനസ്സിലാക്കുവാൻ അദ്ദേഹത്തിനു മാത്രമേ കഴിഞ്ഞുള്ളൂ. നമ്മുടെ പാർട്ടിയുടെ മറ്റു നേതാക്കളുമായി അദ്ദേഹത്തെ താരതമ്യം ചെയ്യുമ്പോൾ, എനിക്ക് എപ്പോഴും തോന്നുന്നത് അദ്ദേഹം തന്റെ മറ്റ് സഹപ്രവർത്തകരേക്കാളും ഉന്നതശീർഷനായിരുന്നു എന്നാണ്. പ്ലെഖനോവ്, മാർട്ടോവ്, ആക്‌സൽറോഡ് തുടങ്ങിയവരുമായൊക്കെ താരതമ്യപ്പെടുത്തുമ്പോൾ, ലെനിൻ കേവലം നേതാക്കളിൽ ഒരാൾ മാത്രമായിരുന്നില്ല. ഏറ്റവും ഉന്നതശ്രേണിയിലുള്ള നേതാവായിരുന്നു. പോരാട്ടത്തിൽ ഭയം എന്തെന്നറിയാത്ത, പർവ്വതങ്ങൾക്കുമേലെ ഉയർന്നുപറക്കുന്ന ഗരുഡനെപ്പോലെ ഉന്നതനായ പോരാളി. റഷ്യൻ വിപ്ലവമുന്നേറ്റത്തിന്റെ അറിയാവഴികളിലൂടെ ധീരമായി പാർട്ടിയെ മുന്നോട്ടുനയിച്ചയാൾ. ഈ മുദ്രണം എനിക്കുള്ളിൽ ആഴത്തിൽ വേരുപടർത്തിയിരുന്നു. അതുകൊണ്ട്; അന്ന് രാഷ്ട്രീയ അഭയാർത്ഥിയായി വിദേശത്തുകഴിഞ്ഞിരുന്ന എന്റെയൊരു സുഹൃത്തിനോട് അഭിപ്രായം ആരാഞ്ഞുകൊണ്ട് എഴുതിചോദിക്കാൻ ഞാൻ നിർബന്ധിതനായി. കുറച്ചുകാലംകഴിഞ്ഞ് ഞാൻ സൈബിരിയയിലേയ്ക്ക് നാടുകടത്തപ്പെട്ടിരുന്ന കാലത്ത്, 1903-ന്റെ അവസാനത്തിൽ-എന്റെ സുഹൃത്തിന്റെ അത്യുൽസാഹപൂർവ്വമായ മറുപടി ലഭിക്കുകയുണ്ടായി. ഒപ്പം, ലളിതവും എന്നാൽ ഗഹനമായി കാര്യങ്ങൾ ഊന്നിപ്പറയുന്ന ഒരു കത്ത് ലെനിനിൽനിന്നും എനിക്കു ലഭിക്കുകയുണ്ടായി. എന്റെ കത്ത് സുഹൃത്ത് ലെനിനെ കാണിച്ചിരുന്നു എന്നുമനസ്സിലായി. ലെനിന്റെ കുറിപ്പ് താരതമ്യേന ചെറുതായിരുന്നു. എന്നാൽ അതിൽ നമ്മുടെ പാർട്ടിയുടെ രാഷ്ട്രീയപ്രവർത്തനത്തെ സംബന്ധിക്കുന്ന ധീരമായ വിമർശനം ഉൾക്കൊണ്ടിരുന്നു. അടിയന്തരഭാവിയിലെ പാർട്ടിപ്രവർത്തനത്തെ സംബന്ധിക്കുന്ന മുഴുവൻ രൂപരേഖയുടേയും വ്യക്തമായ ചുരുക്കരൂപവും അതിലുണ്ടായിരുന്നു. ഏറ്റവും ഗഹനമായ കാര്യങ്ങൾ പോലും ഇത്ര ലളിതവും വ്യക്തവുമായി, ഇത്രയും സമഗ്രവും ധീരവുമായി എഴുതാൻ ലെനിനുമാത്രമേ സാധിക്കുകയുള്ളൂ. ഓരോ വാചകവും അധികം പറയാതെതന്നെ ഒരു വെടിയുണ്ടപോലെ തുളച്ചുകയറുന്നവയായിരുന്നു. ഈ ലളിതവും ധീരവുമായ കത്ത്, ലെനിൻ നമ്മുടെ പാർട്ടിയുടെ ഏറ്റവും സമുന്നതനായ നേതാവാണ് എന്ന അഭിപ്രായം എന്നിൽ കൂടുതൽ ഉറപ്പിച്ചു. ഒരു പഴയ ഒളി പ്രവർത്തകന്റെ ശീലം മൂലം, മറ്റു പല എഴുത്തുകളും എന്നപോലെ ലെനിന്റെ ഈ കത്തും അഗ്നിക്കിരയാക്കിയതിൽ എന്നോടുതന്നെ ക്ഷമിക്കാൻ ഒരിക്കലും എനിക്കു കഴിയില്ല. ലെനിനിനുമായുള്ള എന്റെ അടുപ്പം ആ സമയം മുതൽ തുടങ്ങുന്നു.

മാന്യത

ഫിൻലാന്റിലെ ടാമെർഫോർഡിൽ വച്ച് 1905 ഡിസംബറിൽ നടന്ന ബോൾഷേവിക് കോൺഫറൻസിൽവച്ചാണ് ഞാൻ ആദ്യമായി ലെനിനെ കാണുന്നത്. നമ്മുടെ പാർട്ടിയുടെ ഈ സമുന്നതനേതാവിനെ കാണുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. രാഷ്ട്രീയമായി മാത്രമല്ല. എന്റെ ഭാവനയിൽ ശാരീരികമായും വലിയ ആളായിരുന്നു ലെനിൻ. ഗാംഭീര്യമുള്ള, ആജ്ഞാശക്തിയുള്ള, ആജാനബാഹുവായ ഒരു വ്യക്തിയായാണ് അദ്ദേഹത്തെ ഞാൻ ഭാവനയിൽ കണ്ടത്. എന്നാൽ, എന്നെ നിരാശനാക്കിക്കൊണ്ട്: മറ്റു സാധാരണജനങ്ങളിൽനിന്ന് ഒട്ടും വിഭിന്നനല്ലാത്ത, തികച്ചും സാധാരണക്കാരനായി കാണപ്പെട്ട, ശരാശരി പൊക്കം പോലുമില്ലാത്ത ഒരാളെ ആണ് ഞാൻ കണ്ടത്. ‘വലിയ ആളുകൾ’ സമ്മേളനങ്ങൾക്കൊക്കെ വൈകിയെത്തുന്നതും, ജനങ്ങളാകെ അവരുടെ ദർശനത്തിനായി ശ്വാസമടക്കിപ്പിടിച്ച് കാത്തുനിൽക്കുന്നതുമൊക്കെ സാധാരണ സംഭവങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണല്ലോ! ഇനി അവർ പ്രത്യക്ഷപ്പെട്ടാലോ ”ശ് ശ് … നിശബ്ദരാകൂ.. അദ്ദേഹം വരുന്നു” എന്ന മട്ടിലുള്ള അടക്കിപ്പിടിച്ച മുന്നറിയിപ്പുകൾ കേൾക്കാം. ഈ ആചാരങ്ങൾ എനിക്ക് അനാവശ്യമായി തോന്നിയിരുന്നില്ല, കാരണം അത് ബഹുമാനം ജനിപ്പിക്കുകയും, മുദ്ര പതിപ്പിക്കുകയും ചെയ്യുന്നു. അവിടെ, പ്രതിനിധികളേക്കാൾ നേരത്തെ ലെനിൻ സമ്മേളനത്തിനെത്തുകയും അവിടെ ഒരു മൂലയിൽ സ്വയം ഒതുങ്ങി സമ്മേളനത്തിലെ സാധാരണപ്രതിനിധികളുമായി ഏറ്റവും സാധാരണതലത്തിലുള്ള ചർച്ചയിൽ ഏർപ്പെട്ടിരിക്കുന്നു എന്ന അറിവ് എന്നെ നിരാശനാക്കി. നിങ്ങളിൽ നിന്നും മറച്ചുവയ്ക്കാൻ ഞാനാഗ്രഹിക്കുന്നില്ല. അന്നിത് എന്തോ ചില അവശ്യനിയമങ്ങളുടെ ലംഘനം പോലെയാണ് എനിക്ക് തോന്നിയത്.
ഈ ലാളിത്യവും വിനയവും ആരാലും തിരിച്ചറിയപ്പെടാതെ ഒതുങ്ങിക്കൂടാനുള്ള ശ്രമം കുറഞ്ഞപക്ഷം, തന്റെ ഉയർന്ന പദവി എടുത്തുകാട്ടാതിരിക്കാനും സ്വയംശ്രദ്ധാകേന്ദ്രമാകാതെയിരിക്കാനുമുള്ള ഈ സ്വഭാവവിശേഷം പുതിയ ജനവർഗ്ഗത്തിന്റെ, മാനവികതയുടെ അണികളായ സാധാരണക്കാരായ ജനങ്ങളുടെ പുതിയ നേതാവെന്ന നിലയിൽ ലെനിന്റെ കരുത്തുറ്റ അംശമായിരുന്നു അത് എന്നു ഞാൻ പിന്നീടാണ് മനസ്സിലാക്കിയത്.

യുക്തിയുടെ ശക്തി

ആ സമ്മേളനത്തിൽ ലെനിൻ നടത്തിയ രണ്ടു പ്രസംഗങ്ങളും ശ്രദ്ധേയമായിരുന്നു. ഒന്ന്, നിലവിലെ സാഹചര്യത്തെക്കുറിച്ചും രണ്ടാമത്തേത് കർഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ചും ആയിരുന്നു. നിർഭാഗ്യവശാൽ, അവ സൂക്ഷിക്കപ്പെട്ടിട്ടില്ല. ആ പ്രസംഗങ്ങൾ പ്രചോദനം നൽകുന്നവയായിരുന്നു. മുഴുവൻ സമ്മേളനത്തേയും അത് ആവേശത്തിന്റെ പുതിയ തലത്തിലെത്തിച്ചു. അനിതരസാധാരണമായ ദൃഢവിശ്വാസത്തിന്റെ ശക്തി, വാദങ്ങളുടെ ലാളിത്യവും വ്യക്തതയും ചെറുതും എളുപ്പത്തിൽ മനസ്സിലാകുന്നതുമായ വാചകങ്ങൾ, അഹങ്കാരത്തിന്റെയും തലചുറ്റിക്കുന്ന അംഗവിക്ഷേപങ്ങൾ, ഇളക്കം സൃഷ്ടിക്കാൻ മാത്രം ഉദ്ദേശിച്ചുള്ള നാടകീയ പദപ്രയോഗങ്ങൾ എന്നിവയുടെ ഒക്കെ അഭാവം – ഇതെല്ലാം കൊണ്ട്, സാധാരണ പാർലമെന്ററി പ്രഭാഷകരുടെ പ്രസംഗങ്ങളിൽനിന്നും ഗുണപരമായി വിപരീതപ്പെട്ടിരുന്നു ലെനിന്റെ പ്രസംഗങ്ങൾ.
എന്നാൽ ലെനിന്റെ പ്രഭാഷണങ്ങളുടെ ഈ വശമല്ല ആ സമയത്ത് എന്നെ ആകർഷിച്ചത്. അവയിലുള്ള തടുക്കാൻ സാധിക്കാത്ത യുക്തിയുടെ ശക്തിയാണ് എന്നെ ആകർഷിച്ചത്. അത് കുറച്ചൊക്കെ സംക്ഷിപ്തമായിരുന്നെങ്കിലും, തന്റെ സദസ്സിനുമേൽ പിടിമുറുക്കുകയും ക്രമേണ അവരെ ആവേശം കൊള്ളിക്കുകയും പിന്നീട്, ചിലർ പറയുന്നതുപോലെ അവരെ മുഴുവനായും കീഴടക്കുകയും ചെയ്തു. പല പ്രതിനിധികളും പറഞ്ഞത് ഞാൻ ഓർക്കുന്നു, ലെനിന്റെ പ്രസംഗങ്ങളിലെ യുക്തി, അതിന്റെ ശക്തമായ കരങ്ങൽ നിങ്ങൾക്കുചുറ്റും ചുറ്റിപ്പിണഞ്ഞ് നിങ്ങളെ പിടിച്ചുനിർത്തും. അതിന്റെ പിടിയിൽ നിന്നും സ്വയംമോചിപ്പിക്കാൻ നിങ്ങൾ അശക്തരാകും. നിങ്ങൾ ഒന്നുകിൽ അതിനു കീഴടങ്ങണം, അല്ലെങ്കിൽ സമ്പൂർണ്ണ തോൽവി സമ്മതിച്ചു പിൻമാറണം.
എനിക്ക് തോന്നുന്നത്, ലെനിന്റെ പ്രഭാഷണങ്ങളുടെ ഈ പ്രത്യേകതകളാണ് ഒരു പ്രഭാഷകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കലയുടെ പ്രധാന സവിശേഷത.

പരാതികളില്ല

നമ്മുടെ പാർട്ടിയുടെ 1906-ലെ സ്റ്റോക്ക്‌ഹോം കോൺഗ്രസ്സിൽവെച്ചാണ് ലെനിനെ ഞാൻ രണ്ടാമതായി കാണുന്നത്. നിങ്ങൾക്കറിയാം. ഈ കോൺഗ്രസ്സിൽ ബോൾഷേവിക്കുകൾ ന്യൂനപക്ഷമായിരുന്നു. പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. അന്നാദ്യമായാണ് ഒരു പരാജിതന്റെ വേഷത്തിൽ ഞാൻ ലെനിനെ കാണുന്നത്. എന്നാൽ പരാജയത്തിനുമുന്നിൽ അടിപതറി, പരാതിപ്പെട്ടുകൊണ്ടിരിക്കുന്ന നേതാക്കളുമായി ഒരു സാമ്യവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. മറിച്ച്, നിലയ്ക്കാത്ത ഊർജ്ജപ്രവാഹമായി പരാജയം ലെനിനെ മാറ്റിമറിച്ചു. ഭാവിയിലെ വിജയങ്ങൾക്കായുള്ള പുതിയ പോരാട്ടങ്ങൾക്കായി അദ്ദേഹത്തിന്റെ അനുയായികളെ അതു പ്രചോദിപ്പിച്ചു. ലെനിനെ പരാജയപ്പെടുത്തി എന്നു ഞാൻ പറഞ്ഞു. എന്നാൽ എന്തുതരം പരാജയമായിരുന്നു അത്? സ്റ്റോക്ക്‌ഹോം കോൺഗ്രസ്സിൽ വിജയികളായ അദ്ദേഹത്തിന്റെ എതിരാളികളെ പ്ലെഖനോവ്, അക്‌സെൽറോഡ്, മാർട്ടോവ് മുതലായവരെ നോക്കിയാൽമാത്രം മതി. യഥാർത്ഥ വിജയികളുടെ യാതൊരു ലക്ഷണവും അവർക്കുണ്ടായിരുന്നില്ല. കാരണം, മെൻഷേവിസത്തിനെതിരേയുള്ള ലെനിന്റെ നിർദ്ദയമായ വിമർശനം അവരുടെ ശരീരത്തിൽ ഒടിയാത്ത ഒരെല്ലുപോലും ബാക്കിയില്ലാത്ത അവസ്ഥയിലാക്കി എന്നു പറയേണ്ടിവരും. ഞാൻ ഓർക്കുന്നു ഞങ്ങൾ ബോൾഷേവിക് പ്രതിനിധികൾ, കൂട്ടംചേരുകയും ഉപദേശം ആവശ്യപ്പെട്ടുകൊണ്ട് ലെനിനെ ഉറ്റുനോക്കുകയും ചെയ്തു. ചിലപ്രതിനിധികളുടെ പ്രസംഗങ്ങൾ തളർച്ചയുടേയും നിരുത്സാഹത്തിന്റെയും ലാഞ്ചനകൾ ഉയർത്തുന്നുണ്ടായിരുന്നു. ഇത്തരം പ്രസംഗങ്ങളോട് ശക്തമായി ലെനിൻ പ്രതികരിച്ചത് ഞാൻ ഓർക്കുന്നു.” ആവലാതിപ്പെടാതിരിക്കൂ സഖാക്കളേ, നമ്മൾ ശരിയുടെ പക്ഷത്തുണ്ട്, അതുകൊണ്ടുതന്നെ നമ്മുടെ വിജയം സുനിശ്ചിതവുമാണ്! ആവലാതിക്കാരായ ബുദ്ധിജീവികളോടുള്ള വെറുപ്പ്, നമ്മുടെ സ്വന്തം കരുത്തിലുള്ള വിശ്വാസം, വിജയത്തിനുള്ള ആത്മവിശ്വാസം- ഇതെല്ലാമാണ് ലെനിൻ ഞങ്ങളിൽ പതിപ്പിച്ചത്. ബോൾഷേവിക്കുകളുടെ തോൽവി താൽക്കാലികമാണെന്നും സമീപഭാവിയിൽത്തന്നെ ഞങ്ങൾ വിജയിക്കുമെന്നും ഞങ്ങൾക്ക് തോന്നി.
”പരാജയത്തിൽ ആവലാതിപ്പെടരുത്” ലെനിന്റെ പ്രവർത്തനങ്ങളുടെ സവിശേഷതയായിരുന്നു ഇത്. തനിക്കുചുറ്റും, അവസാനംവരെയും വിശ്വസ്തരായ, തങ്ങളുടെ കരുത്തിൽ വിശ്വാസമുള്ളവരുടെ സൈന്യത്തെ അണിനിരത്തുവാൻ ഇതാണ് അദ്ദേഹത്തെ സഹായിച്ചത്.

പൊങ്ങച്ചം പാടില്ല.

1907-ൽ ലണ്ടനിൽ നടന്ന അടുത്ത കോൺഗ്രസ്സിൽ ബോൾഷേവിക്കുകൾ വിജയിച്ചു. ലെനിനെ ഒരു വിജയിയുടെ വേഷത്തിൽ ഞാൻ കാണുന്നത് അന്നാണ്. വിജയം ചില നേതാക്കളുടെ തല ഉയർത്തുകയും അവരെ അഹങ്കാരികളും പൊങ്ങച്ചക്കാരും ആക്കുകയും ചെയ്തു. പല സാഹചര്യങ്ങളിലും വിജയികളായി തുടങ്ങുന്ന അവർ തങ്ങളുടെ നേട്ടങ്ങളിൽ വിശ്രമിക്കുന്നു. ഒരു തരത്തിലും അവരെ പോലെ ആയിരുന്നില്ല ലെനിൻ. മറിച്ച്, സൂക്ഷ്മമായും വിജയത്തിനുശേഷം അദ്ദേഹം കൂടുതൽ ശ്രദ്ധാലുവും ജാഗാരൂകനുമായി. ഞാൻ ഓർക്കുന്നു, ലെനിൻ നിരന്തരം പ്രതിനിധികളോട് ആവശ്യപ്പെടുമായിരുന്നു: ഒന്നാമതായി വിജയത്താൽ ലഹരിപിടിക്കരുത്, അതിൽ വീമ്പടിക്കരുത്. രണ്ടാമതായി വിജയത്തെ ഉറപ്പിച്ചെടുക്കേണ്ടതുണ്ട്. മൂന്ന്, ശത്രുവിന് അവന്റെ അവസാനത്തെ അടി കൊടുക്കേണ്ടതുണ്ട്, കാരണം, അവൻ അടിയേറ്റു വീണിട്ടേയുള്ളൂ, തകർക്കപ്പെട്ടിട്ടില്ല. ”മെൻഷെവിക്കുകൾ പൂർണ്ണമായും അവസാനിച്ചു”എന്ന് നിസ്സാരമായി ഉറപ്പിച്ചു പറഞ്ഞ പ്രതിനിധികൾക്കുമേൽ അദ്ദേഹം പരിഹാസം ചൊരിഞ്ഞു. തൊഴിലാളിവർഗ്ഗ മുന്നേറ്റത്തിൽ മെൻഷെവിക്കുകൾക്ക് ഇപ്പോഴും വേരുകളുണ്ടെന്ന് ചൂണ്ടിക്കാട്ടുവാൻ അദ്ദേഹത്തിന് ഒട്ടും പ്രയാസമുണ്ടായില്ല. അവരെ നൈപുണ്യത്തോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. അവന വന്റെ കരുത്തിനെ അമിതമായി ഗണിക്കുന്നതും ശത്രുവിന്റെ കരുത്തിനെ കുറച്ചുകാണുന്നതും ഒഴിവാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
”വിജയത്തിൽ വീമ്പിളക്കരുത്” ഇതായിരുന്നു ലെനിന്റെ സ്വഭാവ സവിശേഷത. ശത്രുവിന്റെ കരുത്തിനെ ശരിയായി അളക്കാനും അപ്രതീക്ഷിത സന്ദർഭങ്ങളിൽ പാർട്ടിയെ സംരക്ഷിക്കാനും ഇതിലൂടെ അദ്ദേഹത്തിനു സാധിച്ചു.

സിദ്ധാന്തത്തോടുള്ള കൂറ്

പാർട്ടിയിലെ ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തെ പാർട്ടി നേതാക്കൾ സാധാരണ മറികടക്കാറില്ല. ഭൂരിപക്ഷം എന്നത് ഒരു നേതാവിന് അംഗീകാരം നൽകേണ്ടുന്ന ഒരു ശക്തിയാണ്. മറ്റേതൊരു പാർട്ടി നേതാവിനെപ്പോലെയും ലെനിൻ ഇത് മനസ്സിലാക്കിയിരുന്നു. എന്നാൽ ലെനിൻ ഒരിക്കലും ഭൂരിപക്ഷത്തിന്റെ തടവുകാരനായിട്ടില്ല. പ്രത്യേകിച്ചും ഈ ഭൂരിപക്ഷത്തിന് ആശയപരമായോ തത്വാധിഷ്ഠിതമായോ ഒരു നിലപാട് ഇല്ലെങ്കിൽ. ചരിത്രത്തിലെ നിരവധി സന്ദർഭങ്ങളിൽ നമ്മുടെ പാർട്ടിയിൽ ഭൂരിപക്ഷത്തിന്റെ അഭിപ്രായം, അല്ലെങ്കിൽ പാർട്ടിയുടെ താൽക്കാലിക താൽപ്പര്യങ്ങൾ, തൊഴിലാളിവർഗ്ഗത്തിന്റെ അടിസ്ഥാനതാൽപ്പര്യങ്ങളുമായി സംഘർഷത്തിലായിട്ടുണ്ട്. അത്തരം സന്ദർഭങ്ങളിൽ, പാർട്ടിയിലെ ഭൂരിപക്ഷത്തിനും എതിരായാൽ കൂടി, തത്വാധിഷ്ഠിത നിലപാടിനെ പിന്തുണച്ച് ഒപ്പം നിൽക്കാൻ ലെനിന് ഒരു മടിയും ഉണ്ടായിട്ടില്ല. തന്നെയുമല്ല, അത്തരം അവസരങ്ങളിൽ എല്ലാവർക്കുമെതിരെ ഒറ്റയ്ക്ക് നിൽക്കാൻ യാതൊരു ഭയവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ”തത്വാധിഷ്ഠിതമായ നയം മാത്രമാണ് ശരിയായ നയം” എന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു.

ഇക്കാര്യത്തിൽ സവിശേഷതകൾ പ്രധാനമായും രണ്ടു വസ്തുതകളാണ്.

ഒന്നാമത്തെ വസ്തുത: 1909-11-ൽ, പ്രതിവിപ്ലവത്താൽ തകർക്കപ്പെട്ട പാർട്ടി ഈ കാലഘട്ടത്തിൽ പൂർണ്ണമായ നാശത്തിന്റെ പാതയിലായിരുന്നു. പാർട്ടിയിൽ അത് പൂർണ്ണമായ അവിശ്വാസത്തിന്റെ നാളുകളായിരുന്നു. ബുദ്ധിജീവികൾ മാത്രമല്ല, തൊഴിലാളികൾ പോലും അക്കാലത്ത് വലിയതോതിൽ പാർട്ടി വിട്ടുപോയ്‌ക്കൊണ്ടിരുന്നു. ഒരു നിയമവിരുദ്ധ പ്രസ്ഥാനത്തിന്റെ ആവശ്യകതതന്നെ നിഷേധിക്കുന്ന കാലം. പ്രവർത്തനം നിർത്തുന്നതിന്റെയും തകർച്ചയുടേയും കാലം. അന്ന് മെൻഷേവിക്കുകളുടെ ഇടയിൽ മാത്രമല്ല, ബോൾഷെവിക്കുകൾക്ക് ഇടയിൽപോലും നിരവധി പക്ഷങ്ങളും ചായ്‌വുകളും ഉണ്ടായി. അതിൽ ഭൂരിഭാഗവും തൊഴിലാളിവർഗ്ഗ മുന്നേറ്റത്തിൽ നിന്നും മുറിച്ചുമാറ്റപ്പെട്ടു. നിങ്ങൾക്കറിയാം, അക്കാലയളവിൽ തന്നെയാണ്, നിയമവിരുദ്ധസംഘടനയെ പൂർണ്ണമായും പിരിച്ചുവിട്ട്, തൊഴിലാളികളെ ഒരു നിയമവിധേയ, ലിബറൽ സ്റ്റോലിപിൻ പാർട്ടിയായി സംഘടിപ്പിക്കാനുള്ള ആശയം ഉരുത്തിരിയുന്നത്. ആ സമയത്ത്, ഈ ചിന്തയൊരു പകർച്ചവ്യാധിപോലെ പടർന്നുപിടിച്ചപ്പോൾ ലെനിൻ മാത്രമാണ് അതിനു കീഴ്‌പ്പെടാതെ നിന്ന് പാർട്ടി ആദർശങ്ങളുടെ പതാക ഉയർത്തിപ്പിടിച്ചത.് അതിശയിപ്പിക്കുന്ന ക്ഷമയോടും അസാധാരണ സ്ഥിരതയോടും കൂടി പാർട്ടിയുടെ തകർന്നുചിതറിയ അണികളെ കൂട്ടിച്ചേർത്ത്, തൊഴിലാളിവർഗ്ഗ മുന്നേറ്റത്തിലെ ഓരോ പാർട്ടിവിരുദ്ധ പ്രവണതയേയും അദ്ദേഹം നേരിട്ടു. അപൂർവ്വമായ ധൈര്യത്തോടും സമാനതകളില്ലാത്ത അശ്രാന്തപരിശ്രമത്താലും പാർട്ടിയുടെ ആശയത്തെ ലെനിൻ പ്രതിരോധിച്ചു.
നമുക്കറിയാം, പാർട്ടിയുടെ ആശയത്തിനായുള്ള പോരാട്ടത്തിൽ ലെനിൻ തന്നെയാണ് പിന്നീട് വിജയിയായത്.

രണ്ടാമത്തെ വസ്തുത: 1914-17 കാലഘട്ടത്തിൽ, സാമ്രാജ്യത്വയുദ്ധം അതിന്റെ മുഴുവൻ ശക്തിയിൽ ആഞ്ഞടിച്ചപ്പോൾ ഏകദേശം എല്ലാ, സോഷ്യലിസ്റ്റ്, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടികളും പൊതുവിൽ നിലനിന്ന ദേശസ്‌നേഹവികാരത്തിന് അടിപ്പെട്ട്, താന്താങ്ങളുടെ രാജ്യങ്ങളിലെ സാമ്രാജ്യത്വത്തിന്റ സേവനത്തിനായി സ്വയം സമർപ്പിച്ചു. ആ കാലഘട്ടത്തിൽ തന്നെയാണ് രണ്ടാം ഇന്റർനാഷണൽ അതിന്റെ പ്രഭാവം നഷ്ടപ്പെട്ട് മുതലാളിത്ത ചിന്താഗതികൾക്ക് വിധേയമായിത്തീരുകയും പ്ലെഖനോവ്, കൗട്‌സ്‌കി, ഗാസ്‌ഡേ തുടങ്ങിയവർ പോലും സങ്കുചിത ദേശീയവാദത്തിന്റെ വേലിയേറ്റത്തിൽ പിടിച്ചുനിൽക്കാനാകാതെ കടപുഴകി വീഴുകയും ചെയ്തത്. ആ സമയത്ത്, ലെനിൻ മാത്രമായിരുന്നു ഈ സങ്കുചിത ദേശീയവികാരത്തിനെതിരെയും ശാന്തിവാദത്തിനെതിരെയും ഉറച്ച പോരാട്ടത്തിനായി ഏതാണ്ട് ഒറ്റയ്ക്കുതന്നെ നിലകൊണ്ടത്. ഗാസ്‌ഡേമാരുടെയും കൗട്‌സ്‌കിമാരുടെയും വഞ്ചനയെ തള്ളിപ്പറഞ്ഞുകൊണ്ട്, ചഞ്ചലരായ ‘വിപ്ലവകാരികളുടെ’ അർദ്ധമനസ്സിനെ അടയാളപ്പെടുത്തിക്കൊണ്ട് അദ്ദേഹം നിലകൊണ്ടു. ലെനിനറിയാമായിരുന്നു അദ്ദേഹത്തിന് തുച്ഛമായ ഒരു ന്യൂനപക്ഷത്തിന്റെ പിന്തുണമാത്രമേ ഉള്ളൂ എന്ന്. എന്നാൽ അദ്ദേഹത്തെ സംബന്ധിച്ചടത്തോളം ഇതൊരു നിർണ്ണായക നിമിഷത്തിന്റേതല്ല, കാരണം അദ്ദേഹത്തിനറിയാമായിരുന്നു, തങ്ങൾക്കുമുന്നിൽ ഭാവിയുള്ള ശരിയായ നയം എന്നത് സ്ഥായിയായ അന്താരാഷ്ട്രീയതയുടെ നയമാണ്, തത്വാധിഷ്ഠിതമായതുമായ നയമാണ് ഒരേയൊരു ശരിയായ നയമെന്ന്. ഇങ്ങനെ പുതിയ ഇന്റർനാഷണലിനായുള്ള പോരാട്ടത്തിലും ലെനിൻ വിജയംവരിച്ചതായി നമുക്കറിയാം. ”ആദർശത്തിലധിഷ്ഠിതമായ നയമാണ് ഒരേയൊരു ശരിയായനയം”-ഈ വിജയമന്ത്രം ഉപയോഗിച്ചുകൊണ്ടാണ് അടുക്കാൻപറ്റാതിരുന്ന ലക്ഷ്യങ്ങൾ ലെനിൻ പിടിച്ചെടുത്തതും തൊഴിലാളിവർഗ്ഗത്തിന്റെ മികച്ച ഘടകങ്ങളെ വിപ്ലവകാരിയായ മാർക്‌സിസത്തിലേയ്ക്ക് നേടിയെടുത്തതും.

ജനങ്ങളിലുള്ള വിശ്വാസം

സൈദ്ധാന്തികരും പാർട്ടി നേതാക്കളും, രാജ്യങ്ങളുടെ ചരിത്രങ്ങൾ പരിചയമുള്ളവർ, വിപ്ലവചരിത്രങ്ങൾ ആദിമധ്യാന്തം പഠിച്ചിട്ടുള്ളവർ ഇവർക്കെല്ലാം ചിലപ്പോൾ ജുഗുപ്‌സാവഹമായ ഒരു അസുഖം ബാധിക്കാറുണ്ട്. ഈ അസുഖമാണ്-ബഹുജനങ്ങളോടുള്ള ഭയം, ജനങ്ങളുടെ സൃഷ്ടിപരമായ കരുത്തിലുള്ള അവിശ്വാസം! ഇതു ചിലപ്പോൾ ജനങ്ങൾക്കുമേൽ അധീശ്വത്വ മനോഭാവമുള്ള നേതാക്കൾക്ക് ചിലപ്പോൾ ജന്മം നൽകും. ഇവർ, വിപ്ലവചരിത്രത്തിൽ വലിയ അവഗാഹം ഇല്ലെങ്കിൽക്കൂടിയും, പഴയ ഘടനകളെ തകർത്ത് പുതിയത് നിർമ്മിക്കാൻ നിയോഗിക്കപ്പെട്ടവരാണ്. ഇത്തരം ആഭിജാത്യ മനോഭാവത്തിനു കാരണം, ചിലഘടകങ്ങൾ കൈവിട്ടുപോകാം, ജനങ്ങൾ വളരെയധികം നശീകരണം നടത്താം തുടങ്ങിയ ഭയമാണ്. പുസ്തകങ്ങളിൽനിന്നും ജനത്തെ പഠിപ്പിച്ച് അവരുടെ വഴികാട്ടിയുടെ വേഷം കെട്ടാനുള്ള ആഗ്രഹവും. എന്നാൽ ജനങ്ങളിൽനിന്ന് പഠിക്കാനുള്ള വൈമുഖ്യവുമാണ് ഇത് സൃഷ്ടിക്കുന്നത്.
ഇത്തരം നേതാക്കളുടെ നേർവിപരീതമായിരുന്നു ലെനിൻ. തൊഴിലാളിവർഗ്ഗത്തിന്റെ സൃഷ്ടിപരമായ കരുത്തിലും വർഗ്ഗപരമായ സഹജവാസനയുടെ വിപ്ലവകരമായ കാര്യക്ഷമതയിലും ഇത്രമേൽ ആഴത്തിലുള്ള വിശ്വാസമർപ്പിക്കുകയും ചെയ്ത മറ്റൊരു വിപ്ലവകാരിയെ ലെനിൻ അല്ലാതെ എനിക്കറിയില്ല. ലെനിനെ പോലെ, ”വിപ്ലവത്തിന്റെ കുഴപ്പങ്ങളുടെയും, ”ബഹുജനങ്ങളുടെ അനധികൃത നടപടികളുടെ കലാപങ്ങളുടെയും” പുറംമോടിക്കാരായ വിമർശകരെ ഇത്ര നിർദ്ദയമായി ശിക്ഷിച്ചിട്ടുള്ള മറ്റൊരു വിപ്ലവകാരി ഉണ്ടാകില്ല. ഞാൻ ഓർക്കുകയാണ്, ഒരിക്കൽ ഒരു സംഭാഷണത്തിനിടയിൽ ഒരു സഖാവ് പറഞ്ഞു”വിപ്ലവത്തിനുശേഷം സാധാരണരീതിയിലുള്ള കാര്യങ്ങൾ വരണം”, ലെനിൻ പരിഹാസത്തോടെ മറുപടി നൽകി: ”കാര്യങ്ങളുടെ ഏറ്റവും ശരിയായ രീതി എന്നത് വിപ്ലവകരമായ രീതിയാണെന്നത്, വിപ്ലവകാരികൾ ആകാൻ ആഗ്രഹിക്കുന്ന ജനങ്ങളും മറക്കുന്നു എന്നത് വളരെ സഹതാപാർഹമാണ്”.
അതുകൊണ്ടുതന്നെ, അത്യുദ്ധതമായി ഇരുന്ന് ജനങ്ങളെ നോക്കുന്നവരോടും പുസ്തകങ്ങളിൽ നിന്നും അവരെ പഠിപ്പിക്കാൻ ശ്രമിക്കുന്നവരോടും ലെനിനുപുച്ഛമായിരുന്നു. അതുകൊണ്ടുതന്നെ, ലെനിന്റ നിരന്തരനിർദ്ദേശം- ജനങ്ങളിൽനിന്നും നിരന്തരം പഠിക്കുക, അവരുടെ പ്രവൃത്തികളെ മനസ്സിലാക്കാൻ ശ്രമിക്കുക, ജനങ്ങളുടെ പോരാട്ടത്തിന്റെ അനുഭവങ്ങളെ ശ്രദ്ധാപൂർവ്വം പഠിക്കുക.
ബഹുജനങ്ങളുടെ സൃഷ്ടിപരമായ കരുത്തിലുള്ള വിശ്വാസം-പൊടുന്നനെയുള്ള പ്രക്രിയകളെ മനസ്സിലാക്കി, അതിന്റെ മുന്നേറ്റത്തെ തൊഴിലാളിവർഗ്ഗവിപ്ലവത്തിന്റെ ചാലിലേയ്ക്ക് നയിക്കുവാനും ലെനിനെ സഹായിച്ച, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ സവിശേഷത ഇതായിരുന്നു.

വിപ്ലവത്തിന്റെ മഹാപ്രതിഭ

ലെനിൻ വിപ്ലവത്തിനായി ജനിച്ചയാളാണ്. സത്യത്തിൽ, വിപ്ലവങ്ങളുടെ പൊട്ടിപ്പുറപ്പെടലിന്റെ പ്രതിഭയും, വിപ്ലവനേതൃത്വം എന്ന കലയുടെ ഏറ്റവും മഹാനായ അദ്ധ്യാപകനുമായിരുന്നു അദ്ദേഹം. വിപ്ലവപ്രക്ഷോഭത്തിന്റെ സമയത്തുള്ളതുപോലെ സ്വതന്ത്രനായും സന്തോഷവാനായും അദ്ദേഹത്തെ വേറെ കാണാൻ സാധിക്കുകയില്ലായിരുന്നു. ഞാനീ പറഞ്ഞതിന്റെ അർത്ഥം എല്ലാ വിപ്ലവപ്രക്ഷോഭങ്ങളേയും ഒരേപോലെ അദ്ദേഹം അംഗീകരിച്ചിരുന്നുവെന്നോ ഏതു സമയത്തും സാഹചര്യത്തിലുമുള്ള വിപ്ലവാരംഭങ്ങളെ അദ്ദേഹം അനുകൂലിച്ചിരുന്നു എന്നോ അല്ല. ഒരിക്കലുമല്ല. ഞാൻ അർത്ഥമാക്കിയതെന്തെന്നാൽ, വിപ്ലവപോരാട്ടങ്ങളുടെ സമയത്താണ് ഏറ്റവും സമ്പൂർണ്ണരൂപത്തിൽ ലെനിന്റെ ഉൾക്കാഴ്ചയുടെ പ്രതിഭ ഏറ്റവും വ്യക്തമാകുന്നത്. വിപ്ലവത്തിന്റെ സമയത്ത് അദ്ദേഹം അക്ഷരംപ്രതി പൂത്തുവിരിയുകയും ഒരു പ്രവാചകൻ ആവുകയും വർഗ്ഗങ്ങളുടെ മുന്നേറ്റത്തിലും വിപ്ലവത്തിന്റെ ചുറ്റിപ്പിണയലുകളുടെ സാധ്യതകളിലും അമഗ്നനാകുകയും ചെയ്യും. തന്റെ ഉള്ളംകൈയിലെ വരകൾ പോലെ അദ്ദേഹത്തിന് അവയെല്ലാം കാണാനാകുമായിരുന്നു. ഞങ്ങളുടെ പാർട്ടി വൃത്തങ്ങളിൽ ”വെള്ളത്തിലെ മത്സ്യത്തെപ്പോലെയാണ്, വിപ്ലവവേലിയേറ്റത്തിൽ ലെനിൻ നീന്തുന്നതെന്ന്” ഞങ്ങൾ പറഞ്ഞിരുന്നത് വെറുതേയല്ല. അതുപോലെയായിരുന്നു ലെനിന്റെ തന്ത്രപരമായ മുദ്രാവാക്യങ്ങളുടെ അത്ഭുതകരമായ വ്യക്തതയും; അദ്ദേഹത്തിന്റെ വിപ്ലവപദ്ധതികളുടെ ആകർഷകമായ ധീരതയും. ലെനിന്റെ സവിശേഷതകൾ ചൂണ്ടിക്കാട്ടുന്ന രണ്ടു വസ്തുതകൾ കൂടെ ഞാൻ ഓർത്തുപോകുന്നു.
ഒന്നാമത്തെ വസ്തുത: ഒക്‌ടോബർ വിപ്ലവത്തിനുതൊട്ടുമുമ്പുള്ള കാലം. മുന്നിലും പിന്നിലും പ്രതിസന്ധിയാൽ പൊറുതിമുട്ടിയ ലക്ഷക്കണക്കിനു തൊഴിലാളികളും കർഷകരും സൈനികരും സമാധാനവും സ്വാതന്ത്ര്യവും ആവശ്യപ്പെടുകയായിരുന്നു. മുതലാളിത്തവും സൈനിക മേധാവികളും യുദ്ധം അവസാനിപ്പിക്കാൻ എന്ന വ്യാജേന ഒരു സൈനിക ഏകാധിപത്യത്തിനായി ശ്രമിക്കുന്നു. ‘പൊതുജനാഭിപ്രായം’ എന്ന സൃഷ്ടിയും, ‘സോഷ്യലിസ്റ്റ്’ എന്നു വിളിക്കപ്പെടുന്ന പാർട്ടികളും ബോൾഷേവിക്കുകളോട് ശത്രുതയിലായിരിക്കുകയും നമ്മളെ ജർമ്മൻ ചാരന്മാരായി മുദ്രകുത്തുകയും ചെയ്തു. ബോൾഷേവിക് പാർട്ടിയെ ഒളിവിലയയ്ക്കാനുള്ള കെരൻസ്‌കിയുടെ ശ്രമങ്ങൾ ചില്ലറ വിജയം നേടുകയും ചെയ്തു. അപ്പോഴും ശക്തവും അച്ചടക്കമുള്ളതുമായ ആസ്ട്രിയൻ-ജർമ്മൻ സൈന്യങ്ങൾ നമ്മുടെ തളർന്ന, തകർന്നുകൊണ്ടിരിക്കുന്ന സൈന്യങ്ങളെ നേരിടുകയായിരുന്നു. പടിഞ്ഞാറൻ യൂറോപ്പിലെ ”സോഷ്യലിസ്റ്റുകൾ”-”യുദ്ധത്തിലെ സമ്പൂർണ്ണജയത്തിനായി” തങ്ങളുടെ സർക്കാരുകളുമായി അനുഗ്രഹീതമായ സഖ്യത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു അപ്പോൾ.
അങ്ങനെയൊരു സാഹചര്യത്തിൽ ഒരു പ്രക്ഷോഭം ആരംഭിക്കുന്നതിൽ എന്താണ് അർത്ഥം? അത്തരം ഒരു സാഹചര്യത്തിൽ പ്രക്ഷോഭം ആരംഭിക്കുകയെന്നാൽ എല്ലാം അപകടത്തിലാക്കുക എന്നാണ് അർത്ഥം. എന്നാൽ ലെനിൻ അപകടത്തെ ഭയന്നില്ല. കാരണം തന്റെ പ്രവചനപരമായ കണ്ണിലൂടെ അദ്ദേഹം കണ്ടറിഞ്ഞു; ഒരു പ്രക്ഷോഭം ഒഴിച്ചുകൂടാനാവാത്തതാണ്, അതു വിജയിക്കും. റഷ്യയിൽ അങ്ങനെയൊരു പ്രക്ഷോഭം ഉണ്ടായെങ്കിൽ മാത്രമേ, സാമ്രാജ്യത്വയുദ്ധം അവസാനിക്കുകയുള്ളൂ. യുദ്ധത്താൽ തളർന്ന പടിഞ്ഞാറൻ ജനവിഭാഗങ്ങളെ അതുണർത്തും. സാമ്രാജ്യത്വയുദ്ധത്തെ അത് ഒരു ആഭ്യന്തരയുദ്ധമാക്കി മാറ്റും. ഒരു പ്രക്ഷോഭം സോവിയറ്റുകളുടെ ഒരു റിപ്പബ്ലിക്കിനെ സ്വാഗതം ചെയ്യും. ആ സോവിയറ്റ് റിപ്പബ്ലിക് ലോകമൊട്ടാകെയുള്ള വിപ്ലവമുന്നേറ്റങ്ങളുടെ ചാലകശക്തിയായി പ്രവർത്തിക്കും.

നമുക്കറിയാം, ലെനിന്റെ വിപ്ലവകരമായ ദീർഘദർശിത്വം സാമാനതകളില്ലാത്ത കൃത്യതയോടെ പിന്നീട് സ്ഥാപിക്കപ്പെട്ടു. രണ്ടാമത്തെ വസ്തുത: ഒക്‌ടോബർ വിപ്ലവത്തിന്റെ ആദ്യദിനങ്ങൾ, കമ്മിസാറന്മാരുടെ ജനകീയ കൗൺസിൽ, ജനറൽ ഡുക്കോനിൻ എന്ന കലാപകാരിയായ കമാൻഡർ ഇൻചീഫിനെ, എല്ലാ ശത്രുതകളും അവസാനിപ്പിക്കാനും, ജർമ്മൻകാരുമായി വെടിനിർത്തലിനുള്ള ചർച്ചകൾ ആരംഭിക്കാനുമായി നിർബന്ധിക്കാൻ ശ്രമിക്കുകയായിരുന്നു. ഞാനോർക്കുന്നു, ലെനിൻ, ക്രൈലെങ്കോ(ഭാവി കമാൻഡർ ഇൻചീഫ്), ഒപ്പം ഞാനും, ഡുക്കാനിനുമായി നേരിട്ടു ചർച്ച നടത്താനായി പെട്രോഗ്രാഡിലെ ജനറൽ സ്റ്റാഫ് ആസ്ഥാനത്തേയ്ക്കു പോയി. അതൊരു ദാരുണമായ നിമിഷമായിരുന്നു. ഡുക്കാനിനും ഫീൽഡ് ആസ്ഥാനവും കമ്മിസാറന്മാരുടെ ജനകീയ കൗൺസിലിന്റെ ഉത്തരവിനെ അനുസരിക്കാൻ വിസമ്മതിച്ചു. സൈനിക ഉദ്യോഗസ്ഥരാകട്ടെ പൂർണ്ണമായും ഫീൽഡ് ആസ്ഥാനത്തിന്റെ നിയന്ത്രണത്തിലായിരുന്നു. സൈനികരെ സംബന്ധിച്ചിടത്തോളം, ഈ 14 ദശലക്ഷത്തിന്റെ സൈന്യം എന്തുപറയുമെന്ന് ആർക്കും പറയാൻ സാധിക്കില്ല. വളരെയധികം വിധേയരാക്കപ്പെട്ടവരായിരുന്നു അവർ. മാത്രവുമല്ല, ഈ പറയപ്പെടുന്ന സൈനിക സംവിധാനങ്ങൾ തന്നെയാണ്, സോവിയറ്റ് ശക്തിയോട് ഏറ്റവും ശത്രുത കാണിച്ചിട്ടുള്ളതും. പെട്രോഗ്രാഡിൽതന്നെ, നമുക്കറിയാം, സൈനിക കേഡറ്റുകളുടെ കലാപം ഉരുത്തിരിയുകയായിരുന്നു. തന്നെയുമല്ല, കെരൻസ്‌കിയും പെട്രോഗ്രാഡിലേയ്ക്ക് മാർച്ച് ചെയ്യുകയായിരുന്നു. ഞാൻ ഓർക്കുന്നു; അന്ന് ആ നേരിട്ടുള്ള സംഭാഷണത്തിലെ അൽപ്പവിരാമത്തിനുശേഷം ലെനിന്റെ മുഖം പെട്ടെന്ന് പ്രകാശമാനമായി. വ്യക്തമായും അദ്ദേഹം ഒരു തീരുമാനത്തിലെത്തിയിരുന്നു. ”നമുക്ക് വർലെസ്സ് സ്റ്റേഷനിലേയ്ക്ക് പോകാം”, അദ്ദേഹം പറഞ്ഞു.”അതു നമുക്ക് പിന്തുണ നൽകും. ജനറൽ ഡുക്കോനിനെ പുറത്താക്കിക്കൊണ്ട് നമുക്ക് പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കാം. സഖാവ് ക്രൈലെങ്കോയെ പകരം കമാൻഡർ ഇൻ ചീഫ് ആക്കാം. എന്നിട്ട് ഓഫീസർമാരുടെ തലയ്ക്കു മുകളിലൂടെ സൈനികരോട് അഭ്യർത്ഥിക്കാം. അവരോട് സൈനിക മേധാവികളെ വളഞ്ഞ്, ശത്രുതകൾ അവസാനിപ്പിച്ച് ആസ്ട്രിയൻ-ജർമ്മൻ സൈനികരോട് ബന്ധം സ്ഥാപിച്ച് സമാധാനത്തിന്റെ ആവശ്യം സ്വന്തം കൈയ്യാൽ നിറവേറ്റാൻ അഭ്യർത്ഥിക്കാം” ഇത് ഇരുട്ടിൽ നിന്നുള്ള കുതിച്ചുചാട്ടം ആയിരുന്നു. എന്നാൽ ഈ കുതിച്ചുചാട്ടത്തിൽ നിന്ന് ലെനിൻ പിന്മാറിയില്ല. മറിച്ച് കൂടുതൽ ആവേശത്തോടെ അദ്ദേഹം അത് ചെയ്യുകയാണ് ഉണ്ടായത്. കാരണം, സൈന്യത്തിന് സമാധാനം വേണമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതിലേക്കുള്ള മാർഗ്ഗത്തിലെ തടസ്സങ്ങളെല്ലാം തുടച്ചുനീക്കി അവർ സമാധാനം നേടുകയും ചെയ്യും. അദ്ദേഹത്തിനറിയാമായിരുന്നു സമാധാനം സ്ഥാപിക്കുവാനുള്ള ഈ രീതി, ആസ്ട്രിയൻ-ജർമ്മൻ സൈനികർക്കു മേലും പ്രഭാവം ചെലുത്തുമെന്ന്. അങ്ങനെ, എല്ലാ കോണിലും സമാധാനത്തിനായുള്ള തീവ്രാഭിലാഷത്തിനായി നിരുപാധികം അവർ നിയന്ത്രണം കൈമാറും.

ഇവിടെയും നമുക്കറിയാം, ലെനിന്റെ വിപ്ലവകരമായ ദീർഘവീക്ഷണം പിന്നീട് അതേപോലെ തന്നെ ഉറപ്പിക്കപ്പെട്ടു.

ഒരു പ്രതിഭാശാലിയുടെ ഉൾക്കാഴ്ച്ച, അതിലൂടെ ആസന്നമായ സംഭവങ്ങളെ അതിവേഗത്തിൽ ഗ്രഹിക്കാനും അതിന്റെ അന്തരാർത്ഥങ്ങളെ നിർവ്വചിക്കാനും സാധിക്കുന്ന ലെനിന്റെ ഈ ഗുണവിശേഷമാണ് വിപ്ലവപ്പോരാട്ടത്തിന്റെ വഴിത്തിരിവുകളിൽ ശരിയായ തന്ത്രവും വ്യക്തമായ പ്രവർത്തനപദ്ധതിയും ആവിഷ്‌കരിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത്.

 

 

Share this post

scroll to top