മനുഷ്യവംശത്തിന്റെ ഭാവിക്ക് അപകട സൂചന നല്‍കി കാലാവസ്ഥ വ്യതിയാനം

Fidel-Castro.jpg
Share

“സ്വാഭാവിക പരിസ്ഥിതിയുടെ, തുടർച്ചയായും വേഗത്തിലുമുള്ള നിർമ്മാർജ്ജനംമൂലം വളരെ പ്രധാനപ്പെട്ട ഒരു ജീവജാതി ഉന്മൂലനത്തിന്റെ അപകടം നേരിടുന്നു; മനുഷ്യജാതിയാണത്.” ക്യൂബൻ വിപ്ലവത്തിന്റെ ശില്പിയായ ഫിഡൽ കാസ്ട്രോ, 1992 ജൂൺ 12ന് ബ്രസീലിലെ റയോ ഡി ജനിറോയിൽ നടന്ന യുഎൻ ഭൗമഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞതാണിത്. “വനങ്ങൾ അപ്രത്യക്ഷമാകുന്നു. മരുഭൂമികൾ വിസ്തൃതമാകുന്നു. ബില്യൺ കണക്കിന് ടൺവരുന്ന ഫലഭൂയിഷ്ഠമായ മണ്ണ് വർഷംതോറും കടലിലേക്ക് ഒഴുകിപ്പോകുന്നു. അസംഖ്യം ജീവജാതികൾ അന്യംനിന്നു പോകുന്നു. അവികസിതാവസ്ഥയിലേക്കും ദാരിദ്ര്യത്തിലേക്കും നയിക്കുന്ന എന്തും പരിസ്ഥിതിയുടെ സ്പഷ്ടമായ ലംഘനമാണ്”, അദ്ദേഹം കൂട്ടിച്ചേർത്തു.

ഏതാണ്ട് മുപ്പത് വർഷം പിന്നിട്ടിരിക്കുന്നു. സ്ഥിതി മെച്ചപ്പെടുന്നതിനുപകരം ഒരു അപകട ബട്ടൺ അമർന്നതുപോലെ വഷളായിരിക്കുന്നു. ശക്തിയേറിയ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ തുടങ്ങി, ചരിത്രത്തിലിന്നേവരെ കാണാത്ത വിധമുള്ള വരൾച്ചകൾ, അത്യാപത്തു വരുത്തുന്ന വെള്ളപ്പൊക്കങ്ങൾ, വലിയ പ്രദേശങ്ങളിലെ നീണ്ടുനില്ക്കുന്ന കാട്ടുതീ എന്നിങ്ങനെ, ദശലക്ഷക്കണക്കിനു ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും ജീവനോപാധികൾക്കുംമേൽ കൊടിയ ആഘാതം സൃഷ്ടിക്കുകയും ഭീതിദമായ സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്യുന്ന, സർവ്വവ്യാപിയും അഭൂതപൂർവ്വമാംവിധം തീവ്രവുമായ കാലാവസ്ഥാ സംഭവങ്ങൾ, നേരായി നേരിടുന്നില്ലെങ്കിൽ ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും മനുഷ്യവംശത്തിനെന്താണു കരുതി വച്ചിരിക്കുന്നതെന്ന തീക്ഷ്ണമായ മുന്നറിയിപ്പാണിവയെല്ലാം.
യുണൈറ്റഡ് നേഷൻസ് എൻവയൺമെന്റൽ പ്രോഗ്രാം (UNEP) അഭിപ്രായപ്പെടുന്നതനുസരിച്ച് 90 ശതമാനം ദുരന്തങ്ങളും അന്തരീക്ഷ നിലയും കാലാവസ്ഥയുമായി ബന്ധപ്പെട്ടതാണ്. അറുതിയില്ലാത്ത ദുരിതങ്ങളും അറിയപ്പെടാത്ത ദുരന്തങ്ങളുമായി കോവിഡ് 19ന്റെ സ്വാധീനത്തിൽ ലോകം ഇടറിനീങ്ങുമ്പോൾ, സർവ്വാംഗീണമായ തൊഴിലില്ലായ്മയുടെയും അരക്ഷിതത്വത്തിന്റെയും പെരുകുന്ന ദാരിദ്ര്യത്തിന്റെയും നടുവിലുള്ള ജനങ്ങളുടെ ജീവിതത്തിലും ആരോഗ്യത്തിലും ഏതാണ്ടെല്ലാ ജീവനോപാധികളിലും ദ്രുതഗതിയിലുള്ള കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന നാശനഷ്ടങ്ങൾ ചിന്തിക്കാവുന്നതിലുമപ്പുറമാണ്. ആഗോളതാപനവും അന്തരീക്ഷ മലിനീകരണവും അതോടൊപ്പമുള്ള മറ്റു കാരണങ്ങളുംമൂലമുള്ള കാലാവസ്ഥാവ്യതിയാനം മർമ്മഭേദകമായ ഒന്നായിരിക്കുമെന്ന വസ്തുത ആർക്കും നിഷേധിക്കാനാകില്ല.

ഐപിസിസി റിപ്പോർട്ട്
പ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തുന്നു

2021 ഒക്ടോബർ 31 മുതൽ നവംബർ 12വരെ യുകെയിലെ ഗ്ലാസ്ഗോയിൽ നടക്കുന്ന 26-ാമത് യുഎൻ ക്ലൈമറ്റ് ചെയ്ഞ്ച് കോൺഫറൻസ് ഓഫ് പാർട്ടീസ് (COP26)ന്റെ മുന്നോടിയായി ഇന്റർ ഗവണ്മെന്റൽ പാനൽ ഓഫ് ക്ലൈമറ്റ് ചെയ്ഞ്ച് (IPCC)ന്റെ 6-ാം വിശകലന റിപ്പോർട്ടിന്റെ ഒന്നാംഭാഗം പ്രസിദ്ധീകരിച്ചിരിക്കുന്നു. അതിലെ പ്രധാനപ്പെട്ട ചില നിരീക്ഷണങ്ങൾ ഉദ്ധരിക്കട്ടെ. “….മനുഷ്യന്റെ ഇടപെടൽ അന്തരീക്ഷത്തേയും സമുദ്രത്തേയും കരയേയും ചൂടുപിടിപ്പിടിച്ചിരിക്കുന്നുവെന്നത് സംശയാതീതമാണ്. നിരന്തരമായി ആഴക്കടൽ ചൂടുപിടിക്കുന്നതും ഹിമപാളികൾ ഉരുകുന്നതുംമൂലം സമുദ്ര ജലനിരപ്പ് നൂറ്റാണ്ടുകൾ തുടങ്ങി സഹസ്രാബ്ദങ്ങൾവരെ ഉയരാനും ആയിരക്കണക്കിന് വർഷങ്ങളിൽ ഉയർന്നുതന്നെ നിൽക്കാനും പോകുകയാണ്… മനുഷ്യസൃഷ്ടമായ കാലാവസ്ഥാ വ്യതിയാനം ഇപ്പോൾത്തന്നെ ലോകത്തെ പലഭാഗത്തും അന്തരീക്ഷ നിലയിലും കാലാവസ്ഥയിലുമുള്ള ഉച്ചസ്ഥിതിയെ സ്വാധീനിക്കുന്നുണ്ട്. 1850മുതൽ, കടന്നുപോയ നാലുദശകങ്ങളിൽ ഓരോന്നിലും അതിനുമുമ്പുള്ള ഏതൊരു ദശകത്തേക്കാളും നിരന്തരമായി ചൂട് കൂടി വരികയായിരുന്നു”.
അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ ഇപ്പോഴത്തെ ഉപരിതലതാപനില വ്യവസായപൂർവ്വകാലത്തെ താപനിലയേക്കാൾ 1.1 ഡിഗ്രി കൂടുതലാണെന്ന സ്ഥിതിവിട്ട്, അടുത്ത രണ്ട് ദശകത്തിനുള്ളിൽ അത് 1.5 ഡിഗ്രി സെൽഷ്യസ് വരെ കൂടാമെന്ന മുന്നറിയിപ്പു നല്കിക്കൊണ്ട് റിപ്പോർട്ട് ഊന്നിപ്പറയുന്നു: “ഇതുവരെ രേഖപ്പെടുത്തിയതിൽനിന്നു വ്യത്യസ്തമായി 1.5 ഡിഗ്രി സെൽഷ്യസ് വരെ ആഗോള താപനില ഉയരാവുന്ന അതിതീവ്ര സംഭവവികാസങ്ങളുടെ വർദ്ധിതമായ സാഹചര്യമുണ്ട്. ഒരു ഭൗതികശാസ്ത്ര പരിപ്രേഷ്യത്തിൽനിന്ന് നോക്കിയാൽ, ആഗോളതാപനം ഒരു നിശ്ചിത പരിധിയിൽ നിലനിർത്തണമെങ്കിൽ അന്തരീക്ഷത്തിലേക്കുള്ള കാർബൺ ഡൈ ഓക്സൈഡിന്റെ (CO2) ആകെയുള്ള പുറന്തള്ളൽ പൂജ്യം എന്ന ഒരു അളവിലേക്കെങ്കിലും നിയന്ത്രിക്കേണ്ടതുണ്ട്, അതുപോലെതന്നെയാണ് മറ്റു ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലും.


അന്തരീക്ഷത്തിലേക്കുള്ള മീഥേൻ (CH4) വാതകത്തിന്റെ പുറന്തള്ളൽ കുറയ്ക്കാനുള്ള ശക്തവും ദ്രുതഗതിയിലുള്ളതും സ്ഥിരസ്വഭാവത്തിലുള്ളതുമായ നടപടികൾ, അന്തരീക്ഷത്തിലെ സൂക്ഷ്മകണി കകളുടെ അളവ് കൂടുന്നതുകൊണ്ടുള്ള മലിനീകരണം വഴിയുള്ള അന്തരീക്ഷതാപനത്തെ കുറയ്ക്കുന്നതിനും സഹായിക്കും. അതുവഴി അന്തരീക്ഷത്തിന്റെ ഗുണനിലവാരം ഉയരുകയും ചെയ്യും”. ഐപിസിസി റിപ്പോർട്ടിന്റെ സന്ദേശം ഉച്ചത്തിലുള്ളതും വ്യക്തവുമാണ്. നമ്മുടെ ഗ്രഹത്തിന്റേയും മാനവ സംസ്കൃതിയുടേയും ഭാവി ഇന്നത്തെ മനുഷ്യവംശത്തിന്റെ തിരഞ്ഞെടുപ്പിനെ ആശ്രയിച്ചാണു നിലകൊള്ളുന്നത്.

കാലാവസ്ഥാവ്യതിയാനം ഉണ്ടാക്കുന്ന വിനാശങ്ങൾ

കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന നാശനഷ്ടങ്ങളുടെ ഒരുദാഹരണം നോക്കാം. പടിഞ്ഞാറൻ കാനഡയിലെ താരതമ്യേന തണുപ്പുള്ള പ്രദേശമായ ബ്രിട്ടീഷ് കൊളംബിയയിലെ താപനില, കഴിഞ്ഞ ജൂലൈ മാസത്തിലെ അസാധാരണവും നീണ്ടു നിന്നതുമായ ഒരു താപതരംഗത്തിൽ അഭൂതപൂർവ്വമാം വിധത്തിൽ 49.6 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. മഞ്ഞിലുറഞ്ഞ ഭൗമോപരിതലമുള്ളതും (permafrost) ഭൂമിയിലെ തണുപ്പേറിയ പ്രദേശങ്ങളിലൊന്നുമായ വടക്കൻ സൈബീരിയയിലും വടക്കേ അമേരിക്കയിലും തുർക്കിയും ഗ്രീസും ഉൾപ്പെടുന്ന മുഴുവൻ മെഡിറ്ററേനിയൻ പ്രദേശത്തും മുമ്പില്ലാത്തവിധം തീവ്രമായ കാട്ടുതീ ഒരേ സമയം മാസങ്ങളോളം നീണ്ടുനിന്നു.

നീണ്ടുനില്ക്കുന്ന താപതരംഗവും വരൾച്ചയും ഉദ്ദീപിപ്പിക്കുന്ന കാട്ടുതീ, ജനങ്ങൾക്കു രക്ഷപ്പെട്ടുപോകാൻപോലും സമയം കൊടുക്കാതെ ടൗൺഷിപ്പുകളിലേക്കു കടക്കുകയും വിദൂര രാജ്യങ്ങളിലേക്കുവരെ പുക പരക്കുകയും ചെയ്യുന്ന സ്ഥിതിയും സംജാതമായിരിക്കുന്നു. ഉൾപ്പോരിനാൽ തകർന്ന ഏത്യോപ്യ അടക്കമുള്ള വടക്കു കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലെ ദശലക്ഷക്കണക്കിനു ജനങ്ങൾ രൂക്ഷമായ വരൾച്ചയിൽ ദുരിതപീഡയനുഭവിക്കുന്നു. വീണ്ടും, മുൻപെങ്ങുമില്ലാത്തവിധം അതി തീവ്രമായ മഴ ഈ കഴിഞ്ഞ ജൂലൈയിൽ മാത്രം വിവിധ ഭൂഖണ്ഡങ്ങളിൽ ആപൽക്കരമായ വിധത്തിൽ വെള്ളപ്പൊക്കം സൃഷ്ടിച്ചു: മിതോഷ്ണമായ യൂറോപ്പിൽപ്പോലും, നീണ്ടു നിൽക്കുന്ന പേമാരി ബൽജിയത്തിലും ജർമ്മനിയിലും നൂറുകണക്കിനു ജീവനെടുക്കുകയും, താഴ് വാരങ്ങളെ തകർക്കുകയും ചെറുതോടുകളിൽ പ്രളയജലത്തിന്റെ കുത്തൊഴുക്കു സൃഷ്ടിച്ചുകൊണ്ട് വീടുകളെ തകർക്കുകയും വാഹനങ്ങളെ ഒഴുക്കിക്കൊണ്ടുപോകുകയും ചെയ്തു. ലൂസിയാനയിലെ വൈദ്യുതി ശൃംഖലയെ തകർത്ത് ഒരു ദശലക്ഷം ഉപഭോക്താക്കളെ വേവുന്ന ചൂടിലേക്കെറിഞ്ഞു കൊടുത്തതിനുശേഷം ഇഡ ചുഴലിക്കാറ്റ് ന്യൂയോർക്കിലേക്കു നീങ്ങുകയും നഗരത്തെ പൊറുതിമുട്ടിക്കുകയും ചെയ്തു. പേമാരിമൂലമുണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിൽ അടിസ്ഥാന സൗകര്യ സംവിധാനങ്ങൾക്കു ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും താമസക്കാരെ ബേസ്മെന്റ് നിലയിലും വെള്ളം കയറിയ പ്രദേശങ്ങളിലും ഒറ്റപ്പെടുത്തിക്കൊണ്ട് സബ്‌വേകൾ മുങ്ങിപ്പോകുകയും ചെയ്തു. ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ ചിലയിടങ്ങളിൽ, ഒരു വർഷം പെയ്യേണ്ട മഴ നാലുദിവസംകൊണ്ടു പെയ്തുതീർന്നപ്പോൾ നൂറുകണക്കിനാളുകൾ മരിക്കുകയും തലസ്ഥാനമായ ഷെങ്ഷൗവിൽ കനത്തമഴയിലെ കുത്തൊഴുക്കിൽ സബ് വേകൾ മുങ്ങി യാത്രക്കാർ കഴുത്തറ്റം വെള്ളത്തിൽപ്പെട്ടുപോകുകയും സഹായമെത്തുന്നതിനുമുമ്പ് നിരവധിപേർ മുങ്ങിപ്പോകുകയും ചെയ്തു. നമ്മുടെ രാജ്യത്തും, നീണ്ടുനില്ക്കുന്ന യാതനാപൂർണ്ണമായ ചൂടും ആവർത്തിച്ചുണ്ടാകുന്ന ഉഗ്രമായ ചുഴലിക്കാറ്റുകളും ടൊർണാഡോകളും മാരകമായ പേമാരിയും വർദ്ധിതമായ മഴയും ഇടക്കിടെയുള്ള വെള്ളപ്പൊക്കവുമെല്ലാം ജീവനും വിളകളും വസ്തുവകകളുമെല്ലാം നശിപ്പിച്ചുകൊണ്ട് വിനാശം വിതയ്ക്കുകയാണ്. ഹിമാലയൻ മേഖലയിലെ ഉത്തരാഖണ്ഡിലും പശ്ചിമഘട്ട മലനിരക

ളിലുമെല്ലാം അഭൂതപൂർവ്വമായ മലയിടിച്ചിൽ ജീവിതം താറുമാറാക്കുകയും വാർത്താവിനിമയ, യാത്രാ സംവിധാനങ്ങളെ തകരാറിലാക്കുകയും നിരവധി വിലപ്പെട്ട ജീവനുകളെടുക്കുകയും ചെയ്തിട്ടുണ്ട്. ഐ.പി.സി.സി. റിപ്പോർട്ടു പ്രകാരം, അന്തരീക്ഷത്തിലേക്കുള്ള ഉയർന്ന ബഹിർഗമനംമൂലം 1995-2014 കാലത്തെ അപേക്ഷിച്ച് ഈ നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിൽ (2081-2100) സമുദ്രജലനിരപ്പ് ഉയരുമെന്ന സാഹചര്യം പരിഗണിക്കുമ്പോൾ, മണ്ണൊലിപ്പും കണ്ണില്ലാത്ത നഗരവൽക്കരണവും മുച്ചൂടും തകർക്കുന്ന വെള്ളപ്പൊക്കവുംമൂലം ഇപ്പോൾത്തന്നെ പ്രശ്നങ്ങളനുഭ വിക്കുന്ന തീരദേശ ജനതയുടെ ജീവിതത്തിൽ എന്തൊക്കെ വിനാശങ്ങളാണുണ്ടാവുക, ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റം ആ പ്രദേശങ്ങളിലെ കൃഷിഭൂമിയിൽ എന്തൊക്കെ സ്വാധീനമാണുണ്ടാക്കുക എന്നതിനെക്കുറിച്ചെല്ലാം ഭീതിയോടെയേ നമുക്കു ചിന്തിക്കാനാകൂ.
മാത്രമല്ല, ആർട്ടിക് ധ്രുവപ്രദേശം ചൂടാകുന്നത് ആഗോളശരാശരിയേക്കാൾ ഇരട്ടി വേഗത്തിലാണെന്നതിനാൽ, വടക്കു കിഴക്കൻ സൈബീരിയയിലും വടക്കൻ കാനഡയിലും മറ്റുമായി പരന്നുകിടക്കുന്നതും തണുത്തറഞ്ഞ മൺപ്രതലത്തിനടിയിൽ കുടുങ്ങിക്കിട ക്കുന്ന കാർബൺ ശേഖരമുള്ളതുമായ വിസ്തൃതമായ പ്രദേശത്തെ മഞ്ഞുരുകൽ, കെട്ടിടങ്ങൾക്കും മറ്റടിസ്ഥാനസൗകര്യ സംവിധാനങ്ങൾക്കും കേടുപാടുകൾ സൃഷ്ടിക്കുന്നതു കൂടാതെ ജീവനോപാധികളുടേയും ജൈവവ്യവസ്ഥയുടേയും നാശത്തിനും മീഥേനും കാർബൺ ഡൈ ഓക്സൈഡുംപോലുള്ള ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലുൾപ്പടെയുള്ള ഗൗരവതരമായ പ്രശ്നങ്ങൾക്കും കാരണമാകുന്നു.
റഷ്യൻ പ്രദേശം ചൂടാകുന്നത് ആഗോള ശരാശരിയുടെ 2.8 മടങ്ങ് വേഗതയിലാണ് എന്നതിനാൽ ദീർഘകാലമായി ഉറഞ്ഞു കിടക്കുന്ന സൈബീരിയൻ തുന്ദ്രയിലെ മഞ്ഞുരുകൽ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലിനുമി ടയാക്കുന്നു. മഞ്ഞിലുറഞ്ഞ ഈ മൺ പ്രതലത്തിനടിയിൽ ശേഖരിക്കപ്പെട്ടിരിക്കുന്ന അതിഭീമമായ അളവിലുള്ള കാർബണിന്റേയും മീഥേനിന്റേയും ബഹിർഗമനം കെട്ടിടങ്ങൾക്കും പൈപ്പ് ലൈനുകൾക്കും സംഭരണശാലകൾക്കും താഴെയുള്ള മണ്ണ് താഴുന്നതിലും ഇടയാക്കിയിട്ടുണ്ട്. ചിലയിടങ്ങളിൽ സസ്തനികളുടെയും സസ്യങ്ങളുടെയും പഴകിയ ഫോസിലുകൾ പുറത്തുവരുകയും അഴുകാൻ തുടങ്ങുകയും ചെയ്യുമ്പോൾ മറ്റു ചിലയിടങ്ങളിൽ മീഥേൻ ബോംബ് സ്ഫോടനം സംഭവിക്കുന്നു എന്ന് ശാസ്ത്രജ്ഞർ പറഞ്ഞു തുടങ്ങും വിധം മീഥേൻ വിസ്ഫോടനം മൂലമുള്ള വിള്ളലുകൾ പ്രത്യക്ഷപ്പെടുന്നു.

ഹരിതഗൃഹ വാതകങ്ങളുടെ
പുറന്തള്ളലിനു കാരണമെന്ത്? അതെന്തുകൊണ്ട്
വിനാശകരമാണ്?

കൂടുതൽ വിശദീകരിക്കുന്നതിനു മുമ്പ്, ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലിനു കാരണമെന്തെന്നും അതെങ്ങനെ കാലാവസ്ഥാമാറ്റത്തിനു കാരണമാകുന്നുവെന്നും മനസ്സിലാക്കുന്നത് ഉചിതമായിരിക്കും.
ഗ്ലാസ് വൈദ്യുതകാന്തിക തരംഗങ്ങളിലെ ദൃശ്യപ്രകാശത്തെ കടത്തിവിടുമെന്നും (അതുകൊണ്ടാണല്ലോ അത് സുതാര്യമായിരി ക്കുന്നത്) ചൂടിന്റെ വാഹകമായ അദൃശ്യ ഇൻഫ്രാറെഡ് തരംഗത്തെ കടത്തിവിടുകയില്ല എന്നും നമുക്കറിയാം. ഗ്ലാസുകൊണ്ടു മൂടിയ ഒരു വസ്തു സൂര്യനിൽനിന്നുള്ള ദൃശ്യപ്രകാശത്തെ ആഗിരണം ചെയ്യുകയും തൽഫലമായി അതുചൂടായി ഇൻഫ്രാറെഡ് വികിരണത്തെ പുറപ്പെടുവിക്കുകയും ചെയ്യും. എ ന്നാൽ ഈ വികിരണങ്ങൾ ഗ്ലാസ്സിലൂടെ പുറത്തേക്കു പോകുകയില്ല എന്നതിനാൽ ഗ്ലാസിനുള്ളിലെ സ്ഥലത്ത് സൂര്യവികിരണങ്ങൾ ബന്ധിതമായി അവിടം ക്രമേണ ചൂടുപിടിക്കും. ഒരു വസ്തു ആഗിരണംചെയ്യുന്ന ഊർജ്ജവും വികിരണംചെയ്യുന്ന ഊർജ്ജവും തുല്യമായിരിക്കുമ്പോൾ അത് സ്ഥിരോഷ്മാവിലാണെന്നു പറയും.
ഭൂമിക്കുമേൽ വിരിച്ച സുതാര്യമായ പുതപ്പാണ് ഹരിതഗൃഹവാതകങ്ങളെന്ന് കരുതാം. അത് സൂര്യനിൽനിന്നുള്ള ഹ്രസ്വതരംഗങ്ങളെ കടത്തിവിടുകയും ഭൂമിയെ ചൂടുപിടിപ്പിക്കുകയും ചെയ്യും. എന്നാൽ ചൂടായ ഭൂമി തിരിച്ച് വികിരണംചെയ്യുന്ന ഇൻഫ്രാറെഡ് തരംഗങ്ങളിൽ ഒരു പങ്കിനെ ആഗിരണം ചെയ്തുകൊണ്ട് അധികമായ ഊർജ്ജത്തെ ബന്ധിതമാക്കുകയും ചെയ്യും. ഭൂമി അങ്ങനെ ചൂടുപിടിക്കുന്നു. ഇതാണു ചുരുക്കത്തിൽ ആഗോള താപനം. ആഗോളതാപനത്തിനു കാരണമായ ഹരിതഗൃഹവാതകങ്ങളിൽ മുഖ്യമായത് കാർബൺ ഡൈ ഓക്സൈഡാണ്. മീഥേൻ, CO2 വിനേക്കാൾ കൂടുതൽ ഹരിതഗൃഹ പ്രഭാവമുള്ള വാതകമാണെങ്കിലും അന്തരീക്ഷത്തിൽ അതിന്റെ അളവ് വളരെ കുറവും ആയുസ്സ് പരമാവധി 10 വർഷത്തോളം മാത്രവുമാണ്. കാർബൺ ഡൈ ഓക്സൈഡ് ആകട്ടെ അന്തരീക്ഷത്തിൽ വളരെക്കാലം നിലനിൽക്കും. അതുകൊണ്ടുതന്നെ സുദീർഘമായ ഭാവികാലത്തേക്ക് കാലാവസ്ഥയെ അതു സ്വാധീനിക്കുകയും ചെയ്യും. ഐപിസിസിറിപ്പോർട്ടു പ്രകാരം അന്തരീക്ഷത്തിലെ CO2 വിന്റെ അളവ് വ്യവസായപൂർവ്വ കാലത്തെ ഏകദേശ ശരാശരിയായ 280 പിപിഎം (Parts per Million- ദശലക്ഷത്തിലെ അംശം)ൽ നിന്ന് 410 പിപിഎംലേയ്ക്കെത്തിയിരിക്കുന്നു. കഴിഞ്ഞ രണ്ടു ദശലക്ഷം വർഷങ്ങളിലെ ഏറ്റവുമുയർന്ന അളവാണിതു്. അന്തരീക്ഷത്തിലെ മീഥേനിന്റേയും നൈട്രസ് ഓക്സൈഡിന്റേയും (N2O) സാന്ദ്രതയും കഴിഞ്ഞ 8 ലക്ഷം വർഷങ്ങളിലെ ഉയർന്നതാണ്.
മനുഷ്യസൃഷ്ടമായ കാർബൺ ഡൈ ഓക്സൈഡ് പ്രധാനമായും ഉടലെടുക്കുന്നത് കൽക്കരി, എണ്ണ, പ്രകൃതിവാതകം തുടങ്ങിയവയുടെ ഉപയോഗംകൊണ്ടും മീഥേൻ ഉണ്ടാകുന്നത് കാർഷികവൃത്തിയിലൂടെയും (ഉദാഹരണം: കന്നുകാലി വളർത്തൽ) വാതകങ്ങളുടെ കുഴിച്ചെടുക്കലിൽനിന്നും കടത്തലിൽനിന്നും മനുഷ്യവിസർജ്ജ്യങ്ങളിൽ നിന്നുമാണ്. കൃഷിയിൽ നൈട്രജൻ വളങ്ങളുടെ ഉപയോഗത്തിൽ നിന്നുണ്ടാകുന്ന നൈട്രസ് ഓക്സൈഡ് അളവിൽ വളരെക്കുറവാണെങ്കിലും കാർബൺ ഡൈ ഓക്സൈഡിനെ അപേക്ഷിച്ച് ഹരിതഗൃഹപ്രഭാവം വളരെയധികം കൂടിയതിനാലും അന്തരീക്ഷത്തിൽ ദീർഘകാലം തങ്ങിനില്ക്കുമെന്നതിനാലും ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടിയിട്ടുണ്ട്. മനുഷ്യ പ്രവർത്തനങ്ങളും ഹരിതഗൃഹവാതകങ്ങളുടെ വർദ്ധനയും തമ്മിലുള്ളബന്ധം സംശയാതീതമായി വെളിപ്പെടുത്തുക മാത്രമല്ല, അതിനാധാരമായ വസ്തുതകൾ കൂടി ഐപിസിസി റിപ്പോർട്ട് നൽകുന്നുണ്ട്. വിശദാംശങ്ങളിലേയ്ക്കു പോകാതെതന്നെ പറയാൻ കഴിയും ഇക്കാര്യത്തിൽ പ്രകൃതിശക്തികൾ വഹിക്കുന്ന പങ്ക് തുലോം തുച്ഛമാണ്.


സൂര്യനിൽനിന്നുള്ള അൾട്രാവയലറ്റ് രശ്മികളിൽനിന്ന് മനുഷ്യരേയും സസ്യങ്ങളേയും സംരക്ഷിക്കുന്നതിൽ, അന്തരീക്ഷത്തിലെ ഉയർന്ന വിതാനമായ സ്ട്രാറ്റോസ്ഫി യറിലെ ഓസോൺ (O3) വാതകത്തിന്റേതായ ഓസോൺപാളി നിർണായകമായ പങ്കു് വഹിക്കുന്നുണ്ട്. അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന പുകമഞ്ഞിൽ നിന്നുണ്ടാകുന്ന, മനുഷ്യരുടെ ആരോഗ്യത്തിന് അത്യന്തം ഹാനികരമായ ഭൗമോപരിതല ഓസോണുമായി ഇതിനെ തെറ്റിദ്ധരിക്കരുത് (ഇന്ത്യക്ക് ഈ മലിനീകരണത്തിൽ വലിയ പങ്കുണ്ട്).
സ്ട്രാറ്റോസ്ഫെറിക് ഓസോൺ പാളിയിൽ തുള വീഴിക്കുന്നതിൽ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലിനു പങ്കുണ്ടെങ്കിലും അതുകൊണ്ടുമാത്രം ആഗോളതാപനത്തിന് അതു് കാരണമാകുന്നില്ല. എന്നാൽ ആഗോള താപനത്തിനും ഓസോൺ പാളിയുടെ ക്ഷയത്തിനും ഒരു പൊതുകാരണമുണ്ട്. അന്തരീക്ഷഘടനയെ മാറ്റിമറിക്കുന്ന തരത്തിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന മനുഷ്യ പ്രവർത്തനങ്ങളാണത്. ആഗോളതാപനത്തിന്റെ അളവുമാത്രമല്ല, അതു സംഭവിക്കുന്നതിന്റെ വേഗതയാണ് ശാസ്ത്രജ്ഞരെ അലട്ടുന്ന സംഗതി. ലളിതമായി പറഞ്ഞാൽ ഹരിതഗൃഹവാതകങ്ങളുടെ ദ്രുതഗതിയിലുള്ള പുറന്തള്ളലിനു് ഉടനേ തടയിടുക എന്നതാണു പരിഹാര മാർഗ്ഗം. ലോക കാലാവസ്ഥാശാസ്ത്ര റിപ്പോർട്ടുപ്രകാരം 1990 മുതൽ 2020 വരെയുള്ള കാലയളവിൽ, ദീർഘായുസ്സുള്ള ഹരിതഗൃഹവാതകങ്ങൾ മൂലമുള്ള കാലാവസ്ഥയുടെ താപനപ്രഭാവത്തിൽ (radiative forcing ) 47% വർദ്ധനയുണ്ടായിട്ടുണ്ട്; അതിൽ 80% വർദ്ധനവിന്റേയും ഉത്തരവാദി CO2 ആണ്. ലോക കാലാവസ്ഥാശാസ്ത്ര സംഘടന(WMO)യുടെ ഗ്ലോബൽ അറ്റ്മോസ്ഫെറിക് വാച്ച് നെറ്റ് വർക്കിന്റെ നിരീക്ഷണങ്ങളിൽ നിന്നാണ് ഈ വസ്തുതകൾ ലഭിച്ചിട്ടുള്ളത്.

ആഗോളതാപനവും അന്തരീക്ഷ മലിനീകരണവും കുറയ്ക്കുന്നതിനായുള്ള ഉച്ചകോടികൾ

ഈ പ്രശ്നം പരിഹരിക്കുന്നതിനായുള്ള ഉച്ചകോടികൾ ഉണ്ടായിട്ടില്ലെന്നല്ല. ആഗോളതാപന പ്രവണതകൾ ചൂണ്ടിക്കാട്ടിയുള്ള ശാസ്ത്രജ്ഞരുടെ ആശങ്കാഭരിതമായ ശബ്ദങ്ങളുടേയും ശക്തമായ ജനകീയാഭിപ്രായങ്ങളുടേയും നടപടികൾക്കുവേണ്ടിയുള്ള പ്രക്ഷോഭങ്ങളുടേയും പശ്ചാത്തലത്തിൽ 1980കളുടെ ഒടുവിൽ ലോക കാലാവസ്ഥാശാസ്ത്ര സംഘടനയും (WMO ) യുണൈറ്റഡ് നാഷൻസ് എൻവയണ്മെന്റൽ പ്രോഗ്രാമും (UNEP) കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ വിലയിരുത്തുന്നതിനായി ഇന്റർ ഗവണ്മെന്റൽ പാനൽ ഫോർ ക്ലൈമറ്റ് ചെയ്ഞ്ച് (IPCC ) രൂപീകരിക്കുകയും യു.എൻ ജനറൽ അസംബ്ലി അതിന് അംഗീകാരം നൽകുകയും ചെയ്തു. ആഗോള കാലാവസ്ഥാ സംരക്ഷണത്തിനായി ഒരു അന്താരാഷ്ട്ര കാലാവസ്ഥാ ഉടമ്പടിക്കു രൂപം നൽകുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1991ൽ ചർച്ചകൾ ആരംഭിക്കുകയും ചെയ്തു. ആ കൂടിയാലോചനകൾ ഫ്രെയിംവർക്ക് കൺവൻഷൻ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച് (FCCC) ലേക്കു നയിച്ചു. വിവിധരാജ്യങ്ങളുടെ പങ്കാളിത്തത്തിനായി1992 ജൂണിൽ റിയോ ഡി ജനിറോയിൽ കൺവൻഷൻ ആരംഭിക്കുകയും 1994 മാർച്ചിൽ പ്രാബല്യത്തിൽ വരുകയുംചെയ്തു.


അതിനുശേഷം ഫ്രെയിംവർക്ക് കൺവൻഷനിലെ അംഗങ്ങളുടെ മൂന്നാമതു സമ്മളനം(കോൺഫറൻസ് ഓഫ് പാർട്ടീസ് ടു ദി ഫ്രെയിംവർക്ക് കൺവൻഷൻ) 1997 ഡിസംബർ 1 മുതൽ 12 വരെ ജപ്പാനിലെ ക്യോട്ടോയിൽ ചേരുകയുണ്ടായി. അതിന്റെ ഫലമായി യുണൈറ്റഡ് നേഷൻസ് ഫ്രെയിംവർക്ക് ഓൺ ക്ലൈമറ്റ് ചെയ്ഞ്ച് (UNFCC)ന്റെ ഭേദഗതി എന്നനിലയിൽ കാലാവസ്ഥാ മാറ്റത്തെ ചെറുക്കുന്നതിനായി 169 രാഷ്ട്രങ്ങൾ ഉൾപ്പെടുന്ന ഒരു അന്താരാഷ്ട കരാർ നിലവിൽ വന്നു. ക്യോട്ടോ ഉടമ്പടി എന്നാണിത് അറിയപ്പെടുന്നത്. ലഘൂകരണത്തിനായുള്ള നയങ്ങളും നടപടികളും ആവിഷ്ക്കരിക്കാനും സമയബന്ധിതമായി പുരോഗതിയെക്കുറിച്ചു റിപ്പോർട്ടു ചെയ്യുവാനും ഉടമ്പടി അംഗരാഷ്ട്രങ്ങളോടാവശ്യപ്പെടുന്നു. അഥവാ, ബഹിർഗമനം കുറയ്ക്കുക എന്നതു വികസിത രാജ്യങ്ങൾക്കു ബാധ്യതയും വികസ്വര രാജ്യങ്ങൾക്കു സ്വേച്ഛാനുസരണവും ആക്കി. വികസ്വരരാജ്യങ്ങൾക്ക് ഈ നടപടികൾക്കായി സാങ്കേതികവിദ്യയുടെ കൈമാറ്റവും സാമ്പത്തികസഹായവും വികസിത രാജ്യങ്ങളിൽനിന്ന് ലഭിക്കുകയുംചെയ്യും. അംഗീകാരം നൽകാനുള്ള സങ്കീർണ്ണമായ പ്രക്രിയകൾക്കുശേഷം 2005 ഫെബ്രുവരി 16 ന് ക്യോട്ടോ ഉടമ്പടി പ്രാബല്യത്തിൽവന്നു. 192 രാജ്യങ്ങൾ നിലവിൽ ഈ ഉടമ്പടിയുടെ ഭാഗമാണ്. കാർബൺ വ്യാപാരം അഥവാ ‘അയവുള്ള’ ഒരു ഘടനയ്ക്കുവേണ്ടിയുള്ള വ്യവസ്ഥ CDM (clean development mechanism) എന്നപേരിൽ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തങ്ങൾക്കു നിശ്ചയിച്ചിട്ടുള്ള ലക്ഷ്യത്തേക്കാൾ ബഹിർഗമനം കുറച്ചിട്ടുള്ള രാജ്യങ്ങൾക്കും കമ്പനികൾക്കും ലക്ഷ്യത്തിനുപരിയായ ഈ ബഹിർഗമനം വിൽക്കാൻ സാധിക്കും. ലക്ഷ്യത്തിലെത്താത്തവർക്ക് അത്രയും വാങ്ങാനും കഴിയും. സമാനമൂല്യമുള്ള കാർബൺ ഡൈ ഓക്സൈഡിന്റെ മെട്രിക്ക് ടൺ അളവിലാണ് ഈ വ്യാപാരങ്ങൾ നടക്കുക. വികസ്വര രാജ്യങ്ങളിൽനിന്ന് ബഹിർഗമനത്തിലെ കുറവിന്റെ അളവ് വാങ്ങുകയാണെങ്കിൽ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള ചെലവ് കുറവായിരിക്കുമെന്ന് വികസിത രാജ്യങ്ങളിലെ പല കമ്പനികളും കണ്ടു. എന്നാൽ യു.എസ്. സാമാജ്യത്വം ക്യോട്ടോ ഉടമ്പടിയിൽ ഒപ്പുവയ്ക്കാൻ വിസമ്മതിച്ചു. വികസ്വര രാജ്യങ്ങൾ ബഹിർഗമനം കുറയ്ക്കുന്നതുവരെ സ്വയം കുറയ്ക്കാൻ അവർ തയാറാകുന്നുമില്ല എന്നതിനെപ്പറ്റി പറയാനുമില്ല. എന്നിരുന്നാലും മറ്റു പല രാജ്യങ്ങളും ക്യോട്ടോ പ്രോട്ടോകോൾ അംഗീകരിക്കാൻ തയാറായിട്ടുണ്ട്. ക്യോട്ടോ ഉടമ്പടിയിലെ രണ്ടാം പ്രതിബദ്ധതാ കാലയളവ് ഇന്ത്യ 2012ൽ അംഗീകരിച്ചു.
2009ലെ കോപ്പൻഹേഗൻ ഉച്ചകോടിയിൽ (COP15) ബഹിർഗമനം കുറയ്ക്കുന്നതിനുളള പുതിയ നിബന്ധനകൾ അവതരിപ്പിക്കപ്പെട്ടപ്പോൾ ബഹിർഗമനം കുറയ്ക്കാനുള്ള വികസിതരാജ്യങ്ങളുടെ ബാധ്യതയിൽ നിന്നൊഴിവാകാനും വികസ്വര രാജ്യങ്ങളുടെമേൽ അതിന് സമ്മർദ്ദം ചെലുത്താനുമുള്ള യു.എസ് കൗശലങ്ങൾ ആരംഭിച്ചു. കാലാവസ്ഥാശാസ്ത്രത്തേയും ശാസ്ത്രജ്ഞരേയും ഇകഴ്ത്തിക്കാട്ടാനും കാലാവസ്ഥാശാസ്ത്രം ഒരു അസംബന്ധമാണെന്നും വൃത്തികെട്ട രാഷ്ട്രീയത്തിന്റെ സൃഷ്ടിയാണെന്നും വസ്തുതകളുടേയും കണക്കുകളുടേയും അടിസ്ഥാനത്തിൽ ‘തെളിയിക്കാനു’മുള്ള അന്തർദേശീയ പ്രചാരവേല നടത്തുന്ന വ്യാവസായിക ഭീമൻമാരുടെ പ്രതേകിച്ച് എണ്ണ ലോബിയുടെ നിഷ്ഠുരമായ കമ്പോള താല്പര്യങ്ങൾക്കു കീഴടങ്ങി യുഎസ് അങ്ങനെ ക്യോട്ടോ ഉടമ്പടിയെ പ്രായോഗികമായി വലിച്ചെറിഞ്ഞു.


ദൗർഭാഗ്യകരമായ കോപ്പൻഹേഗൻ ഉച്ചകോടിക്കുശേഷം 196 രാഷ്ട്രങ്ങൾ 2015 ഡിസംബർ12ന് പാരീസിൽ COP 21 നായി വീണ്ടും സമ്മേളിച്ചു. ആഗോളതാപനം വ്യവസായപൂർവ്വ കാലഘട്ടത്തേക്കാൾ 2ഡിഗ്രി സെൽഷ്യസ് അല്ലെങ്കിൽ അഭിലഷണീയമായ 1.5 ഡിഗ്രി ആയി നിയന്ത്രിക്കുക എന്ന ലക്ഷ്യം നേടിയെടുക്കാൻ ഒരു കരാർ രൂപംകൊണ്ടു. ദീർഘകാലലക്ഷ്യങ്ങൾ നേടിയെടുക്കാനുള്ള ശ്രമങ്ങളെ മെച്ചപ്പെട്ട രീതിയിൽ ചിട്ടപ്പെടുത്താനായി 2020ഓടെ, താഴ്ന്ന ഹരിതഗൃഹ വാതക ബഹിർഗമനത്തിനുള്ള ദീർഘകാല വികസന തന്ത്രങ്ങൾ (long-term low greenhouse gas emission development strategies LT-LEDS) ആവിഷ്ക്കരിക്കാൻ പാരീസ് ഉടമ്പടി, രാജ്യങ്ങളോട് നിർദ്ദേശിച്ചു. കാലാവസ്ഥാവ്യതിയാനത്തെ സംബന്ധിച്ച്, നിയമപരമായി സാധുവായ ഒരു അന്താരാഷ്ട്ര കരാറാണ് പാരീസ് ഉടമ്പടി. പക്ഷേ, ചട്ടങ്ങളുടെ അഭാവത്താൽ, ഉദ്ദേശിക്കപ്പെട്ടിരുന്നതുപോലെ 2020ൽ പാരീസ് ഉടമ്പടി പ്രാബല്യത്തിൽ വന്നില്ല. വീണ്ടും മറ്റൊരു യു.എൻ കാലാവസ്ഥാ സമ്മേളനം (COP 24) 2018 ഡിസംബർ 2മുതൽ 15വരെ പോളണ്ടിലെ കാറ്റോവൈസിൽ നടന്നു. യുറോപ്യൻ യൂണിയനും അംഗരാജ്യങ്ങളും യു.എൻ കാലാവസ്ഥാ വ്യതിയാന കൺവൻഷനിലെ അംഗങ്ങളെന്ന നിലയിൽ പങ്കെടുത്തു. ഇവിടെയും സാമ്പത്തിക കാര്യങ്ങളിലും സുതാര്യതയിലും യോജിപ്പുണ്ടായില്ല.

ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനത്തെ നിയന്ത്രിക്കുന്നതിലുള്ള അഭിപ്രായസമന്വയത്തെ തടയുന്നതെന്താണ്?

വികസിതമായ സാമ്രാജ്യത്വ-മുതലാളിത്ത രാജ്യങ്ങളിൽ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്ന ഊർജ്ജോല്പാദന ഗതാഗതമേഖലകളിലെ (വിശേഷിച്ച് വാഹനങ്ങൾ) സ്രോതസ്സുകളില്‍ നിന്നാണ് പ്രധാനമായും ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളപ്പെടുന്നത്. പക്ഷേ ഈ ധനിക രാജ്യങ്ങളിലെ ഭരണാധികാരികൾ അവരുടെ ബഹിർഗമനത്തെക്കുറിച്ച് ഇതേവരെ യാതൊരു ഉൽക്കണ്ഠയും കാണിച്ചിട്ടില്ല. പകരം അവർ താരതമ്യേന അവികസിതമോ വികസ്വരമോ ആയ രാജ്യങ്ങളുടെ ബഹിർഗമനത്തിലേക്കു വിരൽ ചൂണ്ടുന്നു. ബഹിർഗമനം കുറയ്ക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെ, വർദ്ധിതമായിവരുന്ന ചെലവുകൾ ആരുവഹിക്കും എന്നതിനെപ്പറ്റിയൊക്കെ വികസിത രാജ്യങ്ങളും വികസ്വരരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ ഉരസൽ പ്രകടമാണ്. മനുഷ്യ ഇടപെടൽ മൂലമുള്ള ഇപ്പോഴത്തെ കാലാവസ്ഥാമാറ്റത്തിന് പ്രധാനമായും കാരണക്കാരായ വികസിത രാജ്യങ്ങൾ മാറ്റത്തിനായുള്ള ചെലവു വഹിക്കണമെന്നാണ് വികസ്വരവും താരതമ്യേന അവികസിതവുമായ രാജ്യങ്ങൾ ആവശ്യപ്പെടുന്നത്.

സാമ്രാജ്യത്വ-മുതലാളിത്തമാണ് ആഗോളതാപനത്തിന്
ഉത്തരവാദികൾ

സാങ്കേതികവിദ്യയുടെ വികാസത്തിലോ വ്യവസായപുരോഗതിയിലോ അല്ല അടിസ്ഥാനപ്രശ്നങ്ങൾ കുടികൊള്ളന്നത് എന്ന് വ്യക്തമായി മനസ്സിലാക്കണം. ഇന്നത്തെ സമൂഹത്തിന്റെ ഘടനയിലും, സാമ്പത്തികപ്രവർത്തനത്തിന്റെ, അതായത് മുതലാളിത്തത്തിന്റെ അടിസ്ഥാന പ്രചോദനത്തിലുമാണ് അവ തേടേണ്ടത്. ഈ കാര്യം വ്യക്തമാക്കുന്നതിനായി, ഈ വിഷയത്തിലുണ്ടായിട്ടുള്ള അന്താരാഷ്ട്ര മുന്നേറ്റങ്ങളേയും അവയോട് വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ പ്രകടിപ്പിച്ച മനോഭാവവും ഒന്ന് പരിശോധിക്കാം.
തുടക്കം തൊട്ടുതന്നെ, സാമ്രാജ്യത്വ യുഎസ് ഭരണകൂടം, ഒന്നല്ലെങ്കിൽ മറ്റൊരു കാരണം പറഞ്ഞ് ആഗോളതാപനത്തിന്റെ വിഷയത്തിൽനിന്നും ഒഴിഞ്ഞുമാറാൻ ശ്രമിച്ചുകൊണ്ടേയിരിക്കു കയാണ്. ആഗോളതാപനം വർദ്ധിക്കുന്ന പ്രവണതയെ തടയുന്നതുമായി ബന്ധപ്പെട്ട സുപ്രധാന ചോദ്യങ്ങൾ വരുമ്പോൾ, ലോകമാസകലമുള്ള ജനങ്ങളുടെ പട്ടിണിക്കും ദുരിതത്തിനുംമേലേ പുളയ്ക്കുന്ന ലോക സാമ്രാജ്യത്വ-മുതലാളിത്തത്തിന്റെ തലവനായ പെന്റഗൺ ഭരണാധികാരികൾ എപ്പോഴും അധരവ്യായാമംമാത്രം നടത്തും. അതും പോരാഞ്ഞ്, കാലാവസ്ഥാവ്യതിയാനത്തിന്റെ ഭീഷണിയെ ഫലപ്രദമായി ചെറുക്കുന്നതിനുള്ള എന്തെങ്കിലും ക്രിയാത്മക നിർദ്ദേശം വന്നാൽ അത് നടപ്പിൽ വരില്ലയെന്ന് അവർ ഉറപ്പാക്കുകയും ചെയ്യും. ആഗോളതാപനത്തെയും കാലാവസ്ഥാവ്യതിയാനത്തെയും സംബന്ധിച്ച ശാസ്ത്രീയ തെളിവുകൾ വർദ്ധിച്ചിട്ടും, അതിനെ അംഗീകരിക്കാതിരിക്കാനുള്ള മർക്കടമുഷ്ടിയാണ് യുഎസ് സാമ്രാജ്യത്വ ഭരണാധികാരികൾ കാലങ്ങളായി വച്ചുപുലർത്തുന്നത്. എക്സോൺ മൊബീൽപോലെയുള്ള കരുത്തരായ എണ്ണ കമ്പനികൾക്കും, കോംപറ്റീറ്റീവ് എന്റർപ്രൈസ് ഇൻസ്റ്റിറ്റ്യൂട്ടും കാട്ടോ ഇൻസ്റ്റിറ്റ്യൂട്ടുംപോലെയുള്ള ചില ബുദ്ധികേന്ദ്രങ്ങൾക്കുംവേണ്ടി നിലവിലുള്ള പരിസ്ഥിതി നിയമങ്ങളിലും സുരക്ഷയിലുംപോലും വാസ്തവത്തിൽ അവർ വെള്ളം ചേർക്കുകയാണ്.


ഹീനലക്ഷ്യങ്ങളോടുകൂടിയ ഈ വിഭാഗങ്ങൾ കാലാവസ്ഥാവ്യതിയാനത്തിന്റെ അപകടങ്ങളെ കുറച്ചുകാണിക്കുവാനായി പ്രചാരണം നടത്തുകയായിരുന്നു. ജനകീയമുന്നേറ്റങ്ങളുടെ സമ്മർദ്ദഫലമായി, ആഗോളതാപനമെന്ന പ്രതിഭാസം മനുഷ്യൻ സൃഷ്ടിക്കുന്നതാണെന്നും മതിയായ പ്രതിരോധനടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്നും അവർക്ക് പിന്നീട് സമ്മതിക്കേണ്ടിവന്നു. പക്ഷേ എന്നിട്ടും, പരിഹാരനടപടികളുടെ നിർബന്ധിതലക്ഷ്യങ്ങളോടുള്ള യുഎസിന്റെ ഭിന്നത രേഖപ്പെടുത്തിക്കൊണ്ട് പാരീസ് കരാറിൽ നിന്നും യുഎസിന്റെ മുൻപ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്തുപോവുകയുണ്ടായി. നിലവിലെ യുഎസ് പ്രസിഡന്റ് ബൈഡന്റെ വൻവാഗ്ദാനങ്ങൾക്കപ്പുറം, ഹരിതഗൃഹവാതകങ്ങളുടെ പുറംതള്ളലും, പരിസ്ഥിതി മലിനീകരണവും ആഗോളതാപനവും സൃഷ്ടിക്കുന്ന മറ്റു പ്രവർത്തനങ്ങളും അവസാനിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് അനുകൂലമായ നിലപാട് യുഎസ് സാമ്രാജ്യത്വവും അവരുടെ പിണിയാളുകളും സ്വീകരിക്കുമോ എന്നതാണ് അറിയേണ്ടത്.
പ്രതിവിപ്ലവത്തിനുശേഷം സാമ്രാജ്യത്വശക്തിയായി മാറിയ ചൈനയാണ് ആഗോളതലത്തിൽ ഹരിതഗൃഹവാതക പുറന്തള്ളലിൽ ഏറ്റവും മുന്നിലുള്ള രാജ്യം. വുഹാൻ അടക്കമുള്ള സ്ഥലങ്ങളിൽനിന്നും ലോകരാജ്യങ്ങൾക്കെല്ലാം ആവശ്യമുള്ള ഉരുക്ക്, ഇലക്ട്രോണിക്സ്, തുണിത്തരങ്ങൾ തുടങ്ങിയ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന വ്യവസായശാലകളിൽ നിന്നാണ് ഇതിൽ വലിയൊരു പങ്കും ഉണ്ടാകുന്നത്. ആഗോളതാപനം കുറയ്ക്കുന്നതിനുള്ള പ്രതിബദ്ധതയെക്കുറിച്ചൊക്കെ സംസാരിക്കുമെങ്കിലും, യഥാർത്ഥത്തിൽ അവർ യുഎസിന്റെ പ്രതികരണമാണ് നിരീക്ഷിക്കുന്നത്. കാരണം, ആഗോള മുതലാളിത്ത കമ്പോളത്തിൽ യുഎസ് ആണ് ചൈനയുടെ ഏറ്റവും വലിയ എതിരാളി. യൂറോപ്പ്യൻ ശക്തികളാകട്ടെ, ഒരു കരാറിനുള്ള ഉചിതമായ സമയമാണെന്ന് വാക്കാൽ അംഗീകരിക്കുന്നുണ്ടെങ്കിലും, ഇക്കാര്യത്തിൽ യുഎസും ചൈനയും എടുക്കുന്ന നിലപാടുകൾ അനുസരിച്ച് തങ്ങൾ എവിടെ നിൽക്കുന്നു എന്ന് അവരും കാണിച്ചു തരേണ്ടതുണ്ട്. കഴിഞ്ഞ രണ്ട് ദശകങ്ങൾക്കിടയിൽ സാമ്രാജ്യത്വ റഷ്യയുടെ ഭരണാധികാരികളാകട്ടെ, കാലാവസ്ഥാപ്രതിസന്ധിയെക്കുറിച്ച് തമാശ പറയുന്നതിൽനിന്നും ക്രമേണമാറി കാലാവസ്ഥാവ്യതിയാനത്തോട് പ്രതികരിക്കുന്നതി നുള്ള ഉത്തരവാദിത്തം ഏറ്റെടുത്തു തുടങ്ങിയിരിക്കുന്നു. കാരണം, ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളുന്ന തിൽ ലോകത്ത് നാലാം സ്ഥാനത്തുള്ള റഷ്യയിലാണ് കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലങ്ങൾ ഏറ്റവും രൂക്ഷമായി പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്. ഭൂമിയിൽ മറ്റ് പ്രദേശങ്ങളെക്കാൾ വേഗത്തിലാണ് റഷ്യയിൽ താപം വർദ്ധിക്കുന്നത്. മറ്റൊരു വമ്പൻ സാമ്രാജ്യത്വശക്തിയായ ഇന്ത്യയിലാകട്ടെ, തികച്ചും അശ്രദ്ധമായ ഫോസിൽ ഇന്ധന ഉപഭോഗവും, അനിയന്ത്രിതമായ തരത്തിൽ വിവിധ വ്യവസായങ്ങളിൽ നിന്നും വിഷവാതകങ്ങൾ പുറത്തുവിടുന്നത് അടക്കമുള്ള മലിനീകരണം നടത്തി ഇവിടത്തെ കാലാവസ്ഥയെത്തന്നെ വിഷമയമാക്കുന്നു.
ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും മുതലാളിത്ത ചൂഷണത്തിന്റെ വിഷം മുറ്റിയ നീരാളിക്കൈകൾ നുഴഞ്ഞുകയറുകയാണ്. ലോകത്ത് എല്ലായിടത്തും ഇന്ന് നിലവിലിരിക്കുന്ന മുതലാളിത്ത ഉത്പാദനസംവിധാനം ഒരുപിടി കുത്തകകൾക്കും ബഹുരാഷ്ട്രകമ്പനികൾക്കും ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെമാത്രം മുന്നോട്ടു പോകുന്ന ഒന്നാണ്. അതിനായി, ഫോസിൽ ഇന്ധനങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം, ഹരിത ഊർജ്ജ ഉറവിടങ്ങളിലേക്ക് എത്രയും വേഗം മാറുന്നതിനുള്ള വൈമുഖ്യം, വ്യവസായശാലകൾ പരിസ്ഥിതി സൗഹൃദമായി നടത്തുന്നതിനോടുള്ള അവഗണന, യാതൊരു ആസൂത്രണവുമില്ലാത്ത നഗരവത്കരണവും അതിനോടു ചേർന്ന് വനം വെട്ടിവെളുപ്പിച്ച് ജൈവവൈവിധ്യവും പരിസ്ഥിതി സന്തുലനവും നശിപ്പിക്കുന്നതുംപോലെയുള്ള ഒരു കൂട്ടം കാലാവസ്ഥാവിരുദ്ധ നടപടികളാണ് വ്യവസായഭീമന്മാരും കോർപ്പറേറ്റ് സ്രാവുകളും നടത്തുന്നത്. പ്രാദേശികവും ഭാഗികവുമായ യുദ്ധങ്ങളിൽ സർവ്വനാശകാരിയായ ആയുധങ്ങൾ ഉപയോഗിക്കുന്നതും പരിസ്ഥിതി അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട്.

ആഗോളതാപനത്തിനുള്ള വ്യക്തമായ ഉത്തരം
ശാസ്ത്രത്തിനുണ്ടെങ്കിലും ചെവിക്കൊള്ളാൻ
മുതലാളിത്തം തയ്യാറാകുന്നില്ല

എല്ലാ സമൂഹങ്ങളുടെയും, മനുഷ്യരാശി ഒന്നാകെയുമുള്ള ആവശ്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, യോജിച്ച അനുരൂപീകരണ-ലഘൂകരണ നടപടികളും നയങ്ങളും കൈക്കൊണ്ട് ആഗോളതാപനത്തിന്റെ ആഘാതത്തെ കുറയ്ക്കുവാനുള്ള നടപടികൾ ശാസ്ത്രം വ്യക്തമായി മുന്നോട്ടു വെക്കുന്നു. ഇന്നത്തെ സാമ്രാജ്യത്വ-മുതലാളിത്തമാകട്ടെ ഇതിനു പകരം ആഗോളതാപനത്തിന്റെ പ്രശ്നം കൂടുതൽ വഷളാക്കുന്നു. കോർപ്പറേറ്റ് താത്പര്യങ്ങൾക്കനുസരിച്ച് മുതലാളിത്ത സർക്കാരുകൾ കൈക്കൊണ്ടുകൊണ്ടിരിക്കുന്ന അനവധി നടപടികളിൽനിന്നും ഇത് നമുക്കു ദർശിക്കാവുന്നതാണ്. സാമ്രാജ്യത്വ-മുതലാളിത്ത ശക്തികളെ സംബന്ധിച്ചിടത്തോളം നയരൂപീകരണത്തിനുള്ള നിർണ്ണായകഘടകം ശാസ്ത്രമല്ല, ലാഭം വർദ്ധിപ്പിക്കുക എന്നതാണ്. അടിയന്തര ദുരന്തങ്ങളെ അകറ്റിനിർത്തുന്നതിനുള്ള പൊടിക്കൈകൾ, ആഗോളതാപനത്തിനുള്ള ദീർഘകാല ശാസ്ത്രീയ പരിഹാരത്തിന്റെ സൂചനയല്ല. കൂടാതെ, ഭൂവിനിയോഗരീതികൾ മാറ്റുക, സ്വാഭാവിക ജലഗമന മാർഗ്ഗങ്ങളും നീർച്ചാലുകളും കൈയേറുക, നദികളുടെ തീരം കവർന്നുള്ള ചിന്താശൂന്യമായ നഗരവത്ക്കരണം, കാടും കുന്നും നശിപ്പിക്കൽ, തുടങ്ങി ഭരിക്കുന്ന സാമ്രാജ്യത്വ-മുതലാളിത്തം നടപ്പാക്കുന്ന പ്രവൃത്തികളെല്ലാം പരിസ്ഥിതിയെ മാറ്റിമറിക്കുന്നതോടൊപ്പം, നിരവധി രോഗങ്ങൾ സൃഷ്ടിക്കുകയും പാവപ്പെട്ട ജനങ്ങളെ അവരുടെ കിടപ്പാടങ്ങളിൽനിന്നും പുറത്താക്കുകയും ചെയ്യുന്നു. മനുഷ്യജീവനും ആരോഗ്യത്തിനും ശതകോടിക്കണക്കിന് ജീവിതങ്ങൾക്കും ഉണ്ടായിരിക്കുന്ന കൊടിയ ഭീഷണിക്കു പുറമേ, ഇത് സൃഷ്ടിക്കുന്ന അതിഭീമമായ സാമ്പത്തികച്ചെലവ്, ആത്യന്തികമായി ആരാണ് അത് വഹിക്കുകയെന്നതും അധ്വാനിക്കുന്ന ജനങ്ങൾക്കു മുമ്പാകെ ഉയരുന്ന ചോദ്യമാണ്.

സാമ്രാജ്യത്വ-മുതലാളിത്ത രാജ്യങ്ങൾ കൈക്കൊള്ളുന്ന, പുരോഗമനപരമെന്ന്
തോന്നിക്കുന്ന നടപടികൾക്ക് പിന്നിലെ ലക്ഷ്യം

അടുത്തിടെയായി ഇതുമായി ബന്ധപ്പെട്ട് പുരോഗമനപരമായ ചില നടപടികൾ എടുക്കുന്ന സൂചനകളുണ്ട്. കുത്തകകൾക്കും ബഹുരാഷ്ട്ര കമ്പനികൾക്കും മനംമാറ്റമുണ്ടായതു കൊണ്ടല്ല ഈ നടപടികൾ. മറിച്ച്, കാലാവസ്ഥാവ്യതിയാന ലഘൂകരണംതന്നെ സ്വകാര്യമേഖലയെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് ഒരു പുതിയ സാമ്പത്തിക-വാണിജ്യ അവസരമായാണ് അവർ കാണുന്നത് എന്നതിനാലാണ്. പരമാധികാര ഇറാഖിനുമേൽ ബോംബ് വർഷം നടത്തി അവരെ മുച്ചൂടും തകർത്തതിന് ശേഷം, അതേ രാജ്യത്തെ പുനർനിർമ്മിക്കുവാനുള്ള കരാറുകൾ തങ്ങളുടെ സ്വകാര്യ നിർമാതാക്കൾക്ക് തരപ്പെടുത്തിക്കൊടുത്ത യുഎസ് സാമ്രാജ്യത്വം ചെയ്തതിനു സമാനമാണിത്. ഇപ്പോഴത്തെ ഗ്ലാസ്ഗോ കൺവെൻഷനിൽ ലഘൂകരണത്തിന്റെ ഈ വ്യവസായം തന്നെയാകും പ്രധാന പങ്ക് വഹിക്കുക. അന്താരാഷ്ട്ര തലത്തിൽ സ്വമേധയാ ഉള്ള സഹകരണത്തെ സംബന്ധിക്കുന്ന പാരിസ് സമ്മേളന നിയമാവലിയുടെ 6-ാം വകുപ്പിന്റെ ഫലമെന്താകുമെന്നാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്. ഇതിലൂടെയാണ്, കെട്ടിട നിർമ്മാതാക്കൾ വികസന അവകാശങ്ങൾ കച്ചവടം ചെയ്യുന്നതുപോലെ ലഘൂകരണതിന്റെ പരിണതഫലങ്ങൾ മറ്റൊരു കക്ഷിയുമായി കച്ചവടം ചെയ്യാനാകുന്നത്. ലാഭമുണ്ടാക്കാനുള്ള ഒരു വഴിയും മുതലാളിത്തം കൈവിട്ടുകളയുകയില്ല.

ലാഭലക്ഷ്യം മുൻനിർത്തി സാമ്രാജ്യത്വ മുതലാളിത്തം പരിഹാരപ്രക്രിയ നീട്ടിവെക്കുന്നു

പരിസ്ഥിതിയുടെ പ്രശ്നം, വിശേഷിച്ചും ആഗോളതാപനം, തീർച്ചയായും മനുഷ്യരാശിയുടെ നിലനിൽപ്പിന്റെതന്നെ പ്രശ്നമാണ്. പക്ഷേ ഇന്ന് നിലനിൽക്കുന്ന സാമൂഹിക സംവിധാനത്തിൽ നിന്നും ഒറ്റപ്പെടുത്തി മാറ്റിക്കൊണ്ടല്ല അതിനെ കാണേണ്ടത്. ഈ തകർച്ചയുടെ വക്കിലേക്ക് ലോകത്തെ നയിച്ചതെന്താണ്? നേരത്തെ പറഞ്ഞതുപോലെ, വിനാശകരമായ പരിണതിയെക്കുറിച്ചു നന്നായി അറിയാമായിരുന്നിട്ടും, ഊർജ്ജം, രാസവസ്തു നിർമ്മാണം, തുടങ്ങി ഒരു മേഖലയിലും തങ്ങൾക്ക് പരമാവധി ലാഭസാധ്യത കാണുന്ന ഒരു പദ്ധതിയും നിർത്തിവെക്കാൻ സാമ്രാജ്യത്വ–മുതലാളിത്തം തയ്യാറായില്ല. എതിരാളികളെ പിന്തള്ളി കമ്പോളം പിടിച്ചെടുക്കുക യെന്നത് സാമ്രാജ്യത്വ മുതലാളിത്തത്തിന്റെ പ്രധാന സവിശേഷതയാണ്. പരമാവധി ലാഭം കിട്ടുന്നതിനായി നിർമ്മാണ ചെലവ് എത്രത്തോളം കുറയ്ക്കാമോ അത്രത്തോളം കുറയ്ക്കുന്നതിനും അവർ ശ്രദ്ധവയ്ക്കുന്നു. അതുകൊണ്ട്, തങ്ങൾ ക്കുവേണ്ട ജോലികൾ എത്രയും വേഗത്തിലും ഏറ്റവും കുറഞ്ഞ ചെലവിലും ചെയ്യാൻ സഹായിക്കുന്നതരം സാങ്കേതികവിദ്യയിലാണ് മുതലാളിത്തം മൂലധനമിറക്കുക. ഭാവി തലമുറകൾക്കുമേൽ അതുണ്ടാക്കുന്ന വിനാശം അവർക്ക് പ്രശ്നമാകുന്നില്ല. ജനങ്ങളെ സംബന്ധിച്ച് കൂടുതൽ പ്രാധാന്യമുള്ള ആവശ്യകതകളെ ഒട്ടും പരിഗണിക്കാതെ ലാഭം കുന്നുകൂട്ടുന്ന സാങ്കേതികവിദ്യയാണ് മുതലാളിത്തം ഉപയോഗിക്കുന്നത്. പരിസ്ഥിതി ഘടകങ്ങൾക്ക് പ്രാധാന്യം നൽകിയാൽ, അതിനായുള്ള രക്ഷാകവചങ്ങൾ വ്യവസായങ്ങളുടെ നടത്തിപ്പിനെ തടസ്സപ്പെടുത്തി വളർച്ചയെ മുരടിപ്പിക്കുമെന്നു മാണ് ഇന്നും അവർ വാദിക്കുന്നത്. ദരിദ്രരും ചൂഷിതരുമായ ദശലക്ഷങ്ങളാണ് ഈ വളർച്ചയുടെ ഗുണഭോക്താക്കൾ എന്ന മട്ടിൽ, ആഗോളതാപനത്തിന്റെയും അതു മൂലമുണ്ടാകുന്ന ആരോഗ്യ പ്രതിസന്ധിയുടെയും സർവപ്രധാനമായ ചോദ്യത്തിനുമേൽ സാമ്പത്തികവളർച്ചയുടെ വിഷയം കൊണ്ടുവെക്കാൻ അവർ കൗശലത്തോടെ ശ്രമിക്കുന്നു. ദരിദ്രരും അഗതികളുമായ അസംഖ്യം ജനങ്ങൾക്ക് എല്ലാം നിഷേധിച്ചുകൊണ്ട് ചൂഷകരായ ഒരുപിടി അതിസമ്പന്നർ സമ്പത്ത് കുന്നുകൂട്ടുന്ന പരുഷ യാഥാർത്ഥ്യത്തെ പൊതിഞ്ഞു പിടിക്കുക മാത്രമാണ് ഇവിടെ. ഈ കാലാവസ്ഥാപ്രശ്നംതന്നെ സൃഷ്ടിച്ചതും വഷളാക്കിയതും ലോക സാമ്രാജ്യത്വ മുതലാളിത്ത ശക്തികളാണ് എന്നതാണ് ഒന്നാമത്തെ കാര്യം.


സ്ഥിതി മെച്ചപ്പെടുത്താൻ സാമ്രാജ്യത്വ മുതലാളിത്തം എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷയിലേ ക്കാണ് ആഗോളതാപനം കുറയ്ക്കുവാനുള്ള അന്താരാഷ്ട്ര സമ്മേളനങ്ങൾ പലരെയും നയിച്ചത്. സോഷ്യലിസ്റ്റ് ചേരിയുടെ അസാന്നിധ്യത്തിൽ സാമ്രാജ്യത്വ മുതലാളിത്ത ലോകം കൊണ്ടുവന്ന, ഏറെ കൊട്ടിഘോഷിക്കപ്പെട്ട ക്യോട്ടോ കരാർ വെറും തട്ടിപ്പായിരുന്നു എന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. പ്രശ്നത്തെ ലഘൂകരിക്കുന്നത്തിനുപകരം, ആഗോളതാപനത്തെ അപകടകരമായ തലത്തിലെത്തിക്കുന്ന തരത്തിൽ ഹരിതഗൃഹ വാതകങ്ങളുടെ അളവ് ഉയരുകയാണ് ഉണ്ടായത്. കമ്പോള മേധാവിത്വത്തിൽ ഊന്നിയുള്ള സാമ്രാജ്യത്വ മുതലാളിത്ത വൈരുദ്ധ്യംമൂലം ആഗോള സമ്മേളനങ്ങൾ നിരന്തരം പരാജയപ്പെടുന്നു. കാരണം, ലാഭമുണ്ടാക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യാനോ ചിലവേറിയ സാങ്കേതികവിദ്യ ഉപയോഗിച്ച് പുറന്തള്ളലിൽ കുറവു വരുത്തി ഉത്പാദനചെലവ് കൂട്ടാനോ ആരും തയ്യാറല്ല. അതുകൊണ്ട് ഇത്ര നിർണായകമായ വിഷയത്തിൽ ഒത്തുതീർപ്പുണ്ടാക്കുന്നതിൽ ചാഞ്ചാടിക്കൊണ്ടേയിരിക്കുന്നു. ഇക്കാരണംകൊണ്ടാണ് ഫിഡൽ കാസ്ട്രോ തന്റെ ബ്രസീൽ പ്രഭാഷണം ഉപസംഹരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞത്: “ഈ സ്വയംവിനാശത്തിൽ നിന്നും മനുഷ്യരാശിയെ നമുക്ക് രക്ഷിക്കണമെന്നുണ്ടെങ്കിൽ ഈ ഭൂമിയിലുള്ള സമ്പത്തും സാങ്കേതികവിദ്യയും മെച്ചപ്പെട്ട രീതിയിൽ വിതരണം ചെയ്യേണ്ടതുണ്ട്. സ്വാർത്ഥത മതിയാക്കാം. നിർവികാരതയും ഉത്തരവാദിത്തരാഹിത്യവും വഞ്ചനയും മതിയാക്കാം. വളരെ മുൻപേതന്നെ നാം ചെയ്യേണ്ടിയിരുന്നത് ഇനിയും നാളേക്ക് വയ്ക്കുന്നത് ഏറെ വൈകിക്കും. “
138 വർഷം മുമ്പ് മഹാനായ എംഗൽസ് നിരീക്ഷിച്ചത് ഇവിടെ പ്രസക്തമാണ്. “പ്രകൃതിക്ക് മേലുള്ള മനുഷ്യന്റെ അധിനിവേശത്തിന്റെ പേരിൽ നമുക്ക് അധികം സ്വയം പുകഴ്ത്താതിരിക്കാം. അത്തരം ഓരോ അധിനിവേശവും അതിന്റെ പ്രതികാരം നമുക്കുമേൽ തീർക്കും. അതിലോരോന്നിനും ഒന്നാമതായി നാം പ്രതീക്ഷിച്ച ഫലങ്ങൾ ഉണ്ടാകുമെന്നതു സത്യമാണ്. പക്ഷേ രണ്ടാമതായും മൂന്നാമതായും തികച്ചും വ്യത്യസ്തവും അപ്രതീക്ഷിതവുമായ ഫലങ്ങൾ അതിനുണ്ടാവുകയും, പലപ്പോഴും അവ ആദ്യത്തെ ഫലത്തെ അതിവേഗം ഇല്ലാതാക്കുകയും ചെയ്യും. മെസോപോട്ടെമിയയിലും ഗ്രീസിലും ഏഷ്യമൈനറിലും മറ്റു പലയിടങ്ങളിലും ഉള്ള ജനങ്ങൾ കൃഷിഭൂമി ലഭ്യമാക്കാനായി കാട് വെട്ടിത്തെളിചു. ഈ രാജ്യങ്ങളുടെ ഇന്നത്തെ തകർച്ചയുടെ അവസ്ഥക്ക് അടിത്തറയൊരുക്കുകയായിരിക്കും തങ്ങളെന്ന് അവർ സ്വപ്നത്തിൽപോലും കരുതിയിട്ടുണ്ടാകില്ല. ആൽപ്സ് മലനിരകളുടെ വടക്കൻ ചെരുവിലെ പൈൻമരക്കാടുകൾ വളരെ ശ്രദ്ധാപൂർവ്വം നിലനിർത്തിയപ്പോൾ, ആൽപ്സിലെ ഇറ്റലിക്കാർ തെക്കൻചെരുവിലെ കാടുകൾ അപ്പാടെ ഉപയോഗിച്ച് തീർത്തു. എന്നാൽ, തങ്ങളുടെ പ്രദേശത്തെ ക്ഷീരവ്യവസായത്തിന്റെ കടയ്ക്കലാണ് തങ്ങൾ കത്തിവക്കുന്നതെന്ന് അവർക്ക് അറിയില്ലായിരുന്നു. വർഷത്തിൽ കൂടുതൽ സമയവും തങ്ങളുടെ മലകളിലെ അരുവികളിൽ വെള്ളമില്ലാതെയാകുമെന്നും, മഴക്കാലത്ത് അവ സമതലങ്ങളിലേക്ക് കുത്തിയൊലിക്കാൻ ഇടയാക്കുമെന്നും അവർക്ക് തീരെ അറിയില്ലായിരുന്നു. അങ്ങനെ ഓരോ ഘട്ടവും നമ്മെ ഓർമ്മിപ്പിക്കുന്നത് ഒരു വിദേശ ജനവിഭാഗത്തെ കീഴടക്കി അധീശത്വം സ്ഥാപിക്കുന്നതുപോലെയൊ, പ്രകൃതിക്ക് പുറത്തുനിൽക്കുന്ന ഒരാളെ പോലെയോ നമുക്കു പ്രകൃതിയെ അടക്കിഭരിക്കാനാകില്ല എന്നാണ്. പക്ഷേ, മാംസവും രക്തവും തലച്ചോറുമുള്ള നമ്മൾ പ്രകൃതിയുടെ ഭാഗമാണ്. അതിന്റെ നടുവിലാണ് നമ്മൾ നിലനിൽക്കുന്നത്. അതിന്മേലുള്ള നമ്മുടെ വൈദഗ്ദ്ധ്യമെന്നത് മറ്റു ജീവികളെക്കാൾ പ്രകൃതിയുടെ നിയമങ്ങൾ അറിയുവാനും അതുകൃത്യമായി പ്രയോഗിക്കുവാനും നമുക്ക് കഴിയുന്നു എന്നതിന്റെ ഗുണഫലമാണ്. ഉത്പാദനവും വിപണനവും നിയന്ത്രിക്കുന്ന കുത്തകകൾക്ക്, തങ്ങളുടെ അടിയന്തര പ്രയോജനങ്ങളെക്കുറിച്ചു മാത്രമേ ചിന്തിക്കാൻ കഴിയൂ. ഈ ഗുണഫലംപോലും വാസ്തവത്തിൽ പിന്നോട്ടടിക്കപ്പെടുകയും വിൽപ്പനയിലൂടെയുണ്ടാകുന്ന ലാഭം മാത്രം ഉത്തേജനമാവുകയും ചെയ്യുന്നു. നമ്മുടെ ഉത്പാദനപ്രവർത്തനത്തിന്റെ പരോക്ഷവും വിദൂരവും സാമൂഹികവുമായ ഫലങ്ങളുടെ വ്യക്തമായ വീക്ഷണം നമ്മൾ ക്രമേണ പഠിക്കുന്നു. ഈ ഫലങ്ങളെയും നിയന്ത്രിക്കുവാനും ക്രമീകരിക്കാനും ഉള്ള അവസരം ലഭിക്കുന്നു. ഈ ക്രമീകരണത്തിനു പക്ഷേ കേവല വിജ്ഞാനത്തിനപ്പുറം ചിലത് ആവശ്യമുണ്ട്. അതിന്, നമ്മുടെ ഉത്പാദന രീതിയിൽ ഒരു സമ്പൂർണ്ണ വിപ്ലവം ആവശ്യമുണ്ട്. അതേ സമയംതന്നെ, നമ്മുടെ ഇന്നത്തെ സാമൂഹികക്രമത്തിലും ഒരു വിപ്ലവം വരുത്തേണ്ടതുണ്ട്. ഇതുവരെയുള്ള എല്ലാ ഉത്പാദനരീതികളും, അധ്വാനത്തിന്റെ നേരിട്ടുള്ള ഗുണഫലം എത്രയും വേഗം നേടിയെടുക്കുക എന്നതു മാത്രമാണ് ലക്ഷ്യം വച്ചിട്ടുള്ളത്. ഉത്പാദനവും വിപണനവും കൈയാളുന്ന മുതലാളിമാരാകട്ടെ തങ്ങളുടെ പ്രവൃത്തിയുടെ അടിയന്തര പ്രയോജനഫലത്തെക്കുറിച്ച് മാത്രമേ ശ്രദ്ധിക്കുകയുള്ളൂ. പ്രകൃതിയുമായും സമൂഹവുമായും ബന്ധപ്പെട്ട്, ഇന്നത്തെ ഉത്പാദനരീതി ഏറ്റവും പ്രത്യക്ഷവും പെട്ടെന്നുമുള്ള ഫലത്തിനാണ് പ്രമുഖമായ ഊന്നൽ കൊടുക്കുന്നത്. എന്നാൽ പ്രവൃത്തിയുടെ വിദൂരഫലങ്ങൾ, ഏറിയപങ്കും സ്വഭാവത്തിൽ തികച്ചും വിരുദ്ധമായ തിനാൽ അത്ഭുതമുണ്ടാക്കുന്നു. (വാനരനിൽനിന്നും നരനിലേക്കുള്ള പരിവർത്തനത്തിൽ അധ്വാനത്തിന്റെ പങ്ക്).

പാരിസ്ഥിതിക പ്രശ്നങ്ങളുടെ പരിഹാരം സാമ്രാജ്യത്വ മുതലാളിത്തത്തിനെതിരെയുള്ള പോരാട്ടത്തിൽ കണ്ണിചേർക്കപ്പെട്ടിരിക്കുന്നു

മനുഷ്യരാശിയുടെ പുരോഗതിക്കുള്ള ഏറ്റവും വലിയ തടസ്സമായി ഇന്ന് നിൽക്കുന്നത് സാമ്രാജ്യത്വ മുതലാളിത്തമാണെന്ന് നാം കാണുന്നു. ആഗോളതാപനത്തിന്റെ പ്രശ്നത്തെ യഥാർത്ഥത്തിൽ അഭിസംബോധന ചെയ്യുന്നതിനായി രാഷ്ട്രങ്ങൾക്കിടയിൽ അവശ്യം ഉണ്ടാകേണ്ട സഹകരണത്തെക്കുറിച്ച് ഇനി എന്താണ് പറയേണ്ടത്. പകരം ഇപ്പോൾ ചൂടുപിടിച്ചുവ രുന്ന കമ്പോളയുദ്ധം നോക്കൂ -വിശേഷിച്ചും, സൗരോർജ്ജവും കാറ്റിൽനിന്നുള്ള ഊർജ്ജവും സൂക്ഷിക്കുവാനും, മൊബൈൽ ഫോൺമുതൽ വൈദ്യുതകാറുകളും ഊർജ്ജ ഗ്രിഡുകളുംവരെ പ്രവർത്തിക്കാൻ വേണ്ടുന്ന ബാറ്ററികളുടെ ഉത്പാദനത്തിന് ആവശ്യമുള്ള ദുർലഭധാതുക്കളും, നിർണായക പദാർത്ഥങ്ങളും അടക്കമുള്ള പുതിയ അസംസ്കൃതവസ്തുക്കളുടെ കച്ചവടത്തിൽ പ്രധാനപങ്ക് നിയന്ത്രിക്കുന്നതിനായുള്ള മൽസരത്തിൽ. ഇതിൽ സാമ്രാജ്യത്വ ചൈനയും യുഎസും തമ്മിൽ സംഘർഷം വികസിക്കുകയാണ്. ഇത്തരം നിർണായക പദാർത്ഥങ്ങളിൽ (ലിതിയവും കൊബാൾട്ടും അടക്കമുള്ളവ) ഭൂരിഭാഗത്തിന്റെയും ആഗോള കച്ചവടത്തിൽ 70-80 ശതമാനംവരെ ഇന്ന് ചൈനയാണ് കൈകാര്യം ചെയ്യുന്നത്. ലോകത്ത് ബാറ്ററി സെൽ ഉത്പാദനത്തിന്റെ 63.2% അവരുടെ നേതൃത്വത്തിലാണ്. അതേസമയം, 14.2 ശതമാനവുമായി യുഎസ് രണ്ടാം സ്ഥാനത്താണ്. സമാധാനത്തിനും സഹകരണത്തിനും വിഘാതമായി ഉയർന്നു വരുന്ന പുതിയ സംഘർഷാവസ്ഥകൾ ഇതൊക്കെയാണ്.


മനുഷ്യരാശിയേയും സമൂഹത്തെയും എല്ലാ മേഖലയിലും സമ്പൂർണ്ണ നാശത്തിലേക്ക് നയിക്കുകയാണ് സാമ്രാജ്യത്വ മുതലാളിത്തം. പഴഞ്ചനും അകക്കാമ്പുവരെ ദ്രവിച്ചതുമായ മുതലാളിത്തത്തെ എത്രയുംവേഗം വിപ്ലവത്തിലൂടെ പുറത്താക്കി, ഉത്പാദനത്തിനുമേൽ സാമൂഹിക ഉടമസ്ഥത സ്ഥാപിച്ച്, സാമൂഹിക ആവശ്യകതകൾ നിറവേറ്റുന്നതിനായി ഉത്പാദനത്തെ പുനക്രമീകരി ക്കണം. അങ്ങനെ മാത്രമേ, അധഃസ്ഥിതരായ ജനങ്ങളെ മനുഷ്യത്വരഹിതമായ ജീവിത–തൊഴിൽ സാഹചര്യങ്ങളിൽനിന്നും ഉയർത്തിയെടുക്കാനും, ലാഭേച്ഛ യുടെ പിടിയിൽനിന്നും മോചിപ്പിക്കപ്പെട്ട സമൂഹത്തെ പുനർ നിർമ്മിക്കുന്നതിനുള്ള സന്തോഷകരവും സമർപ്പിതവുമായ പോരാട്ടത്തിൽ അവരെ ഉൾപ്പെടുത്താനും സാധിക്കൂ. കാലാവസ്ഥാവ്യതിയാനത്തെ ലഘൂകരിക്കാനും അതിജീവിക്കാനുംവേണ്ടി പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലും മുഴുകാൻ സാധിക്കൂ.
ഒരു നൂറ്റാണ്ടിനുംമുമ്പ്, വളരെ പിന്നാക്കാവസ്ഥയിലായിരുന്ന, യുദ്ധംമൂലം തകർന്നടിഞ്ഞിരുന്ന ഒരു ജനതയെ ഒരുരാഷ്ട്രമാക്കി, ഒരു വൻശക്തിയാക്കി മാറ്റാൻ സോവിയറ്റ് യൂണിയന് കഴിഞ്ഞിരുന്നു എന്നത് ഇവിടെ ഓർക്കേണ്ടതുണ്ട്. സ്വയംമാറാനും സമൂഹത്തെ മാറ്റാനും, വിവിധ ദേശീയതകളെ സാഹോദര്യത്താൽ ബന്ധിതരാക്കി, ചൂഷണം, തൊഴിലില്ലായ്മ, വംശഹത്യ, കമ്പോള പ്രതിസന്ധി, അനിയന്ത്രിതമായ ജീവിതദുരിതങ്ങൾ എന്നിവയിൽനിന്നെല്ലാം മോചിപ്പിച്ച് ഒരു പുതിയ സമൂഹത്തെ കെട്ടിപ്പടുക്കാനും തങ്ങളുടെ അധഃസ്ഥിതരും നിരക്ഷരരുമായ ജനങ്ങളെ സഹായിച്ചും ആവേശഭരിതരാക്കിയുമായിരുന്നു ഇത് സാധ്യമാക്കിയത്.
ഇന്ന് ആഗോളതാപനത്തിന്റെ പ്രശ്നത്തെ ലഘൂകരിക്കാൻ മാത്രമല്ല, സാങ്കേതികവിദ്യയിൽ ഉണ്ടാക്കിയെടുത്ത വിപ്ലവകരമായ മുന്നേറ്റങ്ങൾ ഉപയോഗപ്പെടുത്തി മനുഷ്യജീവിതംതന്നെ ആയാസരഹിതവും സുന്ദരവുമാക്കാൻ സാധിക്കുമായിരുന്നിട്ടും മുതലാളിത്തത്തിന് സമൂഹത്തിന്റെ ക്ഷേമത്തിനായി ഇതൊന്നും ശരിയായി ഉപയോഗിക്കാൻ സാധിക്കുന്നില്ല. സ്വയം സൃഷ്ടിച്ച ചൂഷണ സാമ്പത്തിക ഭരണം ഉളവാക്കുന്ന പ്രസതിന്ധിയിൽനിന്ന് പുറത്തുവരാൻ സാധിക്കാത്തവിധം മുതലാളിത്തം കുടുങ്ങിക്കിടക്കുകയാണ്.


മുതലാളിത്ത രാഷ്ട്രങ്ങൾക്കിടയിലും വിവിധ മുതലാളിമാർക്കും കോർപറേറ്റ് സ്ഥാപനങ്ങൾക്ക ടുമിടയിലുമുള്ള വൈരുദ്ധ്യം തീക്ഷ്ണ മാകുന്നു എന്നത് ഇന്ന് കൂടുതൽ വെളിവാകുകയാണ്. ലോകമൊട്ടാകെയുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഐക്യവും മുതലാളിത്തത്തിന് എതിരെ ആഗോളതലത്തിൽ നടക്കുന്ന പോരാട്ടത്തിൽ കൂടുതൽ ഉയർന്ന സഹകരണവുമാണ് ഇന്നത്തെ അടിയന്തരാവശ്യകത.

Share this post

scroll to top