വാളയാർ കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന പോലീസ് ഉദ്യോഗസ്ഥരടക്കം മുഴുവൻ ആളുകളെയും കേസിൽ പ്രതിചേർക്കുക-എഐഎംഎസ്എസ്

വാളയാർ കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന പോലീസ് ഉദ്യോഗസ്ഥരടക്കം മുഴുവൻ ആളുകളെയും കേസിൽ പ്രതിചേർക്കണമെന്നും കേസ് പുനരന്വേഷിക്കണമെന്നും അഖിലേന്ത്യ മഹിളാ സാംസ്‌കാരിക സംഘടന സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
കേസന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയും അലംഭാവവും കുറ്റപത്രത്തിൽനടന്ന അട്ടിമറിയുമാണ് പ്രതികൾക്ക് രക്ഷപെടാൻ അവസരമുണ്ടാക്കിയത്.

പോസ്റ്റുമോർട്ടം റിപ്പോർട്ടും സാക്ഷിമൊഴികളും ശക്തമായിരുന്നിട്ടുപോലും വിചാരണവേളയിൽ അത് പ്രയോജനപ്പെടുത്താൻ പ്രോസിക്യൂഷന് സാധിച്ചില്ല എന്നത് മാപ്പർഹിക്കാത്ത വീഴ്ചയാണ്. പ്രധാനപ്പെട്ട പല സാക്ഷികളെയും വിസ്തരിച്ചില്ല. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടംമുതൽ വിചാരണവേളയിലുൾപ്പെടെ പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുതൊരുക്കുകയായിരുന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പോക്‌സോ കേസുകളിൽ പ്രതികൾക്കുവേണ്ടി ഹാജരാകുന്ന വക്കീലിനാണ് ജില്ലാ ശിശുക്ഷേമസമിതിയുടെ ചുമതല എന്നത് ആശ്ചര്യപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്നു. വിഷയം പരിശോധനയിൽവന്നിരുന്നുവെന്നും ജില്ലാ ശിശുക്ഷേമ സമിതിയുടെ ചെയർമാനാക്കുന്നതിൽ അപാകതയൊന്നും കണ്ടില്ല എന്നുമുള്ള ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചറിന്റെ അഭിപ്രായം, കുഞ്ഞുങ്ങൾക്കുനേരെ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന അതിക്രമങ്ങളോട് എത്ര നിരുത്തരവാദപരമായ സമീപനമാണ് കേരളം ഭരിക്കുന്ന ഇടതുമുന്നണി സർക്കാരിനുള്ളത് എന്നത് വ്യക്തമാക്കുന്നു. തങ്ങളുടെ പിന്നാക്കാവസ്ഥ മുതലെടുത്ത് രാഷ്ട്രീയ പിൻബലമുളള പ്രതികളെ രക്ഷിക്കാൻ പോലീസ് ശ്രമിക്കുകയായിരുന്നുവെന്ന് പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ പ്രതികളുമായി ഒത്തുകളിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കുവാൻ സർക്കാർ തയ്യാറാകണം.
ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കേണ്ട കേസിൽ എസ്‌ഐയും സിഐയും കേസന്വേഷിക്കേണ്ട സാഹചര്യം എപ്രകാരമുണ്ടായി എന്നത് സർക്കാർ വിശദമാക്കണം. പ്രായപൂർത്തിയെത്താത്ത കുഞ്ഞുങ്ങൾ ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന പരാമർശം നടത്തിയ ഡിവൈഎസ്പി തൽസ്ഥാനത്ത് തുടരാൻ യോഗ്യനല്ല. ഡിവൈഎസ്പി സോജനെ സർവ്വീസിൽനിന്നും പുറത്താക്കണം, പ്രതിപ്പട്ടികയിൽ ചേർത്ത് കേസ് പുനരന്വേഷിക്കണം. കുറ്റവാളികൾക്ക് കർശന ശിക്ഷ ഉറപ്പാക്കണമെന്നും എഐഎംഎസ്എസ് സംസ്ഥാന പ്രസിഡന്റ് സൗഭാഗ്യലക്ഷ്മി, സെക്രട്ടറി കെ.എം.ബീവി എന്നിവർ ആവശ്യപ്പെട്ടു.
വാളയാർ കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനമെമ്പാടും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കായംകുളം എന്നിവിടങ്ങളിലും പത്തനംതിട്ടജില്ലയിൽ കോന്നി, അടൂർ, തിരുവല്ല, കൊടുമൺ, ഇടത്തിട്ട, പന്തളം എന്നിവിടങ്ങളിലും കോട്ടയം ജില്ലയിൽ കോട്ടയം, ചിങ്ങവനം, തലയോലപ്പറമ്പ്, എംജിയൂണിവേഴ്‌സിറ്റി ക്യാമ്പസ് എന്നിവിടങ്ങളിലും പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും നിരവധി പ്രതിഷേധ പരിപാടികൾ സംഘടപ്പിക്കപ്പെട്ടു.

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp