ജവഹർലാൽ നെഹ്‌റു സർവകലാശാല ക്യാമ്പസിൽ എബിവിപി അക്രമികൾ നടത്തിയ അഴിഞ്ഞാട്ടത്തിൽ പ്രതിഷേധിച്ച് എഐഡിഎസ്ഒ ജനുവരി 6ന് അഖിലേന്ത്യാ പ്രതിഷേധദിനം ആചരിച്ചു. ജനാധിപത്യ വിദ്യാഭ്യാസത്തിന്റെ ഉജ്ജ്വല മാതൃകയായ ജെഎൻയുവിന് നേരെ സംഘപരിവാർ നിരന്തരം ആക്രമണം അഴിച്ചുവിടുകയാണ്. ഇരുമ്പ് ദണ്ഡുകളും മുളവടികളുമായി എല്ലാ പരിധികളും ലംഘിച്ചുകൊണ്ട് അതിക്രൂരമായ ആക്രമണമാണ് ജെഎൻയുവിൽ ജനുവരി 5ന് എബിവിപി നടത്തിയത്.
സെന്റർ ഫോർ സോഷ്യൽ സയൻസിലെ പ്രമുഖ അധ്യാപികയായ പ്രൊഫ.സുചിത്ര സെന്നും ജെഎൻയു വിദ്യാർത്ഥി യൂണിയൻ അധ്യക്ഷ ഐഷി ഘോഷുമുൾപ്പടെയുളളവർ അതിക്രൂരമായി ആക്രമിക്കപ്പെട്ടു. മുഖംമൂടിയണിഞ്ഞ ക്രിമിനലുകൾ ഹോസ്റ്റലുകൾ തല്ലിതകർക്കുകയും വിദ്യാർത്ഥികളെ ആക്രമിക്കുകയുമായിരുന്നു.
ജെഎൻയുവിൽ രാജ്യത്തെ ഏറ്റവും വലിയ ഫീസ് ഘടന കെട്ടിവയ്ക്കുന്നതിനെതിരെയും പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ജെഎൻയു വിദ്യാർത്ഥികൾ സമരരംഗത്തായിരുന്നു. മാത്രമല്ല, വിദ്യാർത്ഥി വിരുദ്ധവും ജനവിരുദ്ധവുമായ നയങ്ങൾക്കെതിരെ നിരന്തരമായ രാഷ്ട്രീയ ജാഗ്രതയോടെ ജെഎൻയു സർവകലാശാല സമൂഹം സമരരംഗത്തുണ്ടായിരുന്നു. ഇതാണ് ജെഎൻയുവിനെ സംഘപരിവാർ ശക്തികളുടെ കണ്ണിലെ കരടാക്കിത്തീർത്തത്. മാത്രമല്ല, വിദ്യാഭ്യാസത്തിന്റെ സമ്പൂർണ്ണമായ വാണിജ്യവത്ക്കരണവും വർഗ്ഗീയതാവത്ക്കരണവും ലക്ഷ്യമിടുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന് മുന്നൊരുക്കമെന്ന നിലയിൽ ജെഎൻയു പോലെയുള്ള വിദ്യാഭ്യാസ മാതൃകകൾ തകർക്കേണ്ടതും കേന്ദ്ര സർക്കാരിനെ സംബന്ധിച്ച് അത്യാവശ്യമാണ്.
ഏതു വിധേനയും ജെഎൻയുവിനെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിന്ദ്യമായ ആക്രമണം എബിവിപി നടത്തുന്നത്. പോലീസിന്റെ ഒത്താശയോടെയാണ് ഈ ആക്രമണം നടന്നത്. ഗേറ്റുകളിൽ കാവൽ നിന്നുകൊണ്ടും അക്രമം നേരിട്ടവർക്ക് വൈദ്യസഹായം നൽകാൻ അനുവദിക്കാതെയും എബിവിപി നരനായാട്ട് നടത്തുമ്പോൾ പോലീസ് നിസ്സംഗത പാലിക്കുകയായിരുന്നു.
അക്രമികളെ സഹായിക്കുവാനാണ് പോലീസ് ശ്രമിച്ചത്. ഈയൊരു സാഹചര്യത്തിൽ ജെഎൻയുവിനും രാജ്യത്തെ വിദ്യാർത്ഥി സമൂഹത്തിനുമെതിരെയുളള സംഘപരിവാർ ആക്രമണം അവസാനിപ്പിക്കണമെന്നും ജെഎൻയുവിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും അക്രമികൾക്കെതിരെ ഉടൻ കർശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് എഐഡിഎസ്ഒ അഖിലേന്ത്യാ പ്രതിഷേധദിനമായി ആചരിച്ചത്.
പ്രതിഷേധദിനത്തിന്റെ ഭാഗമായി കേരളത്തിലെ കാമ്പസുകളിലും തെരുവുകളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.
അഖിലേന്ത്യാ പ്രതിഷേധ ദിനം ആചരിച്ചുകൊണ്ട് ആലപ്പുഴയിൽ നടന്ന പ്രതിഷേധ പ്രകടനവും യോഗവും എഐഡിഎസ്ഒ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എസ്.അലീന ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.പി.വിദ്യ അധ്യക്ഷത വഹിച്ചു. മാന്നാർ സ്റ്റോർ ജംഗ്ഷനിൽ എഐഡിഎസ്ഒ-എഐഡിവൈഒ സംയുക്തമായി പ്രകടനം നടത്തി. എഐഡിവൈഒ ജില്ലാ പ്രസിഡന്റ് കെ.ബിമൽജി ഉദ്ഘാടനം ചെയ്തു. കോട്ടയത്ത് നടന്ന പ്രതിഷേധ പരിപാടിക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.കെ.ഷഹസാദ്, ജില്ലാ പ്രസിഡന്റ് ആർ.മീനാക്ഷി, സെക്രട്ടറി ജി.എസ്.ശാലിനി എന്നിവർ നേതൃത്വം നൽകി.