അമേരിക്കൻ സാമ്രാജ്യത്വം വെനിസ്വലയെ വെറുതെവിടുക

Share

എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറിയുടെ പ്രസ്താവന:2019 ജനുവരി 28

വെനിസ്വലയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് നിക്കോളാസ് മെദുറോയെ സ്ഥാനഭ്രഷ്ടനാക്കി തങ്ങളുടെ ശിങ്കിടിയായ വാൻ ഗൈഡിയോയെ തൽസ്ഥാനത്ത് അവരോധിക്കാൻ, മാനവികതയുടെ കൊടിയ ശത്രുവായ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന അട്ടിമറിശ്രമങ്ങളെ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) അപലപിക്കുകയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു. വാൻ ഗൈഡിയോയെ വെനിസ്വലയുടെ നിയമാനുസൃത പ്രസിഡന്റായി പ്രഖ്യാപിക്കുവാനുള്ള ധാർഷ്ട്യംകൂടി കാണിച്ചതിലൂടെ, തങ്ങളുടെ വരുതിയിൽ നിൽക്കാൻ തയ്യാറാകാത്ത രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ നുഴഞ്ഞുകയറി പാവസർക്കാരുകളെ അവരോധിക്കുക എന്ന അമേരിക്കൻ സാമ്രാജ്യത്വശക്തികളുടെ സ്ഥിരം സമ്പ്രദായം വീണ്ടും വെളിപ്പെട്ടിരിക്കുകയാണ്.
പരാജയപ്പെട്ടതെങ്കിലും ക്യൂബൻ പ്രസിഡന്റ് ഫിഡൽ കാസ്‌ട്രോയെയും ക്യൂബൻ സോഷ്യലിസത്തെത്തന്നെയും അട്ടിമറിക്കാൻ നടന്ന നീക്കം, ചിലിയിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായിരുന്ന സാൽവദോർ അലെൻഡേയെ സ്ഥാനഭ്രഷ്ടനാക്കുകയും കൊലപ്പെടുത്തുകയും ചെയ്തതിനുപിന്നിൽനടന്ന ഗൂഢാലോചന, അഫ്ഗാനിസ്ഥാനിൽ അട്ടിമറിക്കപ്പെട്ട സർക്കാരുകൾ, ഇറാക്ക്, ലിബിയ, സിറിയയിൽ പാവഗവൺമെന്റിനെ നിയോഗിക്കാൻ നടന്ന ശ്രമങ്ങൾ, ഒപ്പം അമേരിക്കയുടെ കുപ്രസിദ്ധ ചാരസംഘടനകളുടെ സഹായത്തോടെ പ്രദേശത്ത് സായുധ വിമതഗ്രൂപ്പുകളെ വിന്യസിക്കാൻ നടത്തുന്ന ശ്രമങ്ങൾ, യെമനിലേതുപോലെയുള്ള നിഴൽ യുദ്ധങ്ങൾ തുടങ്ങിയവയൊക്കെത്തന്നെയും മുമ്പേ നടന്നിട്ടുള്ളതും അമേരിക്കയുടെ പങ്ക് വ്യക്തമാക്കപ്പെട്ടിട്ടുള്ളതുമാണ്. ഈ രാജ്യങ്ങളിലൊക്കെയും ലക്ഷക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കുക, ഭരണാധികാരികളെ ആസൂത്രിതമായി അരുംകൊലചെയ്യുക തുടങ്ങിയ ഹീനമായ യുദ്ധകുറ്റങ്ങളും അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ മുൻകൈയിൽ നടമാടുകയാണ്.

നിക്കരാഗ്വേ, പ്യൂർട്ടോറിക്കോ, ഡൊമിനിക്കൻ റിപ്പബ്ലിക്, പനാമ, ഗ്വാട്ടിമാല, മെക്‌സിക്കോ എന്തിന് തെക്കേ അമേരിക്കയിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളിലും പെന്റഗൺ നഗ്നമായ അട്ടിമറിശ്രങ്ങൾ തുടർന്നുകൊണ്ടേയിരിക്കുകയാണ്. യഥാർത്ഥത്തിൽ, ഇതര രാജ്യങ്ങളെ മെക്കിട്ടുകയറാനും അവരെ വരുതിയിൽ കൊണ്ടുവരാനുമുള്ള സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഭാഗമെന്ന നിലയിൽ, അമേരിക്കൻ സാമ്രാജ്യത്വം തങ്ങളുടെ അധിനിവേശലക്ഷ്യങ്ങളോടും തസ്‌കരതാൽപര്യങ്ങളോടുമാണ് ഒളിഗാർക്‌സ് ഓഫ് വെനിസ്വലപോലുള്ള സഖ്യകക്ഷികളെ തരപ്പെടുത്തിക്കൊണ്ട് വെനിസ്വലയിൽ ഇടപെട്ടിരിക്കുന്നത്. ഇത്തരം നീക്കങ്ങളിലൂടെ ലോകമെമ്പാടും കൊള്ളയടിക്കുവാൻ വട്ടംകൂട്ടുന്ന അമേരിക്കൻ സാമ്രാജ്യത്വം സ്വന്തം സ്വാധീന മേഖല വിപുലപ്പെടുത്തുവാനും ഓയിൽ, ഗ്യാസ്, മറ്റ് ധാതുക്കൾ തുടങ്ങി അതതുരാജ്യങ്ങളിലെ സമ്പന്നമായ പ്രകൃതിവിഭവങ്ങളിന്മേൽ ആധിപത്യം ഉറപ്പിക്കാനുമാണ് ശ്രമിക്കുന്നത്. ഇതൂകൂടാതെ, പട്ടാള നീക്കങ്ങളും വിധ്വംസകപ്രവർത്തനങ്ങളും നടത്തിയും രാജ്യത്തിനുള്ളിൽത്തന്നെ വിമതരെ പ്രോത്സാഹിപ്പിച്ചും കിങ്കരൻമാരെ സംഘടിപ്പിച്ചുമൊക്കെയാണ് ഓരോ രാജ്യത്തും ഇക്കൂട്ടർ കടന്നുകയറുന്നത്. നേരിട്ടുള്ള യുദ്ധത്തെക്കാൾ കിരാതവും നിന്ദ്യവുമായ കർക്കശസാമ്പത്തിക നിയന്ത്രണങ്ങളിലൂടെ, എതിരെ നിൽക്കുന്നു എന്നുതോന്നുന്ന രാജ്യങ്ങളെ വരുതിയിലാക്കാനുള്ള നീക്കവും നടത്തുന്നു. ഇറാനെയും ഉത്തരകൊറിയയെയും ‘തെമ്മാടി രാഷ്ട്രങ്ങളായി’ പ്രഖ്യാപിച്ചു. എന്നുമാത്രവുമല്ല ഈ രാജ്യങ്ങളെ പാഠം പഠിപ്പിക്കും എന്നും ധിക്കാരത്തോടെ പ്രഖ്യാപിക്കുന്നു. എണ്ണസമ്പന്നമായ, അമേരിക്കയുടെ ഇംഗിതങ്ങൾക്ക് വഴങ്ങാത്ത വെനിസ്വലയാണ് ഇപ്പോൾ ഉന്നം വച്ചിരിക്കുന്നത്. ‘ട്രംപ് ഭരണകൂടം വെനിസ്വലയിലെ വിമതരുമായി ചേർന്ന് അട്ടിമറിക്ക് ആലോചിക്കുന്നു’ എന്ന് ന്യൂയോർക് ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ പട്ടാള അട്ടിമറിയിലൂടെ അമേരിക്കൻ സാമ്രാജ്യത്വം വെനിസ്വലയിൽ തങ്ങൾക്ക് വിധേയരായ ഭരണകൂടത്തെ അവരോധിക്കാൻ ഗൂഢാലോചനയും ആസൂത്രണവും നടത്തുന്നു എന്ന് വ്യക്തമായിരുന്നു. ജനാധിപത്യ പ്രതിപക്ഷം എന്ന നിലയിൽ പ്രത്യക്ഷപ്പെടുന്ന ഗൈഡിയോയും സംഘവും അമേരിക്കൻ സാമ്രാജ്യത്വം ഫണ്ട് നൽകി പ്രവർത്തിക്കുന്നവരും വെനിസ്വലൻ ഒളിഗാർക്കി പിന്തുണയ്ക്കുന്നവരുമായ സംഘമാണ്. വെനിസ്വലൻ പട്ടാളത്തെ ഗൈഡിയോയുടെ പിന്നിൽ അണിനിരത്താൻ സാമ്രാജ്യത്വം നടത്തിയ നീക്കങ്ങൾ പരാജയപ്പെട്ടു എന്നതും പട്ടാളം ഒന്നടങ്കം മെദുറോയുടെ പിന്നിൽ അണിനിരന്നു എന്നതും ശ്രദ്ധേയമാണ്.

അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഈ നീക്കം മാനവികതയ്‌ക്കെതിരായ നീക്കമാണ്. അമേരിക്കൻ സാമ്രാജ്യത്വശക്തികളും കൂട്ടാളികളും നടത്തിക്കൊണ്ടിരിക്കുന്ന ഉപജാപങ്ങളെയും അട്ടിമറികളെയും കടന്നുകയറ്റങ്ങളെയും ലോകമാസകലമുയരുന്ന ശക്തമായ ബഹുജനപ്രക്ഷോഭങ്ങളിലൂടെ പരാജയപ്പെടുത്തിയേ മതിയാകൂ. എല്ലാ രാജ്യങ്ങളിലെയും സാമ്രാജ്യത്വ വിരുദ്ധരും സമാധാന കാംക്ഷികളുമായ ജനങ്ങളോട് ഒന്നിക്കുവാനും രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കാൻ വെനിസ്വലയിലെ ജനങ്ങൾ നടത്തുന്ന ശ്രമങ്ങളെ പിന്തുണയ്ക്കുവാനും അഭ്യർത്ഥിക്കുന്നു. വെനിസ്വലയിലും ഇതര രാജ്യങ്ങളിലും മരണവ്യാപാരികളായ അമേരിക്കൻ സാമ്രാജ്യത്വം നടത്തുന്ന ഗൂഢാലോചനകൾക്കും കുതന്ത്രങ്ങൾക്കുമെതിരെ അണിനിരക്കുവാൻ അമേരിക്കയിലെ ജനങ്ങളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Share this post

scroll to top