മെഡിസെപ്പ്: ജീവനക്കാരുടെ ചികിത്സാ അവകാശങ്ങൾ നിഷേധിക്കുന്ന തട്ടിപ്പ് പരിപാടി

1_QbknIoebmiDFP85TxPKUeQ.png
Share

എന്താണ് മെഡിസെപ്പ്? 2019 ജൂൺ മുതൽ ‘മെഡിസെപ്പ്'(MEDISEP) എന്ന പേരിൽ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നിലവിൽ വരികയാണ്. പ്രീമിയമായി ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് 250 രൂപയും പെൻഷൻകാരുടെ മെഡിക്കൽ അലവൻസിൽനിന്ന് നിശ്ചിത തുകയും പ്രതിമാസം ഈടാക്കും.

കേരളാ ഗവണ്മെന്റ് മെഡിക്കൽ അറ്റൻഡൻസ് ചട്ടങ്ങൾ ബാധകമായ ഹൈക്കോടതിയിലേതുൾപ്പെടെയുള്ള സംസ്ഥാന സർക്കാർ ജീവനക്കാർ, പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ, സർക്കാർ-എയ്ഡഡ് സ്‌കൂൾ അധ്യാപകർ-മറ്റു ജീവനക്കാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, സർവ്വകലാശാല ജീവനക്കാർ, മന്ത്രിമാരുടെയും മറ്റും പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ ഈ വിഭാഗങ്ങളിൽ വരുന്ന പെൻഷൻകാർ, കുടുംബ പെൻഷൻകാർ ഇവരെല്ലാം മെഡിസെപ്പി-ൽ നിർബന്ധമായും അംഗങ്ങളാകണം. അപേക്ഷ നൽകി അംഗങ്ങളായില്ല എങ്കിലും പ്രീമിയം പിരിച്ചെടുക്കും. എന്നാൽ അംഗങ്ങൾക്കുമാത്രമേ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കൂ. അംഗങ്ങളാകുന്നവർക്കും ഇവരുടെ ചട്ടപ്രകാരമുള്ള ആശ്രിതർക്കും ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. മൂന്ന് വർഷമാണ് ഈ ഇൻഷ്വറൻസിന്റെ കാലാവധി. ഒപി ചികിത്സയ്ക്ക് നിലനിൽക്കുന്ന മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റ് തുടരും.

രാഷ്ട്രീയ സ്വാസ്ത്യ ബീമാ യോജന(RSBY)), പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (PMJAY) എന്നി പദ്ധതികളുടെ മാതൃകയിലുള്ള ക്യാഷ്‌ലെസ് ചികിത്സാ സൗകര്യമാണ് മെഡിസെപ്പും നൽകുന്നത്. അതായത് ഉപഭോക്താവിന് ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭിക്കും, ക്ലെയിം ഇൻഷ്വറൻസ് കമ്പനി നേരിട്ട് ആശുപത്രിക്ക് നൽകും. മൂന്നുതരം പരിരക്ഷകളാണ് മെഡിസെപ്പ് ലഭ്യമാക്കുന്നത്. അടിസ്ഥാന പരിരക്ഷ എന്ന നിലയിൽ പ്രതിവർഷം രണ്ട് ലക്ഷം രൂപ ഓരോ കുടുംബത്തിനും ലഭ്യമാകും. കൂടാതെ ഗുരുതര രോഗങ്ങൾക്ക് മൂന്ന് വർഷക്കാലത്തേക്ക് ആറ് ലക്ഷം രൂപയുടെ അധിക പരിരക്ഷയും. ഇതിനുപുറമെ ചികിത്സയ്ക്ക് തുക തികയുന്നില്ല എങ്കിൽ മൂന്നു ലക്ഷം രൂപ കൂടി ലഭ്യമാക്കും. ഇതിനായി ഇൻഷ്വറൻസ് കമ്പനി 25 കോടിയുടെ സഞ്ചിത നിധി പ്രതിവർഷം രൂപീകരിക്കണം. മേൽപറഞ്ഞപ്രകാരം മൂന്നു വർഷ കാലാവധിയിൽ പരമാവധി 15 ലക്ഷം രൂപയുടെ കവറേജ് കുടുംബത്തിന് ലഭിക്കും. കഞഉഅ യുടെ അംഗീകാരമുള്ള കമ്പനികളിൽ ഏറ്റവും കുറഞ്ഞ വാർഷിക പ്രീമിയം തുക രേഖപ്പെടുത്തിയ റിലയൻസ് ജനറൽ ഇൻഷ്വറൻസ് കമ്പനിക്കാണ് ഈ പദ്ധതി നടപ്പാക്കാനുള്ള അനുവാദം. വാർഷിക പ്രീമിയം 2992.48 രൂപയാണ്. ധനമന്ത്രി 26.04.2019ൽ ഇറക്കിയ പത്രക്കുറിപ്പിൽ മേൽവിവരങ്ങൾ വിശദീകരിച്ചിരിക്കുന്നു.

ആരോഗ്യ ഇൻഷ്വറൻസിന്റെ വരവും ഇന്നത്തെ സ്ഥിതിയും

ജനങ്ങളുടെ ആരോഗ്യ പരിരക്ഷ സർക്കാരിന്റെ ഉത്തരവാദിത്തമാണ് എന്ന ‘ക്ഷേമരാഷ്ട്ര’ കാഴ്ചപ്പാടിൽ സ്വാതന്ത്ര്യാനന്തരം സർക്കാർ ഉടമസ്ഥതയിൽ ആശുപത്രികൾ സൗജന്യ ചികിത്സ എല്ലാവർക്കും നൽകിവന്നു. എന്നാൽ 90കൾ മുതൽ നടപ്പാക്കിയ ആഗോളവൽക്കരണ നയങ്ങൾ ഈ കാഴ്ച്ചപ്പാട് മാറ്റുകയും ആരോഗ്യപരിപാലനം പൂർണ്ണമായും ലാഭാധിഷ്ഠിതമാക്കുകയും ചെയ്തു. തുടർന്ന് ജനസംഖ്യാനുപാതികമായി സർക്കാർ ആശുപത്രികൾ സ്ഥാപിക്കാത്തതുകൊണ്ടും ആധുനിക ചികിത്സാ സംവിധാനങ്ങൾ ഏർപ്പെടുത്താത്തതുകൊണ്ടും ജനങ്ങൾ ഭീമമായ ചാർജ്ജ് നൽകി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവന്നു. ഇനിമേൽ പൗരന് ചികിത്സ നൽകേണ്ടത് സർക്കാരിന്റെ ചുമതലയല്ല എന്ന പൊതുബോധം സൃഷ്ടിക്കുന്നതിൽ സർക്കാർ വിജയിച്ചതോടെ രോഗത്തെ വിപണിയാക്കുന്ന ശക്തികൾ രംഗപ്രവേശം ചെയ്തു. ഇൻഷ്വറൻസ് അത്തരം ഒരു ബിസിനസ് രംഗമാണ്. ഭാവിയിൽ ഉണ്ടാകാനിടയുള്ള രോഗത്തെ സംബന്ധിച്ചും അതിന്റെ ഭീമമായ ചികിത്സാ ചിലവിനെ സംബന്ധിച്ചും ആശങ്കയിലായ ജനങ്ങൾ ആരോഗ്യ ഇൻഷ്വറൻസിൽ അഭയം പ്രാപിച്ചു. സർക്കാർ നാഷണൽ റൂറൽ ഹെൽത്ത് മിഷൻ (NRHM കേരളത്തിൽ ഇത് ആരോഗ്യ കേരളം) എന്ന ഒരു ലോകബാങ്ക് പദ്ധതി ആരോഗ്യ ഇൻഷ്വറൻസ് ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കി. ഈ പദ്ധതിയിലൂടെ ബിപിഎൽ വിഭാഗത്തിൽപ്പെട്ട, ആരോഗ്യ ഇൻഷ്വറൻസ് എടുക്കാൻ ശേഷിയില്ലാത്തവർക്ക് സർക്കാർ ചിലവിൽ ആർഎസ്ബിവൈ എന്ന പേരിൽ ഇൻഷ്വറൻസ് ഏർപ്പെടുത്തി ആ വിഭാഗത്തെയും വലക്കുള്ളിലാക്കി. അതുവഴി ആരോഗ്യ മേഖലക്കുവേണ്ടി സർക്കാർ ചിലവഴിക്കേണ്ടുന്ന തുകയുടെ ഗണ്യമായ ഒരു വിഹിതം വർഷംതോറും സ്വകാര്യ ഇൻഷ്വറൻസ് കമ്പനിയുടെ പക്കലെത്തി.

പദ്ധതിയുടെ ചില പ്രത്യേകതകൾകൊണ്ട് സ്വകാര്യ ആശുപത്രികൾ എതാണ്ട് പൂർണമായി ആർഎസ്ബിവൈയിൽനിന്ന് പിൻമാറിയതോടെ സർക്കാർ ആശുപത്രിയിൽ മാത്രം കവറേജുള്ള പദ്ധതിയായി ഇതുമാറി. സർക്കാർ ഫണ്ടുനൽകി സൗജന്യ ചികിത്സ ഉറപ്പാക്കേണ്ടതിനുപകരം സർക്കാരാശുപത്രിയിലെ ചികിത്സയ്ക്ക് ഒരു സ്വകാര്യ ഇൻഷ്വറൻസ് കമ്പനിവഴി സർക്കാർഫണ്ട്തന്നെ എത്തിക്കുന്ന വിചിത്രമായ പദ്ധതിയാണിന്ന് ആർഎസ്ബിവൈ. ഇൻഷ്വറൻസ് ബിസിനസ്സിനെ പ്രോത്സാഹിപ്പിക്കാൻ വേറെയും പദ്ധതികൾ സർക്കാർ നടപ്പാക്കുന്നുണ്ട്, ഇതരസംസ്ഥാന തൊഴിലാളികൾക്കുള്ള ‘ആവാസ്’ ഉദാഹരണമാണ്. ഏറ്റവും അവസാനത്തെതാണ് ‘മെഡിസെപ്പ്’. ഇൻഷ്വറൻസ് കമ്പനികളെ സംബന്ധിച്ചിടത്തോളം കാര്യമായ മുതൽമുടക്കില്ലാതെ വലിയ നേട്ടം ലഭിക്കുന്നതാണ് ഇത്തരം പദ്ധതികൾ.

നിലവിൽ ജീവനക്കാരുടെയും കുടുംബത്തിന്റെയും
ചികിത്സാ ചെലവിന്റെ പൂർണ്ണ ഉത്തരവാദിത്വം സർക്കാരിന്

1960-ലെ മെഡിക്കൽ അറ്റൻഡൻസ് റൂൾ പ്രകാരം ജീവനക്കാരുടെയും കുടുംബത്തിന്റെയും ചികിത്സാ ചെലവ് നിർവ്വഹിക്കേണ്ടത് സർക്കാരാണ്. സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും നടത്തുന്ന ഒപി/ഐപി ചികിത്സകളുടെ മെഡിക്കൽ റീ ഇമ്പേഴ്‌സ്‌മെന്റ് വഴി സർക്കാർ ഇത് നിർവ്വഹിക്കുന്നു. ഇതോടൊപ്പം ചികിത്സയ്ക്കായി പലിശ രഹിത വായ്പയും ജീവനക്കാർക്ക് സർക്കാർ നൽകിവരുന്നു. പെൻഷൻപറ്റിയ ജീവനക്കാർക്ക് മാസംതോറും 300 രൂപ മെഡിക്കൽ അലവൻസും നൽകുന്നു. റീ ഇമ്പേഴ്‌സ്‌മെന്റിന് അവർക്ക് അർഹതയില്ല. 2019 ജനുവരി 1-ന്റെ മെഡിസെപ്പ് ബിഡ് ഡോക്കുമെന്റിൽ ഓരോ വർഷവും 230 കോടി രൂപ ഈ ഇനത്തിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകിവരുന്നതായി പറഞ്ഞിരിക്കുന്നു. മെഡിക്കൽ റീ ഇമ്പേഴ്‌സ്‌മെന്റ്-70 കോടി, പെൻഷൻകാർക്കുള്ള പ്രതിമാസ മെഡിക്കൽ അലവൻസ്-150 കോടി, പലിശരഹിത മെഡിക്കൽ അഡ്വാൻസ്-10 കോടി എന്ന നിലയിലാണ് പ്രസ്തുത ചിലവ്. ആഗോളവൽക്കരണ നയങ്ങൾ ഭരണരംഗത്ത് പിടിമുറുക്കിയതിനുശേഷം പ്രത്യേകിച്ചും മോഡണൈസിംഗ് ഗവൺമെന്റ് പ്രോഗ്രാം (MGP) പോലെയുള്ള പദ്ധതികൾ നടപ്പിലാക്കിത്തുടങ്ങിയതിനുശേഷം മെഡിക്കൽ റീ ഇമ്പേഴ്‌സ്‌മെന്റിനെ നിശബ്ദമായി ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങൾ മാറിമാറിവന്ന സർക്കാരുകളെല്ലാം നടത്തിയിരുന്നു. അലോട്ട്മെന്റ് നൽകാതിരിക്കുക, സങ്കീർണ്ണമായ വ്യവസ്ഥകൾ ഉൾപ്പെടുത്തി അപ്രാപ്യമാക്കുക തുടങ്ങി പലമാർഗ്ഗങ്ങൾ ഇതിനായി സ്വീകരിച്ചു. അങ്ങനെ മെഡിക്കൽ റീ ഇമ്പേഴ്‌സ്‌മെന്റുകൊണ്ട് പ്രയോജനമില്ല എന്ന് ജീവനക്കാരെക്കൊണ്ടുതന്നെ പറയിച്ച് സർക്കാർ മെഡിക്കൽ ഇൻഷ്വറൻസ് നടപ്പിലാക്കുന്നതിനുള്ള കളമൊരുക്കൽ നടത്തി.

മെഡിസെപ്പ് – ചികിത്സാ ഉത്തരവാദിത്വം സർക്കാർ കൈയൊഴിയുന്നു.

പത്താം ശമ്പള കമ്മീഷൻ ശുപാർശ എന്ന നിലയിലും ജീവനക്കാർക്ക് തിരഞ്ഞെടുപ്പ് സമയത്ത് എൽഡിഎഫ് നൽകിയ വാഗ്ദാനം നിറവേറ്റുന്നു എന്ന നിലയിലുമാണ് സർക്കാർ മെഡിസെപ്പ് നടപ്പാക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ മെഡിസെപ്പ് വഴി മെഡിക്കൽ അറ്റൻഡൻസ് റൂൾസ് അനുസരിച്ച് ജീവനക്കാർക്കും പെൻഷൻകാർക്കും നൽകിയിരുന്ന സൗജന്യ ചികിത്സ എന്ന അവകാശത്തെ സർക്കാർ എടുത്തുകളഞ്ഞിരിക്കുകയാണ്. സർക്കാർ രേഖകൾ പ്രകാരംതന്നെ പ്രതിവർഷം ചികിത്സാ ആനുകൂല്യമായി നൽകിയിരുന്ന 230 കോടി രൂപ ഇനി ജീവനക്കാർക്ക് നൽകില്ല. പകരം സർക്കാർ ജീവനക്കാർ, പെൻഷൻകാർ, ഫാമിലി പെൻഷൻകാർ, സർവ്വകലാശാല – പഞ്ചായത്ത് ജീവനക്കാർ തുടങ്ങി 12 ലക്ഷത്തോളം ആളുകളിൽനിന്ന് പ്രതിവർഷം 3000 രൂപ നിരക്കിൽ 360 കോടി രൂപ സമാഹരിച്ച് റിലയൻസ് ജനറൽ ഇൻഷ്വറൻസ് കമ്പനിയെ ഏൽപ്പിക്കുന്ന ഇടനിലക്കാരന്റെ പങ്ക് മാത്രമാണ് ഇനി സർക്കാരിനുള്ളത്. വരുന്ന മൂന്ന് വർഷത്തേക്ക് മാത്രമാണ് ഈ പദ്ധതി. അതിനുശേഷം പുതിയ കരാർ വരുമ്പോൾ വാർഷിക പ്രീമിയം എത്രയായിരിക്കും എന്ന് ഇപ്പോൾ പറയാൻ കഴിയില്ല. പ്രത്യേകിച്ചും മെഡിസെപ്പിനുവേണ്ടി കമ്പനികൾ സർക്കാരിന് സമർപ്പിച്ച പ്രൊപ്പോസലുകളിൽ രണ്ടാം സ്ഥാനത്തുവന്ന ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി വാർഷിക പ്രീമയം ആവശ്യപ്പെട്ടത് 6,772 രൂപയാണ് എന്ന് ഓർക്കുക. പ്രീമയം എത്രയായാലും അത് അടയ്ക്കാൻ നമ്മൾ ബാധ്യസ്ഥരാണ്.
സർക്കാർ ഇപ്പോൾ പ്രതിവർഷം ജീവനക്കാരുടെ ആരോഗ്യ ആവശ്യത്തിനായി ചിലവഴിക്കുന്ന 230 കോടി രൂപയിൽ ഒരു രൂപ പോലും ഈ ഇൻഷ്വറൻസ് പദ്ധതിക്കുവേണ്ടി ചിലവഴിക്കുന്നില്ല. പ്രീമിയം പൂർണ്ണമായും ഉപഭോക്താവിന്റെ ചുമതലയിലാണ്. അതായത് സർക്കാരിന് 230 കോടിയുടെ ചിലവ് ചുരുക്കാൻ ജീവനക്കാരുടെയും പെൻഷൻകാരുടെയും 360 കോടി പിടിച്ചെടുക്കുകയാണ് മെഡിസെപ്പ് വഴി ചെയ്യുന്നത്. രാജ്യത്ത് തൊഴിലാളികൾക്കുവേണ്ടി നിലനിൽക്കുന്ന എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് പദ്ധതി(ESI)യിൽപോലും അടിസ്ഥാന ശമ്പളത്തിന്റെ 4.75% തൊഴിലുടമയുടെ വിഹിതമാണ്. 1.75% മാത്രമാണ് തൊഴിലാളി വിഹിതം. ഒപി ചികിത്സക്ക് റീ ഇമ്പേഴ്‌സ്‌മെന്റ് ഉണ്ടാകുമെന്ന് പറയുന്നുണ്ടെങ്കിലും നടപടിക്രമങ്ങളിലെ സങ്കീർണ്ണതകൾ ലഘൂകരിക്കാത്തിടത്തോളം ഫലത്തിൽ അതില്ലാതാകും. പലിശരഹിത ചികിത്സാ വായ്പ ഇനി ഉണ്ടാകില്ല എന്നാണ് ബന്ധപ്പെട്ട രേഖകൾ സൂചിപ്പിക്കുന്നത്. ചികിത്സാ ചിലവിന് പരിധി നിശ്ചയിച്ചിരിക്കുന്നത് വലിയ തിരിച്ചടി ഉണ്ടാക്കും. 3 വർഷത്തേയ്ക്കുള്ള പരമാവധി ഇൻഷ്വറൻസ് കവറേജായ 15 ലക്ഷം രൂപയിലധികം ചിലവ് വന്നാൽ സർക്കാരിന്റെ ഒരു സഹായവുമുണ്ടാവില്ല. രോഗം വരാത്തവരെ സംബന്ധിച്ചിടത്തോളം പ്രതിമാസം പ്രീമിയം അടയ്ക്കാമെന്നതല്ലാതെ പദ്ധതിവഴി ഒരു പ്രയോജനവും ഉണ്ടാവില്ല. ഭീമമായ കടബാധ്യതയുള്ള അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിൽപ്പെട്ട റിലയൻസ് ജനറൽ ഇൻഷ്വറൻസ് കമ്പനിയെ ഏൽപ്പിച്ചതുവഴി മെഡിസെപ്പിന്റെയും അതുവഴി ജീവനക്കാരുടെ ചികിത്സയുടെയും ഭാവി എന്താകും എന്നുള്ളത് പ്രവചനാതീതമായിരിക്കുന്നു.

മെഡിസെപ്പ് ക്യാഷ്‌ലെസ് ചികിൽസാ സൗകര്യമാണ് നൽകുന്നത്. ക്ലെയിം, ഇൻഷ്വറൻസ് കമ്പനി നേരിട്ട് ആശുപത്രിക്ക് നൽകുന്ന രീതി. ഇവിടെ ക്ലെയിം നേടിയെടുക്കുന്നതിനുള്ള ബാധ്യത ആശുപത്രിക്കാണ് എന്നത് അവരെ സമ്മർദ്ദത്തിലാക്കുകയും പദ്ധതിയിൽനിന്ന് ഒഴിഞ്ഞുപോകുന്നതിന് ഇടയാക്കുകയും ചെയ്യും. അനാകർഷണീയമായ ക്ലെയിം പാക്കേജാണ് സ്വകാര്യ ആശുപത്രികളെ അകറ്റി നിർത്തുന്ന മറ്റൊരു ഘടകം. ഉദാഹരണത്തിന് സിസ്സേറിയൻ പ്രസവത്തിന് മെഡിസെപ്പ് ക്ലെയിം പാക്കേജ് വെറും 11,000 രൂപ മാത്രമാണ് അനുവദിക്കുന്നത്. ഈ തുകകൊണ്ട് സിസ്സേറിയൻ ചെയ്യുന്ന സ്വകാര്യ ആശുപത്രികൾ കേരളത്തിൽ ഉണ്ടോ എന്ന് സംശയമാണ്. ഈ കാരണങ്ങളാൽ മെഡിസെപ്പ്, സമാന പദ്ധതിയായ ആർഎസ്ബിവൈ പോലെ സർക്കാർ ആശുപത്രികളിൽ മാത്രമായി പരിമിതപ്പെടാനാണ് സാധ്യത.

യുഡിഎഫ്-എൽഡിഎഫ്  ഒരേ തൂവൽ പക്ഷികൾ

കഴിഞ്ഞ യുഡിഎഫ് സർക്കാർ സ്റ്റാറ്റിയൂട്ടറി പെൻഷൻ നിർത്തലാക്കി പങ്കാളിത്ത പെൻഷൻ നടപ്പാക്കിയെങ്കിൽ എൽഡിഎഫ് സർക്കാർ ജീവനക്കാരുടെ ചികിത്സാ ചിലവിന്റെ ഉത്തരവാദിത്വം കൈയ്യൊഴിഞ്ഞ് പങ്കാളിത്ത ആരോഗ്യ ഇൻഷ്വറൻസ് നടപ്പാക്കുന്നു. രണ്ട് നയങ്ങളും ജീവനക്കാരുടെ ശമ്പളം പിടിച്ചെടുത്ത് മുതലാളിമാർക്ക് നൽകുന്ന ആഗോളവൽക്കരണ സാമ്പത്തിക നയങ്ങളുടെ ഭാഗംതന്നെ. പരസ്പരം പഴിചാരുന്നതല്ലാതെ ഭരണ-പ്രതിപക്ഷ പാർട്ടികളെ അനുകൂലിക്കുന്ന സർവ്വീസ് സംഘടനകൾക്ക് ഈ വിഷയത്തിൽ വ്യത്യസ്തമായ നിലപാടില്ല. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്നുപറഞ്ഞ് കഴിഞ്ഞ ഇലക്ഷനിൽ വോട്ടുപിടിച്ച എൽഡിഎഫ് അധികാരത്തിൽ വന്ന് 3 വർഷം പിന്നിട്ടിട്ടും ആ നയം പിൻവലിക്കാൻ തയ്യാറായിട്ടില്ല.

ജീവനക്കാരുടെ കണ്ണിൽ പൊടിയിടാൻ ഒരു കമ്മിറ്റിയെ നിയോഗിച്ച് അതിന്റെ കാലാവധി നീട്ടികൊടുത്തുകൊണ്ടിരിക്കുകയാണ് അവർ. യുഡിഎഫ് സർക്കാരിന്റെകാലത്ത് നിയോഗിച്ച പത്താം ശമ്പള കമ്മീഷനാണ് ആരോഗ്യ ഇൻഷ്വറൻസ് ശുപാർശ ചെയ്തത്. നടപ്പിലാക്കുന്ന രീതി ശരിയല്ല എന്നതല്ലാതെ ആരോഗ്യ ഇൻഷ്വറൻസ് പിൻവലിച്ച് ചികിത്സാ ഉത്തരവാദിത്വം സർക്കാരിൽതന്നെ നിലനിർത്തണമെന്ന നയം യുഡിഎഫ് അനുകൂല സംഘടനകൾക്കില്ല. ഭരണപക്ഷ സംഘടനകളാവട്ടെ, ജീവനക്കാർക്ക് എൽഡിഎഫ് സർക്കാർ വലിയ ആനുകൂല്യം നൽകിയിരിക്കുന്നു എന്ന് പ്രചരിപ്പിച്ചുകൊണ്ട് ഈ ചൂഷണനയത്തിന്റെ വക്താക്കളായി രംഗത്ത് വന്നിരിക്കുന്നു.

എന്താണ് പരിഹാരം?

മുൻകാലങ്ങളിൽ സമരംചെയ്ത് നേടിയെടുത്ത അവകാശങ്ങൾ ഒന്നൊന്നായി ജീവനക്കാർക്ക് നഷടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിൽ ഏറ്റവും അവസാനത്തേതാണ് ചികിത്സാ രംഗത്തുകാണുന്നത്. തൊഴിലവകാശ സംരക്ഷകർ എന്ന് മേനിനടിക്കുന്ന എൽഡിഎഫ് സർക്കാർതന്നെ ഇതുചെയ്യുന്നത് അത്യന്തം പ്രതിഷേധാർഹമാണ്. സർക്കാർ ഈ നയം പുന:പരിശോധിക്കണം.

സ്വകാര്യ കുത്തകകൾക്ക് ലാഭമുണ്ടാക്കുന്നതിനായി നടപ്പാക്കുന്ന മെഡിസെപ്പ് ഉടൻ പിൻവലിച്ച് 1960-ലെ മെഡിക്കൽ അറ്റൻഡൻസ് റൂൾ ഉറപ്പുനൽകുന്ന സൗജന്യ ചികിത്സ ജീവനക്കാർക്ക് ഉറപ്പാക്കുകയാണ് ആദ്യം ചെയ്യണ്ടത്. അതോടൊപ്പം, അലോട്ട്മെന്റ് അനുവദിച്ചും നടപടിക്രമങ്ങളിലെ സങ്കീർണ്ണതകൾ ഒഴിവാക്കിയും മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റ് പുനരുജ്ജീവിപ്പിക്കുകയും അവശ്യകതക്കനുസരിച്ച് പലിശരഹിത ചികിത്സാ അഡ്വാൻസ് അനുവദിക്കുകയും ചെയ്താൽ ജീവനക്കാർക്ക് ആശ്വാസകരമായിരിക്കും. സർവ്വീസ്, ഫാമിലി പെൻഷൻകാർക്ക് പ്രതിമാസം നൽകുന്ന മെഡിക്കൽ അലവൻസ് നിലനിർത്തുകയും അതോടൊപ്പം മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റ് അനുവദിക്കുകയും ചെയ്യേണ്ടതാണ്. എന്നാൽ ജനവിരുദ്ധ-തൊഴിലാളിവിരുദ്ധ നയങ്ങളുടെ നടത്തിപ്പുകാരായ ഭരണാധികാരികളിൽനിന്ന് ഇങ്ങനെയൊന്ന് പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തമാണ്. ഈ ആക്രമണങ്ങളെ ചെറുത്തുതോൽപ്പിക്കാൻ ജീവനക്കാരും പെൻഷൻകാരും സമരരംഗത്തിറങ്ങണം എന്ന് അഭ്യർത്ഥിക്കുന്നു.

Share this post

scroll to top