ലക്ഷദ്വീപിന്റെ ജൈവിക-സാംസ്‌കാരിക ഘടനയെ നിരാകരിച്ചുകൊണ്ടുളള അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിന്റെ നടപടികള്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് സുപ്രീം കോടതി അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡേ

Spread our news by sharing in social media

ലക്ഷദ്വീപിന്റെ ജൈവിക-സാംസ്‌കാരിക ഘടനയെ നിരാകരിച്ചുകൊണ്ടുളള അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിന്റെ നടപടികള്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് സുപ്രീം കോടതി അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡേ. ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടും ജനവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിനെ തിരികെ വിളിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച ഓണ്‍ലൈന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളെ വിശ്വാസിത്തിലെടുക്കാത്ത, ഒരുനാടിന്റെ ജൈവികതയെ തകര്‍ക്കുന്ന ഗുജറാത്ത് മോഡല്‍ വികസനമാണ് അഡ്മിനിസ്‌ട്രേറ്റര്‍ ലക്ഷദ്വീപ് ജനതയുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെയും പ്രധാനമന്ത്രിയുടെയും വിശ്വസ്തനാണെന്നതു കൊണ്ട് ഇത്തരം ജനവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കുവാന്‍ ആര്‍ക്കും ആധുനിക ഇന്ത്യയില്‍ അവകാശമില്ല. വളരെ മാതൃക പരമായ സാംസ്‌കാരികവും ജനാധിപത്യപരവുമായ അന്തരീക്ഷമുളള നാടായിരുന്നു ലക്ഷദ്വീപ്. വികസനമെന്ന പേരില്‍ ഈ അന്തരീക്ഷം തകര്‍ക്കുവാനുളള നീക്കത്തിനെതിരെ അവിടുത്തെ ജനങ്ങള്‍ നടത്തുന്ന പോരാട്ടത്തിന് പിന്തുണ നല്‍കണമെന്നും താന്‍ ലക്ഷദ്വീപ് ജനതയ്‌ക്കൊപ്പമാണെന്നും ആവശ്യമെങ്കില്‍ നിയമപരമായ എല്ലാ സഹായവും അവര്‍ക്ക് നല്‍കുമെന്നും സഞ്ജയ് ഹെഗ്‌ഡേ പറഞ്ഞു. കശ്മീര്‍ ലക്ഷദീപില്‍ ആവര്‍ത്തിക്കാനാണ് കേന്ദ്ര ഭരണാധികാരികള്‍ കരുക്കള്‍ നീക്കുന്നതെന്ന് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത സിപിഎം നേതാവ് എളമരം കരീം എം പി പറഞ്ഞു.പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പോലും ലക്ഷദീപില്‍ പോകാന്‍ അനുമതി നിഷേധിച്ച് മോദി രാജ്യത്ത് നടത്തുന്ന കിരാത ഭരണം ജനങ്ങള്‍ ഒറ്റക്കെട്ടായി ചെറുക്കുമെന്ന് ബിനോയ് വിശ്വം എംപി പറഞ്ഞു. ജനകീയ പ്രതിരോധ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.മാത്യു വേളങ്ങാടന്‍ അധ്യക്ഷത വഹിച്ചു.എന്‍ കെ പ്രേമചന്ദ്രന്‍ എംപി, ജയ്‌സണ്‍ ജോസഫ്,ജനകീയ പ്രതിരോധ സമിതി സംസ്ഥാന സെക്രട്ടറി എം ഷാജര്‍ഖാന്‍ പ്രസംഗിച്ചു.

Share this