തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പേരിൽ ഇടതു സർക്കാർ സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമം സെപ്റ്റംബർ 20ന് പമ്പയിൽ നടന്നു. ‘വിശ്വമാനവികതയുടെ മഹാസംഗമ’മെന്ന് നാടുനീളെ പ്രചരിപ്പിക്കപ്പെട്ട അയ്യപ്പസംഗമം പച്ചയായ വർഗ്ഗീയലക്ഷ്യങ്ങളോടെ സംഘടിപ്പിക്കപ്പെട്ടതുമാത്രമായിരുന്നു. അടിമുടി ജനങ്ങളുടെ വെറുപ്പിനും രോഷത്തിനും പാത്രമായി മാറിക്കഴിഞ്ഞ പിണറായി ഭരണം, വിശ്വാസവും ഭക്തിയും ഉപയോഗപ്പെടുത്തി തിരഞ്ഞെടുപ്പിൽ കടന്നുകൂടുന്നതിനായി ആസൂത്രണം ചെയ്തതായിരുന്നു അയ്യപ്പസംഗമം. പാർലമെന്ററി താൽപര്യം മുൻനിർത്തി സർക്കാർ കളിക്കുന്നത് തീക്കളിയാണെന്ന് പറയാതെ വയ്യ.
ദീർഘകാലാടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ മതേതര-ജനാധിപത്യ ഘടനയ്ക്കുമേൽ ഈ നീക്കങ്ങൾ ഏൽപ്പിക്കുന്ന ആഘാതം അളക്കാനാവാത്തതാണ്. ആപൽക്കരമായ ഈ അജണ്ടയുടെ അന്തിമഗുണഭോക്താക്കൾ രാജ്യത്തെ ഫാസിസ്റ്റ് ശക്തികളായിരിക്കുമെന്നതിൽ ഒരു സംശയവുമില്ല.
“മണ്ണിലും മനസ്സിലും നൈർമല്യം പകരുന്ന സമഭാവനയുടെ സങ്കൽപ്പം ആഴത്തിൽ കോർത്തിണിക്കിയിട്ടുള്ള ശബരിമലയെപ്പോലെ മറ്റൊരു ആരാധനാലയം ലോകത്തില്ല. ലോകത്തിന് മതമൈത്രിയുടെ മഹദ്സന്ദേശം പകർന്നുനൽകുന്ന മഹാതീർത്ഥാടനകേന്ദ്രം കൂടിയാണിത്” ദേവസ്വം മന്ത്രി വി.എൻ.വാസവൻ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ നിന്നുമുള്ളതാണ് ഈ വാചകങ്ങൾ. സിപിഐ(എം) ജനറൽ സെക്രട്ടറി എം.എ.ബേബി ദേശാഭിമാനി പത്രത്തിൽത്തന്നെ കേരളത്തിന്റെ ‘മതനിരപേക്ഷ പാരമ്പര്യത്തിന് ഒരു മുതൽക്കൂട്ട്’ എന്ന പേരിൽ സെപ്റ്റംബർ 19 ന് എഴുതിയ ലേഖനത്തിൽ പറയുന്നത്, “ലോകത്തെ ഏറ്റവും വലിയ തീർത്ഥാടനകേന്ദ്രങ്ങളിലൊന്ന് എന്ന നിലയിൽ ശബരിമല കാലങ്ങളായി ഭക്തിയുടെയും ചിട്ടയുടെയും സാഹോദര്യത്തിന്റെയും പ്രതീകമാണ്. ശബരിമല ഒരു ക്ഷേത്രം മാത്രമല്ല.. അത് കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക സമന്വയത്തിന്റെ പ്രതീകമാണ്” എന്നാണ്. ആനന്ദപുളകിതരായി നേതാക്കൾ നടത്തുന്ന പ്രകീർത്തനങ്ങളുടെ യഥാർത്ഥ ലക്ഷ്യമെന്താണ്?
ശബരിമലയിൽ കോടതിവിധി നടപ്പാക്കാനെന്ന പേരിൽ കൈക്കൊണ്ട നടപടികൾ വിശ്വാസികളെ വലിയതോതിൽ അകറ്റാനിടയാക്കി എന്ന് പിന്നീട് നടന്ന തിരഞ്ഞെടുപ്പ് തെളിയിക്കുകയുണ്ടായി. അത് തിരിച്ചുപിടിക്കാനുള്ള തന്ത്രമെന്ന നിലയിൽ ശബരിമലയെയും വിശ്വാസികളെയും തങ്ങൾ അതിയായി ബഹുമാനിക്കുന്നുവെന്ന് സ്ഥാപിച്ച് അവരുടെ വോട്ടുറപ്പാക്കാൻ നടത്തുന്ന കസർത്തുകൾ മാത്രമാണിത്. ഉയർന്ന ഉത്തരവാദിത്തബോധത്തോടെ പെരുമാറേണ്ടുന്ന ഇടത് പ്രസ്ഥാനങ്ങൾ, സങ്കുചിതമായ ലക്ഷ്യങ്ങൾക്കുവേണ്ടി പറയുന്ന വാക്കുകൾ നിരുപദ്രവകരമായി ഭവിക്കില്ല എന്നു നാം മനസ്സിലാക്കണം.
‘കാലങ്ങളായി ശബരിമലയിൽ നിലനിൽക്കുന്ന മതനിരപേക്ഷ പാരമ്പര്യം ഊട്ടിയുറപ്പിക്കുന്നതിനാണ് ആഗോള അയ്യപ്പസംഗമമെന്ന ആഘോഷം സംഘടിപ്പിക്കുന്നത് ‘ എന്നാണ് സഖാവ് എം.എ.ബേബി ദേശാഭിമാനിയിൽ എഴുതിയിട്ടുള്ളത്. ശബരിമല തീർത്ഥാടകർ വാവരുനടയിൽ തൊഴുന്നുവെന്നും അർത്തുങ്കൽപ്പള്ളി ശബരിമലയിലേക്കുള്ള വഴികളുമായി ബന്ധപ്പെട്ടിരിക്കുന്നുഎന്നതുമാണ് ശബരിമലയുടെ മതനിരപേക്ഷതക്കുള്ള തെളിവുകളായി സഖാവ് ഹാജരാക്കുന്നത്. മതേതരത്വത്തെയും മതനിരപേക്ഷതയെയും സംബന്ധിച്ച് അടിസ്ഥാനധാരണയ്ക്കു നിരക്കുന്നതാണോ ശബരിമലയെ സംബന്ധിച്ച് മുകളിൽ സൂചിപ്പിച്ചിട്ടുള്ള പരാമർശങ്ങൾ. വ്യത്യസ്ത മതവിശ്വാസങ്ങളുടെ അനുഷ്ഠാനങ്ങൾ കൂട്ടിയിണക്കിയുള്ള ചടങ്ങുകൾ കേരളത്തിലെ എണ്ണമറ്റ ആരാധാനാലയങ്ങളിൽ നാം കാണാറുണ്ട്. ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പരസ്പരമുള്ള സ്വാധീനം മാത്രമാണ് അതിൽ പ്രതിഫലിക്കുന്നത്. അതിന് ആധുനിക മതേതര – മതനിരപേക്ഷ ധാരണകളുമായി എന്തുബന്ധം?
മതനിരപേക്ഷ മൂല്യങ്ങളിൽ ഊന്നിയ കേരള നവോത്ഥാന ആശയങ്ങളുടെ അടിസ്ഥാനത്തിൽ, കൂടുതൽ ഉയർന്ന ശാസ്ത്രീയ -ജനാധിപത്യ ധാരണകൾ സമൂഹത്തിൽ വളർത്തിയെടുക്കാൻ ബാധ്യതയുള്ളവരാണ് ഇടതുപക്ഷം. അതുകൊണ്ടുതന്നെ സിപിഐ (എം)ന്റെ വർഗീയ അജണ്ട ഇടതുപക്ഷ ജനാധിപത്യ മനോഭാവക്കാരിൽ കടുത്ത ആശങ്കയും അമർഷവും സൃഷ്ടിച്ചിട്ടുണ്ട്. മതവിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും പൗരന്റെ വ്യക്തിപരമായ വിഷയമായി കാണുകയും സർക്കാർ അതിനെ പ്രോത്സാഹിപ്പിക്കുകയോ അടിച്ചമർത്തുകയോ ചെയ്യാതിരിക്കുകയും എന്നതാണ് മതേതര സർക്കാരിന്റെ നിലപാട്. ഭരണകൂടം ഒരു മതത്തെയും പ്രകൃത്യാതീത ശക്തികളിലുള്ള ഒരു തരം വിശ്വാസത്തെയും അംഗീകരിക്കാതിരിക്കുക എന്നതാണ് മതേതരത്വത്തിന്റെ ശരിയായ വിവക്ഷ. സാമൂഹ്യ വിഷയങ്ങളിലോ ഭരണകാര്യങ്ങളിലോ മതം ഇടപെടുന്നതും അനുവദിക്കാനാകില്ല.
അയ്യപ്പ സംഗമം പോലുള്ള പരിപാടികൾ മതേതരത്വത്തിന് വലിയ പ്രഹരമാണ് ഏൽപ്പിക്കുന്നത്. ബിജെപിയുടെയും മറ്റും തീവ്ര വലതുപക്ഷ നിലപാടുകളിൽ നിന്ന് ഇതെങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്? ഇന്ത്യയുടെ പ്രധാനമന്ത്രി രാമക്ഷേത്രം ഉദ്ഘാടനം ചെയ്തതിനെ വിമർശിക്കാൻ സിപിഐ(എം) അണികൾക്ക് എങ്ങനെ കഴിയും? കാര്യകാരണ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ സാമൂഹ്യ പ്രശ്നങ്ങളെ പഠിക്കാനും അവയുടെ പരിഹാരത്തിന്റെ ദിശയിൽ മുന്നേറാനും ജനങ്ങളെ പ്രാപ്തരാക്കേണ്ടവരാണ് ഇടതുപക്ഷക്കാർ. ശാസ്ത്രീയ മനോഭാവവും ഉയർന്ന രാഷ്ട്രീയ പ്രബുദ്ധതയും നിലനിൽക്കുന്ന സമൂഹത്തിൽ മാത്രമേ ഇടതുപക്ഷ രാഷ്ട്രീയത്തിന് മുന്നേറാൻ ആകൂ. കേരളത്തിന്റെ മതനിരപേക്ഷ ജനാധിപത്യ പാരമ്പര്യത്തെത്തന്നെ നിഷേധിക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ മുഴുവൻ ഇടതുപക്ഷ ചിന്താഗതിക്കാരും ജനാധിപത്യ മനോഭാവക്കാരും നിലകൊള്ളേണ്ടതുണ്ട്.
നിന്ദ്യമായ തിരഞ്ഞെടുപ്പ് നേട്ടത്തിനായി രൂപകൽപ്പന ചെയ്ത വർഗ്ഗീയപദ്ധതിയായ, നാലാംകിട രാഷ്ട്രീയനാടകമായ സംഗമത്തെ വിശ്വമാനവികതയുടെ മഹാസംഗമമെന്ന് ദേവസ്വം ബോർഡ് മാത്രമല്ല, സിപിഐ(എം) ഔദ്യോഗിക ജിഹ്വകളും വിശേഷിപ്പിക്കുകയുണ്ടായി. ശുദ്ധ അറിവില്ലായ്മ മാത്രമല്ല, സിപിഐ(എം) അനുവർത്തിക്കുന്ന ധിക്കാരത്തിന്റെയും അഹന്തയുടെയും പ്രതിഫലനവും ഈ പ്രചാരണത്തിൽ കാണാം. മാനവികതയുടെ ഉദാത്തമായ വീക്ഷണത്തെ അടിമുടി അപമാനിക്കുന്ന പ്രചാരണമാണിത്. ജനാധിപത്യം മുന്നോട്ടുവച്ച ഉന്നതമായ ആദർശമാണ് മാനവവാദം അല്ലെങ്കിൽ മാനവികത. അന്ധതയുടെയും വിശ്വാസത്തിന്റെയും സ്ഥാനത്ത് യുക്തിയെ സ്വീകരിക്കുന്ന അടിസ്ഥാനസമീപനമാണ് മാനവവാദത്തിന്റേത്. മാനവവാദത്തെ സംബന്ധിച്ചിടത്തോളം മനുഷ്യനാണ് എല്ലാത്തിന്റെയും മാനദണ്ഡം. മനുഷ്യന് നിരക്കുന്നത് ശരി, അല്ലാത്തത് തെറ്റ്. അത് നിർണ്ണയിക്കുന്നത് അനുഭവത്തിന്റെയും യുക്തിചിന്തയുടെയും ഉരകല്ലിൽ പരിശോധിച്ചുകൊണ്ടുമാത്രം. യഥാർത്ഥ മാനവവാദം അഥവാ മാനവികത ഇതായിരിക്കെയാണ്, കേരള സർക്കാർ സംഘടിപ്പിച്ച അയ്യപ്പസംഗമം മാനവികതയെയല്ല, വിശ്വമാനവികതയെ പ്രതിനിധാനം ചെയ്യുന്നവെന്ന് വീമ്പിളക്കുന്നത്. അവിടെകൊണ്ടും അവസാനിക്കുന്നില്ല, അത് വിശ്വമാനവികതയുടെ മഹാസംഗമമാണത്രേ! മഹത്തായ മാനവവാദം മുന്നോട്ടുവച്ച ആദർശത്തിന് നേർവിപരീതമായ ചെയ്തികളെയാണ് വിശ്വമാനവികതയുടെ മഹാസംഗമമെന്നു ഘോഷിക്കുന്നത്!
ശബരിമലയുടെ മതനിരപേക്ഷത ഊട്ടിയുറപ്പിക്കാൻ സംഘടിപ്പിച്ചിട്ടുള്ള അയ്യപ്പസംഗമത്തിൽ കൂടെയുള്ളതാകട്ടെ, മുസ്ലീം മതവിശ്വാസികൾക്കുനേരെ വിഷം ചീറ്റുന്ന വെള്ളാപ്പള്ളിയും. നാരായണഗുരുവിന്റെ ആദർശങ്ങൾ ഇതുപോലെ പിന്തുടരുന്ന മറ്റൊരാൾ ഇല്ല എന്നാണ് മുഖ്യൻ വെള്ളാപ്പള്ളിക്ക് സർട്ടിഫിക്കറ്റ് നൽകിയത്. മതനിരപേക്ഷത ശക്തിപ്പെടുത്താൻ വിളിച്ചുചേർക്കപ്പെട്ട അയ്യപ്പസംഗമത്തിന്റെ വേദിയിൽ ആദരവോടെ വായിക്കപ്പെട്ടത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശവും. വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും വികാരം ആളിക്കത്തിച്ച് ന്യൂനപക്ഷവിഭാഗങ്ങളെ വേട്ടയാടുന്നതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന, സ്വന്തം സംസ്ഥാനത്ത് നൂറുകണക്കിന് പാവപ്പെട്ട മുസ്ലീങ്ങളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരപ്പാക്കുന്ന യോഗിയെ കൂട്ടിയാണ് മതനിരപേക്ഷത ബലപ്പെടുത്താൻ ഇറങ്ങിപുറപ്പെട്ടിരിക്കുന്നത്. ശബരി മലയിൽ ആചാര സംരക്ഷണത്തിനുവേണ്ടി നിലകൊള്ളുമെന്ന സിപിഐ(എം)ന്റെ മലക്കം മറിച്ചിൽ വെറുതെയാകാനിടയില്ല. ഇതിൽ മതനിരപേക്ഷതയുടെ പ്രശ്നങ്ങളൊന്നും അന്തർഭവിച്ചിട്ടില്ലെന്നും എന്തുനെറിവുകെട്ട മാർഗ്ഗത്തിലൂടെയും വോട്ട് സംഘടിപ്പക്കൽ മാത്രമാണ് ലക്ഷ്യമെന്നും ഇതിലൂടെ സംശയരഹിതമായി സ്ഥാപിക്കപ്പെടുകയാണ്. അയ്യപ്പസംഗമത്തിന്റെ ലക്ഷ്യം വോട്ടും കമ്മീഷനുമാണെന്ന് വിശ്വാസികൾക്കും അവിശ്വാസികൾക്കും ബോധ്യപ്പെട്ടുകഴിഞ്ഞു. എസ്എൻഡിപിയെയും എൽഡിഎഫിൽ നിന്ന് അകലംപാലിച്ചു നിന്നിരുന്ന എൻഎസ്എസിനെയും തങ്ങളുടെ ചേരിയിലേക്ക് കൊണ്ടുവരാൻ എൽഡിഎഫിന് കഴിഞ്ഞിരിക്കുന്നു. അങ്ങിനെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഒന്നൊന്നായി ലക്ഷ്യം നേടുമ്പോൾ, സംസ്ഥാനത്തിന്റെ ജനാധിപത്യ ഭാവി ഇരുളടയുകതന്നെ ചെയ്യും.
ജനങ്ങളുടെ ജീവിതദുരിതങ്ങൾക്ക് തരിമ്പെങ്കിലും ആശ്വാസം പകരുന്നതിലോ, ഭരണരംഗത്ത് മിനിമം ജനാധിപത്യം ഉറപ്പാക്കുന്നതിലോ, സാംസ്കാരിക രംഗം വഷളാകാതെ നോക്കുന്നതിലോ ഒന്നും യാതൊരു താൽപര്യവുമില്ലാത്ത പിണറായി ഭരണം ശബരിമലയുടെ വികസനത്തിന്റെ കാര്യത്തിൽ അതീവ തൽപരരാണത്രേ! ശബരിമലയെ ആത്മീയ ടൂറിസത്തിന്റെ ആഗോള കേന്ദ്രമാക്കാനാണ് ഇറങ്ങി പുറപ്പെട്ടിട്ടുള്ളത്. ലക്ഷങ്ങൾ മുതൽ കോടികൾവരെ സംഭാവന ചെയ്യുന്നവർക്ക് അതിനനുസരിച്ചുള്ള സൗകര്യങ്ങൾ ശബരിമലയിൽ നൽകും. ദർശനം നടത്താനും താമസത്തിനും മറ്റ് ആവശ്യങ്ങൾക്കുമൊക്കെ സൗകര്യം നൽകും. ലോകകേരള സഭക്കാരെ ഇതിനായി ക്ഷണിച്ചിട്ടുണ്ട്. ഇപ്രകാരം ശബരിമല വികസനത്തിനായി ഒരു മാസ്റ്റർ പ്ലാൻ തന്നെ സർക്കാരിന്റെ പക്കലുണ്ടത്രേ.
ഇതിന്റെ ഭാഗമായാണ് എൽഡിഎഫ് സർക്കാരും ദേവസ്വം ബോർഡും ചേർന്ന് ആഗോള അയ്യപ്പ സംഗമം നടത്തിയത്. സർക്കാരിന്റെയോ ദേവസ്വം ബോർഡിന്റെയോ പണം സംഗമത്തിനായി ചെലവഴിക്കില്ലെന്ന് കോടതിയിൽ പറഞ്ഞെങ്കിലും സംഗമം നടത്താൻ കോടികൾ പൊടിച്ചു. പരസ്യത്തിനുതന്നെ ലക്ഷങ്ങളായി. ക്ഷേമപെൻഷൻ നൽകാനും കുഞ്ഞുങ്ങൾക്ക് ഉച്ചക്കഞ്ഞി നൽകാനും ആശമാർക്ക് പ്രതിദിനം 100 രൂപ കൂട്ടിക്കൊടുക്കാനും സർക്കാർ ജീവനക്കാർക്ക് സമയബന്ധിതമായി ആനുകൂല്യങ്ങൾ നൽകാനും ഒന്നും പണമില്ല. ആശുപത്രികളിൽ മരുന്നെത്തിക്കാൻ പോലും ഫണ്ടില്ല. മാമാങ്കങ്ങൾക്കും ധൂർത്തിനും ഒരു കുറവുമില്ല താനും.
പാർലമെന്ററി ഗോദയിൽ എൽഡിഎഫിന്റെ മുഖ്യ എതിരാളി യുഡിഎഫ് ആയതുകൊണ്ട് ബിജെപിയോട് മൃദുസമീപനം പുലർത്തുന്ന തന്ത്രമാണ് സിപിഐ(എം) സ്വീകരിച്ചു പോരുന്നത്. സംഗമത്തിലേക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ക്ഷണിക്കുകയും അദ്ദേഹത്തിന്റെ സന്ദേശം അഭിമാനപൂർവ്വം അവതരിപ്പിക്കുകയുമൊക്കെ ചെയ്തത് ആപത് സൂചനകളാണ് നൽകുന്നത്. സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിന്റെ ആൾരൂപമായ യോഗിയും മുസ്ലീം വിരോധം മുഖമുദ്രയാക്കിയ വെള്ളാപ്പള്ളിയെയും ഒക്കെ ആനയിക്കപ്പെടുന്നത് കൃത്യമായ കണക്കുകൂട്ടലോടെ തന്നെയാണ്.
ന്യൂനപക്ഷ താൽപര്യം ഉയർത്തിപ്പിടിക്കുന്നു എന്നവകാശപ്പെടുന്ന പാർട്ടികളെയൊന്നും ഇനിയും ചാക്കിലാക്കാൻ കഴിയാത്ത സ്ഥിതിക്ക്, ഭൂരിപക്ഷ വർഗീയതാ പ്രീണനം തുറുപ്പുചീട്ടായി പ്രയോഗിക്കാൻ സിപിഐ (എം) തുനിഞ്ഞിറങ്ങിയിരിക്കു കയാണ്. പലസ്തീൻ വിഷയവും മറ്റും വാതോരാതെ പ്രസംഗിച്ചിട്ടും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കാൻ കഴിയാതെ പോയത് വലിയ തിരിച്ചടിയായിരുന്നു. ഭൂരിപക്ഷ വർഗീയതാ പ്രചരണത്തിന്റെ കാര്യത്തിൽ ബിജെപിയെപോലും നിഷ്പ്രഭമാക്കാൻപോന്ന വൈഭവം സിപിഐ(എം) അവസരവാദത്തിനുണ്ടെന്ന കാര്യവും ഇതിനകം തെളിയിച്ചിട്ടുള്ളതാണ്. മുഖ്യമന്ത്രിയുടെ മലപ്പുറം പ്രസ്താവനയും ഹിന്ദു ദിനപ്പത്രത്തിലെ അഭിമുഖവും പി.ജയരാജന്റെ കൃതിയും സംസ്ഥാനത്തുടനീളം ക്ഷേത്ര നടത്തിപ്പിലും മറ്റും സിപിഐ(എം) കേഡർമാരും അനുഭാവികളും സജീവമാകുന്നതും എല്ലാം ദുഷ്ടലക്ഷ്യത്തോടെയുള്ള ഒരു അജണ്ടയുടെ ഭാഗമാണ്.
സിപിഐ(എം) പോളിറ്റ് ബ്യൂറോ മെമ്പറായ പിണറായി, ഭക്തനാണെന്ന് വെള്ളാപ്പള്ളി പരസ്യപ്രസ്താവന നടത്തുന്നതും പിണറായി അത് നിഷേധിക്കാതിരിക്കുന്നതും പരസ്പര ധാരണയോടെ തന്നെയാണ്. വിശ്വാസികളുടെ മനസ്സിൽ സിപിഐ(എം)നോട് എന്തെങ്കിലും നീരസം ഉണ്ടെങ്കിൽ അതുകൂടി മാറ്റിയെടുക്കാനുള്ള തന്ത്രമാണിത്.
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ വോട്ട് ലക്ഷ്യംവെച്ച് ദരിദ്ര ജനവിഭാഗങ്ങൾക്ക് ചില അപ്പക്കഷണങ്ങൾ എറിഞ്ഞു കൊടുക്കുന്നതും ചില ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നതുമൊക്കെ സ്ഥിരം നമ്മൾ കാണാറുള്ളതാണ്. എന്നാൽ വർഗീയ ധ്രുവീകരണം നടത്തി വോട്ടു ബാങ്കുകൾ സൃഷ്ടിക്കുന്നത് ദൂരവ്യാപക ഭവിഷ്യത്തുകളാണ് സൃഷ്ടിക്കുക. പത്ത് വോട്ടിനുവേണ്ടി നിലപാട് മാറ്റില്ല എന്ന് വീമ്പിളക്കുന്ന പിണറായി, പത്തോട്ടിനു വേണ്ടി തരംതാഴുക മാത്രമല്ല വർഗീയ സ്പർദ്ധ വളർത്തി സാമൂഹ്യ അന്തരീക്ഷം മലീമസമാക്കുകകൂടിയാണ്.
വർഗീയ ചിന്താഗതി ബലപ്പെടുന്നതും വർഗീയ അന്തരീക്ഷം പടരുന്നതും സംഘപരിവാർ ശക്തികളെയാണ് സഹായിക്കുക. രാജ്യത്തെ ആസൂത്രിതമായി ഫാസിസ്റ്റ് അന്ധകാരത്തിലേക്ക് നയിക്കുന്ന ബിജെപിക്ക് കേരളം ഇന്നും ബാലികേറാ മലയാണ്. ആ മണ്ണ് വർഗീയതയ്ക്ക് വേരോട്ടമുണ്ടാക്കാൻ പാകത്തിൽ ഒരുക്കിക്കൊടുക്കുകയാണ് സിപിഐ(എം). വർഗീയവിരുദ്ധരെന്ന് ചമഞ്ഞുകൊണ്ടുതന്നെ മുസ്ലീംലീഗുമായി അവിഹിതബന്ധം സ്ഥാപിക്കാൻ അടവ് നയം പയറ്റിയ സിപിഐ(എം) വോട്ടിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവരാണെന്ന് പലവട്ടം ബോധ്യപ്പെടുത്തിയിട്ടുള്ളവരാണല്ലോ.
പതിനെട്ടടവും പയറ്റിയിട്ടും അയ്യപ്പ സംഗമം പരാജയമായിരുന്നു. ഒഴിഞ്ഞുകിടന്ന കസേരകൾ നിറയ്ക്കാൻ ജീവനക്കാരെയും വളണ്ടിയർമാരെയുമൊക്കെ പിടിച്ചിരുത്തിയിട്ടും പകുതി കസേരകൾ ഒഴിഞ്ഞു കിടന്നു. ഇത് ചൂണ്ടിക്കാണിച്ച മാധ്യമപ്രവർത്തകരോട് എഐ ഉപയോഗിച്ച് ഒഴിഞ്ഞ കസേരകൾ ഉണ്ടാക്കിയതല്ലേ എന്ന വിഡ്ഢിത്തം എഴുന്നള്ളിക്കുകയാണ് സിപിഐ(എം) സംസ്ഥാന സെക്രട്ടറി ചെയ്തത്.
തിരഞ്ഞെടുപ്പ് അടുക്കുംതോറും സിപിഐ(എം)ന് സമനില തെറ്റുകയാണ്. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പിണറായിയെ കാരണഭൂതനെന്ന് വാഴ്ത്തിപ്പാടുന്നു. പാർട്ടിയുടെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ ഇത് തിരുവാതിരയായി രൂപം പ്രാപിക്കുന്നു. ഇതൊന്നും പോരാഞ്ഞ് ‘പിണറായി ദ ലജന്റും’ വരുന്നുണ്ട്. നേതാവെന്നോ സഖാവെന്നോ ഉള്ള പ്രയോഗമൊന്നും ഇപ്പോൾ ഇല്ല. ക്യാപ്റ്റൻ എന്നാണ് വിശേഷിപ്പിക്കുന്നത്. ജനകീയാസൂത്രണത്തിലൂടെ സമൂഹത്തെ അരാഷ്ട്രീയവൽക്കരിച്ചവർ ഇപ്പോൾ പാർട്ടിയെയും അരാഷ്ട്രീയവൽക്കരിക്കുകയാണ്.
എന്നാൽ, ഈ ചെപ്പടി വിദ്യകൾ കൊണ്ടൊന്നും ജനങ്ങളുടെ തീക്ഷ്ണമായ ജീവിതാനുഭവങ്ങൾക്ക് മൂടുപടം ഇടാം എന്ന് സിപിഐ(എം) കരുതേണ്ട. എട്ടു മാസത്തോളമായി അതിജീവന പോരാട്ടം നടത്തുന്ന ആശമാരെ അവഗണിച്ച് മുന്നോട്ടുപോകാൻ പ്രബുദ്ധ കേരളം ആരെയും അനുവദിക്കില്ല. ആനുകൂല്യം വർധിപ്പിച്ച കേന്ദ്ര ബിജെപി സർക്കാരിന്റെ മാന്യത പോലും പിണറായി ഭരണം കാണിച്ചില്ല. അംഗൻവാടി ജീവനക്കാർ സമരവുമായി വന്ന് വെറും കൈയോടെ മടങ്ങി. സിവിൽ പോലീസ് റാങ്ക് ഹോൾഡേഴ്സ് കണ്ണീരോടെ പിൻവാങ്ങി. പണിയെടുത്ത് ജീവിക്കുന്നവരോടുള്ള ഈ ഭരണത്തിന്റെ പുച്ഛവും ധാർഷ്ട്യവും ജനങ്ങൾ കാണുന്നുണ്ട്. യുവാക്കൾ തൊഴിലുകിട്ടാതെ അലയുമ്പോഴും പിൻവാതിലിലൂടെ പാർട്ടിക്കാരെ തിരുകിക്കയറ്റാൻ ശ്രമം നടക്കുന്നു, ഭാരിച്ച ശമ്പളം വാങ്ങിക്കുന്നവർക്ക് പിന്നെയും കൂട്ടിക്കൊടുക്കുന്നു, ആർഭാടങ്ങൾ പൊടിപൊടിക്കുന്നു, അഴിമതിയും കെടുകാര്യസ്ഥതയും അരങ്ങ് തകർക്കുന്നു, പോലീസ് അഴിഞ്ഞാടുന്നു, ആശുപത്രികൾ നോക്കുകുത്തികളാകുന്നു, ലഹരി ജീവിതത്തെ കാർന്നു തിന്നുന്നു, വിദ്യാഭ്യാസം താറുമാറാകുന്നു. ജനവിരുദ്ധതയുടെ പാരമ്യത്തിൽ എത്തിയിരിക്കുന്ന പിണറായി ഭരണത്തെ രക്ഷിക്കാൻ ഒരു മാമാങ്കത്തിനും വർഗീയ കരുനീക്കത്തിനും കഴിയില്ലെന്ന് ഉറപ്പാണ്.
