ബിപിസിഎൽ ഓഹരി വിൽപ്പന റദ്ദാക്കിയതിൽ പ്രക്ഷോഭണത്തിന്റെ പങ്ക് നിർണ്ണായകം

Share

ബിപിസിഎൽ കേന്ദ്രസർക്കാർ ഓഹരിവിഹിതം(52.98%) പൂർണ്ണമായി വിൽക്കുവാനുള്ള തീരുമാനം റദ്ദാക്കേണ്ടിവന്നതിൽ രാജ്യത്തുടനീളവും പ്രത്യേകിച്ച്, കേരളത്തിലും നടന്ന പ്രക്ഷോഭണങ്ങൾക്ക് നിർണ്ണായക പങ്കുണ്ടെന്ന് എഐയുറ്റിയുസി അഭിപ്രായപ്പെട്ടു. സമരത്തിൽ പങ്കെടുത്ത ജീവനക്കാരെയും, സമരത്തെ പിന്തുണച്ച മറ്റ് തൊഴിലാളി-ബഹുജനങ്ങളെയും എഐയുറ്റിയുസി സംസ്ഥാന കമ്മിറ്റി അഭിവാദ്യം ചെയ്തു.
10ലക്ഷം കോടി രൂപയിലധികം ആസ്തിയുള്ളതും, സർക്കാരിലേക്ക് ലാഭവിഹിതമായും നികുതിയായും ഒരുലക്ഷം കോടിയിലധികം രൂപ പ്രതിവർഷം അടയ്ക്കുന്നതുമായ ഈ സ്ഥാപനത്തെ കേവലം 50,000 കോടി രൂപക്ക് വിറ്റുതുലയ്ക്കുന്നതായിരുന്നു കേന്ദ്ര സർക്കാരിന്റെ പദ്ധതി. ബിപിസിഎൽ വില്പന പൊതുമുതൽ കൊള്ളയാണെന്ന് സമൂഹത്തെ ബോധ്യപ്പടുത്താൻ സമരങ്ങൾക്ക് കഴിഞ്ഞു. സമരത്തിന്റെ ദിശ നിർണ്ണയിക്കുന്നതിലും, അതിന്റെ ന്യായയുക്തത സംസ്ഥാനത്തുടനീളം പ്രചരിപ്പിക്കു ന്നതിലും, ജനകീയ പിന്തുണ സൃഷ്ടിച്ചെടുക്കുന്നതിലും എഐയുറ്റിയുസി നിർണ്ണായക പങ്കാണ് വഹിച്ചിരുന്നത്.
വില്പനയ്ക്ക് തടസ്സമായി കേന്ദ്ര സർക്കാർ സാങ്കേതികാര്യങ്ങളാണ് പറയുന്നതെങ്കിലും, യഥാര്‍ത്ഥ കാരണം പ്രക്ഷോഭമാണ് എന്ന് വ്യക്തമാണ്. വില്പന റദ്ദാക്കൽ സമരത്തിന്റെ ആദ്യ വിജയമാണ്. ബിപിസിഎൽ വില്പനയ്ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്ന തൊഴിലാളികളുടെ ആവശ്യത്തോട് ഇടതെന്നവകാശപ്പെടുന്ന സംസ്ഥാന സർക്കാർ പുലർത്തിയ നിഷേധാത്മക നിലപാടും ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്.വിൽപ്പനയുടെ മറയിൽ മാനേജ്മെന്റ് നിയമ വിരുദ്ധമായി ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഒന്നൊന്നായി റദ്ദാക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്തു. ജീവനക്കാരുടെ എണ്ണം ഭീമമായി വെട്ടിക്കുറച്ചു. നിരവധി സെക്ഷനുകൾ അടച്ചുപൂട്ടി. പലതും കരാർവൽക്കരിച്ചു.
മറ്റ് പെട്രോളിയം കമ്പനികളിലെ തൊഴിലാളികൾക്ക് ഗവൺമെന്റ് ഗൈഡ്‌ലൈൻ പ്രകാരം ലഭിച്ച ദീർഘകാല കരാറിലെ ആനുകൂല്യങ്ങൾപോലും നല്‍കില്ല എന്ന നിലപാട് മാനേജ്മെന്റ് കൈക്കൊണ്ടു. ഇതിനെതിരെയൊക്കെ നിയമ പോരാട്ടം ഉൾപ്പെടെയുള്ള ചെറുത്തുനിൽപ്പിലാണ് തൊഴിലാളികൾ. വില്പന റദ്ദാക്കിയ സാഹചര്യത്തിൽ അതിന്റെ മറവിൽ കൊണ്ടുവന്ന തൊഴിലാളിവിരുദ്ധ നടപടികൾ മുഴുവൻ ഉടൻ പിൻവലിക്കണമെന്ന് എഐയുറ്റിയുസി ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാർ, ഓഹരി വില്പനയുടെ പുതിയ തന്ത്രങ്ങളുമായി വീണ്ടും എത്തുമെന്നിരിക്കെ ആ നീക്കത്തെ ശക്തമായ ചെറുത്തു നിൽപ്പിലൂടെ പരാജയപ്പെടുത്താനുള്ള ഉയർന്ന തലത്തിലുള്ള പോരാട്ടങ്ങൾക്ക് ജീവനക്കാർ ഒറ്റക്കെട്ടായി ഇനിയും മുന്നോട്ടു വരണമെന്നും അത്തരമൊരു പോരാട്ടം വിജയിപ്പിക്കുവാൻ എഐയുറ്റിയുസി സർവ്വശക്തിയും സമാഹരിച്ച് ഒപ്പമുണ്ടാകുമെന്നും പ്രസ്താവയിൽ പറഞ്ഞു.

Share this post

scroll to top