വിനാശപദ്ധതി കെ റെയിലിനെതിരെ അണപൊട്ടിയൊഴുകുന്ന ജനരോഷം

K-Rail-Sec-March-1-scaled.jpg
Share

അസാധാരണമായ ജനേച്ഛയാല്‍ നയിക്കപ്പെടുന്ന ഒരു ജനകീയ പ്രക്ഷോഭത്തിന് കേരളം സാക്ഷ്യം വഹിക്കുകയാണ്. കെ റെയില്‍ വേണ്ട, കേരളം വേണം എന്ന ആഹ്വാനം സംസ്ഥാനമെമ്പാടും പ്രതിദ്ധ്വനിക്കുന്നു. കാസര്‍കോട് നെല്ലിക്കുന്ന് മുതല്‍ തിരുവനന്തപുരത്ത് കൊച്ചുവേളിവരെ നൂറുകണക്കിന് സമരസമിതികളില്‍ പതിനായിരങ്ങള്‍ സംഘടിതരായിരിക്കുന്നു. കെ റെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി എന്ന സമര സംഘടനയില്‍ ഒരൊറ്റ മനുഷ്യനെപ്പോലെ അവര്‍ അണിനിരന്നിരിക്കുന്നു.

അഭിപ്രായഭേദങ്ങൾക്കും ജാതി-മത ചിന്തകൾക്കും അതീതരായി ജനങ്ങള്‍ ഒരു സൈന്യമായി മാറുകയാണ്. യുവാക്കളും വിദ്യാർത്ഥികളും വൃദ്ധരും സ്ത്രീകളും കുട്ടികളും തൊഴിലാളികളുമായിട്ടുള്ള കെ റെയിൽ വിരുദ്ധ പ്രക്ഷോഭകാരികൾ ഗ്രാമങ്ങളിൽ, തെരുവുകളിൽ, ഗൃഹാങ്കണങ്ങളിൽ സമരം ഒരു ജീവിതശൈലിയായി സ്വീകരിച്ചുകൊണ്ട് പ്രതിഷേധത്തിന്റെ വ്യത്യസ്തമാർഗ്ഗങ്ങൾ ആവിഷ്‌കരിക്കുന്നു. പദ്ധതിബാധിതമേഖലകളിലെ ഇരകൾ മാത്രമല്ല, കേരളത്തിന്റെ മനഃസാക്ഷി ഒന്നടങ്കം സിൽവർലൈൻ പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെടുന്നു. കെ റെയിൽ വിരുദ്ധ പ്രക്ഷോഭത്തിന്റെ നീതിയോടൊപ്പമാണെന്ന് കേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലെ വ്യക്തിത്വങ്ങൾ അഭിമാനപൂർവ്വം പ്രഖ്യാപിക്കുന്നു. കെ റെയിലിനുവേണ്ടി ഭരണാധികാരികൾ നടത്തുന്ന അഹന്തയുടെ ജല്പനങ്ങൾ നമ്മുടെ സംസ്ഥാനത്തിന്റെ ആന്തരികചേതനയിൽ മുറിവേൽപ്പിക്കുന്നു. അത് നൂറുകണക്കിന് കവിതകളായും ലേഖനങ്ങളായും കാർട്ടൂണുകളായും പിറവിയെടുക്കുന്നു. ഓരോ ദിനവും പിന്നിടുമ്പോൾ വർദ്ധിക്കുന്ന സാമൂഹ്യപിന്തുണയാൽ കെ റെയിൽ വിരുദ്ധ പ്രക്ഷോഭം കരുത്തോടെ കുതിക്കുകയാണ്. ഐതിഹാസികമായ കർഷക സമരത്തെ അളവറ്റ ഊർജ്ജത്തിന്റെ ഉറവിടമാക്കി മാറ്റിക്കൊണ്ട് കേരളത്തിന്റെ മഹത്തായ ഈ ജനകീയ സമരം കുതിക്കുകയാണ്.

വിനാശകരമായ കെ െറയില്‍ പദ്ധതി ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് കെ െറയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ചെയര്‍മാന്‍ എം.പി.ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു


കോവിഡ് വ്യാപനസാധ്യതയുടെ പേരിൽ ആൾക്കൂട്ടങ്ങളും കൂടിച്ചേരലുകളും ഒഴിവാക്കണമെന്ന് ജനങ്ങൾക്ക് ഉത്തരവ് നൽകിയിട്ടുള്ള സർക്കാർതന്നെ സുരക്ഷാമാനദണ്ഡങ്ങളെയാകെ കാറ്റിൽപ്പറത്തി വൻ പോലീസ് പടയുമായിവന്ന് കെ റെയിൽ പദ്ധതിക്കുവേണ്ടി ധിക്കാരപൂർവ്വം കല്ലിടൽ തുടരുകയാണ്. പൊതുപരിപാടികൾക്ക് അടച്ചിട്ട ഹാളുകളിൽ പരമാവധി 50 പേർ എന്ന ഉത്തരവ് ഇറക്കിയിട്ട് കോട്ടയത്തും കണ്ണൂരിലും കൊല്ലത്തും പൗരപ്രമുഖരുമായുള്ള മന്ത്രിമാരുടെ കൂടിക്കാഴ്ച എന്ന പരിഹാസ്യനാടകം നടത്തി. സംഘടിതമായ വിയോജിപ്പ് രേഖപ്പെടുത്താൻ ജനങ്ങൾക്ക് അവകാശവും അവസരവും നിഷേധിക്കപ്പെട്ടിരിക്കുമ്പോൾ, ജനങ്ങളെ വെല്ലുവിളിച്ച് കെ റെയിലിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. ജനാധിപത്യത്തെ സംബന്ധിച്ച് ഇക്കൂട്ടർ ധരിച്ചിട്ടുള്ളത് എന്താണ്?
കെ റെയിൽ സിൽവർലൈൻ എന്ന പദ്ധതിക്കുവേണ്ടി നിരത്തപ്പെട്ട വാദങ്ങളെ തുറന്നുകാട്ടാൻ സാധാരണയുക്തിയുടെ പരിശോധ പോലും വേണ്ടിവന്നില്ല. അത്രമേൽ ദുർബ്ബലവും പരസ്പരവിരുദ്ധവുമായിരുന്നു അവ. പദ്ധതിക്കുവേണ്ടി നിലകൊള്ളുന്നവരെന്ന നിലയിൽ വേഷം കെട്ടിയാടുന്നവരുടെ നില സഹതാപാർഹം തന്നെ. ആരെതിർത്താലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന ധിക്കാരപ്രഖ്യാപനം ആവർത്തിക്കുകയല്ലാതെ, തെക്കുവടക്കു യാത്ര ചെയ്യാൻ നാല് മണിക്കൂറെന്ന പരിഹാസ്യജനകമായ വാദം പരാജിതരുടെ ശരീരഭാഷയില്‍ ആവർത്തിക്കുകയല്ലാതെ ശക്തമായ വാദങ്ങളൊന്നും മുന്നോട്ടു വയ്ക്കാനാകുന്നില്ല.

കെ റയില്‍ സില്‍വര്‍ ലൈന്‍
വിരുദ്ധ ജനകീയ സമിതി സംസ്ഥാന ജനറല്‍ കണ്‍വീനറും എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന
സെക്രട്ടേറിയറ്റ് അംഗവുമായ എസ്.രാജീവന്‍ എന്നിവര്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്യുന്നു


പൗരപ്രമുഖരെ ബോധ്യപ്പെടുത്തുവാൻ നേരിട്ടിറങ്ങിയ മുഖ്യമന്ത്രി വിദേശയാത്രക്കുശേഷം അത് തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇഷ്ടക്കാരെയും ഏറാന്മൂളികളെയും വിളിച്ചുചേർത്ത്, എഴുതി മുന്നിൽക്കിട്ടിയത് ഏകപക്ഷീയമായി വായിച്ചുതീർക്കുന്നതാണ് സംവാദം. മറുചോദ്യങ്ങൾക്ക് പരിജ്ഞാനമുള്ളവരൊന്നും പൗരമുഖ്യന്മാരുടെ സദസ്സുകളിൽ ഉണ്ടാകില്ല എന്നത് ഉറപ്പാക്കപ്പെട്ടിരുന്നു. ഈ യോഗങ്ങളിൽ പങ്കെടുക്കാനെത്തിയ സമര സമിതിയുടെ പ്രതിനിധികളെ കഴുത്തിനുപിടിച്ച് പുറത്താക്കി. കണ്ണൂരിലായിരുന്നു ജനാധിപത്യം പൂത്തുലഞ്ഞത്. ഈ യോഗങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പറഞ്ഞത് പലതും കള്ളമാണ്. പലതും പററഞ്ഞതുമില്ല. ഊന്നൽ മുഴുവൻ പുനരധിവാസപാക്കേജിന് ആയിരുന്നു. നഷ്ടപരിഹാരം ആരാണ് ചോദിച്ചത്. സിൽവർലൈനെതിരെ സമരം ചെയ്യുന്നവർ നഷ്ടപരിഹാരത്തിനുവേണ്ടിയല്ല സമരം ചെയ്യുന്നത്. പദ്ധതി അശാസ്ത്രീയമാണ്, അനാവശ്യമാണ്, കേരളം അഭിമുഖീകരിക്കുന്ന യാത്രാ ക്ലേശങ്ങൾക്ക് പരിഹാരമല്ല, കേരളത്തിന്റെ പരിസ്ഥിതിയെയും പശ്ചിമഘട്ടത്തെയും തകർക്കുന്നതാണ്, കേരളത്തെ കടക്കെണിയിലാക്കുന്നതാണ്, പതിനായിരക്കണക്കിന് ആളുകളെ കുടിയൊഴിപ്പിക്കു ന്നതാണ്, കേരളത്തിലെ മൂന്നര കോടി ആളുകളെയും പ്രതികൂലമായി ബാധിക്കുന്നതാണ്, ആയതിനാൽ പദ്ധതി നിരുപാധികം ഉപേക്ഷിക്കണം എന്നതാണ് സമരസമിതിയും പദ്ധതിയുടെ അപകടം മനസ്സിലാക്കിയിട്ടുള്ള ജനങ്ങളും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്.
2018 ലാണ് സിൽവർലൈൻ പദ്ധതി ആസൂത്രണം ചെയ്തു തുടങ്ങിയത് എന്നുമുഖ്യമന്ത്രി പറയുന്നു, എന്നിട്ടെന്താണ് ഇതുവരെ ഈ സമ്പർക്കപരിപാടികൾക്കൊന്നും മുതിരാതിരുന്നത്. ഇപ്പോഴും ഈ കെട്ടുകാഴ്ചയ്ക്ക് സ്വമേധയാ ഇറങ്ങിത്തിരിച്ചതല്ല, ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് മറ്റുപായമില്ലാതെയാണ് ചർച്ച എന്നു പറഞ്ഞ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

ഡിപിആറിന്റെ ഉള്ളക്കം
കെ റെയിൽ പദ്ധതിയുടെ വിനാശകരമായ സ്വഭാവം വ്യക്തമാക്കുന്നു

പിടിച്ചതിനെക്കാൾ വലുതാണ് അളയിലിരിക്കുന്നത് എന്നതുപോലെയാണ് കെ.റയിൽ സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ പുറത്തുവന്നപ്പോഴുള്ള അവസ്ഥ. രാജ്യസുരക്ഷാ രഹസ്യം എന്ന വാദം പൊളിഞ്ഞു. ഇതിനകം ഉയർത്തപ്പെട്ട ആശങ്കൾക്ക് സ്ഥിരീകരണമായി. സ്വാഭാവിക നീരൊഴുക്കു തടയപ്പെടും അത് ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും കാരണമാകും എന്നതടക്കം പരിസ്ഥിതിയെ ആശങ്കയിലാക്കുന്ന ധാരാളം സൂചനകളുണ്ട്. ഒന്നരവർഷംമുമ്പ് തയ്യാറാക്കിയതാണ്, അതിനുശേഷം ധാരാളം മാറ്റങ്ങൾ വന്നിട്ടുണ്ട്, അതിനനുസരിച്ചാകും നടപ്പിലാക്കുക എന്ന് കെ.റയിൽ എംഡി വ്യക്തമാക്കിക്കഴിഞ്ഞു.
ബൗദ്ധിക സ്വത്തവകാശ പരിധിയിൽ വരുന്നതാകയാൽ ഡിപിആർ പുറത്തുവിട്ടു കൂടാ വാണിജ്യരഹസ്യമായതുകൊണ്ട് പുറത്തുവിടാൻ പാടില്ല, ഡിപിആർ രഹസ്യരേഖയായതുകൊണ്ട് ഇതിനാവശ്യമായി വരുന്ന പാറയുടെയും മണ്ണിന്റെയും കണക്കും പുറത്തുവിടേണ്ടതില്ല, സാമൂഹ്യആഘാത പഠനത്തിന് ഡിപിആർ കാണേണ്ടതില്ല എന്നിങ്ങനെ അതിവിചിത്രമായ വാദഗതികളാണ് ഉയർത്തപ്പെട്ടുകൊണ്ടിരുന്നത്. ആരോടാണ് ഇതൊക്കെ ഇവർ പറയുന്നത്. കേരളത്തിലെ മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന ഒരു പദ്ധതിയുടെ രൂപരേഖ ജനങ്ങൾ അറിയേണ്ടതില്ല എന്നു തീരുമാനിക്കാൻ ഇവർ ആരാണ്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയെങ്കിലും കാണിക്കാനും നിയമസഭയിൽ ചർച്ചചെയ്യാനുമുള്ള വിമുഖത എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുക തന്നെവേണം. നിയമസഭയിൽ ചർച്ചചെയ്തു എന്ന കള്ളവും മുഖ്യമന്ത്രി പറഞ്ഞു. ഈ നിർബന്ധിത വികസനം ആരോടുള്ള ബാധ്യത നിറവേറ്റലാണ്. എന്തായാലും ജനങ്ങളോടല്ല, കോർപ്പറേറ്റുകൾക്കും ധനകാര്യ ഏജൻസികൾക്കുമുള്ള ദാസ്യപ്പണിയാണിത്. തീവ്രവലതുപക്ഷ നിലപാടെന്ന് പ്രതിപക്ഷനേതാവിന് വിമർശിക്കേണ്ടിവരുന്നു.
പുറത്തുവന്നിട്ടുള്ള ഡിപിആർ, ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പ്രതിപാദിക്കുന്നത്. നിലവിലുള്ള ദേശീയ സംസ്ഥാന പാതകൾ വീതികൂട്ടുകയും വികസിപ്പിക്കുകയും ചെയ്താൽ സ്വകാര്യവാഹനങ്ങളിൽ യാത്ര സുഗമമാകും എന്നതിനാൽ സിൽവർലൈനിൽ ആളുകുറയുമത്രേ. പരിഹാരമായി ഡിപിആർ നിർദ്ദേശിക്കുന്നത് ഹൈവേകളിൽ ടോൾ ഏർപ്പെടുത്തി റോഡ് യാത്ര ചെലവേറിയതാക്കണം എന്നാണ്. (ഡിപിആർ പേജ് 149)
നിലവിലുള്ള റയിൽവേ ലൈൻ ഇരട്ടിപ്പിക്കൽ പൂർണമാകുകയും മൂന്നാമതൊരു ലൈൻ വരികയും വളവുനിവർത്തി നിലവിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുകയും ചെയ്താൽ കൂടുതൽ ആളുകൾ ഇന്ത്യൻ റയിൽവേയെ ആശ്രയിക്കും, തേർഡ് എസി, സ്ലീപ്പർ യാത്രക്കാർ സിൽവർ ലൈനിൽ വരില്ല, സിൽവർ ലൈനിൽ ആളുകുറയും. പരിഹാരമെന്താണ്. റയിൽവേ ചാർജ് കൂട്ടണം. (പേജ് 152) കേരളത്തിലെ സാധാരണ ജനങ്ങൾ ആശ്രയിക്കുന്ന റോഡ് റയിൽ യാത്രാമാർഗ്ഗങ്ങളെ തകർത്തു് സിൽവർലൈനിൽ ആളെത്തിക്കുന്ന ചതിയാണിത് എന്നതുകൊണ്ടാണ് ഡിപിആർ പുറത്തുവിടാതിരുന്നത്.


മൂന്ന് സാധ്യതാ പഠനങ്ങൾ നടത്തിയതായാണ് കെ.റയിൽ അവകാശപ്പെടുന്നത്. മൂന്നിലും പാതയുടെ ഘടന വ്യത്യസ്തമാണ്. മേൽപ്പാലം, തറയിൽ ഉറപ്പിച്ച പാതയുടെ ദൂരം, പ്രതിദിന യാത്രക്കാരുടെ എണ്ണം എന്നിവയിൽ വലിയ വ്യത്യാസമുണ്ട്. സർവേ നടക്കുന്നതേയൂള്ളൂ എന്നാണ് കെറയിൽ ഇപ്പോൾ അവകാശപ്പെടുന്നത്. സർവേ പൂർത്തിയാകാതെ എങ്ങനെയാണ് ഡിപിആർ തയ്യാറാക്കിയത് എന്ന് കെറയിലിനുമാത്രം അറിയാവുന്ന രഹസ്യം. യാത്രക്കാരുടെ എണ്ണത്തിലും അടങ്കൽ തുകയിലും വ്യക്തതയില്ല എന്ന് ഇന്ത്യൻ റയിൽവേയും പറഞ്ഞിരിക്കുന്നു. അടിമുടി തട്ടിക്കൂട്ടും തട്ടിപ്പുമാണ് പദ്ധതി.
എത്രപേരാണ് ഭൂമി വിട്ടുകൊടുക്കേണ്ടിവരുന്നവർ എന്ന് വ്യക്തമാക്കാൻ സിൽവർലൈനിന് സ്തുതിപാടുന്നവർ ആരെങ്കിലും മുന്നോട്ടുവരണം. 25 മീറ്റർ വീതിയിൽ 530 കിലോമീറ്റർ നീളത്തിൽ ഭൂമി എടുക്കുമ്പോൾ വീടുവിട്ടുകൊടുക്കേണ്ടിവരുന്നത് 9300 കുടുംബങ്ങൾക്കാണ്. ഈ കണക്കു് ശരിയല്ല എന്നും വ്യാപാരസ്ഥാപനങ്ങളും ആരാധനാലയങ്ങളും ഉൾപ്പെടെ 20000ത്തോളം കെട്ടിടങ്ങൾ പൊളിക്കേണ്ടിവരുമെന്നും ഇ.ശ്രീധരൻ ചൂണ്ടിക്കാട്ടി യിരുന്നു. എന്നാൽ മുപ്പതുമീറ്റർ ആണ് മുഖ്യമന്ത്രി ഇപ്പോൾ പറയുന്ന കണക്ക്. ഇരുവശത്തുമായി 500 മീറ്റർ പണിതീരുന്നതുവരെ വിവിധ ആവശ്യങ്ങൾക്കായി കെ.റയിലിന്റെ കസ്റ്റഡിയിലായിരിക്കും എന്ന് ഡിപിആർ വ്യക്തമാക്കുന്നുണ്ട്. ഈ 500മീറ്റർ ബഫർ സോണായി പരിഗണിച്ചാൽ കുടിയൊഴിപ്പിക്ക പ്പെടുന്നവരുടെ എണ്ണം 20 ഇരട്ടിയാകും. അതായത് ഒഴിപ്പിക്കപ്പെടുകയോ ഉപയോഗശൂന്യമാക്കപ്പെടുകയോ ചെയ്യുന്ന വീടുകൾ ഒരു ലക്ഷത്തി എൺപത്തിയാറായിരം. 30 മീറ്ററിൽ നിർമ്മാണ പ്രവർത്തനങ്ങൾ മരവിപ്പിക്കും എന്ന് ഡിപിആർ വ്യക്തമാക്കുന്നു. ബഫർ സോണിലുള്ള ആളുകൾക്ക് നഷ്ടപരിഹാരമില്ല എന്നുമാത്രമല്ല പറമ്പിലെ മരങ്ങൾ സ്വന്തം ചെലവിൽ വെട്ടിക്കൊടുക്കേണ്ടിയും വരും.

ആകർഷകമായ പുനരധിവാസ പാക്കേജ് എന്ന തട്ടിപ്പ്

പൗരപ്രമുഖരെ സാക്ഷിയാക്കി നാലിരട്ടിയും പൊന്നുംവിലയും മുഖ്യമന്ത്രി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളിൽ എല്ലായിടത്തും അത് ലഭിക്കില്ല എന്നും നഗരാതിർത്തിയിൽനിന്നുള്ള ദൂരം കണക്കാക്കിയാകും ഗ്രാമങ്ങളിൽ നൽകേണ്ട വില നിശ്ചയിക്കുക എന്നും കെ.റയിൽ എംഡി വ്യക്തമാക്കിയിട്ടുണ്ട്. മാർക്കറ്റ് വിലയുടെ നാലിരട്ടിയാണ് മുഖ്യമന്ത്രിയുടെ വാഗ്ദാനം. എന്താണ് അതിലെ തട്ടിപ്പെന്ന് പരിശോധിക്കാം. ഭൂമിയുടെ യഥാർത്ഥവില പത്തുലക്ഷം ആണെങ്കിൽ അതിന്റെ നാലിരട്ടിയെന്ന വ്യാമോഹം വേണ്ട. ഒരു പ്രദേശത്ത് മൂന്ന് കൊല്ലത്തിനുള്ളിൽ നടന്ന ആധാരങ്ങളിൽ കാട്ടിയിട്ടുള്ള വിലയിൽ ഏറ്റവും കൂടിയതിന്റെ അമ്പതുശതമാനത്തിന്റെ ശരാശരി ആണ് വിപണി വില. ഭൂരിപക്ഷം ആധാരങ്ങളും ഫെയർവാല്യുവിലാണ് രജിസ്റ്റർ ചെയ്യുക. അതായത് ഒരു ഭൂമിക്ക് ആധാരത്തിൽ കാണിക്കാവുന്ന ഏറ്റവും കുറഞ്ഞ തുകയാണ് ഫെയർവാല്യു. അങ്ങനെ കണക്കിലെ കളികൾ ധാരാളമുണ്ട്. പദ്ധതിയുടെ 67 ശതമാനം ഭൂമിയും ഗ്രാമങ്ങളിൽനിന്നാണ് ഏറ്റെടുക്കേണ്ടിവരിക. ഡിപ്പോകൾ നിർമ്മിക്കാനും യന്ത്രസാമഗ്രികൾ എത്തിക്കാനും കൂടുതൽ സ്ഥലം വേണ്ടിവരുമെന്നു് ഡിപിആർ പറയുന്നുണ്ട്. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമേ സർക്കാരിന് നഷ്ടപരിഹാരം നൽകാനാകൂ. നക്കാപ്പിച്ച കൊടുത്താൽത്തന്നെ അതിൽനിന്ന് പത്തുശതമാനം നികുതി ഈടാക്കും. ബാക്കിയുള്ളതിൽ അറുപതു ശതമാനം ചിലപ്പോൾ കൈയോടെ കിട്ടും, ബാക്കി സിൽവർലൈൻ പദ്ധതി ലാഭത്തിലാണെങ്കിൽ മുപ്പതുവർഷത്തിനകം ലഭിച്ചേക്കും, ഇതൊക്കെ ഡിപിആർ വ്യക്തമാക്കിയിട്ടുണ്ട്.

കെ റെയിൽ ഹരിത പദ്ധതി എന്നത് പച്ചനുണ

പരിസ്ഥിതിക്ക് യാതൊരു തകരാറുമുണ്ടാകില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. പരിസ്ഥിതിയെയും പശ്ചിമഘട്ടത്തെയും അമ്പേ തകർക്കുമെന്ന് വ്യക്തമാക്കപ്പെട്ടിരിക്കുന്ന പദ്ധതിക്കുവേണ്ടിയാണ് മുഖ്യമന്ത്രി കള്ളം പറയുന്നത്. 530 കിലോമീറ്ററിൽ 292 കിലോമീറ്റർ എംബാങ്ക്‌മെൻറ് ആണെന്ന് ഡിപിആർ വ്യക്തമാക്കുന്നുണ്ട്. 25 മീറ്റർ വീതിയിൽ കന്മതിൽകെട്ടി ഉയർത്തി മണ്ണും പാറയും ഇട്ടു നികത്തി അതിനുള്ളിലാണ് സ്റ്റാൻഡാർഡ് ഗേജ് ഉറപ്പിക്കുന്നത്. ഈ നിർമ്മിതിക്ക് 8 മീറ്റർ ഉയരംവരെ ആകാമെന്നും അതിനുംമുകളിൽ നാലര മീറ്റർ ഉയരത്തിൽ സംരക്ഷണഭിത്തിവരുമെന്നുമാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച അറിയിപ്പ് പറയുന്നതെങ്കിലും 18 മീറ്റര്‍വരെ ഉയരമാകാം എന്നാണ് ഡിപിആർ പറയുന്നത്. കൂടാതെ നൂറ്റിയൊന്നു കിലോമീറ്ററിന്റെ കട്ടിങ്‌സ്, ഇരുപത്തിനാല് കിലോമീറ്റർ കട്ട് ആന്റ് കവർ ആകെ നാനൂറ്റി ഇരുപത് കിലോമീറ്റർ നീളത്തിൽ ഒരു കൽഭിത്തിയാണ് നിർമ്മിതി. ഇത്ര വലിയൊരു നിർമ്മിതിക്ക് മുകളിലോട്ട് എന്നതുപോലെ താഴോട്ടും നിർമ്മാണം വേണ്ടിവരും എന്നത് നിസ്തർക്കമാണല്ലോ. പദ്ധതി കേരളത്തെ നെടുകെ പിളര്‍ക്കും. ഇത് ഒരു ഡാം പോലെ പ്രവർത്തിക്കും. പദ്ധതിക്ക് കിഴക്കുവശത്ത് കുളം കുഴിച്ച് വെള്ളം ശേഖരിക്കണം എന്നും ഡിപിആര്‍ പറയുന്നുണ്ട്. എത്ര വലിയ പാരിസ്ഥിതിക പ്രശ്‌നമാണ് അതുണ്ടാക്കുക.


അരക്കിലോമീറ്റർ ഇടവിട്ട് അണ്ടർപാസ്സ് ഉണ്ടാകുമത്രേ. ഈ അണ്ടർപാസ്സുകൊണ്ട് ജനങ്ങളുടെ യാത്രാ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടില്ല എന്നത് ഒരു കാര്യം. പ്രളയജലത്തിന് ഒഴുകിപ്പോകാൻ അണ്ടർ പാസ്സുകൾ മതിയാകില്ല. കേരളത്തിലെ നദികളിലെല്ലാം വർഷത്തിൽ ഒന്നിലേറെത്തവണ പ്രളയജലം നിറയുന്നു എന്നതാണ് നടപ്പ് അനുഭവം. വളരെ ഗുരുതരമായ പ്രത്യാഘാതങ്ങളായി രിക്കും തന്മൂലം സൃഷ്ടിക്കപ്പെടുക എന്നത് സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാകും. തിരുവനന്തപുരം മുതൽ കണിയാപുരംവരെയും തിരൂർ മുതൽ കാസർകോഡുവരെയും നിലവിലുള്ള റയിൽവേലൈനിനു സമാന്തരമായി ചേർന്നുപോകുന്നിടത്ത് ഓവർബ്രിഡ്ജുകളാണ് വേണ്ടിവരുക എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 12 മീറ്റർ ഉയരുമുള്ള ഒരു നിർമ്മിതിക്ക് ഓവർബ്രിഡ്ജ് പണിയണമെങ്കിൽ അപ്പ്രോച്ച് റോഡ് വളരെ ദൂരത്തുനിന്ന് ആരംഭിക്കേണ്ടിവരും. അപ്പോൾ വേണ്ടിവരുന്ന കുടിയൊഴിപ്പിക്കലിനെക്കുറിച്ച് ഡിപിആർ മൗനം പാലിക്കുന്നു. മാത്രമല്ല പ്രളയജലം ഓവർ ബ്രിഡ്ജ് കയറിപ്പോകാനും സാധ്യതയില്ല.
2021 റോഡുകളാണ് ഈ ബൃഹത്തായ നിർമ്മിതികൊണ്ട് മുറിയാൻ പോകുന്നത് എന്നും വിവരാവകാശ രേഖ ഉറപ്പുതരുന്നുണ്ട്. ഈ റോഡുകളുടെ പുനർനിർമ്മിതിക്ക് തുക വകയിരുത്തിയിട്ടില്ല. മാത്രമല്ല കുടിവെള്ളം, വൈദ്യുതി, ഫോൺ, നെറ്റ് തുടങ്ങി ഭൂമിക്കടിയിലൂടെയും മുകളിലൂടെയുമുള്ള എല്ലാ കണക്ഷനുകളും വിച്ഛേദിക്കപ്പെടും.
ഇത്ര ബൃഹത്തായ നിർമ്മിതിക്ക് ആവശ്യമായി വരുന്ന പാറ, മണ്ണ് കണ്ടെത്താൻ പശ്ചിമഘട്ടം പാടേ തകർക്കേണ്ടിവരും. 80ലക്ഷം ലോഡ് മണ്ണും 50 ലക്ഷം ലോഡ് പാറയും ചുരുങ്ങിയത് വേണ്ടിവരുമത്രേ. ഡിപിആർ പറയുന്നു മധ്യകേരളത്തിൽത്തന്നെയുണ്ട് യഥേഷ്ടം പാറയെന്ന്. കെറയിൽ എംഡി പറയുന്നു കർണാടകത്തിൽനിന്ന് കൊണ്ടുവരുമെന്ന്. കർണാടകത്തിൽനിന്നായാലും പശ്ചിമഘട്ടമലനിരകളെ തകർത്തല്ലാതെ വരില്ലല്ലോ.

കേരളം കടക്കെണിയിലേയ്ക്ക് കൂപ്പുകുത്തും

കേരളത്തിന്റെ പൊതു കടത്തിൽ വൻ വർദ്ധനവുണ്ടായിരിക്കുന്നു എന്നാണ് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അഞ്ചുമാസംകൊണ്ട് 50,000 രൂപ ഉയർന്ന് ആളോഹരി കടം 95,225 രൂപ ആയിരിക്കുന്നു. 28,000കോടി കഴിഞ്ഞ വർഷം കടമെടുത്തത്തിൽ 23,000 കോടിയും കടംവീട്ടാൻ വിനിയോഗിച്ചു. സാമ്പത്തിക പ്രതിസന്ധിമൂലം ലീവ് സറണ്ടർ മാർച്ച്മാസംവരെ മരവിപ്പിച്ചിരിക്കുന്നു. കെഎസ് ആർടിസിയിൽ ശമ്പളമില്ല, പെൻഷൻ കുടിശികയാണ്. സ്‌കൂളുകളിൽ ഉച്ചക്കഞ്ഞിക്കും വിദ്യാർത്ഥികൾക്കു നൽകുന്ന പാലിനും നിയന്ത്രണം, 3.31 ലക്ഷംകോടിയാണ് പൊതുകടം. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ഇത്ര പരിതാപകരമായി മുന്നേറുമ്പോ ഴാണ് രണ്ടുലക്ഷംകോടി രൂപ കടമെടുത്ത് സിൽവർലൈനിൽ മുടക്കാൻ സർക്കാർ തയ്യാറാകുന്നത്. വായ്പ തിരിച്ചടവിൽ ഇടപെടില്ലെന്നും ബാധ്യത പൂർണമായും കകേരളം ഏറ്റെടുക്കണമെന്നും കേന്ദ്രം നയം വ്യക്തമാക്കിയിട്ടുമുണ്ട്.

കെ റയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി എന്ന സമരനേതൃത്വം

സിൽവർലൈൻ പദ്ധതിക്കെതിരെ സമരം ചെയ്യുന്ന ജനങ്ങളുടെ നേതൃത്വമായി പ്രവർത്തിക്കുന്ന കെ.റയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെയോ കക്ഷികളുടെയോ തീരുമാനത്തിനനുസരിച്ച് പ്രവർത്തിക്കുന്ന ഒന്നല്ല. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടതും പിന്നീട് വിപുലീകരിക്കപ്പെട്ടതുമായ ഒരു ജനകീയ സമരകമ്മിറ്റിയാണ് പ്രക്ഷോഭത്തെ നയിക്കുന്നത്. തിരുവനന്തപുരം മുതൽ കാസർകോഡ് വരെ ലൈൻ കടന്നുപോകുന്ന ഇടങ്ങളിൽ ഇരുപത്തിയഞ്ച് വീടുകൾക്ക് ഒരു യൂണിറ്റ് എന്ന നിലയിൽ വീടും സ്ഥലവും വിട്ടുകൊടുക്കേണ്ടിവരുന്നവരായ ആളുകളെ സംഘടിപ്പിച്ചുകൊണ്ടാണ് ജനകീയ സമിതി മുന്നേറുന്നത്. സങ്കുചിതമായ കക്ഷിരാഷ്ട്രീയ പരിഗണനകൾക്ക് അതീതമായാണ് ജനകീയ സമിതി നിലകൊള്ളുന്നത്. അടിയുറച്ച മതേതര വീക്ഷണമുള്ളവരും വ്യത്യസ്ത രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ചവരും ഒരു രാഷ്ട്രീയ കക്ഷിയിലും ഉൾപ്പെടാത്തവരും ജാതി – മത വിശ്വാസികളും സമിതിയിൽ വിനാശകരമായ കെ റെയിൽ പദ്ധതി പിൻവലിക്കുക എന്ന ഒരൊറ്റ ഡിമാന്റിന്മേൽ ഐക്യത്തോടെ പ്രവർത്തിക്കുന്നു. ഇതാണ് യാഥാർത്ഥ്യമെന്നിരിക്കെ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും സിപിഐ(എം) ഒന്നാകെയും വളരെ ഇടുങ്ങിയ രാഷ്ട്രീയനേട്ടങ്ങൾക്കായി നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ജനകീയ പ്രക്ഷോഭങ്ങൾക്ക് വലിയ തിരിച്ചടി സൃഷ്ടിക്കുമെന്ന് ഇക്കൂട്ടർ മനസ്സിലാക്കിയാൽ നല്ലത്. സ്വന്തം സമരോപകരണങ്ങൾ രൂപപ്പെടുത്തി ക്കൊണ്ട് ബദൽ രാഷ്ട്രീയ ശക്തി വളർത്തിയെടുക്കാൻ ജനങ്ങളെ പരിശീലിപ്പിക്കുകകയാണ് യഥാർത്ഥ ഇടതുപക്ഷ ധർമ്മം. പൂർണ്ണമായും അതിനുനിരക്കുംവിധം വികസിച്ചുവന്നിട്ടുള്ള ഒരു സമരത്തിന്റെ പിതൃത്വവും നേതൃത്വവും കോൺഗ്രസ്സിനും ബിജെപിക്കും ജമാ അത്തെ ഇസ്ലാമിക്കും ചാർത്തിക്കൊടുക്കുന്നതുവഴി ഇടതുധർമ്മം വെടിയുകയാണ് സിപിഐ(എം) കൂട്ടാളികളും.


പ്രതിപക്ഷത്തായിരിക്കുമ്പോൾ എതിർക്കുകയും ഭരണത്തിലെത്തുമ്പോൾ നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് സിപിഐ(എം)ന്റെ നയം. മഹാരാഷ്ട്രയിൽ ബുള്ളറ്റ് ട്രെയിനെതിരായ സമരത്തിന്റെ മുൻനിരയിൽ ഇപ്പോൾ സിപിഐ(എം)ഉണ്ട്. ബുള്ളറ്റ് ട്രയിനെ എതിർക്കാൻ പ്രദേശത്തെ ജനങ്ങൾ നിരത്തുന്ന അതേ കാരണങ്ങൾതന്നെയാണ് സിൽവർലൈനിനെതിരെ കേരളത്തിലും ഉയർത്തപ്പെടുന്നത്. എന്നാൽ അവിടെ സമരത്തോടൊപ്പവും ഇവിടെ സമരത്തിനെതിരും എന്നതാണ് സ്ഥിതി. സിൽവർലൈനെന്ന സെമിഹൈസ്പീഡിലേയ്ക്ക് വരുന്നതിനുമുമ്പുള്ള ഹൈസ്പീഡ് റയിൽ കോറിഡോർ സമരത്തോടൊപ്പം സിപിഐ(എം)ഉം നേതാക്കളും ഉണ്ടായിരുന്നു എന്നതിന് ആവശ്യത്തിലേറെ തെളിവുകളുമുണ്ട്. ഈ ഇരട്ടത്താപ്പും അവസരവാദപരമായ നിലപാടുകൾ വഴി ജനകീയ സമരങ്ങൾക്ക് അളക്കനാവാത്ത ആഘാതം ഏൽപ്പിച്ച പ്രസ്ഥാനമാണ് സിപിഐ(എം).
2014ലെ ബജറ്റിൽ മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രയിൻ പദ്ധതിയെക്കുറിച്ച് റയിൽവേ മന്ത്രി രാജ്യസഭയിൽ നടത്തിയ പ്രസ്താവനയോട് പ്രതികരിച്ചുകൊ ണ്ട് അന്ന് രാജ്യസഭാംഗമായിരുന്ന ഇപ്പോഴത്തെ ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞത്, നിലവിലുള്ള റയിൽവേ പദ്ധതികൾ നന്നാക്കുകയും വികസിപ്പിക്കുകയുമാണ് വേണ്ടത്, ഇപ്പോൾ സർവീസ് നടത്തുന്ന തീവണ്ടികളുടെ വേഗതയും സാങ്കേതിക സൗകര്യങ്ങളും വർദ്ധിപ്പിക്കണം. ഹൃസ്വദൂര യാത്രകൾക്കായി കൂടുതൽ മെമു സർവീസുകൾ നടത്തണം. പാത ഇരട്ടിപ്പിക്കലും റയിൽവേ സ്റ്റേഷനുകളുടെ വികസനവും വേഗത്തിലാക്കണം എന്നാണ്. തരംപോലെ പറയുന്നവരാണിക്കൂട്ടർ എന്നതിന് എത്രയോ ഉദാഹരണങ്ങൾ ബാക്കി.

വിനാശമാകുന്ന വികസനം

ഇപ്പോഴല്ലെങ്കിൽപിന്നെ എപ്പോൾ എന്നാണ് മുഖ്യമന്ത്രി വേവലാതിപ്പെടുന്നത്. സിൽവർലൈൻ പദ്ധതിയും വികസനത്തിന്റെ അക്കൗണ്ടിലാണ് എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നത്. ഇത് വികസനമല്ല, വിനാശമാണ്. കേരളത്തിന്റെ സമ്പൂർണ തകർച്ച ഉറപ്പാക്കുന്ന പദ്ധതിയാണിത്. ഒരു പിടിവരുന്ന ആളകളുടെ വേഗതയെക്കുറിച്ചു പറയുന്നവർ ബഹുഭൂരിപക്ഷത്തിന്റെയും സഞ്ചാര സ്വാതന്ത്ര്യത്തെത്തന്നെ ഹനിക്കുകയാണ്. അടിസ്ഥാന ജീവിതസൗകര്യങ്ങൾ മുഴുവൻ ആളുകൾക്കും കരഗതമാകുന്ന അവസ്ഥയാണ് യഥാർത്ഥ വികസനം. മുഴുവൻ ആളുകൾക്കും തൊഴിൽ, പാർപ്പിടം, വിദ്യാഭ്യാസം, കുടിവെള്ളം, ആരോഗ്യം ഇതെല്ലാം ഉറപ്പാക്കപ്പെടണം. സ്ത്രീപുരുഷ ഭേദമെന്യേ മുഴുവൻ ആളുകൾക്കും സാമൂഹ്യ സുരക്ഷിതത്വം ഉറപ്പാക്കപ്പെടണം.

ഔദ്യോഗിക നടപടിക്രമങ്ങളെ കാറ്റിൽപ്പറത്തി ഗൂഢമായി തയ്യാറാക്കപ്പെട്ട പദ്ധതി

എല്ലാ ജനാധിപത്യ സ്ഥാപനങ്ങളെയും മറികടക്കുകയോ ഇരുട്ടിൽനിർത്തുകയോ ചെയ്തുകൊണ്ടാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നത്. കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള കേന്ദ്ര കേരള സർക്കാരുകളുടെ സംയുക്ത സംരംഭമാണ് കേരള റയിൽ ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ അഥവാ കെ റയിൽ. കെ റയിലിന്റെ പല പ്രോജക്ടുകളിൽ ഒന്നാണത്രേ സെമി ഹൈസ്പീഡ് റയിൽ കോറിഡോർ അഥവാ സിൽവർലൈൻ. പദ്ധതി നിയമസഭയ്ക്കും തെരഞ്ഞെടുക്കപ്പെട്ട മറ്റ് ജനപ്രതിനിധികൾക്കും അജ്ഞാതമാണ്. കേരളത്തിലെ യാത്രാക്ലേശങ്ങൾക്കുള്ള പരിഹാരമെന്ന നിലയിൽ നടന്ന ചർച്ചകളുടെ ഫലമായി രൂപംകൊണ്ട പദ്ധതിയുമല്ല, ധനകാര്യവകുപ്പിനോ പൊതുമരാമത്ത് വകുപ്പിനോ വിശേഷിച്ച് ഒന്നും ചെയ്യാനില്ല. മന്ത്രി സഭയിലോ മുന്നണിയിലോ പോലും ചര്‍ച്ചചെയ്തിട്ടില്ല. അങ്ങനെ മുഖ്യമന്ത്രിക്കും സിൽബന്ധികൾക്കും മാത്രം അറിയുന്ന ആരോ എങ്ങോ ഇരുന്ന് നിർബന്ധപൂർവ്വം കേരളത്തിലെ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്ന പദ്ധതിയാണ് കെറയിൽ എന്ന് വളരെ വ്യക്തമായിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളോട് മാപ്പു പറഞ്ഞ് പദ്ധതി നിരുപാധികം ഉപേക്ഷിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.

കെ റെയിൽ പദ്ധതിക്കെതിരെ പ്രതിഷേധം ഇരമ്പിയ സെക്രട്ടേറിയറ്റ് മാർച്ച്

വിനാശകരമായ കെ.റയിൽ സിൽവർ ലൈൻ പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 22ന് സെക്രട്ടേറിയറ്റിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു. യൂണിവേഴ്‌സിറ്റിയുടെ മുന്നിൽ നിന്ന് ആരംഭിച്ച ആവേശകരമായ പ്രകടനത്തിൽ പദ്ധതിയുടെ ഇരകൾ ഉൾപ്പടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. പ്രകടനം, സെക്രട്ടേറിയറ്റിനുമുമ്പിൽ എത്തിച്ചേർന്നതിനുശേഷം അവിടെ നടന്ന പ്രതിഷേധ ധർണ കെ റയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ചെയർമാൻ എം.പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു.


പരിസ്ഥിതിയെയും പ്രകൃതിയെയും തകർക്കുന്ന മുതലാളിത്തലാഭ തൃഷ്ണയെ അതിരൂക്ഷമായി വിമർശിച്ചിട്ടുള്ള മാർക്‌സിസ്റ്റ് ദർശനത്തിന്റെ പേരിലാണ് സിപിഐ(എം) പ്രവർത്തിക്കു ന്നതെങ്കിൽ ഇപ്പോൾ സ്വീകരിച്ചിട്ടുള്ള നിലപാട് തിരുത്തുക തന്നെ വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് കെ റെയിൽ വിരുദ്ധ പ്രക്ഷോഭം പടുത്തുയർത്താൻ സ്വന്തം ശേഷിയും വിഭവങ്ങളും പൂർണ്ണമായും സമർപ്പിച്ചിട്ടുള്ള എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.


എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) കേന്ദ്ര കമ്മിറ്റിയംഗം ജയ്‌സൺ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. കെ. റയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ സംസ്ഥാന ജനറൽ കൺവീനറും എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എസ്.രാജീവൻ, കെ. റയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന രക്ഷാധികാരി ശൈവ പ്രസാദ്, കെ റയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കരവാരം രാമചന്ദ്രൻ, എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആർ.കുമാർ, സംസ്ഥാന കമ്മിറ്റിയംഗങ്ങൾ ഷൈല കെ.ജോൺ, മിനി കെ.ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു. മാർച്ചിന് എം.പി.ബാബുരാജ്, പാർട്ടി സംസ്ഥാനക്കമ്മിറ്റിയംഗങ്ങൾ സഖാക്കൾ പി.എസ്.ബാബു, എ.ശേഖർ, വി.കെ.സദാനന്ദൻ, അബ്ദുൾ അസീസ്, കെ.കെ.സുരേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

Share this post

scroll to top