ട്രംപ് വെളിവാക്കുന്നത് ഫാസിസത്തിന്റെ പൈശാചിക പദ്ധതി

Share

ജനുവരി 20 ന് അമേരിക്കയുടെ 45-ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സ്ഥാനമേറ്റു. ജനങ്ങളുടെ നേരിട്ടുള്ള വോട്ടിൽ തൊട്ടടുത്ത സ്ഥാനാർത്ഥിയേക്കാൾ 30 ലക്ഷം വോട്ടുകൾക്ക് ട്രംപ് പിന്നിലായിരുന്ന കാര്യം ഏവർക്കുമറിയാം. എന്നാൽ പരോക്ഷ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടിയതിനാൽ അദ്ദേഹം വിജയിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കുന്നതിൽ പ്രത്യേകാധികാരമുള്ള 538 പേരടങ്ങുന്ന ഇലക്ടറൽ കോളേജ് അമേരിക്കൻ പാർലമെന്ററി നിയമപ്രകാരം നിലവിലുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി ഇവർ ചെയ്യുന്ന മൂല്യം കൂടുതലുള്ള വോട്ടുകളാണ് ഇവിടെ വിധി നിർണ്ണയിച്ചത്. അമേരിക്കൻ കുത്തക മുതലാളിവർഗ്ഗത്തിന് തങ്ങൾക്കേറ്റവും ഇഷ്ടപ്പെട്ട സ്ഥാനാർത്ഥി ജനകീയ വോട്ടുകളുടെ കാര്യത്തിൽ പിന്തള്ളപ്പെട്ടുപോയാലും അയാളെ വിജയിപ്പിച്ചെടുക്കാൻ അവസരമൊരുക്കുന്നതാണ് ഈ സംവിധാനം.

അമേരിക്കയിൽ ഒരു ദ്വികക്ഷി ജനാധിപത്യമാണ് നിലവിലുള്ളത്. ഭരണമുതലാളിവർഗ്ഗത്തിന്റെ രണ്ട് വിശ്വസ്ത പാർട്ടികളായ ഡെമോക്രാറ്റിക് പാർട്ടിയും റിപ്പബ്ലിക്കൻ പാർട്ടിയും ഇവിടെ മാറി മാറി അധികാരത്തിൽ വരുന്നു. പാർട്ടി രണ്ടാണെങ്കിലും വ്യവസ്ഥ ഒന്നുതന്നെ, മുതലാളിത്തം. രണ്ടിൽ ആരു ജയിച്ചാലും മുതലാളിവർഗ്ഗത്തിന്, ജയവും ജനങ്ങൾക്ക് തോൽവിയും ഫലം. തൊലിപ്പുറമെയുള്ള വ്യത്യാസങ്ങളേ അധികാരമാറ്റം വഴി സംഭവിക്കുന്നുള്ളൂ. അടിസ്ഥാനനയങ്ങൾ സാമ്രാജ്യത്വാനുകൂലവും ജനവിരുദ്ധവും തന്നെയായിരിക്കും. അത് ലോകത്തെയാകെ കൊള്ളയടിക്കുന്നതും അമേരിക്കൻ ജനതയുടെ മേൽ സാമ്പത്തികവും രാഷ്ട്രീയവും സാമൂഹ്യവും സാംസ്‌കാരികവുമായ ആക്രമണങ്ങൾ അടിച്ചേൽപ്പിക്കുന്നതും തുടർന്നുകൊണ്ടിരിക്കും. ജനങ്ങളുടെ രോഷം നിലവിലുള്ള ഭരണകക്ഷിക്കെതിരെ രൂക്ഷമാകുന്നു എന്നുകണ്ടാൽ, അടുത്തയാളെ ഉയർത്തിക്കാണിച്ച്, പിന്നിൽ നിന്ന് ചരടുവലിച്ച് അയാളുടെ വിജയം ഭരണവർഗ്ഗം ഉറപ്പാക്കുന്നു. ട്രംപിന്റെ വിജയം ഇത് അടിവരയിടുന്നു.

ജനങ്ങൾ തള്ളി, വർഗ്ഗം താങ്ങി

വീട്ടുവീഴ്ച ചെയ്യാത്തവനും പരുക്കനുമെന്നൊരു പ്രതിച്ഛായയാണ് പ്രചാരണത്തിന്റെ തുടക്കം മുതൽ ട്രംപ് പ്രദർശിപ്പിച്ചത്. വർണ്ണ വിവേചനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുക, കടുത്ത മുസ്ലീംവിരുദ്ധ പ്രഖ്യാപനങ്ങൾ നടത്തുക, മാദ്ധ്യമ സ്വാതന്ത്ര്യത്തെ ചോദ്യംചെയ്യുക, കറുത്ത വർഗ്ഗക്കാരുടെ വോട്ടവകാശത്തിനുനേരെ ഭീഷണിയുയർത്തുക, ശാരീരിക വൈകല്യങ്ങളുള്ളവരെ പ്രകോപിപ്പിക്കുക തുടങ്ങിയവയ്ക്കുപുറമെ, സ്ത്രീവിരുദ്ധമായ പരാമർശങ്ങളും തുടരെ നടത്തിക്കൊണ്ടിരുന്നു. ആക്ഷേപകരമായ ഈ പരാമർശങ്ങൾ സ്ത്രീവിദ്വേഷം മാത്രമല്ല വികലമായ മാനസികാവസ്ഥകൂടി പ്രകടമാക്കുന്നതായിരുന്നു.

‘അമേരിക്കനിസം’ എന്നപേരിൽ സങ്കുചിത ദേശീയവികാരം വളർത്താനും ട്രംപ് ശ്രമിച്ചു. സമ്പന്നർക്കുവേണ്ടി നിലകൊള്ളുന്ന ഒരു വ്യവസ്ഥിതിയിൽനിന്ന് അനുഭവിക്കേണ്ടിവരുന്ന നിരന്തര അവഗണനമൂലം സാധാരണക്കാരായ അമേരിക്കക്കാരിൽ ഉറഞ്ഞുകൂടിയ അസംതൃപ്തി മുതലെടുക്കാനുള്ള കൗശലങ്ങളും ട്രംപ് പയറ്റി. എല്ലാ തിന്മകളുടെയും മൂലകാരണമായ മുതലാളിത്ത വ്യവസ്ഥയെ തന്ത്രപൂർവ്വം മറച്ചുപിടിക്കാൻ, പുരോഗമനവാദിയായും മാമൂലുകൾക്കെതിരെ പൊരുതുന്ന ആളായുമൊക്കെ വേഷം കെട്ടുന്നതിൽ സ്വേച്ഛാധിപതികളായ ബൂർഷ്വാനേതാക്കൾ പ്രാവീണ്യമുള്ളവരാണ്. അതേ അച്ചിൽ വാർത്തെടുക്കപ്പെട്ട ട്രംപും അത്തരമൊരു കരുനീക്കമായാണ് സങ്കുചിത ദേശീയവാദം ഇളക്കിവിട്ടതും. ജർമ്മനിയിൽ സങ്കുചിത ദേശീയവാദം ഊട്ടിവളർത്തിക്കൊണ്ട് ഹിറ്റ്‌ലർ അധികാരത്തിൽവന്നതിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ട്രംപിന്റെ പ്രചാരണം. ട്രംപിന്റെ ഏകാധിപത്യപരമായ ശൈലിയും കുപ്രസിദ്ധരും വഞ്ചകരുമായ ഫാസിസ്റ്റ് സേച്ഛാധിപതികളുടെ അനുകരണമാണ്. എന്നാൽ, ട്രംപിന്റെ അപകീർത്തികരവും ധിക്കാരപരവും മാന്യതയില്ലാത്തതുമായ ശൈലിക്കെതിരെ ശബ്ദമുയർത്താൻ വംശ-വർണ്ണ-മതഭേദമെന്യെ അമേരിക്കൻ ജനത മുന്നോട്ടുവന്നു എന്നത് ശുഭോദർക്കവും പ്രശംസനീയവുമാണ്. തങ്ങൾക്ക് കിട്ടേണ്ട ജോലിയെല്ലാം വിദേശികൾ തട്ടിയെടുക്കുന്നു എന്ന് തെറ്റിദ്ധരിച്ചിട്ടുള്ള ഒരു വിഭാഗം അഭ്യസ്തവിദ്യരായ തൊഴിൽരഹിതരൊഴികെയുള്ള അമേരിക്കക്കാരെല്ലാം ട്രംപിന്റെ പ്രചാരണം വിശ്വാസ്യതയില്ലാത്തതും പരദേശീ സ്പർദ്ധ നിറഞ്ഞതുമായി ചിത്രീകരിക്കുകയുണ്ടായി. കുടിയേറ്റക്കാരോടും സാംസ്‌കാരിക വൈവിദ്ധ്യത്തോടും ഇസ്ലാമിനോടുമൊക്കെ ട്രംപിനുള്ള കടുത്ത വിദ്വേഷം അദ്ദേഹത്തെ ക്ലൂക്ലക്‌സ് ക്ലാൻ പോലുള്ള വർണ്ണവെറിയന്മാരോട് ഉപമിക്കാൻ ജനങ്ങളെ നിർബന്ധിതരാക്കുകയാണ്. മാത്രമല്ല, സ്ത്രീകളുടെ അന്തസ്സിനെ അവഹേളിക്കുംവിധമുള്ള ട്രംപിന്റെ പരാമർശങ്ങൾക്കെതിരെ സ്ത്രീകളുടെ ശക്തമായ എതിർപ്പും ഉയർന്നുവന്നിട്ടുണ്ട്. ട്രംപിന്റെ പ്രതിഷേധാർഹവും വഷളനുമായ പരാമർശങ്ങൾക്കെതിരെ മെറിൻ സ്ട്രീവിനെ പോലെയുള്ള ഹോളിവുഡ് നടിതന്നെ പരസ്യമായി രംഗത്തുവന്നു. പല പ്രമുഖരും പ്രതിഷേധം രേഖപ്പെടുത്തി. ട്രംപിന്റെ പേര് കേൾക്കുന്നതുതന്നെ പലരിലും വെറുപ്പുളവാക്കുന്ന സ്ഥിതിയുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് ഈ എതിർപ്പുകളെല്ലാം ചേർന്ന് ശക്തമായ ട്രംപ് വിരുദ്ധ പ്രതിഷേധമായി രാജ്യമാകെ അലയടിക്കുകയുണ്ടായി. നിവേദനങ്ങളും പ്രകടനങ്ങളും പണിമുടക്കുകളുമൊക്കെയായി ചില നഗരങ്ങളിൽ പ്രതിഷേധം വലിയ മാനം കൈക്കൊണ്ടു. ഒരു പ്രസിഡന്റ് സ്ഥാനാർത്ഥി എന്ന നിലയിൽ ട്രംപിനെ അംഗീകരിക്കാനാവില്ല എന്ന നിലപാടാണ് പ്രതിഷേധക്കാർ സ്വീകരിച്ചത്. ”ട്രംപിനെ ഞങ്ങൾ ചവറ്റുകൊട്ടയിലെറിയുന്നു” എന്നതായിരുന്നു അവരുടെ മുദ്രാവാക്യം. തെരഞ്ഞെടുപ്പ് ഫലത്തിലും ഈ ജനവികാരം പ്രതിഫലിക്കുകയുണ്ടായി. എന്നാൽ, മുതലാളിവർഗ്ഗത്തിന് ട്രംപിനോടായിരുന്നു താൽപ്പര്യം എന്നതിനാൽ അവർ പിൻവാതിലിലൂടെ നടത്തിയ തിരിമറികളിലൂടെ ജനവികാരത്തെ മറികടന്ന് ട്രംപിനെ വിജയിപ്പിച്ചു. ട്രംപിന്റെ അപ്രതീക്ഷിത വിജയത്തെതുടർന്ന് ജനകീയ പ്രക്ഷോഭം രൂക്ഷമായി.
എന്നാൽ ഈ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ ജനങ്ങൾ തയ്യാറായില്ല. രോഷാകുലരായ അവർ ട്രംപ് വിരുദ്ധ പ്രക്ഷോഭം കൂടുതൽ ശക്തമാക്കി. ട്രംപ് സത്യപ്രതിജ്ഞ ചൊല്ലുന്ന ദിവസം നിരവധി നഗരങ്ങളിലും പട്ടണങ്ങളിലുമൊക്കെ ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധ പ്രകടനങ്ങൾ നടന്നു. 40 ലക്ഷത്തിലേറെ സ്ത്രീകൾ പ്രതിഷേധത്തിൽ പങ്കെടുത്തതായാണ് റിപ്പോർട്ട്. രാജ്യത്തിന്റെ ചരിത്രത്തിൽതന്നെ ഇത് ഏറ്റവും വലിയ പങ്കാളിത്തമാണ് എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ”അയാൾ ഞങ്ങളുടെ പ്രസിഡന്റല്ല” എന്ന മുദ്രാവാക്യം എങ്ങും മാറ്റൊലികൊണ്ടു. സ്വന്തം ജനത ട്രംപിനെ വെറുക്കുന്നു എന്ന് പറയുന്നില്ലെങ്കിലും എത്രത്തോളം അസ്വീകാര്യനാണ് എന്ന് ഇതിൽനിന്ന് വ്യക്തമാണ്. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലെ പങ്കാളിത്തം ശുഷ്‌കമായിരുന്നപ്പോൾ പ്രതിഷേധ പ്രകടനങ്ങളിൽ വമ്പിച്ച ജനപങ്കാളിത്തമുണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. വ്യവസ്ഥിതിക്കെതിരായ സമരങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന മാദ്ധ്യമങ്ങൾക്ക് ട്രംപ് വിരുദ്ധ സമരങ്ങളിലെ ജനങ്ങളുടെ പങ്കാളിത്തം മറച്ചുവയ്ക്കാനായില്ല. ഇതിൽ കുപിതനായ ട്രംപ് മാദ്ധ്യമങ്ങളെ കണക്കറ്റ് ശകാരിച്ചു. ഭൂമിയിൽ ഏറ്റവും വിശ്വസിക്കാൻ കൊള്ളാത്തവരെന്ന് മാദ്ധ്യമ പ്രവർത്തകരെ വിശേഷിപ്പിച്ച ട്രംപ്, പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അവർക്ക് മുന്നറിയിപ്പ് നൽകി. ബൂർഷ്വാ ജനാധിപത്യം ഉയർത്തിപ്പിടിക്കുന്ന മാദ്ധ്യമങ്ങളുടെ പ്രാധാന്യമൊക്കെ കാറ്റിൽപറത്തിക്കൊണ്ട് ആദ്യദിനം മുതൽ ട്രംപ് മാദ്ധ്യമങ്ങൾക്കും ജനങ്ങൾക്കും നേരെ പോർവിളി തുടങ്ങിയിരിക്കുകയാണ്. ഇതും അമേരിക്കയുടെ ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ്.

ട്രംപ് പ്രവർത്തനമാരംഭിക്കുന്നു.

അധികാരമേറ്റ അന്നുമുതൽ ജനവികാരത്തെ അവഗണിച്ചുകൊണ്ട് ട്രംപ് നടപടികൾ ആരംഭിച്ചു. മുതലാളി വർഗ്ഗത്തിന്റെ പിന്തുണയോടെ അധികാരത്തിലെത്തുന്ന ഏതൊരു സേച്ഛാധിപതിയെയുംപോലെതന്നെ ട്രംപും ഉത്പതിഷ്ണുത്വഭാവവും ജനകീയ ശൈലിയുമൊക്കെയുള്ള ആളെന്ന കപടനാട്യത്തോടെയാണ് രാഷ്ട്രത്തെ അഭിസംബോധന ചെയ്തത്. ജനങ്ങളുടെ കഷ്ടപ്പാടുകളെയും ബുദ്ധിമുട്ടുകളെയുമൊക്കെക്കുറിച്ച് മുതലക്കണ്ണീരൊഴുക്കിക്കൊണ്ടായിരുന്നു തുടക്കം. ”രാജ്യത്തിന്റെ സമ്പത്ത് അനുഭവിക്കാൻ ജനങ്ങൾക്ക് കഴിയുന്നില്ല… തൊഴിൽ നഷ്ടപ്പെടുന്നു.. ഫാക്ടറികൾ അടഞ്ഞുകിടക്കുന്നു…. വിദ്യാഭ്യാസരംഗത്ത് പണം ആധിപത്യം ചെലുത്തുന്നു… അതുമൂലം മിടുക്കന്മാരും മിടുക്കികളുമായ നമ്മുടെ കുട്ടികൾക്ക് അറിവ് നിഷേധിക്കപ്പെടുന്നു. .. കുറ്റകൃത്യങ്ങളും മാഫിയകളും മയക്കുമരുന്നുമൊക്കെ നമ്മുടെ രാജ്യത്തെ കാർന്നുതിന്നുകയും നിരവധി ജീവനുകൾ അപഹരിക്കുകയും ചെയ്യുന്നു…ഇടത്തരക്കാരുടെ ഭവനങ്ങൾ കൊള്ളയടിക്കപ്പെടുന്നു തുടങ്ങി പല വിലാപങ്ങളും ട്രംപ് തന്റെ പ്രസംഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. തുടർന്ന് ജനങ്ങളെ കയ്യിലെടുക്കാനായി അവതരിപ്പിക്കപ്പെടുന്ന വാഗ്ദാനങ്ങളുടെ ഊഴമായി.. ”നമ്മുടെ തൊഴിലുകൾ നമ്മൾ തിരിച്ചുപിടിക്കും, നമ്മുടെ രാജ്യാതിർത്തികളും സമ്പത്തും സ്വപ്നങ്ങളുമെല്ലാം നമ്മൾ തിരിച്ചുപിടിക്കും” തുടങ്ങി വാഗ്ദാനങ്ങൾ പലതും അവതരിപ്പിച്ചു. പരമ്പരാഗത സമ്പ്രദായങ്ങളിൽ കടിച്ചുതൂങ്ങുന്നവരോടുള്ള അതൃപ്തിയും അവജ്ഞയും പ്രകടിപ്പിച്ച ട്രംപ്, നിലനിൽക്കുന്ന നയങ്ങളോടും നിയമങ്ങളോടുമൊക്കെ വിയോജിക്കുന്ന ആളാണ് താനെന്ന് സ്വയം ഉയർത്തിക്കാണിക്കാനും മറന്നില്ല. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളുമൊക്കെ ”സ്ഥാപിതതാൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന”താണെന്നും ”അടുത്തകാലത്തായി അമേരിക്കയുടെ തളർച്ചയ്ക്ക് ഇതു കാരണമായിട്ടുണ്ടെ”ന്നുമൊക്കെ ട്രംപ് പറഞ്ഞുവച്ചു. ”അമേരിക്കയുടെ മേലുള്ള സംഹാരത്തിന് അറുതിവരുത്തുകയും അമേരിക്കയെ വീണ്ടും ശക്തിപ്പെടുത്തുകയും” ചെയ്യുകയാണ് തന്റെ ദൗത്യമെന്നും ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു.

ട്രംപിന്റെ ‘അമേരിക്കനിസ’ത്തിന്റെ  ബീഭത്സരൂപം

വളരെ പെട്ടെന്നുതന്നെ ‘അമേരിക്കനിസ’ ത്തിന്റെ ഭീകരരൂപം പുറത്തുവന്നു. മുതലാളിവർഗ്ഗത്തിന്റെ ആകമാനതാൽപ്പര്യത്തിനിണങ്ങുന്ന നയങ്ങൾ നിയമനിർമ്മാണസഭയെ മറികടന്നുകൊണ്ട് നടപ്പാക്കുന്നത് ഇന്ന് ബൂർഷ്വാ സ്വേച്ഛാധിപതികളുടെ ശൈലിയാണ്. ഈ ശൈലി പിന്തുടർന്നുകൊണ്ട് ട്രംപ് പുറപ്പെടുവിച്ച 19 ഉത്തരവുകൾ അമേരിക്കയെ മാത്രമല്ല ലോകത്തെതന്നെ പരിഭ്രമിപ്പിച്ചു. രേഖമൂലമല്ലാതെ അമേരിക്കയിൽ താമസിക്കുന്ന മുഴുവൻ കുടിയേറ്റക്കാരെയും ഒഴിപ്പിക്കുക, അന്തർദേശീയ വ്യാപാരക്കരാറുകൾ റദ്ദാക്കുക, എച്ച്-1 ബി വിസ പദ്ധതി അവസാനിപ്പിക്കുക, പരിസ്ഥിതി മലിനീകരണ വിരുദ്ധ സംഹിതകൾ അസാധുവാക്കുക, അമേരിക്ക-മെക്‌സിക്കോ അതിർത്തിയിൽ മതിലുകെട്ടി കടൽത്തീരം വീണ്ടെടുക്കുക തുടങ്ങിയ ആഹ്വാനങ്ങളൊക്കെ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽതന്നെ ട്രംപ് ഉയർത്തിയിരുന്നു. വിദേശികളായ തൊഴിലാളികൾ കുറഞ്ഞ കൂലിക്ക് പണിയെടുക്കുന്നതുമൂലം ശമ്പളത്തിലുണ്ടായ ഇടിവ് അമേരിക്കക്കാരായ തൊഴിലാളികൾക്കും ജീവനക്കാർക്കും തൊഴിലില്ലായ്മ സൃഷ്ടിക്കുന്നു എന്ന ആരോപണവും ട്രംപ് ഉയർത്തിയിരുന്നു. യാതൊരു നിയന്ത്രണവുമില്ലാത്തവിധം മുസ്ലീംവിരുദ്ധതയുടെ വിഷം ചീറ്റുകയും ചെയ്തു. ഇപ്പോൾ ഇക്കാര്യങ്ങളൊക്കെ പ്രവൃത്തിപഥത്തിലെത്തിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
ഏഴുരാജ്യങ്ങളിലെ പൗരന്മാർക്ക് അമേരിക്കയിൽ പ്രവേശനം നിഷേധിച്ചു.
മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങളായ ഇറാൻ, ഇറാക്ക്, ലിബിയ, സോമാലിയ, സുഡാൻ, യെമൻ എന്നിവിടങ്ങളിൽ നിന്നുള്ള ജനങ്ങൾക്ക് 90 ദിവസത്തേയ്ക്കും സിറിയയിൽനിന്നുള്ളവർക്ക് അനിശ്ചിതമായും പ്രവേശനം നിഷേധിച്ച നടപടിയാണ് ഏറ്റവും വിവാദമായത്. നിയമവിധേയമല്ലാത്ത കുടിയേറ്റക്കാരെ രാജ്യത്തുനിന്ന് പുറത്താക്കാനുള്ളതായിരുന്നു രണ്ടാമത്തേത്. അമേരിക്കയിലേയ്ക്ക് വിദഗ്ധ തൊഴിലാളികൾ വരുന്നത് തടയുന്ന എച്ച്-1 ബി വിസ നിയന്ത്രണമായിരുന്നു മൂന്നാമത്തേത്. മുസ്ലീം ഭൂരിപക്ഷരാഷ്ട്രങ്ങളിൽനിന്നുള്ളവർക്ക് പ്രവേശനം നിഷേധിച്ചത് വൻ പ്രതിഷേധത്തിനിടയാക്കി. രാജ്യത്തെ വിമാനത്താവളങ്ങളിൽ ഇവരെ തടഞ്ഞുവച്ച തടക്കമുള്ള നടപടികൾ വളരെ പ്രകോപനപരമായിരുന്നു. തടഞ്ഞുവച്ച യാത്രക്കാരെ മോചിപ്പിക്കാനായി വക്കീലന്മാർ വോളന്റീയർമാരായി പ്രവർത്തിച്ചു. പ്രതിഷേധക്കാരും വക്കീലന്മാരും ഒത്തുകൂടിയപ്പോൾ വിമാനത്താവളങ്ങളുടെ പ്രവർത്തനം അവതാളത്തിലായി. ന്യൂയോർക്ക്, അറ്റ്‌ലാന്റ, ചിക്കാഗോ, ലോസ് എഞ്ചൽസ്, ഹൂസ്റ്റൺ, സിയാറ്റിൽ, വാഷിംഗ്ടൺ ഡി.സി., ഡള്ളാസ്, ബോസ്റ്റൺ, ഡെട്രോയിറ്റ്, ഫിലാഡെൽഫിയ, സാൻഫ്രാൻസിസ് കോ തുടങ്ങിയ നഗരങ്ങളിലൊക്കെ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. വാഷിംഗ്ടണിലെ ട്രംപ് ഹോട്ടൽ ഇന്റർനാഷണലിന്റെ മുന്നിലും പ്രതിഷേധക്കാർ തടിച്ചുകൂടി. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിനു സമീപമുള്ള ലഫയറ്റെ പാർക്കിലും ജനങ്ങൾ തടിച്ചുകൂടി. അമേരിക്കയിൽ നിന്ന് 2 കോടി 18 ലക്ഷം പേരെ പുറത്താക്കാനും കുടിയേറ്റക്കാർക്ക് പ്രവേശനം നിഷേധിക്കാനുമുള്ള ട്രംപിന്റെ ഞെട്ടിപ്പിക്കുന്ന തീരുമാനത്തിനെതിരെ ലോകമെമ്പാടും പ്രതിഷേധമുണ്ടായി. ലണ്ടനിൽ 30,000 പേരാണ് പ്രകടനം നടത്തിയത്. ഇംഗ്ലണ്ടിലെ 12 നഗരങ്ങളിൽ പ്രതിഷേധ പ്രകടനം നടന്നു. ”ട്രംപിന് ഇവിടെ സ്വാഗതമില്ല”, എന്തുകൊണ്ടെന്നാൽ ഈ യാത്രാനിരോധനം മനുഷ്യാവകാശങ്ങൾക്കുമേലുള്ള ഭീകരാക്രമണമാണ്”, എന്നാണവർ വിളിച്ചുപറഞ്ഞത്. ജക്കാർത്ത മുതൽ റോംവരെയുള്ള അമേരിക്കൻ എംബസികൾ പിക്കറ്റ് ചെയ്യപ്പെട്ടു. വികസിത മുതലാളിത്ത രാജ്യങ്ങളിലെ അടിച്ചമർത്തപ്പെടുന്ന ജനങ്ങളിൽ ഇത് പുതിയൊരുണർവ്വ് സൃഷ്ടിച്ചു. ചരിത്രപ്രധാനമായ ”വാൾസ്ട്രീറ്റ് പിടിച്ചടക്കൽ” സമരത്തിന്റെ ആവേശം അമേരിക്കക്കാരിലും ലോക ജനതയിലും നിലനിൽക്കുന്നുവെന്നും അധികാരികളുടെ ചെപ്പടിവിദ്യകൾക്കോ മധുര വാഗ്ദാനങ്ങൾക്കോ അവരെ കബളിപ്പിക്കാനാവില്ലെന്നും തെളിയിക്കുന്നതായിരുന്നു ഈ സംഭവവികാസങ്ങൾ. അധികാരം തലയ്ക്കുപിടിച്ച ട്രംപിന്റെ ചെയ്തികൾ സഹിക്കാൻ തയ്യാറല്ല എന്ന മനോഭാവമാണ് അവർ പ്രകടമാക്കിയത്.

ജുഡീഷ്യറിയുമായുള്ള ഏറ്റുമുട്ടൽ

ജനങ്ങൾ മാത്രമല്ല, ജൂഡീഷ്യറിയും ട്രംപിന്റെ ഏകപക്ഷീയമായ യാത്രാ നിരോധന പ്രഖ്യാപനത്തെ എതിർത്തു. ബൂർഷ്വാ ജനാധിപത്യത്തിൽ സാപേക്ഷിക സ്വാതന്ത്ര്യമുണ്ടെന്ന് ബോദ്ധ്യപ്പെടുത്താൻ ബാദ്ധ്യസ്ഥമായ ജൂഡീഷ്യറിക്ക് ഇതു ചെയ്യാതെ തരമില്ലായിരുന്നു. വിഷയം വിശദമായ നിയമപരിശോധനകൾക്ക് മാറ്റിവച്ചുകൊണ്ട് രാജ്യമെമ്പാടും യാത്രാനിരോധനം സ്റ്റേ ചെയ്യാൻ സിയാറ്റിൽ ഫെഡറൽ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. വാഷിംഗ്ടൺ കോടതിയാകട്ടെ ട്രംപിന്റെ ഉത്തരവിന്മേൽ ദേശീയതലത്തിൽ ഇഞ്ചങ്ഷൻ പുറപ്പെടുവിച്ചു. 16 സ്റ്റേറ്റുകളിലെ അന്റോർണി ജനറൽമാർ സംയുക്തമായി ട്രംപിന്റെ ഉത്തരവിനെ അപലപിച്ചു. സിയാറ്റിൽ കോടതി ഉത്തരവിനെ ”പരിഹാസ്യ” മെന്ന് വിശേ ഷിപ്പിച്ച ട്രംപ് ”അത് മറികടക്കുമെന്ന്” മുന്നറിയിപ്പും നൽകി! ”ജഡ്ജിയെന്ന് പറയപ്പെടുന്ന ആൾ ” എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഉത്തരവിറക്കിയ ജസ്റ്റിസ് ജയിംസ് റോബർട്ടിനെ ട്രംപ് പരിഹസിക്കുകയും ചെയ്തു. ട്രംപിന്റെ നിർദ്ദേശപ്രകാരം ഒട്ടും താമസിയാതെ അമേരിക്കൻ ഗവൺമെന്റിന്റെ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് സ്റ്റേ ഒഴിവാക്കണമെന്നാവശ്യപ്പെടുന്ന അപ്പീലും സമർപ്പിച്ചു. എന്നാൽ, ജനകീയ പ്രതിഷേധം തിരിച്ചറിഞ്ഞ സാൻഫ്രാൻസിസ്‌കോയിലെ അപ്പീൽകോടതി അപ്പീൽ തള്ളുകയും ഗവൺമെന്റിന്റെയും പ്രതിഷേധക്കാരുടെയും പരാതികളിൽ വാദം കേൾക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇരുവിഭാഗത്തിന്റെയും വാദംകേട്ട കോടതി, ഉത്തരവിറക്കാൻ പ്രസിഡന്റിന് വിശേഷാവകാശമുണ്ടെന്ന സർക്കാർ വാദം തള്ളിക്കളഞ്ഞു. കോടതിയുത്തരവ് ഏകകണ്ഠമായിരുന്നു. ഇതുമൂലം സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്തിരിയുന്നതായാണ് മനസ്സിലാക്കാൻ കഴിയുന്നത്. അനിഷേധ്യമായ ചരിത്രഗതിയിൽ മുതലാളിത്ത വ്യവസ്ഥ കാലഹരണപ്പെട്ടിരിക്കുന്നതിനാൽ ബൂർഷ്വാജനാധിപത്യ സംവിധാനത്തിനുണ്ടായിരിക്കുന്ന അപചയത്തിന്റെ പശ്ചാത്തലത്തിൽ വേണം സുപ്രധാനമായ ഈ സംഭവവികാസത്തിന്റെ പ്രത്യാഘാതങ്ങൾ വിലയിരുത്താൻ. ബൂർഷ്വാ ജനാധിപത്യത്തിന്റെ ഉപജ്ഞതാക്കൾ നിയമനിർമ്മാണം, ഭരണനിർവ്വഹണം, നീതിന്യായം എന്ന മൂന്ന് വിഭാഗങ്ങളിലായി അധികാര വിഭജനം നടത്തിക്കൊണ്ട് പ്രഖ്യാപിച്ചത്, ഈ ഓരോ വിഭാഗവും സ്വതന്ത്ര്യമായി, സാപേക്ഷികമായ സ്വയംഭരണാവകാശത്തോടെ പ്രവർത്തിക്കുമ്പോൾ മാത്രമാണ് മുതലാളിത്ത സാമ്പത്തിക-രാഷ്ട്രീയ-സാമൂഹ്യ ചട്ടക്കൂടിനുള്ളിൽ രാഷ്ട്രീയ സ്വാതന്ത്ര്യം ഉറപ്പാക്കാൻ കഴിയുന്നത് എന്നത്രെ. ഇതിൽ ഏതെങ്കിലും വിഭാഗത്തിൽ അധികാരം കേന്ദ്രീകരിക്കപ്പെടുന്നില്ല എന്നുറപ്പാക്കാനുള്ള സന്തുലിത സംവിധാനങ്ങളും വ്യവസ്ഥകളും കൂടി ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ഓരോ വിഭാഗത്തിന്റെയും സ്വതന്ത്രമായ പ്രവർത്തനത്തിൽ കൈകടത്തൽ ഉണ്ടാകുന്നില്ല എന്നും പരസ്പരം സ്വരച്ചേർച്ചയോടെ പ്രവർത്തിക്കുന്നുവെന്നും ഉറപ്പാക്കാനും ഇത്തരമൊരു സന്തുലനസംവിധാനം ആവശ്യമായിരുന്നു. എന്തായാലും, ഒരു ബൂർഷ്വാ ഭരണകൂട യന്ത്രത്തിന്റെ ഭാഗങ്ങൾ എന്ന നിലയിൽ ഈ മൂന്ന് ഘടകങ്ങളും എത്രതന്നെ സാപേക്ഷമായ സ്വാതന്ത്ര്യത്തോടെ പ്രവർത്തിച്ചാലും, ഒരു വർഗ്ഗവിഭജിത സമൂഹത്തിൽ ഇവയൊന്നും വർഗ്ഗാതീതമായല്ല നിലനിൽക്കുന്നത്. ഭരണമുതലാളി വർഗ്ഗത്തിന്റെ താൽപ്പര്യമാണ് എക്കാലവും അത് സംരക്ഷിക്കുന്നത്. മുതലാളിത്ത വ്യവസ്ഥ സാമ്രാജ്യത്വഘട്ടത്തിലെത്തി മരണാസന്നവും ജീർണ്ണവുമാകുന്നതോടെ അതിന്റെ ഉപരിഘടനയെന്ന നിലയിൽ ബൂർഷ്വാ ജനാധിപത്യവ്യവസ്ഥയുടെ അന്തസത്ത അതിവേഗം ചോർന്നുപോകുന്നു. സാമ്പത്തിക-രാഷ്ട്രീയാധികാരങ്ങളെല്ലാം സ്വന്തം കയ്യിൽ കേന്ദ്രീകരിച്ച് ഫാസിസം ആവിഷ്‌ക്കരിക്കാൻ ശ്രമിക്കുന്ന ഭരണമുതലാളിവർഗ്ഗത്തിന്റെ ഒരു അനുബന്ധമായി അത് അധഃപതിക്കുന്നു. നിയമനിർമ്മാണസഭകൾ വെറുമൊരു പ്രദർശനവസ്തുവായി ചുരുങ്ങുകയും അധികാരമെല്ലാം ഭരണ നിർവ്വഹണ സംവിധാനത്തിൽ, അതായത് പ്രസിഡന്റ്, പ്രധാനമന്ത്രി, മന്ത്രിമാർ, ഉദ്യോഗസ്ഥപ്രമാണിമാർ, പോലീസ്, പട്ടാളം എന്നിവരടങ്ങുന്ന സംവിധാനത്തിൽ അധികമധികം കേന്ദ്രീകരിക്കപ്പെടുകയും ചെയ്യും. ബൂർഷ്വാ ഭരണഘടനപ്രകാരം നിയമവ്യവസ്ഥയുടെ സൂക്ഷിപ്പുകാരനും നിയമങ്ങളുടെ വ്യാഖ്യാതവുമാണ് നീതിന്യായ സംവിധാനം. എന്നാൽ ഇന്ന് ലോകത്തെവിടെയും, അത് പ്രസിഡൻഷ്യൽ രൂപത്തിലുള്ളതോ അല്ലാത്തതോ ആയ ഭരണമാകട്ടെ, ജുഡീഷ്യറിയുടെ സാപേക്ഷിക സ്വാതന്ത്ര്യത്തെ അടർത്തിമാറ്റി വിധേയത്വം പുലർത്തുന്ന ഒന്നാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ, അധികാരപരിധി സംബന്ധിച്ച് ഭരണനിർവ്വഹണ സംവിധാനവും ജുഡീഷ്യറിയും തമ്മിലുള്ള ഏറ്റുമുട്ടൽ ഇന്ന് തുടരെയുണ്ടാകുന്നു. മാത്രമല്ല, ജുഡീഷ്യറിയും ആത്യന്തികമായി മുതലാളിവർഗ്ഗ താൽപ്പര്യം സംരക്ഷിക്കാൻ ബാദ്ധ്യസ്ഥമാണെന്ന് പറഞ്ഞല്ലോ. ഏതെങ്കിലുമൊരു ഭരണനടപടി മുതലാളിവർഗ്ഗത്തിന്റെ ആകമാന താൽപ്പര്യത്തിനെതിരാകുന്നുവെന്നു കണ്ടാൽ ജുഡീഷ്യറിയുടെ ഇടപെടലിലുടെ അതിൽനിന്ന് പിന്തിരിപ്പിക്കാൻ ഭരണവർഗ്ഗം ശ്രമിക്കുന്നു. ട്രംപിന്റെ എന്തുംചെയ്യാമെന്ന ഭാവവും പ്രസിഡന്റ് സ്ഥാനത്തിനുംമേലെ സ്വയം ഉയർത്തിക്കാണിക്കാനുള്ള ശ്രമവും പരിധിവിടുന്നുവെന്നും ജനങ്ങളിൽ മുതലാളിത്ത വ്യവസ്ഥയോട് എതിർപ്പ് വളർത്താൻ ഇത് ഇടയാക്കുമെന്നുമുള്ള അമേരിക്കൻ മുതലാളിവർഗ്ഗത്തിന്റെ തിരിച്ചറിവാണ് അമേരിക്കയിലെ ഇപ്പോഴത്തെ നടപടികൾക്ക് കാരണമെന്നുവേണം മനസ്സിലാക്കാൻ. യാത്രാനിരോധനത്തിനെതിരായ കോടതി നടപടിക്കുകാരണമായത് ഈ കാഴ്ചപ്പാടാകാനാണ് എല്ലാ സാധ്യതയും. ഭരണമുതലാളിവർഗ്ഗത്തിന്റെ ഈ ഇടപെടൽ മനസ്സിലാക്കിയാണ് വിഷയം സുപ്രീംകോടതിക്ക് വിട്ടുകൊണ്ട് പിൻവലിയാൻ ട്രംപ് തയ്യാറായത്.

വർഗ്ഗീയ-വംശീയ അതിപ്രസരം

യാത്രാ നിരോധനവുമായി ബന്ധപ്പെട്ട മറ്റൊരു വശംകൂടിയുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ അമേരിക്കയിലെ കറുത്തവർഗ്ഗക്കാരെയും സ്‌പെയിൻകാരെയും സ്ത്രീകളെയും അമേരിക്കയ്ക്ക് അടുത്തയിടെയുണ്ടായ തളർച്ചയ്ക്ക് കാരണക്കാരായി അവതരിപ്പിക്കാൻ ട്രംപ് ആഗ്രഹിച്ച പലരാജ്യങ്ങളെയുമൊക്കെ പ്രതിസ്ഥാനത്ത് നിർത്തിയുള്ള വിമർശനങ്ങളാണ് ട്രംപ് നടത്തിയത്. മുസ്ലീംവിരുദ്ധ മനോഭാവം ഊട്ടിവളർത്തുന്നതിലും കാര്യമായ ശ്രദ്ധചെലുത്തി. തെരഞ്ഞെടുപ്പ് നടന്ന നവംബർമാസം മുതൽ വർണ്ണ വിവേചനത്തിന്റെയും പരദേശി സ്പർദ്ധയുടെയും പേരിലുള്ള കലാപങ്ങൾ വൻതോതിൽ വർദ്ധിച്ചിട്ടുണ്ടെന്നാണ് അമേരിക്കയിൽനിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്. ഇതിന് ആക്കംവർദ്ധിപ്പിച്ച് സാമൂഹ്യാന്തരീക്ഷം കൂടുതൽ വഷളാക്കാനാണ് യാത്രാനിരോധനം പ്രഖ്യാപിച്ചത്. അന്ധതയും മതഭ്രാന്തും വളരാൻ ഇതിടയാക്കും. മതമൗലികവാദികൾക്കും ഭീകരപ്രവർത്തകർക്കും ഇത് മുതൽകൂട്ടാകും. ‘ഇസ്ലാമിനെ സംരക്ഷിക്കാനെന്ന’പേരിൽ പശ്ചിമേഷ്യയിലും ലോകത്തിന്റെ ഇതരഭാഗങ്ങളിലും കൂട്ടക്കൊലകളും പൈശാചികകൃത്യങ്ങളും അരങ്ങേറ്റുന്നവരാണിവർ. കടുത്ത മുസ്ലീംവിരുദ്ധനടപടികൾ, ചില പശ്ചിമേഷ്യൻ രാജ്യങ്ങളിൽ അമേരിക്കൻ പൗരന്മാർക്ക് വിലക്കേർപ്പെടുത്തുന്ന തരത്തിൽ പ്രതികാരനടപടികൾക്കും ഇടയാക്കിയേക്കാം. അങ്ങനെ, പിരിമുറക്കവും സംശയവും സ്‌നേഹമില്ലായ്മയും വർഗ്ഗീയഭ്രാന്തും നിറഞ്ഞ ഒരു ആഗോള സാഹചര്യം സംജാതമാകും. എന്നാൽ, ട്രംപിന്റെ ഈ വർഗ്ഗീയനിലപാടുകൾക്കെതിരെ ലോകമെമ്പാടും പ്രതിഷേധമുയർന്നുവെന്നത് ആശ്വാസകരമാണ്. അമേരിക്കൻ മുസ്ലീങ്ങൾമാത്രമല്ല, മുസ്ലീങ്ങളല്ലാത്തവരും വെളുത്തവർഗ്ഗക്കാരുമൊക്കെ വംശീയവിദ്വേഷത്തിനെതിരെ മുന്നോട്ടുവന്നു. എന്തിനാണ് ട്രംപ് ഇങ്ങനെയൊക്കെ ചെയ്യുന്നത്? ബുദ്ധിഭ്രമമുള്ളതുകൊണ്ടാണോ? അല്ല. യഥാർത്ഥ പ്രശ്‌നങ്ങളിൽനിന്ന് ജനശ്രദ്ധതിരിക്കാൻ മാത്രമാണിത്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ വിനീതനായ രാഷ്ട്രീയകാര്യദർശിയെന്ന നിലയിൽ ഹീനമായൊരു മുതലാളിവർഗ്ഗപദ്ധതിയാണ് കൗശലപൂർവ്വം ട്രംപ് നടപ്പിലാക്കുന്നത്. അമേരിക്കയിലും പുറത്തുമുള്ള അദ്ധ്വാനിച്ചു ജീവിക്കുന്ന ജനങ്ങളെ വംശത്തിന്റെയും വർണ്ണത്തിന്റെയുമൊക്കെപേരിൽ ശാശ്വതമായി വിഭജിച്ചുനിർത്തുക എന്നതാണത്. സാമ്രാജ്യത്വവിരുദ്ധ, വിശേഷിച്ച് അമേരിക്കൻ സാമ്രാജ്യത്വവിരുദ്ധ സമരങ്ങൾ കഷ്ടതയനുഭവിക്കുന്ന ജനങ്ങൾക്കിടയിൽ വളർന്നുവരുന്നത് തടയാനും ജനജീവിതത്തിലെ എല്ലാ ദുരിതങ്ങൾക്കും കാരണമായ സാമ്രാജ്യത്വ-മുതലാളിത്ത സംവിധാനത്തിനുനേരെ യാതൊരു ഭീഷണിയും ഉയരുന്നില്ല എന്നുറപ്പാക്കാനുമാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്. മുസ്ലീങ്ങളിലെ രണ്ട് വിഭാഗങ്ങളായ ഷിയാകൾക്കും സുന്നികൾക്കുമിടയിൽ നിഷ്‌ക്രിയമായിരുന്ന വൈരം ആളിക്കത്തിച്ച് അവരെ ഭാതൃഹത്യയിലേയ്ക്ക് നയിക്കാൻ അമേരിക്കൻ സാമ്രാജ്യത്വവും കൂട്ടാളികളും കൊണ്ടുപിടിച്ച് ശ്രമിച്ചതും ഇതേ ഉദ്ദേശത്തോടെതന്നെയാണ്. ഇന്ന് പല പശ്ചിമേഷ്യൻ രാജ്യങ്ങളിലും അരങ്ങേറുന്ന പാതകങ്ങൾക്ക് കാരണവും ഇതുതന്നെ.

കുടിയേറ്റവിരുദ്ധ വിദ്വേഷപ്രചാരണം

നിയമവിധേയമല്ലാത്ത കുടിയേറ്റക്കാരെ പൊടുന്നനെ തടഞ്ഞതും രാജ്യത്തുള്ളവരെ ഉടൻ നാടുകടത്താൻ തീരുമാനിച്ചതും അമേരിക്കയുടെയും മെക്‌സിക്കോയുടെയും അതിർത്തിയിൽ മതിൽകെട്ടി വേർതിരിച്ചുകൊണ്ട് കുടിയേറ്റക്കാരെ തടയാനുള്ള നീക്കവുമൊക്കെയാണ് ഇനി പരിശോധിക്കുന്നത്. നിയമവിരുദ്ധമായ കുടിയേറ്റം തടയാൻ ഉചിതമായ നടപടികൾ സ്വീകരിക്കുന്നതിനെ ആരും എതിർക്കുന്നില്ല. എന്നാൽ മെക്‌സിക്കോയിൽനിന്ന് പതിറ്റാണ്ടുകളായി കുടിയേറ്റം നടക്കുന്നത് അമേരിക്കൻ ഭരണസംവിധാനത്തിന്റെ അറിവില്ലാതെയാണോ? അമേരിക്കൻ വ്യവസായികൾക്കും ബിസിനസ്സുകാർക്കും വിലകുറഞ്ഞ അദ്ധ്വാനശക്തി ഉറപ്പാക്കുകയെന്ന ഉദ്ദേശവും ഇതിന്റെ പിന്നിലുണ്ടായിരുന്നില്ലേ? ഇനി, അമേരിക്കയിലുള്ള കുടിയേറ്റക്കാർ മുഴുവനും നിയമവിരുദ്ധരാണോ? അങ്ങനെയാണെങ്കിൽതന്നെ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ ഇത്രയും കാലം എന്തുചെയ്യുകയായിരുന്നു? എന്തുകൊണ്ടാണിതുവരെ അവരെ പുറത്താക്കാതിരുന്നത്? അമേരിക്കൻ കുത്തകകളും കോർപ്പറേറ്റുകളുമാണ് ഇതിന് തടസ്സം നിന്നതെന്നും അവരുടെ സ്വാർത്ഥതാൽപ്പര്യമാണ് അതിനുപിന്നിലെന്നും വ്യക്തമാണ്. ഈ മരണാസന്ന മുതലാളിത്തഘട്ടത്തിൽ എന്തെങ്കിലും വികസനം സാദ്ധ്യമായിട്ടുണ്ടെങ്കിൽ അതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചത് ഈ കുടിയേറ്റക്കാരാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ”രാജ്യത്തെ പല മഹത്തായ കണ്ടുപിടുത്തങ്ങളും നടത്തിയിട്ടുള്ളതും ചിരപ്രതിഷ്ഠമായ പല കമ്പനികളും സ്ഥാപിച്ചിട്ടുള്ളതും കുടിയേറ്റക്കാരാണ്… സ്വന്തമായതെല്ലാം ഉപേക്ഷിച്ച്, ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാനായി അജ്ഞാതമായ നാട്ടിലേയ്ക്ക് യാത്രതിരിക്കുന്നവർക്ക് പ്രതിബന്ധങ്ങളെ തരണംചെയ്ത് മുന്നേറാനുള്ള ഉൾപ്രേരണയും സർഗാത്മകതയും നിശ്ചയദാർഢ്യവും ചങ്കുറ്റവുമൊക്കെ ഉണ്ടാകും…അമേരിക്കൻ സമ്പദ്ഘടന അന്വേഷണാത്മകതയുടെയും അഭിവൃദ്ധിയുടെയും ചാലകശക്തിയായി ചരിത്രത്തിൽ വിരാജിക്കുന്നതിൽ ഇക്കൂട്ടർ അമേരിക്കൻ മണ്ണിലേയ്ക്ക് കൊണ്ടുവന്ന ഊർജ്ജം നിർണ്ണായകപങ്കുവഹിക്കുന്നു” വെന്ന് അമേരിക്കൻ സാങ്കേതികവിദ്യാരംഗത്ത് പ്രവർത്തിക്കുന്ന 100 പ്രമുഖകമ്പനികൾ സംയുക്തമായി ട്രംപിന്റെ യാത്രാനിരോധനത്തിനെതിരെ നൽകിയ സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയത് ഈ വസ്തുത അംഗീകരിച്ചുകൊണ്ടാണ്. ആപ്പിൾ, ഫേസ്ബുക്ക്, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഇന്റൽ, ഈബേ തുടങ്ങിയ വമ്പന്മാരൊക്കെ ഇതിൽ ഒപ്പുവച്ചിട്ടുണ്ട്. എന്നാൽ ട്രംപിന് ഒരു കുലുക്കവുമില്ല. കാരണം കുടിയേറ്റവിരുദ്ധ വിദ്വേഷപ്രചാരണംവഴി തൊഴിൽരഹിതരായ അമേരിക്കൻ യുവത്വത്തെ കബളിപ്പിക്കുകയും തൊഴിലില്ലായ്മയ്ക്ക് കാരണം പ്രതിസന്ധിഗ്രസ്തമായ മുതലാളിത്ത വ്യവസ്ഥയാണ് കുടിയേറ്റക്കാരല്ല എന്ന യാഥാർത്ഥ്യം അമേരിക്കക്കാരിൽനിന്ന് മറച്ചുവയ്ക്കുകയുമാണ് ട്രംപിന്റെ അടിയന്തര ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം കൂടിയുണ്ട്. എന്തുകൊ ണ്ടാണ് ലോകമെമ്പാടും കുടിയേറ്റപ്രശ്‌നം സജീവചർച്ചാവിഷയമായിരിക്കുന്നത്? സ്വന്തം നാടുംവീടും വിട്ട് അന്യനാടുകളിൽ അഭയാർത്ഥികളായി കുടിയേറാനും മൃഗീയചൂഷണങ്ങൾക്ക് വിധേയരാകാനും ഇവരെ നിർബ്ബന്ധിതമാക്കുന്നതെന്താണ്? അമേരിക്കൻ ആജ്ഞകൾക്ക് വഴങ്ങാത്ത ഭരണകൂടങ്ങളെ കടപുഴക്കാൻ പ്രാദേശികവും ഭാഗികവുമായ യുദ്ധങ്ങൾ അഴിച്ചുവിടുന്ന അമേരിക്കയുടെ മേധാവിത്വനയങ്ങളാണ് നിരപരാധികളായ ജനങ്ങളെ ഒറ്റരാത്രികൊണ്ട് അഭയാർത്ഥികളാക്കി, തെണ്ടികളാക്കി പുറന്തള്ളിക്കൊണ്ടിരിക്കുന്നത്. അമേരിക്കൻ സാമ്രാജ്യത്വം തങ്ങളുടെ ഹീനമായ അജണ്ട പ്രകാരം ഊട്ടിവളർത്തിയതെന്ന് നിസ്സംശയം പറയാവുന്ന താലിബാൻ, അൽഖ്വെയ്ദ, ഐഎസ്‌ഐഎസ് മതമൗലികവാദി, തീവ്രവാദിഗ്രൂപ്പുകൾ നടത്തുന്ന അരുംകൊലകളും എണ്ണിയാലൊടുങ്ങാത്ത അക്രമങ്ങളും ഈ അഭയാർത്ഥിപ്രശ്‌നത്തിന് ആക്കംവർദ്ധിപ്പിക്കുന്നുമുണ്ട്. ഇക്കാര്യത്തിൽ മുതലാളിത്ത-സാമ്രാജ്യത്വക്യാമ്പിൽത്തന്നെ അഭിപ്രായവ്യത്യാസം ഉടലെടുത്തിട്ടുണ്ട്. ഒട്ടുമിക്ക യൂറോപ്യൻരാജ്യങ്ങളും അമേരിക്കയ്‌ക്കെതിരായ നിലപാടാണ് എടുത്തിട്ടുള്ളത്. അപ്പോൾ, അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയകാര്യദർശിയായ ട്രംപിന്, അമേരിക്ക നേരിടുന്ന ദുഃസ്ഥിതിയ്ക്കും സാമ്പത്തിക പ്രതിസന്ധിക്കുമൊക്കെ കുടിയേറ്റക്കാരെ പഴിപറയാൻ എന്തവകാശമാണുള്ളത്? അമേരിക്കൻ പ്രസിഡന്റിന്റെ കുടിയേറ്റവിരുദ്ധ നിലപാട് അംഗീകരിക്കാൻ ജർമ്മനി, ആസ്‌ട്രേലിയ തുടങ്ങി പല രാജ്യങ്ങളും തയ്യാറായിട്ടില്ല. കുടിയേറ്റക്കാരുടെ വിലകുറഞ്ഞ അദ്ധ്വാനശേഷി ഉപയോഗപ്പെടുത്തുന്നതിനും അതേസമയംതന്നെ ലോകത്തിന്റെ മുമ്പാകെ ഒരു മാനുഷിക മുഖം പ്രദർശിപ്പിക്കുന്നതിനും അത് തടസ്സമാകും എന്നതുതന്നെ കാരണം. സാമ്രാജ്യത്വചേരിക്കുള്ളിലെ വൈരുദ്ധ്യത്തിന്റെ ഒരു ഉദാഹരണമാണിത്.
ഇവിടെയും അവസാനിച്ചില്ല കാര്യങ്ങൾ. ജനങ്ങളുടെ ശക്തമായ സമ്മർദ്ദത്തെത്തുടർന്ന് ‘ഒബാമ കെയർ’ എന്ന പേരിൽ ഒരു നിയമം ആവിഷ്‌ക്കരിക്കാൻ മുൻപ്രസിഡന്റ് ഒബാമ നിർബന്ധിതനായിരുന്നു. എല്ലാ അമേരിക്കക്കാർക്കും താങ്ങാവുന്ന നിരക്കിൽ വൈദ്യശുശ്രൂഷ ലഭിക്കത്തക്കവണ്ണമാണ് ഇത് വിഭാവനചെയ്തിരുന്നത്. അപായകരമാംവിധം ഉയർന്നിരുന്ന ചികിത്സാചെലവിന് ഇത് ഒരു പരിധിവരെ ആശ്വാസകരമായിരുന്നു. ചികിത്സയെ അനന്തമായ ചൂഷണത്തിന്റെ മേഖലയാക്കി വീക്ഷിച്ച കുത്തകകൾക്ക് സന്തോഷം പകർന്നുകൊണ്ട് ഈ നിയമം പിൻവലിക്കുകയാണ് ട്രംപ് ആദ്യംതന്നെ ചെയ്തത്. ബാങ്കിംഗ് രംഗത്തും ഒബാമ ചില നിയമങ്ങൾകൊണ്ടുവന്നിരുന്നു. ഊഹക്കച്ചവടരംഗത്ത് ബാങ്കുകൾ പണം നിക്ഷേപിക്കുന്നതിലും തിരിച്ചടക്കാനുള്ള ശേഷിപരിഗണിക്കാതെ ഭവനവായ്പയും മറ്റും നൽകുന്നതിലുമൊക്കെ ചില നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതായിരുന്നു ഈ നിയമങ്ങൾ. 2008-ൽ അമേരിക്കയെ മാത്രമല്ല ലോകത്തെ ആകെ ബാധിച്ച സബ്‌പ്രൈം പ്രതിസന്ധികൾ പോലെയുള്ള അപകടങ്ങൾ ഒഴിവാക്കുകയായിരുന്നു ഇതിന്റെ പിന്നിലുള്ള ഉദ്ദേശം. ഇതും പിൻവലിക്കാൻ ട്രംപ് ഉത്തരവിട്ടു.
പരിസ്ഥിതി സംരക്ഷണത്തിനായി നടപ്പാക്കിയ ചില നിയമങ്ങളും പിൻവലിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. വൈദ്യുതിനിലയങ്ങളിൽനിന്ന് പുറന്തള്ളുന്ന ചൂട് മുതലായവയുടെ കാര്യത്തിൽ ആദ്യമായി ഒരു മാനദണ്ഡം ഏർപ്പെടുത്തിയ പരിസ്ഥിതിസംരക്ഷണ ഏജൻസിയുടെ ക്ലീൻപവർ പ്ലാൻ, തീരക്കടലിലും ആർട്ടിക് സമുദ്രത്തിലും ഖനനം നിരോധിച്ച നടപടി, എണ്ണ, വാതക മേഖലകളിൽ നിലനിന്നിരുന്ന നിയന്ത്രണങ്ങൾ തുടങ്ങിയവയൊക്കെ ഇതിൽപെടും. സർക്കാർമേഖലയിൽ ജോലി ചെയ്യുന്ന ശാസ്ത്രജ്ഞരുടെയും ചില ശാസ്ത്രീയ ഗവേഷണ ഏജൻസികളുടെയുംമേൽ കർശനായ ചില നിബന്ധനകൾ അടിച്ചേൽപ്പിക്കുന്ന ഉത്തരവിലൂടെ ഈ വിഭാഗത്തെയും ട്രംപ് വല്ലാതെ പ്രകോപിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ വസ്തുതാപഠനങ്ങളും പത്രക്കുറിപ്പുകളും സമൂഹമാദ്ധ്യമങ്ങളിൽ അവതരിപ്പിച്ച കാര്യങ്ങളും ബ്ലോഗുകളുമൊക്കെ നീക്കം ചെയ്യാനും ട്രംപ് ഉത്തരവിട്ടു. ആഗോളതാപനത്തിന് ആക്കം വർദ്ധിപ്പിക്കുംവിധം കാർബൺ പുറന്തള്ളുന്നുണ്ടെന്നുള്ള ഗവേഷണങ്ങളും ഇതിൽപ്പെടുന്നു. അമേരിക്ക, സിംഗപ്പൂർ, ആസ്‌ട്രേലിയ, ന്യൂസിലാന്റ്, കാനഡ, മെക്‌സിക്കോ തുടങ്ങി 12 രാജ്യങ്ങൾ തമ്മിലുള്ള ട്രാൻസ് പസഫിക് പാർട്ണർഷിപ്പ് എന്ന ഉടമ്പടിയുംട്രംപ് റദ്ദാക്കി. സാമ്പത്തികബന്ധം ശക്തിപ്പെടുത്താനും ചുങ്കംകുറയ്ക്കാനും പരസ്പരവ്യാപാരം മെച്ചപ്പെടുത്താനുമൊക്കെയാണ് ഈ ഉടമ്പടി ഉണ്ടാക്കിയിരുന്നത്. ഈ രാജ്യങ്ങളെ ഉൾപ്പെടുത്തി, യൂറോപ്യൻ യൂണിയന്റെ മാതൃകയിൽ, ഒരു പൊതുകമ്പോളം വികസിപ്പിച്ചെടുക്കുക എന്നതായിരുന്നു ലക്ഷ്യം. നോർത്ത് അറ്റ്‌ലാന്റിക് ഫ്രീ ട്രേഡ് അസോസിയേഷൻ പോലുള്ള ചില കരാറുകളും റദ്ദാക്കുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയുണ്ടായി.

യുദ്ധക്കൊതിയനായ അമേരിക്ക സമാധാനത്തിന്റെ പ്രചാരകൻ ചമയുന്നു

വിദേശനയം സംബന്ധിച്ച് ട്രംപിന്റെ പ്രഖ്യാപനം ഇപ്രകാരമായിരുന്നു: ”ശക്തിയിലൂടെ സമാധാനം എന്നതായിരിക്കും നയത്തിന്റെ കാതൽ”.”കൂടുതൽ സന്തുലിതവും സമാധാനപരവും സംഘർഷംകുറഞ്ഞതും പൊതുതാൽപ്പര്യം ഏറിയതുമായ ഒരു ലോകം സൃഷ്ടിക്കാൻ ഈ തത്വം ഉപകാരപ്രദമാകും” ”ശക്തിയിലൂടെ സമാധാനം” എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം. സാമ്രാജ്യത്വതാൽപ്പര്യംപേറുന്ന അമേരിക്കൻ പ്രസിഡന്റുമാർ കാലാകാലങ്ങളിൽ അനുവർത്തിച്ചിട്ടുള്ള വിദേശനയം നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. ആഗോള ഗുണ്ടായിസം, തോക്കിൻ മുനചൂണ്ടി ‘ജനാധിപത്യം’ കയറ്റുമതിചെയ്യൽ, ആജ്ഞാനുവർത്തികളാകാൻ തയ്യാറാകാത്ത ഭരണകൂടങ്ങളെ അട്ടിമറിക്കൽ, പാവഭരണകൂടങ്ങളെ പ്രതിഷ്ഠിക്കൽ, രാഷ്ട്രങ്ങളെ പിടിച്ചടക്കാനോ വരുതിയിലാക്കാനോ വേണ്ടി നടത്തുന്ന യുദ്ധങ്ങൾ തുടങ്ങിയവയൊക്കെയാണ് അതിന്റെ സ്വഭാവം.

ഇപ്പോൾ ട്രംപ് ഈ നയം കൂടുതൽ മുന്നോട്ടുകൊണ്ടുപോകാൻ ആഗ്രഹിക്കുന്നു. അങ്ങേയറ്റം സംശയാസ്പദമായ രണ്ടുകാര്യങ്ങളുടെ പേരിൽ ഇറാനെ ഇതിനകം പ്രതിസ്ഥാനത്ത് നിർത്തിക്കഴിഞ്ഞു ട്രംപ്. യാതൊരു പ്രകോപനവുമില്ലാതെ സൗദി അറേബ്യനടത്തിയ ആക്രമണത്തെ ചെറുക്കുന്ന, പട്ടിണിയിലായ യെമനിലെ ഹൗതി പോരാളികൾക്ക് ഇറാൻ നൽകുന്ന പിന്തുണയാണ് ഒരു കാര്യം. ഐക്യരാഷ്ട്രസഭയുടെ അംഗീകാരത്തോടെ ഉണ്ടാക്കിയ ആണവക്കരാർ ലംഘിച്ചുകൊണ്ട് ഇറാൻ നടത്തിയതായി പറയപ്പെടുന്ന മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈൽ പരീക്ഷണമാണ് രണ്ടാമത്തെക്കാര്യം. സദാംഹുസൈൻ കൂട്ടസംഹാരായുധങ്ങൾ കൈവശംവച്ചിരിക്കുന്നുവെന്നും ഇത് ലോകസമാധാനത്തിന് ഭീഷണിയാണെന്നുമുള്ള കപടന്യായമുന്നയിച്ചുകൊണ്ട് ഇറാക്കിന്റെ മേൽ അമേരിക്ക നടത്തിയ ആക്രമണത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ നീക്കം. അമേരിക്കയുടെ ആജ്ഞകൾ അനുസരിക്കുംവിധം ഇറാനെ വരുതിയിൽ നിർത്താനായി പുതിയ ഉപരോധങ്ങൾ ഇറാന്റെമേൽ അടിച്ചേൽപ്പിക്കാൻ ട്രംപ് ഭരണം തയ്യാറെടുക്കുന്നുവെന്ന് വേണം മനസ്സിലാക്കാൻ. പഴയ ”ഇരുചൈന” നയം പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ചൈനയെ പ്രകോപിപ്പിക്കുംവിധം തയ്‌വാൻ പ്രസിഡന്റുമായി ട്രംപ് ഫോൺ സംഭാഷണം നടത്തിക്കഴിഞ്ഞു.
അമേരിക്കയുടെയും സഖ്യശക്തികളുടെയും സൈന്യങ്ങളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്ന സോഷ്യലിസ്റ്റ് ഉത്തരകൊറിയയ്ക്ക് പുതിയൊരു മുന്നറിയിപ്പും ട്രംപ് ഭരണം നൽകിക്കഴിഞ്ഞു. ആണവപദ്ധതിയുമായി മുന്നേറുന്നത് ”ഫലപ്രദവും അപ്രതിരോധ്യവുമായ” പ്രതികരണത്തിനിടയാക്കുമെന്നാണ് ഭീഷണി. ചൈന, ഇറാൻ, മെക്‌സിക്കോ, ക്യൂബ, വെനസ്വേല എന്നീ രാജ്യങ്ങൾക്കുനേരെയും ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്. ചില പ്രമുഖ യുദ്ധക്കുറ്റവാളികളെതന്നെ നിർണ്ണായക സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ട്രംപിന്റെ അധികാര ആരോഹണത്തോടൊപ്പം യുദ്ധഭീതിയും വർദ്ധിച്ചിട്ടുണ്ട്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ മേധാവിത്വമോഹങ്ങൾക്കും പദ്ധതികൾക്കും ഇണങ്ങുംവിധം മറ്റു രാജ്യങ്ങളുടെമേൽ യുദ്ധമഴിച്ചുവിടാനുള്ള സാദ്ധ്യതയും വർദ്ധിച്ചിരിക്കുകയാണ്.

ആഗോളീകരണത്തിൽനിന്നുള്ള  തിരിച്ചുപോക്ക്

വിലക്ഷണപ്രകൃതിയും ഇടുങ്ങിയമനസ്സിനുടമയും താന്തോന്നിയുമായ ഒരു ഒറ്റപ്പെട്ട വ്യക്തിയല്ല ട്രംപ്. അമേരിക്കൻ ഭരണമുതലാളിവർഗ്ഗത്തിന്റെ അടിയന്തരാവശ്യകതകൾ ഏറ്റവും നന്നായി നിറവേറ്റാൻ ലക്ഷ്യംവച്ചുള്ള ദൗത്യത്തിന്റെ നിർവ്വഹണമാണ് ട്രംപ് നടത്തുന്നത്. 1990 കളിൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വശക്തികളാണ് ആഗോളീകരണത്തിന് തുടക്കംകുറിച്ചത്. കമ്പോളങ്ങൾ തുറന്നിടുക, ചുങ്കമതിലുകൾ ഇടിച്ച് നിരപ്പാക്കുക, സ്വതന്ത്രവ്യാപാരം ഉറപ്പാക്കുക, ‘സാമ്പത്തികവളർച്ച’ ത്വരിതപ്പെടുത്തുംവിധം മനുഷ്യശേഷിയുടെ സ്വതന്ത്ര വിനിമയം ഉറപ്പാക്കുക തുടങ്ങിയ ആഹ്വാനങ്ങളൊക്കെ അന്ന് മുന്നോട്ടുവയ്ക്കപ്പെട്ടു. മനുഷ്യശേഷി യഥേഷ്ടം ഇറക്കുമതി ചെയ്യാനും പുറംജോലി കരാറിന്റെ വ്യവസ്ഥകൾ ഉദാരമാക്കാനും അന്ന് തീരുമാനിച്ചത് കുത്തകകൾക്കും കോർപ്പറേറ്റുകൾക്കുമൊക്കെ കുറഞ്ഞ വിലയ്ക്ക് അദ്ധ്വാനശേഷി ലഭ്യമാക്കാൻ വേണ്ടിയായിരുന്നു. അതോടൊപ്പം വികസ്വരരാജ്യങ്ങളുടെ കമ്പോളങ്ങൾ പിടിച്ചെടുക്കാനും ലക്ഷ്യംവച്ചിരുന്നു. മുതലാളിത്തത്തിന്റെ എല്ലാ വ്യാധികൾക്കും പരിഹാരമുണ്ടാക്കാൻ പോന്ന ഒറ്റമൂലിയായാണ് ആഗോളീകരണം അവതരിപ്പിക്കപ്പെട്ടത്. അമേരിക്കൻ സാമ്രാജ്യത്വം സ്വാഭാവികമായും ഈ നയം നടപ്പിലാക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുകയും ചെയ്തു. സാമ്രാജ്യത്വഘട്ടത്തിലെത്തിയതോടെ മുതലാളിത്തം അപരിഹാര്യമായ പ്രതിസന്ധിയുടെ പിടിയിലകപ്പെട്ടിരിക്കുന്നത് അനിഷേദ്ധ്യമായ ചരിത്രഗതി പ്രകാരമാണ്. ദിനംചെല്ലുന്തോറും ഈ പ്രതിസന്ധി രൂക്ഷമാകുകയും ചെയ്യുന്നു. അതിന്റെ ആത്യന്തികപതനത്തിൽനിന്ന് മുതലാളിത്തത്തെ രക്ഷിക്കാൻ ഒരുമരുന്നിനും മുറിവൈദ്യത്തിനും വ്യവസ്ഥകൾക്കും അവ്യവസ്ഥകൾക്കുമാവില്ല. അതുകൊണ്ടുതന്നെ അമേരിക്കയും മറ്റ് സാമ്രാജ്യത്വശക്തികളും ആഗോളീകരണത്തിനും ഉദാരീകരണത്തിനുംപകരം ആഗോളീകരണവിരുദ്ധനയങ്ങളും യാഥാസ്ഥിതികത്വവും മുന്നോട്ടുവയ്ക്കുന്നു. മുതലാളിത്ത-സാമ്രാജ്യത്വത്തിന്റെ പ്രതിസന്ധി മണിക്കൂർതോറും രൂക്ഷമാകുന്നുവെന്ന, ഈ യുഗം ദർശിച്ച സമുന്നത മാർക്‌സിസ്റ്റ് ദാർശനികനും എസ്‌യുസിഐ(സി)യുടെ സ്ഥാപക ജനറൽസെക്രട്ടറിയുമായ സഖാവ് ശിബ്ദാസ്‌ഘോഷിന്റെ അമൂല്യമായ വിശകലനം ഇവിടെ ഒരിക്കൽകൂടി ശരിവയ്ക്കപ്പെടുകയാണ്. ഒരു പ്രതിസന്ധിയിൽനിന്നു മറികടക്കാനുള്ള അതിന്റെ ശ്രമം കൂടുതൽ വലിയ മറ്റൊരു പ്രതിസന്ധിയിൽ ചെന്നുപതിക്കാനിടയാക്കുന്നു. ഈ പ്രതിസന്ധിയിൽനിന്നും അതിന്റെ ഭാരം ജനങ്ങളുടെ ചുമലിൽ അടിച്ചേൽപ്പിച്ചതുവഴിയുണ്ടായ ദുരന്തങ്ങളിൽനിന്നും പുറത്തുകടക്കാൻ മുതലാളിത്ത-സാമ്രാജ്യത്വ വ്യവസ്ഥയ്ക്കാവില്ല.
പരസ്പരം കമ്പോളങ്ങൾ തുറന്നുകൊടുക്കുക, ചുങ്കത്തിന്റെ മതിലുകൾ ഇടിച്ചുനിരത്തുക, അദ്ധ്വാനശക്തിയുടെ സ്വതന്ത്രവിനിമയം ഉറപ്പാക്കുക, പുറംജോലി കരാർവഴി ഉൽപ്പാദനചെലവ് കുറയ്ക്കുക, ബിസിനസ്സ് വർദ്ധിപ്പിക്കാൻ പ്രാദേശികമായ വ്യാപാരസഖ്യങ്ങൾ രൂപീകരിക്കുക തുടങ്ങിയ ആഗോളീകരണ നടപടികൾക്കുപകരം ഇപ്പോൾ സംരക്ഷിതവ്യാപാരത്തിലേയ്ക്ക് തിരിച്ചുപോകാനാണ് അമേരിക്ക ശ്രമിക്കുന്നത്. ഒരിക്കൽ സ്വയംമുൻകയ്യെടുത്ത് രൂപീകരിച്ച യൂറോപ്യൻ യൂണിയനിൽനിന്ന് പുറത്തുകടക്കാൻ ബ്രിട്ടണും മറ്റുചില രാജ്യങ്ങളും ശ്രമിക്കുന്നിനു സമാനമായ നടപടിയാണിത്. അങ്ങനെയാണ് ‘അമേരിക്കനിസം’ എന്ന മുദ്രാവാക്യം മുന്നോട്ടുവയ്ക്കപ്പെടുന്നത്. ഇത് ഒരിക്കൽ അമേരിക്ക മുന്നോട്ടുവച്ച ഉന്നതമായ രാഷ്ട്രീയചിന്താഗതിയല്ല. സമത്വം, സ്വാതന്ത്ര്യം, റിപ്പബ്ലിക് തുടങ്ങിയ ഉന്നതമായ ജനാധിപത്യതത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ 1776-ൽ തയ്യാറാക്കപ്പെട്ട, അമേരിക്കൻ ജനാധിപത്യ റിപ്പബ്ലിക്കിന്റെ രൂപീകരണത്തിന് അടിത്തറപാകിയ, അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനവുമായി ഇതിന് പുലബന്ധം പോലുമില്ല. ഭരണമുതലാളിവർഗ്ഗത്തിന്റെ പിന്തിരിപ്പൻ വർഗ്ഗതാൽപ്പര്യങ്ങൾക്കുപിന്നിൽ ജനങ്ങളെ തളച്ചിടാനുള്ള ഒരു തന്ത്രമെന്നനിലയിലാണ് ദേശീയത എന്ന സങ്കൽപ്പം അവതരിപ്പിക്കപ്പെടുന്നത്. വർഗ്ഗവിഭജിതമായ അമേരിക്കയിൽ ‘അമേരിക്കനിസം’ എന്ന ട്രംപിന്റെ ആഹ്വാനം ഈ നിഷേധാത്മക തന്ത്രത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.

ട്രംപിന്റെ കുത്തകാനുകൂല നയങ്ങൾ

ട്രംപിന്റെ ഉത്തരവുകളും നയപ്രഖ്യാപനങ്ങളും ശ്രദ്ധിച്ചാൽ വ്യക്തമാകുന്നത് ആഭ്യന്തര ഉൽപ്പാദനത്തെയും സ്വകാര്യസംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ്. എണ്ണ, ആയുധനിർമ്മാണം, സ്വകാര്യജയിൽ, അടിസ്ഥാനഘടന, നിർമ്മാണ സാമഗ്രികളുടെ ഉൽപ്പാദനം, ഇലക്ട്രിക് വാഹനങ്ങൾ, ടെലികോം, ഫാർമസ്യൂട്ടിക്കൽസ്, ബയോടെക്, റിയൽഎസ്റ്റേറ്റ് തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകുന്നു. മരണാസന്ന മുതലാളിത്ത ഘട്ടത്തിൽ പണപ്പെരുപ്പവും മാന്ദ്യവും ചേർന്നുണ്ടാകുന്ന ‘സ്റ്റാഗ്ഫ്‌ലേഷൻ’ എന്ന പ്രതിഭാസം ഒഴിവാക്കാനാവില്ലെങ്കിലും കുത്തകകൾക്ക് പ്രതീക്ഷ നൽകുന്നു.

ക്രൂഡ്ഓയിലിന് അന്താരാഷ്ട്രതലത്തിൽ വിലനിശ്ചയിക്കുന്നതിൽ പശ്ചിമേഷ്യയിലെ എണ്ണ ഉൽപ്പാദിപ്പിക്കുന്ന ഒപ്പെക്‌രാജ്യങ്ങൾക്കുള്ള മേധാവിത്വം മറികടക്കുന്നതിനുള്ള ശ്രമത്തിലാണ് അമേരിക്കൻ കുത്തകകൾ. വിദേശരാജ്യങ്ങളിലെ എണ്ണപ്പാടങ്ങൾ സൈനിക ഇടപെടലിലൂടെ പിടിച്ചെടുക്കാനുള്ള ശ്രമങ്ങളോടൊപ്പം അഭ്യന്തര എണ്ണയുടെ കരുതൽശേഖരം വർദ്ധിപ്പിക്കാനും ശ്രമമുണ്ട്. അതുകൊണ്ടാണ് പരിസരമലിനീകരണത്തിനും ഭൂഗർഭജലത്തിന്റെ മലിനീകരണത്തിനും മാരകമായ രാസവസ്തുക്കളുടെ സാന്നിദ്ധ്യത്തിനുമൊക്കെ സാദ്ധ്യതയുള്ള ഈ രംഗത്ത് പരമാവധി ഉൽപ്പാദനം സാധ്യമാക്കത്തക്ക വണ്ണം നിലവിലുള്ള പരിസ്ഥിതി നിയമങ്ങൾ റദ്ദാക്കുന്നതും പരിസ്ഥിതി സംരക്ഷണ നടപടികൾ പിൻവലിക്കുന്നതുമെല്ലാം. എന്നാൽ ആരോഗ്യത്തിന് ഹാനികരമാകുന്നതടക്കമുള്ള എല്ലാ വൈതരണികളെയും മറികടക്കാൻ പോന്നതാണ് കുത്തകഭീമന്മാരുടെ പരമാവധി ലാഭമെന്ന ലക്ഷ്യം. അമേരിക്കൻ എണ്ണക്കുത്തകയായ എക്‌സോൺ മോബീലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന ആർ.ഡബ്ല്യു.ടില്ലേർസണെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി നിയമിച്ച ട്രംപിന്റെ നടപടിതന്നെ വ്യക്തമാക്കുന്നത് എണ്ണക്കുത്തകകളുടെ കാര്യത്തിൽ ചെലുത്തുന്ന താൽപ്പര്യമാണ്. ഫോസിൽ ഇന്ധനങ്ങൾക്ക് ട്രംപ് നൽകുന്ന പിന്തുണ, സൂര്യപ്രകാശം, കാറ്റ് തുടങ്ങിയവയിൽനിന്നുള്ള ക്ലീൻ എനർജിക്കുവേണ്ടി വാദിച്ച മുൻഗവൺമെന്റിന്റെ നിലപാടിൽനിന്നുള്ള നാടകീയമായ വ്യതിയാനമാണ്. അമേരിക്കൻ കുത്തകകൾക്ക് ആഹ്ലാദം പകരുന്നതും ജനതാൽപ്പര്യത്തിന് എതിരായിട്ടുള്ളതുമായ നിലപാടാണിത്. ”സൈന്യത്തിനുണ്ടായ ശോഷണം പരിഹരിക്കണം”, സൈന്യത്തെ വേർതിരിച്ചുനിർത്തുന്ന നയം ഉപേക്ഷിക്കണം”,എല്ലാ അർത്ഥത്തിലും സൈന്യത്തെ പുഷ്ടിപ്പെടുത്തണം തുടങ്ങിയകാര്യങ്ങളൊക്കെ ട്രംപ് ആവർത്തിച്ച് പറയുന്ന കാര്യങ്ങളാണ്. എണ്ണയും യുദ്ധവും തമ്മിൽ കോടിക്കണക്കിന് ഡോളറിന്റെ പരസ്പരബന്ധമാണുള്ളത്. അമേരിക്ക നടത്തുന്ന ഓരോ യുദ്ധത്തിൽനിന്നും അമേരിക്കൻ എണ്ണകമ്പനികൾ വൻതോതിലുള്ള ലാഭമാണ് കൊയ്‌തെടുക്കുന്നത്. കാരണം മിലിട്ടറിയാണ് ഏറ്റവുമധികം എണ്ണവാങ്ങുന്ന ഉപഭോക്താവ്. ആഭ്യന്തരരംഗത്ത് എണ്ണ കുഴിച്ചെടുക്കാൻ കിട്ടുന്ന പുതിയ അവസരം ശരിക്കുമുതലാക്കാം എന്ന കണക്കുകൂട്ടലിലാണവർ. ലോകത്തെ പ്രമുഖ ആയുധക്കച്ചവടക്കാർക്കും, ട്രംപിന്റെ വിജയവും ഇടയ്ക്കിടെ മുഴക്കുന്ന യുദ്ധഭീഷണിയുമൊക്കെ, വലിയ പ്രതീക്ഷ നൽകുന്നുണ്ട്. അതായത്, വ്യവസായ-സൈനിക കൂട്ടുകെട്ട് അത്യുൽസാഹത്തിലാണ്. കുടിയേറ്റക്കാരെ ജയിലിലടയ്ക്കാൻ കിട്ടുന്ന അവസരമോർത്ത് സ്വകാര്യ ജയിൽവ്യവസായികളും സന്തോഷത്തിലാണ്. അടിസ്ഥാനഘടനാ രംഗത്തും റിയൽ എസ്റ്റേറ്റ് രംഗത്തും ട്രംപ് നൽകുന്ന ഊന്നലും വിദേശത്തുനിന്നുള്ള മത്സരക്കാരുടെമേൽ ഏർപ്പെടുത്തിയിരിക്കുന്ന നിരോധനവുമൊക്കെ, ഗവൺമെന്റ് സഹായത്തോടെ വൻലാഭമുണ്ടാക്കമെന്ന പ്രതീക്ഷ അമേരിക്കൻ കൺസ്ട്രക്ഷൻ കമ്പനികൾക്കും നൽകുന്നുണ്ട്. വിദേശത്തുനിന്നുള്ള വിലകുറഞ്ഞ ഉരുക്കിനുപകരം ആഭ്യന്തരരംഗത്തെ വിലകൂടിയ ഉരുക്ക് ഉപയോഗിക്കണമെന്ന ട്രംപിന്റെ നിർദ്ദേശം ഈ അടിസ്ഥാനവ്യവസായത്തെ എവ്വിധവും രക്ഷിക്കണമെന്ന നിർദ്ദേശം പാലിക്കുന്നതരത്തിലുള്ളതാണ്. അവസാനമായി, ഊഹക്കച്ചവടമേഖലയിലെ നിക്ഷേപത്തിന് അനുകൂലമായി സ്വീകരിച്ചിരിക്കുന്ന നടപടികൾ ഈ രംഗത്ത് വൻനേട്ടമുണ്ടാക്കാൻ മൂലധനം കുന്നുകൂട്ടിവച്ചിരിക്കുന്ന അമേരിക്കൻകുത്തകകൾക്കും കോർപ്പറേറ്റുകൾക്കും അവസരമൊരുക്കുന്നതാണ്. ”അമേരിക്കനിസത്തിലേയ്ക്ക് മടങ്ങുക”, ”തൊഴിലുകൾ അമേരിക്കക്കാർക്ക് മടക്കിനൽകുക”, ”അമേരിക്കയെ ലോകത്തെ ഏറ്റവും കരുത്തുറ്റ രാജ്യമാക്കുക” തുടങ്ങിയ മുദ്രാവാക്യങ്ങളിലൂടെ അമേരിക്കൻ മുതലാളിവർഗ്ഗത്തിന്റെ ആകമാനതാൽപ്പര്യമാണ് ട്രംപ് ഉയർത്തിപ്പിടിക്കുന്നത്. എല്ലാം കുത്തകകൾക്കുവേണ്ടിയുള്ള അങ്ങേയറ്റം ജനവിരുദ്ധവും ഫാസിസ്റ്റുമായ നടപടികൾ. അതുകൊണ്ടാണ്, അമേരിക്കയിലെ സാധാരണ ജനങ്ങളുടെ താൽപ്പര്യത്തിന് എതിരാണെങ്കിലും ട്രംപ്തന്നെ തെരഞ്ഞെടുക്കപ്പെടണമെന്ന് കുത്തകകൾ തീരുമാനിച്ചത്.

സാമ്രാജ്യത്വ ശക്തികൾക്കിടയിലെ വൈരുദ്ധ്യം

മുതലാളിവർഗ്ഗത്തിന്റെ ആകമാനതാൽപ്പര്യവും മുതലാളിമാരുടെ വ്യക്തിപരമായ താൽപ്പര്യവും തമ്മിൽ എപ്പോഴും ഒരു വൈരുദ്ധ്യമുണ്ടാകും. ‘അമേരിക്കനിസ’ ത്തിലുള്ള ട്രംപിന്റെ ഊന്നലും കുടിയേറ്റവിരുദ്ധ നയവും ചില മത-വംശീയ വിഭാഗങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനവും ചില അന്തർദേശീയ വ്യാപാരകരാറുകൾ റദ്ദാക്കിയതുമെല്ലാം ചില മുതലാളിത്ത ഗ്രൂപ്പുകൾക്ക് ദോഷകരമായ നടപടികളാണ്. ആഗോളമായ പ്രവർത്തമേഖലയുള്ളതും വിദേശത്തെ വിലകുറഞ്ഞ അദ്ധ്വാനശേഷി യെയും കുടിയേറ്റക്കാരെയും ആശ്രയിക്കുന്നതുമൊക്കെയായ, വിവരസാങ്കേതികവിദ്യ, ഹോട്ടൽ ആന്റ് ടൂറിസം, റീട്ടെയ്ൽ വ്യവസായങ്ങൾ തുടങ്ങിയവയെയൊക്കെ ഇത് പ്രതികൂലമായി ബാധിക്കും. സ്വാഭാവികമായും ഈ മേഖലകളിൽനിന്ന് ട്രംപിന് എതിർപ്പ് നേരിടേണ്ടിവരും. അങ്ങനെവരുമ്പോൾ ഭരണകൂടം ഇടപെട്ട് ചില വിട്ടുവീഴ്ചകളൊക്കെ ചെയ്യും. എന്നാൽ ഇത് അല്പായുസ്സായിരിക്കും. മുതലാളിത്ത പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമ്പോൽ ജനങ്ങളെ പിഴിഞ്ഞൂറ്റി പരമാവധി ലാഭമുണ്ടാക്കുകയെന്ന ലക്ഷ്യം മുൻനിർത്തി മുതലാളിത്തശക്തികൾക്കിടയിലുള്ള വൈരുദ്ധ്യം മൂർച്ഛിക്കും. അപ്പോളത് പലരൂപത്തിൽ പ്രകടിതമാകും.

ജനങ്ങൾ ശരിയായ നേതൃത്വത്തിൻ കീഴിൽ ബോധപൂർവ്വം അണിനിരക്കണം

അമേരിക്കയിലെ സാധാരണ പൗരന്മാർ അനുഭവിക്കുന്ന പ്രശ്‌നങ്ങളെല്ലാം ജീർണ്ണവും മരണാസന്നവുമായ മുതലാളിത്തവ്യവസ്ഥയിൽനിന്ന് ഉടലെടുക്കുന്നതാണെന്ന് വ്യക്തമായിരിക്കുന്നു. ഈ യാഥാർത്ഥ്യം മറച്ചുവയ്ക്കുന്നതിനായി, അമേരിക്കയിലെ മുതലാളിവർഗ്ഗവും ട്രംപ് ഉൾപ്പെടെയുള്ള അവരുടെ സേവകരുംചേർന്ന്, അടിസ്ഥാന കാരണങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കുന്നതിനും പാർലമെന്ററി വ്യാമോഹത്തിൽ അവരെ തളച്ചിടുന്നതിനുമായി സാദ്ധ്യമായ എല്ലാ അടവുകളും പയറ്റുന്നു. ഈ ഹീനതന്ത്രത്തിന് ഇരയാകാതെ ട്രംപിന്റെ വഞ്ചനാപരമായ നീക്കങ്ങൾക്കും അങ്ങേയറ്റം പ്രതിഷേധാർഹമായ ഭരണനടപടികൾക്കുമെതിരെ ശബ്ദമുയർത്തിയതിന് അമേരിക്കൻ ജനതയെ ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു. ഏതൊരു സ്വേച്ഛാധിപതിയെയുംപോലെ ട്രംപും ജനകീയപ്രതിഷേധത്തിനുമുന്നിൽ പരാജയം സമ്മതിച്ചിരിക്കുകയാണ്. ജനങ്ങളുടെ എതിർപ്പിനെ അവഗണിച്ച് കുടിയേറ്റക്കാർക്ക് പ്രവേശനം നിഷേധിക്കുന്ന നടപടിയുമായി ധിക്കാരപൂർവ്വം മുന്നേറിയ ട്രംപ് ഇപ്പോൾ പുനർവിചിന്തനം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത് ഇതിനു തെളിവാണ്. അമേരിക്കൻ ജനതയുടെ ധീരമായ പോരാട്ടത്തിലൂടെ നേടിയ അഭിനന്ദനാർഹമായ വിജയമാണിത്. അലയടിച്ച പ്രതിഷേധവും ബൂർഷ്വാരാഷ്ട്രീയക്കാരുടെ കപടവാഗ്ദാനങ്ങളും പൊള്ളയായ ഉറപ്പുകളും സ്വീകരിക്കാൻ ജനങ്ങൾ തയ്യാറാകാതിരുന്നതും വിരൽചൂണ്ടുന്നത് അമേരിക്കയെപ്പോലൊരു രാജ്യത്തുപോലും മുതലാളിത്ത വിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവത്തിനുള്ള വസ്തുനിഷ്ഠസാഹചര്യം അതിവേഗം പക്വമാകുന്നു എന്നുതന്നെയാണ്. ഈ സമരത്തിൽ പങ്കെടുത്ത പ്രബുദ്ധരായ ആളുകൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഈ ട്രംപ് വിരുദ്ധ സമരത്തെ, ജനങ്ങളുടെ നീറുന്ന ജീവിതപ്രശ്‌നങ്ങളുടെ മേൽ സംഘടിപ്പിക്കപ്പെടുന്ന കൂടുതൽ സംഘടിതവും ശക്തവും സുദീർഘവുമായ ഒരു പോരാട്ടമായി പരിവർത്തനപ്പെടുത്തിയെടുക്കണം. ശരിയായ അടിസ്ഥാന രാഷ്ട്രീയലൈൻ പിന്തുടരുന്നതും ശരിയായ നേതൃത്വത്തിൻ കീഴിൽ നടത്തപ്പെടുന്നതുമായ അത്തരമൊരു മുന്നേറ്റത്തിലൂടെ മുതലാളിത്തത്തെ കടപുഴുക്കി സോഷ്യലിസം സ്ഥാപിക്കുന്നതിനുള്ള ബലത്ത അടിത്തറയൊരുക്കാൻ ജനങ്ങൾക്ക് സാധിക്കും.

Share this post

scroll to top