യുഎസ്എസ്ആർ-ന്റെ കരട് ഭരണഘടനയെപ്പറ്റി -സ്റ്റാലിൻ

Joseph-Stalin.jpg
Share

(മഹത്തായ നവംബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ശതാബ്ദി ആചരിക്കുകയെന്ന ചരിത്രപരമായ ദൗത്യം സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്) ഏറ്റെടുത്തിരിക്കുകയാണ്. ഒരു വർഷം നീളുന്ന ആചരണം, 2016 നവംബർ ഏഴിന് ഡൽഹിയിൽ സമാദരപൂർവ്വം നടന്ന ഒരു പരിപാടിയോടെ ഉദ്ഘാടനം ചെയ്യപ്പെട്ടു. ചില ചരിത്രപ്രധാനമായ രേഖകളും വിപ്ലവത്തിലേയ്ക്ക് നയിച്ച സംഭവങ്ങളുമടങ്ങുന്ന ലഘുചരിത്രവും പ്രസിദ്ധീകരിക്കാൻ ‘പ്രോലിറ്റേറിയൻ ഇറാ’ തീരുമാനിച്ചിട്ടുണ്ട്. ആ രേഖകളിൽ ഒന്നാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്.

ലോകത്ത് സോഷ്യലിസത്തിന്റെ അരങ്ങേറ്റത്തിന്റെയും അതിന്റെ സംസ്ഥാപനത്തിന്റെയും ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു ദിവസമാണ് 1936 ഡിസംബർ 5. അന്നാണ് യുഎസ്എസ്ആർ അഥവാ സോവിയറ്റ് യൂണിയൻ എന്ന് വിളിക്കപ്പെട്ടിരുന്ന രാഷ്ട്രം, മഹാനായ സ്റ്റാലിന്റെ നേതൃത്വത്തിൽ പുതിയ ഒരു ഭരണഘടന സ്വീകരിച്ചത്. അത് ഒരു രാജ്യത്തിന്റെ ഭരണഘടനയായി മാത്രമല്ല വർത്തിച്ചത്. വൈകാതെ അത് ”സ്റ്റാലിൻ ഭരണഘടന” എന്ന പേരിൽ ലോകപ്രശസ്തമായി. മാനവചരിത്രത്തിൽ ഒരു പുതിയ യുഗത്തിലേയ്ക്ക് പ്രവേശിക്കുന്ന ജനതയുടെ സ്വപ്നങ്ങളുടെയും അഭിലാഷങ്ങളുടെയും അവകാശങ്ങളുടെയും ഉത്തരവാദിത്തങ്ങളുടെയും ജീവിക്കുന്ന മൂർത്തീകരണമായി. 1936 നവംബർ 25 ന് യുഎസ്എസ്ആറിലെ സോവിയറ്റുകളുടെ അസാധാരണ എട്ടാം കോൺഗ്രസ്സിൽ മഹാനായ സ്റ്റാലിൻ അവതരിപ്പിച്ച റിപ്പോർട്ട്, യുഎസ്എസ്ആറിന്റെ കരട് ഭരണഘടനയെക്കുറിച്ചുള്ള വിശദമായ ഒരു ചർച്ചയായിരുന്നു. ഇവിടെ റിപ്പോർട്ടിൽ സ്റ്റാലിൻ അവതരിപ്പിച്ചത് സംക്ഷേപിക്കുംവിധം ചില ഭാഗങ്ങൾ ഉദ്ധരിച്ച് ചേർത്തിരിക്കുന്നു.)

”സഖാക്കളെ, ഭരണഘടനാ കമ്മീഷൻ രൂപീകരിച്ചത്, യുഎസ്എസ്ആർ സോവിയറ്റുകളുടെ ഏഴാം കോൺഗ്രസ്സിന്റെ പ്രത്യേക തീരുമാനപ്രകാരമാണ്. ഈ തീരുമാനം 1935 ഫെബ്രുവരി 6 നാണ് കൈക്കൊണ്ടത്. അതിൽ പറയുന്നു.

1) യുഎസ്എസ്ആറിന്റെ ഭരണഘടനയെ താഴെപ്പറയുന്നദിശയിൽ ഭേദഗതി ചെയ്യുക:
മ)മുഴുവനായി തുല്യമല്ലാത്ത വോട്ടവകാശം തുല്യമാക്കിക്കൊണ്ട്, പരോക്ഷ തെരഞ്ഞെടുപ്പുകൾ പ്രത്യക്ഷ തെരഞ്ഞെടുപ്പുകളാക്കിക്കൊണ്ട്, തുറന്ന ബാലറ്റ്, രഹസ്യബാലറ്റാക്കിക്കൊണ്ട് തെരഞ്ഞെടുപ്പ് സമ്പ്രദായം കൂടുതൽ ജനാധിപത്യവൽക്കരിക്കുക.
യ)യുഎസ്എസ്ആറിലെ ഇന്ന് നിലവിലുള്ള വർഗ്ഗശക്തികളുടെ ബന്ധത്തിന് (പുതിയസോഷ്യലിസ്റ്റ് വ്യവസായത്തിന്റെ സൃഷ്ടി, ഭൂപ്രഭുക്കളായ കുലാക്ക് വർഗ്ഗത്തിന്റെ തകർച്ച, കൂട്ടുകൃഷി സമ്പ്രദായത്തിന്റെ വിജയം, സോവിയറ്റ് സമൂഹത്തിന്റെ അടിത്തറയെന്ന നിലയിൽ സോഷ്യലിസ്റ്റ് സ്വത്തിന്റെ ദൃഢീകരണം തുടങ്ങിയവ) അനുരോധമായി ഭരണഘടനയെ മാറ്റിക്കൊണ്ട്, അതിന്റെ സാമൂഹ്യവും സാമ്പത്തികവുമായ അടിത്തറ കൂടുതൽ കൃത്യമായി നിർവ്വചിക്കുക.

2) ഒരു ഭരണഘടനാകമ്മീഷനെ തെരഞ്ഞെടുക്കാൻ യുഎസ്എസ്ആറിന്റെ സെൻട്രൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ഒന്നാം ഉപവകുപ്പിൽ സൂചിപ്പിച്ച തത്വങ്ങൾക്കനുസൃതമായി ഭേദഗതി ചെയ്ത ഭരണഘടനയുടെ ഒരു കരട് പതിപ്പ് തയ്യാറാക്കാനും, അംഗീകാരത്തിനായി യുഎസ്എസ്ആറിന്റെ സെൻട്രൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ഒരു സെഷനിൽ അത് സമർപ്പിക്കാനും ആ ഭരണഘടനാ കമ്മീഷനോട് നിർദ്ദേശിക്കുകയും ചെയ്യുക.

3) യുഎസ്എസ്ആറിലെ സോവിയറ്റ് അധികാര സംവിധാനങ്ങളിലേയ്ക്കുള്ള അടുത്ത തെരഞ്ഞെടുപ്പ് ഇലക്ടറൽ സമ്പ്രദായത്തിൽ നടത്തുക.
അങ്ങിനെ 1924 മുതൽ ഇന്നുവരെയുള്ള കാലയളവിൽ യുഎസ്എസ്ആറിന്റെ ജീവിതത്തിൽ സോഷ്യലിസത്തിന്റെ ദിശയിൽവന്നിട്ടുള്ള മാറ്റങ്ങൾ കണക്കിലെടുത്തുകൊണ്ട് 1924-ൽ അംഗീകരിക്കപ്പെട്ട, ഇന്ന് പ്രാബല്യത്തിലുള്ള ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തുവാനാണ് ഭരണഘടനാ കമ്മീഷനെ നിയോഗിച്ചത്.

വിവിധ ദേശീയതകൾ തമ്മിലുള്ള സംഘർഷത്തിന്റെ മുഖ്യ സംഘാടകരായ ചൂഷകവർഗ്ഗങ്ങളുടെ അഭാവം, പരസ്പരം അവിശ്വാസം വളർത്തുകയും ദേശീയവികാരങ്ങൾക്ക് തിരികൊളുത്തുകയും ചെയ്യുന്ന ഘടകമായ ചൂഷണത്തിന്റെ അഭാവം, എല്ലാ ദാസ്യാവസ്ഥകളുടെയും ശത്രുവും സാർവ്വദേശീയ ആശയങ്ങളുടെ യഥാർത്ഥ വാഹകരുമായ തൊഴിലാളിവർഗ്ഗത്തിന്റെ കൈകളിലാണ് അധികാരം എന്ന വസ്തുത, സാമ്പത്തികവും സാമൂഹ്യവുമായ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും യഥാർത്ഥത്തിലുള്ള പരസ്പരസഹായത്തിന്റെ പ്രയോഗം സർവ്വോപരി യുഎസ്എസ്ആറിലെ ജനങ്ങളുടെ ദേശീയ സംസ്‌കാരത്തിന്റെ-രൂപത്തിൽ ദേശീയവും, ഉള്ളടക്കത്തിൽ സോഷ്യലിസ്റ്റുമായ സംസ്‌കാരത്തിന്റെ- വളർച്ചയും വികാസവും. ഇവയും സമാനമായ മറ്റ് ഘടകങ്ങളും. യുഎസ്എസ്ആറിലെ ജനതകളുടെ അവസ്ഥയിൽ അടിസ്ഥാനപരമായ ഒരു മാറ്റം വരുത്തിയിരിക്കുന്നു. പരസ്പര വിശ്വാസരാഹിത്യത്തിന്റെ വികാരം അവരിൽ ഇല്ലാതായിരിക്കുന്നു, പരസ്പര സൗഹൃദത്തിന്റെ ഒരു വികാരം അവരിൽ വികസിച്ചിരിക്കുന്നു. അങ്ങിനെ ഒരു ഫെഡറൽ രാഷ്ട്രസംവിധാനത്തിനുള്ളിൽ ജനങ്ങൾ തമ്മിൽ യഥാർത്ഥ സാഹോദര്യത്തോടെയുള്ള സഹകരണം സ്ഥാപിക്കപ്പെട്ടിരിക്കുന്നു.
ഇതിന്റെ ഫലമായി, എല്ലാ പരീക്ഷണങ്ങളെയും അതിജീവിച്ച, പൂർണ്ണവികാസം നേടിയ ഒരു ബഹുദേശീയതാ സോഷ്യലിസ്റ്റ് രാഷ്ട്രം നമുക്കിന്നുണ്ട്, അതിന്റെ സ്ഥിരത ലോകത്തിന്റെ ഏതുഭാഗത്തുമുള്ള ഏതൊരു ദേശീയരാഷ്ട്രത്തിനും അസൂയ ഉളവാക്കുന്നതുമാകാം.
1924-ലെ ഭരണഘടനാ ഭേദഗതി ചെയ്യാനുള്ള നിർദ്ദേശമാണ് ഭരണഘടനാ കമ്മീഷന് നൽകപ്പെട്ടത്. ഭരണഘടനയെ ഒരു പരിപാടിയായി തെറ്റിദ്ധരിക്കരുത് എന്ന അടിസ്ഥാന ധാരണയിൽ നിന്നാണ് ഭരണഘടനാ കമ്മീഷൻ, അതിന്റെ പ്രവർത്തനം ആരംഭിച്ചത്. അതിനർത്ഥം, ഒരു പരിപാടിയും ഒരു ഭരണഘടനയും തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസം ഉണ്ടെന്നാണ്. ഒരു പരിപാടി, നിലവിൽ വന്നിട്ടില്ലാത്ത ഒന്നിനെക്കുറിച്ച് പറയുമ്പോൾ, ഒരു ഭരണഘടന, നേടിയെടുക്കാനുള്ള ഒന്നിനെക്കുറിച്ച്, നിലവിലുള്ളതിനെക്കുറിച്ച് , വർത്തമാനകാലത്ത് നേടിയെടുക്കപ്പെട്ടതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ഒരു പരിപാടി മുഖ്യമായും ഭാവിയെ സംബന്ധിക്കുന്നതാണ്. ഭരണഘടന വർത്തമാനത്തെ സംബന്ധിക്കുന്നതും.

ഇത് രണ്ട് ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കാം.

നമ്മുടെ സോവിയറ്റ് സമൂഹം, സോഷ്യലിസം യാഥാർത്ഥ്യമാക്കുന്നതിൽ ഇതിനകം വിജയിച്ചുകഴിഞ്ഞു. ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥ സ്ഥാപിച്ചിരിക്കുന്നു, അഥവാ, കമ്മ്യൂണിസത്തിന്റെ ആദ്യ/താഴ്ന്നഘട്ടം, സോഷ്യലിസം നേടിക്കഴിഞ്ഞു. കമ്മ്യൂണിസത്തിന്റെ ഈ ഘട്ടത്തിന്റെ മൗലികതത്വം നിങ്ങൾക്കറിയാവുന്നതുപോലെ, ”ഓരോരുത്തരിൽനിന്നും, അവരുടെ കഴിവനുസരിച്ച്, ഒരോരുത്തർക്കും അവരുടെ പ്രവൃത്തിക്കനുസരിച്ച്” എന്നതാണ്. നമ്മുടെ ഭരണഘടന, ഈ വസ്തുത പ്രതിഫലിപ്പിക്കണോ?, സോഷ്യലിസം നേടിയെടുത്തു എന്ന വസ്തുത? ഈ നേട്ടത്തെ അടിസ്ഥാനമായെടുക്കുന്ന ഒന്നാകണമോ അത്? സംശയമില്ല, അങ്ങിനെയാകണം” കാരണം, യുഎസ്എസ്ആറിൽ, സോഷ്യലിസം എന്നത്, നേടിക്കഴിഞ്ഞു. വിജയിച്ചുകഴിഞ്ഞ ഒന്നാണ്.
പക്ഷേ ”ഓരോരുത്തരിൽനിന്നും അവരുടെ കഴിവനുസരിച്ച്, ഓരോരുത്തർക്കും അവരുടെ ആവശ്യകതയനുസരിച്ച്” എന്ന തത്വം നിയന്ത്രിക്കുന്ന കമ്മ്യൂണിസത്തിന്റെ ഉയർന്ന ഘട്ടത്തിൽ സോവിയറ്റ് സമൂഹം എത്തിയിട്ടില്ല, ഭാവിയിൽ ഈ ഘട്ടത്തിലേയ്‌ക്കെത്തുക എന്ന ലക്ഷ്യം സോവിയറ്റ് സമൂഹം സ്വയം നിശ്ചയിച്ചിട്ടുണ്ട് എങ്കിലും നമ്മുടെ ഭരണഘടന, നിലവിൽവന്നിട്ടില്ലാത്തതും, ഇനിയും നേടേണ്ടതുമായ കമ്മ്യൂണിസത്തിന്റെ ഉയർന്നഘട്ടത്തെ അടിസ്ഥാനപ്പെടുത്തിയ ഒന്നാകാൻ പറ്റുമോ? ഇല്ല, അത് സാധ്യമല്ല, കാരണം യുഎസ്എസ്ആറിൽ, കമ്മ്യൂണിസത്തിന്റെ ഉയർന്നഘട്ടം യാഥാർത്ഥ്യമായിട്ടില്ലാത്ത ഒന്നാണ്. ഭാവിയിൽ യാഥാർത്ഥ്യമാകേണ്ട ഒന്നാണ്. ഒരു പരിപാടിയോ, ഭാവി ലക്ഷ്യങ്ങളെക്കുറിച്ചുള്ള ഒരു പ്രഖ്യാപനമോ ആയി ഭരണഘടന മാറാതിരിക്കണമെങ്കിൽ, അത് സാധ്യമല്ല. (പേജ് 806-807)
ബൂർഷ്വാഭരണഘടനകൾ, സാധാരണയായി പൗരന്മാരുടെ, ഔപചാരിക അവകാശങ്ങൾ പ്രസ്താവിക്കുന്നു. അതിനപ്പുറം, ഈ അവകാശങ്ങൾ പ്രയോഗിക്കുന്നതിനുള്ള സാഹചര്യങ്ങളെക്കുറിച്ച്, അവ പ്രയോഗിക്കുവാനുള്ള അവസരങ്ങളെക്കുറിച്ച്, അവ പ്രയോഗിക്കുവാനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് അവ ചിന്തിക്കാറില്ല…” പുതിയ ഭരണഘടനയുടെ കരടിനെ വ്യത്യസ്തമാക്കുന്നത്, അത് പൗരന്മാരുടെ ഔപചാരിക അവകാശങ്ങൾ പ്രഖ്യാപിക്കുന്നതിൽ ഒതുങ്ങിനിന്നില്ല, പ്രത്യേകിച്ച് ഈ അവകാശങ്ങളുടെ ഉറപ്പാക്കലിൽ ഈ അവകാശങ്ങൾ പ്രയോഗത്തിൽ വരുത്താനുള്ള മാർഗ്ഗങ്ങളിൽ ഊന്നുന്നു എന്ന വസ്തുതയാണ്… അതിനാൽ, പുതിയ ഭരണഘടനയുടെ കരടിന്റെ ജനാധിപത്യവാദം ”സാധാരണ” ”സാർവ്വലൗകികമായി അംഗീകരിക്കപ്പെട്ട”, അമൂർത്തമായ ജനാധിപത്യവാദമല്ല, മറിച്ചത് സോഷ്യലിസ്റ്റ് ജനാധിപത്യവാദമാണ്, എന്നത് വ്യക്തമാക്കുന്നു…

…. ഒരു കൂട്ടം വിമർശകർ… കരുതുന്നത്, ഈ കരടിൽ താൽപ്പര്യജനകമായി ഒന്നുമില്ല, കാരണം, യഥാർത്ഥത്തിൽ അത്… ഒരു പാഴ്ക്കടലാസാണ്, പൊള്ളയായ വാഗ്ദാനമാണ്, ജനങ്ങളെ വഞ്ചിക്കാനുള്ള ഒരു നീക്കമായിട്ട് ഉദ്ദേശിച്ചിട്ടുള്ളതാണ് എന്നൊക്കെയാണ്.. ഈ വിഭാഗം വിമർശകരുടെ ഒരു നല്ല പ്രതിനിധിയാണ് ജർമ്മനിയിലെ അർദ്ധ ഔദ്യോഗിക പത്രമായ ഡ്യൂഷ്.. ഡിപ്ലോമാറ്റിക് പൊളിറ്റിക്‌സ് കറസ്‌പോണ്ടൻസ്…

1917-ൽ യുഎസ്എസ്ആറിലെ ജനങ്ങൾ, മുതലാളിവർഗ്ഗത്തെ അധികാര ഭ്രഷ്ടമാക്കി തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം, സോവിയറ്റ് അധികാരം സ്ഥാപിച്ചു. ഇതൊരു വസ്തുതയാണ്, ഒരു വാഗ്ദാനമല്ല, കൂടാതെ, സോവിയറ്റ് അധികാരം, ഭൂപ്രഭു വർഗ്ഗത്തെ ഇല്ലാതാക്കിക്കൊണ്ട്, നേരത്തെ ഭൂപ്രഭു, സർക്കാർ, പുരോഹിത, മഠഭൂമികളായിരുന്ന 150 ദശലക്ഷം ഹെക്ടർ ഭൂമി കർഷകർക്ക് കൈമാറി, അതിനകം കർഷകരുടെ കൈവശമായിരുന്ന ഭൂമികൾക്ക് പുറമേ, ഇതൊരു വസ്തുതയാണ്, വാഗ്ദാനമല്ല.കൂടാതെ സോവിയറ്റ് അധികാരം, മുതലാളിവർഗ്ഗത്തിന്റെ സ്വത്തുകൾ പിടിച്ചെടുത്തു… ഇതൊരു വസ്തുതയാണ്, വാഗ്ദാനമല്ല.

കൂടാതെ, വ്യവസായവും കൃഷിയും പുതിയ സാങ്കേതിക അടിത്തറയിൽ സോഷ്യലിസ്റ്റ് രീതിയിൽ സംഘടിപ്പിച്ചതോടെ, യുദ്ധത്തിന് മുമ്പുള്ളതിനെ അപേക്ഷിച്ച് ദേശീയവരുമാനം നാലുമടങ്ങ് വർദ്ധിച്ചു. ഇതെല്ലാം വസ്തുതകളാണ്, വാഗ്ദാനങ്ങളല്ല.
മാത്രമല്ല, സോവിയറ്റ് അധികാരം, തൊഴിലില്ലായ്മ ഇല്ലാതാക്കി, തൊഴിലിനുള്ള അവകാശം കൊണ്ടുവന്നു, വിശ്രമത്തിനും വിനോദത്തിനുമുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം കൊണ്ടുവന്നു. തൊഴിലാളികൾക്കും കർഷകർക്കും ബുദ്ധിജീവികൾക്കും മെച്ചപ്പെട്ട ഭൗതികവും സാംസ്‌കാരികവുമായ സാഹചര്യങ്ങൾ നൽകി, സാർവ്വത്രികമായ, തുല്യമായ, നേരിട്ടുള്ളതും രഹസ്യബാലറ്റിലൂടെയുള്ളതുമായ വോട്ടവകാശം പൗരന്മാർക്ക് നടപ്പിലാക്കുമെന്നത് ഉറപ്പുവരുത്തി. ഇതെല്ലാം വസ്തുതകളാണ്, വാഗ്ദാനങ്ങളല്ല.

…..അവസാനമായി മറ്റൊരു വിഭാഗം വിമർശകരുണ്ട്. നേരത്തെ പറഞ്ഞ വിഭാഗം, കരട് ഭരണഘടന തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം ഉപേക്ഷിച്ചതായി ആരോപിക്കുമ്പോൾ, ഈ വിഭാഗം, നേരെ മറിച്ച് ആരോപിക്കുന്നത്, ഭരണഘടന യുഎസ്എസ്ആറിലെ നിലവിലുള്ള സ്ഥിതിഗതികളിൽ ഒരു മാറ്റവും വരുത്തുന്നില്ല, തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം അതേപടി നിലനിർത്തുന്നു. രാഷ്ട്രീയപാർട്ടികൾക്ക് സ്വാതന്ത്ര്യം നൽകുന്നില്ല, യുഎസ്എസ്ആറിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കിന്നുള്ള നേതൃസ്ഥാനം നിലനിർത്തുന്നു എന്നൊക്കെയാണ്. ഈ വിഭാഗം വിമർശകർ, യുഎസ്എസ്ആറിൽ പാർട്ടികൾക്ക് സ്വാതന്ത്ര്യമില്ലാത്തത് ജനാധിപത്യതത്വങ്ങളുടെ ലംഘനത്തിന്റെ ലക്ഷണമാണെന്ന് വാദിക്കുന്നു.

പുതിയ ഭരണഘടനയുടെ കരട്, തൊഴിലാളിവർഗ്ഗ സർവ്വാധിപത്യ ഭരണക്രമം, നിലനിർത്തുന്നു എന്ന് ഞാനംഗീകരിക്കുന്നു. അതുപോലെ, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലവിലുള്ള നേതൃത്വസ്ഥാനവും മാറ്റമില്ലാതെ അത് നിലനിർത്തിയിട്ടുണ്ട്. ബഹുമാന്യരായ വിമർശകർ ഇത് ഭരണഘടനയിലെ ഒരു പിഴവായി കരുതുന്നുവെങ്കിൽ അതിൽ ഖേദിക്കാനേ കഴിയൂ. ഞങ്ങൾ ബോൾഷേവിക്കുകൾ അതിനെ കരടു ഭരണഘടനയുടെ ഒരു മികവായിട്ടാണ് കാണുന്നത്.

വിവിധ രാഷ്ട്രീയ പാർട്ടികൾക്കായുള്ള സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ, ഞങ്ങൾ പ്രായേണ വ്യത്യസ്തമായ വീക്ഷണമുള്ളവരാണ്. ഒരു പാർട്ടി, ഒരു വർഗ്ഗത്തിന്റെ ഭാഗമാണ്, അതിന്റെ ഏറ്റവും മുന്നേറിയ ഭാഗം. നിരവധി പാർട്ടികൾ, അതിലൂടെ പാർട്ടികൾക്കുള്ള സ്വാതന്ത്ര്യം, നിലനിൽക്കുവാൻ കഴിയുന്നത് പരസ്പരം യോജിക്കാനാവാത്ത, ശത്രുതാപരമായ താൽപ്പര്യങ്ങളുള്ള പ്രതിയോഗിത വർഗ്ഗങ്ങൾ ഉള്ള സമൂഹത്തിലാണ്. ഉദാഹരണത്തിന്, മുതലാളികളും തൊഴിലാളികളും, ഭൂപ്രഭുക്കളും കർഷകരും, കുലാക്കുകളും ദരിദ്രകർഷകരും ഉള്ള ഒരു സമൂഹത്തിൽ. പക്ഷേ, യുഎസ്എസ്ആറിൽ, മുതലാളിമാർ, ഭൂപ്രഭുക്കൾ, കുലാക്കുകൾ തുടങ്ങിയ വർഗ്ഗങ്ങൾ നിലവിലില്ല. യുഎസ്എസ്ആറിൽ, രണ്ടുവർഗ്ഗങ്ങളേയുള്ളൂ, തൊഴിലാളികളും കർഷകരും. അവരുടെ താൽപ്പര്യങ്ങളാകട്ടെ, പരസ്പരം ശത്രുതാപരമല്ലെന്നു മാത്രമല്ല, സൗഹാർദ്ദപരമാണ്. അതിനാൽ, യുഎസ്എസ്ആറിൽ, നിരവധി പാർട്ടികൾ നിലനിൽക്കാനുള്ള കാരണമില്ല. അതിനാൽ തന്നെ ഈ പാർട്ടികൾക്കുള്ള സ്വാതന്ത്ര്യത്തിന്റെ ആവശ്യകതയില്ല. യുഎസ്എസ്ആറിൽ ഒരുപാർട്ടി, കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ള ആവശ്യകത മാത്രമേയുള്ളൂ. യുഎസ്എസ്ആറിൽ ഒരു പാർട്ടിക്ക്, തൊഴിലാളികളുടെയും കർഷകരുടെയും താൽപ്പര്യങ്ങൾ അവസാനംവരെ ധൈര്യപൂർവ്വം സംരക്ഷിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രമേ നിലനിൽക്കാൻ കഴിയൂ. ഈ വർഗ്ഗങ്ങളുടെ താൽപ്പര്യങ്ങൾ മോശമല്ലാത്തനിലയിൽ ഇന്ന് സംരക്ഷിച്ചുവരികയുമാണ് പാർട്ടി എന്നത് തർക്കമറ്റ കാര്യവുമാണ്.

കരട് ഭരണഘടനയെക്കുറിച്ചുള്ള ദേശവ്യാപകമായ ചർച്ചയിൽ നിങ്ങൾക്കറിയാവുന്നതുപോലെ, വലിയൊരു എണ്ണം ഭേദഗതികളും കൂട്ടിച്ചേർക്കലുകളും ഉയർന്നുവന്നു. ഇവയെല്ലാം സോവിയറ്റ് പ്രസിദ്ധീകരണ സംവിധാനത്തിലൂടെ പ്രസിദ്ധീകരിച്ചുകഴിഞ്ഞൂ. ഭേദഗതികളുടെ വലിയ വൈവിധ്യവും, അവയെല്ലാം ഒരുപോലെ വിലപ്പെട്ടവയല്ല എന്ന വസ്തുതയും കണക്കിലെടുത്ത്, അവയെ എന്റെ അഭിപ്രായത്തിൽ മൂന്ന് വിഭാഗമായി തിരിക്കാം.
ആദ്യത്തെ വിഭാഗത്തിലുള്ള ഭേദഗതികളുടെ പ്രത്യേകത, അവ നേരിട്ട് ഭരണഘടനാ വിഷയങ്ങളല്ല സ്പർശിക്കുന്നത്, മറിച്ച്, ഭാവിയിൽ വരാൻപോകുന്ന നിയമനിർമ്മാണ സമിതികളുടെ സ്ഥിരം നിയമനിർമ്മാണ പ്രവർത്തനത്തിന്റെ പരിധിയിൽവരുന്ന വിഷയങ്ങളാണവ പറയുന്നത് എന്നതാണ്.

രണ്ടാമത്തെ വിഭാഗത്തിലുള്ളത്, ചരിത്രപരമായ സൂചനകൾ, സോവിയറ്റ് അധികാരം ഇതിനകം ചെയ്തിട്ടില്ലാത്തതും ഭാവിയിൽ നേടിയെടുക്കേണ്ടതുമായ കാര്യങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾ, തുടങ്ങിയവ ഭരണഘടനയിൽ കൂട്ടിച്ചേർക്കുവാൻ ശ്രമിക്കുന്ന ഭേദഗതികളും നിർദ്ദേശങ്ങളുമാണ്… അത്തരം ഭേദഗതികളും നിർദ്ദേശങ്ങളും.. ഭരണഘടനയിൽ നേരിട്ട് ബന്ധപ്പെടാത്തവ എന്ന നിലയിൽ മാറ്റിവയ്ക്കണം എന്നാണ് എനിക്ക് തോന്നുന്നത്.

അവശേഷിക്കുന്ന മൂന്നാമത്തെ വിഭാഗത്തിലുള്ളവയാണ്, കൂടുതൽ വസ്തുതാപരമായി പ്രാധാന്യമുള്ളത്. അവയെക്കുറിച്ച് രണ്ട് വാക്ക് പറയണമെന്ന് ഞാൻ കരുതുന്നു.

1) ആദ്യം,കരട് ഭരണഘടനയുടെ ഒന്നാംവകുപ്പിനെക്കുറിച്ചുള്ള ഭേദഗതികൾ. നാല് ഭേദഗതികൾ, ”തൊഴിലാളികളുടെയും കർഷകരുടെയും ഭരണകൂടം” എന്ന വാക്കുകൾ മാറ്റണം എന്ന് നിർദ്ദേശിക്കുന്നു…ഈ ഭേദഗതികൾ സ്വീകരിക്കണോ? അവ സ്വീകരിക്കരുത് എന്നാണ് എനിക്ക് തോന്നുന്നത്. കരട് ഭരണഘടനയുടെ ഒന്നാംവകുപ്പ് എന്തിനെക്കുറിച്ചാണ് പറയുന്നത്? ഒന്നാംവകുപ്പ്, സോവിയറ്റ് സമൂഹത്തിന്റെ ഭരണഘടനയെക്കുറിച്ചാണ് പറയുന്നത്. ഭരണഘടനയിൽ നമ്മുടെ സമൂഹത്തിന്റെ വർഗ്ഗഘടനയുടെ കാര്യം നമ്മൾ മാർക്‌സിസ്റ്റുകൾക്ക് അവഗണിക്കാൻ പറ്റുമോ? ഇല്ല, നമുക്കത് കഴിയില്ല. നമുക്കറിയാവുന്നതുപോലെ, സോവിയറ്റ് സമൂഹത്തിൽ രണ്ട് വർഗ്ഗങ്ങളാണുള്ളത്, തൊഴിലാളികളും കർഷകരും. ഇക്കാര്യമാണ് കരട് ഭരണഘടനയുടെ ഒന്നാംവകുപ്പ് പറയുന്നത്. തൊഴിലെടുക്കുന്ന ബുദ്ധിജീവികളുടെ കാര്യം എങ്ങനെയെന്ന് ചോദ്യമുണ്ടാകാം. ബുദ്ധിജീവികൾ ഒരിക്കലും ഒരു വർഗ്ഗമായിട്ടില്ല, അതിനൊരിക്കലും ഒരു വർഗ്ഗമാകാനും കഴിയില്ല. സമൂഹത്തിലെ എല്ലാ വർഗ്ഗങ്ങളിൽനിന്നുമുള്ള അംഗങ്ങൾ വന്നുചേരുന്ന ഒരു തലമാണത്. പഴയകാലത്ത്, ബുദ്ധജീവി വിഭാഗത്തിലേയ്ക്ക് അംഗങ്ങൾവന്നിരുന്നത് പ്രഭുവർഗ്ഗത്തിന്റെയും മുതലാളിവർഗ്ഗത്തിന്റെ അണികളിൽനിന്നും ഭാഗികമായി കർഷകരുടെ അണികളിൽനിന്നും വളരെ നിസ്സാരമായി ഒരു പരിധിവരെ തൊഴിലാളികളിൽനിന്നുമായിരുന്നു. നമ്മുടെ കാലത്ത്, സോവിയറ്റുകൾക്ക് കീഴിൽ, ബുദ്ധിജീവി വിഭാഗത്തിലേയ്ക്ക് അംഗങ്ങൾ വരുന്നത് പ്രധാനമായും തൊഴിലാളികളിൽനിന്നും കർഷകരിൽനിന്നുമാണ്. പക്ഷേ, അതിന്റെ അംഗങ്ങൾ എവിടെനിന്നുവന്നാലും, അതിന്റെ സ്വഭാവം എന്തായാലും, ബുദ്ധിജീവികൾ, ഒരു സാമൂഹ്യവിഭാഗമാണ്, ഒരു വർഗ്ഗമല്ല.
ഈ സാഹചര്യം, പണിയെടുക്കുന്ന ബുദ്ധിജീവികളുടെ അവകാശങ്ങൾക്ക് ദോഷകരമാണോ? ഒരിക്കലുമല്ല. കരട് ഭരണഘടനയുടെ ഒന്നാംവകുപ്പ്, സോവിയറ്റ് സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ളവരുടെ അവകാശങ്ങളെക്കുറിച്ചല്ല സംസാരിക്കുന്നത്. മറിച്ച്, ആ സമൂഹത്തിന്റെ വർഗ്ഗപരമായ ഘടനയെക്കുറിച്ചാണ്. സോവിയറ്റ് സമൂഹത്തിലെ പണിയെടുക്കുന്ന ബുദ്ധിജീവികൾ ഉൾപ്പെടെയുള്ള വിഭാഗങ്ങളുടെ അവകാശങ്ങളെ സംബന്ധിച്ച് പറയുന്നത് പ്രധാനമായും കരട് ഭരണഘടനയുടെ ത, തക വകുപ്പുകളിൽ ആണ്.

2) മറ്റൊരു ഭേദഗതി, നിർദ്ദേശിക്കുന്നത്, യുഎസ്എസ്ആറിൽനിന്ന് സ്വതന്ത്രമായി വിട്ടുപോകാനുള്ള അവകാശം റിപ്പബ്ലിക്കുകൾക്ക് നൽകുന്ന 17-ാം വകുപ്പ് ഭരണഘടനയിൽനിന്ന് പൂർണ്ണമായും നീക്കം ചെയ്യണമെന്നാണ്. ഇതൊരു തെറ്റായ നിർദ്ദേശമാണ്, കോൺഗ്രസ്സ് ഇത് അംഗീകരിക്കരുത് എന്ന് ഞാൻ കരുതുന്നു. തുല്യ അവകാശങ്ങളുള്ള, യൂണിയൻ റിപ്പബ്ലിക്കുകളുടെ സ്വമേധയാ ഉള്ള ഐക്യപ്പെടലാണ് യുഎസ്എസ്ആർ, യുഎസ്എസ്ആറിൽനിന്ന് സ്വതന്ത്രമായി വിട്ടുപോകാനുള്ള അവകാശം നൽകുന്ന വകുപ്പ് ഭരണഘടനയിൽനിന്ന് നീക്കം ചെയ്താൽ, റിപ്പബ്ലിക്കുകളുടെ ഐക്യത്തിന്റെ സ്വമേധയാ എന്ന സ്വഭാവം ലംഘിക്കപ്പെടും. നമുക്കിതിനോട് യോജിക്കാമോ? നമുക്കിതിനോട് യോജിക്കാനാവില്ല, ഇത് അംഗീകരിക്കരുത് എന്നാണെന്റെ അഭിപ്രായം. യുഎസ്എസ്ആറിലെ ഒരു റിപ്പബ്ലിക് പോലും വിട്ടുപോകാൻ ആഗ്രഹിക്കുന്നില്ല, അതിനാൽ 17-ാം വകുപ്പ് പ്രായോഗികമായി അപ്രധാനമാണ് എന്ന് പറയുന്നു. തീർച്ചയായും, യുഎസ്എസ്ആറിൽനിന്ന് വിട്ടുപോകാനാഗ്രഹിക്കുന്ന ഒരൊറ്റ റിപ്പബ്ലിക്ക്‌പോലുമില്ല എന്നത് ശരിയാണ്. പക്ഷേ അതൊരിക്കലും വിട്ടുപോകാനുള്ള അവകാശം ഭരണഘടനയിൽ ചേർക്കരുത് എന്നർത്ഥമാക്കുന്നില്ല.

3) മറ്റൊരു ഭേദഗതികൂടി പ്രധാനപ്പെട്ടതാണ്. കരട് ഭരണഘടനയുടെ 135-ാം വകുപ്പിനുള്ള ഭേദഗതിയെക്കുറിച്ചാണ് ഞാൻ പറയുന്നത്. അത് നിർദ്ദേശിക്കുന്നത്, മത പുരോഹിതന്മാർ, മുൻ വൈറ്റ്ഗാർഡുകൾ, നേരത്തെ സമ്പത്തും സ്വാധീനവും ഉണ്ടായിരുന്ന എല്ലാ വ്യക്തികളുടെയും സാമൂഹികമായി പ്രയോജനകരമായ തൊഴിലുകളിൽ ഏർപ്പെട്ടിട്ടില്ലാത്തവരുടെയും വോട്ടവകാശം റദ്ദാക്കുക, അതല്ലെങ്കിൽ കുറഞ്ഞപക്ഷം, ഈ വിഭാഗത്തിലെ ആളുകളുടെ വോട്ടവകാശം, തെരഞ്ഞെടുക്കുവാനും, തെരഞ്ഞെടുക്കപ്പെടാനും കഴിയാത്തതായി പരമിതപ്പെടുത്തുക എന്നാണ്. ഈ ഭേദഗതി തള്ളിക്കളയണം എന്ന് ഞാൻ കരുതുന്നു. പണിയെടുക്കാത്തവരെയും ചൂഷക സ്വഭാവമുള്ളവരെയും വോട്ടവകാശത്തിൽനിന്ന് സോവിയറ്റ് അധികാരം പുറത്താക്കിയത്, എല്ലാക്കാലത്തേയ്ക്കുമല്ല, താൽക്കാലികമായിട്ടായിരുന്നു. ഒരു കാലയളവുവരെ ഈ കൂട്ടർ, ജനങ്ങൾക്കെതിരെ തുറന്ന യുദ്ധം നടത്തുകയും, സോവിയറ്റ് നിയമങ്ങളെ സജീവമായി എതിർക്കുകയും ചെയ്തിരുന്ന ഒരു സമയമുണ്ടായിരുന്നു. ഈ എതിർപ്പിനോട് സോവിയറ്റ് അധികാരത്തിന്റെ പ്രതികരണമായിരുന്നു അവരുടെ വോട്ടവകാശം നിഷേധിച്ചത്. അതിനുശേഷം കുറച്ചുകാലം കഴിഞ്ഞിരിക്കുന്നു. ഈ കാലയളവിൽ, ചൂഷകവർഗ്ഗങ്ങളെ നമ്മൾ ഇല്ലാതാക്കി, സോവിയറ്റ് അധികാരം ഒരു അജയ്യശക്തിയായി മാറി. ഈ നിയമം പുനഃപരിശോധിക്കാനുള്ള സമയമായില്ലേ? സമയമായി എന്നാണ് ഞാൻ കരുതുന്നത്. ഇത് അപകടകരമാണ്, മുൻ വൈറ്റ്ഗാർഡുകൾ, കുലാക്കുകൾ, പുരോഹിതർ തുടങ്ങി സോവിയറ്റ് അധികാരത്തിനോട് വിരോധമുള്ള ചിലർ രാജ്യത്തിന്റെ പരമോന്നത ഭരണസമിതികളിലേയ്ക്ക് നുഴഞ്ഞ് കയറിയേക്കാം എന്ന് പറയപ്പെടുന്നു. പക്ഷേ, ഭയപ്പെടാൻ എന്താണുള്ളത്? ചെന്നായ്ക്കളെ പേടിയാെണങ്കിൽ വനത്തിൽനിന്ന് ഒഴിഞ്ഞു നിൽക്കുക, ഒന്നാമതായി, മുൻ കുലാക്കുകളിലും വൈറ്റ്ഗാർഡുകളിലും പുരോഹിതരിലും എല്ലാവരും സോവിയറ്റ് അധികാരത്തിന് എതിരല്ല. രണ്ടാമതായി, ഏതെങ്കിലും സ്ഥലത്തെ ജനങ്ങൾ, സോവിയറ്റ് അധികാരത്തോട് ശത്രുതയുള്ളവരെ തെരഞ്ഞെടുത്താൽ അവിടെ നമ്മുടെ പ്രചാരണപ്രവർത്തനം വളരെ മോശമായിരുന്നു എന്നതാണത് കാണിക്കുക. ആ നാണക്കേട് നാം അർഹിക്കുന്നതുമാകും. നേരെമറിച്ച്, നമ്മുടെ പ്രചാരണപ്രവർത്തനം, ബോൾഷേവിക് രീതിയിലാണ് നടത്തപ്പെട്ടതെങ്കിൽ, ശത്രുക്കളെ പരമോന്നത ഭരണസമിതികളിൽ കയറിപ്പറ്റാൻ ജനങ്ങൾ അനുവദിക്കുകയില്ല.

അഞ്ച് മാസം നീണ്ടുനിന്ന ദേശവ്യാപകമായ ചർച്ചകളുടെ ഫലങ്ങൾ വിലയിരുത്തിയാൽ, കരട് ഭരണഘടന ഇപ്പോൾ നടക്കുന്ന കോൺഗ്രസ്സ് അംഗീകരിക്കും എന്ന് കരുതാം.
മുതലാളിത്ത രാജ്യങ്ങളിലെ, ദശലക്ഷക്കണക്കിന് സത്യസന്ധരായ ജനങ്ങൾ സ്വപ്നം കണ്ടത്, ഇപ്പോഴും സ്വപ്നം കണ്ടുകൊണ്ടിരിക്കുന്നത്, യുഎസ്എസ്ആറിൽ നേടിക്കഴിഞ്ഞു എന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖയായിരിക്കുമത്.
ഇന്ന് ഫാസിസ്റ്റ് കാടത്തത്തിനെതിരെ പോരാടുന്നവർക്ക്, യുഎസ്എസ്ആറിന്റെ പുതിയ ഭരണഘടന, ധാർമ്മിക പ്രചോദനവും യഥാർത്ഥ പിന്തുണയും നൽകും.
യുഎസ്എസ്ആറിലെ ജനങ്ങൾക്ക്, പുതിയ ഭരണഘടനയുടെ പ്രാധാന്യം, വളരെയേറെയാണ്… മുതലാളിത്ത രാജ്യങ്ങളിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം, യുഎസ്എസ്ആറിന്റെ പുതിയഭരണഘടനയ്ക്ക് ഒരു പ്രവർത്തനപരിപാടിയുടെ പ്രാധാന്യം ഉണ്ടാകും.യുഎസ്എസ്ആറിലെ ജനങ്ങൾക്ക്, അവരുടെ സമരങ്ങളുടെ സംക്ഷേപം, മാനവരാശിയുടെ വിമോചന പോരാട്ടത്തിലെ വിജയങ്ങളുടെ സംക്ഷേപം, എന്ന പ്രാധാന്യം അതിനുണ്ടാവും…”ഇത് നമ്മുടെ തൊഴിലാളിവർഗ്ഗത്തെ, കർഷകരെ, പണിയെടുക്കുന്ന ബുദ്ധിജീവിവിഭാഗത്തെ, ധാർമ്മികമായി ആയുധമണിയിക്കുന്നു. അവരെ മുന്നോട്ടുനയിക്കുന്നു. നമ്മുടെ ശക്തിയിലുള്ള നമ്മുടെ വിശ്വാസം വർദ്ധിപ്പിക്കുകയും കമ്മ്യൂണിസത്തിന്റെ പുതിയ വിജയങ്ങൾക്ക് വേണ്ടിയുള്ള പുത്തൻ സമരങ്ങൾക്കായി നമ്മെ ഉണർത്തുന്നു”.

Share this post

scroll to top