നോട്ട് നിരോധനം വൻതട്ടിപ്പ്‌!

Demonitisation.jpg
Share

500, 1000 നോട്ടുകൾ നിരോധിച്ചുകൊണ്ട് 2016 നവംബർ 8ന് പ്രധാനമന്ത്രി രാഷ്ട്രത്തോട് പ്രഖ്യാപിച്ചത് ആ നടപടി ”അഴിമതിയുടെയും കള്ളപ്പണത്തിന്റെയും ബന്ധനം” തകർക്കാൻ ലക്ഷ്യം വച്ചുള്ളതാണ് എന്നത്രെ. മൂന്നുലക്ഷത്തിനും അഞ്ചുലക്ഷത്തിനുമിടയിൽ നോട്ടുകൾ തിരിച്ചെത്തില്ലെന്നും അങ്ങനെ ലഭിക്കുന്ന വലിയ തുക സാമൂഹ്യ സുരക്ഷാപദ്ധതികൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനുംമറ്റും വിനിയോഗിക്കുമെന്നും അവകാശപ്പെട്ടിരുന്നു. ഈ നടപടിയിലൂടെ അഴിമതി നിർമ്മാർജ്ജനം ചെയ്യാനും ഭീകരപ്രവർത്തനത്തിനുള്ള ധനസഹായം ഇല്ലാതാക്കാനും പണരഹിത സമ്പദ് വ്യവസ്ഥയിലേയ്ക്ക് മുന്നേറാനും നികുതിഘടന വിപുലപ്പെടുത്താനും സാധിക്കുമെന്നുള്ള അവകാശവാദവുമുണ്ടായിരുന്നു.

ആകെയുള്ള 15.44 ലക്ഷം കോടി രൂപയുടെ 1000, 500 നോട്ടുകളിൽ നല്ലൊരുതുക കള്ളപ്പണമെന്ന നിലയിൽ നിയമനടപടി ഭയന്ന് ബാങ്കുകളിലെത്തില്ല എന്നായിരുന്നു പറഞ്ഞിരുന്നത്. 2016 നവംബർ 23ന് അറ്റോർണി ജനറൽ സുപ്രീംകോടതിയിൽ പറഞ്ഞത് നാലഞ്ചുലക്ഷം കോടി രൂപ വരുന്ന തുക ഇവ്വിധം വടക്കുകിഴക്കൻ മേഖലയിലും ജമ്മുകാശ്മീരിലുമൊക്കെ ഭീകരപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും അത് അസാധുവാക്കാൻ കഴിയുമെന്നുമാണ്. ഈ നടപടി തെറ്റാണെന്ന് തെളിഞ്ഞാൽ തന്നെ തൂക്കിക്കൊന്നോളാൻപോലും പ്രധാനമന്ത്രി പറഞ്ഞു.
യാഥാർത്ഥ്യമെന്ത് ?

യാഥാർത്ഥ്യമെന്തെന്ന് നമുക്ക് പരിശോധിക്കാം. ഈ അവകാശവാദങ്ങളിൽനിന്നൊക്കെ വളരെ അകലെയാണ് യാഥാർത്ഥ്യമെന്ന് 2017 ആഗസ്റ്റ് 30ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധപ്പെടുത്തിയ വാർഷിക റിപ്പോർട്ട് പറയുന്നു. അസാധുവാക്കിയ നോട്ടുകളുടെ 98.96 ശതമാനവും, അതായത് 15.28 ലക്ഷം കോടി രൂപയും ബാങ്കുകളിൽ തിരിച്ചെത്തിയെന്ന് റിപ്പോർട്ട് പറയുന്നു. 16000 കോടി രൂപ മാത്രമേ ഇനി വരാനുള്ളൂ. ജില്ലാ സഹകരണ ബാങ്കുകളിൽനിന്നും നേപ്പാൾ പൗരന്മാരിൽനിന്നും ധനകാര്യ സ്ഥാപനങ്ങളിൽനിന്നുമുള്ള നോട്ടുകൾകൂടി കണക്കാക്കിയാൽ ഈ കണക്കിലും വ്യത്യാസം വരും. നിശ്ചിതസമയത്ത് നോട്ട് ബാങ്കിലെത്തിക്കാൻ സത്യസന്ധരായ പലർക്കും കഴിഞ്ഞിട്ടില്ല എന്നുമോർക്കണം. ന്യായമായ കാരണങ്ങളാൽ അസാധുവാക്കിയ നോട്ടുകൾ ബാങ്കിലെത്തിക്കാൻ കഴിയാതെ പോയവർക്ക് ഒരു അവസരംകൂടി നൽകണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ജൂലൈയിൽ സർക്കാരിനോട് ആവശ്യപ്പെട്ടത് ഈ പശ്ചാത്തലത്തിലാണ്.

രണ്ടാമതായി, ധനകാര്യവകുപ്പ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയിൽ പറഞ്ഞതടക്കമുള്ള കാര്യങ്ങൾ നോക്കാം. 2016 നവംബർ 8നും ഡിസംബർ 30നും ഇടയിൽ ഒരു കള്ളനോട്ടും പിടിച്ചെടുത്തിട്ടില്ല എന്നാണ് സർക്കാർ പറഞ്ഞത്. ആകെ 42 കോടിയുടെ കള്ളനോട്ടുമാത്രമേ തിരിച്ചെത്തിയ തുകയിൽ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളൂ എന്ന് റിസർവ് ബാങ്ക് പറയുന്നു. ഇത് 0.0013 ശതമാനം മാത്രമാണ്. ആകെ 400 കോടിയുടെ കള്ളനോട്ട് പ്രചാരത്തിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പുതിയ 500, 2000 രൂപ നോട്ടുകളുടെ കള്ളനോട്ടുകൾ കൂടി കണ്ടെത്തിയ സ്ഥിതിക്ക് കള്ളനോട്ട് തടയുമെന്നത് വീൺവാക്കായി അവശേഷിക്കുന്നു. ഇനി പണരഹിത ഇടപാട് അഥവാ ഡിജിറ്റൽ ഇടപാടിന്റെ കാര്യം നോക്കാം. ഇത് ഏറ്റവും വർദ്ധിച്ചത് കറൻസി ക്ഷാമം നേരിട്ട നവംബർ, ഡിസംബർ മാസങ്ങളിലായിരുന്നു. അതിനുശേഷം ഇത്തരം ഇടപാടുകൾ ക്രമാനുഗതമായി കുറയുന്നതാണ് കാണുന്നത്. ഈ വിഷയത്തിൽ 1-1-2017ന് പ്രസിദ്ധപ്പെടുത്തിയ ‘പ്രോലിറ്റേറിയൻ ഇറ’ യിൽ ഞങ്ങൾ വ്യക്തമായി ചൂണ്ടിക്കാണിച്ചത് ഇന്ത്യയിൽ 14.3 ശതമാനം ആളുകൾ മാത്രമാണ് പണം ബാങ്കുകളിൽ സൂക്ഷിക്കുന്നത് എന്നകാര്യമാണ്. ബാക്കിയുള്ളവർക്ക് നിക്ഷേപിക്കാൻ പണമില്ല, അല്ലെങ്കിൽ പണമിടപാട് നടത്തുന്നതാണ് അവർക്ക് സൗകര്യപ്രദം. ഡെബിറ്റ് കാർഡുള്ള 22ശതമാനം പേരിൽ 11ശതമാനം മാത്രമാണ് അത് ഉപയോഗിക്കുന്നത്. ബാങ്ക് അക്കൗണ്ട് ഉള്ളവരിൽ അഞ്ചോ അറോ ശതമാനം പേർ മാത്രമാണ് ഓൺലൈൻ ഇടപാടുകൾ നടത്തുന്നത് എന്നർത്ഥം. കമ്പ്യൂട്ടർ സാക്ഷരത 6.15 ശതമാനം മാത്രം. ആകെയുള്ള മൊബൈൽ ഫോണുകളിൽ 25 ശതമാനം മാത്രമാണ് സ്മാർട്ട് ഫോണുകൾ. അവയിൽത്തന്നെ എല്ലാറ്റിനും ഇന്റർനെറ്റ് കണക്ഷൻ ഇല്ല. ഇന്റർനെറ്റ് വേഗതയുടെ കാര്യത്തിൽ ഇന്ത്യ 96-ാം സ്ഥാനത്താണ്. എന്നാൽ സൈബർ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ 6-ാം സ്ഥാനത്തുണ്ട്. സൈബർ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ വിചാരണയും ശിക്ഷയുമൊക്കെ അപൂർവ്വമായേ ഇന്ത്യയിൽ നടക്കുന്നുള്ളൂ. ഈ പശ്ചാത്തലത്തിൽ നോക്കുമ്പോൾ ഒറ്റയടിക്ക് കറൻസിരഹിത സമ്പദ്ഘടനയിലേയ്ക്ക് മാറുക എന്നത് വെറുമൊരു മിഥ്യയാണ്. വസ്തുതകൾ ഇത് ശരിവയ്ക്കുന്നു. പണരഹിത സമ്പദ്ഘടനയെക്കുറിച്ചുള്ള കോലാഹലങ്ങളൊക്കെ ഭരിക്കുന്നവരുടെ തട്ടിപ്പായിരുന്നുവെന്ന് ഞങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. പണരഹിത ഇടപാടുകൾ എന്നാൽ പണം ഇല്ലാതാകുമെന്നർത്ഥമില്ല. അതുകൊണ്ടുതന്നെ, കള്ളപ്പണവും ഉണ്ടാകും. അപ്പോൾ, ആധുനികവൽക്കരണത്തിന്റെയും സുഗമമായ ഇടപാടുകളുടെയുമൊക്കെ പേരുപറഞ്ഞ്, സാങ്കേതികവിദ്യാ വികാസത്തെ ഉപയോഗപ്പെടുത്തി, സാമ്പത്തിക ചൂഷണത്തിന് പുതിയ തന്ത്രങ്ങൾ മെനയുന്നു എന്നേ അർത്ഥമുള്ളൂ. മുതലാളിത്തവും സാമ്രാജ്യത്വവുമൊക്കെ നിലനിൽക്കുവോളം ‘മൂലധനത്തിന്റെ ആധിപത്യ’വും പണത്തിന്റെ ആധിപത്യവുമൊന്നും ഒഴിവാക്കാനാവില്ല.
മൂന്നാമതായി പറഞ്ഞത് നികുതിപിരവിന്റെ അടിത്തറ വിപുലപ്പെടുത്തുന്നതിനെയും നികുതിവെട്ടിപ്പ് തടയുന്നതിനെയും കുറിച്ചാണ്. കഴിഞ്ഞ വർഷത്തേക്കാൾ 2016-17ൽ 25 ശതമാനം വർദ്ധന ആദായനികുതി റിട്ടേൺസ് ഫയൽ ചെയ്യുന്നതിൽ ഉണ്ടായി എന്നാണ് സർക്കാരിന്റെ അവകാശവാദം. എന്നാൽ ഇതിൽ അപ്രതീക്ഷിതമായി ഒന്നുമില്ല. 2011-12ൽ 80 ശതമാനത്തിന്റെയും അടുത്തവർഷം 30 ശതമാനത്തിന്റെയും വർദ്ധന ഉണ്ടായിട്ടുണ്ട്. അർദ്ധരാത്രിയിൽ നോട്ട് പിൻവലിച്ചതുകൊണ്ടല്ല ഇതൊന്നും സംഭവിച്ചത്. നോട്ട് നിരോധനം റിസർവ് ബാങ്കിന് വലിയ നേട്ടമുണ്ടാക്കും എന്ന ബൂർഷ്വാ ധനകാര്യ വിദഗ്ദ്ധരുടെ അവകാശവാദങ്ങളാണ് അടുത്തത്. 3 ലക്ഷം കോടിരൂപ ഒരിക്കലും ബാങ്കിൽ തിരിച്ചുവരില്ലെന്നും അത്രയും കള്ളപ്പണം ഇല്ലായ്മ ചെയ്യാൻ കഴിയുമെന്നുമാണ് പറഞ്ഞിരുന്നത്. ഈ പണം റിസർവ് ബാങ്ക് സർക്കാരിന് സമ്മാനമായി നൽകുമത്രെ. എന്നാൽ സംഭവിച്ചതോ, 99 ശതമാനം പണവും തിരിച്ചെത്തി. റിവേഴ്‌സ് റിപ്പോ നിരക്കിൽ മാറ്റം വരുത്തുക (ബാങ്കുകളുടെ കയ്യിലുള്ള പണത്തിന്റെ അളവ് കുറയ്ക്കാൻ), ക്യാഷ് റിസർവ് റേഷ്യോ നിരക്ക് ഉയർത്തുക (ബാങ്കുകൾ റിസർവ് ബാങ്കിൽ സൂക്ഷിക്കേണ്ട പണം), കമ്പോള സന്തുലന ബോണ്ടുകൾ ഇറക്കുന്ന കാര്യത്തിൽ പരിധി ഉയർത്തുക (ബാങ്കുകളിൽ അധികംവരുന്ന പണമപ്പാടെ ഊറ്റിയെടുക്കാൻ) തുടങ്ങിയ നടപടികളും ഫലം കണ്ടില്ല. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടി പണമാണ് പുതിയ നോട്ടുകൾ അച്ചടിക്കാൻ റിസർവ് ബാങ്കിന് ചെലവഴിക്കേണ്ടി വന്നത്. 21,000 കോടി രൂപയാണ് ഈ ഇനത്തിൽ ചെലവായത്. ബാങ്കിൽ തിരിച്ചെത്താത്ത പണം 16,000 കോടി മാത്രമാണ്. ആകെ നോക്കിയാൽ റിസർവ് ബാങ്കിന്റെ വരവ് 23.56 ശതമാനം കുറഞ്ഞു. ചെലവ് 107.8 ശതമാനം വർദ്ധിച്ചു. സർക്കാർ ഖജനാവിലേയ്ക്ക് റിസർവ് ബാങ്ക് വൻതുക നൽകുമെന്ന് പ്രചരിപ്പിച്ചിരുന്നെങ്കിലും കഴിഞ്ഞ വർഷം നൽകിയതിന്റെ പകുതി ഡിവിഡന്റ് മാത്രമാണ് ഈ വർഷം നൽകാനായത്.

അവസാനമായി, അഴിമതി ഇല്ലാതാക്കുന്ന വിഷയം നോക്കാം. പിൻവലിച്ച നോട്ടുകൾക്ക് പകരം നൽകാനുള്ള പണം, വൻതോതിൽ പണവും സ്വാധീനവുമുള്ളവരെ ഏൽപിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. സ്ത്രീകളും വൃദ്ധരുമടക്കം മണിക്കൂറുകൾ ക്യൂവിൽനിന്ന് വലഞ്ഞപ്പോൾ പണച്ചാക്കുകളുടെ വീട്ടുപടിക്കൽ കോടിക്കണക്കിന് രൂപയുടെ പുതിയ നോട്ടുകൾ എത്തിച്ചു. അഴിമതി നിർമാർജ്ജനം ചെയ്യാനുള്ള നടപടികളാണ് കൈക്കൊണ്ടതെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നോ? നോട്ട് പിൻവലിക്കൽ പുതിയ രൂപത്തിലുള്ള അഴിമതികൾക്ക് വഴിതുറന്നിരിക്കുകയാണെന്ന് 1-12-2016 ലക്കം ‘പ്രോലിറ്റേറിയൻ ഇറ’യിൽ ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ജനങ്ങളിൽനിന്ന് വലിയ ഡിസ്‌കൗണ്ടോടുകൂടി പഴയ നോട്ടുകൾ വൻതോതിൽ ശേഖരിച്ച് ബാങ്കുകളിൽ നിക്ഷേപിച്ച് ഇവർ കണക്കിൽപെടാത്ത വൻതുകകൾ സമ്പാദിച്ചു. അങ്ങനെ കള്ളപ്പണം വെളുപ്പിച്ചെടുത്തു. അഴിമതി എത്ര ആഴത്തിൽ വേരോടിയിട്ടുണ്ടെന്നും ആരാണ് അതിന് ഒത്താശ ചെയ്യുന്നതെന്നും ആരാണ് ഇതിൽനിന്ന് നേട്ടമുണ്ടാക്കുന്നതെന്നുമൊക്കെ ഇതിൽനിന്ന് വ്യക്തമാണ്. മധുരത്തിൽ പൊതിഞ്ഞ കപട ഭാഷണങ്ങൾകൊണ്ട് ഗവണ്മെന്റ് ജനങ്ങളെ കബളിപ്പിക്കുന്നതാണെന്നും വ്യക്തമാണ്. ഏഷ്യാ-പസഫിക് മേഖലയിലെ ഏറ്റവും അഴിമതി നിറഞ്ഞ രാജ്യമാണ് ഇന്ത്യ എന്ന് ഒരു സർവേ വ്യക്തമാക്കുന്നു. ഇവിടെ പത്തിൽ ഏഴുപേർക്കും പൊതുസേവനങ്ങൾ ലഭിക്കാനായി കൈക്കൂലി കൊടുക്കേണ്ടിവരുന്നു. നോട്ട് പിൻവലിക്കുന്ന സമയത്ത് പ്രധാനമന്ത്രി പറഞ്ഞ വാക്കുകൾ ഇതുമായി താരതമ്യം ചെയ്ത്‌നോക്കൂ: ”അഴിമതിക്കും കള്ളപ്പണത്തിനും കള്ളനോട്ടിനും എതിരായ സാധാരണ ജനങ്ങളുടെ പോരാട്ടത്തെ ഈ നടപടി ശക്തിപ്പെടുത്തും.” ”ഭീകരപ്രവർത്തനം, മയക്കുമരുന്ന് മാഫിയ, മനുഷ്യക്കടത്ത്, അധോലോകം എന്നിവയൊക്കെ ഒറ്റയടിക്ക് ഇല്ലാതാക്കാൻ ഈ നടപടി ഉപകരിച്ചു” എന്ന് 2016 ഡിസംബർ 27ന് അദ്ദേഹം നടത്തിയ അവകാശവാദവുംകൂടി യാഥാർത്ഥ്യവുമായി തട്ടിച്ചുനോക്കുക. അപാരംതന്നെ!

നോട്ടുനിരോധനം ബാധിച്ചതാരെ?

നോട്ടുനിരോധനത്തിന്റെ ഇടപാടുകളുമായി ബന്ധപ്പെട്ട് 1.28 ലക്ഷം കോടിരൂപ ചെലവായതായി ‘സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി’ എന്ന സ്ഥാപനം കണക്കാക്കുന്നു. ഈ കാപട്യത്തിന്റെ ദുരിതമാകെ പേറേണ്ടിവരുന്നത,് 40 ശതമാനം ഇടപാടുകളും കറൻസിയിൽ നടത്തുന്ന ചെറുകിട ബിസിനസുകാരും സാധാരണക്കാരുമായിരിക്കുമെന്ന് ഞങ്ങൾ കൃത്യമായി ചൂണ്ടിക്കാണിച്ചിരുന്നു. വസ്തുതകൾ അത് ശരിവയ്ക്കുന്നു. നോട്ട് മാറിയെടുക്കാനായി ക്യൂവിൽ മണിക്കൂറുകളും ദിവസങ്ങളും നില്‌ക്കേണ്ടിവന്നപ്പോൾ വിലപ്പെട്ട 103 മനുഷ്യജീവനാണ് പൊലിഞ്ഞത്. പൊടുന്നനെ നോട്ടുനിരോധിച്ചതുവഴിയുണ്ടായ പ്രതിസന്ധിയിൽപ്പെട്ട് ആത്മഹത്യചെയ്ത പാവങ്ങളുടെ കാര്യവും റിപ്പോർട്ടുചെയ്യപ്പെട്ടിരുന്നു. ചെറുകിട കർഷകർ, ഇഷ്ടികക്കളത്തിൽ പണിയെടുക്കുന്നവർ, ചെറിയ കച്ചവടക്കാർ, നിർമ്മാണത്തൊഴിലാളികൾ, കരാർ തൊഴിലാളികൾ, ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവരൊക്കെ അനുഭവിച്ചത് കൊടിയ ദുരിതങ്ങളാണ്. പെട്ടെന്ന് പണത്തിന്റെ ലഭ്യത കുറയുകയും കൃഷി ആവശ്യങ്ങളുടെ ചെലവ് ഉയരുകയും ഉല്പന്നങ്ങളുടെ വില ഇടിയുകയും ചെയ്തതുവഴി ദരിദ്രകർഷകരും കർഷകത്തൊഴിലാളികളും നട്ടംതിരിയുന്ന സ്ഥിതിയുണ്ടായി. പണലഭ്യത കുറഞ്ഞതോടെ പച്ചക്കറിവില ഇടിഞ്ഞു, ഗോതമ്പ് കൃഷി ഇറക്കാൻ വൈകി, വളവും കീടനാശിനിയും മറ്റും പ്രയോഗിക്കാൻ കഴിയാതായി, കൂലിയും കുറഞ്ഞു. തുടർന്നുള്ള വിളകളുടെ കാര്യത്തിലും ഈ പ്രതിസന്ധികൾ തുടരുകയാണ്.

മൂന്നുലക്ഷത്തിലേറെ വരുന്ന, പ്രധാനമായും ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന ആൾ ഇന്ത്യ മാനുഫാക്ചറേഴ്‌സ് ഓർഗനൈസേഷൻ നടത്തിയ പഠനം പറയുന്നത്, 2017 മാർച്ച് മാസത്തോടെ തൊഴിലിൽ 60 ശതമാനത്തിന്റെയും വരുമാനത്തിൽ 55 ശതമാനത്തിന്റെയും ഇടിവുണ്ടായി എന്നാണ്. ഈ മേഖലയെ ഏറ്റവും കൂടുതൽ ബാധിച്ചുവെന്നുമാത്രമല്ല ഏതാണ്ടെല്ലാ വ്യവസായങ്ങളെയും ഈ നടപടി പ്രതികൂലമായി ബാധിച്ചു എന്നും പഠനം പറയുന്നു. ദിവസക്കൂലിക്കാരിൽ 25 ശതമാനത്തെയും സ്വയംതൊഴിൽ സംരംഭങ്ങളിൽ 8 ശതമമാനത്തെയും ചെറുകിട കച്ചവടക്കാരെയും വഴിയോരവാണിഭക്കാരെയുമൊക്കെ ഇത് ഗുരുതരമായി ബാധിച്ചുവെന്ന് സെന്റർ ഫോർ ദ മോണിറ്ററിംഗ് ഓഫ് ഇന്ത്യൻ ഇക്കോണമിയുടെ മറ്റൊരു റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ദിവസക്കൂലിക്കാർ ഒത്തുകൂടുന്ന സ്ഥലങ്ങളൊക്കെ കാലിയായിക്കിടന്നു. മാസത്തിൽ കഷ്ടിച്ച് പത്തുദിവസം ജോലി കിട്ടിയാൽത്തന്നെ കൂലി വളരെ കുറച്ചാണ് അവർക്ക് കിട്ടിയിരുന്നത്. 46 ശതമാനം തൊഴിലാളികളും ദിവസക്കൂലിക്കാരോ കരാർ തൊഴിലാളികളോ ആയ അസംഘടിതമേഖലയിൽ കൂലി കൊടുക്കാൻ പണമില്ലായിരുന്നു. നഗരങ്ങളിലാകട്ടെ 65 ശതമാനം ദിവസക്കൂലിക്കാരും പണിയില്ലാതെ ഗ്രാമങ്ങളിലേയ്ക്ക് മടങ്ങി. 15 ലക്ഷം തൊഴിൽ നഷ്ടമുണ്ടായെന്ന് കോർപ്പറേറ്റുകൾ നിയന്ത്രിക്കുന്ന മാദ്ധ്യമങ്ങൾക്കുപോലും റിപ്പോർട്ടുചെയ്യേണ്ടിവന്നു. യഥാർത്ഥ കണക്ക് ഇതിനേക്കാൾ വളരെ കൂടുതലായിരിക്കും. ഇന്നും ഈ സ്ഥിതിയിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ല. പണത്തിന്റെ ലഭ്യത നിലച്ചതോടെ ഷോപ്പിംഗ് മാളുകളിലൊക്കെ ആളില്ലാതായി. വീട്ടാവശ്യങ്ങൾക്ക് ചെലവഴിക്കുന്ന പണത്തിൽ ഇടിവുവന്നതോടെ ഈ സാമ്പത്തിക വർഷത്തിലും ഇതിന്റെ ആഘാതം തുടരുകയാണ്. കുത്തകകൾക്കുവേണ്ടി ബൂർഷ്വാ ഗവണ്മെന്റുകൾ നടത്തുന്ന സാമ്പത്തിക ആക്രമണങ്ങൾക്ക് നിരന്തരം ഇരയായിക്കൊണ്ടിരിക്കുന്ന സാധാരണ ജനങ്ങളാണ് നോട്ടുനിരോധനത്തിന്റെ മുഴുവൻ കെടുതികളും പേറേണ്ടിവന്നത്. എന്നാൽ ഇതേ കാലയളവിൽ വൻകിട കുത്തകകളുടെ വരുമാനത്തിൽ വലിയ വർദ്ധനയുണ്ടാവുകയും ചെയ്തു. ദരിദ്രർക്ക് സ്വസ്ഥമായ ഉറക്കവും പണക്കാർക്ക് ഉറക്കമില്ലാത്ത രാവുകളും സമ്മാനിച്ച ധീരമായ നടപടിയാണ് താൻ കൈക്കൊണ്ടത് എന്നാണ് നോട്ട് നിരോധനത്തിനുശേഷം പ്രധാനമന്ത്രി പറഞ്ഞത്. യാഥാർത്ഥ്യത്തിന് ഈ വാക്കുകളുമായി എന്തെങ്കിലും ബന്ധമുണ്ടോ?

എന്തായാലും ദരിദ്രരുടെ ജീവിതത്തിൽ ഇത് നാശം വിതയ്ക്കുമെന്നകാര്യം പ്രതീക്ഷിക്കാവുന്നതായിരുന്നു. ഈ നടപടി സമ്പദ്ഘടനയെയാകെ പ്രതിസന്ധിയിലാക്കുമെന്നും സാധാരണക്കാർ, വിശേഷിച്ച് ദരിദ്രകർഷകരും ചെറിയ കച്ചവടക്കാരും അസംഘടിത തൊഴിലാളികളുമൊക്കെയായിരിക്കും ദുരിതങ്ങൾ ഏറ്റവുമധികം അനുഭവിക്കേണ്ടിവരികയെന്നും നമ്മുടെ പാർട്ടിയുടെ കേന്ദ്രകമ്മിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ശരിയായിരുന്നുവെന്ന് അനന്തര ഫലങ്ങളെക്കുറിച്ചുള്ള പരിശോധന അടിവരയിടുന്നു. തുടക്കത്തിൽ സർക്കാരും മറ്റും നടത്തിയ പ്രചാരണത്തിൽ കുടുങ്ങി, നോട്ടുനിരോധനം കള്ളപ്പണം തടയുമെന്നുംമറ്റും വിശ്വസിച്ചവരും തങ്ങൾ കബളിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന് ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നു.

സമ്പദ്ഘടനയിലെ മാന്ദ്യം

ബൂർഷ്വാ ഗവണ്മെന്റും പിണിയാളുകളും ചേർന്ന് സാദ്ധ്യമായ നടപടികളൊക്കെ കൈക്കൊണ്ടിട്ടും, ഇതിനകംതന്നെ പ്രതിസന്ധിയിലകപ്പെട്ടിരിക്കുന്ന ഇന്ത്യൻ മുതലാളിത്ത സമ്പദ്ഘടന ഇപ്പോൾ ഒരു പടികൂടി മാന്ദ്യത്തിലേയ്ക്ക് പതിച്ചിരിക്കുന്നു എന്നകാര്യം മൂടിവയ്ക്കാൻ കഴിയാതായിരിക്കുന്നു. ഒരു രാഷ്ട്രത്തിന്റെ സാമ്പത്തിക സ്ഥിതിയറിയാൻ ജിഡിപി ഉപയോഗിക്കാം എന്നാണ് കണക്കാക്കപ്പെടുന്നത്. എത്ര വേഗത്തിലാണ് സമ്പദ്ഘടന വളരുന്നതെന്നതിന്റെ സൂചകം കൂടിയാണിത്. മൂന്നുമാസത്തെ വളർച്ചാനിരക്ക് കഴിഞ്ഞ തവണത്തെ നിരക്കിനോട് താരതമ്യപ്പെടുത്തിയാണ് ഇത് അളക്കുന്നത്. നാലു ഘടകങ്ങൾ ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. വ്യക്തിഗത ഉപഭോഗമാണ് ഇതിൽ ഏറ്റവും പ്രധാനം. ബിസിനസ്സിലെ നിക്ഷേപം, ഗവണ്മെന്റ് ചെലവഴിക്കുന്ന പണം, ഇറക്കുമതി കിഴിച്ചുള്ള കയറ്റുമതി എന്നിവയാണ് മറ്റു ഘടകങ്ങൾ. ഇവയുടെ ആകെത്തുകയാണ് ജിഡിപി. ഉപഭോഗത്തിലും നിക്ഷേപത്തിലും കുറവുവരികയും ഗവണ്മെന്റ് ചെലവഴിക്കുന്ന തുക വർദ്ധിക്കാതിരിക്കുകയും ആണെങ്കിൽ ജിഡിപി താഴോട്ടു പോകുകയും വളർച്ചാനിരക്ക് കുറയുകയും ചെയ്യും. മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ജിഡിപി നിരക്ക് ഉയർന്നതാണെന്ന് കാണിക്കാനായി സർക്കാർ വിലാസം പണ്ഡിതന്മാർ പുതിയ ഉപായങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി കൃത്രിമമായി ഉയർന്ന നിരക്ക് കാണിക്കുന്നു. അടിസ്ഥാന വർഷം 2004-05ൽ നിന്ന് 2011-12 ആക്കിയതും ഇതിന്റെ ഭാഗമായാണ്. ഇങ്ങനെ ഊതിപ്പെരുപ്പിച്ച് 4.7 ശതമാനത്തിൽനിന്ന് 2013-14ലെ ജിഡിപി നിരക്ക് 6.9 ശതമാനമാക്കി, 50 ശതമാനം വർദ്ധന അവകാശപ്പെട്ടു. എന്നിട്ടും മാന്ദ്യം മറച്ചുവയ്ക്കാനാകുന്നില്ല. ഈ വർഷം ഏപ്രിൽ-ജൂൺ കാലയളവിലെ നിരക്ക് 5.7 ശതമാനമെന്നാണ് കണക്കാക്കപ്പെടുന്നത്. ഗവണ്മെന്റ് അവകാശപ്പെട്ടിരുന്നതിനേക്കാൾ വളരെ കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ പാദത്തിലെ 6.1 ശതമാനവും അവകാശവാദത്തെക്കാൾ വളരെ കുറഞ്ഞതായിരുന്നു. അതായത,് അടവുകൾ പലത് പയറ്റിയിട്ടും വളർച്ചാനിരക്ക് ക്രമമായി ഇടിയുന്നു എന്ന് സാരം. പഴയ സമ്പ്രദായമനുസരിച്ചാണെങ്കിൽ വളർച്ചാനിരക്ക് വെറും 2.8 ശതമാനം മാത്രമേ ഉള്ളുതാനും.
ഇതിന്റെ പ്രത്യാഘാതമെന്താണ്? സാമ്പത്തികമാന്ദ്യംതന്നെ. വ്യാവസായികോല്പാദനം, നിക്ഷേപം, പൊതുമുതൽമുടക്ക്, കുടുംബ വരുമാനം എന്നിവയിലൊക്കെ ഇടിവും തൊഴിലില്ലായ്മയിൽ വർദ്ധനയുമുണ്ടാകും. അതോടെ ജനങ്ങളുടെ ക്രയശേഷി കുറയും. അപ്പോൾ ചരക്കുകൾ കെട്ടിക്കിടക്കുകയും മാന്ദ്യമുണ്ടാവുകയും ചെയ്യും. മുതലാളിമാർ തൊഴിലാളികളിൽ കുറെപ്പേരെ പിരിച്ചുവിടാനും പുതിയ നിക്ഷേപങ്ങൾ നടത്തുന്നത് ഒഴിവാക്കാനും തുനിയും. സമ്പദ്ഘടനയിലെ മുതൽമുടക്ക് കുറയുമ്പോൾ തൊഴിലില്ലായ്മ വർദ്ധിക്കുന്നു, വേതനം കുറയുന്നു, കുടുംബച്ചെലവിൽ കുറവുവരുന്നു. മാന്ദ്യത്തിന്റെ ഈ പ്രത്യാഘാതങ്ങളൊക്കെ നോട്ടുനിരോധനത്തിന് ശേഷമുള്ള കാലയളവിൽ വളരെ പ്രകടമായിരിക്കുന്നുവെന്ന് ഔദ്യോഗികമായിത്തന്നെ അംഗീകരിച്ചിട്ടുണ്ട്. ഇപ്പോഴുണ്ടായിരിക്കുന്ന ജിഡിപി നിരക്കിലെ ഇടിവ് നോട്ടുനിരോധനത്തിന്റെ പ്രത്യാഘാതമാണെന്ന് നിസ്സംശയം പറയാം.

സാമ്പത്തിക ശാസ്ത്രജ്ഞർ നോട്ടുപിൻവലിക്കലിനെ  എതിർത്തു

സമ്പദ്ഘടനയിലുണ്ടായിരിക്കുന്ന മാന്ദ്യം പ്രധാനമായും നോട്ടുനിരോധനത്തിന്റെ അനന്തരഫലമാണെന്ന് സർക്കാരും സർക്കാർ വിലാസം പണ്ഡിതന്മാരും ഒഴികെ എല്ലാവരും സമ്മതിക്കുന്നുണ്ട്. മുതലാളിത്ത വ്യവസ്ഥയുടെ പിന്തുണക്കാരായ സാമ്പത്തിക വിദഗ്ദ്ധർ പോലും നോട്ടുപിൻവലിക്കലിനെ എതിർത്തിരുന്നു. നോട്ടുനിരോധനത്തിന് തൊട്ടുമുമ്പ് ഒഴിവാക്കപ്പെട്ട റിസർവ്വ് ബാങ്ക് ഗവർണർ രഘുറാം രാജൻ ഈ നടപടിക്ക് അനുകൂലമായിരുന്നില്ലെന്ന് തുറന്നുപറഞ്ഞിട്ടുണ്ട്. ഇതിന്റെ പ്രത്യാഘതങ്ങളെക്കുറിച്ചും അന്ന് റിസർവ്വ് ബാങ്ക് ഗവണ്മെന്റിനെ ധരിപ്പിച്ചിരുന്നു. താൻ ഗവർണറായിരുന്നെങ്കിൽ ഈ നടപടി അംഗീകരിക്കുമായിരുന്നില്ലെന്ന് മറ്റൊരു മുൻ റിസർവ് ബാങ്ക് ഗവർണർ ബിമൽ ജലാൻ പറയുകയുണ്ടായി. നോട്ട് നിരോധനം വലിയ തെറ്റായിപ്പോയെന്നും സമ്പദ്ഘടനയെ അത് വളരെ പ്രതികൂലമായി ബാധിക്കുമെന്നും കേന്ദ്ര ഗവണ്മെന്റിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന കൗശിക് ബാസുവും അഭിപ്രായപ്പെട്ടു. ”സമ്പദ് ഘടനയുടെ വിശ്വാസ്യതയുടെ അടിവേരറുക്കുന്ന ഏകാധിപത്യപരമായ നടപടി” എന്നാണ് നോബൽ സമ്മാനിതനായ അമർത്യസെൻ പറഞ്ഞത്. ഈ വിദഗ്ദ്ധാഭിപ്രായങ്ങളൊന്നും പരിഗണിക്കാതെ കേന്ദ്രഗവണ്മെന്റ് നോട്ട് നിരോധനവുമായി മുന്നോട്ട് പോകുകയാണുണ്ടായത്.

ബിജെപി ഗവണ്മെന്റ്  മറുകണ്ടം ചാടുന്നു

ബിജെപി ഗവണ്മെന്റും അതിനെ നയിക്കുന്നവരും ജനങ്ങളെ കബളിപ്പിക്കുന്നതിൽ നല്ല മെയ്‌വഴക്കമാണ് കാണിക്കുന്നത്. വമ്പൻ, നൂതനം, അനിതരസാധാരണം എന്നൊക്കെയുള്ള വിശേഷണങ്ങൾ ചാർത്തി, എല്ലാവരുടെയും സാമ്പത്തികോന്നമനത്തിന് എന്നൊക്കെ പുലമ്പിക്കൊണ്ട് (എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം തുടങ്ങിയ മുദ്രാവാക്യങ്ങൾ) ഇവർ ജനങ്ങളെ വഞ്ചിച്ചുകൊണ്ടേയിരിക്കുന്നു. ഓരോ നടപടിയും ദുരിതങ്ങൾ വർദ്ധിപ്പിക്കുന്നതേയുള്ളൂ എന്ന് ജനങ്ങൾ തിരിച്ചറിയുന്നതോടെ ഇവർ മറുകണ്ടംചാടി പുതിയ അടവുകൾ പയറ്റുന്നു. ”ആഗോള മാന്ദ്യമാണ്, നോട്ടുനിരോധനമല്ല ജിഡിപി നിരക്ക് കുറയാൻ കാരണം” എന്ന കേന്ദ്ര ധനകാര്യമന്ത്രിയുടെ പുതിയ പല്ലവിതന്നെ ഉദാഹരണം. ബാങ്കുകളിലൂടെ പണം സമാഹരിക്കാനല്ല, വളരെയേറെ കറൻസിയെ ആശ്രയിച്ചുനിന്ന ഒരു സമ്പദ്ഘടനയിൽ മാറ്റം കൊണ്ടുവരാൻവേണ്ടിയാണ് നോട്ടുനിരോധനം നടപ്പിലാക്കിയതെന്നും മന്ത്രി പറയുന്നു. ദീർഘകാലാടിസ്ഥാനത്തിൽ ഇതിന്റെ സദ്ഫലങ്ങൾ പ്രകടമായിത്തുടങ്ങുമെന്നും മറ്റും അദ്ദേഹം അവകാശപ്പെടുന്നു. ഇപ്പോൾ പറയുന്നതും നോട്ട് നിരോധന സമയത്ത് പുരപ്പുറത്തുനിന്ന് വിളിച്ചുകൂവിയതും തമ്മിലുള്ള അന്തരം വളരെ പ്രകടമാണെന്നുമാത്രം. ജനങ്ങളെ പറ്റിക്കാനും അവരുടെ ശ്രദ്ധതിരിക്കാനുമുള്ള കുതന്ത്രങ്ങൾതന്നെ.

കള്ളപ്പണത്തെക്കുറിച്ച്  അല്പംകൂടി

ഇന്ത്യയിലെ വ്യവസായികളും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ പ്രമാണിമാരുമെല്ലാംകൂടി സ്വിസ് ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം 72 ലക്ഷം കോടി വരുമെന്ന് 5 വർഷംമുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന കാര്യം ഞങ്ങൾ നേരത്തെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ഇന്ത്യയിൽ പ്രചാരത്തിലുള്ള കള്ളപ്പണം ജിഡിപിയുടെ 23.2 ശതമാനം, അതായത് ഏതാണ്ട് 37.5 ലക്ഷം കോടിരൂപ വരുമെന്ന് ലോകബാങ്ക്തന്നെ പറഞ്ഞിട്ടുണ്ട്. സാമ്രാജ്യത്വ മൂലധനം കൈകാര്യം ചെയ്യുന്ന ലോകബാങ്ക് സത്യം മൂടിവയ്ക്കാൻ പരമാവധി ശ്രമിച്ചിട്ടാണ് 2015-16 ലെ ഈ കണക്ക് പുറത്തുവിട്ടത്. ഇത് 93 ലക്ഷം കോടിയായെന്ന് പിന്നീടൊരു റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. കൃഷിയിൽനിന്നും വ്യവസായത്തിൽനിന്നും ആകെ ലഭിക്കുന്ന വരുമാനത്തെക്കാൾ കൂടുതലാണിത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആകെ ചെലവഴിക്കുന്ന തുകയെക്കാൾ വലിയ സംഖ്യയാണിത്. 1970 കളുടെ മദ്ധ്യം മുതൽ കണക്കാക്കിയാൽ പ്രതിവർഷം 5 ശതമാനം വളർച്ചാനിരക്ക് കുറയാൻ ഭീമാകാരംപൂണ്ട ഈ കള്ളപ്പണം ഇടയാക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. കയറ്റുമതിയുടെയും ഇറക്കുമതിയുടെയുമൊക്കെ കണക്കിൽ കാണിക്കുന്ന കൃത്രിമത്തിലൂടെ വൻതോതിൽ കള്ളപ്പണം ഒഴുകുന്നു. ഹവാല ഇടപാടിലൂടെയും വൻതോതിൽ വിദേശത്ത് കള്ളപ്പണമെത്തുന്നു (ഫ്രണ്ട് ലൈൻ, 26-05-2017). ഇതൊന്നും തടയാൻ ഗവണ്മെന്റിന് ഒരുദ്ദേശവുമില്ല. സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ രാജ്യത്തിന് കൈമാറുന്ന വ്യവസ്ഥയനുസരിച്ച് സ്വിറ്റ്‌സർലാൻഡ് ഗവണ്മെന്റ് 2019 സെപ്തംബർ മുതൽ ഇന്ത്യയ്ക്ക് വിവരങ്ങൾ കൈമാറുമെന്നാണ് പറയുന്നത് (ഇക്കണോമിക് ടൈംസ്, 19-6-2017). എന്തിനാണ് രണ്ടുവർഷം കഴിയുന്നത്? ഇപ്പോൾ വിവരങ്ങൾ എന്തുകൊണ്ട് ലഭിക്കുന്നില്ല? ഇനി രണ്ടുവർഷം കഴിഞ്ഞ് വിവരങ്ങൾ ലഭിക്കുമെങ്കിൽത്തന്നെ കള്ളപ്പണക്കാർ പുതിയ സുരക്ഷിത താവളങ്ങളിലേയ്ക്ക് അക്കൗണ്ടുകൾ മാറ്റുമെന്ന് ഉറപ്പ്. ഈ വിഷയത്തെ ഒന്ന് സ്പർശിക്കാൻപോലും നോട്ടുനിരോധനം ഉപകരിക്കില്ല എന്നർത്ഥം.

മുതലാളിത്തവ്യവസ്ഥ  അഴിമതിക്കും കള്ളപ്പണത്തിനും ജന്മംനൽകുന്നു

വൻകിട കുത്തകകൾ, കഴുത്തറപ്പൻ ബിസിനസുകാർ, ജനങ്ങളെ പിഴിയുന്ന ഇടനിലക്കാർ എന്നിവർക്കൊക്കെയാണ് നോട്ടുനിരോധനത്തിന്റെ ഗുണം യഥാർത്ഥത്തിൽ ലഭിക്കുന്നതെന്ന് 2016 ഡിസംബർ1 ന്റെ ‘പ്രോലിറ്റേറിയൻ’ഇറ’യിൽ ഞങ്ങൾ വിശദമാക്കിയിരുന്നു. കള്ളപ്പണക്കാരെ ഇത് സ്പർശിക്കാൻ പോകുന്നില്ല. കാരണം, കള്ളപ്പണം മുതലാളിത്ത വ്യവസ്ഥയ്ക്കുള്ളിൽനിന്നാണ് ഉണ്ടാകുന്നത്. എവ്വിധവും പണമുണ്ടാക്കുക, ഉദ്യോഗസ്ഥ സംവിധാനത്തെ സ്വാധീനിച്ച് നികുതിവെട്ടിപ്പ് നടത്തുക തുടങ്ങിയ മാർഗങ്ങളിലൂടെയാണ് കള്ളപ്പണമുണ്ടാകുന്നത്. പണമുണ്ടാക്കാനായി ഏത് ഹീനമാർഗ്ഗവും അവലംബിക്കാം, എത്ര വേണമെങ്കലും അധഃപതിക്കാം. ഈ മനോഭാവം മൂലമാണ് കള്ളപ്പണം തഴച്ചുവളരുന്നത്. അവിഹിതമായി സമ്പാദിക്കുന്നവന് ഇവിടെ അംഗീകാരവും സ്വാധീനവും നേടാൻ കഴിയുന്നു. മുതലാളിത്തം കള്ളപ്പണത്തിന് ജന്മം നൽകുക മാത്രമല്ല അത് തഴച്ചുവളരാൻ അവസരവും ഒരുക്കുന്നു. അപ്പോൾ എങ്ങനെയാണ് മുതലാളിത്തവ്യവസ്ഥയെ സേവിക്കുന്ന ഒരു ഗവണ്മെന്റിന് കള്ളപ്പണത്തിനെതിരെ കുരിശുയുദ്ധം നയിക്കാൻകഴിയുക?

അഴിമതിയെന്നത് കുറെ ബിസിനസുകാരുടെയും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയുമൊക്കെ കുബുദ്ധിയുടെയും കുതന്ത്രത്തിന്റെയും സൃഷ്ടി എന്ന നിലയിലല്ല കാണേണ്ടത് എന്നതും പ്രധാനമാണ്. നിലനിൽക്കുന്ന ജീർണ്ണിച്ച മുതലാളിത്ത വ്യവസ്ഥയുമായി അത് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. മരണാസന്നമായ ഈ മുതലാളിത്ത സംവിധാനത്തിൽ അഴിമതി സ്ഥാപനവൽക്കരിക്കപ്പെട്ടിരിക്കുന്നു. അഴിമതിയിലൂടെ സമ്പാദിക്കുന്നവർ അഴിമതിയുടെ ചക്രവാളം വിപുലപ്പെടുത്തുകയാണ് ചെയ്യുന്നത്. അങ്ങനെ അഴിമതി സർവ്വവ്യാപിയായിത്തീരുന്നു. അഴിമതിനിറഞ്ഞ ഒരു വ്യവസ്ഥ അഴിമതിയെ ആശ്രയിച്ച് നിലനിൽക്കുന്നു എന്നതാണ് യാഥാർത്ഥ്യം. നോട്ട് നിരോധനംപോലുള്ള ചെപ്പടിവിദ്യകൾകൊണ്ടൊന്നും അത് നിർമ്മാർജ്ജനം ചെയ്യാനാവില്ല. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി ചില ചെറുകിട അഴിമതിക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതുകൊണ്ടും കാര്യമൊന്നുമില്ല. കഴിഞ്ഞ കോൺഗ്രസ് സർക്കാരിനെപ്പോലെ, ഇപ്പോഴത്തെ ബിജെപി സർക്കാരിനെപ്പോലെ, അഴിമതിനിറഞ്ഞ ഈ വ്യവസ്ഥയെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും അതിൽനിന്ന് നേട്ടമുണ്ടാക്കുകയും ചെയ്യുന്നവർ ജനങ്ങളെ കബളിപ്പിക്കുന്നതിനുവേണ്ടി നടത്തുന്ന തറവേലകൾ മാത്രമാണിതെല്ലാം. കള്ളപ്പണം കണ്ടുകെട്ടി രാജ്യത്തെ ഓരോ പൗരന്റെയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപവീതം നിക്ഷേപിക്കുമെന്നുവരെ പറഞ്ഞുകൊണ്ടാണ് ബിജെപി അധികാരത്തിൽ വന്നത്. ഇത് ഒരിക്കലും നടക്കാത്ത കാര്യമായിരുന്നു. ജനങ്ങൾ ഇതേക്കുറിച്ച് ചോദിക്കാൻ തുടങ്ങിയപ്പോൾ അവരെ കൈകാര്യംചെയ്യാൻ ഒരു ഉപായം ബിജെപി ഗവണ്മെന്റിന് ആവശ്യമായിരുന്നു, പ്രത്യേകിച്ചും ഉത്തർപ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പ് ആസന്നമായിരുന്ന പശ്ചാത്തലത്തിൽ. അതുകൊണ്ട് പുതിയ കബളിപ്പിക്കൽ തന്ത്രങ്ങൾ പയറ്റുന്നു.

പാഠങ്ങൾ

നോട്ട് നിരോധനത്തിന്റെ വൻ പരാജയം ചില സത്യങ്ങൾ വെളിവാക്കുന്നുണ്ട്. ജീർണ്ണമായ മുതലാളിത്ത വ്യവസ്ഥയെ സേവിക്കുന്നവർ അഴിമതിയും കള്ളപ്പണവുമൊക്കെ തുടച്ചുനീക്കും എന്ന് കരുതുന്നത് മൗഢ്യമാണ് എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. മുതലാളിത്തത്തിന്റെ അപരിഹാര്യമായ പ്രതിസന്ധിയുടെ ഭാരം ജനങ്ങളുടെ ചുമലിലേയ്ക്ക് ഇറക്കിവയ്ക്കുക എന്നതുമാത്രമാണ് ബൂർഷ്വാ പാർട്ടികളുടെ പദ്ധതി. സാമ്പത്തിക-നികുതി പരിഷ്‌കാരങ്ങളെന്നും സാമ്പത്തിക കുറ്റവാളികൾക്കെതിരായ സർജിക്കൽ സ്‌ട്രൈക്കെന്നുമൊക്കെയുള്ള വിശേഷണങ്ങൾ ചാർത്തിക്കൊണ്ട് അവർ കൈക്കൊള്ളുന്ന നടപടികളുടെ പിന്നിലുള്ള ലക്ഷ്യം ഇതുമാത്രമാണ്. ഒരു വിപ്ലവത്തിലൂടെ മുതലാളിത്തവ്യവസ്ഥ തൂത്തെറിയപ്പെടുന്നതുവരെ ഈ വ്യാധികളെല്ലാം തുടരുകതന്നെചെയ്യും. ചീഞ്ഞുനാറുന്ന ഈ വ്യവസ്ഥയിൽ നിലനിൽക്കാനും സാദ്ധ്യമാകുംവിധം അതിന് പ്രഹരമേൽപിക്കാനും സംഘടിതവും ശക്തവുമായ ബഹുജനമുന്നേറ്റങ്ങൾ വളർത്തിയെടുക്കുക മാത്രമേ പോംവഴിയുള്ളൂ. ജനജീവിതം തകർത്തെറിയുന്ന നയങ്ങൾക്കെതിരെ, നീറുന്ന ജീവിതപ്രശ്‌നങ്ങൾ മുൻനിർത്തി, ഇത്തരം മുന്നേറ്റങ്ങൾ വളർത്തിയെടുക്കേണ്ടത് അടിയന്തരാവശ്യകതയാണ്. അഴിമതിയുടെയും കള്ളപ്പണത്തിന്റെയുമൊക്കെ വ്യാപനം തടയാനും അതിന്റെ പ്രഹരത്തിൽനിന്ന് ജനങ്ങൾക്ക് ആശ്വാസം നൽകാനും അതിലൂടെ മാത്രമേ സാധിക്കൂ.

 

Share this post

scroll to top