നവംബർ വിപ്ലവ ശതാബ്ദി ആചരണത്തിന് പ്രൗഢഗംഭീരമായ തുടക്കം

Untitled-1.jpg
Share

ലോകത്തെ ആദ്യത്തെ വിജയം വരിച്ച തൊഴിലാളിവർഗ്ഗ വിപ്ലവത്തിന്റെയും അതിലൂടെ സ്ഥാപിതമായ സോവിയറ്റ് യൂണിയനെന്ന മഹോന്നത രാഷ്ട്രത്തിന്റെയും ദീപ്തസ്മരണകൾ ത്രസിച്ചുനിന്ന ആവേശകരമായ അന്തരീക്ഷത്തിൽ മഹത്തായ നവംബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആചരണപരിപാടികളുടെ ദേശീയതല ഉദ്ഘാടനം നവംബർ 7 ന് ഡൽഹിയിൽ നടന്നു. പാർട്ടി ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് നവംബർ 7 ന് രാവിലെ 11 മണിക്ക് മാവ്‌ലങ്കാർ ഹാളിനുമുന്നിൽ ചെമ്പതാക ഉയർത്തിക്കൊണ്ട് ആചരണപരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നടന്ന സമ്മേളനം പാർട്ടി പോളിറ്റ്ബ്യൂറോ അംഗം സഖാവ് കൃഷ്ണചക്രവർത്തി ഉദ്ഘാടനം ചെയ്തു. സഖാവ് രഞ്ജിത്ധർ അദ്ധ്യക്ഷത വഹിച്ചു.

കോട്ടയത്തുനടന്ന സംസ്ഥാനതല ഉദ്ഘാടന സമ്മേളനം പാർട്ടി സംസ്ഥാന സെക്രട്ടരിയും കേന്ദ്രകമ്മിറ്റിയംഗവുമായ സഖാവ് സി.കെ.ലൂക്കോസ് ഉദ്ഘാടനം ചെയ്യുന്നു

കോട്ടയത്തുനടന്ന സംസ്ഥാനതല ഉദ്ഘാടന സമ്മേളനം പാർട്ടി സംസ്ഥാന സെക്രട്ടരിയും കേന്ദ്രകമ്മിറ്റിയംഗവുമായ സഖാവ് സി.കെ.ലൂക്കോസ് ഉദ്ഘാടനം ചെയ്യുന്നു

സംസ്ഥാനതല ഉദ്ഘാടനം നവംബർ 7 ന് കോട്ടയത്ത് നടന്നു. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറിയും കേന്ദ്രക്കമ്മിറ്റിയംഗവുമായ സഖാവ് സി.കെ.ലൂക്കോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമായി നൂറുകണക്കിനു സഖാക്കൾ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് ഇൻഡ്യൻ തൊഴിലാളിവർഗ്ഗ സേനയിലെ അംഗങ്ങളെന്ന നിലയിൽ മഹാന്മാരായ ആചാര്യന്മാർ ലെനിന്റെയും സ്റ്റാലിന്റെയും വിപ്ലവപ്രബോധനങ്ങൾ പുനരാവർത്തി പഠിക്കുമെന്നും വിപ്ലവത്തിന്റെ ലക്ഷ്യങ്ങൾക്കായി സ്വയം സമർപ്പിക്കുമെന്നും പ്രതിജ്ഞ ചെയ്തു. പാർട്ടിയുടെ കർണ്ണാടക സംസ്ഥാന സെക്രട്ടറിയും കേന്ദ്രക്കമ്മിറ്റിയംഗവുമായ സഖാവ് കെ.രാധാകൃഷ്ണ, ആന്ധ്രപ്രദേശ് സംസ്ഥാന സെക്രട്ടറിയും കേന്ദ്ര സ്റ്റാഫുമായ സഖാവ് കെ.ശ്രീധർ, തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി സഖാവ് എ.രംഗസ്വാമി എന്നിവർ വ്യത്യസ്ത പരിപാടികളിൽ പങ്കെടുത്തു.

കഴിഞ്ഞ നാലു മാസമായി സംസ്ഥാനവ്യാപകമായി പൊതുവിലും കോട്ടയം ജില്ലയിൽ സവിശേഷമായും നടന്നുവന്ന വിപുലമായ തയ്യാറെടുപ്പുപരിപാടികളുടെ വിജയകരമായ പരിസമാപ്തിയായിരുന്നു അത്. റഷ്യൻ വിപ്ലവത്തിന്റെ ചരിത്ര പ്രാധാന്യവും വർത്തമാനകാല പ്രസക്തിയും വിശദമാക്കിക്കൊണ്ട് ജില്ലാ തലങ്ങളിലും പ്രാദേശിക തലങ്ങളിലും നിരന്തരമായ നടന്ന പഠനപരിപാടികളായിരുന്നു തയ്യാറെടുപ്പിന്റെ ആദ്യ ഘട്ടം. വലതുപക്ഷ ശക്തികളും ബൂർഷ്വാ മാധ്യമങ്ങളും നടത്തുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ – പ്രത്യേകിച്ചും സ്റ്റാലിൻ വിരുദ്ധ – പ്രചാരണത്തിന്റെ യഥാർത്ഥ ലക്ഷ്യം തുറന്നുകാട്ടിക്കൊണ്ട് സഖാക്കൾ രാപകൽ വിശ്രമമില്ലാതെ പ്രചാരണപ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പട്ടിണിയും ചൂഷണവുമില്ലാത്ത ലോകം സാധ്യമാണെന്ന് തെളിയിച്ച മഹത്തായ നവംബർ സോഷ്യലിസ്റ്റ് വിപ്ലവം എന്നതായിരുന്ന പ്രചാരണത്തിന്റെ കേന്ദ്ര മുദ്രാവാക്യം. ഈ മുദ്രാവാക്യം ജനങ്ങളിലും പ്രത്യേകിച്ചും ഇടതു – പുരോഗമന വിശ്വാസികളിലും വലിയ ആവേശം സൃഷ്ടിച്ചു. ലെനിന്റെയും സ്റ്റാലിന്റെയും ചിത്രങ്ങൾ വരച്ചുചേർത്ത ചുവരെഴുത്തുകളും വലിയ പോസ്റ്ററുകളും ഫ്‌ളക്‌സ് ബോർഡുകളും ആതിഥേയജില്ലയായ കോട്ടയത്ത് നിറഞ്ഞുനിന്നു. കാൽ ലക്ഷത്തോളം ഭവനങ്ങൾ സന്ദർശിച്ച് നവംബർ വിപ്ലവത്തിന്റെ സന്ദേശം ഉൾക്കൊള്ളുന്ന ലഘുലേഖ എത്തിച്ചുകൊണ്ട് ഫണ്ട് സമാഹരിച്ചു. നവംബർ ആദ്യവാരമായപ്പോൾ ജനങ്ങളുടെ ചർച്ചാ വിഷയമായി ശതാബ്ദി ആചരണ പരിപാടി മാറിക്കഴിഞ്ഞിരുന്നു. നവംബർ വിപ്ലവത്തിന്റെ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് നവംബർ 5ന് സംഘടിപ്പിച്ച, 24 കിലോമീറ്റർ ദൂരം സഞ്ചരിച്ച വിളംബര ജാഥ സാധാരണ ജനങ്ങളിൽ വമ്പിച്ച ആവേശം സൃഷ്ടിച്ചു. ചെമ്പതാകകളും ആചാര്യന്മാരുടെ ചിത്രങ്ങളുമേന്തിക്കൊണ്ട് നിരവധി ഇരുചക്ര വാഹനങ്ങളും ഇതരവാഹനങ്ങളും സഖാക്കളും അണിനിരന്ന ജാഥയെ പാർട്ടി കോട്ടയം ജില്ലാ സെക്രട്ടേറിയറ്റംഗം സഖാവ് റ്റി.ജെ.ജോണിക്കുട്ടി നയിച്ചു.

ഐതിഹാസികമായ നവംബർ വിപ്ലവത്തിന്റെ ദിനമായ നവംബർ 7 ഒടുവിൽ സമാഗതമായി. പാർട്ടിയുടെ നാമം അച്ചടിച്ച കൂറ്റൻ ഫെസ്റ്റൂണുകളും പതാകകളും അലങ്കരിച്ചുകൊണ്ട് ശതാബ്ദി ആചരണപരിപാടികളുടെ ഉദ്ഘാടനത്തിനായി നഗരം ഒരുങ്ങി. സംസ്ഥാന കമ്മറ്റിയംഗം സഖാവ് എസ്.രാജീവൻ സമ്മേളന വേദിയായ കോട്ടയം പഴയ പോലീസ് സ്റ്റേഷൻ മൈതാനിയിൽ നവംബർ 7 ന് രാവിലെ പതാക ഉയർത്തിയതോടെ നവംബർ, 7,8,9,10 തീയതികളിലായി സംഘടിപ്പിക്കപ്പെട്ട ആചരണപരിപാടികൾക്ക് തുടക്കമായി. ഗാന്ധിസ്‌ക്വയറിൽ തയ്യാറാക്കിയ രക്തസാക്ഷി മണ്ഡപത്തിൽ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം സഖാവ് വി.കെ.സദാനന്ദൻ പുഷ്പാർച്ചന നടത്തി. മഹത്തായ റഷ്യൻ വിപ്ലവത്തിലും അതിനു മുന്നോടിയായി നടന്ന ഐതിഹാസികമായ തൊഴിലാളി പണിമുടക്കങ്ങളിലും രക്തസാക്ഷികളായ സഖാക്കളെയും ഫാസിസ്റ്റ് വിപത്തിൽ നിന്നും മാനവരാശിയെ രക്ഷിക്കാൻ ജീവൻബലി നൽകിയ രണ്ടുകോടി റഷ്യൻ ജനങ്ങളെയും വിപ്ലവലക്ഷ്യബോധത്തോടെ അവിടെ സ്മരിച്ചു.

കോട്ടയം നഗരത്തിൽ നടന്ന ശതാബ്ദി ആചരണറാലി

കോട്ടയം നഗരത്തിൽ നടന്ന ശതാബ്ദി ആചരണറാലി

കാംസമോൾ വോളന്റീയർ പരേഡിന്റെ ഒരു ദൃശ്യം

കാംസമോൾ വോളന്റീയർ പരേഡിന്റെ ഒരു ദൃശ്യം

നവംബർ 7ന് വൈകിട്ട് കൃത്യം നാലു മണിയായപ്പോൾ ശതാബ്ദി ആചരണ റാലി കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നുമാരംഭിച്ചു. പ്രകടനത്തിന്റെ ഏറ്റവും മുമ്പിൽ ലെനിന്റെയും സ്റ്റാലിന്റെയും ചിത്രങ്ങൾ, അതിനു പിറകിൽ മഹത്തായ റഷ്യൻ വിപ്ലവത്തിന്റെ നൂറു വർഷങ്ങൾ പ്രതിനിധാനം ചെയ്തുകൊണ്ട് ചെങ്കൊടിയേന്തിയ നൂറു കൊംസമോൾ വോളന്റിയർ സഖാക്കൾ, അതിനും പിറകിൽ ബാനർ, ശേഷം സംസ്ഥാന നേതാക്കൾ. അതിനും പിന്നിൽ നൂറുകണക്കിന് സഖാക്കൾ. മഹാനായ ലെനിന്റെ നാട്ടിൽ വിപ്ലവചേതന ഇനിയും ശക്തിപ്പെട്ടുവരുമെന്ന് ആവേശകരമായി മുദ്രാവാക്യം മുഴക്കിക്കൊണ്ട് അവർ നീങ്ങി. അക്ഷരാർത്ഥത്തിൽ നഗരം ചുവപ്പണിഞ്ഞു. ഈ വിധമൊരു പ്രകടനം നഗരം ഇതിനുമുമ്പ് ദർശിച്ചിട്ടുണ്ടായിരുന്നില്ല. നഗരവീഥിയുടെ ഇരുവശങ്ങളിലും, ഉയർന്ന കെട്ടിടങ്ങളുടെ നിലകളിലും ജനങ്ങൾ അത്യാദരപൂർവ്വം അഭിവാദനങ്ങളോടെ പ്രകടനത്തെ എതിരേറ്റു. പ്രകടനം സമ്മേളനസ്ഥലത്ത് എത്തിച്ചേർന്നതോടെ ഉൽഘാടന സമ്മേളനം ആരംഭിച്ചു. തൊഴിലാളിവർഗ്ഗ സാർവ്വദേശീയത വിളംബരം ചെയ്തുകൊണ്ട് ഇന്റർനാഷനൽ ഗാനാലാപനത്തോടെ യോഗനടപടികൾക്ക് തുടക്കം കുറിച്ചു. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാനക്കമ്മിറ്റിയംഗം സഖാവ് മിനി കെ.ഫിലിപ്പ് സ്വാഗതം ആശംസിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് വി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ആന്ധ്രപ്രദേശ് സംസ്ഥാന സെക്രട്ടറി സഖാവ് കെ.ശ്രീധർ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് ജയ്‌സൺ ജോസഫ്, ഡോ.ഡി.സുരേന്ദ്രനാഥ്, തുടങ്ങിയവരും പ്രസംഗിച്ചു.

'മാനവശക്തി' എക്‌സിബിഷന്റെ ഒരു ദൃശ്യം

‘മാനവശക്തി’ എക്‌സിബിഷന്റെ ഒരു ദൃശ്യം

ശതാബ്ദി ആചരണപരിപാടികളിൽ പ്രമുഖമായി സംഘടിപ്പിക്കപ്പെട്ട മാനവശക്തി ചരിത്രപ്രദർശനം സംസ്ഥാന കമ്മിറ്റിയംഗം സഖാവ് എ.ശേഖർ ഉദ്ഘാടനം ചെയ്തു. നവംബർ 7 മുതൽ 10വരെ മാനവശക്തി ചരിത്ര പ്രദർശനവും പഴയ പോലീസ് സ്‌റ്റേഷൻ മൈതാനത്ത് നടന്നു. നവംബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ചരിത്രം, സോഷ്യലിസ്റ്റ് വ്യവസ്ഥിതി കൈവരിച്ച സാമൂഹ്യ പുരോഗതി, ലെനിൻ-സ്റ്റാലിൻ എന്നീ നേതാക്കളുടെ ജീവിത രേഖകൾ, സോഷ്യലിസ്റ്റ് ചേരിയുടെ തകർച്ചയുടെ കാരണങ്ങൾ, തിരിച്ചടിയിൽ നിന്നുള്ള പാഠങ്ങൾ, ചരിത്രത്തിലെ അപൂർവ്വ നിമിഷങ്ങളുടെ ഫോട്ടോകൾ, മഹാന്മാരുടെ ഉദ്ധരണികൾ തുടങ്ങിയവ ഉൾക്കൊള്ളിച്ചിട്ടുള്ള മാനവശക്തി ചരിത്ര പ്രദർശനം വീക്ഷിക്കുവാൻ നൂറുകണക്കിന് ജനങ്ങൾ എത്തിച്ചേർന്നു. ജില്ലയ്ക്കുള്ളിലെയും പുറത്തെയും എഴുത്തുകാർ, രാഷ്ട്രീയ പ്രവർത്തകർ, കലാകാരന്മാർ, മാധ്യമ പ്രവർത്തകർ, സാമൂഹ്യ വ്യക്തിത്വങ്ങൾ ഉൾപ്പടെ നിരവധി പ്രമുഖർ പ്രദർശനം വീക്ഷിച്ചു. മാനവശക്തി ചരിത്രപ്രദർശനത്തോടനുബന്ധിച്ച് നിരവധി സെമിനാറുകളും ചർച്ചകളും നടന്നു. പ്രഗത്ഭമതികളായ നിരവധി വ്യക്തിത്വങ്ങൾ സെമിനാറുകളിൽ പങ്കെടുത്തു സംസാരിച്ചു.

‘റഷ്യൻ സിനിമയും സാഹിത്യവും സമൂഹത്തിൽ സൃഷ്ടിച്ച സ്വാധീനം’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചർച്ച പ്രശസ്ത ചലച്ചിത്ര നിരൂപകൻ എം.എഫ്.തോമസ് ഉദ്ഘാടനം ചെയ്തു. വി.കെ.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ എം.കൃഷ്ണകുമാർ, ആർ.പാർത്ഥസാരഥി വർമ്മ, ഇ.വി.പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.

‘സോഷ്യലിസവും ലോകസമാധാനവും’ എന്ന വിഷയത്തെ അധികരിച്ചു നടന്ന സെമിനാർ ആന്ധ്രപ്രദേശ് സംസ്ഥാന സെക്രട്ടറി കെ.ശ്രീധർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റംഗം സഖാവ് എൻ.കെ.ബിജു അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സിപിഐ ദേശീയ കൗൺസിൽ അംഗം സഖാവ് ബിനോയ് വിശ്വം, എംസിപിഐ(യു) സംസ്ഥാന കമ്മിറ്റിയംഗം സഖാവ് ഇടപ്പള്ളി ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.

‘ഞാൻ കണ്ട സോവിയറ്റ് നാട’് എന്ന വിഷയത്തിൽ അനുഭവങ്ങൾ പങ്കിട്ടുകൊണ്ട് നടന്ന ചർച്ച റഷ്യൻ കൃതികളുടെ വിവർത്തകനും മോസ്‌കോയിൽ ആറുവർഷം സേവനം അനുഷ്ഠിച്ച ഇടതുപക്ഷ പ്രവർത്തകനുമായ സഖാവ് എം.എസ്.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റ് സംസ്ഥാന കമ്മിറ്റിയംഗവും അഖിലേന്ത്യ മഹിള സാംസ്‌കാരിക സംഘടന സംസ്ഥാന സെക്രട്ടറിയുമായ സഖാവ് ഷൈല കെ.ജോൺ അദ്ധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം സഖാവ് ടി.എൻ.രമേശൻ, സഖാക്കൾ എ.ജി.അജയകുമാർ, ശാലിനി ജി.എസ്, മുഹമമദ് ഷെഹസാദ് തുടങ്ങിയവർ പ്രസംഗിച്ചു.

‘ഫാസിസം: വിവക്ഷയും പ്രതിരോധവും ‘ എന്ന വിഷയത്തെ അധികരിച്ചു നടന്ന സെമിനാർ ഡോ.കെ.എം.സീതി ഉദ്ഘാടനം ചെയ്തു. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് ജി.എസ്.പത്മകുമാർ വിഷയാവതരണം നടത്തി. ആർഎംപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് കെ.എസ്. ഹരിഹരൻ, ജോർജ്ജ് മുല്ലക്കര, പ്രൊഫ.സി.മാമ്മച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു. നവംബർ 10 ന് നടന്ന സമാപന സമ്മേളനം എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) കേന്ദ്രക്കമ്മിറ്റിയംഗവും ആൾ ഇന്ത്യ യുറ്റിയുസി അഖിലേന്ത്യ വൈസ് പ്രസിഡന്റുമായ സഖാവ് കെ.രാധാകൃഷ്ണ ഉദ്ഘാടനം ചെയ്തു. തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി സഖാവ് എ.രംഗസാമി, സഖാക്കൾ വി.വേണുഗോപാൽ, എസ്.രാജീവൻ, ജയ്‌സൺ ജോസഫ്, കെ.സദാനന്ദൻ, എം.കെ.കണ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു

Share this post

scroll to top