ചരക്ക്- സേവന നികുതി (GST) കുത്തകകൾക്കുവേണ്ടിയുള്ള നികുതി ഘടനാപരിഷ്‌ക്കാരം

Share

2009-ൽ, അന്നത്തെ കോൺഗ്രസ് സർക്കാരാണ് ഈ നിർദ്ദേശം മുന്നോട്ടു വെച്ചത്. ഇപ്പോഴത്തെ ബിജെപി സർക്കാരാകട്ടെ ഇത് നടപ്പിൽ വരുത്തുന്നു. സിപിഐ(എം) അടക്കം, മിക്കവാറും പ്രതിപക്ഷപ്പാർട്ടികൾ ഒക്കെത്തന്നെ ജിഎസ്ടിക്ക് അനുകൂലമാണ്. ജിഎസ്ടി നിരക്ക് 18% ആയി നിജപ്പെടുത്തണമെന്ന ആവശ്യം കോൺഗ്രസ് മുന്നോട്ടു വെച്ചിരുന്നുവെങ്കിലും, അത് ആദർശത്തിലേറെ ബിജെപി സർക്കാരുമായി വിലപേശാനുള്ള ഉപകരണം മാത്രമായിരുന്നു. പക്ഷേ തത്വത്തിൽ, സിപിഐ(എം)അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഒന്നും തന്നെ ജിഎസ്ടിക്ക് എതിരല്ല. ജിഎസ്ടി അവതരിപ്പിക്കുന്നത് ജനത്തിന്റെ നടുവൊടിക്കുമോ, അവരെ കൂടുതൽ പാപ്പരാക്കുമോ, എന്നൊക്കെയുള്ള വിലയിരുത്തൽപോലും അവരുടെ പരിഗണനയിൽ ഇല്ല എന്നാണിത് കാണിക്കുന്നത്. വാസ്തവത്തിൽ, സർക്കാരിന്റെ ഭാഗത്തുനിന്നും സ്വാഗതാർഹമായ നീക്കമാണ് ജിഎസ്ടി എന്ന മട്ടിലുള്ള നിലപാടാണ് ജനങ്ങൾക്കുമുമ്പാകെ ഇവർ കൈക്കൊണ്ടിട്ടുള്ളതും. പ്രതിപക്ഷപാർട്ടികൾ ഉയർത്തിയ എതിർപ്പിന്റെ ചെറുസ്വരങ്ങളാകട്ടെ, കോൺഗ്രസും പ്രാദേശികപാർട്ടികളും ഭരിക്കുന്ന സംസ്ഥാനസർക്കാരുകൾക്ക് ജിഎസ്ടിയിൽ നിന്നുള്ള വരുമാനത്തിന്റെ പങ്ക് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടു മാത്രമായിരുന്നു താനും. ജിഎസ്ടി നടപ്പിൽ വരുത്തുമ്പോൾ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാനനഷ്ടം പൂർണ്ണമായും പരിഹരിക്കാമെന്ന കേന്ദ്രധനകാര്യവകുപ്പു മന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ ഉറപ്പിന്മേൽ, എതിർപ്പിന്റെ ആ ചെറുസ്വരങ്ങൾ പോലും കെട്ടടങ്ങുകയുണ്ടായി. ഈ പശ്ചാത്തലത്തിൽ, ഭരിക്കുന്ന കുത്തകകളുടെ താൽപ്പര്യാർത്ഥമുള്ള ഈ പദ്ധതി യാതൊരു എതിർപ്പും കൂടാതെ നടപ്പാക്കപ്പെടുകയാണ്. ധനകാര്യമന്ത്രി അവകാശപ്പെടുന്നത്, ജിഎസ്ടി നടപ്പിലാക്കുമ്പോൾ ഇന്ത്യ ഒരു ഏകീകൃതകമ്പോളമാക്കപ്പെടുകയും, നികുതിക്കുമേലുള്ള നികുതി ഒഴിവായി ചരക്കുകൾക്കും സേവനങ്ങൾക്കും വില കുറഞ്ഞ് വ്യാപാരത്തിന് വളരെയധികം സഹായകരമാകുന്ന അവസ്ഥയുണ്ടാകുകയും ചെയ്യുമെന്നാണ്. ഇന്ത്യയുടെ ജിഡിപി വളർച്ചാനിരക്ക് പ്രതിവർഷം 2% വെച്ച് വർദ്ധിക്കുമെന്നും ജിഎസ്ടിയെ അനുകൂലിക്കുന്നവർ പറയുന്നു. നമുക്ക് ഈ അവകാശവാദത്തിന്റെ സാധുതയും, തുടർന്ന് എന്തുകൊണ്ട് ജിഎസ്ടി നടപ്പിലാക്കുന്നു എന്നും പരിശോധിക്കാം.

മുതലാളിത്തത്തിനുള്ളിലെ പരിഷ്‌കരണനടപടികളൊന്നും ജനങ്ങൾക്ക് അനുകൂലമായിരിക്കില്ല
ജിഎസ്ടിയെ സംബന്ധിക്കുന്ന ചർച്ചകളിലേക്കു കടക്കുന്നതിനു മുമ്പേ ആവർത്തിക്കട്ടെ, ഭരിക്കുന്ന കുത്തകകളുടെ താൽപ്പര്യങ്ങൾ അനുസരിച്ചുള്ളതല്ലാതെ യാതൊരുവിധ പരിഷ്‌കാരമോ, നടപടിയോ, ചുവടുവെയ്‌പ്പോ ഒരു മുതലാളിത്തരാജ്യത്തിലെ ബൂർഷ്വാ സർക്കാർ ആലോചിക്കുകയോ കൈക്കൊള്ളുകയോ ഇല്ല. ഈ കാലഘട്ടത്തിലാകട്ടെ, അപരിഹാര്യമായി വളരുന്ന കടുത്ത സാമ്പത്തികപ്രതിസന്ധിയെ മറികടക്കാൻ നിഷ്ഫലമെങ്കിലും, ആഗോളവൽക്കരണ-ഉദാരവൽക്കരണ കുറിപ്പടികളുമായി, വേവലാതിയോടെ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് മുഴുവൻ മുതലാളിത്ത-സാമ്രാജ്യത്വ ലോകവും. അതുകൊണ്ടുതന്നെ, മുതലാളിത്ത രാജ്യങ്ങളിലെ മുതലാളിത്ത ഭരണകൂടവും അവരുടെ രാഷ്ട്രീയ കാര്യകർത്താക്കളും സർക്കാരുകളും, സ്വദേശിയും വിദേശിയുമായ കുത്തകകളുടേയും കോർപ്പറേറ്റുകളുടേയും സ്ഥാപിതതാൽപ്പര്യങ്ങൾ സംരക്ഷിക്കുവാനുതകുന്ന നിയമങ്ങളും നിയന്ത്രണങ്ങളും ചട്ടങ്ങളും മാത്രമേ ആവിഷ്‌കരിക്കുകയുള്ളു. എന്നിട്ട,് ജനത്തെ തെറ്റിദ്ധരിപ്പിക്കാനായി, തങ്ങളുടെ വഞ്ചനയെ മറച്ചുവെക്കാനായി, കൈനിറയെ വാഗ്ദാനങ്ങളും ഉറപ്പുകളും നൽകും. അതുകൊണ്ടു തന്നെ, ഇത്തരം നടപടികളും നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കാരങ്ങളും ജനങ്ങൾക്ക് എന്തെങ്കിലും ആശ്വാസം കൊണ്ടുവരുമെന്ന് ആരെങ്കിലും പ്രതീക്ഷ വെച്ചു പുലർത്തിയാൽ, അതു സങ്കൽപ്പമോ ആത്മവഞ്ചനയോ മാത്രമാകും. അതേ സമയം, ഓരോ ദിവസവും കൂടുതൽ രൂക്ഷമായി കൊണ്ടിരിക്കുന്ന മുതലാളിത്ത പ്രതിസന്ധി മൂലം സാമ്പത്തികവും രാഷ്ട്രീയവുമായ അധികാരം തങ്ങളിലേക്ക് കൂടുതൽ ദൃഢീകരിച്ച് കേന്ദ്രീകരിക്കുന്നതിൽ നിർബന്ധബുദ്ധി കാണിക്കുകയാണ് കുത്തകമുതലാളിത്തം. അതിലൂടെ എതിർപ്പിന്റെ യഥാർത്ഥ സ്വരങ്ങളെ അട്ടിമറിക്കാനും, ഹീനമായ ലക്ഷ്യങ്ങളെ, മധുരം പുരട്ടിയ നിർദ്ദേശങ്ങളാൽ പൊതിഞ്ഞവതരിപ്പിച്ച് യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്നും കുബുദ്ധിയോടെ ശ്രദ്ധ തിരിച്ചുവിടാനും അവർ ശ്രമിക്കുന്നു. ഇതു മനസ്സിലാക്കിക്കൊണ്ടു വേണം ജിഎസ്ടിയെ സംബന്ധിച്ച ചർച്ചകൾ നമ്മൾ നടത്താൻ. ഭാരതസർക്കാർ സ്വീകരിക്കുകയും നിരന്തരമായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന വിനാശകരമായ മുതലാളിത്ത-ആഗോളവൽക്കരണ-ഉദാരവൽക്കരണ നയങ്ങളുടെയും നടപടികളുടെയും ഭാഗമായി തന്നെയാണ് ചരക്കു-സേവന നികുതി അവതരിപ്പിക്കുന്നതെന്നും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. അപ്പോൾ പ്രധാനചോദ്യം എന്നത്, ഈ നികുതിസംവിധാനം എത്രത്തോളം സുഗമവും ബുദ്ധിമുട്ടില്ലാത്തതുമായിരിക്കും എന്നതല്ല. മറിച്ച്, കേന്ദ്രീകരിച്ച്, ദൃഢീകരിക്കപ്പെട്ട ഈ ശക്തമായ ഏകീകൃത നികുതിസംവിധാനം ജനത്തിന്റെ ചോര എത്രത്തോളം ഊറ്റും എന്നതാണ് അറിയേണ്ടത്.

ചരക്കു-സേവനനികുതി – കൂടുതൽ വിശദാംശങ്ങൾ
ചരക്കു-സേവന നികുതിയുടെ പ്രയോക്താക്കൾ വാദിക്കുന്നത്, വിവിധങ്ങളായ നികുതികളുള്ള സംവിധാനം നിലനിൽക്കുന്നതു മൂലം നികുതി വെട്ടിപ്പു മുതൽ തെറ്റായ നികുതി കണക്കുകൂട്ടലും തർക്കങ്ങളും വരെ ,നിരവധി പ്രശ്‌നങ്ങൾ സൃഷ്ടിക്കപ്പെടുന്നു എന്നാണ്. മാത്രവുമല്ല, നേരിട്ടുള്ള വിദേശനിക്ഷേപം, കൂട്ടുസംരംഭങ്ങൾ, തന്ത്രപരമായ സഖ്യങ്ങൾ എന്നീ വഴികളിലൂടെല്ലാം വിദേശനിക്ഷേപകർ കൂടുതലായി ഇന്ത്യൻ കമ്പോളത്തിലേക്ക് എത്തുന്ന സാഹചര്യത്തിൽ, നികുതിസംവിധാനത്തെ സുഗമമാക്കുകയെന്നത് അതീവപ്രാധാന്യമുള്ള ആവശ്യമാകുന്നു. കൂടാതെ, വിവിധങ്ങളായ നികുതി സംവിധാനങ്ങൾ നിലനിൽക്കുന്നത്, ഇരട്ടനികുതിയിലേക്കും നികുതിക്കുമേൽ നികുതിയിലേക്കും നയിക്കുന്നു. ജിഎസ്ടി ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കും. അന്തിമ ഉപഭോക്താവ്, വിതരണശൃംഖലയിലെ അവസാനവിൽപ്പനക്കാരൻ ചുമത്തുന്ന ജിഎസ്ടി മാത്രം ഒടുക്കിയാൽ മതിയാകും. (അതായത്, നേരത്തേ അടച്ച നികുതി വിതരണശൃംഖലയിലെ ശേഷമുള്ള ഘട്ടങ്ങളിൽ കുറവു ചെയ്യുന്നു) സന്ദർഭവശാൽ ഇവിടെ വിതരണശൃംഖലയെന്നു പറയുന്നത്, അസംസ്‌കൃതവസ്തുക്കളുടെ സംഭരണം മുതൽ ചില്ലറ വിൽപ്പനശാല വഴി ഉൽപ്പന്നത്തിന്റെ വിൽപ്പന വരെയുള്ള മൂല്യവിതരണ സംവിധാനത്തിന്റെ സാങ്കേതിക സംജ്ഞയാണ്. ഇതിൽ, സ്ഥാപനത്തിനും ഉപഭോക്താക്കൾക്കുമിടയിൽ നിർണ്ണായകബന്ധം നിലനിർത്തുന്ന, മേൽത്തട്ടിലും താഴേത്തട്ടിലുമുള്ള പങ്കാളികളും ഉൾപ്പെടുന്നു. സ്ഥാപനത്തിന്റെ മേൽത്തട്ടിൽ, അസംസ്‌കൃതവസ്തുക്കൾ, ഘടകങ്ങൾ, സാമ്പത്തികസഹായം, ഉൽപ്പന്നമോ സേവനമോ നിർമ്മിക്കാനാവശ്യമായ നൈപുണ്യം എന്നിവ നൽകുന്ന മറ്റ് സ്ഥാപനങ്ങൾ ഉണ്ടാകും. അതേപോലെ താഴേത്തട്ടിലാകട്ടെ, മൊത്തവിൽപ്പനക്കാരും ചില്ലറവിൽപ്പനക്കാരുമടങ്ങുന്ന വ്യാപാരപങ്കാളികളും ഉണ്ടാകും. സാമ്പത്തികശാസ്ത്രമനുസരിച്ച്, വിതരണശൃംഖലയുടെ ഓരോ ഘട്ടത്തിലും മൂല്യവർദ്ധനവ് ഉണ്ടാകുന്നു. ഉദാഹരണത്തിന്, അസംസ്‌കൃത തുകലിനെ സംസ്‌കരിച്ച തുകലാക്കി മാറ്റുമ്പോൾ അവിടെ മൂല്യവർദ്ധനവ് ഉണ്ടാകുന്നു. ഈ സംസ്‌കരിച്ച തുകലിനെ, തുകൽ ബാഗുകൾ നിർമ്മിക്കുവാനായി വിവിധ ആകൃതികളിൽ മുറിച്ചെടുക്കുമ്പോൾ മൂല്യവർദ്ധനവിന്റെ മറ്റൊരു ഘട്ടമാകുന്നു. പിന്നീട് ഇവയെ ചേർത്തുതുന്നിയെടുത്ത് തുകൽ ബാഗാക്കി മാറ്റുമ്പോൾ വീണ്ടും മൂല്യവർദ്ധനവ് സംഭവിക്കുന്നു. അങ്ങനെ അത് തുടരുന്നു. ഉദാഹരണമായി, ഒരു കുപ്പി വെള്ളത്തിന്റെ ഫാക്ടറി വില നിലവിൽ 100 രൂപയായി സങ്കൽപ്പിക്കുക. ഇതിന്റെ കൂടെ എക്‌സൈസ് ഡ്യൂട്ടിയും സേവന നികുതിയും 10 രൂപ വീതം കൂട്ടുക. അങ്ങനെ 120 രൂപ വിലയാകുന്ന കുപ്പിവെള്ളത്തിനു മേൽ സംസ്ഥാനസർക്കാർ 10% വാറ്റ് ഈടാക്കുമെങ്കിൽ, കുപ്പിയുടെ വിൽപ്പനവില 132 രൂപയാകുന്നു. ഇതെന്തുകൊണ്ട്? കാരണം, ആദ്യത്തെയാൾ രണ്ടാമത്തെയാൾക്കു വിൽപ്പന നടത്തുമ്പോൾ അവിടെ വിൽപ്പനനികുതി കൂടി ചേർത്താണ് വിൽക്കുന്നത്. ഇനി രണ്ടാമത്തെയാൾ മൂന്നാമതൊരാൾക്കു മറിച്ചു വിൽക്കുമ്പോളും അവിടെ വിൽപ്പനനികുതി കൂട്ടിച്ചേർക്കപ്പെടുന്നു. അതായത്, രണ്ടാമത്തെയാൾ വിൽപ്പനനികുതി കണക്കാക്കുമ്പോൾ അവിടെ മുൻവിൽപ്പനയുടെ വിൽപ്പനനികുതി അടച്ചതും കണക്കിലെടുക്കുന്നു. അങ്ങനെ അത് നികുതിക്കുമേൽ നികുതി ആകുന്നു. ഈ തുടർച്ചയുടെ പ്രഭാവത്തെക്കുറിച്ച് കൂടുതൽ ഉൾക്കാഴ്ച്ച വേണമെന്നുണ്ടെങ്കിൽ നമുക്കാ തുകൽബാഗിന്റെ നിർമ്മാണവും കമ്പോളത്തിലെ വിൽപ്പനയും തന്നെയെടുക്കാം. ഒരു യൂണിറ്റ് തുകൽബാഗ് നിർമ്മിക്കാനായി ഒരു യൂണിറ്റ് തുകലും ഒരു യൂണിറ്റ് അദ്ധ്വാനവും വേണമെന്നു സങ്കൽപ്പിക്കുക. കൂലി നിരക്ക് 100 രൂപയും, നികുതിക്കു മുമ്പേ ഒരു യൂണിറ്റ് തുകലിന്റെ വില 100 രൂപയും ആണെന്ന് വിചാരിക്കുക. ഇവിടെ തുകൽബാഗ് നിർമ്മാണത്തിലെ ലാഭപ്രതീക്ഷ 20 ശതമാനവും തുകലിന്റെയും തുകൽബാഗിന്റെയും ഉൽപ്പന്നത്തിന്റെ മൂല്യത്തിനു മേലുള്ള പരോക്ഷനികുതി നിരക്ക് 10ശതമാനം വീതവുമാണെങ്കിൽ, 277.2 രൂപയ്ക്കാകും ആ തുകൽ ബാഗ് വിൽക്കപ്പെടുക. അതായത്, തുകലിന്റെ വില 100 രൂപ, അതിന്മേലുള്ള 10% നികുതി, 100 രൂപ കൂലി – അങ്ങനെ 210 രൂപ. അതിന്മേൽ 20 ശതമാനം ലാഭം കണക്കാക്കുമ്പോൾ 42 രൂപ കൂടിച്ചേർന്ന് 252 രൂപ. ഇനി 10 ശതമാനം അന്തിമ വിൽപ്പനനികുതി കൂടി കണക്കാക്കുമ്പോൾ, 25.2 രൂപ. അങ്ങനെ ആകെ 277.2 രൂപ മൊത്തം വില. ഇതിൽ 35.2 രൂപ മൊത്തം നികുതി കണക്കാക്കപ്പെട്ടിരിക്കുന്നു. ഇതിൽ തുകൽബാഗിന്റെ 25.2 രൂപ നികുതിയിൽ, 1.2 രൂപ നേരത്തേയടച്ച നികുതിക്കു മേലുള്ള നികുതിയാണ്. കാരണം തുകലിനു മേലുള്ള നികുതി, വില വർദ്ധിപ്പിക്കുകയും അതുവഴി തുകൽബാഗിന്റെ വില കൂട്ടുകയും ചെയ്തിരിക്കുന്നു. ഇത് തെളിയിക്കുന്നത്, മുൻകൂട്ടി അടയ്‌ക്കേണ്ടിവരുന്ന നികുതി, കൂടുതൽ നികുതി അടയ്ക്കുവാൻ നിർബന്ധിതമാക്കുന്നു. ഇതാണ് യുക്തിഹീനമായി വിലയിരുത്തുന്നത്. കാരണം നികുതി കണക്കാക്കുന്നത് വിതരണശൃംഖലയിലെ ഓരോ ഘട്ടത്തിലും നടക്കുന്ന മൂല്യവർദ്ധനവിനു മേലാകണം.
ഈ യുക്തിരാഹിത്യം ജിഎസ്ടി ഒഴിവാക്കും എന്ന് വാദിക്കുന്നു. നിലവിൽ എല്ലാ നികുതികളും ഉൽപ്പാദനഘട്ടത്തിൽ ചുമത്തപ്പെടുമ്പോൾ ജിഎസ്ടിയാകട്ടെ ഉദ്ദിഷ്ടസ്ഥാന സിദ്ധാന്തത്തിന്മേൽ, ഉപഭോഗാധിഷ്ഠിത നികുതിയാണ്. നിലവിലുള്ള പ്രക്രിയ പ്രകാരം, ഉത്പാദനകേന്ദ്രത്തിൽ നിന്നും ഉൽപ്പന്നങ്ങൾ നീക്കുമ്പോൾ എക്‌സൈസ് ഡ്യൂട്ടിയും വിൽപ്പനവേളയിൽ വാറ്റും ചുമത്തപ്പെടുമ്പോൾ, അന്തിമ ഉപഭോഗം നടക്കുന്നിടത്തു മാത്രമേ ചരക്കുകൾക്കും സേവനങ്ങൾക്കും മേൽ ചരക്കു സേവന നികുതി ചുമത്തപ്പെടുന്നുള്ളു. മറ്റു വാക്കുകളിൽ, വിതരണത്തിന്റെ അവസരത്തിൽ മാത്രമേ ജിഎസ്ടി അടക്കേണ്ട ബാധ്യതയുണ്ടാകുന്നുള്ളു. വിതരണശൃംഖലയിലെ വിൽപ്പനയുടേയും വിതരണത്തിന്റെയും ഓരോ ഘട്ടത്തിലും മൂല്യവർദ്ധിത ചരക്കുകൾക്കും സേവനങ്ങൾക്കും മേൽ നികുതി ശേഖരിക്കപ്പെടുന്നു. ചരക്കുകളുടേയും സേവനങ്ങളുടേയും സമ്പാദനവേളയിൽ ഈടാക്കപ്പെടുന്ന ജിഎസ്ടി, അന്തിമ ഉത്പ്പന്നത്തിനുമേൽ ഒടുക്കേണ്ട ജിഎസ്ടിയിൽ നിന്നും കുറവു ചെയ്യുന്നു. ഉത്പാദകനും, മൊത്തവിൽപ്പനക്കാരും, ചില്ലറവിൽപ്പനക്കാരുമെല്ലാം നിർണ്ണയിക്കപ്പെട്ട ജിഎസ്ടി നിരക്കുകൾ അടയ്ക്കുമെങ്കിലും നികുതി ക്രെഡിറ്റ് സംവിധാനത്തിലൂടെ അത് തിരികെനേടുന്നു.
ഈ സംവിധാനം ലക്ഷ്യസ്ഥാനത്തിൽ അധിഷ്ഠിതമായതു കൊണ്ട് മൂന്നുതരം ജിഎസ്ടി ഉണ്ടാകും – സിജിഎസ്ടി അഥവാ കേന്ദ്ര ജിഎസ്ടി, എസ്ജിഎസ്ടി അഥവാ സംസ്ഥാന ജിഎസ്ടി, ഐജിഎസ്ടി അഥവാ അന്തർ സംസ്ഥാന ജിഎസ്ടി. ഒരു സംസ്ഥാനത്തിനകത്തു തന്നെ, ഉദാഹരണത്തിന്, കൊച്ചിയിൽ നിന്നും കൊല്ലത്തേക്ക് ചരക്കുകൾ നീങ്ങുകയാണെങ്കിൽ കേന്ദ്ര ജിഎസ്ടിയും സംസ്ഥാന ജിഎസ്ടിയും ഈടാക്കപ്പെടും. പിരിച്ചെടുക്കുന്ന നികുതിയുടെ ആനുപാതികവിഹിതം കേന്ദ്ര സംസ്ഥാന സർക്കാരുകളിലേക്ക് ചെന്നുചേരും. ഇനി കൊല്ലത്തു നിന്നും തൃശൂരേക്ക് ചരക്ക് പുനർവിൽപ്പന നടത്തിയാലോ, അപ്പോഴും സംസ്ഥാനത്തിനകത്തു തന്നെ. കേന്ദ്ര ജിഎസ്ടിയും സംസ്ഥാന ജിഎസ്ടിയും ഈടാക്കപ്പെടും. വിൽപ്പനവില വർദ്ധിക്കുന്നു, അതുകൊണ്ടു തന്നെ നികുതി ബാധ്യതയും. ഇനി ചരക്കുകൾ കോയമ്പത്തൂരിലേക്ക് നീങ്ങുകയാണെങ്കിൽ, അത് സംസ്ഥാനത്തിനു പുറത്തേക്കാകുന്നു, അവിടെ അന്തർ സംസ്ഥാന ജിഎസ്ടി മാത്രം ബാധകമാകുന്നു. ഇത് പൂർണ്ണമായും കേന്ദ്രസർക്കാരിനുള്ളതാണ്.
ഇവിടെ വെളിവാകുന്നത്, അന്തിമവില അഥവാ ചില്ലറവിലയ്ക്കു മേൽ ചുമത്തപ്പെടുന്ന സംയോജിത ജിഎസ്ടിയിലൂടെയുള്ള മുഴുവൻ നികുതി തുകയും അന്തിമ ഉപഭോക്താവിൽ നിന്നാണ് ഈടാക്കുക. അന്തിമവില, ചരക്കുനീക്കത്തെയും വിതരണം നടക്കുന്ന സ്ഥലത്തെയും അടിസ്ഥാനമാക്കിയാകും. അതനുസരിച്ച് വില ഉയരുകയും ചെയ്യാം. ജിഎസ്ടിയുടെ പ്രയോക്താക്കൾ അവകാശപ്പെടുന്നത്, വിവിധ നികുതികളെ ജിഎസ്ടിയിലൂടെ ഏകീകരിക്കുമ്പോൾ, സംവിധാനത്തിലെ ഇരട്ട നികുതികൾ ഒഴിവായി, ഉപഭോക്താവിന് അവസാന വില കുറയുമെന്നാണ്. അവർ പറയുന്നത്, ഉപഭോക്തൃ ഉത്പന്നങ്ങൾക്ക് ഇപ്പോഴത്തെ നികുതി ഘടനയിൽ ഉത്പാദനച്ചെലവിന്റെ ഏകദേശം 25-26% വരെ നികുതി, എക്‌സൈസ് ഡ്യൂട്ടിയും വാറ്റും മൂലം ഉപഭോക്താവ് കൊടുക്കേണ്ടി വരുന്നുവെന്നാണ്. ബൂർഷ്വാ സാമ്പത്തികശാസ്ത്രജ്ഞരും, നയരൂപീകരണത്തിന്റെ ഭാഗമായവരും പറയുന്നത,് ജിഎസ്ടി നിരക്ക് 18-22 ശതമാനത്തിലാകും എന്നാണ്. ഈ ഊഹത്തിന്റെ പുറത്ത് അവർ സമർത്ഥിക്കുന്നത,് ചരക്കുകൾക്കും സേവനങ്ങൾക്കും നേരിയ തോതിൽ വില കുറയുമെന്നാണ്. പക്ഷേ ജിഎസ്ടി നിയമത്തിൽ ഒരു അവിശ്വസനീയമായ വ്യവസ്ഥയുണ്ട്. നേരത്തേ ചൂണ്ടിക്കാട്ടിയതുപോലെ, നികുതിക്കുമേലുള്ള നികുതി ജിഎസ്ടി അവസാനിപ്പിക്കുമെന്നു പറയാനുള്ള കാരണം, ചരക്കുകളോ സേവനങ്ങളോ ഉത്പാദിപ്പിക്കുന്നതിനിടയിൽ വിൽക്കുന്നയാൾ ഒടുക്കേണ്ടി വന്നിട്ടുള്ളതായ നികുതിക്ക് പകരം, ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് (Input Tax Credit) നേടുവാൻ വാങ്ങുന്നയാൾക്ക് അവകാശമുണ്ടാകുമെന്നതാണ്. എന്നാൽ നിയമത്തിൽ പറയുന്നതു പ്രകാരം, വിൽപ്പന നടത്തുന്നയാൾ ഇങ്ങനെ ജിഎസ്ടി അടച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം വാങ്ങുന്നയാൾക്കായിരിക്കും. ഈ ശ്രമകരമായ നിബന്ധനയുടെ നടപ്പിലാക്കലിന്റെ പ്രായോഗികത സംശയമുണർത്തുകയാണ്. സ്വാഭാവികമായും ഉയരുന്ന ചോദ്യം, അങ്ങനെ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് സാധ്യമല്ലെങ്കിൽ പിന്നെ നികുതിക്കുമേൽ നികുതി എന്നത് എങ്ങനെ ഒഴിവാക്കപ്പെടും എന്നതാണ്. മാത്രവുമല്ല, അങ്ങനെ നികുതിക്കുമേൽ നികുതി നിലനിൽക്കുകയാണെങ്കിൽ പിന്നെങ്ങനെയാണ് ഈ പരിഷ്‌കരിച്ച നികുതിസംവിധാനത്തിന് നിലവിലുള്ളതിനേക്കാൾ മേൽക്കോയ്മ അവകാശപ്പെടാനാകുക? ഈ പ്രധാന ചോദ്യങ്ങൾക്കെല്ലാം ഉത്തരം തേടുന്നതിന്, ചരക്ക്-സേവന നികുതിക്കുപിന്നിലെ തത്വത്തിന് എന്തെങ്കിലും പുതുമയുണ്ടോ എന്ന് അന്വേഷിക്കുന്നതും നന്നായിരിക്കും.

ചരക്കു-സേവനനികുതിക്കു പിന്നിലെ ആശയത്തിന് എന്തെങ്കിലും പുതുമയുണ്ടോ?
നമുക്ക്, മൂല്യവർദ്ധിത നികുതി അഥവാ വാറ്റ് അവതരിപ്പിച്ച 2005 ഏപ്രിൽ 1 – ലേക്ക് ഒന്ന് തിരിച്ചു പോകാം. അതിനുമുമ്പ് നികുതിനയങ്ങളുടെ കർത്താക്കൾ വാദിച്ചത്, വരുമാന നികുതി, സ്വത്തു നികുതി, മുനിസിപ്പൽ നികുതികൾ തുടങ്ങിയ പ്രത്യക്ഷ നികുതികളിലൂടെ സമാഹരിക്കുന്ന വരുമാനം വികസനത്തിനാവശ്യമായ തുകയേക്കാൾ എത്രയോ കുറവാണെന്നാണ്. അപ്പോൾ, വരുമാനം കുറവായതുകൊണ്ട് പ്രത്യക്ഷ നികുതികൾ അടയ്ക്കാൻ കഴിവില്ലാതിരുന്ന പാവപ്പെട്ടവരെയുംകൂടി നികുതി അടയ്ക്കാൻ നിർബന്ധിതരാക്കി. അങ്ങനെ, ചരക്കുകളുടെയും സേവനങ്ങളുടെയും കമ്പോളവിലയുടെ ഭാഗമായി സാധാരണക്കാരും വഹിക്കേണ്ടി വരുന്ന പരോക്ഷനികുതിയുടെ സിദ്ധാന്തം ഉണ്ടായി. ബൂർഷ്വാ ഭരണകൂടം അന്ന് ഒളിപ്പിച്ചതും ഇപ്പോഴും ഒളിപ്പിച്ചുകൊണ്ടേയിരിക്കുന്നതുമായ വസ്തുതയെന്തെന്നാൽ, പൊതുഖജനാവിൽ പണമില്ലാതെയാകുന്നത് പ്രത്യക്ഷനികുതിയിലൂടെയുള്ള ധനസമാഹരണത്തിലെ കുറവുകൊണ്ടല്ല. അതിന്റെ കാരണം, വമ്പൻ വ്യവസായികളും, കുത്തകകളും, അതിസമ്പന്നരുമൊക്കെ ശിക്ഷാഭീതി ലവലേശമില്ലാതെ നിയമം വളച്ചൊടിച്ച്, പൊതുഖജനാവിനെ വഞ്ചിച്ച്, വൻതോതിൽ നികുതിവെട്ടിപ്പും നികുതി ഒഴിവാക്കലും നടത്തുന്നതാണ്. ഇക്കൂട്ടർ, തങ്ങളുടെ യഥാർത്ഥ വരുമാനം ജാഗ്രതയോടെ ഒളിപ്പിക്കുകയും, സാമ്പത്തികവ്യവസ്ഥയെ ക്ഷീണിപ്പിക്കുന്ന തരത്തിൽ വൻതോതിൽ കള്ളപ്പണം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇതിനൊക്കെ പുറമേ, വൻവ്യവസായികൾക്ക് അന്യായവും യുക്തിരഹിതവുമായ നികുതിയിളവുകൾ നൽകിയും, മനഃപൂർവം നികുതി വെട്ടിപ്പുനടത്തുന്ന വമ്പൻമാരോട് നീതീകരിക്കാനാകാത്ത ദാക്ഷിണ്യം കാണിച്ചും, സർക്കാർ തന്നെയാണ് വരുമാനത്തിൽ വൻതോതിൽ കുറവുവരുത്തുന്നത്. അപ്പോൾ, അടിക്കടി വർദ്ധിപ്പിക്കുന്ന പരോക്ഷനികുതികൾ അടിച്ചേൽപ്പിക്കാനുള്ള തീരുമാനം, നിർദ്ദയമായ മുതലാളിത്ത ചൂഷണത്താൽ പാപ്പരാക്കപ്പെട്ട ദശലക്ഷങ്ങളുടെ പോക്കറ്റുകൾ വീണ്ടും ചോർത്തുന്നു. ഇതിന് നിരത്തിയ കാരണങ്ങളാകട്ടെ, ദുർബലവും കുറ്റകരമായ വഞ്ചനയുമാണ്.
തുടർന്ന്, മുതലാളിത്ത-ആഗോളീകരണ-ഉദാരീകരണ നയങ്ങളുടെ ഭാഗമായി മൂല്യവർദ്ധിത നികുതി അഥവാ വാറ്റ് അവതരിപ്പിക്കപ്പെടുന്നു. അവിടെയും, വർദ്ധിച്ച പരോക്ഷനികുതികളുടെ ഭാരം സാധാരണക്കാരൻ ചുമലിലേറ്റാൻ നിർബന്ധിതമാകുന്ന നയമായിരുന്നു. കേന്ദ്രധനകാര്യമന്ത്രാലയം രൂപീകരിച്ച സംസ്ഥാന ധനകാര്യമന്ത്രിമാരുടെ ഉന്നതാധികാരസമിതി, 2005 ജനുവരി 17നു പുറത്തിറക്കിയ ധവളപത്രത്തിന്റെ ആമുഖം നോക്കാം. അന്നത്തെ പശ്ചിമ ബംഗാൾ ധനകാര്യമന്ത്രിയായിരുന്ന സിപിഐ(എം)ലെ അസിം ദാസ്ഗുപ്ത അധ്യക്ഷനായിരുന്ന ഈ സമിതി അവകാശപ്പെട്ടത് ഇങ്ങനെയായിരുന്നു, ‘വാറ്റ്…മറ്റനേകം നികുതികളുടെ – ടേൺ ഓവർ ടാക്‌സ്, സർചാർജുകൾ തുടങ്ങിയവ, ദുരിതം ഒഴിവാക്കും… വാറ്റ് നികുതി അടവ് മെച്ചപ്പെടുത്തും…റവന്യൂ വളർച്ച ത്വരിതപ്പെടുത്തും…അങ്ങനെ സാധാരണക്കാരെ, വ്യാപാരികളെ, വ്യവസായികളെ,സർക്കാരിനെ ഒക്കെ സഹായിക്കും.’ വാറ്റ് അവതരിപ്പിച്ചപ്പോഴും വാദിച്ചത്, അപ്പോൾ നിലനിന്നിരുന്ന ഇരട്ടനികുതികളും, നികുതിക്കുമേലുള്ള നികുതിയുമൊക്കെ വിതരണശൃംഖലയുടെ ഓരോ ഘട്ടത്തിലും ഇൻപുട്ട് ടാക്‌സിനുമേൽ മാറ്റിവെക്കപ്പെട്ട ആനുകൂല്യങ്ങളാക്കി, വാറ്റ് സംവിധാനം ഇല്ലാതാക്കുമെന്നായിരുന്നു. യഥാർത്ഥത്തിൽ, 2004-ൽ അവതരിപ്പിക്കപ്പെട്ട സെൻവാറ്റ് (കേന്ദ്രവാറ്റ്) ക്രെഡിറ്റ് പദ്ധതിയിലും, ഉൽപാദനത്തിന്റെ ആദ്യഘട്ടങ്ങളിൽ അടച്ച എക്‌സൈസ് ഡ്യൂട്ടിയുടെ ക്രെഡിറ്റ്, ചരക്കുകളുടെ നീക്കത്തിനുള്ള എക്‌സൈസ് ഡ്യൂട്ടിയുടെ ബാധ്യതയിൽനിന്നും കുറവുചെയ്തിരുന്നു. ജിഎസ്ടിയും ഇതേ വാഗ്ദാനങ്ങളോടെ, പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയതാണ്. നിരവധി നികുതികൾക്കുപകരം ഏകനികുതി എന്ന വ്യത്യാസം മാത്രം.

വാറ്റ് ജനത്തിനെന്തെങ്കിലും ആശ്വാസം നൽകിയോ അതോ അവരുടെ ജീവിതം ദുസ്സഹമാക്കിയോ?
പക്ഷേ എന്താണ് സാധാരണജനത്തിന്റെ അനുഭവം? ഏതെങ്കിലും ഉറപ്പുകളും വാഗ്ദാനങ്ങളും സത്യമായോ? മറിച്ച്, അങ്ങേയറ്റം അഴിമതിഗ്രസ്തമായ നികുതി നിർവ്വഹണത്തെ – മരണാസന്നമായ മുതലാളിത്തത്തിന്റെ അനിവാര്യതയാണിത്, മെച്ചപ്പെടുത്തുവാനുള്ള എന്തെങ്കിലും നടപടികൾ ഉണ്ടായോ? നടത്തിപ്പിലെ ബുദ്ധിമുട്ടുകൾ വർദ്ധിച്ചത് കൂടുതൽ അന്യായങ്ങൾക്ക് വഴി തുറന്നു. നികുതിദായകർക്കുമേലുള്ള ഉപദ്രവം വർദ്ധിക്കുമ്പോൾ അതിനു പരിഹാരം കാണുന്നതിനായി, ഒന്നുകിൽ അഴിമതിക്കാരായ നികുതി ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കാനോ, അല്ലെങ്കിൽ അഴിമതി നിറഞ്ഞ ഭരണത്തിന്റെ മൗനാനുവാദത്തോടെ നികുതി വെട്ടിക്കാനോ ശ്രമിക്കുന്നു. മറുവശത്ത്, ചരക്കുകളുടെയും സേവനങ്ങളുടെയും അടിസ്ഥാനവിലയിൽ വാറ്റ് നികുതി കൂട്ടിച്ചേർക്കുകയും, അന്തിമവിലയുടെകൂടെ ഉപഭോക്താവ് അതും അടയ്ക്കുകയും ചെയ്യുന്നു. ഇൻപുട്ട് ടാക്‌സ് ഉൾക്കൊള്ളിക്കുന്ന അത് സംബന്ധിയായ അവകാശവാദങ്ങൾ പൊള്ളയാണെന്നുതെളിഞ്ഞു. സാധാരണക്കാരെ ഞെക്കിപ്പിഴിഞ്ഞ് പരോക്ഷനികുതി വർദ്ധിപ്പിക്കാനുള്ള തന്ത്രപരമായ നീക്കം. ഇതു കാരണം, ജനങ്ങളുടെ ജീവിതം തകർത്തുകൊണ്ടിരിക്കുന്ന വിലക്കയറ്റത്തിന് യാതൊരു കുറവും ഉണ്ടാകുന്നില്ല. എന്തുകൊണ്ടാണ് വാറ്റ് നടപ്പിലാക്കാൻ കുത്തകകൾ വളരെ വ്യഗ്രത കാണിച്ചതെന്നും, അവരുടെ പിണിയാളുകളായ രാഷ്ട്രീയക്കാരും സാമ്പത്തികശാസ്ത്രജ്ഞരും അതിനെ വലിയ പുതുമയായി വിശേഷിപ്പിച്ചതെന്നും ഇപ്പോൾ വളരെ വ്യക്തമാണ്. വാറ്റിനെ സംബന്ധിച്ച ഞങ്ങളുടെ വിശകലനത്തിൽ (പ്രോലിറ്റേറിയൻ ഇറ – 2005 മാർച്ച് 1) , എത്രത്തോളം കൊടിയ അപകടം നിറഞ്ഞതാണ് വാറ്റിന്റെ അവതരണമെന്ന് ഞങ്ങൾ വിശദമാക്കിയിരുന്നു. നടമാടുന്ന സാമ്പത്തിക ഭീകരതക്കുമേൽ സാധാരണജനങ്ങൾ എത്രത്തോളം അതിന്റെ തിക്തഫലങ്ങൾ അനുഭവിക്കേണ്ടിവരുമെന്നും, വർദ്ധിച്ച ചെലവിന്റെ ഭാരം അന്തിമവിലയിൽ കയറ്റിവച്ചതിനാൽ സാധാരണ ഉപഭോക്താക്കളാകും ദുരിതം പേറേണ്ടി വരികയെന്നും ഞങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. മാർക്‌സിസ്റ്റ് വിശകലനത്തിലും രീതിശാസ്ത്രത്തിലും അടിസ്ഥാനപ്പെടുത്തിയ ഞങ്ങളുടെ വിശദീകരണം എത്രത്തോളം ശരിയായിരുന്നു എന്ന,് ജനങ്ങൾ ഇപ്പോൾ അവരുടെ അനുഭവത്തിലൂടെ മനസ്സിലാക്കുന്നു.

വാറ്റിന്റെ അനുഭവം ലോകമെമ്പാടും ഒരുപോലെ വിനാശകരമായിരുന്നു
വാറ്റ് അവതരിപ്പിക്കുന്ന സമയത്ത് അതിന്റെ പ്രായോജകർ പറഞ്ഞത്, വിവിധ രാജ്യങ്ങളിലെ അധ്വാനിക്കുന്ന ജനങ്ങളെ സംബന്ധിച്ചിടത്തോളം അതിന്റെ അനുഭവം വളരെ പുരോഗമനകരം ആയിരുന്നു എന്നാണ്. അതിന് ഉദാഹരണമായി അവർ ചൂണ്ടിക്കാണിച്ച രാജ്യങ്ങളിലൊന്ന് ബ്രസീലായിരുന്നു. എന്നാൽ ഭീമമായ വിലവർദ്ധനവുമൂലം ഇപ്പോൾ ബ്രസീലിന്റെ സമ്പദ്ഘടന സമ്പൂർണ്ണ തകർച്ചയുടെ വക്കിലാണ്. ഇതിന്റെ പാഠം എന്തെന്നാൽ, ഏതെങ്കിലും സാമ്പത്തിക പുനഃസംഘടനയോ, സാമ്പത്തിക പരിഷ്‌കരണമോ, നികുതിഘടനയിലെ മാറ്റങ്ങളോ നമ്മൾ നോക്കിക്കാണുന്നത്, മുതലാളിത്തത്തിന്റെ അടിസ്ഥാനനിയമത്തിൽനിന്നും മാറിനിന്നുകൊണ്ടാണെങ്കിൽ, നികുതിപരിഷ്‌കരണംകൊണ്ട് ജനങ്ങൾക്ക് ലഭിച്ചേക്കാവുന്ന മെച്ചത്തെക്കുറിച്ചുള്ള തെറ്റായ ഊഹങ്ങളുണ്ടാക്കുന്ന തെറ്റിദ്ധാരണകളുടെ വലയത്തിൽ ഒരാൾ അകപ്പെടും എന്നത് തീർച്ചയാണ്.
രണ്ടാമതായി, വാറ്റിനെ സംബന്ധിച്ച ചോദ്യത്തിലും മുതലാളിത്ത ലോകത്തിലെ സാമ്പത്തികശാസ്ത്രജ്ഞർക്കും നയകർത്താക്കൾക്കുമിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്. വാറ്റ് വിരുദ്ധ ലോബി വാദിക്കുന്നത്, വാറ്റ് നടപ്പിലാക്കിയ രാജ്യങ്ങളിലെ ജനങ്ങൾക്ക് മറ്റ് രാജ്യങ്ങളിലെ ജനങ്ങളേക്കാൾ കൂടുതൽ നികുതിഭാരം പേറേണ്ടിവരുന്നു എന്നതാണ്. വിരോധാഭാസമെന്നു പറയട്ടെ, ഇന്ത്യൻ ഭരണാധികാരികളേക്കാൾ ഒരു ദശകം മുമ്പേതന്നെ സമാനമായ വാദഗതികളോടെ വാറ്റ് അവതരിപ്പിച്ചതിൽ മുൻപന്തിയിൽ നിന്നതാണ് യൂറോപ്യൻ യൂണിയനിലെ സാമ്രാജ്യത്വഭരണാധികാരികൾ. എന്നാലിന്ന്, കൊട്ടിഘോഷിക്കപ്പെട്ട യൂറോപ്യൻ യൂണിയൻ കടുത്ത സാമ്പത്തികപ്രയാസങ്ങൾക്കു നടുവിലാണെന്നു മാത്രമല്ല, അവരുടെ നിലനിൽപ്പു തന്നെ ഭീഷണിയിലായിരിക്കുന്നു. ഇത് വാറ്റ് കാരണമാണെന്നല്ല. എന്നാൽ ഒരു സമ്പദ്ഘടനയിൽ വാറ്റ് ഉണ്ടോ ഇല്ലയോ എന്നത് അതിന്റെ മൊത്തത്തിലുള്ള സാമ്പത്തിക നിർവഹണത്തിലോ, ജനങ്ങളുടെ സാമ്പത്തികസാഹചര്യം മെച്ചപ്പെടുത്തുന്നതിലോ വലിയ വ്യത്യാസങ്ങൾ ഉണ്ടാക്കുന്നില്ല എന്നതാണ് കാണിക്കുന്നത്.

ജിഎസ്ടിയുടെ ഫലവും വ്യത്യസ്തമാകില്ല
ജിഎസ്ടിയുടെ പൊള്ളത്തരത്തെക്കുറിച്ചു മനസ്സിലാക്കുവാൻ വാറ്റിനെ സംബന്ധിച്ച ഈ ചെറുചർച്ച സഹായിക്കുമെന്ന് ഞങ്ങൾ കരുതുന്നു. ഇതിനകം 160-ഓളം രാജ്യങ്ങളിൽ ജിഎസ്ടിയോ വാറ്റോ നടപ്പാക്കിയിട്ടുണ്ട്. 1954-ൽ ജിഎസ്ടി അവതരിപ്പിച്ച ആദ്യരാജ്യം ഫ്രാൻസാണ്. അവിടത്തെ സാധാരണജനങ്ങൾക്ക് അത് ഏതു രീതിയിൽ ഗുണകരമായി? നികുതിഭാരം കുറഞ്ഞോ? വിലകൾ കുറഞ്ഞോ? വ്യക്തമായും ഉത്തരം ഇല്ല എന്നു തന്നെയാണ്. പകരം, ഈ ഏകീകൃത നികുതിഘടനയുടെ പിന്നിലെ തലച്ചോറുകൾ കണക്കുകൾ നിരത്തി എന്തൊക്കെ അവകാശപ്പെട്ടാലും, ജിഎസ്ടി കച്ചവടത്തിൽ ലാഭം പെരുപ്പിക്കാനാണ് സഹായിച്ചിട്ടുള്ളത്. ഒന്നാമതായി, ജിഎസ്ടി ലക്ഷ്യസ്ഥാനത്തിൽ അടിസ്ഥാനമാക്കിയ നികുതിയാണ്. ജിഎസ്ടിയുടെ വക്കീലന്മാരുടെ വാദമെന്തെന്നാൽ, ഉപഭോഗത്തിനുമേലുള്ള നികുതിയാണ് ഉത്പാദനത്തിനുമേൽ നികുതി ചുമത്തുന്നതിലും ബുദ്ധിപരം. കാരണം ഒരു വ്യക്തി സ്വയമേവയാണ് ഒരു ഉത്പ്പന്നമോ സേവനമോ വാങ്ങി ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ നികുതി അടക്കേണ്ടതുണ്ട്. അവർ അഭിപ്രായപ്പെടുന്നത്, വരുമാനനികുതിയിലോ പ്രത്യക്ഷനികുതികളിലോ ഒരാൾ സമ്പാദിക്കുന്നോ ചെലവാക്കുന്നോ എന്നു നോക്കാതെ അയാളെ ശിക്ഷിക്കുകയാണ്. എന്നാൽ ഉപഭോഗത്തിൽ ഊന്നിയ ആശയത്തിൽ, ഒരാൾക്ക് അയാളുടെ താത്പര്യത്തിൽ ചെയ്യുന്ന ഉപഭോഗത്തിന്റെ അടിസ്ഥാനത്തിലുള്ള നികുതി മാത്രമേ ഉണ്ടാകുന്നുള്ളു. ഇതാണ് ഈ നിർദ്ദേശത്തിന്റെ മർമ്മഭാഗം. പരമാവധി ലാഭം നേടാനായി, ചരക്കുകളോ സേവനങ്ങളോ ഉൽപാദിപ്പിക്കുന്ന ഒരു മുതലാളിത്ത ഉൽപാദകനെയോ നിക്ഷേപകനെയോ ശിക്ഷിക്കാൻ പാടില്ല. എന്നാൽ ജീവൻ നിലനിർത്തുന്നതിനായാൽ പോലും, ഉപഭോഗം നടത്തുന്ന സാധാരണക്കാരനെ ശിക്ഷിക്കാം. മരണാസന്നമായ ഇന്നത്തെ മുതലാളിത്തത്തിന്റെ ബൂർഷ്വാ സാമ്പത്തികശാസ്ത്ര നിഘണ്ടുവിൽ മാത്രം കാണാൻ കഴിയുന്ന, കപടമായ വാദഗതികളെ പിന്തുണക്കുവാനായി ഒരു ബ്ലോഗർ ഇന്റർനെറ്റിൽ നൽകിയ, സെൽഫോണുകളുടെ വിൽപ്പനയെ അടിസ്ഥാനമാക്കിയ രണ്ട് താരതമ്യ പട്ടികകൾ നോക്കാം.
നമ്മൾ ശ്രദ്ധയോടെ പരിശോധിച്ചാൽ, ജിഎസ്ടിക്കു കീഴിലാണ് വിതരണക്കാരൻ കൂടുതൽ ലാഭം ഉണ്ടാക്കുന്നതെന്ന് കാണാൻ കഴിയും. ജിഎസ്ടിയിൽ ബില്ലോടു കൂടിയ വിൽപ്പനവില 17400 രൂപയും ജിഎസ്ടിക്കു പുറത്ത് അത് 15600 രൂപയുമാകുന്നു. സാമാന്യബോധമുള്ള ഏതൊരാൾക്കും മനസ്സിലാകും കമ്പോളത്തിൽ നിന്നും വാങ്ങുന്ന ഒരു സാധാരണ ഉപഭോക്താവ് ഇവിടെ കൂടുതൽ വില നൽകേണ്ടി വരുമെന്ന്. ഇന്ന് വാറ്റ് മൂലം എന്താണ് സംഭവിക്കുന്നത്? 15 ശതമാനവും മൊത്തം നികുതിഘടകമായി അന്തിമവിലയിൽ ചേർക്കുകയാണ്. ഇവിടെ വാങ്ങുന്നയാളിനെ സംബന്ധിച്ചിടത്തോളം ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് ഉണ്ടോ, ഇരട്ട നികുതി ഒഴിവാക്കിയോ എന്നൊന്നും പരിശോധിക്കാൻ യാതൊരു മാർഗ്ഗവുമില്ല. ജിഎസ്ടിയിലും ഇതേ സംവിധാനം തന്നെ പ്രവർത്തിക്കും. വിതരണശൃംഖലയുടെ ഏതു ഘട്ടത്തിൽ, ആര് എത്ര നിരക്കിൽ നികുതി അടക്കുന്നു എന്നത് അവിടെ വിഷയമാകുന്നില്ല. ഒരു നിരീക്ഷകന്റെ അഭിപ്രായത്തിൽ, ഇന്ന് 15% നിരക്കിൽ നികുതി ഈടാക്കുന്ന സേവനങ്ങൾക്ക് ജിഎസ്ടി വരുമ്പോൾ 18-22 ശതമാനമോ അതിലും കൂടുതലോ ആയി നികുതി ഉയരുന്നതിനാൽ, വില കൂടുമെന്നു പ്രതീക്ഷിക്കുന്നു. മാത്രവുമല്ല, ഇപ്പോൾത്തന്നെ ഉയർന്ന നിരക്കുകളിലുള്ള പരോക്ഷനികുതിക്കുമേൽ വിവിധ പേരുകളിൽ സെസ്സുകൾ അടിച്ചേൽപ്പിക്കുന്ന പ്രവണത സർക്കാരുകൾക്കുണ്ട്. കഴിഞ്ഞ ബജറ്റുകളിൽ അടിച്ചേൽപ്പിക്കപ്പെട്ട സ്വച്ഛഭാരത് സെസ്സ്, കൃഷികല്ല്യാൺ സെസ്സ് എന്നിവ തന്നെ ഉദാഹരണം. ജിഎസ്ടിക്കു കീഴിലും സെസ്സുകൾ തുടരുമോ എന്നതിൽ വ്യക്തതയില്ല. അങ്ങനെ തുടർന്നാൽ അക്ഷരാർത്ഥത്തിൽ ജനം ചോര വാർന്നു വിളറി വെളുക്കും.

ഒരു ഏഷ്യൻ രാജ്യത്തെ ജിഎസ്ടി അനുഭവം
ഭരണകൂടം എന്തൊക്കെ അവകാശപ്പെട്ടാലും ശരി, വാറ്റു പോലെ ജിഎസ്ടിയും മറ്റ് രാജ്യങ്ങളിലെ ജനങ്ങൾക്ക് വിനാശകരമെന്ന് തെളിയിക്കപ്പെട്ടതാണ്. ലഭ്യമായ വിവരങ്ങൾ പ്രകാരം, ജിഎസ്ടി നടപ്പാക്കിയ മലേഷ്യയിൽ, സാധാരണജനങ്ങൾ, വിശേഷിച്ചും കൂലിപ്പണിക്കാർ, ഒന്നിനു പിറകേ ഒന്നായി കുതിച്ചു കയറുന്ന വിലകൾ കാരണം ദുരിതമനുഭവിക്കുകയാണ്. നിത്യജീവിതത്തിന്റെ ഭാഗമായുള്ളതിനെല്ലാം വിലകയറുന്നു. മലേഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ പെനാങ്ങിൽ, 45 വർഷമായി പ്രവർത്തിച്ചുവന്ന കട പോലും അടുത്തിടെ അടച്ചുപൂട്ടുകയുണ്ടായി. കാരണം അതിന്റെ ഉടമസ്ഥന് ജിഎസ്ടിയുടെ സങ്കീർണ്ണതയുമായി ഒത്തുപോകാനോ ഒരു അക്കൗണ്ടന്റിനെ നിയമിക്കുവാനുള്ള പ്രാപ്തിയോ ഉണ്ടായിരുന്നില്ല. രണ്ടാമതായി, ജിഎസ്ടി നടപ്പായതിനു ശേഷം കച്ചവടക്കാരാകട്ടെ, വർദ്ധിച്ച വിലകൾ സന്തോഷപൂർവം, ഇതിൽ നഷ്ടം സഹിക്കുന്ന ഉപഭോക്താക്കളുടെ മേലേക്ക് ചൊരിയുകയാണ്. താഴ്ന്ന വരുമാനക്കാരായവർ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നു. ചിലർ കളവിലേക്കും കൊള്ളിവെപ്പിലേക്കും തിരിയുന്നു, സാമൂഹികസാഹചര്യം തന്നെ കലുഷിതമാകുന്നു. (2015 മാർച്ച് 31-ന്റെ malaysian-chinesenews-.com)

Chart

ജിഎസ്ടി നടപ്പാക്കാൻ എന്തുകൊണ്ട് ഭാരതസർക്കാർ ഇത്ര ആവേശം കാണിക്കുന്നു
സ്വാഭാവികമായും ഇവിടെ ഒരാൾ ചോദിക്കുക, പിന്നെ എന്തുകൊണ്ട് ജിഎസ്ടി എന്നാണ്. ഉത്തരം എളുപ്പമാണ്. ഇന്ത്യൻ കുത്തകകളുടെ വർഗ്ഗപരമായ ആവശ്യമാണത്. നികുതി പിരിവിന്റെ അധികാരത്തെ കേന്ദ്രീകരിച്ച്, നികുതി കണക്കാക്കലുമായി ബന്ധപ്പെട്ട സങ്കീർണ്ണ പ്രക്രിയകളിൽ നിന്നും വ്യവസായലോകത്തിനും, കോർപ്പറേറ്റ് ഭീമന്മാർക്കും, വൻകിട കച്ചവടക്കാർക്കും ആശ്വാസം നൽകുകയെന്നതാണ് ഇതിന്റെ ഉദ്ദേശം എന്നു കാണാം. പകരം അവർ ജിഎസ്ടിയുടെ രൂപത്തിൽ ഏകീകരിച്ച നികുതി അടയ്ക്കുകയും, പിന്നീടത് ഉപഭോക്താവിന്റെ കീശയിൽ നിന്നും, ഇപ്പോഴുള്ള വാറ്റും സർവീസ് ടാക്‌സും പോലെ, എളുപ്പത്തിൽ തിരിച്ചുപിടിക്കുകയും ചെയ്യും. ഇത് നികുതി തർക്കങ്ങൾക്കു മേലുള്ള കോടതിവ്യവഹാരങ്ങൾ കുറയ്ക്കും. പ്രത്യേകിച്ചും നേരിട്ടുള്ള വിദേശനിക്ഷേപം വഴിയും, കൂട്ടു സംരംഭങ്ങൾ വഴിയും ഇന്ത്യൻ വിപണിയിലേക്ക് വിദേശസ്ഥാപനങ്ങൾ കടന്നു വരുമ്പോൾ. വാസ്തവത്തിൽ, നികുതി നിയമങ്ങൾ ലഘൂകരിക്കാൻ വിദേശകുത്തകകളും ആവശ്യപ്പെടുന്നു. കാരണം, ഇന്ത്യയിലെ വ്യാപാരത്തിൽ നിന്നുള്ള ലാഭം വർദ്ധിപ്പിക്കുന്നതിലും അത് കടത്തിക്കൊണ്ടുപോകുന്നതിലും യാതൊരു തടസ്സവും അവർ ആഗ്രഹിക്കുന്നില്ല. പ്രത്യേകിച്ചും, അടുത്തിടെ നേരിട്ടുള്ള വിദേശ നിക്ഷേപം ഉദാരമാക്കിയ പ്രതിരോധം, ചില്ലറ വിൽപ്പന, ഔഷധമേഖല, വിദ്യാഭ്യാസം, സാമ്പത്തികമേഖല തുടങ്ങിയവയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവർ, ജിഎസ്ടിക്കായി സമ്മർദ്ദം ചെലുത്തിയിരുന്നു. വിദേശ മൂലധനത്തിന് ഈ ആനുകൂല്യം നൽകാൻ ആഗ്രഹിക്കുന്ന, ഭരിക്കുന്ന ഇന്ത്യൻ കുത്തകകളും തത്തുല്യമായി ഇത് തന്നെ ആവശ്യപ്പെടുന്നു. കാരണം, അതിലൂടെ അവരുടെ അന്താരാഷ്ട്ര നിക്ഷേപങ്ങൾക്കും സമാനമായ ആനുകൂല്യങ്ങൾ വിലപേശി നേടിയെടുക്കാനാകും. ഒപ്പം, ആഭ്യന്തരവ്യാപാരത്തിൽ എല്ലാ നേട്ടങ്ങളും ആസ്വദിക്കാനുമാകും. അപ്പോൾ ഈ പദ്ധതി മുഴുവനായും ജനങ്ങളുടെ താത്പര്യത്തിനു വിരുദ്ധവും, അടിച്ചമർത്തി ഭരിക്കുന്ന മുതലാളിവർഗ്ഗത്തിന്റെ വർഗ്ഗതാത്പര്യത്തിന് അനുഗുണമായി രൂപകൽപ്പന ചെയ്തതുമാണ്.

ജിഎസ്ടിയുടെ ജനവിരുദ്ധസ്വഭാവം ഒരു
വ്യവസ്ഥാപിത പ്രതിപക്ഷകക്ഷിയും ചൂണ്ടിക്കാട്ടിയില്ല
ഇവിടെ ശ്രദ്ധിക്കേണ്ടതെന്തെന്നാൽ, ചരക്കു-സേവന നികുതിക്കെതിരെ നേരിയ എതിർപ്പുകൾ ഉയർത്തിയ കക്ഷികളിൽ ഒന്നു പോലും, ജനതാത്പര്യത്തിനു വിരുദ്ധമായ ജിഎസ്ടിക്കെതിരേ ഇത്തരം ചോദ്യങ്ങളൊന്നും ഉയർത്തിയില്ല. അവരുടെ എതിർപ്പുകളൊക്കെത്തന്നെയും, സംസ്ഥാനങ്ങൾക്കായി മാറ്റിവെക്കപ്പെടുന്ന ജിഎസ്ടി വരുമാനത്തിന്റെ ശതമാനത്തെ ചുറ്റിപ്പറ്റിയായിരുന്നു. കൂടാതെ, സംസ്ഥാനങ്ങൾക്ക് അവരുടേതായ നികുതികൾ ഏർപ്പെടുത്തി അധികവരുമാനം കണ്ടെത്താനാകുമോ, എന്നൊക്കെയുള്ള ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. സിപിഐ(എം)ന്റെ പോലും ആകെ എതിർപ്പ്, ജിഎസ്ടി നിലവിൽ വന്നു കഴിഞ്ഞാൽ, സംസ്ഥാനസർക്കാരുകൾക്ക് വിഭവസമാഹരണത്തിനായി അവശേഷിക്കുന്ന അധികാരങ്ങളും നഷ്ടപ്പെട്ടുപോകും എന്നതായിരുന്നു. ദേശീയദുരന്തങ്ങൾ ഉണ്ടാകുമ്പോഴും, ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള വികസന പദ്ധതികൾ നടപ്പാക്കാനും, ഫണ്ടിനായി സംസ്ഥാന സർക്കാരുകൾക്ക് ഇനി കേന്ദ്രസർക്കാരിന്റെ ദയക്കായി കാത്തുനിൽക്കണം. അതുകൊണ്ടു തന്നെ, ജിഎസ്ടി നടപ്പാക്കുമ്പോൾ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാനനഷ്ടം പരിഹരിക്കുന്നതിനുള്ള സംവിധാനം കൃത്യമായി ഉണ്ടാകേണ്ടതുണ്ട്. എന്നാലിപ്പോൾ, തന്റെ സർക്കാരിന് ജിഎസ്ടി നിയമത്തോട് എതിർപ്പില്ലെന്ന് കേരളത്തിന്റെ മുഖ്യമന്ത്രി, പിണറായി വിജയൻ പ്രസ്താവിച്ചു കഴിഞ്ഞിരിക്കുന്നു. അതായത്, സിപിഐ(എം) നേരത്തെ പൊതുജനത്തെ ബോധ്യപ്പെടുത്താനെന്നോണം പ്രകടിപ്പിച്ച ചെറിയ എതിർപ്പു പോലും ഇപ്പോൾ നിലനിൽക്കുന്നില്ലെന്നു കരുതണം. സഹിക്കാൻ വിധിക്കപ്പെട്ട ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്കു തള്ളിവിടാനായി നടപ്പിലാക്കുന്ന ജിഎസ്ടിക്കു മേൽ ഉരുത്തിരിഞ്ഞ സമവായത്തിന്റെ ഭാഗമായി അവരും മാറിക്കഴിഞ്ഞിരിക്കുന്നു.

ജനങ്ങൾ പ്രതിരോധിക്കണം
ഉലയുന്ന സാമ്പത്തിക അടിത്തറയെ തകർച്ചയിൽ നിന്നും രക്ഷിക്കാനായി, തങ്ങളുടെ സാമ്പത്തികശക്തിവർദ്ധിപ്പിക്കാനുള്ള അവസാനശ്രമത്തിനായി ഇറങ്ങിത്തിരിച്ചിരിക്കുന്ന, ഇന്ത്യയിലെ ഭരണവർഗ്ഗമായ മുതലാളിവർഗ്ഗം, അതിനായി തുടങ്ങിവെച്ച വൻതോതിലുള്ള സാമ്പത്തിക പരിഷ്‌കരണ പ്രക്രിയയുടെ അവിഭാജ്യഘടകമാണ് ഏകീകൃത നികുതി സംവിധാനമായ ജിഎസ്ടി എന്നത് വ്യക്തമാകുകയാണ്. പട്ടിണിയും ദുരിതവുമനുഭവിക്കുന്ന അധ്വാനിക്കുന്ന ജനങ്ങൾക്കുമേലുള്ള ഒരു തുറന്ന യുദ്ധം, അല്ലെങ്കിൽ ഒരു കടുത്ത ആക്രമണം തന്നെയായി മാറുകയാണിത്. ഇപ്പോൾ മുതലാളിത്തത്തിന്റെ ഏറ്റവും വിശ്വസ്തനായ രാഷ്ട്രീയ കാര്യദർശി എന്ന നിലയിൽ, ഈ പദ്ധതി നടപ്പിലാക്കിയെടുക്കാനുള്ള ഉത്തരവാദിത്തം ബിജെപിക്കാണ്. തങ്ങളുടെ മുൻഗാമിയായ കോൺഗ്രസിന്റെ അനുഭവത്തിൽ നിന്നും പാഠം പഠിച്ച്, മിക്കവാറും എല്ലാ വോട്ട് അധിഷ്ഠിത-അധികാര രാഷ്ട്രീയ-പാർലമെന്ററി കക്ഷികളുടെയും പിന്തുണ ഇതിനായി അവർ നേടിയെടുത്തു. ഈ സാഹചര്യത്തിൽ, ഇത്തരം രാക്ഷസസമാനമായ സാമ്പത്തികപരിഷ്‌കരണങ്ങൾക്കെതിരെ, ബോധപൂർവം പ്രതിഷേധമുയർത്തി, ശരിയായ നേതൃത്വത്തിനുകീഴിൽ സുശക്തവും സുസംഘടിതവുമായി നീണ്ടുനിൽക്കുന്ന പ്രക്ഷോഭം അഴിച്ചുവിടുക എന്നതല്ലാതെ ജനങ്ങൾക്ക് മറ്റൊരു വഴിയില്ല.
ഇവിടെ, മാർക്‌സിസം-ലെനിനിസം-ശിബ്ദാസ് ഘോഷ് ചിന്തയുടെ മഹത്തായ ആശയങ്ങളാൽ നയിക്കപ്പെടുന്ന സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്) പാർട്ടിയാണ്, ജിഎസ്ടിയെ സംബന്ധിക്കുന്ന മേൽപ്പറഞ്ഞ നിരീക്ഷണങ്ങൾ അവതരിപ്പിക്കുന്നത്. ഈ നിലപാട് വ്യതിരിക്തവും തികച്ചും ജനപക്ഷത്തു നിൽക്കുന്നതുമാണ്. ജിഎസ്ടിയും മറ്റ് പരിഷ്‌കരണ അജണ്ടകളും നടപ്പാക്കുന്നതിലെ ഹീനമായ ലക്ഷ്യങ്ങൾ തുറന്നു കാട്ടുവാനായി യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി മുന്നോട്ടു വരാൻ എല്ലാ ജനങ്ങളോടും ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.

Share this post

scroll to top