ദേശീയ വിദ്യാഭ്യാസ നയം-2016: അപകടകരവും വഞ്ചനാത്മകവുമായ പുതിയ രേഖ

download.jpg
Share

കേന്ദ്രഭരണം കൈയ്യടക്കാനുള്ള പടയോട്ടത്തിനിടയിൽ 2014-ലെ പൊതുതെരഞ്ഞെടുപ്പ് സമയത്ത് ഭാരതീയ ജനതാ പാർട്ടി മുന്നോട്ടുവെച്ച വാഗ്ദാനങ്ങളിലൊന്നായിരുന്നു പുതിയ വിദ്യാഭ്യാസനയത്തിന്റെ രൂപീകരണം. ബിജെപിയുടെ ആശയപിൻബലവും രാഷ്ട്രീയ മാർഗ്ഗദർശികളുമായ ആർഎസ്എസ്സിന്റെ ഏറ്റവും പ്രമുഖമായ അജൻഡയിൽ വരുന്നതാണിത് എന്ന വസ്തുത തന്നെ തെളിയിക്കുന്നത്, ആ പാർട്ടി എത്രത്തോളം പ്രാധാന്യത്തോടെ ഇതിനെ കണ്ടിരുന്നു എന്നതാണ്.

കുറച്ച് ചാഞ്ചാട്ടങ്ങൾക്കുശേഷം, അടുത്തിടെ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം, കരട് ദേശീയ വിദ്യാഭ്യാസ നയത്തിനുള്ള ചില നിർദ്ദേശങ്ങൾ’ (ഇനി ചില നിർദ്ദേശങ്ങൾ’എന്ന് പരാമർശിക്കപ്പെടും) എന്ന രേഖ പുറത്തുകൊണ്ടു വരികയുണ്ടായി. നേരത്തേ പല സന്ദർഭങ്ങളിലും, വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പല പ്രശ്‌നങ്ങളിലും, അതുപോലെ രാജ്യത്തെ വിദ്യാഭ്യാസമേഖല നേരിട്ട പല ആക്രമണങ്ങളിലും, പാർട്ടി ദേശീയ മുഖപത്രമായ പ്രോലിറ്റേറിയൻ ഇറയിലൂടെ ഞങ്ങൾ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരുന്നു. (2014 ഡിസംബർ 1, 2015 ജനുവരി 1, 2015 ഫെബ്രുവരി 1, 2015 ഏപ്രിൽ 15, 2016 ജനുവരി 15 ലക്കങ്ങൾ) ഇപ്പോഴത്തെ രേഖ സംബന്ധിച്ചും ഞങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുകയാണ്. എന്നാൽ അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിനു മുമ്പായി, നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിന്റെ ചരിത്രപശ്ചാത്തലം ചുരുക്കത്തിൽ ഒന്നു പരിശോധിക്കേണ്ടതുണ്ട്.

ആധുനികരാഷ്ട്രത്തിനായി വിഭാവനം ചെയ്യപ്പെട്ടിട്ടുള്ള വിദ്യാഭ്യാസം

ആധുനിക ഇന്ത്യൻ രാഷ്ട്രം ഉയർന്നു വന്നപ്പോൾ, നമ്മുടെ സ്വാതന്ത്ര്യത്തിനായി പൊരുതിയ ഇവിടുത്തെ തലമുതിർന്ന വിദ്യാഭ്യാസവിചക്ഷണരും, ശ്രേഷ്ഠവ്യക്തിത്വങ്ങളും പ്രതീക്ഷിച്ചത്, ഒരു പുതുസ്വതന്ത്ര പരമാധികാര രാഷ്ട്രത്തിനുതകുന്ന ഭാവിതലമുറകളെ വാർത്തെടുക്കുന്ന വിദ്യാഭ്യാസ സംവിധാനമാണ്. അതിന്റെ അടിസ്ഥാനമായി അവർ വിഭാവനം ചെയ്തത്, എല്ലാവർക്കും പ്രാപ്യമായ, സൗജന്യവും സമഗ്രവുമായ വിദ്യാഭ്യാസമാണ്. അത് നേരത്തേ അങ്ങനെ ആയിരുന്നില്ല താനും. ഔപചാരികവിദ്യാഭ്യാസത്തിന്റെ താഴേത്തലം മുതൽ ഏറ്റവും ഉയർന്ന തലം വരെ, ഓരോ ഘട്ടത്തിലും സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം നൽകേണ്ടതിന്റെ മുഴുവൻ ഉത്തരവാദിത്തവും സർക്കാരിനാണ്. അതിനായി ന്യായമായ ബജറ്റ് വിഹിതം ഉൾപ്പടെ സർക്കാർ വിഭവങ്ങൾ നൽകേണ്ടതുണ്ട് എന്നും അവർ ചൂണ്ടിക്കാണിച്ചു.
അതോടൊപ്പം അവർ ഉറച്ചു വിശ്വസിച്ചിരുന്നത്, വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം നിർണ്ണയിക്കേണ്ടത് ഒരിക്കലും സർക്കാരല്ല എന്നു തന്നെയാണ്. പകരം, വിദ്യാഭ്യാസവിദഗ്ധരും പണ്ഡിതരും വിദ്യാഭ്യാസത്തെ സ്‌നേഹിക്കുന്നവരും ഒക്കെയാണ് അത് നിർണ്ണയിക്കേണ്ടത്. അതനുസരിച്ച്, നിരവധിയായ ഉന്നതവ്യക്തിത്വങ്ങൾ കഴിഞ്ഞകാലങ്ങളിൽ ജീവിതം ഉഴിഞ്ഞുവെച്ച്, തങ്ങളുടെ ആശയങ്ങളും വീക്ഷണങ്ങളും തികച്ചും വ്യക്തമായിത്തന്നെ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. പൗരാണിക ഇന്ത്യയുടെ അഭിമാനകരമായ വിജ്ഞാനപാരമ്പര്യത്തോട് തങ്ങൾക്കുള്ള ആദരവും ഉത്തരവാദിത്തവും നിലനിർത്തിയ ഈ അസംഖ്യം മഹാത്മാക്കളിൽ, വിവേകാനന്ദൻ, രാജാ റാംമോഹൻ റോയി, ഈശ്വർചന്ദ്ര വിദ്യാസാഗർ, രബീന്ദ്രനാഥ ടാഗോർ, മോഹൻദാസ് കരംചന്ദ് ഗാന്ധി, ഗോപാലകൃഷ്ണ ഗോഖലെ, ലാലാ ലജ്പത് റായ്, തുടങ്ങി എത്രയോ പേർ ഉൾപ്പെടുന്നു. അവരൊക്കെയും വിശ്വസിച്ചിരുന്നത്, വിദ്യാഭ്യാസത്തിന് ജീവിതം അർത്ഥവത്താക്കുന്ന, മനുഷ്യനെ സൃഷ്ടിക്കുന്ന, സ്വഭാവം രൂപീകരിക്കുന്ന ഒരു പങ്കാണ് നിർവ്വഹിക്കാനുള്ളത് എന്നാണ്. ഉയർന്നു വരുന്ന ഒരു രാഷ്ട്രം, രാജ്യാതിർത്തികൾക്ക് അതീതമായി മതേതരവും ശാസ്ത്രീയവും ജനാധിപത്യപരവുമായ ആധുനിക വിദ്യാഭ്യാസത്താൽ സജ്ജമാക്കപ്പെടേണ്ടതുണ്ടെന്ന് അവർക്ക് അറിയാമായിരുന്നു. ഇന്നത്തെ ലോകത്തിൽ തലയുയർത്തിപ്പിടിച്ച് നിൽക്കുവാൻ തക്കവണ്ണം, മുഴുവൻ കരുത്തോടും തീക്ഷ്ണതയോടും മഹിമയോടും കൂടി വളർന്നു വരുവാൻ രാജ്യത്തെ അതു മാത്രമേ സഹായിക്കൂ. സ്വാതന്ത്ര്യാനന്തരം, വിദ്യാഭ്യാസരംഗത്തെ പരിഷ്‌കാരങ്ങൾക്ക് കാഹളം മുഴക്കി വമ്പിച്ച പ്രചാരമാണ് നൽകിപ്പോന്നത്. എന്നാൽ, കാലത്തിന് അനുയോജ്യമായ വിദ്യാഭ്യാസസമ്പ്രദായത്തെ കുറിച്ച് നമ്മുടെയീ മുൻതലമുറയ്ക്കുണ്ടായിരുന്ന സ്വപ്നങ്ങൾ പൂർത്തീകരിക്കപ്പെട്ടിട്ടില്ല എന്നു മാത്രമല്ല, ഓരോ തവണയും വിദ്യാഭ്യാസ രംഗം അഴിച്ചുപണിയുമ്പോഴും, ആ സ്വപ്നങ്ങൾ തകിടം മറിയുന്നതായാണ് കണ്ടു വരുന്നത്. ഇപ്പോൾ ബിജെപി സർക്കാർ മുന്നോട്ടു വെക്കുന്ന കരട് ദേശീയ വിദ്യാഭ്യാസനയം (എൻഇപി), തങ്ങളുടെ മാർഗ്ഗദർശിയായ ആർഎസ്എസ്സിന്റെ ഹീനപദ്ധതികളോടെ നിർദ്ദേശിക്കപ്പെടുമ്പോൾ, രാജ്യത്തെ വിദ്യാഭ്യാസ വികസനത്തിനെതിരെ നടന്ന ഗൂഢനീക്കങ്ങളുടെ പട്ടികയിലേയ്ക്ക് അതും കൂട്ടിച്ചേർക്കപ്പെടുകയാണ്.

രൂപീകരണ പ്രക്രിയ

പുതിയ വിദ്യാഭ്യാസനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി, കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം 2015 മാർച്ച് 21ന്, നിർദ്ദിഷ്ട വിദ്യാഭ്യാസനയത്തെ സംബന്ധിച്ച ഒരു രേഖ കൊണ്ടുവരികയുണ്ടായി. ഈ രാജ്യത്തെ വിദ്യാഭ്യാസമേഖലയെ കുറിച്ച് ഉത്കണ്ഠയുള്ള ഏതൊരാളും പ്രതീക്ഷിച്ചിരിക്കുക, വിദ്യാഭ്യാസനയം രൂപീകരിക്കേണ്ട ചുമതല, ഉന്നതശീർഷരും യുക്തിഭദ്രവും ജനാധിപത്യപരവുമായ മനോഭാവത്തോടു കൂടിയവരും ഒക്കെയായ വിദ്യാഭ്യാസവിദഗ്ധരും അതുപോലെ സമൂഹത്തിന്റെ മറ്റു തുറകളിൽനിന്നുള്ള ഉന്നതരായ വ്യക്തിത്വങ്ങളും ഒക്കെ അടങ്ങുന്ന ഒരു പൊതു സമിതിയെ ഏൽപ്പിക്കുമെന്നായിരുന്നു. നേരത്തേ പറഞ്ഞതുപോലെ, ഇത് സർക്കാരിന്റെയോ, അതിന്റെ മന്ത്രിമാരുടെയോ, അവരുടെ ഒത്താശക്കാരായ സംഘടനകളുടെയോ, വ്യക്തികളുടെയോ, ഉദ്യോഗസ്ഥരുടെയോ ജോലിയല്ല. എന്നാൽ, ഈ ശരിയായ വഴിയിൽനിന്നും എത്രയോ അകലെയായിരുന്നു സ്വീകരിച്ച പ്രക്രിയ. അതേസമയത്ത്, വിവിധതലങ്ങളിലായി നൂറുകണക്കിന് യോഗങ്ങൾ നടത്തിയെന്ന മാനവവിഭവശേഷി മന്ത്രാലയത്തിന്റെ അവകാശവാദം ചോദ്യം ചെയ്യപ്പെട്ടു. ഉയരുന്ന ചോദ്യങ്ങൾ എന്തെന്നാൽ, ഇതിൽ എത്ര എണ്ണത്തിൽ, അതാതു തലങ്ങളിലെ ആളുകൾ പങ്കെടുക്കുകയോ അറിയുകയോ എങ്കിലും ചെയ്തിട്ടുണ്ട്. ഈ യോഗങ്ങളുെടയൊക്കെ നടപടിക്രമങ്ങളും ഫലവും എന്തൊക്കെയായിരുന്നു. ഈ ചോദ്യങ്ങളൊക്കെ ഉത്തരം കിട്ടാതെ അവശേഷിക്കുന്നു. അതേ സമയം തന്നെ, ആർഎസ്എസ് വിധേയത്വമുള്ള സംഘടനകളും വ്യക്തികളും ഇന്ത്യൻ വിദ്യാഭ്യാസസമ്പ്രദായത്തെ അടിമുടി അഴിച്ചുപണിയുവാനുള്ള ആവശ്യം ഉയർത്തുന്നതായി തുറന്നുപറഞ്ഞിരുന്നു. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിലേയ്ക്ക് ഹൈന്ദവചിന്തകൾ ഉൾക്കൊള്ളിക്കുന്നതിലൂടെയേ അതിന് പൂർണ്ണത നൽകി പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കൂ എന്നതാണ് അവരുടെ അഭിപ്രായം. തങ്ങളുടെ അഭിപ്രായങ്ങൾ അന്നത്തെ മാനവവിഭവശേഷി മന്ത്രിക്കു സമർപ്പിച്ചുവെന്നും, അത് പരിഗണിച്ച് ഉൾക്കൊള്ളിച്ചുവെന്നും അവർ അവകാശപ്പെടുന്നു.
അടുത്ത ഘട്ടത്തിൽ, പ്രധാനമായും ഉദ്യോഗസ്ഥർ ഉൾപ്പെട്ട ഒരു അഞ്ചംഗ കമ്മിറ്റി, പുതിയ വിദ്യാഭ്യാസ നയത്തിന്റെ രൂപീകരണത്തിനായുള്ള കമ്മിറ്റി, എന്ന പേരിൽ സൃഷ്ടിക്കപ്പെട്ടു. പിന്നീട് ടിഎസ്ആർ സുബ്രഹ്മണ്യൻ സമിതി എന്നറിയപ്പെട്ട ഈ സമിതി തങ്ങളുടെ നിർദ്ദേശങ്ങളടങ്ങിയ റിപ്പോർട്ട് 2016 മേയ് 27ന് മാനവവിഭവശേഷി മന്ത്രാലയത്തിന് സമർപ്പിച്ചു. മന്ത്രാലയം ഈ റിപ്പോർട്ട് പൊതുചർച്ചയ്ക്കായി സമർപ്പിക്കുകയും തങ്ങളുടെ വിശകലനം നടത്തുമെന്നുമാണ് പ്രതീക്ഷിച്ചത്. എന്നാൽ അവരാകട്ടെ, റിപ്പോർട്ട് പരസ്യപ്പെടുത്തുന്നതിനുപകരം, നേരത്തേ പരാമർശിച്ച, ‘ചില നിർദ്ദേശങ്ങൾ’ എന്ന 43 പുറങ്ങളുള്ള രേഖ 2016 ജൂലൈയിൽ കൊണ്ടുവരികയും, അതിലൂടെ പുതിയ വിദ്യാഭ്യാസനയം ഒരു നാഴികക്കല്ലാകുമെന്ന് അവകാശപ്പെടുകയും ചെയ്തു. അതെന്തുമാകട്ടെ, ഈ രേഖയുടെ ഉരുത്തിരിയൽതന്നെ കാണിക്കുന്നത് മാനവവിഭവശേഷി വകുപ്പിന് ഇക്കാര്യത്തിൽ ശരിയായ സമീപനമില്ലായിരുന്നു എന്നു തന്നെയാണ്.

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം

നിർദ്ദിഷ്ടരേഖയിൽ, കരിക്കുലം പുനഃരുജ്ജീവനവും പരീക്ഷാ പരിഷ്‌കരണവും എന്ന അദ്ധ്യായം 4.5 തുടങ്ങുന്നത് ഒരു ഉദ്ധരണിയോടു കൂടിയാണ്. ”സ്വാമി വിവേകാനന്ദനെ ഉദ്ധരിച്ചു പറയുകയാണെങ്കിൽ, ”വിദ്യാഭ്യാസമെന്നത് നിങ്ങളുടെ തലച്ചോറിൽ കുത്തിനിറച്ച്, അവിടെ ആയുഷ്‌കാലം ദഹിക്കാതെ കിടന്ന് കലാപം നടത്തുന്ന വിവരങ്ങളുടെ അളവല്ല. നമുക്കു വേണ്ടത്, ജീവിതനിർമ്മിതിക്കുതകുന്ന, മനുഷ്യനെ സൃഷ്ടിക്കുന്ന, സ്വഭാവം രൂപീകരിക്കുന്ന ആശയങ്ങളുടെ സ്വാംശീകരണമാണ്. നിങ്ങൾ അഞ്ച് ആശയങ്ങൾ ആഗീരണം ചെയ്യുകയും അത് നിങ്ങളുടെ ജീവിതത്തെയും സ്വഭാവത്തേയും നിർണ്ണയിക്കുകയും ചെയ്തുവെങ്കിൽ, ഒരു പുസ്തകശാല മുഴുവൻ മനപാഠമാക്കിയ ഒരാളേക്കാൾ വിദ്യാഭ്യാസം നിങ്ങൾ നേടിക്കഴിഞ്ഞു…. വിദ്യാഭ്യാസമെന്നത് സ്ഥിതിവിവരം മാത്രമാണെങ്കിൽ ഗ്രന്ഥശാലകൾ ഏറ്റവും വലിയ സന്യാസികളും വിശ്വവിജ്ഞാനകോശം മഹാഋഷിയുമായിരിക്കും..” ഇത് എൻഇപിയിൽ പിന്നീടുണ്ടായ കൂട്ടിച്ചേർക്കലാണ്. എന്നാൽ രേഖയുടെ മൂന്നാം അദ്ധ്യായത്തിൽ, വിദ്യാഭ്യാസത്തിന്റെ 14 ലക്ഷ്യങ്ങളുടെ പട്ടിക കൊടുത്തിട്ടുണ്ട്. അവിടെയാകട്ടെ, രേഖയിൽ മറ്റെവിടെയെങ്കിലുമാകട്ടെ, വിവേകാനന്ദന്റെ ഉദ്ധരണിയിലെ ഈ ലക്ഷ്യം അതിന് അർഹിക്കുന്ന സ്ഥാനം കണ്ടെത്തുകയോ, പരിഗണിക്കപ്പെടുകയോ ചെയ്തിട്ടില്ല. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിൽ നാഴികക്കല്ലാകും പുതിയ വിദ്യാഭ്യാസനയം എന്ന മാനവവിഭവശേഷി വകുപ്പിന്റെ അവകാശവാദത്തിനു ശേഷമാണിത്. പകരം, വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തെ തൊഴിലിനും സംരംഭകത്വത്തിനുമായുള്ള നൈപുണ്യവികസനത്തിലേയ്ക്കും രാജ്യത്തിന്റെ വികസനത്തിനും ജീവിതത്തിനുമുള്ള തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതിലേയ്ക്കും ചുരുക്കുകയാണ്. പക്ഷേ ഈ രേഖ ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നില്ല. കടുത്ത വ്യാവസായിക പ്രതിസന്ധിമൂലം കുറഞ്ഞുവരുന്ന തൊഴിലവസരങ്ങൾ പുനഃരുൽപാദിപ്പിക്കാൻ, നൈപുണ്യ വികസനത്തിലും തൊഴിൽ നേടുന്നതിനും പ്രാധാന്യം കൽപ്പിക്കുന്ന വിദ്യാഭ്യാസത്തെക്കൊണ്ട് കഴിയുമോ? എന്നുതന്നെയുമല്ല, ഉപഭോഗസംസ്‌കാരത്തിലും, തൊഴിലന്വേഷണത്തിലും, വ്യക്തിയധിഷ്ഠിതമായ സമീപനത്തിലും വീക്ഷണത്തിലും ഊന്നൽകൊടുക്കുന്നതിൽ നിന്നും, വിദ്യാഭ്യാസത്തെ സംരക്ഷിച്ചു നിർത്തണമെന്ന ലക്ഷ്യം വിദ്യാഭ്യാസനയത്തിനുണ്ടാകേണ്ടതല്ലേ? കൂടാതെ മതേതരവും ശാസ്ത്രീയവുമായ ആധുനികവിദ്യാഭ്യാസത്തെക്കുറിച്ച് രേഖയിൽ ഒരിടത്തും പരാമർശമില്ല. വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനംതന്നെ ശാസ്ത്രീയരീതിയും സമീപനവും പ്രക്രിയയും ആകണമെന്ന് ചൂണ്ടിക്കാട്ടിയിട്ടുപോലുമില്ല.

വ്യവസ്ഥയിലെ പ്രശ്‌നങ്ങൾ

രാജ്യത്തെ വിദ്യാഭ്യാസമേഖലയിൽ ഗുരുതരമായ പ്രശ്‌നങ്ങൾ നിലനിൽക്കുന്നു എന്നത് ഏതൊരാൾക്കും നിഷേധിക്കാനോ, അവഗണിക്കാനോ ആകാത്ത സത്യംതന്നെയാണ്. പ്രസ്തുതരേഖയിൽത്തന്നെ അത് അംഗീകരിക്കുന്നുണ്ട്. വിദ്യാഭ്യാസത്തിലെ പ്രവേശനവും പങ്കാളിത്തവുമായി ബന്ധപ്പെട്ട്, നൽകുന്ന വിദ്യാഭ്യാസത്തിന്റെ നിലവാരം, വിദ്യാഭ്യാസത്തിലെ സമത്വം, ഭരണവും നിർവ്വഹണവും, ഗവേഷണവും വികസനവും, വിദ്യാഭ്യാസവികസനത്തിനുള്ള സാമ്പത്തിക പ്രതിജ്ഞാബദ്ധത എന്നിവയെല്ലാം ഈ മേഖലയിലെ നിരവധിയായ നിലനിൽക്കുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളുമാണ്(പുറം 7). പക്ഷേ ഒരിടത്തും പ്രശ്‌നങ്ങളുടെ യഥാർത്ഥ കാരണം നിർവ്വചിക്കാനുള്ള ആത്മാർത്ഥമായ പരിശ്രമമില്ല. ആത്മാർത്ഥതയുള്ള പരിഹാരനിർദ്ദേശങ്ങളുമില്ല. മുൻകാല തെറ്റുകൾ തിരുത്തി വിദ്യാഭ്യാസം എല്ലാവർക്കും പ്രാപ്തമാക്കാൻ സർക്കാരിന് യഥാർത്ഥത്തിൽ താൽപ്പര്യമുണ്ടായിരുന്നുവെങ്കിൽ, 2009 ലെ വിദ്യാഭ്യാസ അവകാശനിയമം റദ്ദാക്കിക്കൊണ്ട്, എല്ലാ തലത്തിലും വിദ്യാഭ്യാസം മൗലികാവകാശമാക്കി മാറ്റിക്കൊണ്ട,് യഥാർത്ഥ വിദ്യാഭ്യാസ അവകാശം ഉറപ്പാക്കുവാനുള്ള നിയമനിർമ്മാണം നടത്തണം. അല്ലാതെ രേഖയിൽ നിർദ്ദേശിക്കുന്നതുപോലെ ന്യൂനപക്ഷ സ്ഥാപനങ്ങളെ തിരികെ ഉൾക്കൊള്ളിക്കാനായി, നിയമത്തിൽ ഭേദഗതി വരുത്തണം എന്ന തരത്തിലുള്ള ഉപരിപ്ലവ നടപടികളല്ല വേണ്ടത്. രാജ്യത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളെ ശരിയായ പാതയിലേയ്ക്ക് തിരികെ കൊണ്ടുവരാൻ ആത്മാർത്ഥമായ ആഗ്രഹം സർക്കാരിനുണ്ടെങ്കിൽ, കേന്ദ്ര ബജറ്റിന്റെ 10%, ജീവനക്കാരുടെ ശമ്പളവും പെൻഷനും മാറ്റിനിർത്തി, ഈ മേഖലക്കായി നീക്കി വെക്കണം. വിദ്യാഭ്യാസത്തിലെ സ്വാശ്രയസമ്പ്രദായം നിർത്തുകയും സർക്കാർ മുതൽമുടക്കിൽ വരേണ്യസ്ഥാപനങ്ങൾ ആരംഭിക്കുന്നത് അവസാനിപ്പിക്കുകയും വേണം. വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അക്കാദമിക പിന്തുണ ഉറപ്പാക്കി, ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും വേണം. ജനാധിപത്യത്തോടും ഭരണഘടനാപരമായ മാർഗ്ഗങ്ങളോടും യഥാർത്ഥ ആദരം മന്ത്രാലയത്തിനുണ്ടെങ്കിൽ, വിദ്യാഭ്യാസത്തെ കൺകറന്റ് പട്ടികയിൽ പെടുത്തി, വിദ്യാഭ്യാസ പ്രശ്‌നങ്ങളിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കുകയും വേണം.

കൊഴിഞ്ഞുപോക്ക്

വിദ്യാഭ്യാസമേഖലയിലെ ചില പ്രശ്‌നങ്ങൾ നമുക്കൊന്നു ചർച്ച ചെയ്യാം. ഉദാഹരണത്തിന് കൊഴിഞ്ഞുപോക്ക്. രേഖ സമ്മതിക്കുന്നത്, പ്രൈമറി തലത്തിൽ 83.7%, എലമെന്ററി തലത്തിൽ 67.4 ശതമാനവുമാണ് പഠനം തുടരുന്നവരുടെ എണ്ണം. അതായത്, ഒന്നാം ക്ലാസ്സിൽ ചേരുന്ന 10 കുട്ടികളിൽ 4 പേർ എട്ടാം ക്ലാസ്സിനു മുമ്പേ പഠനം നിർത്തുന്നു. വസ്തുതകളെ സംബന്ധിച്ച് പരസ്പരവിരുദ്ധമായ പ്രസ്താവനകളും രേഖയിലുണ്ട്. കാതലായ തകർച്ചയുണ്ടെന്ന് ഒരിടത്തു പറയുന്നു, മറ്റൊരിടത്ത് ശ്രദ്ധ വേണമെന്നുമാത്രം. എന്നാൽ ഒരിടത്തും കാരണമോ പരിഹാരമോ ഇല്ല. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ കുട്ടികളെ സ്‌കൂളുകളിൽ നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഈ കൊഴിഞ്ഞുപോക്ക് പ്രശ്‌നം ഉയർത്തിക്കാട്ടുന്നു, എന്ന് രേഖ വിലയിരുത്തുന്നു. എന്നാൽ എന്തു നടപടികൾ, യാതൊരു സൂചനയും ഇല്ല. ഇവിടെ പറയുന്നത്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ കുട്ടികൾക്ക് പ്രീ-പ്രൈമറി വിദ്യാഭ്യാസത്തിൽ പങ്കെടുക്കുവാനുള്ള അവസരം കുറയുകയാണ് എന്നതാണ്. പക്ഷേ എന്തുകൊണ്ട്? സ്വകാര്യവൽക്കരണവും കച്ചവടവൽക്കരണവും മൂലം ദിനംപ്രതി വർദ്ധിക്കുന്ന ഭീമമായ വിദ്യാഭ്യാസച്ചെലവ് തന്നെയല്ലേ ഇതിന് കാരണം? അതു തന്നെയല്ലേ സർക്കാരുകൾ സ്വയം നടപ്പിലാക്കുന്നതും? ദാരിദ്ര്യനിലയെ കുറിച്ച് സർക്കാർ എന്തൊക്കെ കണക്കുകൾ അവതരിപ്പിച്ചാലും രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ദാരിദ്ര്യത്തിന്റെ പിടിയിലാണെന്നു തന്നെയല്ലേ ഇത് കാണിക്കുന്നത്? ഈ കാരണങ്ങളൊക്കെ സൗകര്യപൂർവ്വം മറക്കുന്നു. പ്രീ-സ്‌കൂൾ കുട്ടികൾക്കു വേണ്ടി നയരേഖയിൽ മുതലക്കണ്ണീർ ഒഴുക്കുന്ന കേന്ദ്രസർക്കാർ തന്നെയാണ്, ഈ വിഭാഗത്തിനു വേണ്ടിയുള്ള ഐസിഡിഎസ് വിഹിതം നിർദ്ദയം ബജറ്റിൽ വെട്ടിക്കുറച്ചത്. അതുകൊണ്ടു തന്നെ കൊഴിഞ്ഞുപോകുന്നവരെ കുറിച്ചുള്ള വിലാപം വെറും കാപട്യമാകുന്നു.

വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം

രേഖയിൽ പറയുന്നത്, ‘സ്‌ക്കൂൾ വിദ്യാഭ്യാസം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി, കുട്ടികളുടെ പഠനത്തിന്റെ നിലവാരത്തിൽ ഉണ്ടാകുന്ന കുറവാണ്’. ഈ നിലവാരത്തകർച്ചയുടെ ഭയാനകമായ യാഥാർത്ഥ്യം മറച്ചു പിടിക്കുന്നതിനായി ആത്മാർത്ഥതയില്ലാത്ത ജൽപ്പനങ്ങൾ കാണാം. എന്നാൽ യഥാർത്ഥ പ്രശ്‌നങ്ങൾ ഒഴിവാക്കിയിരിക്കുന്നു. എന്തുകൊണ്ട് പല സ്‌ക്കൂളുകൾക്കും ദയനീയമായ അടിസ്ഥാനസൗകര്യങ്ങൾ? എന്തുകൊണ്ട് ഓരോ ഗ്രാമത്തിലും സ്‌ക്കൂളിന്റെ ആവശ്യമുണ്ടായിട്ടും അതിന് സർക്കാർ പ്രതിജ്ഞാബദ്ധമായിട്ടും മതിയായ സ്‌ക്കൂളുകളും അധ്യാപകരും ഉണ്ടാകുന്നില്ല? എന്തുകൊണ്ട് എല്ലാ സ്ഥാപനങ്ങളിലും യോഗ്യതയുള്ള അധ്യാപകരെയും മറ്റ് ജീവനക്കാരെയും ആവശ്യാനുസരണം ഒഴിവുള്ള തസ്തികകളിൽ നിയമിക്കുന്നില്ല? എന്തുകൊണ്ട് താത്കാലിക അധ്യാപകരേയും ജീവനക്കാരേയും സ്ഥിരപ്പെടുത്തി കുറവു നികത്തുന്നില്ല? വിദ്യാർത്ഥികളേയും മാതാപിതാക്കളേയും പിന്നാക്കം വലിക്കുന്ന കൊടിയ ദാരിദ്ര്യത്തിന് എന്തുകൊണ്ട് പരിഹാരമുണ്ടാകുന്നില്ല? എന്തുകൊണ്ട് വിദ്യാഭ്യാസരംഗത്ത് മന്ത്രിമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന ഉന്നതതലങ്ങളിൽ കടുത്ത അഴിമതി നിലനിൽക്കുന്നു? കഴിവുകെട്ട ഭരണനിർവ്വഹണവും മറ്റ് തിന്മകളും എടുത്തു പറയേണ്ടതില്ല. ഇതൊന്നും പരാമർശിക്കാതെ എല്ലാം വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും ചുമലിൽ വെക്കുന്നു. ഇതൊക്കെ നയങ്ങൾ രൂപീകരിക്കുന്നവരുടെ ആത്മാർത്ഥമായ ലക്ഷ്യങ്ങളേയാണോ കാണിക്കുന്നത്?

സ്വകാര്യവൽക്കരണം

സ്വകാര്യവൽക്കരണത്തെ സംബന്ധിച്ചും വൻതോതിലുള്ള സ്വകാര്യവൽക്കരണം സൃഷ്ടിച്ച അപകടകരമായ സ്ഥിതിയെ കുറിച്ചുമുള്ള തുറന്ന കുറ്റസമ്മതമുണ്ട്. എന്നാൽ നയത്തിൽ അതിനു മറുപടിയില്ല. ഇത് എന്തു കൊണ്ട് സംഭവിച്ചു? സർക്കാരുകളല്ലാതെ മറ്റാരാണ് ഇതിന് ഉത്തരവാദികൾ? മുൻ കോൺഗ്രസ് സർക്കാരല്ലാതെ മറ്റാരാണ്, വിദ്യാഭ്യാസം അനുപമമായ നിക്ഷേപം’ എന്ന മുദ്രാവാക്യമുയർത്തി, സ്വകാര്യവൽക്കരണത്തിന്റെ മലവെള്ളപ്പാച്ചിലിന് തുടക്കമിട്ടത്. വിവിധ വർണ്ണത്തിലുള്ള കൊടികൾ പിടിച്ചെങ്കിലും പിന്നീടു വന്ന സർക്കാരുകളെല്ലാം തന്നെ മൽസരബുദ്ധിയോടെ ഈ നയം തുടർന്നു. ഇനി ഇപ്പോഴത്തെ സർക്കാരിന് വ്യത്യസ്തതയും ആത്മാർത്ഥതയും ഉണ്ടെങ്കിൽ, എന്താണ് സ്വീകരിക്കേണ്ട പരിഹാരമാർഗ്ഗങ്ങൾ? ഫീസ് വർദ്ധനവുകൾ അടിയന്തരമായി പിൻവലിക്കുക, വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും ക്യാപ്പിറ്റേഷൻ-കോഴ വിഷയത്തിൽ അടിയന്തര വിലക്കുകൾ കൊണ്ടുവരിക, ഒപ്പം വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ പരിധിയിൽ നിന്നും വിദ്യാഭ്യാസവും മറ്റ് സേവനമേഖലകളും പിൻവലിക്കുക.
തോൽവിയില്ലാ നയം
ഒരു കുട്ടിയെ പോലും തോൽപ്പിക്കരുത് എന്നത് ഇന്ന് വിദ്യാഭ്യാസമേഖലയിൽ ഒരു പുകയുന്ന വിഷയമാണ്. ചില നിർദ്ദേശങ്ങൾ’ എന്ന രേഖ പറയുന്നു, കുട്ടികളെ തോൽപ്പിക്കാൻ പാടില്ല എന്ന നയത്തിന്റെ ചില ഭാഗങ്ങൾ ഭേദഗതി ചെയ്യും. കാരണം വിദ്യാർത്ഥികളുടെ അക്കാദമിക പ്രകടനത്തെ അത് ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഈ നയം അഞ്ചാം ക്ലാസു വരെയായി പരിമിതപ്പെടുത്തും. ഉയർന്ന ക്ലാസുകളിൽ ക്ലാസ്‌കയറ്റം പരീക്ഷാഫലം അനുസരിച്ചു തന്നെയാകും. അക്കാദമികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെ സ്‌ക്കൂളുകളിൽ വച്ചു തന്നെ കണ്ടെത്തുകയും, അവർക്കു വേണ്ട പരിഹാരനടപടികൾ നടപ്പാക്കുകയും ചെയ്യും. ഇവിടെ ഉത്കണ്ഠയോടെ നമ്മൾ മനസ്സിലാക്കേണ്ട കാര്യം, കുട്ടികളെ പരീക്ഷയിൽ തോൽപ്പിക്കാൻ പാടില്ല എന്ന നയം, സ്‌ക്കൂൾ വിദ്യാഭ്യാസത്തിനു തന്നെ അപകടം വരുത്തിവെച്ചു. സർക്കാരുകൾ നിയോഗിച്ച സമിതികളും, ഭൂരിഭാഗം സംസ്ഥാനങ്ങളും ഈ വസ്തുത ശരിവെക്കുകയാണ്. നിഷ്‌കളങ്കഭാവത്തോടെ ഇത് അംഗീകരിക്കുന്ന കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം, അർദ്ധമനസ്സോടെയുള്ള നടപടി മാത്രമാണ് എടുക്കുന്നത്. തീർച്ചയായും അത് ജനകീയസമ്മർദ്ദത്തെ തുടർന്നു മാത്രമാണ്. എന്നിട്ടും വിദ്യാഭ്യാസം ആരംഭിക്കുന്ന ഒന്നാം ക്ലാസ് മുതൽ ജയം-തോൽവി സമ്പ്രദായം അവതരിപ്പിക്കാൻ അവർ തയ്യാറാകുന്നില്ല. ഓൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ, ഓൾ ഇന്ത്യ സേവ് എഡ്യൂക്കേഷൻ കമ്മിറ്റി എന്നീ സംഘനകൾ എപ്പോഴും ആവശ്യപ്പെടുന്നതും ഇത് തന്നെയാണ്. ഇവിടെ രണ്ടു തരത്തിലുള്ള വിദ്യാർത്ഥികൾ സൃഷ്ടിക്കപ്പെടുന്നു. ഒന്ന്, സർക്കാർ സ്‌ക്കൂളുകളിൽ പഠിക്കുന്ന ദരിദ്രരായ കുട്ടികൾ. രണ്ട്, ഉയർന്ന ഫീസ് വാങ്ങുന്ന സ്വകാര്യ സ്‌ക്കൂളുകളിൽ നിന്നും, ശരിയായ വിലയിരുത്തൽ അടക്കമുള്ള മികച്ച ശിക്ഷണം നേടുന്ന, സമ്പന്ന വർഗ്ഗത്തിൽ നിന്നുള്ള കുട്ടികൾ. വിദ്യാർത്ഥി സമൂഹത്തിന്റെ പൊതുവിലുള്ള താത്പര്യത്തിനു വിരുദ്ധമായി, എന്നാൽ സ്വാതന്ത്ര്യാനന്തരം ഭരണാധികാരികളും നയരൂപകർത്താക്കളും ശ്രമിച്ചുകൊണ്ടിരുന്നതു പോലെ, ബഹുജനങ്ങൾക്ക് വിദ്യാഭ്യാസം ചുരുക്കുന്ന നയവുമായി ഇത് യോജിക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ, ഒന്നല്ലെങ്കിൽ മറ്റൊരു പേരിൽ എല്ലാവരേയും ജയിപ്പിച്ചു വിടുന്ന ഈ നയം തുടരുക തന്നെ ചെയ്യും.
പരീക്ഷാ പരിഷ്‌കരണമെന്ന പേരിൽ, ഏറ്റവും അധികം തോൽവിയുണ്ടാകുന്ന കണക്ക്, ശാസ്ത്രം, ഇംഗ്ലീഷ് വിഷയങ്ങൾക്കുള്ള പത്താം ക്ലാസ് ബോർഡ് പരീക്ഷ, രണ്ട് തലമായി നടത്താൻ രേഖ നിർദ്ദേശിക്കുന്നു. എന്നാൽ, അക്കാദമികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുവാനുള്ള അടിസ്ഥാനസൗകര്യങ്ങളെയും അധ്യാപകരെയും കുറിച്ച് ഒരു വാക്കു പോലും പരാമർശിക്കുന്നുമില്ല. തീർച്ചയായും ഈ നടപടി രണ്ടു തരം വിദ്യാർത്ഥികളെ സൃഷ്ടിക്കും. സാധാരണ സ്‌ക്കൂളുകളിലെ ദുർബലമായ സൗകര്യങ്ങളിൽ ഇതുവരെ സർവരെയും ജയിപ്പിച്ചുവിടുന്ന നയത്തിനുകീഴിൽ പഠിച്ചുവന്നവരായ ആദ്യത്തെ വിഭാഗം, അതുകൊണ്ടുതന്നെ ഉന്നതവിദ്യാഭ്യാസത്തിനു പ്രാപ്തരാകാതെ പുറത്താകുന്നു. അവർ പിന്നീട് എന്തെങ്കിലും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലേക്കു തിരിഞ്ഞ്, തികച്ചും പ്രവചനാതീതമായ മത്സരം മുറ്റിയ തൊഴിൽ കമ്പോളത്തിലേക്ക് എടുത്തെറിയപ്പെടുന്നു. രണ്ടാമത്തെ വിഭാഗമാകട്ടെ, വിലയേറിയ സ്വകാര്യ സ്‌ക്കൂളുകളിൽ മികച്ച അധ്യയനവും പരിശീലനവും നേടി, രാജ്യത്തും വിദേശത്തുമുള്ള ഏറ്റവും മുന്തിയജോലികൾക്കായി പ്രാപ്തരാക്കപ്പെടുന്നു. ഈ ദുഃസ്ഥിതി ഒഴിവാക്കാൻ പുതിയ വിദ്യാഭ്യാസനയം എന്തെങ്കിലും ചെയ്യേണ്ടതല്ലേ? അതുപോലെതന്നെ, സെമസ്റ്റർ/ചോയ്‌സ് ക്രെഡിറ്റ് ബേസ്ഡ് സംവിധാനങ്ങളിലൂടെ വിദ്യാഭ്യാസത്തെ വിഭജിച്ച് സമഗ്രമായ അറിവു നേടുന്നതിനുള്ള അവസരം നിഷേധിക്കുന്ന നടപടികൾ ഉടനെ അവസാനിപ്പിക്കണം. പൊതു പരീക്ഷയെ ദുർബലമാക്കുന്ന, അഴിമതിയും പക്ഷഭേദവും ഒക്കെ സൃഷ്ടിക്കുന്ന നയങ്ങളും പിൻവലിക്കണം.

അധ്യയനഭാഷ

അധ്യയനത്തിനുള്ള ഭാഷാ മാധ്യമത്തെക്കുറിച്ച് രേഖ പറയുന്നു. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും, അവർക്കു താത്പര്യമുണ്ടെങ്കിൽ അഞ്ചാം ക്ലാസു വരെയുള്ള സ്‌ക്കൂൾ വിദ്യാഭ്യാസത്തിന് അവരവരുടെ മാതൃഭാഷയോ അഥവാ പ്രാദേശികഭാഷയോ അധ്യയന ഭാഷയായി ഉപയോഗിക്കാവുന്നതാണ്. ഇവിടെ അഥവാ എന്നുപയോഗിച്ചിരിക്കുന്നത്, മാതൃഭാഷക്കു പകരം പ്രാദേശികഭാഷയെന്ന നിലയിൽ ഹിന്ദിക്ക് കടന്നു വരാനുള്ള അവസരം ഒരുക്കാനാണ്. ഇംഗ്ലീഷ് ഭാഷ പോലും പ്രായോഗികതലത്തിൽ ഒതുങ്ങും. അതിന്റെ സാഹിത്യമോ ഭാഷാപഠനവുമായി ബന്ധപ്പെട്ട മറ്റ് ഭാഗങ്ങളോ ഒഴിവാക്കപ്പെട്ട് പ്രാധാന്യം കുറച്ച് മാറ്റി നിർത്തപ്പെടും. ഇതിന് ഉപരിയായി രേഖയിൽ പരാമർശിക്കുന്നത്, ഇന്ത്യൻ ഭാഷകളുടെ വളർച്ചയിലും രാജ്യത്തിന്റെ സാംസ്‌കാരിക ഐക്യത്തിലും സംസ്‌കൃതത്തിനുള്ള പ്രത്യേകപങ്ക് പരിഗണിച്ചുകൊണ്ട് സ്‌ക്കൂൾ-യൂണിവേഴ്‌സിറ്റി തലങ്ങളിൽ സംസ്‌കൃതം പഠിപ്പിക്കുവാൻ കൂടുതൽ ഉദാരമായ ശ്രമം നടത്തേണ്ടതുണ്ട്. 2016 മേയിൽ മന്ത്രാലയം പുറത്തിറക്കിയ നിർദ്ദേശങ്ങൾ പ്രകാരം, ഐഐടികൾ അടക്കം ദേശീയപ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ സംസ്‌കൃത പഠനത്തിനുള്ള സംസ്‌കൃതം സെല്ലുകൾ തുടങ്ങണമെന്നും, സംസ്‌കൃതഭാഷയും സാഹിത്യവുമുപയോഗിച്ച് ശാസ്ത്രവും സാങ്കേതികവിദ്യയും മറ്റ് ആധുനികവിഷയങ്ങളും പഠിക്കുവാൻ സാഹചര്യമൊരുക്കണമെന്നും പറയുന്നു. മറ്റൊരു മന്ത്രാലയരേഖ(സംസ്‌കൃതത്തിന്റെ വളർച്ചക്കുള്ള വീക്ഷണവും രൂപരേഖയും) അവകാശപ്പെടുന്നത്, ഗവേഷണത്തിന്റെയും കണ്ടുപിടിത്തങ്ങളുടേയും പശ്ചാത്തലത്തിൽ, സിദ്ധാന്തശിരോമണി, വൃക്ഷ ആയുർവേദം തുടങ്ങിയ നൂറുകണക്കിന് പദങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട് എന്നാണ്. ഇവിടെ വ്യക്തമാകുന്നത്, ഏതോ അജൻഡയുടെ ഭാഗമായി നമ്മുടെ വിദ്യാഭ്യാസത്തിന്റെ പല തലങ്ങളിലും സംസ്‌കൃതം അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. ഇവിടെ ഭാവനാത്മകമായ മഹത്വം വൈദിക കാലഘട്ടത്തിനു കൽപ്പിക്കപ്പെടുന്നു. എന്തൊരു ഇരട്ടത്താപ്പാണിത്. ഒരു വശത്ത് നൈപുണ്യവികസനത്തിനായി ശാസ്ത്രത്തിന്റെ സാങ്കേതികവശങ്ങൾ ആഗോള കാഴ്ച്ചപ്പാടോടെ ഒരു വിഭാഗത്തിനും, തൊഴിൽ പരിശീലനമായി ബഹുജനങ്ങൾക്കും ലഭിക്കുവാനുള്ള പഠനപ്രക്രിയക്കായി അവർ വാദിക്കുന്നു. മറുവശത്ത്, ശാസ്ത്രത്തിന്റെ പേരിൽ എന്തൊക്കെയോ സംസ്‌കൃതത്തിൽ പഠിപ്പിക്കുവാൻ പ്രോൽസാഹിപ്പിക്കുന്നു. അതാകട്ടെ, പരീക്ഷണ-നിരീക്ഷണങ്ങളിൽ അടിയുറച്ച ആധുനികശാസ്ത്രത്തിൽനിന്നും എത്രയോ വിദൂരതയിലുള്ള കാര്യങ്ങൾ. ഒരിക്കലും തമ്മിൽ ചേരാത്ത ഈ രണ്ടു കാര്യങ്ങളും നമ്മുടെ വിദ്യാഭ്യാസത്തെ എങ്ങോട്ടു നയിക്കും? മാനവവിഭവശേഷി മന്ത്രാലയം ഇതിന് ഉത്തരം പറഞ്ഞേ തീരൂ.

സ്വയംഭരണത്തിനു മേലുള്ള ഉദ്യോഗസ്ഥ കടിഞ്ഞാൺ

യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ, ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യൂക്കേഷൻ എന്നിവയെയൊക്കെ അഴിച്ചു പണിയാനും വിദ്യാഭ്യാസത്തിന്റെ ഭരണനിർവ്വഹണത്തെ നിർണ്ണയിക്കാനുമുള്ള ശുപാർശകളും രേഖ നിർദ്ദേശിക്കുന്നു. വിദ്യാഭ്യാസ വകുപ്പുകൾ, സ്‌ക്കൂളുകൾ, സർവ്വകലാശാലകൾ, അക്കാദമിക് ജീവനക്കാരുടെ നിയമനം, പരിശീലനം തുടങ്ങിയവയുടെയെല്ലാം നിർവ്വഹണത്തിലും നിരീക്ഷണത്തിലുമെല്ലാമുള്ള മാറ്റം ഇതിൽ ഉൾപ്പെടുന്നു. ഇതെല്ലാം തന്നെ കേന്ദ്രീകൃതമായ ഉദ്യോഗസ്ഥ ഭരണത്തിലേക്കും, തങ്ങളുടെ അജണ്ട, അത് എന്തു തന്നെയായാലും സുഗമമായി നടപ്പാക്കിയെടുക്കാനുള്ള നിയന്ത്രണം വിദ്യാഭ്യാസസംവിധാനത്തിനു മേൽ നേടിയെടുക്കുന്നതിലേക്കും നയിക്കും. അതു സ്വയംഭരണം എന്ന ചോദ്യം തന്നെ അപ്രസക്തമാക്കും. പകരം സ്ഥാപനങ്ങളുടെ നിർബന്ധിത അക്രഡിറ്റേഷൻ നയം അവസാനിപ്പിക്കുവാനുള്ള നടപടിയെടുക്കുകയാണത്രെ വേണ്ടത്. ഇതാകട്ടെ കച്ചവടവൽക്കരണത്തെ പ്രോൽസാഹിപ്പിച്ച,് യുജിസി സഹായങ്ങൾക്കുള്ള മാനദണ്ഡമായി അക്രഡിറ്റേഷനെ മാറ്റുന്നതിനാണ്. കൂടാതെ ഘടനാപരമായ മാറ്റങ്ങളിലൂടെ വിദ്യാഭ്യാസത്തിന്റെ ഏകാധിപത്യപരമായ കേന്ദ്രീകരണം, സ്വകാര്യ സർവ്വകലാശാല ബിൽ, വിദേശ സർവ്വകലാശാല ബിൽ, വിദ്യാഭ്യാസ ട്രൈബ്യൂണൽ ബിൽ, കേന്ദ്ര സർവ്വകലാശാല ബിൽ തുടങ്ങിയവയൊക്കെ നിയമപരമാക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കണം. അക്കാദമിക് സമൂഹത്തിന്റെ സ്വാതന്ത്ര്യം, ജനാധിപത്യ അവകാശങ്ങൾ, വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും ജനാധിപത്യ അവകാശങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തന സ്വാതന്ത്ര്യം എന്നിവയിലൊക്കെ കടന്നു കയറുന്നതും നിയന്ത്രണമേർപ്പെടുത്തുന്നതുമായ നയങ്ങളും അവസാനിപ്പിക്കണം.

വിദേശ സർവ്വകലാശാലകൾ

ചില നിർദ്ദേശങ്ങൾ’ രേഖ പറയുന്നു, ലോകത്തെ മികച്ച 200 സർവ്വകലാശാലകളിൽ തെരഞ്ഞെടുക്കപ്പെടുന്നവയ്ക്ക്, ഇന്ത്യൻ സർവ്വകലാശാലകളുമായുള്ള സഹകരണത്തിലൂടെ തങ്ങളുടെ സാന്നിദ്ധ്യം രാജ്യത്ത് കൊണ്ടുവരുന്നതിനെ പ്രോൽസാഹിപ്പിക്കും. വേണ്ടി വന്നാൽ, ആവശ്യമായ നിയമനിർമ്മാണത്തിനുള്ള നടപടികളും കൈക്കൊള്ളും. ഒരു വിദേശ സർവകലാശാലക്ക,് ഇന്ത്യയിലും അവരുടെ രാജ്യത്തും സാധുതയുള്ള ഡിഗ്രികൾ, ഇന്ത്യയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും ലഭ്യമാക്കുന്നതിനുള്ള തരത്തിൽ ചട്ടങ്ങൾ രൂപീകരിക്കും.
ആഗോളവൽക്കരണത്തിന്റേയും ഗാട്‌സിന്റേയും ഇന്നത്തെ സാഹചര്യത്തിൽ, വിദ്യാഭ്യാസത്തെ ഒരു ആഗോള കച്ചവടമായാണ് കാണുന്നത്. അപ്പോൾ വിദേശസ്ഥാപനങ്ങളുടെ ഇന്ത്യൻ ക്യാംപസുകൾ, അത് പരമ്പരാഗതമായി എത്ര പേരുകേട്ടതായാലും ശരി, അവയെ പണമുണ്ടാക്കുന്ന വ്യവസായ കേന്ദ്രങ്ങൾ,- തങ്ങളുടെ പേരിന്റെ വിലയനുസരിച്ച് വില നിർണ്ണയിക്കുന്ന സ്ഥാപനങ്ങൾ, ആയി മാത്രമേ കണക്കാക്കാൻ പറ്റൂ. ഇപ്പോൾ തന്നെ ലോകത്തിന്റെ പല ഭാഗത്തുമുള്ള പേരുകേട്ട സ്ഥാപനങ്ങൾപോലും തങ്ങളുടെ നിലവാരം തകരാതിരിക്കാൻ പെടാപ്പാട് പെടുകയാണ്. നമ്മുടേതടക്കം എല്ലാ രാജ്യങ്ങളിലും ഉന്നത വിദ്യാഭ്യാസരംഗത്ത് നല്ല അധ്യാപകരുടെ വമ്പിച്ച കുറവാണ് അനുഭവപ്പെടുന്നത്. ഇവിടെ, ഗാട്‌സ് നിർദ്ദേശങ്ങളിൽ പറഞ്ഞതുപോലെ, ഉയർന്ന കൂലി കൊടുത്ത് അക്കഡമിക്കുകളെ വെറുതേ നിയമിക്കുന്നതുകൊണ്ടു മാത്രം ഈ പ്രശ്‌നങ്ങൾക്കു പരിഹാരമാകുമോ? തങ്ങളുടെ പഠനപരിപാടികളുമായി ബന്ധപ്പെട്ട വിവിധ വശങ്ങളിലോ, അധ്യാപക-അനധ്യാപക ജീവനക്കാരുടെ സേവനവ്യവസ്ഥകളിലോ വിഷയ സ്വീകരണത്തിലോ നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസത്തിന്റെ ആവശ്യങ്ങൾക്കു മുൻഗണന കൊടുക്കുന്നതിലോ ഈ വിദേശ സർവ്വകലാശാലകൾ താത്പര്യം കാണിക്കുമോ? ഇല്ല എന്നു തന്നെ പ്രതീക്ഷിക്കണം. രാജ്യത്തിന്റെ ആവശ്യങ്ങൾ അവർക്കു രണ്ടാമതായേ വരൂ. അവരുടെ പ്രധാനലക്ഷ്യം കച്ചവടം തന്നെയായിരിക്കും. ഇപ്പോൾത്തന്നെ വ്യാപകമായ, വിദ്യാഭ്യാസത്തിന്റെ സ്വകാര്യവൽക്കരണ- ഉദാരവൽക്കരണ നടപടികൾക്ക് ഇത് ആക്കം കൂട്ടുകയേ ഉള്ളൂ.

പുതിയ കുപ്പിയിലെ പഴയ വീഞ്ഞ്

ആകെത്തുകയിലും കാമ്പിലും ഇപ്പോഴത്തെ വിദ്യാഭ്യാസ നയസമീപനരേഖയും നേരത്തേയുണ്ടായിട്ടുള്ള സമാന പരിശ്രമങ്ങളും തമ്മിൽ വലിയ വ്യത്യാസങ്ങളൊന്നും കാണാനില്ല – അത് 1986ലെ വിദ്യാഭ്യാസ നയമാകട്ടെ , യശ്പാൽ കമ്മിറ്റി റിപ്പോർട്ടാകട്ടെ. വിദ്യാർത്ഥികളെ രണ്ടുതരക്കാരായി കാണുന്നതിലും (സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും, ഉന്നതമായ സാമ്പത്തിക പിന്തുണയുള്ളവരും), സാധാരണക്കാർക്ക് ഉന്നതവിദ്യാഭ്യാസം നിഷേധിക്കുന്നതിലും, സ്വകാര്യവൽക്കരണത്തിലും, ഉദ്യോഗസ്ഥ അധികാരങ്ങളുടെ കേന്ദ്രീകരണത്തിലും, എതിർക്കുന്നവരുടെയും അംഗീകരിക്കാത്തവരുടെയും സ്വരം അടിച്ചമർത്തുന്നതിലും ഒന്നും തന്നെ പഴയ നയങ്ങളിൽ നിന്നും പുതിയ കരട് നയവും വ്യത്യസ്ഥമാകുന്നില്ല. ഒന്നുകൂടി കടുത്ത കേന്ദ്രീകരണസമീപനമാണിതിനുള്ളത്. എന്നാൽ കൂടുതൽ അപകടകരമായത് മറ്റൊന്നാണ്.

അപകടസൂചന

ആമുഖത്തിൽ വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു: ‘ചരകൻ, സുശ്രുതൻ, ആര്യഭട്ടൻ, ഭാസ്‌കരാചാര്യർ, ചാണക്യൻ, പതഞ്ജലി, വാത്സ്യായൻ തുടങ്ങി നിരവധിയായ ഇന്ത്യൻ പണ്ഡിതർ, ഗണിതം, ജ്യോതിശാസ്ത്രം, വൈദ്യം, ശസ്ത്രക്രിയ, കല, ഉത്പാദന സാങ്കേതികവിദ്യകൾ, വാസ്തുശാസ്ത്രം, കപ്പൽ നിർമ്മാണവും സമുദ്രയാത്രയും, കായികമേഖല അടക്കമുള്ള വൈവിധ്യമാർന്ന മേഖലകളിൽ ലോകത്തെ വിജ്ഞാനശേഖരത്തിലേക്ക് നിർണ്ണായകമായ സംഭാവനകൾ നൽകിയിട്ടുണ്ട്. സ്വാതന്ത്ര്യസമരകാലത്ത്, ഗോഖലേ, റാം മോഹൻ റോയി, പണ്ഡിറ്റ് മദൻമോഹൻ മാളവ്യ, ഗാന്ധിജി എന്നീ നേതാക്കൾ, ഇന്ത്യയിലെ ജനങ്ങൾക്ക് മികച്ച വിദ്യാഭ്യാസം കിട്ടുന്നതിനായി പ്രവർത്തിച്ചു.’
ഇവിടെ ഈ പട്ടിക വളരെ ശ്രദ്ധേയമാകുന്നത് ഇന്ത്യ ജന്മം നൽകിയ മുൻനിര ശാസ്ത്രജ്ഞരായ ജഗദീഷ്ചന്ദ്ര ബോസ്, സി.വി.രാമൻ, മേഘനാഥ് സാഹ, എസ്.എൻ.ബോസ്, പി.സി.റോയി അങ്ങനെ ആധുനികശാസ്ത്രത്തിനും മനുഷ്യവിജ്ഞാനത്തിനും നിസ്തുലസംഭാവനകൾ നൽകിയ നിരവധിയായവരുടെ പേരുകളുടെ അഭാവം കൊണ്ടാണ്. സ്വാതന്ത്ര്യസമര കാലത്ത് വിദ്യാഭ്യാസവ്യാപന പ്രവർത്തനം നടത്തിയ തലയെടുപ്പുള്ള നാലു പേരുകൾ ഇതിൽ പറയുന്നു. (സ്വാതന്ത്ര്യസമരം റാംമോഹൻ റോയിയുടെ കാലത്ത് ആയിരുന്നില്ല താനും) ഇവരുടെ സംഭാവനകൾ വിസ്മരിക്കുകയല്ല. പക്ഷേ പട്ടികയിൽ ഈശ്വർചന്ദ്ര വിദ്യാസാഗർ എന്ന, ശാസ്ത്രീയ-മതേതര വിദ്യാഭ്യാസത്തിനായി, പലപ്പോഴും ഒറ്റയ്ക്കു പോലും, അടിയുറച്ചു നിലകൊണ്ട ഏറ്റവും സമുന്നതനായ വിദ്യാഭ്യാസവിചക്ഷണനെ സൗകര്യപൂർവ്വം ഒഴിവാക്കി. ഈ ഒഴിവാക്കലുകൾകൊണ്ട് ഉദ്ദേശിക്കുന്നത് എളുപ്പത്തിൽ മനസ്സിലാക്കാവുന്നതേയുള്ളൂ. പിന്നണിയിൽ നടക്കുന്ന നീക്കങ്ങളാണ് പ്രധാനം. നേരത്തെ പരാമർശിച്ചതുപോലെ, ദേശീയനയം രൂപീകരിക്കുന്ന പ്രക്രിയ നടക്കുമ്പോൾ തന്നെ, ആർഎസ്എസ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു, അവർ അവരുടെ വീക്ഷണങ്ങൾ സമർപ്പിക്കുമെന്നും അവ നടപ്പാക്കിയെടുക്കുമെന്നും. ആർഎസ്എസ് അനുബന്ധ സംഘടനകളാകട്ടെ, ഹൈന്ദവ ചിന്തകൾ അടിസ്ഥാനമാക്കി വിദ്യാഭ്യാസസമ്പ്രദായം അടിമുടി അഴിച്ചുപണിയണമെന്നുതന്നെ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ പഴയകാലമഹിമയുടെ പേരുപറഞ്ഞ് വീണ്ടും വീണ്ടും ആർഎസ്എസ്-ബിജെപി നേതാക്കൾ, തങ്ങളുടെ ഹിന്ദുത്വവാദി അജൻഡയുടെ കാഹളമാണ് ഉയർത്തുന്നത്. ഇത് വ്യക്തമായും ആധുനിക ശാസ്ത്രീയ വിദ്യാഭ്യാസത്തെ വിദേശിയെന്നു മുദ്രകുത്തി തള്ളിക്കളയുകയാണ്. (പക്ഷേ സർക്കാരാകട്ടെ കച്ചവടത്തിനായി വിദേശസർവ്വകലാശാലകൾക്ക് ചുവപ്പു പരവതാനി വിരിക്കുന്നു) ഇവർ തികച്ചും അശാസ്ത്രീയമായ, പിന്തിരിപ്പനായ ആശയങ്ങളാണ് ശാസ്ത്രത്തിന്റെ പേരിൽ സ്വീകരിക്കുന്നത്. സംസ്‌കൃതത്തിനായുള്ള അവരുടെ പ്രചാരണവും, സർവ്വകലാശാലാ കരിക്കുലത്തിൽപോലും ഗീതയും രാമായണവും പോലെയുള്ള ഗ്രന്ഥങ്ങൾ ഉൾപ്പെടുത്തണമെന്ന് വാദിക്കുന്നതും അവരുടെ ലക്ഷ്യം വ്യക്തമാക്കുകയാണ്. ഈ പശ്ചാത്തലത്തിൽ കരട് നയത്തിൽ ആധുനിക ശാസ്ത്രീയ വിദ്യാഭ്യാസം ഔദ്യോഗികമായി സമ്പൂർണ്ണമായി തമസ്‌കരിക്കപ്പെടുമ്പോൾ അത് ഭയാനകമായ സൂചനകൾതന്നെയാണ് സംശയലേശമന്യേ നൽകുന്നത്.
മതേതര-ശാസ്ത്രീയ വിദ്യാഭ്യാസത്തെ ഇങ്ങനെ തുറന്നടിച്ച് ഇല്ലാതാക്കുന്നത്, രാജ്യത്തെ സാമൂഹ്യ-സാംസ്‌കാരിക അന്തരീക്ഷത്തിൽ കടുത്ത വിപരീതഫലങ്ങളാണ് ഉളവാക്കുക. അന്ധമായ വിധേയത്വം, പിന്തിരിപ്പൻ മനോഭാവം, മതഭ്രാന്ത്, എല്ലാതരത്തിലുമുള്ള അസഹിഷ്ണുതയോടു കൂടിയ യുക്തിരാഹിത്യം, എല്ലാം പ്രോൽസാഹിപ്പിക്കപ്പെടും. മതേതരവും ശാസ്ത്രീയവുമായ വിദ്യാഭ്യാസത്തിന്റെ വിനാശമെന്നാൽ, യുക്തിചിന്ത, ജീവൽപ്രശ്‌നങ്ങളെ ശരിയായി വിലയിരുത്താനുള്ള ശക്തി എന്നിവ കൈമോശം വരിക എന്നാണ് അർത്ഥം. തന്നെയുമല്ല, വരുംകാലത്ത് മനുഷ്യന്റെ ചിന്താശേഷിയെ തന്നെ നശിപ്പിച്ച്, ജനങ്ങളുടെ സാംസ്‌കാരിക-നൈതിക നട്ടെല്ലുതന്നെ തകർക്കുന്ന ഈ മനോഭാവമാണ് രാജ്യത്ത് ഫാസിസം നടപ്പാക്കാൻ സഹായിക്കുക.
അപ്പോൾ ജനങ്ങൾ മാനവവിഭവശേഷി വകുപ്പിനോട്, വിശിഷ്യാ ബിജെപി സർക്കാരിനോട് ആവശ്യപ്പെടേണ്ടത്, വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും, അക്കാദമിക്ക് കരിക്കുലത്തിൽ, സിലബസിൽ, പാഠഭാഗങ്ങളിലും പാഠപുസ്തകങ്ങളിലും, സ്ഥാപനങ്ങളുടെ നടത്തിപ്പിൽ അങ്ങനെ എല്ലാത്തിലും മതേതര-ശാസ്ത്രീയ-ജനാധിപത്യ മനോഭാവം കണിശമായും പുലർത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യണമെന്നാണ്. ഏതുതരത്തിലുമുള്ള വർഗ്ഗീയസമീപനം ഒഴിവാക്കണം. ചരിത്രത്തിന്റെ വികലമായ വീക്ഷണം, അശാസ്ത്രീയമായ പിന്തിരിപ്പൻ ചിന്തകൾ തുടങ്ങിയവയ്ക്ക് വിദ്യാഭ്യാസനയം വഴിയൊരുക്കുന്നത് ഒഴിവാക്കണം. അടിസ്ഥാന ശാസ്ത്ര-മാനവിക വിഷയങ്ങൾ, സാഹിത്യം എന്നിവക്ക് മതിയായ പ്രാധാന്യം നൽകണം. സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള, പഠനത്തിലും അധ്യാപനത്തിലും ഉപരിപ്ലവമായ പ്രായോഗികസമീപനം അല്ലെങ്കിൽ ‘ശിശുകേന്ദ്രീകൃത സമീപനം’ നിർത്തണം. അപ്പോൾ മാത്രമേ, നമ്മുടെ രാഷ്ട്രനിർമ്മാതാക്കൾ വിഭാവനം ചെയ്തതുപോലെ, സമഗ്രമായി, മനുഷ്യനെ സൃഷ്ടിക്കുന്ന, സ്വഭാവം നിർണ്ണയിക്കുന്ന വിദ്യാഭ്യാസം സൗജന്യമായി നേടിയെടുക്കാനാകൂ. ഇല്ലെങ്കിൽ ഈ കരട് രേഖ, രാജ്യത്തെ മതേതര-ശാസ്ത്രീയ-ആധുനിക വിദ്യാഭ്യാസത്തെ നശിപ്പിച്ചതിനുള്ള നാഴികക്കല്ലായി മാത്രം നിലനിൽക്കും.
മാനവവിഭവശേഷി മന്ത്രാലയം ഈ വസ്തുതകൾ കണക്കിലെടുക്കുകയും, അന്തിമനയം രൂപീകരിക്കുന്നതിനുമുമ്പ് മതിയായ തിരുത്തലുകളും ഭേദഗതികളും വരുത്തുകയും ചെയ്യേണ്ടതുണ്ട്. രാജ്യത്തെ ജനങ്ങളാകട്ടെ, ഈ പറയുന്ന കരട് ദേശീയ വിദ്യാഭ്യാസ നയം 2016 മുന്നോട്ടുവയ്ക്കുന്ന ആപൽസൂചനകളെക്കുറിച്ച് അവബോധം നേടുകയും, വിനാശകരമായ ഈ നയം നടപ്പിലാക്കുന്നതിനെതിരെ കരുത്തുറ്റ വിദ്യാഭ്യാസ പ്രക്ഷോഭത്തിൽ സ്വയം സംഘടിച്ച് അണിചേരുകയും വേണം.

Share this post

scroll to top