സഖാവ് സി.കെ.ലൂക്കോസിന് വിപ്ലവപ്രണാമം

UNITY_March_2019_E_Paper_01.jpg
Share

എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പൊളിറ്റ് ബ്യൂറോ മെമ്പറും മുൻ കേരള സംസ്ഥാന സെക്രട്ടറിയുമായ സഖാവ് സി.കെ.ലൂക്കോസ്(71) 2019 ഫെബ്രുവരി 13ന് രാവിലെ 6.30ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അന്തരിച്ചു. ദീർഘകാലമായി പാർക്കിൻസൺസ് രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. 14ന് രാവിലെ 10 മണി മുതൽ 2 മണി വരെ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഭൗതിക ശരീരം പൊതുദർശനത്തിനുവച്ചു. 2 മണിക്ക് കേന്ദ്ര-സംസ്ഥാന നേതാക്കളുടെയും അനേകം പ്രവർത്തകരുടെയും അനുഭാവികളുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അകമ്പടിയോടെ ഭൗതിക ശരീരം തൈക്കാട് ശാന്തികവാടത്തിലെത്തിച്ച് സംസ്‌കരിച്ചു.

പ്രിയ നേതാവിന് അവസാനമായി പ്രണാമങ്ങളർപ്പിക്കാനും അന്ത്യയാത്രയിൽ പങ്കുകൊള്ളാനുമായി, മങ്ങാത്ത ഓർമ്മകളും വിങ്ങുന്ന ഹൃദയവുമായി വിദൂര ജില്ലകളിൽനിന്നും സമീപ സംസ്ഥാനങ്ങളിൽനിന്നും സഖാക്കൾ ഫെബ്രുവരി 14ന് അതിരാവിലെ മുതൽതന്നെ എത്തിക്കൊണ്ടിരുന്നു. 71 വർഷത്തെ സാർത്ഥകമായ ജീവിതത്തോടൊപ്പം, അതിലെ അര നൂറ്റാണ്ട് കാലത്തെ ഇരവുപകലില്ലാത്ത വിപ്ലവ ജീവിതത്തോടൊപ്പം സഞ്ചരിച്ച സഖാക്കളും സഹപ്രവർത്തകരും സഹപാഠികളും ബന്ധുജനങ്ങളും അവരിലുണ്ട്. സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ മൂന്ന് പതിറ്റാണ്ട് തന്റെ പ്രവർത്തന കേന്ദ്രമായിരുന്ന സംസ്ഥാന കമ്മിറ്റി ഓഫീസും പരിസരവും ദുഃഖസാന്ദ്രവും വിപ്ലവദാർഢ്യവുമാർന്ന അന്തരീക്ഷം കൈക്കൊണ്ടു.
ഇടറിയ ഒരായിരം കണ്ഠങ്ങളിൽനിന്ന് ‘സഖാവ് സി.കെ.ലൂക്കോസിന് ലാൽസലാം’ മുഴങ്ങവെ രാവിലെ 10.30ന് സഖാവിന്റെ ഭൗതികശരീരം എത്തിക്കപ്പെട്ടു. അതുവരെ അമർത്തിയ തേങ്ങലുകൾ അണപൊട്ടി. ഓഫീസ് അങ്കണത്തിൽ ഒരുക്കിയ പീഠത്തിൻമേൽ ഭൗതിക ശരീരമടങ്ങിയ പേടകംവച്ചു. അപ്പോഴേക്കും പാർട്ടി ഓഫീസും പരിസരവും ജനസാന്ദ്രമായിക്കഴിഞ്ഞിരുന്നു. അവസാന ശ്വാസംവരെ ചെങ്കൊടി മഹത്വത്തോടെ ഉയർത്തിപ്പിടിച്ച സഖാവ്തന്നെ, നേതൃത്വംനൽകി വാർത്തെടുത്ത, യുവകമ്മ്യൂണിസ്റ്റുകാരായ കോംസമോൾ ദളത്തിലെ യൂണിഫോമണിഞ്ഞ വോളന്റിയർമാർ ചടങ്ങുകൾ ചിട്ടയോടെയും ഗാംഭീര്യത്തോടെയും നിയന്ത്രിച്ചു.

പാർട്ടി പൊളിറ്റ് ബ്യൂറോ അംഗങ്ങളായ സഖാക്കൾ സൗമൻ ബസു, കെ.രാധാകൃഷ്ണ, സംസ്ഥാന സെക്രട്ടറി സഖാവ്
വി.വേണുഗോപാൽ, തമിഴ്‌നാട് സംസ്ഥാന സംഘാടക കമ്മിറ്റി സെക്രട്ടറി സഖാവ് എ.രംഗസ്വാമി, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ
എന്നിവർ സഖാവ് സി.കെ.ലൂക്കോസിന് അന്തിമാഭിവാദ്യം അർപ്പിക്കുന്നു

കോംസമോൾ വോളന്റിയർമാരുടെ അകമ്പടിയോടെ അന്ത്യയാത്ര

പാർട്ടി ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷിനെയും പൊളിറ്റ്ബ്യൂറോയെയും കേന്ദ്രക്കമ്മിറ്റിയെയും പ്രതിനിധീകരിച്ച് പൊളിറ്റ്ബ്യൂറോ അംഗങ്ങളായ സഖാക്കൾ കെ.രാധാകൃഷ്ണയും സൗമൻ ബസുവും പുഷ്പചക്രം സമർപ്പിച്ചു. തമിഴ്‌നാട് സംസ്ഥാന കമ്മിറ്റിയെ പ്രതിനിധീകരിച്ച് സെക്രട്ടറി സഖാവ് രംഗസ്വാമിയും കർണാടക, ആന്ധ്ര, തെലുങ്കാന, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിലെ നേതാക്കളും പുഷ്പചക്രങ്ങൾ സമർപ്പിച്ചു. തുടർന്ന് അവസാനമായി ഒരുനോക്ക് കാണാനും ആദരാഞ്ജലികൾ അർപ്പിക്കാനുമായി നൂറുകണക്കിന് പാർട്ടിപ്രവർത്തകരും സുഹൃത്തുക്കളും ബന്ധുക്കളും അണമുറിയാതെ സഖാവിനെ വലംവച്ച് കടന്നുപോയി. സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ സഖാവ് ആനത്തലവട്ടം ആനന്ദൻ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ സഖാവ് എം.വി.ജയരാജൻ, റവന്യൂ വകുപ്പ് മന്ത്രി സഖാവ് ഇ.ചന്ദ്രശേഖരൻ, എഐടിയുസി സംസ്ഥാന പ്രസിഡന്റ് സഖാവ് ജെ.ഉദയഭാനു, എംഎൽഎമാരായ സഖാവ് സി.ദിവാകരൻ, കെ.മുരളീധരൻ, സഖാവ് ഐ.ബി.സതീഷ്, ഡെപ്യൂട്ടി സ്പീക്കർ സഖാവ് വി.ശശി തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിക്കാനെത്തി.

വളരെ ഉയർന്ന പ്രത്യയശാസ്ത്ര ധാരണകളും സംഘടനാ ബോധവും നൽകി ദൃഢതയാർന്ന ഒരു പാർട്ടി സംഘടനയും അതിനെ നയിക്കാൻ കരുത്താർജ്ജിച്ച ഒരു സംസ്ഥാന കമ്മിറ്റിയും വളർത്തിയെടുത്തതിന് ശേഷമാണ് സഖാവ് സി.കെ.ലൂക്കോസ് നമ്മെ വിട്ടുപിരിയുന്നത്. സഖാവിന്റെ അഭാവത്തിലും ആ ഉജ്ജ്വലമായ മാർഗ്ഗദർശനങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് മുന്നോട്ടുപോകുമെന്ന പ്രതിജ്ഞയോടെ സംസ്ഥാന സെക്രട്ടറി സഖാവ് വി.വേണുഗോപാലും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സഖാക്കൾ ജയ്‌സൺ ജോസഫ്, ടി.കെ.സുധീർകുമാർ, ആർ.കുമാർ, കൂടാതെ ഇതര സംസ്ഥാന കമ്മിറ്റി അംഗങ്ങളും റെഡ് സല്യൂട്ട് നൽകിക്കൊണ്ട് പുഷ്പചക്രങ്ങൾ അർപ്പിച്ചു. എഐയുടിയുസി, എഐഡിവൈഒ, എഐഡിഎസ്ഒ, എഐഎംഎസ്എസ്, മെഡിക്കൽ സർവ്വീസ് സെന്റർ, പാർട്ടി നേതൃത്വം നൽകുന്ന വിവിധ ജനകീയ സംഘടനകൾ, വിളപ്പിൽശാല ജനകീയ സമിതി എന്നിവയ്ക്കുവേണ്ടിയും പുഷ്പചക്രങ്ങൾ സമർപ്പിക്കപ്പെട്ടു. ഉച്ചയ്ക്ക് ഒരു മണിയോടെ കോംസമോൾ വോളന്റിയർമാർ ആ മഹത്വമാർന്ന വിപ്ലവകാരിക്ക് നൽകിയ സമുചിതമായ ഗാർഡ് ഓഫ് ഓണറോടെ സഖാവ് സി.കെ.ലൂക്കോസിന്റെ അന്ത്യയാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. മുന്നിലായി കോംസമോൾ വോളന്റിയർമാർ അണിനിരന്നു. തുടർന്ന് സഖാവിന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വാഹനവും പിന്നാലെ കേന്ദ്ര-സംസ്ഥാന നേതാക്കളും തുടർന്ന് നൂറുകണക്കിന് സഖാക്കളും ജനങ്ങളും അനുഗമിച്ചു.

അന്ത്യയാത്രയ്ക്ക് മുൻപ്: എസ്‌യുസിഐ(സി) സംസ്ഥാന കമ്മിറ്റി ഓഫീസിൽ കോംസമോൾ
വോളന്റിയർമാർ സഖാവ് ലൂക്കോസിന് അന്ത്യാഭിവാദ്യം അർപ്പിക്കുന്നു.

തൈക്കാട് ശാന്തികവാടത്തിൽ അത്യന്തം വികാരതീവ്രമായ അന്തരീക്ഷത്തിലാണ് ശവസംസ്‌ക്കാരചടങ്ങുകൾ നടന്നത്. സംസ്ഥാന സെക്രട്ടറി സഖാവ് വി.വേണുഗോപാൽ തന്റെ ചെറുതെങ്കിലും വികാരനിർഭരമായ പ്രസംഗത്തിൽ സഖാവ് സി.കെ.ലൂക്കോസ് തന്റെ മഹത്തായ ജീവിതംകൊണ്ട് കെട്ടിപ്പടുത്ത ഈ പ്രസ്ഥാനത്തെ അദ്ദേഹത്തിന്റെ അഭിലാഷങ്ങൾക്കൊത്തവണ്ണം വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടു നയിക്കാനായി പ്രവർത്തിക്കുമെന്ന് ഓരോ സഖാവിന്റെയും ദൃഢനിശ്ചയം പ്രഖ്യാപിച്ചു.
‘മൂലധനത്തിൻ കോട്ടകളൊന്നായി തകരും പുതിയൊരു യുഗം വരും, ആ യുഗദർശനമേകിയ സഖാവ് ശിബ്ദാസ്‌ഘോഷിന് ലാൽസലാം, നമ്മുടെ ചെങ്കൊടി ഉയരട്ടെ, നമ്മുടെ പടയണി ഇളകട്ടെ, നമ്മളൊത്ത് വിളിക്കട്ടെ, ഈങ്ക്വിലാബ് സിന്ദാബാദ്, സഖാവ് സി.കെ.ലൂക്കോസിന് ലാൽസലാം എന്ന് സഖാവ് വി.വേണുഗോപാൽ വിളിച്ച മുദ്രാവാക്യങ്ങൾ നൂറുനൂറുപേർ നിരുദ്ധ കണ്ഠങ്ങളോടെ ഏറ്റുവിളിക്കവേ സഖാവ് സി.കെ.ലൂക്കോസ് എന്ന മഹത്തായ ജീവിതം ഉജ്ജ്വലമായ ഓർമ്മയായി മാറി.

 

എസ്‌യുസിഐ(സി) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സി.കെ.ലൂക്കോസ് അനുസ്മരണയോഗം

തിരുവനന്തപുരം വിജെടി ഹാളിൽ നടന്ന അനുസ്മരണയോഗത്തിൽ പൊളിറ്റ് ബ്യൂറോ അംഗം
സഖാവ് കെ.രാധാകൃഷ്ണ അനുസ്മരണ പ്രഭാഷണം നടത്തുന്നു.സഖാക്കൾ കെ.ഉമ, ജയ്‌സൺ ജോസഫ്, വി.വേണുഗോപാൽ, കെ.ശ്രീധർ, എ.രംഗസ്വാമി, ജെ.ഉദയഭാനു എന്നിവർ മുൻനിരയിൽ

2019 ഫെബ്രുവരി 13 ന് അന്തരിച്ച, പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ മെമ്പറും മുൻ കേരള സംസ്ഥാന സെക്രട്ടറിയുമായ സഖാവ് സി.കെ.ലൂക്കോസിനെ അനുസ്മരിച്ചുകൊണ്ടുള്ള യോഗം ഫെബ്രുവരി 17 ന് വൈകിട്ട് 3 മണിക്ക് തിരുവനന്തപുരം വിജെടി ഹാളിൽ ചേർന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി സഖാവ് വി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. പൊളിറ്റ്ബ്യൂറോ മെമ്പർ സഖാവ് കെ.രാധാകൃഷ്ണ അനുസ്മരണ പ്രഭാഷണം നടത്തി. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ സഖാക്കൾ കെ.ശ്രീധർ, കെ. ഉമ, തമിഴ്‌നാട് സംസ്ഥാന സംഘാടക കമ്മിറ്റി സെക്രട്ടറി സഖാവ് എ.രംഗസ്വാമി, പോണ്ടിച്ചേരി യൂണിറ്റ് സെക്രട്ടറി സഖാവ് അനവരതൻ, എഐടിയുസി സംസ്ഥാന പ്രസിഡന്റ് സഖാവ് ജെ.ഉദയഭാനു, സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സഖാവ് കെ.ഒ.ഹബീബ്, ആർഎസ്പി കേന്ദ്ര കമ്മിറ്റിയംഗം സഖാവ് സനൽ കുമാർ, സേവ സംസ്ഥാന സെക്രട്ടറി സോണിയ ജോർജ്ജ്, ജനകീയ പ്രതിരോധ സമിതി നേതാവ് പ്രൊഫ.വിശ്വമംഗലം സുന്ദരേശൻ, വിളപ്പിൽശാല സമരനേതാവ് ബുർഹാൻ, എംസിപിഐ(യു) നേതാവ് ശ്രീനിവാസദാസ്, അഡ്വ.ലാലീധരൻ, സി.കെ.നാഥൻ, എൽ.കെ.ശേഖർ, അമ്മു ലൂക്കോസ് എന്നിവർ പ്രസംഗിച്ചു. ഡോ. ഡി.ബാബുപോൾ അനുസ്മരണ സന്ദേശമയച്ചു. പാർട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി സഖാവ് ആർ.കുമാർ സ്വാഗതം പറഞ്ഞു.

തിരുവനന്തപുരം അനുസ്മരണ സമ്മേളനം: വിജെടി ഹാളിലെ സദസ്സ്‌

പാർക്കിൻസോണിസം എന്ന രോഗം ബാധിച്ച് രണ്ട് വർഷമായി ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചു വരികയായിരുന്നുവെങ്കിലും സഖാവ് ലൂക്കോസിന്റെ വേർപാട് ആകസ്മികമായിരുന്നു എന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ സഖാവ് വേണുഗോപാൽ സൂചിപ്പിച്ചു. പാർട്ടി രൂപീകരണ ഘട്ടം മുതൽ അന്ത്യശ്വാസംവരെ കേരളത്തിലെ പാർട്ടിക്ക് നേതൃത്വം നൽകിയ സഖാവ് ലൂക്കോസിന്റെ വേർപാട് വലിയ ആഘാതമാണേൽപ്പിച്ചിരിക്കുന്നതെന്നും പാർട്ടിയൊന്നാകെ തീവ്ര പരിശ്രമം നടത്തിയാലേ ഈ സാഹചര്യത്തെ അതിജീവിക്കാനാകൂ എന്നും സഖാവ് വേണുഗോപാൽ ഓർമ്മിപ്പിച്ചു. ലൂക്കോസ് സഖാവിനോടുള്ള നമ്മുടെ സ്‌നേഹം കേവലം ആദരം മാത്രമല്ല, അദ്ദേഹം നമുക്കേവർക്കും മാതൃകയും പ്രചോദനവുമായിരുന്നു. മാതൃകായോഗ്യനായ ആ വിപ്ലവകാരി നല്ലൊരു പിതാവും ബന്ധുവും സുഹൃത്തും ഏവർക്കും പ്രിയങ്കരനുമായിരുന്നുവെന്നും സഖാവ് വേണുഗോപാൽ അനുസ്മരിച്ചു. ഏറ്റവും മികച്ച ചികിത്സയാണ് പാർട്ടി സഖാവ് ലൂക്കോസിനായി ഏർപ്പാടു ചെയ്തത്. അദ്ദേഹത്തെ 24 മണിക്കൂറും ഊഴംവച്ചു പരിചരിക്കാൻ 40 സഖാക്കളുൾപ്പെടുന്ന ഒരു സംഘത്തെ നിയോഗിച്ചിരുന്ന കാര്യവും സഖാവ് വേണുഗോപാൽ സൂചിപ്പിച്ചു.

തൊഴിലാളി വർഗ്ഗത്തോടും പാർട്ടിയോടും താദാത്മ്യപ്പെടാനുള്ള സമരം വിജയകരമായി നിർവ്വഹിക്കാൻ കഴിഞ്ഞതുകൊണ്ടാണ് സഖാവ് ലൂക്കോസ് പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗം വരെയായത് എന്ന് സൂചിപ്പിച്ചുകൊണ്ടാണ് സഖാവ് രാധാകൃഷ്ണ അനുസ്മരണ പ്രഭാഷണം ആരംഭിച്ചത്. തീക്ഷ്ണമായ സമരങ്ങളുടെ അമരക്കാരനായിരിക്കുമ്പോഴും അദ്ദേഹം സൗമ്യനും ഏവർക്കും പ്രാപ്യനുമായിരുന്നു. മാർക്‌സിസത്തിൽ ആഴമാർന്ന ജ്ഞാനവും ഉന്നതമായ സ്വഭാവഗുണവും അദ്ദേഹം ആർജ്ജിച്ചിരുന്നു. എത്ര അറിയുന്നു എന്നതിനേക്കാൾ അറിവ് എത്രത്തോളെ സ്വാംശീകരിക്കുന്നു എന്നതാണ് പ്രധാനം എന്ന് സഖാവ് ശിബ്ദാസ് ഘോഷ് പഠിപ്പിച്ചിട്ടുണ്ട്. സഖാവ് ലൂക്കോസ് അതിന്റെ ഉത്തമ ദൃഷ്ടാന്തമായിരുന്നു.
ഗുരുതരമായ രോഗം ബാധിച്ചിരുന്നുവെങ്കിലും അതിനെ അതിജീവിക്കുവാനുള്ള സമരത്തിലായിരുന്നു സഖാവ് ലൂക്കോസ് ്യുഎന്ന കാര്യവും സഖാവ് രാധാകൃഷ്ണ ഓർമ്മിപ്പിച്ചു. ചലനശേഷി നഷ്ടപ്പെട്ടിട്ടും അദ്ദേഹം തിളക്കമാർന്ന ചിന്തയോടെ പാർട്ടിക്ക് മാർഗ്ഗ നിർദ്ദേശം നൽകിക്കൊണ്ടിരുന്നു. സ്റ്റീഫൻ ഹോക്കിംഗിനെപ്പോലെ ഏവരെയും അത്ഭുതപ്പെടുത്തുന്ന നിശ്ചയദാർഢ്യമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. വാർദ്ധക്യത്തിലെത്തുന്നതിനുമുമ്പുള്ള അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച വിടവ് നികത്താൻ അദ്ദേഹം തുടർന്നു പോന്ന സമരം മുന്നോട്ടു കൊണ്ടുപോകുകയേ മാർഗ്ഗമുള്ളൂ. അതിലൂടെ നമുക്ക് അദ്ദേഹത്തിന് അർഹമായ രീതിയിൽ ആദരാഞ്ജലിയർപ്പിക്കാം.

മറ്റ് പാർട്ടികളിൽനിന്ന് വ്യത്യസ്തമായ എസ്‌യുസിഐ(സി)യുടെ പ്രവർത്തന ശൈലി തന്നെ എന്നും ആകർഷിച്ചിരുന്നുവെന്ന് സഖാവ് ഉദയഭാനു അനുസ്മരിച്ചു. അങ്ങേയറ്റം അർപ്പണ ബോധത്തോടെ നടത്തിയ ആ പ്രവർത്തനങ്ങളുടെ നായകൻ സഖാവ് ലൂക്കോസായിരുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഐക്യം മുമ്പെന്നത്തെയുംകാൾ ആവശ്യമായിരിക്കുന്ന സന്ദർഭമാണിതെന്നും അതിനായി നമുക്ക് കൂട്ടായി പരിശ്രമിക്കാമെന്നും സഖാവ് ഉദയഭാനു പറഞ്ഞു.
പാർട്ടിയുടെ ആശയങ്ങൾക്കനുസരിച്ച് ജീവിതാന്ത്യം വരെ പൊരുതിയ നേതാവാണ് സഖാവ് ലൂക്കോസെന്ന് സഖാവ് കെ.ഒ.ഹബീബ് ചൂണ്ടിക്കാട്ടി. ട്രേഡ് യൂണിയൻ രംഗത്തുംമറ്റും സഖാവ് ലൂക്കോസുമായി ഒന്നിച്ചു പ്രവർത്തിച്ച കാര്യം അദ്ദേഹം്യുഎടുത്തു പറഞ്ഞു. ചൂഷണ രഹിതമായ സാമൂഹ്യ സൃഷ്ടി എന്ന പൊതുവായ ലക്ഷ്യത്തിലേയ്ക്ക് നമുക്ക് ഒന്നിച്ച് മുന്നേറാം എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. ആ ദിശയിൽ സഖാവ് ലൂക്കോസിന്റെ പ്രവർത്തനങ്ങൾ ഒരു മുതൽക്കൂട്ടാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
സംയുക്ത വിദ്യാർത്ഥി പ്രക്ഷോഭ രംഗത്തും മറ്റു പല സമര വേദികളിലും സഖാവ് ലൂക്കോസിന്റെ നേതൃപാടവം അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് സഖാവ് സനൽ കുമാർ പ്രസംഗിച്ചത്. ഇന്ത്യൻ സമൂഹത്തെ സൂക്ഷ്മമായി പഠിക്കുകയും സാമൂഹ്യ പ്രശ്‌നങ്ങളെ ശരിയായി വിലയിരുത്തുകയും ചെയ്യുന്ന പ്രസ്ഥാനമാണ് എസ്‌യുസിഐ(സി). പാർട്ടിയെ കുടുംബവും കുടുംബത്തെ പാർട്ടിയുമാക്കിയുള്ള എസ്‌യുസിഐ(സി)യുടെ പ്രവർത്തന ശൈലി അനുകരണീയമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഡോ. ഡി.ബാബുപോൾ അയച്ചുതന്ന സന്ദേശം അനുസ്മരണ സമ്മേളനത്തിൽ വായിക്കുകയുണ്ടായി. വിപ്ലവകാരിയായ ഒരു പുരോഹിതനായിരുന്നു ലൂക്കോസിന്റെ പിതാവെന്നും ആ മാർഗ്ഗം പിന്തുടർന്ന ലൂക്കോസ് വിപ്ലവത്തിന്റെ പാതതന്നെ തിരഞ്ഞെടുത്തുവെന്നും ശ്രീ. ബാബുപോൾ അനുസ്മരിച്ചു.

പ്രസ്ഥാനത്തിന് പുറത്തുള്ള ആളുകളെപ്പോലും ആകർഷിക്കുന്ന വ്യക്തിത്വമായിരുന്നു ശ്രീ ലൂക്കോസിന്റേത് എന്ന് പ്രൊഫ.വിശ്വമംഗലം സുന്ദരേശൻ അനുസ്മരിച്ചു. സമൂഹത്തിന്റെ മാറ്റത്തിനായുള്ള പ്രവർത്തനമാണ് അദ്ദേഹം നടത്തിയത്. ജനകീയ പ്രതിരോധ സമിതിയുടെ പ്രവർത്തനങ്ങൾക്ക് അത് മാർഗ്ഗദർശകമായിരുന്നു. രാഷ്ട്രീയത്തിനുപരി സാമൂഹ്യ-സാംസ്‌ക്കാരിക മേഖലകളിലെ എസ്‌യുസിഐ(സി)യുടെ പ്രവർത്തനങ്ങൾ വിലമതിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ലൂക്കോസ് സഖാവിന്റെ ഇളയ സഹോദരനും എഴുത്തുകാരനുമായ ശ്രീ സി.കെ.നാഥൻ കുട്ടിക്കാലത്തെ അനുഭവങ്ങളും മുതിർന്നപ്പോൾ ലൂക്കോസ് സഖാവിന്റെ വ്യക്തിത്വത്തോട് തോന്നിയ മതിപ്പും പങ്കുവച്ചു. ജീവിതത്തിൽ ഉന്നതമായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ആളായിരുന്നു അദ്ദേഹമെന്നും അത് സമൂഹത്തിന് എന്നും ഗുണകരമായിരിക്കുമെന്നും ഓർമ്മിപ്പിച്ചു.
സഖാവ് ലൂക്കോസിന്റെ ജീവിതം പ്രതീക്ഷാ നിർഭരവും വാക്കുകൾ പ്രചോദനാത്മകവുമായിരുന്നു എന്ന് ശ്രീമതി സോണിയ ജോർജ്ജ് അനുസ്മരിച്ചു.്യുഎസ്‌യുസിഐ(സി)യും അതിന്റെ അനുബന്ധ സംഘടനകളും സമൂഹത്തിൽ പ്രസരിപ്പിക്കുന്നത് പ്രത്യാശയുടെ കിരണമാണ്. ട്രേഡ് യൂണിയൻ രംഗത്തും വനിതകളുടെ കൂട്ടായ്മകളിലുമൊക്കെ സഹകരിച്ചു പ്രവർത്തിക്കുമ്പോൾ അത് അനുഭവെപ്പടുന്നുണ്ടായിരുന്നു. സക്രിയ ന്യൂനപക്ഷത്തിന്റെ പ്രതിനിധികൾ ശക്തമായ യോജിപ്പ് വളർത്തിയെടുക്കേണ്ട ഈ കാലയളവിൽ അതിനായി പരിശ്രമിക്കുമെന്നും അവർ ഉറപ്പ് നൽകി. സഖാവ് ലൂക്കോസിന്റെ വേർപാട് നമ്മുടെ ഉത്തരവാദിത്വങ്ങൾ വർദ്ധിപ്പിക്കുന്നുവെന്നും സോണിയ ജോർജ്ജ് ഓർമ്മിപ്പിച്ചു.
ചെങ്കൊടിയോട് വെറുപ്പായിരുന്ന തനിക്ക് അതിനോട് ആദരവ് തോന്നിത്തുടങ്ങിയത് എസ്‌യുസിഐ(സി)യുമായി ബന്ധപ്പെട്ടതോടെയാണെന്ന് ശ്രീ ബുർഹാൻ പറഞ്ഞു. എസ്‌യുസിഐ(സി) മഹത്തായ ഒരു പ്രസ്ഥാനമാണ് അതിന്റെ നേതാക്കളുടെ മരണം ആ പാർട്ടിക്കുമാത്രമല്ല, സമൂഹത്തിനാകെ വലിയ നഷ്ടമാണ്. ജനങ്ങളുടെ കൂട്ടായ പ്രവർത്തനത്തിലൂടെ ഏത് പ്രശ്‌നത്തിനും പരിഹാരമുണ്ടാക്കാൻ കഴിയുമെന്ന് വിളപ്പിൽ ശാല സമരം പഠിപ്പിച്ചു. അതിൽ ലൂക്കോസ് സഖാവിന്റെ സംഭാവനകൾ വഴികാട്ടിയായിരുന്നു.
കേരള സമൂഹത്തിൽ വലിയ സ്വാധീനമുണ്ടാക്കിയ വ്യക്തിത്വമാണ് സഖാവ് ലൂക്കോസ് എന്ന് സഖാവ് കെ.ഉമ അനുസ്മരിച്ചു. കുടുംബത്തിലും സമൂഹത്തിലും അദ്ദേഹം ഒരു വിപ്ലവകാരിക്ക് ചേർന്നവണ്ണം ജീവിച്ചു. വിപ്ലവ വ്യക്തിത്വങ്ങളെ സൃഷ്ടിക്കുന്നതിൽ മഹത്തായ സംഭാവനകളാണ് അദ്ദേഹം നൽകിയത്. മാർക്‌സിസം പ്രസംഗിക്കാൻ കഴിഞ്ഞേക്കാം, എന്നാൽ അത് പ്രാവർത്തികമാക്കുക അത്ര എളുപ്പമല്ല. ഇക്കാര്യത്തിൽ അനുകരണീയമായ മാതൃകയാണ് സഖാവ് ലൂക്കോസ് സൃഷ്ടിച്ചത്. അദ്ദേഹം അവശേഷിപ്പിച്ച കടമകൾ ഏറ്റെടുത്ത് കൂട്ടായി മുന്നേറുമെന്ന് പ്രതിജ്ഞ ചെയ്തുകൊണ്ടാണ് സഖാവ് ഉമ പ്രസംഗം അവസാനിപ്പിച്ചത്.
ഒരിക്കലും തന്റെ പരാധീനതകളെക്കുറിച്ച് വിലപിക്കാത്ത ആളായിരുന്നു തന്റെ അപ്പ എന്ന് ‘യഥാർത്ഥ മനുഷ്യന്റെ കഥ’യിലെ അലക്‌സിയെ ഓർമ്മിപ്പിച്ചുകൊണ്ട് മകൻ ശേഖർ അനുസ്മരിച്ചു. ഏത് സാഹചര്യത്തെയും നേരിടാനുള്ള കരുത്ത് അദ്ദേഹം പ്രദർശിപ്പിച്ചിരുന്നു. ഞങ്ങളെ അപ്പ പാർട്ടിയുടെ കൈകളിലാണ് ഏൽപ്പിച്ചത്. നാടിനുവേണ്ടി പ്രവർത്തിക്കുമ്പോഴാണ് വിദ്യാഭ്യാസം അന്വർത്ഥമാകുന്നത് എന്ന് അപ്പ ഓർമ്മിപ്പിച്ചിരുന്നു. അപ്പയെ സ്മരിക്കുമ്പോൾ അപ്പയോടൊപ്പം പ്രവർത്തിച്ച എല്ലാ വിപ്ലവകാരികളെയും സ്മരിക്കുന്നുവെന്നും ശേഖർ പറഞ്ഞു.
ജോലി ഉപേക്ഷിച്ച് പാർട്ടി സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാൻ അപ്പ തയ്യാറായ കാര്യം മകൾ അമ്മു ഓർമ്മിപ്പിച്ചു. മക്കളെയും ബന്ധുക്കളെയും സഖാക്കളുടെ കുട്ടികളെയുമൊക്കെ പാർട്ടിക്കാരായി വളർത്തിയെടുക്കാനാണ് അപ്പ പ്രയത്‌നിച്ചത്. സജീവ പ്രവർത്തനത്തിൽ നിന്ന് മാറി നിൽക്കുമ്പോഴും പാർട്ടി തന്ന മൂല്യങ്ങൾ ഞങ്ങൾ മുറുകെപ്പിടിക്കുന്നുണ്ട്. കുടുംബത്തിലും അപ്പ ഒരു മാതൃകയായിരുന്നു. പാർട്ടിയോട് സഹകരിച്ചുകൊണ്ട് ന്യൂറോ സയൻസിൽ ഒരു സംരംഭം ഏറ്റെടുത്തുകൊണ്ട് അപ്പയോട് ആദരവ് പുലർത്തണമെന്ന ആഗ്രഹവും അമ്മു പ്രകടിപ്പിച്ചു.
സഖാവ് ലൂക്കോസിന്റെ മരണം ഇടതുപക്ഷ ഐക്യത്തിന് വലിയ നഷ്ടമുണ്ടാക്കുന്നതാണെന്ന് ശ്രീനിവാസദാസ് പറഞ്ഞു. എസ്‌യുസിഐ(സി) എന്ന മഹാപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണ്ണമായി പ്രവർത്തിച്ച സഖാവ് ലൂക്കോസുമായി വൈകാരിക അടുപ്പം സൂക്ഷിച്ചിരുന്ന കാര്യവും അദ്ദേഹം അനുസ്മരിച്ചു.
എല്ലാവരും സ്വാർത്ഥരായി മാറുന്ന ഇക്കാലത്ത് നിസ്വാർത്ഥമായി ജീവിച്ച സഖാവ് ലൂക്കോസിന്റെ വിയോഗം വലിയ നഷ്ടമാണെന്ന് അഡ്വ. ലാലീധരൻ ഓർമ്മിപ്പിച്ചു. അപൂർവ്വങ്ങളിൽ അപൂർവ്വമായ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത് എന്ന കാര്യവും അദ്ദേഹം അനുസ്മരിച്ചു.

2009 മുതൽ സഖാവ് ലൂക്കോസ് തമിഴ്‌നാട് സംസ്ഥാന ഘടകത്തിന്റെ പ്രവർത്തനത്തിന് മേൽനോട്ടം വഹിച്ചിരുന്ന കാര്യം സഖാവ് രംഗസ്വാമി അനുസ്മരിച്ചു. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ അദ്ദേഹത്തിന് അസാധാരണമായ ശേഷിയുണ്ടായിരുന്നു. സഖാക്കളെ അദ്ദേഹം പ്രചോദിപ്പിച്ചു. ഉന്നതമായ ചിന്തയുടെ ഉടമയായിരുന്ന സഖാവ് ലൂക്കോസ്, അനാരോഗ്യത്തത്തെ അവഗണിച്ചും പ്രവർത്തനങ്ങൾ നടത്തി. കൂട്ടായ്മയുടെ സംസ്‌ക്കാരം ഉയർന്ന രീതിയിൽ അദ്ദേഹം സ്വായത്തമാക്കി. സ്വാതന്ത്ര്യ സമരകാലത്തെ വിപ്ലവകാരികളെപ്പോലെ സഖാവ് ലൂക്കോസും തലമുറകളോളം ഓർമ്മിക്കപ്പെടുമെന്നും സഖാവ് രംഗസ്വാമി പറഞ്ഞു.
മരണം ഒരു അനിവാര്യതയാണെന്നും സഖാവ് ലൂക്കോസ് ഉയർത്തിപ്പിടിച്ച മൂല്യങ്ങളും ആശയങ്ങളും ഏറ്റെടുത്ത് മുന്നോട്ടു പോകുകയാണ് ആവശ്യകതയെന്നും സഖാവ് അനവരതൻ പറഞ്ഞു. പോണ്ടിച്ചേരിയിലെ പ്രവർത്തനങ്ങൾക്ക് സഖാവ് ലൂക്കോസ് മാർഗ്ഗനിർദ്ദേശം നൽകിയിരുന്നു. സൂക്ഷ്മാംശങ്ങളിൽവരെ അദ്ദേഹം ശ്രദ്ധ ചെലുത്തി. ഒരാളുടെ മഹത്വം അയാൾ എന്ത് അവശേഷിപ്പിക്കുന്നു എന്നതിലാണ് എന്ന് തിരുക്കുറൾ പറയുന്നു. സഖാവ് ലൂക്കോസിന്റെ ജീവിതം തീർച്ചയായും മഹത്വമാർന്നതായിരുന്നു.
ദുഃഖത്തെ നിശ്ചയദാർഢ്യമാക്കി മാറ്റുക എന്ന സഖാവ് ശിബ്ദാസ് ഘോഷിന്റെ പാഠമാണ് ഇവിടെ ഓർമ്മിക്കേണ്ടത് എന്ന് പറഞ്ഞുകൊണ്ടാണ് സഖാവ് ശ്രീധർ പ്രസംഗം ആരംഭിച്ചത്. അദ്ദേഹം വിജ്ഞാനം പകർന്ന് നൽകുകയും അതോടൊപ്പം പഠിക്കുകയും ചെയ്തുകൊണ്ടിരുന്നു.
ഗഹനമായ ആശയങ്ങൾ അദ്ദേഹം ലളിതമായി വിശദീകരിച്ചു. കേരളത്തിൽ കൈവരിക്കാൻ കഴിഞ്ഞ സംഘടനാപരമായ നേട്ടങ്ങൾക്കും കെട്ടിപ്പടുക്കാൻ കഴിഞ്ഞ സമരങ്ങൾക്കുമെല്ലാം പിന്നിൽ സഖാവ് ലൂക്കോസിന്റെ നേതൃത്വവും പ്രചോദനവുമുണ്ടായിരുന്നു. രാഷ്ട്രീയ-സാമൂഹ്യ-സൈദ്ധാന്തിക വിഷയങ്ങളിലൊക്കെ അദ്ദേഹത്തിന്റെ ചിന്ത തെളിമയാർന്നതായിരുന്നു. വിപ്ലവ പ്രവർത്തനവുമായി മുന്നേറുന്നതിലൂടെ സഖാവ് ലൂക്കോസിന് ഉചിതമായ ആദരവുകളർപ്പിക്കാം എന്നും സഖാവ് ശ്രീധർ ഓർമ്മിപ്പിച്ചു.

സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമുള്ള ഒട്ടേറെ സഖാക്കളും പാർട്ടി അനുഭാവികളും സുഹൃത്തുക്കളുമൊക്കെ വിജെടി ഹാളിലും പരിസരത്തുമായി സന്നിഹിതരായിരുന്നു. 71-ാം വയസ്സിൽ അപ്രതീക്ഷിതമായിട്ടാണ് വേർപാടെങ്കിലും സംസ്ഥാനത്ത് വിപ്ലവപ്രവർത്തനത്തെ ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ ശേഷിയുള്ള കരുത്തുറ്റ ഒരു നേതൃത്വത്തിനും ഒരു സംഘടനയ്ക്കും രൂപം നൽകിയിട്ടുണ്ട് അദ്ദേഹം. ജീവിതത്തിന്റെ നാനാതുറകളിലുള്ളവർ ഇന്ന് പാർട്ടിയെ ആദരവോടെയും പ്രതീക്ഷയോടെയും വീക്ഷിക്കുന്നു. സംസ്ഥാനത്തിന്റെ ഏത് മുക്കിലും മൂലയിലും നടക്കുന്ന ജനകീയ മുന്നേറ്റങ്ങളിലും പാർട്ടി സജീവ സാന്നിദ്ധ്യമാണ്.
കലാ-സാഹിത്യ രംഗങ്ങളിലും ശാസ്ത്ര-സൈദ്ധാന്തിക രംഗങ്ങളിലും പ്രായോഗിക പ്രവർത്തനങ്ങളിലും സമര വേദികളിലുമൊക്കെ വേറിട്ടൊരു ശൈലി വളർത്തിയെടുക്കാൻ പാർട്ടിക്കായിട്ടുണ്ട്. ഫാസിസത്തിന്റെ ദംഷ്ട്രകൾ രാഷ്ട്ര ശരീരത്തിൽ ക്രമേണ അമർന്നിറങ്ങിക്കൊണ്ടിരിക്കുന്ന ഈ കാലയളവിൽ ശിബ്ദാസ് ഘോഷ് ചിന്തയുടെ കരുത്തിൽ അതിനെതിരെ ഉപരോധം തീർക്കാനുള്ള കെൽപ്പ് നേടുകയെന്ന കർത്തവ്യമാണ് സഖാവ് ലൂക്കോസ് നമ്മെ ഏൽപ്പിച്ചിരിക്കുന്നത്. പാർട്ടി ഒറ്റക്കെട്ടായി ആ കടമ നിറവേറ്റുക തന്നെ ചെയ്യും. നന്മ കാംക്ഷിക്കുന്ന ജനങ്ങളെയാകെ വിവിധ വേദികളിൽ അണിനിരത്തിയുള്ള പോരാട്ടങ്ങൾ ആ ലക്ഷ്യത്തിലേയ്ക്ക് കോർത്തിണക്കപ്പെടുകതന്നെ ചെയ്യും. സംതൃപ്തവും അഭിമാനകരവും കർമ്മ നിരതവുമായ ജീവിതം കൊണ്ട് സഖാവ് ലൂക്കോസ് വെട്ടിത്തെളിച്ചത് ആ പാതയാണ്. അദ്ദേഹം അഭിലഷിച്ചതുപോലെ ശോഭനമായ ആ ഭാവിയിലേയ്ക്കുള്ള, ദുഷ്‌ക്കരമെങ്കിലും ഉറച്ച ചുവടുവയ്പ്പുകൾക്ക് കാലം, സഖാവ് ലൂക്കോസിനോട് എന്നെന്നും കടപ്പെട്ടിരിക്കും.

എസ്‌യുസിഐ(സി) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
കൽക്കത്തയിൽ അനുസ്മരണയോഗം

കൽക്കത്തയിൽ നടന്ന അനുസ്മരണ യോഗം: പാർട്ടി ജനറൽ സെക്രട്ടറി
സഖാവ് പ്രൊവാഷ് ഘോഷും പൊളിറ്റ് ബ്യൂറോ, കേന്ദ്രകമ്മിറ്റി അംഗങ്ങളും വേദിയിൽ

പശ്ചിമബംഗാളിലെ വിവിധ ജില്ലകളിൽ നിന്നും സമീപ സംസ്ഥാനങ്ങളിൽ നിന്നുമായി ആയിരങ്ങൾ ഫെബ്രുവരി 25ന് ഹൗറയിലെ ശരത് സദനിൽ ഒത്തുചേർന്നു. എസ്‌യുസിഐ(സി) പൊളിറ്റ് ബ്യൂറോ മെമ്പറും മുൻ കേരള സംസ്ഥാന സെക്രട്ടറിയുമായ സഖാവ് സി.കെ.ലൂക്കോസിനെ അനുസ്മരിക്കുന്ന യോഗമായിരുന്നു അത്. ദീർഘകാലമായി രോഗബാധിതനായിരുന്ന സഖാവ് ലൂക്കോസ് 71-ാമത്തെ വയസ്സിൽ, തിരുവനന്തപുരത്ത് ഫെബ്രുവരി 13നാണ് അന്തരിച്ചത്. ഏവരും കടുത്ത ദുഃഖത്തിലായിരുന്നു.
സമ്മേളന ഹാളിന് പുറത്ത് സ്ഥാപിച്ചിരുന്ന, അന്തരിച്ച നേതാവിന്റെ ചിത്രത്തിനുമുന്നിൽ വിവിധ പാർട്ടി ഘടകങ്ങളെയും മുന്നണി സംഘടനകളെയും പ്രതിനിധീകരിച്ച് പൂക്കൾ അർപ്പിച്ചുകൊണ്ടാണ് അനുസ്മരണ സമ്മേളനം ആരംഭിച്ചത്. സമ്മേളനവേദിയിലും സഖാവിന്റെ ചിത്രം സ്ഥാപിച്ചിരുന്നു. പാർട്ടിയുടെ സ്ഥാപകനും നേതാവും വഴികാട്ടിയുമായ സഖാവ് ശിബ്ദാസ് ഘോഷിനെക്കുറിച്ചുള്ള ഗാനം ആലപിച്ചുകൊണ്ട് യോഗനടപടികൾ ആരംഭിച്ചു.
യോഗാദ്ധ്യക്ഷനും പാർട്ടി പൊളിറ്റ് ബ്യൂറോ മെമ്പറുമായ സഖാവ് കെ.രാധാകൃഷ്ണ അനുസ്മരണപ്രമേയം വായിച്ചു. തുടർന്ന് പാർട്ടി ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ്, ബംഗ്ലാദേശ് സമാജ് താന്ത്രിക് ദൾ (മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറി സഖാവ് മൊബിനുൾ ഹൈദർ ചൗധരി എന്നിവരും മറ്റ് പൊളിറ്റ് ബ്യൂറോ,കേന്ദ്ര കമ്മിറ്റി അംഗങ്ങളും സംസ്ഥാന സെക്രട്ടറിമാരും പൂക്കളർപ്പിച്ചു. ജാർഖണ്ഡ് സംസ്ഥാന സെക്രട്ടറി സഖാവ് റബിൻ സമാജ്പതി, മദ്ധ്യപ്രദേശ് സംസ്ഥാന സെക്രട്ടറി സഖാവ് പ്രതാപ് ശമൽ, ആന്ധ്രപ്രദേശ് സംസ്ഥാന സെക്രട്ടറി സഖാവ് സി.എച്ച് മുരഹരി, തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി സഖാവ് എ.രംഗസ്വാമി, ഒറീസ സംസ്ഥാന കമ്മിറ്റിക്കുവേണ്ടി സഖാവ് വിഷ്ണുദാസ് എന്നിവർ പുഷ്പചക്രം സമർപ്പിച്ചു.
തുടർന്ന് പാർട്ടി കേന്ദ്ര കമ്മിറ്റിയംഗവും കേരള സംസ്ഥാന സെക്രട്ടറിയുമായ സഖാവ് വി.വേണുഗോപാൽ സഖാവ് ലൂക്കോസിനെ അനുസ്മരിച്ചുകൊണ്ട് ഹൃദയസ്പർശിയായ ഒരു പ്രസംഗം നടത്തി. ശിബ്ദാസ് ഘോഷ് ചിന്തകളുടെ അടിസ്ഥാനത്തിൽ ജീവിതത്തിന്റെ സമസ്തമേഖലകളെയും ഉൾക്കൊള്ളുന്ന കഠിനതരമായ ഒരു സമരത്തിലൂടെ സഖാവ് ലൂക്കോസ് മാതൃകായോഗ്യനായ ഒരു വിപ്ലവകാരിയായി ഉയർന്നുവന്നതെങ്ങനെയെന്ന് സഖാവ് വേണുഗോപാൽ വിശദീകരിച്ചു. 1960കൾ വരെ കേരളത്തിൽ അറിയപ്പെടാതിരുന്ന നമ്മുടെ പാർട്ടി സംസ്ഥാനത്ത് അദ്ദേഹം കെട്ടിപ്പടുക്കുകയും വിപ്ലവകർത്തവ്യങ്ങൾ നിർവ്വഹിക്കാൻ പ്രാപ്തരായ നിരവധി നേതാക്കൾക്കും പ്രവർത്തകർക്കും ജന്മംനൽകുകയും ചെയ്തു.
തുടർന്ന്, സഖാവ് ലൂക്കോസുമായി പതിറ്റാണ്ടുകൾ നീണ്ടുനിന്ന ബന്ധത്തെക്കുറിച്ച് അധ്യക്ഷ പ്രസംഗത്തിൽ സഖാവ് രാധാകൃഷ്ണ ചർച്ച ചെയ്തു. അദ്ദേഹം മികവുറ്റ രീതിയിൽ കേരളത്തിലെ സംഘടനയ്ക്കു നേതൃത്വം നൽകുകയും തമിഴ്‌നാട് സംസ്ഥാനത്തെ സംഘടനയുടെ മേൽനോട്ടം വഹിക്കുകയും ചെയ്തു. ചലനവും സംസാരവും പോലും ദുഷ്‌ക്കരമാക്കിയ ഗുരുതരമായ രോഗത്തെ അവഗണിച്ചുകൊണ്ട് അവസാനശ്വാസംവരെ ഒരു ദേശീയ നേതാവെന്ന നിലയിൽ തന്റെ ഉത്തരവാദിത്വങ്ങൾ അദ്ദേഹം നിർവ്വഹിച്ചിരുന്നു.

സഖാവ് പ്രൊവാഷ് ഘോഷ് അനുസ്മരണ പ്രഭാഷണം
നടത്തുന്നു. സഖാവ് മണിക് മുഖർജി സമീപം

തുടർന്ന് സഖാവിന്റെ ദീപ്തസ്മരണയ്ക്കുമുന്നിൽ പാർട്ടി ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് ആദരാഞ്ജലി അർപ്പിച്ചു. സഖാവ് ശിബ്ദാസ്‌ഘോഷിന്റെ അടിയുറച്ച ശിഷ്യനായി നിലകൊണ്ട സഖാവ് ലൂക്കോസ് തന്റെ ജീവിതസമരത്തിലൂടെ ഉന്നതമായ വിപ്ലവഗുണങ്ങൾ ആർജിക്കുകയും കേരളത്തിൽ അടിയുറച്ച സംഘടന കെട്ടിപ്പടുക്കുകയും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും പാർട്ടിയുടെ വളർച്ചയ്ക്ക് നിർണായക സംഭാവനകൾ നൽകുകയും ചെയ്തുവെന്ന് ദീർഘമായ അനുസ്മരണ പ്രസംഗത്തിൽ അദ്ദേഹം വിശദമാക്കി (ഇത് അടുത്തലക്കത്തിൽ പ്രസിദ്ധീകരിക്കും).

കൽക്കത്തയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ കോംസമോൾ വോളന്റിയർമാരുടെ
ഗാർഡ് ഓഫ് ഓണർ

സഖാവ് സി.കെ.ലൂക്കോസിന് ആദരാഞ്ജലി
-ഡോ.എം.സുബ്രമണി

സഖാവ് ലൂക്കോസിന്റെ മരണവാർത്ത എന്നിൽ കടുത്ത വേദനയും ദുഃഖവും ഉളവാക്കി. അതോടൊപ്പം പഴയകാലത്തെ ഒരുപാട് ഓർമ്മകൾ മനസ്സിലേക്ക് ഒഴുകിയെത്തി.
1974ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രണ്ടാംവർഷ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. പാർട്ടിയിൽ തുടക്കക്കാരനായ ഞാൻ, കൊല്ലത്ത് കേന്ദ്ര നേതാക്കളായ പ്രതീഷ് ചന്ദ, സുകോമൾ ദാസ്ഗുപ്ത, കൃഷ്ണ ചക്രവർത്തി എന്നിവർ നയിക്കുന്ന പൊളിറ്റിക്കൽ സ്‌കൂളിൽ പങ്കെടുക്കാൻ പോയതായിരുന്നു. സഖാവ് ലൂക്കോസ് അന്ന് പാർട്ടിയുടെ കൊല്ലം ജില്ലാ സെക്രട്ടറിയും സംസ്ഥാന സംഘാടക കമ്മിറ്റി അംഗവുമായിരുന്നു. ലാളിത്യവും പ്രസന്നതയും വിളിച്ചോതുന്നതായിരുന്നു അദ്ദേഹത്തിന്റെ മുഖഭാവം. പാർട്ടിയിലെ മുതിർന്നവരും തുടക്കക്കാരുമായ ഏവർക്കും അദ്ദേഹത്തെ ഒരുപോലെ സമീപിക്കാൻ കഴിയുമായിരുന്നു. നാൾ ചെല്ലുംതോറും, മാർക്‌സിസം-ലെനിനിസം ശിബ്ദാസ് ഘോഷ് ചിന്തയിലുള്ള അദ്ദേഹത്തിന്റെ അവഗാഹം ഞാൻ തിരിച്ചറിഞ്ഞു. ഇന്ത്യൻ സാഹിത്യത്തിലും കലകളിലും ലോകസാഹിത്യത്തിലുമൊക്കെ അദ്ദേഹത്തിന് ആഴമാർന്ന ധാരണയുണ്ടായിരുന്നു.
അദ്ദേഹവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നവരും അല്ലാത്തവരുമായ ഏതൊരു സഖാവിന്റെയും കാര്യത്തിൽ അദ്ദേഹം വലിയ ശ്രദ്ധ പുലർത്തിയിരുന്നു. ഒരു സന്ദർഭം ഓർമ്മയിൽ വരുന്നു. 1979ൽ കൊല്ലം ടൗണിൽ എഐഡിഎസ്ഒ സംസ്ഥാന സമ്മേളനാനന്തരം രാത്രിയിൽ സ്‌റ്റേജ് അഴിച്ചുനീക്കിക്കൊണ്ടിരുന്ന പ്രവർത്തകരുടെമേൽ സിപിഐ(എം) ഗുണ്ടകൾ മാരകായുധങ്ങളുമായി ചാടിവീണു. സമീപത്തുണ്ടായിരുന്ന സഖാവ് ലൂക്കോസ് ഉടനടി അവരുടെ രക്ഷയ്‌ക്കെത്തി. ഈ സംഭവം ഇന്നും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നു. എനിക്കദ്ദേഹത്തോട് വലിയ ആദരവുതോന്നി.
വിപ്ലവജീവിതത്തിന്റെ സങ്കീർണ്ണമായ ആശയങ്ങൾ കഥകളിലൂടെയും മറ്റും ലളിതമായി പ്രതിപാദിക്കാൻ സവിശേഷമായ ശേഷിയുണ്ടായിരുന്ന ആളായിരുന്നു സഖാവ് ലൂക്കോസ്. ചെറുപ്പക്കാരായ സഖാക്കളിൽ വിപ്ലവസ്വഭാവവും ഉയർന്ന സംസ്‌കാരവും വളർത്തിയെടുക്കാൻ ഇതിലൂടെ കഴിഞ്ഞു. വിപ്ലവപാതയിലേക്ക് യുവ മനസ്സുകളെ ആകർഷിക്കുന്നതിൽ വലിയ നേട്ടങ്ങൾ അദ്ദേഹം കൈവരിച്ചു.
ശിബ്ദാസ് ഘോഷ് ചിന്തയിലേക്ക് ആകൃഷ്ടരായി ആദ്യം മുന്നോട്ടുവന്ന കോളേജ് വിദ്യാർത്ഥികളിൽ സഖാവ് ലൂക്കോസുമുണ്ടായിരുന്നു. കേന്ദ്ര നേതാക്കളുമായി നിരന്തരം നടത്തിയ ചർച്ചകൾക്കൊടുവിൽ കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളിൽ ചിലർ എസ്‌യുസിഐ ശരിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്ന ബോധ്യത്തോടെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനായി മുന്നോട്ടുവന്നു. കൊല്ലത്തായിരുന്നു തുടക്കം. ജെയിംസ്, നടരാജൻ, ബാബു, ജലാലുദീൻ തുടങ്ങിയവരോടൊപ്പം സഖാവ് ലൂക്കോസും ഉണ്ടായിരുന്നു.
സഖാവ് ലൂക്കോസും സഹപ്രവർത്തകരും എല്ലാ പ്രതികൂലാവസ്ഥകളെയും നേരിട്ടുകൊണ്ട് വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും നടത്തിയ സമരത്തിലൂടെയാണ് കേരളത്തിൽ എസ്‌യുസിഐ കെട്ടിപ്പടുത്തത്. തുടർന്ന്, സമർപ്പിതരായ നിരവധിപേർ തിരുവനന്തപുരമടക്കം വിവിധ ജില്ലകളിൽനിന്ന് മുന്നോട്ടുവന്നു. സഖാവ് ശിബ്ദാസ് ഘോഷ് പഠിപ്പിച്ചതുപോലെ വ്യക്തിതാത്പര്യത്തെ പാർട്ടിയുടെയും വിപ്ലവത്തിന്റെയും ലക്ഷ്യങ്ങളുമായി താദാത്മ്യപ്പെടുത്താനുള്ള സുദീർഘമായ സമരത്തിനിടയിൽ ആദ്യബാച്ചിൽപെട്ട ചിലർ പിന്നാക്കംപോയി, പാർട്ടി പ്രവർത്തനംതന്നെ ഉപേക്ഷിച്ചു. ഉറ്റ സഖാവായിരുന്ന സഖാവ് നടരാജന്റെ അകാലത്തുള്ള വേർപാടുകൂടിയായപ്പോൾ സംസ്ഥാന നേതൃത്വത്തിൽ വലിയ ശൂന്യതയുണ്ടായി. എന്നാൽ പാർട്ടിക്കും തനിക്കും സംഭവിച്ച എല്ലാ നഷ്ടങ്ങളുടെയും നടുവിലും പാർട്ടി കെട്ടിപ്പടുക്കാനുള്ള സമരവുമായി സഖാവ് ലൂക്കോസ് മുന്നേറി. അത് ജീവിതാന്ത്യം വരെ തുടരുകയും ചെയ്തു. ഉന്നതമായ നൈതിക-സദാചാര
മൂല്യങ്ങളാൽ പ്രചോദിതനായി, വിപ്ലവപാതയിൽ അടിയുറച്ചുമുന്നേറിയ അദ്ദേഹം കേരളത്തിലെ പാർട്ടിയുടെ ഏറ്റവും ഉന്നതനായ നേതാവായി.
രാഷ്ട്രീയജീവിതത്തിലും വ്യക്തിജീവിതത്തിലും വർഷങ്ങളോളം വിജയകരമായി നടത്തിയ സമരത്തിലൂടെ അദ്ദേഹം പാർട്ടിയുടെ സ്റ്റാഫ് മെമ്പറായി. തുടർന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മിറ്റിയംഗവും പൊളിറ്റ് ബ്യൂറോ മെമ്പറുമായി. പാർക്കിൻസൺസ് രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിഞ്ഞപ്പോഴും അദ്ദേഹത്തിന്റെ ഉത്സാഹത്തിനോ പാർട്ടി കൂറിനോ അല്പംപോലും കുറവുണ്ടായില്ല. പാർട്ടി സംഘടനയുടെയും ഉൾപാർട്ടി സമരത്തിന്റെയും വിപ്ലവ പോരാട്ടത്തിന്റെയും താത്പര്യങ്ങളുമായി താദാത്മ്യപ്പെടാൻവേണ്ടിയുള്ള സമരമായിരുന്നു ആ ജീവിതം.
പാർട്ടിക്കും രാജ്യത്തെ വിപ്ലവപ്രസ്ഥാനത്തിനും കനത്ത നഷ്ടമാണ് സഖാവ് ലൂക്കോസിന്റെ വിയോഗം. സ്‌നേഹാദങ്ങളോടെ ഞങ്ങൾ അദ്ദേഹത്തെ ലൂക്കോസ് അണ്ണൻ എന്നാണ് വിളിച്ചിരുന്നത്. ശാരീരികമായി നമ്മോടൊപ്പമില്ലെങ്കിലും നമ്മുടെയെല്ലാം ഹൃദയങ്ങളിൽ അദ്ദേഹം തുടർന്നും ജീവിക്കും. വിങ്ങുന്ന ഹൃദയത്തോടെ പ്രിയങ്കരനായ സഖാവ് ലൂക്കോസിന് വിപ്ലവാഭിവാദ്യങ്ങൾ അർപ്പിക്കുന്നു.

സഖാവ് ലൂക്കോസിന്
ലാൽസലാം

സഖാവ് സി.കെ.ലൂക്കോസ്:
സ്വാംശീകരിക്കേണ്ട ഒരു വിപ്ലവ പാഠം

മഹത്തായ ജീവിത ദൗത്യങ്ങൾ നിറവേറ്റുന്ന ഏതൊരു വിപ്ലവകാരിയും പിന്നാലെ വരുന്നവർക്ക് ഒരു പാഠപുസ്തകമാണ്. ആവർത്തിച്ച് പഠിക്കേണ്ട, ജീവിതത്തിൽ സ്വാംശീകരിക്കേണ്ട ഒരു പാഠം. ലോകത്തെ വ്യാഖ്യാനിക്കുക മാത്രമല്ല, അതിനെ മാറ്റിത്തീർക്കാനുള്ള പ്രയത്‌നം നടത്തുക കൂടി ചെയ്യുമ്പോഴേ ഒരാൾ കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയാകൂ. ഇത് ആഴത്തിൽ ഉൾക്കൊണ്ട സഖാവ് സി.കെ.ലൂക്കോസ് ഹൃദയത്തിൽ തറയ്ക്കുംവിധം അത് നമ്മെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരിക്കെ, 1971ൽ ശിബ്ദാസ് ഘോഷ് ചിന്തകളുമായി പരിചയപ്പെട്ടപ്പോൾ അത് മാർക്‌സിസത്തിന്റെ ഏറ്റവും കാലോചിതവും സുസജ്ജവുമായ പ്രത്യയശാസ്ത്രമാണെന്ന് സഖാവ് ലൂക്കോസ് തിരിച്ചറിഞ്ഞു. വ്യത്യസ്തമായ ഒരു കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് വന്നതെങ്കിലും മഹനീയമായ ആ ജീവിത പാത തെരഞ്ഞെടുക്കാൻ അദ്ദേഹം മടിച്ചില്ല. സംഘടനാ പ്രവർത്തനത്തിന് സഹായകമായ ഒരു ചെറിയ ഉപജീവന മാർഗ്ഗം സ്വീകരിച്ചുകൊണ്ട് അദ്ദേഹം പ്രവർത്തനം ആരംഭിച്ചു. ആദ്യ കാലത്ത് പാർട്ടി സംഘടിപ്പിക്കാൻ മുന്നിട്ടിറങ്ങിയവർക്ക്, പറഞ്ഞറിയിക്കാനാവാത്ത വൈതരണികളെയാണ് നേരിടേണ്ടി വന്നത്. അതുകൊണ്ടുതന്നെ പലരും പിൻവാങ്ങി. കൊല്ലം ജില്ലാ സെക്രട്ടറിയും ഉറ്റ സഖാവുമായിരുന്ന നടരാജന്റെ മരണം പോലുള്ള ആഘാതങ്ങൾ വേറെയും. പക്ഷേ, സഖാവ് ലൂക്കോസ് അചഞ്ചലം നിലകൊണ്ടു. ദിനം ചെല്ലുന്തോറും കൂടുതൽ ദാർശനിക ദൃഢതയോടെ, നിശ്ചയദാർഢ്യത്തോടെ ചുവടുകൾ വച്ചു. അങ്ങനെ കേരളത്തിന്റെ മണ്ണിൽ ശരിയായ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്ന തീക്ഷ്ണമായ പോരാട്ടത്തിന്റെ അമരക്കാരനായി. അര നൂറ്റാണ്ടുകാലം നീണ്ടു നിന്നു ആ വിപ്ലവ സപര്യ.

പാർട്ടി കൊല്ലം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, കേന്ദ്ര കമ്മിറ്റിയംഗം, പൊളിറ്റ് ബ്യൂറോ മെമ്പർ അങ്ങനെ ജീവിത സമരത്തിൽ പിന്നിട്ട നാഴികക്കല്ലുകൾ, വഹിച്ച ഉത്തര വാദിത്വങ്ങൾ നിരവധിയായിരുന്നു. ഒരു കമ്മ്യൂണിസ്റ്റിന്റെ സമരം ദ്വിമുഖമാണ്. സമൂഹത്തെ പരിവർത്തനപ്പെടുത്താൻ ബാഹ്യമായും, ഉന്നതമായ തൊഴിലാളി വർഗ്ഗ സംസ്‌ക്കാരമാർജ്ജിക്കാൻ ആന്തരികമായും ആ സമരം നടത്തേണ്ടതുണ്ട്. ഇതിൽ മാതൃകാപരമായ ഔന്നത്യം നേടാൻ അദ്ദേഹത്തിനായി.
സമൂഹം നേരിടുന്ന പ്രശ്‌നങ്ങൾക്കെല്ലാം കാരണം മുതലാളിത്ത ചൂഷണ വ്യവസ്ഥയാകുമ്പോൾ, സമൂഹത്തെ സ്‌നേഹിക്കുന്ന ഏതൊരാളും തൊഴിലാളിവർഗ്ഗ വിപ്ലവത്തിനുവേണ്ടി നിലകൊള്ളേണ്ടതുണ്ട്. തൊഴിലാളിവർഗ്ഗത്തോടുള്ള കൂറ് പാർട്ടിയോടുള്ള സമർപ്പണമല്ലാതെ മറ്റൊന്നുമാകാൻ തരമില്ല. വ്യക്തിയുടെ താൽപ്പര്യങ്ങളെ, പാർട്ടിയുടെ, സമൂഹത്തിന്റെ താൽപ്പര്യങ്ങൾക്ക് വിധേയമാക്കിക്കൊണ്ടാണ് കമ്മ്യൂണിസ്റ്റിന്റെ ആന്തരിക സമരം ആരംഭിക്കുന്നത്. ക്രമേണ സാമൂഹ്യ താൽപ്പര്യവുമായി താദാത്മ്യപ്പെടാനുള്ള സമരത്തിന്റെ ഘട്ടത്തിലേയ്ക്ക് അത് പ്രവേശിക്കുന്നു. ഉത്തമ കമ്മ്യൂണിസ്റ്റാകാനുള്ള സമരം ജീവിതാന്ത്യം വരെ തുടരുന്ന ഒന്നാണ്. വ്യക്തി താൽപ്പര്യവും സാമൂഹ്യതാൽപ്പര്യവും ഒന്നാക്കി മാറ്റാനുള്ള ഈ സമരം ഏറ്റെടുക്കുന്നവർക്ക് പാർട്ടി സ്റ്റാഫ് മെമ്പർഷിപ്പ് നൽകുന്നു. സഖാവ് ലൂക്കോസ് പതിറ്റാണ്ടുകൾക്കുമുമ്പേ ഈ യോഗ്യത സ്വന്തമാക്കി.
സഖാവ് ലൂക്കോസ് സംസ്ഥാന സെക്രട്ടറിയാകുമ്പോൾ സംസ്ഥാനത്ത് പരിമിതമായ അളവിലേ സംഘടനാ പ്രവർത്തനമുണ്ടായിരുന്നുള്ളൂ. ഇന്ന് എല്ലാ ജില്ലകളിലും പ്രവർത്തനമുള്ള പാർട്ടിയായി നമ്മുടെ പാർട്ടി വളർന്നിരിക്കുന്നു. സഖാവ് ലൂക്കോസിന്റെ ദീർഘ വീക്ഷണവും ആർജ്ജവവും സംഘാടന പാടവവുമാണ് അതിന്റെ അടിത്തറയായി വർത്തിച്ചത്.
പാർട്ടിയിലെ പുതുതലമുറയ്ക്ക് അദ്ദേഹം വല്യപ്പയായിരുന്നു. പിതൃതുല്യമായ വാത്സല്യത്തോടെ അദ്ദേഹം അവർക്ക് നൽകിയത് നാടിന്റെ ശ്രേഷ്ഠ സന്താനങ്ങളാകാനുള്ള പരിശീലനമായിരുന്നു. സ്‌കൂൾ അവധിക്കാലത്തെ ഒത്തുചേരലിലൂടെ,’പ്രചോദന’ എന്ന സംഘടനയുടെ പ്രവർത്തനങ്ങളിലൂടെ അവരിൽ ഉയർന്ന മൂല്യങ്ങളും അഭിരുചികളും മാത്രമല്ല, നിസ്വാർത്ഥമായ സാമൂഹ്യ പ്രവർത്തനത്തോടുള്ള ആഭിമുഖ്യവും അദ്ദേഹം വളർത്തിയെടുത്തു. യുവ കമ്മ്യൂണിസ്റ്റുകളുടെ ദളമായ കോംസമോളിലൂടെ വിപ്ലവത്തിന്റെ ഭാവി പ്രതീക്ഷയായി അത് വളരുകയാണ്.

പാർട്ടി മുഖപത്രമായ ‘യൂണിറ്റി’ കേരളത്തിലെ ശ്രദ്ധേയമായ ഒരു രാഷ്ട്രീയ പ്രസിദ്ധീകരണമായി വളർന്നതിന്റെ പിന്നിൽ സഖാവ് ലൂക്കോസിന്റെ പതിറ്റാണ്ടുകൾ നീണ്ട കഠിനപ്രയത്‌നമുണ്ട്.
ജനങ്ങളിൽ ശാസ്ത്രീയ മനോഘടന വളർത്തിയെടുക്കാനായി യത്‌നിക്കുന്ന ‘ബ്രേക്ത്രൂ സയൻസ് സൊസൈറ്റി’, ഉയർന്നൊരു സാംസ്‌ക്കാരികാവസ്ഥ സൃഷ്ടിക്കാനായി കലാ-സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്ന’ബാനർ സാംസ്‌കാരിക സമിതി’, മദ്യമെന്ന സാമൂഹ്യ വിപത്തിനെതിരെ പൊരുതുന്ന ‘മദ്യ വിരുദ്ധ ജനകീയ സമര സമിതി’ തുടങ്ങിയ സംരംഭങ്ങൾക്കൊക്കെ അദ്ദേഹം നൽകിയ മാർഗ്ഗ നിർദ്ദേശങ്ങൾ വിപ്ലവ ലക്ഷ്യബോധം സ്ഫുരിക്കുന്നതായിരുന്നു.
ആഗോളീകരണ നയങ്ങളുടെ ആക്രമണങ്ങളിൽനിന്ന് വിദ്യാഭ്യാസ മേഖലയെ മോചിപ്പിച്ചെടുക്കാനും പൊതു വിദ്യാഭ്യാസ രംഗം നിലനിർത്താനും സുദീർഘമായ പോരാട്ടമാണ് അദ്ദേഹം കെട്ടഴിച്ചുവിട്ടത്. രാജ്യത്തിനുതന്നെ മാതൃകയായ ഡിപിഇപി വിരുദ്ധ സമരം, നാനാമേഖലകളിലുള്ള സർക്കാരിന്റെ ആക്രമണ പദ്ധതികൾക്കെതിരായ പോരാട്ടത്തിന്റെ രൂപരേഖയാണ് ജനങ്ങൾക്കുമുമ്പാകെ അവതരിപ്പിച്ചത്.
ബാലികേറാമലയായിരുന്ന ട്രേഡ് യൂണിയൻ രംഗത്ത്, പാർട്ടിയുടെ ട്രേഡ് യൂണിയനായ എഐയുടിയുസി ഉറച്ച ചുവടുകൾ വയ്ക്കുന്നതും സഖാവ് ലൂക്കോസ് സംസ്ഥാന പ്രസിഡന്റായിരുന്ന കാലയളവിലാണ്. ട്രേഡ് യൂണിയൻ പ്രവർത്തനത്തിന്റെ ആ നൂതനമായ ശൈലിയിലേയ്ക്ക് ഇന്ന് വിവിധ തൊഴിൽ മേഖലകളിൽ പണിയെടുക്കുന്നവർ ആകർഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
കലാപ കേന്ദ്രങ്ങളായിരുന്ന കലാശാലകളിൽ നിർഭയമായ സംഘടനാ പ്രവർത്തനത്തിന് തുടക്കം കുറിച്ചതും എഐഡിഎസ്ഒ സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ സഖാവ് ലൂക്കോസിന്റെ നേതൃത്വത്തിലാണ്.
സ്ത്രീകൾക്ക്, സ്വാതന്ത്ര്യത്തോടെ പ്രശ്‌നങ്ങൾ തുറന്നവതരിപ്പിക്കാനും പരിഹാരം കണ്ടെത്താനുമുള്ള കരുത്തും ആത്മവിശ്വാസവും പ്രദാനം ചെയ്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. സാംസ്‌ക്കാരിക മുന്നേറ്റങ്ങളുടെയും സമര സംഘാടനത്തിന്റെയും നേതാക്കളെന്ന നിലയിലേയ്ക്ക് വനിതകളെ അദ്ദേഹം വളർത്തിയെടുത്തു. എഐഎംഎസ്എസ് എന്ന വനിതാ സംഘടനയുടെ സംസ്ഥാനത്തെ രൂപീകരണത്തിലും വളർച്ചയിലും അതീവ ശ്രദ്ധയാണദ്ദേഹം പുലർത്തിയത്.
മാറി മാറി വന്ന ഗവൺമെന്റുകൾ ഒരേ ജനവിരുദ്ധ നയങ്ങളുടെ നടത്തിപ്പുകാരായതോടെ സംസ്ഥാനത്തെ ജനങ്ങൾ നിരാശയ്ക്ക് അടിപ്പെടുന്നത് അദ്ദേഹം തിരിച്ചറിഞ്ഞു. അവരുടെ രാഷ്ട്രീയ ഇച്ഛാശക്തി വീണ്ടെടുക്കാനും പ്രക്ഷോഭത്തിന്റെ ശരിയായ പാത ചൂണ്ടിക്കാണിക്കാനും ‘ജനകീയ പ്രതിരോധ സമിതി’ എന്നൊരു പ്രസ്ഥാനം രൂപീകരിക്കുകയെന്ന ആശയം അദ്ദേഹം മുന്നോട്ടുവച്ചു. നേതാക്കളിൽ പ്രതീക്ഷയർപ്പിച്ച്, അവരെ ആശ്രയിച്ച്, നിഷ്‌ക്രിയരായി കഴിഞ്ഞ ഒരു ജനതയ്ക്ക് മുന്നിൽ, ജനകീയ കമ്മിറ്റികൾക്ക് രൂപം നൽകിക്കൊണ്ടുള്ള, കക്ഷി രാഷ്ട്രീയത്തിനും മറ്റെല്ലാ സങ്കുചിതത്വങ്ങൾക്കും അതീതമായ ഒരു പുതിയ പോരാട്ടത്തിന്റെ പാത അതിലൂടെ തെളിഞ്ഞു വന്നു. ഒരു പുതിയ സമര സംസ്‌ക്കാരത്തിന് അത് ജന്മം നൽകി. ആ പാതയിലേയ്ക്ക് ജനങ്ങൾ വൻ തോതിൽ ആനയിക്കപ്പെട്ടു. പാർട്ടികളുടെ ചിട്ടവട്ടങ്ങൾ ഭേദിച്ചുകൊണ്ടുള്ള ജനകീയ മുന്നേറ്റങ്ങളുടെ വേലിയേറ്റത്തിനാണ് തുടർന്ന് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. ആ സമരങ്ങളുടെയെല്ലാം ശക്തി സ്രോതസ്സായി, അനിവാര്യ ഘടകമായി, പലപ്പോഴും അനിഷേധ്യ നേതൃത്വമായി നമ്മുടെ പാർട്ടി മാറി. പ്രതികൂലാവസ്ഥകൾക്ക് നടുവിലും വിപ്ലവ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തിയെടുക്കാനുള്ള നൂതന മാർഗ്ഗങ്ങൾക്കാണ്, അതിനുള്ള പുത്തൻ ആയുധങ്ങൾക്കാണ് സഖാവ് ലൂക്കോസ് ഇതിലൂടെ ജന്മം നൽകിയത്.
നാട്യങ്ങളേതുമില്ലാതെ ലളിതവും സുതാര്യവുമായ ജീവിതം നയിച്ച സഖാവ് ലൂക്കോസിനോട് ഇടപഴകിയവരൊക്കെ അദ്ദേഹത്തിന്റെ വ്യക്തി മഹിമയിലേയ്ക്ക് ആകൃഷ്ടരായി. അദ്ദേഹം പാർട്ടിയിൽ വഹിച്ചിരുന്ന ഉന്നത പദവികളും നിർവ്വഹിച്ചുപോന്ന ഭാരിച്ച കർത്തവ്യങ്ങളുമൊന്നും പ്രകടമാക്കുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ വിനയാന്വിതമായ പെരുമാറ്റവും ഋജുവായ സംഭാഷണ ശൈലിയും.
ആശയക്കുഴപ്പങ്ങളും അപവാദ പ്രചാരണങ്ങളും ആശങ്കകളും നിറഞ്ഞ ഒരു കാലയളവിൽ, അനേകം ചർച്ചകളിലൂടെ പ്രസംഗങ്ങളിലൂടെ, പ്രഭാഷണങ്ങളിലൂടെ, പഠന ക്ലാസ്സുകളിലൂടെ മഹനീയമായ കമ്മ്യൂണിസ്റ്റ് ദർശനത്തെ അദ്ദേഹം കേരള മണ്ണിൽ വേരു പിടിപ്പിച്ചെടുത്തു. പ്രത്യയശാസ്ത്രത്തിന്റെ മഹത്വം സ്വജീവിതം കൊണ്ട് പരിചയപ്പെടുത്തിയ സഖാവ് ശിബ്ദാസ് ഘോഷിന്റെ ജീവിത മാതൃക തന്നെയാണ് സഖാവ് ലൂക്കോസും അനുകരിച്ചത്. കരുത്തുറ്റ അനേകം വിപ്ലവകാരികൾക്ക് ജന്മം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞത് മാർക്‌സിസത്തിന്റെ ഈ വിട്ടു വീഴ്ചയില്ലാത്ത അനുഷ്ഠാനത്തിലൂടെയാണ്.
നാടിന് വേണ്ടി ജീവൻ നൽകുന്ന രക്തസാക്ഷികളെ നമ്മൾ ആദരിക്കുന്നു. സഖാവ് ലൂക്കോസ് ജീവിതം നൽകിയ രക്തസാക്ഷിയായിരുന്നു. അനേകം വിപ്ലവകാരികൾക്ക് നിത്യ പ്രചോദനമായി എക്കാലവും സഖാവ് ലൂക്കോസ് ജീവിക്കും.

Share this post

scroll to top