ഫാദർ സ്റ്റാൻ സ്വാമി : ഭരണകൂട ഭീകരതയുടെ ഇര – SUCI (Communist)

images-10.jpeg
Share

കെട്ടിച്ചമക്കപ്പെട്ട ഭീമാ കൊറേഗാവ് കേസിൽ പെടുത്തി അറസ്റ്റ് ചെയ്ത് മാനുഷികമായ പരിഗണനകളെല്ലാം നിഷേധിച്ച് തുറുങ്കിലടക്കപ്പെട്ട ഫാദർ സ്റ്റാൻ സ്വാമി എന്ന വന്ദ്യവയോധികന്റെ മരണം ഭരണകൂടഭീകരതയുടെ ഫലമാണെന്ന് എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി വി വേണുഗോപാൽ
അഭിപ്രായപ്പെട്ടു.
രാജ്യത്തെ ഏറ്റവും കിരാത നിയമമായ യു.എ.പി.എ ചുമത്തി തടവിലാക്കപ്പെട്ട, ഗുരുതരമായ രോഗപീഡകളാൽ വലഞ്ഞ ഫാദർ സ്വാമിക്ക് സ്വാഭാവിക നീതി പോലും നിഷേധിക്കപ്പെട്ടു. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ പരാജയത്തെയാണ് ഈ സംഭവം വെളിവാക്കുന്നത്. ഭരണകൂടത്തിനും സർക്കാരിനും ഇഷ്ടമില്ലാത്ത, അനീതിയെ ചോദ്യം ചെയ്യുന്ന നൂറുകണക്കിനാളുകളാണ് ഇന്ന് ഇന്ത്യൻ തടവറകളിൽ നരകിക്കുന്നത്. നീതിക്കുവേണ്ടി അന്തർദേശീയ തലത്തിലുള്ള അപേക്ഷകളെ പോലും സർക്കാർ വകവക്കുന്നില്ല. കാശ്മീരിൽ യുഎപിഎ ചുമത്തി 11വർഷം തടവിൽ കഴിഞ്ഞ ഒരു ചെറുപ്പക്കാരൻ നിരപരാധിയെന്ന് കണ്ടെത്തിയത് ഈയിടെയാണ്.

ഇപ്രകാരം തടവിലാക്കപെട്ടവ വരിൽ സംസ്ഥാനത്തു നിന്നുള്ളവരുമുണ്ട്. കേരള സർക്കാരും പ്രബല രാഷ്ട്രീയകക്ഷികളും ഇക്കാര്യത്തിൽ വച്ചുപുലർത്തുന്ന നിഷ്ക്രിയത്വം അപലപനീയമാണ്. മുതലാളിത്ത താൽപര്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾ കൂടുതൽ ജനവിരുദ്ധമാകുന്നതിന് അനുസരിച്ച് വളർന്നു വരാൻ സാധ്യതയുള്ള ജനമുന്നേറ്റത്തെ തടയാൻ കൂടുതൽ കർക്കശ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നു. ഈ നടപടികളെയും നീക്കങ്ങളെയും ചെറുക്കാൻ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ഉയർന്നുവരേണ്ടതുണ്ട്. ഭീമ കൊറേഗാവ് കേസിൽപ്പെടുത്തപ്പെട്ട് തടവിൽ കഴിയുന്ന എല്ലാരെയും ഉടൻ മോചിപ്പിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ആർ കുമാർ, ഓഫീസ് സെക്രട്ടറി, SUCI (Communist)

Share this post

scroll to top