ഫ്രെഡറിക് എംഗൽസ്‌

Friedrich_Engels_1981.jpg

*1820-1895+ Politiker, D PortrÑt - undatiert

Share

‘യുക്തിയുടെ എത്രയോ മഹത്തായ
പന്തമാണ് അണഞ്ഞുപോയത്
നിലച്ചത് എത്രയോ മഹത്തായ ഹൃദയ സ്പന്ദനം’

മഹാനായ മാർക്‌സിന്റെ നിര്യാണത്തിനുശേഷം ലോക തൊഴിലാളി വർഗത്തിന്റെ നേതാവും
ഗുരുനാഥനും ഏംഗൽസായിരുന്നു. ഇരുവരും ചേർന്നാണ് മാർക്‌സിസം എന്ന മഹത്തായ തത്വചിന്തയ്ക്ക് രൂപം നൽകിയത്. മുതലാളിത്ത സമൂഹത്തിന്റെ എല്ലാ വ്യാധികളിൽനിന്നും സമൂഹത്തെ മോചിപ്പിക്കാൻ തൊഴിലാളി വർഗത്തിന്റെ നേതൃത്വത്തിൽ ചൂഷിതരും അടിച്ചമർത്തപ്പെടുന്നവരുമായ മുഴുവൻ ജനവിഭാഗങ്ങളും അണിനിരക്കേണ്ടതുണ്ടെന്ന് മാർക്‌സിസം പഠിപ്പിച്ചു. ചരിത്രപ്രയാണത്തിൽ സബോധമായ ഇടപെടലിന് അത് അദ്ധ്വാനിച്ചു ജീവിക്കുന്നവരെ പ്രാപ്തരാക്കി. ആദർശാത്മകമായ ലോകത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങളുടെ സ്ഥാനത്ത് മാർക്‌സിസം ചൂഷണമുക്തമായ യഥാർത്ഥ ലോകത്തിന്റെ സൃഷ്ടിക്കായുള്ള ശാസ്ത്രം പ്രദാനംചെയ്തു. മഹാനായ ഏംഗല്‍സിന്റെ 200-ാം ജന്മവാര്‍ഷിക വേളയില്‍ അദ്ദേഹത്തിന്റെ അര്‍ഹനായ ശിഷ്യന്‍ മഹാനായ ലെനിന്‍ എഴുതിയ ലേഖനം ഞങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുകയാണ്.

‘യുക്തിയുടെ എത്രയോ മഹത്തായ
പന്തമാണ് അണഞ്ഞുപോയത്
നിലച്ചത് എത്രയോ മഹത്തായ ഹൃദയ സ്പന്ദനം’

1895 ആഗസ്റ്റ് 5ന് ഫ്രെഡറിക് എംഗൽസ് ലണ്ടനിൽ അന്തരിച്ചു. 1883-ൽ, ഉറ്റ സുഹൃത്തായ കാൾമാർക്‌സിന്റെ നിര്യാണശേഷം ലോകത്താകെ ആധുനിക തൊഴിലാളിവർഗ്ഗത്തിന്റെ ഏറ്റവും ഉജ്വലനായ പണ്ഡിതനും ഗുരുനാഥനും എംഗൽസ് ആയിരുന്നു. വിധി ഒരുമിപ്പിച്ചതിനുശേഷം ഈ രണ്ടു സുഹൃത്തുക്കളും, തങ്ങളുടെ ജീവിതവും പ്രവർത്തനവും ഒരു പൊതുലക്ഷ്യത്തിനായി സമർപ്പിച്ചു. തൊഴിലാളി വർഗ്ഗത്തിനുവേണ്ടി എംഗൽസ് എന്താണ് ചെയ്തത് എന്നറിയണമെങ്കിൽ, സമകാലിക തൊഴിലാളിവർഗ്ഗ പ്രക്ഷോഭങ്ങൾ വികസിപ്പിച്ചെടുക്കുന്നതിൽ മാർക്‌സിന്റെ പാഠങ്ങളും പ്രവൃത്തികളും എത്രമേൽ പ്രധാനമായിരുന്നു എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
തൊഴിലാളി വർഗ്ഗവും അവർ മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങളും നിലനിൽക്കുന്ന സാമ്പത്തിക ക്രമത്തിന്റെയും മുതലാളിത്ത വ്യവസ്ഥിതിയുടെയും അനിവാര്യഫലമാണ് എന്ന് ഇദംപ്രഥമമായി ചൂണ്ടിക്കാണിച്ചത് മാർക്‌സും എംഗൽസുമായിരുന്നു. മുതലാളിത്തമാണ് തൊഴിലാളി വർഗ്ഗത്തെ സൃഷ്ടിച്ചതും അവർ സംഘടിക്കാൻ ഇടയാക്കിയതും.

ഉൽകൃഷ്ട ചിത്തരായ മനുഷ്യർ നടത്തുന്ന സദുദ്ദേശപരമായ ഇടപെടലുകളിലൂടെയല്ല, മറിച്ച് സംഘടിത തൊഴിലാളി വർഗ്ഗം നടത്തുന്നവർഗസമരത്തിലൂടെ മാത്രമേ മാനവരാശിയെ, ഇപ്പോൾ അടിച്ചമർത്തിക്കൊണ്ടിരിക്കുന്ന തിന്മകളിൽ നിന്ന് മുക്തമാക്കാൻ സാധിക്കൂ എന്നവർ ചൂണ്ടിക്കാട്ടി. ആധുനിക സമൂഹത്തിൽ ഉൽപാദനശക്തികളുടെ വികാസത്തിന്റെ അനിവാര്യ ഫലവും തൊഴിലാളി വർഗത്തിന്റെ ആത്യന്തിക ലക്ഷ്യവുമാണ് സോഷ്യലിസം, അല്ലാതെ സ്വപ്‌നദർശികളുടെ കണ്ടെത്തലല്ല എന്ന് തങ്ങളുടെ ശാസ്ത്രീയ കൃതികളിലൂടെ ആദ്യം വിശദീകരിച്ചത് മാർക്‌സും എംഗൽസുമാണ്.
ഇത:പര്യന്തമുള്ള ലിഖിത ചരിത്രം വർഗ്ഗസമരത്തിന്റെ ചരിത്രമാണ്. ഒരു വർഗത്തെ നിഷ്‌കാസനം ചെയ്ത് മറ്റൊരു വർഗ്ഗം അധികാരം പിടിച്ചെടുത്ത് ഭരണത്തുടർച്ചനിലനിർത്തുകയാണ് ചെയ്യുന്നത്. വർഗ്ഗാധിപത്യത്തിന്റെയും വർഗ്ഗസമരത്തിന്റെയും അടിത്തറയായ സ്വകാര്യസ്വത്തും ഉൽപാദന രംഗത്തെ അരാജകത്വവും അവസാനിക്കുവോളം ഇത് തുടരും. മുതലാളിത്ത അടിത്തറ തകർക്കുക എന്നതാണ് തൊഴിലാളി വർഗ്ഗ താൽപര്യം. അതുകൊണ്ടുതന്നെ തൊഴിലാളി വർഗ്ഗത്തിന്റെ സമരങ്ങൾ ഈ ദിശയിലേയ്ക്കാണ് നയിക്കപ്പെടേണ്ടത്. എല്ലാ വർഗസമരങ്ങളും ഒരു രാഷ്ട്രീയ സമരമാണ്.
വിമോചനത്തിനു വേണ്ടി പൊരുതുന്ന ലോകമെമ്പാടുമുള്ള തൊഴിലാളി വർഗ്ഗം മാർക്‌സിന്റെയും എംഗൽസിന്റെയും കാഴ്ചപ്പാടുകൾ ഇന്ന് ഏറ്റെടുത്തു കഴിഞ്ഞു. എന്നാൽ 1840 കളിൽ ഈ രണ്ടു സുഹൃത്തുക്കളും സോഷ്യലിസ്റ്റ് സാഹിത്യരചനയിലും സാമൂഹ്യ പ്രസ്ഥാനങ്ങളിലും സജീവമായി ഏർപ്പെട്ടുകൊണ്ടിരുന്ന കാലത്ത് ഈ കാഴ്ചപ്പാടുകൾ തികച്ചും നൂതനമായിരുന്നു.
ഏകാധിപത്യ രാജവാഴ്ചയ്‌ക്കെതിരെയും രാഷ്ടീയ സ്വാതന്ത്ര്യത്തിനുവേണ്ടിയും പോലീസിനും പാതിരിമാർക്കുമെതിരെയുമൊക്കെ സമരം ചെയ്തുകൊണ്ടിരുന്ന പ്രതിഭാധനൻമാരും, അങ്ങനെയല്ലാത്ത സാധാരണക്കാരായ ആളുകളും, സത്യസന്ധരും അങ്ങനെയല്ലാത്ത കാപട്യക്കാരായ ആളുകളും മനസ്സിലാക്കാതെ പോയ കാര്യമാണ് മുതലാളി വർഗ്ഗവും തൊഴിലാളി വർഗ്ഗവും തമ്മിലുള്ള പ്രതിയോഗിത വൈരുദ്ധ്യം. ഒരു സ്വതന്ത്ര സാമൂഹ്യശക്തിയായി തൊഴിലാളികളെ ഉൾക്കൊള്ളാൻ അവർക്കായില്ല.

മറുവശത്ത്, പ്രതിഭാശാലികളുൾ പ്പെടെയുള്ള പലരും കരുതിയിരുന്നത് നിലനിൽക്കുന്ന സാമൂഹ്യക്രമത്തിന്റെ അനീതി ഭരണാധികാരികളെ ബോധ്യപ്പെടുത്തേണ്ടതാണെന്നും അവർക്കത് ബോധ്യപ്പെടുന്ന പക്ഷം സമാധാനവും ബഹുജനക്ഷേമവും ഭുമിയിൽ സ്ഥാപിക്കാനാകുമെന്നുമാണ്. യാതനയേതുമില്ലാതെ സോഷ്യലിസം വരുന്നതിനെക്കുറിച്ചാണ് അവർ സ്വപ്‌നം കണ്ടിരുന്നത്. എന്നു മാത്രവുമല്ല അക്കാലത്തെ സോഷ്യലിസ്റ്റുകളും തൊഴിലാളി വർഗ്ഗത്തിന്റെ ചങ്ങാതിമാരും തൊഴിലാളി വർഗ്ഗത്തെ ഒരു അൾസർ എന്ന നിലയിലാണ് കണ്ടിരുന്നത്. വ്യവസായ വികാസത്തോടൊപ്പം അൾസറും വളരുന്നു എന്നത് ഭയപ്പാടോടെ അവർ നിരീക്ഷിക്കുകയും ചെയ്തിരുന്നു. തൊഴിലാളി വർഗ്ഗത്തിന്റെ വളർച്ചയ്ക്ക് തടയിടാൻ വ്യവസായവത്ക്കരണത്തെത്തന്നെ തടയുവാനാണ് അവർ ഉദ്യമിച്ചത്. അതായത് ചരിത്രത്തിന്റെ ചക്രങ്ങൾക്ക് തടയിടുവാൻ!
മാർക്‌സും എംഗൽസും തൊഴിലാളി വർഗ്ഗത്തിന്റെ വളർച്ചയിൽ പരിഭ്രമിച്ചില്ല എന്നു മാത്രമല്ല തൊഴിലാളി വർഗ്ഗത്തിന്റെ വളർച്ചയിലായിരുന്നു അവരുടെ പ്രതീക്ഷയത്രയും. തൊഴിലാളികളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് വിപ്ലവവർഗ്ഗത്തിന്റെ ശക്തി വർദ്ധിക്കും. സോഷ്യലിസം സ്ഥാപിതമാകു വാനുള്ള സാധ്യത വർദ്ധിക്കും. മാർക്‌സും എംഗൽസും തൊഴിലാളി വർഗ്ഗത്തിനു നൽകിയ സേവനം ചുരുക്കി പറഞ്ഞാൽ, സ്വയം മനസ്സിലാക്കുവാനും അവനവനെക്കുറിച്ച് ബോധവാൻമാരായിരിക്കുവാനും അവർ തൊഴിലാളി വർഗ്ഗത്തെ പഠിപ്പിച്ചു. സ്വപ്‌നങ്ങളുടെ സ്ഥാനത്ത് ശാസ്ത്രത്തെ പ്രതിഷ്ഠിക്കുകയും ചെയ്തു.

അതുകൊണ്ടാണ് എംഗൽസിന്റെ പേരും ജീവിതവും തൊഴിലാളികൾ അറിയേണ്ടിയിരിക്കുന്നത്. റഷ്യൻ തൊഴിലാളികളിൽ വർഗ്ഗ ബോധം വളർത്തിയെടുക്കുവാൻ ലക്ഷ്യം വയ്ക്കുന്ന ഈ ലേഖന സമാഹാരത്തിൽ, ആധുനിക തൊഴിലാളി വർഗ്ഗത്തിന്റെ മഹാൻമാരായ രണ്ടു ഗുരുനാഥൻമാരില്‍ ഒരാളായ എംഗൽസിന്റെ ജീവിതത്തിന്റെയും പ്രവർത്തനങ്ങളുടെയും ഒരു രേഖാചിത്രം ഉൾപ്പെടുത്തുന്നത് അതുകൊണ്ടാണ്.
പ്രഷ്യൻ രാജവാഴ്ചയ്ക്ക് കീഴിലായിരുന്ന റൈൻ പ്രവിശ്യയിലെ ബർമൻ എന്ന പ്രദേശത്ത് 1820 ലാണ് എംഗൽസ് ജനിച്ചത്. എംഗൽസിന്റെ പിതാവ് ഒരു വ്യവസായി ആയിരുന്നു. 1838-ൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തീകരിക്കുന്നതിനു മുമ്പുതന്നെ കുടുംബ സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ബ്രീ മൗനിലെ ഒരു വാണിജ്യസ്ഥാപനത്തിൽ ക്ലർക് ആയി ജോലിക്ക് ചേരേണ്ടി വന്നു. തത്വശാസ്ത്ര പഠനമാണ് പിന്നീട് അദ്ദേഹത്തിന് വഴികാട്ടി ആയത്. തത്വശാസ്ത്രത്തിൽ ഹെഗലിന്റെ ചിന്താഗതികൾക്കായിരുന്നു അന്ന് മേൽക്കൈ. എംഗൽസ് ഹെഗലിന്റെ ശിഷ്യനായി. പ്രഷ്യൻ ഭരണ കുടത്തെ ശക്തമായി പിന്തുണച്ചിരുന്നുവെങ്കിലും ബർലിൻ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായിരുന്ന ഹെഗലിന്റെ ആശയങ്ങൾ വിപ്ലവകരമായിരുന്നു.
മനുഷ്യന്റെ യുക്തിബോധത്തിലും അതിന്റെ അവകാശങ്ങളിലും ഹെഗൽ അർപ്പിച്ചിരുന്ന വിശ്വാസവും പ്രപഞ്ചം നിരന്തരമായ മാറ്റത്തിനും വികാസത്തിനും വിധേയമാണ് എന്ന ഹെഗലിയൻ തത്വചിന്തയുടെ അടിസ്ഥാന പ്രമേയവും, നിലവിലുള്ള സ്ഥിതി അംഗീകരിക്കാൻ കൂട്ടാക്കാതിരുന്ന ഹെഗലിന്റെ ശിഷ്യരിൽ ചിലരെ നിലവിലെ സാഹചര്യത്തിനെതിരായ സമരവും നിലനിൽക്കുന്ന അനീതികൾക്കും തിൻമകൾക്കുമെതിരായ സമരവും കൂടെ നിരന്തരമായ വികാസത്തിന് വിധേയമാക്കപ്പെടേണ്ടതാണ് എന്ന ആശയത്തിൽ എത്തിച്ചു.
എല്ലാം വികാസത്തിന് വിധേയമെങ്കിൽ ഒന്ന് മറ്റൊന്നിന് വഴിമാറുക എന്നത് നിരന്തരം സംഭവിക്കുന്നുവെങ്കിൽ റഷ്യൻ സാറിന്റെയും പ്രഷ്യൻ രാജാവിന്റെയും ഭരണം തുടർന്നുകൊണ്ടേയിരി ക്കുന്നത് എങ്ങനെ? ഒരു ന്യൂനപക്ഷം ബഹുഭൂരിപക്ഷത്തിന്റെയും ചെലവിൽ സമ്പന്നരാകുന്നത് എങ്ങനെ? മുതലാളിത്ത മേധാവിത്വം ജനങ്ങൾക്കുമേൽ അനസ്യൂതം തുടരുന്നത് എങ്ങനെ?
ഹെഗലിന്റെ തത്വശാസ്ത്രം ചർച്ച ചെയ്തത് മനസ്സിന്റെയും ആശയങ്ങളുടെയും വികാസത്തെക്കുറിച്ചാണ്. അത് ആശയവാദപരമായിരുന്നു. മനസ്സിന്റെ വികാസത്തിൽ നിന്ന് പ്രകൃതിയുടെയും മനുഷ്യന്റെയും മാനുഷിക ബന്ധങ്ങളുടെയും വികാസം അനുമാനിച്ചെടുക്കുകയായിരുന്നു അത്. ഹെഗലിന്റെ നിരന്തര വികാസമെന്ന ആശയത്തെ പിന്തുണയ്ക്കുമ്പോൾത്തന്നെ ആശയവാദ സമീപനത്തോട് മാർക്‌സും എംഗൽസും വിയോജിച്ചു. മനസിന്റെ വികാസത്തിലൂടെ പ്രകൃതിയുടെ വികാസം വിശദീകരിക്കപ്പെടുന്നു എന്നല്ല, മനസ്സിന്റെ വിശദീകരണം പ്രകൃതിയിൽ നിന്ന് അഥവാ പദാർത്ഥത്തിൽ നിന്നാണ് എന്ന് ജീവിതത്തെ നിരീക്ഷിച്ചതിൽ നിന്ന് അവർ കണ്ടെത്തി.
മാർക്‌സും എംഗൽസും ഭൗതികവാദികൾ ആയിരുന്നു. ഹെഗലിനെയും ശിഷ്യൻമാരെയുംപോലെ ആശയവാദികൾ ആയിരുന്നില്ല. എല്ലാ പ്രാപഞ്ചിക പ്രതിഭാസങ്ങൾക്കും പിന്നിൽ ഭൗതികമായ കാരണങ്ങൾ ഉണ്ട് എന്നതുപോലെ മനുഷ്യസമൂഹത്തിന്റെ വികാസത്തിനുപിന്നിലും ഭൗതിക ശക്തികളുടെ, ഉൽപ്പാദനശക്തികളുടെ വികാസമാണ് എന്നവർ കണ്ടെത്തി. സമൂഹത്തിന്റെ ആവശ്യകതകളെ മുൻനിർത്തി മനുഷ്യൻ പരസ്പരം സൃഷ്ടിക്കുന്ന ഉൽപ്പാദന ബന്ധം ഉൽപ്പാദനശക്തികളുടെ വികാസത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. സാമൂഹ്യ ജീവിതത്തിലെ എല്ലാ പ്രതിഭാസങ്ങളെയും മനുഷ്യന്റെ ആശയ അഭിലാഷങ്ങളെയും നിയമങ്ങളെയും ഒക്കെക്കുറിച്ചുള്ള വിശദീകരണങ്ങൾ ഈ ബന്ധത്തിലാണ് നിഹിതമായിരിക്കുന്നത്. ഉൽപ്പാദനശക്തികളുടെ വളർച്ച സ്വകാര്യസ്വത്തിൽ അധിഷ്ഠിതമായ സാമൂഹ്യബന്ധങ്ങൾ സൃഷ്ടിക്കുന്നു. എന്നാൽ സ്വകാര്യ സ്വത്തിന്റെ വളർച്ച, ബഹുഭൂരിപക്ഷത്തിനും സ്വത്ത് നിഷേധിക്കുകയും ഒരു ചെറു ന്യൂനപക്ഷത്തിന്റെ കരങ്ങളിൽ സ്വത്ത് കേന്ദ്രീകരിക്കപ്പെടാൻ ഇടയാക്കുകയും ചെയ്യുന്നുവെന്ന് ഇന്ന് നാം കാണുന്നു. ഉൽപ്പാദനശക്തികളുടെ വളർച്ച, ആധുനിക സാമൂഹ്യക്രമത്തിന്റെ അടിത്തറയായ സ്വകാര്യ സ്വത്തിന് വിരാമമിടുന്നു. സോഷ്യലിസ്റ്റുകൾ മുന്നോട്ടു വച്ച അതേ ലക്ഷ്യത്തിലേയ്ക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ആധുനിക സമൂഹത്തിൽ, പദവിയുടെ പ്രത്യേകതകൊണ്ട് ഏതു സാമൂഹ്യശക്തിയാണോ സോഷ്യലിസം കൊണ്ടുവരുന്നതിൽ തൽപരരായിട്ടുള്ളത് എന്ന് മനസ്സിലാക്കി, ആ ശക്തികളെ തങ്ങളുടെ ചരിത്രപരമായ കടമകളെ സംബന്ധിച്ചും താൽപര്യത്തെ സംബന്ധിച്ചും ബോധവാൻമാരാക്കുക എന്നതാണ് സോഷ്യലിസ്‌ററുകളുടെ കർത്തവ്യം. ഈ സാമൂഹ്യശക്തി തൊഴിലാളി വർഗ്ഗമാണ്.

പിതാവ് ഓഹരി പങ്കാളിയായിരുന്ന വാണിജ്യകേന്ദ്രത്തിൽ ജോലി നോക്കവേ, 1842 മുതൽ മാഞ്ചസ്റ്ററിൽ ജീവിച്ചിരുന്നപ്പോൾ, ഇംഗ്ലീഷ് വ്യവസായത്തിന്റെ കേന്ദ്രമായ ഇംഗ്ലണ്ടിലെ തൊഴിലാളികളെക്കുറിച്ച് മനസ്സിലാക്കുവാൻ എംഗൽസിന് അവസരം കൈവന്നു. ഓഫീസിൽ ചടഞ്ഞിരിക്കുന്നതിന് പകരം, എംഗൽസ് തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ചേരികൾ സന്ദർശിക്കുകയും അവരുടെ ദാരിദ്ര്യവും ക്ലേശങ്ങളും നേരിൽ കണ്ട് മനസ്സിലാക്കുകയും ചെയ്തു. എന്നിരിക്കിലും സ്വന്തം നിരീക്ഷണങ്ങളിൽ അദ്ദേഹം ഒതുങ്ങി നിന്നില്ല. ഇംഗ്ലണ്ടിലെ തൊഴിലാളി വർഗ്ഗത്തിന്റെ അവസ്ഥയെ സംബന്ധിച്ച് ലഭ്യമായതെല്ലാം അദ്ദേഹം വായിച്ചു. ലഭ്യമായ ഒദ്യോഗിക രേഖകളെല്ലാം ശ്രദ്ധാപൂർവ്വം അദ്ദേഹം പഠിച്ചു.
ഈ പഠനങ്ങളുടെയും നിരീക്ഷണങ്ങളുടെയും ഫലമായിരുന്നു 1845-ൽ പ്രസിദ്ധീകൃതമായ ‘ഇംഗ്ലണ്ടിലെ തൊഴിലാളി വർഗ്ഗത്തിന്റെ അവസ്ഥ’ എന്ന കൃതി.
ഇംഗ്ലണ്ടിലെ തൊഴിലാളി വർഗ്ഗത്തിന്റെ അവസ്ഥ എന്ന കൃതിയിലൂടെ എംഗൽസ് നൽകിയ മികച്ച സംഭാവന എന്താണ് എന്ന നാം കണ്ടു കഴിഞ്ഞു. എംഗൽസിന് മുമ്പുതന്നെ നിരവധി ആളുകൾ തൊഴിലാളികളുടെ ദുരവസ്ഥയെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. അവരെ സഹായിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. എന്നാൽ തൊഴിലാളി വർഗ്ഗം, കഷ്ടതയനുഭവിക്കാൻ വിധിക്കപ്പെട്ട വർഗ്ഗം മാത്രമല്ലെന്നും തൊഴിലാളികളുടെ അപമാനകരമായ സാമ്പത്തിക നിലയാണ്, അപ്രതിരോധിതമായി മുന്നേറാനും അന്തിമവിമോചനത്തിനായി പൊരുതാനും തൊഴിലാളി വർഗ്ഗത്തെ പ്രേരിപ്പിക്കുന്നത് എന്ന് ആദ്യമായി ചൂണ്ടിക്കാട്ടിയത് എംഗൽസാണ്. പൊരുതുന്ന തൊഴിലാളി വർഗ്ഗം സ്വയം സഹായിച്ചുകൊള്ളും. തങ്ങളുടെ യഥാർത്ഥ മുക്തി സോഷ്യലിസമാണ് എന്ന അനിവാര്യമായ പാഠം തൊഴിലാളി വർഗ്ഗത്തിന്റെ രാഷ്ട്രീയ പോരാട്ടങ്ങളിലൂടെ തൊഴിലാളികൾ പഠിച്ചെടുക്കും. തൊഴിലാളി വർഗത്തിന്റെ രാഷ്ട്രീയ സമരങ്ങളുടെ ലക്ഷ്യം സോഷ്യലിസമാകുമ്പോൾ മാത്രമേ സോഷ്യലിസം ഒരു ശക്തിയായി തീരൂ. ഇംഗ്ലണ്ടിലെ തൊഴിലാളി വർഗ്ഗത്തിന്റെ സ്ഥിതി എന്ന എംഗൽസിന്റെ കൃതിയിലെ പ്രധാന ആശയഗതികൾ ഇതൊക്കെയാണ്. ഇന്ന് ഏവരും എറ്റെടുക്കുന്ന ആശയങ്ങളാണ് എന്നിരിക്കിലും അക്കാലത്ത് ഇവ തികച്ചും നൂതനമായിരുന്നു.
ഇംഗ്ലണ്ടിലെ തൊഴിലാളി വർഗ്ഗത്തിന്റെ ശോച്യാവസ്ഥയുടെ നേർസാക്ഷ്യപ്പെടുത്തലും ഞെട്ടിപ്പിക്കുന്നതുമായ ചിത്രങ്ങളോടൊപ്പം ഹൃദയാവർജ്ജകമായ ഭാഷയിലെഴുതിയ ഒരു കൃതിയിലാണ് ഈ ആശയങ്ങൾ ഉന്നയിക്കപ്പെട്ടത്. മുതലാളിത്തത്തിനും മുതലാളി വർഗത്തിനും എതിരെയുള്ള കടുത്ത കുറ്റാരോപണമായി വ്യാഖ്യാനിക്കപ്പെട്ടെങ്കിലും പ്രസ്തുത കൃതി വമ്പിച്ച മതിപ്പുളവാക്കി. ആധുനിക തൊഴിലാളി വർഗ്ഗത്തിന്റെ സ്ഥിതിയെക്കുറിച്ചുള്ള വാഗ്മയ ചിത്രം എന്ന നിലയിൽ എംഗൽസിന്റെ കൃതി പരക്കെ ഉദ്ധരിക്കപ്പെട്ടു തുടങ്ങി. യഥാർത്ഥത്തിൽ, തൊഴിലാളി വർഗ്ഗത്തിന്റെ ദുരവസ്ഥ ഇത്രമേൽ ഹൃദയസ്പൃക്കായി 1845 ന് മുമ്പോ പിമ്പോ ചിത്രീകരിക്കപ്പെട്ടിട്ടില്ല
ഇംഗ്ലണ്ടിൽ എത്തുന്നതുവരെ എംഗൽസ് സോഷ്യലിസ്റ്റ് ആയിരുന്നില്ല. ‘ഇംഗ്ലിഷ് ലേബർ മൂവ്‌മെന്റിൽ’ സജീവമായിരുന്ന ആൾക്കാരുമായി മാഞ്ചസ്റ്ററിൽ വച്ച് എംഗൽസ് ബന്ധം സ്ഥാപിക്കുകയും സോഷ്യലിസ്റ്റ് പ്രസിദ്ധീകരണങ്ങ ളിൽ ലേഖനങ്ങൾ എഴുതുകയും ചെയ്തുവന്നു. 1844-ൽ ജർമ്മനിയിലേയ്ക്ക് മടങ്ങും വഴി പാരീസിൽ വച്ച് അദ്ദേഹം മാർക്‌സുമായി കണ്ടുമുട്ടി. അതിനു മുമ്പു തന്നെ മാർക്‌സും എംഗൽസും തമ്മിൽ കത്തിടപാടുകൾ ആരംഭിച്ചിരുന്നു. പാരീസിലെ ജീവിതംമൂലവും ഫ്രെഞ്ച് സോഷ്യലിസ്റ്റുകളുമായുള്ള സമ്പർക്കം കൊണ്ടും മാർക്‌സും ഒരു സോഷ്യലിസ്റ്റായി പരിണമിച്ചിരുന്നു. ഇവിടെവച്ച് ഇരു സുഹൃത്തുക്കളും ചേർന്ന് ‘വിശുദ്ധ കുടുംബം’ അഥവാ വിമർശനാത്മക വിമർശനത്തെക്കുറിച്ച് ഒരു വിമർശനം എന്ന ഗ്രന്ഥം രചിച്ചു. ഇംഗ്ലണ്ടിലെ തൊഴിലാളി വർഗ്ഗത്തിന്റെ അവസ്ഥ പ്രസിദ്ധീകരിക്ക പ്പെടുന്നതിനും ഒരു വർഷം മുമ്പ് രചിക്കപ്പെട്ട ഈ കൃതിയുടെ സിംഹഭാഗവും മാർക്‌സിന്റെ സംഭാവനയാണ്. വിപ്ലവാത്മക, ഭൗതി കവാദ സോഷ്യലിസമാണ് ഇതിലെ പ്രധാന പ്രമേയം. മുകളിൽ അത് വിശദീകരിക്കപ്പെട്ടു കഴിഞ്ഞു.
തത്വചിന്തകരായിരുന്ന ബോർ സഹോദരൻമാരും അവരുടെ അനുയായികളും അറിയപ്പെട്ടിരുന്ന പരിഹാസപ്പേരാണ് വിശുദ്ധ കുടുംബം. എല്ലാ യാഥാർത്ഥ്യങ്ങൾക്കും അതീതമായി, പാർട്ടികൾക്കും രാഷ്ട്രിയത്തിനും അതീതമായി നിൽക്കുന്നതും എല്ലാ പ്രയോഗിക പ്രവർത്തനങ്ങളെയും നിരസിക്കുന്നതും ചുറ്റുമുള്ള ലോകത്തെയും അതിലെ സംഭവ വികാസങ്ങളെയും കുറിച്ച് വിമർശനാത്മകമായി പര്യാലോചിക്കുക മാത്രം ചെയ്യുന്ന സ്വഭാവത്തിലുള്ള വിമർശനമാണ് ഇവർ മുന്നോട്ടുവച്ചിരുന്നത്. ബോർ സഹോദരന്മാർ തൊഴിലാളി വർഗ്ഗത്തെ നിരൂപമണാത്മകമല്ലാത്ത ജനക്കൂട്ടം എന്ന നിലയിൽ വില കുറച്ചാണ് കണ്ടിരുന്നത്.

അസംബന്ധ ജടിലവും ഹാനികരവുമായിരുന്ന ഈ പ്രവണതയെ മാർക്‌സും എംഗൽസും അതിനിശിതമായി എതിർത്തു. തൊഴിലാളിയുടെ ദുരവസ്ഥയെ ക്കുറിച്ചുള്ള പരിചിന്തനങ്ങളല്ല, മറിച്ച് മെച്ചപ്പെട്ട സാമൂഹ്യക്രമത്തിനായുള്ള പോരാട്ടമാണ് ആവശ്യമെന്ന്, ഭരണകൂടത്താലും ഭരണ വർഗ്ഗത്താലും ചവിട്ടി അരയ്ക്കപ്പെടുന്ന, ഒരു യഥാർത്ഥ മനുഷ്യ വ്യക്തിയുടെ, തൊഴിലാളിയുടെ പേരിൽ അവർ ആവശ്യപ്പെട്ടു. ഈ പോരാട്ടം ഏറ്റെടുക്കുന്നതിൽ തത്പരരും പ്രാപ്തരുമായി അവർ കണ്ടെത്തിയത് തൊഴിലാളി വർഗ്ഗത്തെയാണ്.
വിശുദ്ധ കുടുംബം പുറത്തിറങ്ങു ന്നതിന് മുമ്പുതന്നെ മാർക്‌സിന്റെയും റുഗയുടെയും പ്രസിദ്ധീകരണ മായിരുന്ന ‘ദൊയ്ച്-ഫ്രൻത് സ്യോ സി ഷെയാർ ബുക്കറി’ൽ എംഗൽസ് തന്റെ അർത്ഥശാസ്ത്രത്തെക്കുറിച്ചുള്ള നിരൂപണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അതിൽ അദ്ദേഹം, കാലിക സാമ്പത്തിക ക്രമത്തിലെ പ്രധാന പ്രതിഭാസങ്ങളെ സോഷ്യലിസ്റ്റ് നിലപാടിനെ മുൻനിർത്തി വിശകലനം ചെയ്യുകയും സ്വകാര്യ സ്വത്തിന്റെ ആധിപത്യത്തിന്റെ അനിവാര്യ ഫലങ്ങളായി വിലയിരുത്തുകയും ചെയ്തിരുന്നു. പൊളിറ്റിക്കൽ എക്കണോമിയെക്കുറിച്ച് കൂടുതൽ പഠിക്കുവാൻ മാർക്‌സ് തീരുമാനിച്ചതിൽ എംഗൽസുമായുള്ള സമ്പർക്കം നിസ്സംശയമായും ഒരു ഘടകമാണ്. മാർക്‌സിന്റെ കൃതികൾ സുനിശ്ചിതമായും ഒരു വിപ്ലവത്തിന് ഇടവരുത്തിയത് അർത്ഥശാസ്ത്രത്തിലാണല്ലോ.
1845 മുതൽ 47വരെ എംഗൽസ് ബ്രസ്സൽസിലും പാരീസിലുമായി താമസിച്ചുകൊണ്ട് ശാസ്ത്രീയ പ്രവർത്തനങ്ങളോടൊപ്പം ബ്രസൽസിലെയും പാരീസിലെയും ജർമ്മൻ തൊഴിലാളികളുടെയും ഇടയിൽ പ്രായോഗിക പ്രവർത്തനങ്ങളും നടത്തിയിരുന്നു. ഇവിടെ വച്ച് മാർക്‌സും എംഗൽസും രഹസ്യ സംഘടനയായ ‘ജർമ്മൻ കമ്യൂണിസ്റ്റ് ലീഗു’മായി ബന്ധം സ്ഥാപിച്ചു. തങ്ങൾ ആവിഷ്‌കരിച്ച സോഷ്യലിസത്തിന്റെ പ്രധാന തത്വങ്ങൾ വിശദമാക്കാൻ അവർ നിയോഗിക്കപ്പെട്ടു. തത്ഫലമായാണ് 1848-ൽ പ്രസിദ്ധീകൃതമായ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പിറവിയെടുത്തത്. എത്രയോ ബൃഹദ് ഗ്രന്ഥങ്ങളോളം വിലപ്പെട്ടതാണ് ഈ കൊച്ചു പുസ്തകം. പരിഷ്‌കൃത ലോകത്തെ സമരനിരതരും സുസംഘടിതരുമായ തൊഴിലാളി വർഗ്ഗത്തെ സംബന്ധിച്ചിടത്തോളം മാനിഫെസ്റ്റോയുടെ സത്ത ഇന്നും പ്രചോദനാത്മകവും മാർഗ്ഗദർശകവുമാണ്.
ഫ്രാൻസിൽ പൊട്ടിപ്പുറപ്പെടുകയും പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിലാകെ വ്യാപിക്കുകയും ചെയ്ത 1848-ലെ വിപ്ലവത്തെത്തുടർന്ന് മാർക്‌സും എംഗൽസും ജൻമനാട്ടിൽ തിരികെയെത്തി. ഇവിടെ, റൈനിഷ്പ്രഷ്യയിൽ കൊളോണിൽ നിന്ന് പ്രസിദ്ധീകൃതമായിരുന്നതും ജനാധിപത്യ സ്വഭാവമുണ്ടായിരുന്നതുമായ ന്യൂ റൈനിഷെ സെതുങ്ങിന്റെ ചുമതല അവർ ഏറ്റെടുത്തു. റൈനിഷ്പ്രഷ്യയിലെ എല്ലാ വിപ്ലവ, ജനാധിപത്യ പ്രക്ഷോഭങ്ങ’ളുടെയും ആത്മാവും ഹൃദയവുമായിരുന്നു ഈരണ്ടു സുഹൃത്തുക്കളും. ജനങ്ങളുടെ താൽപര്യവും സ്വാതന്ത്ര്യവും സംരക്ഷിക്കുവാൻ പിന്തിരിപ്പൻ ശക്തികൾക്കെതിരെ അങ്ങേയറ്റംവരെ അവർ പൊരുതി. പക്ഷേ മേൽക്കൈ പിന്തിരിപ്പൻ ശക്തികൾക്കായിരുന്നു. ന്യൂറൈനിഷെ സേതൂങ്ങ് അടിച്ചമർത്തപ്പെട്ടു. പ്രവാസ കാലത്ത് പ്രഷ്യൻ പൗരത്വം നഷ്ടഷെട്ട മാർക്‌സ് നാടുകടത്തപ്പെട്ടു. എംഗൽസ് ജനങ്ങളുടെ സായുധ കലാപത്തിൽ പങ്കെടുത്തു. സ്വാതന്ത്ര്യത്തിനായുള്ള മൂന്ന് യുദ്ധങ്ങളിൽ പങ്കെടുത്തു. കലാപകാരികൾ പരാജയപ്പെട്ടതിനെത്തുടർന്ന് സ്വിറ്റ്‌സർലണ്ട് വഴി ലണ്ടനിലേയ്ക്ക് പലായനം ചെയ്തു.

മാർക്‌സും ലണ്ടനിൽ സ്ഥിരതാമസമാക്കി. 1840 കളിൽ പണിയെടുത്തിരുന്ന അതേ വാണിജ്യസ്ഥാപനത്തിൽ എംഗൽസ് വീണ്ടും ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചു, പിന്നീടതിന്റെ ഓഹരി പങ്കാളിയായി. 1870വരെ എംഗൽസ് മാഞ്ചസ്റ്ററിലും മാർക്‌സ് ലണ്ടനിലും താമസിച്ചു. എന്നാൽ അവർ തമ്മിലുള്ള ഏറ്റവും സജീവമായ ആശയ കൈമാറ്റത്തിന് ഇതൊരു തടസ്സമായില്ല. നിത്യേനയെന്നവണ്ണം അവർ തമ്മിൽ കത്തിടപാടുകൾ നടന്നിരുന്നു. ഈ കത്തിടപാടുകളിലൂടെ രണ്ടു സുഹൃത്തുക്കളും ആശയങ്ങളും കണ്ടെത്തലുകളും കൈമാറുകയും ശാസ്ത്രീയ സോഷ്യലിസം പ്രവൃത്തി പഥത്തിലെത്തിക്കാനുള്ള കൂട്ടായ പരിശ്രമങ്ങൾ തുടരുകയും ചെയ്തു. 1870ൽ എംഗൽസ് ലണ്ടനിലേയ്ക്ക് താമസം മാറി. അന്നു മുതൽ അവർ ഇരുവരും ഒത്തുചേർന്നു നടത്തിയ അക്ഷീണവും കഠിനവുമായ ബൗദ്ധിക പ്രവർത്തനം 1883-ൽ മാർക്‌സിന്റെ മരണംവരെ തുടർന്നു. ഈ പ്രയത്‌നത്തിന്റെ ഫലമായിരുന്നു കാൾ മാർക്‌സിന്റെ ഭാഗത്തു നിന്നും അർത്ഥശാസ്ത്രത്തെക്കുറിച്ചുള്ള എക്കാലത്തെയും മികച്ച ഗ്രന്ഥമായ മൂലധനം. എംഗൽസിന്റെ ഭാഗത്തുനിന്നാകട്ടെ ചെറുതും വലുതുമായ ഒട്ടനവധി കൃതികളും. മുതലാളിത്ത സമ്പദ് ക്രമത്തിലെ സങ്കീർണ്ണ പ്രതിഭാസങ്ങളെ അപഗ്രഥിക്കുന്നതിൽ മാർക്‌സ് ശ്രദ്ധ ചെലുത്തി. എംഗൽസാകട്ടെ, ലളിതമെങ്കിലും ചിലപ്പോഴെങ്കിലും വിവാദത്തിന് ഇടയാക്കുംവിധത്തിലും എഴുതിയ കൃതികളിൽ സാമാന്യ സ്വഭാവത്തിലുള്ള ശാസ്ത്രീയ പ്രശ്‌നങ്ങളെക്കുറിച്ചും, പിന്നിട്ടതും നിലവിലുള്ളതുമായ കാലത്തെ വ്യത്യസ്ത പ്രതിഭാസങ്ങളെ മാർക്‌സിന്റെ അർത്ഥശാസ്ത്ര സിദ്ധാന്തങ്ങളുടെയും ഭൗതികവാദ ചരിത്ര ധാരണയുടെയും അടിസ്ഥാനത്തിൽ വിശകലനം ചെയ്യുകയും ചെയ്തു.
എംഗൽസിന്റെ രചനകളിൽ പ്രത്യേകം എടുത്തുപറയേണ്ട കൃതികളാണ്, ഡ്യൂറിങ്ങിനെതിരെ എഴുതിയ സംവാദാത്മക കൃതി, (തത്വചിന്തയുടെയും ശാസ്ത്രത്തിന്റെയും സാമൂഹ്യശാസ്ത്രത്തിന്റെയും മേഖലകളിലെ സുപ്രധാനമായ വിഷയങ്ങൾ പ്രസ്തുത കൃതി ചർച്ച ചെയ്യുന്നു) ‘കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ഉദ്ഭവത്തെപ്പറ്റി’, ‘ലുദ്വിഗ് ഫൊയർ ബാഹ്്’, ‘റഷ്യൻ ഗവൺമെന്റിന്റെ വിദേശനയം’, പാർപ്പിട പ്രശ്‌നം സംബന്ധിച്ച നിരവധി ലേഖനങ്ങൾ, അവസാനമായി റഷ്യയുടെ സാമ്പത്തിക വികാസത്തെ സംബന്ധിച്ച് ചെറുതെങ്കിലും വിലപ്പെട്ട രണ്ടു ലേഖനങ്ങൾ എന്നിവ.
മൂലധനത്തിൻമേലുള്ള തന്റെ ബൃഹത്തായ പ്രവർത്തനങ്ങൾക്ക് അന്തിമരൂപം നൽകുന്നതിന് മുമ്പ് മാർക്‌സ് അന്തരിച്ചു. കൈയെഴുത്തു പ്രതി അതിനകം തന്നെ പൂർത്തിയായിരുന്നു. സുഹൃത്തിന്റെ മരണശേഷം മൂലധനത്തിന്റെ രണ്ടും മൂന്നും വാല്യങ്ങൾ പ്രസിദ്ധീകരിക്കുന്ന ഭാരിച്ച ചുമതല എംഗൽസ് ഏറ്റെടുത്തു. 1885ൽ രണ്ടാം വാല്യവും 1894-ൽ മൂന്നാം വാല്യവും പ്രസിദ്ധീകരിക്കപ്പെട്ടു. എംഗൽസിന്റെ മരണത്തെത്തുടർന്ന് നാലാം വാല്യത്തിന്റെ പ്രകാശനം തടസ്സപ്പെട്ടു. രണ്ടും മൂന്നും വാല്യങ്ങൾക്കായി നീക്കിവയ്‌ക്കേണ്ടി വന്ന അധ്വാനം വളരെ വലുതാണ്. മുലധനത്തിന്റെ രണ്ടും മൂന്നും വാല്യങ്ങൾ തയ്യാറാക്കുക വഴി എംഗൽസ് തന്റെ സുഹൃത്തായ മഹാപ്രതിഭയ്ക്ക് രാജോചിതമായ സ്മാരകമാണ് ഉയർത്തിയതെന്നും ബോധപൂർവ്വമല്ലെങ്കിലും അതിലൂടെ സ്വന്തം നാമവും മായാത്തവണ്ണം അതിൽ കൊത്തിവച്ചുവെന്നും ആസ്ത്രിയൻ സോഷ്യൽ ഡെമോക്രാറ്റ് ആഡ്‌ലർ അഭിപ്രായപ്പെട്ടത് വളരെ ശരിയാണ്. വാസ്തവത്തിൽ മൂലധനത്തിന്റെ രണ്ടും മൂന്നും വാല്യങ്ങൾ മാർക്‌സിന്റെയും എംഗൽസിന്റെയും കൃതിയാണ്.
സൗഹൃദത്തിന്റെ ഹൃദയസ്പർശിയായ ദൃഷ്ടാന്തങ്ങൾ പല ഐതിഹ്യങ്ങളിലുമുണ്ട്. മനുഷ്യ സൗഹാർദ്ദങ്ങളുടെ ഏറ്റവും പഴയ കഥകളെപ്പോലും നിഷ്പ്രഭമാക്കുംവിധം അന്യോന്യം ബന്ധം പുലർത്തിപ്പോന്നിരുന്ന മഹാപ്രതിഭകളും പോരാളികളുമായിരുന്ന രണ്ടു പേരാണ് തങ്ങളുടെ ശാസ്ത്രം നിർമ്മിച്ചത് എന്ന് യൂറോപ്പിലെ തൊഴിലാളി വർഗ്ഗം പറയും. എംഗൽസ് എപ്പോഴും വിനയാന്വിതനായി, മാർക്‌സിന് പിന്നിലാണ് സ്വയം സ്ഥാനം കൽപ്പിച്ചിരുന്നത്. മാർക്‌സ് ജീവിച്ചിരുന്നപ്പോൾ ഞാൻ പിന്നണിയിൽ മാത്രമേ ഫിഡിൽ വായിച്ചിരുന്നുള്ളൂ എന്നാണ് എംഗൽസ് തന്റെ ഒരു സുഹൃത്തിന് എഴുതിയത്. മാർക്‌സിന്റെ സ്മരണകളോടുള്ള എംഗൽസിന്റെ ആദരവ് നിസ്സീമമായിരുന്നു. ഈ കടുത്ത പോരാളിക്ക്, ഉഗ്ര നിഷ്ഠനായ ചിന്തകന് എത്രയും സ്‌നേഹമസൃണമായ ഒരു ഹൃദയമുണ്ടായിരുന്നു.
1848-49 കാലത്തെ വിപ്ലവത്തിന് ശേഷം പ്രവാസത്തിലായിരു ന്ന മാർക്‌സും എംഗൽസും ശാസ്ത്രീയ ഗവേഷണ പ്രവർത്തനങ്ങളിൽ മാത്രമായി ഒതുങ്ങിനിന്നില്ല. 1864ൽ മാർക്‌സ്, ‘ഇന്റർനാഷണൽ വർക്കിംഗ് മെൻസ് അസോസിയേഷന്’ രൂപം നൽകി. ഒരു പതിറ്റാണ്ടോളം അതിനെ നയിച്ചു. എംഗൽസും വളരെ സജീവമായി അസ്സോസിയേഷന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയായി. മാർക്‌സിന്റെ ആശയപ്രകാരം, എല്ലാ രാജ്യങ്ങളിലെയും തൊഴിലാളി വർഗ്ഗത്തെ ഏകോപിപ്പിച്ചുകൊണ്ട്, ഇന്റർനാഷണൽ അസ്സോസിയേഷൻ നടത്തിയ പ്രവർത്തനങ്ങൾ, തൊഴിലാളി വർഗ്ഗ പ്രക്ഷോഭങ്ങൾ വളർത്തിയെടുക്കുന്നതിൽ ഗണ്യമായ പങ്കുവഹിച്ചു. 70 കളിൽ ഇന്റർനാഷണൽ അസോസിയേഷൻ പിരിച്ചുവിടപ്പെട്ടതിനു ശേഷവും തൊഴിലാളികളെ ഏകോപിപ്പിക്കുക എന്ന ഉത്തരവാദിത്തം മാർക്‌സും എംഗൽസും അവസാനിപ്പിച്ചില്ല. നേരെ മറിച്ച് തൊഴിലാളി വർഗ്ഗത്തിന്റെ ആത്മീയ നേതാക്കളെന്നനിലയിൽ അവരുടെ പ്രാധാന്യം വർദ്ധിക്കുകയാണ് ഉണ്ടായത്. കാരണം തൊഴിലാളികളുടെ പ്രക്ഷോഭങ്ങൾ ഇടതടവില്ലാതെ ഉയർന്നുകൊണ്ടിരുന്നു.
മാർക്‌സിന്റെ നിര്യാണശേഷം എംഗൽസ് യൂറോപ്യൻ സോഷ്യലിസ്റ്റുകളുടെ ഉപദേഷ്ടാവും നേതാവുമായി തുടർന്നു. ഗവൺമെന്റിന്റെ അടിച്ചമർത്തലിനെ അതിജീവിച്ച് അതിവേഗതയിലും ക്രമാനുഗതമായും ശക്തിപ്രാപിച്ചു കൊണ്ടിരുന്ന ജർമ്മൻ സോഷ്യലിസ്റ്റുകളും, ആദ്യ ചുവടുവയ്പ്പിനെ ക്കുറിച്ച് പര്യാലോചിക്കുകയും അതിനായി ഒരുക്കം തുടങ്ങുകയും ചെയ്തിരുന്ന റഷ്യ, സ്‌പെയിൻ, റുമേനിയ തുടങ്ങിയ പിന്നാക്ക രാജ്യങ്ങളുടെ പ്രതിനിധികളും ഒരേ സമയം എംഗൽസിന്റെ ഉപദേശം സ്വീകരിച്ചു വന്നിരുന്നു. വാർദ്ധക്യത്തിലെത്തിയിരുന്ന എംഗൽസിന്റെ സമ്പുഷ്ടമായ വിജ്ഞാനശേഖരവും അനുഭവസമ്പത്തും അവർ ആവോളം പ്രയോജനപ്പെ ടുത്തി. മാർക്‌സിനും എംഗൽസിനും റഷ്യൻ ഭാഷ വശമുണ്ടായിരുന്നു. അവർ റഷ്യൻ പുസ്തകങ്ങൾ വായിക്കുകയും റഷ്യയിലെ കാര്യങ്ങളിൽ താൽപര്യം പുലർത്തുകയും റഷ്യൻ വിപ്ലവകാരികളുമായി നിരന്തരം സമ്പർക്കം പുലർത്തുകയും റഷ്യയിലെ വിപ്ലവ മുന്നേറ്റങ്ങളെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയും ചെയ്തുവന്നിരുന്നു.

ജനാധിപത്യവാദികളായതിനു ശേഷമാണ് മാർക്‌സും എംഗൽസും സോഷ്യലിസ്റ്റുകളായത്. രാഷ്ട്രീയ സ്വേഛാധിപത്യത്തോടുള്ള വെറുപ്പ് എന്ന ജനാധിപത്യ വികാരം ഇവരിൽ വളരെ ശക്തമായിരുന്നു. രാഷ്ട്രീയ സ്വേഛാധിപത്യവും സാമ്പത്തികമായ അടിച്ചമർത്തലും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള തെളിവാർന്ന സൈദ്ധാന്തിക ധാരണയുമായി ഒത്തുചേർന്ന ഈ പ്രത്യക്ഷ രാഷ്ട്രീയ വികാരവും സമ്പുഷ്ടമായ ജീവിത അനുഭവങ്ങളും മാർക്‌സിനെയും എംഗൽസിനെയും രാഷ്ട്രീയമായി അസാധാരണമായ പ്രതികരണശേഷി ഉള്ളവരാക്കി. അതുകൊണ്ടാണ് സർവസജ്ജരായ സാറിസ്റ്റ് ഗവൺമെന്റിനെതിരെ ഒരുപിടിവരുന്ന റഷ്യൻ വിപ്ലവകാരികൾ നടത്തിയ ഐതിഹാസികമായ പോരാട്ടം അനുഭവസമ്പന്നരായ ഈ വിപ്ലവകാരികളുടെ ഹൃദയത്തിൽ അനുഭാവപൂർവമായ പ്രതിധ്വനി ഉളവാക്കിയത്.
മറുവശത്ത്, നാമമാത്രമായ സാമ്പത്തിക നേട്ടങ്ങളുടെ പേരിൽ, രാഷ്ട്രീയ സ്വാതന്ത്ര്യം നേടുക എന്ന റഷ്യൻ സോഷ്യലിസ്റ്റുകളുടെ പരമപ്രധാനവും അടിയന്തരവുമായ കർത്തവ്യത്തിൽ നിന്ന് പിൻമാറുവാനുള്ള പ്രവണതയെ അവർ സംശയദൃഷ്ടിയോടെയാണ് വീക്ഷിച്ചത്. മാത്രമല്ല അവരുടെ അഭിപ്രായത്തിൽ സാമൂഹ്യ വിപ്ലവം എന്ന മഹത്തായ ലക്ഷ്യത്തെ പ്രത്യക്ഷത്തിൽത്തന്നെ വഞ്ചിക്കുന്നതിന് തുല്യവുമായിരുന്നു അത്.
തൊഴിലാളികളുടെ വിമോചനം തൊഴിലാളി വർഗ്ഗത്തിന്റെ തന്നെ പ്രവൃത്തിയിലൂടെയായിരി ക്കണം എന്ന് മാർക്‌സും എംഗൽസും നിരന്തരം പഠിപ്പിച്ചു. എന്നാൽ സാമ്പത്തിക സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിന് തൊഴിലാളി വർഗ്ഗം ചില രാഷ്ട്രീയ അവകാശങ്ങൾ നേടേണ്ടതുണ്ട്. മാത്രവുമല്ല റഷ്യയി’ലെ രാഷ്ട്രീയ വിപ്ലവത്തിന് പടിഞ്ഞാറൻ യൂറോപ്പിലെ തൊഴിലാളി വർഗത്തെ സംബന്ധിച്ച് വമ്പിച്ച പ്രാധാന്യമുണ്ട് എന്ന് മാർക്‌സും എംഗൽസും വ്യക്തമായി കണ്ടു. ഏകാധിപത്യ റഷ്യ എന്നും യൂറോപ്യൻ പിന്തിരിപ്പത്തത്തിന്റെ നെടുങ്കോട്ട ആയിരുന്നു. ദീർഘകാലത്തേയ്ക്ക് ജർമ്മനിയും ഫ്രാൻസും തമ്മിലുള്ള ഭിന്നിപ്പിന് വഴിതെളിച്ച 1870-ലെ യുദ്ധത്തിന്റെ ഫലമായി സാർവ്വദേശീയ തലത്തിൽ റഷ്യ അനുഭവിച്ചുപോന്ന അസാധാരണമാം വിധം അനുകൂലമായ സാഹചര്യം ഒരു പിന്തിരിപ്പൻ ശക്തി എന്ന നിലയിൽ ഏകാധിപത്യ റഷ്യയുടെ പ്രാധാന്യം വർദ്ധിപ്പിച്ചതേയുള്ളൂ.

ഒരു സ്വതന്ത്ര റഷ്യയ്ക്കു മാത്രമേ, പോളണ്ട്, ജർമ്മനി, ഫിൻലണ്ട്, അർമേനിയ അല്ലെങ്കിൽ മറ്റേതെങ്കിലുമൊരു ചെറിയ രാജ്യത്തെ ആക്രമിക്കേണ്ടതില്ലാത്ത, ഫ്രാൻസിനെയും ജർമ്മനിയെയും നിരന്തരം തമ്മിലടിപ്പിക്കേണ്ടതില്ലാത്ത ഒരു റഷ്യയ്ക്ക് മാത്രമേ യുദ്ധഭാരമൊഴിവാക്കി ആധുനിക യൂറോപ്പിനെ ബലപ്പെടുത്താനാകൂ. യൂറോപ്പിലെ എല്ലാ പിന്തിരിപ്പൻ ശക്തികളെയും ദുർബലപ്പെടുത്തി തൊഴിലാളി വർഗ്ഗത്തെ ശക്തിപ്പെടുത്താൻ സാധിക്കൂ. അതുകൊണ്ടാണ് റഷ്യയിലെ രാഷ്ട്രീയ സ്വാതന്ത്ര്യം സ്ഥാപിച്ചെടുക്കാൻ എംഗൽസ് ഉൽക്കടമായി അഭിലഷിച്ചത്. അത് യൂറോപ്പിലെ തൊഴിലാളി വർഗ്ഗ മുന്നേറ്റങ്ങൾക്ക് കരുത്തേകും. എംഗൽസിന്റെ നിര്യാണത്തോടെ റഷ്യൻ തൊഴിലാളി വർഗ്ഗത്തിന് അവരുടെ ഉറ്റ ചങ്ങാതിയെയാണ് നഷ്ടമായത്. തൊഴിലാളി വർഗ്ഗത്തിന്റെ ഗുരുനാഥനും മഹാനായ പോരാളിയുമായ ഫ്രെഡറിക് എംഗൽസിന്റെ സ്മരണകൾ എക്കാലവും നമ്മിൽ ദീപ്തമായിരിക്കട്ടെ.

Share this post

scroll to top