ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിലെ ശാസ്ത്രവിരുദ്ധ പ്രചാരണം: യുക്തിചിന്തയ്ക്കും മതേതര-ശാസ്ത്രീയ വീക്ഷണത്തിനും നേർക്കുള്ള ആർഎസ്എസ്-ബിജെപി ആക്രമണത്തിന്റെ അവിഭാജ്യഘടകം

ISC.jpg
Share

ഇന്ത്യക്കകത്തും പുറത്തുമുള്ള ശാസ്ത്രജ്ഞരുടെ പരസ്പരവ്യവഹാരങ്ങളുടേയും കൊടുക്കൽവാങ്ങലുകളുടേയും വളരെ വിലമതിക്കപ്പെട്ട വേദിയായാണ് ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിനെ എത്രയോ കാലമായി വിലയിരുത്തിയിരുന്നത്. എന്നാൽ, ആർഎസ്എസ്-ബിജെപി കൂട്ടുകെട്ട് നയിക്കുന്ന നരേന്ദ്രമോദി ഭരണത്തിനു കീഴിൽ, അശാസ്ത്രീയ ചിന്ത പരത്തുവാനുള്ള വേദിയായി ക്രമേണ ശാസ്ത്ര കോൺഗ്രസിനെ മാറ്റിയെടുക്കുകയാണോ? കഴിഞ്ഞ ഏതാനും വർഷങ്ങളായി നടക്കുന്ന സംഭവങ്ങളും, ഇക്കഴിഞ്ഞ കുറച്ച് ശാസ്ത്രകോൺഗ്രസുകളിൽ അരങ്ങേറുന്ന നടപടിക്രമങ്ങളും, ഈ സംശയം വളർത്തുന്നതാണ്.

ഇന്ത്യക്കകത്തും പുറത്തുമുള്ള ശാസ്ത്രജ്ഞരുടെ പരസ്പരവ്യവഹാരങ്ങളുടേയും കൊടുക്കൽവാങ്ങലുകളുടേയും വളരെ വിലമതിക്കപ്പെട്ട വേദിയായാണ് ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിനെ എത്രയോ കാലമായി വിലയിരുത്തിയിരുന്നത്. എന്നാൽ, ആർഎസ്എസ്-ബിജെപി കൂട്ടുകെട്ട് നയിക്കുന്ന നരേന്ദ്രമോദി ഭരണത്തിനു കീഴിൽ, അശാസ്ത്രീയ ചിന്ത പരത്തുവാനുള്ള വേദിയായി ക്രമേണ ശാസ്ത്ര കോൺഗ്രസിനെ മാറ്റിയെടുക്കുകയാണോ? കഴിഞ്ഞ ഏതാനും വർഷങ്ങളായി നടക്കുന്ന സംഭവങ്ങളും, ഇക്കഴിഞ്ഞ കുറച്ച് ശാസ്ത്രകോൺഗ്രസുകളിൽ അരങ്ങേറുന്ന നടപടിക്രമങ്ങളും, ഈ സംശയം വളർത്തുന്നതാണ്. പരിഭ്രാന്തരായ ശാസ്ത്രജ്ഞരും ശാസ്ത്രസംഘടനകളും ശാസ്ത്രസ്‌നേഹികളായ ജനങ്ങളും രാജ്യത്തുടനീളം തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ഇതിനോടകം തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, കഴിഞ്ഞ രണ്ടു വർഷമായി അവർ ‘മാർച്ച് ഫോർ സയൻസ്'(ശാസ്ത്രത്തിനായുള്ള ജാഥ) സംഘടിപ്പിക്കുകയും, പ്രതിഷേധം രേഖപ്പെടുത്തി അതിൽ പങ്കാളികളാകാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ് ഡയറക്ടർ പ്രൊഫ. ജയന്ത് മൂർത്തി, ‘ദ ഹിന്ദു’ ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടിയതു പോലെ, ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റിയെ പോലെ ചില സംഘടനകൾ അന്ധവിശ്വാസത്തിന്റെ ചങ്ങലകളെ പൊട്ടിച്ചെറിയാൻ ശ്രമിക്കുന്നുണ്ട്, പക്ഷേ, അവരുടെ പ്രയത്‌നം കൊണ്ടു മാത്രം ആവശ്യകതകൾ നിറവേറ്റപ്പെടുന്നില്ല.
ശാസ്ത്രത്തിനു മേലുള്ള ഈ ആക്രമണം, അഥവാ ശാസ്ത്രവിരുദ്ധ പ്രചരണം, ആർഎസ്എസ് സൈദ്ധാന്തികനായ ദിനനാഥ് ബത്രയുടെ പുസ്തകപരമ്പരയിലൂടെ മുന്നോട്ടുവെച്ച, വിദ്യാഭ്യാസത്തിന്റെ ഇന്ത്യൻവൽക്കരണം’ എന്ന ആർഎസ്എസ്-ബിജെപി അജണ്ടയോടെയാണ് ആരംഭിച്ചത്. ദിനനാഥ് ബത്രയുടെ പുസ്തകപരമ്പരയെ പ്രകീർത്തിച്ചത് മറ്റാരുമല്ല, പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ്. മാത്രവുമല്ല, അവയെ ഗുജറാത്തിലെ പ്രൈമറി-സെക്കന്ററി സ്‌ക്കൂളുകളിൽ നിർബന്ധിത പാഠപുസ്തകങ്ങളാക്കുകയും ചെയ്തു. ഏകദേശം അതേ സമയം തന്നെ, 2014-ൽ മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടനച്ചടങ്ങിൽ വെച്ച്, നരേന്ദ്രമോദിതന്നെ എരിതീയിൽ എണ്ണയൊഴിക്കുകയും ചെയ്തു. പുരാതന ഇന്ത്യയിലായിരുന്നു പ്ലാസ്റ്റിക് സർജറി കണ്ടുപിടിച്ചത് എന്നതായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. മനുഷ്യശരീരത്തിൽ ആനയുടെ തലയോടു കൂടിയ ഗണേശന്റെ രൂപത്തിലാണ്, അതിനുള്ള അനിഷേധ്യമായ തെളിവ് അദ്ദേഹം കണ്ടെത്തിയത്. ഒരു പൊതുവേദിയിൽ പ്രകടിപ്പിച്ച, അപഹാസ്യവും അങ്ങേയറ്റം അശാസ്ത്രീയവുമായ ആശയമായിരുന്നു ഇത്. അതേസമയം തന്നെ ബത്രയുടെ പുസ്തകങ്ങൾ അന്ധവിശ്വാസത്തിന്റെയും മതഭ്രാന്തിന്റെയും സങ്കലനം വളരുന്ന തലമുറകൾക്കായി വിളമ്പി. വ്യക്തമായും, ഇത്തരത്തിലുള്ള ഒരു ഉന്നതതല പ്രതിഷ്ഠാപനം ഭൂതത്തെ കുപ്പിയിൽ നിന്നും തുറന്നു വിട്ടു. അപ്പോൾ തൊട്ട്, മന്ത്രിസഭയിലും പാർട്ടിയിലുമുള്ള മോദിയുടെ സഹപ്രവർത്തകർ, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, അതുപോലെ, ബിജെപിയുടേയും ആർഎസ്എസ്സിന്റെയും സൈദ്ധാന്തികർ, വിദ്യാഭ്യാസപ്രവർത്തകർ, നേതാക്കൾ തുടങ്ങിയവർ, ദിനേന ഇതു പോലെയുള്ള അഭിപ്രായപ്രകടനങ്ങൾ ഒരു കുലുക്കവുമില്ലാതെ വർധിതവീര്യത്തോടെ നടത്തിത്തുടങ്ങി. ഇത്തരം അഭിപ്രായപ്രകടനങ്ങളുടെ സ്വഭാവം ചില ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കാവുന്നതാണ്. മോദി മന്ത്രിസഭയിൽ മാനവവിഭവശേഷി വകുപ്പ് സഹമന്ത്രിയായ, മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സത്യപാൽ സിങ് പറഞ്ഞത്, ഡാർവിന്റെ പരിണാമസിദ്ധാന്തം ശാസ്ത്രീയവീക്ഷണത്തിൽ തെറ്റാണെന്നാണ്. കാരണം, മനുഷ്യൻ കുരങ്ങിൽ നിന്നും ഉരുത്തിരിഞ്ഞുണ്ടാകുന്നത് ആരും എവിടെയും കണ്ടിട്ടില്ലത്രേ. അതുകൊണ്ട് പഠന സിലബസിൽ നിന്നും ഇത് ഒഴിവാക്കണമെന്നാണ് അദ്ദേഹത്തിന്റെ നിർദ്ദേശം. ബസുദേവ് ദേബ്‌നാനി എന്ന രാജസ്ഥാനിലെ മുൻ വിദ്യാഭ്യാസവകുപ്പു മന്ത്രി അവകാശപ്പെടുന്നത്, പശുക്കൾ ഓക്‌സിജൻ പുറത്തേക്കു വിടുന്നുവെന്നാണ്. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് ഒരുപടി കൂടി കടന്ന് അവകാശപ്പെട്ടത്, മഹാഭാരതദിനങ്ങളിൽ തന്നെ ഇന്റർനെറ്റ് ലഭ്യമായിരുന്നു എന്നാണ്. അല്ലാതെ എങ്ങനെയാണ്, കുരുക്ഷേത്രയുദ്ധത്തിന്റെ തൽസമയവിവരണം ധൃതരാഷ്ട്രർക്കു നൽകാൻ സഞ്ജയനു സാധിച്ചതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. 2015-ലെ ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിൽ ക്യാപ്റ്റൻ ബോഡാസ് അവകാശപ്പെട്ടത്, വളരെ പണ്ട് വൈദികകാലഘട്ടത്തിൽ തന്നെ ഇന്ത്യയിൽ വിമാനം കണ്ടുപിടിച്ചിരുന്നു, അതിന് ഭൂഖണ്ഡങ്ങൾക്കിടയിൽ മാത്രമല്ല, ഗ്രഹങ്ങൾക്കിടയിലും സഞ്ചരിക്കാൻ സാധിക്കുമായിരുന്നു എന്നാണ്. 2018-ൽ മണിപ്പൂരിൽ വെച്ചു നടന്ന ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിൽ വെച്ച്, കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പുമന്ത്രി ഹർഷവർധൻ ഉന്നയിച്ച അവകാശവാദം ശ്രദ്ധിക്കാം. ആയിടെ അന്തരിച്ച പ്രശസ്ത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗ്, മഹാശാസ്ത്രജ്ഞനായിരുന്ന പ്രൊഫ. ആൽബർട്ട് ഐൻസ്റ്റീന്റെ ഋ = ാര2 എന്ന സിദ്ധാന്തത്തേക്കാൾ വികസിതമായവ വേദസൂത്രങ്ങളിൽ ഉണ്ടെന്ന് അഭിപ്രായപ്പെട്ടുവത്രേ. പക്ഷേ, നാളിതുവരെ ഈ വിചിത്രവാദത്തിന് അനുകൂലമായി തെളിവുകളൊന്നും മുന്നോട്ടുവെക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. ഗുജറാത്തിൽ നിന്നുള്ള ബിജെപി എംപി, ശങ്കർഭായ് വെഗാഡ് രാജ്യസഭയിൽ പറഞ്ഞത്, പശുക്കളുടെ ചാണകവും മൂത്രവും മരുന്നുകളേക്കാൾ വീര്യമേറിയതാണെന്നും, കാൻസർ അടക്കമുള്ള മാരകരോഗങ്ങളെ ചികിത്സിച്ചു മാറ്റാനുള്ള ശേഷി അവയ്ക്കുണ്ടെന്നുമാണ്. എന്നാൽ, അങ്ങനെയായിട്ടും എന്തുകൊണ്ടാണ് ആർഎസ്എസ്-ബിജെപി നേതാക്കളും മന്ത്രിമാരും കാൻസർ അടക്കമുള്ള സങ്കീർണരോഗങ്ങളുടെ ചികിത്സക്കായി വിദേശരാജ്യങ്ങളിൽ പോകുന്നതെന്ന് അദ്ദേഹവും നാളിതുവരേയും വ്യക്തമാക്കിയിട്ടില്ല.

ശാസ്ത്ര കോൺഗ്രസിലേക്ക് തിരിച്ചുവരാം. ഈ നിരയിലേക്ക് ഏറ്റവും പുതുതായുള്ള സംഭാവന, 2019 ജനുവരി 3 മുതൽ 7 വരെ പഞ്ചാബിലെ ജലന്ധറിൽ നടന്ന 106-ാമത് ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിൽ വച്ച് ആന്ധ്ര സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. നാഗേശ്വർ റാവു ഉന്നയിച്ചതാണ്. തന്റെ പ്രസംഗത്തിൽ അദ്ദേഹം അവകാശപ്പെട്ടത്, ഡാർവിന്റെ പരിണാമസിദ്ധാന്തത്തിനു വളരെ മുമ്പേ തന്നെ, ഗീതയിലെ ദശാവതാര സിദ്ധാന്തത്തിലൂടെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ജീവജാലങ്ങളുടെ പരിണാമം വിശദീകരിക്കപ്പെട്ടിട്ടുണ്ടെന്നാണ്. അതുപോലെ തന്നെ, കൗരവർ മൂലകോശങ്ങളിൽ നിന്നും ഐവിഎഫ് (ടെസ്റ്റ് ട്യൂബ് ബേബി സാങ്കേതികവിദ്യ) ഉപയോഗിച്ചാണ് ജന്മമെടുത്തതെന്നും അദ്ദേഹം അവകാശപ്പെടുന്നു. അദ്ദേഹത്തിന്റെ അവകാശവാദങ്ങൾ തുടരുന്നു: ലക്ഷ്യത്തെ നിഗ്രഹിച്ച ശേഷം തൊടുത്തയിടത്തേക്ക് തിരിച്ചെത്തുന്ന മിസൈലായിരുന്നു ഭഗവാൻ വിഷ്ണുവിന്റെ സുദർശനചക്രം. രാവണന് ഒരു പുഷ്പകവിമാനം മാത്രമല്ല, വിവിധ വലുപ്പത്തിലും ശേഷിയിലുമുള്ള 24 തരം വിമാനങ്ങളാണ് ഉണ്ടായിരുന്നത്. കണ്ണൻ ജഗതല കൃഷ്ണൻ എന്ന മറ്റൊരു പ്രാസംഗികൻ പറഞ്ഞത്, ന്യൂട്ടണും ഐൻസ്റ്റീനും മറ്റ് മഹാശാസ്ത്രജ്ഞരും നടത്തിയ ശാസ്ത്രീയ പ്രയത്‌നത്തിലൂടെയാണ് ആധുനിക ഭൗതികശാസ്ത്രം വികസിച്ചതെന്നു പറയുന്നത് തീർത്തും തെറ്റാണ്. അസംബന്ധമാണെങ്കിലും അദ്ദേഹം ആവശ്യപ്പെട്ടത്, ഗുരുത്വാകർഷണ തരംഗങ്ങളെ മോദി തരംഗമെന്നും, ഗുരുത്വാകർഷണം മൂലം പ്രകാശരശ്മികൾ വളയുന്ന പ്രതിഭാസത്തെ ഹർഷവർധൻ പ്രതിഭാസമെന്നും പുനർനാമകരണം ചെയ്യണമെന്നാണ്.
ഇത്തരം അവകാശവാദങ്ങളെല്ലാം അന്തസത്തയിൽ ഒന്നുതന്നെയാണ്. ഇവയെല്ലാം തന്നെ പുരാതന ഇന്ത്യയിൽ ശാസ്ത്രവും സാങ്കേതികവിദ്യയും ഉണ്ടാക്കിയ നേട്ടങ്ങളെ അശാസ്ത്രീയമായും ചരിത്രവിരുദ്ധമായും മഹത്വവൽക്കരിക്കുകയാണ്. ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കുകയും യുക്തിരഹിതമാക്കുകയും ചെയ്യുന്നതിലൂടെ ഇന്ത്യൻ ശാസ്ത്രസമൂഹത്തെ ലോകത്തിനു മുന്നിൽ അപമാനിതരാക്കുക മാത്രമല്ല ഇവർ ചെയ്യുന്നത്. യുക്തിരഹിതമായ അന്ധവിശ്വാസത്തിലും, മതഭ്രാന്തിലും അധിഷ്ഠിതമായ ഇവയൊക്കെ, ശാസ്ത്രത്തിനു തന്നെ അശുഭകരമായ വിനാശം വിതക്കുന്നതാണ്. മൂർത്തവും നിർണയിക്കാനാവുന്നതുമായ തെളിവുകളുടേയും ശാസ്ത്രീയവാദങ്ങളുടേയും അടിത്തറയിലാണ് ആധുനികശാസ്ത്രം നിലകൊള്ളുന്നത്. എന്നാൽ മേൽപ്പറഞ്ഞ അവകാശവാദങ്ങളുടെയൊന്നും നേര് നിർണയിക്കാൻ ഈ മാർഗങ്ങളൊന്നുമല്ല സ്വീകരിക്കുന്നത്. പകരം വ്യക്തിഗത വിശ്വാസങ്ങളിൽ ഉറച്ചുകൊണ്ട്, പൗരാണികകഥകളേയും രാമായണവും മഹാഭാരതവും അടക്കമുള്ള ഇതിഹാസങ്ങളിൽ നിന്നുള്ള ആഖ്യാനങ്ങളേയും, ശാസ്ത്രനേട്ടങ്ങളായും ചരിത്രസത്യങ്ങളായും ചിത്രീകരിക്കുവാനുള്ള ശ്രമമാണ് നടത്തുന്നത്. പലപ്പോഴും ഇതോടൊപ്പം ബോധപൂർവം വിവരങ്ങൾ വളച്ചൊടിക്കുകയും കള്ളത്തരം പ്രചരിപ്പിക്കുകയും ചെയ്യുന്നു. വ്യക്തമായും, വൈദികകാലത്തിന്റെ മഹത്വം കൊട്ടിഘോഷിച്ചുകൊണ്ട്, ആളുകളുടെ മനസ്സിൽ ഹിന്ദുത്വ അജണ്ട തിരുകിക്കയറ്റാനുള്ള തിരക്കിട്ട പ്രയത്‌നം തന്നെയാണിത്.

അന്ധവിശ്വാസവും ശാസ്ത്രവും തമ്മിലുള്ള വൈരുദ്ധ്യം മനുഷ്യചരിത്രത്തിന്റെ ആരംഭം തൊട്ടുതന്നെ തുടരുന്ന ഒന്നാണ്. നെടുനാളത്തെ നിരീക്ഷണത്തിന്റെയും പഠനത്തിന്റെയും അടിസ്ഥാനത്തിൽ, ഭൂമി നിശ്ചലമല്ല, പകരം സൂര്യനു ചുറ്റും അതിവേഗത്തിൽ ഭ്രമണം ചെയ്യുന്നു എന്ന് ഗലീലിയോയും കോപ്പർനിക്കസും തെളിയിച്ചു. പക്ഷേ അന്നത്തെ സമൂഹത്തിന് അത് അത്രവേഗം അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു. കാരണം, അന്ന് ബൈബിളും പള്ളിയും അവരെ നേർവിപരീതമാണ് പഠിപ്പിച്ചിരുന്നത്. അതായത്, ഭൂമി നിശ്ചലമെന്നും, സൂര്യൻ അതിനു ചുറ്റും ഭ്രമണം ചെയ്യുന്നുവെന്നും. ഈ പ്രതിബന്ധം മറികടക്കുവാൻ ഏറെ ബുദ്ധിമുട്ടേറിയ പോരാട്ടമാണ് ശാസ്ത്രജ്ഞർക്കു നടത്തേണ്ടി വന്നത്. ഡാർവിന്റെ പരിണാമസിദ്ധാന്തം കേവലം ഒരു ദിവസം കൊണ്ട് വെളിച്ചം കണ്ടതല്ല, അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ വിശ്വാസത്തിൽ അധിഷ്ഠിതവുമല്ല. അന്നത്തെ അദ്ദേഹത്തിന്റെ സമൂഹത്തിൽ അത്ര സ്വീകാര്യമല്ലാതിരുന്ന ശാസ്ത്രീയ മനോഭാവമാണ്, നീണ്ട അഞ്ചു വർഷം കടൽ യാത്ര നടത്തി പ്രകൃതിയെക്കുറിച്ചു പഠിക്കാൻ അദ്ദേഹത്തിനു പ്രചോദനമായത്. വളരെ ക്ഷമയോടെ, രണ്ട് അമേരിക്കൻ ഭൂഖണ്ഡങ്ങളിലേയും സസ്യജന്തുജാലങ്ങളുടേയും സ്വഭാവപ്രത്യേകതകൾ അദ്ദേഹം നിരീക്ഷിച്ചു. അവിടത്തെ മലകളിലും കാടുകളിലും കടന്നുചെന്നു. വളരെയധികം ഫോസ്സിലുകൾ ശേഖരിച്ചു. എന്നിട്ട് സ്വന്തം നാട്ടിൽ മടങ്ങിയെത്തി, നീണ്ട 12 വർഷം, ശേഖരിച്ച തെളിവുകൾ പഠിക്കുകയും അവയിൽ പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. ഇത്രയും തീക്ഷ്ണമായ ഒരു സമരത്തിനു ശേഷം മാത്രമാണ്, പ്രകൃതിനിർദ്ധാരണത്തിലൂടെയുള്ള ജീവിവർഗങ്ങളുടെ ഉൽപ്പത്തിയെക്കുറിച്ചുള്ള തന്റെ നിർണയത്തിലേക്ക് അദ്ദേഹം എത്തിച്ചേർന്നത്. പക്ഷേ ഇവിടെയും ഭൂരിഭാഗം ജനങ്ങളും അത് എളുപ്പത്തിൽ സ്വീകരിച്ചിരുന്നില്ല. പഴഞ്ചൻ വിശ്വാസങ്ങളിലും മതാന്ധതയിലും ആഴത്തിൽ മുങ്ങിക്കിടന്ന വിദ്യാസമ്പന്നരായ ആളുകൾ പോലും, ഡാർവിന്റെ സിദ്ധാന്തത്തെ പലപ്പോഴും ദുർബ്ബലമായ വാദങ്ങൾ കൊണ്ട് തള്ളിക്കളയാനാണ് ശ്രമിച്ചത്. ഇത്തരം സംഭവങ്ങൾ അനവധിയുണ്ട്. ശാസ്ത്രവിരുദ്ധരേയും, അന്ധവിശ്വാസങ്ങളേയും, പഴഞ്ചൻ വിശ്വാസങ്ങളേയും, അന്ധതയേയും മതഭ്രാന്തിനേയും ഒക്കെ എതിരിട്ടുകൊണ്ടാണ് ശാസ്ത്രം അതിന്റെ വഴിവെട്ടി മുന്നോട്ടു വന്നിട്ടുള്ളത്.

അടുത്തിടെ ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിന്റെ വേദിയിലൂടെ നടത്തിക്കൊണ്ടിരിക്കുന്ന ശാസ്ത്രവിരുദ്ധ പ്രചാരണവും, അതിനോട് ഉടനടി ഉണ്ടാകുന്ന ശാസ്ത്രജ്ഞരുടെ പ്രതിഷേധവുമെല്ലാം കാണിക്കുന്നത്, ഈ വൈരുദ്ധ്യവും പോരാട്ടവും ഇപ്പോഴും തുടരുന്നുവെന്നാണ്. മുൻനിരശാസ്ത്രജ്ഞരും ഗവേഷകരും ശാസ്ത്രസ്‌നേഹികളായ ജനങ്ങളും, ബാംഗ്ലൂർ (കർണാടക), കൊച്ചി, കോട്ടയം (കേരളം), അനന്ത്പൂർ (ആന്ധ്രപ്രദേശ്), അഗർത്തല (ത്രിപുര), ഗുണ, ഇൻഡോർ (മധ്യപ്രദേശ്), ജംഷഡ്പൂർ (ജാർഖണ്ഡ്), കൊൽക്കത്ത (പശ്ചിമ ബംഗാൾ), ഡൽഹി തുടങ്ങി പല നഗരങ്ങളിലും പ്രതിഷേധപ്രകടനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. രാജ്യത്തെ പല സംസ്ഥാനങ്ങളിലുമുള്ള പ്രമുഖ സർവ്വകലാശാലകളിലും കലാലയങ്ങളിലും വിദ്യാർത്ഥികളും പ്രൊഫസർമാരും പ്രതിഷേധം നടത്തിയിരുന്നു. സെന്റർ ഫോർ സെൽ ആൻഡ് മോളിക്കുലാർ ബയോളജി മുൻ ഡയറക്ടർ പ്രൊഫ. മോഹൻ റാവു, ഹൈദരാബാദിൽ നടത്തിയ പത്രസമ്മേളനത്തിലൂടെ ശാസ്ത്രകോൺഗ്രസിന്റെ ശാസ്ത്രവിരുദ്ധനിലപാടിൽ പ്രതിഷേധിക്കുകയുണ്ടായി. സുപ്രസിദ്ധ ബഹിരാകാശ ശാസ്ത്രജ്ഞൻ പ്രൊഫ. ജയന്ത് വിഷ്ണു നാർലിക്കറും മറ്റ് 37 ശാസ്ത്രജ്ഞരും ചേർന്ന് ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ് അസോസിയേഷൻ പ്രസിഡന്റിന് കത്തയച്ചിരുന്നു. ഭാവിയിൽ, ശാസ്ത്രത്തിന്റെ വേദിയിലൂടെ ഇത്തരം ശാസ്ത്രവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഈ കത്തിലൂടെ അവർ ആവശ്യപ്പെട്ടു. ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ് അധ്യക്ഷന്, ഇന്ത്യൻ ശാസ്ത്ര സമൂഹത്തിന്റെ ഈ ശക്തമായ പ്രതിഷേധത്തെ കണക്കിലെടുക്കാതിരിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം മാപ്പു പറയുകയും വേണ്ട നടപടികളെടുക്കാമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തു. പ്രൊഫ. ജയന്ത് മൂർത്തിയുടെ അഭിപ്രായം നമ്മൾ തുടക്കത്തിൽ പരാമർശിച്ചിരുന്നു. ഇതിനു പുറമേ, കൽക്കട്ട സർവ്വകലാശാലയിലെ ഒരു പ്രകടനത്തിൽ പങ്കെടുക്കവേ, പ്രസിദ്ധ ശാസ്ത്രജ്ഞനായ പ്രൊഫ. അമിതാവാ ദത്ത, പത്രക്കാർക്കു മുന്നിൽ ചില ചോദ്യങ്ങളുന്നയിച്ചിരുന്നു-പുരാതനഭാരതത്തിലെ ശാസ്ത്രപുരോഗതിയെ കുറിച്ച് പരാമർശിക്കാനാണെങ്കിൽ, രാമനേയും രാവണനേയും ഗാന്ധാരിയേയും ഒക്കെകുറിച്ച് പറയേണ്ട ആവശ്യം തന്നെയുണ്ടോ? ഈ ആവശ്യകതക്കാണെങ്കിൽ ജ്യോതിശാസ്ത്രത്തിലും ബീജഗണിതത്തിലും ത്രിമാനഗണിതത്തിലും ചികിത്സാശാസ്ത്രത്തിലുമൊക്കെ ചരകന്റെയും സുശ്രുതന്റെയും കണാദന്റെയും ആര്യഭട്ടന്റെയും വരാഹമിഹിരന്റെയും ഭാസ്‌ക്കരാ–ചാര്യന്റെയും ബ്രഹ്മഗുപ്തന്റെയും അതുപോലെ മറ്റനേകം വിശ്രുതശാസ്ത്രജ്ഞരുടേയും സംഭാവനകളിലൂടെ നേടിയെടുത്ത തിളങ്ങുന്ന നേട്ടങ്ങളെക്കുറിച്ചല്ലേ പരാമർശിക്കേണ്ടത്?

ഈ പ്രതിഷേധങ്ങൾ കൊണ്ടു മാത്രം, ശാസ്ത്രവിരുദ്ധപ്രചാരകരെ അവരുടെ അജണ്ടയുമായി മുന്നോട്ടു പോകുന്നതിൽ നിന്നും തടയാൻ സാധിക്കുമോ എന്നതാണ് ഇവിടെ ഉയരുന്ന പ്രസക്തമായ ചോദ്യം. നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസസംവിധാനം യഥാർത്ഥത്തിൽ ശാസ്ത്രീയമല്ല എന്ന യാഥാർത്ഥ്യത്തെ നമുക്ക് അവഗണിക്കാൻ സാധിക്കുകയില്ല. വിദ്യാഭ്യാസമുള്ളവരിൽ പോലും ശാസ്ത്രീയവീക്ഷണം വികസിക്കുന്നില്ല. അവർ ശാസ്ത്രം പഠിക്കുന്നു, പക്ഷേ ശാസ്ത്രത്തിന്റെ രീതി പഠിക്കുന്നില്ല. ഭൂതകാലത്ത് നടന്ന സംഭവങ്ങളെക്കുറിച്ച് അവരെ പഠിപ്പിക്കുന്നു, പക്ഷേ നമ്മൾ എങ്ങനെയാണ് അതേക്കുറിച്ച് അറിയേണ്ടത് എന്നതിനെക്കുറിച്ച് അവരെ പഠിപ്പിക്കുന്നില്ല. അവർക്ക് വസ്തുതകൾ നൽകുന്നു, എന്നാൽ ചരിത്രം പുനർനിർമ്മിക്കാൻ ആവശ്യം വേണ്ട തെളിവുകൾ നൽകുന്നില്ല. കാണാപാഠം പഠിക്കുവാനും പഠിക്കുന്നത് അതേപോലെ വിശ്വസിക്കുവാനുമാണ് വിദ്യാർത്ഥികളെ ശീലിപ്പിക്കുന്നത്. അല്ലാതെ, ചോദ്യം ചെയ്യുവാനും സ്വയം വിലയിരുത്തുവാനും അവരെ പഠിപ്പിക്കുന്നില്ല.

ഈ വിടവാണ് ശാസ്ത്രവിരുദ്ധ പ്രചാരകർ ഉപയോഗപ്പെടുത്തുന്നത്. ഇതിഹാസങ്ങളിലും പുരാണങ്ങളിലും ഉപനിഷത്തുകളിലും ഉള്ള ആഖ്യാനങ്ങൾ യഥാർത്ഥത്തിൽ പണ്ട് നടന്നവയാണെന്നും, അവ ചരിത്രത്തിന്റെ തന്നെ ഭാഗമാണെന്നും ജനങ്ങളെ വിശ്വസിപ്പിക്കാൻ അവർ ശ്രമിക്കുന്നു. രാമായണവും മഹാഭാരതവും വളരെ ഉന്നതനിലവാരം പുലർത്തുന്ന സാഹിത്യരചനകളാണ് എന്നതിൽ സംശയമൊന്നുമില്ല. മറ്റേതൊരു സാഹിത്യരചനയിലുമെന്ന പോലെ തന്നെ, ഈ ഇതിഹാസങ്ങളിലും ചിത്രീകരിക്കപ്പെട്ട കഥാപാത്രങ്ങളും സംഭവങ്ങളും ഭാവനാത്മകം തന്നെയാണ്. തങ്ങളുടെ ഭാവനകളെ കാവ്യങ്ങളായും ഗാനങ്ങളായും കവികൾ ഇഴചേർത്തിരിക്കുന്നു. രാമായണമാകട്ടെ മഹാഭാരതമാകട്ടെ, ഏകകവികളാൽ രചിക്കപ്പെട്ടവയല്ല എന്നതും ഇന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മറിച്ച്, അസംഖ്യം അജ്ഞാതരായ കവികൾ ഏഴെട്ടു നൂറ്റാണ്ടുകളുടെ നീണ്ട കാലയളവ് കൊണ്ട് രചിച്ചവയുടെ സമാഹൃതസൃഷ്ടികളാണിവ. അതായത്, പല നൂറ്റാണ്ടുകളിലായുള്ള നിരവധിയാളുകളുടെ ഭാവനകളും ആഗ്രഹങ്ങളും വേദനകളും വിഷമങ്ങളും സന്തോഷവുമെല്ലാം ഈ ഇതിഹാസങ്ങളിൽ സമാഹരിച്ചുകൊണ്ടാണ് ഇവയെ സാഹിത്യസൃഷ്ടികളായി നിർമ്മിച്ച് പരിപോഷിപ്പിച്ചിരിക്കുന്നത്. അപ്പോൾ ഏതെങ്കിലും കാലഘട്ടത്തിന്റെ ചരിത്രത്തെ ഇവയിൽ തിരയുകയെന്നത് ഫലശൂന്യമാണ്.
എന്നാലീ വിചിത്ര അവകാശവാദങ്ങളുടെ പ്രചാരകർ ഇതിഹാസങ്ങളിൽ ചരിത്രം മാത്രമല്ല തിരയുന്നത്, അവരതിൽ ശാസ്ത്രവും സാങ്കേതികവിദ്യയും അന്വേഷിക്കുന്നു. ഇതിഹാസത്തിലെ പുഷ്പകവിമാനത്തിന്റെ പരാമർശം, അന്ന് വിമാനമുണ്ടായിരുന്നതിന്റെ തെളിവായി ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു. ബ്രഹ്മാസ്ത്രത്തെ കുറിച്ചുള്ള കഥകൾ, അന്നേ അണുബോംബുണ്ടായിരുന്നു എന്നതിന്റെ തെളിവായി ഇവർ നിർദേശിക്കുന്നു. എങ്ങനെയാണ് ഗാന്ധാരിക്ക് നൂറു പുത്രന്മാർക്കും ഒരു പുത്രിക്കും ജന്മം നൽകാനാവുക? അപ്പോൾ, അന്നേ മൂലകോശ രീതിശാസ്ത്രമൊക്കെ നിലവിലുണ്ടായിരുന്നുവെന്നും, അല്ലാതെ ഈ അസാധ്യകർമം എങ്ങനെ സാധ്യമാകുമെന്നുമുള്ള സിദ്ധാന്തമാണ് ഈ പ്രചാരകർ മുന്നോട്ടു വെക്കുന്നത്. മഹാഭാരതത്തിലെ ഘടോൽക്കചൻ എന്ന ഭീമാകാര കഥാപാത്രത്തെ ചൂണ്ടിക്കാട്ടി, ജനിതക സാങ്കേതികവിദ്യയൊക്കെ അന്നേ അറിയാമായിരുന്നു എന്നവർ ഉറപ്പിക്കുന്നു. ഇത്തരത്തിലുള്ള വാദങ്ങളാണ് ഈ ശാസ്ത്രവിരുദ്ധ പ്രചാരകർ ഉയർത്തുന്നത്.
മാനവരാശിക്ക് വിമാനങ്ങൾ പരിചിതമാകുന്നതിനു മുമ്പ്, മഹാഭാരതകാലഘട്ടത്തിൽ വിമാനങ്ങൾ നിലനിന്നിരുന്നു എന്ന് ആരും തന്നെ അവകാശമുന്നയിക്കുകയോ അതിനു സാധിക്കുകയോ ഇല്ലായിരുന്നു എന്നത് ഇവിടെ നമ്മൾ വിട്ടുപോകരുത്. അണുബോംബ് കണ്ടുപിടിക്കുന്നതിനു മുമ്പ് തന്നെ പാശുപതാസ്ത്രവും ബ്രഹ്മാസ്ത്രവുമൊക്കെ അണുബോംബുകളായിരുന്നു എന്ന് ആരും അവകാശപ്പെട്ടിരുന്നില്ല. മൂലകോശ പ്രക്രിയ മനുഷ്യനു പരിചിതമാവുന്നതിന് മുമ്പ് തന്നെ അതുപയോഗിച്ച് 101 കുട്ടികൾക്ക് ജന്മം നൽകാനാകും എന്ന് ആരും എന്തേ പറഞ്ഞില്ല? 1980 കളിൽ ഇന്റർനെറ്റ് സാങ്കേതികവിദ്യ ആരംഭിക്കുന്നതിനു മുമ്പ് തന്നെ, മഹാഭാരതകാലത്തെ ജനങ്ങൾക്ക് അതിന്റെ ഉപയോഗങ്ങളെക്കുറിച്ച് അറിയാമായിരുന്നു എന്ന് ആരും അവകാശമുന്നയിച്ചിരുന്നില്ല. ആധുനികശാസ്ത്രത്തിന്റെ ഘടകങ്ങൾ വേദങ്ങളിലും ഉപനിഷത്തുകളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലുമൊക്കെ ഉണ്ടായിരുന്നുവെങ്കിൽ, അവയിലെ ശ്ലോകങ്ങളും കാവ്യങ്ങളും പഠിച്ചുകൊണ്ടു മാത്രം ആർക്കും ഈ കണ്ടുപിടിത്തങ്ങളൊക്കെ നടത്താമായിരുന്നു, മറ്റാർക്കും മുമ്പേ ഈ സാങ്കേതികവിദ്യകൾ വികസിപ്പിക്കാമായിരുന്നു.

ഒന്നുമില്ലായ്മയിൽ നിന്നും പെട്ടെന്ന് ഒരു സാങ്കേതികവിദ്യയും ഉയർന്നു വരില്ല. വിമാനം കണ്ടുപിടിക്കുന്നതിനു മുമ്പ് വായുചലനവിജ്ഞാനീയത്തിന്റെയും, വൈദ്യുതിയുടേയും താപയാന്ത്രികശാസ്ത്രത്തിന്റെയും നിയമങ്ങൾ മനുഷ്യന് അറിയേണ്ടതുണ്ട്. ആണവായുധം നിർമ്മിക്കുകയോ, ആണവോർജ്ജത്തിന്റെ സാധ്യതകൾ വെളിപ്പെടുത്തുകയോ ചെയ്യുന്നതിനു മുമ്പ്, അണുവിന്റെ ഘടകപദാർത്ഥങ്ങളുടെ നിയമങ്ങളെക്കുറിച്ചും ക്വാണ്ടം മെക്കാനിക്‌സിന്റെ സിദ്ധാന്തങ്ങളെക്കുറിച്ചും മനസ്സിലാക്കേണ്ടതുണ്ട്. ജനിതക എഞ്ചിനീയറിങ്ങിന്റെ കാലഘട്ടത്തിലേക്ക് ചുവടു വെക്കുന്നതിനു മുമ്പ്, വംശപാരമ്പര്യനിയമങ്ങളും ഡിഎൻഎയുടെ സ്വാഭാവത്തെ കുറിച്ചുള്ള ജ്ഞാനവും പുറത്തുവരേണ്ടതുണ്ട്. സാങ്കേതികവിദ്യ ഒരിക്കലും അടിസ്ഥാനശാസ്ത്രത്തിനു മുന്നേ ഉണ്ടാകാറില്ല. ഒരു പ്രത്യേകമേഖലയിലെ പ്രകൃതിയുടെ നിയമങ്ങളെക്കുറിച്ച് അറിയുവാൻ അടിസ്ഥാനശാസ്ത്രം തന്നെയാണ് ആധാരം. അപ്പോൾ ശാസ്ത്രവിരുദ്ധർ പ്രചരിപ്പിക്കുന്ന സിദ്ധാന്തങ്ങളൊന്നും തന്നെ, നാമമാത്രമായി പോലും, വൈദികകാലത്തെ ജനങ്ങളുടെ മനസ്സിലോ ചിന്തയിലോ ഉണ്ടാവുക സാധ്യമല്ല. ശാസ്ത്രത്തിൽ ഒരു സിദ്ധാന്തം രൂപപ്പെടുന്നത്, ഒരു ശാസ്ത്രീയരീതി പിന്തുടർന്നു മാത്രമാണ്. ഇതിന്, പരീക്ഷണം-നിരീക്ഷണം-നിഗമനം-തെളിയിക്കൽ എന്നീ പ്രക്രിയകൾ ഉൾപ്പെട്ടിരിക്കുന്നു. അതുപോലെ തന്നെ ചരിത്രത്തിൽ ഒരു നിഗമനം പ്രാമാണീകരിക്കുന്നത്, അതിന് ശക്തമായ തെളിവുകളുടെ പിന്തുണയുള്ളപ്പോൾ മാത്രമാണ്. നമുക്ക് ഒരു ഉദാഹരണമെടുക്കാം. പുരാതന ഇന്ത്യയിൽ വിമാനം കണ്ടെത്തിയിരുന്നുവെങ്കിൽ, കുറഞ്ഞപക്ഷം അതിന്റെ തകർന്ന ഭാഗങ്ങളെന്തെങ്കിലും ഉദ്ഘനനങ്ങളിൽ കണ്ടെത്തേണ്ടതല്ലേ? പുരാതന സാഹിത്യത്തിൽ അങ്ങനെയൊന്നിനെ കുറിച്ചുള്ള വിശദവിവരണം കൂടുതലായി ഉണ്ടാകേണ്ടതല്ലേ? വാസ്തവത്തിൽ, നേരത്തേ പറഞ്ഞ ക്യാപ്റ്റൻ ബോഡാസ് പരാമർശിക്കുന്ന ഭരദ്വാജ മഹർഷിയുടെ വൈമാനികശാസ്ത്രം 1904-നു മുമ്പ് രചിച്ചതല്ല. മൈസൂരുള്ള അന്താരാഷ്ട്ര സംസ്‌കൃത പഠനകേന്ദ്രത്തിന്റെ സ്ഥാപകൻ, ഒരു എ.എം.ജോസിയർ ആണ് 1951-ൽ അത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ക്യാപ്റ്റൻ ബോഡാസ് ഉദ്ധരിക്കുന്ന സംസ്‌കൃതശ്ലോകങ്ങളുടെ സ്രഷ്ടാവ്, 20-ാം നൂറ്റാണ്ടിന്റെ ആദ്യകാലത്തെ ഒരു പണ്ഡിറ്റ് സുബ്ബരായശാസ്ത്രികളാണ്. അദ്ദേഹത്തിന്റെ അടുപ്പക്കാരനും, അന്ന് ഒരു പ്രാദേശിക എഞ്ചിനീയറിംഗ് കോളേജിലെ ഡ്രാഫ്റ്റ്‌സ്മാനുമായിരുന്ന ഒരു എല്ലാപ്പയാണ് അതിലെ പുരാതന ഇന്ത്യൻ വിമാനങ്ങളുടെ രൂപരേഖകൾ വരച്ചിരിക്കുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ എയറോനോട്ടിക്കൽ-മെക്കാനിക്കൽ എഞ്ചിനീയറിംഗ് വകുപ്പുകളിലെ ഒരു കൂട്ടം യുവശാസ്ത്രജ്ഞർ ഈ രേഖാചിത്രങ്ങൾ പഠിച്ച്, 1974-ൽ തന്നെ തങ്ങളുടെ പഠനറിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ റിപ്പോർട്ടിൽ സ്ഥിരീകരിക്കുന്നത്, ഈ വിമാനങ്ങൾക്കൊന്നും തന്നെ പറക്കുവാനുള്ള ഗുണവിശേഷങ്ങളോ ശേഷിയോ ഇല്ലെന്നാണ്.
പറപ്പിക്കുക എന്ന ഉദ്ദേശ്യത്തിൽ കൂടി പരിശോധിച്ചാൽ ഇവയുടെ ജ്യാമിതി ഭാവനാതീതമായ ആഘാതമേൽപ്പിക്കുന്നതാണ്. ക്യാപ്റ്റൻ ബോഡാസ് അവകാശപ്പെടുന്നത് ഭരദ്വാജമുനിയുടെ രചനകൾക്ക് 9000 വർഷത്തെ പഴക്കമുണ്ടെന്നാണ്. എന്നാൽ മുനിയുടെ പേര് പരാമർശിക്കപ്പെടുന്നത്, 1000 വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്ത അന്തിമ വൈദികകാലഘട്ടത്തിലെ ശ്ലോകങ്ങളിൽ മാത്രമാണ്. അതായത്, ഇന്ത്യയിലെ പൗരാണികവിമാനത്തിന്റെ വിഷയവും അതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിൽ അവതരിപ്പിക്കപ്പെട്ട പ്രബന്ധവും, ഏറ്റവും ചുരുങ്ങിയ തോതിലുള്ള ആത്മാർത്ഥതയോ ആധികാരികതയോ പോലും ഇല്ലാത്ത, വ്യക്തമായ കബളിപ്പിക്കലാണ്. (ഉറവിടം: ദ ഹിന്ദു – 2015 ജനുവരി 3,4,6; ഇന്ത്യൻ എക്‌സ്പ്രസ്സ് ജനുവരി 6, ഡൽഹി എഡിഷൻ പേജ് 2; ഡെക്കാൻ ഹെറാൾഡ് 2015 ജനുവരി 9; ദ സ്റ്റേറ്റ്‌സ്മാൻ, കൊൽക്കത്ത എഡിഷൻ, 2015 ജനുവരി 11) കൂടുതൽ ഉദാഹരണങ്ങളിലേക്കു പോകുന്നതിന്റെ അർത്ഥശൂന്യത തെളിയിക്കാൻ ഈ ഒറ്റ ഉദാഹരണം തന്നെ ധാരാളമെന്നു കരുതുന്നു.

ഈ മതഭ്രാന്തിനെ പ്രഹരിച്ചു കൊണ്ടാണ്, ഇന്ത്യൻ നവോത്ഥാനത്തിലെ മതേതര മാനവവാദത്തിന്റെ പ്രഥമഗണനീയനായ ഈശ്വരചന്ദ്ര വിദ്യാസാഗർ പറഞ്ഞത്, ആശയഭ്രാന്തന്മാർ മുന്നിലേക്ക് നോക്കാൻ മറന്നിരിക്കുന്നുവെന്ന്. പാശ്ചാത്യരാജ്യങ്ങളിൽ നിന്നുള്ള കണ്ടുപിടിത്തങ്ങളൊന്നും തന്നെ അവർ എളുപ്പത്തിൽ അംഗീകരിക്കുകയില്ല. എന്നാൽ ഏതെങ്കിലും കണ്ടുപിടിത്തത്തിന് വൈദികകാലവുമായി എന്തെങ്കിലും നേരിയ സാമ്യമുണ്ടെന്നു തോന്നിയാലോ, അവരുടെ അഹംഭാവം അതിരില്ലാതെ കുതിച്ചുയരുകയായി. എല്ലാം വേദങ്ങളിലുണ്ടെന്നും, പിന്നെ പാശ്ചാത്യവിജ്ഞാനവും ശാസ്ത്രവും ആർജ്ജിക്കേണ്ടതിന്റെ ആവശ്യകതയെന്തെന്നും അവർ വാദിക്കും. ഇത്തരം യാഥാസ്ഥിതികവും പിന്തിരിപ്പനുമായ മനോഭാവത്തെ പരിഹസിച്ചുകൊണ്ടാണ് ”വേദങ്ങളിൽ എല്ലാമുണ്ട്” എന്ന് പ്രസിദ്ധ ശാസ്ത്രജ്ഞനായിരുന്ന ഡോക്ടർ മേഘ്‌നാദ് സാഹ പറഞ്ഞത്.’ വിദ്യാസാഗറിനെയും മേഘ്‌നാഥ് സാഹയെയും പോലുള്ളവരുടെ പോരാട്ടം ഒരു പുതിയ രൂപത്തിൽ ഇന്ന് പുനരാരംഭിക്കേണ്ടിയിരിക്കുന്നു.
ഇന്ന് കേന്ദ്രത്തിൽ അധികാരം കൈയ്യാളുന്ന ശാസ്ത്രവിരുദ്ധശക്തികൾക്ക്, ജനങ്ങളുടെ വിവേചനശക്തിയും മതേതര-ശാസ്ത്രീയ മനോഭാവവും നശിപ്പിച്ച്, പകരം അന്ധതയും മതഭ്രാന്തും അന്ധവിശ്വാസവും കുത്തിവെയ്ക്കാനാണ് താത്പര്യം. ആധുനികജീവിതത്തിൽ ശാസ്ത്രത്തിന്റെ, പ്രത്യേകിച്ചും, അതിന്റെ സാങ്കേതികവശങ്ങളുടെ ആവശ്യകത നിഷേധിക്കാൻ അവർക്കാകില്ല. അതുകൊണ്ട്, മനസ്സിന്റെ ശാസ്ത്രീയവീക്ഷണവും, സത്യം കണ്ടെത്തുവാനുള്ള മനോഭാവവും തകർത്ത്, പകരം ശാസ്ത്രത്തിന്റെ സാങ്കേതികവശങ്ങളിൽ മാത്രം ഊന്നൽ കൊടുക്കുകയാണ് അവർ. ഇത് ഫാഷിസത്തിന്റെ സ്വഭാവവിശേഷമാണ്. വളരെ മുമ്പേതന്നെ ഫാഷിസത്തിന്റെ ഈ സ്വഭാവസവിശേഷതയെ തുറന്നുകാട്ടിക്കൊണ്ട്, ഈ കാലഘട്ടത്തിലെ ഏറ്റവും സമുന്നതരായ മാർക്‌സിസ്റ്റ് ചിന്തകരിലൊരാളായ സഖാവ് ശിബ്ദാസ് ഘോഷ് പറഞ്ഞിരുന്നു, ‘ഫാഷിസത്തിന്റെ സൈദ്ധാന്തികവും സാംസ്‌ക്കാരികവുമായ അടിത്തറ നിർമ്മിച്ചിരിക്കുന്നത്, ആത്മീയതയുടേയും ശാസ്ത്രത്തിന്റെ സാങ്കേതികവശങ്ങളുടേയും ഒരു അസാധാരണമായ സംയോജനത്തിലൂടെയാണ്.’ഇന്ന് ബിജെപിയും ആർഎസ്എസ്സും, അവരുടെ വഴികാട്ടിയും യജമാനരുമായ ഇന്ത്യൻ കുത്തകകളുടെ പിന്തുണയോടു കൂടി, ഇതേ പദ്ധതി നടപ്പിൽ വരുത്താനാണ് ശ്രമിക്കുന്നത്. അവർക്കറിയാം, ജനങ്ങൾ അജ്ഞരും അന്ധരുമായി ഇരിക്കുന്നിടത്തോളം കാലം അവർക്ക് അവരുടെ ചൂഷകഭരണം നിർബ്ബാധം തുടരാനാകുമെന്ന്. ഇനിയും വൈകുന്നതിനു മുമ്പ് ഈ അപകടത്തെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരായില്ലെങ്കിൽ, വലിയ വില കൊടുക്കേണ്ടി വരുന്ന ഒരു ദുരന്തത്തിലേക്കാകും അത് നമ്മെ നയിക്കുക.

Share this post

scroll to top