കൊലപാതക രാഷ്ട്രീയത്തിന് അറുതി വരുത്തണം ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മഹത്വം വീണ്ടെടുക്കണം

Share

രാഷ്ട്രീയ പ്രതിയോഗികളുടെ തലവെട്ടുക, കാൽരണ്ടുംവെട്ടി ശേഷിക്കുന്ന കാലം വീൽചെയറിലാക്കുക, വീടുകളും സ്ഥാപനങ്ങളും ആക്രമിക്കുക, തീവയ്പ് നടത്തുക, ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം ഉണ്ടാക്കുക, മുറിവേറ്റവർക്ക് വൈദ്യശുശ്രൂഷ നിഷേധിക്കുക, ഊരുവിലക്ക് ഏർപ്പെടുത്തുക, സമൂഹമാധ്യമങ്ങൾവഴി താറടിക്കുക, നിരപരാധികളുടെമേൽ കുറ്റം ചുമത്തുക, കള്ളക്കേസിൽ കുടുക്കുക തുടങ്ങി ശത്രുപക്ഷത്തിനായി തയ്യാറാക്കിയിരിക്കുന്ന പദ്ധതികൾ നിരവധിയാണ്. കൊലയാളികൾക്ക് പണവും വാഹനങ്ങളും ഏർപ്പാടാക്കുക, ഒളിസങ്കേതമൊരുക്കുക, ഡമ്മി പ്രതികളെ നൽകുക, ആശ്രിതർക്ക് മാസംതോറും പണം എത്തിക്കുക, ജയിൽനിയമങ്ങൾ കാറ്റിൽ പറത്തി സുഖവാസം ഉറപ്പാക്കുക, ആവശ്യാനുസരണം പരോൾ അനുവദിക്കുക തുടങ്ങി സ്വന്തം പക്ഷത്തിന്റെ ആവശ്യങ്ങൾക്കും കുറ്റമറ്റ സംവിധാനങ്ങൾ ഉണ്ട്. ഇതുകൂടാതെ കേസ് നടത്താനുള്ള കോടികൾ നാട്ടുകാരെ പിഴിഞ്ഞെടുക്കുകയോ ‘വേണ്ടപ്പെട്ടവരി’ൽനിന്ന് തരപ്പെടുത്തുകയോ ഖജനാവിൽനിന്ന് പലതരത്തിൽ വസൂലാക്കുകയോ ചെയ്യും. അതുകൊണ്ടുതന്നെ ഈ ചോരക്കളിക്ക് ഉടനെയൊന്നും ശമനമുണ്ടാകാൻ സാദ്ധ്യതയില്ല. അക്രമം പാർട്ടി പ്രവർത്തനത്തിന്റെ അഭേദ്യഭാഗമായിക്കഴിഞ്ഞിരിക്കുന്നു.

കേരളത്തിൽ കണ്ണൂർ ജില്ലയാണ് കൊലപാതകരാഷ്ട്രീയത്തിന്റെ ആസ്ഥാനം. സിപിഐഎം-ആർഎസ്എസ് സംഘട്ടനങ്ങൾ ഇവിടെ തുടർക്കഥയാണ്. രണ്ട് ക്രിമിനൽ സംഘങ്ങളുടെ ഏറ്റുമുട്ടൽ എന്ന നിലയിലേ ഇന്ന് സമൂഹം ഇതിനെ കാണുന്നുള്ളൂ. മറ്റാരെങ്കിലും ഇവരുടെ കൊലക്കത്തിക്ക് ഇരയാകുമ്പോഴാണ് ജനങ്ങളിൽ പ്രതിഷേധവും രോഷവും ഉയരുന്നത്. ടിപി ചന്ദ്രശേഖരൻ വധം കേരളത്തിൽ കോളിളക്കം ഉണ്ടാക്കിയത് ഇക്കാരണത്താലാണ്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം സെക്രട്ടറി ഷുഹൈബ് കൊല്ലപ്പെട്ടപ്പോഴും വ്യാപകമായ പ്രതിഷേധം ഉയർന്നു.

ഷുഹൈബ് വധം കഴിഞ്ഞപ്പോഴും പതിവുപോലെ പാർട്ടിക്ക് പങ്കില്ലെന്ന പല്ലവി ആവർത്തിച്ചു. എന്നാൽ പതിവില്ലാത്തവണ്ണം കോൺഗ്രസ്സ് സമരവുമായി ഇറങ്ങി. ശല്യം സഹിക്കവയ്യാതായപ്പോൾ ആരെയെങ്കിലും അറസ്റ്റ് ചെയ്‌തേ മതിയാകൂ എന്നായി. അങ്ങനെ പിടിയിലായവരെല്ലാം സിപിഐ(എം)കാർ തന്നെ. പാർട്ടി ഒരുക്കിയ ഒളിത്താവളത്തിൽ സ്വസ്ഥമായി കഴിയുമ്പോൾ പോലീസ് പിടികൂടിയതാണെന്നും അതല്ല നേതാക്കൾ പോലീസ് സ്‌റ്റേഷനിൽ എത്തിച്ചതാണെന്നും പറഞ്ഞു കേൾക്കുന്നുണ്ട്. എന്തായാലും അറസ്റ്റ് അപ്രതീക്ഷിതമായിരുന്നു. പാർട്ടിക്കുവേണ്ടിയാണ് കൊല നടത്തിയത് എന്നും ഡമ്മി പ്രതികളെ നൽകുമെന്ന് ഉറപ്പുനൽകിയിരുന്നുവെന്നും പിടിയിലായവർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. അറസ്റ്റ് സിപിഐഎം കണ്ണൂർ ജില്ലാ നേതൃത്വത്തെ അലോസരപ്പെടുത്തിയിട്ടുണ്ട് എന്നത് ജില്ലാ സെക്രട്ടറിയുടെ വാക്കുകളിൽനിന്നുതന്നെ വ്യക്തമാണ്. പോലീസ് പലരെയും പ്രതിയാക്കും, അവർ കുറ്റക്കാരാണോ എന്ന് പാർട്ടി പരിശോധിക്കും, കുറ്റക്കാരാണ് എന്ന് കണ്ടെത്തിയാൽ മാത്രമേ നടപടിയെടുക്കൂ എന്നാണ് സെക്രട്ടറി പറഞ്ഞത്. നിയമവാഴ്ചയെ പരസ്യമായി വെല്ലുവിളിക്കലായിരുന്നു ഇത്. പോലീസ് വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിക്ക് ഇത് രസിക്കാതിരുന്നത് സ്വാഭാവികം മാത്രം. പ്രതികളെ കണ്ടെത്തേണ്ട പണി പാർട്ടി ചെയ്യേണ്ട, അത് പോലീസ് ചെയ്തുകൊള്ളും എന്ന് ശാസനാരൂപത്തിൽ സംസ്ഥാന സെക്രട്ടറിക്ക് പറയേണ്ടിവന്നത് അതുകൊണ്ടാണ്. എന്തായാലും സിപിഐ(എം)നുള്ളിൽ ഇക്കാര്യത്തിൽ രണ്ട് അഭിപ്രായമുണ്ടെന്ന് വ്യക്തമാണ്.

അക്രമം പാർട്ടിയുടെ നയമല്ലെന്നും ഇക്കാര്യത്തിൽ വീഴ്ചയുണ്ടായെങ്കിൽ പരിശോധിക്കുമെന്നും ജനറൽ സെക്രട്ടറി സംസ്ഥാന സമ്മേളനത്തിൽ തുറന്നടിച്ചത് അദ്ദേഹത്തിന് അക്രമത്തോട് എന്തെങ്കിലും വിയോജിപ്പ് ഉള്ളതുകൊണ്ടല്ല. കോൺഗ്രസ്സ് ബാന്ധവത്തിനുവേണ്ടിയുള്ള നീക്കങ്ങൾക്ക് കേരളനേതാക്കൾ തുരങ്കം വച്ചതിനുള്ള പ്രതികാരമായിരുന്നു അത്. സമ്മേളനപ്രതിനിധികളിൽ പലരും അക്രമത്തിനെതിരെ അഭിപ്രായം പറഞ്ഞു. സംസ്ഥാനസെക്രട്ടറിയുടെ മക്കൾ വിദേശത്തുനടത്തുന്ന അവിഹിതബിസിനസ്സുകളും പണമിടപാടുകളും സംബന്ധിച്ച് നടത്തിയ അഭിപ്രായപ്രകടനത്തിലും ജനറൽ സെക്രട്ടറി കേരള നേതൃത്വത്തെ വിശ്വാസത്തിലെടുത്തില്ല.

കണ്ണൂരിൽ നടന്ന സമാധാന യോഗത്തിൽ സർക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത നിയമമന്ത്രിയും സിപിഐ(എം) നേതാവുമായ എ.കെ.ബാലൻ സിബിഐ അന്വേഷണത്തോട് സർക്കാരിന് വിയോജിപ്പില്ല എന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ സിബിഐ അന്വേഷണം എന്ന പ്രശ്‌നമേ ഉദിക്കുന്നില്ല എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. പ്രതികളെ രക്ഷിക്കാനുള്ള തത്രപ്പാടാണ് ഈ മലക്കം മറിച്ചിലിനുപിന്നിൽ എന്ന് വ്യക്തം. പിന്നീട് ഒരു ഘട്ടത്തിൽ സിബിഐ അന്വേഷണം വേണ്ടിവന്നാൽത്തന്നെ അപ്പോഴേയ്ക്കും തെളിവുകളെല്ലാം നശിപ്പിച്ച് ഗൂഢാലോചന നടത്തിയ നേതാക്കളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യാം. കൃത്യം നടന്ന് ഒരാഴ്ചയായിട്ടും, ചില പ്രതികൾ അറസ്റ്റിലായിട്ടും, കൃത്യം നടത്തിയ ആയുധങ്ങൾ കണ്ടെത്താഞ്ഞത് കോടതിയുടെ വിമർശനത്തിന് ഇടയാക്കിയിരുന്നു.
ഈ സർക്കാർ അധികാരം ഏറ്റശേഷം കണ്ണൂർ ജില്ലയിൽ വിവിധ തലങ്ങളിലായി 218 സമാധാന യോഗങ്ങൾ നടന്നു കഴിഞ്ഞു. ഇതിനിടയിലും നടന്നു 10 കൊലപാതകങ്ങൾ. സമാധാനയോഗങ്ങൾ പ്രഹസനങ്ങളാണ് എന്നതിന് ഇതിൽപ്പരം തെളിവ് ആവശ്യമുണ്ടോ? പരസ്പരമുള്ള പഴിചാരൽ മാത്രമാണ് ഇത്തരം യോഗങ്ങളിൽ നടക്കുന്നത്. ആരും കുറ്റം സമ്മതിക്കില്ല. റയ്ഡ് നടത്തുകയില്ല. സർവ്വകക്ഷി സംഘം കൊല്ലപ്പെട്ടവരുടെ ഭവനങ്ങൾ സന്ദർശിക്കുകപോലുമില്ല. ആദ്യമായി ആയുധമെടുക്കില്ലെന്ന് പ്രഖ്യാപിക്കാൻപോലും ആരും ഒരുക്കമല്ല. സംഘർഷരഹിത കണ്ണൂരാണ് ലക്ഷ്യമെന്ന് ഗീർവ്വാണം മുഴക്കിയത് മുഖ്യമന്ത്രി തന്നെയാണ്. എന്നിട്ടോ? ഒരു വർഷം തികയുന്നതിന് മുമ്പ് സ്വന്തം പാർട്ടിക്കാർതന്നെ അടുത്ത കൊലപാതകം നടത്തി.
സിപിഐ(എം) അക്രമത്തിനെതിരെ അഖിലേന്ത്യ തലത്തിൽ പ്രചാരണവും ഒപ്പം അൽപ്പം വിരട്ടലുമൊക്കെ നടത്തിവരികയാണ് ബിജെപി. കണ്ണൂർ അക്രമങ്ങളിൽ റണ്ണർ അപ് ആണ് ഇവർ. രാജ്യവ്യാപകമായി അക്രമങ്ങളും കൊലപാതകങ്ങളും അനസ്യൂതം നടത്തുന്നവർ. പശു സംരക്ഷണമെന്നും ലൗജിഹാദ് എന്നുംമറ്റും പറഞ്ഞുകൊണ്ടാണ് ഇതെല്ലാം കാട്ടിക്കൂട്ടുന്നത്. സ്വതന്ത്രമായ അഭിപ്രായപ്രകടനത്തോടുള്ള അസഹിഷ്ണുതമൂലം തലയെടുപ്പുള്ള എത്ര വ്യക്തിത്വങ്ങളെയാണ് ഇവർ കൊന്നു തള്ളിയത്. ഈ ഭീകരസംഘങ്ങൾക്ക് അക്രമവിരുദ്ധ പ്രചാരണം നടത്തി സമാധാനപ്രേമി ചമയാൻ അവസരം ഒരുക്കുന്ന സിപിഐ(എം)ന്റെ രാഷ്ട്രീയ പാപ്പരത്തം അപാരംതന്നെ.

ക്വട്ടേഷൻ സംഘങ്ങൾ രംഗം കയ്യടക്കുന്നതോടെ പാർട്ടി നിയന്ത്രണത്തിനപ്പുറത്തേയ്ക്ക് കാര്യങ്ങൾ പോകുന്നതിന്റെ ലക്ഷണവും കണ്ടുതുടങ്ങിയിട്ടുണ്ട്. ഇത് വൻവിപത്തുകൾ ക്ഷണിച്ചുവരുത്തും. ഇപ്പോൾത്തന്നെ സംസ്ഥാനത്തെ ക്രമസമാധാനനില ആശങ്കാജനകമാണ്. കവി കുരീപ്പുഴ ശ്രീകുമാറിനെ പരസ്യമായി കയ്യേറ്റം ചെയ്യാൻ ആർഎസ്എസുകാർ മുതിർന്നു. ഒരു ചിത്രകാരന്റെ മൃതദേഹം പൊതു ദർശനത്തിന് വയ്ക്കുന്നതിന് എതിരെ പിന്തിരിപ്പൻമാർ ഉറഞ്ഞു തുള്ളി. സഹോദരന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്നാവശ്യപ്പെട്ട് ഒരു യുവാവ് രണ്ടുവർഷത്തിലേറെയാണ് സെക്രട്ടേറിയറ്റ് നടയിൽ സമരം നടത്തിയത്. ജയിലിലെ കാര്യം പറയാതിരിക്കുകയാണ് ഭേദം. കുറ്റവാളികളെ തെറ്റുതിരുത്തി മാന്യമായ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാനാണ് ജയിൽശിക്ഷ നൽകുന്നത്. ശിക്ഷാകാലയളവിൽ അവരെ സമൂഹത്തിൽനിന്ന് അകറ്റി നിൽത്തുന്നു. എന്നാൽ ഈ പ്രക്രിയ തന്നെ അട്ടിമറിക്കപ്പെടുകയാണ്. ജയിലിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാത്തതുമൂലം കരാർ ജോലിക്കാരെ ചുമതല ഏൽപ്പിക്കേണ്ടിവരുന്നു. നിയമം നടപ്പിലാക്കാൻ ഇവർക്ക് ഭയമാണ്. ജീവൻ അപകടത്തിലാകും എന്നാണ് ഇവർ പറയുന്നത്. ഫലത്തിൽ എല്ലാ കാര്യങ്ങളും ഭരണകക്ഷിവക ക്രിമിനലുകൾ തീരുമാനിക്കും. സമൂഹം കുറ്റവാളികളെക്കൊണ്ടുനിറയുമോ എന്ന് സാധാരണക്കാർ ഭയപ്പെടുകയാണ്. അന്വേഷണവിവരങ്ങൾ പോലീസ്തന്നെ ചോർത്തുന്നുവെന്ന് കണ്ണൂർ എസ്പി ഡിജിപിയ്ക്ക് പരാതി നൽകേണ്ടിവന്നതും സാഹചര്യം എത്രത്തോളം ഗുരുതരമാണ് എന്നതിന്റെ സൂചനയാണ്.
അട്ടപ്പാടിയിൽ ഒരു ആദിവാസി യുവാവ് അതിദാരുണമായി കൊല്ലപ്പെട്ടത് സംസ്ഥാനത്തെയാകെ നാണം കെടുത്തിയ സംഭവമായിരുന്നു. ആൾക്കൂട്ടം നിയമം കൈയിലെടുക്കുമ്പോൾ നിയമവാഴ്ചതന്നെ അസ്തമിക്കുകയാണ്. പരമദരിദ്രനും മാനസിക രോഗിയും നിസ്സഹായനുമായ ഒരു യുവാവിനെയാണ് ഒരുപിടി അരി മോഷ്ടിച്ചു എന്നു പറഞ്ഞ് ഒരു കൂട്ടം ആളുകൾ തല്ലിക്കൊന്നത്. ഒമ്പതുവർഷം കാട്ടിൽ കഴിഞ്ഞിട്ടും അയാളുടെ ജീവന് ഒരു ഭീഷണിയും ഉണ്ടായില്ല. പരിഷ്‌കൃതർ എന്നവകാശപ്പെടുന്നവരുടെ കൈയിൽ കിട്ടിയതോടെ ഏറ്റവും നിന്ദ്യമായ രീതിയിൽ അയാൾ കൊല്ലപ്പെട്ടു. ഒരു നേരത്തെ ആഹാരത്തിന് വകയില്ലാത്തവരും അനാഥരുമായ അനേകം പേരാണ് ഇങ്ങനെ ആദിവാസി ഊരുകളിലും കാടുകളിലുമായി കഴിഞ്ഞുകൂടുന്നത്. ആദിവാസികളെ ചൂഷണം ചെയ്യുന്നവരും അവരുടെ പേരിൽ ഖജനാവ് കൊള്ളയടിക്കുന്നവരും ഇതൊന്നും കണ്ടതായേ ഭാവിക്കുന്നില്ല.
പോലീസിന്റെ കക്ഷിരാഷ്ട്രീയവത്ക്കരണം ഭരണപരമായ നിഷ്പക്ഷത കാറ്റിൽ പറത്തുകയാണ്. ജനാധിപത്യ സ്ഥാപനങ്ങൾ പിടിച്ചെടുത്തും ജനാധിപത്യ സമ്പ്രദായങ്ങൾ അട്ടിമറിച്ചും ഫാസിസ്റ്റ് ഭീകരവാഴ്ചയിലേയ്ക്ക ് രാജ്യത്തെ വലിച്ചിഴയ്ക്കുകയാണ് സംഘപരിവാർ ശക്തികൾ. ഇതിന് ബദലാകേണ്ടവർ ആ ഹീനപദ്ധതികൾക്ക് ആക്കം വർദ്ധിപ്പിക്കുന്ന ചെയ്തികൾ നിരന്തരം ചെയ്തുകൊണ്ടേയിരിക്കുന്നു.

സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഒരു യുവാവ് അക്രമികളുടെ മർദ്ദനമേറ്റ് മരിച്ചത് അടുത്തിടെയാണ്. സ്വതന്ത്രമായി സഞ്ചരിക്കാനും സംസാരിക്കാനുംപോലും യുവാക്കളെ അനുവദിക്കാത്ത സദാചാരപോലീസ് സംഘങ്ങളും സംസ്ഥാനത്ത് വളർന്ന് വരികയാണ്. മദ്യത്തിന്റെ വ്യാപനം, സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ, മന്ത്രിതലത്തിൽവരെയുള്ള അഴിമതിയും സ്വജനപക്ഷപാതവും, ഭൂമി കൈയേറ്റങ്ങൾ, നിയമലംഘനങ്ങൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത തിന്മകൾക്കുപുറമേയാണ് രാഷ്ട്രീയത്തിന്റെ കുറ്റവത്ക്കരണം എന്ന പ്രഹരംകൂടി സമൂഹത്തിന് താങ്ങേണ്ടിവരുന്നത്. ഇടതുപക്ഷം എന്ന് അവകാശപ്പെടുന്നവർ ഇടതുപക്ഷ ധർമ്മം പാടേ വെടിഞ്ഞത് സമൂഹത്തിൽ ഒരു ധാർമ്മികപ്രതിസന്ധിതന്നെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മുതലാളിത്തചൂഷണത്തിനും അടിച്ചമർത്തലിനും എതിരെ പണിയെടുത്ത് ജീവിക്കുന്നവന്റെ രാഷ്ട്രീയശക്തി പടുത്തുയർത്താൻ ബാദ്ധ്യസ്ഥമാണ് ഇടതുപക്ഷം. ചാർജ്ജുവർദ്ധനവുകൾ, നികുതി വർദ്ധനവുകൾ, തൊഴിലില്ലായ്മ, അഴിമതി, അവകാശ നിഷേധങ്ങൾ തുടങ്ങിയവയ്‌ക്കെല്ലാം എതിരെ ചൂഷിത ജനതയെയാകെ അണിനിരത്തുന്ന വമ്പിച്ച സമരമുന്നേറ്റങ്ങൾ വളർത്തിയെടുക്കുന്നതിലൂടെയേ ഇടതുപക്ഷ ചേരി ശക്തിപ്പെടൂ. സിപിഐഎം, സിപിഐ തുടങ്ങിയ പാർട്ടികൾ സമരപാത വെടിഞ്ഞ് പാർലമെന്ററി നേട്ടങ്ങളുടെ പിന്നാലെ പരക്കംപായുന്നതുമൂലം ജനങ്ങൾ കബളിപ്പിക്കപ്പെടുകയും ജനജീവിതം ദുരിതമയമാകുകയും ഇടതുപക്ഷ രാഷ്ട്രീയം ഏറെ തെറ്റിദ്ധരിക്കപ്പെടുകയുമാണ്.
മോദി ഭരണത്തിന്റെ സാമ്പത്തിക നയങ്ങളും രാഷ്ട്രീയ നിലപാടുകളും സാംസ്‌കാരിക രംഗത്തെ സമീപനങ്ങളും ബഹുഭൂരിപക്ഷം ജനങ്ങളുടെയും ജീവിതം താറുമാറാക്കുകയാണ്. സംഘപരിവാറിന്റെ നിയന്ത്രണത്തിലുള്ള ബിഎംഎസ്‌പോലും ഈ നയങ്ങളെ പരസ്യമായി ചോദ്യം ചെയ്യുന്നു. എന്നാൽ സിപിഐ(എം), സിപിഐ പാർട്ടികളാകട്ടെ ഈ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായ ഒരു സമരം വളർത്തിയെടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതുപോലുമില്ല. അടുത്ത തെരഞ്ഞെടുപ്പിൽ ഇതേ നയങ്ങളുടെ വക്താക്കളായ കോൺഗ്രസ്സുമായി ചങ്ങാത്തംകൂടി നേട്ടം ഉണ്ടാക്കുന്നതിനെക്കുറിച്ചുള്ള തർക്കവിതർക്കങ്ങളിൽ മുഴുകി കാലംകഴിക്കുകയാണ് അവർ. കോൺഗ്രസ്സ് ഭരണത്തിന് പലവട്ടം പിന്തുണ നൽകിയ സിപിഐ(എം), സിപിഐ പാർട്ടികൾ ആ ഭരണത്തിന്റെ ദുഷ്‌ചെയ്തികൾ ജനങ്ങളിൽനിന്നും മറച്ചുവയ്ക്കുകയാണ്. ഭരിക്കുന്ന കക്ഷിയുടെ പേരോ അവരുടെ കൊടിയുടെ നിറമോ അല്ല നയങ്ങളാണ് പ്രധാനം. അത് ജനവിരുദ്ധമാണെങ്കിൽ അതിനെ ചെറുത്തു തോൽപ്പിക്കുന്നതിലൂടെ മാത്രമേ ജനങ്ങൾക്ക് എന്തെങ്കിലും നേട്ടം ഉണ്ടാകൂ. അതിന് ശ്രമിക്കാതെ തെരഞ്ഞെടുപ്പുകളിലൂടെ അധികാരം പിടിച്ച് എല്ലാം ശരിയാക്കാം എന്ന വ്യാമോഹം പടർത്തുന്ന ഇക്കൂട്ടർ മുതലാളിത്ത രാഷ്ട്രീയംതന്നെയാണ് അനുവർത്തിക്കുന്നത്.

എല്ലാ രാഷ്ട്രീയ കർത്തവ്യങ്ങളും തെരഞ്ഞെടുപ്പിലേയ്ക്ക് ചുരുക്കുക മാത്രമല്ല തെരഞ്ഞെടുപ്പ് വിജയത്തിനായി എന്ത് അധാർമ്മിക പ്രവർത്തി ചെയ്യാനും ഇവർക്ക് മടിയുമില്ല. അഴിമതിക്കാരനായി ഇവർതന്നെ മുദ്രകുത്തിയ മാണിയുടെയും കൂട്ടരുടെയും പിന്നാലെ കൂടിയിരിക്കുന്നത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രം. ഇടതുപക്ഷ രാഷ്ട്രീയത്തെ പിന്നോട്ടടിക്കുന്ന ഇത്തരം തുടർച്ചയായ നിലപാടുകളാണ് രാജ്യത്തിന്റെ ഇന്നത്തെ പതനത്തിൽ ഇവരെയും പ്രതിക്കൂട്ടിൽ നിർത്തുന്നത്.
അക്രമരാഷ്ട്രീയത്തിലും പ്രകടമാകുന്നത് ഇതേ സമീപനം തന്നെയാണ്. രാജ്യമെമ്പാടും അസഹിഷ്ണുത പടർത്തുന്ന സംഘപരിവാർ ശക്തികളെ എതിർക്കുന്നു എന്ന് മേനിനടിക്കുന്ന ഇവരുടെ സംസ്ഥാനത്തെ ചെയ്തികൾ സംഘപരിവാറിനുതന്നെ മുതൽക്കൂട്ടാകും വിധമുള്ളതാണ്. കലാലയങ്ങളിൽ മറ്റ് സംഘടനകളുടെ പ്രവർത്തനം അനുവദിക്കാതെ ജനാധിപത്യ അന്തരീക്ഷം തകർത്തുകൊണ്ടാണ് ഇവർ പരിശീലനം നേടുന്നത്. ഭരിക്കുമ്പോൾ അധികാരത്തിന്റെ ബലത്തിലും പ്രതിപക്ഷത്തായിരിക്കുമ്പോൾ സംഘടനാശക്തി ദുരുപയോഗം ചെയ്തും ഇവർ പോലീസിനെ വരുതിയിലാക്കുന്നു. സ്വന്തം പാർട്ടിക്കാരുടെ അഴിമതികളും നിയമലംഘനങ്ങളും മാത്രമല്ല, അക്രമങ്ങളും കൊലപാതകങ്ങളുംവരെ അധികാരത്തിന്റെ തണലിൽ ഇവർ അനസ്യൂതം നടത്തുന്നു. പാർട്ടിക്ലാസ്സുകളും ആശയസംവാദങ്ങളുമൊക്കെ അസ്തമിച്ചതോടെ അന്ധതമാത്രം കൈമുതലുള്ള ഒരു അക്രമി സംഘമായി സിപിഐ(എം) അധ:പതിച്ചിരിക്കുന്നു. സാധാരണക്കാരിൽനിന്നും അവരുടെ പ്രശ്‌നങ്ങളിൽനിന്നും ഇവർ ഏറെ അകന്നിരിക്കുന്നു. സമരങ്ങളും പ്രക്ഷോഭങ്ങളുമല്ല പണക്കൊഴുപ്പും കൈയൂക്കുമാണ് സംഘടനാപ്രവർത്തനത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നത്. 218 സമാധാനയോഗങ്ങൾ നടന്നിട്ടും സമാധാനം ഒരു മരീചികയായിരിക്കുന്നത് ഈ അപചയത്തിന്റെ കൂടി ഫലമാണ്. മതപരമായ ചടങ്ങുകളിലേയ്ക്കും അന്ധവിശ്വാസങ്ങളിലേയ്ക്കും അണികളെ ആനയിക്കുന്നതോടെ ഒരു തിരിച്ചുവരവ് അസാധ്യമാംവിധം ഇവർ കൂപ്പുകുത്തും. ഈ സാഹചര്യത്തിൽ നിന്നെല്ലാം സംഘപരിവാർ അടക്കമുള്ള പിന്തിരിപ്പൻ ശക്തികൾ വൻതോതിൽ നേട്ടം ഉണ്ടാക്കുകയും ചെയ്യും.

രാഷ്ട്രീയ പ്രബുദ്ധതയോടൊപ്പം ശാസ്ത്രീയ മനോഘടനയും ഉന്നതമായ തൊഴിലാളിവർഗ്ഗമൂല്യബോധവും വളർത്തിയെടുക്കാനുള്ള ഉത്തരവാദിത്തം ഇടതുപക്ഷത്തിൽ അർപ്പിതമാണ്. ഉയർന്ന മാനുഷിക മൂല്യങ്ങളുടെ അടിത്തറയിലേ സാമൂഹ്യമാറ്റത്തിനായുള്ള മുന്നേറ്റങ്ങൾ വളർന്നുവരൂ. ചരിത്രത്തെ വളച്ചൊടിച്ചും കാലഹരണപ്പെട്ട ചിന്താഗതികൾ പുനരുജ്ജീവിപ്പിച്ചും അസഹിഷ്ണുതയും അന്ധതയും പടർത്തിയും രാജ്യത്തെ അന്ധകാരത്തിലേയ്ക്ക് നയിക്കുന്ന ഫാസിസ്റ്റ് ശക്തികളെ ചെറുക്കാനുള്ള മാർഗ്ഗം ഇത് മാത്രമാണ്. കയ്യാങ്കളികൊണ്ട് അത് നേടാനാവില്ല. പാർട്ടി അണികളെയും ജനങ്ങളെയും ഭീതിയിലാഴ്ത്തുന്ന അക്രമരാഷ്ട്രീയത്തിലൂടെ ഭീരുത്വവും മനുഷ്യത്വമില്ലായ്മയുമാണ് കരുത്ത് നേടുന്നത്. നിർഭയരായ ജനങ്ങൾക്കേ അനീതിക്കെതിരെ പൊരുതാനുള്ള ആന്തരിക ശക്തിയുണ്ടാകൂ. ശരിയായ രാഷ്ട്രീയ ലൈൻ പ്രദാനംചെയ്ത് അവരെ അജയ്യ ശക്തിയാക്കിത്തീർക്കുകയാണ് വേണ്ടത്.
ഇടതുപക്ഷ രാഷ്ട്രീയമെന്നാൽ അക്രമമാണ് എന്ന തെറ്റിദ്ധാരണ ജനങ്ങളിൽ പരക്കുന്നത് സാമൂഹ്യമുന്നേറ്റത്തിന് മുന്നിൽ കടുത്ത പ്രതിബന്ധമാണ് സൃഷ്ടിക്കുക. താൽക്കാലിക നേട്ടങ്ങൾക്കുവേണ്ടിയുള്ള വിട്ടുവീഴ്ചകൾ അല്ല സമൂഹത്തിന്റെ സമൂലപരിവർത്തനത്തിനായുള്ള ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളാണ് ഇടതുപക്ഷം ആവശ്യപ്പെടുന്നത്. സിപിഐ(എം), സിപിഐ പാർട്ടികൾ ഇവിടെ പൂർണ്ണ പരാജയമായിരിക്കുന്നത് യാദൃശ്ചികമല്ല. മഹത്തായ മാർക്‌സിസ്റ്റ് ദർശനത്തെ സംബന്ധിച്ച വികലമായ ധാരണയും അതിന്റെ അടിസ്ഥാനത്തിലുള്ള തെറ്റായ പ്രയോഗവുമാണ് അതിന്റെ അടിസ്ഥാന കാരണം. സമസ്ത രംഗങ്ങളിലും ഇവർ തൊഴിലാളിവർഗ്ഗേതരമായ സംസ്‌കാരം പ്രതിഫലിപ്പിക്കുന്നത് അതുകൊണ്ടാണ്.
അക്രമ രാഷ്ട്രീയത്തിന് എതിരെ ഒരു ബൃഹത്തായ ജനമുന്നേറ്റം ഇന്ന് ആവശ്യമായിരിക്കുന്നു. സൈ്വരജീവിതം ഉറപ്പാക്കുക എന്നത് മാത്രമല്ല അതിലൂടെ ലക്ഷ്യം വയ്‌ക്കേണ്ടത്. രാജ്യത്ത് വളർന്നുവരുന്ന അന്ധകാരത്തിന്റെ ശക്തികൾക്ക് തടയിടാൻ പോന്ന സാംസ്‌കാരികമായ ഉൾക്കരുത്ത് അത് കൈവരിക്കണം. സംസ്ഥാനത്തിന്റെ ഇടതുപക്ഷ സമരപാരമ്പര്യം പുന:സ്ഥാപിച്ചെടുക്കാനും അതിലൂടെ ശ്രമിക്കാം. സിപിഐ(എം), സിപിഐ പാർട്ടികളുടെ പ്രവർത്തകർ ഈ യാഥാർത്ഥ്യങ്ങൾകൂടി തിരിച്ചറിയണം. അക്രമരാഷ്ട്രീയത്തിന് എതിരായ സാംസ്‌കാരിക പ്രതിപ്രവാഹത്തിന്റെ അകക്കാമ്പായി വർത്തിക്കേണ്ടത് ഇടതുപക്ഷമാണ്. സ്വന്തം നേതൃത്വങ്ങളെ നേർവഴിയിലേയ്ക്ക് ആനയിക്കാൻ നേരായി ചിന്തിക്കുന്ന പ്രവർത്തകരുടെയും സാധാരണ ജനങ്ങളുടെയും സമ്മർദ്ദം വളർന്നുവരണം. ചരിത്രപരമായ ഈ ദൗത്യം ഇനിയും തിരിച്ചറിയാതെ പോയാൽ ബംഗാളിനും ത്രിപുരയ്ക്കുംശേഷം കേരളവും അനിവാര്യമായ തിരിച്ചടി ഏറ്റുവാങ്ങും, രാജ്യവും ജനങ്ങളും ആഗ്രഹിക്കുന്നത് അതല്ലെങ്കിൽക്കൂടിയും.

Share this post

scroll to top