കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ 2019 ഫെബ്രുവരി 15ന് എസ്യുസിഐ (കമ്മ്യൂണിസ്റ്റ്) കേരള സംസ്ഥാന കമ്മിറ്റി ഒരു രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കുകയാണ്. അതിന് ആധാരമായ വിഷയങ്ങളെ സംബന്ധിച്ചുള്ള പ്രതിപാദനമാണ് ഈ ലേഖനത്തിലുള്ളത്.
2014 മെയ് 6-നാണ് ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ അധികാരത്തിലേറിയത്. 126 കോടി ജനങ്ങൾക്കും വലിയ പ്രതീക്ഷ നൽകിക്കൊണ്ടാണ് താൻ അധികാരത്തിൽ വന്നിരിക്കുന്നത് എന്ന് പ്രധാനമന്ത്രി പറഞ്ഞു.
വൻ ഭൂരിപക്ഷമുള്ള തന്റെ സർക്കാർ സുസ്ഥിരമായ, അഴിമതിയില്ലാത്ത ഭരണം നടപ്പിലാക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക് 5% ൽ താഴെയാണെന്നും നാണയപ്പെരുപ്പം ആശങ്കാജനകമായ വിധത്തിൽ ഉയർന്നിരിക്കുകയാണെന്നും അതിനൊക്കെ തങ്ങൾ പരിഹാരം കണ്ടെത്തുമെന്നുമായിരുന്നു സർക്കാർ പറഞ്ഞ്.
‘അഛേദിൻ’ അഥവാ നല്ല നാളുകളാണ് വരാൻ പോകുന്നത് എന്ന് സർക്കാർ വ്യാപകമായി പ്രചരിപ്പിച്ചു. വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി ഇവയ്ക്കെല്ലാം പരിഹാരമുണ്ടാക്കുമെന്നും സമ്പദ്മേഖല, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യവികസനം, ഭക്ഷ്യോൽപാദനം-വിതരണം എന്നിവയിലെ പ്രതിസന്ധികൾ പരിഹരിച്ച് സാധാരണക്കാരന്റെ പക്ഷത്തുനിലകൊള്ളുമെന്നും പുതിയ സർക്കാർ ഉദ്ഘോഷിച്ചിരുന്നു. 2013 ഒക്ടോബറിൽ 11.16% ഉണ്ടായിരുന്ന പണപ്പെരുക്ക നിരക്ക് 6.46% ആയി കുറയ്ക്കാനായെന്നും സർക്കാർ അധികാരത്തിലേറി 2 മാസം കൊണ്ട് വിലക്കയറ്റം 9.16ൽ നിന്ന് 7.56 ശതമാനം ആയി കുറച്ചുവെന്നും ആദ്യ ബജറ്റ് ചർച്ചയിൽ ബിജെപി മന്ത്രി പറഞ്ഞു.
പ്രതിരോധ മേഖലയ്ക്കാവശ്യമായ സംവിധാനങ്ങൾപോലും സ്വന്തം രാജ്യത്തുണ്ടാക്കുന്ന ‘മേക്ക് ഇൻ ഇന്ത്യ’ എന്ന മുദ്രാവാക്യവും സർക്കാർ ഉയർത്തുകയുണ്ടായി. സ്വിസ് ബാങ്കിലും മറ്റുമായി രാജ്യത്തെ കോടിപതികൾ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം പിടിച്ചെടുത്ത് ജനങ്ങളുടെ അക്കൗണ്ടിൽ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്നും തെരഞ്ഞെടുപ്പിനു മുൻപ് അവർ വാഗ്ദാനം ചെയ്തിരുന്നു. അധികാരത്തിൽ വന്നയുടനെ നരേന്ദ്ര മോദി സർക്കാർ പ്രസ്തുത ലിസ്റ്റ് തയ്യാറാക്കാനായി ഒരു പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകുകയുമുണ്ടായി. ജസ്റ്റിസ് എം.ബി.ഷാ യുടെ നേതൃത്വത്തിൽ സിബിഐ, റോ, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എന്നിവയിലെ അംഗങ്ങൾ ഉൾപ്പെട്ട ‘പ്രത്യേക അന്വേഷണ സംഘ’ത്തെയും പ്രഥമ മന്ത്രിസഭാ യോഗം നിയോഗിക്കുകയുണ്ടായി. അഴിമതി തടയാൻ സർക്കാർ ജീവനക്കാരുൾപ്പെടെ ആസ്തി വെളിപ്പെടുത്താനാവശ്യപ്പെട്ടു. ലോക്പാൽ നിയമത്തിലെ വ്യവസ്ഥകൾ കർശനമാക്കുമെന്നുമുള്ള അറിയിപ്പുണ്ടായി.
ചുവപ്പുനാടകൾ അഴിയുന്നു, ഭരണം സമ്പൂർണ്ണമായും ജനങ്ങളിലേക്കെത്തുന്നു എന്നായിരുന്നു ബിജെപി നേതാക്കൾ പറഞ്ഞത്. പ്രധാനമന്ത്രിയുമായുള്ള ആശയ സംവാദം ഏതൊരാൾക്കും സാദ്ധ്യമാക്കാൻ, സദ്ഭരണം ഊട്ടിയുറപ്പിക്കുവാൻ ‘മൈഗാവ്’ എന്ന ആപ്ലിക്കേഷൻ (ആപ്പ്) പോലും നടപ്പിലാക്കി. ഇതുവഴി ഭരണം സുതാര്യമാക്കുമെന്നും പ്രഖ്യാപിച്ചു.
കാർഷിക മേഖലയെ രക്ഷിക്കാനും, കർഷക ആത്മഹത്യ തടയാനുമെന്ന പ്രചരണത്തോടെ ഒരു പദ്ധതിയും പ്രഖ്യാപിച്ചു. പലിശയിളവ്, സബ്സിഡി ഉൾപ്പെടെയുള്ള ധാരാളം പദ്ധതികളിലൂടെ കർഷകന് സർക്കാർ താങ്ങാവും എന്ന് പ്രതിജ്ഞ ചെയ്തു. രണ്ടാം ഹരിതവിപ്ലവത്തിന് തങ്ങൾ തുടക്കം കുറിക്കുകയാണെന്നും പ്രഥമ ബജറ്റിൽ പ്രഖ്യാപനമുണ്ടായി.
യുവാക്കളുടെ പ്രശ്നങ്ങൾക്ക് സത്വര പരിഹാരത്തിനായി ‘പുനർ ജാഗരൺ പദ്ധതി’, ‘സ്കിൽ ഇന്ത്യ പദ്ധതി’ ഇവയും പ്രഖ്യാപിച്ചു. 2 കോടി പേർക്ക് പ്രതിവർഷം തൊഴിൽ നൽകുമെന്നും കർഷക ആത്മഹത്യ ഇനിയുണ്ടാവില്ലെന്നുമായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം. ഭരണത്തിലേറി 4 വർഷവും 7 മാസവും കടന്നിരിക്കുന്ന ഈ വേളയിൽ നമ്മുടെ രാജ്യം അകപ്പെട്ടിരിക്കുന്ന ഭീകരമായ സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ പരിതസ്ഥിതികളെ സാമാന്യമായി പരിശോധിക്കുന്ന ഏതൊരാൾക്കും മനസ്സിലാകുന്ന ഒരു കാര്യമുണ്ട്, ഇവയൊന്നും വാഗ്ദാനങ്ങളായിപ്പോലും നിലകൊള്ളുന്നില്ല എന്നതാണത്. മാത്രമല്ല, സർക്കാർ ഓരോ ദിവസവും കൈക്കൊണ്ട നയങ്ങൾ ജനങ്ങളുടെ ജീവിതത്തെ തകർത്തെറിയുന്നവയും ആയിരുന്നു. വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി എന്നിവ എല്ലാ സീമകളും കൈവിട്ടിരിക്കുന്നു. എന്നു മാത്രമല്ല മുൻ യുപിഎ സർക്കാർ നടപ്പിലാക്കിവന്ന ജനവിരുദ്ധ നയങ്ങളെല്ലാം അതേപടി തുടരുകയും കോർപ്പറേറ്റുകളുടെ ദാസന്മാരായി മാറിക്കൊണ്ട് കൂടുതൽ മൃഗീയമായ മുതലാളിത്ത ചൂഷണത്തിനും അടിച്ചമർത്തലിനുമായി തൊഴിലാളികളെയും കർഷകരെയും സാധാരണക്കാരെയും എറിഞ്ഞു കൊടുക്കുന്ന അവസ്ഥയുമാണ് സൃഷ്ടിച്ചിരിക്കുന്നത്.
വിലക്കയറ്റം
സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റത്തിന്റെ പിടിയിലാണ്. അരി, പച്ചക്കറി, മത്സ്യ-മാംസങ്ങൾ എന്നിവക്കെല്ലാം ഒരേപോലെ വില കുതിച്ചുയർന്നിരിക്കുന്നു. അരിയുടെ വില യാതൊരു നിയന്ത്രണവുമില്ലാതെയാണ് വർദ്ധിക്കുന്നത്.
ജയ അരിക്ക് 40 മുതൽ 45 വരെയും സുരേഖ അരിക്ക് 41- 43 രൂപയുമാണ് ഹോൾസെയിൽ വില. എന്നാൽ ഇത് ചില്ലറ വിൽപ്പന കടകളിലെത്തുമ്പോൾ കിലോക്ക് 55 രൂപയും അതിനുമുകളിലും ഈടാക്കപ്പെടുന്നു. ചമ്പാ അരിയുടെ വില 58 രൂപയാണ്. ബ്രാന്റഡ് മട്ട അരി കിലോ 51 മുതൽ 55 രൂപ വരെയാണ് വില. പച്ചരി 22 ൽ നിന്ന് 26 എന്ന നിലയിലേക്ക് ഉയർന്നു. കാബൂളി കടല കിലോക്ക് 180 രൂപയായി. നാടൻ കടല കിലോക്ക് 92 മുതൽ 96 വരെയായി വില ഉയർന്നു. ചെറിയ ഉള്ളി കിലോക്ക് 140 മുതൽ 145 വരെയായി. വെളിച്ചെണ്ണക്ക് 147 രൂപയാണ് വില. പഞ്ചസാര-45, വൻപയർ-78, കാരറ്റ്-80, ബീറ്റ്റൂട്ട്-46, കുമ്പളങ്ങ-27, കറിക്കടല-100, ജീരകം-290 ഇങ്ങനെയൊക്കെയാണ് വിലകൾ.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ അവശ്യ സാധനങ്ങളുടെ വില ശരാശരി 72 ശതമാനം വർധിച്ചു. കാപ്പി, ചായ, മത്സ്യം, മാംസം, പാൽ, പയർ തുടങ്ങിയവയുടെ വിലയിൽ യഥാക്രമം 158.07 ശതമാനം, 78.88 ശതമാനം, 74.12 ശതമാനം, 73.69 ശതമാനം വർധനയുണ്ടായി. കാപ്പി, തേയില, ഗോതമ്പ്, പഴവർഗങ്ങൾ, പച്ചക്കറികൾ എന്നിവയുടെ വിലയും ഈ കാലയളവിൽ യഥാക്രമം 70.75, 66.89, 63.25, 59.31 ശതമാനം ഉയർന്നു.
കാർഷികമേഖല
20 വർഷം കൊണ്ട് ഇന്ത്യയിൽ 4,00,000 കർഷകർ ആത്മഹത്യ ചെയതു. വടക്കേ ഇന്ത്യയിൽ വൻ കർഷക പ്രക്ഷോഭമാണ് നടക്കുന്നത്. കർഷകർ പറയുന്നു:”ഞങ്ങളുടെ വരുമാനം ഇരട്ടിയാക്കിത്തരാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പക്ഷേ ഇപ്പോൾ ഞങ്ങൾക്ക് ഭക്ഷണത്തിനുപോലും വകയില്ല. ഉൽപ്പാദിപ്പിക്കുന്ന ഓരോ നെൽമണിയിലും ഞങ്ങൾ നഷ്ടം സഹിക്കുന്നു. മുഴുവൻ കടങ്ങളും എഴുതിത്തള്ളണം. പാർലമെന്റിൽ കർഷക വിഷയങ്ങൾ ചർച്ച ചെയ്യാനായി പ്രത്യേക സെഷൻ ചേരണം.” ഇതാണ് അവരുടെ ആവശ്യം. 55% ഇന്ത്യക്കാർ കാർഷികവൃത്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു.78% കർഷകരും കടക്കെണിയിലാണ്. ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില അവർക്ക് ലഭിക്കുന്നില്ല. ഉള്ളി വിളവെടുക്കുമ്പോൾ കർഷകന് ലഭിക്കുന്നത് കിലോക്ക് ഒരു രൂപയും രണ്ടു രൂപയുമൊക്കെയാണ്. ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ് തുടങ്ങിയ പ്രാഥമിക വിളകൾ എല്ലാം കടുത്ത പ്രതിസന്ധി നേരിടുകയാണ്. കഴിഞ്ഞ വർഷം ഉള്ളിക്ക് 100 കിലോക്ക് 1800 മുതൽ 1900 രൂപവരെ കിട്ടിയിരുന്നു. ഇപ്പോൾ അത് 500 ഉം 600 ഉം രൂപയായി. 100 രൂപയ്ക്കും 200 രൂപയ്ക്കുംവരെ മൾട്ടിനാഷണൽ കമ്പനികൾക്ക് ഉള്ളി വില്പന നടത്തേണ്ട ഗതികേടിലാണ് കർഷകർ. ഹരിയാനയിലും ഉത്തർപ്രദേശിലും തമിഴ്നാട്ടിലെ രായക്കോട്ടയിലും കൃഷ്ണഗിരിയിലും സേലത്തെ വലപ്പാടിയിലും തക്കാളി വില 20ൽ നിന്നും 2 രൂപയിലേക്ക് താഴ്ന്നതിനെ തുടർന്ന് വിളവെടുക്കാതെ കർഷകർക്ക് അത് നശിപ്പിക്കേണ്ടി വന്നു. ഒരു വർഷം കഴിഞ്ഞുകൂടാമെന്ന പ്രതീക്ഷയോടെ വിളവെടുപ്പു നടത്തിയ തക്കാളി കർഷകരുടെ ആശയറ്റു. ഏറ്റവും ഒടുവിലായി രാജ്യത്തെ വെളുത്തുള്ളിയുടെ 45% ഉം ഉൽപ്പാദിപ്പിക്കുന്ന മദ്ധ്യപ്രദേശിലെയും രാജസ്ഥാനിലെയും കർഷകരുടെ പ്രതിസന്ധിയെക്കറിച്ചുള്ള വിവരങ്ങൾ ‘ദ ഹിന്ദു’ ദിനപ്പത്രം റിപ്പോർട്ട് ചെയ്തു. വെളുത്തുള്ളിക്ക് കിലോക്ക് ഒരു രൂപയായി വിലതാണതിനാൽ ഭുരിപക്ഷം കർഷകരും ഈ വർഷം വിളവെടുത്തിട്ടില്ല.
കേന്ദ്ര സർക്കാരിന്റെ ‘ഓപ്പറേഷൻ ഗ്രീൻ’ എന്ന പുതിയ പദ്ധതി കർഷകരുടെ വിഷയത്തിൽ കണ്ണിൽ പൊടിയിടുന്ന ഏർപ്പാടാണ്. കടക്കെണിയിലാണ്ട കർഷകർക്ക് വീണ്ടും കടം നൽകുകയും സർഫാസി പോലുള്ള നിയമങ്ങളിൽ കുടുക്കി അവരെ വഴിയാധാരമാക്കാനുമുള്ള ഹീന പദ്ധതിയാണ് അതിനുപിന്നിൽ ഒളിഞ്ഞിരിക്കുന്നത്. കേന്ദ്ര ഗവൺമെന്റിന്റെ ഒത്താശയോടെ കുത്തകകൾക്ക് സംഭരിച്ച് വിപണനം നടത്താൻ വഴിയൊരുക്കുന്ന അവധി വ്യാപാരത്തിലധിഷ്ഠിതമായ കോൺട്രാക്ട് കൃഷി സമ്പ്രദായം കർഷകരുടെമേൽ അടിച്ചേൽപ്പിക്കാൻ ഇത് കളമൊരുക്കുകയാണ്. സർക്കാരിന്റെ കുത്തകാനുകൂല നയം തന്നെയാണ് ഈ സ്ഥിതി വരുത്തി വയ്ക്കുന്നത്.
വിളവെടപ്പുകാലത്ത് തുച്ഛമായ വിലക്ക് വാങ്ങി സംഭരിക്കുന്ന കാർഷികോൽപ്പന്നങ്ങൾ പിന്നീട് കൃത്രിമമായി വിലയുയർത്തി വിറ്റത് നാം കണ്ടു. സവാളക്ക് നൂറ് രൂപവരെ വില കൊടുത്ത് നമുക്ക് വാങ്ങേണ്ടി വന്നിട്ടുണ്ട്. അപ്പോഴും അദ്ധ്വാനിച്ച, കടമെടുത്ത് മുടിഞ്ഞ കർഷകന് വില കിട്ടിയില്ല. കൗശലക്കാരായ കോർപ്പറേറ്റ് ചൂതാട്ടക്കാർ വിപണിയിൽ വ്യാപകമാണ്. കോർപ്പറേറ്റ് മൂലധനം കാർഷിക വിപണി കൈയ്യടക്കിയിരിക്കുന്നു. തങ്ങളുടെ വിപുലമായ സാമ്പത്തിക ശേഷിയും സംഭരണ ശേഷിയും മുതലാക്കി അവർ കൃത്രിമക്ഷാമവും വിലക്കയറ്റവും സൃഷ്ടിക്കുന്നു. കൃഷിക്കാർക്ക് അവരുടെ ഉൽപ്പന്നങ്ങൾ തീവ്രമായ സമ്മർദ്ദത്തിന് വഴങ്ങിക്കൊണ്ട് തുച്ഛമായ വിലയ്ക്ക് വിൽക്കേണ്ടി വരുന്നു.
അവശ്യസാധനങ്ങളുടെ മൊത്ത-ചില്ലറ വ്യാപാരം ഏറ്റെടുത്ത് നടത്താനുള്ള ആർജ്ജവം സർക്കാർ കാണിക്കണം. അത്തരത്തിൽ നിയമനിർമ്മാണം നടത്തണം. അങ്ങനെ മാത്രമേ കർഷകന് ന്യായമായ വില ലഭിക്കുകയുള്ളൂ. ജനങ്ങളെ ഭീമമായ വിലക്കയറ്റത്തിൽനിന്ന് രക്ഷിക്കാനും അതിനേ കഴിയൂ.
പെട്രോൾ-ഡീസൽ- പാചക വാതക വില വർദ്ധനവ്
അന്തമില്ലാതെ കുതിക്കാനും മാത്രം ലോകകമ്പോളത്തിൽ ക്രൂഡ് ഓയിലിന് വില ഏറിയിട്ടില്ല. ഇപ്പോഴും അന്തർദ്ദേശീയ മാർക്കറ്റിൽ ബാരലിന് 70 ഡോളറിന്റെ പരിസരത്ത് മാത്രമാണ് ക്രൂഡ് ഓയിൽ വില.
ഇന്ധനവില വർദ്ധനവ് അവശ്യ-നിത്യോപയോഗ സാധനവിലകളിൽ അടക്കം പ്രതിഫലിക്കുമ്പോഴും ജനങ്ങൾക്ക് ആശ്വാസപ്രദമായി എന്തെങ്കിലും നടപടി സ്വീകരിക്കാൻ സർക്കാരുകൾ തയ്യാറാകുന്നില്ല. വിലക്കയറ്റത്തിന് കാരണമായി അന്തർദ്ദേശീയ മാർക്കറ്റിലെ ക്രൂഡ് ഓയിൽ വിലക്കയറ്റവും, വിലനിയന്ത്രണാധികാരം എണ്ണക്കമ്പനികൾക്കാണ് എന്നതും പോലെയുള്ള തൊടുന്യായങ്ങളാണ് സർക്കാർ പറയുന്നതെങ്കിലും സർക്കാർ തീരുമാനിച്ചാൽ വില വർദ്ധിക്കാതെയുമിരിക്കും. പാചകവാതകത്തിനും സിലിണ്ടർ ഒന്നിന് 100 രൂപയുടെ ഭീമമായ വർദ്ധനവ് അടിച്ചേൽപ്പിച്ചിരിക്കുകയാണ്. വർദ്ധിപ്പിച്ച തുക സബ്സിഡിയായി ബാങ്കിൽ വരുമത്രെ. സബ്സിഡി പൂർണ്ണമായും നിർത്തൽ ചെയ്യുന്നതിലേയ്ക്കുള്ള ചുവടുവയ്പുകളാണ് ഇവയെല്ലാം.
വില വർദ്ധനവിന് കാരണം ഭീമമായ നികുതി
അന്തർദ്ദേശീയ മാർക്കറ്റിൽ വില ഇടിഞ്ഞുകൊണ്ടിരിക്കുമ്പോഴും ഇന്ത്യയിലെ ഭീമമായ വിലവർദ്ധനവിന് കാരണം പെട്രോളിയം ഉൽപ്പന്നങ്ങളുടെമേൽ ചുമത്തുന്ന അന്യായ നികുതി ഒന്നുമാത്രമാണ്. പെട്രോൾ-ഡീസൽ വിലയിൽ പകുതിയിലേറെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിച്ചേൽപ്പിച്ചിരിക്കുന്ന നികുതിയാണ്.
9.96 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ മൂന്നേമുക്കാൽ വർഷംകൊണ്ട് കേന്ദ്രസർക്കാരിന് നികുതിയിനത്തിൽ ലഭിച്ചത്. എക്സൈസ് നികുതി, കസ്റ്റംസ് നികുതി, എണ്ണക്കമ്പനികളിൽനിന്നുള്ള ലാഭവിഹിതം എന്നിവയെല്ലാം ഉൾപ്പെടെയാണിത്. എണ്ണക്കമ്പനികളുടെ ലാഭംകൂടി കണക്കിലെടുത്താൽ തുക 11ലക്ഷം കോടി കവിയും! സ്വകാര്യ എണ്ണക്കമ്പനികൾ കുന്നുകൂട്ടുന്ന ലാഭം ഇതിൽ ഉൾപ്പെടില്ല. നാലുവർഷത്തെ ബിജെപി ഭരണത്തിൽ 16.57ലക്ഷം കോടി രൂപയാണ് പെട്രോളും ഡീസലും വിറ്റവകയിൽ മാത്രം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നേടിയിരിക്കുന്നത്.
2013ൽ 110 ഡോളറിനും മുകളിൽ എത്തിയിരുന്ന അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില 2014ൽ ബാരലിന് 40 ഡോളർവരെ താഴുന്ന സാഹചര്യമുണ്ടായി. അപ്പോഴും അതിന്റെ ആനുകൂല്യം ജനങ്ങൾക്ക് ലഭ്യമായില്ല. മറിച്ച് കേന്ദ്രസർക്കാർ എക്സൈസ് തീരുവ വർദ്ധിപ്പിച്ചു. വാറ്റ് 2014 നവംബറിൽ 20 ശതമാനമായിരുന്നത് 2017 നവംബറിൽ 27 ശതമാനമാക്കി. അത് ഇപ്പോഴും തുടരുകയാണ്. 2018 മെയ് 20 ന് ഒരു ബാരൽ ക്രൂഡ് ഓയിലിന് 72.5 ഡോളർ വിലയുണ്ടായിരുന്ന സമയത്ത് ശുദ്ധീകരിച്ചെടുക്കുന്ന ഒരു ലിറ്റർ പെട്രോളിന്റെ വില കേവലം 36 രൂപ 93 പൈസയേ വരുന്നുള്ളു. എക്സൈസ് ഡ്യൂട്ടിയും റോഡ് നികുതിയുമായി 19 രൂപ 48 പൈസ, ഡീലേഴ്സിന്റെ കമ്മീഷൻ 3 രൂപ 62 പൈസ, 27 ശതമാനം വാറ്റ് അതായത് 16 രൂപ 21 പൈസ, പൊലൂഷൻ സെസ് വിത്ത് സർചാർജ് അങ്ങനെയെല്ലാം വളരെ പണിപ്പെട്ടിട്ടാണ് പെട്രോളിന് 78 രൂപ ഈടാക്കിയിരുന്നത്. ഉൽപ്പാദനച്ചെലവിനേക്കാൾ വലിയൊരു തുകയാണ് പലപേരിലുള്ള നികുതിയായി ഈടാക്കിക്കൊണ്ടിരിക്കുന്നത്.
ജനങ്ങളെ വൻതോതിൽ അന്യായമായി കുടിയൊഴിപ്പിച്ചുകൊണ്ടും സ്വകാര്യവൽക്കരിക്കുകയെന്ന ലക്ഷ്യത്തോടെയും ദേശീയ പാതകൾ ബിഒടി ചുങ്കപാതകളാക്കി മാറ്റുകയാണ്. ചരക്ക് ഗതാഗതത്തിന്റെ ചെലവേറ്റുന്ന ഈ സമ്പ്രദായവും ഭീകരമായ വിലക്കയറ്റത്തിന് കാരണമാകും. ഇന്ധനത്തിൽനിന്നും വാഹനങ്ങളിൽനിന്നും ഈടാക്കുന്ന വൻനികുതികൾ റോഡ് നിർമ്മാണത്തിനുപയോഗിക്കാതെ റോഡ് നിർമ്മാണ ബാധ്യതയിൽനിന്ന് സർക്കാരുകൾ ഒഴിഞ്ഞുപോകുന്നു.
വിലനിർണ്ണയ അധികാരം സർക്കാർ ഏറ്റെടുക്കുക
അല്പമെങ്കിലും ജനതാൽപര്യമുണ്ടെങ്കിൽ സർക്കാർ വില നിയന്ത്രിക്കേണ്ടതാണ്. ഏറ്റവും പ്രധാനം ഇന്ധനവില നിയന്ത്രണാധികാരം സർക്കാർ ഏറ്റെടുക്കുക എന്നതാണ്. മൻമോഹൻസിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്ന കാലത്താണ് പെട്രോളിന്റെ വിലനിയന്ത്രണം എണ്ണക്കമ്പനികളെ ഏൽപ്പിക്കുന്നത്. അപ്പോഴും ഡീസൽ വിലനിയന്ത്രണ അധികാരം സർക്കാരിൽ നിക്ഷിപ്തമായിരുന്നു. പെട്രോളിന്റെ അനിയന്ത്രിതമായ വിലക്കയറ്റം ബിജെപി എന്നും രാഷ്ട്രീയ ആയുധമാക്കിയിരുന്നു. വില നിയന്ത്രിക്കാനാകാത്തത് കോൺഗ്രസ്സിന്റെ പരാജയമാണ് എന്ന് പ്രചാരണം നടത്തിക്കൊണ്ടിരുന്ന ബിജെപി 2014-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിലും അത് ആയുധമാക്കി. എന്നാൽ അധികാരത്തിലേറി വൈകാതെതന്നെ അവർ ഡീസലിന്റെമേലുള്ള വിലനിയന്ത്രണവും എടുത്തുകളയുകയാണ് ചെയ്തത്. അതുകൊണ്ട് മോദി സർക്കാർ ആദ്യം ചെയ്യേണ്ടത് വിലനിയന്ത്രണ അധികാരം സർക്കാർ ഏറ്റെടുക്കുക എന്നതാണ്.
നാട്ടുകാരെ പാപ്പരാക്കിയ നോട്ടു നിരോധനം
500, 1000 നോട്ടുകൾ നിരോധിച്ചുകൊണ്ട് 2016 നവംബർ 8ന് പ്രധാനമന്ത്രി രാഷ്ട്രത്തോട് പ്രഖ്യാപിച്ചത് ആ നടപടി ”അഴിമതിയുടെയും കള്ളപ്പണത്തിന്റെയും ബന്ധനം” തകർക്കാൻ ലക്ഷ്യം വച്ചുള്ളതാണ് എന്നത്രെ. മൂന്നുലക്ഷത്തിനും അഞ്ചുലക്ഷത്തിനുമിടയിൽ നോട്ടുകൾ തിരിച്ചെത്തില്ലെന്നും അങ്ങനെ ലഭിക്കുന്ന വലിയ തുക സാമൂഹ്യ സുരക്ഷാപദ്ധതികൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനുംമറ്റും വിനിയോഗിക്കുമെന്നും അവകാശപ്പെട്ടിരുന്നു. ഈ നടപടിയിലൂടെ അഴിമതി നിർമ്മാർജ്ജനം ചെയ്യാനും ഭീകരപ്രവർത്തനത്തിനുള്ള ധനസഹായം ഇല്ലാതാക്കാനും പണരഹിത സമ്പദ് വ്യവസ്ഥയിലേയ്ക്ക് മുന്നേറാനും നികുതിഘടന വിപുലപ്പെടുത്താനും സാധിക്കുമെന്നുമുള്ള അവകാശവാദവുമുണ്ടായിരുന്നു.
ആകെയുള്ള 15.44 ലക്ഷം കോടി രൂപയുടെ 1000, 500 നോട്ടുകളിൽ നല്ലൊരുതുക കള്ളപ്പണമെന്ന നിലയിൽ നിയമനടപടി ഭയന്ന് ബാങ്കുകളിലെത്തില്ല എന്നായിരുന്നു പറഞ്ഞിരുന്നത്. 2016 നവംബർ 23ന് അറ്റോർണി ജനറൽ സുപ്രീംകോടതിയിൽ പറഞ്ഞത് നാലഞ്ചുലക്ഷം കോടി രൂപ വരുന്ന തുക ഇവ്വിധം വടക്കുകിഴക്കൻ മേഖലയിലും ജമ്മുകാശ്മീരിലുമൊക്കെ ഭീകരപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും അത് അസാധുവാക്കാൻ കഴിയുമെന്നുമാണ്. ഈ നടപടി തെറ്റാണെന്ന് തെളിഞ്ഞാൽ തന്നെ തൂക്കിക്കൊന്നോളാൻപോലും പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ യാഥാർത്ഥ്യമെന്ത്?
1) അസാധുവാക്കിയ നോട്ടുകളുടെ 98.96 ശതമാനവും, അതായത് 15.28 ലക്ഷം കോടി രൂപയും ബാങ്കുകളിൽ തിരിച്ചെത്തിയെന്ന് റിപ്പോർട്ട് പറയുന്നു. 16000 കോടി രൂപ മാത്രമേ ഇനി വരാനുള്ളൂ. ജില്ലാ സഹകരണ ബാങ്കുകളിൽനിന്നും നേപ്പാൾ പൗരന്മാരിൽനിന്നും ധനകാര്യ സ്ഥാപനങ്ങളിൽനിന്നുമുള്ള നോട്ടുകൾകൂടി കണക്കാക്കിയാൽ ഈ കണക്കിലും വ്യത്യാസം വരും. നിശ്ചിതസമയത്ത് നോട്ട് ബാങ്കിലെത്തിക്കാൻ പലർക്കും കഴിഞ്ഞിട്ടില്ല എന്നുമോർക്കണം. അസാധുവാക്കിയ നോട്ടുകൾ ന്യായമായ കാരണങ്ങളാൽ ബാങ്കിലെത്തിക്കാൻ കഴിയാതെ പോയവർക്ക് ഒരു അവസരംകൂടി നൽകണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ജൂലൈയിൽ സർക്കാരിനോട് ആവശ്യപ്പെട്ടത് ഈ പശ്ചാത്തലത്തിലാണ്.
2) 2016 നവംബർ 8നും ഡിസംബർ 30നും ഇടയിൽ ഒരു കള്ളനോട്ടും പിടിച്ചെടുത്തിട്ടില്ല എന്നാണ് സർക്കാർ പറഞ്ഞത്. ആകെ 42 കോടിയുടെ കള്ളനോട്ടുമാത്രമേ തിരിച്ചെത്തിയ തുകയിൽ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളൂ എന്ന് റിസർവ് ബാങ്ക് പറയുന്നു. ഇത് 0.0013 ശതമാനം മാത്രമാണ്. ആകെ 400 കോടിയുടെ കള്ളനോട്ട് പ്രചാരത്തിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പുതിയ 500, 2000 രൂപ നോട്ടുകളുടെ കള്ളനോട്ടുകൾ കൂടി കണ്ടെത്തിയ സ്ഥിതിക്ക് കള്ളനോട്ട് തടയുമെന്നത് വീൺവാക്കായി അവശേഷിക്കുന്നു.
3) ഇന്ത്യയിൽ 14.3 ശതമാനം ആളുകൾ മാത്രമാണ് പണം ബാങ്കുകളിൽ സൂക്ഷിക്കുന്നത്. ബാക്കിയുള്ളവർക്ക് നിക്ഷേപിക്കാൻ പണമില്ല, അല്ലെങ്കിൽ പണമിടപാട് നടത്തുന്നതാണ് അവർക്ക് സൗകര്യപ്രദം. ഡെബിറ്റ് കാർഡുള്ള 22ശതമാനം പേരിൽ 11ശതമാനം മാത്രമാണ് അത് ഉപയോഗിക്കുന്നത്. ബാങ്ക് അക്കൗണ്ട് ഉള്ളവരിൽ അഞ്ചോ അറോ ശതമാനം പേർ മാത്രമാണ് ഓൺലൈൻ ഇടപാടുകൾ നടത്തുന്നത് എന്നർത്ഥം. കമ്പ്യൂട്ടർ സാക്ഷരത 6.15 ശതമാനം മാത്രം. ആകെയുള്ള മൊബൈൽ ഫോണുകളിൽ 25 ശതമാനം മാത്രമാണ് സ്മാർട്ട് ഫോണുകൾ. അവയിൽത്തന്നെ എല്ലാറ്റിനും ഇന്റർനെറ്റ് കണക്ഷൻ ഇല്ല. ഇന്റർനെറ്റ് വേഗതയുടെ കാര്യത്തിൽ ഇന്ത്യ 96-ാം സ്ഥാനത്താണ്. ഈ പശ്ചാത്തലത്തിൽ നോക്കുമ്പോൾ ഒറ്റയടിക്ക് കറൻസിരഹിത സമ്പദ്ഘടനയിലേയ്ക്ക് മാറുക എന്നത് വെറുമൊരു മിഥ്യയാണ്.
4) നോട്ട് നിരോധനം റിസർവ് ബാങ്കിന് വലിയ നേട്ടമുണ്ടാക്കും എന്ന ബൂർഷ്വാ ധനകാര്യ വിദഗ്ദ്ധരുടെ അവകാശവാദങ്ങളാണ് അടുത്തത്. 3 ലക്ഷം കോടിരൂപ ഒരിക്കലും ബാങ്കിൽ തിരിച്ചുവരില്ലെന്നും അത്രയും കള്ളപ്പണം ഇല്ലായ്മ ചെയ്യാൻ കഴിയുമെന്നുമാണ് പറഞ്ഞിരുന്നത്. ഈ പണം റിസർവ് ബാങ്ക് സർക്കാരിന് സമ്മാനമായി നൽകുമത്രെ. എന്നാൽ സംഭവിച്ചതോ, 99 ശതമാനം പണവും തിരിച്ചെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടി പണമാണ് പുതിയ നോട്ടുകൾ അച്ചടിക്കാൻ റിസർവ് ബാങ്കിന് ചെലവഴിക്കേണ്ടി വന്നത്. 21,000 കോടി രൂപയാണ് ഈ ഇനത്തിൽ ചെലവായത്. ബാങ്കിൽ തിരിച്ചെത്താത്ത പണം 16,000 കോടി മാത്രമാണ്. ആകെ നോക്കിയാൽ റിസർവ് ബാങ്കിന്റെ വരവ് 23.56 ശതമാനം കുറഞ്ഞു. ചെലവ് 107.8 ശതമാനം വർദ്ധിച്ചു. സർക്കാർ ഖജനാവിലേയ്ക്ക് റിസർവ് ബാങ്ക് വൻതുക നൽകുമെന്ന് പ്രചരിപ്പിച്ചിരുന്നെങ്കിലും കഴിഞ്ഞ വർഷം നൽകിയതിന്റെ പകുതി ഡിവിഡന്റ് മാത്രമാണ് ഈ വർഷം നൽകാനായത്.
5) പിൻവലിച്ച നോട്ടുകൾക്ക് പകരം നൽകാനുള്ള പണം, വൻതോതിൽ പണവും സ്വാധീനവുമുള്ളവരെ ഏൽപിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. സ്ത്രീകളും വൃദ്ധരുമടക്കം മണിക്കൂറുകൾ ക്യൂവിൽനിന്ന് വലഞ്ഞപ്പോൾ പണച്ചാക്കുകളുടെ വീട്ടുപടിക്കൽ കോടിക്കണക്കിന് രൂപയുടെ പുതിയ നോട്ടുകൾ എത്തിച്ചു. അഴിമതി നിർമാർജ്ജനം ചെയ്യാനുള്ള നടപടികളാണ് കൈക്കൊണ്ടതെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നോ? നോട്ട് പിൻവലിക്കൽ പുതിയ രൂപത്തിലുള്ള അഴിമതികൾക്ക് വഴിതുറന്നിരിക്കുകയാണ്. ഏഷ്യാ-പസഫിക് മേഖലയിലെ ഏറ്റവും അഴിമതി നിറഞ്ഞ രാജ്യമാണ് ഇന്ത്യ എന്ന് ഒരു സർവേ വ്യക്തമാക്കുന്നു. ഇവിടെ പത്തിൽ ഏഴുപേർക്കും പൊതുസേവനങ്ങൾ ലഭിക്കാനായി കൈക്കൂലി കൊടുക്കേണ്ടിവരുന്നു. നോട്ട് പിൻവലിക്കുന്ന സമയത്ത് പ്രധാനമന്ത്രി പറഞ്ഞ വാക്കുകൾ ഇതുമായി താരതമ്യം ചെയ്തുനോക്കൂ: ”അഴിമതിക്കും കള്ളപ്പണത്തിനും കള്ളനോട്ടിനും എതിരായ സാധാരണ ജനങ്ങളുടെ പോരാട്ടത്തെ ഈ നടപടി ശക്തിപ്പെടുത്തും”, ”ഭീകരപ്രവർത്തനം, മയക്കുമരുന്ന് മാഫിയ, മനുഷ്യക്കടത്ത്, അധോലോകം എന്നിവയൊക്കെ ഒറ്റയടിക്ക് ഇല്ലാതാക്കാൻ ഈ നടപടി ഉപകരിച്ചു” എന്നാണ് 2016 ഡിസംബർ 27ന് അദ്ദേഹം നടത്തിയ അവകാശവാദം. അപാരംതന്നെ!
നോട്ടുനിരോധനം ബാധിച്ചതാരെ?
നോട്ടുനിരോധനത്തിന്റെ ഇടപാടുകളുമായി ബന്ധപ്പെട്ട് 1.28 ലക്ഷം കോടിരൂപ ചെലവായതായി ‘സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി’ എന്ന സ്ഥാപനം കണക്കാക്കുന്നു. ഈ കാപട്യത്തിന്റെ ദുരിതമാകെ പേറേണ്ടിവരുന്നത,് 40 ശതമാനം ഇടപാടുകളും കറൻസിയിൽ നടത്തുന്ന ചെറുകിട ബിസിനസുകാരും സാധാരണക്കാരുമാണ്. നോട്ട് മാറിയെടുക്കാനായി ക്യൂവിൽ മണിക്കൂറുകളും ദിവസങ്ങളും നിൽക്കേണ്ടിവന്നപ്പോൾ വിലപ്പെട്ട 103 മനുഷ്യജീവനാണ് പൊലിഞ്ഞത്. പൊടുന്നനെ നോട്ടുനിരോധിച്ചതുവഴിയുണ്ടായ പ്രതിസന്ധിയിൽപ്പെട്ട് ആത്മഹത്യചെയ്ത പാവങ്ങളുടെ കാര്യവും റിപ്പോർട്ടുചെയ്യപ്പെട്ടിരുന്നു. ചെറുകിട കർഷകർ, ഇഷ്ടികക്കളത്തിൽ പണിയെടുക്കുന്നവർ, ചെറിയ കച്ചവടക്കാർ, നിർമ്മാണത്തൊഴിലാളികൾ, കരാർ തൊഴിലാളികൾ, ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവരൊക്കെ അനുഭവിച്ചത് കൊടിയ ദുരിതങ്ങളാണ്. പെട്ടെന്ന് പണത്തിന്റെ ലഭ്യത കുറയുകയും കൃഷി ആവശ്യങ്ങളുടെ ചെലവ് ഉയരുകയും ഉല്പന്നങ്ങളുടെ വില ഇടിയുകയും ചെയ്തതുവഴി ദരിദ്രകർഷകരും കർഷകത്തൊഴിലാളികളും നട്ടംതിരിയുന്ന സ്ഥിതിയുണ്ടായി. പണലഭ്യത കുറഞ്ഞതോടെ പച്ചക്കറിവില ഇടിഞ്ഞു, ഗോതമ്പ് കൃഷി ഇറക്കാൻ വൈകി, വളവും കീടനാശിനിയും മറ്റും പ്രയോഗിക്കാൻ കഴിയാതായി, കൂലിയും കുറഞ്ഞു. തുടർന്നുള്ള വിളകളുടെ കാര്യത്തിലും ഈ പ്രതിസന്ധികൾ തുടരുകയാണ്.
മൂന്നുലക്ഷത്തിലേറെ വരുന്ന, പ്രധാനമായും ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന ആൾ ഇന്ത്യ മാനുഫാക്ചറേഴ്സ് ഓർഗനൈസേഷൻ നടത്തിയ പഠനം പറയുന്നത്, 2017 മാർച്ച് മാസത്തോടെ തൊഴിലിൽ 60 ശതമാനത്തിന്റെയും വരുമാനത്തിൽ 55 ശതമാനത്തിന്റെയും ഇടിവുണ്ടായി എന്നാണ്. ഈ മേഖലയെ ഏറ്റവും കൂടുതൽ ബാധിച്ചുവെന്നുമാത്രമല്ല ഏതാണ്ടെല്ലാ വ്യവസായങ്ങളെയും ഈ നടപടി പ്രതികൂലമായി ബാധിച്ചു എന്നും പഠനം പറയുന്നു. ദിവസക്കൂലിക്കാരിൽ 25 ശതമാനത്തെയും സ്വയംതൊഴിൽ സംരംഭങ്ങളിൽ 8 ശതമാനത്തെയും ചെറുകിട കച്ചവടക്കാരെയും വഴിയോരവാണിഭക്കാരെയുമൊക്കെ ഇത് ഗുരുതരമായി ബാധിച്ചുവെന്ന് സെന്റർ ഫോർ ദ മോണിറ്ററിംഗ് ഓഫ് ഇന്ത്യൻ ഇക്കോണമിയുടെ മറ്റൊരു റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ദിവസക്കൂലിക്കാർ ഒത്തുകൂടുന്ന സ്ഥലങ്ങളൊക്കെ കാലിയായിക്കിടന്നു. മാസത്തിൽ കഷ്ടിച്ച് പത്തുദിവസം ജോലി കിട്ടിയാൽത്തന്നെ കൂലി വളരെ കുറച്ചാണ് അവർക്ക് കിട്ടിയിരുന്നത്. 46 ശതമാനം തൊഴിലാളികളും ദിവസക്കൂലിക്കാരോ കരാർ തൊഴിലാളികളോ ആയ അസംഘടിത മേഖലയിൽ കൂലി കൊടുക്കാൻ പണമില്ലായിരുന്നു. നഗരങ്ങളിലാകട്ടെ 65 ശതമാനം ദിവസക്കൂലിക്കാരും പണിയില്ലാതെ ഗ്രാമങ്ങളിലേയ്ക്ക് മടങ്ങി. 15 ലക്ഷം തൊഴിൽ നഷ്ടമുണ്ടായെന്ന് കോർപ്പറേറ്റുകൾ നിയന്ത്രിക്കുന്ന മാദ്ധ്യമങ്ങൾക്കുപോലും റിപ്പോർട്ടുചെയ്യേണ്ടിവന്നു.
കുത്തകകൾക്കുവേണ്ടി ബൂർഷ്വാ ഗവണ്മെന്റുകൾ നടത്തുന്ന സാമ്പത്തിക ആക്രമണങ്ങൾക്ക് നിരന്തരം ഇരയായിക്കൊണ്ടിരിക്കുന്ന സാധാരണ ജനങ്ങളാണ് നോട്ടുനിരോധനത്തിന്റെ മുഴുവൻ കെടുതികളും പേറേണ്ടി വന്നത്. എന്നാൽ ഇതേ കാലയളവിൽ വൻകിട കുത്തകകളുടെ വരുമാനത്തിൽ വലിയ വർദ്ധനയുണ്ടാവുകയും ചെയ്തു. ദരിദ്രർക്ക് സ്വസ്ഥമായ ഉറക്കവും പണക്കാർക്ക് ഉറക്കമില്ലാത്ത രാവുകളും സമ്മാനിച്ച ധീരമായ നടപടിയാണ് താൻ കൈക്കൊണ്ടത് എന്നാണ് നോട്ട് നിരോധനത്തിനുശേഷം പ്രധാനമന്ത്രി പറഞ്ഞത്. യാഥാർത്ഥ്യത്തിന് ഈ വാക്കുകളുമായി എന്തെങ്കിലും ബന്ധമുണ്ടോ?
എന്തായാലും ദരിദ്രരുടെ ജീവിതത്തിൽ ഇത് നാശം വിതയ്ക്കുമെന്നകാര്യം പ്രതീക്ഷിക്കാവുന്നതായിരുന്നു. ഈ നടപടി സമ്പദ്ഘടനയെയാകെ പ്രതിസന്ധിയിലാക്കുമെന്നും സാധാരണക്കാർ, വിശേഷിച്ച് ദരിദ്രകർഷകരും ചെറിയ കച്ചവടക്കാരും അസംഘടിത തൊഴിലാളികളുമൊക്കെയായിരിക്കും ദുരിതങ്ങൾ ഏറ്റവുമധികം അനുഭവിക്കേണ്ടിവരികയെന്നും നമ്മുടെ പാർട്ടിയുടെ കേന്ദ്രകമ്മിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ശരിയായിരുന്നുവെന്ന് അനന്തര ഫലങ്ങളെക്കുറിച്ചുള്ള പരിശോധന അടിവരയിടുന്നു. തുടക്കത്തിൽ സർക്കാർ നടത്തിയ പ്രചാരണത്തിൽ കുടുങ്ങി, നോട്ടുനിരോധനം കള്ളപ്പണം തടയുമെന്നുംമറ്റും വിശ്വസിച്ചവരും തങ്ങൾ കബളിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന് ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നു. ഇപ്പോഴുണ്ടായിരിക്കുന്ന ജിഡിപി നിരക്കിലെ ഇടിവ് നോട്ടുനിരോധനത്തിന്റെ പ്രത്യാഘാതമാണെന്ന് നിസ്സംശയം പറയാം.
വിലക്കയറ്റവും നികുതിഭാരവും അടിച്ചേല്പ്പിച്ച ജിഎസ്ടി
നോട്ട് നിരോധനത്തെ തുടർന്ന് തളർന്ന രാജ്യത്തിന്റെ സാമ്പത്തികരംഗം ജിഎസ്ടി നടപ്പിലാക്കിയതോടെ തകർന്നിരിക്കുന്നു എന്നാണ് അനുഭവത്തിൽ നിന്ന് മനസ്സിലാകുന്നത്. ‘ഒരു രാഷ്ട്രം, ഒരു നികുതി, ഒരു കമ്പോളം’ എന്ന വഞ്ചനാപരമായ മുദ്രാവാക്യവുമായി അവതരിച്ച ജിഎസ്ടി രാജ്യത്തിന് ഇന്ന് വലിയൊരു ബാദ്ധ്യതയാണ്.
മൊത്തം ആഭ്യന്തരോൽപാദനത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇടിവ് ഇതിന്റെ ഒരു സൂചനമാത്രം. നികുതിഭാരമാകെ അന്തിമ ഉപഭോക്താവിന്റെ തലയിൽ വച്ചുകെട്ടുന്ന ഈ സമ്പ്രദായം ജനങ്ങൾക്ക് വലിയൊരു ആഘാതമായിരിക്കുമെന്ന് നേരത്തെതന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. 2009ൽ കോൺഗ്രസ്സ് നേതൃത്വം നൽകിയ യുപിഎ സർക്കാർ തുടക്കമിട്ടതാണ് ആഗോളീകരണ നയങ്ങളുടെ ഭാഗമായുള്ള ഈ നികുതി പരിഷ്കരണം. സിപിഐ(എം), സിപിഐ അടക്കമുള്ള പാർട്ടികളുടെ പിന്തുണയോടെയാണ് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാർ ഇത് നടപ്പിലാക്കുന്നത്. വൻകിട ബിസിനസ്സുകാരുടെയും കോർപ്പറേറ്റുകളുടെയും താൽപര്യം എത്രത്തോളം ഇതിൽ പ്രതിഫലിക്കുന്നു എന്നതിന് ഈ സമവായംതന്നെ തെളിവാണ്.
ഈ നികുതി സമ്പ്രദായത്തിന്റെ സങ്കീർണ്ണതകളുമായി പൊരുത്തപ്പെടാനാകാതെയും ചെറുകിട വ്യാപാര രംഗത്തേയ്ക്കുവരുന്ന കുത്തകകളുമായി മത്സരത്തിൽ പിടിച്ചുനിൽക്കാനാവാതെയും ചെറുകിടക്കാരും നട്ടം തിരിയുകയാണ്. 38 ശതമാനം വരുന്ന പരമ്പരാഗത-ഗ്രാമീണ ഉൽപാദന മേഖലയെയും ഇത് തളർത്തിക്കളഞ്ഞു.
പ്രവേശന നികുതികൾ വഴി നിലവിലുണ്ടായിരുന്ന സംരക്ഷണം ഇല്ലാതായതും ചെറുകിടക്കാരെ പ്രതികൂലമായി ബാധിച്ചു. ചെറുകിട വ്യാപാര, നിർമ്മാണ മേഖലകൾക്ക് ഇനിയും നിവർന്നുനിൽക്കാനാകുന്നില്ല. ഇത് തൊഴിലില്ലായ്മയും പെരുക്കുന്നു. ഭരണപക്ഷത്തുനിന്നുപോലും ഉണ്ടായ എതിർപ്പിനെ തുടർന്ന് 27 ഇനങ്ങളുടെ ജിഎസ്ടി നിരക്ക് കുറച്ചെങ്കിലും അത് കാര്യമായ ഒരാശ്വാസവും ഉണ്ടാക്കിയിട്ടില്ല.
വാറ്റ്, ചരക്കുകൾക്ക് നികുതി ചുമത്തിയെങ്കിൽ, ജിഎസ്ടി നികുതിവലയിലേയ്ക്ക് സേവനങ്ങളെക്കൂടി ഉൾപ്പെടുത്തി. പരമാവധി 12 ശതമാനം എന്ന ധനകാര്യ കമ്മീഷന്റെ ശുപാർശയും പാർലമെന്ററി ഉപസമിതിയുടെ ശുപാർശയും തള്ളിക്കളഞ്ഞ് ലോകത്തെ ഏറ്റവും ഉയർന്ന നിരക്കായ 28 ശതമാനമാണ് ഇന്ത്യയിലെ ഉയർന്ന ജിഎസ്ടി നിരക്കായി ഏർപ്പെടുത്തിയിരിക്കുന്നത്. വാങ്ങൽ ഘട്ടത്തിലെ നികുതി കുറയ്ക്കാതെ അതിൻമേൽകൂടി അടുത്ത വിൽപ്പന ഘട്ടത്തിൽ നികുതി ഏർപ്പെടുത്തുന്ന സ്ഥിതിയും നിലനിൽക്കുന്നു. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് വഴി ഉൽപാദന ചിലവ് കുറയുന്നത് മുതലാളിമാർക്ക് ഗുണകരമാണ്. എന്നാൽ ഉൽപന്നത്തിന്റെ വിലയിൽ പ്രതിഫലിക്കുകയോ ഉപഭോക്താവിന് അതിന്റെ ഗുണം ലഭിക്കുകയോ ചെയ്യുന്നില്ല.
ഇൻപുട്ട് ടാക്സ് യഥാസമയം തിരികെ നൽകാത്തതിന്റെ ഭാരവും ഉപഭോക്താവ് ചുമക്കേണ്ടി വരുന്നുണ്ട്. പലതരം കപട ന്യായങ്ങൾ നിരത്തി മുതലാളിമാർ അടിസ്ഥാന വിലയിൽതന്നെ മാറ്റം വരുത്തുന്നതും ഉപഭോക്താവിനെയാണ് ബാധിക്കുന്നത്. ഈ ഘടകങ്ങളെല്ലാം പരക്കെയുള്ള വിലവർദ്ധനവിന് ഇടയാക്കിയിരിക്കുന്നു.
തൊഴിലില്ലായ്മ
പ്രതിവർഷം ഒരു കോടി 35 ലക്ഷം യുവജനങ്ങളാണ് തൊഴിലിനായി രാജ്യത്ത് രജിസ്റ്റർ ചെയ്യുന്നത്. തൊഴിൽ അവസരങ്ങളാകട്ടെ നാമമാത്രവും. 2021 ആകുമ്പോൾ 15 വയസ്സിനും 34 വയസ്സിനുമിടയിലുള്ള 46.4 കോടി ജനങ്ങൾ തൊഴിൽ അന്വേഷകരായി മാറും. ഇത് ഇന്ത്യയുടെ തൊഴിൽശേഷിയുടെ 64 ശതമാനമാണ്.
2020-ൽ ഇന്ത്യയിലെ ജനങ്ങളുടെ ശരാശരി പ്രായം 29 ആയിരിക്കും. ചൈനയിൽ -37, അമേരിക്കയിൽ -45, ജപ്പാനിൽ -48 എന്നിങ്ങനെ ആയിരിക്കും. രാജ്യത്തെ 69 ശതമാനം ജനങ്ങളും യുവാക്കളായിരിക്കുമെന്നർത്ഥം.
ഇന്ന്, രാജ്യത്ത് തൊഴിലില്ലാത്ത 40 കോടി യുവജനങ്ങളുണ്ട്. തൊഴിലിലെ അനിശ്ചിതത്വം, മിനിമംവേതനത്തേക്കാൾ താഴ്ന്ന ശമ്പളം, ദിവസം 18 മണിക്കൂർവരെ തൊഴിൽ ചെയ്യേണ്ട അവസ്ഥ, അതീവശോചനീയമായ തൊഴിലിടങ്ങൾ എന്നിവയും തൊഴിലുള്ളവർക്ക് നേരിടേണ്ടിവരുന്നു. സാമ്പത്തികവളർച്ചയെക്കുറിച്ച് ഭരണാധികാരികൾ മേനിനടിക്കുമ്പോഴും അതൊരു തൊഴിൽ നൽകാത്ത വികസനമാണ്.
തൊഴിലില്ലായ്മ കുറച്ചുകൊണ്ടുവരും എന്നായിരുന്നു ബിജെപി സർക്കാരിന്റെ വാഗ്ദാനം. എന്നാൽ 2015-16ലെ സർക്കാരിന്റെ സാമ്പത്തിക സർവ്വേയിൽ തൊഴിലില്ലായ്മ 2014നെ അപേക്ഷിച്ച് 3.8 ശതമാനം ആയിരുന്നത് 2015 ആയപ്പോൾ 5 ശതമാനമായി വർദ്ധിച്ചു. 2008 മുതൽ 8 തൊഴിലാധിക്യ വ്യവസായങ്ങളിൽ തൊഴിലാളികളുടെ എണ്ണം 7 മടങ്ങ് കുറഞ്ഞിട്ടുണ്ട്. ആ മേഖലയിലെ തൊഴിലവസരങ്ങൾ 2010-11 വർഷത്തിൽ 9 ലക്ഷമായിരുന്നത് 2015-16 ൽ 1,35,000 ആയി കുറഞ്ഞു.
ഐടി രംഗത്ത് കടുത്ത പ്രതിസന്ധിയാണ്. ജീവനക്കാരുടെ എണ്ണം കുറയ്ക്കലും പിരിച്ചുവിടലും അനുസ്യൂതം തുടരുന്നു. ഹെഡ് ഹണ്ടേഴ്സ് ഇന്ത്യ എന്ന പ്രമുഖ സ്ഥാപനത്തിന്റെ വിശകലനത്തിൽ വർഷംതോറും 2 ലക്ഷം ജീവനക്കാരെ കുറയ്ക്കാനുള്ള തീരുമാനമാണ് എടുത്തിരിക്കുന്നത്. കൺസൾട്ടൻസി സ്ഥാപനമായ ‘കാപ്ഗമനി’യുടെ സിഇഒയുടെ അഭിപ്രായമനുസരിച്ച് ഐടി മേഖലയിൽ നിലവിലുള്ള ജീവനക്കാരിൽ 60 മുതൽ 65 ശതമാനംവരെ ജോലിയിൽ തുടരാൻ അർഹരല്ലെന്നാണ് പറയുന്നത്.
കേന്ദ്രസർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ അപ്രഖ്യാപിതമായ നിയമനനിരോധനം നടപ്പിൽവന്നിരിക്കുകയാണ്. ഇന്ത്യയിലാകമാനം 10 ലക്ഷം അദ്ധ്യാപകരുടെ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണെന്ന് 2017 ജൂലൈയിൽ കേന്ദ്ര മാനവശേഷി വികസനമന്ത്രി മഹേന്ദ്രനാഥ് പാണ്ഡേ വെളിപ്പെടുത്തി. ഔദ്യോഗികമായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകളിലായി 20 ലക്ഷം തസ്തികകൾ നികത്താതിരിക്കുന്നു. റയിൽവെയിലെ സുരക്ഷാ സംരക്ഷണ വിഭാഗത്തിൽ മാത്രം 2.25 ലക്ഷം തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. തപാൽ വകുപ്പിൽ 49,000, നികുതി വകുപ്പിൽ 32,000 അടക്കം വിവിധ വകുപ്പുകളിലായി 7.28 ലക്ഷം തസ്തികകളിലും നിയമനം നടന്നിട്ടില്ല.
ഓരോ ദിവസവും 2000 കർഷകരാണ് കൃഷി ഉപേക്ഷിച്ച് പുറത്തുവരുന്നത്. രാജ്യമെമ്പാടും തൊഴിൽതേടി അലയുന്ന തൊഴിലന്വേഷകർക്കൊപ്പം അവരും അണിചേരുന്നു.
മറ്റൊരു യാഥാർത്ഥ്യം രാജ്യത്തെ തൊഴിലാളികളുടെ 90 ശതമാനം അസംഘടിതമേഖലയിലും സർക്കാരിന്റെ വിവിധ പദ്ധതികളിലും (ആശാവർക്കർമാർ, അംഗനവാടി, തൊഴിലുറപ്പുപദ്ധതി എന്നിവ വഴി) നിഷ്ഠൂരമായ ചൂഷണത്തിന് വിധേയരാകുന്നവർ ആണ്.
അസിംപ്രേംജി സർവ്വകലാശാലയുടെ അടുത്തകാലത്തെ മറ്റൊരു പഠനം വ്യക്തമാക്കുന്നത് രാജ്യത്തെ തൊഴിലെടുക്കുന്നവരിൽ 92 ശതമാനം വനിതകളും 82 ശതമാനം പുരുഷന്മാരും 10,000 രൂപയിൽതാഴെ മാത്രം മാസശമ്പളമുള്ളവരാണ് എന്നത്രെ! പരമ്പരാഗത-ചെറുകിട-കുടിൽ വ്യവസായരംഗങ്ങൾക്ക് സർക്കാരിന്റെ സഹായം പാടേ നിഷേധിക്കുന്ന നയമാണ് മോദി സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ആ മേഖലയിലെ തൊഴിലാളികളുടെ വരുമാനം അതിശോചനീയമാണ്.
അഴിമതി
1. അടുത്തകാലത്ത്, പ്രധാനമന്ത്രിതന്നെ നേരിട്ട് ഇടപെട്ടിരിക്കുന്ന റഫേൽ വിമാന അഴിമതി ഈ രംഗത്തുള്ള സർക്കാരിന്റെ മുഖം ഏറെ വികൃതമാക്കുന്നു. 126 യുദ്ധവിമാനങ്ങൾ വാങ്ങാനും സങ്കേതിക വിദ്യ കൈപ്പറ്റി അതിൽ ഏറിയപങ്കും സർക്കാർ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് നിർമ്മിക്കാനുമായിരുന്നു മുൻ സർക്കാർ തീരുമാനം. എന്നാൽ ഒന്നിന് 526 കോടി രൂപ വില നിശ്ചയിച്ചിരുന്ന 36 വിമാനങ്ങൾ ഒന്നിന് 1660 കോടി രൂപ വീതം നൽകിക്കൊണ്ട് കരാർ ഫ്രാൻസിൽ ചെന്ന് പ്രധാനമന്ത്രി മാറ്റിയെഴുതിച്ചു. എന്നു മാത്രമല്ല വിമാനനിർമ്മാണത്തിൽ ഒരു പരിചയവും ഇല്ലാത്ത, 15 ദിവസംകൊണ്ട് തട്ടിക്കൂട്ടിയ അനിൽ അംബാനിയുടെ റിലയൻസ് എയറോസ്പേയ്സിന് ബാക്കിയുള്ള വിമാനനിർമ്മാണത്തിന്റെ കരാർ ഒപ്പിച്ചുകൊടുക്കുകയും ചെയ്തു.
2. അദാനിഗ്രൂപ്പിന് ഗുജറാത്ത് മുൻദ്ര പോർട്ടിൽ 14,305 ഏക്കർ ഭൂമി നിസ്സാരവിലക്ക് പതിച്ചു നൽകി. വില സ്ക്വയർ മീറ്ററിന് ഒരു രൂപ മുതൽ 32 രൂപ വരെ.
3. അമിത് ഷാ ഡയറക്ടർ ബോഡ് അംഗമായ അഹമ്മദാബാദ് ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്കിൽ നോട്ട് നിരോധനത്തോടനുബന്ധിച്ച് 5 ദിവസം കൊണ്ട് 745.58 കോടി രൂപ സ്വീകരിച്ചു.
4. 5000 കോടിരൂപയുടെ കള്ളപ്പണം ബിജെപി നേതാക്കൾ ക്രിപ്റ്റോ കറൻസിയാക്കി (ബിറ്റ്കോയിൻ) മാറ്റിയതിനെക്കുറിച്ച് അന്വേഷണം നടന്നു.
5. ഗോവയിൽ 5 കോടി 50 ലക്ഷം രൂപ മുടക്കി പാറ്റോ പ്ലാസയിൽ ഓഫീസ് വാടകക്കെടുത്ത കാര്യത്തിൽ മനോഹർ പരീക്കർ ഇടപെട്ടെന്ന വിവാദം.
6. 2015നും 17നുമിടയിൽ ചത്തിസ്ഗഢിൽ 111 ചിട്ടിക്കമ്പനികളുമായി ബന്ധപ്പെട്ട 4.84 കോടി രൂപയുടെ ഇടപാട്. നിരവധി കർഷകരും തൊഴിലാളികളും ചതിക്കപ്പെട്ടു.
7. പ്രൈവറ്റ് സ്ക്കൂളുകൾക്കു വേണ്ടി രാജസ്ഥാനിൽ 17,000 ഗവൺമെന്റ് സ്കൂളുകൾ അടച്ചു പൂട്ടി.
8. ജാർഖണ്ഡിൽ, മോദി പക്ഷക്കാരനായ മുൻ എൻഡിഎ മന്ത്രി ദിലീപ് റായ് ചില പ്രൈവറ്റ് കൽക്കരി കമ്പനികൾക്ക് മുറതെറ്റി അനുമതി നൽകിയെന്ന ആരോപണം.
9. 2015-16 വർഷങ്ങളിൽ കൃത്രിമമായി പരിപ്പിന്റെ വില 130 മുതൽ 200 രൂപ വരെ ഉയർത്തി കച്ചവടം നടത്താൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും ചില വൻകിടക്കാരെ അനുവദിച്ചു.150 മുതൽ 200% വരെയാണ് വില വർദ്ധിപ്പിച്ചത്.
10. ഗോവയിലെ ഡിഫൻസ് എക്സ്പോ ഭൂമി ഇടപാട്.
11. ഇൻഫ്രാസ്ട്രക്ചർ ലീസിംഗ് ആൻറ് ഫിനാൻഷ്യൽ സർവ്വീസസ് എന്ന ബി.ജെ.പി ആശിർവാദമുള്ള കമ്പനിക്ക് മിക്കവാറും എല്ലാ ബാങ്കുകളും കടം കൊടുത്തു. ദേശീയപാത ബിഒടി വികസനം ഉൾപ്പടെ ഏറ്റെടുത്ത ഈ കമ്പനി 91000 കോടി രൂപ കടത്തിലാണ്!
12. ഇൻഡിഗോൾഡ് റിഫൈനറിക്ക് 2 ലക്ഷം സ്ക്വയർ മീറ്റർ സ്ഥലം 2014-ൽ ഗുജറാത്ത് കച്ചിൽ ആനന്ദിബെൻ പട്ടേൽ പതിച്ചുനൽകിയത്.
13. അമിത് ഷായുടെ മകൻ ജയ് ഷായുടെ കമ്പനിയുടെ ആസ്തി മോദി ഭരണത്തിന്റെ ആദ്യവർഷം തന്നെ 50,000-ൽ നിന്ന് 80 കോടി രൂപയായി മാറി.
14. ഗുജറാത്തിലെ മുൻ മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലിന്റെ മകൾ അനാർ പട്ടേലിന്റെ പേരിൽ 422 ഏക്കർ സർക്കാർഭുമി നിസ്സാര വിലക്ക് നൽകിയ ഇടപാട്
15. കർണ്ണാടകത്തിലെ മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ കേന്ദ്ര നിയമ മന്ത്രിയുമായ ഡി.വി.സദാനന്ദ ഗൗഡ 3 ലക്ഷം വിലയുള്ള 10 ഏക്കർ ഭൂമി 60 ലക്ഷം രൂപ വിലയ്ക്ക് സർക്കാരിനു വേണ്ടി വാങ്ങിയ ഇടപാടിലെ അഴിമതി.
16. രാജസ്ഥാനിൽ പിഎച്ച്ഇഡിക്കുവേണ്ടി 15 വാട്ട്, 12 വാട്ട്, 9 വാട്ട് എൽഇഡി ബൾബുകൾ ഒരു ബൾബിന് യഥാക്രമം 15000, 12000, 972 രൂപയ്ക്ക് വാങ്ങിയെന്ന പേരിൽ ബിൽ പാസ്സാക്കിയ അഴിമതി (ആകെ 2 കോടി)
17. വ്യാപം അഴിമതിക്കുശേഷം മധ്യപ്രദേശിൽ ഡപ്യൂട്ടി കളക്ടർ, ചീഫ് ടെക്നിക്കൽ ഓഫീസർ നിയമനങ്ങളിലെ അഴിമതി. വ്യാപം കരാറിലെ മദ്ധ്യസ്ഥനാണ് ഇതിലും കളിച്ചത്.
18. ഉത്തരാഖണ്ഡിൽ കുംഭമേളക്കായി കേന്ദ്രം അനുവദിച്ച 565 കോടി രൂപ ഹരിദ്വാറിൽ ഉപയോഗിക്കാതെ കൈപ്പറ്റി. 180 കോടിയുടെ നിർമ്മാണം നടത്തിയിട്ടില്ല.
19. ഐപിഎൽ ചെയർമാനും കമ്മീഷണറുമായ ലളിത് മോദി 2010 ലീഗിൽ നടത്തിയ സാമ്പത്തിക തിരിമറിക്കെതിരെയുളള നടപടി തടയാൻ ലണ്ടനിലേക്ക് കടന്നു. ടിയാന്റെ പാസ്പോർട്ട് തടഞ്ഞുവച്ച കോടതി നടപടിയെ ചോദ്യം ചെയ്യാൻ വക്കീലന്മാരായി കോടതിയിലെത്തിയത് മന്ത്രി സുഷമ സ്വരാജിന്റെ ഭർത്താവും മകളും!
20. സ്കിൽ ഇന്ത്യാ മിഷൻ എന്ന പേരിൽ 40 ലക്ഷം യുവാക്കളിൽ നൈപുണി വളർത്തിയെടുക്കാനെന്ന വ്യാജേന ആയിരക്കണക്കിന് കോടി രൂപയാണ് ചെലവാക്കിയത്. ഇതുമായി ബന്ധപ്പെട്ട് വൻ അഴിമതി നടന്നിട്ടുള്ളതായി ശാരദാപ്രസാദ് കമ്മിറ്റി മോദി സർക്കാരിനെ കുറ്റപ്പെടുത്തുകയുണ്ടായി.
21. ഗുജറാത്തിലെ ‘സുജലം സുഫലം യോജന’ എന്ന പേരിലാരംഭിച്ച ശുദ്ധജലവിതരണപദ്ധതി 452.5കോടി രൂപ ചെലവിട്ട, പ്രയോജനരഹിതമായ പദ്ധതിയാണെന്ന് സിഎജി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
22. മഹാരാഷ്ട്രയിൽ അംഗണവാടികളിലേയ്ക്കുള്ള റേഷൻ വിതരണത്തിൽ ബിജെപി മന്ത്രി പങ്കജമുണ്ടെയുടെ 6300 കോടിയുടെ അഴിമതി.
23. മദ്ധ്യപ്രദേശിലെ മുൻമുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഉൾപ്പെട്ട 4471 കോടി രൂപയുടെ ഉജ്ജയ്നി സമസ്ത കുംഭമേള-സിംഹാസ്ഥ കുംഭമേള അഴിമതി,
24. ഗുജറാത്തിൽ ടാറ്റയ്ക്ക് 33,000 കോടിരൂപയുടെ ആനുകൂല്യം ലഭിച്ച നാനോപ്ലാന്റ് സ്ഥലമേറ്റെടുപ്പ്.
25. രത്നവ്യാപാരിയായ നീരവ് മോദിയുമായി ബന്ധപ്പെട്ട് പഞ്ചാബ് നാഷണൽ ബാങ്കിൽ നടന്ന തിരിമറി. നീരവ്മോദിയും അമ്മാവൻ മെഹുൽ ചോസ്കിയും ഈ ഇടപാടിനുശേഷം ഇന്ത്യവിട്ടു. 2016-ലാണ് ഈ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ സംഘങ്ങൾ അന്വേഷണമാരംഭിച്ചത്. പക്ഷേ, 2018 ജനുവരി 23 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ദാവോസിൽ നീരവ്മോദിയുമായി വേദിപങ്കിട്ടു!
26. കർണ്ണാടകയിലെ മുൻ ബിജെപി മുഖ്യമന്ത്രി യെദിയൂരപ്പ, മകൾ സിഇഒ ആയ കമ്പനിക്ക് 840 കോടി രൂപയുടെ സ്ഥലം പതിച്ചുകൊടുത്തത്.
ബിജെപി ഭരണകാലത്തെ പുറത്തുവന്ന നിരവധി അഴിമതികളിൽ ചിലതുമാത്രമാണിവ.
എന്താണ് പ്രതിവിധി?
ജനങ്ങൾ ഇതിനെല്ലാം ഇരയായി നിസ്സഹായരായി കഴിഞ്ഞുകൊള്ളും എന്നാണോ? ജീവിതം ദുർവ്വഹമാക്കുന്ന വിലക്കയറ്റവും തൊഴിലില്ലായ്മയും ദുരിതങ്ങളും അഴിമതിയും തട്ടിപ്പുമൊക്കെ എന്നും അനുവദിച്ചുകൊടുക്കും എന്നാണോ? ഒരിക്കലുമില്ല. ശരിയായ ധാരണയുടെയും ശരിയായ സമീപനത്തിന്റെയുമടിസ്ഥാനത്തിൽ ഇതിനെ നേരിടാൻ ജനങ്ങൾ തയ്യാറാകണം. അങ്ങനെ ചെയ്താൽ ഈ കൊള്ളയ്ക്കും സാമ്പത്തികാക്രമണങ്ങൾക്കുമൊക്കെ തടയിടാൻ കഴിയും. ഇടതുപക്ഷ വീക്ഷണത്തിന് മുൻതൂക്കമുണ്ടായിരുന്ന സമരങ്ങൾ നടന്ന സ്വാതന്ത്ര്യസമരകാലത്തും സ്വതന്ത്ര ഇന്ത്യയിൽ കുറേക്കാലത്തേയ്ക്കും ജനങ്ങൾക്കുമേൽ ഇത്തരത്തിലുള്ള സാമ്പത്തിക ആക്രമണങ്ങൾ സംഭവിച്ചിരുന്നില്ല. അധികാരത്തിനുപിന്നാലെ പായുന്ന കപട കമ്മ്യൂണിസ്റ്റുകളുടെയും കപട ഇടതുപക്ഷക്കാരുടെയും സന്ധിമനോഭാവംമൂലമെന്നുതന്നെ പറയാം, സമരങ്ങൾ ദുർബലമായതോടെ മുതലാളിവർഗ്ഗവും അവരുടെ സേവകരും ജനങ്ങൾക്കുമേൽ കടുത്ത സാമ്പത്തികാക്രമണങ്ങൾ ഒന്നിനുപിറകെ ഒന്നായി അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്.
ജനങ്ങളുടെ ചെറുത്തുനിൽപ്പ് ദുർബലമാകുന്നതിനനുസരിച്ച് ഭരണവർഗ്ഗത്തിന്റെയും അവരുടെ പിണിയാളുകളുടെയും ആക്രമണങ്ങൾക്ക് ആക്കം വർദ്ധിച്ചുകൊണ്ടിരിക്കും. ജനങ്ങളെ തമ്മിലടിപ്പിക്കാൻ മതത്തിന്റെയും ജാതിയുടെയും പ്രദേശത്തിന്റെയും മറ്റുംപേരിൽ വിഘടനപരമായ ചിന്താഗതികൾ ഊതിപ്പെരുപ്പിക്കുകയാണ് ഭരണാധികാരികൾ. ഈ ഗൂഢാലോചന നാം തിരിച്ചറിയണം. പണിയെടുക്കുന്നവരുടെയെല്ലാം പ്രശ്നങ്ങൾ ഒന്നുതന്നെയാണ്. അവർ ഒന്നിച്ചുനിന്ന് പോരാടുന്ന അവസ്ഥയ്ക്കുമാത്രമേ ഈ ദൂഷിതവൃത്തത്തിൽനിന്ന് സമൂഹത്തെ മോചിപ്പിക്കാനാകൂ.