യഥാർത്ഥ ഇടതുപക്ഷ മുന്നേറ്റം അനിവാര്യം

Left_Front_to_h6834.jpg
Share

ഉത്തരേന്ത്യ അടുത്തിടെ കലാപഭൂമിയായി മാറിയത് രാജ്യത്തെ ജനങ്ങളെ ആശങ്കപ്പെടുത്തിയിരുന്നു. ഹരിയാന കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു ആൾ ദൈവം ബലാൽസംഗക്കേസിൽ കുറ്റക്കാരനാണെന്ന് ഹരിയാന-പഞ്ചാബ് ഹൈക്കോടതി വിധിച്ചതാണ് കലാപത്തിന് കാരണമായത്. ആൾ ദൈവത്തിന്റെ അനുയായികൾ നടത്തിയ അക്രമങ്ങളിൽ പല സംസ്ഥാനങ്ങളിലായി നിരവധിപേർക്ക് ജീവൻ നഷ്ടപ്പെട്ടു. വലിയ നാശനഷ്ടങ്ങളുണ്ടായി. രാജ്യം ഭരിക്കുന്ന പാർട്ടിതന്നെയാണ് ഹരിയാനയിലും ഭരണംനടത്തുന്നത്. അവർ കാഴ്ചക്കാരായിനിന്ന് കലാപകാരികൾക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കി. ക്രമസമാധാനപാലനം ഏതൊരു ഗവണ്മെന്റിന്റെയും പ്രാഥമിക ചുമതലയാണ്. അവരത് വിസ്മരിച്ചു. ഒരു വോട്ട്ബാങ്ക് എന്ന നിലയിൽ ആനുകൂല്യം പറ്റുന്നതിന്റെ പ്രത്യുപകാരമാണ് ബിജെപിയും കോൺഗ്രസ്സുമൊക്കെ ഇത്തരക്കാർക്ക് നൽകുന്ന ഒത്താശ.

രാജ്യത്തിന്റെ നാനാകോണുകളിൽ പശുവിന്റെ പേരിൽ അതിക്രമങ്ങൾ നടക്കുന്ന സമയമാണിത്. വിശ്വാസത്തിന്റെ പേരിൽ എന്തതിക്രമം കാണിക്കാനും ആൾക്കൂട്ടത്തിന് ഇവിടെ അനുമതിയുണ്ട്. ജനങ്ങളുടെ മൗലികാവകാശങ്ങളും പൗരാവകാശങ്ങളുംവരെ കവർന്നെടുക്കുന്ന തരത്തിലേയ്ക്ക് പലപ്പോഴും ഇത്തരം സംഭവങ്ങൾ മാറുന്നു. പുരോഗമന എഴുത്തുകാരൻ കൽബുർഗി കൊല്ലപ്പെട്ടിട്ട് രണ്ടുവർഷമായിട്ടും പ്രതികളെ പിടിച്ചിട്ടില്ല. ഇപ്പോഴിതാ അറിയപ്പെടുന്ന മാദ്ധ്യമപ്രവർത്തകയായ ഗൗരി ലങ്കേഷ് അതിദാരുണമായി വധിക്കപ്പെട്ടിരിക്കുന്നു. മതവിശ്വാസം വർഗ്ഗീയതയായി മാറുന്നത് ബോധപൂർവ്വമായ ആസൂത്രണത്തിന്റെ ഫലമാണ്. ജനങ്ങളിൽ അന്ധതയും യുക്തിരാഹിത്യവും പടർത്തി വർഗ്ഗീയതയുടെ വളർച്ചയ്ക്ക് കളമൊരുക്കുന്നു. അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിച്ച്, ശാസ്ത്രീയ മനോഘടന തകർത്ത് ഒരു ജനതയെയാകെ ഇരുട്ടിലേയ്ക്ക് നയിക്കുമ്പോൾ ഏതൊരു ചൂഷണവാഴ്ചയ്ക്കും സുഗമമായി മുന്നേറാം. രാജ്യത്തിന്റെ അവശേഷിക്കുന്ന ജനാധിപത്യ-മതേതര സ്വഭാവം തകർക്കാൻ നാനാമാർഗ്ഗങ്ങളിൽ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് ആർഎസ്എസ്-ബിജെപി ശക്തികൾ നടത്തുന്നത്.

നരേന്ദ്രമോദി സർക്കാർ അധികാരത്തിൽവന്നതിനുശേഷം കൈക്കൊണ്ടതെല്ലാം തുറന്ന കുത്തകാനുകൂല നടപടികളായിരുന്നു. നോട്ട് നിരോധനം, ജിഎസ്ടി, പൊതുമേഖല വിറ്റഴിക്കൽ, സബ്‌സിഡി നിർത്തലാക്കൽ, സ്വകാര്യവൽക്കരണം തുടങ്ങി ഈ പട്ടിക വളരെ നീണ്ടതാണ്. ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ ഇത് വലിയ ഇടിവുണ്ടാക്കിയിട്ടുണ്ട്. ജനങ്ങൾക്ക് കടുത്ത അസംതൃപ്തിയുണ്ടെങ്കിലും അത് പ്രകടിപ്പിക്കാൻ അനുവദിക്കാത്ത അന്തരീക്ഷം ബോധപൂർവ്വം നിലനിർത്തപ്പെടുകയും ചെയ്യുന്നു. നരേന്ദ്രമോദിയെ രക്ഷകനായി അവതരിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കുന്നതും കുത്തകാനുകൂല നടപടികളെയെല്ലാം രാജ്യ പുരോഗതിക്കും വികസനത്തിനുമായുള്ള കാൽവയ്പുകളായി വ്യാഖ്യാനിക്കുന്നതും കുത്തകകൾതന്നെ നിയന്ത്രിക്കുന്ന മാദ്ധ്യമങ്ങളാണ്.

നോട്ട് നിരോധനം കള്ളപ്പണം തടയുമെന്നും തീവ്രവാദത്തെ നിർവ്വീര്യമാക്കുമെന്നുമൊക്കെ പറഞ്ഞത് തട്ടിപ്പായിരുന്നുവെന്ന് അനുഭവത്തിലൂടെ ജനങ്ങൾ തിരിച്ചറിഞ്ഞു. പിൻവലിച്ച നോട്ടിന്റെ 99 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിക്കഴിഞ്ഞു. ഇപ്പോഴവർ പറയുന്നത് സമ്പദ്ഘടനയിലേയ്ക്ക് പണം കൊണ്ടുവരാനും ഡിജിറ്റലൈസേഷൻ നടപ്പിലാക്കാനും നികുതിഘടന വിപുലീകരിക്കാനുമൊക്കെ ലക്ഷ്യം വച്ചാണ് ഇത് നടപ്പിലാക്കിയതെന്നാണ്. വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപം കണ്ടുകെട്ടി ഓരോ കുടുംബത്തിനും 15 ലക്ഷം രൂപവീതം നൽകുമെന്ന വാഗ്ദാനം തെരഞ്ഞെടുപ്പ് തന്ത്രമായിരുന്നു എന്ന് പിന്നീട് പറഞ്ഞവർക്ക് ഇത് പറയാൻ യാതൊരുളുപ്പും തോന്നേണ്ടതില്ല. പാർലമെന്റിൽ അവതരിപ്പിച്ച 2016-17 ലെ സാമ്പത്തിക സർവ്വേ പറയുന്നത് നോട്ട് നിരോധനം ജിഡിപി വളർച്ചയെ ബാധിച്ചു എന്നാണ്. മൂന്ന്‌വർഷത്തെ ഏറ്റവും താഴ്ന്ന സാമ്പത്തിക വളർച്ചാനിരക്കായ 5.7 ശതമാനം ആണ് ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലുള്ളത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 7.6 ശതമാനമായിരുന്നു. കറൻസി ലഭ്യതയിൽ 20 ശതമാനം കുറവ് വന്നത് ഡിമാന്റ് കുറയാൻ ഇടയാക്കിയിട്ടുണ്ട്. ഇത് പണച്ചുരുക്കമെന്ന സ്ഥിതിയിലേയ്ക്ക് രാജ്യത്തെ എത്തിക്കും എന്ന സൂചനയും റിപ്പോർട്ട് നൽകുന്നുണ്ട്. പണപ്പെരുപ്പം പോലെതന്നെ ഗുരുതരമാണിത്. ലോക വ്യാപാരത്തിന്റെ 1.7 ശതമാനം മാത്രമാണ് ഇന്ത്യയുടെ പങ്ക്. ഇതും സമ്പദ്ഘടനയുടെ പിന്നാക്കാവസ്ഥയിലേയ്ക്ക് വിരൽ ചൂണ്ടുന്നു.
ഒരു ഫാക്ടറി തുടങ്ങാൻ ലൈസൻസ് ആവശ്യമില്ല എന്ന നിലയിലാണ് നിയമഭേദഗതികൾ വരുന്നത്. പരിസ്ഥിതി, സുരക്ഷാ മാനദണ്ഡങ്ങൾപോലും അപ്രസക്തമാകുകയാണ് പുതിയ തൊഴിൽ നിയമഭേദഗതിയിലൂടെ. 2013-14 ൽ ക്രൂഡ് ഓയിലിന് 110 ഡോളർ ഉണ്ടായിരുന്നപ്പോൾ പെട്രോളിന്റെ വില 70 രൂപയും ഡീസലിന്റേത് 60 രൂപയുമായിരുന്നു. ഇന്ന് ക്രൂഡ്ഓയിൽ വില ബാരലൊന്നിന് 52 ഡോളർ മാത്രമാണ്. എന്നിട്ടും പെട്രോൾ വില ലിറ്ററൊന്നിന് 70 രൂപയും ഡീസൽ വില 60 രൂപയുമാണ്. പാചകവാതകത്തിന്റെ കാര്യത്തിലാണെങ്കിൽ അടുത്ത മാർച്ച് മാസത്തോടെ സബ്‌സിഡി പൂർണമായും ഇല്ലാതാക്കപ്പെടും. നഗ്നമായ കൊള്ളയാണ് ഈ രംഗത്ത് നടക്കുന്നത് എന്ന് വ്യക്തമാണല്ലോ.

മത്സ്യത്തൊഴിലാളികൾ പട്ടിണികിടക്കുമ്പോഴും ഇന്ത്യൻ സമുദ്രാതിർത്തിയിൽ വിദേശ ട്രോളറുകൾ യഥേഷ്ടം കൊള്ള നടത്തുന്നു. ബിനാമി പേരിൽ ഇവർക്ക് ലെറ്റർ ഓഫ് പെർമിറ്റ് നൽകുന്നതുകൊണ്ടാണ് ഈ സ്ഥിതിയുണ്ടാകുന്നത്. ഭാരത് എർത് മൂവേഴ്‌സ് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ ഓഹരി വിൽക്കാൻ ഗവണ്മെന്റ് തീരുമാനിച്ചത് അടുത്തിടെയാണ്. കഴിഞ്ഞ 51 വർഷമായി ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. 50,000 കോടി രൂപ വിപണി മൂല്യമുള്ള ഈ സ്ഥാപനത്തിന് കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത് 518 കോടി മാത്രമാണ്. 54% ഗവണ്മെന്റ് ഓഹരികളിൽ 26% വിൽക്കാനാണ് തീരുമാനം. കൊച്ചി കപ്പൽശാലയുടെ ഓഹരി വിറ്റ് 1500 കോടി രൂപയോളം സമാഹരിക്കാനും തീരുമാനിച്ചിരിക്കുന്നു. ഈ വിറ്റുതുലയ്ക്കലിനെ വലിയ വികസനപ്രവർത്തനത്തിന് പാതയൊരുക്കലായിട്ടാണ് അവതരിപ്പിക്കുന്നത് എന്നത് ഏറെ വഞ്ചനാപരമാണ്. ജില്ലാ ആശുപത്രികളിൽ സ്വകാര്യ ആശുപത്രി പ്രവർത്തനം കൂടി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഹൃദ്രോഗം, കാൻസർ, ശ്വാസകോശരോഗങ്ങൾ തുടങ്ങിയവയ്‌ക്കൊക്കെ വിദഗ്ദ്ധ ചികിത്സ കിട്ടും എന്ന വാഗ്ദാനത്തിന്റെ മറയിലാണിത്.

മുകേഷ് അംബാനി ഏഷ്യയിലെ രണ്ടാമത്തെ സമ്പന്നനായി മാറുമ്പോൾ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങൾ സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായി കടുത്ത ആക്രമണങ്ങൾക്കാണ് ഇരയായിക്കൊണ്ടിരിക്കുന്നത്. ഈ ആക്രമണങ്ങൾക്കെതിരെ ദേശീയതലത്തിൽ ഒരു ചെറുത്ത്‌നില്പ് വളർത്തിയെടുക്കാൻ പ്രമുഖ പാർട്ടികളൊന്നും താല്പര്യം കാണിക്കുന്നില്ല. 2015-16 കാലത്തെ കോർപ്പറേറ്റുകളുടെ സംഭാവനയെക്കുറിച്ച് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടന നടത്തിയ പഠനം വെളിവാക്കുന്നത്, ബിജെപിയുടെ 92 ശതമാനവും കോൺഗ്രസിന്റെ 85 ശതമാനവും സിപിഐ(എം)ന്റെ 17 ശതമാനം സംഭാവനയും കോർപ്പറേറ്റുകളിൽനിന്നാണ് എന്നത്രെ. കോർപ്പറേറ്റ് അനുകൂലനയങ്ങൾക്കെതിരെ ശബ്ദമുയർത്താത്തതും അവസരം കിട്ടുമ്പോളെല്ലാം അവയുടെ നടത്തിപ്പുകാരാകുന്നതും എന്തുകൊണ്ട് എന്ന് വ്യക്തം. അപ്പോൾ, വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് സിഎജി റിപ്പോർട്ട് പറയുന്നത് അത് സംസ്ഥാന താല്പര്യത്തിനെതിരും ഖജനാവിന് നഷ്ടമുണ്ടാക്കുന്നതുമാണ് എന്നതും നമ്മെ അത്ഭുതപ്പെടുത്തേണ്ടതില്ല.

അവസരംപോലെ മുന്നണിമാറി സ്വന്തം നില ഭദ്രമാക്കുന്ന നിതീഷ്‌കുമാറും സംഘവും വീണ്ടും ബിജെപി പാളയത്തിലേയ്ക്ക് പോയതോടെ പ്രതിപക്ഷനിര കൂടുതൽ ദുർബലമായിട്ടുണ്ട്. അധികാരദുരയും താൻപോരിമയും അഴിമതിയും മുഖമുദ്രയാക്കിയ മായാവതി, മമതാ ബാനർജി, മുലായംസിംഗ്, ലാലുപ്രസാദ് യാദവ് തുടങ്ങിയവരൊക്കെയാണ് ഇനി പ്രതിപക്ഷത്തെ നയിക്കുക. കോൺഗ്രസ്സുമായി യോജിച്ച് പോകാമെന്നാണിവരുടെ കണക്കുകൂട്ടൽ. തെരഞ്ഞെടുപ്പ് മാത്രം ലാക്കാക്കിയും മുതലാളിത്ത നയങ്ങളിൽനിന്ന് അണുവിട മാറാതെയും മുന്നോട്ടുപോകുന്ന ഇക്കൂട്ടരിൽനിന്ന് ഒന്നും പ്രതീക്ഷിക്കാനില്ല എന്നത് ജനങ്ങളെ ഏറെ ആശങ്കാകുലരാക്കുന്നുണ്ട്.
ഇത്തരമൊരു സാഹചര്യത്തിൽ ഇടതുപക്ഷമെന്നവകാശപ്പെടുന്നവർ അവസരത്തിനൊത്ത് ഉയർന്ന് പ്രവർത്തിക്കേണ്ടത് അടിയന്തരാവശ്യകതയാണ്. കോർപ്പറേറ്റ് നയങ്ങൾക്കും വർഗ്ഗീയതയ്ക്കുമെതിരെ ജനാധിപത്യ-മതേതര ധാരയെ ശക്തിപ്പെടുത്തുന്ന ബഹുജന പ്രക്ഷോഭങ്ങൾ വളർത്തിയെടുക്കുന്നതിൽ വ്യാപൃതരാകുക എന്നതാണ് ഏകപോംവഴി. എന്നാൽ സിപിഐ(എം) പോലുള്ള പാർട്ടികൾ ഈ ദിശയിലല്ല നീങ്ങുന്നത് എന്നത് അത്യന്തം ഖേദകരമാണ്. പാർട്ടി ജനറൽ സെക്രട്ടറിയെ കോൺഗ്രസ്സ് പിന്തുണയോടെ രാജ്യസഭയിലെത്തിക്കാൻ ശ്രമിച്ച അവർ മുതലാളിവർഗ്ഗ നയങ്ങളുടെ നടത്തിപ്പുകാരും വർഗ്ഗീയ പ്രീണന നയത്തിന്റെ വക്താക്കളുമായ കോൺഗ്രസ്സിന് വെള്ള പൂശുകയാണ്. ബംഗാളിൽ സ്വന്തം സ്ഥാനാർത്ഥിയുടെ പത്രിക തള്ളാൻ അവസരമൊരുക്കി രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ വിജയം ഉറപ്പാക്കിയത് ഇവരെ കൂടുതൽ അപഹാസ്യരാക്കിയിട്ടുണ്ട്.

രാഷ്ട്രീയം ചാക്കിട്ടുപിടുത്തവും ഭീഷണിപ്പെടുത്തലുമൊക്കെയായി മാറിയിരിക്കുന്നു എന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഒ.പി.റാവത്ത് അടുത്തിടെ വിലപിക്കുകയുണ്ടായി. പ്രസിഡന്റ് തെരഞ്ഞെടുപ്പിലും വിവിധ നിയമസഭകളിലും ഭൂരിപക്ഷമുണ്ടാക്കാൻ ബിജെപി പയറ്റിയത് ഏറ്റവും ഹീനമായ രാഷ്ട്രീയമായിരുന്നു. രാഷ്ട്രീയ ധാർമികതകൂടി വീണ്ടെടുക്കുന്ന മുന്നേറ്റങ്ങളാണ് ഇനിയുണ്ടാകേണ്ടത് എന്നാണിതെല്ലാം ഓർമ്മിപ്പിക്കുന്നത്.
കേരളത്തിൽ മാത്രമാണ് ബിജെപിക്ക് വലിയ രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കാൻ കഴിയാതിരുന്നത്. ബിഡിജെഎസ് മുതൽ മാണി കേരള കോൺഗ്രസ് വരെയുള്ളവരെ ചാക്കിൽ കയറ്റി ഏതാനും സീറ്റുകൾ തരപ്പെടുത്താനുള്ള നീക്കത്തിലായിരുന്നു അവർ. എന്നാൽ, അടുത്തിടെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിന് ഐഎംസി അംഗീകാരം നേടിക്കൊടുക്കാമെന്നുപറഞ്ഞ് ബിജെപി നേതാക്കൾ 5.6 കോടി കോഴ വാങ്ങിയത് അവരുടെ നില പരുങ്ങലിലാക്കി. പാർട്ടിക്കുള്ളിൽ അതിശക്തമായി നിലകൊള്ളുന്ന വിഭാഗീയത ഒരിഞ്ച് മുന്നേറാൻ അനുവദിക്കാത്ത തരത്തിൽ അവരെ വരിഞ്ഞുമുറുക്കിയിരിക്കുകയാണ്. മെഡിക്കൽ കോളേജ് കോഴപ്പണം ഹവാലയായി ഡൽഹിയിലെത്തിച്ചു എന്നാണ് റിപ്പോർട്ട്. പാർട്ടിയുടെ പ്രാദേശിക നേതാവുപോലും കള്ളനോട്ടടിക്കാൻ പ്രാപ്തനാണ് എന്നകാര്യവും ഇതോടൊപ്പം പുറത്തുവന്നു. കള്ളപ്പണം തടയാനുള്ള നരേന്ദ്രമോദിയുടെ പദ്ധതികൾ തട്ടിപ്പാണെന്ന് ആദ്യം തിരിച്ചറിഞ്ഞത് ഇവർ തന്നെയാകാം. മഹാരാഷ്ട്രയിൽ യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ബിജെപി നിയന്ത്രണമുള്ള മാനേജ്‌മെന്റുകൾക്ക് 13 കോളേജുകളാണ് അനുവദിച്ചുകൊടുത്തത്. പ്രവർത്തന പദ്ധതി എല്ലായിടത്തും ഒന്നുതന്നെ. 5000 രൂപ പിരിവ് നൽകാത്തതിന് കുടിവെള്ള വ്യാപാരിയെ വിരട്ടിയത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ കൊല്ലം ജില്ലാകമ്മിറ്റിയിൽനിന്ന് ആ നേതാവിനെ ബിജെപിക്ക് ഒഴിവാക്കേണ്ടിവന്നു. പണമിടപാട് മാത്രമല്ല, ഭൂമിയിടപാടുകൾ ഉൾപ്പെടെ പലതും നടക്കുന്നുണ്ടെന്ന് പാർട്ടിക്കാർതന്നെ ഇപ്പോൾ വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വാജ്‌പേയിയുടെ കാലത്ത് 18 കോടിയുടെ പെട്രോൾ പമ്പ് അഴിമതി നടത്തിയതിന് ആർഎസ്എസ് കാരനായ ബിജെപി നേതാവ് കുറ്റക്കാരനാണ് എന്ന് കേരളത്തിലെ ബിജെപിയുടെതന്നെ അന്വേഷണകമ്മീഷൻ കണ്ടെത്തിയിരുന്നു.

മെഡിക്കൽ കോളേജ് കോഴയിലെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചോർത്തിയത് ഗ്രൂപ്പ് പകപോക്കൽ മുൻനിർത്തിയായിരുന്നു. അതുകൊണ്ട് ജനങ്ങൾക്ക് പലതും അറിയാൻ കഴിഞ്ഞു. പക്ഷേ അങ്ങനെയൊരു റിപ്പോർട്ട് കിട്ടിയിട്ടില്ല എന്നാണ് സംസ്ഥാന പ്രസിഡന്റ് പറയുന്നത്. പക്ഷേ, ചില പ്രമുഖ നേതാക്കളെ ഈ വിഷയവുമായി ബന്ധപ്പെട്ട് പുറത്താക്കിയെന്നുമാത്രം. അതിലൊരാൾ, തിരുവനന്തപുരത്ത് പാർട്ടിക്കാരെ സംഘടിപ്പിച്ച് സ്വന്തം പാർട്ടി ഓഫീസ് ആക്രമിച്ചതിന്റെ പേരിൽ സസ്‌പെന്റ് ചെയ്യപ്പെട്ട ആളാണെന്നുകൂടി ഓർക്കുക.
ഇങ്ങനെ മുഖം നഷ്ടപ്പെട്ട ബിജെപിക്ക് കേരളത്തിൽ വീണ്ടും രംഗത്തുവരാൻ അവസരമൊരുക്കിയത് സിപിഐ(എം) ന്റെ രാഷ്ട്രീയ പാപ്പരത്തത്തിന് മറ്റൊരുദാഹരണമാണ്. കൊലപാതകവും അക്രമവും നടത്തി അവർ ബിജെപിയെ വീണ്ടും ജനമദ്ധ്യത്തിലെത്തിച്ചു. ചാനൽ ചർച്ചകളിൽനിന്ന് ഒളിച്ചോടിയ ബിജെപി നേതാക്കൾ പൊടുന്നനെ രക്തസാക്ഷി പരിവേഷത്തോടെ രംഗപ്രവേശം ചെയ്തു. ഡൽഹിയിൽ ഏകെജി ഭവൻ ആക്രമിച്ച് പ്രതിരോധത്തിലായിരുന്ന അവർക്ക്, തിരുവനന്തപുരത്ത് ബിജെപി ഓഫീസ് ആക്രമിച്ച് മുഖം രക്ഷിക്കാൻ സിപിഐ(എം) അവസരമൊരുക്കി. കോട്ടയത്തും ബിജെപി ഓഫീസും സിഐടിയു ഓഫീസുമൊക്കെ ആക്രമിക്കപ്പെട്ടു. തിരുവനന്തപുരത്തെ ബിജെപിക്കാരന്റെ കൊലപാതകം വ്യക്തിപരമായ കാരണങ്ങളാലാണെന്ന് സിപിഐ(എം) നേതാക്കൾ പറഞ്ഞപ്പോൾ രാഷ്ട്രീയ കൊലപാതകമെന്ന് പോലീസ് തിരുത്തി. ആഭ്യന്തരവകുപ്പ് കയ്യാളുന്നത് ഈ പാർട്ടിയാണെന്നോർക്കണം.
സിപിഐ(എം) അക്രമം ബിജെപി-ആർഎസ്എസ് ശക്തികളുടെ മുഖം രക്ഷിക്കുക മാത്രമല്ല സിപിഐ(എം)ന്റെ മുഖം ഏറെ വികൃതമാക്കുകയും ചെയ്തു. കണ്ണൂരിലെ കൊലപാതകങ്ങളുടെ പേരിൽ മുഖ്യമന്ത്രി ചർച്ച വിളിക്കണമെന്ന് നാനാകോണുകളിൽനിന്ന് ആവശ്യമുയർന്നിട്ടും കുലുക്കമില്ലാതെനിന്ന മുഖ്യമന്ത്രി, ഗവർണർ വളിച്ചുവരുത്തി ശാസിച്ചതോടെ വാലിന് തീപിടിച്ച അവസ്ഥയിലായി. ഇരട്ടച്ചങ്കുള്ള ഈ വീരന് സമനില തെറ്റുന്നതാണ് പിന്നീട് കണ്ടത്. ഉടനടി ബിജെപിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി. തുടർന്ന് സർവ്വകക്ഷി യോഗം വിളിച്ചു. കൊലപാതകങ്ങൾ സ്വിച്ചിട്ടപോലെ നിന്നു. ഇപ്പോൾ അണികളെ മര്യാദ പഠിപ്പിക്കാനും പോലീസിനെ ജാഗരൂകരാക്കാനുമുള്ള തത്രപ്പാടിലാണ്. ഉഭയകക്ഷി യോഗം നടക്കുന്ന ഹാളിൽ റിപ്പോർട്ടിങ്ങിന് എത്തിയ മാദ്ധ്യമ പ്രവർത്തകരോട് കടക്കൂ പുറത്ത് എന്നാക്രോശിച്ചത് ഈ ജാള്യത മറയ്ക്കാനായിരുന്നു. ബിജെപി അക്രമങ്ങൾക്കിരയായവരെയും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും അരുൺ ജെയ്റ്റിലിക്കുമുന്നിൽ അണിനിരത്തുന്ന ഗതികേടിൽ വരെയെത്തിനിൽക്കുന്നു കാര്യങ്ങൾ.
പോലീസ് തലത്തിലും ഉദ്യോഗസ്ഥ തലത്തിലും തൊഴുത്തിൽക്കുത്തും പകപോക്കലും ചെളിവാരിയെറിയലും യഥേഷ്ടം നടക്കുന്നു എന്നത് ഒരു ചങ്കുള്ള ഭരണാധികാരിക്കുപോലും ഭൂഷണമല്ല. ക്രിമിനൽ സ്വഭാവമുള്ളവർ കൂടുതൽ ഐപിഎസ്‌കാർക്കിടയിലാണ് എന്ന് പറഞ്ഞത് സ്ഥാനമൊഴിഞ്ഞ പോലീസ് മേധാവി തന്നെയാണ്. രാഷ്ട്രീയ സംഘർഷങ്ങളുണ്ടാകുമ്പോൾ പോലീസ് ഒളിച്ചോടുന്നു എന്ന് നിലവിലെ പോലീസ് മേധാവി പരിഭവിക്കുന്നു. പോലീസ് സ്റ്റേഷനിൽ ഡിവൈഎഫ്‌ഐ നേതാവ് എസ്‌ഐയുടെ തൊപ്പി വച്ചിരിക്കുന്നത് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. തൃശൂർ ജില്ലയിൽ പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്ത 18 കാരൻ വിനായകൻ ക്രൂര മർദ്ദനമേറ്റ് ഒടുവിൽ തൂങ്ങിമരിക്കുന്നു. ഗുണ്ടാപ്രവർത്തനം തടയാൻ രൂപീകരിച്ച ഗുണ്ടാവിരുദ്ധ സ്‌ക്വാഡുകൾ പ്രവർത്തനരഹിതമായിരിക്കുന്നു. പൾസർ സുനിയുടെ കത്ത് ജയിലിൽനിന്ന് പുറത്തുവന്നതിന്റെ പേരിൽ കാക്കനാട് ജില്ലാജയിൽ സൂപ്രണ്ടിനെ സ്ഥലം മാറ്റുന്നു. ആലുവ പോലീസ് ക്ലബിൽ നിന്ന് പോലീസുകാരന്റെ ഫോണിൽ ഇയാൾ ദിലീപിന് ശബ്ദ സന്ദേശമയക്കുന്നു. ജയിലിൽ നടക്കുന്ന കാര്യങ്ങൾ എത്രത്തോളം അപകടകരവും ലജ്ജാകരവുമാണ് എന്നത് ഇതിനകം പലവട്ടം ചർച്ചയായിട്ടുള്ളതാണ്.

റിട്ടയേർഡ് പോലീസ് മേധാവി ക്രിമിനൽ കേസിൽ അറസ്റ്റിലാകുന്നത് ആദ്യമായാണ്. ഇദ്ദേഹത്തിനെതിരെ ഇനിയും കേസുകളുണ്ട്. മുൻ വിജിലൻസ് ഡയറക്ടറുടെ ഭാര്യയുടെ പേരിൽ കർണാടകത്തിലുള്ള ഭൂമി കയ്യേറിയതാണെന്ന് വനംവകുപ്പ് പറയുന്നു. ഇദ്ദേഹത്തെ വലിയ ആദർശശാലിയായി പിണറായി ഭരണം ചുമന്നു നടന്നിരുന്നു.
മൂന്നാർ വിഷയം ഇപ്പോഴും ചീഞ്ഞുനാറുകയാണ്. റവന്യൂ മന്ത്രി അറിയാതെ മുഖ്യമന്ത്രിയുടെ ഓഫീസിൽ യോഗം ചേർന്നാണ് മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടികൾ അട്ടിമറിക്കുന്നത്. ദേശീയ ഹരിത ട്രിബ്യൂണൽ ദക്ഷിണമേഖലാ ബഞ്ച് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ കേരള സർക്കാർ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ മൂന്നാറിൽ 330 കെട്ടിടങ്ങൾ അനധികൃതമായി നിർമ്മിച്ചതാണെന്ന് സമ്മതിക്കേണ്ടിവന്നു. എന്നാൽ ഭൂമി കയ്യേറ്റത്തെക്കുറിച്ച് ഇനിയും റിപ്പോർട്ട് നൽകിയിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റ് 1ന് സിപിഐ(എം) മഹിളാനേതാവിന്റെ കയ്യേറ്റ ഭൂമിയിലെ വീട് പൊളിക്കാൻ ചെന്ന തഹസീൽദാറെയും സംഘത്തെയും പാർട്ടിക്കാർ തടഞ്ഞു. ഭാഗികമായി വീട് പൊളിച്ച്, തെറ്റായ റിപ്പോർട്ട് നൽകിയ തഹസിൽദാർ ഇപ്പോൾ സസ്‌പെൻഷനിലാണ്. സെപ്തംബർ 1ന് അനധികൃത നിർമ്മാണം നടക്കുന്നതറിഞ്ഞ് തടയാൻ ചെന്ന തഹസിൽദാരെയും സംഘത്തെയും നേരിട്ടത് സിപിഐ(എം) ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ്. ഇതിനിടയിൽ, നിലംനികത്താൻ ഒരുലക്ഷം രൂപ കൈക്കൂലി ഉറപ്പിച്ച്, 5000 രൂപ അഡ്വാൻസ് വാങ്ങിയ സിപിഐ നേതാവിനെ പാലക്കാട് ജില്ലാ കമ്മിറ്റിയിൽനിന്ന് പുറത്താക്കിയ വാർത്ത സിപിഐയും ഈ രംഗത്ത് പിന്നിലല്ല എന്നതിന്റെ സൂചനയായിക്കാണാം. ഭൂമി കയ്യേറ്റത്തെ സംബന്ധിച്ച രാജമാണിക്യം റിപ്പോർട്ട് നടപ്പിലാക്കാൻ സിപിഐ(എം)ന് യാതൊരു താല്പര്യവുമില്ല. പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങൾ ഏറ്റെടുക്കേണ്ട, ഇനിയും മുതലാളിമാർക്ക് പാട്ടം പുതുക്കിനൽകിയാൽ മതി എന്ന നിലപാടാണവർക്ക്. ശബരിമല വിമാനത്താവളത്തിനുള്ള നീക്കത്തിലും ദുരൂഹതയുണ്ട്. പാട്ടക്കാലാവധി കഴിഞ്ഞ എസ്റ്റേറ്റ് മലയാളം പ്ലാന്റേഷൻ നിയമവിരുദ്ധമായി ബിലീവേഴ്‌സ് ചർച്ചിന് മറിച്ചു വിറ്റതാണ്. ഇവിടെ വിമാനത്താവളം വരുമ്പോൾ കയ്യേറ്റത്തിന് നിയമ സാധുതയാകുമോ എന്ന ചോദ്യമുയരുന്നുണ്ട്. ആർ.ബി.റ്റി. ഗ്രൂപ്പിന് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയതിലും സിപിഐ(എം)ന് അമർഷമുണ്ട്.

മന്ത്രി ശശീന്ദ്രൻ രാജിവച്ചു. മന്ത്രി മണി പണ്ടേ രാജി വയ്‌ക്കേണ്ടതാണ്. കയ്യേറ്റങ്ങളുടെയും നിയമവിരുദ്ധ പ്രവർത്തനങ്ങളുടെയും പേരിൽ ആരോപണ വിധേയനായ മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കാത്തതിൽ അത്ഭുതത്തിന് അവകാശമില്ല. ബാലാവകാശ കമ്മീഷൻ നിയമനത്തിന്റെ പേരിൽ രാജി വയ്ക്കാനുള്ള ബാദ്ധ്യതയുണ്ടായിരുന്നു മന്ത്രി ശൈലജയ്ക്ക്. അതുമുണ്ടായില്ല. ആരോഗ്യരംഗത്തെ ഇവ്വിധ സ്തുത്യർഹമായ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ ഇതുപോലെ മറ്റൊരാൾക്ക് കഴിയണമെന്നില്ല എന്നതുകൊണ്ടാകാം രാജി വയ്ക്കാത്തത്. വാഹനാപകടത്തിൽപ്പെട്ട തമിഴ്‌നാട്ടുകാരൻ ചികിത്സ കിട്ടാതെ മരിച്ചത് സംസ്ഥാനത്തിനുതന്നെ നാണക്കേടുണ്ടാക്കിയ സംഭവമാണ്. സർക്കാരും കോടതിയും മാനേജ്‌മെന്റുംകൂടി ഒത്തുപിടിച്ച് മെഡിക്കൽ സീറ്റിൽ 85 ശതമാനത്തിലും ഫീസ് 11 ലക്ഷമാക്കിയെടുത്തു. ഇനി അതിസമ്പന്നർമാത്രം പ്രവേശനം കാംക്ഷിച്ചാൽ മതി. തൊഴിലാളിവർഗ്ഗ രാഷ്ട്രീയക്കാരുടെ മുതലാളി പ്രേമത്തെക്കുറിച്ച് കോടതിക്കുപോലും പറയേണ്ടിവന്നു. വീറുറ്റ സമരം നടത്തിയ നഴ്‌സുമാർക്ക് മിനിമം ശമ്പളം 20000 രൂപയാക്കിയത് ഇനിയും കിട്ടിയിട്ടില്ല. മിനിമം വേജസ് അഡൈസറി കമ്മിറ്റിയുടെ വിജ്ഞാപനം വരണമത്രേ. അത് വന്നിട്ടുവേണം അതിനെതിരെ കോടതിയിൽപോയി ഇനിയും നീതി നിഷേധിക്കാൻ.
പാവപ്പെട്ടവന്റെ റേഷൻ തട്ടിത്തെറിപ്പിക്കുന്നതിനുള്ള ആസൂത്രിത നീക്കങ്ങൾ മുന്നേറുമ്പോഴും സർക്കാർ ശമ്പളവും പെൻഷനും വാങ്ങുന്ന ഒരു ലക്ഷത്തോളംപേർ മുൻഗണനാപട്ടികയിൽ കടന്നുകൂടിയതും യാദൃശ്ചികമല്ല. മൂക്കുന്നിമലയിൽ ക്വാറികളുടെ പ്രവർത്തനംമൂലം സംസ്ഥാന സർക്കാരിന് 291 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് വിജിലൻസ് കണ്ടെത്തി. കോവളം കൊട്ടാരത്തിന്റെ കൈവശാവകാശം ആർ.പി. ഗ്രൂപ്പിന് കൈമാറി. ഉടനെയെങ്ങും ഇതിനെതിരെ കേസിന് പോകേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. അതായത് ഉടമസ്ഥാവകാശം കൈമാറിയതിനുസമം. പിണറായിയുടെ മകളും കൊടിയേരിയുടെ മകനും അർഹതകൊണ്ട് ആർ.പി. ഗ്രൂപ്പിന്റെ തലപ്പത്തിരിക്കുന്നത് ന്യായം നടത്താൻ തടസ്സമാകരുതല്ലോ. ബിവറേജസ് കോർപ്പറേഷനിൽ 85% ബോണസ് നൽകുമ്പോൾ ബിരുദാനന്തര ബിരുദമുള്ള അൺ എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകർ 5,000 രൂപയ്ക്ക് കഠിനാദ്ധ്വാനം ചെയ്യുന്നു. 2011-ലെ സെൻസസ് പ്രകാരം സംസ്ഥാനത്തെ പട്ടിക വർഗ്ഗക്കാരിൽ 32.71 ശതമാനം പേർ ഇപ്പോഴും നിരക്ഷരരാണ് എന്നതും ഭരണനേട്ടം തന്നെ.
കഴിഞ്ഞ നിയമസഭാ സമ്മേളനം പൂർണ്ണമായും ഭരണ-പ്രതിപക്ഷ ബഹളത്തിൽ മുങ്ങിപ്പോയി. ഇതിനായി നികുതിപ്പണം എത്ര കോടി ഒഴുക്കിയിട്ടുണ്ടാകും? പക്ഷേ കാര്യക്ഷമമായി പ്രവർത്തിക്കേണ്ട മേഖലകളിൽ ഒരു വിട്ടുവീഴ്ചയുമില്ലാതെ കാര്യങ്ങൾ നടക്കുന്നുണ്ട്. ഒറ്റ ദിവസംകൊണ്ടാണ് മുഴുവൻ കള്ളുഷാപ്പുകളുടെയും ലൈസൻസ് പുതുക്കിനൽകിയത്. ഷാപ്പിലെ സൗകര്യങ്ങളെക്കുറിച്ചോ ചെത്തുന്ന തെങ്ങുകളെക്കുറിച്ചോ ഒരു പരിശോധനയും നടത്തിയില്ല. അടച്ചുപൂട്ടിയ മദ്യഷാപ്പുകൾ തുറക്കാൻ ദേശീയപാതകളെ സംസ്ഥാനപാതകളാക്കിയത് മിന്നൽവേഗത്തിലാണ്. നഗരങ്ങൾക്ക് ദൂരപരിധി ബാധകമല്ലെന്ന് പറഞ്ഞ് സുപ്രീംകോടതി സ്വന്തം വിധിയെ കൊഞ്ഞനംകുത്തിയപ്പോൾ എത്ര കാര്യക്ഷമമായാണ് ബാറുകൾ തുറന്നുകൊടുത്തത്. ഇപ്പോഴിതാ ദൂരപരിധി 200 മീറ്ററിൽനിന്ന് 50 മീറ്ററായി കുറച്ചിരിക്കുന്നു. ബാർ അറ്റാച്ച്ഡ് സ്‌കൂൾ, ബാർ അറ്റാച്ച്ഡ് ആരാധനാലയം തുടങ്ങിയ വിശേഷണങ്ങളും ഇനി യോജിക്കും.
കെഎസ്ആർടിസിയിൽ ഒരു മാസത്തെ ചെലവിന്റെ പകുതിയാണ് വരവ്. അതിന്റെ പകുതിയിലേറെ വായ്പയുടെ തിരിച്ചടവിന് വേണം. കാണംവിറ്റ് ഓണമുണ്ണാൻ സംസ്ഥാനം 6000 കോടിയാണ് കടമെടുക്കുന്നത്. എന്നാൽ കേരളത്തിന്റെ നികുതി കുടിശ്ശിക 12,723 കോടിയുണ്ട്. സർക്കാർ സ്റ്റേ നൽകുന്നതും കോടതിയുടെ സ്റ്റേ നീക്കാത്തതുമാണ് കാരണം.
രാജ്യത്ത് ജിഎസ്ടി വിതയ്ക്കുന്ന നാശം നാൾക്കുനാൾ വ്യക്തമാകുകയാണ്. കുത്തകകൾക്കും സർക്കാരിനും നേട്ടവും ജനങ്ങൾക്ക് കനത്ത പ്രഹരവുമാണിതെന്ന് നമ്മുടെ പാർട്ടി നേരത്തെതന്നെ വിശകലനം ചെയ്തിട്ടുള്ളതാണ്. ജിഎസ്ടിയെ ആനയിക്കുന്നതിൽ സിപിഐ(എം) കാണിച്ച ഉത്സാഹവും സുവിദിതമാണ്. ജിഎസ്ടി വില കുറയ്ക്കും, നേട്ടമുണ്ടാക്കും എന്നൊക്കെയായിരുന്നു സിപിഐ(എം) നേതാവും ധനകാര്യ മന്ത്രിയുമായ തോമസ് ഐസക്കിന്റെ അവകാശവാദം. ജിഎസ്ടിയ്‌ക്കെതിരായ ജനരോഷത്തെ തണുപ്പിച്ച് പതിവുപോലെ മുതലാളിവർഗ്ഗ നയങ്ങൾക്ക് പാതയൊരുക്കുന്ന പണി ഇവിടെയും ഭംഗിയായി ചെയ്തു. ഇപ്പോൾ എല്ലാ സാധനങ്ങൾക്കും സേവനങ്ങൾക്കും വില കൂടിക്കൊണ്ടിരിക്കുന്നു. പുതിയ പുതിയ മേഖലകൾ നികുതിപിരിവിന്റെ പരിധിയിൽ അകപ്പെടുന്നു. കേന്ദ്രത്തെയും കച്ചവടക്കാരെയും കുറ്റംപറഞ്ഞ് മന്ത്രി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ്.

ബിജെപിയുടെ കോർപ്പറേറ്റ് നയങ്ങൾക്കും വർഗ്ഗീയ ഭ്രാന്തിനുമെതിരെ രാജ്യവ്യാപകമായ ജനമുന്നേറ്റം വളർത്തിയെടുക്കേണ്ട സന്ദർഭമാണിത്. തെരഞ്ഞെടുപ്പ് നേട്ടങ്ങൾ ലാക്കാക്കിയുള്ള കസർത്തുകൾക്ക് ജനങ്ങൾക്ക് ഒരു ഗുണവും ചെയ്യാനാവില്ല. ഉയർന്ന ധാർമികതയിലും തൊഴിലാളിവർഗ്ഗ സംസ്‌കാരത്തിലും അടിയുറച്ച മുന്നേറ്റമാണാവശ്യം. ശരിയായ പ്രത്യയശാസ്ത്രത്തിൽ അടിയുറച്ച സമരങ്ങൾക്കേ ആർഎസ്എസ്-ബിജെപി ശക്തികളെ നേരിടാനാകൂ. സിപിഐ, സിപിഐ(എം) പാർട്ടികൾ ഇനിയെങ്കിലും ഈ യാഥാർത്ഥ്യം തിരിച്ചറിയണം. കേരളത്തിൽപോലും ഈ ശക്തികൾക്ക് വേരോട്ടമുണ്ടാക്കുന്നതിന് സഹായകമായ നിലപാടുകളാണ് ഭരണതലത്തിലും രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളിലും സിപിഐ(എം) പോലുള്ള പാർട്ടികൾ കൈക്കൊള്ളുന്നത്. താത്ക്കാലിക നേട്ടങ്ങൾക്കും സ്ഥാനമാനങ്ങൾക്കും വേണ്ടിയുള്ള, സ്വാർത്ഥത നിറഞ്ഞ ഈ പരക്കംപാച്ചിൽ സമൂഹത്തിന് അപരിഹാര്യമായ ഹാനി വരുത്തിവയ്ക്കും. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വളർച്ചയ്ക്ക് വിഘാതം സൃഷ്ടിക്കുംവിധം സ്വന്തം അണികൾക്കിടയിൽ അന്ധവിശ്വാസം വളർത്തുന്ന നടപടികളും, അന്ധത ഊട്ടിവളർത്തുകയും ജനാധിപത്യ അന്തരീക്ഷം തകർക്കുകയും ചെയ്യുന്ന നിലപാടുകളും ഉപേക്ഷിക്കണം. ഈ വക ചെയ്തികളെല്ലാം പിന്തിരിപ്പൻ ശക്തികൾക്കും വർഗ്ഗീയ ശക്തികൾക്കും മാത്രമേ ഗുണകരമാകൂ. മാർക്‌സിസം വളരെയേറെ തെറ്റിദ്ധരിക്കപ്പെടുകയും ആക്രമണങ്ങൾക്ക് ഇരയാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇടതുപക്ഷ വിശ്വാസികൾക്ക് ആത്മവിശ്വാസം പകർന്നുകൊണ്ട് ജനകീയ മുന്നേറ്റങ്ങളുടെ നായകസ്ഥാനത്തുനിന്ന് പ്രവർത്തിക്കാൻ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ബാദ്ധ്യതയുണ്ട്. സംസ്ഥാനത്തെ ഇടതുപക്ഷ പാരമ്പര്യത്തെയെങ്കിലും മറന്നുകളയാതെ സ്വന്തം പ്രവൃത്തികൾ പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഇടതുപക്ഷ മുന്നേറ്റത്തിന് പരിശ്രമിക്കണമെന്നും സിപിഐ, സിപിഐ (എം) പാർട്ടികളോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Share this post

scroll to top