ജിഷ്‌ണു വധം: സമരത്തിന്റെ പുതിയൊരു ഘട്ടം വിളംബരം ചെയ്‌ത്‌ നിയമസഭാ മാര്‍ച്ച്‌

IMG_8506-1.jpg
Share

ജിഷ്‌ണുവിന്റെ ഘാതകര്‍ക്ക്‌ കര്‍ശനശിക്ഷ ഉറപ്പാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുക, സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയുള്ള ഗൂഢാലോചനകേസ്‌ പിന്‍വലിക്കുക, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ജനാധിപത്യപരമായസംഘടനാ സ്വാതന്ത്ര്യം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്‌ ജിഷ്‌ണുസമരം പുതിയൊരു ഘട്ടത്തിലേയ്‌ക്ക്‌ പ്രവേശിക്കുകയാണ്‌. ഇത്‌ വിളംബരം ചെയ്‌തുകൊണ്ടാണ്‌ മെയ്‌ 4ന്‌ സെക്രട്ടേറിയറ്റിനുമുന്നില്‍നിന്ന്‌ നിയമസഭാ മന്ദിരത്തിലേയ്‌ക്ക്‌ എസ്‌ യുസിഐ കമ്മ്യൂണിസ്റ്റ്‌ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച്‌ സംഘടിപ്പിച്ചത്‌. മാര്‍ച്ച്‌ നിയമസഭാ മന്ദിരത്തിന്‌ സമീപം പോലീസ്‌ തടഞ്ഞു.
എസ്‌യുസിഐ സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം സഖാവ്‌ വി. വേണുഗോപാല്‍ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. ഐതിഹാസികമായ ഒരു പ്രക്ഷോഭത്തിനാണ്‌ കേരളം സാക്ഷ്യം വഹിക്കുന്നതെന്ന്‌ സഖാവ്‌ വേണുഗോപാല്‍ ചൂണ്ടിക്കാണിച്ചു. വെറുമൊരു ആത്മഹത്യയെന്ന്‌ പോലീസ്‌ എഴുതിത്തള്ളുമായിരുന്ന ജിഷ്‌ണുവിന്റെ മരണം സംസ്ഥാനത്തിന്റെയാകെ രാഷ്ട്രീയ ശ്രദ്ധ പിടിച്ചുപറ്റിയ പ്രക്ഷോഭമായി മാറിയിരിക്കുകയാണ്‌ ഇന്ന്‌.
ഇതുപോലൊരു ദാരുണസംഭവം ഇനിയൊരിക്കലും ഉണ്ടാകാന്‍ അനുവദിക്കില്ല എന്ന നിശ്ചയദാര്‍ഢ്യത്തോടെ ജിഷ്‌ണുവിന്റെ അമ്മ മഹിജയും കുടുംബാംഗങ്ങളും തുടങ്ങിവച്ച ധീരമായ സമരം കേരളത്തിലെ മാദ്ധ്യമങ്ങളും ബുദ്ധിജീവികളും നേരായി ചിന്തിക്കുന്നവരാകെയും ഏറ്റെടുക്കുകയായിരുന്നു. സ്വാശ്രയ സ്ഥാപനങ്ങളില്‍ നടക്കുന്ന കൊള്ളയും മനുഷ്യാവകാശ ലംഘനങ്ങളും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിലേയ്‌ക്കാണ്‌ ഇന്നീ സമരം മുന്നേറുന്നതെന്ന്‌ സഖാവ്‌ വേണുഗോപാല്‍ ഓര്‍മ്മിപ്പിച്ചു.
ഈ പ്രക്ഷോഭത്തെ നേരിടാന്‍ പിണറായി സര്‍ക്കാരിന്‌ പതിനെട്ടടവും പയറ്റേണ്ടിവന്നു. സ്വാശ്രയ മാനേജുമെന്റുകളുമായി സിപിഐഎം നേതൃത്വം പുലര്‍ത്തുന്ന അവിശുദ്ധ ബന്ധം ഇതിലൂടെ ഒരിക്കല്‍ക്കൂടി തുറന്നു കാട്ടപ്പെട്ടു. കുറ്റവാളികള്‍ക്ക്‌ രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും ഒരുക്കിവച്ച്‌ തയ്യാറാക്കിയ എഫ്‌ഐആര്‍ തന്നെ ഇതിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തമാണ്‌. ഒരു തുടര്‍നടപടിക്കും സ്‌പര്‍ശിക്കാനാകാത്തവണ്ണമുള്ള രക്ഷാവലയമാണ്‌ അത്‌ കുറ്റവാളികള്‍ക്ക്‌ ചുറ്റും തീര്‍ത്തിരിക്കുന്നത്‌. ശക്തമായ ഒരു പ്രക്ഷോഭത്തിലൂടെ മാത്രമേ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നസ്ഥിതി ഉണ്ടാകൂ എന്നും സഖാവ്‌ വേണുഗോപാല്‍ പറഞ്ഞു.
സമരം ചെയ്‌തവര്‍ക്ക്‌ ഒത്താശ ചെയ്‌തവരെ ജയിലിലടച്ചതിലൂടെ ഫാസിസ്റ്റ്‌ മുഖമാണ്‌ പിണറായി സര്‍ക്കാര്‍ പ്രദര്‍ശിപ്പിച്ചതെന്ന്‌ അദ്ധ്യക്ഷത വഹിച്ച സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം സഖാവ്‌ ജിഎസ്‌.പത്മകുമാര്‍ പറഞ്ഞു. ഇടതുപക്ഷ രാഷ്ട്രീയത്തിന്‌ ഇത്‌ മായ്‌ക്കാനാകാത്ത കളങ്കമാണ്‌. ഇടതുപക്ഷേതരവും സമരവിരുദ്ധവുമായ പാതയിലൂടെയാണ്‌ സിപിഐ(എം) ഭരണം മുന്നേറുന്നത്‌. മഹിജയുടെ സമരം എന്തുനേടിയെന്ന പിണറായിയുടെ ചോദ്യം മകനെ നഷ്ടപ്പെട്ട അമ്മയോടുള്ള അനാദരവ്‌ മാത്രമല്ല, സമരങ്ങളോടുള്ള പുച്ഛംകൂടെയാണ്‌ പ്രകടമാക്കുന്നത്‌. സ്വാശ്രയകോളജുകള്‍ക്കകത്തു നടക്കുന്ന ഹീനമായ കാര്യങ്ങള്‍ പുറംലോകം അറിയാന്‍ ഇടയാക്കിയ ഈ സമരം ആ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമുണ്ടാക്കുന്നതിലേയ്‌ക്ക്‌ മുന്നേറുകതന്നെ ചെയ്യുമെന്ന്‌ സഖാവ്‌ പത്മകുമാര്‍ പ്രഖ്യാപിച്ചു.
ജയില്‍മോചിതരമായ സഖാക്കള്‍ എം.ഷാജര്‍ഖാന്‍, എസ്‌.മിനി, എസ്‌.ശ്രീകുമാര്‍ എന്നിവരെ പ്രതിനിധീകരിച്ച്‌ സഖാവ്‌ ഷാജര്‍ഖാന്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്‌തു. സമരക്കാരല്ല, സമരക്കാര്‍ക്കെതിരെ സര്‍ക്കാരാണ്‌ ഗൂഢാലോചന നടത്തിയതെന്ന്‌ സഖാവ്‌ ഷാജര്‍ഖാന്‍ പറഞ്ഞു. ഇന്ന്‌ കേരളത്തിലെ നിരവധി സ്വാശ്രയ കോളജുകളില്‍ നീതിക്കുവേണ്ടി വിദ്യാര്‍ത്ഥികള്‍ സംഘടിച്ചുകൊണ്ടിരിക്കുകയാണെന്നും വലിയൊരു വിദ്യാഭ്യാസ പ്രക്ഷോഭമായി ഇത്‌ വളര്‍ന്നുവരുമെന്നും സേവ്‌ എജ്യൂക്കേഷന്‍ കമ്മിറ്റി സംസ്ഥാന സെക്രട്ടറി കൂടിയായ സഖാവ്‌ ഷാജര്‍ഖാന്‍ സര്‍ക്കാരിന്‌ മുന്നറിയിപ്പ്‌ നല്‍കി.
എസ്‌.യു.സി.ഐ (കമ്മ്യൂണിസ്റ്റ്‌) സംസ്ഥാന കമ്മിറ്റിയംഗം സഖാവ്‌ എസ്‌.രാജീവന്‍, എഐഎംഎസ്‌എസ്‌ സംസ്ഥാന സെക്രട്ടറി സഖാവ്‌ ഷൈല കെ.ജോണ്‍, എഐഡിവൈഒ സംസ്ഥാന പ്രസിഡന്റ്‌ സഖാവ്‌ എന്‍.കെ.ബിജു, എഐഡിഎസ്‌ഒ സംസ്ഥാന സെക്രട്ടറി സഖാവ്‌ പി.കെ.പ്രഭാഷ്‌ എന്നിവരും പ്രസംഗിച്ചു.

Share this post

scroll to top