ദരിദ്രരെ കൊള്ളയടിച്ച് സമ്പന്നരുടെ ജീവിതം കൊഴുപ്പിക്കാൻ മെനഞ്ഞെടുത്ത കേന്ദ്രബജറ്റ്

Share

2019 ജൂലൈ അഞ്ചിന് പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റിനോട് എസ്‌യുസിഐ(സി)
ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് നടത്തിയ സത്വര പ്രതികരണം

2019ലെ കേന്ദ്രബജറ്റ് സാധാരണക്കാരുടെ, വിശേഷിച്ച് അനുദിനം പാപ്പരായിക്കൊണ്ടിരിക്കുന്ന തൊഴിലാളികളുടെയും കർഷകരുടെയും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും ജീവിതം തകർത്തെറിയുന്ന കാതലായ പ്രശ്‌നങ്ങളെല്ലാം കൗശലപൂർവ്വം ഒഴിവാക്കിയിരിക്കുകയാണ്. പൊള്ളയായ അവകാശവാദങ്ങളും പതിവിൻപടിയുള്ള വാഗ്ദാനങ്ങളും കെട്ടിച്ചമച്ച കണക്കുകളും മടുപ്പുളവാക്കുന്ന ജല്പനങ്ങളുംകൊണ്ട് നിറഞ്ഞിരിക്കുന്നു ഇത്. ദുർബല ജനവിഭാഗങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്നതായി ഭാവിച്ചുകൊണ്ട് സമ്പന്നരെ കൂടുതൽ സമ്പന്നരും ദരിദ്രരെ കൂടുതൽ ദരിദ്രരും ആക്കുന്നതരത്തിൽ വിദഗ്ദ്ധമായി തയ്യാറാക്കിയിരിക്കുന്ന ബജറ്റാണിത്. ജനങ്ങളുടെയും സമ്പദ്ഘടനയുടെയും കാര്യങ്ങളെല്ലാം ഭദ്രം ആണെന്നാണ് ബജറ്റ് പ്രസംഗം കേട്ടാൽ തോന്നുക.

കുതിച്ചുയരുന്ന തൊഴിലില്ലായ്മ, രൂക്ഷമായ വിലക്കയറ്റം, ലക്ഷക്കണക്കിന് തൊഴിലാളികളെ വഴിയാധാരമാക്കിക്കൊണ്ട് ഏഴ് ലക്ഷത്തോളം കമ്പനികൾ അടച്ചു പൂട്ടിയത്, വിളകൾ ഉപേക്ഷിക്കുകയും കടുത്ത നിരാശ ബാധിച്ച് ആത്മഹത്യ ചെയ്യാൻ നിർബന്ധിതരാകുകയും ചെയ്യുന്ന കർഷകർക്ക് താങ്ങുവില നൽകാത്ത സ്ഥിതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊന്നും ഈ ബജറ്റ് ഒരക്ഷരം ഉരിയാടുന്നില്ല. വരൾച്ച ബാധിത പ്രദേശങ്ങളിലെ വലിയൊരു വിഭാഗം ജനങ്ങൾ മാത്രമല്ല, മെട്രോ നഗരങ്ങളിൽ വസിക്കുന്നവർപോലും രൂക്ഷമായ ജലക്ഷാമംകൊണ്ട് പൊറുതി മുട്ടിയിരിക്കുന്നു എന്ന കാര്യത്തെക്കുറിച്ചും ബജറ്റ് മൗനംപാലിക്കുകയാണ്. നേരെമറിച്ച് 400 കോടി രൂപ വരെ വാർഷിക വരുമാനമുള്ള കോർപ്പറേറ്റുകളിൽനിന്ന് ഇനിമേൽ 25 ശതമാനം നികുതിയെ ഈടാക്കൂ എന്ന് അഭിമാനപൂർവ്വം ഗവൺമെന്റ് പ്രഖ്യാപിക്കുന്നുണ്ട്. വൻകിട കോർപ്പറേറ്റുകൾക്ക് തങ്ങളുടെ ബിസിനസ് ചെറിയ യൂണിറ്റുകളായി ആയി വിഭജിച്ചു കുറഞ്ഞ നിരക്കിൽ നികുതി അടയ്ക്കാൻ ഇത് അവസരമൊരുക്കുന്നു. അതുപോലെതന്നെ പുതിയ സംരംഭകർ എന്ന വിശേഷണം ചാർത്തി അത്തരക്കാർക്ക് ധാരാളം നികുതി ഇളവുകളും മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരിക്കുന്നു. പണച്ചാക്കുകൾക്ക് പിൻവാതിലിലൂടെ പ്രവേശിച്ച് കൂടുതൽ ലാഭകരമായ മേഖലകളിൽ പുതിയ സംരംഭങ്ങൾ തുടങ്ങാനും ഇത് സഹായകമാകുന്നു.

അന്തർദേശീയ കമ്പോളത്തിൽ ക്രൂഡോയിൽ വില കുറയുമ്പോഴും അതിന്റെ ആനുകൂല്യം ലഭ്യമാക്കുന്നതിന് പകരം പെട്രോൾ-ഡീസൽ വിലയിൽ ഒരു ശതമാനം അധിക സെസ് ചുമത്തി വിലക്കയറ്റം അധികരിപ്പിക്കുന്ന നിലപാടും സ്വീകരിച്ചിരിക്കുന്നു. മറുവശത്ത് പ്രതിരോധ സാമഗ്രികൾക്ക് ഇറക്കുമതി തീരുവ എടുത്തുകളഞ്ഞുകൊണ്ട് ആ രംഗത്തെ വമ്പന്മാർക്ക് നേട്ടമുണ്ടാക്കികൊടുത്തിരിക്കുന്നു. വർദ്ധിച്ചുകൊണ്ടേയിരിക്കുന്ന വൈദ്യുതി, പാചക വാതക വിലകൾ ഗ്രാമീണമേഖലയിലെ ദരിദ്രർക്ക് താങ്ങാനാവുന്നില്ല എന്നത് അറിഞ്ഞുകൊണ്ടുതന്നെ അവയുടെ ലഭ്യത ജനങ്ങളുടെ ഔദാര്യത്തെ ആശ്രയിച്ചിരിക്കുന്നു എന്നാണ് ധനകാര്യമന്ത്രി പറയുന്നത്. ചുരുക്കത്തിൽ, ‘സുഗമമായി ബിസിനസ് ചെയ്യുന്നതിന്’, ‘സ്വസ്ഥമായി ജീവിക്കുന്നതിന്’ സഹായകരമായ എന്ന പേരിൽ പ്രഖ്യാപിച്ചിരിക്കുന്ന നടപടികളും ഉദാരവൽക്കരണ പ്രക്രിയകളും നികുതി ഇളവുകളും ഒക്കെ വെറും തട്ടിപ്പാണെന്ന് വ്യക്തമാണ്.
പതിവുപോലെ, വ്യവസായികളും ഓഹരിക്കമ്പോളത്തിലെ നടത്തിപ്പുകാരും ഭരണവർഗത്തിന്റെ ആനുകൂല്യം പറ്റുന്ന സാമ്പത്തിക വിശാരദന്മാരും കോളം എഴുത്തുകാരുമൊക്കെ ഈ ബജറ്റിനെ പുകഴ്ത്തി പാടുമെന്ന് വ്യക്തമാണ്. ബിജെപിയെ പോലുള്ള ഭരണവർഗത്തിന്റെ രാഷ്ട്രീയ കാര്യസ്ഥന്മാർ വാചാടോപവും കണക്കിലെ കസർത്തുകളുംകൊണ്ട് ഈ ബജറ്റിനെ വെള്ള പൂശുമ്പോൾ, രൂക്ഷമായിക്കൊണ്ടിരിക്കുന്ന മുതലാളിത്ത പ്രതിസന്ധിയുടെ കെടുതികൾ മുഴുവൻ ഏറ്റുവാങ്ങേണ്ടിവരുന്ന, അധ്വാനിച്ച് ജീവിക്കുന്ന ജനവിഭാഗങ്ങൾ, ഇതിന്റെ മാരകമായ അനന്തരഫലങ്ങൾ തിരിച്ചറിഞ്ഞ്, തങ്ങൾക്കുമേൽ പതിക്കാനിരിക്കുന്ന വർദ്ധിതമായ സാമ്പത്തിക ആക്രമണങ്ങളെ സംഘടിതമായി ചെറുക്കാൻ തയ്യാറാകേണ്ടതുണ്ട്.

Share this post

scroll to top