ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം : ജനവിരുദ്ധനയങ്ങള്‍ക്കും വര്‍ഗ്ഗീയ രാഷ്ട്രീയത്തിനും തിരിച്ചടി നൽകിയ ജനവിധി

img_233049_1_afp__20240419__34pq2jv__v1__highres__indiapoliticsvote_bg.jpg
Share

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകം എന്ന് വിശേഷിക്കപ്പെട്ട പാര്‍ലമെന്റ് തിരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയത്. രാഷ്ട്രസങ്കല്‍പ്പത്തിന്റെ അടിസ്ഥാനശിലകളെ സംരക്ഷിക്കുവാന്‍ നടത്തുന്ന അവസാന പരിശ്രമം എന്ന നിലയില്‍ ഈ തിരഞ്ഞെടുപ്പിനെ കണ്ടവരുണ്ട്. കഴിഞ്ഞ 10 വര്‍ഷംകൊണ്ട് ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ജീവിതത്തെ സര്‍വ്വാര്‍ത്ഥത്തിലും തകര്‍ത്ത, അവരുടെ അധ്വാനഫലം ഒരുപിടി കോര്‍പ്പറേറ്റുകളുടെ കരങ്ങളിലെത്തിച്ച, സമ്പത്തിന്റെ വിതരണത്തിലെ അസമത്വം ഭീതിദമായി വര്‍ദ്ധിപ്പിച്ച, ഭരണസംവിധാനങ്ങളെയെല്ലാം സ്വന്തം വരുതിയിലേക്ക് കൊണ്ടുവന്ന നരേന്ദ്രമോദി സര്‍ക്കാര്‍ വര്‍ദ്ധിതവീര്യത്തോടെ അതേ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതു തടയാന്‍ ആ ഭരണത്തെ നിഷ്‌ക്കാസനം ചെയ്യുക എന്ന ആവശ്യകതയായിരുന്നു ഈ തിരഞ്ഞെടുപ്പിനെ നിര്‍ണ്ണായകമാക്കിയത്.

ഒരു നീണ്ട തിരഞ്ഞെടുപ്പു പ്രക്രിയയുടെ ഒടുവില്‍ മൂന്നാം വട്ടവും അതേ സര്‍ക്കാര്‍ അതേ വ്യക്തിയുടെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയിരിക്കുന്നു. പക്ഷെ, ‘അബ് കി ബാര്‍, ചാര്‍ സൗ പാര്‍’ എന്ന വീരവാദം ചീറ്റിപ്പോയെന്നു മാത്രമല്ല, ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം പോലും ഈ സ്വയം പ്രഖ്യാപിത ദൈവത്തിന് ലഭിച്ചില്ല. എന്തായാലും കഴിഞ്ഞ തവണ നേടിയ 303 സീറ്റുകളില്‍നിന്ന് 63 എണ്ണം കുറഞ്ഞ് ഒറ്റയ്ക്കു ഭൂരിപക്ഷം നേടുന്നതില്‍നിന്നു ബിജെപിയെ തടഞ്ഞ ഇന്ത്യന്‍ ജനത അഭിനന്ദനമര്‍ഹിക്കുന്നു. ഭൂരിപക്ഷത്തില്‍ 2 ലക്ഷത്തിലധികം വോട്ടിന്റെ കുറവുണ്ടായ മോദിയുടെ വാരണാസി ഉള്‍പ്പടെ അവര്‍ ജയിച്ച 92 മണ്ഡലങ്ങളില്‍ കഴിഞ്ഞ തവണത്തേക്കാള്‍ വളരെ കുറഞ്ഞ വോട്ടുമാത്രമേ നേടാന്‍ കഴിഞ്ഞിട്ടുള്ളൂ. കഴിഞ്ഞ തവണത്തേക്കാള്‍ ബിജെപിക്ക് വോട്ട് വര്‍ദ്ധിച്ചത് കേവലം 27 സീറ്റില്‍ മാത്രമാണ്. ആ അളവില്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം ഈ ഫലം ഒരു തിരിച്ചടിയാണ്. തിരഞ്ഞെടുപ്പിന് തലേന്നാള്‍വരെ എതിര്‍ ക്യാമ്പിലായിരുന്ന, 50 ദിവസം ജയിലിലിട്ട ചന്ദ്രബാബു നായിഡുവിനെയും മോദിയെ സ്ഥാനഭ്രഷ്ടനാക്കാന്‍ ഉത്സാഹം കാണിച്ച നിതീഷ് കുമാറിനെയും കൂട്ടുപിടിച്ചാണ് വീണ്ടും ഭരണാധികാരം കൈക്കലാക്കിയിരിക്കുന്നത്. ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാത്തതിനാലും കറതീര്‍ന്ന അവസരവാദികളും വിലപേശല്‍ വിശാരദന്മാരുമായ രണ്ട് സഖ്യകക്ഷികള്‍ പിന്‍സീറ്റില്‍ ഉണ്ടെന്നതിനാലും മൂന്നാം മോദിസര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നവര്‍ പോലുമുണ്ട്. പാര്‍ലമെന്ററി സൗഭാഗ്യങ്ങള്‍ക്കായി എന്തു നെറിവുകേട് കാട്ടാനും മുതിരുന്നവരുടെ കൂടാരമായി മുതലാളിത്ത ജനാധിപത്യം മാറിയിട്ടുള്ളതിനാല്‍ രാഷ്ട്രീയ സദാചാര രാഹിത്യം കൂടുതല്‍ ദുര്‍ഗന്ധം പരത്താനേ സാധ്യതയുള്ളൂ.


തിരഞ്ഞെടുപ്പ് ജയത്തിനായി ബിജെപി ഒരുക്കിയ സര്‍വ്വസന്നാഹങ്ങളെയും
പിന്നിലാക്കി ജനജീവിതത്തിന്റെ അടിസ്ഥാനപ്രശ്‌നങ്ങള്‍ ഉയർന്നുവന്നു


അനായാസം ജയിച്ചു കയറാനുള്ള സകല തയ്യാറെടുപ്പും നടത്തിയായിരുന്നു ബിജെപി തിരഞ്ഞെടുപ്പു ഗോദയിലേക്കിറങ്ങിയത്. ജനാധിപത്യമര്യാദകളുടെയും വഴക്കങ്ങളുടെയും നീതിബോധത്തിന്റെയും ധാര്‍മികതയുടെയും ഭരണപരമായ നിഷ്പക്ഷതയുടെയും നിയമവാഴ്ചയുടെയും സകല അതിരുകളും ലംഘിച്ചുകൊണ്ടായിരുന്നു അവര്‍ തിരഞ്ഞെടുപ്പിന് തയ്യാറെടുത്തത്. ഭരണാധികാരത്തിന്റെ എല്ലാ ശക്തിയും പ്രയോഗിച്ചുകൊണ്ട്, രാഷ്ട്രീയ എതിരാളികളെ വളഞ്ഞിട്ട് പൂട്ടി. രാജ്യത്തെ എന്‍ഫോഴ്സ്മെന്റ് സംവിധാനങ്ങളായ ഇഡി, ഇന്‍കം ടാക്‌സ് വകുപ്പ്, സിബിഐ തുടങ്ങിയവയെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കേസില്‍ കുടുക്കുകയും ജയിലിലടയ്ക്കുകയുംചെയ്തു. രണ്ട് മുഖ്യമന്ത്രിമാരെ തുറുങ്കിലടച്ച് പ്രചാരണരംഗത്തുനിന്ന് അവരെ നിശേഷം ഒഴിവാക്കി. ഭീഷണികളിലൂടെ എതിര്‍ ക്യാമ്പിലെ ഉന്നതന്മാരെ പോലും കാലുമാറ്റി കൂടെച്ചേര്‍ത്തു. പാര്‍ട്ടികളെ ഒന്നാകെ വലവീശി പിടിച്ചു. ചിലരെ എതിര്‍ ക്യാമ്പിലെ വോട്ട് പിളര്‍ത്താനും ഉപയോഗിച്ചു. അന്തരിച്ച ചരണ്‍സിംഗിന്റെ പാര്‍ട്ടിയുള്‍പ്പടെയുള്ളവയെ കൂടെക്കൂട്ടുന്നതിനായി ഭാരതപുരസ്‌കാരങ്ങള്‍ വരെ ഉപയോഗപ്പെടുത്തി. ഓപ്പറേഷന്‍ താമര വഴി എതിര്‍ പാര്‍ട്ടികളിലെ 400ഓളം എംഎല്‍എമാരെയും എംപിമാരെയും വന്‍തുക നല്‍കി കന്നുകാലികളെപ്പോലെ വിലയ്‌ക്കെടുത്തു. അതുവഴി, ബിജെപിയെ പരാജയപ്പെടുത്തിയ ജനങ്ങളെ പറ്റിച്ച് അഞ്ചു സംസ്ഥാനങ്ങളില്‍ ഭരണം പിടിച്ചു. ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക് എന്ന വാര്‍ത്ത ആഴ്ചകളോളം മാധ്യമങ്ങളില്‍ നിറച്ചുനിര്‍ത്തി. പ്രതിപക്ഷകക്ഷികളുടെ അക്കൗണ്ട് മരവിപ്പിച്ചു. നിഷ്പക്ഷമായി തിരഞ്ഞെടുപ്പ് നടത്തേണ്ട ഇലക്ഷന്‍ കമ്മീഷനെ, നിയമനപ്രക്രിയയില്‍ അട്ടിമറി നടത്തി സ്വന്തം വരുതിയിലാക്കി. ഭരണാധികാരം ഉപയോഗിച്ച് അവിഹിതമായ സഹായങ്ങള്‍ ചെയ്തുകൊടുത്തും ഭീഷണിപ്പെടുത്തിയും കോര്‍പ്പറേറ്റ് ക്രിമിനല്‍ മൂലധനശക്തികളില്‍ നിന്ന് ഇലക്ടറല്‍ ബോണ്ട് വഴി രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയിലൂടെ ധനസമാഹരണം നടത്തി. പ്രചാരണരംഗത്ത് മലവെള്ളപ്പാച്ചില്‍ പോലെ ബിജെപി അഴിമതിപ്പണം ഒഴുക്കി. രാജ്യത്തെ ഒട്ടുമിക്ക പ്രിന്റ്, വിഷ്വല്‍ മീഡിയകളെയും വിലയ്‌ക്കെടുത്ത് സ്വന്തം ഉച്ചഭാഷിണികളാക്കി മാറ്റി. വരുതിക്ക് വരാത്ത മാധ്യമപ്രവര്‍ത്തകരെ കേസില്‍ കുടുക്കിയും തടങ്കലിലിട്ടും വായടപ്പിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെ തങ്ങള്‍ക്കനുകൂലമായ വ്യാജ പ്രചാരണങ്ങളുടെ കുത്തൊഴുക്ക് തുറന്നുവിട്ടു. എല്ലാദിവസവും മോദി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുവാന്‍ തരംതാണ ഷോകളും പിആര്‍ഡി പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു.


രാമക്ഷേത്ര നിര്‍മ്മാണം ഉത്തരേന്ത്യയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കേന്ദ്രബിന്ദുവാക്കാന്‍ പദ്ധതിയിട്ടുകൊണ്ട് വാര്‍ഷാരംഭത്തില്‍ത്തന്നെ പ്രാണപ്രതിഷ്ഠ നടത്തി, ഹൈന്ദവമതവിശ്വാസികളുടെ ധ്രൂവീകരണത്തിനായി ആഞ്ഞുശ്രമിച്ചു. മാധ്യമങ്ങളെയും വന്‍കിട സ്വകാര്യകമ്പനികളെയും വ്യവസായികളെയുമെല്ലാം ഒരുമിപ്പിച്ചുകൊണ്ട് രാമക്ഷേത്ര പ്രതിഷ്ഠയെ അധികരിച്ച് അവിശ്വസനീയമായ പ്രചാരണഹൈപ്പ് തന്നെ സൃഷ്ടിച്ചു.
സൂറത്തില്‍ മത്സരിക്കാനിറങ്ങിയ മുഴുവന്‍ എതിര്‍ സ്ഥാനാര്‍ത്ഥികളെയും വിലയ്ക്ക് വാങ്ങുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്ത് പിന്‍വലിപ്പിച്ചു. ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശം നിഷേധിച്ച് എതിരില്ലാതെ ബിജെപിക്ക് ഒരു എംപി യെ സൃഷ്ടിക്കുന്നത് നാം കണ്ടു. (ഇന്‍ഡോറില്‍ ഇത് ആവര്‍ത്തിക്കാനുള്ള ശ്രമം എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സ്ഥാനാര്‍ത്ഥിയുടെ ധീരോചിതമായ ചെറുത്തുനില്‍പ്പിനെത്തുടര്‍ന്ന് പരാജയപ്പെട്ടു. അല്ലെങ്കില്‍ രാജ്യത്ത് പലയിടത്തും അതാവര്‍ത്തിക്കുമായിരുന്നു) എതിര്‍ചേരിയിലുള്ള ഒരു സ്ഥാനാര്‍ത്ഥിയെ അവസാനഘട്ടത്തില്‍ രംഗത്തുനിന്ന് ബലപ്രയോഗത്തിലൂടെ ഇല്ലാതാക്കിയതിലൂടെ പ്രതിപക്ഷനിരയുടെ ആത്മവിശ്വാസത്തെ തകര്‍ക്കാനാണ് അവര്‍ ലക്ഷ്യമിട്ടത്.
ഈ തയ്യാറെടുപ്പുകളോടെ 400 സീറ്റ് പിടിക്കാം എന്ന മോഹത്തോടെ മത്തുപിടിച്ചു നടന്ന മോദിക്ക്, പക്ഷേ, ഒന്നും രണ്ടും റൗണ്ട് കഴിഞ്ഞതോടെ കാര്യങ്ങള്‍ തന്റെ പൂര്‍ണ്ണവരുതിയിലല്ലെന്നു മനസ്സിലായി. മുഴുവന്‍ ജനങ്ങളെയും മസ്തിഷ്‌കപ്രക്ഷാളനത്തിനു വിധേയമാക്കാന്‍ സാധിക്കുന്നില്ല എന്നത് തെളിഞ്ഞതോടെ എല്ലാ പുറംമോടികളും നീക്കി ഉള്ളിലുള്ള വര്‍ഗീയതയുടെ ബീഭല്‍സരൂപം പുറത്തെടുത്തു. രാജസ്ഥാനിലെ ബന്‍സാരയില്‍ നടത്തിയ വിദ്വേഷപ്രസംഗം വസ്തുതാവിരുദ്ധവും ദുരുദ്ദേശപരവും ഏതര്‍ത്ഥത്തിലും ശിക്ഷാര്‍ഹവും മത്സരത്തിനുതന്നെ അയോഗ്യത കല്‍പ്പിക്കേണ്ടതുമായിരുന്നു. ബിജെപിക്കു വഴങ്ങുന്ന ഇലക്ഷന്‍ കമ്മീഷന്റെ തനിനിറം ഇവിടെ വ്യക്തമായി. അവരുടെ മൗനാനുവാദത്തോടെ തുടര്‍ന്നങ്ങോട്ട് എല്ലാ പ്രസംഗങ്ങളിലും വര്‍ഗീയവിഷം അധിക ഡോസില്‍ ചീറ്റിക്കൊണ്ടേയിരുന്നു. രാജ്യത്തെ ഒന്നായിച്ചേര്‍ത്ത് ഭരണനിര്‍വഹണം നടത്താന്‍ ഭരണഘടനാപരമായി ബാധ്യസ്ഥനായ ഒരു പ്രധാനമന്ത്രി തന്റെ സ്ഥാനം മറന്ന് തരംതാഴ്ന്ന നാളുകളായിരുന്നു അവ. ഹിന്ദുക്കളുടെ മനസ്സുകളില്‍ അന്യമത വിദ്വേഷം ജനിപ്പിച്ച് ആ വോട്ടുകള്‍ സ്വന്തം പെട്ടിയില്‍ത്തന്നെ വീഴ്ത്തുകയായിരുന്നു ലക്ഷ്യം. അധികാരം നിലനിര്‍ത്താന്‍ എത്ര നീചമായ കളികള്‍ക്കും തയ്യാര്‍ എന്ന തുറന്ന പ്രഖ്യാപനങ്ങള്‍ ആയിരുന്നു അവ. അവസാന റൗണ്ടില്‍ നിശബ്ദ പ്രചാരണത്തിന്റെ കാലയളവില്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുവാനും ബംഗാള്‍ വോട്ടര്‍മാരെ സ്വാധീനിക്കുവാനുമായി പരസ്യ ചിത്രത്തില്‍ അഭിനയിക്കുംപോലെ നിരവധി ക്യാമറകളുടെ മുമ്പില്‍ വിവേകാനന്ദപ്പാറയിൽ ‘ധ്യാന’ ഷോയും നടത്തി.
ഇപ്രകാരം തിരഞ്ഞെടുപ്പ് വിജയത്തിനായി, സങ്കല്‍പ്പിക്കാനാകാത്ത അധോലോക – അധാര്‍മ്മിക ഗൂഢപ്രവര്‍ത്തനങ്ങള്‍ ആസുത്രണം ചെയ്ത്, കണക്കറ്റ പണത്തിന്റെയും അധികാരമുഷ്‌കിന്റെയും പിന്‍ബലം ഉപയോഗപ്പെടുത്തി അവ നടപ്പാക്കുന്നതില്‍ വിജയിച്ചിട്ടും ബിജെപിക്ക് തിരിച്ചടി നേരിടേണ്ടി വന്നു എന്നത് ജനങ്ങളില്‍ ഉറഞ്ഞുകൂടിയിട്ടുള്ള പ്രതിഷേധത്തിന്റെയും അസംതൃപ്തിയുടെയും ആഴമാണ് വ്യക്തമാക്കുന്നത്. ഈ പ്രതിഷേധത്തിന് പരിമിതമായ തോതിലെങ്കിലും ഒരു ജനാധിപത്യപ്രക്ഷോഭത്തിന്റെ രൂപം നല്‍കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് ശക്തമായ പ്രഹരമായി മാറുമായിരുന്നു എന്നും ഇത് സംശയാതീതമായി തെളിയിക്കുന്നു. തിരഞ്ഞെടുപ്പ് വേളയില്‍ മാത്രമല്ല, കഴിഞ്ഞ ഒരു ദശാബ്ദമായി ആവര്‍ത്തിച്ചാവര്‍ത്തിച്ച് എസ്‌യുസിഐ(സി) മുന്നോട്ടുവച്ച പാഠവും മുന്നറിയിപ്പും ഇതുതന്നെയായിരുന്നു. അത് ഏറ്റവും ശരിയായിരുന്നുവെന്ന് ഈ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.


ജനകീയ പ്രക്ഷോഭങ്ങളും കര്‍ഷക സമരവും പടര്‍ന്ന മേഖലകളില്‍ ബിജെപി തിരിച്ചടി നേരിട്ടു


സര്‍വ്വസന്നാഹങ്ങളോടെ വീണ്ടും അധികാരത്തിലെത്താന്‍ തയ്യാറെടുത്തുനിന്ന മോദിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാവാതെ അവസരവാദികളായ രണ്ട് കക്ഷികളുടെ പിന്തുണയോടെ മാത്രം ഭരണത്തിലെത്തേണ്ടിവന്നത് ജനങ്ങള്‍ നല്‍കിയ തിരിച്ചടി തന്നെയാണ്. കര്‍ഷകപ്രക്ഷോഭണം അലയടിച്ച മേഖലകളില്‍ ബിജെപിക്ക് ശക്തമായ പരാജയമാണ് കിട്ടിയത്. പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, പശ്ചിമ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ പ്രതിഫലിച്ചത് കര്‍ഷകരോഷമാണ്. ഇവിടങ്ങളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ഏതു പാര്‍ട്ടിക്ക് ശേഷിയുണ്ടോ അവര്‍ക്ക് ജനങ്ങള്‍ വോട്ട് ചെയ്തു. അഗ്‌നിവീര്‍ പദ്ധതിക്കെതിരായ രോഷവും ഈ സംസ്ഥാനങ്ങളില്‍ പ്രതിഫലിച്ചു. ഈ സംസ്ഥാനങ്ങളിലെ ഫലങ്ങളാണ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുന്നതില്‍നിന്ന് മോദി സര്‍ക്കാരിനെ തടഞ്ഞത്. അന്യമതവെറിയില്‍ അധിഷ്ഠിതമായ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തുറന്ന കളരിയായ ഉത്തര്‍പ്രദേശിലാണ് ഈ പ്രഹരം ഏറ്റവും ശക്തിയോടെ ദൃശ്യമായത്. 26 സിറ്റിംഗ് എംപിമാരാണ് അവിടെ പരാജയപ്പെട്ടത്. ബാബറി പള്ളി പൊളിച്ചതിന്റെയും രാജ്യം മുഴുവന്‍ വര്‍ഗീയാഗ്‌നി പടര്‍ത്തിയതിന്റെയും മറവില്‍ നേടിയ കഴിഞ്ഞകാലങ്ങളിലെ തിരഞ്ഞെടുപ്പ് വിജയം ആവര്‍ത്തിക്കാനായി രാമക്ഷേത്രം പണിയുകയും, പണി പൂര്‍ത്തിയാവാത്ത മന്ദിരത്തില്‍ നാലു ശങ്കരാചാര്യന്മാരുടെ എതിര്‍പ്പ് വകവയ്ക്കാതെ തന്ത്രിയല്ലാത്ത പ്രധാനമന്ത്രി പ്രാണപ്രതിഷ്ഠ നടത്തുകയും ചെയ്തതും വൃഥാവിലായി. അയോധ്യയിലെ ക്ഷേത്രം ഉള്‍പ്പെടുന്ന ഫൈസാബാദ് മണ്ഡലത്തില്‍ ബിജെപി പരാജയപ്പെട്ടത് രാജ്യത്തിന്റെയാകെ വികാരപ്രകടനമായി. അവിടെ ക്ഷേത്ര നഗരം നിര്‍മിക്കാനായി ഹിന്ദു വിഭാഗത്തില്‍പ്പെട്ടവര്‍ അടക്കമുള്ള ആയിരക്കണക്കിന് ആളുകളുടെ വീടുകള്‍ ഇടിച്ചുനിരത്തി അവരെ ആട്ടിപ്പായിച്ചതിന്റെ രോഷപ്രകടനം കൂടിയായി ഈ വിധിയെഴുത്ത്. 400 സീറ്റ് ലക്ഷ്യം വയ്ക്കുന്നത് അംബേദ്കര്‍ സൃഷ്ടിച്ച ഭരണഘടനയെയും സംവരണ തത്വങ്ങളെയും തിരുത്തിയെഴുതാനുള്ള ബിജെപിയുടെ പുറപ്പാടാണെന്ന ക്യാമ്പയിനും അവര്‍ക്ക് തിരിച്ചടിയായി. പ്രത്യേകിച്ചും ജാതി രാഷ്ട്രീയത്തിന്റെ ചക്രത്തില്‍ തിരിയുന്ന യുപിയില്‍.


മതധ്രുവീകരണം ലക്ഷ്യമിട്ട ഹീനമുദ്രാവാക്യങ്ങളെ പിന്തള്ളി മോദിവാഴ്ച സൃഷ്ടിച്ച ജീവിതയാതനകള്‍ പല മേഖലകളിലെങ്കിലും വിധിയെഴുത്തിന് മാനദണ്ഡമായി

മോദിഭരണത്തിന്റെ കെടുതികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നവരാണ് ഇന്ത്യന്‍ ജനത. നോട്ട് നിരോധനവും കോവിഡ് കാല നടപടികളും ജിഎസ്‌ടിയും വിലക്കയറ്റവും തൊഴിലില്ലായ്മയും തൊഴിലാളി ദ്രോഹങ്ങളും കര്‍ഷക വിരുദ്ധതയും ന്യൂനപക്ഷ സംഹാരവും ജനാധിപത്യ ധ്വംസനങ്ങളുമെല്ലാമവര്‍ തുടര്‍ച്ചയായി അനുഭവിച്ചു. സ്വന്തം അധ്വാനശേഷി വിറ്റ് ജീവസന്ധാരണം നടത്തുന്ന കോടാനുകോടി ഇന്ത്യക്കാര്‍ മിനിമം ജീവിതാവശ്യങ്ങള്‍പോലും നിര്‍വഹിക്കാനുള്ള വരുമാനം ലഭിക്കാതെ എരിപിരികൊള്ളുകയായിരുന്നു. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മതിയായ വില കിട്ടാതെ തകര്‍ന്നടിഞ്ഞ് സ്വയം ജീവനൊടുക്കിയ കര്‍ഷകര്‍ ലക്ഷക്കണക്കിനാണ്. കര്‍ഷകരാകട്ടെ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിനു കാത്തുനില്‍ക്കാതെ നീണ്ടുനില്‍ക്കുന്ന ജനാധിപത്യ സമരത്തിന്റെ ഉജ്ജ്വല മാതൃക സൃഷ്ടിക്കുകയും ചെയ്തു. ജിഎസ്‌ടി രാജ് വന്നതോടെയും ദേശ-വിദേശ കുത്തകകള്‍ രംഗം കൈയടക്കിയതോടെയും ജീവിതം പൂട്ടിപ്പോയ ചെറുകിട കച്ചവടക്കാരും ചെറുകിട ഉത്പാദകരും അതുവഴി തൊഴിലില്ലാതായവരും അടിമുടി തകര്‍ന്നു പോവുകയായിരുന്നു. അവരില്‍ എല്ലാ ജാതിമതങ്ങളിലും പെട്ടവര്‍ ഉണ്ടായിരുന്നു. അവര്‍ മോദിസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ഒരു പ്രക്ഷോഭണത്തിനാഗ്രഹിച്ചിരുന്നു. അതിനെ നയിക്കാന്‍ ഒരു രാഷ്ട്രീയ നേതൃത്വം ഉയര്‍ന്നുവന്നില്ല എന്നതില്‍ അവര്‍ ഖിന്നരുമായിരുന്നു. സാധ്യമായ മേഖലകളില്‍ അവര്‍ സ്വയം സമരരംഗത്തേക്കിറങ്ങി.


മോദിയുടെ ഭരണനാളുകളില്‍ തൊഴിലില്ലായ്മ ഏറ്റവും സ്‌ഫോടനാത്മകമായ സ്ഥിതിയിലേക്ക് വളര്‍ന്നു. അഗ്‌നിവീര്‍ പദ്ധതി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ യുവാക്കള്‍ പൊട്ടിത്തെറിച്ച് സമരരംഗത്തെത്തിയെങ്കിലും നേതൃത്വമില്ലാതെ അതലസിപ്പോയി. തൊഴില്‍ രാഹിത്യം സൃഷ്ടിക്കുന്ന ഭീതിജനകമായ അനിശ്ചിതത്വമാണ് ചെറുപ്പക്കാരെ യുക്രൈന്‍ യുദ്ധമുന്നണിയിലേക്ക് പോലും പോകാന്‍ നിര്‍ബന്ധിതമാക്കുന്നത്. ഈ സാഹചര്യം മുതലെടുത്തുകൊണ്ട് മനുഷ്യക്കടത്ത് ഏജന്‍സികള്‍ ആയിരക്കണക്കിന് തൊഴില്‍രഹിതരെയാണ് യുദ്ധ മുന്നണിയിലേക്ക് റിക്രൂട്ട് ചെയ്തിരിക്കുന്നത്. വിദേശരാജ്യങ്ങളിലേക്ക് തൊഴിലിനായി രാജ്യംവിട്ടുപോകുന്ന ലക്ഷക്കണക്കിന് യുവാക്കളും രാജ്യം മുഴുവന്‍ തൊഴില്‍തെണ്ടി നടക്കുന്ന കോടിക്കണക്കിന് കുടിയേറ്റത്തൊഴിലാളികളും തിരഞ്ഞെടുപ്പ് വേളയിലെ ഏറ്റവും വേദനാകരമായ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളായിരുന്നു. തിരഞ്ഞെടുപ്പില്‍ അതും ഒരു ഘടകമായി.
നരേന്ദ്ര മോദിയുടെ ഒരു ദശാബ്ദം നീണ്ട ഭരണത്തിന്റെ സാമ്പത്തികനയങ്ങള്‍ സൃഷ്ടിച്ച നീറുന്ന ജീവിതപ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പിന്റെ വിധിയെഴുത്തിൽ ഒരളവ് വരെ മാനദണ്ഡമായി പ്രവര്‍ത്തിച്ചു എന്നതാണ് തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോള്‍ മുഖ്യമായും തെളിയുന്ന വസ്തുത. ബിജെപിയും സംഘപരിവാരവും നടത്തിയ നിന്ദ്യമായ വര്‍ഗ്ഗീയ-അന്യമതവിദ്വേഷ പ്രചാരണം അവര്‍ക്ക് നേട്ടങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം നിര്‍ണ്ണയിച്ചതിന്റെ പ്രധാനഘടകം അതുമാത്രമാണെന്ന് വിലയിരുത്താനാവില്ല. സര്‍വ്വസീമകളും ലംഘിച്ചുകൊണ്ട് വര്‍ഗ്ഗീയവിഷം പടര്‍ത്താന്‍ ആവതുപണിപ്പെടുമ്പോഴും അത് ജനങ്ങളില്‍ സമ്പൂര്‍ണ്ണസ്വാധീനം ചെലുത്താനിടയാക്കാത്തവിധമായിരുന്നു ജീവിതപ്രശ്‌നങ്ങളുടെ തീക്ഷ്ണത. നിരവധി മേഖലകളില്‍ വര്‍ഗ്ഗീയ പ്രചാരണത്തെ തള്ളി ജീവിതയാഥാര്‍ത്ഥ്യങ്ങളെ മാനദണ്ഡമാക്കാന്‍ ജനങ്ങള്‍ തയ്യാറാവുന്നത് കാണാന്‍ കഴിയും. ജനങ്ങളുടെ സംഘടിതപ്രക്ഷോഭത്തിന്റെ ഭാവിദിനങ്ങളില്‍ നാം കണക്കിലെടുക്കേണ്ട സുപ്രധാനമായ രാഷ്ട്രീയ വസ്തുതയും ഇതാണ്.
ജനങ്ങളുടെ ജീവിതത്തിന്റെ നീറുന്ന പ്രശ്‌നങ്ങളെ സാമൂഹ്യ-രാഷ്ട്രീയ മണ്ഡലത്തിന്റെ കേന്ദ്രസ്ഥാനത്ത് ഒരളവുവരെ പ്രതിഷ്ഠിക്കുന്നതില്‍ ജനാധിപത്യ-മതേതര മൂല്യങ്ങളുടെ ചേരിയില്‍ നിലയുറപ്പിച്ചിട്ടുള്ള സാമൂഹ്യ-സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ കൈക്കൊണ്ട നിലപാടും പ്രചാരണവും സുപ്രധാന പങ്ക് വഹിച്ചു. ബിജെപി സര്‍ക്കാരിന്റെ ജനാധിപത്യ ധ്വംസനങ്ങള്‍ക്കും ഫാസിസ്റ്റ് നയങ്ങള്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളില്‍ സ്വതന്ത്രമാധ്യമ പ്രവര്‍ത്തകരും ആക്റ്റിവിസ്റ്റുകളും നടത്തിയ ബൃഹത്തായ പ്രചാരവേല, തിരഞ്ഞെടുപ്പില്‍ അന്തര്‍ഭവിച്ചിട്ടുള്ള യഥാര്‍ത്ഥ വിഷയങ്ങള്‍ ജനങ്ങളുടെ പരിഗണനയില്‍ വരാനിടയാക്കി.


പാര്‍ലമെന്ററി ലക്ഷ്യങ്ങള്‍ക്ക് അപ്പുറത്തേക്ക് ജനകീയ പ്രക്ഷോഭങ്ങളെ വളര്‍ത്താന്‍ പ്രതിപക്ഷം പരിശ്രമിച്ചില്ല


മോദി ഭരണം ഈ പാതകങ്ങള്‍ക്ക് നേതൃത്വം കൊടുക്കുമ്പോള്‍ ഇന്ത്യയിലെ പ്രതിപക്ഷം അടുത്ത തിരഞ്ഞെടുപ്പിന്റെ കണക്കുകൂട്ടലുകളില്‍ മുഴുകിയിരിക്കുകയായിരുന്നു. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് കര്‍ഷകര്‍ പ്രക്ഷോഭണവുമായി ഇളകി വന്നപ്പോഴും, അഗ്‌നിവീറിനെതിരെ വടക്കേ ഇന്ത്യയില്‍ യുവജനങ്ങളുടെ രോഷാഗ്‌നി ആളിപ്പടരുമ്പോഴും അതിനെ സര്‍ക്കാര്‍ നിഷ്ഠൂരമായി അടിച്ചമര്‍ത്തുമ്പോഴും പൗരത്വ നിയമത്തിനെതിരെ ഡല്‍ഹിയിലുംമറ്റും വനിതകളുടെ നേതൃത്വത്തില്‍ ഉജ്ജ്വലസമരം നടക്കുമ്പോഴും പ്രതിപക്ഷനേതാക്കള്‍ കുറേ ട്വീറ്റുകള്‍ ഇറക്കിയതല്ലാതെ രാജ്യത്തെയാകെ ഉണര്‍ത്തുന്ന പ്രക്ഷോഭമാക്കി മാറ്റാന്‍ ശ്രമിച്ചില്ലെന്നു മാത്രമല്ല, ജനരോഷത്തില്‍നിന്ന് ഭരണകൂടത്തെ രക്ഷിക്കുകയുമാണ് ചെയ്തത്. ഇന്ത്യന്‍ മുതലാളിവര്‍ഗ്ഗത്തിന്റെ മറ്റൊരു വിശ്വസ്ത കക്ഷിയായ കോണ്‍ഗ്രസിന്റെ കാര്യം പോകട്ടെ, ഇടതുപക്ഷം എന്ന് വീമ്പിളക്കുന്ന സിപിഐ(എം)ഉം സിപിഐയുമൊക്കെ അതു തന്നെയാണ് ചെയ്തത്.സ്വന്തംഭരണം നിലവിലുള്ള കേരളത്തിൽപോലും അവര്‍ അനങ്ങിയില്ല.
നിഷ്ഠുരരായ ഭരണാധികാരികളുടെ കടന്നാക്രമണങ്ങളില്‍ ചിലതിനെങ്കിലുമെതിരെ ഉയര്‍ന്നുവന്ന ജനകീയ സമരങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും അടിച്ചമര്‍ത്തലുകളെ അതിജീവിച്ച് അത് വിജയം വരിക്കുമെന്ന് ഉറപ്പാക്കാന്‍ സര്‍വ്വപരിശ്രമങ്ങളും നടത്തുകയും ചെയ്യുക എന്നത് ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നു എന്നവകാശപ്പെടുന്ന ഏതൊരു പ്രസ്ഥാനത്തിന്റെയും കടമയാണ്. ആ ചുമതല ഇന്ത്യന്‍ പ്രതിപക്ഷം ഈ നിര്‍ണായ കാലഘട്ടത്തില്‍ നിര്‍വഹിച്ചിരുന്നോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്ന ഉറച്ച മറുപടിയാണുള്ളത്. അതിനാല്‍തന്നെ നരേന്ദ്രമോദി സര്‍ക്കാരിന് ലഭിച്ച തിരിച്ചടിയുടെ ബഹുമതിക്ക് പ്രതിപക്ഷത്തിന് അര്‍ഹതയില്ലതന്നെ. പൊള്ളുന്ന ജീവിതാനുഭവങ്ങള്‍ രോഷംകൊള്ളിച്ച സാധാരണ ജനങ്ങളാണ് ആ പ്രഹരം നല്‍കിയിരിക്കുന്നത്. അസംതൃപ്തരായ ജനവിഭാഗങ്ങളെ കോര്‍ത്തിണക്കി രാജ്യമാസകലം ഒരു പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു കഴിഞ്ഞിരുന്നുവെങ്കില്‍ തിരഞ്ഞെടുപ്പുഫലം എന്തായേനെ എന്ന ചോദ്യം ഇപ്പോള്‍ സാങ്കല്പികമാണെങ്കിലും നഷ്ടപ്പെടുത്തിയ ഒരവസരത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.


തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് തട്ടിക്കൂട്ടിയെടുത്ത സഖ്യമായിരുന്നു ‘ഇന്ത്യ’ എന്ന പേരിട്ടു വിളിച്ച മുന്നണി. അത് രൂപീകരിക്കാന്‍ മുന്‍കൈയെടുത്ത നിതീഷ് കുമാര്‍ തന്നെയാണ് രായ്ക്കുരാമാനം മറുകണ്ടം ചാടി ബിജെപിയോടൊപ്പം പോയത്. പ്രമുഖ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യത്തിനകത്തു നില്‍ക്കവെതന്നെ ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിച്ചു. ചിലയിടങ്ങളില്‍ സഖ്യമില്ലാതെ പരസ്പരം മത്സരിച്ചു. 13 സംസ്ഥാനങ്ങളിലും 5 കേന്ദ്രഭരണ പ്രദേശങ്ങളിലും ഇന്ത്യ സഖ്യം ഇല്ലായിരുന്നു. അവിടങ്ങളില്‍ കോണ്‍ഗ്രസ് മത്സരിച്ച 173 സീറ്റുകളില്‍ 26 എണ്ണത്തില്‍ മാത്രമേ അവര്‍ക്ക് വിജയിക്കാനായുള്ളൂ. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് സ്വന്തം ടിക്കറ്റില്‍ മത്സരിച്ചു ജയിച്ച നാനൂറോളം കോണ്‍ഗ്രസ് ജനപ്രതിനിധികളാണ് ബിജെപി നീട്ടിയ പണത്തിളക്കത്തിലും ഭീഷണിയിലും പാര്‍ട്ടി വിട്ടുപോയത്. പല സംസ്ഥാനമന്ത്രിസഭകളും ബിജെപിയുടെ പാളയത്തിലേക്ക് പോയി. ഇത്തവണ സൂറത്തിലും ഇന്‍ഡോറിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിച്ച് ബിജെപിയോടൊപ്പം പോയി. അങ്ങനെ പ്രക്ഷോഭത്തിന്റെ ബദല്‍ പോകട്ടെ, ബിജെപിക്ക് ശക്തമായ ഒരു പാര്‍ലമെന്ററി ബദല്‍ പോലും അവതരിപ്പിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് കഴിയാതെപോയി.
രാജ്യത്ത് ആകെ പോള്‍ചെയ്ത വോട്ടുകളില്‍ 36.56% മാത്രമാണ് ബിജെപിയുടെ വോട്ട് വിഹിതം. യഥാര്‍ത്ഥത്തില്‍ ഒരു ന്യൂനപക്ഷത്തിന്റെ ജനപിന്തുണവെച്ചാണ് ബിജെപിയും അതിനു നേതൃത്വം നല്‍കുന്ന നരേന്ദ്രമോദിയും ഭരണസംവിധാനത്തെയാകെ വരുതിയിലാക്കുകയും ഇന്ത്യന്‍ ജനതയെയാകെ വിരട്ടി ഭരിക്കുകയുംചെയ്യുന്നത്. മോദിയുടെ നേതൃത്വത്തില്‍ത്തന്നെ വീണ്ടും ബിജെപി കേന്ദ്രഭരണത്തില്‍ അവരോധിക്കപ്പെട്ട ഈ സന്ദര്‍ഭത്തില്‍ കേവലം സീറ്റുകളുടെ എണ്ണത്തിന്റെ കണക്കുവച്ച് ഇന്ത്യയുടെ ഭാവി വിലയിരുത്താനാവില്ല. നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികച്ചു ഭരിക്കുകയും ഇന്ത്യന്‍ ജനതയെ തകര്‍ത്തെറിഞ്ഞ വിനാശകരമായ ആഗോളവല്‍ക്കരണ നയങ്ങള്‍ അശനിപാതംപോലെ അടിച്ചേല്‍പ്പിക്കുകയുംചെയ്ത ചരിത്രം നാം മറക്കരുത്.
എംപിമാരെയോ പാര്‍ട്ടികളെ ആകെത്തന്നെയോ വിലയ്ക്ക് എടുക്കാന്‍പോന്ന പണക്കൊഴുപ്പും അധാര്‍മികതയും കൈമുതലായുള്ള ബിജെപിക്ക് ഏതുനിമിഷവും ടിഡിപിയുടെയും ജെഡിയുവിന്റെയും വിലപേശല്‍ ശക്തിയെ മറികടക്കാവുന്നതേയുള്ളൂ. കഴിഞ്ഞ പത്തു വര്‍ഷത്തേത് ട്രെയിലര്‍ മാത്രമാണ്, അതിനുമപ്പുറം വരാനിരിക്കുന്നതേയുള്ളൂ എന്ന് പുതിയ ഗവണ്‍മെന്റ് അധികാരത്തിലേറിയ നാളില്‍ത്തന്നെ മോദി പ്രഖ്യാപിച്ചത് ഇതോടൊപ്പം ചേര്‍ത്തു വായിക്കണം. എന്നുവച്ചാല്‍ മോദി സര്‍ക്കാരിന്റെ ദംഷ്ട്രകള്‍ പുറത്ത് കാട്ടിയുള്ള സംഹാരതാണ്ഡവം ആവര്‍ത്തിക്കാവുന്നതേയുള്ളൂ എന്നര്‍ത്ഥം. ഇനി ഈ സഖ്യങ്ങള്‍ ബിജെപിയെ ഉപേക്ഷിച്ച് മറുകണ്ടം ചാടി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചാലും മുതലാളിത്ത നയങ്ങളില്‍ മാറ്റമുണ്ടാകാന്‍ പോകുന്നില്ലെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസ് അടക്കം ഇന്ത്യ മുന്നണിയിലെ കക്ഷികള്‍ അധികാരം കൈയാളുന്ന വിവിധ സംസ്ഥാനങ്ങളിലെ അവരുടെ അടിസ്ഥാന ഭരണ നയങ്ങള്‍ പരിശോധിച്ചാലും മോദി ഭരണത്തില്‍നിന്ന് ഏറെ വ്യത്യസ്തമല്ല എന്ന് മനസ്സിലാകും.


കേരളത്തിലെ യുഡിഎഫ് വിജയം പ്രതിഫലിപ്പിക്കുന്നതെന്ത്?


സംസ്ഥാനത്തെ 20 സീറ്റുകളില്‍ 18 സീറ്റും നേടി യുഡിഎഫ് കഴിഞ്ഞ തവണത്തെ വിജയം ഏറെക്കുറെ ആവര്‍ത്തിച്ചിരിക്കുകയാണ്. വടക്കന്‍ കേരളത്തിലെ ഏതാണ്ട് എല്ലാ മണ്ഡലത്തിലും ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് വിജയം നേടിയിട്ടുള്ളത്. സംസ്ഥാനം ഭരിക്കുന്ന സിപിഐ(എം) മുന്നണിയുടെ നയങ്ങള്‍ക്കെതിരായ അതിശക്തമായ വികാരമാണ് ഇത്തരമൊരു വിധിയെഴുത്തിന് പ്രധാന കാരണമായിട്ടുള്ളത്. അതു ചൂണ്ടിക്കാണിച്ച ജനാധിപത്യ-മതേതര ചിന്താഗതിയുടെ ശക്തനായ വക്താവായ ബിഷപ്പിനെ വിവരദോഷിയെന്നു മുദ്രകുത്തിയും മാധ്യമപ്രവര്‍ത്തകനെ ദില്ലിയില്‍ പരിഹസിച്ചും മുഖ്യമന്ത്രി തന്റെ പതിവ് ശൈലിയില്‍ എല്‍ഡിഎഫ് ഭരണത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പിണറായി ഭരണത്തിനെതിരായ പൊട്ടിത്തെറിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം നിര്‍ണ്ണയിച്ചതെന്ന് പ്രാഥമിക രാഷ്ട്രീയധാരണയുള്ള ഏതൊരാള്‍ക്കും തിരിച്ചറിയാന്‍ കഴിയുന്ന വസ്തുതയാണ്.
സമ്പന്നവിഭാഗത്തിന്റെ മൂലധന താല്‍പ്പര്യങ്ങളും കേര്‍പ്പറേറ്റ് അജണ്ടയുമാണ് പിണറായി ഭരണത്തെ നയിക്കുന്നത്. സംസ്ഥാനത്ത് തൊഴിലില്ലായ്മ 30 ശതമാനം പിന്നിടുന്നതായി ലേബര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദരിദ്രരും ഇടത്തരക്കാരുമായ ജനങ്ങള്‍ ജീവിതക്ലേശങ്ങളുടെ മുമ്പില്‍ പകച്ചുനില്‍ക്കുകയാണ്. വിലക്കയറ്റം സൃഷ്ടിക്കുന്ന നിസ്സഹായതയും ആധിയും മാനംമുട്ടെ വളരുന്നു. സപ്ലൈക്കോ ഉള്‍പ്പടെയുള്ള എല്ലാ സംവിധാനങ്ങളും തകര്‍ന്നടിഞ്ഞു. ജീവനക്കാര്‍ക്ക് അവകാശപ്പെട്ട അരലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ കവര്‍ന്നെടുത്തിരിക്കുന്നത്. നാമമാത്രമായ പെന്‍ഷന്‍ പോലും നിലച്ചിട്ട് ആറു മാസം പിന്നിട്ട, പട്ടികജാതി-വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ സ്റ്റൈപെന്റ് മാസങ്ങളായി മുടങ്ങിയിട്ടുള്ള സംസ്ഥാനത്ത്, ആര്‍ഭാടത്തിനും ധൂര്‍ത്തിനും ദുര്‍ച്ചെലവിനും കോടികളാണ് പൊടിക്കുന്നത്. കേരളത്തിലെ സര്‍ക്കാരാശുപത്രികളില്‍ സൗജന്യ ചികില്‍സ ഏതാണ്ട് നിലച്ച അവസ്ഥയിലാണ്. ഇന്‍ഷ്വുറന്‍സ് സമ്പ്രദായം പൊതുജനാരോഗ്യ സംവിധാനത്തെ നിലംപരിശാക്കി. സര്‍ക്കാരാശുപത്രികളില്‍ മരുന്നുകള്‍ ലഭിക്കാതായിട്ട് ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. ഈ വക നയങ്ങളുടെയും നടപടികളുടെയും ഇരയായിട്ടുള്ള ലക്ഷക്കണക്കിന് ജനങ്ങള്‍ പിണറായി ഭരണത്തിനെതിരെ വിധിയെഴുതുകയാണ് ചെയ്തത്. യുഡിഎഫ് അനുകൂലമായ എന്നതിനേക്കാളും എല്‍ഡിഎഫ് വിരുദ്ധമായ വിധിയെഴുത്താണ് കേരളത്തില്‍ നടന്നത്.


സംസ്ഥാനത്ത് ഒരു സീറ്റില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കുകയുണ്ടായി. ബിജെപിയുടെ രാഷ്ട്രീയമുന്നേറ്റത്തിന്റെ പ്രതിഫലനമായി ഈ വിജയത്തെ കാണാനാവില്ല. ബിജെപിയുടെ രാഷ്ട്രീയവോട്ടുകള്‍ക്കു പുറത്തുനിന്ന് പല ഘടകങ്ങള്‍ ഉപയോഗപ്പെടുത്തി വോട്ട് സമാഹരിക്കാന്‍ സ്ഥാനാര്‍ത്ഥിക്ക് വ്യക്തിപരമായി കഴിഞ്ഞുവെന്നതാണ് തൃശൂരിലെ നേട്ടത്തിന്റെ പിറകിലുള്ള പ്രധാന വസ്തുത. ക്രൈസ്തവ നേതൃത്വവുമായി സ്ഥാനാര്‍ത്ഥി രൂപപ്പെടുത്തിയ പരസ്പര സഹായകരാറിന്റെ അടിസ്ഥാനത്തില്‍, പരമ്പരാഗതമായ കോണ്‍ഗ്രസ്സിന് വോട്ടുചെയ്തുവന്നിരുന്ന ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ വോട്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ഒന്നാകെ മറിയുകയുണ്ടായി. തിരഞ്ഞെടുപ്പിനുശേഷമുള്ള സ്ഥാനാര്‍ത്ഥിയുടെ പ്രതികരണത്തില്‍ നിന്നുതന്നെ ഇത് വ്യക്തമായി.
ബിജെപി- സംഘപരിവാര്‍ കോട്ടകള്‍ എന്നറിയപ്പെടുന്ന ഗുജറാത്തിലും യുപിയിലുമടക്കം മിക്കവാറുമെല്ലാ സംസ്ഥാനങ്ങളിലും ബിജെപിയുടെ വോട്ട് വിഹിതം 2019നെ അപേക്ഷിച്ചു കുറഞ്ഞപ്പോള്‍ കേരളത്തില്‍ അവര്‍ക്ക് ഒരു സീറ്റും നാല് ശതമാനം വോട്ട് വര്‍ദ്ധനവുമുണ്ടായത് ജനാധിപത്യ വിശ്വാസികളെ ആശങ്കപ്പെടുത്തുകയാണ്. എല്‍ഡിഎഫിനോടും സിപിഐ(എം)നോടും വിശിഷ്യ പിണറായി വിജയനോടുമുള്ള ജനരോഷത്തിന്റെ ഒരു വിഹിതമാണ് ബിജെപിയുടെ പെട്ടിയില്‍ എത്തിയത്. ബിജെപിയുടെ നയങ്ങള്‍ക്കെതിരായ ഫലപ്രദമായ പ്രചരണമൊന്നുംതന്നെ സിപിഐ(എം) കേരളത്തില്‍ നടത്തിയിരുന്നില്ല. അവരുടെ പ്രചാരണത്തിന്റെ കുന്തമുന കോണ്‍ഗ്രസിനും വിശിഷ്യ രാഹുല്‍ ഗാന്ധിക്കുമെതിരെ ആയിരുന്നു. ശക്തമായ സാംസ്‌കാരിക മുന്നേറ്റത്തിന്റെ അഭാവത്തിലും നവോത്ഥാന പ്രസ്ഥാനം സൃഷ്ടിച്ച സാംസ്‌കാരിക ഉണര്‍വ് ക്രമേണ ദുര്‍ബലമായതുമൂലവും, വോട്ട് നേട്ടങ്ങള്‍ക്കായി ജാതി-മത ശക്തികളെ എല്ലാ മുന്നണികളും പ്രീണിപ്പിക്കുന്നതുകൊണ്ടും ബിജെപി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് പാകമുള്ള മണ്ണായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്. പ്രവര്‍ത്തനങ്ങ ളിലും പെരുമാറ്റങ്ങളിലും രീതിമര്യാദകളിലും തികഞ്ഞ ജനാധിപത്യവിരുദ്ധത വച്ചുപുലര്‍ത്തുന്ന സിപിഐ(എം)ന്റെ നിലപാടുകള്‍ ബംഗാളില്‍ എന്നതുപോലെ കേരളത്തിലും ബിജെപിക്ക് പാതയൊരുക്കുന്നതില്‍ വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്.


മുതലാളിത്ത നയങ്ങള്‍ക്കെതിരായ ജനകീയ പ്രക്ഷോഭത്തിന്റെ ദൗത്യം അചഞ്ചലം നിറവേറ്റുക


സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ 18 പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകള്‍ ഇതിനോടകം നടന്നിരിക്കുന്നു. സ്വാതന്ത്ര്യലഭ്യതയോടെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍നിന്ന് ഭരണകൂടാധികാരം കൈയടക്കിയ ഇന്ത്യന്‍ മുതലാളിവര്‍ഗ്ഗം അവരുടെ താല്‍പര്യങ്ങള്‍ കാര്യക്ഷമതയോടെ സംരക്ഷിക്കുന്ന രാഷ്ട്രീയ കക്ഷികളെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിക്കുന്നു. അതോടൊപ്പംതന്നെ അധികാരത്തിലിരിക്കുന്ന കക്ഷി അവരുടെ ദുഷ്‌ചെയ്തികളിലൂടെ ജനങ്ങളുടെ വെറുപ്പിന് പാത്രമായാല്‍ മറ്റൊരു കക്ഷിയെയോ മുന്നണിയെയോ പകരം അവരോധിക്കാന്‍ ഒരുക്കി നിര്‍ത്തുകയും ചെയ്യും. അങ്ങനെ ഭരിക്കാനായി തിരഞ്ഞെടുക്കപ്പെടുന്ന കക്ഷി, മൂലധന ശക്തികളെ പോഷിപ്പിക്കാനായി നയങ്ങളും നടപടികളും കൈക്കൊള്ളും.
സകല പുരോഗമന സ്വഭാവവും നഷ്ടപ്പെട്ട് ജീര്‍ണ്ണവും മരണാസന്നവുമായ മുതലാളിത്തത്തിന്റെ ഈ ഘട്ടത്തില്‍ ചെറുതോ വലുതോ ആയ സകല മുതലാളിത്ത ഭരണകൂടവും ഫാസിസ്റ്റ് സ്വഭാവം കൈക്കൊള്ളുമെന്ന് മഹാനായ മാര്‍ക്‌സിസ്റ്റ് ദാര്‍ശനികന്‍ സഖാവ് ശിബ്‌ദാസ് ഘോഷ് നല്‍കിയ പാഠം നാം മറക്കരുത്. ഈ സ്വാഭാവിക പ്രവണതയെ തടഞ്ഞു നിര്‍ത്തുവാനുള്ള ഒരേയൊരു മാര്‍ഗം ബഹുജനപ്രക്ഷോഭങ്ങളാണ്. പാര്‍ലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ചും അവിടുത്തെ നടപടിക്രമങ്ങള്‍ അട്ടിമറിച്ചും ബിജെപി ഗവണ്‍മെന്റ് ജനവിരുദ്ധനിയമങ്ങള്‍ ആവിഷ്‌കരിച്ചുകൊണ്ടിരുന്നപ്പോള്‍ അവയിലൊന്നുപോലും പാര്‍ലമെന്റില്‍ പരാജയപ്പെടുത്താനായില്ല. മറിച്ച്, ഒരേയൊരു നിയമം മാത്രമാണ്പിന്‍വലിപ്പിക്കാനായത്; കര്‍ഷകമാരണ നിയമം. തെരുവില്‍ അലയടിച്ചുയര്‍ന്ന ത്യാഗഭരിതമായ, സുദീര്‍ഘമായ, കീഴടങ്ങാത്ത കര്‍ഷകപ്രക്ഷോഭണത്തിലൂടെയാണ് അത് സാദ്ധ്യമായത്. അതാണ് മാതൃക. അതു സൃഷ്ടിച്ച അലകളാണ് പ്രക്ഷോഭം ഉയര്‍ന്നുപൊന്തിയ ഇടങ്ങളില്‍ ബിജെപിക്ക് കിട്ടിയ തിരഞ്ഞെടുപ്പ് തിരിച്ചടികള്‍. അതു കാരണമാണ് അവര്‍ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാതെ പോയത്. അല്ലായിരുന്നെങ്കില്‍ ‘ചാര്‍ സൗ പാര്‍’ അവര്‍ക്ക് അപ്രാപ്യമായ ഒന്നായിരുന്നില്ല.
‘കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി രാജ്യം ഭരിക്കുന്ന ബിജെപി ഭരണത്തെ പുറത്താക്കുക, ജനകീയ സമര രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക’ എന്ന എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ഉയര്‍ത്തിയ മുദ്രാവാക്യത്തിന്റെ പ്രസക്തി ഇവിടെയാണ്. അതുയര്‍ത്തിക്കൊണ്ട് രാജ്യമാകമാനം 151 മണ്ഡലങ്ങളില്‍ ബിജെപിയുടെ രാഷ്ട്രീയത്തിന്റെ അപകടം നിര്‍ഭയം തുറന്നുകാട്ടി. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു നടത്തിയ പ്രസ്തുത പ്രചാരണം, തിരഞ്ഞെടുപ്പനന്തര സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ദിശാബോധം നല്‍കുവാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു. സിപിഐ(എം) അടക്കമുള്ള സകലകക്ഷികളും ജനങ്ങള്‍ അഭിമുഖീകരിക്കുന്ന നീറുന്ന വിഷയങ്ങള്‍ തിരഞ്ഞെടുപ്പ് ക്യാമ്പയിന്‍ വേളയില്‍ ഉന്നയിക്കാതെ വിട്ടതും കേവലം റോഡ് ഷോകളിലും ഹൈടെക് സോഷ്യല്‍ മീഡിയ പ്രചാരണങ്ങളിലും മാത്രം ഒതുങ്ങിയതും ബോധപൂര്‍വ്വമായിരുന്നു. ഭരണം കരസ്ഥമായാല്‍ മുതലാളിത്ത സേവയ്ക്കായി ജനവിരുദ്ധ നയങ്ങള്‍, നടപടികള്‍ സ്വീകരിക്കേണ്ടിവരും എന്നുറപ്പുള്ളതുകൊണ്ടാണ് ജനങ്ങളുടെ വിഷയങ്ങള്‍ അവതരിപ്പിക്കാതെ വോട്ട് തട്ടുവാന്‍ വേണ്ടി മാത്രമുതകുന്ന വിഷയങ്ങളില്‍ അവര്‍ അഭിരമിച്ചത്.


മുതലാളിത്തം അഭിമുഖീകരിക്കുന്ന അപരിഹാര്യമായ കമ്പോള പ്രതിസന്ധിയെയോ, ഗതിവേഗം കൂടിക്കൊണ്ടിരിക്കുന്ന മൂലധന കേന്ദ്രീകരണത്തെയോ തടയിടാന്‍ ഈ തിരഞ്ഞെടുപ്പിനായിട്ടില്ല. ഈ വ്യവസ്ഥിതിയിന്‍കീഴിലുള്ള ഒരു തിരഞ്ഞെടുപ്പിനും അതാവുകയുമില്ല. അതിനാല്‍, അടിസ്ഥാനജീവിത പ്രശ്‌നങ്ങള്‍ തുടര്‍ന്നും നിലനില്‍ക്കുമെന്ന് മാത്രമല്ല അവ രൂക്ഷമാകുകയും ചെയ്യും എന്നുള്ളത് തീര്‍ച്ചയാണ്. അതിനാല്‍ത്തന്നെ ജനരോഷം ഉരുണ്ടുകൂടുകയും അത് പ്രക്ഷോഭണങ്ങളിലേക്കും ചെറുത്തുനില്‍പ്പുകളിലേക്കും നയിക്കുമെന്നും ഭരണാധികാരികള്‍ക്ക് നന്നായറിയാം. നേരിടുന്ന അപകടത്തെ മറികടക്കാന്‍ ഒരുമിക്കുക എന്നത് മനുഷ്യസഹജമാണ്. അതിനാല്‍ ജനങ്ങളുടെ ഐക്യത്തെ അവര്‍ ഭയപ്പെടുന്നു. ആ ഐക്യപ്പെടലിനെ തകര്‍ക്കാനുള്ള മതവിദ്വേഷം അടക്കമുള്ള പരമ്പരാഗത മാര്‍ഗ്ഗങ്ങളെ ബൂര്‍ഷ്വാസി കൈവെടിയില്ല. അതുപോലെതന്നെ, തങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പൊതുവാണ് എന്ന ജനങ്ങളുടെ തിരിച്ചറിവ് പ്രക്ഷോഭണത്തിന്റെ വേദിയില്‍ ജാതിമതഭിന്നതകളെ നേര്‍പ്പിച്ചു കളയും. സമരസാഹോദര്യം ഉയര്‍ന്ന സംസ്‌കാരം പ്രദാനം ചെയ്യും, ഏതൊരാക്രമണത്തെയും നേരിടാനുള്ള കരുത്ത് പകരും. തൊഴിലാളി വര്‍ഗ്ഗത്തിന്റെ മഹാനായ നേതാവ് സഖാവ് ശിബ്‌ദാസ് ഘോഷ് കെട്ടിപ്പടുത്ത എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്ന ജനകീയ പ്രക്ഷോഭണത്തിന്റെ രാഷ്ട്രീയം മാത്രമേ ആത്യന്തിക മോചനത്തിന്റെ മാര്‍ഗ്ഗം തെളിക്കൂ. അത്തരമൊരു പ്രക്ഷോഭണത്തിന്റെ പാതയില്‍ അണിനിരക്കേണ്ടതിന്റെ അടിയന്തരാവശ്യകതയാണ് ഈ തിരഞ്ഞെടുപ്പുഫലം ജനങ്ങളെ ഓര്‍മ്മിപ്പിക്കുന്നത്.

Share this post

scroll to top