വിദ്യാഭ്യാസ വായ്പയെന്ന മരണക്കെണിയിൽനിന്ന് ജനങ്ങളെ രക്ഷിക്കുക : ഐഎൻപിഎ നേതൃത്വത്തിൽ ദ്വിദിന സെക്രട്ടേറിയറ്റ് ധർണ്ണ

loan-sec-3.jpg

Indian Nurses Parents Association TWO DAYS Dharna before the Secretariat.

Share

വിദ്യാഭ്യാസ വായ്പാബാധ്യത സമ്പൂർണ്ണമായി സർക്കാർ ഏറ്റെടുക്കുക, ജപ്തി നടപടികൾ അവസാനിപ്പിക്കുക, സർക്കാർ മേഖലയിൽ തൊഴിൽ ഉറപ്പാക്കുക എന്നീ ഡിമാന്റുകളുന്നയിച്ചുകൊണ്ട് വിദ്യാഭ്യാസ വായ്പ ജപ്തിവിരുദ്ധ സമിതിയും ഐഎൻപിഎയും സംയുക്തമായി ഡിസംബർ 14,15 തീയതികളിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ദ്വിദിന ധർണ്ണ നടത്തി.
നമ്മുടെ സംസ്ഥാനത്ത് ഏഴുലക്ഷം കുടുംബങ്ങളാണ് വിദ്യാഭ്യാസ വായ്പാകെണിയിൽ അകപ്പെട്ടിരിക്കുന്നത്. നവംബർ മാസം 6-ാം തീയതി കൊല്ലം ജില്ലയിൽ ബി.ടെക് ബിരുദധാരി ആത്മഹത്യചെയ്തതടക്കം 28 പേർ ഇതിൽ ബലിയാടായി. ഉന്നതവിദ്യാഭ്യാസം നേടിയതിന്റെ പേരിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ജീവനൊടുക്കേണ്ട അവസ്ഥയാണ് നമ്മുടെ സംസ്ഥാനത്ത് സംജാതമായിരിക്കുന്നത്. അങ്ങേയറ്റം ഗുരുതരമായ ഈ പ്രശ്‌നം ശാശ്വതമായി പരിഹരിക്കാനുള്ള ആർജവം സർക്കാരുകളുടെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ, വമ്പൻ കുത്തകകളുടെ കോടിക്കണക്കിന് രൂപ സർക്കാർ എഴുതിത്തള്ളുകയും ചെയ്യുന്നു.
എസ്ബിഐ ഉൾപ്പെടെയുള്ള ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് കോടികണക്കിന് രൂപ തിരിച്ചടക്കാതെ, നാടുവിട്ട ക്രിമിനലായ വിജയ് മല്യയുടേതടക്കം വമ്പൻ വ്യവസായികളുടെ 7016 കോടി രൂപയാണ് ഇപ്പോൾ കേന്ദ്ര സർക്കാർ എഴുതിത്തള്ളിയിരിക്കുന്നത്.

വിദ്യാഭ്യാസ വായ്പയ്ക്കുള്ള പരിരക്ഷകൾ ബന്ധപ്പെട്ട അധികാരികൾ പരിഗണിക്കുന്നില്ല. ബാങ്കുകൾക്ക് യാതൊരു മാനദണ്ഡവുമില്ലാതെ പലിശയും മറ്റ് ചാർജുകളും എഴുതിചേർക്കാനും വായ്പയെടുത്തവരെ വേട്ടയാടാനുമുള്ള മൗനാനുവാദവും സർക്കാർ കൊടുത്തിരിക്കുകയാണ്. പുതിയ ഗവൺമെന്റ് ബഡ്ജറ്റിൽ,വായ്പയുടെ കുടിശ്ശിക തീർക്കുന്നതിന് 100 കോടി രൂപ വകയിരുത്തുമെന്ന് അറിയിച്ചെങ്കിലും നടപടിയൊന്നും എടുത്തിട്ടില്ല. രണ്ടുവർഷം മുമ്പ് കേന്ദ്രസർക്കാർ അനുവദിച്ച പലിശയിളവ് ഇതുവരെ എല്ലാവർക്കും ലഭ്യമായിട്ടില്ല. വിദ്യാഭ്യാസ വായ്പയുടെ ബാധ്യത തീർക്കുവാൻ 1000 കോടി രൂപ വകയിരുത്തുമെന്ന് മന്ത്രി എ.കെ.ബാലൻ പ്രസ്താവിച്ചു. ജപ്തിയിലൂടെ ഒരാളേയും സ്വന്തം വീടുകളിൽ നിന്നും ഇറക്കിവിടില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചത്. എന്നാൽ, പ്രഖ്യാപനങ്ങൾ പത്രത്താളുകളിൽ ഒതുങ്ങുന്നു. റിലയൻസിന്റെ ഗൂണ്ടകൾ രാത്രി സമയത്തുപോലും വീടുകളിൽ വന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇത്തരം നടപടികളെതുടർന്ന് ആയിരക്കണക്കിന് രക്ഷിതാക്കളും ഉദ്യോഗാർത്ഥികളും കോടതികളിലും റവന്യൂ അധികാരകേന്ദ്രങ്ങളിലും കയറിയിറങ്ങുകയാണ്.

പഠിക്കേണ്ടവർ ലക്ഷങ്ങൾ മുടക്കി സ്വകാര്യ സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കണം എന്നാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഈ കച്ചവടത്തിൽ വിദ്യാർത്ഥിയും കുടുംബവും കേവലം വായ്പയുടെ ജാമ്യക്കാർ മാത്രമാണ്. വായ്പാതുക ബാങ്കിൽ നിന്നും നേരിട്ട് സ്വാശ്രയകോളേജിന്റെ അക്കൗണ്ടിലേക്ക് ചെന്നുകൊള്ളും. പഠനശേഷം കുട്ടിക്ക് തൊഴിലും ശമ്പളവും ലഭിക്കുന്നുണ്ടോ എന്നത് അധികാരികളുടെ പരിഗണനാ വിഷയവുമല്ല. ഒടുവിൽ സ്വാശ്രയ വിദ്യാഭ്യാസ കച്ചവടക്കാർക്ക് നൽകിയ തുക പതിന്മടങ്ങായി വർദ്ധിക്കുകയും തിരിച്ചടയ്ക്കാനുള്ള ബാധ്യത വിദ്യാർത്ഥിക്കും കുടുംബത്തിനും മാത്രമായി തീരുകയും ചെയ്യുന്നു. ഈ പ്രതിസന്ധികൾ മറികടക്കണമെങ്കിൽ സ്ഥിരം തൊഴിലും മെച്ചപ്പെട്ട ശമ്പളവും സർക്കാർ തലത്തിൽ ഉറപ്പാക്കണം.
മാതൃകാ തൊഴിൽദാതാവായ സർക്കാരാകട്ടെ, നിയമനങ്ങളൊന്നും തന്നെ നടത്തുന്നില്ല. സ്വകാര്യ മേഖലയിൽ പണിയെടുക്കുന്നവരാകട്ടെ മൃഗീയമായ തൊഴിൽ ചൂഷണത്തെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സ്വകാര്യ മേഖലയിലെ നഴ്‌സുമാരുടെ ശമ്പളം ഏറ്റവും ചുരുങ്ങിയത് 20,000 രൂപയാക്കണമെന്നും ഇരുനൂറിനുമുകളിൽ കിടക്കകളുള്ള ആശുപത്രികളിലെ നഴ്‌സുമാർക്ക് സർക്കാർ ശമ്പളത്തിനു തുല്യമായ തുക നൽകണമെന്നുമുള്ള സുപ്രീംകോടതി നിർദ്ദേശംപോലും അവഗണിക്കപ്പെടുകയാണ്. പൗരന് വിദ്യാഭ്യാസം നൽകുക എന്ന ഉത്തരവാദിത്തവും സർക്കാർ കൈയൊഴിയുകയാണ്. വിദ്യാഭ്യാസ വായ്പയെടുത്ത് ആത്മഹത്യചെയ്തവരുടെ നാടായി കേരളം മാറാതിരിക്കാൻ അധികാരികൾ അടിയന്തരനടപടി കൈക്കൊള്ളേണ്ടതുണ്ട്.

വായ്പയെന്ന മരണകുരുക്കിൽ നിന്നും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും രക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇൻഡ്യൻ നഴ്‌സസ് പേരന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിൽ ശക്തമായ പ്രക്ഷോഭണം വളർന്നുവരികയാണ്. വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായ വിദ്യാർത്ഥികളും രക്ഷിതാക്കളും അധികാരികളുടെ കണ്ണുതുറപ്പിക്കുന്നതിനായി ഡിസംബർ 14,15 തീയതികളിൽ ഭരണസിരാകേന്ദ്രത്തിൽ സംഘടിപ്പിച്ച ദ്വിദിന ധർണ്ണയുടെ ആദ്യദിനം ഐഎൻപിഎ സംസ്ഥാന പ്രസിഡന്റ് ഡോ.ഡി.സുരേന്ദ്രനാഥും രണ്ടാം ദിവസത്തെ ധർണ്ണ വിളപ്പിൽശാല സമരനേതാവ് എസ്.ബുർഹാനും ഉദ്ഘാടനം ചെയ്തു.

ഡോ.ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രോപ്പോലീത്ത മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചു. ജനകീയ പ്രതിരോധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.വി.വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. മിനി കെ.ഫിലിപ്പ് (സ്ത്രീ സുക്ഷാ സമിതി സംസ്ഥാന സെക്രട്ടറി), എൽ. ഹരിറാം, (വിളപ്പിൽശാല ജനകീയ സമിതി), ഐഎൻപിഎ സംസ്ഥാന നേതാക്കളായ നന്ദനൻ വലിയപറമ്പിൽ, കെ.ജെ.ഷീല, കെ.ജി.രവീന്ദ്രൻ പിളള, കെ.ജെ.ജോസഫ്, എൻ.വിനോദ്കുമാർ, ജി.ആർ.സുഭാഷ്, ഡി.ഹരികൃഷ്ണൻ,സി.എം.ജോയ്, ഇ.വി.പ്രകാശ്, എൻ.ആർ.മോഹൻകുമാർ, മേരി തോമസ്, സി.കെ.ശിവദാസൻ, ടി.വാസുദേവൻ, പി.കെ.പ്രഭാഷ്, മേരി എബ്രഹാം, പി.കെ.ഭഗത്, എന്നിവർ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി.ചെറിയാന്റെ അധ്യക്ഷതയിൽ നടന്ന ദ്വിദിന ധർണ്ണയിൽ സംസ്ഥാന സെക്രട്ടറി എസ്.മിനി സ്വാഗതവും ട്രഷറർ എസ്.രാഘവൻ കൃതജ്ഞതയും രേഖപ്പെടുത്തി.

പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികളും രക്ഷിതാക്കളും അവർക്ക് ലഭിച്ച ജപ്തി നോട്ടീസും കേസ്സിന്റെ രേഖകളുമടങ്ങിയ മൂവായിരത്തോളം പരാതിയും സംസ്ഥാന മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.

 

Share this post

scroll to top