1946 ജൂലൈ 29 ആവേശമുണർത്തുന്ന സമര ചരിത്രം

postal-strike2.jpg
Share

1946 ജൂലൈയിൽ നടന്ന തപാൽ ജീവനക്കാരുടെ സമരം ഇന്ത്യൻ തൊഴിലാളി സമരചരിത്രത്തിൽ
സമാനതകളില്ലാത്തതാണ്. അത് രാജ്യവ്യാപകമായ ബഹുജനസമരത്തിന്റെ സ്വഭാവം കൈവരിക്കുകയും ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് പുതിയ ദിശ നൽകുകയും ചെയ്തു.

(എ.ഐ.യു.റ്റി.യു.സി മുഖപത്രം തൊഴിലാളിഐക്യം ഡിസംബർ 2018 ലക്കത്തിൽ പ്രസിദ്ധികരിച്ചത്)

ഈ യുഗം ദർശിച്ച അത്യുന്നതനായ മാർക്‌സിസ്റ്റ് ദാർശനികൻ സഖാവ് ശിബ്ദാസ് ഘോഷിന്റെ ജീവിത സമരത്തെക്കുറിച്ച് വിശദീകരിക്കുന്നതിനിടയിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ അന്നത്തെ ജനറൽ സെക്രട്ടറി, അന്തരിച്ച സഖാവ് നിഹാർമുഖർജി, സ്വാതന്ത്ര്യലബ്ധിക്ക് മുൻപ് നടന്ന വിവിധങ്ങളായ വർഗ്ഗ ബഹുജന സമരങ്ങളിൽ അദ്ദേഹത്തിന്റെ ഇടപെടലും പങ്കാളിത്തവും എന്തായിരുന്നു എന്ന് 2005 മാർച്ച് 14ന് കൊൽക്കത്തയിൽ നടന്ന മീറ്റിംഗിനിടയിൽ വിശദീകരിക്കുകയുണ്ടായി. നമ്മുടെ പാർട്ടി രൂപീകരണത്തിനു വർഷങ്ങൾക്കു മുൻപ് 1946 ജൂലൈ 29ന്റെ ചരിത്രപ്രധാനമായ അഖിലേന്ത്യ പോസ്റ്റൽ സമരത്തിൽ സഖാവ് ശിബ്ദാസ്‌ഘോഷ് അദ്ദേഹത്തിന്റെ അനുയായികൾക്കൊപ്പം എങ്ങനെയാണ് ആണ്ടുമുഴുകി ഇടപെട്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. (‘Imbibe the Teachings and Great life struggle of  Com.Shibdas Ghosh”)

Shibdas Ghosh

Nihar Mukherjee

എന്തുതരം സമരം ആയിരുന്നു അത്, നമ്മുടെ സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന അന്തരിച്ച സഖാവ് ശിബ്ദാസ്‌ഘോഷും അദ്ദേഹത്തിന്റെ അനുയായികളും വളരെ ചെറുപ്പത്തിൽ സമര സംഘാടനത്തിൽ എന്തിനാണ് ആണ്ടുമുങ്ങിയത് എന്നൊരു പ്രസക്തമായ ചോദ്യം വായനക്കാരെ തീർച്ചയായും അലട്ടും. ഈ സമരത്തിനു രണ്ടുവർഷങ്ങൾക്കുശേഷം 1948 ജൂലൈ 29ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ ബംഗാളി മുഖപത്രമായ ഗണദാബിയിൽ ”ചരിത്രമായിമാറിയ ജൂലൈ 29” എന്ന ശീർഷകത്തിൽ വന്ന പ്രധാന ലേഖനത്തിന്റെ ഏതാനും വരികൾ ഉദ്ധരിച്ചുകൊണ്ട് ഈ വിഷയത്തിലുള്ള പ്രതികരണത്തിനു തുടക്കം കുറിക്കാം. ”ജൂലൈ 29”ന്റെ ചരിത്രം എന്നു പറയുന്നത് വിപ്ലവകരമായ ജനകീയഐക്യത്തിന്റെ ചരിത്രമാണ്. സമരം ചെയ്യുന്ന ജീവനക്കാരെ പിന്തുണച്ചുകൊണ്ട് തൊഴിലാളികളും, കർഷകരും, വിദ്യാർത്ഥികളും, യുവജനങ്ങളും ഗുമസ്തൻമാരും നടത്തിയ സംയുക്തപ്രക്ഷോഭത്തിന്റെ ഫലമായി 1946 ജൂലൈ 29ന് അതൊരു രാജ്യവ്യാപകമായ സമരമായി മാറുകയും, 60 വർഷത്തെ ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സമാനതകളില്ലാത്ത ഏടായിതീരുകയും ചെയ്തു.
ചൂഷിത വർഗ്ഗത്തിന്റെയും മറ്റ് ജനവിഭാഗങ്ങളുടേയും കൂട്ടായ ഇച്ഛാശക്തിയിലൂടെ പ്രസരിച്ച സമരാവേശം സാമ്രാജ്യത്വ ഭരണാധികാരികളേയും മുതലാളി വർഗ്ഗത്തെയും ഭയപ്പെടുത്തി എന്നതാണ് തുടർ ദിനങ്ങളിലെ രാജ്യത്തെ രാഷ്ട്രീയ ജീവിതത്തിൽ നിന്നും കൃത്യമായി ദർശിക്കുവാൻ കഴിയുന്നത്.
1946 ജൂലൈയിൽ നടന്ന തപാൽ ജീവനക്കാരുടെ സമരം ഇന്ത്യൻ തൊഴിലാളി സമരചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. അത് രാജ്യവ്യാപകമായ ബഹുജനസമരത്തിന്റെ സ്വഭാവം കൈവരിക്കുകയും ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് പുതിയ ദിശ നൽകുകയും ചെയ്തു. സർക്കാർ ജീവനക്കാരിലെ ചെറിയൊരു വിഭാഗത്തിന്റെ മുൻകൈയ്യിൽ ആരംഭിച്ച സമരം, വളർച്ചയുടെ ഘട്ടത്തിൽ ഫലത്തിൽ രാജ്യവ്യാപക ബഹുജനപ്രക്ഷോഭമായി മാറി എന്നതായിരുന്നു ഇതിന്റെ പ്രത്യേകത. ഇത്തരമൊരു സമരം അതിനു മുൻപോ ശേഷമോ സംഭവിച്ചിട്ടില്ല. ഇതുവരെ നമ്മൾ മനസ്സിലാക്കിയതുവച്ച് ആ സമരത്തിന്റെ ചരിത്രം ഒന്ന് പരിശോധിക്കാം.

1945 മെയ്മാസത്തോടെ രണ്ടാംലോക മഹായുദ്ധം അവസാനിച്ചു. യുദ്ധത്തിന്റെ അനന്തരഫലങ്ങൾ ജനങ്ങളുടെ മേൽ പൊതുവിലും തൊഴിലാളികളുടെ മേൽ പ്രത്യേകിച്ചും വന്നുപതിച്ചു. അത്യാവശ്യ നിത്യോപയോഗ സാധനങ്ങളുടെ വില വാണംപോലെ കുതിച്ചുയർന്നത് സാധാരണ ജനങ്ങൾക്ക് ശക്തമായ പ്രഹരമായിരുന്നു. പണത്തിന്റെ മൂല്യശോഷണം മൂലം മുൻകൂർ നിശ്ചയിച്ച യഥാർത്ഥ വേതനം കുറയുകയും സർക്കാർ ജീവനക്കാർ ഉൾപ്പെടെ തൊഴിലാളികളെ ദോഷകരമായി ബാധിക്കുകയും ചെയ്തു. അങ്ങനെ നഷ്ടപരിഹാരം എന്ന ഡിമാന്റ് ഉയർന്നു വന്നു. തത്ഫലമായി ഒന്നാംലോക മഹായുദ്ധകാലത്ത് ആരംഭിച്ച യുദ്ധ-ബത്ത (അലവൻസ്) വർദ്ധനവ് ആവശ്യപ്പെടുകയും സേവനത്തിന്റെ അല്ലെങ്കിൽ സേവന വ്യവസ്ഥകളുടെ അഭിവാജ്യ ഘടകമായി അത് മാറിത്തീരുകയും ചെയ്തു. ക്ഷാമബത്ത(ഡി.എ) എന്നത് ജീവനക്കാരുടെ അവകാശ പത്രികയിലെ അഭിവാജ്യ മുദ്രാവാക്യമായി മാറി. സർക്കാർ ജീവനക്കാരുടെ ശമ്പള സ്‌കെയിലും ശമ്പള ഘടനയും പുനർക്രമീകരിക്കുക എന്നത് അജണ്ടയിൽ കണ്ടു തുടങ്ങി. സാമ്രാജ്യത്വ യുദ്ധത്തിനായി യുദ്ധസമയത്ത് എടുത്ത ജീവനക്കാരെ യുദ്ധാനന്തരം നിഷ്‌ക്കരണം പുറന്തള്ളി. ഇത്തരമൊരു സന്ദർഭം ഒരു മുന്നേറ്റത്തിനുള്ള ത്വര ഉണർത്തി. ജീവനക്കാരുടെ വികാരവും മനോനിലയും തിരിച്ചറിഞ്ഞ അന്നത്തെ സർക്കാർ അവരുടെ വിഷമത്തേയും പ്രക്ഷോഭത്തേയും തണുപ്പിക്കുവാൻ 1946 മെയ് 10-ാം തീയതി ഒന്നാം കേന്ദ്ര ശമ്പള കമ്മീഷൻ രൂപീകരിച്ചു. ഇത് ജീവനക്കാരെ തൃപ്തരാക്കിയില്ല. സമരമുന്നേറ്റത്തെ തുടക്കത്തിൽ തന്നെ തെറ്റായി വഴിതിരിച്ചുവിടുക എന്ന കാഴ്ചപ്പാടോടെയായിരുന്നു ശമ്പള കമ്മീഷൻ കൊണ്ടുവന്നത്. പൂച്ചയ്ക്ക് ആരു മണികെട്ടും എന്നതായിരുന്നു ചോദ്യം. ഈ സാഹചര്യത്തിൽ ഇന്ത്യൻ കമ്പി തപാൽ വിഭാഗത്തിലെ താഴെത്തട്ടിലെ ജീവനക്കാർ മുന്നോട്ട് വന്നു.

പോസ്റ്റ്മാൻ ആൻഡ് ലോവർ ഗ്രേഡ് സ്റ്റാഫ് യൂണിയൻ (Postman and Lower Grade Staff Union) എന്ന അംഗീകാരമില്ലാത്ത ചെറിയ യൂണിയൻ 1946 ജൂലൈ 11 മുതൽ അനിശ്ചിതകാല സമരത്തിന് സർക്കാരിന് നോട്ടീസ് നൽകി. ഇതിനെ തുടർന്ന് ആൾ ഇന്ത്യാ ടെലിഗ്രാഫ് യൂണിയൻ (അഖിലേന്ത്യാ ടെലിഗ്രാഫ് യൂണിയൻ (All India Telegraph  Union) ഉണ്ടായി. പോസ്റ്റ്മാൻ, പ്യൂൺ, അഞ്ചലോട്ടക്കാർ, ഇ.ഡി (Extra Departmental) തുടങ്ങി താഴെത്തട്ടിലുള്ള ജീവനക്കാരും ഉൾപ്പടെ എല്ലാവരും അടങ്ങുന്ന യൂണിയനുകളുടെ നേതൃത്വത്തിൽ 72 വർഷങ്ങൾക്കുമുൻപ് അനിശ്ചിതകാല സമരത്തിന് ആഹ്വാനം നൽകി. ബഹുഭൂരിപക്ഷവും വിദ്യാഭ്യാസയോഗ്യതയുള്ളവരും, ട്രേഡ് യൂണിയൻ മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തിൽ വളർന്നുവന്നവരുമായ ഇന്നത്തെ തൊഴിലാളികളായിരുന്നില്ല അവർ എന്ന് സങ്കല്പിച്ചുനോക്കു. 72 വർഷങ്ങൾക്ക് മുമ്പ് എന്നത് ആവർത്തിക്കുവാൻ ആഗ്രഹിക്കുന്നു. ദേവൻ ചമൻലാലിന്റെ നേതൃത്വത്തിലുള്ള അംഗീകാരമുള്ള സംഘടനയായ ”നാഷ്ണൽ ഫെഡറേഷൻ ഓഫ് പി ആന്റ് റ്റി എംപ്ലോയീസ്” ആദ്യം തന്നെ പരസ്യമായി ഈ സമരത്തെ എതിർത്തു.
ബ്രിട്ടീഷ് സർക്കാർ ഈ സമരം നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കുകയും പിരിച്ചുവിടൽ ഭീഷണി ഉയർത്തുകയും ചെയ്തു. അധികാര കൈമാറ്റപ്രക്രിയക്ക് തടസ്സമായേക്കാം എന്നു പറഞ്ഞ് പല ദേശീയ നേതാക്കളും ഈ സമരത്തിനെതിരെ അതൃപ്തി അറിയിച്ചു. താമസിയാതെ പ്രധാനമന്ത്രിയാകാൻ പോകുന്ന ജവഹർലാൽ നെഹ്‌റു പി ആന്റ് റ്റി ജീവനക്കാരെ അദ്ദേഹത്തിന്റെ അനുഭാവം അറിയിക്കുകയും, എന്നാൽ മദ്ധ്യസ്ഥ ചർച്ചയിലൂടെ വിഷയം ഒത്തുതീർപ്പാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. സമരത്തിൽ നിന്നും പിൻമാറാൻ പലരും ഉപദേശിച്ചെങ്കിലും, നിരക്ഷരരും അർദ്ധനിരക്ഷരരുമായ ജീവനക്കാരും അവരുടെ ചെറിയ യൂണിയനുകളും സമരം എന്ന തീരുമാനത്തിൽ ഉറച്ചു നിന്നു. അത് അങ്ങനെതന്നെ സംഭവിക്കുകയും ചെയ്തു. 1946 ജൂലൈ 11നു സമരം ആരംഭിച്ചു.

ഏഴെട്ടു ദിവസങ്ങൾക്കുള്ളിൽ അന്നത്തെ അവിവിഭജിത ഇന്ത്യയിലെ മുഴുവൻ തപാൽ ജീവനക്കാരും ആ സമരത്തോടൊപ്പം ചേർന്നു. തത്ഫലമായി അംഗത്വമുണ്ടോ ഇല്ലയോ എന്ന വേർതിരിവില്ലാതെ തന്നെ തപാൽ വകുപ്പ് ജീവനക്കാരുടെ രാജ്യവ്യാപകസമരമായി അതു മാറി. സമരത്തെ പിന്തുണച്ചുകൊണ്ട് സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾ ക്ലാസ്സുകൾ ബഹിഷ്‌ക്കരിച്ച് പ്രകടനങ്ങൾ നടത്തി. തുടർന്ന് അവിവിഭജിത ആസ്സാം, ബംഗാൾ, പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങിയ പല സംസ്ഥാനങ്ങളിലും സമരം ആരംഭിച്ചു. എന്തുകൊണ്ട് ഇത്തരമൊരു കാഴ്ച ഇന്നുണ്ടാകുന്നില്ല.? ഇന്നുണ്ടാകുന്ന മുന്നേറ്റങ്ങളെ പിന്തുണച്ചുകൊണ്ട് സർക്കാർ ജീവനക്കാർഎന്തുകൊണ്ട് തെരുവിലിറങ്ങുന്നില്ല? സർക്കാർ ജീവനക്കാരുടേയും, അടിച്ചമർത്തപ്പെടുന്നവരുടേയും സമരത്തെ പിന്തുണച്ചുകൊണ്ട് വിദ്യാർത്ഥികളും യുവജനങ്ങളും പ്രക്ഷോഭങ്ങളുടെ പാതയിൽ അണിനിരക്കുന്നില്ല? ദേശീയമുഖത്തുനിന്നും എങ്ങനെ ഇത്തരം ദൃശ്യങ്ങൾ പൂർണ്ണമായും അപ്രത്യക്ഷമാകുന്നു? സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ-സാംസ്‌ക്കാരിക സാഹചര്യത്തെ സംബന്ധിച്ച കൃത്യമായ വിശകലനത്തിലും മനസ്സിലാക്കലിലുമാണ് അതിനുള്ള ഉത്തരമുള്ളത്.
നമ്മുടെ രാജ്യത്തെ നവോത്ഥാനം സൃഷ്ടിച്ച മൂല്യങ്ങളിലുണ്ടായ ച്യൂതി കൂട്ടായ പ്രക്ഷോഭങ്ങളിലും, ട്രേഡ് യൂണിയൻ പ്രക്ഷോഭങ്ങളിലും ഉണ്ടായ ദൗർലഭ്യങ്ങൾ ഉൾപ്പെടെ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

എന്തുതന്നെയായലും നമുക്ക് ജൂലൈ സമരത്തിന്റെ ചരിത്രത്തിലേക്ക് തിരിച്ചുപോകാം. ഇന്ത്യ സ്വതന്ത്രയാകുന്നതിനു മുൻപ് അഫിലിയേഷൻ പരിഗണനയില്ലാതെ എല്ലാവരേയും ഉൾക്കൊള്ളുന്ന ഒരൊറ്റ ട്രേഡ് യൂണിയൻ പ്രസ്ഥാനമേ ഉണ്ടായിരുന്നുള്ളു. അതിന്റെ നേതാക്കളും പ്രവർത്തകരും ഈ സമരത്തെ പിന്തുണക്കുകയും ചില ഘട്ടങ്ങളിൽ വളരെ നിർണ്ണായക പങ്കുവഹിക്കുകയും ചെയ്തു. നമ്മുടെ സംഘടന അക്കാലത്ത് രൂപീകരിക്കപ്പെട്ടിരുന്നില്ല. എങ്കിലും അതിന്റെ ഭാവി നേതാക്കന്മാരും പ്രവർത്തകരും വളരെ പ്രധാനപ്പെട്ട ഒരു പങ്കുവഹിച്ചു. ബ്രിട്ടീഷ് സർക്കാരും അവരുടെ കൂട്ടാളികളും അധികാരത്തിൽ അവരോരിധരാകുവാൻ കാത്തിരുന്ന നേതാക്കളും സമരത്തെ തച്ചുടക്കുവാൻ ശ്രമിച്ചു. എങ്കിലും സമരം മുന്നേറുകതന്നെ ചെയ്തു. ഈ പ്രക്രിയയിലൂടെയാണ്1946 ജൂലൈ ആവിർഭവിച്ചത്.
ആ ദിവസം രാജ്യവ്യാപക പ്രക്ഷോഭം നടന്നു. കൽക്കത്തയൊന്നാകെ തെരുവിലിറങ്ങിയതിന് നഗരം സാക്ഷിയായി. ഇന്ന് ഷഹീദ്‌മൈതാൻ എന്നറിയപ്പെടുന്ന മോണുമെന്റ് മൈതാനിയിലേക്ക് ജീവനക്കാരും തൊഴിലാളികളും പ്രവഹിച്ചു. തൊഴിലാളികളേയും, ജീവനക്കാരേയും വിദ്യാർതഥികളേയും സ്വീകരിക്കുവാൻ തെരുവിന് ഇരുവശവും ജനങ്ങൾ കാത്തുനിന്നു. സമരക്കാരെ സ്വീകരിക്കുവാൻ പോലീസും പട്ടാള ഉദ്യോഗസ്ഥരും ഉൾപ്പെടെ ഉണ്ടായിരുന്നു. ഈ സമരത്തിൽ ഒരു സാമ്രാജ്യത്വ വിരുദ്ധ മനോഭാവം ദർശിക്കുവാൻ ജനങ്ങൾക്കു കഴിഞ്ഞു. ഈ സമരത്തേയും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കണക്കാക്കി.

ഈ ജനസഞ്ചയത്തെ അഭിസംബോധന ചെയ്തത് തലമുതിർന്ന പത്രപ്രവർത്തകനും അതിശക്തനായ ട്രേഡ് യൂണിയൻ നേതാവുമായ സഖാവ് മൃണാൾകാന്തി ബോസ് ആയിരുന്നു. നമ്മുടെ സംഘടന എഐയുറ്റിയുസി 1949 മെയ് 1ന് യുറ്റിയുസി എന്ന പേരിൽ സ്ഥാപിക്കപ്പെട്ടപ്പോൾ സഖാവ് മൃണാൾ കാന്തി ബോസ് അതിന്റെ ആദ്യ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 29ന്റെ റാലിയുടെ വാർത്ത നൽകി കൊണ്ട് അമൃത ബസാർ പത്രിക അന്ന് പറഞ്ഞത് ”തിങ്കളാഴ്ചത്തെ സമരം ഒരു പരീക്ഷണമാണ്, ഇതിൽ നിന്നും ധാരാളം പാഠങ്ങൾ പഠിക്കാനുണ്ട് പ്രത്യേകിച്ചു സർക്കാരിന്.” തീർച്ചയായും ഇന്നും തൊഴിലാളികൾക്കും, തൊഴിലാളി സംഘടനാ നേതാക്കന്മാർക്കും, സർക്കാരുകൾക്കും, വ്യവസ്ഥാപിത സംഘടനകൾക്കും അതിൽ നിന്നും ധാരാളം പാഠങ്ങൾ പഠിക്കാനുണ്ട്.
വിജയകരമായ സമരത്തിനുശേഷം, അന്നത്തെ സർക്കാർ ഒത്തുതീർപ്പിലൂടെ രംഗം ശാന്തമാക്കുവാൻ ശ്രമിക്കുകയും, ആഗസ്റ്റ് 3 ന് ബോംബെയിൽ ഒരു മീറ്റിംഗ് വിളിച്ചു ചേർക്കുകയും, അവർക്ക് നേതാക്കന്മാർക്കിടയിലെ ഒരു വിഭാഗത്തെ ഒപ്പം കൂട്ടുവാനും കഴിഞ്ഞു. എന്നാൽ അവിഭജിത ബംഗാളിലെയും ആസ്സാമിലെയും മൃണാൾകാന്തി ബോസിനാൽ നയിക്കപ്പെട്ട നേതൃത്വവും സ്വാതന്ത്ര്യ സമരത്തിലെ അനനുരജ്ഞനധാരയും രാജ്യത്താകമാനം ഒത്തുതീർപ്പിനെ തള്ളിക്കളഞ്ഞു. തത്ഫലമായി ആഗസ്റ്റ് 6ന് ഡൽഹിയിൽ ഒരു ചർച്ചയ്ക്ക്, മൃണാൾകാന്തി ബോസിനെയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരെയും വിളിക്കുവാൻ സർക്കാർ നിർബന്ധിതരായി. ദീർഘനേരം നീണ്ടുനിന്ന ചർച്ചക്കൊടുവിൽ പ്രധാനപ്പെട്ട എല്ലാ ഡിമാന്റുകളും സർക്കാരിന് അംഗീകരിക്കേണ്ടി വന്നു. നമ്മുടെ സംഘടന രൂപീകരിക്കുന്നതിന് വർഷങ്ങൾക്ക് മുൻപ് സഖാവ് ശിബ്ദാസ് ഘോഷും അദ്ദേഹത്തിന്റെ അനുയായികളും സമര സംഘാടകരായി മാറിയ സമരം ഇതായിരുന്നു. വർഷങ്ങൾക്കുശേഷമാണ് സഖാവ് ശിബ്ദാസ് ഘോഷ് പ്രസിഡന്റായിക്കൊണ്ട് നമ്മുടെ സംഘടന രൂപീകരിച്ചത്.
1947ൽ നമ്മുടെ രാജ്യത്തിന് രാഷ്ട്രീയധികാരം ലഭിച്ചു. ചരിത്രമായി മാറിയ ജൂലൈ 29 സമരത്തിനുശേഷം കാലം ഏറെക്കടന്നപ്പോൾ വസ്തുതാപരമായി, ആകമാനമുള്ള അവസ്ഥ അധ:പതനത്തിന്റേതാണ്. സംയുക്തപ്രക്ഷോഭം ഉൾപ്പെടെ ഏതു മുന്നണിയിലും ക്രമേണ പ്രതിസന്ധികൾ പ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ജൂലൈ 29ന് നമ്മൾ സൃഷ്ടിച്ച ഐക്യത്തിന്റെ പാഠങ്ങളെ വിപ്ലവ-ബഹുജനമുന്നേറ്റങ്ങളുടെ പ്രവൃത്തിപഥത്തിലേക്ക് എത്തിക്കുക എന്നതാണ് പ്രതിസന്ധികളെ മറികടക്കുവാനുള്ള മാർഗ്ഗം.

പക്ഷേ പ്രതിസന്ധികൾ പതിൻമടങ്ങായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ചരിത്രമായി മാറിയ ജൂലൈ 29 പ്രക്ഷോഭത്തിന്റെ ചെയർമാനായിരുന്ന മൃണാൾകാന്തി ബോസ് ചൂണ്ടികാട്ടിയ കാര്യങ്ങൾ, അതീവഗുരുതരമായ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന തൊഴിലാളി വർഗ്ഗ മുന്നേറ്റങ്ങൾക്ക് ഇന്നും വഴികാട്ടിയാണ്. ഈ പാഠങ്ങൾ കൃത്യമായി ഉൾക്കൊള്ളുകയും പ്രവർത്തി പഥത്തിലെത്തിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ കർത്തവ്യം.

Share this post

scroll to top