കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: കുറ്റവാളികളെയും കൂട്ടുനിന്നവരെയും ഉടൻ അറസ്റ്റ് ചെയ്യുക, നിക്ഷേപകർക്കു@ണ്ടായ മുഴുവൻ നഷ്ടവും ഉടൻ നികത്തുക

Share

കരുവന്നൂർ സഹകരണ ബാങ്കിൽനിന്നും 100 കോടിയുടെ തട്ടിപ്പ് നടത്തിയവരെ ഉടൻ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് ശിക്ഷിക്കണം എന്നത് സ്വാഭാവികനീതിനടത്തിപ്പ് ആവശ്യപ്പെടുന്ന മിനിമം കാര്യമാണ്. ജനങ്ങൾ വിയർപ്പൊഴുക്കി ഉണ്ടാക്കിയ നിക്ഷേപങ്ങളാണ് ജീവനക്കാരിൽ ചിലരും ഭരണസമിതിയും സഹകരണവകുപ്പിലെ അധികാരികളും ചേർന്ന് പങ്കിട്ടെടുത്തിരിക്കുന്നത്. ഓഡിറ്റ് റിപ്പോർട്ടുകളും പരിശോധനകളും പല തരത്തിലുള്ള പരാതികളുമൊക്കെ പ്രതികളെ സ്പർശിക്കാതെ 20 വർഷക്കാലം കൊള്ളക്ക് സംരക്ഷണമൊരുക്കിക്കൊണ്ട് ഔദ്യോഗിക സംവിധാനങ്ങൾതന്നെ പ്രവർത്തിച്ചു എന്നത് അക്ഷന്തവ്യമാണ്. അതുകൊണ്ട് ഈ കൊള്ളയ്ക്ക് കൂട്ടുനിന്നവരെക്കൂടി പ്രതി ചേർത്ത് വേണം അന്വേഷണം നടത്തേണ്ടത്. 40 വർഷമായി ഒരേ മുന്നണിതന്നെ ഭരണം നടത്തിയ ബാങ്കിൽ, തട്ടിപ്പിന്റെ ഉത്തരവാദിത്തം മറ്റാരുടെയും തലയിൽ കെട്ടിവച്ച് രക്ഷപ്പെടാൻ കഴിയില്ല. ബാങ്കിലെ മുൻ ജീവനക്കാരും ജില്ലാ രജിസ്ട്രാറും പല തരത്തിലുള്ള ശുപാർശകളും പരാതികളും നൽകിയിട്ടും അതെല്ലാം മൂടിവക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തുവന്നത്. ഭരണ പാർട്ടികളുടെ ആളുകൾ തന്നെയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത് എന്ന വസ്തുത, അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന സംശയവും ന്യായമാണ്. ഈ സംശയം ദൂരീകരിക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനുണ്ട്. പോലീസ് അന്വേഷണത്തോടൊപ്പം ഭരണസംവിധാനത്തിൽനിന്ന് സ്വതന്ത്രമായ അന്വേഷണവും ഇക്കാര്യത്തിൽ നടക്കേണ്ടിയിരിക്കുന്നു. നൂറിലേറെ ബാങ്കുകളില്‍നിന്ന് സമാനസ്വഭാവത്തില്‍ തട്ടിപ്പിന്റെ വാര്‍ത്തകള്‍ ഇതിനകം പുറത്തുവന്നുകഴിഞ്ഞു.
ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ സഹകരണ ബാങ്കുകളിലും പ്രത്യേക പരിശോധനകൾ നടത്തണമെന്ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ആവശ്യപ്പെടുന്നു. അതോടൊപ്പം, സംസ്ഥാന ഭരണവും സഹകരണ വകുപ്പും ബാങ്ക് ഭരണസമിതിയും ജീവനക്കാരും എല്ലാം ഒരു കേന്ദ്രത്തോട് വിധേയപ്പെട്ട് നിൽക്കുന്ന തരത്തിലുള്ള സഹകരണ ബാങ്കുകളുടെ ഇന്നത്തെ ഘടനാപരമായ പരിമിതിയും അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. കൂടുതൽ സുതാര്യത ഈ രംഗത്ത് കൊണ്ടുവരാൻ ആവശ്യമായ പരിഷ്‌കാരങ്ങൾ എന്തൊക്കെയെന്ന വിഷയത്തിൽ ഒരു പൊതുവായ ചർച്ചയും ഇന്ന് ആവശ്യമായിരിക്കുന്നു.

Share this post

scroll to top