കേരളത്തിന്റെ ആകെ നീളം 580 കിലോമീറ്ററാണ്. ഏറ്റവും കുറഞ്ഞവീതി 10 കിലോമീറ്റർ. കൂടിയ വീതി 120 കിലോമീറ്ററും. നേർത്തവരമ്പിന്റെ രൂപത്തിലുള്ള കേരളത്തിന് കിഴക്ക് പശ്ചിമഘട്ടമലനിരകളും പടിഞ്ഞാറ് അറബിക്കടലും അതിരിടുന്നു. കടൽനിരപ്പിലും താഴ്ന്നുനിൽക്കുന്ന കുട്ടനാട് എന്ന അത്ഭുതം വേറെ. പറഞ്ഞാൽ കേരളം ആകെപ്പാടെ ഒരു പരിസ്ഥിതിലോല പ്രദേശമാണ്. എന്നാൽ മാറി മാറി ഭരിച്ച സർക്കാരുകൾ തങ്ങളുടെ ദുരയും കുത്തകദാസ്യ മനോഭാവവും നിമിത്തം സ്വീകരിച്ച നടപടികളിലൂടെ കേരളത്തിന്റെ സമ്പൂർണനാശം ഏതാണ്ട് ഉറപ്പാക്കിയിട്ടുണ്ട്.
നമ്മുടെ പശ്ചിമഘട്ട മലനിരകളും സ്വാഭാവിക വനവും, അനധികൃതക്വാറികളും മണ്ണെടുപ്പുംമൂലം നാശോന്മുഖമായിക്കഴിഞ്ഞിരിക്കുന്നു. 2018,19 വർഷങ്ങളിലെ തുടർച്ചയായ രണ്ട് പ്രളയവും മണ്ണിടിച്ചിലും ഉരുൾപൊട്ടലും മേഘവിസ്‌ഫോടനവും ചുഴലിക്കാറ്റുകളും രൂക്ഷമായ കടലേറ്റവുമെല്ലാം പരിസ്ഥിതിനാശത്തിന്റെ പ്രത്യാഘാതമാണ് എന്നത് തെളിയിക്കുന്ന പഠനങ്ങൾ വേണ്ടുവോളം നടന്നുകഴിഞ്ഞു. ഇപ്പോൾ കോവളംമുതൽ ചെല്ലാനംവരെ കടലെടുത്തുപോകുന്നതിന്റെ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.
കരിമണൽ ഖനനത്തിനെതിരെ ആലപ്പുഴയുടെ തീരത്ത് വീണ്ടും പ്രതിഷേധമുയരുന്നു
ആലപ്പുഴയുടെ തീരത്ത് ജനങ്ങൾ ചെറുത്ത് തോൽപ്പിച്ച കരിമണൽ ഖനനം വീണ്ടും ഐആർഇ/കെഎംഎംഎൽ കമ്പനികളെ മുൻനിർത്തി കേരളസർക്കാർ നടത്തുകയാണ്. 2003-2004 കാലത്തെ സമരത്തിലൂടെ ഒരു സർക്കാർ ഉത്തരവ് പിൻവലിപ്പിക്കുവാൻ ജനങ്ങൾക്ക് കഴിഞ്ഞിരുന്നു. ജനകീയ പ്രതിരോധ സമിതി മുൻകൈയെടുത്ത് സംഘടിപ്പിച്ച ജനകീയ കമ്മിറ്റികൾ ആയിരുന്നു ആ സമരത്തിന് അടിത്തറ. ജനങ്ങൾ ആയിരങ്ങളായി പതിനായിരങ്ങളായി കമ്മിറ്റികളിലൂടെ തെരുവിലിറങ്ങി. സമരത്തിനെതിരെ ചതുരുപായങ്ങളും പയറ്റിയ കമ്പനികളും സർക്കാരും രാഷ്ട്രീയപാർട്ടികളും മുട്ടുമടക്കി. ചില രാഷ്ട്രീയ നേതാക്കൾ തങ്ങളുടെ രാഷ്ട്രീയ ബന്ധങ്ങൾ മാറ്റിവെച്ച് സമരത്തോടൊപ്പം ചേർന്നു. മറ്റുചിലർ ജനകീയ സമ്മർദ്ദത്താൽ സമരത്തിൽ പങ്കുചേർന്നു.
എഴുപത്തിമൂന്ന് സമര കമ്മിറ്റികൾ രൂപീകരിക്കപ്പെട്ടു. നിരന്തരമായ ചർച്ചാ ക്ലാസുകൾ, നാടകങ്ങൾ, ഗാനങ്ങൾ, കുടുംബയോഗങ്ങൾ, തെരുവ് യോഗങ്ങൾ, കളക്ടറേറ്റ് മാർച്ചുകൾ, സെക്രട്ടറിയേറ്റ് പിക്കറ്റിംഗ്, മേധാപട്കർ പങ്കെടുത്ത അത്യുജ്ജ്വല റാലി, തൃക്കുന്നപ്പുഴ കുമ്പളം ഓഡിറ്റോറിയത്തിൽ നടന്ന മഹാ കൺവെൻഷൻ, ലഘുലേഖകൾ, നോട്ടീസുകൾ, ചിത്രങ്ങൾ, ശില്പങ്ങൾ അങ്ങനെ അനേകം പ്രവർത്തനങ്ങൾ സമരത്തിന്റെ ഭാഗമായി ആവിഷ്‌കരിക്കപ്പെട്ടു. അവസാനം തീരമേഖല ഏറ്റെടുത്ത മനുഷ്യചങ്ങല കനത്ത മഴയിൽ മനുഷ്യർ തീർത്ത വൻകോട്ടയായി മാറി. ഒരൊറ്റ ശരീരമായി തീരം ഏറ്റുപറഞ്ഞു: കരിമണൽഖനനം വേണ്ട, തീരസംരക്ഷണം ഉറപ്പാക്കുക. കേരളത്തിലെ ജനങ്ങൾ അതിനെ നെഞ്ചിലേറ്റി, ഖനന ഉത്തരവ് സർക്കാർ പിൻവലിച്ചു.
2013ലെ പിഎസ്‌സി പരീക്ഷയിൽ കേരളത്തിൽ നടന്ന ഏറ്റവും വലിയ ജനകീയ സമരം ഏത് എന്നചോദ്യത്തിനുത്തരം ആലപ്പുഴയുടെ തീരത്തെ കരിമണൽ ഖനനം എന്നായിരുന്നു. ആ ചരിത്രത്തെ മറികടക്കുവാൻ ക്രിമിനൽ മൂലധനത്തിന്റെ വക്താക്കൾ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. കേരള സർക്കാർ വലിയഴീക്കലും തോട്ടപ്പള്ളിയിലും ഹാർബറുകളുടെ വികസനത്തിന് എന്നപേരിൽ ഖനനം നടത്തുവാൻ കരിമണൽ കമ്പനികളെ ഏൽപിച്ചു. പുറക്കാട് പഞ്ചായത്തിന്റെ വിലക്ക് മറികടന്ന് പഞ്ചായത്ത് സെക്രട്ടറിയെ ഉപയോഗപ്പെടുത്തി തോട്ടപ്പള്ളി ഹാർബറിൽ ഖനനം തുടങ്ങി. മൂന്നുമാസത്തേക്ക് എന്നുപറഞ്ഞുവന്ന ഐആർഇഎൽ കമ്പനി കഴിഞ്ഞ എട്ടുവർഷമായി ആസൂത്രിതമായി മണൽവാരിക്കൊണ്ടിരിക്കുന്നു. മാഗ്‌നെറ്റിക് സ്‌പൈറൽ യൂണിറ്റ് ഉപയോഗിച്ച് മണൽ വേർതിരിച്ച് കടത്തിക്കൊണ്ടേയിരിക്കുന്നു. തോട്ടപ്പള്ളി ഹാർബറിന് വടക്കോട്ടുള്ള പുന്തല, പുറക്കാട്, പഴയങ്ങാടി, പായൽകുളങ്ങര, വളഞ്ഞവഴി, പുന്നപ്ര തീരങ്ങൾ അതിശക്തമായ കടലാക്രമണത്തിൽ തകർന്നിരിക്കുന്നു.
വലിയഴീക്കലിൽ ഹാർബർ വികസനത്തിന്റെ പേരിൽ ഡ്രഡ്ജ്ജ് ചെയ്ത മണ്ണ് കൂനപോലെ കൂട്ടിയിട്ട്, മിനറൽ സെപ്പറേറ്റർ ഉപയോഗിച്ച് വേർതിരിച്ച് കൊണ്ടുപോകുന്നു. വലിയഴീക്കൽ, പെരുമ്പള്ളി തറയിൽ കടവ,് കള്ളിക്കാട,് ആറാട്ടുപുഴ, പത്തിശ്ശേരിൽ മംഗലം, തോപ്പിൽമുക്ക്, പല്ലന തുടങ്ങിയ സ്ഥലങ്ങളിൽ കടലാക്രമണം അതിരൂക്ഷമായിരിക്കുന്നു. കുട്ടനാടിന്റെ രക്ഷയ്ക്ക് എന്നപേരിൽ തോട്ടപ്പള്ളി പുഴയിൽ പ്രളയാനന്തര പരിപാടിയുടെ മറവിൽ മണൽവാരി കൊണ്ടേയിരിക്കുന്നു. ഇരുട്ടിന്റെ മറവിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച്, അഞ്ച് ജില്ലകളിലെ പോലീസിനെ ഇറക്കി, ഓരോ വീടിനും പോലീസിനെ കാവൽ നിർത്തി, പ്രകൃതിസ്‌നേഹികൾ നട്ട കാറ്റാടി മരങ്ങൾ വെട്ടിമാറ്റി, തെറ്റായ കാലാവസ്ഥാപ്രവചനം ഉയർത്തിക്കാട്ടി നടക്കുന്ന മണൽകൊള്ള തോട്ടപ്പള്ളി സ്പിൽവേ തകർത്തിരിക്കുന്നു. ഏഴാം നമ്പർ ഷട്ടർ തകർന്നു, ഉയർത്തിയ ഷട്ടറുകൾ അടയ്ക്കാൻ വയ്യ, അടച്ച ഷട്ടറുകൾ തുറക്കാൻ വയ്യ, കോർണർ ആങ്കിളുകളും കേടായിരിക്കുന്നു.
കോവിഡിന്റെ മറവിൽ ജനങ്ങളെ നിശബ്ദരാക്കി, സമരം ചെയ്തവർക്കെതിരെ കേസെടുത്തു. നൂറുകണക്കിന് സാധാരണക്കാരെ കോടതിയിൽ ഹാജരാക്കാതെ മറ്റ് പ്രദേശങ്ങളിൽ കൊണ്ടുപോയി ഇറക്കിവിട്ടു. പണം കൊടുക്കേണ്ടവർക്ക് പണം കൊടുത്തും ജോലി വാഗ്ദാനം ചെയ്തും ജനങ്ങളെ വശത്താക്കുന്നു. കരുനാഗപ്പള്ളിയുടെ തീരത്ത് നടത്തിയ എല്ലാ വഞ്ചനയും ചതിയും ഇവിടെയും പയറ്റി കൊണ്ടിരിക്കുന്നു. സമരമുഖത്തെ ഭിന്നിപ്പിക്കുന്ന സ്‌പോൺസേർഡ് സമരങ്ങൾക്കുപോലും മുതിരുന്നു.
പതിറ്റാണ്ടുകളായി ജനങ്ങൾ ഉപയോഗിച്ചുകൊണ്ടിരുന്ന പഞ്ചായത്ത് റോഡുകൾപോലും ഐ ആർഇയും, കെഎംഎംഎല്ലും കൈയടക്കിയിരിക്കുന്നു. എംഎൽഎയും പഞ്ചായത്ത് പ്രസിഡന്റും കമ്പനി മാനേജർമാരും ചേർന്ന് നവീകരണ മാമാങ്കം നടത്തുന്നു, അങ്ങനെയും നൂറുകണക്കിന് ലോഡ് മണ്ണ് ദിനംപ്രതി കടത്തിക്കൊണ്ടിരിക്കുന്നു.
കുട്ടനാട്ടിലെ 36,000 ഏക്കറോളം സ്ഥലത്ത് ഉപ്പുവെള്ളം കയറി. രണ്ടാം കൃഷി മുഴുവൻ ഉപ്പുവെള്ളം കയറി നശിച്ചിരിക്കുന്നു. ചമ്പക്കുളം, നെടുമുടി, വീയപുരം, കരിപ്പുഴ, കുരീത്തറ, പള്ളിപ്പാട,് പുന്നപ്ര, പുറക്കാട് പാടശേഖരങ്ങളിൽ ഉപ്പിന്റെ ഗാഢത കൂടിയിരിക്കുന്നു. കർഷകർ പ്രതിഷേധിച്ച് ഇറിഗേഷൻ ഓഫീസ് വളയുന്നു, തോട്ടപ്പള്ളി പൊഴിയിലെ മണ്ണ് നീക്കുന്നതിനെക്കുറിച്ച് ഫിഷറീസ് മന്ത്രി വാതോരാതെ വർത്തമാനം പറയുന്നു
കുട്ടനാട് സമുദ്രനിരപ്പിനുംതാഴെ ആണെന്നും തീരവരമ്പ് മുറിഞ്ഞാൽ കടൽവെള്ളം ഇരമ്പിയെത്തും എന്നും മനസ്സിലാക്കാതെയോ അറിഞ്ഞിട്ടും അത് ഭാവിക്കാതെയോ ആണ് അധികാരികൾ നടപടികൾ സ്വീകരിക്കുന്നത്. ആലപ്പുഴ ജില്ലയുടെ തീരത്ത് ജനകീയ സമര കമ്മിറ്റികളിൽ കക്ഷി രാഷ്ട്രീയ ഭേദമെന്യെ അണിനിരക്കാനുള്ള ആഹ്വാനം ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നു.
തോട്ടപ്പള്ളിയിൽ നടക്കുന്ന സത്യാഗ്രഹം 33 ദിവസം പിന്നിട്ടിരിക്കുന്നു. നിരവധി പ്രമുഖ വ്യക്തികൾ സത്യാഗ്രഹികളായി അവിടെ എത്തി. ചർച്ചകൾ, യോഗങ്ങൾ, മണൽപ്രതിജ്ഞകൾ, ഹർത്താലുകൾ ഇവ സമരത്തിന്റെ ഭാഗമായി നടന്നു. 2021 ജൂൺ 21ന് തീരദേശത്ത് പ്രതിഷേധദിനം ആചരിക്കുകയും പുറക്കാട് പഞ്ചായത്തിൽ തീരദേശ ഹർത്താൽ ആചരിക്കുകയും ചെയ്തു. തോട്ടപ്പള്ളി വടക്കേക്കരയിൽ തീരദേശവാസികൾ പങ്കെടുത്ത മണൽപ്രതിജ്ഞ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റി അംഗം സഖാവ് ജ്യോതികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 2021 ജൂലൈ 7ന് തീരദേശ സമരപ്രഖ്യാപന മഹാ സമ്മേളനം നടന്നു.
സമരപ്രഖ്യാപന സമ്മേളനത്തിന് കരിമണൽ ഖനന വിരുദ്ധ ഏകോപനസമിതി ജനറൽ കൺവീനർ അർജുനൻ സ്വാഗതമാശംസിച്ചു. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് മാത്യു വേളങ്ങാടൻ, കർഷക നേതാവ് പി.റ്റി.ജോൺ, കെ.സി.ശ്രീകുമാർ, അഡ്വക്കേറ്റ് ഒ.ഹാരിസ്, സഖാവ് എസ്.സീതിലാൽ, പാർത്ഥസാരഥി വർമ്മ, പ്രസാദ്, ബി.ഭദ്രൻ, നാസർ ആറാട്ടുപുഴ, ജാക്‌സൺ പൊള്ളയിൽ, ജോയി കമ്പക്കാരൻ, കെ.എ.ഷെഫീഖ്, സുധിലാൽ, ഷിബു പ്രകാശ്, സുഭദ്രാമണി, കെ.പി.സുബൈദ എന്നിവർ പ്രസംഗിച്ചു. കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി ചെയർമാൻ സുരേഷ് കുമാർ മണൽ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. ഖനനവിരുദ്ധ പ്രമേയം ഹർഷാരവത്തോടെ സദസ്സ് പാസാക്കി. സമ്പൂർണമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തോട്ടപ്പള്ളി തെക്കേക്കരയിൽ നടന്ന പരിപാടിയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
വിഴിഞ്ഞം തുറമുഖപദ്ധതി
തിരുവനന്തപുരം ജില്ലയുടെ തീരപ്രദേശങ്ങൾ കടലെടുത്തുപോകുകയും പ്രദേശവാസികളായ മത്സ്യത്തൊഴിലാളികൾ അഭയാർത്ഥികളായിത്തീരുകയും ചെയ്യുന്ന പ്രതിഭാസം വിഴിഞ്ഞം തുറമുഖപദ്ധതിയുടെ നിർമ്മാണത്തോടെയാണ് ആരംഭിച്ചത്. പദ്ധതി പാതിയെത്തുന്നതിനുമുമ്പുതന്നെ കേരളത്തിന്റെ വശ്യഭംഗി ലോകപ്രശസ്തമാക്കിയ കോവളം ബീച്ച് അപ്രത്യക്ഷമായി, ശംഖുമുഖം ബീച്ച് അപ്രത്യക്ഷമായി. തിരുവനന്തപുരം വിമാനത്താവളത്തിലേയ്ക്കുള്ള റോഡ് കടലെടുത്ത് യാത്രായോഗ്യമല്ലാതെയായിക്കഴിഞ്ഞു. ചരിത്രപ്രസിദ്ധമായ വലിയതുറ കടൽപാലം വിസ്മൃതിയിലായി. തിരുവനന്തപുരം ജില്ലയുടെ പടിഞ്ഞാറൻ മേഖലയൊന്നാകെ വിശേഷിച്ചും പൂന്തുറ, വലിയ തുറ, ബീമാപള്ളി, ശംഖുമുഖം, വെട്ടുകാട് പ്രദേശങ്ങൾ കടൽവിഴുങ്ങുകയാണ്. അശാസ്ത്രീയ നിർമ്മിതികൾ കടലിന്റെ സ്വഭാവംതന്നെ മാറ്റിയിരിക്കുന്നു.
സിംഗപ്പൂരിലും ദുബയിലും റോട്ടർഡാമിലും നിരനിരയായ് കിടക്കുന്നതുപോലെ വിഴിഞ്ഞത്തും കപ്പലുകളുടെ വലിയ വിന്യാസം, വിദേശ രാജ്യങ്ങളിൽ തൊഴിൽ തേടിപ്പോയ പത്തുലക്ഷത്തിലധികം വരുന്ന മലയാളികളെയെല്ലാം മടക്കി വിളിച്ച് പണി കൊടുക്കാവുന്നത്ര തൊഴിൽ സാധ്യത, ഇതൊക്കെ നിരന്തരം പ്രചരിപ്പിച്ചിട്ടാണ് 2015 ഡിസംബറിൽ വിഴിഞ്ഞം അന്താരാഷ്ട്ര വാണിജ്യ തുറുഖം നിർമ്മാണം ആരംഭിച്ചത്. അന്താരാഷ്ട്ര കപ്പൽ പാതയും 24 മീറ്റർ സ്വാഭാവിക ആഴവും അത്യാകർഷകങ്ങളായ വാഗ്ദാനങ്ങളായിരുന്നു. ആയിരം ദിവസം കൊണ്ട് പൂർത്തിയാക്കുന്ന കേരളത്തിന്റെ സ്വപ്‌ന പദ്ധതി എന്നായിരുന്നു മറ്റൊരു വാഗ്ദാനം. ഭരണ പ്രതിപക്ഷങ്ങളുടെ വികസന അജണ്ടയിലെ പ്രഥമസ്ഥാനം നേടി അദാനിയുടെ വിഴിഞ്ഞം തുറമുഖം.
വർഷം അഞ്ചുകഴിഞ്ഞു. മൂന്നര കിലോമീററർ നീളത്തിലാണ് തുറമുഖ നിർമ്മാണത്തിന് പുലിമുട്ട് വേണ്ടത്. എന്നാൽ 700 മീറ്റർ ആയപ്പോളാണ് ഓഖി ചുഴലിക്കാറ്റ് വന്നത്. പുലിമുട്ടിനായി ഇട്ട വമ്പൻ കല്ലുകൾ ആർമർ ഒന്നാകെ കടലെടുത്തുപോയി. തലമുറകളായി കഴിഞ്ഞിരുന്ന ആയിരക്കണക്കിന് തീരദേശ മത്സ്യത്തൊഴിലാളികൾ ഇന്നവിടെയില്ല. അദാനിയുടെ തുറമുഖ വികസനത്തിന്റെ ഇരകളായിമാറിയ ആദ്യ സംഘം തീരദേശവാസികളായ മത്സ്യത്തൊഴിലാളികൾ ആയിരുന്നു.
2011 ൽ ഈ പദ്ധതിയുടെ പാരിസ്ഥിതിക അനുമതിക്കായി സമീപിച്ചപ്പോൾ ,ഒരു തരത്തിലും ഇത്തരം വൻ നിർമ്മാണങ്ങൾ നടത്താൻ പാടില്ലാത്ത പ്രദേശമാണിതെന്ന് വ്യക്തമാക്കി അനുമതി നിഷേധിച്ചിരുന്നു. പക്ഷെ, തടസ്സങ്ങളെല്ലാം പെട്ടെന്ന് മാറുന്നതാണ് പിന്നീട് നാം കണ്ടത്. അദാനിയുമായി ഉമ്മൻ ചാണ്ടി സർക്കാർ നടത്തിയത് 6000 കോടി രൂപയുടെ, കേരളം കണ്ട ഏറ്റവും വലിയ അഴിമതി കരാറാണെന്ന് പ്രതിപക്ഷത്തിരുന്ന് പിണറായി വിജയൻ അന്ന് പറഞ്ഞു. അദാനി, ഉമ്മൻചാണ്ടി പരസ്പര സഹായ പദ്ധതിയെന്ന് അതിനെ നാമകരണം ചെയ്യണമെന്നും സംസ്ഥാനത്തിന് ഒരു കാലത്തും ഒരു രൂപപോലും ലാഭമുണ്ടാവില്ലെന്നും നിയമസഭയിൽ വീണാ ജോർജ്ജ് രേഖകൾ നിരത്തി പ്രസംഗിച്ചതിന്റെ ദൃശ്യങ്ങൾ ഇപ്പോഴും നമ്മുടെ മുമ്പിലുണ്ട്.
7500 കോടിയിലധികം വരുന്ന പദ്ധതിയുടെ പകുതിയിലേറെ തുക അദാനിക്ക് സംസ്ഥാനം സംഭാവനയായി നൽകി. കൂടാതെ 250 ഏക്കറിലധികം ഭൂമി ജനങ്ങളിൽനിന്ന് ഏറ്റെടുത്ത് ദാനവും ചെയ്തിട്ടുണ്ട്. തുറമുഖ നിർമ്മാണ ഉദ്ഘാടനത്തിന് തിരുവനന്തപുരത്തെത്തിയ അദാനി വി.എസ്.അച്ചുതാനന്ദനെ പ്രതിപക്ഷ നേതാവിന്റെ വസതിയിൽ പോയി കണ്ടു.
2016ൽ അധികാരത്തിൽ കയറിയ പിണറായി വിജയൻ സർക്കാർ അതിവേഗം നിലപാട് മാറ്റുന്നതാണ് നമ്മൾ കണ്ടത്. അദാനിമാർ ഏകെജി സെന്ററിൽ വന്നുംപോയും നിന്നു. പിന്നാലെ കേരളത്തിന്റെ സ്വപ്‌നപദ്ധതി ഉടനടി പൂർത്തിയാക്കാനുള്ള എല്ലാ നടപടികൾക്കും സർക്കാരിന്റെ പൂർണ്ണ സഹകരണ പ്രഖ്യാപനവും വന്നു. തുറമുഖത്തിന്റെ പണി പൂർത്തിയായി പതിനഞ്ച് വർഷം കഴിയുമ്പോൾ കമ്പനി ലാഭത്തിലാണ് പോവുന്നതെങ്കിൽ വരുമാനത്തിന്റെ ഒരു ശതമാനം സംസ്ഥാന സർക്കാരിന് നൽകുമെന്ന് അദാനി ഉറപ്പും കൊടുത്തു.
വിഴിഞ്ഞം കരാറിൽ സിഎജി ചൂണ്ടിക്കാണിച്ച പ്രശ്‌നങ്ങളും അതിനു പിന്നിൽ നടന്ന ഗൂഢാലോചനകളും പുറത്തു കൊണ്ടുവരണമെന്നും ജുഡീഷ്യൽ അന്വേഷണം പൂർത്തിയാവുംവരെ നിർമ്മാണം നിർത്തിവയ്ക്കണമെന്നുമാണ് വിഎസ് അച്ചുതാനന്ദൻ ആവശ്യപ്പെട്ടിരുന്നത്. അഴിമതി ആരോപണവും വിവാദവും ഉയർന്നുവരുന്നു എന്നതുകൊണ്ടുമാത്രം ഇതുപോലൊരു പദ്ധതി ഉപേക്ഷിച്ചു കളയും എന്ന് ആരും കരുതേണ്ടതില്ല എന്ന് എതിർ ശബ്ദങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടി പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയായിരുന്നു. വിഴിഞ്ഞം തീരത്തുനിന്നും കുടിയൊഴിപ്പിച്ച് വിട്ടവർക്ക് പ്രഖ്യാപിച്ച വാഗ്ദാനങ്ങളും തൊഴിലും ഇനിയും എങ്ങുമെത്തിയിട്ടില്ല. ജീവിതം തകർക്കപ്പെട്ട ജനങ്ങളുടെ രോഷവും പ്രതിഷേധവും വളർന്നുവരാതെ തണുപ്പിച്ചുകളയുന്ന മധ്യസ്ഥശ്രമങ്ങൾ മുറപോലെ നടക്കുകയും ചെയ്യുന്നു. തീരദേശത്ത് പാലിക്കേണ്ട നിയന്ത്രണങ്ങളൊന്നുംതന്നെ അദാനിക്ക് ബാധകമല്ല.
കേരളത്തിന്റെ തീരമേഖലയിലെ ഏറ്റവും ജൈവസമ്പന്നമായ തീരക്കടലാണ് വിഴിഞ്ഞം. തുറമുഖ നിർമാണവും കടൽ നികത്തലും ആ ജൈവവ്യവസ്ഥയെ തകർത്തുകളഞ്ഞു. വാണിജ്യ തുറുഖത്തിന്റെ നിർമ്മാണം മുന്നേറുന്നതിന നുസരിച്ച് വിഴിഞ്ഞത്ത് നിലവിലുള്ള മത്സ്യബന്ധന തുറമുഖം മത്സ്യത്തൊഴിലാളികൾക്ക് എന്നെന്നേയ്ക്കുമായി നഷ്ടപ്പെടുമെന്നതിന്റെ വ്യക്തമായ സൂചനകൾ കണ്ടുതുടങ്ങി. വർഷകാലമാകുമ്പോൾ അയൽപ്രദേശങ്ങളിലെ വള്ളങ്ങൾ ലോറികളിലും മറ്റും കൊണ്ടുവന്ന് കടലിൽ പോവുകയും വരികയും ചെയ്യുന്ന സുരക്ഷിത ഇടമായിരുന്നു വിഴിഞ്ഞം. പക്ഷെ, വാണിജ്യ തുറമുഖത്തിന്റെ നിർമ്മിതികളും കടൽ നികത്തലും പുലിമുട്ടുകളും തിരമാലകളുടെയും ഒഴുക്കിന്റെയും ഗതിയാകെ മാറ്റിക്കഴിഞ്ഞു. വിഴിഞ്ഞം തുറമുഖ നിർമ്മാണം ആരംഭിച്ചപ്പോൾ മുതൽ പദ്ധതിയോട് ചേർന്ന കിടക്കുന്ന വഴിഞ്ഞം ഹാർബറിൽ കടലിലേക്കുള്ള പ്രവേശന കവാടത്തിൽ മണൽ അടിഞ്ഞു കൂടുകയാണ്. മത്സ്യബന്ധന ബോട്ടുകൾ അപകടത്തിൽപെടുന്നതും മത്സ്യത്തൊഴലാളികൾക്ക് ജീവൻ നഷ്ടപ്പെടുന്നതും പതിവാകുന്നു. വാണിജ്യതുറമുഖം നിർമ്മിച്ചാൽ വിഴിഞ്ഞം ഫിഷിങ് തുറമുഖത്തിന്റെ പ്രവേശനകവാടം പ്രക്ഷുബ്ധമാകുകയും അപകടസാധ്യതയുണ്ടാകുകയും ചെയ്യുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി 2011ൽത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വാണിജ്യ തുറമുഖം നിർദ്ദിഷ്ട പ്രദേശത്തുനിന്ന് മാറ്റണമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ കമ്മിറ്റിയുടെ അഭിപ്രായങ്ങളെ തൃണവൽഗണിച്ചുകൊണ്ട് പദ്ധതിയുമായി മുന്നോട്ടുപോകുകയാണ് ഉമ്മൻചാണ്ടി സർക്കാർ ചെയ്തത്.
തുറമുഖത്തിനുവേണ്ടി വർഷങ്ങളായി കടൽ കുഴിച്ച് മണലെടുത്തുകൊണ്ടിരിക്കുന്ന കമ്പനി, അടിഞ്ഞുകൂടിയ മണലെല്ലാം സൗജന്യമായി നീക്കിക്കൊള്ളാമെന്ന വാഗ്ദാനം വച്ചപ്പോൾ സർക്കാർ ഉടനടി അംഗീകരിച്ചുകൊടുത്തു. അദാനി തീരദേശത്ത് ‘ചാരിറ്റി പ്രവർത്തനവും’ തുടങ്ങി.
തിരുവനന്തപുരത്തെ കടലോര മേഖലയിലെ മത്സ്യത്തൊഴിലാളികളുടെയും ജനങ്ങളുടെയും ജീവിതം തകർത്തുകളയുന്ന കാഴ്ചകളാണ് ഇന്നു കണ്ടു കൊണ്ടിരിക്കുന്നത്. എന്നു മാത്രമല്ല, ഭയാനകമായ രീതിയിൽ കരയാകെ കടലെടുത്തുകൊണ്ടിരിക്കുന്നു. വിഴിഞ്ഞത്തിന് വടക്കോട്ടുള്ള തീരങ്ങളിൽ മണൽ അടിയുന്നില്ല. പൂന്തുറ, ബീമാപള്ളി, വലിയതുറ, ശംഖുംമുഖം, വെട്ടുകാട് പ്രദേശങ്ങളിലെ നൂറുകണക്കിന് വീടുകൾ തകർന്നുകഴിഞ്ഞു. വള്ളമിറക്കാൻ തീരമില്ലാതായി. നിരന്തരമായ കടൽ കയറ്റംവഴി വീട് നഷ്ടപ്പെട്ടവർ സ്വന്തം നാട്ടിൽ അഭയാർത്ഥികളായി തുടരുന്നു. അവിടെ കടലിനെ ചെറുത്ത് നിർത്താൻ ഊരാളുങ്കൽ കമ്പനിയെ കോടികൾ കൊടുത്തു നിറുത്തിയിരിക്കുന്നു.
മുതലപ്പൊഴി ഹാർബറും തമിഴ്‌നാടിന്റെ അതിർത്തി ഗ്രാമങ്ങളിലെ പുലിമുട്ടുകളും ഈ വിഷയത്തിൽ ചെറുതല്ലാത്ത സംഭാവനകളാണ് നൽകുന്നത്. മുതലപ്പൊഴിയിലെ ഫിഷിങ് ഹാർബറിൽ ഉണ്ടാകുന്ന അപകടങ്ങൾക്ക് പരിഹാരവുമായെത്തിയ അദാനി കമ്പനി ഇപ്പോൾ അവിടവും കൈയ്യടക്കുകയാണ്. വിഴിഞ്ഞത്തേയ്ക്കുള്ള പാറകൾ സംഭരിക്കാനുള്ള ഇടത്താവളം അവിടെ ഒരുക്കിക്കഴിഞ്ഞു. വിഴിഞ്ഞത്തെന്നതുപോലെ പ്രദേശവാസികളെ അതിരുകെട്ടി ആട്ടിപ്പായിക്കാൻ നിൽക്കുന്ന അദാനി ഗുണ്ടകളെ ഇപ്പോൾ മുതലപ്പൊഴിയിലും കാണാം. കടലിന്റെ അവകാശം കടലിന്റെ മക്കൾക്ക് എന്ന് ഉറക്കെ ആവർത്തിക്കുന്ന ഭരണാധികാരികൾ, മത്സ്യത്തൊഴിലാളികളുടെ നിലനിൽപ്പുതന്നെ അപകടത്തിലാക്കുന്ന വൻകിട നിർമ്മാണങ്ങൾക്ക് ഒപ്പമാണെന്നും തങ്ങളോടൊപ്പമല്ലെന്നും അവർ തിരിച്ചറിയുന്നു.
ജനജീവിതം അസാധ്യമായി മാറുന്ന ചെല്ലാനം
എറണാകുളം ജില്ലയുടെ തെക്കുപടിഞ്ഞാറൻ തീരപ്രദേശഗ്രാമമാണ് ചെല്ലാനം പഞ്ചായത്ത്. കൊച്ചി തുറമുഖവുമായി ബന്ധപ്പെട്ട് തീരപ്രദേശത്ത് വേണ്ടത്ര പാരിസ്ഥിതിക ആഘാത പഠനങ്ങൾ കൂടാതെ നടപ്പാക്കിയ വൻകിടപദ്ധതികളും നിർമ്മാണപ്രവർത്തനങ്ങളുംകൊണ്ടും അഴിമുഖത്തിന്റെ ആഴംകൂട്ടിയതുമൂലവും കടലിലേയ്ക്കുള്ള ജലപ്രവാഹത്തിന്റെ സ്വാഭാവിക ഗതിമാറി. ഇതുമൂലം ചെല്ലാനത്തിന്റെ തീരത്ത് കടലാക്രമണത്തിന്റെ ശക്തിവർദ്ധിച്ചു. പ്രദേശത്ത് ജനജീവിതം അസാധ്യമായി മാറുന്ന അവസ്ഥയിലേയ്ക്ക് നീങ്ങുകയാണ്.
42 വർഷംമുമ്പ് നിർമ്മിക്കപ്പെട്ട കടൽഭിത്തി മിക്കവാറും പ്രദേശങ്ങളിൽ തകർന്നുകഴിഞ്ഞു. കാലാകാലങ്ങളിൽ കടൽഭിത്തി ബലപ്പെടുത്തുന്നതിന് തയ്യാറാകാതിരുന്നതിനാൽ അത് പൂർണ്ണമായും ദുർബലമായി മാറി. 30വർഷത്തിനുശേഷം 50സെന്റിമീറ്റർ കടൽഭിത്തിയുടെ പൊക്കം വർദ്ധിപ്പിച്ച നടപടിയാകട്ടെ യാതൊരു പ്രയോജനവും ചെയ്തതുമില്ല. ശാസ്ത്രീയമായി കടൽഭിത്തി പുനർനിർമ്മിച്ചും നിശ്ചിത അകലത്തിൽ കടലിലേയ്ക്ക് പുലിമുട്ടുകൾ നിർമ്മിച്ചും പശ്ചിമകൊച്ചിയുടെ തീരപ്രദേശത്ത് ഐഎൻഎസ് ദ്രോണാചാര്യയെ സംരക്ഷിക്കുന്നത് മാതൃകയാക്കി ചെല്ലാനത്തെയും സംരക്ഷിക്കണമെന്ന് പരിസ്ഥിതി പ്രവർത്തകരും ജനങ്ങളും ഒന്നടങ്കം ആവശ്യപ്പെടുന്നുണ്ട്. ജിയോ ട്യൂബുൾ നിർമ്മിച്ച് കടലാക്രമണം തടയുമെന്ന് പ്രഖ്യാപനം വന്നുവെങ്കിലും, ഒന്നര ദിവസംകൊണ്ട് ഒന്നുവീതം നിറയ്ക്കാനാകുമെന്ന് പറഞ്ഞെങ്കിലും വർഷം പലതുകഴിഞ്ഞിട്ടും ഒന്നുപോലും ഫലപ്രദമായി നിറയ്ക്കാൻ ബന്ധപ്പെട്ടവർക്ക് സാധിച്ചിട്ടില്ല.
കടലാക്രമണം രൂക്ഷമാകുന്ന സമയത്ത് ചില ആശ്വാസപ്രഖ്യാപനങ്ങളും താത്ക്കാലിക അഭയാർത്ഥിക്യാമ്പുകളിലേയ്ക്കുള്ള ആട്ടിത്തെളിക്കലും തുടരുകയാണ്. ശക്തമായ കടലാക്രമണവും തീരശോഷണവും തടയാൻ ഫലപ്രദമായ നടപടികൾ അധികാരികളുടെ ഭാഗത്തുനിന്ന് സ്വീകരിക്കപ്പെടുന്നില്ലെന്നുമാത്രമല്ല, തീരസംരക്ഷണം പ്രഖ്യാപനങ്ങളിൽമാത്രം ഒതുങ്ങുകയാണ്. ജനങ്ങൾ സഹികെട്ട് പ്രതിഷേധങ്ങൾ തുടർച്ചയായി ഉയർത്തിക്കൊണ്ടിരിക്കുന്നു. വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെ തെരഞ്ഞെടുപ്പിൽ നിരാകരിക്കുന്ന അവസ്ഥവരെ അത് എത്തിയിരിക്കുന്നു.
പാരിസ്ഥിതികമായും സാമൂഹികമായും കടൽകയറ്റം സൃഷ്ടിക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾ ശ്രദ്ധിക്കപ്പെടേണ്ടതുമാണ്. കടലുകയറി തുടങ്ങിയതോടെ ഉൾനാടൻ ജലാശയങ്ങളിലെ ഉപ്പിന്റെ അംശം കൂടി. കായൽനിലങ്ങളിലെ ശുദ്ധജല മത്സ്യസമ്പത്ത് തന്മൂലം നശിക്കുന്നു. തീരക്കടലിലെ മത്സ്യസമ്പത്തിന്റെ ദൗർലഭ്യം ജീവിതത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന, മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷയായിരുന്ന ഉൾനാടൻ മത്സ്യബന്ധനസാധ്യതകളും ഫലത്തിൽ ഇല്ലാതാകുകയാണ്.
പഞ്ചായത്തിൽ വ്യാപകമായുള്ള പൊക്കാളിപ്പാടങ്ങൾ ഒരുനെല്ല് ഒരു മീൻ പദ്ധതിപ്രകാരം, ഇടവിട്ട സീസണുകളിൽ മത്സ്യക്കൃഷിയും പൊക്കാളി നെൽകൃഷിയും നടന്നുവരുന്ന പ്രദേശങ്ങളായിരുന്നു. ലോക പൈതൃകവിളകളുടെ പട്ടികയിൽപെടുന്ന സവിശേഷ നെല്ലിനമായ പൊക്കാളികൃഷി അസാധ്യമാകുകയാണ്. പൊക്കാളിപ്പാടങ്ങൾ വൻ ചെമ്മീൻകെട്ട് മാഫിയയുടെ കൈപ്പിടിയിലാകുകയെന്നതാണ് ഇതിന്റെ അനന്തരഫലം. ഉപ്പുവെള്ളംകയറിയ കായൽനിലങ്ങളുടെ പരിസരത്തുള്ള വീടുകളുടെ ഭിത്തികൾക്ക് കേടുപാടുണ്ടാകുന്ന പ്രതിഭാസം ജനജീവിതത്തെ നരകതുല്യമാക്കുന്നു. കായലും കടലും തമ്മിലുള്ള നേരിയ അതിർവരമ്പായ ഈ കരയെ ഫലപ്രദമായി സംരക്ഷിക്കാൻ സാധിച്ചില്ലെങ്കിൽ മധ്യകേരളത്തിലേയ്ക്ക് കടൽ കയറുകയും വൻപരിസ്ഥിതി പ്രശ്നങ്ങൾക്ക് വഴിതുറക്കുകയുമെന്നതാവും ഫലം.
തീരപ്രദേശത്തെ ജനങ്ങളെ ഒഴിപ്പിച്ച് ബീച്ച് ടൂറിസത്തിൽ നിക്ഷേപം നടത്താൻ തയ്യാറെടുത്തിരിക്കുന്ന വൻകിട മുതലാളിമാരുടെ താൽപ്പര്യങ്ങളാണ് തീരദേശത്തെ സംരക്ഷിക്കുന്നതിൽനിന്ന് സർക്കാരിനെ പിന്നോട്ടുവലിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. തീരത്തുനിന്ന് ആളെ ഒഴിപ്പിച്ച് ഫ്ളാറ്റുകളിലേയ്ക്കും കോളണികളിലേയ്ക്കും മാറ്റാനുള്ള നീക്കങ്ങളും ശക്തിപ്പെട്ടിരിക്കുന്നു. സ്വന്തം ആവാസവ്യവസ്ഥയെയും ഉപജീവനത്തെയും ഇട്ടെറിഞ്ഞ് മത്സ്യത്തൊഴിലാളികൾക്ക് അതിജീവനം അസാധ്യമാണെന്നതും നാം തിരിച്ചറിയണം.
കേരളത്തിന്റെ തീരപ്രദേശം സുരക്ഷിതമല്ലാതായി തീർന്നിരിക്കുന്നു എന്നു മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത്. എല്ലാത്തിനും കാരണം പ്രകൃതി പ്രതിഭാസങ്ങളാ ണെന്ന്! വിഴിഞ്ഞം തുറമുഖ നിർമ്മാണവേഗതയ്ക്ക് തടസ്സവും ഇതേ കാരണമാണ് അദാനി കമ്പനി പറഞ്ഞത്. പശ്ചിമഘട്ട മലനിരകളെ ഇടിച്ചു നിരത്താൻ ക്വാറി മാഫിയകൾക്ക് നിലവിലുള്ള നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് ഉത്തരവിറക്കിയിട്ടാണ് സർക്കാർ ഇതു പറയുന്നത്.
കടൽ കയറ്റത്തിന്റെ അടിസ്ഥാന കാരണങ്ങളെ പരിശോധിക്കാൻ ശാസ്ത്രീയമായ അറിവുകൾ തേടണം. തീരദേശത്തെ ആവാസ വ്യവസ്ഥയെ തകർത്തു കളയുന്ന എല്ലാ വൻകിട നിർമ്മാണങ്ങളും നിറുത്തി വച്ചുകൊണ്ട്, മനുഷ്യപക്ഷത്തു നിന്നുകൊണ്ടുള്ള പരിഹാര മാർഗ്ഗങ്ങളിലേക്ക് ഇനിയെങ്കിലും സർക്കാൻ കടക്കണം. വാഗ്ദാനങ്ങളിലും പ്രഖ്യാപനങ്ങ ളിലും പെട്ടുപോകാതെയുള്ള മത്സ്യത്തൊഴിലാളികളുടെയും പൊതുസമൂഹത്തിന്റെയും ജാഗ്രതയോടെയുള്ള ജനകീയ മുന്നേറ്റം വളർത്തിയെടുത്തു കൊണ്ടുമാത്രമേ ഇതെല്ലാം ഉറപ്പാക്കാനാവൂ എന്ന വലിയപാഠം നാം ഉൾക്കൊള്ളണം.
അപ്രത്യക്ഷമാകുന്ന ആലപ്പാട് പഞ്ചായത്ത്
കൊല്ലം ജില്ലയിലെ തീരദേശ മേഖല നേരിടുന്ന പ്രശ്‌നങ്ങളും മനുഷ്യനിർമ്മിതമാണ്. ആലപ്പാട്ടെ കരിമണൽ ഖനനം ഭരണാധികാരികൾ തീരസംരക്ഷണത്തെയും തീരദേശ ജനതയെയും എങ്ങനെയാണ് കാണുന്നത് എന്നതിന്റെ ഉദാഹരണമാണ്. ബ്രിട്ടീഷ് വാഴ്ചക്കാലംമുതൽ തുടരുന്ന ചവറ, കരുനാഗപ്പള്ളി പ്രദേശങ്ങളിലെ കരിമണൽ ഖനനം വലിയൊരു പ്രദേശത്തെ തീരശോഷണത്തിനും മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ പതിനായിരക്കണക്കിന് ആളുകളുടെ വീടുകളും ജീവനോപാധികളും നഷ്ടപ്പെടുത്തുന്നതിനും ഇടയാക്കി. ധാരാളം ശുദ്ധജല സ്രോതസ്സുകളും നെൽവയലുകളുമുണ്ടായിരുന്ന ആലപ്പാട് പഞ്ചായത്ത് പൂർണമായും ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകുന്ന സ്ഥിതിയിൽ എത്തിച്ചേർന്നിരിക്കുന്നു. പരിസ്ഥിതി-ഖനന-തീരസംരക്ഷണമേഖലയിൽ രാജ്യത്ത് നിലനിൽക്കുന്ന എല്ലാ നിയമങ്ങളുടെയും ലംഘനമാണ് രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളെ മുൻനിർത്തിക്കൊണ്ട് കേന്ദ്രസംസ്ഥാന ഭരണാധികാരികളുടെ ഒത്താശയോടെ ഇവിടെ അരങ്ങേറുന്നത്.
കുടിവെള്ളവും വായുവുമടക്കം മനിലമാക്കി പ്രവർത്തിക്കുന്ന ചവറയിലെ ഐആർഇ, ടൈറ്റാനിയം ഫാക്ടറികൾ ഖനനമേഖലയിലെ മാത്രമല്ല ചവറ, പന്മന, നീണ്ടകര പഞ്ചായത്തുകളിലെ ആയിരക്കണക്കിന് ജനങ്ങൾക്ക് തീരാവ്യാധികളാണ് സമ്മാനിക്കുന്നത്. പര്യാപ്തമായ മലിനീകണ നിയന്ത്രണ നിർമ്മാർജ്ജന സംവിധാനങ്ങളില്ലാത്ത നീണ്ടകരയിലെ മത്സ്യസംസ്‌കരണഫാക്ടറികൾ ആധുനികമായ ഒരു സമൂഹത്തിന് യോജിച്ച വ്യാവസായിക തൊഴിൽ പരിസ്ഥിതി അന്തരീക്ഷത്തിലല്ല പ്രവർത്തിക്കുന്നത്.
കൊല്ലം തുറമുഖത്തിന്റെ നിർമ്മാണത്തിനായി തങ്കശ്ശേരിയിൽ നിർമ്മിച്ച വലിയ പുലിമുട്ട് കൊല്ലം നഗരത്തിന്റെ തെക്കുവശത്തുള്ള തീരദേശ മേഖലയായ ഇരവിപുരത്ത് വലിയ കടൽ കയറ്റത്തിനും തീരശോഷണത്തിനും കാരണമാകുന്നു.കോടികൾ മുടക്കി നിർമ്മിക്കുന്ന കടൽ ഭിത്തിയും പുലിമുട്ടുകളും താത്ക്കാലികമായി പരിഹാരമാണെന്നുതോന്നുമെങ്കിലും പലപ്പോഴും ഈ നിർമ്മിതികൾതന്നെ കടൽകയറ്റത്തിനും തീരശോഷണത്തിനും കാരണമാകുന്നു എന്നുമാണ് കാണപ്പെടുന്നത്. കൊല്ലം തുറമുഖ നിര്‍മ്മാണത്തിനായി നിർമ്മിച്ച പുലിമുട്ടിന്റെ ഭാഗമായി കടലിറങ്ങി സൃഷ്ടിക്കപ്പെട്ട കരഭൂമിക്കുവേണ്ടിയാകട്ടെ കുത്തകകമ്പനികൾ ഒളിഞ്ഞും തെളിഞ്ഞും രംഗത്തുമുണ്ട്.
തീരവാസികളുടെമേൽ നിഷ്‌ഠൂരമായ ആക്രമണങ്ങൾ അഴിച്ചുവിട്ട് തീരമാകെ കുത്തകകൾക്ക് തീറെഴുതാൻ അധികാരികൾ ശ്രമിക്കുവോളം തീരത്ത് ജനസമരങ്ങൾ ഉയർന്നുവന്നുകൊണ്ടേയിരിക്കും. തീര സംരക്ഷണത്തിനുള്ള ശാസ്ത്രീയ പദ്ധതികൾ ജനങ്ങളുടെ ജീവിതമാർഗ്ഗങ്ങളും ജീവനോപാധികളും സംരക്ഷിച്ചുകൊണ്ട് നടപ്പിലാക്കാൻ സർക്കാരുകൾ തയ്യാറായേ മതിയാകു.