വ്യാജ എക്‌സിറ്റ്പോള്‍ കുംഭകോണം : സമഗ്രാന്വേഷണം നടത്തുക

Nifty_1667546435835_1717700224383.webp
Share

പതിനെട്ടാമത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും , ഓഹരി വിലകളില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്നും തോന്നലുളവാക്കുന്ന വ്യാജ എക്‌സിറ്റ് പോള്‍ പ്രവചനത്തിലൂടെ നിക്ഷിപ്ത കേന്ദ്രങ്ങള്‍ ഓഹരികളും അനുബന്ധ ധനസാമഗ്രികളും നിര്‍ലോഭം വാങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു എന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരിക്കുന്നു. ധാരാളം ചെറുകിട നിക്ഷേപകര്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ തലേദിവസം ഓഹരികള്‍ വാങ്ങിക്കൂട്ടി. വന്‍കിട വിദേശ സ്ഥാപന നിക്ഷേപകരും (എഫ്ഐഐ) ഭീമമായ തോതില്‍ ഇന്ത്യന്‍ ഓഹരികളില്‍ ഫണ്ടൊഴുക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഓഹരിവിലകള്‍ പൊടുന്നനെ അസ്വാഭാവികമായി വര്‍ദ്ധിക്കുകയും ജൂണ്‍ 3ന് ഓഹരിവിപണി സൂചികകള്‍ ഇന്നോളം കണ്ടിട്ടില്ലാത്തത്ര ഉയരത്തിലെത്തുകയും ചെയ്തു. ബിജെപിയ്ക്ക് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാവുകയും ലോക്‌സഭയില്‍ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കാതെ വരികയും ചെയ്തപ്പോള്‍, വന്‍കിട നിക്ഷേപകര്‍ ലാഭമുറപ്പാക്കാനായി തങ്ങളുടെ പക്കലുള്ള ഓഹരികള്‍ വന്‍തോതില്‍ വിറ്റഴിക്കുകയും അതേത്തുടര്‍ന്ന് ഓഹരിക്കമ്പോളം തിരിച്ചടി നേരിടുകയും ചെയ്തു.
ഓഹരിക്കമ്പോളങ്ങള്‍ രണ്ടുണ്ട്. ഒന്നാമത്തേത്, പ്രാഥമിക കമ്പോളം. ഇവിടെ, ഫണ്ട് കണ്ടെത്താനായി ഒരു കമ്പനി പുതുതായി ഓഹരികള്‍ പുറപ്പെടുവിക്കുന്നു. രണ്ടാമത്തേത്, ദ്വിതീയ കമ്പോളം. പ്രാഥമിക കമ്പോളത്തില്‍ ഓഹരികള്‍ വിതരണം ചെയ്തതിനുശേഷം സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്ന ഓഹരികളുടെ വില്‍പ്പനയും വാങ്ങലും നടക്കുന്നത് ഇവിടെയാണ്. ഒരു ഓഹരിയുടെ കമ്പോള മൂലധനവല്‍ക്കരണം (മാര്‍ക്കറ്റ് ക്യാപ്പിറ്റലൈസേഷന്‍ അഥവാ മാര്‍ക്കറ്റ് ക്യാപ്പ്) എന്നു പറയുന്നത്, ഒരു നിശ്ചിത ദിവസത്തെ ഓഹരികളുടെ മൂല്യമാണ് (ലിസ്റ്റ് ചെയ്യപ്പെട്ട ഓഹരികളുടെ മൊത്തം എണ്ണത്തെ ഓരോ ഓഹരിയുടെയും കമ്പോള വിലകൊണ്ട് ഗുണിച്ചാല്‍ കിട്ടുന്ന തുക; അതായത്, A എന്ന കമ്പനിയുടെ മൊത്തം ഓഹരികള്‍ 1000 എണ്ണവും ഓരോ ഓഹരിയുടെയും വാങ്ങല്‍ വില 10 രൂപയും ആണെങ്കില്‍, മാര്‍ക്കറ്റ് ക്യാപ്പ് 10,000 രൂപയായിരിക്കും). ഓഹരിക്കമ്പോള സൂചിക (Stock Market Index) എന്നത്, തിരഞ്ഞെടുക്കപ്പെട്ട ചില ഓഹരികളുടെ വിലകള്‍ ഗണിച്ചുകൊണ്ട് നിര്‍ണ്ണയിക്കുന്ന ഒന്നാണ്. ഉദാഹരണത്തിന്, സെന്‍സെക്‌സ് എന്നറിയപ്പെടുന്ന ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചിക നിര്‍ണ്ണയിക്കപ്പെടുന്നത് 30 കമ്പനികളുടെ ഷെയറുകള്‍ അടങ്ങുന്ന ഒരു ബാസ്‌ക്കറ്റിനെ ആധാരമാക്കിയാണ്. മാര്‍ക്കറ്റ് ക്യാപ്പിന്റെ ഉയര്‍ച്ച-താഴ്ചകള്‍ ഈ സൂചികകള്‍ വച്ചുകൊണ്ട് സംഗ്രഹിച്ചെടുക്കുന്നു. ദ്വിതീയ കമ്പോളത്തിലെ ഈ വാങ്ങലിനും വില്‍ക്കലിനും രാജ്യത്തെ സമ്പദ് വ്യവസ്ഥയുമായി ഒരു ബന്ധവുമില്ല എന്നതും മനസ്സിലാക്കണം. ഓഹരി അവകാശത്തിന്റെ കൈമാറ്റം നടക്കുന്നത് ഒരു അടഞ്ഞ അറയ്ക്കുള്ളിലാണ്. ഉല്‍പ്പാദനപരമായ നിക്ഷേപവുമായോ, തൊഴില്‍ സൃഷ്ടിക്കുന്ന വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതുമായോ ജനക്ഷേമ പദ്ധതികള്‍ക്കുള്ള സാമ്പത്തികവുമായോ ഇതിന് യാതൊരു ബന്ധവുമില്ല. ഓഹരികളുടെ കമ്പോള വിലയെ (ദ്വിതീയ കമ്പോളത്തെ) അധികരിച്ച് വലിയ ഒച്ചപ്പാട് ഉണ്ടാക്കുന്നത്, ജനങ്ങളെ കബളിപ്പിക്കാനുള്ള മുതലാളിത്തത്തിന്റെ ഒരു തന്ത്രമാണ്.
സെന്‍സെക്‌സ് പോലുള്ള ഓഹരി സൂചികകളുടെ ഉയര്‍ച്ച-താഴ്ചകളിലൂടെ പ്രതിഫലിക്കുന്ന ദ്വിതീയ കമ്പോളത്തിലെ ചാഞ്ചാട്ടങ്ങള്‍, ഭാവിയില്‍ ഏതൊക്കെ ഓഹരിവിലകള്‍ കുതിച്ചുയരാം ഏതൊക്കെ കൂപ്പുകുത്താം എന്ന ഊഹക്കണക്കുകൂട്ടലുകളാല്‍ പൂര്‍ണ്ണമായും നയിക്കപ്പെടുന്നതാണ്.അടുത്ത വിഷയം, ഉയര്‍ന്ന വിലയ്ക്ക് ഓഹരികള്‍ കരസ്ഥമാക്കുന്നതിലൂടെ കൂടുതല്‍ പണം ദ്വിതീയ കമ്പോളത്തിലേക്ക് കുത്തിനിറയ്ക്കുകയാണെങ്കില്‍ ധാരാളം പണം ഒരു നിശ്ചിത എണ്ണം ഓഹരികളുടെ പിന്നാലെ പായുകയും അതുമൂലം ശരാശരി വിലയോ, നേരത്തെ പ്രസ്താവിച്ചതുപോലെ, മാര്‍ക്കറ്റ് ക്യാപ്പോ കുതിച്ചുയരുകയോ ചെയ്യും എന്നതാണ്. ഇതുനിമിത്തം, പെട്ടെന്നുള്ള ഒരു വളര്‍ച്ച ഉണ്ടാകുന്നു. അതുപോലെ, വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിക്കപ്പെടുകയാണെങ്കില്‍, വില ഇടിയുകയും കമ്പോളം തകരുകയും ചെയ്യും. ഇന്ന്, ഊഹക്കച്ചവടക്കാരുടെ കമ്പോള അനുമാനങ്ങള്‍ പൊതുവെ രാഷ്ട്രീയ സംഭവവികാസങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍, യുദ്ധങ്ങളുടെ പൊട്ടിപ്പുറപ്പെടല്‍ തുടങ്ങിയവയെ ആശ്രയിച്ചാണ്. ബിജെപി കണ്ണഞ്ചിപ്പിക്കുന്ന ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചുവരുമെന്നും അതുകൊണ്ട് സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് (അതായത് വന്‍തോതിലുള്ള സ്വകാര്യവല്‍ക്കരണവും ബിസിനസ്സ് ഭീമന്മാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും തുടങ്ങിയവയ്ക്ക്) ആക്കം കൂടും എന്നുമാണ് ഇവിടെയുള്ള കണക്കുകൂട്ടല്‍. കൂടാതെ, ബാങ്കുകള്‍ പലിശ നിരക്ക് കുറയ്ക്കുകയാണെങ്കില്‍, സാധാരണക്കാർ പണം ബാങ്കില്‍ നിക്ഷേപിക്കുന്നതിന്റെ സ്ഥാനത്ത് ഓഹരി വാങ്ങുന്നതിന് മുന്‍ഗണന നല്‍കും. അക്കാരണത്താല്‍, മാര്‍ക്കറ്റ് ക്യാപ്പ് വര്‍ദ്ധിക്കുകയും ദ്വിതീയ കമ്പോളം അഭിവൃദ്ധിപ്പെടുകയും ചെയ്യും.
ഓഹരികളിലെ ഊഹക്കച്ചവടം മുതലാളിത്തത്തിന് ഒഴിച്ചുകൂടാനാകാത്ത വ്യാപാരമായിരിക്കുന്നു. മുതലാളിത്തം അതിന്റെ ആന്തരിക നിയമം (വര്‍ദ്ധിക്കുന്ന പാപ്പരീകരണംമൂലം ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ കഴിയാനാകാത്ത വിധം സാധാരണ ജനങ്ങളെ പിഴിഞ്ഞൂറ്റിക്കൊണ്ട് മുതലാളിമാരുടെ ലാഭം പരമാവധിയാക്കുന്ന സമ്പ്രദായം ഉളവാക്കുന്ന കമ്പോള പ്രതിസന്ധി) മൂലം കൂടുതല്‍ പ്രതിസന്ധി ഗ്രസ്തമാകുന്നതോടെ, ഉല്‍പ്പാദനപരമായ വ്യവസായങ്ങളില്‍ മുതല്‍മുടക്കാന്‍ മുതലാളിമാര്‍ കൂടുതല്‍ വിമുഖരാവുന്നു. അവരുടെ പക്കലുള്ള നിഷ്‌ക്രിയ മൂലധനം, ഊഹക്കച്ചവടപരമായ ഓഹരിക്കമ്പോളത്തിലേക്ക് വഴിതിരിച്ചുവിടുന്നു. ലോകത്തെ വിവിധ ഓഹരിക്കമ്പോളങ്ങളില്‍ നിക്ഷേപിക്കുന്നതിനുവേണ്ടിയുള്ള, വന്‍കിട കുത്തക കുടുംബങ്ങളുടെയും ബഹുരാഷ്ട്ര കമ്പനികളുടെയും അതുപോലെ അവയുടെ ഷെല്‍ (അംഗീകൃത വ്യാജ) കമ്പനികളുടെയും ഇടനിലക്കാരാണ് വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്ഐഐ). ഇന്ത്യന്‍ ഓഹരിക്കമ്പോളം അവര്‍ക്ക് കൂടുതല്‍ നേട്ടങ്ങള്‍ പ്രദാനം ചെയ്യുമെങ്കില്‍, അവര്‍ ഇവിടെ വരും. മെച്ചപ്പെട്ട സാദ്ധ്യതകള്‍ ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ആണെങ്കില്‍, അവര്‍ അങ്ങോട്ടു പറക്കും.
വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് കമ്പോളത്തെ കൃത്രിമമായി ഉത്തേജിപ്പിക്കുകയാണ് ഊഹക്കച്ചവടം ചെയ്യുന്നത്. കമ്പോളത്തിലെ സാധാരണ നിക്ഷേപകരുടെ പണം അവര്‍ കെണിയൊരുക്കി പിടിക്കുന്നു. ഊഹക്കച്ചവടക്കാര്‍ കൂടുതല്‍ പണമൊഴുക്കി കമ്പോളത്തെ ഏറ്റവും ഉയരത്തിലെത്തിക്കുകയും തുടര്‍ന്ന് പൊടുന്നനെ വന്‍തോതിലുള്ള വിറ്റഴിക്കലിന്റെ ബട്ടണമര്‍ത്തുകയും ചെയ്യുമ്പോള്‍, അവര്‍ക്ക് ലാഭമുണ്ടാകുന്നു, പക്ഷെ, സാധാരണക്കാരായ ചെറുകിട നിക്ഷേപകരാകട്ടെ, അവരുടെ ഓഹരികളുടെ മൂല്യം ഗണ്യമായ തോതില്‍ ഇടിയുന്നതാണ് കാണുന്നത്. ഓഹരിയുടെ വില ഒരു മാസത്തിനുള്ളില്‍ ഇരട്ടിയാകുമെന്ന പ്രതീക്ഷയില്‍ ഒരാള്‍ ഒരു ഓഹരി 50 രൂപയ്ക്ക് വാങ്ങുകയും എന്നാല്‍ പിന്നീട് ഓഹരി വില 15 രൂപയിലേക്ക് താഴുകയും ചെയ്യുമ്പോള്‍, ഊഹക്കച്ചവടക്കാരുടെ തന്ത്രങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മമൂലം, അയാള്‍ക്കുണ്ടാകുന്ന നഷ്ടം 35 രൂപയാണ്.


ഈ പശ്ചാത്തലത്തിലാണ്, ഭരിക്കുന്ന ബിജെപിയുമായി ബന്ധമുള്ള കേന്ദ്രങ്ങള്‍ കരുതിക്കുട്ടി കമ്പോളത്തെ ഊര്‍ജ്ജസ്വലമാക്കിയെന്ന ആരോപണത്തിന്റെ പ്രസക്തി. ബിജെപിയുടെ മിന്നുംവിജയം പ്രവചിച്ച്, തത്ഫലമായി കമ്പോളത്തിലുണ്ടാകുന്ന കുതിച്ചുകയറ്റം അവതരിപ്പിച്ചുകൊണ്ട്, പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ധനമന്ത്രി നിര്‍മ്മല സീതാരാമനും ‘ജൂണ്‍ 4ന് മുമ്പ് ഓഹരികള്‍ വാങ്ങണം’ എന്ന് ജനങ്ങളെ ഉപദേശിച്ചു. മേയ് മാസത്തില്‍, എൻഡിടിവി ന്യൂസ് ചാനലുമായുള്ള അഭിമുഖത്തില്‍ അമിത് ഷാ പറഞ്ഞത്: ‘ഓഹരിക്കമ്പോളത്തിലെ തകര്‍ച്ചകളെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തരുത്. എന്നാല്‍ അത്തരം കിംവദന്തികള്‍ പരന്നാലും, ജൂണ്‍ 4ന് മുമ്പ് നിങ്ങള്‍ (ഓഹരികള്‍) വാങ്ങണമെന്ന് ഞാന്‍ നിര്‍ദ്ദേശിക്കുന്നു. അത് കുതിച്ചുയരുക തന്നെ ചെയ്യും’.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റായി മാറിയപ്പോള്‍, വിദേശ നിക്ഷേപകര്‍ ഉള്‍പ്പെടെയുള്ള ഊഹക്കച്ചവടക്കാര്‍ പെട്ടെന്ന് തങ്ങളുടെ പേരിലുള്ള ഓഹരികള്‍ വില്‍ക്കുകയും അതേത്തുടര്‍ന്ന് മാര്‍ക്കറ്റ് ക്യാപ്പിലെ 31 ലക്ഷം കോടി രൂപയോളം ആവിയാക്കിമാറ്റിക്കൊണ്ട് ഓഹരികളുടെ വില ഇടിയുകയുംചെയ്തു. പ്രത്യാഘാതം നേരിടേണ്ടിവന്നത് ചെറുകിട നിക്ഷേപകര്‍ക്കാണ്. അതുകൊണ്ട്, തല്‍പ്പരകക്ഷികള്‍ ബോധപൂര്‍വ്വം വ്യാജ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രചരിപ്പിച്ച് ഓഹരിക്കമ്പോളത്തില്‍ കൃത്രിമ ഉണര്‍ച്ച് സൃഷ്ടിച്ചുവെന്നും പിന്നീട് യഥാര്‍ത്ഥ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ചെറുകിട നിക്ഷേപകരെ തട്ടിപ്പിനിരയാക്കിയെന്നുമുള്ള ആരോപണം അടിസ്ഥാനരഹിതമല്ല, സമഗ്രമായ ഒരു അന്വേഷണം ആവശ്യമാണ്.

Share this post

scroll to top