മാനുഷിക മൂല്യങ്ങളുടെ വളർച്ചയാണ് യഥാർത്ഥ വികസനത്തിന്റെ മുഖമുദ്ര – സഖാവ് പ്രൊവാഷ് ഘോഷ്‌

Share

തൊഴിലാളിവർഗ്ഗത്തിന്റെ മഹാനായ നേതാവ് സഖാവ് ശിബ്ദാസ്‌ഘോഷിനെ അനുസ്മരിച്ചുകൊണ്ട് 2016 ആഗസ്റ്റ് 5ന് കൽക്കത്തയിൽ നടന്ന സമ്മേളനത്തിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്)ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് നടത്തിയ പ്രസംഗമാണ് ചുവടെ ചേർക്കുന്നത്. കനത്ത മഴയിലും പതിനായിരങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു.

സഖാവ് അദ്ധ്യക്ഷൻ, സഖാക്കളെ, സുഹൃത്തുക്കളെ,

സഖാവ് ശിബ്ദാസ്‌ഘോഷിന്റെ സ്‌നേഹ വാത്സല്യങ്ങൾ അനുഭവിച്ച് വളർന്ന നമ്മൾ ഈ ദിനത്തിൽ നമ്മുടെ മനഃസാക്ഷിയോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. അദ്ദേഹത്തിൽ നിന്ന് അൽപ്പമെങ്കിലും പഠിച്ച കാര്യങ്ങളിൽ എത്രത്തോളം നമുക്ക് പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടുണ്ട്? നമ്മളെ യഥാർത്ഥ വിപ്ലവകാരികളാക്കി വളർത്തിയെടുക്കാൻ അനുഭവിച്ച കഠിനയാതനകൾ 53-ാമത്തെ വയസ്സിൽ തന്നെ അദ്ദേഹത്തിന്റെ ജീവൻ അപഹരിച്ചു. സ്വന്തം ജീവിത സമരത്തിന്റെയും നമ്മുടെ രാജ്യത്തെ ജനങ്ങളുടെ വിമോചന പോരാട്ടത്തിന്റെയും മേഖലകളിൽ എത്രത്തോളം പങ്ക് വഹിക്കാൻ നമുക്ക് കഴിയുന്നുണ്ട് എന്ന ചോദ്യമാണ് നമ്മുടെ ഓരോരുത്തരുടെയും മനസ്സിൽ ഇപ്പോൾ ഉയർന്നു വരുന്നത്. മറ്റൊരു കാര്യവും പലരെയും അതിശയിപ്പിക്കുന്നു. അദ്ദേഹത്തിന്റെ പേരോ പാഠങ്ങളോ ഒരിക്കലും മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നില്ല. നമുക്ക് ഭരണമോ എംഎൽഎമാരോ എംപിമാരോ ഒന്നുമില്ല. ഇതൊക്കെയാണല്ലോ ഒരു പാർട്ടിയുടെ ശക്തിയ്ക്ക് നിദാനമായി സാധാരണ കണക്കാക്കുന്നത്. എന്നിട്ടും ഈ രാജ്യത്തിന്റെ മുക്കിനും മൂലയിലും വരെ നമ്മുടെ പാർട്ടി ശക്തിപ്പെട്ടുകൊണ്ടിരിക്കാൻ മാത്രം എന്ത് മാന്ത്രിക ശക്തിയാണ് മഹാനായ ഈ നേതാവ് നമുക്ക് പ്രദാനം ചെയ്തത്? 22 സംസ്ഥാനങ്ങളിലേയ്ക്ക് നമ്മുടെ പാർട്ടി സംഘടന വ്യാപിച്ചിട്ടുണ്ട്. ഈ യുഗത്തിലെ ഏറ്റവും മഹത്തായ പ്രത്യയശാസ്ത്രമായ ‘മാർക്‌സിസം-ലെനിനിസം-ശിബ്ദാസ് ഘോഷ് ചിന്ത’, മഹാനായ ഈ നേതാവിന്റെ പ്രബോധനങ്ങൾ മറ്റു രാജ്യങ്ങളിൽ പോലും വിപ്ലവകാരികളെ പ്രചോദിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇത്ര പ്രതികൂലമായ കാലാവസ്ഥയെയും കനത്തമഴയെയുമൊക്കെ അവഗണിച്ചുകൊണ്ട് വികാരവായ്‌പ്പോടെ, അർപ്പണബോധത്തോടെ ഇവിടെ ഒത്തുകൂടാനും മീറ്റിംഗിൽ പങ്കെടുക്കാനുമൊക്കെ നിങ്ങളെ പ്രേരിപ്പിക്കുന്നത് അമൂല്യമായ ആ പാഠങ്ങൾ നൽകുന്ന പ്രചോദനം തന്നെയാണ്. ആ പാഠങ്ങൾ അനുസ്മരിച്ചുകൊണ്ട് ഞാൻ ഏതാനും കാര്യങ്ങൾ പറയാം.
മഹാനായ ഈ നേതാവ് 1967 ൽ ഒരു പ്രസംഗത്തിൽ വേദനയോടെ ചൂണ്ടിക്കാണിച്ചതും ഇന്ന് യാഥാർത്ഥ്യമായിരിക്കുന്നതുമായ ഒരു കാര്യം തുടക്കത്തിൽ ഓർമ്മപ്പെടുത്തുകയാണ്. അദ്ദേഹം പറഞ്ഞു: നമ്മൾ വേരറ്റവരായിരിക്കുന്നു. സ്വാതന്ത്ര്യ സമരകാലത്ത് നമുക്ക് ആർജ്ജിക്കാൻ കഴിഞ്ഞ ഉന്നതമായ സാംസ്‌ക്കാരിക മൂല്യങ്ങളുമായിട്ടുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുന്നു… രാഷ്ട്രീയ-സാഹിത്യ മേഖലകളിലൊക്കെ നമുക്ക് നേടിയെടുക്കാൻ കഴിഞ്ഞ ഉയർന്ന സദാചാര-നൈതിക-സാംസ്‌കാരിക-സൗന്ദര്യാത്മക നിലവാരം ഇന്ന് തകർന്നിരിക്കുന്നു. അതിന്റെ ഫലമോ, നമ്മുടെ വേരുകൾ നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. നമ്മൾ വാചകമടിക്കുന്നുണ്ട്. പക്ഷേ ശ്രേഷ്ഠഭാവങ്ങളും ലോല വികാരങ്ങളും വളർത്തിയെടുക്കാൻ നമുക്കാവുന്നില്ല”.

വിദ്യാസാഗറിനെപ്പോലെയുള്ള  മഹാന്മാരുടെ ജീവിതത്തിൽനിന്ന്  പാഠമുൾക്കൊണ്ട് മുന്നേറണം

ചരിത്ര പ്രധാനമായ ഒരു അനുസ്മരണ ദിനമായിരുന്നു ജൂലൈ 29 ന് കടന്നുപോയത്. 125 വർഷം മുൻപ് ഒരു ജൂലൈ 29 ന് ആയിരുന്നു മഹാനായ മാനവവാദി ഈശ്വരചന്ദ്ര വിദ്യാസാഗർ അന്ത്യശ്വാസം വലിച്ചത്. ഇന്ന് അദ്ദേഹത്തെ എത്രപേർ ഓർമ്മിക്കുന്നുണ്ട്? എത്രപേർ അദ്ദേഹത്തിന്റെ അനുസ്മരണ ദിനം ആചരിച്ചു? ബംഗാളിലെ വിദ്യാർത്ഥികളിൽ, ഗ്രാമ-നഗരവാസികളിൽ എത്രപേർക്ക് അദ്ദേഹത്തെ അറിയാം? ആ നാമധേയം കേട്ടിട്ടുള്ളവർ എത്രപേരുണ്ട് നമ്മുടെ രാജ്യത്ത്? തീർച്ചയായും നമ്മുടെ വേരുകൾ നഷ്ടപ്പെട്ടിരിക്കുന്നു. ഭൂതകാലവുമായുള്ള ബന്ധം നമുക്ക് നഷ്ടമായിരിക്കുന്നു. ഏറെ വേദനാകരമായ സത്യമാണിത്. വിദ്യാസാഗറിനെപ്പോലെ ഒരു ചിന്തകൻ ഇല്ലായിരുന്നുവെങ്കിൽ നമ്മുടെ രാജ്യത്ത് ശരിയായ അർത്ഥത്തിലുള്ള നവോത്ഥാനമോ സ്വാതന്ത്ര്യസമരമോ വിദ്യാഭ്യാസമുന്നേറ്റമോ ഒന്നും ഉണ്ടാകുമായിരുന്നില്ല.വിദ്യാസാഗർ ഇല്ലായിരുന്നെങ്കിൽ നമുക്ക് സഖാവ് ശിബ്ദാസ്‌ഘോഷിനെയും കിട്ടുമായിരുന്നില്ല. ഇന്ത്യൻ നവോത്ഥാനത്തിന്റെ ഉദയം മുതൽ സ്വാതന്ത്ര്യ സമരം വരെയുള്ള തിളക്കമാർന്ന കാലത്തെ ഏറ്റവും ഉന്നതമായ വ്യക്തിത്വമായിരുന്നു വിദ്യാസാഗർ എന്ന് സഖാവ് ശിബ്ദാസ് ഘോഷ് പറയുമായിരുന്നു. ശുദ്ധമായ മനസ്സിനും തെളിമയാർന്ന സ്വഭാവത്തിനും ഉടമയായിരുന്നു വിദ്യാസാഗർ. മതേതര-മാനവവാദ ചിന്തയുടെ അഗ്രഗാമിയിരുന്നു അദ്ദേഹം. റാംമോഹൻ, വിദ്യാസാഗർ, വിവേകാനന്ദൻ, ടാഗോർ, ശരത്ചന്ദ്രൻ, നസ്രുൾ, ദേശബന്ധു സി.ആർ.ദാസ്, ഖുദിറാം ബോസ്, സുഭാഷ്ചന്ദ്രബോസ്, ഭഗത്‌സിംഗ്, അസഫാഖുള്ള, സൂര്യസെൻ, പ്രീതിലത തുടങ്ങിയ മഹത്തുക്കളായ ചിന്തകരുടെയും വിപ്ലവകാരികളുടെയും രക്തസാക്ഷികളുടെയുമൊക്കെ ശിഷ്യൻ എന്ന നിലയിലുള്ള ജീവിതയാത്ര സഖാവ് ശിബ്ദാസ് ഘോഷ് കൗമാരപ്രായത്തിൽത്തന്നെ ആരംഭിച്ചിരുന്നു. മത പ്രചാരകരടക്കം എല്ലാക്കാലത്തെയും എല്ലാ മഹാത്മാക്കളുടെയും ജീവിത സമരങ്ങളിൽ നിന്ന് അദ്ദേഹം പാഠങ്ങൾ ഉൾക്കൊണ്ടു. നമ്മളോടും ആ മാർഗ്ഗം പിന്തുടരുവാൻ ആഹ്വാനം ചെയ്തു. പിന്നീടദ്ദേഹം ഈ യുഗത്തിലെ ഏറ്റവും ഉന്നതമായ പ്രത്യയശാസ്ത്രമായ മാർക്‌സിസം പരിശോധിക്കാനിടയായപ്പോൾ അത് നെഞ്ചോടടക്കിപ്പിടിച്ചു. മാർക്‌സ്-ഏംഗൽസ്-ലെനിൻ-സ്റ്റാലിൻ-മാവോ എന്നീ ആചാര്യന്മാരുടെ അർഹനായ ശിഷ്യൻ എന്ന നിലയിലുള്ള വിപ്ലവജീവിതം നയിച്ചു. ആ ജീവിത സമരത്തിലൂടെ മാർക്‌സിസമെന്ന ശാസ്ത്രത്തെ സമ്പുഷ്ടമാക്കുകയും വികസിപ്പിക്കുകയും ചെയ്തു. മാർക്‌സിസം-ലെനിനിസത്തിന്റെ ഈ സമ്പുഷ്ടവും വികസിതവുമായ ധാരണയെ നമ്മൾ ശിബ്ദാസ്‌ഘോഷ് ചിന്ത എന്നു വിളിക്കുന്നു. മുൻഗാമികളായ എല്ലാ മഹാന്മാരുടെയും ജീവിത സമരങ്ങളിൽ നിന്ന് നമ്മൾ ശരിയായ പാഠങ്ങൾ ഉൾക്കൊണ്ട് മുന്നേറണമെന്ന് സഖാവ് ശിബ്ദാസ്‌ഘോഷ് നമ്മെ പഠിപ്പിച്ചു. വിദ്യാസാഗർ വിസ്മരിക്കപ്പെട്ടിരിക്കുന്ന ഈ കാലയളവിൽ എന്റെയും നിങ്ങളുടെയും പഠനത്തിനായി അദ്ദേഹത്തെക്കുറിച്ച് ചില കാര്യങ്ങൾ പറയാം.
വിദ്യാസാഗറിന്റെ മഹത്വമെന്തെന്ന് നമുക്ക് മനസ്സിലാക്കിത്തന്നത് സഖാവ് ശിബ്ദാസ് ഘോഷായിരുന്നു. രവീന്ദ്രനാഥ ടാഗോർ, വിവേകാനന്ദൻ, സി.ആർ.ദാസ്, ശരത്ചന്ദ്രചാറ്റർജി, സുഭാഷ്ചന്ദ്രബോസ്, ബാലഗംഗാധര തിലകൻ, ലാലാലജ്പത്‌റായ് തുടങ്ങി ശാസ്ത്രജ്ഞരായ ജഗദീഷ്ചന്ദ്ര ബോസ്, പ്രഫുല്ല ചന്ദ്രറായ്, കവി നസ്രുൾ, സ്വാതന്ത്ര്യ പോരാളികൾ തുടങ്ങിയവരെല്ലാം അദ്ദേഹത്തെ ആദരവോടെയാണ് വീക്ഷിച്ചത്. ദൈവത്തിലും മതാചാരങ്ങളിലുമൊന്നും വിശ്വാസമില്ലാത്ത അളാണ് വിദ്യാസാഗറെന്ന് രാമകൃഷ്ണപരമഹംസർക്ക് അറിയാമായിരുന്നു. എന്നിട്ടും അദ്ദേഹം വിദ്യാസാഗറെ വീട്ടിൽപോയി കണ്ടിരുന്നു. ദക്ഷിണേശ്വറിലുള്ള തന്റെ കാളീക്ഷേത്രത്തിൽ സന്ദർശനം നടത്താൻ അദ്ദേഹം വിദ്യാസാഗറിനെ ക്ഷണിക്കുകയും ചെയ്തു. എന്നാൽ ക്ഷേത്രത്തിലും ആരാധനയിലുമൊന്നും വിശ്വാസമില്ലാതിരുന്ന വിദ്യാസാഗർ അതിന് തയ്യാറായില്ല. ഒരിക്കൽ രവീന്ദ്രനാഥ ടാഗോർ പറഞ്ഞു: ”സാഹിത്യരംഗത്ത് ഞാൻ എന്തെങ്കിലും ചെയ്തുവെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ അതിന് വാതിൽ തുറന്നുതന്നത് ഈശ്വരചന്ദ്രവിദ്യാസാഗറാണ് എന്ന് ഞാൻ പറയും. ആധുനിക ബംഗാളി ഭാഷയുടെ ആദ്യ ശിൽപ്പി അദ്ദേഹമായിരുന്നുന്നു. ”ഞാൻ താളലയങ്ങൾ തിരിച്ചറിഞ്ഞതും സ്വരമാധുര്യം നുകർന്നതും ഈ കാവ്യകുലപതിയുടെ ‘ജൽപാരേ, പത നാരേ'(മഴ പെയ്യുന്നു, ഇലകൾ ഇളകുന്നു) തുടങ്ങിയ മനോഹര കവിതകൾ ആലാപനം ചെയ്തുകൊണ്ടായിരന്നു” എന്നും ടാഗോർ പറഞ്ഞിട്ടുണ്ട്. ” നമ്മുടെ രാജ്യത്തെ ജനങ്ങൾക്ക് അദ്ദേഹത്തെ ബഹുമാനിക്കാതിരിക്കാനാവില്ല. പക്ഷേ, ദയ, ഔദാര്യം പോലുള്ള ഗുണഗണങ്ങൾ വാഴ്ത്തിപ്പാടിക്കൊണ്ട് അദ്ദേഹത്തിന്റെ സ്വഭാവത്തിലെ മഹത്തായ ഒരു വശം മറച്ചുവയ്ക്കുകയാണ്. നമ്മുടെ രാജ്യത്ത് നിലനിന്ന ആചാരാനുഷ്ഠാനങ്ങൾക്കെതിരെ നടത്തിയ പോരാട്ടമാണ് മൂടിവയ്ക്കാൻ ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ യോഗ്യതയും അതുതന്നെയായിരുന്നു. അതിനാണ് മൂടുപടമിടുന്നത്”. ”സഹാനുഭൂതിയോ, പാണ്ഡിത്യമോ ഒന്നുമല്ല അദമ്യമായ മനുഷ്യത്വവും ഉറവവറ്റാത്ത മാനവികതയുമായിരുന്നു വിദ്യാസാഗറിന്റെ സ്വഭാവമഹിമയ്ക്ക് മകുടം ചാർത്തിയത്” എന്നും ടാഗോർ പറയുന്നു. ടാഗോർ വിദ്യാസാഗറിനർപ്പിച്ച തിളക്കമുറ്റ ആദരാഞ്ജലിയായിരുന്നു ഇത്. ശരത്ചന്ദ്ര ചാറ്റർജി തന്റെ അനിതരസാധാരണമായ സാഹിത്യസൃഷ്ടികളിൽ ഉടനീളം വിദ്യാസാഗറിന്റെ ആദർശങ്ങളും പോരാട്ടങ്ങളും പ്രതിഫലിപ്പിച്ചിരുന്നു. അദ്ദേഹം തന്നെ ഇത് സൂചിപ്പിച്ചിട്ടുണ്ട്. ഇങ്ങനെയൊരു വിദ്യാസാഗറിനെ എത്രപേർക്കറിയാം? വികസനത്തെക്കുറിച്ചുള്ള വായ്ത്താരികൾക്കിടയിൽ രാജ്യത്തിന് സംഭവിച്ചതിതാണ്. ഏതാണ്ട് 200 വർഷങ്ങൾക്കുമുമ്പ് മിഡ്‌നാപ്പൂരിലെ ഒരു കുഗ്രാമത്തിൽനിന്ന് 150 കിലോമീറ്റർ അകലെയുള്ള കൽക്കത്തയിലേയ്ക്ക് അദ്ദേഹം കാൽനടയായി വന്നു. അന്ന് ഗതാഗത സൗകര്യങ്ങളൊന്നുമുണ്ടായിരുന്നില്ല. റാംമോഹൻ റായിയുടെ കാലടികൾ പിന്തുടർന്ന് അദ്ദേഹം കൽക്കത്തയിൽ വിജ്ഞാനത്തിന്റെ വിളക്ക് തെളിച്ചു. ചെറുപ്പകാലത്തുതന്നെ സംസ്‌കൃതം പഠിച്ച് പ്രാചീനശാസ്ത്രങ്ങളിലൊക്കെ പാണ്ഡിത്യം നേടി. 22-ാം വയസ്സിൽ ഇംഗ്ലീഷ്പഠനം ആരംഭിച്ചു. പെട്ടെന്നുതന്നെ പാശ്ചാത്യനാഗരികതയെക്കുറിച്ചും നവോത്ഥാനത്തെക്കുറിച്ചുമൊക്കെ അദ്ദേഹം ബോധവാനായി. അക്കാലത്ത് യൂറോപ്പിലാകെ മതത്തിനെതിരായ മുന്നേറ്റം അലയടിക്കുകയായിരുന്നു. ജനാധിപത്യവും ജനാധിപത്യ അവകാശങ്ങളും വ്യക്തിസ്വാതന്ത്ര്യവും സ്ഥാപിച്ചെടുക്കാനുള്ള പോരാട്ടങ്ങൾ പൂർണ്ണതയിലെത്തിയിരുന്നു. നവോത്ഥാനത്തിന്റെയും മതേതരമാനവവാദത്തിന്റെയും ഉജ്ജ്വലമായ ചിന്തകളിലേയ്ക്ക് വിദ്യാസാഗർ ആകൃഷ്ടനായിരുന്നു. പുരാതനശാസ്ത്രങ്ങളിലുള്ള പാണ്ഡിത്യംമൂലം ‘പണ്ഡിറ്റ്’, ‘വിദ്യാസാഗർ'(വിദ്യയുടെ സാഗരം) തുടങ്ങിയ ബഹുമതികൾ ലഭിച്ചിരുന്ന ഈശ്വരചന്ദ്രൻ ബ്രിട്ടീഷ് സർക്കാരിനോടഭിപ്രായപ്പെട്ടത് ഇപ്രകാരമായിരുന്നു: ”ചില പ്രത്യേകകാരണങ്ങളാൽ, സംസ്‌കൃത കോളേജിൽ സാംഖ്യവും വേദാന്തവുമൊക്കെ പഠിപ്പിക്കുന്നത് തുടരാൻ നമ്മൾ ബാദ്ധ്യസ്ഥരാണ്. എന്നാൽ അവയൊക്കെ അബദ്ധ സിദ്ധാന്തങ്ങളാണ് എന്നത് ഒരു തർക്കവിഷയമേ അല്ല. അവ പഠിപ്പിക്കുമ്പോൾ അതിന്റെ സ്വാധീനത്തെ മറികടക്കാനായി സാരഗർഭമായ പാശ്ചാത്യ തത്ത്വചിന്തകളും പഠിപ്പിക്കണം. യൂറോപ്യൻ വിജ്ഞാനത്തിന്റെ വെളിച്ചം പരക്കുന്നിടത്തൊക്കെ പ്രാചീനശാസ്ത്രങ്ങളുടെ സ്വാധീനം പിൻവാങ്ങിക്കൊള്ളും. നമ്മുടെ അദ്ധ്യാപകരൊക്കെ ബംഗാളിയും ഇംഗ്ലീഷും അറിയുന്നവരും അതോടൊപ്പം മതപരമായ മുൻവിധികളിൽനിന്ന് മുക്തരും ആയിരിക്കണം”. വിദ്യാസാഗർ രചിച്ച പാഠപുസ്തകങ്ങളിൽ ദൈവത്തെക്കുറിച്ചോ, അവതാരങ്ങളെക്കുറിച്ചോ, പ്രകൃത്യാതീതമായ കാര്യങ്ങളെക്കുറിച്ചോ യാതൊരു പരാമർശവുമില്ല. എന്നുമാത്രമല്ല ഇത്തരം സ്വാധീനങ്ങളിൽനിന്നെല്ലാം ജനങ്ങളെ മുക്തരാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. എന്നാലിന്ന് മതപരമായ വിദ്യാഭ്യാസം നൽകാനാണ് മുതലാളിത്ത ഭരണാധികാരികൾ ശ്രമിക്കുന്നത് എന്നതാണ് വിരോധാഭാസം. വിദ്യാസാഗറിന്റെ മതേതര മാനവവാദ വീക്ഷണത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും രാമകൃഷ്ണപരമഹംസർ അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. രാമകൃഷ്ണനും വിദ്യാസാഗറും എന്ന രണ്ട് ആദർശപുരുഷന്മാരാണ് തനിക്കുള്ളതെന്ന് വിവേകാനന്ദൻ പറഞ്ഞിരുന്നു. എന്തുകൊണ്ടാണിത്? വിദ്യാസാഗറിന്റെ ഉജ്ജ്വലവും സന്ധിരഹിതവുമായ ജീവിതസമരമാണ് ഇതിനുകാരണം. വിദ്യാസാഗർ അനേകം സ്‌കൂളുകൾ ആരംഭിച്ചു. കാൽനടയായി അനേകം കിലോമീറ്ററുകൾ സഞ്ചരിച്ച് സംഭാവനകൾ പിരിച്ചെടുത്താണ് ഇവയൊക്കെ തുടങ്ങിയത്. പലപ്പോഴും പണം കടംവാങ്ങുകയും ചെയ്തു. ഡിഗ്രിയും പോസ്റ്റ് ഗ്രാജുവേഷനും കഴിഞ്ഞ്, ഡോക്ടറും എഞ്ചിനീയറും ആയി എല്ലാവരും ഉയർന്ന ശമ്പളംവാങ്ങിക്കുന്ന ജോലികളിൽ പ്രവേശിക്കണമെന്നും സ്വത്ത് സമ്പാദിക്കണമെന്നുമല്ല അദ്ദേഹം ലക്ഷ്യംവച്ചത്. വിദ്യാർത്ഥികൾ മനുഷ്യൻ എന്ന പേരിന് നിരക്കുന്നവരും ഉയർന്ന മാനുഷിക ഗുണങ്ങളും മാനവിക സത്തയുമുള്ളവരുമാകണം എന്നാണദ്ദേഹം അഭിലഷിച്ചത്. ആത്മാഭിമാനത്തിന്റെ ഉത്തുംഗ പ്രതീകമായിരുന്നു വിദ്യാസാഗർ.
പലർക്കും ഇക്കാര്യങ്ങൾ അറിയാമെങ്കിലും അറിയാത്തവരും ഉണ്ടാകും. അദ്ദേഹം സംസ്‌കൃത കോളേജ് പ്രിൻസിപ്പൽ ആയിരുന്നു. ഹിന്ദു കോളേജിന്റെ പ്രിൻസിപ്പൽ കാർ എന്ന ഇംഗ്ലീഷുകാരനായിരുന്നു. വിദ്യാസാഗർ ഒരിക്കൽ അദ്ദേഹത്തെ കാണാൻ ചെന്നു. മേശപ്പുറത്ത് ഷൂസിട്ട കാലുകൾ കയറ്റിവച്ച് ഇരുന്നുകൊണ്ടാണ് സായിപ്പ് അദ്ദേഹത്തെ സ്വീകരിച്ചത്. പിന്നീടൊരിക്കൽ സായിപ്പ് സംസ്‌കൃത കോളേജിൽ വന്നു. മെതിയടിയിട്ട കാലുകൾ മേശപ്പുറത്തു കയറ്റിവച്ച് ഇരുന്നുകൊണ്ടാണ് വിദ്യാസാഗർ സായിപ്പിനെ സ്വീകരിച്ചത്. സായിപ്പ് ഗവർണർക്ക് പരാതി നൽകി. വിദ്യാസാഗറിന്റെ മറുപടി ഇപ്രകാരമായിരുന്നു: ”ഇംഗ്ലീഷുകാർ സംസ്‌ക്കാര സമ്പന്നരും ഇന്ത്യക്കാർ സംസ്‌ക്കാര ശൂന്യരും ആണെന്നായിരുന്നു എന്റെ ധാരണ. അതുകൊണ്ടുതന്നെ എങ്ങനെ മാന്യമായി പെരുമാറണമെന്ന് ഇംഗ്ലീഷുകാരെ കണ്ടുപഠിക്കണമല്ലോ. കാർ-ൽ നിന്ന് പഠിച്ചതുപോലെയാണ് ഞാൻ പെരുമാറിയത്”. ഇതായിരുന്നു വിദ്യാസാഗർ.
അധികൃതരുമായി അദ്ദേഹം പലപ്പോഴും വിയോജിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹം സംസ്‌കൃത കോളേജിലെ ജോലി രാജിവയ്ക്കുകയും ചെയ്തു. അന്ന് അദ്ദേഹത്തിന് വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടായിരുന്നു. സ്വഭാവികമായും എങ്ങനെ ജീവിക്കും എന്ന ചോദ്യം പലരും ചോദിച്ചു. വിദ്യാസാഗർ പറഞ്ഞു: ”വേണ്ടിവന്നാൽ ഞാൻ ഒരു പച്ചക്കറിക്കട തുടങ്ങും, കിഴങ്ങും പച്ചക്കറികളുമൊക്കെ വിൽക്കും. ദിവസം ഒരുനേരം മാത്രം ഭക്ഷണം കഴിക്കും. അതും ഉപ്പും ചോറും മാത്രം. എന്നാലും അഭിമാനം പണയംവച്ച് ജോലി ചെയ്യാൻ ഞാൻ തയ്യാറല്ല.” ആത്മാഭിമാനത്തിന്റെ ഉന്നത മാതൃകയാണ് അദ്ദേഹം കാഴ്ചവച്ചത്. ഇന്ന് എത്രപേർക്ക് ഇങ്ങനെ ചെയ്യാൻ ധൈര്യമുണ്ടാകും? ഡെപ്യൂട്ടി ഗവർണറെ നേരിട്ട് കാണാൻ അന്ന് കുറച്ചുപേർക്കു മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. അതിലൊരാൾ വിദ്യാസാഗർ ആയിരുന്നു. ”സാധാരണക്കാർക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നിടത്ത് ഞാൻ പോകില്ല”, എന്നുപറഞ്ഞ് തന്റെ പേര് ആ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യാൻ വിദ്യാസാഗർ ആവശ്യപ്പെട്ടു. ”കഥാമാല” എന്ന തന്റെ പുസ്തകത്തിൽ കഥകളിലൂടെ പല വിലപ്പെട്ട ഗുണപാഠങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു. ആർത്തിയും സ്വാർത്ഥതയുമൊക്കെ നാട്ടുനടപ്പായിരിക്കുന്ന ഇക്കാലത്ത് അവ ഏറെ പ്രസക്തമായിരിക്കുന്നു. ഒരു പട്ടിയുടെയും കടുവയുടെയും കഥയാണ് അതിലൊന്ന്. ചങ്ങല യ്ക്കിട്ടിരിക്കുന്ന പട്ടിക്ക് യജമാനൻ ധാരാളം ഭക്ഷണം നൽകുന്നു. കടുവയാകട്ടെ പട്ടിണികൊണ്ട് എല്ലുംതോലുമായി. ബന്ധനസ്ഥന്റെ ആർഭാട പൂർണ്ണമായ ജീവിതം സ്വീകരിക്കാൻ നായ അവനെ ഉപദേശിക്കുന്നു. ”അടിമത്തത്തിൽ കഴിഞ്ഞുകൊണ്ട് രാജകീയ ഭക്ഷണം സ്വീകരിക്കുന്നതിനേക്കാൾ ആയിരം മടങ്ങ് ഭേദമാണ് സ്വാതന്ത്ര്യം അനുഭവിച്ചുകൊണ്ട് പട്ടിണി കിടക്കുന്നത്” എന്നാണ് കടുവ മറുപടി പറഞ്ഞത്. നിരക്ഷരരുടെയും പട്ടിണിക്കാരുടെയും കാര്യം പോകട്ടെ, വിദ്യാസമ്പന്നരും ബുദ്ധിജീവികളുമായ എത്രപേർക്ക് ഇന്ന് ഇങ്ങനെ ചിന്തിക്കാൻ കഴിയും? ഇതായിരുന്നു വിദ്യാസാഗർ. ഒരിക്കൽ അദ്ദേഹം ഒരു സമ്പന്നന്റെ ഭവനത്തിൽ ഇരിക്കുകയായിരുന്നു. പല മാന്യന്മാരും സന്നിഹിതരായിരുന്ന അവിടെ ഒരു കാവൽക്കാരനെ വിദ്യാസാഗർ നിർബ്ബന്ധിച്ച് ഒപ്പമിരുത്തി. ഇത് മറ്റുള്ളവർക്ക് അപമാനമുണ്ടാക്കി. അവർ ക്ഷോഭിച്ചു. വിദ്യാസാഗറിന്റെ മറുപടി ഇപ്രകാരമായിരുന്നു: ”നിങ്ങളുടെ സമ്പ്രദായമനുസരിച്ചാണോ അതോ എന്റെ ധാരണയനുസരിച്ചാണോ ഞാനിതിന് മറുപടി പറയേണ്ടത്. നിങ്ങളുടെ രീതിയിൽ പറഞ്ഞാൽ അയാളൊരു ബ്രാഹ്മണനാണ്. നിങ്ങളുടെ പൂർവ്വികർ അത്തരക്കാരുടെ കാൽതൊട്ടുവണങ്ങുമായിരുന്നു. ഇനി എന്റെ കാഴ്ചപ്പാട് അനുസരിച്ചാണെങ്കിൽ, നമുക്കൊക്കെ 400, 500 രൂപ ശമ്പളവും അയാൾക്ക് 5 രൂപ ശമ്പളവുമാണ് കിട്ടുന്നത്. ഒരിക്കൽ എന്റെ അച്ഛനും 5 രൂപയ്ക്ക് ജോലി ചെയ്തിട്ടുണ്ട്”. ഇങ്ങനെയായിരുന്നു വിദ്യാസാഗർ. അദ്ദേഹത്തിന്റെ വാർദ്ധക്യകാലത്താണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് രൂപമെടുക്കുന്നത്. സംഘാടകരുടെ മട്ടുംമാതിരിയുമൊക്കെ കണ്ടിട്ട് അദ്ദേഹമവരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു: ”ഈ മാന്യന്മാർ പറയുന്നതും പ്രസംഗിക്കുന്നതുമൊക്കെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചാണ്. ഈ രാജ്യത്ത് ലക്ഷക്കണക്കിനാളുകൾ പട്ടിണികിടന്ന് മരിക്കുന്നുണ്ട് എന്ന കാര്യം പക്ഷേ അവർക്കറിയില്ല.” ഒരിക്കൽ അവർ ഒരു മീറ്റിംഗിന് ക്ഷണിച്ചപ്പോൾ അദ്ദേഹം ചോദിച്ചു: ”ആവശ്യമെങ്കിൽ ബ്രിട്ടീഷുകാർക്കെതിരെ വാളെടുക്കാൻ നിങ്ങൾ തയ്യാറാകുമോ?” മറുപടി പറയാനാകാതെ അവർ കുഴങ്ങിയപ്പോൾ അദ്ദേഹം തുടർന്നു:”അങ്ങനെയെങ്കിൽ നിങ്ങൾ എന്നെ ഒഴിവാക്കിയേക്കുക.” എത്ര ദീർഘവീക്ഷണത്തോടെയാണ് കോൺഗ്രസ്സിന്റെ ഒത്തുതീർപ്പ് സ്വഭാവം തിരിച്ചറിയാൻ അക്കാലത്തുതന്നെ അദ്ദേഹത്തിനായത്. പിന്നീട് ചരിത്രം അതിന് സാക്ഷ്യം വഹിക്കുകയും ചെയ്തു.
അവസാനകാലത്ത് ആരോഗ്യം വീണ്ടെടുക്കുന്നതിനായി ബർദ്വാൻ ജില്ലയിലെ ഒരു ഗ്രാമത്തിൽ പോയി താമസിക്കാൻ അദ്ദേഹത്തെ ഉപദേശിച്ചു. എന്നാൽ അദ്ദേഹമതിന് തയ്യാറായില്ല. അദ്ദേഹം പറഞ്ഞു: ”മുമ്പ് നാഴിയരിയും അരനാഴി പയറും കുറച്ച് ഉരുളക്കിഴങ്ങും കഴിച്ചുകൊണ്ടാണ് അവിടെ ഗ്രാമീണർ ജീവിച്ചു പോന്നത്. ഇന്ന് അതുപോലും ഇല്ലാതെയാണവർ കഴിഞ്ഞുകൂടുന്നത്. ഞാനെങ്ങനെയാണ് അവിടെപോയി നല്ല ഭക്ഷണം കഴിച്ച് ജീവിക്കുക. എനിക്കത് സാദ്ധ്യമല്ല.” ഇതു പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞിരുന്നു. ഏതാനും ദിവസങ്ങൾകൂടി കഴിഞ്ഞപ്പോഴേക്കും അദ്ദേഹം മരിച്ചു. ഒരിക്കൽ അദ്ദേഹം ചോദിച്ചു: ”പട്ടിണി കിടക്കുന്നവന്റെ യാതനകൾ എത്രപേർ മനസ്സിലാക്കിയിട്ടുണ്ട്. എത്ര പേരുടെ മനസ്സിനെ അത് മഥിച്ചിട്ടുണ്ട്” ഇതായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവം. ഭാര്യയെ അപമാനിച്ചതിന്റെ പേരിൽ തന്റെ ഏക മകനെ അദ്ദേഹം ഉപേക്ഷിച്ചു. അദ്ദേഹത്തിന്റെ സ്വത്തുക്കൾ 45 നിർദ്ധന കുടുംബങ്ങൾക്കായി അദ്ദേഹം വീതിച്ചുകൊടുത്തു. മരിക്കുന്നതിന് മുമ്പ് അദ്ദേഹം തയ്യാറാക്കിയ വിൽപ്പത്രത്തിന്റെ കാര്യം പറയാതെവയ്യ. ആതുരാലയങ്ങൾ, സ്‌കൂളുകൾ, വിധവകൾ, വൃദ്ധർ തുടങ്ങി അശരണരായ ആളുകൾക്കായി അദ്ദേഹം തന്റേതെല്ലാം നീക്കി വച്ചു. ഒരു സംഭവം അറിയുമ്പോൾ നിങ്ങൾ സ്തബ്ധരായി പോകും. അത് ഒരിക്കൽ, ബിധുമുഖി ചൗധരി എന്നൊരു ലേഡി ഡോക്ടർ ആനന്ദ ബസാർ പത്രിക എന്ന പ്രമുഖ പത്രത്തിലൂടെ 1925 ഏപ്രിൽ 19 ന് നടത്തിയ ഒരു അഭ്യർത്ഥനയാണ്. അതിപ്രകാരമായിരുന്നു: ”വിദ്യാസാഗറിന്റെ രണ്ടാമത്തെ മകൾ സാമ്പത്തിക സഹായത്തിനായി എന്നെ സമീപിച്ചിരിക്കുന്നു. ഇവർ അനാഥയാണ്. അദ്ദേഹത്തിന്റെ ഇളയമകൾ കാശിയിൽ വീട്ടുവേല ചെയ്ത് ജീവിക്കുന്നു എന്നാണ് ഇവരിൽ നിന്ന് അറിയാൻ കഴിഞ്ഞത്. വിദ്യാസാഗറിൽ നിന്ന് നേരിട്ടോ അല്ലാതെയോ സഹായം ലഭിക്കാത്ത ഒരാളുപോലും ഈ രാജ്യത്ത് ഉണ്ടായിരുന്നില്ല” ഇങ്ങനെ പറഞ്ഞുകൊണ്ടാണ് ആ ലേഡി ഡോക്ടർ അവർക്കുവേണ്ടി സഹായ അഭ്യർത്ഥന നടത്തിയത്. വിധവാ വിവാഹത്തിനുവേണ്ടിയും ബാലവിവാഹത്തിനെതിരെയുമൊക്കെ വിദ്യാസാഗർ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചൊന്നും ഞാനിന്ന് ചർച്ച ചെയ്യുന്നില്ല.

രാജ്യത്തിന്റെ വികസനവും മേന്മയും  അളക്കുന്നതിനുള്ള മാനദണ്ഡമെന്ത്?

അധികാരം കയ്യാളുമ്പോൾ നേതാക്കളെല്ലാം പറയുന്നത് രാജ്യം വമ്പിച്ച പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്നു എന്നാണ്. ഇത് വികസനത്തിന്റെ ലക്ഷണമാണോ? എന്തുകൊണ്ടാണ് നാടിന്റെ ഈ ഉത്തമ സന്താനം ജൂലൈ 29 ന് സ്മരിക്കപ്പെടാതെ പോയത്? വികസനമെന്നാൽ എന്താണ്? രാജ്യം പുരോഗതി കൈവരിക്കുന്നു എന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാൽത്തന്നെ അത് മാനുഷിക മൂല്യങ്ങളുടെ വളർച്ചയ്ക്ക് ഇടയാക്കും എന്ന് പറയാൻ കഴിയുമോ? അത് മഹത്തുക്കൾക്ക് ജന്മം നൽകുമോ? ആരാണ് യഥാർത്ഥത്തിൽ ആദരണീയനായ മനുഷ്യൻ? സ്വത്തും പണവുമുള്ള ആളാണോ അതോ മാനുഷിക ഗുണങ്ങളും ഉയർന്ന സ്വഭാവ മഹിമയുമുള്ള ആളോ? എന്താണതിന്റെ അളവുകോൽ? രാജ്യത്തിന്റെ മുന്നേറ്റം അല്ലെങ്കിൽ അഭിവൃദ്ധി നിർണ്ണയിക്കുന്നതെങ്ങനെയാണ്? ആ രാജ്യത്തെ ജനങ്ങളുടെ സ്വഭാവം, മാനുഷിക ഗുണങ്ങൾ, നൈതിക-സദാചാര അടിത്തറ എന്നിവയുടെയൊക്കെ നിലവാരമല്ലേ അതിന് മാനദണ്ഡമാക്കേണ്ടത്?
5 ദിവസം കഴിഞ്ഞാൽ ആഗസ്റ്റ് 11 ആയി. ”ഏക് ബാർ ബിദേ ദേ മാ ഖുറേ ആഷി”(എന്നെ യാത്രയാക്കൂ അമ്മേ, ഞാൻ പോകട്ടെ) എന്ന വരികൾ ഞങ്ങൾ കുട്ടികളായിരുന്നപ്പോൾ ബംഗാളിലെ മാത്രമല്ല ഇന്ത്യയിലെവിടെയുമുള്ള അമ്മമാർ കണ്ണീരോടെ പാടിയിരുന്നതാണ്. അജ്ഞാതനായ ഒരാൾ വരികളെഴുതി ഈണം നൽകിയ പാട്ടാണിത്. രക്തസാക്ഷി ഖുദിറാമിനെക്കുറിച്ചുള്ള ഗാനം. ഖുദിറാമിന്റെ രക്തസാക്ഷിത്വമാണ് നേതാജിക്ക് പ്രചോദനമായത്. അന്ന് സുഭാഷ് ചന്ദ്രബോസ് കട്ടക്കിലെ റാവൻഷാ സ്‌കൂളിൽ വിദ്യാർത്ഥിയായിരുന്നു. ആ ഇളം പ്രായത്തിൽ അദ്ധ്യാപകനായ ബേനി മാധവ് ദാസിന്റെ പ്രേരണയിൽ നിരാഹാര മനുഷ്ഠിച്ചുകൊണ്ട് അദ്ദേഹം ആഗസ്റ്റ് 11 ആചരിച്ചു. ആഗസ്റ്റ് 11 ന് വെറും 18 വയസ്സുള്ളപ്പോഴാണ് ഖുദിറാം രക്തസാക്ഷിയാകുന്നത്. പക്ഷേ രാജ്യത്തെ അത് പിടിച്ചുലച്ചു. തൂക്കിക്കൊല്ലാനുള്ള ശിക്ഷാവിധി ജഡ്ജി വായിച്ചപ്പോൾ ഖുദിറാമിന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. കഴുമരത്തിലേറുമ്പോഴും ആ ചിരി ചുണ്ടിലുണ്ടായിരുന്നു.”ഞാൻ ചിരിച്ചുകൊണ്ട് കൊലമരം പൂകുന്നത് ഭാരതമാകെ ദർശിക്കും” എന്ന വരി മേൽപ്പറഞ്ഞ പാട്ടിൽ ഇടം പിടിച്ചത് ഇക്കാരണത്താലാണ്. ഭഗത്‌സിംഗിനെ തൂക്കിലേറ്റുന്ന ദിവസം ബന്ധുക്കളാരും കാണാൻ വരാതിരുന്നതെന്താണെന്ന് ഒരു സഹ തടവുകാരൻ അദ്ദേഹത്തോട് ചോദിച്ചകാര്യം നിങ്ങളിൽ പലർക്കും അറിയില്ലായിരിക്കും. യഥാർത്ഥത്തിൽ എന്നാണ് അദ്ദേഹത്തെ തൂക്കിലേറ്റുന്നത് എന്ന വിവരം ബന്ധുക്കളെയാരെയും അറിയിച്ചിരുന്നില്ല. മാർച്ച് 24 ന് തൂക്കിലേറ്റാനായിരുന്നു തീരുമാനം. ഗാന്ധിജിയുടെ അഭ്യർത്ഥന പ്രകാരം അത് 23 ന് ആക്കി. ഇത് ബന്ധുക്കൾ അറിഞ്ഞിരുന്നില്ല. അതുകൊണ്ട് അവർക്കാർക്കും സന്ദർശിക്കാനും കഴിഞ്ഞില്ല. പക്ഷേ ഭഗത്‌സിംഗ് ആ തടവുകാരന് നൽകിയ മറുപടി ഇതായിരുന്നു: ‘ധീരരക്തസാക്ഷികളായ ഖുദിറാം, കർത്താർ സിംഗ് തുടങ്ങിയവരൊക്കെയാണ് എന്റെ ബന്ധുക്കൾ.’ പഞ്ചാബിൽ നിന്നുള്ള ധീരനായ ഒരു വിപ്ലവകാരിയായിരുന്നു കർത്താർ സിംഗ് സരഭ. ഭഗത്‌സിംഗ് പറഞ്ഞു: ‘എന്റെ രക്തബന്ധം ഈ വിപ്ലവകാരികളുമായാണ്. ഞങ്ങളുടെ രക്തം ഒന്നാണ്. ഒരിടത്തുനിന്ന് ഉത്ഭവിച്ച് അങ്ങോട്ടുതന്നെ മടങ്ങുന്നു’. ഇന്ന് രാജ്യം വമ്പിച്ച പുരോഗതി കൈവരിച്ചു എന്നാണ് അവകാശ വാദം. എന്നാൽ ഈ മഹാന്മാരെ എത്രപേർ ഓർമ്മിക്കുന്നു? സുഭാഷ്ചന്ദ്ര ബോസ്, സി.ആർ.ദാസ്, തിലകൻ, ലാലാലജ്പത് റായ് എന്നിവരെയൊക്കെ ആരോർക്കുന്നു. രവീന്ദ്രനാഥ ടാഗോറിനെത്തന്നെ യഥാർത്ഥത്തിൽ ആരെങ്കിലും സ്മരിക്കുന്നുണ്ടോ? അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ മാത്രമാണ് അദ്ദേഹം ജീവിക്കുന്നത്. അതും പ്രേമം, പ്രകൃതി, ഭക്തി എന്നിവയെക്കുറിച്ചുളള വരികളിലൂടെ. തന്റെ അവസാന ജന്മദിനത്തിൽ ടാഗോർ നടത്തിയ പ്രസംഗം ”Crisis of civilization” എന്ന പേരിൽ പുറത്തുവന്നിട്ടുണ്ട്. എത്ര പേർക്ക് ഇതറിയാം? ആ പ്രസംഗത്തിൽ അദ്ദേഹം പറയുന്നു ”വെറും സാഹിത്യാസ്വാദനം നടത്തി കഴിയുന്നതിൽ നിന്ന് നിർബ്ബന്ധപൂർവ്വം എനിക്ക് വിട്ടുനിൽക്കേണ്ടി വന്ന ഒരു സമയമുണ്ട്. നഗ്നമായ വസ്തുതകൾ എന്റെ കണ്ണിൽ തറച്ചപ്പോൾ, ഇന്ത്യൻ ജനത അനുഭവിക്കുന്ന കടുത്ത ദാരിദ്ര്യം എന്റെ മനസ്സിനെ മഥിച്ചപ്പോൾ… യൂറോപ്പിന്റെ ഹൃദയത്തിൽ നിന്നാവും നാഗരികതയുടെ വസന്തം വിടരുക എന്നാണ് ഒരിക്കൽ ഞാൻ കരുതിയിരുന്നത്. എന്നാൽ ആ വിശ്വാസമെല്ലാം ഇന്ന് അസ്തമിച്ചിരിക്കുന്നു.” സ്വാതന്ത്ര്യ സമരകാലത്തുടനീളം അത് സമാധാനപരമായിരിക്കണമെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ അദ്ദേഹം ഗാന്ധിജിയുടെ അനുയായിയായിരുന്നു. എന്നാൽ അദ്ദേഹം തന്നെയാണ് അവസാന കാലത്ത് ഇങ്ങനെ എഴുതിയത്:

”വിശ്വാസ വഞ്ചകർ നാലുപാടും
വിഷം ചീറ്റുകയാണ്,
സമാധാനത്തിന്റെ ശബ്ദം നേർത്ത്
അവ്യക്തമായ പിറുപിറുക്കലായി
പരിണമിച്ചിരിക്കുന്നു
വിട പറയുന്നതിനുമുമ്പ്
എല്ലാവരോടുമായി ഞാൻ
വിളിച്ചു പറയട്ടെ
രാക്ഷസീയതയെ നേരിടാൻപോന്നവർ
ഓരോ ഭവനങ്ങളിലും
തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.”

അവസാനകാലത്ത് ടാഗോറിന്റെ ചിന്താഗതിയിൽ ഒരു മാറ്റം വന്നുകൊണ്ടിരിക്കുകയായിരുന്നു. സോവിയറ്റ് സോഷ്യലിസത്തെ സ്വാഗതം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു:”…നാഗരികതയിൽ അത്തരമൊരു മാറ്റം വരുത്താനുള്ള ശ്രമങ്ങൾ റഷ്യയിൽ എനിക്ക് ദർശിക്കാനായി. പലേ പരിമിതികളും ഉണ്ടെങ്കിലും ആ വിശുദ്ധ ഭൂമിയിൽ നാഗരികതയുടെ പുതിയ മുഖം കണ്ട ഞാൻ ആഹ്ലാദാതിരേകത്തിലും ശുഭാപ്തി വിശ്വാസത്തിലുമാണ്… മനുഷ്യ നാഗരികതയുടെ ചങ്കിൽ തറച്ച ദുരാഗ്രഹമെന്ന മാരകമായ കാരമുള്ള് പിഴുതെടുക്കാനുള്ള തീവ്ര പ്രയത്‌നത്തിലാണ് പുതിയ റഷ്യ. അവരുടെ ആത്മാർത്ഥമായ പരിശ്രമം സഫലമാകട്ടെ എന്ന തീവ്രാഭിലാഷമേ ഇപ്പോഴുള്ളൂ.” ഇങ്ങനെയൊരുവശം അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് എത്ര ആരാധകർക്കറിയാം? അവരത് ഓർമ്മിക്കുന്നുണ്ടോ? ശരത്ചന്ദ്രനെ ആർക്കാണറിയാത്തത്? ശരത്ചന്ദ്രന്റെ ‘പഥേർ ദാബി'(demand of the road) എന്ന നോവൽ ഒരിക്കൽ രാജ്യത്തെ പിടിച്ചുകുലുക്കിയതാണ്. ആ നോവലിൽ വിപ്ലവത്തിലേയ്ക്കുള്ള പാത ആവശ്യപ്പെടുന്നതെന്താണ് എന്നദ്ദേഹം വരച്ചുകാട്ടി. ഭയചകിതരായ ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണാധികാരികൾ ആ നോവൽ നിരോധിച്ചു. എന്നാൽ രാജ്യത്തെവിടെയുമുള്ള ജനങ്ങൾ അത് രഹസ്യമായി വായിച്ചു. അതിൽനിന്ന് ആവേശമുൾക്കൊണ്ടു. ആ പുസ്തകത്തിൽ അദ്ദേഹം തൊഴിലാളിവർഗ്ഗ വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്നുണ്ട്. ‘ശ്രീകാന്തൻ’ എന്ന നോവലിൽ റെയിൽവേ ട്രാക്ക് സ്ഥാപിക്കാൻവേണ്ടി കുഴിയെടുക്കുന്ന തൊഴിലാളികളെക്കുറിച്ച് ശരത്ചന്ദ്രൻ പറയുന്നുണ്ട്. അവർ മദ്യപിക്കുകയും ആഭാസകരമായ വിനോദങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നവരാണ്. ഇന്ന് ഏതാണ്ടെല്ലാപ്രദേശങ്ങളിലുമുള്ള ഏതാണ്ടെല്ലാ ഭവനങ്ങളിലും ഇത് നടക്കുന്നുണ്ട്. ശരത്ചന്ദ്രൻ അന്നുതന്നെ മുതലാളിത്ത സമൂഹത്തിലെ തൊഴിലാളിവർഗ്ഗത്തിന്റെ അപമാനവീകരണത്തിന്റെ ആരംഭം മുന്നിൽക്കണ്ടു. ഈ നോവലിൽ കൂലിപ്പണിക്കാർ താമസിക്കുന്ന ഒരു കോളനിയുണ്ട്. അവിടെ ഒരു കുട്ടി കോളറപിടിപെട്ട് മരണത്തോട് മല്ലടിക്കുകയാണ്. അവന് ഒരു തുള്ളി വെള്ളം കൊടുക്കാൻപോലും ആരും തയ്യാറാകുന്നില്ല. ഈ തൊഴിലാളികൾ ഗ്രാമത്തിൽ താമസിച്ചിരുന്നപ്പോൾ ഇങ്ങനെയൊരവസ്ഥ ഒരിക്കലും ഉണ്ടായിട്ടില്ല. ബുദ്ധിമുട്ടുകളും മരണങ്ങളുമുണ്ടാകുമ്പോൾ അയൽവാസികൾ സഹായവുമായി ഓടിയെത്തുമായിരുന്നു. ആ മനസ്സ് നഷ്ടമായിരിക്കുന്നു. ‘നാഗരികതയുടെ മുന്നേറ്റത്തിന്റെ മറയിൽ സമ്പന്നന്റെ സ്വത്തിനോടുള്ള ആർത്തി മനുഷ്യനെ ഹൃദയമില്ലാത്ത ജീവികളാക്കിത്തീർത്തിരിക്കുന്നു’. എന്നാണ് ശരത്ചന്ദ്രൻ പറയുന്നത്. മുതലാളിത്ത നാഗരികതയെ ഇതിലൂടെ അദ്ദേഹം നിന്ദിക്കുകയാണ്. എന്നിട്ടദ്ദേഹം പറയുന്നു: ”ഒരു മനുഷ്യന്റെ മരണമല്ല എന്നെ വേദനിപ്പിച്ചത്. ജനിച്ചവരെല്ലാം ഒരുനാൾ മരിക്കും എന്നെനിക്കറിയാം. മനുഷ്യസത്തയുടെയും മൂല്യങ്ങളുടെയും മരണമാണ് എന്നെ വേദനിപ്പിച്ചത്.” ”തൊഴിലാളികളെ നാശത്തിന്റെ പാതയിലൂടെ നയിച്ച ജീർണ്ണ സംസ്‌കാരത്തിന് അന്ത്യംകുറിച്ചുകൊണ്ടേ അവർക്ക് നാഗരികതയുടെ മുന്നോട്ടുള്ള പ്രയാണം സാധ്യമാക്കാൻ കഴിയൂ” എന്നദ്ദേഹം തൊഴിലാളികളെ ആഹ്വാനം ചെയ്തു. ഒരു കാലത്ത് ബംഗാളിലെയും രാജ്യത്താകെയുമുള്ള യുവാക്കളെ ആവേശഭരിതരാക്കിയ വാക്കുകളും ഉദ്‌ബോധനങ്ങളും ഇവയായിരുന്നു. ഈ നോവലുകൾ വായിച്ചാണ് അനശ്വര രക്തസാക്ഷികളായ സൂര്യസെൻ, പ്രീതിലത, ബിനോയ്-ബാദൽ-ദിനേശ് എന്നിവരൊക്കെ വിപ്ലവപാതയിലേയ്ക്ക് ആനയിക്കപ്പെട്ടത്. ഇന്ന് ആരാണ് ഇവരെ ഓർമ്മിക്കുന്നത്? എന്തുകൊണ്ടവർ വിസ്മരിക്കപ്പെട്ടു? ആരാദ്ധ്യരായ ഈ വ്യക്തിത്വങ്ങളെ മറന്നുകളഞ്ഞു എന്നതാണോ വികസനത്തിന്റെ, പുരോഗതിയുടെ അടയാളം? ഈ മഹാന്മാരെക്കുറിച്ചുള്ള ഓർമ്മകൾ മായ്ച്ചുകളയാൻ ഹീനമായ നീക്കം നടക്കുന്നതെന്തുകൊണ്ട്? സഖാവ് ശിബ്ദാസ്‌ഘോഷ് ഈ ചോദ്യത്തിന് ഉത്തരം നൽകുന്നുണ്ട്. അദ്ദേഹം പറയുന്നു: ”രാജ്യത്തിന്റെ ധാർമ്മിക നിലവാരമപ്പാടെ തകർക്കാനുള്ള ഒരു ഗൂഢനീക്കത്തിൽ ഇന്ത്യയിലെ ഭരണവർഗ്ഗം ഏർപ്പെട്ടിരിക്കുകയാണ്. അവർ അങ്ങേയറ്റം സൂത്രശാലികളാണ്. എത്ര അടിച്ചമർത്തിയാലും പട്ടിണിക്കിട്ടാലും ഒരു ജനതയെയും ദീർഘകാലം പോലീസിന്റെയും പട്ടാളത്തിന്റെയും ബൂട്ടിനടിയിൽ തളച്ചിടാനാവില്ല എന്നവർക്കറിയാം. അടിച്ചമർത്തലിന്റെയും ഏകാധിപത്യവാഴ്ചകളുടെയും എക്കാലത്തെയും ചരിത്രം ഓർമ്മപ്പെടുത്തുന്നത് പോലീസിനെയും പട്ടാളത്തിനെയുമൊക്കെ ഉപയോഗിച്ച് എത്രതന്നെ അടിച്ചമർത്തിയാലും അനീതിയിലധിഷ്ഠിതമായ ഭരണക്രമങ്ങൾ ദീർഘകാലം സംരക്ഷിച്ചുനിർത്താനോ ജനങ്ങളുടെ സംഘടിതശക്തിയെ എന്നെന്നേയ്ക്കുമായി അമർച്ച ചെയ്യാനോ സാധ്യമല്ല എന്ന വസ്തുതയാണ്. ധാർമ്മികമായ കരുത്ത് നിലനിർത്താനും ശരിയായ വിപ്ലവ പ്രത്യയശാസ്ത്രം കണ്ടെത്താനും കഴിഞ്ഞാൽ ജനങ്ങളുടെ ശക്തി അജയ്യമായിരിക്കും”. ഇതാണ് സഖാവ് ശിബ്ദാസ്‌ഘോഷ് പറഞ്ഞത്. രാജ്യത്തിന്റെ ഇന്നത്തെ പതനം നോക്കൂ. സഖാവ് ഘോഷിന്റെ മുന്നറിയിപ്പ് എത്ര ശരിയായിരുന്നു എന്ന് നമുക്ക് തിരിച്ചറിയാൻ കഴിയും.

യുവാക്കളുടെ ധാർമ്മിക നട്ടെല്ല് തകർക്കാൻ ഭരണവർഗ്ഗം ശ്രമിക്കുന്നു

ഒരു കൗമാരക്കാരന്റെ മരണവുമായി ബന്ധപ്പെട്ട് പശ്ചിമബംഗാളിൽ അടുത്തിടെ വലിയ ബഹളമുണ്ടായി. ഇടത്തരം കുടുംബങ്ങളിൽപ്പെട്ട സ്‌കൂൾ വിദ്യാർത്ഥികൾ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് മദ്യവിരുന്ന് നടത്തുകയായിരുന്നു. സ്‌കൂളുകളിലും കോളേജുകളിലും ക്ലബ്ബുകളിലും എന്തിന് തെരുവിൽപോലും മദ്യപാനം വൻതോതിൽ വർദ്ധിച്ചു വരികയാണ്. എല്ലാത്തരം ലഹരിയും ബഹിഷ്‌കരിച്ചുകൊണ്ടായിരുന്നു നമ്മുടെ രാജ്യത്ത് സ്വാതന്ത്ര്യ സമരം ആരംഭിച്ചത്. ഇന്ന് സർക്കാരുകൾ തന്നെ മദ്യഷാപ്പുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു എന്നതാണ് വിരോധാഭാസം. കേന്ദ്ര സർക്കാരും മദ്യഉപഭോഗം വർദ്ധിപ്പിക്കാൻ താൽപ്പര്യപ്പെടുന്നു. സിപിഐ(എം) അധികാരത്തിലിരുന്നപ്പോൾ മദ്യഷാപ്പുകൾ കൂണുപോലെ മുളച്ചുപൊങ്ങി. സർക്കാരിന്റെ നികുതിവരുമാനം വർദ്ധിപ്പിക്കാനെന്ന പേരിൽ ടിഎംസി സർക്കാരും എണ്ണം കൂട്ടുകയാണ്. വെള്ളം കുടിക്കുന്നതുപോലെയാണ് സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾ പലരും മദ്യപിക്കുന്നത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയുമൊക്കെ ഉപയോഗം വർദ്ധിക്കണമെന്നാണ് ഭരണവർഗ്ഗത്തിന്റെയും അധികാരികളുടെയും സ്ഥാപിത താൽപ്പര്യക്കാരുടെയുമൊക്കെ ആഗ്രഹം. സ്വാതന്ത്ര്യ സമരസേനാനികളും നവോത്ഥാന നായകരുമൊക്കെ വിസ്മൃതിയിലാകട്ടെ. ഞങ്ങളൊക്കെ പഠിക്കുന്ന കാലത്ത് അദ്ധ്യാപകർ പറഞ്ഞു തന്നിരുന്നത് ഈ മഹത്തുക്കളെ സ്മരിച്ചുകൊണ്ടുവേണം ദിവസം ആരംഭിക്കാൻ എന്നാണ്. ചെറുപ്പകാലത്തുതന്നെ മഹത്വത്തിലേയ്ക്ക് ഞങ്ങൾ ആകൃഷ്ടരാകുന്നത് അങ്ങനെയാണ്. അല്ലെങ്കിൽ സഖാവ് ശിബ്ദാസ് ഘോഷിന്റെ മഹത്വവും ഞങ്ങൾക്ക് തിരിച്ചറിയാൻ കഴിയാതെപോയേനെ. ഇന്ന് നാടിന്റെ ആ സമ്പന്നമായ പാരമ്പര്യം തുടച്ചുനീക്കാനാണ്, ഈ മഹാന്മാരെ മറച്ചുവയ്ക്കാനാണ് അധികാരികൾ ശ്രമിക്കുന്നത്. ഇന്ന് സിനിമാ, സ്‌പോർട്‌സ് താരങ്ങളെയാണ് ആരാദ്ധ്യരായി ഉയർത്തിക്കാണിക്കുന്നത്. സിനിമാ താരങ്ങളുടെ മാന്യേതരമായ ജീവിതവും പ്രേമബന്ധങ്ങളും സ്‌പോർട്‌സ് താരങ്ങളുടെ നിറം പിടിപ്പിച്ച കഥകളുമൊക്കെ മാദ്ധ്യമങ്ങളിൽ നിറയുന്നു. സിനിമാ തീയറ്ററുകളിലും ടിവിയിലുമൊക്കെ അശ്ലീല സിനിമകൾ പ്രദർശിപ്പിക്കുന്നു. ആഭാസത്തരങ്ങളും രതിവൈകൃതങ്ങളുമൊക്കെ പ്രചരിപ്പിക്കാൻ മൊബൈൽ ഫോണിനെപ്പോലും ഉപാധിയാക്കുന്നു. ‘കുടിച്ചു കൂത്താടുക’ എന്ന സംസ്‌ക്കാരം വ്യാപിക്കുന്നതിനനുസരിച്ച് സ്ത്രീകളുടെ ജീവിതവും അന്തസ്സും അപകടത്തിലായിക്കൊണ്ടിരിക്കുന്നു. വിദ്യാസാഗറിന്റെയുംമറ്റും കാലത്ത് ഇത്രയേറെ ബലാത്സംഗങ്ങളും കൊലപാതകങ്ങളും ഉണ്ടായിരുന്നോ? രവീന്ദ്രനാഥിനോ ശരത്ചന്ദ്രനോ ഇങ്ങനെയൊരു പതനം കാണേണ്ടിവന്നിട്ടുണ്ടോ? ബ്രിട്ടീഷ് ഭരണകാലത്ത് ഇതെല്ലാം ഇത്രത്തോളം വ്യാപകമായിരുന്നോ? ഇന്ന് മൂന്നു വയസ്സുള്ള പെൺകുട്ടിപോലും ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെടുന്നു. 60 വയസ്സുകാരിയുടെയും ഗതി അതുതന്നെ. കൂട്ടബലാത്സംഗങ്ങളും പെരുകുകയാണ്. ഒരു പെൺകുട്ടിയെ പ്രേമം നടിച്ച് ഹോട്ടലിൽ കൊണ്ടുപോകുക, കൂട്ടുകാരുകൂടി ബലാത്സംഗം ചെയ്ത് വീഡിയോയിൽ പകർത്തുക, ആ ദൃശ്യങ്ങൾ വിറ്റ് പണമുണ്ടാക്കുക എന്നിങ്ങനെയൊക്കെ നാട്ടിൽ നടക്കുന്നു. അച്ഛൻ മകളെ ബലാത്സംഗം ചെയ്യുന്നതിന്റെ വാർത്തകളും വരുന്നുണ്ട്. നാലും അഞ്ചും ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾപോലും രതിവൈകൃതങ്ങൾക്ക് ഇരയാകുന്നു എന്നിടത്തോളം ഭീതിജനകമാണ് സാഹചര്യം. മാനുഷിക ഗുണങ്ങൾ വെടിഞ്ഞ് തൻകാര്യം നോക്കികളായി മാറുന്ന മനുഷ്യർ പണത്തിനുവേണ്ടി സ്വന്തം ഭാര്യയേയോ സഹോദരിയെയോ മകളേയോ വിൽക്കാൻ മടികാണിക്കാത്ത സ്ഥിതിയിലെത്തിയിരിക്കുന്നു. വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കാനും പണത്തിനുവേണ്ടി അവരെ കൊല്ലാൻ പോലും മടികാണിക്കുന്നില്ല. ഗ്രാമജീവിതത്തിൽ അവശേഷിക്കുന്ന നന്മകളും ക്രമേണ അസ്തമിക്കുകയാണ്. ഗ്രാമീണ സമ്പദ്ഘടന ദീർഘകാലമായി മുതലാളിത്തത്തിന്റെ പിടിയിലാണ്. പച്ചക്കറി മുതൽ എല്ലാ കാർഷികോൽപ്പന്നങ്ങളും ഇന്ന് ദേശീയ കമ്പോളത്തിലെ ചരക്കുകളാണ്. ഗ്രാമപ്രദേശത്തെ ഒരു ചെറിയ കടയിൽപോലും ദേശീയ കമ്പോളത്തിലെ ഉൽപ്പന്നങ്ങളാണ് വിൽക്കുന്നത്. മുതലാളിത്ത കമ്പോളത്തിലെ ചരക്കുകളുടെ കൈമാറ്റം സുഗമമാക്കാനാണ് റോഡുകളും വിവിധങ്ങളായ ഗതാഗത മാർഗ്ഗങ്ങളുമൊക്കെ ഏർപ്പെടുത്തുന്നത്. അതോടൊപ്പംതന്നെ ഗ്രാമപ്രദേശങ്ങളിലെ ലക്ഷക്കണക്കിന് തൊഴിൽരഹിതരായ യുവാക്കളും ദേശീയ കമ്പോളത്തിലെ ചരക്കുകളായി മാറ്റപ്പെട്ടിരിക്കുന്നു. നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേയ്ക്ക് അവർ തൊഴിൽ തേടി അലയുകയാണ്. പ്രവാസി തൊഴിലാളികൾ എന്നാണ് അവർ അറിയപ്പെടുന്നത്. ഈ പ്രക്രിയയിലൂടെ അവരുടെ സംസ്‌ക്കാരവും ദുഷിക്കുന്നു. സ്ഥിരതയില്ലാതെ അലഞ്ഞു തിരിഞ്ഞുള്ള ജീവിതം അവരുടെ കുടുംബ ജീവിതത്തിന്റെയും താളം തെറ്റിക്കുന്നു. വീട്ടിൽ ഭാര്യയും കുട്ടികളുമുള്ള പലരും ചെല്ലുന്നിടങ്ങളിലെല്ലാം പങ്കാളികളെ കണ്ടെത്തുന്നു. ചിലർ മടങ്ങിവരുന്നതുപോലുമില്ല. ഗ്രാമങ്ങളിലേയ്ക്ക് ഇടയ്‌ക്കൊക്കെ വന്നുപോകുന്നവരാകട്ടെ നഗരത്തിലെ ജീർണ്ണ സംസ്‌ക്കാരം പേറി ഗ്രാമാന്തരീക്ഷത്തെ മലീമസമാക്കുന്നു. പെൺവാണിഭങ്ങളുടെ ഏജന്റുമാർ പലരും ഗ്രാമീണരാണെങ്കിലും അവർ നഗരങ്ങളിൽ ആർഭാട ജീവിതം നയിക്കുന്നവരാണ്. കഷ്ടപ്പാടുകൾ നിറഞ്ഞ കുടുംബങ്ങളിൽ നിന്ന് പുറത്ത് പോകുന്ന സ്ത്രീകളിൽ ചിലർ വീട്ടുജോലി ചെയ്തും മറ്റും ജീവിതം തള്ളി നീക്കുമ്പോൾ മറ്റു ചിലർ അധാർമ്മിക മാർഗ്ഗങ്ങളിലേയ്ക്ക് വഴുതി വീഴുന്നു. എല്ലാമറിയുന്ന വീട്ടുകാരാകട്ടെ നിശബ്ദത പാലിക്കുന്നു. മുമ്പൊക്കെ ഗ്രാമീണ ജീവിതത്തിൽ ലാളിത്യവും ഉത്തരവാദിത്വബോധവും അയൽക്കാരെ സഹായിക്കാനുള്ള മനോഭാവവും ആർഭാടങ്ങൾക്കു പിന്നാലെ പായാതെ ലളിതമായ ജീവിത ശൈലി അവലംബിക്കുന്ന രീതിയുമൊക്കെ നിലനിന്നിരുന്നു. എന്നാൽ മുതലാളിത്തം എല്ലാം നശിപ്പിച്ചു. ഇതിനേക്കാൾ വഷളായ, വേദനാകരമായ സാഹചര്യമെന്താണുള്ളത്? സ്‌നേഹം, സഹാനുഭൂതി, ദയ, ലോലഭാവങ്ങൾ, മനഃസ്സാക്ഷിക്കുത്ത് തുടങ്ങിയവയൊക്കെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ബിജെപി, കോൺഗ്രസ്സ്, സിപിഐ(എം), ടിഎംസി തുടങ്ങിയവരുടെയൊക്കെ ഭരണത്തിൻ കീഴിൽ ഇത്തരത്തിലുള്ള വികസനമാണ് രാജ്യത്ത് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.

മതത്തിന് ധാർമ്മികത പ്രദാനം ചെയ്യാനാവില്ല

ഇങ്ങനെയൊക്കെ സംഭവിക്കുന്നത് അകാരണമായാണോ? ഇത് ചരിത്രത്തിന്റെ ക്രൂരമായ അനിവാര്യതയാണോ? മുതലാളിത്ത ഭരണാധികാരികൾ നടത്തുന്ന അങ്ങേയറ്റം ഹീനമായ ഗൂഢാലോചനയുടെ ഫലമായാണ് ഇതെല്ലാം സംഭവിക്കുന്നതെന്നാണ് സഖാവ് ശിബ്ദാസ്‌ഘോഷ് പറഞ്ഞിട്ടുള്ളത്. മനുഷ്യസത്തയും നന്മയും നശിപ്പിക്കാനും നൈതിക-ധാർമ്മിക അടിത്തറ തകർക്കാനും മനുഷ്യരെ മൃഗങ്ങളാക്കിമാറ്റാനും അവർ ആഗ്രഹിക്കുന്നു. ബലാൽസംഗം ചെയ്യുന്നവരൊന്നും ബലാൽസംഗക്കാരായി ജനിക്കുന്നവരല്ല. ഈ മൃഗീയത അവർ എവിടെനിന്ന് ആർജ്ജിക്കുന്നു? മൃഗങ്ങൾ മൃഗീയമായ സ്വഭാവവിശേഷങ്ങളോടെയാണ് ജനിക്കുന്നത്. എന്നാൽ, മനുഷ്യൻ ജനിക്കുന്നത് മനുഷ്യജീവിയുടെ ശാരീരിക സവിശേഷതകളോടെ മാത്രമാണ്. ജനിക്കുമ്പോൾ മാനസികമായ കഴിവുകളോ നൈതികമായ അടിസ്ഥാനമോ ഇല്ല. ശരിതെറ്റുകൾ തിരിച്ചറിഞ്ഞ് മനഃസാക്ഷിയോടെ പ്രവർത്തിക്കാനുള്ള ശേഷി മനുഷ്യൻ ആർജ്ജിക്കുന്നത് സമൂഹത്തിൽനിന്നും സാമൂഹ്യജീവിതത്തിൽനിന്നും സാംസ്‌കാരിക-നൈതിക അന്തരീക്ഷത്തിൽനിന്നുമാണ്. എന്തുകൊണ്ടാണിന്ന് ജനങ്ങൾ സമൂഹത്തിൽനിന്ന് ഉയർന്ന സദാചാര-നൈതിക ധാരണകൾ ആർജ്ജിക്കാത്തത്? കാരണം, അഭികാമ്യമായ നൈതികാടിത്തറ പ്രദാനം ചെയ്യാൻ ഇന്ന് മതങ്ങൾക്കാവുന്നില്ല എന്നതാണ്. അടിമത്ത സമ്പ്രദായത്തിനെതിരെയും സാമൂഹ്യ അനീതിക്കെതിരെയും പൊരുതിയിരുന്ന കാലത്ത് മതങ്ങൾ മൂല്യങ്ങളും ധാർമ്മികതയും പ്രദാനം ചെയ്തു. അന്ന് പല ഉന്നതവ്യക്തിത്വങ്ങൾക്കും ജന്മം നൽകാൻ മതത്തിന് കഴിഞ്ഞു. എന്നാൽ, ചരിത്രത്തിന്റെ അനിവാര്യമായ ഗതിക്രമമനുസരിച്ച്, ഒരു കാലഘട്ടത്തിൽ പുരോഗമനപരവും മൂല്യവത്തുമായ ഒരു പ്രത്യയശാസ്ത്രം പിന്നീടൊരു കാലഘട്ടത്തിൽ പിന്തിരിപ്പനും ഹാനികരവുമായിത്തീരുന്നു. ആ ഘട്ടത്തിൽ അത് അനീതിക്കും അടിച്ചമർത്തലിനുമെതിരെ പൊരുതുകയല്ല, അതിനെ സംരക്ഷിക്കുകയാണ് ചെയ്യുക. അങ്ങനെയാണ് മതം കാലഹരണപ്പെടുകയും അന്ധതയും ജീർണ്ണതയും പടർത്തുകയും ചെയ്തപ്പോൾ ഒരു പുതിയ, പുരോഗമനപരമായ പ്രത്യയശാസ്ത്രം അവതരിപ്പിച്ചുകൊണ്ട് യൂറോപ്യൻ നവോത്ഥാനം ഉദയം ചെയ്തത്. ജന്മിത്തത്തെയും മതാധിഷ്ഠിതമായ രാജവാഴ്ചയെയും എതിർത്ത യൂറോപ്യൻ നവോത്ഥാനത്തിന്റെ പ്രയോക്താക്കൾ, കാലഹരണപ്പെട്ട മതവിശ്വാസങ്ങളെയും മതാന്ധതയെയും നേരിടാൻ ആധുനിക ശാസ്ത്രത്തെയും അതിന്റെ ചിന്താഗതികളെയും ആയുധമാക്കി. ഭൗതികവാദം, യാന്ത്രിക ഭൗതികവാദം, അജ്ഞേയതാവാദം, മതേതരമാനവവാദം, ബൂർഷ്വാ മാനവവാദ സംസ്‌കാരം, ജനാധിപത്യ സംസ്‌ക്കാരം എന്നിവയെല്ലാം നവോത്ഥാനത്തിന്റെ വേലിയേറ്റത്തിൽ പ്രതിഫലിച്ചു. പ്രത്യയശാസ്ത്രരംഗത്തുണ്ടായ ഈ ശക്തമായ മുന്നേറ്റം നവോത്ഥാന പ്രസ്ഥാനത്തിലൂടെ യൂറോപ്പിനെയാകെ പ്രകമ്പനം കൊള്ളിച്ചു. ഇതിന്റെ സ്വാധീനത്തിൽ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയ്ക്കുവേണ്ടിയും രാജവാഴ്ചയുടെ സ്ഥാനത്ത് ജനാധിപത്യറിപ്പബ്ലിക് സ്ഥാപിക്കുന്നതിനുവേണ്ടിയുമുള്ള ഡിമാന്റുകൾ ഉയർത്തപ്പെട്ടു. ജനാധിപത്യറിപ്പബ്ലിക്കിൽ ജനങ്ങളാണ് ഭരണഘടനയും നിയമങ്ങളുമൊക്കെ നിർമ്മിക്കുന്നത്. ജനങ്ങൾ തെരഞ്ഞെടുക്കുന്ന പ്രതിനിധികൾ ഭരണഘടനപ്രകാരം ഭരണം നടത്തുന്നു. ജന്മിത്തവിരുദ്ധ, രാജവാഴ്ചവിരുദ്ധ ബൂർഷ്വാ വിപ്ലവമായിരുന്നു ഇത്. മുതലാളിത്തം അന്ന് പുരോഗമനപരവും ഊർജ്ജസ്വലവുമായിരുന്നു. ജനങ്ങൾക്കുവേണ്ടി ജനങ്ങൾ നടത്തുന്ന ജനങ്ങളുടെ ഭരണം എന്ന മുദ്രാവാക്യമുയർത്തപ്പെട്ടു. പഴക്കം ചെന്നതും കാലഹരണപ്പെട്ടതുമായ മതമൂല്യങ്ങളുടെയും ധാർമ്മിക തയുടെയും സ്ഥാനത്ത് പുതിയ മാനവവാദ മൂല്യങ്ങളും ധാർമ്മികതയും ഉയർന്നുവന്നു. മനുഷ്യസത്തയെ സംബന്ധിച്ച് ഒരു പുതിയ സങ്കൽപ്പം ഉദയം ചെയ്തു. ഈ പ്രസ്ഥാനത്തിന്റെ ഭാഗമായി യൂറോപ്പിൽ ശാസ്ത്രം, വിജ്ഞാനശാസ്ത്രം, തത്വചിന്ത, കല, സാഹിത്യം എന്നീ രംഗങ്ങളിലെല്ലാം പ്രമുഖ വ്യക്തിത്വങ്ങൾ പ്രത്യക്ഷപ്പെട്ടു. ഈ പാശ്ചാത്യനവോത്ഥാനത്തിന്റെ സ്വാധീനത്തിൽ നമ്മുടെ രാജ്യത്തും നവോത്ഥാന മുന്നേറ്റമുണ്ടായി. റാംമോഹൻ, വിദ്യാസാഗർ, ജ്യോതിറാവുഫൂലെ, പിന്നീട് രവീന്ദ്രനാഥ ടാഗോർ, ശരത്ചന്ദ്രചാറ്റർജി, പ്രേംചന്ദ്, നസ്രൂൾ, സുബ്രഹ്മണ്യഭാരതി എന്നിവരെല്ലാം ഇന്ത്യൻ നവോത്ഥാനത്തിന്റെ പ്രതിനിധികളായിരുന്നു. തുടർന്ന് രാഷ്ട്രീയരംഗത്ത് സി.ആർ.ദാസ്, ലാലാ ലജ്പത്‌റായ്, ബാലഗംഗാധര തിലകൻ, സുഭാഷ്ചന്ദ്രബോസ് ഉൾപ്പെടെ നിരവധി സ്വാതന്ത്ര്യസമര പോരാളികളെയും രക്തസാക്ഷികളെയും നമുക്ക് ലഭിച്ചു. അന്ന് സന്ധി മനോഭാവമുള്ള മുതലാളിവർഗ്ഗമായിരുന്നു നേതൃത്വത്തിലെങ്കിലും സ്വാതന്ത്ര്യസമരം സ്വഭാവഗുണവും മാനുഷിക മൂല്യങ്ങളും പ്രദാനം ചെയ്തു. എന്നാൽ, സ്വാതന്ത്ര്യസമരകാലത്തെ ബൂർഷ്വാ ദേശീയവാദ ആദർശങ്ങളും അത് പ്രദാനം ചെയ്ത നൈതിക-ധാർമ്മിക മൂല്യങ്ങളും ഇന്ന് അപ്രസക്തമായിരിക്കുന്നു. അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങൾ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയെങ്കിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അടിച്ചമർത്തൽ ഭരണത്തിന്റെ സ്ഥാനത്ത് സ്വന്തം ചൂഷണവാഴ്ച സ്ഥാപിക്കുക എന്നതായിരുന്നു സമരത്തിന് നേതൃത്വം കൊടുത്ത ദേശീയബൂർഷ്വാസിയുടെ അഥവാ ടാറ്റാ-ബിർളാമാരുടെ ലക്ഷ്യം. ഇതേക്കുറിച്ച് സുഭാഷ്ചന്ദ്രബോസും ഭഗത്‌സിംഗും ശരത്ചന്ദ്രചാറ്റർജിയും നസ്രുൾ ഇസ്‌ലാമുമെല്ലാം സമയോചിതം മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അത് ജനസാമാന്യത്തിലേയ്ക്ക് എത്തിയില്ല.

സാധാരണ ജനങ്ങൾക്ക് അന്നുമിന്നും രാഷ്ട്രീയത്തിൽ താല്പര്യമില്ല

നമ്മുടെ രാജ്യത്തെ സ്വാതന്ത്ര്യ സമരത്തിൽ വ്യത്യസ്തമായ രണ്ട് പ്രവണതകൾ ഉണ്ടായിരുന്നുവെന്ന്‌സഖാവ് ശിബ്ദാസ് ഘോഷ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിലൊന്ന് ഗാന്ധിജി നേതൃത്വം നൽകിയ സന്ധി മനോഭാവക്കാരുടെ ധാരയായിരുന്നു. മറ്റേത് ഖുദിറാമിൽ തുടങ്ങി ഭഗത്‌സിംഗിലും സുഭാഷ്ചന്ദ്ര ബോസിലും പൂർണ്ണതയിലെത്തിയ സന്ധിക്ക് തയ്യാറല്ലാത്ത വിപ്ലവധാരയായിരുന്നു. മുതലാളിത്ത വിരുദ്ധ തൊഴിലാളിവർഗ്ഗ വിപ്ലവത്തെ ഭയന്ന ദേശീയ മുതലാളിവർഗ്ഗം സ്വാതന്ത്ര്യ സമരത്തിന്റെ ഒരേയൊരു നേതൃത്വമെന്ന നിലയിൽ ഗാന്ധിജിയെയും കോൺഗ്രസ്സിനെയും ഉയർത്തിക്കാട്ടുന്നതിനായി ധാരാളം പണം ചെലവഴിച്ചു. ഗാന്ധിയന്മാർക്ക് മാദ്ധ്യമങ്ങൾ വ്യാപകമായ പ്രചാരം നൽകി. ബ്രിട്ടീഷ് സാമ്രാജ്യത്വവും ദേശീയ മുതലാളിവർഗ്ഗവും നിയന്ത്രിച്ച മാദ്ധ്യമങ്ങൾ സുഭാഷ്ചന്ദ്ര ബോസിനും വിപ്ലവധാരയ്ക്കും ഇടം നൽകിയതേയില്ല. അതിനാൽ, ഗാന്ധിജിയുടെയും ബോസിന്റെയും നിലപാടുകൾ തമ്മിലുള്ള വ്യത്യാസം ജനങ്ങൾക്ക് മനസ്സിലായില്ല. വിപ്ലവകാരികളുടെ കാഴ്ചപ്പാടുകൾ ജനങ്ങളിലൊട്ടെത്തിയതുമില്ല. അവർ ഗാന്ധിയൻ കോൺഗ്രസ്സിനെ അന്ധമായി പിന്തുണച്ചു. കോൺഗ്രസ്സ് നേതൃത്വവും അതാണ് ആഗ്രഹിച്ചത്. അങ്ങനെ ജനങ്ങൾക്ക് യഥാർത്ഥത്തിൽ രാഷ്ട്രീയം മനസ്സിലാക്കാനായില്ല. എല്ലാ പാർട്ടികളും ഒരുപോലെയാണെന്ന് ഇന്നും അവർ പരാതിപ്പെടുന്നു. എല്ലാവരും വഞ്ചകരാണ്. തെരഞ്ഞെടുപ്പിനുമുമ്പ് അവർ വാഗ്ദാനങ്ങൾ ചൊരിയുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാലാകട്ടെ ‘ലങ്കയിൽ ചെന്നവരെല്ലാം രാവണൻമാർ’ എന്ന സ്ഥിതിയാണ്. എന്നാൽ രാമായണ കഥയിൽ, ലങ്കയിൽ പോയ രാമൻ രാവണനായില്ല. ലക്ഷ്മണനും ഹനുമാനും സീതയും അങ്ങനെതന്നെ. രാമായണത്തിൽനിന്ന് ഒരു പാഠം മനസ്സിലാക്കാനുണ്ട്. അത്, സീതയ്ക്ക് രാവണനെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നെങ്കിൽ ലങ്കായുദ്ധം ഒഴിവാക്കാൻ കഴിയുമായിരുന്നു എന്നതാണ്. രാവണൻ ഒരു സന്യാസിയുടെ വേഷം ധരിച്ചാണ് സീതയെ കബളിപ്പിച്ചത്. അതുപോലെയാണ് സ്വാതന്ത്ര്യ സമരകാലത്ത് ജനങ്ങൾക്ക് കോൺഗ്രസ്സ് നേതൃത്വത്തെയും തിരിച്ചറിയാൻ കഴിയാതെപോയത്. ഖുദിറാമിനെയും ഭഗത്‌സിംഗിനെയുംമറ്റും ഗാന്ധിജിയോ കോൺഗ്രസ്സോ മാനിക്കാത്തതെന്താണെന്ന് അവർക്ക് മനസ്സിലായില്ല. സുഭാഷ് ചന്ദ്രബോസ് കോൺഗ്രസ്സ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവച്ചതും അദ്ദേഹത്തെ കോൺഗ്രസ്സിൽനിന്ന് സസ്‌പെന്റ് ചെയ്തതും എന്തിനാണെന്നും അവർക്ക് മനസ്സിലായില്ല.
അന്ന് സാധാരണ ജനങ്ങൾക്ക് രാഷ്ട്രീയത്തിൽ വലിയ താല്പര്യമില്ലായിരുന്നു. ഇന്നും സ്ഥിതി ഏതാണ്ടതുപോലെതന്നെ. രാഷ്ട്രീയ പാർട്ടികളുടെ നയപരിപാടികളൊന്നും അവർ ശ്രദ്ധിക്കുന്നില്ല. തങ്ങൾ വെറും സാധാരണക്കാർ. നേതാക്കളാണ് കാര്യങ്ങൾ തീരുമാനിക്കേണ്ടതെന്ന് അവർ കരുതുന്നു. ആരാണിന്നത്തെ നേതാക്കൾ? മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്നവരാണ് നേതാക്കൾ. സ്വാതന്ത്ര്യ സമരകാലത്ത് ഖുദിറാമിനെയൊ ഭഗത്‌സിംഗിനെയൊ സുഭാഷ് ചന്ദ്രബോസിനെയൊ കുറിച്ച് എഴുതാൻ തയ്യാറാകാതിരുന്ന പത്രങ്ങൾ ഗാന്ധിയന്മാർക്ക് നല്ല പ്രചാരണം കൊടുത്തിരുന്നു. അതുപോലെതന്നെ ശിബ്ദാസ് ഘോഷ് ചിന്തയ്ക്കും നമ്മുടെ പാർട്ടിയുടെ അഭിപ്രായങ്ങൾക്കും ഒരു പ്രചാരണവും മാദ്ധ്യമങ്ങൾ നൽകുന്നില്ല. അന്ന് വിപ്ലവധാരയെ ഭയപ്പെട്ടിരുന്ന മാദ്ധ്യമങ്ങൾ ഇന്ന് ശരിയായ വിപ്ലവ പ്രസ്ഥാനമെന്ന നിലയിൽ നമ്മുടെ പാർട്ടിയെയും ഭയക്കുന്നു. എന്നാൽ ജനങ്ങളിത് മനസ്സിലാക്കുന്നില്ല. ഏതാണ് ശരി ഏതാണ് തെറ്റ് എന്നൊന്നും അവർ പരിശോധിക്കുന്നില്ല. മാദ്ധ്യമങ്ങൾ ഉയർത്തിക്കാണിക്കുന്നവരെ അവർ നേതാക്കളായികരുതുന്നു. ‘വികസനം’,’പരിവർത്തനം’,’അച്ഛേദിൻ’,’ഗരീബി ഹഠാവോ’ തുടങ്ങിയ വഞ്ചനാപരമായ മുദ്രാവാക്യങ്ങളുയർത്തി വോട്ടുപിടിക്കുന്ന അധികാര മോഹികളായ നേതാക്കൾക്ക് മാദ്ധ്യമങ്ങൾ നല്ല പ്രചാരവും നൽകുന്നു. സ്വാഭാവികമായും ജനങ്ങൾ വഞ്ചിക്കപ്പെടുന്നു. ‘ജനങ്ങളുടെ ദാസൻ’ എന്ന കപട വേഷം ധരിച്ചെത്തുന്ന നേതാക്കൾ അങ്ങനെ ജനങ്ങളെ ആവർത്തിച്ച് കബളിപ്പിച്ചുകൊണ്ടിരിക്കുന്നു.
കാലഘട്ടം ആവശ്യപ്പെടുന്ന പുതിയ മൂല്യങ്ങൾ സഖാവ് ശിബ്ദാസ് ഘോഷ് പ്രദാനം ചെയ്തു
ഇന്ന് കൊച്ചുകുട്ടികൾ പോലും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാകുകയും രതി വൈകൃതങ്ങൾക്കും ലൈംഗിക അരാജകത്വത്തിനുമൊക്കെ ഇരയാകുകയും ചെയ്യുന്നത് അദ്ധ്യാപകരെയും രക്ഷിതാക്കളെയും ചിന്തിക്കുന്ന ഏതൊരാളെയും ആശങ്കാകുലരാക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്? ഈ നാടിന്റെ മഹത്തായ സന്താനങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ മായ്ച്ചുകളഞ്ഞ്, യുവാക്കളുടെ ധാർമ്മിക നട്ടെല്ലുതകർത്ത്, അവരെ അധഃപതനത്തിലേയ്ക്ക് തള്ളിയിടാൻ ഭരണ മുതലാളിവർഗ്ഗവും അവരെ സേവിക്കുന്ന രാഷ്ട്രീയപ്പാർട്ടികളും ഗൂഢനീക്കങ്ങൾ നടത്തുന്നതാണ് ഇങ്ങനെയൊക്ക സംഭവിക്കാനുള്ള ഒരു കാരണം. ഇനി രണ്ടാമത്തെ കാരണം നോക്കാം. അടിമത്ത വ്യവസ്ഥയിൽ മത ചിന്തകൾ പ്രചരിപ്പിച്ചവർക്ക് ഉടമകളിൽനിന്ന് കടുത്ത ആക്രമണങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. ചോര ചൊരിഞ്ഞും ജീവൻ നൽകിയുമൊക്കെയാണ് ഈ പ്രചാരകർ മതപരമായ ആശയങ്ങൾ പ്രചരിപ്പിച്ചത്. മതാടിസ്ഥാനത്തിലുള്ള ഒരു ഭരണക്രമം സ്ഥാപിച്ചെടുക്കുക, അതിനായി ജനങ്ങളെ ഉണർത്തിയെടുക്കുക, സമൂഹത്തിന് പൊതുവായ ക്ഷേമം പ്രദാനം ചെയ്യുക എന്നൊക്കെയാണ് അവർ ലക്ഷ്യംവച്ചത്. മതമൂല്യങ്ങൾ അന്ന് സമൂഹത്തിന് മാനുഷിക ഗുണങ്ങൾ നൽകി. എന്നാൽ പില്ക്കാലത്ത് രാജാക്കന്മാരും ഫ്യൂഡൽ പ്രഭുക്കളുമൊക്കെ മതത്തെ ആയുധമാക്കിക്കൊണ്ടും ദൈവത്തിന്റെ പ്രതിനിധികളായി സ്വയം അവതരിപ്പിച്ചുകൊണ്ടും ജനങ്ങളെ അടിച്ചമർത്താൻ തുടങ്ങി. അതോടെ മതത്തിന് അതിന്റെ പുരോഗമന സ്വഭാവം നഷ്ടപ്പെടുകയും മാനുഷിക മൂല്യങ്ങൾ ആർജ്ജിക്കുന്നതിൽ അത് ഒരു വിലങ്ങുതടിയാകുകയും ചെയ്തു. മതത്തിന്റെ പേരിൽ പിന്നീട് അരങ്ങേറിയതൊക്കെ അനീതിയും അനഭിമതങ്ങളായ ദൃശ്യങ്ങളും മാത്രമായിരുന്നു. ആ ചരിത്രസന്ധിയിലാണ് രാജവാഴ്ചയുടെ സ്ഥാനത്ത് ജനാധിപത്യ റിപ്പബ്ലിക് സ്ഥാപിക്കാൻ വേണ്ടിയുള്ള പോരാട്ടം ആരംഭിക്കുന്നത്. പഴയ മതമൂല്യങ്ങളുടെ സ്ഥാനത്ത് പുതിയ, പുരോഗമനപരമായ ബൂർഷ്വാ ജനാധിപത്യ, മാനവവാദ മൂല്യങ്ങൾ ഉയർന്നുവന്നു. മനുഷ്യസത്തയെ ഇത് പ്രചോദിപ്പിച്ചു. നമ്മുടെ സ്വാതന്ത്ര്യ സമരത്തിലും, സന്ധിമനോഭാവക്കാരും സന്ധിരഹിത മനോഭാവക്കാരുമായ ധാരകളുടെ സ്വാധീനത്തിലും ബൂർഷ്വാ ദേശീയവാദവും മാനവവാദവുമൊക്കെ മനുഷ്യന് പുതുമൂല്യങ്ങൾ പ്രദാനം ചെയ്തു. ബൂർഷ്വാസി അന്ന് സ്വന്തം വർഗ്ഗതാല്പര്യങ്ങൾ മുൻനിർത്തി സ്വാതന്ത്ര്യ സമരത്തെ പിന്തുണച്ചു. എന്നാൽ ഇന്ന് ഭരണവർഗ്ഗമെന്ന നിലയിൽ ‘ദേശീയ താല്പര്യ’ മെന്ന പേരിൽ അവർ ജനങ്ങളെ കൊള്ളയടിക്കുകയും അടിച്ചമർത്തുകയുമാണ് ചെയ്യുന്നത്. അതുകൊണ്ടാണ് മതത്തിന്റെയും ദേശീയവാദത്തിന്റെയും സ്വാധീനം വർദ്ധിക്കുന്നതിനനുസരിച്ച് ധാർമ്മികാധഃപതനവും ഏറിവരുന്നത്. മതമൂല്യങ്ങൾക്കും ബൂർഷ്വാ ദേശീയവാദത്തിനും ചരിത്രപരമായ കാരണങ്ങളാൽത്തന്നെ അതിന്റെ പുരോഗമനസ്വഭാവം നഷ്ടപ്പെട്ടിരിക്കുന്നു. ഇന്നത് ചൂഷണത്തിനും അടിച്ചമർത്തലിനും എതിരെ നിലകൊള്ളുന്നില്ലെന്നുമാത്രമല്ല അതിന് സഹായകമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നു. ഒരു കാലഘട്ടത്തിലെ മൂല്യവ്യവസ്ഥ കാലഹരണപ്പെടുകയും ഉയർന്നുവരുന്ന പുതിയ കാലത്തിന്റെ ആവശ്യകതയ്ക്ക് ഇണങ്ങാതെ വരികയും ചെയ്യുമ്പോൾ അത് സമൂഹത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുകയും അനീതിക്കും അടിച്ചമർത്തലിനും കൂട്ടുനിൽക്കുകയും ചെയ്യുന്നു. അപ്പോൾ പുതിയ കാലഘട്ടത്തിനിണങ്ങുന്ന പുതിയ മൂല്യങ്ങൾ സൃഷ്ടിച്ചെടുക്കേണ്ടത് ആവശ്യകതയായി മാറുന്നു. ഇന്ന് സമൂഹത്തിൽ കാണുന്ന മൂല്യ പ്രതിസന്ധിക്ക് കാരണം ഇതാണ്. ഇനി പുതിയതും ഉയർന്നതുമായ മൂല്യങ്ങളാണ് വേണ്ടത്. മുതലാളിത്ത വിരുദ്ധ തൊഴിലാളിവർഗ്ഗ വിപ്ലവ മൂല്യങ്ങൾക്കേ ഇനി സമൂഹത്തെ മുന്നോട്ട് നയിക്കാനാകൂ. ആ തൊഴിലാളിവർഗ്ഗ വിപ്ലവ മൂല്യങ്ങൾ നമുക്ക് പ്രദാനംചെയ്തത് മഹാനായ മാർക്‌സിസ്റ്റ് ചിന്തകൻ സഖാവ് ശിബ്ദാസ് ഘോഷാണ് എന്ന് ഊന്നിപ്പറയാൻ ഞാൻ ആഗ്രഹിക്കുന്നു. മതിയായ സംഘടനാശേഷി കൈവരിക്കാൻ കഴിയാത്തതിനാൽ എല്ലാവരിലേയ്ക്കും ആ മൂല്യങ്ങൾ കൊണ്ടെത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ, ശിബ്ദാസ് ഘോഷ് പഠിപ്പിച്ചതുപോലെ, ഉന്നത വ്യക്തിത്വങ്ങളുടെയും രക്തസാക്ഷികളുടെയുമൊക്കെ ജീവിതസമരത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളാൻ ഞങ്ങൾ ശ്രമിക്കുന്നു. നമ്മുടെ പ്രവർത്തകർക്ക് ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും ഉയർന്ന സ്വഭാവഗുണങ്ങൾ പുലർത്താൻ കഴിയുന്നത് അതിനാലാണ്. ഓരോ സഖാവും സഖാവ് ശിബ്ദാസ് ഘോഷിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച്, താൻ മനസ്സിലാക്കിയതുപോലെ ഉയർന്ന തൊഴിലാളിവർഗ്ഗ സംസ്‌കാരം ആർജ്ജിക്കാനും മറ്റുള്ളവരെ അതിലേക്കാകർഷിക്കാനുമുള്ള സമരത്തിലാണ്.

ഇത്തരമൊരു സ്വാതന്ത്ര്യത്തിനു വേണ്ടിയാണോ സ്വാതന്ത്ര്യസമര
സേനാനികളും രക്തസാക്ഷികളും പൊരുതിയത്?

നമ്മുടേത് ഒരു വർഗ്ഗ-വിഭജിത സമൂഹമാണെന്ന് മാർക്‌സിസത്തിന്റെ അടിസ്ഥാനത്തിൽ സഖാവ് ശിബ്ദാസ് ഘോഷ് ചൂണ്ടിക്കാണിച്ചു. മൂലധനവും കൂലിയും അഥവാ സമ്പന്നനും ദരിദ്രനും എന്ന നിലയിലാണ് ഈ വിഭജനം. സ്വാതന്ത്ര്യാനന്തരം എല്ലാവരുടേതുമായ ഒരു രാഷ്ട്രമോ ഏകമായ ദേശീയ താല്പര്യമോ ഇല്ല. ഒന്നുകിൽ ഭരണ മുതലാളിവർഗ്ഗത്തിന്റെ താല്പര്യം, അല്ലെങ്കിൽ തൊഴിലാളിവർഗ്ഗത്തിന്റെ താല്പര്യമേ ഉള്ളൂ. അതായത് അടിച്ചമർത്തുന്നവന്റെയും അടിച്ചമർത്തപ്പെടുന്നവന്റെയും താല്പര്യം മാത്രം. ഈ വസ്തുനിഷ്ഠ യാഥാർത്ഥ്യത്തിന്റെ കാഴ്ചപ്പാടിൽ വേണം നമ്മൾ എല്ലാറ്റിനെയും നോക്കിക്കാണാൻ. പാർട്ടികളെയും ഇങ്ങനെതന്നെ വേണം വീക്ഷിക്കാൻ. ഏതൊരു പാർട്ടിയും മുതലാളിവർഗ്ഗത്തിന്റെഅല്ലെങ്കിൽ തൊഴിലാളിവർഗ്ഗത്തിന്റെ പാർട്ടി ആയിരിക്കും. ഇക്കാര്യത്തിലും വർഗ്ഗവീക്ഷണം തന്നെ പിന്തുടരണം. മുതലാളിമാർ അനുനിമിഷം ജനങ്ങളെ കൊള്ളയടിച്ച് പണമുണ്ടാക്കുകയും അവരെ തെരുവുതെണ്ടികളാക്കി മാറ്റുകയും ചെയ്യുന്നു. ദേശാതിർത്തികൾ തകരണമെന്നും ആശയങ്ങളുടെ മുനയൊടിയണമെന്നും ബുദ്ധിയും വിവേകവുമൊക്കെ തുടച്ചുനീക്കണമെന്നുമാണ് അവർ ആഗ്രഹിക്കുന്നത്. ഒന്നിനെയും ആരും എതിർക്കുകയോ ചോദ്യം ചെയ്യുകയോ അരുത്. സ്വന്തം അവകാശങ്ങളെക്കുറിച്ച് ആർക്കും ധാരണയുണ്ടാകരുത്. ജനങ്ങളെ സ്വാർത്ഥരും ദുരാഗ്രഹികളും മനുഷ്യത്വമില്ലത്തവരുമാക്കാനാണ് അവർ ശ്രമിക്കുന്നത്. മുതലാളിവർഗ്ഗത്തെ സേവിക്കുന്ന പാർട്ടികൾ, അത് ബിജെപിയോ കോൺഗ്രസ്സോ ആരുമാകട്ടെ, ജനങ്ങളെ അപമാനവീകരിക്കുക എന്ന ഈ ദൗത്യമാണ് നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് നമ്മൾ നിരന്തരം അവരെ എതിർക്കുന്നത്. ബംഗാളിൽ തൃണമൂൽ കോൺഗ്രസ്സും ഇത്തരത്തിൽ മുതലാളിവർഗ്ഗ സേവയാണ് നടത്തുന്നത്. തെരഞ്ഞെടുപ്പിൽ വോട്ടുപിടിക്കുന്നതിനായി അവർ ‘കന്യാശ്രീ’ പദ്ധതി നടപ്പിലാക്കുന്നു. എന്നാൽ ദിനംപ്രതി എത്ര പെൺകുട്ടികളാണ് ചികിത്സ കിട്ടാതെ മരിക്കുന്നതെന്ന്, എത്ര സ്ത്രീകളാണ് മാനഭംഗത്തിന് ഇരയായിക്കൊണ്ടിരിക്കുന്നതെന്ന്, എത്ര പെൺകുട്ടികളെയാണ് ബംഗാളിൽനിന്ന് പെൺവാണിഭ സംഘങ്ങൾ കടത്തിക്കൊണ്ടുപോകുന്നതെന്ന് തൃണമൂൽ കോൺഗ്രസ്സിനെ നയിക്കുന്ന മമതാ ബാനർജിക്കറിയാമോ? ക്ലബ്ബുകൾക്കും മറ്റും ചില്ലറ ആനുകൂല്യങ്ങൾ നൽകുമ്പോൾ, കന്യാശ്രീ, യുവശ്രീ പദ്ധതികൾ കെട്ടിയെഴുന്നള്ളിക്കുമ്പോൾ, മേളകളും ആഘോഷങ്ങളുമൊക്കെ സംഘടിപ്പിച്ച് പണം ധൂർത്തടിക്കുമ്പോൾ, കോടിക്കണക്കിന് രൂപയുടെ കട ബാദ്ധ്യതയാണ് സംസ്ഥാന സർക്കാർ വരുത്തിവച്ചിരിക്കുന്നത്. കള്ളപ്പണം നൂറുദിവസത്തിനുള്ളിൽ കണ്ടുകെട്ടുമെന്നും ഓരോരുത്തർക്കും 15ലക്ഷം രൂപ വീതം നൽകുമെന്നും തെരഞ്ഞെടുപ്പിന് മുമ്പ് നരേന്ദ്രമോദി പറഞ്ഞിരുന്നു. എന്നിട്ട് ആ വാഗ്ദാനം പാലിച്ചോ? ആരാണ് കള്ളപ്പണം കൈകാര്യം ചെയ്യുന്നത്. സാധാരണക്കാരോ തൊഴിലാളികളോ ആണോ? നികുതി വെട്ടിക്കുന്നതിനായി വമ്പന്മാരും കുത്തകകളുമൊക്കെയാണ് കള്ളപ്പണം ഉണ്ടാക്കുന്നത്. ബൂർഷ്വാ പാർട്ടികളെ തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കാൻ ഈ കള്ളപ്പണമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് ഈ പാർട്ടികളുടെ നേതാക്കൾ അധികാരത്തിലെത്തുമ്പോൾ കള്ളപ്പണക്കാരെ സ്പർശിക്കാൻപോലും ഭയക്കുന്നത്.
ഈ മുതലാളിത്തം ജനങ്ങളുടെ ശത്രുവാണ്. നമ്മുടെ രാജ്യത്ത് എന്ത് പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്? രാജ്യത്താകെയുള്ള 121 കോടി ജനങ്ങളിൽ 65 കോടിയും തൊഴിൽ രഹിതരാണെന്ന് ഇന്ത്യൻ പ്രസിഡന്റ് തന്നെ സമ്മതിച്ചിട്ടുണ്ട്. 77 ശതമാനം ആളുകൾ 20 രൂപ പോലും പ്രതിദിനം ചെലവഴിക്കാനില്ലാത്ത, ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ളവരാണെന്നും ഔദ്യോഗിക കണക്കുകൾ പറയുന്നു. ഇതാണ് രാജ്യം നേടിയ വികസനം. എന്നാൽ അംബാനി, ടാറ്റ, ബിർള, ഗോയങ്ക, അദാനിമാർക്കൊക്കെ ശതകോടികൾ കുമിഞ്ഞുകൂട്ടുകയാണ്. അവരുടെയൊക്കെ ആസ്തികൾ നിരന്തരം പെരുകിക്കൊണ്ടിരിക്കുന്നു. കേന്ദ്ര ഗവണ്മെന്റ് കടത്തിലാണ്. 69 ലക്ഷം കോടി രൂപയാണ് ഇപ്പോൾ കടം. ബജറ്റ് കമ്മി 5,55,000 കോടി രൂപയാണ്. എന്നിട്ടും മുതലാളിമാർക്ക് 4 ലക്ഷം കോടി രൂപയുടെ നികുതി ഇളവുകൾ നൽകി. ഇതേ കുത്തകകൾതന്നെ ദേശസാൽകൃത ബാങ്കുകളിൽ നിന്നെടുത്ത വായ്പകളുടെ തിരിച്ചടവിൽ 8 ലക്ഷം കോടി രൂപയുടെ വീഴ്ച വരുത്തിയിരിക്കുന്നു. സർക്കാർ ഖജനാവിൽനിന്ന് പണമെടുത്ത് ബാങ്കുകൾക്ക് നൽകി ഗവണ്മെന്റ് ഈ ബാദ്ധ്യതകളും ഏറ്റെടുക്കുന്നു. അപ്പോൾ ആരുടെ ഗവണ്മെന്റാണിത്? ആർക്കാണിത് ‘അച്ഛേദിൻ’ അഥവാ നല്ല ദിനങ്ങൾ സമ്മാനിച്ചിരിക്കുന്നത്? ഏതാനും ദിവസങ്ങൾ കഴിഞ്ഞാൽ സ്വാതന്ത്ര്യദിനം ആഘോഷപൂർവ്വം കൊണ്ടാടും. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ രാജകീയ സദ്യ കഴിച്ച് വൻകിട ബിസിനസ്സുകാരും മന്ത്രിമാരും നേതാക്കളുമൊക്കെ സ്വാതന്ത്ര്യദിനം ആഘോഷിക്കും. എന്നാൽ മറുവശത്ത്, ഈ സദ്യയുടെ എച്ചിൽക്കൂനയിൽ ആയിരക്കണക്കിന് കുഞ്ഞുങ്ങൾ വിശപ്പടക്കാൻവേണ്ടി പരതുന്ന ഹൃദയഭേദകമായ കാഴ്ചയും നമുക്ക് കാണാൻ സാധിക്കും. ഇവ്വിധമൊരു സ്വാതന്ത്ര്യത്തിനുവേണ്ടിയാണോ സ്വാതന്ത്ര്യ സമരസേനാനികളും രക്തസാക്ഷിത്വം വരിച്ചവരുമൊക്കെ പൊരുതിയത്? കടക്കെണിയിൽപ്പെട്ട് ലക്ഷക്കണക്കിന് സാധാരണക്കാർ ജീവനൊടുക്കുമ്പോൾ, ‘ആത്മഹത്യ ഇന്നൊരു ഫാഷനായിട്ടുണ്ട്’ എന്നുപറഞ്ഞ് ബിജെപി മന്ത്രി അവരെ പരിഹസിക്കുന്നു. ദരിദ്രന്റെ ദുരിതങ്ങളെ ഇവ്വിധം പരിഹസിക്കണമെങ്കിൽ ഈ നേതാക്കന്മാരൊക്കെ എത്രത്തോളം ക്രൂരന്മാരായിരിക്കണം?

തെരഞ്ഞെടുപ്പുകളുടെ സ്വഭാവം

തെരഞ്ഞെടുപ്പ് ഇന്ന് കോടികളുടെ കളിയാണ്. ഈ വോട്ടുകച്ചവടക്കാർ എല്ലാ മാനുഷികഗുണങ്ങളും തകർത്ത് ആർത്തിയും സ്വാർത്ഥമോഹങ്ങളും വളർത്തി, ജനങ്ങളുടെ അഭിമാനബോധം തന്നെ കെടുത്തിക്കളഞ്ഞിരിക്കുന്നു. പണം തരുന്ന പാർട്ടിക്ക് വോട്ടുചെയ്യാം എന്നൊരു മനോഭാവത്തിലേയ്ക്ക് ജനങ്ങളെ ഇവർ അധഃപതിപ്പിച്ചിരിക്കുന്നു. യുവാക്കളുടെയിടയിലും, പണത്തിനും മദ്യത്തിനും വേണ്ടിയുള്ള ഒരു ഏർപ്പാടായി ഇലക്ഷൻ മാറിയിട്ടുണ്ട്. കൂടുതൽ പണം തരുന്നവരുടെ കൊടി പിടിക്കാൻ അവർ തയ്യാറാകുന്നു. ബൂർഷ്വാ രാഷ്ട്രീയത്തിന്റെ ഇന്നത്തെ സ്ഥിതി ഇതാണ്. സ്വന്തം മനസ്സാക്ഷിയാണ് ഇതിലൂടെ വിൽക്കുന്നതെന്ന് അവർ ചിന്തിക്കുന്നില്ല. എന്തിനാണ് നേതാക്കൾ പണം തരുന്നത്, എവിടെ നിന്നാണവർക്ക് പണം കിട്ടുന്നത്? അവർ നല്ല കാര്യങ്ങളാണ് ചെയ്തതെങ്കിൽ ജനങ്ങൾ സ്വമേധയാ അവർക്ക് വോട്ടു ചെയ്യുമായിരുന്നല്ലോ? അതല്ല സ്ഥിതിയെന്നും വോട്ട് കിട്ടില്ലെന്നും ഉറപ്പുള്ളതുകൊണ്ടാണ് അവർ വോട്ട് വിലയ്ക്ക് വാങ്ങിക്കാൻ തയ്യാറാകുന്നത്. ആരാണ് ഈ പണമെല്ലാം ഇവർക്ക് നൽകുന്നത്? കുത്തകകളും ബിസിനസ്സുകാരും കള്ളപ്പണക്കാരും റിയൽ എസ്റ്റേറ്റ് ഇടപാടുകാരും ഒക്കെത്തന്നെ. അവർ ആഗ്രഹിക്കുന്ന പാർട്ടി അധികാരത്തിലെത്തിയാൽ അവർക്ക് യഥേഷ്ടം ജനങ്ങളെ കൊള്ളയടിക്കാം എന്നതുതന്നെ കാരണം. അതായത,് വോട്ടിനുവേണ്ടി തുച്ഛമായ ആനുകൂല്യങ്ങൾ പറ്റുന്നവർ തുടർന്ന് ദീർഘകാലത്തേയ്ക്ക് കൊള്ളയടിക്കപ്പെടുന്നു. സ്വാതന്ത്ര്യ സമരകാലത്ത് രാഷ്ട്രീയം ത്യാഗമായിരുന്നു. സ്വകാര്യമായ ഒരു നേട്ടവും ലക്ഷ്യം വയ്ക്കാതെ, കുടുംബത്തിൽ ഒതുങ്ങിക്കൂടാതെ, സാമൂഹ്യ കടമകൾ നിറവേറ്റാനായി ജയിലിൽ പോകാനും കഴുമരത്തിലേറാനുമൊക്കെ അന്നവർ തയ്യാറായി. ”എനിക്ക് രക്തം തരൂ, ഞാൻ സ്വാതന്ത്ര്യം തരാം” , എന്നാണ് സുഭാഷ് ചന്ദ്രബോസ് പറഞ്ഞത്. അന്ന് രാഷ്ട്രീയത്തിന്റെ സ്വഭാവമിതായിരുന്നു. ഇന്നാകട്ടെ, എവ്വിധവും എംഎൽഎയും എംപിയും മന്ത്രിയുമൊക്കെ ആകുക, മുതലാളി വർഗ്ഗത്തിന് വിടുപണി ചെയ്യുക എന്ന ഒറ്റ ലക്ഷ്യമേ ദുരാഗ്രഹികളായ നേതാക്കൾക്കുള്ളൂ. അതിനായി മുതലാളിമാരിൽ നിന്ന് പണം തരപ്പെടുത്തി അവർ വോട്ടർമാരെ വിലയ്‌ക്കെടുക്കുന്നു. പുതിയ തലമുറയുടെ ചിന്താശേഷിയും മൂല്യങ്ങളും തകർത്ത ഇക്കൂട്ടർക്കറിയാം പണമെറിഞ്ഞാൽ യുവാക്കളെ വിലയ്‌ക്കെടുക്കാൻ കഴിയുമെന്ന്. യുവാക്കൾ അങ്ങനെ വിലയ്ക്കു വാങ്ങാവുന്ന ചരക്കുകളായി അധഃപതിച്ചിരിക്കുന്നു.രാഷ്ട്രീയം അങ്ങനെ ഭാഗ്യാന്വേഷണമായിത്തീർന്നിരിക്കുന്നു. ഒരു വശത്ത് മുതലാളിമാർ ജനങ്ങളെ പിഴിഞ്ഞൂറ്റി കോടികൾ സമ്പാദിക്കുന്നു. കരിഞ്ചന്തയും പൂഴ്ത്തിവയ്പും ഉൾപ്പെടെയുള്ള എല്ലാ അധാർമ്മിക മാർഗ്ഗങ്ങളും ഇതിനായി അവലംബിക്കുന്നു. മറുവശത്ത് രാഷ്ട്രീയക്കാർ എംഎൽഎ മാരും എംപിമാരും മന്ത്രിമാരുമൊക്കെയായി വൻതോതിൽ ധനം സമ്പാദിക്കുന്നു. നമ്മുടെ എംപിമാരിൽ 80 ശതമാനവും കോടീശ്വരന്മാരാണ്. അവരാണ് പട്ടിണിപ്പാവങ്ങളായ അനേകായിരങ്ങളുടെ പ്രതിനിധികൾ. യാതൊരു നിക്ഷേപവും നടത്താതെ കോടികൾ കൊയ്‌തെടുക്കുന്ന ബിസിനസ്സാണ് ഇവർക്ക് രാഷ്ട്രീയപ്രവർത്തനം. ഒരു മാസം 1.4 ലക്ഷം രൂപയാണ് ഒരു എംപിയുടെ വരുമാനം. അതുകൊണ്ട് അവർക്ക് കുടുംബം പുലർത്താൻ കഴിയുന്നില്ല എന്നാണിപ്പോൾ വിലപിക്കുന്നത്. അതുകൊണ്ട് ഈ തുക ഇരട്ടിയാക്കാനുള്ള നിർദ്ദേശമാണ് ഇപ്പോൾ മുന്നോട്ടുവച്ചിട്ടുള്ളത്. ‘ദേശസ്‌നേഹികൾ’ , ‘ജനസേവകർ’ എന്നൊക്കെ സ്വയം വിശേഷിപ്പിക്കുന്നതിന് ഇക്കൂട്ടർക്ക് യാതൊരു ഉളുപ്പുമില്ലതാനും.

സിപിഐ(എം)ന്റെ പങ്ക്

1950കളിലും 60കളിലും ഇടതുപക്ഷ രാഷ്ട്രീയത്തിൽ ത്യാഗമനോഭാവം സ്വാധീനം ചെലുത്തിയിരുന്നു. അന്ന് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയേ ഉണ്ടായിരുന്നുള്ളൂ. അവർ യഥാർത്ഥ കമ്മ്യൂണിസ്റ്റുകളായിരുന്നില്ലെങ്കിലും ഇടതുപക്ഷ സമരപാതയാണ് അവർ പിന്തുടർന്നിരുന്നത്. പോലീസിന്റെ അതിക്രമങ്ങളെ നേരിടാനും ജയിലിൽ പോകാനുമൊക്കെ അന്നവർ തയ്യാറായി. എന്നാൽ ദീർഘമായ 34 വർഷം ബംഗാൾ ഭരിച്ചപ്പോൾ അവർ ഇടതുപക്ഷ രാഷ്ട്രീയത്തിന് അളവറ്റ ഹാനി വരുത്തിവച്ചു. ഒരു വശത്ത് ഇടതുപക്ഷ പാരമ്പര്യത്തിന് ക്ഷതമേൽപ്പിക്കുകയും മറുവശത്ത് മുതലാളിവർഗ്ഗ താല്പര്യം മുൻനിർത്തി ജനാധിപത്യ സമരങ്ങളെ അടിച്ചമർത്തുകയും ചെയ്തു. ചണമിൽ തൊഴിലാളികളുടെയും തുറമുഖ തൊഴിലാളികളുടെയും കർഷകരുടെയും നേർക്ക് അവർ നിറയൊഴിച്ചു. സിംഗൂരിലെ കർഷകരുടെ നേർക്ക് അരങ്ങേറിയത് തികഞ്ഞ കാടത്തമായിരുന്നു. നന്ദിഗ്രാമിൽ സമരം ചെയ്ത കർഷകരെ അവർ കൂട്ടക്കൊല ചെയ്തു, സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കാൻ പോലും തയ്യാറായി. ഇക്കാര്യങ്ങളൊക്കെ നിങ്ങൾക്കറിയാം. ഇവ്വിധ ചെയ്തികളിലൂടെ മുതലാളിവർഗ്ഗത്തെ തൃപ്തിപ്പെടുത്തിക്കൊണ്ടാണവർ 34 വർഷം തുടർച്ചയായി ബംഗാൾ ഭരിച്ചത്.
മാനുഷിക ഗുണങ്ങളും നൈതിക-സദാചാര നിലവാരവും തകർക്കാനാണ് മുതലാളിത്തം ആഗ്രഹിക്കുന്നത്. സിപിഐ(എം) ചെയ്തതും അതുതന്നെ. വ്യക്തിപരമായ നേട്ടങ്ങൾ ഉറപ്പാക്കി അണികളുടെ എണ്ണം വർദ്ധിപ്പിക്കുന്ന രീതിയും അവർ അവലംബിക്കുന്നു. ലൈസൻസ്, പെർമിറ്റ്, ജോലി, കോൺട്രാക്ട്, സ്ഥാനക്കയറ്റം, പ്രൊഫസർ പദവി, യോഗ്യതയില്ലാത്തവർക്കും വൈസ് ചാൻസലർസ്ഥാനം, ഇഷ്ടമുള്ള സ്ഥലത്തേയ്ക്ക് സ്ഥലം മാറ്റം തുടങ്ങിയവയൊക്കെ ഈ ഗണത്തിൽപെടും. പണവും ജോലിയുമൊക്കെ വാഗ്ദാനം ചെയ്തും അവർ എണ്ണം വർദ്ധിപ്പിക്കുന്നു. ഉപകാരങ്ങൾ ചെയ്യുന്നതിന്റെയും അനർഹമായ നേട്ടങ്ങൾ ഉറപ്പാക്കുന്നതിന്റെയും ശൈലി ബംഗാളിൽ നടപ്പാക്കിയത് സിപിഐ(എം) തന്നെയാണ്. ടിഎംസി ഇപ്പോൾ ആ പാത പിന്തുടരുന്നുവെന്നുമാത്രം.

ടിഎംസിയുടേത് സിപിഐ(എം)  ഭരണത്തിന്റെ തനിപ്പകർപ്പ്

‘പരിവർത്തനം’ എന്ന മുദ്രാവാക്യവുമായി തൃണമൂൽ കോൺഗ്രസ്സ് നടത്തുന്ന ഭരണം ഇക്കാലമത്രയും സിപിഐ(എം) ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ തന്നെയാണ്. സിപിഐ(എം) എല്ലാക്കാര്യങ്ങളും കൃത്യമായി ആസൂത്രണം ചെയ്ത് വിദഗ്ദ്ധമായി നടപ്പിലാക്കിയിരുന്നു. തൃണമൂൽ കോൺഗ്രസ്സിന് അത്ര വൈദഗ്ദ്ധ്യമില്ലാത്തതുകൊണ്ട് പലപ്പോഴും ബുദ്ധിശൂന്യമായി കാര്യങ്ങൾ ചെയ്യുകയും കയ്യോടെ പിടിക്കപ്പെടുകയും ചെയ്യുന്നു എന്ന വ്യത്യാസമേ ഉള്ളൂ. ഏതാനും ചിലർ ചെയ്യുന്ന കുഴപ്പങ്ങൾ മൂലമാണ് തനിക്ക് അപഖ്യാതിയുണ്ടാകുന്നതെന്ന് മമതാ ബാനർജി അടുത്തിടെ വിലപിക്കുകയുണ്ടായി. ഏതാനും ചിലർ മാത്രമാണത്രേ കുഴപ്പങ്ങളെല്ലാം ഉണ്ടാക്കുന്നത്. അവർക്കുതന്നെ ഇതിൽ വിശ്വാസമുണ്ടോ? ഏതാനും ചിലരൊഴികെ തൃണമൂൽ കോൺഗ്രസ്സിലെ മുഴുവൻ നേതാക്കളും പകൽ കൊള്ളക്കാരും ഗൂഢസംഘക്കാരുമായി മാറിയിരിക്കുന്നു എന്നതാണ് വസ്തുത. ഇതിന് ടിഎംസിയേക്കാൾ സിപിഐ(എം)നാണ് കൂടുതൽ ഉത്തരവാദിത്വം. ഗൂഢസംഘങ്ങളുമായിച്ചേർന്നുള്ള ഭരണവും കവർച്ചയുമൊക്കെ നടപ്പിലാക്കിയത് സിപിഐ(എം) ഭരണകാലത്താണ്. ടിഎംസി അവരുടെ പാത പിന്തുടരുന്നു എന്നുമാത്രം. ഈ കൊള്ള സംഘങ്ങളുടെയും പിടിച്ചുപറിക്കാരുടെയുമൊക്കെ പിന്തുണയില്ലാതെ ഇവർക്കൊന്നും തെരഞ്ഞെടുപ്പിൽ ജയിച്ചുവരാനാകില്ല എന്നതുതന്നെ കാരണം. റിയൽ എസ്റ്റേറ്റ് മാഫിയകളെ കൈകാര്യം ചെയ്യുമെന്ന് മമതാ ബാനർജി പ്രഖ്യാപിക്കുമ്പോൾ ഈ മാഫിയകൾ അത് പുച്ഛിച്ചുതള്ളുന്നു. ഇതൊക്കെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നേതാക്കളുടെ തന്ത്രം മാത്രമാണെന്നവർ പറയുന്നു. നേതാക്കൾ അവരുടെ പണി ചെയ്യട്ടെ, ഞങ്ങൾ ഞങ്ങളുടെ പണിയും ചെയ്യും എന്നാണവരുടെ നിലപാട്. തെറ്റ് ചെയ്താൽ തന്നെപ്പോലും വെറുതെ വിടരുതെന്നാണ് മുഖ്യമന്ത്രി മമതാ ബാനർജി കഴിഞ്ഞ ദിവസം പോലീസിനെ ഉദ്‌ബോധിപ്പിച്ചത്. ഇതൊക്കെ കേൾക്കുമ്പോൾ പോലീസ് ഉദ്യോഗസ്ഥർ എന്തു ചെയ്യണം? എല്ലാം കേട്ട് മന്ദഹസിച്ച് സ്ഥലം വിടണം. മുഖ്യമന്ത്രി ഇങ്ങനെയൊക്കെ പ്രഖ്യാപിച്ച സ്ഥിതിക്ക് ഇനി ബംഗാളിൽ കൊള്ളയും കൊള്ളിവയ്പും തട്ടിപ്പും ബലാൽസംഗവുമൊന്നും ഉണ്ടാകില്ല എന്ന് നിങ്ങൾ കരുതിയേക്കാം! മുഖ്യമന്ത്രിയെപ്പോലും വെറുതെ വിടരുതെന്നല്ലേ പറയുന്നത്? പിന്നെങ്ങനെയാണ് ക്രിമിനലുകൾക്ക് എന്തെങ്കിലും ചെയ്യാൻ ധൈര്യമുണ്ടാകുക! പ്രധാനമന്ത്രി മുതൽ താഴോട്ടുള്ള എല്ലാ ഭരണാധികാരികളും ഇത്തരം വഞ്ചനയും കാപട്യവുമൊക്കെ കാണിക്കാറുണ്ട്. ക്രിമിനലുകളെ നമുക്ക് എളുപ്പത്തിൽ തിരിച്ചറിയാം. എന്നാൽ ഈ വഞ്ചകരെ പെട്ടെന്ന് തിരിച്ചറിയാനാവില്ല. ഒരു കാലത്ത് രാഷ്ട്രീയത്തിന്റെ കുറ്റവൽക്കരണം അഥവാ കുറ്റവാളികൾ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നു എന്നതായിരുന്നു ചർച്ചാവിഷയം. എന്നാൽ വോട്ടുരാഷ്ട്രീയം കളിക്കുന്ന, അധികാര മോഹികളായ രാഷ്ട്രീയ നേതാക്കളാണ് യുവാക്കളെ കുറ്റവാളികളാക്കുന്നത് എന്നതാണ് ഞങ്ങളുടെ അഭിപ്രായം. പക്ഷേ അവർ രാജ്യ സേവകരുടെ വേഷംകെട്ടി ജനങ്ങളെ കബളിപ്പിക്കുന്നു എന്നുമാത്രം.

സിപിഐ(എം) ചിന്തിക്കണം

സിപിഐ(എം) നേതാക്കളോട് എനിക്ക് പറയാനുള്ളത്, ഞങ്ങൾ പറയുന്നത് നിങ്ങൾ ചെവിക്കൊള്ളുന്നില്ല എന്നകാര്യമാണ്. കഴിഞ്ഞ 34 വർഷം നിങ്ങൾ ഈ സംസ്ഥാനം ഭരിച്ചു. ഈ കാലയളവിൽ എപ്പോഴെങ്കിലും ഇടതുപക്ഷ പാത പിന്തുടരാൻ നിങ്ങൾ തയ്യാറായിട്ടുണ്ടോ? മഹാനായ ലെനിന്റെ പാഠങ്ങളുടെ അടിസ്ഥാനത്തിൽ സഖാവ് ശിബ്ദാസ് ഘോഷ് മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ, അതായത്, വർഗ്ഗ ബഹുജന സമരങ്ങൾ ശക്തിപ്പെടുത്തുക, ജനങ്ങളിൽ ഇടതുപക്ഷ ചിന്താഗതി വളർത്തുക, മനുഷ്യത്വത്തിന് ഊന്നൽ നൽകുക, സ്വജനപക്ഷപാതവും അഴിമതിയും മുഷ്‌കും വെടിയുക, ജനങ്ങളെ വിരട്ടുന്നതും ഭീകരതയഴിച്ചുവിടുന്നതും ഒഴിവാക്കുക, പോലീസിനെ ഉപയോഗിച്ച് സാമൂഹ്യ വിരുദ്ധരുമായി ചങ്ങാത്തം സ്ഥാപിച്ച് കാര്യങ്ങൾ ചെയ്യുന്നത് അവസാനിപ്പിക്കുക തുടങ്ങിയവയൊക്കെ നടപ്പിലാക്കിയിരുന്നെങ്കിൽ ഇന്ന് നിങ്ങളുടെ പാർട്ടിക്ക് ഇങ്ങനെയൊരു ഗതികേട് വരുമായിരുന്നോ? നിങ്ങൾക്ക് മൂന്ന് നാല് ലക്ഷം അംഗങ്ങളുണ്ട്. മുന്നണി സംഘടനകളുടെ അംഗത്വംകൂടി കണക്കിലെടുത്താൽ കോടിക്കണക്കിനാളുകളിൽ നിങ്ങൾക്ക് സ്വാധീനമുണ്ട്. എന്നാൽ അധികാരം നഷ്ടപ്പെട്ടതോടെ എല്ലാം ആവിയായിപ്പോയി. ഇവരൊക്കെ എവിടെപ്പോയി? എന്തുകൊണ്ടവർ പോയി? നിങ്ങൾ എപ്പോഴെങ്കിലും അതേക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? എല്ലാം അധികാരശക്തിയെ ആശ്രയിച്ചാണ് നിങ്ങൾ ചെയ്തത്. അധികാരം നിങ്ങൾക്ക് തേൻകുടമായിരുന്നു. മാർക്‌സിസം പോയിട്ട് ഇടതുപക്ഷീയതപോലും നിങ്ങൾ ഊട്ടിവളർത്തിയില്ല. എല്ലാവരെയും പ്രലോഭിപ്പിച്ച് നിങ്ങൾ കൊണ്ടുനടന്നു. ഒരിക്കൽ നിങ്ങളും സമരപാതയിലായിരുന്നു. 1960കളിൽ, എന്തിന് 1972ൽ പോലും സിപിഐ(എം) പ്രവർത്തകർക്കുണ്ടായിരുന്ന വീര്യവും ധൈര്യവുമൊക്കെ എങ്ങനെ അപ്രത്യക്ഷമായി?
ഏകാധിപത്യ കോൺഗ്രസ്സിന്
സിപിഐ(എം) ജനാധിപത്യ പരിവേഷം ചാർത്തുന്നു
ഇന്ന് നിങ്ങൾക്ക് നിവർന്ന് നിൽക്കാൻ കോൺഗ്രസ്സിന്റെ താങ്ങ് ആവശ്യമായിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ബൂർഷ്വാ പാർട്ടികളിലൊന്നാണ് ഈ കോൺഗ്രസ്സ്. ജനങ്ങളുടെ ചോരയൂറ്റിയെടുത്ത് അവർ ദീർഘകാലം മുതലാളിത്തത്തെ ശക്തിപ്പെടുത്തി. 1952നും 1966നുമിടയക്ക് ഇതേ കോൺഗ്രസ്സാണ് ബംഗാളിനെ ചോരയിൽ മുക്കിയത്. നിങ്ങൾ മറന്നിട്ടുണ്ടാകും. പക്ഷേ ഞങ്ങൾ മറന്നിട്ടില്ല. 1959ൽ നടന്ന ഭക്ഷ്യസമരത്തിലെ രക്തസാക്ഷികൾക്ക് ആഗസ്റ്റ് 31ന് നിങ്ങൾ പുഷ്പചക്രം സമർപ്പിക്കുന്നു. എന്നാൽ ആരുടെ വെടിയുണ്ടയേറ്റാണ് അവർ രക്തസാക്ഷികളായതെന്ന് നിങ്ങൾ മറന്നുപോയോ? ആ കോൺഗ്രസ്സിനെയാണ് നിങ്ങൾ ‘ജനാധിപത്യ വാദി’കളായി ചിത്രീകരിക്കുന്നത്; മിസ, ടാഡ, എസ്മ, നാസ, അഫ്‌സ്പ തുടങ്ങിയ കരിനിയമങ്ങൾ ആവിഷ്‌കരിച്ച, രാജ്യത്ത് അടിയന്തരാവസ്ഥ അടിച്ചേല്പിച്ച അതേ കോൺഗ്രസ്സിനെ.

കോൺഗ്രസ്സ് ഒരിക്കലും  മതേതരമായിരുന്നില്ല

കോൺഗ്രസ്സ് എന്നെങ്കിലും മതേതരമായിരുന്നോ? വിദ്യാസാഗർ, ശരത്ചന്ദ്രൻ, ഭഗത്‌സിംഗ് എന്നിവരൊക്കെ തത്വചിന്താപരമായിത്തന്നെ മതേതരവാദികളായിരുന്നു. സുഭാഷ് ചന്ദ്രബോസും രാഷ്ട്രീയമായി മതേതരവാദിയായിരുന്നു. അദ്ദേഹം മതത്തെ രാഷ്ട്രീയത്തിൽനിന്ന് അകറ്റിനിർത്താൻ ആഹ്വാനം ചെയ്തു. മതത്തിന് രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യവും സാമ്പത്തികവും ശാസ്ത്രീയവുമായ തത്ത്വങ്ങളാലാണ് രാഷ്ട്രീയം നയിക്കപ്പെടേണ്ടത്. കോൺഗ്രസ്സ് ഈ മാർഗ്ഗം അവലംബിച്ചിരുന്നോ? എല്ലാ മതങ്ങളുടെയും സഹവർത്തിത്വം എന്നതായിരുന്നു കോൺഗ്രസ്സിന്റെ കാഴ്ചപ്പാട്. അത് മതേതരത്വമല്ല. യഥാർത്ഥത്തിൽ സവർണ്ണ ഹിന്ദുക്കളാൽ നയിക്കപ്പെട്ട പാർട്ടിയായിരുന്നു കോൺഗ്രസ്സ്. അതുകൊണ്ടുതന്നെ മുസ്ലീങ്ങൾ മാത്രമല്ല ദലിതുകളും സ്വാതന്ത്ര്യസമരത്തിൽ കാര്യമായി പങ്കെടുത്തില്ല. രാജ്യം വിഭജിക്കപ്പെട്ടതും അതുകൊണ്ടാണ്. കോൺഗ്രസ്സ് ആസൂത്രണം ചെയ്ത വർഗ്ഗീയ കലാപങ്ങൾക്കും കുറവുണ്ടായിരുന്നില്ല. ബീഹാറിലെ ഭഗൽപൂർ, ഒറീസ്സയിലെ റൂർക്കല, ഗുജറാത്തിലെ അഹമ്മദാബാദ്, ആസാമിലെ നെല്ലി എന്നിവിടങ്ങളിലൊക്കെ വർഗ്ഗീയ കലാപങ്ങൾ ആസൂത്രണം ചെയ്തത് കോൺഗ്രസ്സ് നേതാക്കളാണ്. ഡൽഹിയിലെ സിക്ക് കൂട്ടക്കൊലയ്ക്ക് നേതൃത്വം കൊടുത്തതും അവർതന്നെ. ആ കോൺഗ്രസ്സിനെയാണ് സിപിഐ(എം) വർഗ്ഗീയവിരുദ്ധരായും മതേതരക്കാരായുമൊക്കെ ചിത്രീകരിക്കുന്നത്. കാരണം, അവർക്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ സഹായംവേണം.
സിംഗൂർ, നന്ദിഗ്രാം സമരങ്ങളെ കേന്ദ്രീകരിച്ച് നമ്മൾ തൃണമൂൽ കോൺഗ്രസ്സുമായി ഐക്യമുണ്ടാക്കിയ കാര്യം നിങ്ങൾക്കറിയാമല്ലോ. 2009ലെ പാർലമെന്റ് തെരഞ്ഞെടുപ്പിലും 2011ലെ അസംബ്ലി തെരഞ്ഞെടുപ്പിലും, ഈ സമരങ്ങളെ പിന്തുണയ്ക്കുന്നവരും എതിർക്കുന്നവരും എന്നനിലയിലാണ് മത്സരം നടന്നത്. തൃണമൂൽ കോൺഗ്രസ്സുമായി ഒന്നിച്ച് തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴും അവർക്ക് ‘ജനാധിപത്യ’ത്തിന്റെയും ‘മതേതരത്വ’ത്തിന്റെയുമൊന്നും ലേബൽ നമ്മൾ ചാർത്തിക്കൊടുത്തിട്ടില്ല.

തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുവേണ്ടി നമ്മൾ ഒരിക്കലും ആദർശം
ബലികഴിച്ചിട്ടില്ല

ഇപ്രാവശ്യവും ചില ടിഎംസി നേതാക്കൾ നമ്മളുടെ മനസ്സറിയാൻ ശ്രമിച്ചിരുന്നു. അവരോടൊപ്പമായിരുന്നെങ്കിൽ നമുക്ക് ജയ്‌നഗറും കുൽത്താലിയും വിജയിക്കാൻ കഴിയുമായിരുന്നു. സിപിഐ(എം)നൊപ്പം പോയിരുന്നെങ്കിൽ ജയ്‌നഗർ സീറ്റ് തരാൻ അവരും ഒരുക്കമായിരുന്നു. എന്നാൽ സീറ്റിനുവേണ്ടി തത്വരഹിതമായ കൂട്ടുകെട്ടിലേർപ്പെടാൻ നമ്മൾ ഒരുക്കമായിരുന്നില്ല. പണത്തിന്റെയും ഗുണ്ടായിസത്തിന്റെയും മാദ്ധ്യമ സ്വാധീനത്തിന്റെയും ശക്തികളാണ് തെരഞ്ഞെടുപ്പിൽ നമ്മളെ പരാജയപ്പെടുത്തിയത്. അത് നമ്മളെ ക്ഷീണിപ്പിച്ചോ? വിപ്ലവ പ്രത്യയശാസ്ത്രത്തിന്റെ കരുത്തിൽ നമ്മൾ കൂടുതൽ ശക്തിയാർജ്ജിക്കുകയാണുണ്ടായത്. ഈ വമ്പിച്ച ജനാവലിയും അതിന്റെ തെളിവാണ്. കനത്ത മഴയിലും ആയിരക്കണക്കിനാളുകൾ ഈ യോഗം ശ്രവിക്കുന്നു, കൈക്കുഞ്ഞുങ്ങളുമായെത്തിയ അമ്മമാരുൾപ്പെടെ. കോടികൾ ചെലവഴിച്ചാൽപ്പോലും മറ്റേതെങ്കിലും പാർട്ടികൾക്ക് ഇവ്വിധമൊരു യോഗം സംഘടിപ്പിക്കാൻ കഴിയുമോ?
സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയായ സിപിഐ(എം) അധികാരമോഹത്തിൽ മുങ്ങിയിരിക്കുന്നു
ഈ ബൂർഷ്വാ വ്യവസ്ഥയിൽ അധികാരത്തിലെത്താൻ അവസരമില്ലാതിരുന്നപ്പോൾ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയായ സിപിഐ(എം) സമരോത്സുകമായ ഇടതുപക്ഷ രാഷ്ട്രീയം അവലംബിച്ചു. എന്നാൽ, ഒരിക്കൽ അധികാരത്തിലെത്തിയതോടെ അവർ അധികാര മോഹികളായിത്തീർന്നു. സ്ഥാനമാനങ്ങൾക്കുപിന്നാലെ പാഞ്ഞ അവർക്ക് ഇടതുപക്ഷ സ്വഭാവം അതിവേഗം നഷ്ടപ്പെട്ടു. ബ്രിട്ടണിലെ ലേബർ പാർട്ടിയുടെയും യൂറോപ്പിലെ മറ്റ് സോഷ്യലിസ്റ്റ് പാർട്ടികളുടെയും സ്ഥിതിയിലാണ് ഇന്ന് സിപിഐ(എം).
ലെനിനിസ്റ്റ് പാഠങ്ങൾക്കനുസൃതമായി തെറ്റ് തുറന്ന് സമ്മതിക്കാനും ശരിയായ തിരുത്തലുകൾ വരുത്താനും ഇടതുപക്ഷ സമരപാതയിലേയ്ക്ക് തിരിച്ചുവരാനുമുള്ള ഞങ്ങളുടെ നിർദ്ദേശം ചെവിക്കൊണ്ടിരുന്നെങ്കിൽ, ജനങ്ങളുടെ ഇടയിൽ അവരുടെ സ്വാധീനം നഷ്ടപ്പെടുമായിരുന്നില്ല. തൃണമൂൽ കോൺഗ്രസ്സിന്റെ അഞ്ചുവർഷക്കാലത്തെ ഭരണത്തിൽ അസംതൃപ്തരായവർപോലും സിപിഐ (എം)ന്റെ തിരിച്ചുവരവ് ആഗ്രഹിച്ചില്ല. സിപിഐ(എം)ന്റെ 34വർഷത്തെ ഭീകരഭരണം അവർ മറക്കാറായിട്ടില്ല. ഇതാണ് ടിഎംസിക്ക് ഗുണമായത്. ഇങ്ങനെയൊക്കെയാണെങ്കിലും വരുന്ന അഞ്ചുവർഷത്തിനുള്ളിൽ ടിഎംസിയോടുള്ള ജനങ്ങളുടെ മതിപ്പ് നഷ്ടപ്പെടുകയും മുതലാളിവർഗ്ഗം സിപിഐ(എം)-കോൺഗ്രസ്സ് സഖ്യത്തെയോ സിപിഐ(എം)നെത്തന്നെയോ അധികാരത്തിലെത്തിക്കുകയും ചെയ്‌തെന്നുവരാം. എന്നാൽ അപ്പോഴേയ്ക്കും സിപിഐ(എം)ൽ അവശേഷിക്കുന്ന ഇടതുപക്ഷ സ്വഭാവംകൂടി ചോർന്നുപോയിട്ടുണ്ടാകും.

സിപിഐ(എം)നോടുള്ള അഭ്യർത്ഥന

ജനങ്ങളുടെ മുമ്പാകെ തെറ്റുകൾ ഏറ്റുപറയണമെന്ന് സിപിഐ(എം)നോട് ഞങ്ങൾ വീണ്ടും അഭ്യർത്ഥിക്കുകയാണ്. നിങ്ങൾ 34വർഷത്തെ ഭരണത്തിൽ ചെയ്തതൊന്നും ഇടതുപക്ഷീയതയ്ക്ക് നിരക്കുന്നതായിരുന്നില്ല എന്ന് തുറന്നുപറയുക. നിങ്ങൾ ഒരുപാട് തെറ്റ് ചെയ്തു. ജനങ്ങളോട് അതിന് മാപ്പ് ചോദിക്കുക. കമ്മ്യൂണിസ്റ്റുകൾ തെറ്റ്‌ചെയ്താൽ അവരത് പരസ്യമായി സമ്മതിക്കുമെന്ന് ലെനിൻ പറഞ്ഞിട്ടുണ്ട്. തെറ്റ് സമ്മതിക്കുക മാത്രമല്ല എന്തുകൊണ്ട് തെറ്റ് സംഭവിച്ചു എന്ന് പരിശോധിക്കുകയും അക്കാര്യം ജനങ്ങളെ അറിയിക്കുകയും ചെയ്യും. എങ്ങനെയാണ് അത് തിരുത്തുന്നതെന്നും ജനങ്ങളോട് പറയും. ഈ പാഠം ഞാൻ സിപിഐ(എം) നേതാക്കളെ ഓർമ്മിപ്പിച്ചിരുന്നു. അവർ ഒരു മാർക്‌സിസ്റ്റ് പാർട്ടി ആയിരുന്നെങ്കിൽ ലെനിന്റെ ഈ പാഠം പിന്തുടരുമായിരുന്നു. ഇന്നും സിപിഐ(എം)ൽ ഇടതുപക്ഷ മനോഭാവമുള്ള ധാരാളം അണികളുണ്ട്. നേതാക്കൾ തെറ്റായ വഴിയിലാണ് പാർട്ടിയെ നയിക്കുന്നതെന്ന് നിങ്ങൾ തിരിച്ചറിയണമെന്നാണ് ഞങ്ങൾക്ക് അവരോട് പറയാനുള്ളത്. ഏതാനും സീറ്റുകൾക്കുവേണ്ടി കോൺഗ്രസ്സിനെപ്പോലൊരു ബൂർഷ്വാ പാർട്ടിയെയാണ് അവർ ശക്തിപ്പെടുത്തുന്നത്. അതുമൂലം നിങ്ങളുടെ പാർട്ടി ക്ഷയിക്കുന്നു. നിങ്ങൾ ഇതിനെതിരെ ശബ്ദമുയർത്തണം. സമരോത്സുകമായ ഇടതുപക്ഷ സമരപാതയിലേയ്ക്ക് നിങ്ങൾ തിരിച്ചുവരണം. സിപിഐ(എം)ന്റെ പാർട്ടികോൺഗ്രസ്സ് വേദിയിൽവച്ചുതന്നെ പാർട്ടിയുടെ അഭിപ്രായമെന്ന നിലയിൽ ഞങ്ങൾ ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. നമുക്ക് ഒന്നിച്ചുനിൽക്കാം, പൊരുതാം.

സംഘപരിവാർ ശക്തികൾ സ്വാതന്ത്ര്യ സമരത്തെ എതിർത്തിരുന്നു

ശക്തമായ ഈ മഴയത്തിരുന്ന് പ്രസംഗം കേൾക്കുന്നത് വലിയ ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം സഖാക്കളെ, സുഹൃത്തുക്കളെ. അതുകൊണ്ട് ഞാൻ പ്രസംഗം നീട്ടുന്നില്ല. ഇനിയും പലതും പറയാനുണ്ടായിരുന്നു. വർഗ്ഗീയതയും മതമൗലികവാദവും രാജ്യത്തിന് വലിയ ഭീഷണിയായിരിക്കുന്നു എന്ന ഒരു വിഷയം മാത്രമേ ഇനി ഞാൻ ചർച്ച ചെയ്യുന്നുള്ളൂ. ആർഎസ്എസ്-ബിജെപി സഖ്യം ഇതുരണ്ടും ഊട്ടിവളർത്തുകയാണ്. ഹിന്ദു വർഗ്ഗീയതയോടുള്ള പ്രതികരണമെന്നോണം മുസ്ലീം വർഗ്ഗീയതയും ശക്തിപ്പെടുകയാണ്. മതഭ്രാന്ത് വളർത്തി മുതലാളിത്തത്തെ സംരക്ഷിക്കുക എന്നതാണ് ഇതിലൂടെ അവർ ലക്ഷ്യം വയ്ക്കുന്നത്. അങ്ങനെ വന്നാൽ തൊഴിലില്ലായ്മയും പട്ടിണിയുമൊക്കെ കഴിഞ്ഞ ജന്മത്തിലെ പാപത്തിന്റെ ഫലമാണെന്ന് ജനങ്ങളെ എളുപ്പത്തിൽ വിശ്വസിപ്പിക്കാനാകും. ധനികനും ദരിദ്രനും തമ്മിലുള്ള അന്തരം ദൈവസൃഷ്ടിയാണ്, ദൈവവിധിയാണെല്ലാം എന്നും വിശ്വസിപ്പിക്കാം. അങ്ങനെ അവരെ വിശ്വസിപ്പിക്കാൻ കഴിഞ്ഞാൽ അനീതിക്കെതിരെ അവർ ശബ്ദമുയർത്തില്ല. യുക്തിചിന്തയും ജനാധിപത്യബോധവും ശാസ്ത്രീയ വീക്ഷണവും നശിപ്പിക്കുകയും ചെയ്യാം. അതോടൊപ്പംതന്നെ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ, സവർണ്ണരും അവർണ്ണരും തമ്മിൽ ഒക്കെയുള്ള ശത്രുത വളർത്തിയെടുക്കുകയും നാനാ പ്രകാരത്തിലുള്ള സങ്കുചിതത്വവും പ്രാദേശിക വാദങ്ങളും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ അദ്ധ്വാനിച്ച് ജീവിക്കുന്ന ജനങ്ങൾക്കിടയിലുള്ള ഐക്യവും അവരുടെ യോജിച്ച മുന്നേറ്റങ്ങളും തകർക്കുകയും ചെയ്യാം. ഇതുകൂടാതെ ഹിന്ദു, മുസ്ലീം, സവർണ്ണ, ദലിത് വോട്ടുബാങ്കുകൾ സൃഷ്ടിച്ച് മുതലാളിത്ത സേവക്കാരായ പാർട്ടികൾക്ക് സങ്കുചിതമായ തെരഞ്ഞെടുപ്പ് നേട്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യാം. എന്തൊക്കെ പരിമിതികൾ ഉണ്ടായിരുന്നെങ്കിലും സ്വാതന്ത്ര്യ സമരത്തിലൂടെ ജനങ്ങൾക്കിടയിൽ വളർന്നുവന്ന ഐക്യം, അവർ തകർത്തുകൊണ്ടിരിക്കുകയാണ്.
ബിജെപി നേതാക്കൾ ദേശസ്‌നേഹത്തിന്റെ മുദ്രാവാക്യമുയർത്തുന്നു. ബിജെപിയുടെ സൃഷ്ടാക്കളായ ആർഎസ്എസിന്റെ, സ്വാതന്ത്ര്യ സമരത്തിലെ പങ്ക് എന്തായിരുന്നുവെന്ന് ചോദിച്ചുനോക്കൂ. ആയിരക്കണക്കിന് യുവാക്കൾ പോലീസ് അതിക്രമങ്ങൾക്കിരയാവുകയും ജയിൽവാസമനുഭവിക്കുകയുമൊക്കെ ചെയ്തപ്പോൾ ആർഎസ്എസ് സമരത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. എന്തുകൊണ്ടാണെന്നറിയാമോ? ആർഎസ്എസ് ആചാര്യനും സൈദ്ധാന്തികനുമായ എം.എസ്.ഗോൾവാൾക്കർ പറയുന്നതിങ്ങനെ: ”പ്രാദേശികാടിസ്ഥാനത്തിലുള്ള ദേശീയബോധം, പൊതുശത്രു തുടങ്ങി നമ്മുടെ രാഷ്ട്ര സങ്കല്പത്തിന് അടിത്തറ പാകിയ സിദ്ധാന്തങ്ങൾ, യഥാർത്ഥ ഹിന്ദുത്വ ദേശീയതയുടെ സക്രിയവും പ്രചോദനാത്മകവുമായ ഉള്ളടക്കം നമുക്ക് നിഷേധിക്കുകയും പല ‘സ്വാതന്ത്ര്യ സമരങ്ങളും’ ഫലത്തിൽ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളായി പരിണമിക്കുകയുമാണുണ്ടായത്. ബ്രിട്ടീഷ് വിരുദ്ധത ദേശസ്‌നേഹത്തിന്റെയും ദേശീയതയുടെയും പര്യായമായി മാറി. ഈ പ്രതിലോമ ചിന്താഗതി നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെയാകെമേലും അതിന്റെ നേതാക്കളുടെയും സാധാരണ ജനങ്ങളുടെയുംമേലും വിനാശകരമായ ഫലങ്ങളുളവാക്കി.”
‘ഹിന്ദു ദേശീയതയെക്കുറിച്ച് മൗനം ദീക്ഷിക്കുന്നവർ ഒന്നുകിൽ ദേശീയതാല്പര്യത്തിന്റെ ശത്രുക്കളാണ്, അല്ലെങ്കിൽ ദേശദ്രോഹികളാണ്, അതുമല്ലെങ്കിൽ വെറും വിഡ്ഢികളാണ്’. ഈ നിരീക്ഷണം കണക്കിലെടുക്കുകയാണെങ്കിൽ ദേശബന്ധു ചിത്തരഞ്ജൻ ദാസിനെയും ലാലാ ലജ്പത്‌റായിയെയും ബാല ഗംഗാധര തിലകനെയും ഭഗത്‌സിംഗിനെയും ഖുദിറാം ബോസിനെയുമൊക്കെ നമ്മൾ എന്ത് വിളിക്കണം? ഇക്കാര്യം ദയവായി ആലോചിക്കണം, കാരണം ഇവരാരുംതന്നെ ഹിന്ദു ദേശീയതയ്ക്കുവേണ്ടി പൊരുതിയവരല്ല. ‘ദേശസ്‌നേഹം വഴിഞ്ഞൊഴുകുന്ന’ ബിജെപി-ആർഎസ്എസ് നേതാക്കൾ ഇപ്പോൾ ഇവരെക്കാളൊക്കെ വലിയ ഔന്നത്യമുള്ളവരായി മാറിയിരിക്കുന്നു. അന്നത്തെ കാര്യങ്ങളൊന്നും പലർക്കും അറിയില്ല എന്നത് ഇക്കൂട്ടർക്ക് ഗുണകരമായി. ആർഎസ്എസ്-ബിജെപിക്കാർ മാത്രമാണ് ഹിന്ദുത്വ ഭക്തന്മാരെങ്കിൽ ചൈതന്യനും രാമകൃഷ്ണ പരമഹംസരും വിവേകാനന്ദനുമൊന്നും ഹിന്ദുക്കളേയല്ല എന്ന് പറയേണ്ടിവരും. കാരണം, അവരാരും രാമന്റെ ജന്മസ്ഥലം അന്വേഷിക്കാനോ ബാബ്‌രി മസ്ജിദ് തകർക്കാൻ ആഹ്വാനം ചെയ്യാനോ തയ്യാറായിട്ടില്ല. രാമകൃഷ്ണ പരമഹംസർ മുസ്ലീം, ക്രിസ്ത്യൻ പള്ളികളിൽ പോയി ആരാധന നടത്തിയിരുന്നുതാനും. അള്ളായും കർത്താവും ഭഗവാനുമൊക്കെ ഒരാൾ തന്നെയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കണമെന്നായിരുന്നു വിവേകാനന്ദന്റെ അഭിപ്രായം. അദ്ദേഹം ഇങ്ങനെ കൂടി പറഞ്ഞു: ”എനിക്കൊരു മകനുണ്ടായിരുന്നെങ്കിൽ അവനെ ഒരു മതത്തിന്റെയും രക്ഷാകർതൃത്വത്തിൽ വളർത്താൻ ഞാൻ മുതിരില്ലായിരുന്നു. മനസ്സിന്റെ ഏകാഗ്രത പരിശീലിക്കുന്നതിനും ചെറിയൊരു പ്രാർത്ഥന ചൊല്ലുന്നതിനും മാത്രമേ അവസരമൊരുക്കുമായിരുന്നുള്ളൂ. വളർന്ന് വലുതാകുമ്പോൾ ക്രിസ്തുവോ ബുദ്ധനോ മുഹമ്മദോ ആരെ വേണമെങ്കിലും അവന് സ്വീകരിക്കാം. ഒരേ സമയംതന്നെ, തികച്ചും സ്വതന്ത്രമായി, ഒരു വഴക്കുമില്ലാതെ, എന്റെ മകന് ഒരു ബുദ്ധ മതാനുയായിയും എന്റെ ഭാര്യയ്ക്ക് ഒരു ക്രിസ്ത്യാനിയും എനിക്ക് ഒരു മുസ്ലീമുമായിരിക്കാൻ കഴിയുമായിരുന്നു.”
അദ്ദേഹത്തിന്റെ കൃതികളിൽനിന്ന് ഈ രീതിയിൽ എത്രവേണമെങ്കിലും ഉദ്ധരിക്കാൻ കഴിയും. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ആർഎസ്എസ്-ബിജെപിക്കാർ മതത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്നതൊന്നും മത പ്രബോധനങ്ങൾക്ക് നിരക്കുന്നതല്ലെന്ന്. ശ്യാമപ്രസാദ് മുഖർജിയെപ്പോലെ ശക്തനായ ഒരു നേതാവുണ്ടായിട്ടും ഹിന്ദു മഹാസഭയ്ക്ക് ബംഗാളിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിയാതെ പോയത് നേതാജിക്കും ഇടതുപക്ഷ പ്രസ്ഥാനത്തിനും ഇവിടെ ശക്തമായ സ്വാധീനമുണ്ടായിരുന്നതുകൊണ്ടാണ്. എന്നാൽ ഇന്ന് സിപിഐ(എം) ഇടതുപക്ഷീയതയെ ദുർബലപ്പെടുത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നതിനാൽ ബിജെപി-ആർഎസ്എസ് ശക്തികൾ ബംഗാളിലും സ്വാധീനമുണ്ടാക്കുകയാണ്. ഇത് ഗൗരവമായി കാണേണ്ട വിഷയമാണ്. പാർലമെന്ററി താല്പര്യം മുൻനിർത്തി ടിഎംസിയും സിപിഐ(എം)ഉം ബിജെപിയുടെ ശക്തി വർദ്ധിപ്പിക്കുന്ന നടപടികളാണ് എടുക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ”മുസ്ലീം വോട്ട് ബാങ്ക്” സൃഷ്ടിക്കുന്നതുവഴി ടിഎംസിയും, ബിജെപി രണ്ടാം സ്ഥാനത്ത് വരുമെന്ന് പ്രചരിപ്പിച്ച് കോൺഗ്രസ്സുമായി ചങ്ങാത്തം ഉണ്ടാക്കുന്നതുവഴി സിപിഐ(എം)ഉം ബിജെപിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നു. ഇത് മുതലെടുത്ത് അവർ സ്വാധീനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഭീകരവാദികൾ മതസംഹിതകൾക്കെതിരെ പ്രവർത്തിക്കുന്നു

ഇസ്ലാമിന്റെ പേരിൽ നടത്തുന്ന ഭീകരപ്രവർത്തനമെല്ലാം തികച്ചും മുഹമ്മദ് നബിയുടെ പ്രബോധനങ്ങൾക്കെതിരായിട്ടുള്ളതാണ്. തന്റെ മുൻഗാമികളായ അബ്രഹാം, മോസസ്, ജീസസ് എന്നീ പ്രവാചകരുടെ മതങ്ങളെയെല്ലാം മുഹമ്മദ് നബി എതിർത്തെങ്കിലും അവരെയെല്ലാം അള്ളാവിന്റെ പ്രതിനിധികളായിത്തന്നെയാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അതുകൊണ്ട് അവരെയും തന്നെപ്പോലെതന്നെ ബഹുമാനിക്കണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ആക്രമണം നേരിടേണ്ടി വന്നപ്പോൾ, മൂന്ന് യുദ്ധങ്ങളിൽ മുഹമ്മദ് പങ്കെടുത്തു. എന്നാൽ അദ്ദേഹം ആരെയും അങ്ങോട്ട് ആക്രമിച്ചില്ല, തടവിലാക്കിയവരെ കൊന്നില്ല, അതിന് ആരെയും അനുവദിച്ചുമില്ല. മദീനയിൽവച്ച് അദ്ദേഹം പ്രഖ്യാപിച്ചത് വിഗ്രഹാരാധകർക്കും ജൂതന്മാർക്കും മുസ്ലീങ്ങൾക്കും സ്വന്തം വിശ്വാസപ്രകാരമുള്ള മതാചാരങ്ങൾ അനുഷ്ഠിക്കാമെന്നാണ്. ആരും അവരെ തടയില്ല. മുഹമ്മദിനുനേരെ നിരന്തരം ആക്രമണം നടത്തിയ അബു സൂഫിയാനെ യുദ്ധത്തടവുകാരനായി തന്റെ മുന്നിൽ ഹാജരാക്കിയപ്പോൾ അയാളെ വധിക്കണമെന്നാണ് എല്ലാവരും അഭിപ്രായപ്പെട്ടത്. എന്നാൽ മുഹമ്മദ് നബി സൂഫിയാനെ അനുനയിപ്പിച്ച് സ്വന്തം മതത്തിൽ ചേർക്കുകയാണുണ്ടായത്. ഇതാണ് ഇസ്ലാംമതം. ഇസ്ലാമിന്റെ അർത്ഥംതന്നെ സമാധാനം എന്നാണ്. ഹിന്ദു മതാചാര്യന്മാരെക്കുറിച്ച് ഞാൻ നേരത്തെ പറഞ്ഞുവല്ലോ. മുസ്ലീങ്ങൾക്കും ദലിതുകൾക്കും നേരെ ആക്രമണമഴിച്ചുവിടുകയും അവരെ പീഡിപ്പിക്കുകയും ചെയ്യുന്നവർ ഹിന്ദുമതത്തിന്റെ അനുശാസനങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരാണ്. അതുപോലെതന്നെ ഇസ്ലാമിന്റെ പേരിൽ മറ്റു മതവിശ്വാസികൾക്കുമേൽ ആക്രമണം നടത്തുന്നവർ ഇസ്ലാമിന് നിരക്കാത്ത പ്രവൃത്തിയാണ് ചെയ്യുന്നത്. ഇന്ന് ലോകമെങ്ങും അപകടകരമാംവിധം മതമൗലികവാദവും ഭീകരവാദവുമൊക്കെ തലപൊക്കുകയും മൂല്യച്യുതി വലിയ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നതെന്തുകൊണ്ടാണ്? പാശ്ചാത്യ മുതലാളിത്ത നാഗരികത, മുതലാളിത്തം സാമ്രാജ്യത്വഘട്ടത്തിലെത്തിയതോടെ ക്ഷയിക്കാൻ തുടങ്ങി. മാനവികതയുടെമേൽ ഇത് ഇരുട്ട് പരത്തി. ആ ഘട്ടത്തിലാണ് ലെനിന്റെ നേതൃത്വത്തിൽ റഷ്യയിൽ മുതലാളിത്തത്തെ ഒരു വിപ്ലവത്തിലൂടെ തകർത്ത് സോഷ്യലിസം സ്ഥാപിച്ചത്. റൊമെയ്ൻ റോളണ്ട്, ബർണാർഡ് ഷാ, ഐൻസ്റ്റീൻ തുടങ്ങി പാശ്ചാത്യലോകത്തെ മാനവവാദത്തിന്റെ അവസാനഘട്ട പ്രവാചകരും രവീന്ദ്രനാഥ ടാഗോർ, ശരത്ചന്ദ്ര ചാറ്റർജി, നേതാജി, ഭഗത് സിംഗ്, പ്രേംചന്ദ്, നസ്രുൾ, സുബ്രഹ്മണ്യ ഭാരതി തുടങ്ങി നമ്മുടെ മണ്ണിലെ അതികായന്മാരായ മാനവവാദികളും പുതിയൊരു നാഗരികതയുടെ ഉദയമെന്ന് വിശേഷിപ്പിച്ചുകൊണ്ട് സോവിയറ്റ് സോഷ്യലിസത്തെ ഹൃദയംഗമമായി സ്വീകരിച്ചു. സോവിയറ്റ് സോഷ്യലിസത്തിന്റെ അമരക്കാരനായ മഹാനായ സ്റ്റാലിന്റെ നേതൃത്വത്തിൽ രണ്ടാം ലോകമഹായുദ്ധത്തിൽ ഫാസിസ്റ്റുശക്തികളെ പരാജയപ്പെടുത്തിയതോടെ പൂർവ്വ യൂറോപ്പിലും ചൈനയിലും വിയറ്റ്‌നാമിലുമെല്ലാം സോഷ്യലിസം സ്ഥാപിതമായി. ഇതോടെ ശക്തമായ തൊഴിലാളിവർഗ്ഗ വിപ്ലവമുന്നേറ്റങ്ങൾ നിരവധി രാജ്യങ്ങളിലുണ്ടായി. കോളണികളിലും അർദ്ധകോളണികളിലും നടന്ന സാമ്രാജ്യത്വ വിരുദ്ധ സമരങ്ങൾക്ക് വമ്പിച്ച മുന്നേറ്റം സാദ്ധ്യമാകുകയും ചെയ്തു. ഇതിന്റെയെല്ലാമടിസ്ഥാനത്തിൽ ഉന്നതമായൊരു ധാർമ്മിക-സദാചാര ബോധം ലോക നാഗരികതയെ പ്രചോദിപ്പിക്കുകയും ചെയ്തു. പക്ഷേ, അങ്ങേയറ്റം ഖേദകരമെന്നുപറയട്ടെ, ആഗോള മുതലാളിത്ത-സാമ്രാജ്യത്വ ശക്തികൾ പുറമേനിന്നും, മുതലാളിത്ത-തിരുത്തൽവാദ ശക്തികൾ അന്തരികമായും നടത്തിയ ഗൂഢാലോചനയുടെ ഫലമായി സോഷ്യലിസ്റ്റ് വ്യവസ്ഥ തകർക്കപ്പെട്ടു. സോഷ്യലിസ്റ്റ് വ്യവസ്ഥയ്‌ക്കേറ്റ മാരകമായ ഈ തിരിച്ചടി ലോകത്തെയാകെ ഒരിക്കൽക്കൂടി അന്ധകാരത്തിലാഴ്ത്തുകയും മാനവികതയ്ക്കുനേരെ ഭീഷണിയുയർത്തുകയും ചെയ്തു. അതികായനായ മാനവവാദിയും സാഹിത്യകാരനും ചിന്തകനുമായ റൊമെയ്ൻ റോളണ്ട് ഇതേക്കുറിച്ച് ഒരിക്കൽ സൂചിപ്പിച്ചിരുന്നു. സോഷ്യലിസം തകർന്നാൽ ഇങ്ങനെയൊക്കെ സംഭവിക്കാമെന്നായിരുന്നു അദ്ദേഹം ആശങ്കപ്പെട്ടത്. അദ്ദേഹം പറഞ്ഞു: ”സോവിയറ്റ് യൂണിയനെതിരായി ലോകത്ത് സാമ്രാജ്യത്വ ശക്തികളുടേതായ ഒരു മാരകസഖ്യം രൂപപ്പെട്ടുകൊണ്ടിരിക്കുന്നു…. സോവിയറ്റ് വ്യവസ്ഥ തകരാനിടയായാൽ ലോകത്തെ തൊഴിലാളിവർഗ്ഗം മാത്രമല്ല, സാമൂഹ്യവും വ്യക്തിപരവുമായ മുഴുവൻ സ്വാതന്ത്ര്യവുമായിരിക്കും ബന്ധനസ്ഥമാകാൻ പോകുന്നത്; …. ലോകം പല ഘട്ടങ്ങൾ പിന്നിലേയ്ക്ക് എടുത്തെറിയപ്പെടും…. വരാനിരിക്കുന്ന ഏതാനും നൂറ്റാണ്ടുകളിലേയ്ക്ക് സർവ്വതും അന്ധകാരത്തിലാഴ്ത്തപ്പെടും. ”
യഥാർത്ഥത്തിൽ, ഈ പ്രതിസന്ധി മുതലെടുത്തുകൊണ്ട് മുതലാളിത്ത-സാമ്രാജ്യത്വം മതമൗലികവാദവും ഭീകരവാദവുമൊക്കെ പ്രോത്സാഹിപ്പിക്കുകയാണ്. അതിലൂടെ വിവിധ രാജ്യങ്ങളിൽ വളർന്നുവരുന്ന ജനാധിപത്യ സമരങ്ങൾക്കും വിപ്ലവപ്പോരാട്ടങ്ങൾക്കും തടയിടാൻ കഴിയും. പ്രതിസന്ധിയിലകപ്പെടുമ്പോൾ ജനങ്ങൾ പ്രക്ഷുബ്ധരാകുമെന്ന് മുതലാളിവർഗ്ഗത്തിനറിയാം. എന്നാൽ ഒരു വിപ്ലവ പ്രത്യയശാസ്ത്രമോ ഉയർന്ന നൈതിക-സദാചാര അടിത്തറയോ ശരിയായ നേതൃത്വമോ ഇല്ലെങ്കിൽ ഈ സമരങ്ങൾകൊണ്ട് ഭയപ്പെടാനൊന്നുമില്ലെന്നും അവർക്കറിയാം. എതിർപ്പും പ്രതിഷേധവുമൊന്നും വിപ്ലവമുന്നേറ്റമായി രൂപാന്തരപ്പെടില്ല. യാഥാർത്ഥത്തിൽ ഇതുതന്നെയാണിന്ന് സംഭവിക്കുന്നതും. സോഷ്യലിസ്റ്റ് ചേരിയുടെ അഭാവം മുതലെടുത്ത് അവർ ഇറാഖിനെ നിലംപരിശാക്കി. അഫ്ഗാനിസ്ഥാനെയും ലിബിയയെയും തകർത്തു. സിറിയയിൽ യുദ്ധമഴിച്ചുവിട്ടു. ഷിയ-സുന്നി സംഘർഷത്തിന് ആക്കം വർദ്ധിപ്പിച്ചു. അൽ ഖ്വെയ്ദ മുതൽ ഐഎസ്‌ഐഎസ് വരെയുള്ളതെല്ലാം അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ സൃഷ്ടിയാണെന്ന കാര്യം ദയവായി മനസ്സിലാക്കുക. ഈ ഭീകരവാദികൾക്ക് ആയുധവും പണവും നൽകുന്നതും അവരെ നിലനിർത്തിയിരിക്കുന്നതും അമേരിക്കയടക്കമുള്ള സാമ്രാജ്യത്വ ശക്തികളാണ്.
ഈ സാഹചര്യത്തിൽ, എല്ലാ രാജ്യങ്ങളിലും മാർക്‌സിസത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സാമ്രാജ്യത്വവിരുദ്ധ, മുതലാളിത്തവിരുദ്ധ, സോഷ്യലിസ്റ്റ് വിപ്ലവ മുന്നേറ്റങ്ങൾ വികസിച്ചുവരേണ്ടതുണ്ട്. തൊഴിലില്ലായ്മ, പിരിച്ചുവിടൽ, വിലക്കയറ്റം, പട്ടിണിമരണം, മൂല്യച്യുതി, മതമൗലികവാദം, വർഗ്ഗീയത തുടങ്ങിയ വിപത്തുകളിൽനിന്നെല്ലാം മാനവനാഗരികതയെ രക്ഷിക്കാൻ ഇത് അനിവാര്യമായിരിക്കുന്നു. അടുത്ത വർഷം ഐതിഹാസികമായ നവംബർ വിപ്ലവത്തിന്റെ ശതാബ്ദി ആചരിക്കപ്പെടുകയാണ്. വിവിധ രാജ്യങ്ങളിൽ സോഷ്യലിസ്റ്റ് വിപ്ലവം സംഘടിപ്പിക്കാനും അത് വിജയിപ്പിക്കാനുമുള്ള പ്രതിജ്ഞ പുതുക്കേണ്ട സന്ദർഭമാണിത്.

സോഷ്യലിസ്റ്റ് വിപ്ലവത്തിലൂടെ മാത്രമേ യഥാർത്ഥ വിമോചനം സാദ്ധ്യമാകൂ

ലോകത്ത് കോടിക്കണക്കിനാളുകൾ വിമോചനത്തിനായി കേഴുകയാണ്. മുതലാളിത്തവിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവത്തിലൂടെ മാത്രമേ യഥാർത്ഥ വിമോചനം സാദ്ധ്യമാകൂ. അതിന്, സഖാവ് ശിബ്ദാസ് ഘോഷ് പഠിപ്പിച്ചതുപോലെ, ശരിയായ മാർക്‌സിസ്റ്റ് വിപ്ലവപ്പാർട്ടി, വിപ്ലവരാഷ്ട്രീയം, വിപ്ലവസംസ്‌കാരം, വിപ്ലവസ്വഭാവം എന്നിവ അനിവാര്യമാണ്. ആ ലക്ഷ്യത്തോടെയാണ് അദ്ദേഹം ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടി എന്നനിലയിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്)ക്ക് രൂപം കൊടുത്തത്. ഇന്ന്, ആഗസ്റ്റ് 5ന്, നമ്മുടെ പാർട്ടിയെ ഇനിയുമധികം ശക്തിപ്പെടുത്തുമെന്ന് നമ്മൾ ദൃഢപ്രതിജ്ഞ എടുക്കണം.
ഭഗത് സിംഗിനെപ്പോലുള്ള വ്യക്തിത്വങ്ങളെയാണ് നമുക്കിന്നാവശ്യം. തൂക്കിക്കൊല്ലുന്നതിന് തൊട്ടുമുൻപ്, ഭഗത് സിംഗ് ആഗ്രഹിക്കുന്നെങ്കിൽ അദ്ദേഹത്തെ ജയിൽ വിമോചിതനാക്കാം എന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറഞ്ഞു. അവരോട് ഭഗത് സിംഗ് പറഞ്ഞു: ”ഇന്ന് ഞാൻ വിപ്ലവത്തിന്റെ പ്രതീകമാണ്. ഞാൻ ഒളിച്ചോടിയാൽ അത് അപകീർത്തിയുണ്ടാക്കും. ഞാൻ സന്തോഷത്തോടെ കൊലക്കയർ സ്വീകരിക്കും. അപ്പോൾ ഭഗത് സിംഗിനെപ്പോലുള്ള സന്താനങ്ങൾക്ക് ജന്മം നൽകാൻ അമ്മമാർ ആഗ്രഹിക്കും. അങ്ങനെ അനേകം വിപ്ലവകാരികൾ ജന്മമെടുക്കും.” ഖുദിറാമിന്റെ അമ്മയാകുക എന്ന ആഹ്വാനമാണ് നസ്രുൾ ബംഗാളിലെ അമ്മമാർക്ക് നൽകിയത്. നമുക്ക് അത്തരം അനേകം വിപ്ലവകാരികളെ ആവശ്യമുണ്ട്. ഭഗത് സിംഗിനെപ്പോലെ ഖുദിറാമിനെപ്പോലെ, പ്രീതിലതയെപ്പോലുള്ള വിപ്ലവകാരികൾ. അവർ മാർക്‌സിസം-ലെനിനിസം-ശിബ്ദാസ് ഘോഷ് ചിന്തയുടെ കൊടിക്കൂറയുമേന്തി മുതലാളിത്ത-സാമ്രാജ്യത്വത്തിനെതിരെ പൊരുതും.
ഒടുവിലായി എനിക്ക് നിങ്ങളോട് അഭ്യർത്ഥിക്കാനുള്ളത,് എല്ലാ മഹാന്മാരുടെയും രക്തസാക്ഷികളുടെയും ജീവിതവും സമരവും നിങ്ങൾ ഓരോ ഭവനത്തിലും ഓരോ പ്രദേശങ്ങളിലും ഊട്ടിവളർത്തണമെന്നാണ്. കുട്ടികളെ അവരെപ്പോലെ വളർത്തിയെടുക്കണം. കുട്ടികൾ സാംസ്‌കാരികാധഃപതനത്തിന് ഇരയായി നശിക്കുകയാണ്. ആഴ്ചയിലൊരിക്കലെങ്കിലും എല്ലാ കുട്ടികളെയും ഒരുമിച്ചുകൂട്ടി കളികളിലും കലാ-സാംസ്‌കാരിക പ്രവർത്തനങ്ങളിലും ചർച്ചകളിലുമൊക്കെ അവരെ പങ്കെടുപ്പിക്കണം. മഹാന്മാരുടെയും വിപ്ലവകാരികളുടെയുമൊക്കെ ജീവിതം പരിചയിച്ച് അവർ നല്ല മനുഷ്യരായി വളരട്ടെ. ഈ കാലഘട്ടം ആവശ്യപ്പെടുന്ന തരത്തിലൂള്ള മാനുഷിക ഗുണങ്ങൾ ആർജ്ജിച്ചെടുക്കാനുള്ള ഒരു സമരം കെട്ടഴിച്ചുവിടുക. അല്ലാത്തപക്ഷം ഭാവി കൂടുതൽ വിഷാദാത്മകമാകും. നമുക്കാവശ്യം മുതലാളിത്തവിരുദ്ധ വിപ്ലവരാഷ്ട്രീയവും സംസ്‌കാരവുമാണ്. സഖാവ് ശിബ്ദാസ് ഘോഷ് ചിന്തയെ അടിസ്ഥാനപ്പെടുത്തി അത്തരമൊരു രാഷ്ട്രീയവും സംസ്‌കാരവും വളർത്തിയെടുക്കുന്നത് നമ്മുടെ പാർട്ടി എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) മാത്രമാണ്. ഈ പാർട്ടിയെ എല്ലാ പ്രകാരേണയും ശക്തിപ്പെടുത്തുക. ശരിയായ വിപ്ലവ രാഷ്ട്രീയവും സംസ്‌കാരവും സ്വാംശീകരിച്ചുകൊണ്ട് സായുധരാകുക. വർഗ്ഗ -ബഹുജന സമരങ്ങൾ കെട്ടിപ്പടുക്കുക. ജനങ്ങളുടെ സമരക്കമ്മിറ്റികളും വാളന്റിയർ സംഘങ്ങളും കെട്ടിപ്പടുക്കുക. ഈ വാക്കുകളോടെ ഞാൻ പ്രസംഗം അവസാനിപ്പിക്കുകയാണ്.

വിപ്ലവം നീണാൾ വാഴട്ടെ.
എസ്‌യൂസിഐ(കമ്മ്യൂണിസ്റ്റ്)
നീണാൾ വാഴട്ടെ.
മഹാനായ തൊഴിലാളിവർഗ്ഗ
നേതാവ് സഖാവ്
ശിബ്ദാസ് ഘോഷിന് ലാൽ സലാം.
ഉദ്ധരണികൾ

1.On evaluation of Saratchandra, Shibdas Ghosh, Selected works, vol.III
2. Life story of Vidyasagar – Rabindranath Tagore
3. My reminiscences – Rabindranath Tagore
4. Collected works of Vidyasagar
5. Karunasagar Vidyasagar – Indra Mitra
6. Karunasagar Vidyasagar – Indra Mitra
7. Anand bazar Patrika
8. Crisis of civilization – Rabindranath Tagore
9. Aikyatan (concert) – Rabindranath Tagore
10. Letters of Amiya Chakraborthy – Rabindranath Tagore
11. Carry proletarian culture to the workers – Shibdas Ghosh, vol III
12. Bunch of thoughts – MS Golwalkar
13. Bunch of thoughts – MS Golwalkar
14. Message and writings – Vivekananda Vol.III
15. I will not rest – Romain Rolland.-

 

Share this post

scroll to top