പാസഞ്ചർ തീവണ്ടികൾ നിർത്തലാക്കുന്ന, സ്റ്റോപ്പുകൾ വെട്ടിക്കുറയ്ക്കുന്ന റെയിൽവേയുടെ നടപടികൾ പിൻവലിക്കുക

Spread our news by sharing in social media

പാസ്സഞ്ചർ തീവണ്ടികൾ നിർത്തലാക്കിയും 200 കിലോമീറ്ററിലധികം യാത്രാദൈർഘ്യമുള്ള പാസഞ്ചർ തീവണ്ടികൾ എക്‌സ്പ്രസ്സുകളാക്കി മാറ്റിയും മറ്റുള്ളവയുടെ സ്റ്റോപ്പുകൾ വൻതോതിൽ വെട്ടിക്കുറച്ചും റെയിൽവേ എടുത്തിരിക്കുന്ന തീരുമാനം യാത്രാക്ലേശം രൂക്ഷമാക്കുന്നതാണ്. അസംഘടിത മേഖലയിലും മറ്റും പണിയെടുക്കുന്ന താഴ്ന്ന വരുമാനക്കാരായ സ്ത്രീകളടക്കമുള്ള പതിനായിരക്കണക്കിന് തൊഴിലാളികൾ തങ്ങളുടെ തൊഴിലിടങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് പാസഞ്ചർ തീവണ്ടികളെയാണ് ആശ്രയിക്കുന്നത്. ഇത്തരം തൊഴിലാളികൾക്ക് റെയിൽവേയുടെ പുതിയ തീരുമാനം വലിയ സാമ്പത്തികബാദ്ധ്യതയാണ് വരുത്തിവെയ്ക്കുന്നത്. റെയിൽവേയുടെ സ്വകാര്യവൽക്കരണ പദ്ധതികളുമായി മുന്നോട്ടുപോകുന്ന കേന്ദ്രഗവൺമെന്റിന്റെ നടപടികളുടെ ഭാഗമായിവേണം ഇതിനെയും കാണാൻ. ഈ നടപടിയ്‌ക്കെതിരെ എസ്.യു.സി.ഐ(സി) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും, ധർണ്ണയും നടന്നു. ജില്ലാ സെക്രട്ടറി ഷൈല.കെ.ജോൺ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ബി.വിനോദ്, എസ്.രാഘവൻ, പി.പി.പ്രശാന്ത്കുമാർ എന്നിവർ സംസാരിച്ചു. കുണ്ടറ റെയിൽവേ സ്റ്റേഷനുമുന്നിൽ നടന്ന പ്രതിഷേധയോഗം എസ്.യു.സി.ഐ(സി) ജില്ലാ കമ്മിറ്റി അംഗം എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുണ്ടറ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി.രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാജേന്ദ്രൻ, വി.ലീല, ജയേന്ദ്രദാസ് തുടങ്ങിയവർ സംസാരിച്ചു.

Share this