ഇൻഡ്യ എന്ന രാജ്യം നിസ്സഹായതയുടെയും നിരാലംബത്വത്തിന്റെയും അഗാധമായ ആഴങ്ങളിലേക്ക് നിപതിച്ചിരിക്കുന്നു. ഭരണാധികാരികളുടെ നിസംഗതയ്ക്കും കുറ്റകരമായ നിഷ്ക്രിയത്വത്തിനും ക്രൂരതയ്ക്കും വിലയായി മൂന്നുലക്ഷം ജനങ്ങൾ അവരുടെ ജീവൻ നൽകിക്കഴിഞ്ഞു. അശരണരായ നൂറ്റിമുപ്പതു കോടി ജനങ്ങളിൽ ആരൊക്കെ ഇനി ജീവൻ നൽകേണ്ടിവരുമെന്ന് ഭയന്ന് നാളുകൾ എണ്ണിത്തീർക്കുന്നു. പ്രാണവായുവിനും ചികിൽസയ്ക്കും വേണ്ടി കേഴുന്നവരുടെ നിലവിളികളിൽ രാജ്യതലസ്ഥാനവും യുപിയും മധ്യപ്രദേശും മഹാരാഷ്ട്രയും ബീഹാറും ഗുജറാത്തും നടുങ്ങുന്നു. ആശുപത്രികളിൽ ഇടംകിട്ടാതെ വഴിയിൽ വീണുമരിക്കാൻ വിധിക്കപ്പെട്ട ഹതഭാഗ്യർ. ഗംഗയിലും യമുനയിലും ഒഴുകിനടക്കുന്ന കോവിഡ് ബാധിതരുടേതെന്ന് സംശയിക്കുന്ന നൂറുകണക്കിന് മൃതദേഹങ്ങൾ നായയും കുറുക്കനും വലിച്ചുകീറുന്നു! അപമാനിതമായ രാജ്യം ലോകത്തിനുമുമ്പിൽ ശിരസ്സ് താഴ്ത്തി നിൽക്കുന്നു.
മതിയായ ചികിൽസ നൽകി ജീവനോ രക്ഷിക്കാൻ കഴിഞ്ഞില്ല, മൃതശരീരമെങ്കിലും ആദരവോടെ മറവ്ചെയ്യാൻ ഉത്തരവാദിത്തപ്പെട്ടവർ ആരുമുണ്ടായില്ല. മറ്റെന്തെങ്കിലും മാർഗ്ഗമുണ്ടെങ്കിൽ എത്ര ദരിദ്രനെങ്കിലും ഒരാൾ തന്റെ പ്രിയപ്പെട്ട ആളുടെ മൃതദേഹം നായകൾക്കും കുറുനരികൾക്കും ഭക്ഷണമാക്കാൻ വിട്ടുകൊടുക്കുമോ? എല്ലാ ഗതിയും മുട്ടി, ശ്മശാനങ്ങൾക്കുമുമ്പിൽ മണിക്കൂറുകളോളം കാത്തുകിടന്നിട്ടും ആദരവോടെയുള്ള ശവസംസ്കാരത്തിന് ഒരു വഴിയും കാണാതെ നിസ്സഹായതയാൽ സ്വയം ശപിക്കേണ്ടി വരുന്ന ജനങ്ങൾ. കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ ഭയാനക പ്രതിസന്ധിയിൽ പെട്ടുഴലുന്ന നമ്മുടെ രാജ്യത്തിന്റെ നേർചിത്രമിതാണ്.
രണ്ടാം തരംഗം സൃഷ്ടിച്ച ഹൃദയഭേദകമായ ദുരന്തത്തിന് ഉത്തരവാദി കേന്ദ്ര സർക്കാർ
കോവിഡ് പടരുന്നതിലും, വാക്സിൻ, ഓക്സിജൻ, മരുന്നുകൾ എന്നിവയുടെ വിതരണത്തിൽ കാണിക്കുന്ന ഗുരുതരമായ കൃത്യവിലോപത്തിലും, സുപ്രീം കോടതിയടക്കമുള്ള രാജ്യത്തെ നീതിപീഠങ്ങളുടെ ചോദ്യങ്ങൾക്കു മുമ്പിൽ ഉത്തരംമുട്ടി നിൽക്കുകയാണ് കേന്ദ്രസർക്കാർ. ലോകം മുഴുവൻ ദില്ലി വാഴുന്നവർക്കുനേരെയാണ് വിരൽ ചൂണ്ടുന്നത്. ഈ സാഹചര്യത്തിന് ഒരേയൊരു ഉത്തരവാദി ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ ഭരണസംഘവുമാണ്. ചില മാധ്യമങ്ങൾ അഭിപ്രായപ്പെട്ടത് ഇത് മരണങ്ങളല്ല, കൊലപാതകങ്ങളാണെന്നാണ്. രാജ്യത്തിനകത്തെ മുതലാളിത്ത ദാസന്മാരായ മാധ്യമങ്ങളെ നിശബ്ദമാക്കുന്നതിൽ സർക്കാർ കുറേയൊക്കെ വിജയിച്ചുവെങ്കിലും, വിദേശമാധ്യങ്ങളിലും ലോകാരോഗ്യസംഘടനയടക്കമുള്ള ഏജൻസികളിലും നിന്നുള്ള വിമർശനശരങ്ങൾ രാജ്യത്തെ ഭരണകൂടത്തിനെതിരെ അനുസ്യൂതം പ്രവഹിക്കുകയാണ്. കേന്ദ്രസർക്കാരിനെ കാണ്മാനില്ല എന്ന് നട്ടെല്ലുള്ള ചില മാധ്യമങ്ങളെങ്കിലും പരസ്യമായി പറഞ്ഞു തുടങ്ങിയിരിക്കുന്നു. രാജ്യത്തെ ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ ആപത്ഘട്ടത്തിൽ ഒപ്പം നിൽക്കാതെ തികച്ചും ജനവിരുദ്ധമായി മാറിയിരിക്കുന്നു നരേന്ദ്രമോദി സർക്കാർ.
ഏപ്രിൽ മാസം തൊട്ട് ഇന്ത്യയിൽ ആരംഭിച്ച കോവിഡിന്റെ അതിശക്തമായ രണ്ടാം തരംഗം, ഇതുവരെ ലോകത്തുണ്ടായതിൽ ഏറ്റവും ഭീകരമായ ഒന്നായി മാറിയിരിക്കുന്നു.
ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല എന്ന് കുറ്റപ്പെടുത്തി ഇതിന്റെ ഉത്തരവാദിത്തം പൊതുജനത്തിനു തലയിലിട്ട് കൈകഴുകാനാണ് കേന്ദ്ര-സംസ്ഥാനസർക്കാരുകൾ ശ്രമിച്ചത്. സർക്കാരുകളുടെ, പ്രധാനമായും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ട് എന്നത് വസ്തുതകൾ പരിശോധിക്കുന്ന ആർക്കും മനസ്സിലാകും.
2020 ഫെബ്രുവരിയിലും മാർച്ചിലുമായി റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ കോവിഡ് കേസുകളെ തുടർന്ന് രോഗം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ക്രമേണ വ്യാപിച്ചു. മഹാവ്യാധിയെ നേരിടാനുള്ള യാതൊരു മുന്നൊരുക്കമോ കൂടിയാലോചനയോ ഇല്ലാതെ രാജ്യവ്യാപക ലോക്ക്ഡൗൺ പ്രഖ്യാപിക്കുക എന്നതാണ് കേന്ദ്രസർക്കാർ ചെയ്തത്. അളവറ്റ ദുരിതങ്ങളിലേക്കാണ് ആ ലോക്ക്ഡൗൺ വലിയൊരു വിഭാഗം ജനങ്ങളെയും തള്ളിയിട്ടത്. ലോക്ക്ഡൗൺ ഇളവുകൾ കൊണ്ടുവന്നശേഷം, ജൂലൈ മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ രോഗനിരക്കിൽ വൻവർധനവ് രാജ്യം കണ്ടിരുന്നു. സെപ്റ്റംബർ പകുതിയോടെ പുതിയ കേസുകളുടെ എണ്ണം വലിയ തോതിൽ കുറഞ്ഞു. മരണനിരക്കും കുത്തനെ കുറഞ്ഞു. കൂടുതൽ ശക്തമായ രണ്ടാം തരംഗം ഉണ്ടാകാമെന്ന് വിദഗ്ദ്ധർ അപ്പോൾ തന്നെ മുന്നറിയിപ്പു നൽകിയിരുന്നതാണ്. പക്ഷേ, എല്ലാം ഭദ്രമായി, നമ്മൾ കോവിഡിനെ മറികടന്നിരിക്കുന്നു എന്ന തരത്തിൽ വിജയാരവം മുഴക്കി ആത്മപ്രശംസ നടത്തുന്ന തിരക്കിലായിരുന്നു ഭരണാധികാരികൾ. 2021 ജനുവരിയിൽ, കേന്ദ്ര ആരോഗ്യവകുപ്പു മന്ത്രി ഹർഷവർധൻ പ്രഖ്യാപിച്ചത്, പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യ വിജയകരമായി കോവിഡിനെ മറികടന്നു എന്നാണ്. ഇത്തരമൊരു നിരുത്തരവാദപരമായ പ്രസ്താവന ജനങ്ങൾക്ക് നൽകുന്ന സന്ദേശമെന്താണ്?
എല്ലാ മേഖലകളും സാമ്പത്തിക താത്പര്യം മാത്രംമുൻനിർത്തി തുറന്നു കൊടുത്തപ്പോൾ ജീവിതദുരിതത്തിലാണ്ട സാധാരണക്കാരനു പുറത്തിറങ്ങിയേ മതിയാകുമായിരുന്നുള്ളു. എല്ലാം ഭദ്രം എന്ന് അവരെ വിശ്വസിപ്പിച്ചത് സർക്കാരുകൾ തന്നെയായിരുന്നു. “ഞങ്ങൾ പ്രശ്നങ്ങൾ പരിഹരിക്കുക മാത്രമല്ല ചെയ്തത്, മഹാമാരിയെ നേരിടാൻ ലോകത്തെ സഹായിക്കുകയും ചെയ്തു,” എന്ന് കഴിഞ്ഞ ജനുവരിയിൽ ഐക്യരാഷ്ട്രസഭയുടെ വേദിയിൽ പറഞ്ഞത് പ്രധാനമന്ത്രി തന്നെയാണ്. തുടർന്ന് കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും, സംസ്ഥാനമന്ത്രിമാരും ഒക്കെ നേരിട്ടിറങ്ങി പ്രചാരണം നടത്തിയപ്പോൾ എല്ലാ കോവിഡ് സുരക്ഷാമാനദണ്ഡങ്ങളെയും കാറ്റിൽപ്പറത്തിയില്ലേ? മാർച്ച് മാസം മുതൽ കൂറ്റൻ ഇലക്ഷൻ റാലികളേയും പൊതുസമ്മേളനങ്ങളേയും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മുന്നിൽ നിന്നു നയിച്ചില്ലേ? അവിടെ തിങ്ങിനിറഞ്ഞെത്തിയതിൽ അണികളെ അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചില്ലേ? തീർന്നില്ല, 12 വർഷത്തിലൊരിക്കൽ നടക്കുന്ന ഹരിദ്വാറിലെ കുംഭമേള അനുവദിച്ചത് ഇതേ സർക്കാരല്ലേ? അതും അടുത്ത വർഷം നടക്കേണ്ടത്, നല്ല മുഹൂർത്തം നോക്കിയാണത്രേ ഈ വർഷത്തേക്ക് മാറ്റിയത്. മാർച്ച് 11 മുതൽ പ്രതിദിനം 10 ലക്ഷത്തിലധികം പേരാണ് യാതൊരു കോവിഡ് മാനദണ്ഡവും നോക്കാതെ കുംഭമേളയിൽ തടിച്ചു കൂടിയത്. കോവിഡ് വ്യാപിച്ചതോടെയാണ് കുംഭമേളയുടെ ചടങ്ങുകൾ അവസാനഘട്ടത്തിലെങ്കിലും നിയന്ത്രിക്കാൻ സർക്കാർ തയ്യാറായത്.
രോഗവ്യാപനത്തെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഗൗരവപൂർവ്വം സമീപിക്കാതിരുന്നതാണ് സ്ഥിതി ഗുരുതരമാക്കിയ തെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. കോവിഡിന്റെ ഒന്നാം വരവിനെ കീഴടക്കിയെന്ന് വാദിക്കുന്നതിനും വാക്സിൻ നേട്ടവും, പ്രധാനമന്ത്രിയുടെ വാക്സിൻ നയതന്ത്രവും എടുത്തു കാട്ടി പ്രചരിപ്പിക്കുന്നതിനും കേന്ദ്രഭരണകൂടം സമയം പാഴാക്കിയപ്പോൾ രണ്ടാം വ്യാപനത്തെ തടയാൻ എന്തു നടപടിയെടുത്തു എന്ന ചോദ്യമാണ് ഇന്ന് കോടതികളടക്കം വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. പുതിയ ആശുപത്രികളോ, ഡിസ്പെൻസറികളോ, ഓക്സിജൻ പ്ലാന്റുകളോ സ്ഥാപിക്കുകയോ, നിലവിലുള്ളവ കാര്യക്ഷമമാക്കുകയോ ചെയ്തില്ല. എവ്വിധവും തെരഞ്ഞെടുപ്പുകളിൽ വിജയം നേടാൻ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ അതീവപ്രാധാന്യത്തോടെ നിർവ്വഹിക്കേണ്ടിയിരുന്ന കടമകൾ പെരുവഴിയിലായി. ഇതോടൊപ്പം മരുന്നും ഓക്സിജനും വാക്സിനുമൊക്കെ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്നതിൽ കേന്ദ്രസർക്കാർ വേർതിരിവ് കാണിക്കുന്നുവെന്നും രാഷ്ട്രീയം കളിക്കുന്നുവെന്നുമുള്ള ആരോപണം ഉയർന്നു. ഇന്ത്യയിൽ തന്നെ വാക്സിൻ വികസിപ്പിച്ചതും, ഓക്സ്ഫോർഡ് വാക്സിൻ രാജ്യത്ത് ഉത്പാദിപ്പിക്കുന്നതും ആത്മനിർഭർ ഭാരതിന്റെ നേട്ടമായി അവതരിപ്പിച്ച സർക്കാർ, രാജ്യത്തെ ഭൂരിഭാഗം ജനങ്ങൾക്കും അതിവേഗം വാക്സിനേഷൻ നൽകാൻ ഒരു നടപടിയും കൈക്കൊണ്ടില്ല. ആദ്യഘട്ടത്തിൽ ഉത്പാദിപ്പിച്ച വാക്സിന്റെ പകുതിയോളവും, സൗജന്യമായി പോലും വിദേശരാജ്യങ്ങൾക്കു കൈമാറുന്ന വാക്സിൻ നയതന്ത്രത്തിനാണ് കേന്ദ്രം പ്രാധാന്യം നൽകിയത്. കേരളമുൾപ്പടെയുള്ള സംസ്ഥാന സർക്കാരുകളും അലംഭാവസമീപനമാണ് കൈക്കൊണ്ടത്.
ഹോസ്പിറ്റൽ കിടക്കകളുടെ സാന്ദ്രതയുടെ കാര്യത്തിൽ ലോകത്ത് 167 രാജ്യങ്ങളിൽ 155 -ാം സ്ഥാനത്താണ് ഇന്ത്യ. 1511 പേർക്ക് ഒരു ഡോക്ടറും, 670 പേർക്ക് ഒരു നഴ്സും മാത്രമാണെന്നാണ് കണക്കുപ്രകാരം നമ്മുടെ രാജ്യത്തുള്ളത്. നമ്മുടെ പൊതുജനാരോഗ്യരംഗത്തെ ഇത്തരം പരിമിതികൾ കോവിഡിന്റെ ഒന്നാം ഘട്ടത്തിൽത്തന്നെ വെളിവായതാണ്. കൂടുതൽ തീക്ഷ്ണമായ രണ്ടാം തരംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പുകൾ കിട്ടിയിട്ടും ഈ പരിമിതികൾ പരിഹരിക്കാനോ, സൗകര്യങ്ങൾ വർധിപ്പിക്കാനോ സർക്കാരുകൾ ശ്രമിച്ചിട്ടില്ല. ഇതിനു പുറമേയാണ് വൈറസിനു സംഭവിക്കുന്ന ജനിതക വ്യതിയാനം സൃഷ്ടിക്കുന്ന പ്രതിസന്ധി. രണ്ടിലധികം തവണ ജനിതകവ്യതിയാനം സംഭവിച്ച വൈറസ് ഇനങ്ങൾ ഇന്ത്യയിൽ പലയിടത്തും കണ്ടെത്തിയിരിക്കുന്നു. കൂടുതൽ തീവ്രമായ വ്യാപനത്തിനും, ഉയർന്ന മരണനിരക്കിനും കാരണം ഇത്തരം വ്യതിയാനം വന്ന വൈറസുകളാണെന്നാണ് നിഗമനം. ലോകത്തെ തന്നെ ഏറ്റവും മികച്ച ജനിതകവിശകലന സൗകര്യങ്ങളുണ്ടായിട്ടും ഇത് മഹാമാരിയുടെ കാലത്ത് ഉപയോഗപ്പെടുത്തുന്നതിൽ ഇന്ത്യ തീർത്തും പരാജയപ്പെട്ടു. 2021 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലഘട്ടത്തിൽ ആകെ കോവിഡ് സാമ്പിളുകളുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ജനിതക വിശകലനത്തിനു വിധേയമാക്കിയത്. വൈറസിന്റെ വ്യതിയാനം നേരത്തേ തിരിച്ചറിഞ്ഞ് അത് കൂടുതൽ പേരിലെത്തുന്നത് തടയേണ്ടതായിരുന്നു. കൂടുതൽ പേരിലേക്കെത്തുന്തോറും കൂടുതൽ ജനിതകവ്യതിയാനവും സംഭവിക്കും. ഇതിനൊക്കെ ആരെയാണ് കുറ്റപ്പെടുത്തേ ണ്ടത്? സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളിച്ചോടുന്ന സർക്കാരാണിതെന്ന് കുറ്റപ്പെടുത്തിയത്, മുൻ കേന്ദ്ര ആരോഗ്യസെക്രട്ടറി സുജാത റാവുവാണ്. തങ്ങളുടെ കുറ്റകരമായ അലംഭാവത്തെയും വീഴ്ച്ചകളേയും കഴുകിക്കളയാൻ എത്ര വാചകമടികൊണ്ടും മാധ്യമസ്തുതിഗീതങ്ങൾകൊണ്ടും സാധിക്കില്ലെന്നും പ്രധാനമന്ത്രിയും മറ്റ് അധികാരികളും മനസ്സിലാക്കേണ്ടിയിരിക്കുന്നു.
നാലര മാസത്തിനുള്ളിൽ
പൂർണ്ണ വാക്സിൻ ലഭിച്ചത് ജനസംഖ്യയിൽ മൂന്ന്
ശതമാനത്തിനുമാത്രം
രാജ്യത്തെ 30 കോടി ജനങ്ങൾക്കെങ്കിലും അടിയന്തരമായി വാക്സിനെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനുവരി 16ന് കോവിഡ് വാക്സിനേഷൻ ആരംഭിച്ചത്. പക്ഷേ, ഇപ്പോൾ മേയ് അവസാനമാകുമ്പോഴും, മൊത്തം ജനസംഖ്യയുടെ പത്തു ശതമാനമാനം ആളുകൾക്കു മാത്രമാണ് ആദ്യഡോസ് വാക്സിൻ നൽകാൻ സാധിച്ചിട്ടുള്ളത്. രണ്ടുഡോസും പൂർത്തിയാക്കിയത് കഷ്ടിച്ച് മൂന്നു ശതമാനത്തിലേറെ പേർക്കു മാത്രം. വാക്സിൻ ലഭ്യമല്ലാത്തതിനാൽ കേരളമടക്കം പല സംസ്ഥാനങ്ങളിലും 45 വയസ്സിനു താഴെയുള്ളവർക്ക് കുത്തിവെയ്പ്പ് ഇനിയും ആരംഭിക്കാനായിട്ടില്ല. സമൂഹത്തിലെ 70% ജനങ്ങൾക്കും എത്രയും വേഗത്തിൽ പ്രതിരോധ കുത്തിവെയ്പ്പെടുത്താൽ മാത്രമേ കോവിഡ് എന്ന മഹാമാരിയെ അതിജീവിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ, ശാസ്ത്രീയമായി മനസ്സിലാക്കി വേണ്ട നടപടിയെടുത്തില്ലെന്നു മാത്രമല്ല, ഈ ദുരിതത്തിലും കച്ചവടം കാണുന്ന കോർപ്പറേറ്റുകളുടെ പിണിയാളാവുകയായിരുന്നു കേന്ദ്രസർക്കാർ.
മാർച്ച് 17ന് സർക്കാർ രാജ്യസഭയിൽ നൽകിയ മറുപടി പ്രകാരം, രാജ്യത്ത് 7.06കോടി ഡോസ് വാക്സിൻ വിതരണം ചെയ്തപ്പോൾ, 5.96 കോടി ഡോസ് 74രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു. ഏപ്രിൽ 19ന്റെ കണക്കു പ്രകാരം, 6.60 കോടി ഡോസ് കയറ്റുമതി ചെയ്തു. അതേ സമയം തന്നെ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടതിന്റെ പകുതി ഡോസുപോലും നൽകാൻ കേന്ദ്രം തയ്യാറായതുമില്ല. എന്നിട്ടും കേന്ദ്ര ആരോഗ്യമന്ത്രി ന്യായീകരിക്കുന്നത്, കയറ്റുമതി കാരണം ഇന്ത്യക്കാർ കഷ്ടപ്പെടേണ്ടി വരില്ലെന്നാണ്. പക്ഷേ, വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ കാണുന്ന ജനങ്ങളുടെ നീണ്ട നിരകൾ പറയുന്നത് മറ്റൊന്നാണ്. വാക്സിനായി കാത്തുനിന്നു പ്രായമായവരും ദുർബ്ബലരും കുഴഞ്ഞുവീഴുന്നു.
കേന്ദ്രം നൽകുന്ന വാക്സിനുകൾ വിതരണം ചെയ്യുന്ന ചുമതല സംസ്ഥാന സർക്കാരുകൾക്കാണ്. മഹാരാഷ്ട്രയിലും കേരളത്തിലുമടക്കം പല സംസ്ഥാനങ്ങളിലും മതിയായ വാക്സിനില്ലാതെ കുത്തിവെയ്പ്പുകൾ മുടങ്ങുമ്പോൾ, കൃത്യമായ വിതരണസൗകര്യം ഒരുക്കാത്ത സംസ്ഥാനങ്ങളിൽ 50 ലക്ഷത്തോളം ഡോസ്, വാക്സിൻ ഉപയോഗശൂന്യമായതായാണ് റിപ്പോർട്ട്. മഹാമാരിയെ മറികടക്കാനുള്ള ഏക ഉപാധിയായ വാക്സിൻ തുറന്നവിപണിയിലെ കച്ചവടച്ചരക്കാക്കിയ പുതിയ കേന്ദ്രനയവും, സംസ്ഥാനങ്ങളിലെ അതിന്റെ കുത്തഴിഞ്ഞ വിതരണവും വാക്സിൻ പൂഴ്ത്തിവെയ്പ്പും മറ്റ് തട്ടിപ്പുകളും നടക്കുന്നുണ്ടോ എന്നു സംശയം സൃഷ്ടിക്കുന്നു. ഓരോ പ്രദേശത്തേയും ആവശ്യകതയ്ക്ക് ആനുപാതികമായി വാക്സിൻ എത്തിച്ച് എല്ലാവർക്കും ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കുക ഈ ആധുനികകാലത്ത് എത്രയോ ആയാസരഹിതമായ കാര്യമാണ്. അതിനുള്ള ആത്മാർത്ഥമായ ഒരു നടപടിയും ഇതുവരെ സർക്കാരുകളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
ദുരന്തത്തെ വിൽപ്പന
വസ്തുവാക്കുന്ന കേന്ദ്രത്തിന്റെ
പുതിയ വാക്സിൻ നയം
തുല്യത ഉറപ്പാക്കി വാക്സിൻ എല്ലാവർക്കും നൽകുക എന്ന ഉത്തരവാദിത്തം കേന്ദ്രസർക്കാർ കൈയൊഴിയുന്നതാണ് ഏപ്രിൽ 19നു രാജ്യം കണ്ടത്. എല്ലാ പൊതുസഹായവും ഉപയോഗപ്പെടുത്തിക്കൊണ്ട് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നീ സ്വകാര്യസ്ഥാപനങ്ങൾ ഉത്പാദിപ്പിക്കുന്ന വാക്സിനുകൾ ആണ് നിലവിൽ ഇന്ത്യയിൽ വിതരണം ചെയ്യുന്നത്. ഡോസിനു 150 രൂപ നിരക്കിൽ കേന്ദ്രസർക്കാർ വാങ്ങി സൗജന്യമായി സംസ്ഥാനങ്ങൾക്ക് വിതരണത്തിനായി നൽകുക എന്ന നയത്തിൽ നിന്നുള്ള പിൻമാറ്റമായിരുന്നു ഏപ്രിൽ 19ന് കേന്ദ്രം പ്രഖ്യാപിച്ച പുതിയ വാക്സിൻ നയം. സംസ്ഥാന സർക്കാരുകൾ, കമ്പനികൾ നിശ്ചയിക്കുന്ന വിലയ്ക്ക് 50% വാക്സിൻ, സ്വകാര്യ കമ്പനികളോടും മറ്റ് കമ്പോളശക്തികളോടും മൽസരിച്ചു വാങ്ങിയെടുക്കേണ്ട ഒന്നായി മാറ്റിക്കൊണ്ടാണ് കേന്ദ്രസർക്കാർ പുതിയ നയം ആവിഷ്കരിച്ചത്. രണ്ട് വാക്സിൻ നിർമ്മാതാക്കളും ആകെ ഉത്പാദനത്തിന്റെ അമ്പതു ശതമാനം കേന്ദ്രത്തിനു നൽകും. ശേഷിക്കുന്നത് സംസ്ഥാനങ്ങൾ, സ്വകാര്യ ആശുപത്രികൾ, സ്ഥാപനങ്ങൾ തുടങ്ങിയവർ കമ്പനികൾ നിശ്ചയിക്കുന്ന വിലയ്ക്ക് വിപണിയിൽ നിന്നും വാങ്ങണം. മേയ് ഒന്നു മുതൽ വാക്സിനെടുക്കേണ്ട 45 വയസ്സിൽ താഴെയുള്ളവർക്ക് സൗജന്യമായി വാക്സിൻ ഉണ്ടാകില്ല എന്നതാണ് കേന്ദ്രസർക്കാർ നയത്തിൽ വ്യക്തമാക്കുന്നത്. അതായത്, ഇന്ത്യയുടെ ജനസംഖ്യയുടെ 70% വരുന്ന ഈ വിഭാഗത്തിന്റെ ജീവിച്ചിരിക്കാനുള്ള അവകാശത്തെ ചൂഷണം ചെയ്ത് കൊള്ളലാഭമുണ്ടാക്കാൻ, ഈ രണ്ട് വാക്സിൻ കുത്തകകൾക്കും വിശാലമായ വിപണി സൃഷ്ടിക്കുകയാണ് മോദി സർക്കാർ ചെയ്തിരിക്കുന്നത്. പല സംസ്ഥാനങ്ങളിൽ നിന്നും ആഴ്ചകളായി റിപ്പോർട്ട് ചെയ്യുന്ന വാക്സിൻ ക്ഷാമവും, നിരന്തരമായി ആവശ്യപ്പെട്ടിട്ടും അത് പരിഹരിക്കാൻ ക്രിയാത്മകമായ ഒരു നടപടിയും മോദി സർക്കാർ കൈക്കൊള്ളാത്തതും ഇതോടൊപ്പം ചേർത്തു വായിക്കണം. മതിയായ വാക്സിൻ ഉറപ്പാക്കാതെ, നാലു ദിവസം വാക്സിനേഷൻ ഉത്സവം നടത്തുന്നതുപോലെയുള്ള പ്രഹസനം മാത്രമാണ് മോദിയുടെ സർക്കാർ നടത്തിയത്. തുടക്കത്തിൽത്തന്നെ, കോവിഡിനെ നേരിടാനുള്ള വാക്സിൻ സ്വകാര്യ ആശുപത്രികളിൽ 250 രൂപ വില നിശ്ചയിച്ച് വിതരണം ചെയ്യാൻ സർക്കാർ അനുവദിച്ചിരുന്നു. ലോകത്ത് ഒരു രാജ്യത്തും കോവിഡ് വാക്സിൻ ഇങ്ങനെ വിൽപ്പന നടത്തുന്ന സമ്പ്രദായമില്ല. വാക്സിൻ ഉൽപ്പാദകരായ കുത്തകകളുടെ ഇഛയ്ക്ക് എല്ലാം വിട്ടുകൊടുത്തുകൊണ്ടുള്ള ഏപ്രിൽ 19ന്റെ പ്രഖ്യാപനത്തിലൂടെ, പൗരന്മാർക്ക് സാർവത്രികമായി പ്രതിരോധ കുത്തിവെയ്പ്പ് ഉറപ്പാക്കി, കോവിഡിൽ നിന്ന് സമൂഹത്തെ കരകയറ്റാനുള്ള സാമൂഹിക ഉത്തരവാദിത്തത്തിൽനിന്നും മോദി സർക്കാർ പിൻമാറുകയാണ് ചെയ്തത്. ഇത് മാപ്പർഹിക്കാത്ത അപരാധമാണ്.
ഈ നയത്തെ സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിച്ച സുപ്രീംകോടതിയോട്, നയപരമായ കാര്യത്തിൽ കോടതി ഇടപെടേണ്ട എന്ന നിഷേധാത്മക മറുപടിയാണ് കേന്ദ്രസർക്കാർ നൽകിയത്. ഈ രീതിയിൽ ലാഭം ഉറപ്പാക്കി കച്ചവടം ചെയ്യാൻ കമ്പനികളെ അനുവദിച്ചാലേ വാക്സിൻ ലഭ്യത ഉറപ്പാക്കാനാകൂ എന്നായിരുന്നു കേന്ദ്രത്തിന്റെ തലതിരിഞ്ഞ നിലപാട്.
ആരോഗ്യമേഖല അടിമുടി സ്വകാര്യവൽക്കരിച്ചിട്ടുള്ള യുഎസ്എയിൽപോലും പ്രായപൂർത്തിയാ യവർക്കെല്ലാം സൗജന്യമായി അതിവേഗത്തിൽ വാക്സിൻ നൽകുന്നു. അതാകട്ടെ, നമ്മുടെ രാജ്യത്ത് അനുമതി നൽകിയ കോവിഷീൽഡിനേയും, കോവാക്സിനേയും അപേക്ഷിച്ച് വിലയും ഫലപ്രാപ്തിയും കൂടുതലുള്ള ഫൈസറിന്റെയും മൊഡേണയുടേയും വാക്സിനുകളാണ് അവിടെ സൗജന്യമായി പൗരനു ലഭ്യമാക്കുന്നത്. ജനസംഖ്യയുടെ 46 ശതമാനത്തിലധികം ജനങ്ങൾക്ക് ഇതിനകം യുഎസിൽ വാക്സിൻ എത്തിച്ചുവെന്നാണ് കണക്ക്. യുകെയിൽ ഇത് 52 ശതമാനമാണ്. എല്ലാ വികസിത രാജ്യങ്ങളും ഈ മാതൃക തന്നെയാണ് പിന്തുടരുന്നത്. വികസിതരാജ്യങ്ങൾ മാത്രമല്ല, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നമ്മുടെ അയൽരാജ്യമായ ഭൂട്ടാനിൽപോലും 62 ശതമാനത്തിലധികം ജനങ്ങൾക്ക് വാക്സിൻ നൽകിക്കഴിഞ്ഞു. ജനങ്ങളോട് എന്തെങ്കിലും പ്രതിബദ്ധതയുള്ള ലോകത്തെ എല്ലാ സർക്കാരുകളും, ആവശ്യത്തിനു വാക്സിൻ സംഭരിച്ച്, പരമാവധി വേഗത്തിൽ പരമാവധി ജനങ്ങൾക്ക് നൽകി, മഹാമാരിയിൽ നിന്നു രക്ഷ നേടാനാണ് ശ്രമിച്ചുകൊണ്ടിരി ക്കുന്നത്. പക്ഷേ ഇന്ത്യയിലാകട്ടെ, കോവിഡ് അതിവേഗം പടർന്നു പിടിച്ച്, ശ്വാസം കിട്ടാതെ ജനം പിടഞ്ഞു മരിക്കുന്ന ഈ കാലത്തും, പരമാവധി കൊള്ളലാഭം നേടി വാക്സിൻ കച്ചവടം നടത്തുന്നതിന്് സ്വകാര്യ കമ്പനികളെ അനുവദിക്കുന്ന ചൂതാട്ടത്തിനാണ് സർക്കാർ തുനിയുന്നത്.
ഓക്സ്ഫോർഡ് സർവ്വകലാശാല ഗവേഷണം നടത്തി വികസിപ്പിച്ച്, ആസ്ട്രസെനെക എന്ന കമ്പനിയിലൂടെ ഉത്പാദനചുമതല നൽകിയ കോവിഷീൽഡ് വാക്സിൻ ഇന്ത്യയിൽ ഉത്പാദിപ്പിക്കാനുള്ള കരാറാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്ന സ്വകാര്യസ്ഥാപനത്തിനുള്ളത്. വാക്സിൻ, പേറ്റന്റ് ചെയ്തിട്ടില്ലാത്തതിനാൽ ഉൽപ്പാദിപ്പിക്കാനുള്ള അവകാശം സൗജന്യമായി നൽകി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 1966-ൽ 12000 രൂപയുടെ മൂലധനത്തിൽ സൈറസ് പൂനവാല സ്ഥാപിച്ച സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ, വാക്സിൻ ഉത്പാദനത്തിനായി 6000 കോടിയുടെ മുതൽമുടക്ക് നടത്തേണ്ടി വന്നു എന്നാണ് സ്ഥാപനത്തിന്റെ സിഇഒ അദാർ പൂനാവാല പറഞ്ഞത്. ഇതിൽ 2000 കോടിയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേരിട്ടുള്ള മുതൽമുടക്ക്. ബാക്കി, ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ പോലെയുള്ളവർ നൽകിയ സഹായവും സർക്കാരിന്റെ നികുതിയിളവുകളുടെ സഹായവും ഉണ്ട്. 1996ൽ ഡോ.കൃഷ്ണ എല്ല സ്ഥാപിച്ച ഭാരത് ബയോടെക്കാണ് രണ്ടാമത്തെ വാക്സിനായ കോവാക്സിന്റെ നിർമ്മാതാക്കൾ. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് ആണ് വാക്സിൻ വികസിപ്പിച്ചത്. പൂർണ്ണമായും സ്വദേശി എന്ന ലേബലിൽ എത്തിയ കോവാക്സിൻ തുടക്കം തൊട്ടേ വിവാദങ്ങളിൽ മുങ്ങിയിരുന്നു. 2020 ആഗസ്റ്റ് 15ന് പുറത്തിറക്കും എന്ന് മുൻകൂട്ടി പ്രഖ്യാപിച്ചതു തന്നെ വിവാദമായിരുന്നു. ആവശ്യമായ മൂന്നാമത്തെ ട്രയൽ വിജയകരമായി പൂർത്തിയാക്കുന്നതിനു മുമ്പാണ് കോവാക്സിൻ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചത്. ഇതും ചോദ്യങ്ങളുയർത്തിയിരുന്നു. ഭാരത് ബയോടെക്കിനും ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ പോലെയുള്ളവയുടെ സഹായം കിട്ടിയിട്ടുണ്ട് എന്നു പറയപ്പെടുന്നു. സർക്കാരിന്റെ ഭാഗത്തു നിന്നുള്ള സഹായങ്ങൾ വേറെ. ജനവിരുദ്ധ വാക്സിൻ നയം പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിന് 3000 കോടിയും, ഭാരത് ബയോടെക്കിന് 1500 കോടിയും രൂപ കേന്ദ്രസർക്കാർ സഹായമായി നൽകിയത്. ഇത്രയും സഹായങ്ങൾ പറ്റിയ ഈ രണ്ട് കോർപ്പറേറ്റുകൾക്കാണ്, ഉത്പാദനച്ചെലവിന്റെ പല മടങ്ങുവരുന്ന വില ഏകപക്ഷീയമായി നിശ്ചയിക്കാനുള്ള അവകാശം, പുതിയ നയത്തിലൂടെ കേന്ദ്രസർക്കാർ തീറെഴുതിയത്.
സർക്കാർ നയം പ്രഖ്യാപിച്ചു തൊട്ടു പിന്നാലെ തന്നെ, കോവിഷീൽഡ് ഒരു ഡോസിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് 400 രൂപയും, സ്വകാര്യമേഖലക്ക്, 600 രൂപയുമായി സിറം ഇൻസ്റ്റിറ്റ്യൂട്ട് വില നിശ്ചയിച്ചു. പിന്നീട് പൊതുജനങ്ങളിൽനിന്നും കോടതികളിൽ നിന്നും എതിർപ്പുണ്ടായപ്പോൾ ഔദാര്യമായി 100 രൂപ വില കുറച്ചു. ഒരു ഡോസിന് 150 രൂപയുടെ വിലതന്നെ തങ്ങൾക്ക് ലാഭമാണെന്നായിരുന്നു സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനാവാല, ഏപ്രിൽ 6ന് എൻഡിടിവിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. സമാനമായ നിലപാടാണ് ഭാരത് ബയോടെക്കിന്റേതും. അതായത്, ദുരിതകാലത്തെ മുതലെടുത്തുകൊണ്ട് തങ്ങൾ പരമാവധി ലാഭം കൊയ്യുമെന്ന്ഒരു ശിക്ഷാഭീതിയുമില്ലാതെ പ്രഖ്യാപിക്കാൻ വാക്സിൻ മുതലാളിമാർക്ക് ധൈര്യം നൽകിയത് മോദി സർക്കാരാണ്. ഇതെല്ലാം ചെയ്തുകൂട്ടിയതിനുശേഷം, ചാനലുകളിലൂടെയുള്ള പ്രധാനമന്ത്രിയുടെ വിതുമ്പൽ ഒരു നാടകമാണെന്ന് ജനങ്ങൾക്ക് തോന്നുന്നത് സ്വാഭാവികമല്ലേ.
ഇന്ത്യയിൽ വാക്സിൻ വിതരണം ചെയ്യാൻ ആദ്യം അപേക്ഷ നൽകിയ ഫൈസറിന്റെ അടക്കമുള്ള അപേക്ഷകൾ സാങ്കേതിക കാരണങ്ങൾ പറഞ്ഞു അനുമതി വൈകിപ്പിച്ചു. വാക്സിൻ ഇന്ത്യയിൽത്തന്നെ ഉത്പാദിപ്പിക്കണമെന്നാണ് സർക്കാർ നിലപാട്. ഡോക്ടർ റെഡ്ഢീസ് ലാബുമായി ചേർന്ന് കരാറുണ്ടാക്കിയ റഷ്യൻ വാക്സിനായ സ്പുട്നിക്കിന് മേയ് മുതൽ സ്വകാര്യമേഖലയിൽ വിൽക്കാൻ അനുമതി നൽകിയിട്ടുണ്ട്. ലോകരാജ്യങ്ങളെല്ലാം കിട്ടാവുന്ന പരമാവധി വാക്സിൻ ഡോസുകൾ സംഭരിക്കാനും, അതിനുള്ള വിതരണസംവിധാനമൊരുക്കാനും ശ്രമിച്ചപ്പോൾ എന്തുകൊണ്ട് സർക്കാർ അത്തരമൊരു മുന്നൊരുക്കം ഇവിടെ നടത്തിയില്ല. അനുമതി നൽകിയതാകട്ടെ ട്രയൽ പോലും പൂർത്തിയാകാത്ത ഒരു വാക്സിനും. ഇതെല്ലാം യാദൃശ്ചികമായി ഉണ്ടായ പിടിപ്പുകേടുകൾ മാത്രമാണോ? രാജ്യത്തു തന്നെ നിർമ്മിച്ച വാക്സിൻ കൊണ്ടു മാത്രം കോവിഡിന്റെ അടിയന്തരസാഹചര്യത്തെ നേരിടാനാകില്ല എന്നത് പകൽപോലെ വ്യക്തമായിരുന്നു. മാത്രവുമല്ല, 100 കോടിയോളം വരുന്ന ജനങ്ങൾക്ക് വേണ്ട 200 കോടിയോളം ഡോസ് വാക്സിനുകൾ നിർമ്മിക്കാനുള്ള ശേഷി ഈ രണ്ടു സ്ഥാപനങ്ങൾക്കുമില്ല എന്നറിഞ്ഞിട്ടും എന്തു കൊണ്ട് മറ്റു സ്ഥാപനങ്ങളെ കൂടി പങ്കാളികളാക്കിയില്ല?
കേന്ദ്രസർക്കാരിനു കീഴിൽ പൊതുമേഖലയിൽ നാലു വാക്സിൻ നിർമ്മാണ കേന്ദ്രങ്ങൾ 2012 മുതൽ പൂട്ടിക്കിടക്കുകയാണ്. സ്വകാര്യ കമ്പനികൾക്ക് വാരിക്കോരി കൊടുത്ത സഹായത്തിന്റെ പകുതി ചിലവാക്കിയിരുന്നെങ്കിൽ ഈ സ്ഥാപനങ്ങളെ പ്രവർത്തനക്ഷമമാക്കി ഇതിലും എത്രയോ കൂടുതൽ ഡോസുകൾ കുറഞ്ഞ ചെലവിൽ ഉത്പാദിപ്പിക്കാൻ സാധിക്കുമായിരുന്നു. ഇപ്പോഴും ഈ സാധ്യത തുറന്നുകിടക്കുകയാണ്. എന്നാൽ അതിനുള്ള നടപടികളൊന്നും സർക്കാർ കൈക്കൊള്ളുന്നില്ല. രാജ്യത്തു പ്രവർത്തിക്കുന്ന മറ്റ് അനവധി സ്വകാര്യ വാക്സിൻ ഉത്പാദകരുടെ ശേഷി കൂടി വിനിയോഗിക്കാമായിരുന്നു. അതും ഉണ്ടായില്ല. ഇങ്ങനെ രണ്ടു സ്ഥാപനങ്ങളെ മാത്രം ആശ്രയിച്ചു മുന്നോട്ടു പോയാൽ, നമ്മുടെ രാജ്യത്തിന്റെ യഥാർത്ഥ ആവശ്യകതക്ക് അവരുടെ ഉൽപ്പാദനം തികയുകയില്ലെന്നും, കുത്തകകളായിട്ടുള്ള അവരുടെ രാജ്യം അകപ്പെടുമെന്നും തിരിച്ചറിയാനുള്ള ബുദ്ധി നമ്മുടെ ഭരണകർത്താക്കൾക്കില്ലായിരുന്നു എന്ന് കരുതുന്നില്ല. അവർക്കുവേണ്ടി വിടുപണി ചെയ്തതിലൂടെ, കൊള്ളലാഭത്തിന് ആർത്തിപൂണ്ട രണ്ട് കോർപ്പറേറ്റ് വാക്സിൻ കുത്തകകളുടെ ദയാദാക്ഷിണ്യത്തിനു മുന്നിലേക്ക് േരാജ്യത്തെ വലിച്ചെറിഞ്ഞു കൊടുക്കുകയാണ് മോദി ഭരണകൂടം ചെയ്തത്.
ഇവിടെ ഒരു കാര്യം കൂടി ഓർക്കേണ്ടതുണ്ട്. ഒരു വാക്സിൻ വികസിപ്പിക്കാൻ ഏറ്റവും പണവും അധ്വാനവും വേണ്ടിവരുന്നത് അതിന്റെ ഗവേഷണത്തിനാണ്. എന്നാൽ ഇവിടെ കോവീഷീൽഡ് വാക്സിൻ വികസിപ്പിച്ചത് ഓക്സ്ഫോർഡ് സർവ്വകലാശാലയാണ്. അതിനെ ഏറ്റവുമധികം ഫണ്ട് ചെയ്തത് ബ്രീട്ടീഷ് സർക്കാരും. വിവിധ രാജ്യങ്ങളിലെ സർക്കാരുകളും ചാരിറ്റി സംഘടനകളും ഫണ്ടിങ്ങിന്റെ ഭാഗമായി. അതുപോലെ തന്നെ, കോവാക്സിനാകട്ടെ ഐസിഎംആർ എന്ന പൊതുസ്ഥാപനം വികസിപ്പിച്ചതും. അങ്ങനെ പൊതുമേഖലയിൽ വികസിപ്പിച്ച വാക്സിനുകൾക്ക്, വില നിശ്ചയിക്കാനുള്ള അവകാശം സർക്കാരിനാണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കാൻ കഴിയാത്തത് കുത്തക മുതലാളിമാരോടുള്ള നാണംകെട്ട ദാസ്യത്തിന്റെ പ്രതിഫലനമാണ്.
സാർവത്രികവും സൗജന്യവുമായ വാക്സിൻ വിതരണം അടിയന്തര ആവശ്യം
കോവിഡ് പോലെയുള്ള പകർച്ചവ്യാധിയുടെ സാഹചര്യത്തിൽ, പ്രതിരോധ കുത്തിവെയ്പ്പിലൂടെ ഒരു അസുഖത്തെ പിടിച്ചുകെട്ടണമെങ്കിൽ, അതിവേഗം സമൂഹത്തിന്റെ 70% ജനങ്ങൾക്കെങ്കിലും വാക്സിൻ നൽകേണ്ടതുണ്ട്. അങ്ങനെ ആർജ്ജിക്കുന്ന സാമൂഹ്യപ്രതിരോധത്തിലൂടെ മാത്രമേ രോഗത്തെ മറികടക്കാനും പുതിയ ജനിതകവ്യതിയാനങ്ങളെ തടയാനും സാധിക്കൂ. സാമ്പത്തിക പിന്നാക്കാവസ്ഥയും ദാരിദ്ര്യവും നിമിത്തം രാജ്യത്തിന്റെ ഏതെങ്കിലും മേഖല വാക്സിൻ സ്വീകരിക്കാതിരുന്നാൽ മഹാവ്യാധിയുടെ ബാധ വീണ്ടും ഉണ്ടാകാനുള്ള വലിയ സാധ്യത നിലനിൽക്കുന്നു. ഏവരും വാക്സിൻ സ്വീകരിക്കുമ്പോഴാണ് എല്ലാവരും സുരക്ഷിതരാകുന്നത് എന്ന രോഗപ്രതിരോധത്തിന്റെ അടിസ്ഥാനതത്വമായിരിക്കണം വാക്സിൻ നയത്തിന്റെ ആധാരം. പണമില്ലാവർ കുത്തിവയ്പ് നടത്തിയില്ലെങ്കിൽ രോഗം അവർക്ക് മാത്രമല്ല എല്ലാവർക്കും വരും. ചാണകവും ശരീരത്ത് വാരിത്തേച്ച്, ഗോമൂത്രവും കുടിച്ച് നടക്കുന്ന അജ്ഞരുടെ ഉപദേശമാണ് സർക്കാരിനെ നയിക്കുന്നതെങ്കിൽ രാജ്യത്തെ കാത്തിരിക്കുന്നത് മഹാദുരന്തങ്ങളാണെന്ന് മുന്നറിയിപ്പ് നൽകുന്നത് വിദഗ്ദ്ധരായ ആരോഗ്യപ്രവർത്തകരാണ്. അതുകൊണ്ട് അതിവേഗമുള്ള സാർവത്രിക പ്രതിരോധ കുത്തിവെയ്പ്പാണ് അടിയന്തര ആവശ്യം.
ഈ വിഷയത്തിൽ ഇടപെട്ട സുപ്രീം കോടതി തന്നെ ചില ചോദ്യങ്ങൾ ഉന്നയിക്കുകയുണ്ടായി. ഏതൊക്കെ സംസ്ഥാനങ്ങൾക്ക് എത്ര വീതം വാക്സിൻ ഡോസുകൾ നൽകണമെന്നത് കമ്പനികളാണോ തീരുമാനിക്കേണ്ടതെന്ന് സുപ്രീംകോടതി ചോദിച്ചു. വാക്സിനു വില നിശ്ചയിക്കാനുള്ള അവകാശവും അതിന്റെ വിതരണവും സ്വകാര്യ ഉത്പാദകകർക്കു വിട്ടുനൽകരുതെന്നും, അത് കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും, ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എൽ.എൻ.റാവു, എസ്. ആർ.ഭട്ട് എന്നിവരടങ്ങിയ ബഞ്ച് ഓർമ്മിപ്പിച്ചു. വാക്സിൻ നിർമ്മാണത്തിനായി 4500 കോടി നൽകിയ സർക്കാരിന് ഇക്കാര്യത്തിൽ ഉടമസ്ഥാവകാശമുണ്ടെന്നും, മുതൽമുടക്കിയതുകൊണ്ടുതന്നെ ഉത്പന്നം രാജ്യത്തിന്റെ സ്വന്തമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. അതു പോലെ തന്നെ, കേന്ദ്രസർക്കാരിന് 150 രൂപക്കു നൽകിയ വാക്സിന് സംസ്ഥാനങ്ങൾ 400 രൂപ നൽകണമെന്നു പറയുന്നതിന്റെ യുക്തിയും ബഞ്ച് ആരാഞ്ഞു. മൊത്തം വിലയിൽ ഇത് 30,000-40,000 കോടി രൂപയുടെ അധികബാധ്യതയാണ് ജനങ്ങള്ക്കുണ്ടാക്കുക. എന്തിന് രാജ്യം ഈ നഷ്ടം സഹിക്കണമെന്ന് കോടതി ചോദിച്ചു. ഇതേ വാക്സിനുകൾക്ക് തന്നെ മറ്റ് രാജ്യങ്ങളിൽ ഇതിലും കുറഞ്ഞ വിലയേ ഉള്ളൂ എന്നും കോടതി നിരീക്ഷിച്ചു. എന്തുകൊണ്ട് ഉത്പാദിപ്പിക്കുന്ന വാക്സിൻ മൊത്തമായി കേന്ദ്രത്തിന് സംഭരിച്ച്, സംസ്ഥാനങ്ങൾക്ക് വിതരണത്തിനു നൽകിക്കൂടാ എന്നതും കോടതിയുടെ ചോദ്യമായിരുന്നു. സമാനമായ ചോദ്യങ്ങൾ, വാക്സിൻ വിതരണവുമായി ബന്ധപ്പെട്ടും, ഓക്സിജൻ-മരുന്ന് വിതരണവുമായി ബന്ധപ്പെട്ടും, കോവിഡ് രണ്ടാം തരംഗത്തെക്കുറിച്ച് മുന്നറിയിപ്പുകൾ കിട്ടിയിട്ടും വേണ്ട നടപടികൾ സ്വീകരിക്കാത്തതിലും, രാജ്യത്തെ വിവിധ ഹൈക്കോടതികളിൽ നിന്നും മോദി സർക്കാർ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇതേ ചോദ്യങ്ങൾ തന്നെ രാജ്യത്തെ സാധാരണ പൗരന്മാരും വിദഗ്ദ്ധരും ചോദിക്കുന്നത്. ഈ ദുരന്തകാലത്തും രാജ്യത്തിനൊരു ബാധ്യത മാത്രമായി തീരുകയാണ് മോദിയുടെ സർക്കാർ.