കെ റെയിൽ: അതിക്രമങ്ങൾക്കെതിരെ സാംസ്‌കാരിക സംഗമം

K-Rail-JPS-EKM.jpg
Share

സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും യാതൊരു മുന്നറിയിപ്പുമില്ലാതെ പൗരന്മാരുടെ ഭൂമിയിലും വീടുകളിലും അതിക്രമിച്ചു കയറി നിയമവിരുദ്ധമായി കെ റെയിൽ കുറ്റികൾ സ്ഥാപിക്കുകയും ചോദ്യം ചെയ്യുന്നവരെ മർദ്ദിക്കുകയും കള്ളക്കേസെടുത്ത് ജയിലിലടയ്ക്കുകയും ചെയ്യുന്ന സർക്കാർ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ പ്രക്ഷോഭത്തെ പിന്തുണച്ചതിന്റെ പേരിൽ സർക്കാർ അനുകൂലികളുടെ നീചമായ സൈബർ ആക്രമണങ്ങൾക്കിരയാകുന്ന സാംസ്കാരിക പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി 2022 ഏപ്രിൽ 18ന് എറണാകുളം ആശിർ ഭവനിൽ സംഘടിപ്പിച്ച സാംസ്കാരിക സംഗമത്തിൽ കേരളത്തിലെ പ്രമുഖ സാംസ്കാരിക വ്യക്തിത്വങ്ങൾ അണിനിരന്നു.


കോട്ടയത്ത് മാടപ്പള്ളിയിലും, ചെങ്ങന്നൂരിലും പരപ്പനങ്ങാടിയിലും ഉൾപ്പെടെ കേരളത്തിലങ്ങോളമിങ്ങോളം എല്ലാ നിയമങ്ങളും കാറ്റിൽപറത്തി, സ്ത്രീകളെന്നോ കുട്ടികളെന്നോ വൃദ്ധരെന്നോ രോഗികളെന്നോ പരിഗണിക്കാതെ സംസ്ഥാന പോലീസും കെ റെയിൽ ഉദ്യോഗസ്ഥരും ചേർന്ന് അധികാരപൂർവ്വം ജനങ്ങൾക്ക് നേരെ നടത്തിയ അഴിഞ്ഞാട്ടങ്ങൾക്കെതിരെയുള്ള ജനങ്ങളുടെ വലിയ പ്രതിഷേധം സാംസ്കാരിക സംഗമത്തിൽ അലയടിച്ചു. വിവിധ ജില്ലകളിൽനിന്ന് എത്തിച്ചേർന്ന നൂറുകണക്കിന് സാംസ്കാരിക പ്രവർത്തകരും സമര പ്രവർത്തകരും അണിനിരന്ന സാംസ്കാരിക സംഗമത്തിൽ കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെ സംസ്ഥാന അധ്യക്ഷൻ പ്രൊഫസർ കെ.അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു.
ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യുരുടെ നേതൃത്വത്തിൽ കേരളത്തിൽ രണ്ടു പതിറ്റാണ്ടിലേറെക്കാലമായി ജനകീയ പ്രശ്നങ്ങളുന്നയി ച്ച്, കക്ഷി രാഷ്ട്രീയത്തിനതീതമായി പുതിയൊരു സമര പന്ഥാവ് വെട്ടിത്തെളിച്ചുകൊണ്ട് വിട്ടുവീഴ്ചയില്ലാതെ പ്രക്ഷോഭരംഗത്ത് നിലകൊള്ളുന്ന ജനകീയ പ്രതിരോധ സമിതി, ആ മഹത്തായ പാരമ്പര്യം പിന്തുടർന്നുകൊണ്ട് കെ റെയിൽ പ്രക്ഷോഭത്തിലൂടെ പുതിയ ചരിത്രം രചിക്കുകയാണെന്ന് പ്രൊഫ.കെ.അരവിന്ദാക്ഷൻ അദ്ധ്യക്ഷ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
ദക്ഷിണ റെയിൽവേയുടെ മുൻ ചീഫ് എഞ്ചിനീയറും സിൽവർ ലൈൻ പദ്ധതിയുടെ ആദ്യ സാധ്യതാപഠന സംഘത്തിലെ അംഗമായിരിക്കെ അതിന്റെ അപകടങ്ങൾ തിരിച്ചറിഞ്ഞ് വിയോജിപ്പുമൂലം രാജിവയ്ക്കുകയും ചെയ്ത അലോക് കുമാർ വർമ്മ സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്തു. എല്ലാ രീതിയിലും നാശങ്ങൾ വിതയ്ക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതിയെ നരകത്തിലെ പദ്ധതി എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കേരളത്തിന്റെ സാമൂഹിക- സാമ്പത്തിക-പാരിസ്ഥിതിക വ്യവസ്ഥകളെ തകർക്കുന്ന ഈ പദ്ധതിയുടെ ഡിപിആർ കേവലം രണ്ടു മാസങ്ങൾകൊണ്ട് തട്ടിക്കൂട്ടിയതും അബദ്ധങ്ങൾ മാത്രം നിറഞ്ഞതുമാണ്. ഇത്തരമൊരു പദ്ധതിക്ക് മുൻപ് നടക്കേണ്ട ജിയോളജിക്കൽ സർവ്വേ ഹൈഡ്രോളജിക്കൽ സർവ്വേ തുടങ്ങിയ സുപ്രധാനമായ പഠനങ്ങളൊന്നും നടത്തിയിട്ടല്ല ഇത് തയ്യാറാക്കിയത്.


കാശ്മീരിലെ ശ്രീനഗറിലേക്കുള്ള റെയിൽവേയെക്കാൾ ഏറെ കയറ്റിറക്കങ്ങളും കേരളത്തിൽ നിലവിലുള്ള റെയിൽപാതയെക്കാൾ വളവ് തിരിവുകളുമുള്ള അലൈൻമെന്റാണ് സിൽവർ ലൈൻ പദ്ധതിയുടേത്. ബ്രോഡ്ഗേജ് ആയിരുന്ന പദ്ധതി സ്റ്റാന്റേർഡ് ഗേജ് ആക്കിയതും, സ്റ്റാൻഡ് എലോൺ ആക്കിയതും, പൂർണമായി തൂണുകളിൽ വിഭാവനം ചെയ്തിരുന്ന പദ്ധതിയിൽ 60% എംബാങ്ക്മെന്റ് ആക്കിയതും എല്ലാം ദുരുദ്ദേശ്യപരം ആണ്. കഴിഞ്ഞ വർഷങ്ങളിലെ പ്രളയങ്ങളോ വെള്ളപ്പൊക്കങ്ങളോ ഇതിന്റെ വക്താക്കൾ പരിഗണിച്ചിട്ടില്ല. സാമൂഹ്യ ആഘാത വശങ്ങൾ പരിഗണിച്ചിട്ടില്ല. ജപ്പാൻ നാണയമായ യെൻ അടിസ്ഥാനമാക്കി തിരിച്ചടയ്ക്കേണ്ട ഭീമമായ പലിശയും പരിഗണിക്കപ്പെട്ടിട്ടില്ല. ഇത്തരമൊരു പദ്ധതിയെ സർക്കാർ അവതരിപ്പിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല എന്നും ആവശ്യമെങ്കിൽ സർക്കാരുമായി ചർച്ച നടത്താൻ സന്നദ്ധമാണെന്നും അലോക് കുമാർ വർമ്മ പറഞ്ഞു.
ജനകീയ പ്രതിരോധ സമിതി ജനറൽ സെക്രട്ടറി എം.ഷാജർഖാൻ സ്വാഗതം പറഞ്ഞു. ജസ്റ്റിസ് പി.കെ.ഷംസുദ്ദീൻ, ജോസഫ് സി. മാത്യു, കെ.പി.ശശി, അഡ്വ.ക്കേറ്റ് ജയശങ്കർ, സി.ആർ.നീലകണ്ഠൻ, ഡോ.കെ.അരവിന്ദാക്ഷൻ, എം.സുചിത്ര, ഫാദർ റൊമാൻസ് ആന്റണി, ജോൺ പെരുവന്താനം, ഡോ.ഡി.സുരേന്ദ്രനാഥ്, ഹാഷിം ചേന്ദാമ്പിള്ളി, ജോസഫ് എം.പുതുശ്ശേരി, എം.പി.ബാബുരാജ്, എസ്.രാജീവൻ, പ്രൊഫ. കുസുമം ജോസഫ്, അഡ്വ. ഷെറി തോമസ്, ഡോ.എം.കബീർ, എൻ. സുബ്രഹ്മണ്യൻ, ഫാദർ ജോയ്സ് കൈതക്കോട്ടിൽ, കെ.പി.രാമാനുജൻ, പ്രൊഫ.ജോർജ് ജോസഫ്, ആർ.കെ.ദാമോദരൻ, പ്രൊഫ.വിൻസന്റ് മാളിയേക്കൽ, എം.ടി. തോമസ്, മിനി കെ.ഫിലിപ്പ്, രാജഗോപാൽ വാകത്താനം, ജോർജ് മുല്ലക്കര, ചാക്കോച്ചൻ മണലേൽ, വി.ജെ.ലാലി, ബാബു കുട്ടഞ്ചിറ, എസ്. അനിത, വി.പി. വിൽസൺ, ടി.കെ.സുധീർകുമാർ തുടങ്ങി സാമൂഹ്യ-സാംസ്കാരിക രംഗത്തെ നിരവധി വ്യക്തിത്വങ്ങൾ പങ്കെടുത്തു. കെ റയിൽ വിരുദ്ധ പ്രക്ഷോഭത്തിലെ വീട്ടമ്മമാരുടെ ചെറുത്തുനിൽപ്പിന്റെ പ്രതിനിധികളായി, ക്രൂരമായ പോലീസ് നടപടി നേരിട്ട റോസ്‍ലിൻ ഫിലിപ്പ് മാടപ്പള്ളി, സിന്ധു ജയിംസ് ചെങ്ങന്നൂർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കേരളത്തിലെ സാഹോദര്യം തകർക്കുന്ന ആക്രമണങ്ങൾക്കെതിരായ പ്രമേയം സംഗമത്തിൽ അവതരിപ്പിച്ചു.

Share this post

scroll to top