ബിജെപി സർക്കാരിന്റെ ഇടക്കാല ബജറ്റ്: വാഗ്ദാനപ്പെരുമഴയാൽ സാമ്പത്തിക അതിക്രമങ്ങൾ മൂടിവെയ്ക്കുന്നു

budget_highlights.jpeg
Share

ഒരു ബജറ്റിന് അടിക്കുറിപ്പുണ്ടാകണം എന്നാണെങ്കിൽ, ബിജെപി സർക്കാരിനു വേണ്ടി താത്കാലിക ധനകാര്യമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ച, 2019-ലെ ഇടക്കാല കേന്ദ്രബജറ്റിന് യോജിക്കുന്ന ഒരു മുദ്രാവാക്യം ഇങ്ങനെയായിരിക്കും – ദയവായി ബിജെപിക്കു വോട്ടു ചെയ്യൂ, ദയവായി! താത്ക്കാലികമായി ധനകാര്യവകുപ്പുമന്ത്രിയുടെ ചുമതല വഹിച്ചു കൊണ്ട് ബജറ്റ് അവതരിപ്പിച്ച പീയൂഷ് ഗോയൽ പറഞ്ഞത്, തന്റെ സർക്കാർ ‘വീണ്ടും ശരിയായ പാതയിലെത്തിച്ച രാജ്യം പുരോഗതിയിലേക്കും വളർച്ചയിലേക്കും കുതിക്കുകയാണെന്നാണ്.’എന്നാൽ വസ്തുനിഷ്ഠയാഥാർത്ഥ്യം പരിശോധിക്കുന്ന ഏതൊരാൾക്കും, ഈ അവകാശവാദം വ്യാജമാണെന്നു മാത്രമല്ല, അധ്വാനിക്കുന്ന ജനലക്ഷങ്ങളുടെ കഷ്ടപ്പാടിനും ദുരിതത്തിനും നേരേ പരിഹാസം ഉതിർക്കുന്നതുമാണെന്ന് കാണാൻ കഴിയും.

മുൻകാലങ്ങളിലെ പോലെ തന്നെ, ജനജീവിതം താറുമാറാക്കുന്ന നീറുന്ന പ്രശ്‌നങ്ങളിലൊന്നിനും പരിഹാരമില്ല. പകരം ജനത്തിന്റെ കണ്ണിൽ പൊടിയിടാനായി കള്ളത്തരവും കൃത്രിമത്വവും വാരിനിറച്ചിരിക്കുന്നു. പക്ഷേ താത്കാലിക ധനകാര്യമന്ത്രി സർ, പൊള്ളയായ വാക്കുകളും പുകഴ്ത്തലുകളും നിഷ്ഫലങ്ങളാണ്. എല്ലാം അലങ്കരിച്ചു പ്രദർശിപ്പിക്കാനുള്ള താങ്കളുടെ പ്രയത്‌നം കൊണ്ടു വലിയ പ്രയോജനമുണ്ടാകുമെന്നു തോന്നുന്നില്ല. കുറച്ചെങ്കിലും സൂക്ഷ്മബുദ്ധിയും സാമാന്യമായ അറിവും ഉള്ള ഏതൊരാൾക്കും വളരെ എളുപ്പത്തിൽ ഇതിന്റെ പൊള്ളത്തരം തുറന്നു കാട്ടാവുന്നതേയുള്ളൂ. അപ്പോൾ കൃത്യമായ രീതിയിൽ, അധികം പണ്ഡിതചർച്ചകളോ വിപുലമായി കണക്കു കൊണ്ടുള്ള കളികളോ കൂടാതെ, തീവ്രയാഥാർത്ഥ്യങ്ങളെ തുറന്നു കാട്ടിക്കൊണ്ട്, ശരിയായ വീക്ഷണത്തിൽ ഈ ബജറ്റിനെ നമുക്കൊന്നും പരിശോധിക്കാം.

തൊഴിലില്ലായ്മയുടേയും  തൊഴിൽനഷ്ടത്തിന്റെയും  വേദനാകരമായ ചിത്രം

തൊഴിലുകളുടെ ഞെട്ടിക്കുന്ന ദൗർലഭ്യത്തെ കുറിച്ച് ഇന്ന് രാജ്യത്തിനു മൊത്തം അറിയാവുന്നതാണ്. പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ ഉള്ള വ്യവസായങ്ങളിൽ പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകുന്നില്ലെന്നുമാത്രമല്ല നിലവിലുള്ള തൊഴിലുകളും വൻതോതിൽ നഷ്ടമാകുന്നു. ആരെങ്കിലും വിരമിക്കുമ്പോൾ ഉണ്ടാകുന്ന ഒഴിവ് ഇല്ലാതാക്കപ്പെടുന്നു. കേന്ദ്രസർക്കാർ ഓഫീസുകളിലെ നാലു ലക്ഷത്തിലധികം ഒഴിവുകൾ നികത്താൻ ബിജെപി സർക്കാർ ശ്രമിച്ചില്ല എന്നാണ് റിപ്പോർട്ടുകൾ. ഉത്തർപ്രദേശിൽ പ്യൂൺ തസ്തികയിലെ 368 ഒഴിവുകളിലേക്ക്, ഡോക്ടറേറ്റും ബിരുദാനന്തര ബിരുദവും ഉള്ളവരടക്കം, 23 ലക്ഷം പേരുടെ അപേക്ഷകളാണ് ലഭിച്ചത്. പശ്ചിമബംഗാളിലും, 5000 ഗ്രൂപ്പ്-ഡി തസ്തികകളിലേക്ക് ലഭിച്ച 18 ലക്ഷം അപേക്ഷകളിലും നല്ലൊരു സംഖ്യ, ഡോക്ടറേറ്റും ബിരുദാനന്തര ബിരുദവുമൊക്കെ ഉള്ളവരുടേയും എഞ്ചിനീയർമാരുടേതുമായിരുന്നു. റെയിൽവേയിലെ 90,000 – ഓളം തൊഴിലവസരങ്ങളിലേക്ക്, 2.8 കോടി ആളുകളാണ് അപേക്ഷിച്ചത്. തമിഴ്‌നാട് നിയമസഭയിലെ 14 തൂപ്പുകാരുടെ ഒഴിവുകളിലേക്ക്, റാങ്ക് ജേതാക്കളായ എഞ്ചിനീയർമാരും എംബിഎക്കാരുമടക്കം 4600 പേരായിരുന്നു അപേക്ഷകർ. ഇതെല്ലാം എന്താണ് കാണിക്കുന്നത്? ഉന്നതമായ യോഗ്യതയുള്ളവരെ പോലും ക്ലാസ് 4 ജോലികൾക്ക് അപേക്ഷിക്കാൻ നിർബ്ബന്ധിതമാക്കുന്നത്, തൊഴിലവസരങ്ങളുടെ സമൃദ്ധിയാണോ അതോ ഭീകരമായ ദൗർലഭ്യമാണോ? അഖിലേന്ത്യാ തലത്തിലുള്ള അഞ്ചാം തൊഴിൽ-തൊഴിലില്ലായ്മാ വാർഷിക സർവേ പ്രകാരം, രാജ്യത്തെ 77% (അതായത് നാലിൽ മൂന്നും) കുടുംബങ്ങളിലും, ശമ്പളമായോ കൃത്യമായ കൂലിയായോ സ്ഥിരവരുമാനം ഉറപ്പുള്ള ഒരംഗം പോലുമില്ല. എന്നാൽ സർക്കാരിനു യാതൊരു കുലുക്കവുമില്ല. തൊഴിൽ സാഹചര്യം ഭയാനകമായതു മൂലം, 2015 മുതൽ തൊഴിൽ സ്ഥിതിവിവരക്കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് ബിജെപി സർക്കാർ തടഞ്ഞിരിക്കുകയാണ്. എന്നാൽ അവർക്ക് അലോസരമുണ്ടാക്കിക്കൊണ്ട്, സർക്കാർ തടഞ്ഞുവെച്ച എൻഎസ്എസ്ഒ സർവ്വേ അടിസ്ഥാനമാക്കി ബിസിനസ് സ്റ്റാൻഡേർഡ് പത്രം ഒരു റിപ്പോർട്ട് പുറത്തുവിടുകയുണ്ടായി. ഈ ‘പുറത്തായ റിപ്പോർട്ട്’ പ്രകാരം, ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക,് 2017-18-ൽ, 45 വർഷത്തെ തന്നെ ഏറ്റവും ഉയർന്ന 6.1 ശതമാനത്തിലെത്തിയിരിക്കുന്നു. സെന്റർ ഫോർ മോണിറ്ററിങ്ങ് ഇന്ത്യൻ എക്കോണമി (സിഎംഐഇ) പറയുന്നത്, നോട്ടുനിരോധനം കൊണ്ടു മാത്രം ഒറ്റയടിക്ക് 11 ദശലക്ഷം ജോലികളാണ് ഇല്ലാതായതെന്നാണ്. കേന്ദ്രസർക്കാരിന്റെ ലേബർ ബ്യൂറോയുടെ സർവ്വേ തന്നെ ഉറപ്പിക്കുന്നത്, നിലവിൽ എട്ട് തൊഴിൽ ആധിക്യ വ്യവസായങ്ങളിൽ വൻതോതിൽ തൊഴിൽ നഷ്ടം ഉണ്ടാകുന്നുവെന്നാണ്. ഇന്ത്യയിൽ തൊഴിലെടുക്കാവുന്ന പ്രായത്തിലുള്ള ജനസംഖ്യയുടെ പകുതിയിലധികവും തൊഴിൽശക്തിക്കു പുറത്താണെന്നും, തൊഴിൽകമ്പോളത്തിൽ എട്ടു കോടിയുടെ കുറവുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. എൻഎസ്എസ്ഒയുടെ ഇടക്കാല തൊഴിൽശക്തി സർവ്വേ കാണിക്കുന്നത്, 2017-18-ൽ തൊഴിലെടുക്കാൻ സാധിക്കുന്ന ആളുകൾക്ക് ലഭ്യമായ ജോലികൾ 49.8% വരെ കുറഞ്ഞിരിക്കുന്നു എന്നാണ്.

കൃത്രിമവളർച്ചയും തൊഴിൽസൃഷ്ടിയുടെ  വ്യാജ അവകാശവാദവും

എന്നിട്ടും ഇടക്കാല ധനകാര്യമന്ത്രി തന്റെ ഇടക്കാല ബജറ്റിൽ ആവർത്തിക്കുന്ന ഒരു യുക്തിയുണ്ട്. അദ്ദേഹം പറയുന്നത്, ഉയർന്ന വളർച്ചയും സമ്പദ്ഘടനയുടെ ഔപചാരികവൽക്കരണവും തൊഴിലവസരങ്ങളുടെ വർദ്ധനവിലേക്കു നയിച്ചുവെന്നാണ്. പ്രധാനമന്ത്രിയുടേയും ധനകാര്യമന്ത്രിയുടേയും അവകാശവാദങ്ങളും പുറത്തുവന്നിട്ടുള്ള വസ്തുതകളും തമ്മിലുള്ള തീക്ഷ്ണമായ അന്തരത്തെ കുറിച്ചു പറയുന്നതിനു മുമ്പ്, സാമ്പത്തികവളർച്ച എന്ന ഈ ഊതിപ്പെരുപ്പിച്ച തട്ടിപ്പിനെ തുറന്നു കാട്ടേണ്ടതുണ്ട്. ആരുടെ വളർച്ചയെക്കുറിച്ചാണ് ഭരണകർത്താക്കളും മന്ത്രിമാരും പറയുന്നത്? ജനസംഖ്യയുടെ 1% വരുന്ന അതിസമ്പന്നരാണ് രാജ്യത്തിന്റെ സമ്പത്തിന്റെ 73 ശതമാനവും സ്വന്തമാക്കി വെച്ചിരിക്കുന്നതെന്നാണ് വസ്തുതകൾ കാണിച്ചുതരുന്നത്. മുകേഷ് അംബാനി എന്ന ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരൻ പ്രതിദിനം 300 കോടി രൂപയെന്ന നിരക്കിലാണ് പോയ വർഷം സമ്പാദിച്ചത്. മറുവശത്ത്, മതിയായ പോഷകാഹാരം ലഭിക്കാത്ത 194.6 ദശലക്ഷം അർദ്ധപട്ടിണിക്കാരായ ജനങ്ങളാണ് ഇന്ത്യയിലുള്ളത്. ലോകത്ത് അതിദാരിദ്ര്യത്തിൽ കഴിയുന്ന ജനങ്ങളുടെ എണ്ണത്തിൽ മൂന്നാമതും, ആഗോള പട്ടിണി സൂചികയിൽ 118 രാജ്യങ്ങളിൽ നൂറാം സ്ഥാനത്തും ആണ് നമ്മുടെ രാജ്യം. ഓരോ ദിവസവും വിവിധ വ്യവസായശാലകളിൽ അടച്ചുപൂട്ടൽ നോട്ടീസ് പ്രദർശിപ്പിക്കപ്പെടുന്നു. പുറത്താക്കപ്പെടുന്ന തൊഴിലാളികൾ മുഴുവൻ കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യുന്നു. ആയിരക്കണക്കിന് ഭൂരഹിതകർഷകർ തൊഴിൽ തേടി നഗരങ്ങളിലേക്ക് കുടിയേറുന്നു. അവർ, നഗരത്തിലെ തൊഴിൽരഹിതരുടേയും പുറത്താക്കപ്പെട്ട തൊഴിലാളികളുടേയും സൈന്യത്തോടൊപ്പം അണിചേർന്ന്, കുടിയേറ്റത്തൊഴിലാളികളായും ചിലപ്പോൾ അടിമവേലക്കാരായും ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് മാറിമാറിക്കഴിയുന്നു. അവസാനം തെരുവുയാചകരായി മാറുന്ന അവർ പട്ടികളേയും പൂച്ചകളേയും പോലെ തെരുവിൽ തന്നെ മരിച്ചുവീഴുന്നു. ഇതാണ് മുതലാളിത്ത ഇന്ത്യയിലെ യാഥാർത്ഥ്യം. അപ്പോൾ ആരുടെ വളർച്ചയാണ് ഇവിടെ ആഘോഷിക്കുന്നത്? ഒരു ശതമാനം വരുന്ന അതിസമ്പന്നരുടേയോ, അതോ പട്ടിണിക്കാരായ, തൊഴിൽരഹിതരായ, കൂരയില്ലാത്ത, ഉടുതുണിക്ക് മറുതുണിയില്ലാത്ത, അങ്ങേയറ്റം പാവപ്പെട്ടവരായ ലക്ഷക്കണക്കിന് ഇന്ത്യക്കാരുടേയോ? നേരത്തേ പറഞ്ഞ 1% അതിസമ്പന്നർ കൂടുതൽ സമ്പത്ത് സമാഹരിക്കുന്നു. 90% വരുന്ന ദേശവാസികൾ കൂടുതൽ ദരിദ്രരും ദുരിതമനുഭവിക്കുന്നവരുമായി മാറിക്കൊണ്ടിരിക്കുന്നു. ഈയൊരു സാഹചര്യത്തിൽ, വലിയ ആരാധനയോടെ വളർച്ചയുടെ കണക്കുകൾ പറയുന്നത്, ദരിദ്രരുടേയും ഇല്ലായ്മക്കാരുടേയും വർദ്ധിക്കുന്ന ദുരിതത്തിനു നേരേ നോക്കി കൊഞ്ഞനംകുത്തുകയല്ലാതെ മറ്റെന്താണ്? പക്ഷേ അപ്പോൾ ധനകാര്യമന്ത്രിയുടെ പക്കൽ ഒരു തകർപ്പൻ വാദമുണ്ട്. അദ്ദേഹം പറഞ്ഞത്, വളരെ ഉയർന്ന സാമ്പത്തികവളർച്ചയുണ്ടാകുമ്പോൾ വളരെയധികം തൊഴിലും സൃഷ്ടിക്കപ്പെടുമല്ലോ എന്നാണ്. അങ്ങനെയാണോ പ്രിയ ധനകാര്യമന്ത്രീ? താങ്കളുടെ ഈ അനുമാനം ശരിയാണെന്ന് താങ്കൾക്ക് ഉറപ്പുണ്ടോ? അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ് ‘തൊഴിലില്ലാ വളർച്ച’ എന്ന പദം ഇന്നത്തെ മുതലാളിത്തസമ്പദ്ഘടനയുടെ ഉപനാമമായി മാറിയത്?

പ്രൊവിഡന്റ് ഫണ്ട്  കണക്കുകൾ കാണിച്ച് തൊഴിൽസൃഷ്ടിയെക്കുറിച്ച്  പൊള്ളയായ അവകാശവാദമുയർത്തുന്നു

പക്ഷേ, അതു മാത്രമല്ല. തെറ്റിദ്ധാരണാജനകമായ ഒരു റിപ്പോർട്ട് ചൂണ്ടിക്കാട്ടി ഒരു അഭിമുഖത്തിൽ പ്രധാനമന്ത്രി വീമ്പിളക്കിയത്, 2018-ൽ 55 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു കൊണ്ട് തന്റെ സർക്കാർ ഉജ്ജ്വലമായ ജോലിയാണ് ചെയ്തതെന്നാണ്. ഇതു ശരിയാണോ? എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ കണക്കനുസരിച്ച്, 18-25 വയസ്സിലുള്ള 36.8 ലക്ഷം പുതിയ അംഗങ്ങളേയാണ് 2017-ൽ രജിസ്റ്റർ ചെയ്തത്. ഈ കണക്ക് വലിച്ചുനീട്ടിയാണ്, 2017-18 സാമ്പത്തികവർഷത്തിൽ 55.2 ലക്ഷം തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിച്ചുവെന്ന് പ്രധാനമന്ത്രി ധൈര്യമായി അവകാശപ്പെടുന്നത്. വളരെ വിശ്വസനീയമായ അവകാശവാദം തന്നെ, ഒരു സംശയവുമില്ല! ഇപിഎഫ്ഒ അംഗത്വം എന്നാൽ തൊഴിലിന്റെ ഔപചാരികവൽക്കരണമാണ്, അല്ലാതെ പുതിയ തൊഴിലിന്റെ സൃഷ്ടിയല്ല എന്നത് ആർക്കാണ് അറിയാത്തത്? തന്നെയുമല്ല, ഇരുപതോ അതിലധികമോ തൊഴിലാളികളുള്ള കമ്പനികളെയെല്ലാം ഇന്ന് ഇപിഎഫ് പദ്ധതിയുടെ പരിധിയിൽ കൊണ്ടുവന്നതിലൂടെ, പിഎഫിന്റെ അംഗസംഖ്യ വർദ്ധിച്ചിട്ടുണ്ട്. വിരോധാഭാസമെന്നു പറയാം, 2017ലെ ഒരു നിതി ആയോഗ് റിപ്പോർട്ട് നിരീക്ഷിക്കുന്നത് ഇങ്ങനെയാണ് – ‘ഇപിഎഫ്ഒ വിവരസഞ്ചയത്തിലേക്കുള്ള പുതിയ കൂട്ടിച്ചേർക്കലുകൾ പുതിയ ജോലികളെ പ്രതിനിധീകരിക്കണമെന്നില്ല. അതു കൊണ്ട്, തൊഴിൽശക്തിയുടെ ഔപചാരികവൽക്കരണത്തിന്റെ വ്യാപ്തി അളക്കുവാൻ മാത്രമേ അത് ഉപയോഗിക്കാൻ സാധിക്കൂ. പക്ഷേ അതിനും, ഔപചാരിക തൊഴിലാളി എന്നതിന് പുതിയ നിർവ്വചനം സ്വീകരിക്കുന്നത് ആവശ്യമായി വരും.’എന്താണിതിന് അർത്ഥം? ഇതിനർത്ഥം, സർക്കാരിന്റെ സ്വന്തം നിതി ആയോഗ് പോലും, ഇപിഎഫ്ഒയും അതുപോലെയുള്ള മറ്റ് ഭരണപരമായ വിവരസഞ്ചയത്തേയും ഉപയോഗിച്ച്, പുതിയ തൊഴിലുകൾ സൃഷ്ടിച്ചതിനെപ്പറ്റി അർത്ഥരഹിതമായ അവകാശവാദങ്ങളുയർത്തുന്നതിനെ തള്ളിക്കളഞ്ഞിരിക്കുകയാണ്. എന്നിട്ടു പോലും, ഇപിഎഫ്ഒ അംഗത്വത്തിന്റെ വർദ്ധന ചൂണ്ടിക്കാട്ടിയുള്ള, തെറ്റിദ്ധാരണ പരത്തുന്ന അവകാശവാദം ഇടക്കാലബജറ്റിലും ആവർത്തിക്കുകയാണ് ധനകാര്യമന്ത്രി – ‘രണ്ടു വർഷത്തിനിടക്ക് രണ്ടു കോടിയോളം തൊഴിലുകൾ വർദ്ധിച്ചിരിക്കുന്നത് സമ്പദ്‌വ്യവസ്ഥയുടെ ഔപചാരികവൽക്കരണത്തേയും തൊഴിൽ സൃഷ്ടിയേയും പ്രതിഫലിപ്പിക്കുന്നു.’ ഒരിക്കൽ കൂടി, പ്രസിദ്ധീകരിക്കപ്പെട്ട ഒരു റിപ്പോർട്ടിനെ നിഷേധിക്കുകയാണ് ധനകാര്യമന്ത്രി. ഇത്തവണ അത് പിഎഫ് അധികാരികളുടെ തന്നെയാണ്. സെപ്തംബർ-ഏപ്രിൽ കാലയളവിലെ അംഗത്വം ചേർക്കൽ കണക്ക്, നേരത്തേ കണക്കാക്കിയ 4.12 ദശലക്ഷത്തിൽ നിന്നും 3.73 ദശലക്ഷമായി ഇപിഎഫ്ഒ കുറച്ചത് കഴിഞ്ഞ മാസമാണ്.

മുദ്ര പദ്ധതിയുടെ യുക്തി

തൊഴിലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കെല്ലാം ബിജെപി സർക്കാരിനൊരു സ്ഥിരം മറുപടിയുണ്ട്. സ്വയംതൊഴിൽ മേഖലയിൽ തിളങ്ങുന്ന പുരോഗതി ഉണ്ടായിരിക്കുന്നു എന്നതാണത്. വൻതോതിൽ മുദ്ര (ങഡഉഞഅ-മൈക്രോ യൂണിറ്റ്‌സ് ഡെവലപ്പ്‌മെന്റ് ആന്റ് റീഫൈനാൻസ് ഏജൻസി) വായ്പകൾ ആവശ്യക്കാർക്ക് വിതരണം ചെയ്തതാണത്രേ ഇതിന്റെ സൂചകം. പ്രധാനമന്ത്രിയുടെ പല്ലവി തന്നെ ഏറ്റുപാടിക്കൊണ്ട് ഇടക്കാലബജറ്റിൽ ധനകാര്യമന്ത്രിയും ആവർത്തിക്കുന്നത്, ബിജെപി സർക്കാരിന്റെ മുദ്ര, സ്റ്റാർട്ടപ്പ് ഇന്ത്യ, സ്റ്റാന്റപ്പ് ഇന്ത്യ പദ്ധതികളിലൂടെ ‘തൊഴിലന്വേഷകർ തൊഴിൽദായകരായിരിക്കുന്നുഎന്നാണ്. മുദ്ര യോജനയിലൂടെ 7,23,000 കോടി രൂപയോളം വരുന്ന 15.56 കോടി വായ്പകൾ വിതരണം ചെയ്തു കഴിഞ്ഞതായും അദ്ദേഹം പരാമർശിച്ചു. വീണ്ടും കൊടിയ വഞ്ചന നമുക്കു കാണാവുന്നതാണ്. സ്റ്റാർട്ടപ്പ് എന്നത് പുതിയ കാര്യമല്ല. വെഞ്ച്വർ ക്യാപ്പിറ്റൽ (സംരഭകത്വ മൂലധനം) പദ്ധതിക്കു പുതിയ പേരു നൽകുക മാത്രമാണിവിടെ. രണ്ടാമതായി, മുദ്രക്കു കീഴിലുള്ള 90% വായ്പകളുടേയും ഏകദേശ വലിപ്പം വെറും 23000 രൂപ മാത്രമാണെന്നാണ് അറിയുന്നത്. ഒരു പുതിയ തൊഴിൽദായക സംരംഭം ആരംഭിക്കാൻ ഈ തുക മതിയാവുന്നതാണോ? അതും കുത്തകകളും വൻകിട മൂലധനവും മേധാവിത്വം പുലർത്തുന്ന ഒരു ചുറ്റുപാടിൽ. ബിജെപി അധ്യക്ഷൻ അമിത് ഷാ ഒരിക്കൽ അവകാശപ്പെട്ടത്, 10 ലക്ഷം രൂപയുടെ, ഏഴു കോടിയിലധികം മുദ്ര വായ്പകൾ ലഭ്യമാക്കിയെന്നാണ്. എന്നാൽ റിസർവ്വ് ബാങ്ക് നൽകുന്ന വിവരമനുസരിച്ച്, 2015-16ലും 2016-17ലും (മുദ്രക്കു ശേഷം) വായ്പാ വളർച്ച യഥാക്രമം 20 ശതമാനവും 7.7 ശതമാനവും ആയിരുന്നു എന്നാണ്. അതായത്, ഒരേ പോലെയോ അല്ലെങ്കിൽ മുദ്രക്കു മുമ്പുണ്ടായിരുന്നതിനേക്കാൾ കുറഞ്ഞ അളവിലോ. ഇത് പുതിയ പദാവലിയിൽ അവതരിപ്പിക്കാനുള്ള ഒരു ഭാവനാവിലാസം മാത്രമാണ് അമിത് ഷാ ഇവിടെ പ്രകടിപ്പിക്കുന്നത്. ഇതേ അമിത്ഷാ തന്നെയാണ്, 2014-ലെ തെരഞ്ഞെടുപ്പ് പൂർവ വാഗ്ദാനങ്ങൾ പലതും തെരഞ്ഞെടുപ്പു തന്ത്രങ്ങൾ മാത്രമായിരുന്നു എന്ന് സമ്മതിച്ചത്. അപ്പോൾ, പുതിയ തൊഴിലുകൾ സൃഷ്ടിക്കുന്നതിനെക്കുറിച്ചും തൊഴിലില്ലായ്മാ പ്രശ്‌നത്തെ ഫലപ്രദമായി കൈകാര്യം ചെയ്തതിനെക്കുറിച്ചുമുള്ള ബിജെപി സർക്കാരിന്റെ വാചാടോപമൊക്കെ അങ്ങേയറ്റത്തെ കുതന്ത്രമല്ലാതെ മറ്റൊന്നുമല്ല. 2018 ജൂലൈയിൽ പ്രധാനമന്ത്രി മോദി പറഞ്ഞത്, പ്രശ്‌നം ജോലികൾ ഇല്ലാത്തതല്ല, മറിച്ച് ജോലികളെ സംബന്ധിച്ച വിവരം ലഭ്യമല്ലാത്തതാണെന്നാണ്. ലഭ്യമല്ലാത്തത് വിവരമല്ല, യഥാർത്ഥ തൊഴിൽ തന്നെയാണ്.

യഥാർത്ഥ തൊഴിൽ എന്നാൽ ഉദ്ദേശിക്കുന്നതെന്ത്?

ഭരണകൂടം ഇവിടെ ജോലിയെക്കുറിച്ചോ തൊഴിലിനെക്കുറിച്ചോ പറയുമ്പോൾ അവർ സ്ഥിരവരുമാനമുള്ള ഒരു ജോലി ഉദ്ദേശിക്കുന്നില്ല എന്നത് ഇവിടെ പ്രത്യേകം എടുത്തു പറയേണ്ടതാണ്. സ്വയംതൊഴിലൊക്കെപ്പോലെ പരമ്പരാഗതമല്ലാത്ത രീതികളിലൂടെ ധാരാളം ജോലികൾ ഇവിടെ സൃഷ്ടിച്ചു എന്നൊക്കെ പ്രധാനമന്ത്രി അവകാശവാദമുന്നയിക്കുമ്പോൾ, അദ്ദേഹം സൗകര്യപൂർവ്വം മറച്ചുവെക്കുന്ന ഒരു പ്രധാനവസ്തുതയുണ്ട്. എല്ലാത്തരം പ്രവൃത്തികളേയും തൊഴിൽ എന്നു വിളിക്കാൻ സാധിക്കില്ല. ഒരു ബിരുദാനന്തരബിരുദധാരി ‘ഒല’ ടാക്‌സി ഡ്രൈവറുടെ ജോലി സ്വീകരിക്കുകയെന്നതിന്റെ അർത്ഥം അയാൾ അത്രമേൽ തൊഴിൽരഹിതനാണെന്നാണ്. അതുപോലെതന്നെ, കുപ്പ പെറുക്കുന്നതും ഒരു ജോലിയായി അധികാരികൾ കാണുകയാണെങ്കിൽ, തങ്ങളുടെ വാദത്തിന്റെ അർത്ഥശൂന്യതയാണ് അവർ കാണിക്കുന്നത്. ദിവസക്കൂലിക്കാരനായ ഒരു തൊഴിലാളിയുടേതൊ, ദയനീയമാംവിധം കുറഞ്ഞ കൂലിക്കുള്ള കരാർ നിയമനമോ, ഒരു തൊഴിലല്ല. അച്ഛനും അമ്മയും മകനും മകളുമെല്ലാം 16-17 മണിക്കൂർ വരെയൊക്കെ കഠിനജോലികളിൽ പണിയെടുക്കുന്ന ദുരവസ്ഥയുള്ള അനവധി കുടുംബങ്ങളുണ്ട്. അച്ഛൻ ഒരു നിർമാണസ്ഥലത്ത് സഹായിയായി ദിവസക്കൂലിക്കു പണിയെടുക്കുന്നുണ്ടാവും. അമ്മയും മകളും വീട്ടുജോലിക്കാരായി പണിയെടുക്കുമ്പോൾ മകൻ ചായക്കടയിൽ പണിക്കാരനായിരിക്കും. എന്നിട്ടും രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അവരേക്കൊണ്ടു കഴിയുന്നുണ്ടാവില്ല. ഈ കഠിനജോലിയെ ഒരു തൊഴിൽ എന്നാണോ, അതോ ജീവൻ നിലനിർത്താനുള്ള അങ്ങേയറ്റത്തെ അദ്ധ്വാനമെന്നാണോ ഒരാൾ വിളിക്കേണ്ടത്? അപ്പോൾ, തൊഴിലില്ല എന്നു ഞങ്ങൾ പറയുമ്പോൾ, ശരിയായ ജീവനോപാധി ഇല്ല എന്നാണ് ഞങ്ങൾ അർത്ഥമാക്കുന്നത്.

ഈ ചോദ്യങ്ങൾക്കൊക്കെ ഉത്തരം പറയാനുള്ള മനസ്സ് താത്കാലിക ധനകാര്യമന്ത്രിക്ക് ഉള്ളതായി തോന്നിയില്ല. യഥാർത്ഥ തൊഴിൽ ജനങ്ങൾക്കു നൽകുവാനുള്ള ഉറച്ച നടപടികൾ എടുക്കുന്നതിൽ നിന്നും സർക്കാരിനെ തടയുന്നതെന്ത് എന്നും വ്യക്തമാക്കേണ്ട ആവശ്യകതയുള്ളതായി അദ്ദേഹം കരുതുന്നില്ല. മരണാസന്ന മുതലാളിത്തത്തിന്റെ ഈ ഘട്ടത്തിൽ, ഗ്രാമത്തിലോ നഗരത്തിലോ ആവശ്യമായ എണ്ണം യഥാർത്ഥതൊഴിൽ സൃഷ്ടിക്കുവാൻ സാധ്യമല്ല എന്നത് സത്യമാണ്. എന്നാൽപ്പോലും, ജനങ്ങളെ സംബന്ധിക്കുന്ന പ്രാഥമികമായ ഉത്കണ്ഠയെങ്കിലും സർക്കാരിന് ഉണ്ടായിരുന്നുവെങ്കിൽ, പൊതുമേഖലയിൽ തൊഴിലാധിക്യ വ്യവസായങ്ങൾ തുടങ്ങി, കുറച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ഇപ്പോഴത്തെ ബിജെപി സർക്കാർ അടക്കമുള്ള ബൂർഷ്വാ സർക്കാരുകൾ നേരേ എതിർദിശയിലാണ് സഞ്ചരിക്കുന്നത്. സ്വകാര്യവൽക്കരണത്വരയിൽ ആണ് അവർ. ചുരുങ്ങിയ മനുഷ്യശേഷി മാത്രം ആവശ്യമുള്ള ചില മൂലധനാധിക്യവ്യവസായങ്ങൾ ആരംഭിക്കുന്നതിനെയാണ് അവർ പ്രോൽസാഹിപ്പിക്കുന്നത്. കൂടാതെ, അസംബന്ധവാദങ്ങളിലൂടെ തൊഴിൽരഹിതരായവരുടെ വിഷമത്തെ പരിഹസിക്കാൻ അവർക്ക് യാതൊരു മനഃസാക്ഷിക്കുത്തുമില്ല. വഴിയരികിൽ പക്കോഡ വിൽക്കുന്നതും ഒല, ഊബർ ടാക്‌സി ഡ്രൈവർമാരാകുന്നതുമെല്ലാം തൊഴിലിനോട് തുല്ല്യമാക്കിയിരിക്കുകയാണ് നമ്മുടെ പ്രധാനമന്ത്രി. പക്ഷേ, ഇതൊക്കെ ഒരു ഔപചാരിക സമ്പദ്ഘടനയിൽ ജോലികളാണോ അതോ, നിവൃത്തിയില്ലാതെ ജീവിതം നിലനിർത്താനായി സ്വീകരിക്കേണ്ടി വരുന്ന വഴികളോ? ഈ താത്കാലിക ചുമതലയുള്ള ധനകാര്യമന്ത്രി തന്നെ ഏതാനും മാസം മുമ്പ് ലജ്ജയില്ലാതെ അഭിപ്രായപ്പെട്ടത്, ജനങ്ങൾക്ക് ജോലിയുണ്ട് പക്ഷേ അവർ കൂടുതൽ മെച്ചപ്പെട്ട ജോലിയാണ് ആഗ്രഹിക്കുന്നത് എന്നാണ്. ഇത്തരം അഭിപ്രായപ്രകടനങ്ങളിലൂടെ, പ്രധാനമന്ത്രിയും സഹപ്രവർത്തകരും ജനങ്ങൾക്കു മുന്നിൽ പരിഹാസപാത്രങ്ങളായി മാറുകയാണ്. ജനങ്ങളുടെ ദുരിതത്തെ അവഹേളിക്കുന്നതിൽ നിന്നും അവർ എങ്ങനെ ആനന്ദം കണ്ടെത്തുന്നു എന്നും ഇത് കാട്ടിത്തരുന്നു. ഈ തീക്ഷ്ണയാഥാർത്ഥ്യത്തെ മറച്ചുപിടിക്കുന്നതിനായി, മരണാസന്ന മുതലാളിത്തത്തിൽ അനിവാര്യമാകുംവിധം, ഭരിക്കുന്ന ബിജെപിയും ആർഎസ്എസ്സും, ഹിന്ദു വർഗീയതയെ കുത്തിയിളക്കുവാനായി അയോധ്യയിലെ രാമക്ഷേത്രപ്രശ്‌നം പൊടിതട്ടിയെടുത്തുകൊണ്ടും സംവരണ കാർഡ് ഉയർത്തിക്കൊണ്ടും കളിക്കുകയാണ്.

രൂക്ഷമായ വിലക്കയറ്റം  ബജറ്റിൽ മൂടിവെച്ചിരിക്കുന്നു

ജനജീവിതത്തിൽ ദുരിതം വിതയ്ക്കുന്ന മറ്റൊരു പ്രശ്‌നമാണ് അനിയന്ത്രിതമായ വിലക്കയറ്റം. വരുമാനമാർഗങ്ങൾ അടഞ്ഞ് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങൾക്ക്, അവശ്യസാധനങ്ങളുടെ ഭീമമായ വിലക്കയറ്റം അങ്ങേയറ്റം അസഹനീയമാകുന്നു. എന്നാൽ ഈ യാഥാർത്ഥ്യം അംഗീകരിക്കുവാൻ സർക്കാരോ അവർക്കു വിധേയരായ സ്ഥിതിവിവരക്കണക്കുകാരോ തയ്യാറാവുന്നില്ല. പകരം, പണപ്പെരുപ്പം താഴേക്കു പോകുന്നു വെന്നും കാണിക്കുവാൻ വേണ്ടി അവർ വസ്തുതകൾ തോന്നിയതു പോലെ തിരുത്തുന്നു. ഇടക്കാലബജറ്റ് അവകാശപ്പെടുന്നത്, ശരാശരി പണപ്പെരുപ്പം 4.6 ശതമാനത്തിലേക്ക് കുറച്ചുകൊണ്ടു വന്നിരിക്കുന്നുവെന്നാണ്. ഇത് മറ്റേതൊരു സർക്കാരിന്റെയും കാലയളവിനിടയിലെ പണപ്പെരുപ്പത്തേക്കാളും കുറവാണത്രേ. വസ്തുനിഷ്ഠയാഥാർത്ഥ്യത്തെ അയഥാർത്ഥമാക്കി തീർക്കുന്ന ഈ കണക്കുകൂട്ടൽ മായാജാലം എന്താണെന്ന് നമുക്ക് അറിയില്ല.

ഇതുവരെ നമുക്ക് അറിയാവുന്നത്, മൊത്തവ്യാപാര വിലസൂചികയുടെ ചലനമാണ് പണപ്പെരുപ്പം കണക്കാക്കാൻ ഉപയോഗിക്കുന്ന ഘടകങ്ങളിൽ ഒന്ന് എന്നാണ്. 2017-ൽ സർക്കാർ മൊത്തവിലസൂചികയെ പരിഷ്‌കരിച്ചു കൊണ്ട് അടിസ്ഥാനവർഷം 2004-05 ൽ നിന്നും 2011-12 ലേക്ക് മാറ്റിയിരുന്നു. കൂടാതെ ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പത്തിന്റെ നിരക്ക് കണക്കിലെടുക്കാൻ വേണ്ടി ഒരു ഭക്ഷ്യമൊത്തവ്യാപാര സൂചിക കൂട്ടിച്ചേർത്തു. അതിനോടകം മൊത്തവ്യാപാരസൂചികാ പരമ്പര ആറു പരിഷ്‌ക്കരണങ്ങൾക്കു വിധേയമായിട്ടുണ്ടായിരുന്നു. പുതിയ അടിസ്ഥാനവർഷം കൂടാതെ, ഉത്പന്നങ്ങളുടെ പട്ടികയിലും നിശ്ചയിക്കപ്പെട്ട തൂക്കത്തിലും മാറ്റങ്ങളുണ്ടായി. 199 പുതിയ ഉത്പന്നങ്ങൾ കൂട്ടിച്ചേർക്കുകയും 146 എണ്ണം ഒഴിവാക്കപ്പെടുകയും ചെയ്തിരിക്കുന്നു. പുതിയ മൊത്തവിലസൂചിക പട്ടികയിൽ, കണക്കുകൂട്ടലിന് ഉപയോഗിക്കപ്പെടുന്ന വിലയിൽ, ധനനയത്തിന്റെ സ്വാധീനം മാറ്റിനിർത്തുവാനായി പരോക്ഷനികുതികൾ ഒഴിവാക്കപ്പെട്ടിരിക്കുന്നു. പക്ഷേ, ഉപഭോക്താവ് ഉത്പന്നം വാങ്ങേണ്ട അന്തിമവിലയിൽ ഈ പരോക്ഷനികുതികൾ ഉൾപ്പെട്ടിരിക്കുന്നുതാനും. രണ്ടാമതായി, വ്യാപകമായ കൃത്രിമവും പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും മൂലം മൊത്തവ്യാപാരവിലയും ചില്ലറവിൽപ്പനവിലയും തമ്മിൽ വലിയ അന്തരമുണ്ട്. അപ്പോൾ, മുൻകരുതലുള്ള സാമ്പത്തികനയങ്ങൾ മൂലം പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കി എന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്.

ഇതു കൂടാതെ, അതിഭീമമായ തുകയുടെ കള്ളപ്പണം ചംക്രമണത്തിലുണ്ടെന്നത് ആർക്കാണ് അറിയാത്തത്. മുതലാളിത്ത സാമ്പത്തികഘടനയുടെ പ്രവർത്തനരീതിയെക്കുറിച്ച് അറിയാവുന്ന ഏതൊരാൾക്കുമറിയാം, അത് ഓരോ ദിനവും കള്ളപ്പണത്തിനു ജന്മം കൊടുത്തു കൊണ്ടിരിക്കുകയാണെന്ന്. വൻകുത്തകകളും വ്യവസായികളും അവരുടെ ശിങ്കിടികളും പ്രബലരായവരും തങ്ങളുടെ യഥാർത്ഥ വരുമാനം മറച്ചുവെച്ച്, ശിക്ഷാഭീതിയേതുമില്ലാതെ നിയമം ലംഘിച്ച് നികുതി വെട്ടിക്കുന്നു. ഈ ഭീമൻ കള്ളപ്പണം, ചംക്രമണത്തിലുള്ള ഉൽപ്പന്നങ്ങൾക്കു പിന്നാലെ പായുകയും വില ഉയർത്തുകയും ചെയ്യുന്നു. ഭരണമുതലാളിവർഗത്തിന്റെ കൂലിക്കാരായ മന്ത്രിമാരും നേതാക്കളും സാമ്പത്തികവിശാരദന്മാരും, മറച്ചുവെച്ചിരിക്കുന്ന ഈ ഘടകത്തെ ജനങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തുകയില്ല. തങ്ങൾ കള്ളപ്പണം വീണ്ടെടുക്കാനായി പൊരുതുകയാണെന്ന്, മാധ്യമങ്ങളുടെ വെള്ളിവെളിച്ചത്തിൽ മാത്രം മന്ത്രിമാരും ഭരണകക്ഷിനേതാക്കളും അവകാശപ്പെടും. എന്നാൽ ഈ അവകാശവാദങ്ങളെല്ലാം പൊള്ളയാണ്. ഇടക്കാലബജറ്റു തന്നെ വീമ്പിളക്കുന്നത്, 1,30,000 കോടിയുടെ വെളിപ്പെടുത്താത്ത വരുമാനം നികുതിക്കു കീഴിൽ കൊണ്ടുവന്നു, 50,000 കോടി രൂപയോളം മതിപ്പുള്ള സ്വത്തുക്കൾ പിടിച്ചെടുത്തു, പണമായി വൻതുകകൾ കൈവശം സൂക്ഷിച്ചിരുന്നവർക്ക് തങ്ങളുടെ സമ്പത്തിന്റെ ഉറവിടം വെളിപ്പെടുത്തേണ്ടി വന്നു, എന്നൊക്കെയാണ്. എന്നാൽ തെളിവുകളുടെ പിൻബലമില്ലാത്ത, വെറും പ്രഖ്യാപനങ്ങൾ മാത്രമാണിവ. ഏറെ കൊട്ടിഘോഷിച്ച നോട്ടുനിരോധന നീക്കത്തിനു ശേഷം, പിൻവലിച്ച കറൻസി ഏകദേശം മുഴുവനും ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ടു കഴിഞ്ഞു. അപ്പോൾ അഴിമതിയുടേയും കള്ളപ്പണത്തിന്റെയും പിടി തകർക്കുവാനായിരുന്നു ആ നടപടി എന്ന് ഉച്ചത്തിൽ മുഴക്കിയ പ്രഖ്യാപനം വെറും പൊള്ളയാണെന്നും തെളിയിക്കപ്പെട്ടിരിക്കുന്നു. മുഖ്യധാരാ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്, നോട്ടുനിരോധനത്തിന് കള്ളപ്പണം ഇല്ലാതാക്കുക എന്ന അതിന്റെ മുഖ്യലക്ഷ്യം കൈവരിക്കാൻ സാധിച്ചില്ലയെന്നു മാത്രമല്ല, വരുമാനം വെട്ടിക്കുറച്ച് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥക്കു തന്നെ കാതലായ നാശം അത് സൃഷ്ടിച്ചു. ഈ ബൂർഷ്വാ പാർലമെന്ററി കക്ഷികൾക്കോ അവരുടെ സർക്കാരുകൾക്കോ, വമ്പൻ വ്യവസായികളും ആത്മാർത്ഥതയില്ലാത്ത കച്ചവടക്കാരും ഊഹക്കച്ചവടക്കാരും റിയൽ എസ്റ്റേറ്റ് ഭീമന്മാരും ഒക്കെ അടങ്ങുന്ന കള്ളപ്പണക്കാർക്കെതിരേ ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്ന് ഏതൊരു സാധാരണക്കാരനുമറിയാം. എന്തു കൊണ്ടാണത്? കാരണം, ഇതേ കള്ളപ്പണസൂക്ഷിപ്പുകാർ തന്നെയാണ് ഈ പറഞ്ഞ കക്ഷികളുടെ പ്രധാനരക്ഷാധികാരികൾ. അവർ തന്നെയാണ് പിന്നിൽ നിന്നും ചരടുകൾ വലിച്ച് അവരെ അധികാരത്തിലേറ്റുകയോ അധികാരത്തിന്റെ ഇടനാഴികളിൽ നിലനിർത്തുകയോ ചെയ്യുന്നത്.
അനിയന്ത്രിതമായ വിലക്കയറ്റം സൃഷ്ടിക്കുന്ന മറ്റൊരു ഘടകമാണ് ബജറ്റ് കമ്മി നികത്തുന്നതിനായി മാത്രം പുതിയ കറൻസി നോട്ടുകൾ അച്ചടിച്ചിറക്കുന്നത്. ഇതും വളരെ ഗോപ്യമായി സൂക്ഷിക്കുന്ന ഒരു രഹസ്യമാണ്. കറൻസിനോട്ടുകളുടെ ഈ വർദ്ധിച്ച വിതരണവും പണപ്പെരുപ്പത്തെ കുത്തനെ കൂട്ടുന്ന ഒന്നാണ്. അതുകൊണ്ട്, ധനകാര്യമന്ത്രിയോ മറ്റ് ഭരണവൃത്തങ്ങളോ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനെക്കുറിച്ചോ, കള്ളപ്പണത്തിനെതിരായ നിയമം, പിടികിട്ടാപ്പുള്ളികളായ കുറ്റവാളികൾക്കെതിരേയുള്ള നിയമം എന്നിവയൊക്കെ ചൂണ്ടിക്കാട്ടി കള്ളപ്പണത്തിനെതിരായ നടപടികളെടുത്തതിനെക്കുറിച്ച് സംസാരിക്കുന്നത് വെറും കപടനാട്യം മാത്രമാണ്.

തകർന്ന കർഷകരോടുള്ള  കരുണ

എല്ലാ ബജറ്റിലും, ഭരണത്തിലിരിക്കുന്ന സർക്കാരുകൾ രാജ്യത്തെ വോട്ടർമാരിലെ ഏറ്റവും വലിയ വിഭാഗമായ കർഷകരുടെ ദുരവസ്ഥയെക്കുറിച്ച് മുതലക്കണ്ണീർ ഒഴുക്കാറുണ്ട്. ഓരോ തവണയും കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ മുതലാളിത്തസർക്കാരുകൾ ആവേശത്തോടെ ചില സൗജന്യങ്ങളും ഔദാര്യങ്ങളും – ദുരിതമനുഭവിക്കുന്ന കർഷകർ അതാണ് അർഹിക്കുന്നതെന്ന മട്ടിൽ, ഉറക്കെ പ്രഖ്യാപിക്കാറുമുണ്ട്. എന്നാൽ അടുത്ത ബജറ്റ് വരുമ്പോൾ കാണുന്നത്, ഈ പ്രഖ്യാപനങ്ങൾ പലതും കടലാസിൽ തന്നെ ഒതുങ്ങുന്നതാണ്. കർഷകരുടെ യഥാർത്ഥ പ്രശ്‌നങ്ങൾ പരിഗണിച്ച് ആശ്വാസം നൽകാത്തതു മൂലം അവരുടെ കഷ്ടപ്പാടുകൾ പലമടങ്ങ് വർദ്ധിച്ചിരിക്കുകയാണ്. ജനസംഖ്യയുടെ 80% കൃഷിയെ ആശ്രയിക്കുന്ന ഈ രാജ്യത്തെ കർഷകസമൂഹത്തിന്റെ ദുരിതങ്ങളുടെയും ദൈന്യതയുടെയും മേലെ നടത്തുന്ന ക്രൂരമായ പരിഹാസമാവുകയാണ് തുടരുന്ന ഈ നാടകം. 2022 – ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണ് ഉത്സാഹത്തോടെ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. അത് ഈ ഇടക്കാല ബജറ്റ് ആവർത്തിക്കുകയും ചെയ്തു. പക്ഷേ എങ്ങനെ? അതാണ് ഏറ്റവും വിലപിടിച്ച ചോദ്യം.
ഇതിന് ഉത്തരം തേടി സർക്കാരിലോ, ഇടക്കാലബജറ്റിന്റെ താളുകളിലോ ഒരാൾ തിരഞ്ഞാൽ ആവർത്തിക്കുന്ന മൂന്നു സ്ഥിരം ഉത്തരങ്ങളാണ് സർക്കാരിന്റേതായി കാണുക. ഒന്നാമതായി കുറഞ്ഞ താങ്ങുവില ഉയർത്തുക. രണ്ടാമതായി സമഗ്ര വിള ഇൻഷുറൻസ് നൽകുക. മൂന്നാമതായി കൂടുതൽ വ്യവസ്ഥാപിത വായ്പകളുടെ ലഭ്യത കർഷകർക്ക് ഉറപ്പാക്കുക. ഇടക്കാലബജറ്റ് ഒരു പദ്ധതിയെക്കുറിച്ചു കൂടി പറയുന്നു – പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി’. ഇതിന്റെ കീഴിൽ, രണ്ട് ഹെക്ടർ വരെ കൃഷിയോഗ്യമായ ഭൂമിയുള്ള കർഷകകുടുംബങ്ങൾക്ക് വർഷം 6,000 രൂപ വീതം നേരിട്ടുള്ള സാമ്പത്തികസഹായം ബാങ്ക് അക്കൗണ്ടിലേക്ക് നൽകും.
ആദ്യം നമുക്ക് കുറഞ്ഞ താങ്ങുവിലയെടുക്കാം. ഇടക്കാലബജറ്റിൽ ധനകാര്യമന്ത്രി അവകാശപ്പെടുന്നത്, ചരിത്രത്തിലാദ്യമായി അദ്ദേഹത്തിന്റെ സർക്കാരാണ് 22 വിളകളുടെ കുറഞ്ഞ താങ്ങുവില ചെലവിന്റെ 50 ശതമാനത്തിലേറെയായി നിശ്ചയിച്ചതത്രേ. ഇക്കഴിഞ്ഞ ലക്കത്തിലടക്കം പലപ്പോഴും ഇതിലെ ചതി ഞങ്ങൾ തുറന്നു കാട്ടിയതാണ്. ഈ സാഹചര്യത്തിൽ രണ്ട് കാര്യങ്ങൾ ആവർത്തിക്കട്ടെ. ആദ്യമായി, ഈ 50% കൂടുതൽ എന്നത്, ഉത്പാദനച്ചെലവിന്റെ ശരാശരിയുടെ ഒരു ഭാഗം മാത്രമാണ്, മുഴുവനും അല്ല. കുറഞ്ഞ താങ്ങുവില കണക്കാക്കാൻ ഉപയോഗിക്കുന്ന ഈ ഭാഗത്തിൽ, വിത്ത്, വളം, കൂലിച്ചെലവ്, ഇന്ധനം, ജലസേചനം, കീടനാശിനി, എല്ലാത്തിനുമുപരിയായി, കാർഷികപ്രക്രിയയിൽ ഉൾപ്പെട്ട കുടുംബാംഗങ്ങളുടെ കൂലിയില്ലാ വേലയുടെ കണക്കാക്കപ്പെട്ട മൂല്യവും അടക്കമുള്ള ചെലവുകൾ ഉൾപ്പെടുന്നു. പക്ഷേ ഉത്പാദനച്ചെലവിന്റെ പകുതിയോളം വരുന്ന, തറപ്പാട്ടം കണക്കാക്കപ്പെടുന്ന മൂല്യം, പ്രവർത്തന-സ്ഥിര മൂലധനത്തിന്റെ പലിശ തുടങ്ങിയവ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. രണ്ടാമതായി, കുറഞ്ഞ താങ്ങുവിലയെക്കുറിച്ച് ഏറെ ഒച്ചപ്പാട് ഉണ്ടാക്കുമ്പോഴും, ഏറ്റവും നിഷ്ഠുരമായ സംഭരണസംവിധാനത്തെക്കുറിച്ച് ഒറ്റ വാക്കു പോലും മിണ്ടുന്നില്ല. ആ സംവിധാനമാകട്ടെ, ദരിദ്രകർഷകരിൽ നിന്നും എല്ലാ അർത്ഥത്തിലും അപഹരിക്കാൻ മാത്രമല്ല, കൊള്ളയടിക്കാനുമായി സജ്ജമാക്കപ്പെട്ടതാണ്. ഏറെ ഘോഷിക്കപ്പെടുന്ന സർക്കാർ സംവിധാനം ഏറെക്കുറെ പ്രവർത്തനരഹിതമാണെന്നും, ഭരണാധികാരികൾ – ഗ്രാമീണദല്ലാളന്മാർ – പഞ്ചായത്ത് ഭാരവാഹികൾ – അരി മിൽ – കോൾഡ് സ്റ്റോറേജ് ഉടമകൾ – ഭരണകക്ഷി നേതാക്കൾ തുടങ്ങിയവരുടെ അഴിമതി നിറഞ്ഞ അവിശുദ്ധ സഖ്യം വിളകളുടെ ഭൂരിഭാഗവും തുച്ഛവിലയ്ക്ക് ഉപായത്തിൽ തരപ്പെടുത്തുകയാണെന്നും ആർക്കാണ് അറിയാത്തത്? കിലോക്ക് വെറും 5 പൈസ വിലയ്ക്ക് ഉള്ളി വിൽക്കാൻ മടിച്ച, മഹാരാഷ്ട്രയിലെ നാസിക്കിലെ രോഷാകുലരായ കർഷകർ, തങ്ങളുടെ വിളവ് അപ്പാടെ പാടത്തേക്ക് തന്നെ വലിച്ചെറിഞ്ഞതും, തെരുവ് പശുക്കൾ സുഭിക്ഷമായി അത് തീറ്റയാക്കിയതുമായ വാർത്ത, കഴിഞ്ഞ ദിനങ്ങളിൽ നാം കണ്ടതാണ്. മഹാരാഷ്ട്രയിലേയും രാജസ്ഥാനിലേയും ഉത്തർപ്രദേശിലേയും പശ്ചിമബംഗാളിലേയും തമിഴ്‌നാട്ടിലേയും മറ്റു സംസ്ഥാനങ്ങളിലേയും മനസ്സുമടുത്ത, രോഷാകുലരായ കർഷകർ സമാനമായ രീതിയിൽ പ്രവർത്തിക്കുന്നതും നേരത്തേ നാം കണ്ടു.
സർക്കാർ 22 വിളകൾക്ക് കുറഞ്ഞ താങ്ങുവില പ്രഖ്യാപിച്ചു എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, ഈ വിലയ്ക്ക് എന്തെങ്കിലും സംഭരണം സർക്കാർ തലത്തിൽ ഇന്ന് ഉണ്ടാകുന്നുവെങ്കിൽ അത് അരിക്കും ഗോതമ്പിനും മാത്രമാണെന്ന് ഇതുമായി ബന്ധപ്പെട്ട എല്ലാവർക്കുമറിയാം. ഈ സർക്കാർ സംവിധാനത്തിൽ എത്തിപ്പെടാൻ സാധിക്കുന്ന കർഷകർക്ക് പലപ്പോഴും, വിളകൾ എന്നു വാങ്ങും എന്ന തീയതിയെഴുതിയ (അത് ഒരു മാസത്തിനു ശേഷമാവും) ഒരു ടോക്കൺ ആകും നൽകുക. അപ്പോൾ കർഷകർക്ക് തങ്ങളുടെ വിളവ് തിരികെ കൊണ്ടുപോയി, അത്രയും കാലം വീട്ടിൽ സൂക്ഷിച്ച് വീണ്ടും തിരിച്ചു കൊണ്ടുവരേണ്ടിവരും. എന്നാൽപ്പോലും ടോക്കണിൽ പറഞ്ഞ തീയതിയിൽ അത് വാങ്ങണമെന്നില്ല. വീണ്ടും മാറ്റിവെക്കാം. എത്ര ദരിദ്രകർഷകർക്ക് ഇതുപോലെ പലതവണ അങ്ങോട്ടുമിങ്ങോട്ടുമുള്ള കടത്തുകൂലിയും സൂക്ഷിപ്പുചിലവും താങ്ങാനാകും? തന്നെയുമല്ല, ഈ തടസ്സങ്ങളെല്ലാം സഹിച്ച്, തങ്ങളുടെ വിളവ് സർക്കാർ സംവിധാനത്തിനു വിറ്റാലും, ലഭിക്കുന്ന ചെക്കിൽ നിന്നും പണം ലഭിക്കാൻ മാസങ്ങളെടുക്കും. അങ്ങനെ വരുമ്പോൾ, നേരത്തെ പറഞ്ഞ, അഴിമതിയിൽ മുങ്ങിയ അവിശുദ്ധസഖ്യത്തിനോ, ഇടനിലക്കാർക്കോ, കിട്ടുന്ന വിലയ്ക്ക് വിളകൾ വിറ്റൊഴിവാക്കാൻ അവർ നിർബ്ബന്ധിതരാകുന്നു. മനഃസാക്ഷിയില്ലാത്ത അരിമില്ലുടമകളാകട്ടെ, അഴിമതിക്കാരായ ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ച്, കടലാസിൽ 40 കിലോയുടെ വിൽപ്പന കാണിച്ചുകൊണ്ട് 30 കിലോയുടെ വിലയാകും കർഷകനു കൊടുക്കുക. ഈ ഒറ്റത്തവണ വാങ്ങലിനെ 5 തവണയെങ്കിലും കൈമറിയുന്നതായി കണക്കിൽ കാണിച്ചുകൊണ്ട് അവർ വില പിന്നീട് ഊതിപ്പെരുപ്പിക്കുന്നു. ഈ മില്ലുടമസ്ഥർ തന്നെ രഹസ്യമായി കുമ്പസാരിക്കുന്നത്, സംഭരണ ഓഡിറ്റ് എന്ന സമ്പ്രദായം ഇല്ലാത്തതുകൊണ്ട് തങ്ങളുടെ മിക്കവാറും വാങ്ങലും കണക്കുപുസ്തകത്തിൽ മാത്രമാണെന്നാണ്. അതുപോലെ, നീക്കിയിരുപ്പ് ശേഖരം ഉണ്ടാക്കുവാനായി അരിമില്ലുടമകളിൽ നിന്നും ലെവി വാങ്ങിക്കൊണ്ടാണ് സർക്കാർ അരി സംഭരിക്കുന്നത്. കർഷകരെ വഞ്ചിച്ചുകൊണ്ടും സംഭരണക്കണക്കുകളിൽ കൃത്രിമം കാട്ടിയും വിളകൾ കുന്നുകൂട്ടിവെച്ചിരിക്കുന്ന മില്ലുകാർക്ക് ഈ ലെവി ഒരു ഭാരമാവുന്നില്ല. ഒരു ഉറവിടം വെളിപ്പെടുത്തുന്നത്, നെല്ല്, സോയാബീൻ, പരുത്തി, പയർവർഗങ്ങൾ, ബജ്‌റ തുടങ്ങിയ ഏഴു ഖാരിഫ് വിളകൾക്ക് കുറഞ്ഞ താങ്ങുവില ലഭിക്കാതിരുന്നതു മൂലം കഴിഞ്ഞ വർഷം രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ടം കർഷകർ നേരിട്ടുവെന്നാണ്. പയർവർഗങ്ങൾക്കുള്ള കുറഞ്ഞ താങ്ങുവില ക്വിന്റലിന് 4,450 രൂപയായി നിജപ്പെടുത്തിയെങ്കിലും, കർഷകർക്ക് തങ്ങളുടെ വിളകൾ ക്വിന്റലിന് വെറും 2,600 രൂപക്ക് വിറ്റഴിക്കേണ്ടി വന്നു. ചിലപ്പോൾ, സംസ്ഥാനതലത്തിൽ നിശ്ചയിക്കപ്പെടുന്ന ഉത്പാദനച്ചെലവിലും എത്രയോ കുറവായിരിക്കും പ്രഖ്യാപിച്ചിട്ടുള്ള കുറഞ്ഞ താങ്ങുവില. ഉദാഹരണത്തിന്, ഒരു പ്രത്യേക പയർവർഗത്തിന് നിശ്ചയിക്കപ്പെട്ടിട്ടുള്ള കുറഞ്ഞ താങ്ങുവില 5050 രൂപയാണ്. പക്ഷേ അതിന്റെ ഉത്പാദനച്ചെലവ് ആന്ധ്രപ്രദേശിൽ 5772 രൂപയും തമിഴ്‌നാട്ടിൽ 6841 രൂപയും കർണാടകത്തിൽ 5800 രൂപയുമാണ്. അപ്പോൾ, അന്തമില്ലാത്ത അഴിമതിയും ചതിയും ദുരിതവും അരങ്ങുവാഴുന്ന മുതലാളിത്ത ഇന്ത്യയിലെ കാർഷികമേഖലയിൽ ഈ കുറഞ്ഞ താങ്ങുവിലയെന്നത് പൊള്ളത്തരമല്ലാതെ മറ്റൊന്നുമല്ല.

ഇത്രതന്നെ പ്രഹസനമാണ്, ഇതു പോലെ കൊട്ടിഘോഷിക്കപ്പെട്ട് മുൻബജറ്റിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള പ്രധാനമന്ത്രി ഫസൽ ബിമാ യോജന. ഇതിന്റെ ഭൂരിഭാഗവും സ്വകാര്യ ഇൻഷുറൻസ് കമ്പനികളാണ് നൽകുന്നത്. കർഷകരെ സഹായിക്കുവാനുള്ള നിശ്ചയദാർഢ്യം സർക്കാരിനില്ലാത്തതും, നടത്തിപ്പിലെ അപര്യാപ്തകളും അനവധി വിളകൾ പദ്ധതിയിൽ ഉൾപ്പെടുത്താതിരിക്കുന്നതും, അനിശ്ചിതമായ പ്രവർത്തനരീതികളും, വിതരണസംവിധാനത്തിലെ വ്യാപകമായ അഴിമതിയുമൊക്കെ കാരണമായി വിളനഷ്ടം സംഭവിച്ച കർഷകർക്ക് യാതൊരു ഗുണവും ലഭിക്കാറില്ല. ഉദാഹരണമായി, വിളവെടുപ്പിനു ശേഷവും സംഭരണ കാലയളവിലുമുള്ള നഷ്ടങ്ങൾ കേന്ദ്ര ഇൻഷുറൻസ് പദ്ധതി കണക്കിലെടുക്കുന്നില്ല. ഇതൊരു വരുമാന ഇൻഷുറൻസ് അല്ല, ആദായനഷ്ടത്തിനുള്ള കവറേജ് മാത്രമാണ്. ഈ പദ്ധതി കാലാവസ്ഥാ അപകട സാധ്യതകൾക്കെതിരെയാണ്, അല്ലാതെ വിളനഷ്ടത്തിനെതിരേയല്ല ഇൻഷുറൻസ് നൽകുന്നത്. വന്യമൃഗങ്ങൾ മൂലമുള്ള നാശം ഈ പദ്ധതിയുടെ പരിധിയിൽ വരുന്നില്ല. മാധ്യമവാർത്തകൾ പ്രകാരം, ക്ലെയിം നൽകുന്നതിന്റെ ശരാശരി വെറും 6.61% മാത്രമായിരിക്കെ പൊതുഖജനാവിൽ നിന്നും വൻതുകയാണ് പ്രീമിയം എന്ന പേരിൽ ഇൻഷുറൻസ് കമ്പനികൾക്ക് കൈമാറിയിരിക്കുന്നത്. (മൊത്തം പ്രീമിയത്തിൽ ഭീമമായ വർധനവും – 2015-16ൽ 5,490 കോടി രൂപ, 2016-17ൽ 22,550 കോടി രൂപ, 2017-18ൽ 24,350 കോടി രൂപ) പ്രശസ്ത പത്രപ്രവർത്തകനും മഗ്‌സസേ പുരസ്‌കാരജേതാവുമായ പി.സായിനാഥിനു പോലും കഴിഞ്ഞ നവംബർ 19നു അഭിപ്രായപ്പെടേണ്ടി വന്നത് ഇങ്ങനെയാണ്, ”കോർപ്പറേറ്റുകൾക്കു നൽകുന്ന സൗജന്യകൈമാറ്റത്തിന്റെ പേരിൽ റഫേൽ ഇടപാടിലും വലിയ അഴിമതിയായിരിക്കും പ്രധാൻമന്ത്രി ഫസൽ ബിമാ യോജന”.

വർധിച്ച കാർഷികവായ്പ നൽകുന്നതിനു പിന്നിലെ പ്രഹസനം

2018-19 വർഷത്തിൽ കർഷകർക്കുള്ള കാർഷികവായ്പകൾ 11.68 ലക്ഷം കോടി രൂപയായി വർദ്ധിച്ചതായി ഇടക്കാല ബജറ്റിൽ സ്ഥാപിക്കുന്നു. അതായത്, കർഷകർക്കുള്ള വ്യവസ്ഥാപിത വായ്പകൾ, (അതായത്, ബാങ്കുകളിൽ നിന്നും മറ്റ് സാമ്പത്തികസ്ഥാപനങ്ങളിലും നിന്നുള്ള പണവായ്പകൾ) വർദ്ധിച്ചു. പക്ഷേ, അർഹിക്കാത്ത ഈ അംഗീകാരം പിടിച്ചുപറ്റാൻ ശ്രമിക്കുന്നതു തന്നെ വലിയ ഒരു സത്യത്തെ മറച്ചുപിടിച്ചു കൊണ്ടാണ്. ഈ കാർഷികവായ്പ എന്നു പറയുന്നതിന്റെ പരിധിയിൽ ശേഖരണസംവിധാനങ്ങളുടെ നിർമാണം – വെയർഹൗസുകൾ, ഗോഡൗണുകൾ, ചന്തകൾ, കോൾഡ് സ്റ്റോറേജ് യൂണിറ്റുകൾ തുടങ്ങിയവ, മണ്ണ് സംരക്ഷണവും ജലസ്രോതസ്സുകളുടെ വികസനവും, വിത്തുൽപാദനം, ജൈവകീടനാശിനികൾ, തൈകൾ എന്നിവയുടെ ഉത്പാദനം, കൃഷി അനുബന്ധപ്രവർത്തനങ്ങളായ കാർഷിക-വാണിജ്യ കേന്ദ്രങ്ങൾ, അഗ്രോ-ക്ലിനിക്കുകൾ, ഭക്ഷ്യ-കാർഷിക സംസ്‌ക്കരണം തുടങ്ങി, ട്രാക്ടറുകൾ പോലെയുള്ള കാർഷികയന്ത്രങ്ങളുടെ വൻശേഖരം സൂക്ഷിക്കുന്ന വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും ഉപഭോക്തൃ സേവനകേന്ദ്രങ്ങളുടെ നടത്തിപ്പു വരെ ഉൾപ്പെടുന്നു. തീർച്ചയായും ഇവയൊന്നും ചെറുകിട-ദരിദ്ര കർഷകർക്കായുള്ള വായ്പകളല്ല. പകരം വൻകിട കർഷകർ, ഭൂവുടമകൾ, കാർഷികവാണിജ്യ രംഗത്തെ കുത്തകകൾ തുടങ്ങിയവർക്ക് വേണ്ടിയുള്ളതാണ്.

രണ്ടാമതായി, വ്യവസ്ഥാപിതവായ്പകളുടെ ഭൂരിഭാഗവും സമ്പന്നരും സ്വാധീനമുള്ളവരുമായ കർഷകരിലേക്കും ഫാമുകളിലേക്കുമാണ് ഒഴുകുന്നത് എന്നാണ് നീതി ആയോഗ് പോലും സമ്മതിക്കുന്നത്. അതേസമയം തന്നെ, ആവശ്യക്കാരായ ദരിദ്രകർഷകരിൽ ഭൂരിഭാഗത്തിനും വായ്പാവിതരണത്തിന്റെ സങ്കീർണപ്രക്രിയകൾ പൂർത്തിയാക്കാനാകാതെ, ഭീമമായ പലിശക്ക് പ്രാദേശിക പണമിടപാടുകാരുടെ വാതിലിൽ മുട്ടാൻ നിർബ്ബന്ധിതരാകുന്നു. ശരാശരിയെടുത്താൽ, ചെറുകിട-ദരിദ്ര കർഷകരുടെ മൂന്നിലൊന്നിനും (32.8 ദശലക്ഷത്തിൽ 10.6 ദശലക്ഷത്തിനും) വ്യവസ്ഥാപിതവായ്പകൾ ലഭ്യമാണ് എന്നാണ് എൻഎസ്എസ്ഒ റിപ്പോർട്ട്. അങ്ങനെയാണെങ്കിൽ, കാർഷികവായ്പകളുടെ വിതരണം വർദ്ധിച്ചു എന്ന പേരിൽ എന്തിനാണ് ഇത്ര വലിയ ഒച്ചയും ബഹളവും? തുണ്ടുതുണ്ടാക്കപ്പെടുന്ന ഭൂവുടമസ്ഥത, ജലസേചനസൗകര്യങ്ങളുടെ അപര്യാപ്തത, കുറയുന്ന ജലലഭ്യത, മണ്ണിന്റെ കുറയുന്ന ഗുണം, ജലസേചനപമ്പുകൾക്ക് ഉപയോഗിക്കുന്ന ഡീസലിനടക്കം ഉത്പാദനച്ചെലവിനുണ്ടായിട്ടുള്ള ഭീമമായ വർദ്ധന, കുറഞ്ഞ ഉത്പാദനക്ഷമത, മതിയായ വിലയുടെ അഭാവം, കടക്കെണി എന്നിങ്ങനെ ഭാരതത്തിലെ കൃഷിക്കാർ നിരവധി വെല്ലുവിളികളാൽ വശംകെട്ടിരിക്കുകയാണ്. ഇതിനൊക്കെ പുറമേയാണ് താളം തെറ്റുന്ന മൺസൂണും, വരൾച്ചയും വെള്ളപ്പൊക്കവും പോലെയുള്ള പ്രകൃതിദുരന്തങ്ങളും. ഗ്രാമീണ ദരിദ്രജനത അനുഭവിക്കുന്ന ഇത്തരം കൊടിയ ദുരിതങ്ങളും കഷ്ടപ്പാടുകളും ഒഴിവാക്കുന്നതു പോകട്ടെ, അതിൽ എന്തെങ്കിലും ആശ്വാസം നൽകുന്ന നടപടികൾ പോലും കാണാൻ സാധിക്കാത്തത്, മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും കർഷകമുന്നേറ്റങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. കർഷകർ ശത്രുപക്ഷത്തായി, ബിജെപിക്കു വോട്ടുനൽകാതെ അകന്നുപോകുന്നത് ഒഴിവാക്കാൻ, കണ്ണിൽ പൊടിയിടുന്ന മറ്റൊരു നീക്കവുമായി അവരെ ശാന്തരാക്കാൻ ശ്രമിക്കുകയാണ് ബജറ്റിലൂടെ. 2 ഹെക്ടർ വരെ കൃഷിയോഗ്യമായ ഭൂമിയുള്ള കർഷകകുടുംബങ്ങൾക്കായി ‘പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി’ എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. ഈ പദ്ധതിയിലൂടെ ഇത്തരം കുടുംബങ്ങൾക്ക്, 2018 ഡിസംബർ 1 മുതൽ മുൻകാലപ്രാബല്യത്തോടെ പ്രതിവർഷം 6000 രൂപയുടെ നേരിട്ടുള്ള ധനസഹായം നൽകും. (കുടുംബത്തിൽ 4 അംഗങ്ങളുണ്ടെങ്കിൽ, ഈ സാമ്പത്തികസഹായമെന്നത് പ്രതിദിനം 4 രൂപ എന്നു കണക്കാക്കാം). എന്താണ് ഇതിനെ വിളിക്കേണ്ടത്? ആശ്വാസമെന്നോ ഔദാര്യമെന്നോ? പ്രധാനമന്ത്രിയുടേയും ബിജെപിയിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരുടേയും വാഗ്ദാനം – കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നത്, ആദ്യം 2020ൽ എന്നും ഇപ്പോൾ 2022-ൽ, ഒരു ക്രൂരമായ തമാശയായി മാറിയിരിക്കുന്നു. അതുകൊണ്ടു തന്നെ, മുൻപില്ലാത്തവിധം ഒരു ധനസഹായം തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ധൃതിപിടിച്ചു കൊണ്ടു വരാൻ അവർ നിർബ്ബന്ധിതരായിരിക്കുന്നു.

തൊഴിലാളികളോടുള്ള ഉത്കണ്ഠയും  കരകവിഞ്ഞൊഴുകുന്നു

കർഷകരുടെ കാര്യം നോക്കാമെങ്കിൽ പിന്നെ തൊഴിലാളികളെ പിന്നിൽ ഉപേക്ഷിക്കാൻ പറ്റുമോ? ഇതുവരേയും കുത്തകാനുകൂല ബിജെപി സർക്കാർ, ഒന്നിനുപിറകേ ഒന്നായി നിർദ്ദയമായ തൊഴിലാളിവിരുദ്ധനയങ്ങൾ അവതരിപ്പിക്കുകയായിരുന്നു. തങ്ങളുടെ കാലാവധിയിലുടനീളം, തൊഴിലാളികൾ പൊരുതി നേടിയെടുത്ത അവകാശങ്ങൾ കൊള്ളയടിക്കുന്നതിനേയും, ഒന്നിനു പിറകേ ഒന്നായി വ്യവസായശാലകൾ അടച്ചുപൂട്ടുന്നതിനേയും, വൻതോതിൽ തൊഴിലാളികളെ പിരിച്ചുവിടുന്നതിനേയും അവർ ഫലത്തിൽ പിന്തുണച്ചു. ഇപ്പോൾ തെരഞ്ഞെടുപ്പ് അടുത്തെത്തിയപ്പോൾ അവർക്ക് പെട്ടെന്നുണ്ടായ ബോധോദയമാണ് അസംഘടിതമേഖലയിലെ തൊഴിലാളികൾക്കായി എന്തെങ്കിലും ചെയ്യണമെന്നത്. മൊത്തം തൊഴിൽശക്തിയുടെ 94% വരുന്ന ഈ അസംഘടിതതൊഴിലാളികൾ കൂടുതലും ദിവസക്കൂലി-കരാർ തൊഴിലാളികളാണ്. തുച്ഛമായ കൂലിക്കായി അവരെക്കൊണ്ട് അപകടം നിറഞ്ഞ, അനാരോഗ്യകരമായ സാഹചര്യങ്ങളിൽ പണിയെടുപ്പിക്കുന്നു. 15,000 രൂപ വരെ മാസവരുമാനം ലഭിക്കുന്ന അസംഘടിതമേഖലയിലെ തൊഴിലാളികൾക്കായി, ”പ്രധാൻമന്ത്രി ശ്രംയോഗി മന്ദൻ’ എന്ന ഒരു പുതിയ പദ്ധതി ധനകാര്യമന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ പദ്ധതി പ്രകാരം, അസംഘടിതമേഖലയിലെ 25 വയസ്സായ ഒരു തൊഴിലാളി ഓരോ മാസവും 100 രൂപ വീതം പ്രീമിയം അടയ്ക്കുകയാണെങ്കിൽ, 35 വർഷങ്ങൾക്കു ശേഷം അതായത് 2054 ൽ അയാൾക്ക് പ്രതിമാസം 3000 രൂപ വീതം പെൻഷൻ ലഭിക്കും. സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ള ഒരു വിഭാഗത്തിനു വേണ്ടി ഇത്ര ‘വിപ്ലവകരമായ സാമൂഹ്യസുരക്ഷ’ ആലോചിച്ചു നടപ്പാക്കിയ തലച്ചോറുകൾക്ക് നമോവാകം! ഈ തൊഴിലാളികൾ ഒരു സ്ഥിരം സ്വഭാവത്തിലുള്ള തൊഴിലിൽ ഏർപെട്ടിരിക്കുന്നവരാണോ? അല്ല എന്നാണ് ഉത്തരം. കുറച്ചു കാലത്തിനു ശേഷം അവരെ പറഞ്ഞുവിടുകയോ പുറത്താക്കുകയോ ചെയ്യുമോ? അതേ, എന്നാണ് ഉത്തരം. അവർ ഒരേ സ്ഥലത്തു തന്നെ താമസിക്കുന്നവരാണോ? അല്ല എന്നു തന്നെ വീണ്ടും ഉത്തരം. കുടിയേറ്റ തൊഴിലാളികളായി അവർ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് നീങ്ങിക്കൊണ്ടേയിരിക്കുന്നു. മനുഷ്യത്വരഹിതമായ അധ്വാനവും, പോഷകാഹാരക്കുറവും, അരക്ഷിതാവസ്ഥയെക്കുറിച്ചുള്ള നിരന്തരഭീതിയും നിമിത്തം, മധ്യവയസ്സെത്തുമ്പോൾ തന്നെ ജോലി ചെയ്യാനുള്ള കഴിവും അവർക്കു നഷ്ടപ്പെടുന്നു. പിന്നെങ്ങനെയാണ് മാസാമാസമുള്ള പ്രീമിയം അടവ് തടസ്സമില്ലാതെ തുടർന്നു പോകാൻ അവർക്കു കഴിയുക? പിന്നെ, പ്രീമിയം അടവ് ഇനി ഇടയിൽ മുടങ്ങുകയാണെങ്കിൽ അതു വരെ അടച്ച തുക നഷ്ടപ്പെടുമോ? ഇതിന് യാതൊരു വ്യക്തതയുമില്ല. മൂന്നു വർഷങ്ങൾക്കു മുമ്പ് ഇതേ സർക്കാർ തന്നെ സമാനമായി ‘അടൽ പെൻഷൻ സ്‌ക്കീം’ അവതരിപ്പിച്ചിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, 2.5% തൊഴിലാളികൾ മാത്രമാണ് ആ പദ്ധതിയിൽ ചേരാൻ തയ്യാറായത്. മൂന്നാമതായി, ഈ തൊഴിലാളികളെ കുറിച്ച് അന്വേഷിക്കുന്ന എന്തെങ്കിലും സംവിധാനമുണ്ടോ? എന്തെങ്കിലും രേഖയോ, പേരുചേർക്കൽ രജിസ്റ്ററോ ഉണ്ടോ? വീണ്ടും ഒരു വലിയ നിഷേധമാണ് ഉത്തരം. അങ്ങനെയൊരു രജിസ്റ്ററോ രേഖയോ നിർമ്മിക്കുവാൻ എന്തെങ്കിലും നീക്കം നടക്കുന്നുണ്ടോ? വീണ്ടും ഇല്ല എന്നു തന്നെ ഉത്തരം. പിന്നെ എങ്ങനെയാണ് ഈ പുതിയ പദ്ധതിക്ക് പ്രവർത്തിക്കാൻ സാധിക്കുക? ഭരണസംവിധാനത്തിന്റെ തന്നെ ഭാഗമായ വിദഗ്ദർക്കേ ഇതിനുത്തരം നൽകാൻ സാധിക്കൂ. വിവേകമുള്ള ഏതൊരാൾക്കും ഇത് അങ്ങേയറ്റം അസംബന്ധമായ തട്ടിപ്പാണ്. കൂടാതെ, ഈ പദ്ധതിക്കായി മാറ്റിവെക്കപ്പെട്ട തുക 500 കോടി രൂപയാണ്. പശുക്കളെ സംരക്ഷിക്കുവാനായുള്ള സ്വപ്‌നപദ്ധതിയായ രാഷ്ട്രീയ ഗോകുൽ മിഷന് നൽകിയതിനേക്കാൾ 250 കോടി കുറവാണിത്. പശുക്കൾക്കായി, രാഷ്ട്രീയ കാമധേനു ആയോഗ് എന്ന മറ്റൊരു പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യക്തമായും ബിജെപി സർക്കാരിന്റെ ചിന്തയിൽ, പീഡിതരായ അസംഘടിത തൊഴിലാളികളേക്കാൾ വിലയേറിയതും പ്രാധാന്യമർഹിക്കുന്നതും പശുക്കൾക്ക് തന്നെയാണ്.

പ്രതിരോധവും റെയിൽവേയും

ചുരുക്കിപ്പറയണം എന്നുള്ളതു കൊണ്ട് വിദ്യാഭ്യാസവും ആരോഗ്യവും പോലെയുള്ള പ്രധാനപ്പെട്ട മേഖലകളിലേക്ക് ഞങ്ങൾ കടന്നിട്ടില്ല. ഇടക്കാലബജറ്റിലും തൊലിപ്പുറമേയുള്ള ചില പ്രഖ്യാപനങ്ങൾക്കപ്പുറം ആ മേഖലകൾ ഏറെക്കുറെ സ്പർശിക്കാതെ വിട്ടിരിക്കുകയാണ്. ആരോഗ്യമേഖലയെ കുറിച്ചുള്ളത്, ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയെക്കുറിച്ചുള്ള വാഴ്ത്തിപ്പാടലിലേക്ക് ഒതുങ്ങി. ഇതല്ലാതെ, രാജ്യത്ത് നിരവധി പ്രതിസന്ധികളെ നേരിടുന്ന പ്രാഥമിക, ദ്വിതീയ ആതുരശുശ്രൂഷാസംവിധാനങ്ങളെ മെച്ചപ്പെടുത്തുവാൻ എന്തെങ്കിലും പ്രാരംഭപ്രവർത്തനങ്ങൾ നടത്തുന്നതിനെക്കുറിച്ച് ബജറ്റ് പറയുന്നില്ല. മറ്റൊരു എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) പ്രഖ്യാപിച്ചതു കൊണ്ട് ഇവിടത്തെ ദരിദ്രജനതയ്ക്ക് പ്രത്യേകിച്ച് യാതൊരു മെച്ചവുമില്ല. അതുപോലെ തന്നെ, ‘ഗുണനിലവാരവും ശാസ്ത്ര ആഭിമുഖ്യവുമുള്ള, മുകളിൽ നിന്നും ശ്രേഷ്ഠസ്ഥാപനങ്ങൾ നേതൃത്വം നൽകുന്ന, ഒരു വിദ്യാഭ്യാസസമ്പ്രദായം നിർമിക്കുന്നതിനുള്ള’ ആഗ്രഹം വെറുതേ പ്രകടിപ്പിക്കുന്നതോ, വിദ്യാഭ്യാസവായ്പയുടെ തുക വർധിപ്പിക്കുന്നതോ, രാജ്യത്തെ വിദ്യാഭ്യാസത്തകർച്ചയുടെ പ്രശ്‌നത്തിൽ നിന്നുമുള്ള ഒളിച്ചോട്ടമാണ്.
പക്ഷേ അർത്ഥവത്തായും ഇടക്കാലബജറ്റ് പ്രസംഗം കൗശലത്തോടെ പരാമർശിക്കുന്നത്, ‘ആദ്യമായി പ്രതിരോധബജറ്റ് മൂന്നു ലക്ഷം കോടി കടക്കുമെന്നും, ആവശ്യമെങ്കിൽ കൂടുതൽ തുക നൽകുമെന്നുമാണ്.’ സ്പഷ്ടമായും, യഥാർത്ഥതുക കൃത്യമായി പരാമർശിക്കപ്പെട്ടിട്ടില്ല എന്നതിന്റെ അർത്ഥം, അത് മൂന്നു ലക്ഷം കോടിക്കു മേലേയുള്ള ഏതു തുകയിലേക്കും കയറാം എന്നതാണ്. ബജറ്റ് നീക്കിയിരുപ്പുകൾ പ്രഖ്യാപിക്കുമ്പോൾ ഇത്തരം അവ്യക്തത മുമ്പ് ആരെങ്കിലും കേട്ടിട്ടുണ്ടോ? പക്ഷേ, മരണാസന്ന മുതലാളിത്തത്തിന്റെ മുഖമുദ്രയായ, ജനാധിപത്യത്തിന്റെ ഈ പ്രഹസനവൽക്കരണത്തിൽ, എന്തും ഏതും ഈ സംവിധാനത്തിന്റെ വിശ്വസ്ത സൂക്ഷിപ്പുകാരുടെ സമ്മതത്തോടെ പാസ്സാക്കപ്പെടുന്നു. ഇതു പോലെ തന്നെ ധനമന്ത്രി സാമർത്ഥ്യം കാണിച്ച കാര്യമാണ്, റെയിൽവേക്കു വേണ്ടി രണ്ടു മിനിട്ടു മാത്രം മാറ്റിവെക്കാനുള്ള തീരുമാനം. റെയിൽവേ എന്ന സുപ്രധാനമായ ദേശീയസ്വത്ത്, നിരവധിയായ പ്രശ്‌നങ്ങളാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. യാത്രക്കാരുടെ സുരക്ഷയും സൗകര്യങ്ങളും അങ്ങേയറ്റം മോശമായ അവസ്ഥ, സമയനിഷ്ഠ പാലിക്കുന്നതിലുള്ള കുറ്റകരമായ അനാസ്ഥ, ബോഗികൾക്കും പാളങ്ങൾക്കും വേണ്ട അറ്റകുറ്റപണികളുടെ അഭാവം, വ്യാപകമായ അഴിമതി തുടങ്ങിയവ ഇവയിൽ ചിലതാണ്. എന്നാൽ ജീവൽ പ്രധാനമായ ഈ പ്രശ്‌നങ്ങളെയൊക്കെ ഒഴിവാക്കിക്കൊണ്ട്, ധനകാര്യമന്ത്രി സ്വയം പ്രശംസിച്ചു പറയുന്നത് കേൾക്കൂ, ”ഇന്ത്യൻ റെയിൽവേ അതിന്റെ ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ വർഷത്തിലൂടെയാണ് കടന്നുപോയത്”.’ബജറ്റ് അവതരിപ്പിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോൾ ബീഹാറിൽ ആറു നിരപരാധികളുടെ ജീവൻ കവർന്ന വലിയ അപകടം നടന്നത്, ഈ അവകാശവാദത്തെ മുളയിലേ നുള്ളി. മാത്രവുമല്ല, ഇപ്പോൾ നമുക്കറിയാം, റെയിൽവേ യാത്രാക്കൂലിയും ചരക്കുകൂലിയും ബജറ്റിനു പുറത്ത് സർക്കാരിനു തോന്നുമ്പോളാണ് കൂട്ടുക.

വസ്തുതകൾ വളച്ചൊടിച്ച് അവതരിപ്പിക്കുന്നു

കണക്കുകൂട്ടലുകളല്ല, ഇടക്കാല ബജറ്റ് പ്രസംഗത്തിൽ അവതരിപ്പിക്കപ്പെട്ട വസ്തുതകളിലുള്ള ഗുരുതരതെറ്റുകളും ആശങ്കകളുമാണ് പരാമർശിക്കപ്പെടേണ്ടത്. ധനമന്ത്രി പറഞ്ഞത്, ധനക്കമ്മി ജിഡിപിയുടെ 3.3% ആയി ക്ലിപ്തപ്പെടുത്തി എന്നാണ്. പക്ഷേ ഏതു ജിഡിപി? മൂന്നു വർഷം മുമ്പ്, ഒറ്റ കൈവീശൽ കൊണ്ട്, 4.7 എന്ന സംഖ്യയെ 6.9 ആക്കി മാറ്റിയ പുതിയ രീതിപ്രകാരമുള്ള നിലവിലെ ജിഡിപി ആണോ? അതോ പഴയ ജിഡിപിയോ? ഇതാണ് ശ്രദ്ധിക്കേണ്ടത്. ധനക്കമ്മി ജിഡിപിയുടെ ഇത്ര ശതമാനമായി പറയുമ്പോൾ യഥാർത്ഥതുക പരാമർശിക്കേണ്ടതില്ല. പുതിയ ജിഡിപി തുകയുടെ 3.4% എന്നത് തീർച്ചയായും പഴയ ജിഡിപി പ്രകാരമുള്ളതിന്റെ 3.4 ശതമാനത്തിലും കൂടുതലായിരിക്കും. അപ്പോൾ യഥാർത്ഥകമ്മി കൂടിയാലും അതിനെ ജിഡിപിയുടെ ശതമാനമായി പൊതിഞ്ഞ് അവതരിപ്പിക്കാൻ സാധിക്കും. കഴിഞ്ഞ ജനുവരിയിൽ പാർലമെന്റിൽ വെച്ച കംപ്‌ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്, ബജറ്റിനു പുറത്തുള്ള വഴികളിലൂടെ മൂലധനസഹായം നടത്തുന്നതിനും, 2016-17 ലെ റവന്യു ചെലവിനും, ധന-റവന്യു കമ്മികളുടെ യഥാർത്ഥവ്യാപ്തി മറച്ചുവെക്കുന്നതിനും എതിരേ സർക്കാരിനെ താക്കീത് ചെയ്തിരുന്നു. തങ്ങളുടെ യുക്തിയുക്തതയും ലക്ഷ്യങ്ങളും പാർലമെന്റ് മുമ്പാകെ വെളിപ്പെടുത്തി, ധനകാര്യ സുതാര്യത വർധിപ്പിക്കണമെന്നും അതിൽ ശക്തമായി ശുപാർശ ചെയ്തിരുന്നു. എന്നാൽ സിഎജി റിപ്പോർട്ടിനെ കാറ്റിൽപറത്തി, 2016-17-ൽ ചെയ്തത് തന്നെ ഈ ഇടക്കാലബജറ്റിലും ആവർത്തിക്കുകയാണ്.
രണ്ടാമതായി, മാധ്യമറിപ്പോർട്ട് പ്രകാരം, മൊത്തം കടമെടുപ്പിനുള്ള പദ്ധതി 7.1 ലക്ഷം കോടി രൂപയുടേതാണ്. ഇത് ദേശീയകടത്തേയും, പലിശയടവ് അടക്കമുള്ള കടത്തിന്റെ മറ്റു ചെലവുകളേയും കൂടുതൽ വർദ്ധിപ്പിക്കുന്നു. ഇടക്കാലബജറ്റിൽ അടുത്ത വർഷത്തെ മൊത്തം നികുതി വരുമാനം 25,52,131 കോടി രൂപയായിരിക്കുമെന്ന് പറഞ്ഞിരിക്കുന്നു. ഇതിൽ, പ്രതീക്ഷിക്കുന്ന ജിഎസ്ടി വരുമാനത്തിന്റെ പേരിൽ മുൻവർഷത്തേക്കാൾ 13.5% വളർച്ചയാണ് പ്രതിഫലിപ്പിക്കുന്നത്. വീണ്ടും ഇവിടെയും വെറും ഊഹങ്ങളാണ്. എന്താണ് ഇതു വരെയുള്ള ചരിത്രം? 2018-19 വർഷത്തിൽ പ്രതീക്ഷിച്ച കേന്ദ്ര ജിഎസ്ടി പിരിവ് 6,03,900 കോടിയായിരുന്നത്, പിരിച്ചപ്പോൾ ധനകാര്യമന്ത്രി അരുൺ ജയ്റ്റ്‌ലി പ്രവചിച്ചതിനേക്കാൾ 1,49,000 കോടി രൂപ കുറവായിരുന്നു. സിഎജി 2018 നവംബറിൽ തന്നെ ചൂണ്ടിക്കാട്ടിയതാണ്, ഏപ്രിൽ-ഒക്‌ടോബർ കാലയളവിനുള്ളിൽ തന്നെ സർക്കാർ നിശ്ചയിക്കപ്പെട്ട പരിധികൾ വെച്ചുനോക്കുമ്പോൾ നെഗറ്റീവ് സ്ഥാനത്തായിരുന്നു; ധനക്കമ്മി ബജറ്റ് എസ്റ്റിമേറ്റിന്റെ 103.9 ശതമാനത്തിലെത്തിയിരുന്നു. മറ്റ് വിശ്വസനീയമായ റിപ്പോർട്ടുകൾ കാണിക്കുന്നത്, 2018 നവംബറിൽ കമ്മി 7,16,625 കോടി രൂപ അഥവാ ധനക്കമ്മി ലക്ഷ്യത്തിന്റെ 114.8% ആണെന്നാണ്. ഇങ്ങനെയൊക്കെയുള്ളപ്പോൾ, വരുംവർഷത്തിൽ ജിഎസ്ടി പിരിവ് വർദ്ധിക്കുമെന്നുള്ള അമിത ആത്മവിശ്വാസത്തിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ? ജിഎസ്ടി പിരിവിലെ കുറവ് തീർച്ചയായും റവന്യു കമ്മിയായി മാറും. അങ്ങനെ വരുമ്പോൾ തങ്ങളുടെ ധനശേഖരം കൈമാറുവാൻ റിസർവ്വ് ബാങ്കിനെ സർക്കാരിനു നിർബ്ബന്ധിക്കേണ്ടി വരും. ഇതാണ് നേരത്തേ ആർബിഐയും സർക്കാരും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടാക്കിയതും, മുൻ ആർബിഐ ഗവർണറുടെ രാജിയിൽ അവസാനിച്ചതും.

തെരഞ്ഞെടുപ്പിൽ കണ്ണു നട്ട് ഭാവിയിലേക്കുള്ള വർദ്ധിച്ച ചെലവുകളുടെ നീണ്ട പട്ടിക സർക്കാർ നിരത്തുമ്പോൾ, അതിനു വേണ്ടി വരുന്ന തുകയുടെ ഉറവിടം അവർ പുറത്തുപറയുന്നില്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്. സ്വാഭാവികമായും, നേരത്തേ പരാമർശിച്ച, കമ്മി നികത്തുന്നതിനുള്ള മാർഗങ്ങൾ അവലംബിക്കുകയും, അത് പാവപ്പെട്ടവർക്കു മാത്രമല്ല, മധ്യവർഗക്കാർക്കും വിനാശകരമാവുകയും ചെയ്യും. ഇവിടെ അംഗീകരിക്കേണ്ട മറ്റൊരു വസ്തുത, 2016-17 ൽ, ഒരു രൂപ റവന്യുവിലെ 30 പൈസയും പരോക്ഷനികുതി വഴിയാണ് ലഭിച്ചുകൊണ്ടിരുന്നത്. (സേവനനികുതികൾ, കേന്ദ്ര എക്‌സൈസ് നികുതി, കസ്റ്റംസ് തീരുവകൾ എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു) 2018-19 ലെ ബജറ്റ് എസ്റ്റിമേറ്റുകൾ കാണിക്കുന്നത്, പരോക്ഷ നികുതികളുടെ പങ്ക് (ജിഎസ്ടിയും മറ്റ് നികുതികളും, കേന്ദ്ര എക്‌സൈസ്-കസ്റ്റംസ് തീരുവകൾ ഉൾക്കൊള്ളുന്നത്) ഒരു രൂപ റവന്യുവിൽ 35 പൈസയായി ഉയർന്നിരിക്കുന്നു. അതായത്, ചരക്കുകളുടെ വിൽപ്പനവിലയ്ക്കു മേൽ സൗകര്യപൂർവ്വം കൂട്ടിച്ചേർത്തിരിക്കുന്ന പരോക്ഷനികുതികൾ ഒടുക്കേണ്ടി വരുന്ന സാധാരണക്കാരന്റെ മേലേക്കാണ് ഈ അധികഭാരവും കൊണ്ടുവെക്കുന്നത്. ഇത് വിൽപ്പനവിലയെ ഉയർത്തുകയും, കമ്പോളത്തിൽ നിന്നും ചരക്കുകൾ വാങ്ങാൻ ജനങ്ങൾക്ക് കൂടുതൽ തുക മുടക്കേണ്ടി വരികയും ചെയ്യുന്നു.

മലക്കംമറിച്ചിലും സത്യം മറച്ചുപിടിക്കുന്നതും

സൗകര്യപൂർവ്വം മലക്കംമറിയാൻ ബൂർഷ്വാ രാഷ്ട്രീയക്കാർ എത്ര സമർത്ഥരാണെന്ന് രണ്ട് നിരീക്ഷണങ്ങൾ കാണിച്ചുതരും. 2015 ജൂലൈയിൽ, ഇപ്പോഴത്തെ ബിജെപി സർക്കാരിന്റെ ആദ്യബജറ്റ് അവതരിപ്പിക്കവേ ധനകാര്യമന്ത്രി അരുൺ ജയ്റ്റ്‌ലി വ്യക്തമായും പറഞ്ഞത്, മുൻപിൻ ആലോചനയില്ലാത്ത ജനപ്രിയനടപടികൾക്ക് എൻഡിഎ എതിരാണെന്നാണ്. ഒരു മാധ്യമവേദിയിൽ അദ്ദേഹം പറഞ്ഞത്, ‘ഇന്ത്യക്ക് ആലോചനയില്ലാത്ത ജനപ്രിയതക്കും സാമ്പത്തിക അച്ചടക്കത്തിനും ഇടയിൽ ഒരു തെരഞ്ഞെടുക്കൽ നടത്തേണ്ടതുണ്ട്… 2014 ലെ പൊതുതെരഞ്ഞെടുപ്പ് തെളിയിച്ചത് തെരഞ്ഞെടുപ്പുകൾ ജയിക്കാൻ ജനപ്രിയനടപടികൾ ആവശ്യമില്ല എന്നാണ്.’ പക്ഷേ, തന്റെ ബജറ്റ് പ്രസംഗത്തിൽ ഇടക്കാല ധനകാര്യമന്ത്രി പറഞ്ഞത്, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്കു വഴിയൊരുക്കുവാനായി ധനക്കമ്മി ലക്ഷ്യങ്ങൾ ബലി കഴിക്കേണ്ടി വന്നുവെന്നാണ്. അല്ലായിരുന്നുവെങ്കിൽ ഈ വർഷം ധനക്കമ്മി ജിഡിപിയുടെ 3.3 ശതമാനവും വരുംവർഷം 3.1 ശതമാനവും ആയിരുന്നേനേയത്രേ. അപ്പോൾ എവിടെയാണ് ഈ അച്ചടക്കം പൊയ്‌പ്പോയത്? തെരഞ്ഞെടുപ്പിന്റെ സമ്മർദ്ദങ്ങൾക്ക്, കൃത്യമായി പറഞ്ഞാൽ സമ്പത്തിനും അധികാരത്തിനുമുള്ള കൊതിക്കു മുന്നിൽ കീഴടങ്ങിയോ? മറുവശത്ത്, അഞ്ചാമത് വലിയ സാമ്പത്തികശക്തിയാകാനുള്ള ഇന്ത്യയുടെ’കുതിപ്പിനും, അതിന്റെ ‘ഉജ്ജ്വലമായ സാമ്പത്തികവളർച്ചക്കും’ പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഒരു കഥയുണ്ട്. ഹഫ്‌പോസ്റ്റ് ഇന്ത്യ എന്ന ഒരു ഓൺലൈൻ വാർത്താ പോർട്ടലിലെ വിശകലനപ്രകാരം, ബിജെപി സർക്കാർ ആദ്യം ലോകബാങ്കിനെ സ്വാധീനിച്ച്, ഇന്ത്യക്ക് മെച്ചപ്പെട്ട റാങ്ക് കിട്ടുന്ന രീതിയിൽ അവരുടെ റാങ്കിങ്ങ് രീതി മാറ്റാൻ ശ്രമിച്ചു. അത് കാര്യമായ വിജയം നേടാഞ്ഞപ്പോൾ, വ്യവസ്ഥാപരവും പ്രക്രിയാപരവുമായ ചില ചില്ലറ മാറ്റങ്ങൾ വരുത്തുന്നതിന് പ്രാമുഖ്യം നൽകി റാങ്കിങ്ങ് സംവിധാനത്തിനെ മെരുക്കാൻ സർക്കാർ ശ്രമിച്ചു.
അതുപോലെ തന്നെ, ഉജ്ജ്വല യോജനക്കു കീഴിൽ ആറു കോടി കുടുംബങ്ങൾക്ക് സൗജന്യ പാചകവാതക കണക്ഷനുകൾ നൽകിയതിനെക്കുറിച്ച് ഇടക്കാല ധനകാര്യമന്ത്രി വീമ്പിളക്കിയപ്പോൾ, അവ യഥാർത്ഥത്തിൽ സൗജന്യമല്ല എന്ന വസ്തുത അദ്ദേഹം മറച്ചുവെച്ചു. അടുപ്പിനും അനുബന്ധ ഉപകരണങ്ങൾക്കും സിലിണ്ടറിനും കുടുംബങ്ങൾ പണം മുടക്കണം. പാചകവാതകവില മാനംമുട്ടെ ഉയരുമ്പോൾ ഈ കുടുംബങ്ങളെല്ലാം പഴയ പാചകരീതികളിലേക്ക് മടങ്ങിപ്പോവുകയാണ്. പാർലമെന്റിനുള്ളിൽ പോലും മന്ത്രിമാർ പറയുന്ന കള്ളങ്ങൾ, വസ്തുതകൾ മറച്ചുവെക്കൽ, വളച്ചൊടിക്കൽ എന്നിവയുടെ വ്യക്തമായ തെളിവുകളാണ് ഇവയെല്ലാം. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോഴും, സമാനമായി ജനങ്ങളെ വഞ്ചിക്കുന്ന നയങ്ങളും നടപടികളും തന്നെയാണ് അവരും കൈക്കൊണ്ടത്. മറ്റ് പ്രാദേശിക ബൂർഷ്വാ കക്ഷികളുടെ കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ. കാരണം, ദേശീയതലത്തിലാകട്ടെ പ്രാദേശികതലത്തിലാകട്ടെ, ഈ കക്ഷികളൊക്കെയും ഭരണമുതലാളിവർഗത്തിന്റെ സേവകരാണ്. അതുകൊണ്ടു തന്നെ, ഒരേപോലെ കള്ളത്തരവും വഞ്ചനയും കാപട്യവും അവർ നടപ്പാക്കും.

പ്രതിരോധത്തിനായി ജനങ്ങൾ ഉണർന്ന് പൊരുതണം

ഹീനമായ മുതലാളിത്തവർഗപദ്ധതിയുടെ ഭാഗമായി ഇങ്ങനെ വഞ്ചനാത്മകമായ ഔദാര്യങ്ങളും സൗജന്യങ്ങളും പൊള്ളയായ വാഗ്ദാനങ്ങളും നിറച്ച ബജറ്റുകൾ അവതരിപ്പിക്കുമ്പോൾ, കപടമാർക്‌സിസ്റ്റുകൾ അടക്കമുള്ള പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും സഭയ്ക്ക് അകത്തോ പുറത്തോ യാതൊരു പ്രതിഷേധവും ഉണ്ടാകുന്നില്ല. അവരുടെ ചട്ടപ്പടി പ്രതിഷേധങ്ങളൊക്കെ, എന്തെങ്കിലും സൗമ്യമായ പ്രസ്താവന ഇറക്കലോ, പരമാവധി, തെരഞ്ഞെടുപ്പു നേട്ടങ്ങൾക്കായുള്ള കാട്ടിക്കൂട്ടലുകളോ മാത്രമായി ചുരുങ്ങുന്നു. ബിജെപിയും മറ്റ് മുതലാളിത്തകക്ഷികളും വലിച്ചെറിഞ്ഞു തരുന്ന സൗജന്യങ്ങളുടേയും ഔദാര്യങ്ങളുടേയും ആസൂത്രിതപ്രചരണത്തിൽ വീണു പോകരുതെന്നാണ്, ജനങ്ങളോട് ഞങ്ങൾക്കുള്ള അഭ്യർത്ഥന. കേന്ദ്രത്തിന്റെയാകട്ടെ, സംസ്ഥാന സർക്കാരുകളുടെയാകട്ടെ, ബജറ്റിനെക്കുറിച്ചുള്ള അബദ്ധധാരണകളും ജനങ്ങൾ വെച്ചുപുലർത്തരുത്. കാരണം ഇന്നിത് വെറും പ്രഹസനമായി മാറിയിരിക്കുന്നു. വ്യാജവാഗ്ദാനങ്ങളുടെ കുത്തൊഴുക്കിലൂടെ സർക്കാർ എങ്ങനെയാണ് തങ്ങളെ കബളിപ്പിക്കുന്നതെന്ന് തിരിച്ചറിയാനുള്ള രാഷ്ട്രീയ അവബോധം ജനങ്ങൾ നേടിയെടുക്കേണ്ടതുണ്ട്. വോട്ടുവ്യാപാരികളുടേയും മരണവ്യാപാരികളുടേയും കളികളിൽ അവർ വീണുപോകാതിരിക്കട്ടെ. ഒരിക്കൽക്കൂടി അവർ മനസ്സിലാക്കേണ്ട ഒരു സത്യമുണ്ട്. സചേതനമായ ഒരു ഐക്യ ജനാധിപത്യ ബഹുജനമുന്നേറ്റത്തിൽ മാത്രമേ, തങ്ങളുടെ ജീവൻ രക്ഷിക്കാനായി ജനങ്ങൾക്ക് ആശ്രയിക്കാൻ സാധിക്കൂ. അതിലൂടെ മാത്രമേ, മനുഷ്യത്വരഹിതമായ മർദ്ദകമുതലാളിത്തവും അതിന്റെ ശിങ്കിടികളും തങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്ന കരാളമായ സാമ്പത്തിക-രാഷ്ട്രീയ കടന്നാക്രമണത്തെ ചെറുത്തു തോൽപ്പിക്കാൻ സാധിക്കൂ. അതുകൊണ്ട്, തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി, പരസ്പരമുള്ള ഭിന്നതകൾ മാറ്റിവെച്ച്, ശരിയായ വിപ്ലവനേതൃത്വത്തിനു കീഴിലുള്ള സംഘടിതപ്പോരാട്ടത്തിന്റെ പാതയിൽ ജനങ്ങൾ അണിചേരേണ്ടതുണ്ട്.

Share this post

scroll to top