ഉത്തർപ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗ കേസിലെ പ്രതികളെ കര്‍ശനമായി ശിക്ഷിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് എഐഡിഎസ്ഒ സെപ്റ്റംബർ 30ന് ദേശവ്യാപകമായി കരിദിനം ആചരിച്ചു. പാടത്ത് പണിയെടുക്കുമ്പോൾ കൂട്ട ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത്. അമ്മയുൾപ്പടെയുളള ബന്ധുക്കളെ മൃതദേഹം കാണുവാൻ പോലീസ് അനുവദിച്ചില്ല. ഇത്തരം സംഭവങ്ങൾ നമ്മുടെ രാജ്യത്ത് സ്ത്രീകളുടെ ദയനീയമായ അവസ്ഥയാണ് കാണിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരും യു പി സംസ്ഥാന സർക്കാരും സ്ത്രീകളുടെയും കുട്ടികളുടെയും മാന്യത സംരക്ഷിക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടിരിക്കുന്നു. യോഗി ആദിത്യനാഥിന്റെ ഭരണത്തില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള പൈശാചികമായ ബലാത്സംഗകൊലപാതകങ്ങള് ലക്കുംലഗനുമില്ലാതെ പെരുകുകയാണ്. പട്ടിണി മരണങ്ങളും കുറ്റകൃത്യങ്ങളും സ്ത്രീകള്‍ പിന്നാക്ക, മുസ്ലീം തുടങ്ങി ന്യൂനപക്ഷ, ദുര്ലബവിഭാഗങ്ങള്ക്കുനേരെയുള്ള ആക്രമണങ്ങളും ആള്‍ക്കൂട്ടക്കൊലപാതകങ്ങളും യുപിയില്‍ വര്‍ദ്ധിക്കുന്നു. ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കേണ്ട പോലീസ് കുറ്റവാളികളുടെ പക്ഷത്തു നിൽക്കുകയും, രാഷ്ട്രീയക്കാരും പോലീസുകാരും കുറ്റവാളികളും തമ്മിലുള്ള അവിശുദ്ധ ബന്ധം ഓരോ ദിവസം കഴിയുന്തോറും ദൃഢമാവുകയും ചെയ്തുകൊണ്ടിരിക്കുന്നു. ശിക്ഷയുടെ കാലതാമസവും കുറ്റവാളികൾക്ക് ശിക്ഷ നൽകാത്തതും ഇത്തരം ഭയാനകമായ സംഭവങ്ങൾ നടത്താൻ കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുന്നു. കരിദിനാചരണത്തിന്റെ ഭാഗമായി നടന്ന പ്രതിഷേധ പരിപാടിയിൽ എഐഡിഎസ്ഒ സംസ്ഥാന സെക്രട്ടറി പി കെ പ്രഭാഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് അലീന എസ്, ജില്ലാ സെക്രട്ടറി വിദ്യ വി.പി എന്നിവർ പ്രസംഗിച്ചു.