അമേരിക്കൻ സാമ്രാജ്യത്വം വെനിസ്വലയെ വെറുതെവിടുക

Venezuela-DELHI.jpg
Share

ജനാധിപത്യസർക്കാരിനെ സ്ഥാനഭ്രഷ്ടമാക്കുവാനുള്ള അമേരിക്കൻ സാമ്രാജ്യത്വ നീക്കങ്ങളെ പ്രതിരോധിക്കാൻ വെനിസ്വലയിലെ ജനങ്ങൾക്ക് ഒപ്പം നിൽക്കേണ്ട അടിയന്തര സാഹചര്യമാണിന്നുള്ളത്.

നിക്കോളാസ് മെദുറോ പ്രസിഡന്റ് ആയിട്ടുള്ള വെനിസ്വല സർക്കാരിനെ, വാൻ ഗൈഡിയോ നേതൃത്വം നൽകുന്ന വലതുപക്ഷ ഗ്രൂപ്പിനെ മുൻനിർത്തി അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്. മുൻ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ പുരോഗമനപരമായ നയങ്ങൾ നിക്കോളാസ് മെദുറോ തുടരുന്നു എന്നതാണ് അമേരിക്കൻ സാമ്രാജ്യത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ എണ്ണ സമ്പത്ത് അമേരിക്കൻ സാമ്രാജ്യത്വ ശക്തികളുടെ ദുരക്ക് വിട്ടുകൊടുക്കാതെ ജനങ്ങൾക്ക് ഉപയോഗപ്രദമായി വിനിയോഗിക്കുന്നു എന്നതും അനിഷ്ടം ഉളവാക്കുന്നു. മെദുറോ 2018 മെയ് മാസത്തിൽ 68 ശതമാനം വോട്ടോടെ രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഡൊണാൾഡ് ട്രംപ് ഇടക്കാല പ്രസിഡന്റ് എന്ന് വിശേഷിപ്പിച്ച വാൻ ഗൈഡിയോയ്ക്ക് സമ്പന്നവർഗ്ഗത്തിന്റെ പിന്തുണയല്ലാതെ വെനിസ്വലയിലെ സാധാരണ ജനങ്ങൾ ആരും തന്നെ വോട്ടു ചെയ്തിട്ടില്ല. എണ്ണ സമ്പന്നമായ ഒരു ചെറിയ രാജ്യമാണ് വെനിസ്വല. അമേരിക്കൻ എണ്ണകമ്പനികൾ ഈ മേഖലയിലെ സമ്പൂർണ്ണ ആധിപത്യവും ലാഭവുമാണ് അഭിലഷിക്കുന്നത്. 2017 ആഗസ്റ്റിൽത്തന്നെ വെനിസ്വലയിൽ ഒരു സൈനിക ഇടപെടലിന്റെ സാദ്ധ്യത ട്രംപ് സൂചിപ്പിച്ചിരുന്നു. മധ്യേഷ്യയിലും ഇറാക്ക്, സിറിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളിലും സ്വീകരിച്ച അതേ തന്ത്രം. എല്ലാ സാർവ്വദേശീയ മര്യാദകളെയും നിയമങ്ങളെയും ലംഘിച്ച് നിയമാനുസൃതം തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ ബലപ്രയോഗത്തിലൂടെ അട്ടിമറിച്ച് പാവസർക്കാരുകളെ അവരോധിക്കുക എന്നത് അമേരിക്കൻ സാമ്രാജ്യത്വശക്തികളും അവരുടെ കൈയാളുകളും ലോകമെമ്പാടും പയറ്റിക്കൊണ്ടിരിക്കുന്ന സ്ഥിരം തന്ത്രമാണ്.
ലാറ്റിൻ അമേരിക്കൻ രാജ്യമായ ചിലിയിൽ 1970കളിൽ നടന്നത് ഉദാഹരണമാണ്. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ച് സ്വേച്ഛാധിപത്യ ഭരണം സ്ഥാപിച്ചു. അമേരിക്കൻ കുത്തകകളുടെ ഓയിൽ കമ്പനികളും ചെമ്പ് ഖനികളും ദേശസാൽക്കരിക്കാൻ സർക്കാർ ശ്രമിച്ചു എന്നതാണ് കാരണം. അമേരിക്കൻ കുത്തകകളുടെയും ബഹുരാഷ്ട്രകമ്പനികളുടെയും താൽപര്യാർത്ഥം മറ്റ് രാജ്യങ്ങളുടെമേൽ പട്ടാളഅട്ടിമറിക്കും ആക്രമണങ്ങൾക്കുംവരെ അമേരിക്കൻ സാമ്രാജ്യത്വം തുനിയുന്നത് സോഷ്യലിസ്റ്റ് ക്യാമ്പിന്റെ അഭാവത്തെ മുതലെടുത്തുകൊണ്ടാണ്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കുടിലത വെനിസ്വലയിലെ സംഭവവികാസങ്ങളിലും വളരെ പ്രകടമാണ്.

അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഇടപെടലിലൂടെ തെക്കേ അമേരിക്കൻ രാജ്യങ്ങൾ നിരവധിയായി കഷ്ടനഷ്ടങ്ങൾ അനുഭവിച്ചുകഴിഞ്ഞു. അട്ടിമറി ശ്രമങ്ങൾ പലരാജ്യങ്ങളിലും നടന്നുകൊണ്ടേയിരിക്കുന്നു, ആയിരക്കണക്കിന് നിഷ്‌കളങ്കരായ സാധാരണ പൗരന്മാർ ഇതിനകം കൊല്ലപ്പെട്ടുകഴിഞ്ഞു, കോടിക്കണക്കിന് ജനങ്ങൾ അമേരിക്കൻ സാമ്രാജ്യത്വ ശക്തികളുടെയും പ്രാദേശിക കുത്തകകളുടെയും ദുരയുടെമാത്രം ഫലമായി നിത്യദാരിദ്ര്യത്തിലേയ്ക്കും പട്ടിണിയിലേയ്ക്കും തള്ളിവിടപ്പെട്ടിരിക്കുന്നു. വെനിസ്വലയിലെ ജനങ്ങൾ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഈ ഹീന നീക്കങ്ങൾക്കെതിരെ തെരുവിൽ അണിനിരന്നു കഴിഞ്ഞു. പാവസർക്കാരിനെ അവരോധിക്കാൻ സാമ്രാജ്യത്വ ശക്തികളെ ജനങ്ങൾ അനുവദിക്കില്ല. ലോകമെമ്പാടുമുള്ള സ്വാതന്ത്ര്യകാംക്ഷികളായ സംഘടനകൾ, അമേരിക്കയിൽനിന്നുള്ള സംഘടനകൾ ഉൾപ്പെടെ അമേരിക്ക പിന്മാറണം എന്ന മുദ്രാവാക്യമുയർത്തി ശക്തമായി രംഗത്ത് വന്നുകഴിഞ്ഞു. അമേരിക്കയുടെ ഈ നീക്കത്തിനെതിരെ ”എമർജൻസി ഹാൻഡ്‌സ് ഓഫ് വെനിസ്വല കമ്മിറ്റി” അമേരിക്കയിൽത്തന്നെ ഫ്‌ളോറിഡയിൽ ഇതിനകം രൂപംകൊണ്ടുകഴിഞ്ഞു. ഇതൊക്കെ അവഗണിച്ച് വെനിസ്വലയിൽ ഇടപെടാൻ അമേരിക്കൻ സാമ്രാജ്യത്വം തുനിഞ്ഞാൽ കനത്തവില നൽകേണ്ടിവരും.

Share this post

scroll to top