സംസ്ഥാന സേവ് എജ്യൂക്കേഷൻ സമ്മേളനം

save-education-tvm.jpg

ആഗസ്റ്റ് 20 ന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സേവ് എജ്യൂക്കേഷൻ സമ്മേളനം ഡോ.കെ.കെ.എൻ.കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു

Share

 

വിദ്യാഭ്യാസ രംഗത്തെ വാണിജ്യ-വർഗ്ഗീയ-ഫാസിസ്റ്റ് നയങ്ങൾക്കെതിരെ അഖിലേന്ത്യാ സേവ് എജ്യൂക്കേഷൻ കമ്മിറ്റി കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതല സേവ് എജ്യൂക്കേഷൻ സമ്മേളനം തിരുവനന്തപുരത്ത് ആഗസ്റ്റ് 20 ന് സംഘടിപ്പിക്കപ്പെട്ടു. വിദ്യാഭ്യാസ രംഗം നേരിടുന്ന സുപ്രധാനമായ പ്രശ്‌നങ്ങൾക്കെതിരായി വിദ്യാഭ്യാസ സംരക്ഷണ സമരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സമ്മേളനത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള പ്രാതിനിധ്യം ഉണ്ടായിരുന്നു.
ബാങ്ക് എംപ്ലോയീസ് യൂണിയൻ ഹാളിൽചേർന്ന സമ്മേളനം പ്രശസ്ത ചരിത്രകാരനും കോഴിക്കോട് സർവ്വകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ.കെ.കെ.എൻ.കുറുപ്പ് ഉദ്ഘാടനം ചെയ്തു. ദേശീയ വിദ്യാഭ്യാസ രംഗം ആഗോളനിക്ഷേപകർക്ക് തുറന്നുകൊടുക്കാനുള്ള നിർദ്ദേശങ്ങളാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയരേഖയിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 1986 മുതൽ കോൺഗ്രസ് സർക്കാരുകൾ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയപരിപ്രേക്ഷ്യം തന്നെയാണ് ബി.ജെ.പി. സർക്കാരിനുമുള്ളത്. എന്നുമാത്രമല്ല, വിദ്യാഭ്യാസ രംഗത്തെ അടിമുടി വർഗ്ഗീയവൽക്കരിക്കാൻ ഇന്ത്യയുടെ യഥാർത്ഥ ചരിത്രത്തെ പൂർണ്ണമായും തിരുത്തിയെഴുതാനുള്ള അപകടകരമായ നീക്കങ്ങളാണ് കേന്ദ്ര മാനവ-വിഭവ വികസന മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്നത്-അദ്ദേഹം പറഞ്ഞു.
സേവ് എജ്യൂക്കേഷൻ കമ്മിറ്റി വൈസ് പ്രസിഡന്റ് ഡോ. വി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.ഷാജർഖാൻ മുഖ്യ പ്രമേയം അവതരിപ്പിച്ചു. പൊതു വിദ്യാഭ്യാസ രംഗത്തെ രക്ഷിക്കണമെങ്കിൽ വികലമായ പാഠ്യപദ്ധതി പൂർണ്ണമായും ഉപേക്ഷിക്കണമെന്നും ഉന്നത നിലവാരമുള്ള പാഠ്യപദ്ധതി രൂപപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അക്ഷരമറിയാത്തവരെ സൃഷ്ടിക്കുന്ന പഠന സമ്പ്രദായം അടിമുടി പൊളിച്ചെഴുതണമെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂൾ വിദ്യാഭ്യാസത്തെയും ഉന്നത വിദ്യാഭ്യാസത്തെയും തൊഴിലധിഷ്ഠിതമാക്കാനും വർഗ്ഗീയവൽക്കരിക്കാനും കേന്ദ്രസർക്കാരിന്റെ വരുതിയിലാക്കാനും ലക്ഷ്യമിടുന്ന ദേശീയ വിദ്യാഭ്യാസ നയം 2016 പിൻവലിക്കുക, സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരം തകർത്ത ആൾപ്രമോഷൻ സമ്പ്രദായവും ഡിപിഇപി, എസ്എസ്എ പാഠ്യപദ്ധതികളും പിൻവലിക്കുക, ഉന്നത നിലവാരമുള്ള പാഠ്യപദ്ധതി നടപ്പിലാക്കുക, സർക്കാർ എയിഡഡ് സ്‌കൂളുകൾ അടച്ചുപൂട്ടരുത്; അവ സർക്കാർ ഏറ്റെടുക്കുക, ലാഭനഷ്ടത്തിന്റെ അടിസ്ഥാനത്തിൽ സ്‌കൂളുകളെ തരംതിരിക്കുന്നത് അവസാനിപ്പിക്കുക, കല ഐശ്ചികമായി പഠിച്ചവരെ സ്‌കൂളുകളിൽ കലാഅധ്യാപകരായി സ്ഥിരനിയമനം നടത്തുക, ഉന്നത വിദ്യാഭ്യാസ രംഗത്തെ കമ്പോളവൽക്കരണം അവസാനിപ്പിക്കുക, സ്വയം ഭരണ കോളേജുകളും സ്വകാര്യ സർവ്വകലാശാലകളും അനുവദിക്കരുത് വിദ്യാഭ്യാസ രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കരുത്, അടിസ്ഥാന ശാസ്ത്ര-മാനവിക-ഭാഷാ വിഷയങ്ങളെ നിരാകരിച്ച് ബിരുദ-ബിരുദാനന്തര കോഴ്‌സുകൾ തൊഴിലധിഷ്ഠിതമാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, സർക്കാർ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒഴിഞ്ഞുകിടക്കുന്ന എല്ലാ തസ്തികകളിലും പിഎസ്‌സി വഴി സ്ഥിരനിയമനം നടത്തുക, സ്വാശ്രയ വിദ്യാഭ്യാസ നയത്തിലൂടെ സാമ്പത്തിക ചുമതല സർക്കാർ കയ്യൊഴിഞ്ഞ് വിദ്യാർത്ഥികളെ കടക്കെണിയിലാക്കുന്ന നയം അവസാനിപ്പിക്കുക. വിദ്യാഭ്യാസ വായ്പ സമ്പൂർണ്ണമായും സർക്കാർ ഏറ്റെടുക്കുക, നീറ്റ് നടപ്പിലാക്കരുത്, മെഡിക്കൽ-എൻജിനീയറിംഗ് പ്രവേശനത്തിൽ ഉൾപ്പെടെ മെറിറ്റ് കർശനമായി പാലിക്കുക, പ്രൈവറ്റ് രജിസ്‌ട്രേഷൻ നിലനിർത്തുക, പാരലൽ വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിക്കുകയുണ്ടായി. പ്രൊഫ.എൻ.സി. ഹരിദാസ്, അഡ്വ.ബി.കെ. രാജഗോപാൽ, പ്രൊഫ.കെ.വി.തോമസ്‌കുട്ടി, കായിക്കര ബാബു, ജി. നാരായണൻ, ശശികുമാർ എന്നിവർ പ്രസംഗിച്ചു. സേവ് എജ്യൂക്കേഷൻ കമ്മിറ്റി അഖിലേന്ത്യാ പ്രസിഡന്റായിരുന്ന അന്തരിച്ച ഡോ.എൻ.എ കരീമിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടുള്ള അനുസ്മരണ പ്രമേയം അഡ്വ.ഇ.എൻ.ശാന്തിരാജ് അവതരിപ്പിച്ചു. പുതിയ സംസ്ഥാന സേവ് എജ്യൂക്കേഷൻ കമ്മിറ്റി പാനൽ പാർത്ഥസാരഥി വർമ്മ അവതരിപ്പിച്ചു. ഡോ.കെ.കെ.എൻ കുറുപ്പ് ഉപദേശകനും പ്രൊഫ.കെ.ബി. ഉണ്ണിത്താൻ പ്രസിഡന്റും എം.ഷാജർഖാൻ സെക്രട്ടറിയുമായി പുതിയ സംസ്ഥാന കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. ഡോ.എ.കെ.രാമകൃഷ്ണൻ, പ്രൊഫ.കെ. അരവിന്ദാക്ഷൻ, ഡോ.വി.വേണുഗോപാൽ,ഡോ.കെ.എം.സീതി, അഡ്വ.മഞ്ചേരി സുന്ദർരാജ്, ഡോ.പി.എസ്.പണിക്കർ, ഡോ.എം.ശാർങ്ധരൻ എന്നിവർ വൈസ് പ്രസിഡന്റുമാരായി. ഓഫീസ് സെക്രട്ടറിയായി ഡോ. ഇ ശ്രീകുമാരനെയും ട്രഷററായി പ്രൊഫ.പി.എൻ.തങ്കച്ചനെയയും തെരഞ്ഞെടുത്തു. സേവ് എജ്യൂക്കേഷൻ പ്രസ്ഥാനം സംസ്ഥാന വ്യാപകമായി വളർത്തിയെടുക്കാനുള്ള കർമ്മപരിപാടികൾക്ക് സമ്മേളനം രൂപം നൽകി.

Share this post

scroll to top