ആഗസ്റ്റ് 5 സഖാവ് ശിബ്ദാസ്‌ഘോഷ് അനുസ്മരണദിനം രാജ്യമെമ്പാടും സമുചിതം ആചരിച്ചു

aug-5-thiruvalla-demo.jpg
Share

ചൂഷിതരും അവഹേളിതരും മർദ്ദിതരും വിപ്ലവത്തിന്റെ തീപ്പന്തങ്ങൾ ഉയർത്തുകയാണ്. എസ്‌യുസിഐ(സി)യുടെ കൊടിക്കൂറയാണ് അവരുടെ കൈകളിൽ. ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലാണ് ഈ മുന്നേറ്റമിന്ന് ദൃശ്യമാകുന്നത്. തൊഴിലാളിവർഗ്ഗത്തിന്റെ മഹാനായ നേതാവ് സഖാവ് ശിബ്ദാസ് ഘോഷ് നമ്മുടെ മണ്ണിൽ വികസിപ്പിച്ചെടുത്ത കമ്മ്യൂണിസത്തിന്റെ മഹത്വത്താൽ പ്രചോദിതമായ, സംഘടിതവും പ്രബുദ്ധവുമായ വർഗ്ഗ-ബഹുജന മുന്നേറ്റമാണിത്. ജീവിതത്തിന്റെ നാനാ തുറകളിലുള്ളവരുടെ സുദൃഢമായ പരസ്പര ബന്ധത്താൽ പടുത്തുയർത്തപ്പെടുന്ന ഈ മുന്നേറ്റത്തിന്റെ ആഴമളക്കാൻ മുതലാളിവർഗ്ഗത്തിനാവില്ല. സമരങ്ങൾക്കും സംസ്‌ക്കാരത്തിനും മേൽ അവരഴിച്ചുവിടുന്ന ക്രൂരതകൾക്ക് ഈ പ്രസ്ഥാനത്തെ തകർക്കാനുമാവില്ല.
വിപ്ലവത്തിന്റെ ഈ മുന്നണിപ്പട ഈ യുഗത്തിലെ സമുന്നത മാക്‌സിസ്റ്റ് ചിന്തകരിലൊരാളും നമ്മുടെ പാർട്ടിയുടെ സ്ഥാപക ജനറൽ സെക്രട്ടറിയുമായ സഖാവ് ശിബ്ദാസ് ഘോഷിന്റെ 40-ാം ചരമവാർഷികം ആചരിക്കാൻ വിങ്ങുന്ന ഹൃദയത്തോടെ ഒത്തു ചേരുന്നു. ജീവിതത്തിന്റെ നീറുന്ന പ്രശ്‌നങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള പോരാട്ട വേദികളിൽ നിന്നാണവർ വരുന്നത്.
ഒരു വിപ്ലവകാരിയെ സംബന്ധിച്ചിടത്തോളം ഓരോ ദിനവും വിപ്ലവത്തിനായുള്ള പുനഃരർപ്പണത്തിന്റെ ദിനമാണ്. എന്നാൽ ആഗസ്റ്റ് 5 അതിൽ വേറിട്ടു നിൽക്കുന്നു. സഖാവ് ഘോഷിന്റെ ജീവിതാന്ത്യം വരെ നീണ്ടു നിന്ന യാതനാപൂർണ്ണമായ വിപ്ലവപോരാട്ടത്തിന്റെ സ്മരണ വേദനയോടെയെങ്കിലും നിശ്ചയദാർഢ്യത്തോടെ നമ്മൾ ഈ ദിനത്തിൽ പുതുക്കുന്നു. മഹത്തായ വിപ്ലവ പാഠങ്ങളും തൊഴിലാളി വർഗ്ഗ സംസ്‌ക്കാരവും നൈതികതയുമെല്ലാം സ്വന്തം ജീവിതത്തിൽ പ്രയോഗിച്ചുകൊണ്ട് മാനവ നാഗരികതയ്ക്കു മുന്നിൽ ഒരു ഉദാത്ത മാതൃകയായി, മഹത്തായ നേതൃത്വമായി അദ്ദേഹം ഉയർന്നു വന്നു. ഈ കടമകൾ പൂർത്തീകരിക്കാനുള്ള പോരാട്ടത്തിൽ അചഞ്ചലം മുന്നേറുമെന്ന പ്രതിജ്ഞയാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികൾ ഈ ദിനത്തിൽ പുതുക്കുന്നത്. ആഗസ്റ്റ് 5 ആചരണത്തിന്റെ ഉൾക്കാമ്പിതാണ്. മുതലാളിത്തം സാമ്പത്തിക-രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ അഴിച്ചുവിടുന്ന ആക്രമണങ്ങൾക്കെതിരെ ഉറച്ച ചുവടുവയ്പ്പുകളോടെ മുന്നേറുമെന്ന പ്രതിജ്ഞയോടെ രാജ്യമെമ്പാടും ആഗസ്റ്റ് 5 ആചരിക്കപ്പെട്ടു.
അന്നേദിവസം പാർട്ടി ഓഫീസുകളിലും സെന്ററുകളിലും കമ്മ്യൂണുകളിലുമെല്ലാം സഖാവ് ഘോഷിന്റെ ചിത്രത്തിൽ നേതാക്കളും പ്രവർത്തകരും ഹാരാർപ്പണം നടത്തി. സഖാക്കളെല്ലാം സഖാവ് ശിബ്ദാസ്‌ഘോഷിന്റെ ചിത്രം ആലേഖനം ചെയ്ത ബാഡ്ജ് ധരിച്ചു. ഹാൾമീറ്റിംഗുകളും പൊതുയോഗങ്ങളും സംഘടിപ്പിച്ചു. ബുക്സ്റ്റാളുകളും ഉദ്ധരണി പ്രദർശനങ്ങളും സംഘടിപ്പിച്ചു. സഖാവ് ഘോഷിന്റെ കൃതികളും മറ്റ് പാർട്ടി പ്രസിദ്ധീകരണങ്ങളും ജനങ്ങളുടെയിടയിൽ വിതരണം ചെയ്തു.
പൊതുയോഗത്തിനു മുന്നോടിയായി നേതാക്കൾ സഖാവ് ഘോഷിന്റെ ചിത്രത്തിൽ പൂക്കൾ അർപ്പിച്ചു. തുടർന്ന് മഹാനായ നേതാവ് സഖാവ് ശിബ്ദാസ് ഘോഷിനെക്കുറിച്ചുള്ള ഗാനവും യോഗത്തിനൊടുവിൽ തൊഴിലാളിവർഗ്ഗ സാർവ്വദേശീയതയുടെ പ്രതീകമായ സാർവ്വദേശീയ ഗാനവും ആലപിച്ചു. ചില സംസ്ഥാനങ്ങളിൽ കാലാവസ്ഥ വളരെ പ്രതികൂലമായിരുന്നു. വിപ്ലവ പോരാട്ടം അക്ഷീണം മുന്നോട്ടുകൊണ്ടുപോകുമെന്ന് സഖാക്കൾ ഏകസ്വരത്തിൽ പ്രതിജ്ഞയെടുത്തു.
വിവിധ സംസ്ഥാനങ്ങളിലെ ആചരണപരിപാടികളുടെ ലഭ്യമായ റിപ്പോർട്ടുകൾ താഴെക്കൊടുക്കുന്നു

പശ്ചിമബംഗാൾ

ആഗസ്റ്റ് 5 ന് പശ്ചിമബംഗാൾ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊൽക്കത്തയിൽ ആചരണ സമ്മേളനം നടന്നു. കനത്ത മഴയിലും ആയിരങ്ങൾ പങ്കെടുത്തു. ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ്, പോളിറ്റ് ബ്യൂറോ മെമ്പർ സഖാവ് മണിക് മുഖർജി, കേന്ദ്ര കമ്മിറ്റിയംഗങ്ങൾ, സംസ്ഥാന നേതാക്കൾ മുന്നണി സംഘടനാ നേതാക്കൾ തുടങ്ങിയവരൊക്കെ സഖാവ് ഘോഷിന്റെ ചിത്രത്തിൽ ഹാരാർപ്പണം നടത്തി. കോംസമോൾ വാളന്റീയർമാർ ഗാർഡ്ഓഫ് ഓണർ നൽകി. സംസ്ഥാന സെക്രട്ടറി സഖാവ് സൗമൻ ബസു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സഖാവ് പ്രൊവാഷ് ഘോഷാണ് മുഖ്യ പ്രസംഗം നടത്തിയത്. ബുദ്ധിജീവികൾ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, ജീവനക്കാർ, തൊഴിലാളികൾ, കർഷകർ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലുള്ളവർ ആദ്യാവസാനം മീറ്റിംഗിൽ പങ്കെടുത്തു.

കേരളം

മഹാനായ തൊഴിലാളിവർഗ്ഗനേതാവും ഈ യുഗം ദർശിച്ച സമുന്നത മാർക്‌സിസ്റ്റ് ദാർശനികനുമായ സഖാവ് ശിബ്ദാസ്‌ഘോഷിന്റെ 40-ാം ചരമവാർഷികദിനമായ ആഗസ്റ്റ് 5 സഖാവ് ശിബ്ദാസ്‌ഘോഷ് അനുസ്മരണദിനമായി കേരളത്തിലും സമുചിതം ആചരിക്കപ്പെട്ടു. ഒരാഴ്ച നീണ്ടുനിന്ന ആചരണപരിപാടിയാണ് പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് സ്വീകരിക്കപ്പെട്ടത്. മുഖ്യമായും സഖാവ് ശിബ്ദാസ്‌ഘോഷിന്റെ അമൂല്യങ്ങളായ വിപ്ലവപാഠങ്ങൾ പുനഃരാവർത്തി പഠിക്കുന്നതിന് വേണ്ടിയുള്ള പഠനപരിപാടികൾ ജില്ലാതലത്തിലും പ്രാദേശികാടിസ്ഥാനത്തിലും സംഘടിപ്പിക്കപ്പെട്ടു. ആഗസ്റ്റ് 5 രാവിലെ സംസ്ഥാനത്തെ എല്ലാ പാർട്ടി ഓഫീസുകളിലും ചെങ്കൊടിയുയർത്തി; സഖാവ് ശിബ്ദാസ്‌ഘോഷിന്റെ ചിത്രം ആലേഖനം ചെയ്ത ബാഡ്ജ് സഖാക്കൾ ധരിച്ചു. വൈകുന്നേരം സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ പ്രകടനവും അനുസ്മരണസമ്മേളനവും നടന്നു.
തിരുവല്ല മുനിസിപ്പൽ ഓഫീസിന് സമീപത്തുനിന്ന് സമ്മേളനസ്ഥലമായ മുനിസിപ്പൽ ഓപ്പൺ ഓഡിറ്റോറിയത്തിലേയ്ക്ക് നടന്ന പ്രകടനത്തിൽ വനിതകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിന് സഖാക്കൾ പങ്കെടുത്തു. തുടർന്നു നടന്ന അനുസ്മരണസമ്മേളനം സഖാവ് ശിബ്ദാസ്‌ഘോഷിനെക്കുറിച്ചുള്ള ഗാനാലാപനത്തോടെ ആരംഭിച്ചു. തുടർന്ന് സഖാവ് ഘോഷിന്റെ ചിത്രത്തിൽ പൂക്കളർപ്പിക്കപ്പെട്ടു. പാർട്ടി കേന്ദ്രകമ്മിറ്റിയുടെയും സംസ്ഥാനകമ്മിറ്റിയുടെയും സംസ്ഥാനത്തെ എല്ലാ ജില്ലാക്കമ്മിറ്റികളുടെയും പ്രതിനിധികൾ പൂക്കളർപ്പിച്ചു. തൊഴിലാളി-വനിതാ-യുവജന-വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെയും യുവകമ്മ്യൂണിസ്റ്റ് ദളമായ കോംസൊമോളിന്റെയും മെഡിക്കൽ സർവ്വീസ് സെന്ററിന്റെയും സംസ്ഥാനകമ്മിറ്റികളുടെ പ്രതിനിധികളും പൂക്കളർപ്പിച്ചു.
അനുസ്മരണസമ്മേളനത്തിൽ എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) കേന്ദ്രകമ്മിറ്റിയംഗവും സംസ്ഥാനസെക്രട്ടറിയുമായ സഖാവ് സി.കെ.ലൂക്കോസ് അദ്ധ്യക്ഷത വഹിച്ചു. പാർട്ടി കേന്ദ്രകമ്മിറ്റിയംഗം സഖാവ് ഛായാ മുഖർജി മുഖ്യപ്രസംഗം നടത്തി. സംസ്ഥാനസെക്രട്ടേറിയറ്റംഗങ്ങളായ സഖാക്കൾ വി.വേണുഗോപാൽ, ജയ്‌സൺ ജോസഫ്, പത്തനംതിട്ട ജില്ലാസെക്രട്ടറി സഖാവ് എസ്.രാജീവൻ എന്നിവരും പ്രസംഗിച്ചു.
സ.ഛായാമുഖർജി തന്റെ പ്രസംഗത്തിൽ, ഇൻഡ്യൻ മണ്ണിലെ യഥാർത്ഥ തൊഴിലാളിവർഗ്ഗ വിപ്ലവപ്പാർട്ടിയെന്ന നിലയിൽ എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) കെട്ടിപ്പടുക്കാൻ വേണ്ടി സഖാവ് ശിബ്ദാസ്‌ഘോഷ് നടത്തിയ ചരിത്രപ്രധാനമായ സമരത്തെപ്പറ്റി പറഞ്ഞു. ശരിയായ വിപ്ലവപ്പാർട്ടിയില്ലാതെ വിപ്ലവം സാദ്ധ്യമല്ല എന്ന മഹാനായ ലെനിന്റെ പാഠം അനുസരിച്ച് ഇൻഡ്യയിൽ യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കാനുളള അങ്ങേയറ്റം കഠിനമായ സമരം അദ്ദേഹം ഏറ്റെടുത്തു. ഒരുപിടി യുവവിപ്ലവകാരികൾ മാത്രമാണ് ആ സമരത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് അന്ന് അദ്ദേഹത്തോടൊപ്പം ചേർന്നത്. അന്തർദ്ദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അംഗീകാരമോ മറ്റെന്തെങ്കിലും തരത്തിലുള്ള പിന്തുണയോ അവർക്കുണ്ടായിരുന്നില്ല. സാമ്പത്തികസഹായം നൽകാനാരുമുണ്ടായിരുന്നില്ല. മാദ്ധ്യമങ്ങളുടെ പിന്തുണയുണ്ടായിരുന്നില്ല. എന്നാൽ ഈ പ്രതിബന്ധങ്ങൾക്കൊന്നും സഖാവ് ശിബ്ദാസ്‌ഘോഷിനെ തളർത്താൻ കഴിഞ്ഞില്ല. മാർക്‌സിസം-ലെനിനിസം എന്ന മഹത്തായ വിപ്ലവപ്രത്യയശാസ്ത്രത്തെ അദ്ദേഹം ഇൻഡ്യൻ മണ്ണിൽ സമൂർത്തവൽക്കരിച്ചു. അങ്ങനെ അദ്ദേഹം ഇൻഡ്യൻ വിപ്ലവത്തിന്റെ ശരിയായ സിദ്ധാന്തം ആവിഷ്‌കരിച്ചു. ആ സിദ്ധാന്തത്തെ അടിസ്ഥാനപ്പെടുത്തി 1948 ഏപ്രിൽ 24-ന് പശ്ചിമബംഗാളിലെ ഒരു ചെറുപട്ടണമായ ജോയ്‌നഗറിൽ എസ്‌യുസിഐ (സി)ക്ക് രൂപം നൽകി. അന്ന് ആരോരും അറിയാത്ത ഏതാനും ചെറുപ്പക്കാർ ചേർന്ന് രൂപം നൽകിയ ഈ പാർട്ടി ഇന്ന് ഇൻഡ്യയിലെ 22 സംസ്ഥാനങ്ങളിൽ ഘടകങ്ങളുളള പാർട്ടിയായി വളർന്നത് സഖാവ് ശിബ്ദാസ്‌ഘോഷ് ആവിഷ്‌കരിച്ച ശരിയായ വിപ്ലവസിദ്ധാന്തത്തിന്റെ പിൻബലം കൊണ്ട് മാത്രമാണ്.
ഇന്ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) രാജ്യത്തുടനീളം ജനാധിപത്യസമരങ്ങളുടെ പക്ഷത്ത് അചഞ്ചലം നിലകൊള്ളുന്ന പാർട്ടിയെന്ന നിലയിൽ ഉയർന്നുവന്നുകൊണ്ടിരിക്കുകയാണ്. സഖാവ് ശിബ്ദാസ്‌ഘോഷ് പഠിപ്പിച്ചതുപോലെ, നാം ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നത് ജനാധിപത്യസമരങ്ങളിലൂടെയാണ്. യോജിച്ച സമരങ്ങളിലൂടെ ജനങ്ങളെ അവരുടേതായ സമരക്കമ്മിറ്റികളിൽ അണിനിരത്താനും അതിലൂടെ ജനങ്ങളുടെ സ്വന്തം സമരോപകരണങ്ങൾക്ക് ജന്മം നൽകാനും നാം ശ്രമിക്കുന്നു. ശരിയായ വിപ്ലവസിദ്ധാന്തത്തിനും ശരിയായ വിപ്ലവപ്പാർട്ടിക്കുമൊപ്പം ജനങ്ങളുടെ സ്വന്തം സമരോപകരണങ്ങളുടെ രൂപീകരണവും മുതലാളിത്ത വിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ വിജയത്തിന് അനിവാര്യമാണ് – സഖാവ് ഛായാ മുഖർജി പറഞ്ഞു.
മരണാസന്ന മുതലാളിത്ത വ്യവസ്ഥിതിയുടെ അപരിഹാര്യമായ പ്രതിസന്ധി ഇന്ന് ലോകത്തെവിടെയുമുള്ള മുതലാളിത്ത രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതം താറുമാറാക്കുകയാണ്. കൂടുതൽ കൂടുതൽ ജനവിഭാഗങ്ങൾ നിലനില്പിന് വേണ്ടി സമരപാതയിൽ അണിനിരക്കാൻ നിർബ്ബന്ധിതരായിത്തീർന്നുകൊണ്ടിരിക്കുന്നു. ഈ ജനകീയസമരങ്ങൾ മുതലാളിത്ത വിരുദ്ധ വിപ്ലവത്തിലേയ്ക്ക് നയിക്കുമെന്ന് ഭയപ്പെടുന്ന മുതലാളിവർഗ്ഗം ആസന്നമായ ആ വിപ്ലവത്തിന് തടയിടുകയെന്ന ലക്ഷ്യത്തോടെ ഫാസിസത്തിൽ അഭയം പ്രാപിക്കുന്നു. നമ്മുടെ രാജ്യത്തെ മുതലാളിവർഗ്ഗം ഏറ്റവും പിന്തിരിപ്പൻ പാർട്ടിയായ ബിജെപിയെ കേന്ദ്രത്തിൽ അധികാരത്തിലേറ്റിയിരിക്കുകയാണ്. രാജ്യത്തെ സമ്പൂർണ്ണഫാസിസത്തിലേയ്ക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെ ബിജെപി ഗവണ്മെന്റ് ജനങ്ങളുടെ യുക്തിചിന്തയെ കെടുത്താനുളള ഗൂഢാലോചനയിലേർപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസ- സാമൂഹ്യ-സാംസ്‌കാരിക മണ്ഡലങ്ങളിലെല്ലാം അന്ധമായ വിശ്വാസങ്ങളെയും മനോഭാവത്തെയും പ്രോത്സാഹിപ്പിക്കുന്നത് അതിന്റെ ഭാഗമായിട്ടാണ്. ഉന്നതമായ സംസ്‌കാരത്തിലും പ്രബുദ്ധതയിലും അധിഷ്ഠിതമായ ജനാധിപത്യബഹുജനസമരങ്ങൾ വളർത്തിയെടുക്കുന്നതിലൂടെ ഈ ഗൂഢപദ്ധതിയെ പരാജയപ്പെടുത്തുക എന്നതാണ് ഇന്നത്തെ അടിയന്തരാവശ്യകത. എന്നാൽ ഈ കർത്തവ്യം അവഗണിച്ച് സിപിഐ (എം), പ്രതിലോമത്വത്തെ ചെറുക്കാനെന്ന പേരിൽ കോൺഗ്രസ്സുമായി ഐക്യമുണ്ടാക്കുകയാണ്. ഇൻഡ്യൻ മുതലാളിവർഗ്ഗത്തിന്റെ വിശ്വസ്ത രാഷ്ട്രീയകക്ഷിയായ കോൺഗ്രസ്സുമായി സിപിഐ(എം) ഉണ്ടാക്കുന്ന ഈ അവസരവാദപരമായ ഐക്യം ഇടതുപക്ഷ രാഷ്ട്രീയത്തെ ദുർബ്ബലപ്പെടുത്തുകയും, ഫലത്തിൽ പ്രതിലോമശക്തികൾക്ക് കരുത്ത് പകരുകയുമാണ് ചെയ്യുന്നത് – സഖാവ് ഛായാമുഖർജി ചൂണ്ടിക്കാട്ടി.
സഖാവ് സി.കെ.ലൂക്കോസ് തന്റെ അദ്ധ്യക്ഷപ്രസംഗത്തിൽ, കേരളത്തിലെ ഇടതുജനാധിപത്യമുന്നണി സർക്കാർ അവരുടെ ചെയ്തികളിലൂടെ സംസ്ഥാനത്തെ ഇടതു-ജനാധിപത്യ അന്തരീക്ഷത്തിന് ഹാനി വരുത്തിക്കൊണ്ടിരിക്കയാണെന്ന് അഭിപ്രായപ്പെട്ടു. അധികാരത്തിലേറി ചുരുങ്ങിയ നാളുകൾക്കുള്ളിൽത്തന്നെ ഈ സർക്കാർ കുത്തകകൾക്ക് അനുകൂലവും ജനവിരുദ്ധവുമായ നയങ്ങളിലൂടെ തനിനിറം പുറത്തുകാട്ടിയിരിക്കുന്നു. ബിജെപിയെപ്പോലുളള പ്രതിലോമശക്തികളാണ് ഇതിൽ നിന്ന് മുതലെടുക്കുന്നത്. പശ്ചിമബംഗാളിൽ തുടർച്ചയായ 34 വർഷക്കാലത്തെ ഭരണത്തെത്തുടർന്നുണ്ടായ കനത്ത തിരിച്ചടിയിൽ നിന്ന് പാഠമുൾക്കൊള്ളാൻ സിപിഐ(എം) നേതൃത്വത്തിന് സാധിച്ചിട്ടില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനങ്ങളുടെ യോജിച്ച ജനാധിപത്യസമരങ്ങൾ വളർത്തിയെടുക്കുന്നതിലൂടെ മാത്രമേ ശരിയായ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ബാനർ ഉയർത്തിപ്പിടിക്കാൻ സാധിക്കുകയുള്ളു. എസ്‌യുസിഐ(സി)യും ആർഎംപി, എംസിപിഐ (യു) എന്നീ ഇടതുപക്ഷപ്പാർട്ടികളും ചേർന്ന് രൂപീകരിച്ചിട്ടുളള ഇടതുപക്ഷ ഐക്യമുന്നണിയാണ് കേരളത്തിൽ ഇടതുപക്ഷരാഷ്ട്രീയത്തിന്റെ ശ്രേഷ്ഠമായ പതാക ഉയർത്തിപ്പിടിക്കുന്നത് – അദ്ദേഹം പറഞ്ഞു.
സഖാവ് വി.വേണുഗോപാൽ തന്റെ പ്രസംഗത്തിൽ ഇടതുപക്ഷ ഐക്യമുന്നണിയുടെ ആഭിമുഖത്തിൽ നടക്കുന്ന സമരപരിപാടി വിശദീകരിച്ചു. മോദിസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ ആഗസ്റ്റ് 26-ന് നടത്തുന്ന പ്രതിഷേധപരിപാടി വിജയിപ്പിക്കാൻ അദ്ദേഹം ജനങ്ങളോടഭ്യർത്ഥിച്ചു. കേന്ദ്രഗവണ്മെന്റിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ്‌യൂണിയൻ സംയുക്തവേദിയുടെ ആഹ്വാനപ്രകാരം സെപ്തംബർ 2-ന് നടക്കുന്ന ദേശീയ പൊതുപണിമുടക്ക് വൻ വിജയമാക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു. തൊഴിലാളിവർഗ്ഗ സാർവ്വദേശീയ ഗാനാലാപനത്തോടെയാണ് യോഗം അവസാനിച്ചത്.
കർണ്ണാടക
കർണ്ണാടക സംസ്ഥാന കമ്മിറ്റി ആഗസ്റ്റ് 5 ന് ബാംഗ്ലൂരിലെ സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സ് ഹാളിലാണ് ആചരണ യോഗം സംഘടിപ്പിച്ചത്. 14 ജില്ലകളിൽ നിന്നുള്ള പ്രവർത്തകരും അനുഭാവികളും യോഗത്തിൽ പങ്കെടുത്തു. പോളിറ്റ് ബ്യൂറോ മെമ്പർ സഖാവ് അസിത് ഭട്ടാചാര്യ മുഖ്യ പ്രസംഗം നടത്തി. സംസ്ഥാന സെക്രട്ടറി സഖാവ് കെ. രാധാകൃഷ്ണ പ്രസംഗിച്ചു.

തമിഴ്‌നാട്

തമിഴ്‌നാട് സംസ്ഥാന സംഘാടക കമ്മിറ്റി ആഗസ്റ്റ് 13 ന് മധുരയിലെ ഗൗരിപാളയത്താണ് അനുസ്മരണ യോഗം സംഘടിപ്പിച്ചത്. സംസ്ഥാന സെക്രട്ടറി സഖാവ് എ.രംഗസ്വാമി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കേന്ദ്ര കമ്മിറ്റിയംഗം സഖാവ് സി.കെ.ലൂക്കോസ് മുഖ്യ പ്രസംഗം നടത്തി.

ബീഹാർ
ആഗസ്റ്റ് 5 ന് പാറ്റ്‌നയിലെ ഐഎംഎ ഹാളിൽ ബീഹാർ സംസ്ഥാന കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി സഖാവ് ശിവശങ്കർ പതാകയുയർത്തി. സംസ്ഥാന സെക്രട്ടേറിയറ്റംഗം സഖാവ് അരുൺ സിംഗിന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ യോഗത്തിൽ പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം സഖാവ് സത്യവാൻ മുഖ്യപ്രഭാഷണം നടത്തി.

ഉത്തർപ്രദേശ്

ആഗസ്റ്റ് 7 ന് ലഖ്‌നൗവിൽ ഉത്തർപ്രദേശ് സംസ്ഥാന കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി സഖാവ് വി.എൻ.സിംഗ് അദ്ധ്യക്ഷനായിരുന്നു. കേന്ദ്ര കമ്മിറ്റിയംഗം സഖാവ് ഗോപാൽകുണ്ടു മുഖ്യ പ്രഭാഷണം നടത്തി.

ഹരിയാന

ഹരിയാനയിൽ സംസ്ഥാനതല അനുസ്മരണ സമ്മേളനം റോത്തക്കിൽ ആഗസ്‌ററ് 7 ന് നടന്നു. കേന്ദ്ര കമ്മിറ്റിയംഗവും എഐയുടിയുസി ജനറൽ സെക്രട്ടറിയുമായ സഖാവ് ശങ്കർ സാഹ മുഖ്യപ്രസംഗം നടത്തിയ യോഗത്തിൽ സംസ്ഥാന സെക്രട്ടറി സഖാവ് സത്യവാനും പ്രസംഗിച്ചു. കേന്ദ്ര-സംസ്ഥാന ബിജെപി ഗവണ്മെന്റുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഒക്ടോബർ 4 ന് മുഖ്യമന്ത്രിയുടെ വസതിയിലേയ്ക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുവാനും സമ്മേളനത്തിൽ തീരുമാനിച്ചു.

ഗുജറാത്ത്

ഗുജറാത്ത് സംസ്ഥാന സംഘാടക കമ്മിറ്റി ആഗസ്റ്റ് 8 ന് വഡോദരയിലാണ് സംസ്ഥാനതല അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്. കേന്ദ്ര കമ്മിറ്റിയംഗം സഖാവ് ഛായാ മുഖർജി മുഖ്യപ്രസംഗം നടത്തി. ഗുജറാത്തിൽ ദലിതർക്കുനേരെ നടക്കുന്ന ആക്രമണങ്ങളെ സംസ്ഥാന സെക്രട്ടറി സഖാവ് ദ്വാരികാനാഥ് റാത്ത് അപലപിച്ചു.

ഒഡീഷ

ഒഡീഷ സംസ്ഥാന കമ്മിറ്റി ആഗസ്റ്റ് 7 ന് കട്ടക്കിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി സഖാവ് ദുർജതിദാസ് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റിയംഗം സഖാവ് സൗമൻ ബസു മുഖ്യ പ്രഭാഷണം നടത്തി. കോംസമോൾ വാളന്റിയർമാർ ഗാർഡ് ഓഫ് ഓണർ നൽകി.

മഹാരാഷ്ട്ര

മഹാരാഷ്ട്രയിലെ മുംബൈയിൽ ആഗസ്റ്റ് 6 ന് അനുസ്മരണ സമ്മേളനം നടന്നു. മുംബൈ നഗരത്തിൽ നടന്ന പൊതു സമ്മേളനത്തിൽ മുംബൈ ഓർഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി സഖാവ് അനിൽ കുമാർത്യാഗി അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റിയുടെ പ്രതിനിധിയായി സഖാവ് ദ്വാരികാനാഥ് റാത്ത് മുഖ്യപ്രസംഗം നടത്തി. നാഗ്പൂരിലെ രാം നഗറിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ഒഡീഷ സംസ്ഥാന സെക്രട്ടറി സഖാവ് ദുർജതി ദാസ് മുഖ്യ പ്രസംഗം നടത്തി. എഐഡിവൈഒ അഖിലേന്ത്യാ സെക്രട്ടറി സഖാവ് പ്രതിഭാ നായിക്കും പങ്കെടുത്തു.

ത്രിപുര

ആഗസ്റ്റ് 5 ന് ത്രിപുരയിലെ അഗർത്തലയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ സംസ്ഥാന സംഘാടക കമ്മിറ്റി സെക്രട്ടറി സഖാവ് അരുൺകുമാർ ഭൗമിക് അദ്ധ്യക്ഷനായി. ഒഡീഷ സംസ്ഥാന കമ്മിറ്റിയംഗം സഖാവ് ശങ്കർദാസ് ഗുപ്ത മുഖ്യപ്രസംഗം നടത്തി.

മദ്ധ്യപ്രദേശ്

ഗസ്റ്റ് 5 ന് മദ്ധ്യപ്രദേശിലെ സാഗറിൽ സംസ്ഥാനതല അനുസ്മരണ സമ്മേളനം നടന്നു. ഭോപ്പാൽ, സാഗർ, ഇൻഡോർ, ഗ്വാളിയോർ, ഗുണ, അശോക് നഗർ, ദേവാസ്, വിദിശ, റെയ്‌സൺ തുടങ്ങി വിവിധ ജില്ലകളിൽ നിന്നായി നൂറുകണക്കിന് പ്രവർത്തകരും അനുഭാവികളും യോഗത്തിൽ പങ്കെടുത്തു. സഖാവ് ശിബ്ദാസ് ഘോഷിന്റെ കൃതികളിൽ നിന്നുള്ള ഉദ്ധരണികളുടെ പ്രദർശനം സംസ്ഥാന ഓഫീസ് സെക്രട്ടറി സഖാവ് യു.പി.ബിശ്വാസ് ഉദ്ഘാടനം ചെയ്തു. ഉത്തർപ്രദേശ് സംസ്ഥാന കമ്മിറ്റിയംഗം സഖാവ് സ്വപൻ ചാറ്റർജി, മദ്ധ്യപ്രദേശ് സംസ്ഥാന സെക്രട്ടറി സഖാവ് പ്രതാപ് സമൽ, സംസ്ഥാന കമ്മിറ്റിയംഗം സഖാവ് രാമാവതാർ ശർമ്മ എന്നിവരും പ്രസംഗിച്ചു.

ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡിൽ ആഗസ്റ്റ് 7 ന് ഡെറാഡൂണിലാണ് അനുസ്മരണ സമ്മേളനം നടന്നത്. സഖാവ് പ്രതാപ് സമൽ മുഖ്യപ്രസംഗം നടത്തി. സഖാവ് മുകേഷ് സെംവളും പ്രസംഗിച്ചു.

പഞ്ചാബ്

പഞ്ചാബിലെ ബുദ്ധലതയിൽ ആഗസ്റ്റ് 9 നാണ് അനുസ്മരണ സമ്മേളനം നടന്നത്. പഞ്ചാബ് യൂണിറ്റ് ഇൻചാർജ്ജ് സഖാവ് അമീന്ദർ പാൽസിംഗ് അദ്ധ്യക്ഷനായി. സഖാവ് പ്രതാപ്‌സമൽ മുഖ്യപ്രസംഗം നടത്തി.

ജാർഖണ്ഡ്

ഇതുകൂടാതെ ജാർഖണ്ഡിലെ ഘാട്ട്ശില മാർക്‌സിസം-ലെനിനിസം-ശിബ്ദാസ്‌ഘോഷ് ചിന്ത പഠനകേന്ദ്രത്തിൽ മുതിർന്ന പോളിറ്റ്ബ്യൂറോ മെമ്പർ സഖാവ് രഞ്ജിത് ധർ പങ്കെടുത്ത അനുസ്മരണ യോഗം നടന്നു.

ഹൈദരാബാദ്, ഡൽഹി, ദുർഗ്, ജയ്പ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന യോഗങ്ങളിൽ പോളിറ്റ് ബ്യൂറോ അംഗം സഖാവ് അസിത് ഭട്ടാചാര്യ പങ്കെടുത്തു.

Share this post

scroll to top