ബാറുകളുടെ പ്രവൃത്തിസമയം നീട്ടിയ നടപടി പിൻവലിക്കുക

Share

ബാറുകളുടെ പ്രവൃത്തിസമയം രാത്രി 12മണിവരെ നീട്ടിക്കൊടുത്തുകൊണ്ടും ടൂറിസം കേന്ദ്രങ്ങളിൽ അത് പുലർച്ചെ 3 മണിവരെയാക്കിക്കൊണ്ടും മദ്യമുതലാളിമാരുടെ പക്ഷത്താണ് തങ്ങളെന്ന് ഒരിക്കൽക്കൂടി വ്യക്തമാക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. തന്മൂലമുണ്ടാകുന്ന സാമൂഹ്യപ്രത്യാഘാതങ്ങൾ അശേഷം ഇവർ പരിഗണിക്കുന്നില്ല. ടൂറിസം കേന്ദ്രങ്ങളിൽ ബാറുകളുടെ പ്രവൃത്തിസമയം 12 മണിവരെയാണെന്നും അത് എല്ലാ ബാറുകൾക്കും ബാധകമാക്കി ഏകീകരിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നുമുള്ള എക്സൈസ് മന്ത്രിയുടെ പ്രസ്താവനയും മൂന്നുമണിക്കുശേഷം ഒരു വിദേശി മദ്യം ചോദിച്ചാൽ എന്തുചെയ്യുമെന്നുള്ള ആശങ്കയും  മ്ലേച്ഛമെന്നേ പറയേണ്ടൂ.

പ്രവൃത്തിസമയം നീട്ടണമെന്ന ബാർമുതലാളിമാരുടെ ആവശ്യമാണ് പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള പഠനമോ ചർച്ചകളോ ഇല്ലാതെ ഏകപക്ഷീയമായി സർക്കാർ അംഗീകരിച്ചിരിക്കുന്നത്. മന്ത്രിസഭയുടെയോ മുന്നണിയുടെയോ അറിവില്ലാതെയാണ് ഈ നടപടി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ(ബെവ്കോ)ന് രാവിലെ 10 മുതൽ രാത്രി 9 വരെ പ്രവർത്തിക്കുന്ന 289 ഔട്ട്‌ലെറ്റുകളുണ്ട്. ഔട്ട്‌ലെറ്റുകളടച്ചാലും ബാറുകൾക്ക് കച്ചവടം ഉറപ്പിക്കുക എന്നതല്ലാതെ പ്രവൃത്തി സമയം ദീർഘിപ്പിക്കുന്നതിന് മറ്റ് കാരണങ്ങളൊന്നുമില്ല.  തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ബാർമുതലാളിമാരുമായി നടത്തുന്ന ഈ ഡീൽ കേരളത്തിന്റെ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന സാമൂഹ്യഭദ്രതക്ക് കനത്ത പ്രഹരമാണ് ഏൽപ്പിക്കുക.
ഘട്ടം ഘട്ടമായി മദ്യലഭ്യത കുറക്കും എന്ന് വാഗ്ദാനംചെയ്ത്, മദ്യവർജ്ജനം നയമായും പ്രഖ്യാപിച്ച്, പത്തുവർഷംമുമ്പ് പിണറായി സർക്കാർ അധികാരത്തിൽ വരുമ്പോൾ കേരളത്തിലെ ബാറുകളുടെ എണ്ണം വെറും 29 ആയിരുന്നു. ഇന്ന് 884 ആയി വർദ്ധിച്ചു. അടച്ചുപൂട്ടിയിരുന്ന മദ്യശാലകൾ തുറന്നു,  വർഷംതോറും പത്തുശതമാനം ബിവറേജസ് ഔട്ട് ലെറ്റുകൾ അടച്ചുപൂട്ടാനുള്ള തീരുമാനം റദ്ദുചെയ്തു,  ഡ്രൈ ഡേകളിൽ പ്രത്യേക ഇളവ്, ഐറ്റി പാർക്കുകൾ, വിമാനത്താവളങ്ങൾ, മെട്രോ സ്റ്റേഷനുകൾ, കെഎസ്ആർടിസി ബസ് സ്റ്റാൻഡുകൾ തുടങ്ങി നിശ്ചയിക്കപ്പെട്ട ഇടങ്ങളിൽ മദ്യവിൽപ്പന കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള അനുമതി, ഓൺ ലൈൻ വിൽപ്പന, ടൂറിസ്റ്റ് കേന്ദ്രങ്ങൾക്ക് പ്രത്യേക ഇളവുകൾ, ആഘോഷങ്ങൾക്ക് പ്രത്യേക പെർമിറ്റ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മദ്യനിയന്ത്രണാധികാരം (പഞ്ചായത്തിരാജ്, നഗരപാലിക ആക്ടിലെ 232,447 വകുപ്പുകൾ) എടുത്തുകളഞ്ഞു, വിദ്യാലയങ്ങളിൽനിന്നും ദേവാലയങ്ങളിൽനിന്നുമുള്ള ദൂരപരിധി ലഘൂകരിച്ചു, ദേശീയ, സംസ്ഥാന പാതകളിൽനിന്നുള്ള ദുരപരിധി 200ൽനിന്ന് 50 മീറ്ററാക്കി, തുടങ്ങി എവിടെയും മദ്യം ലഭ്യമാക്കാനുള്ള നടപടികളാണ് കഴിഞ്ഞ പത്തുവർഷമായി സർക്കാർ സ്വീകരിച്ചുപോരുന്നത്. ഇതെല്ലാം പോരാഞ്ഞാണ് ബ്രൂവറികളും ഡിസ്റ്റിലറികളും ആരംഭിക്കാനുള്ള നീക്കം. ഞങ്ങൾ തുറക്കുന്നത് ബാറുകളല്ല, സ്കൂളുകളായിരിക്കും എന്നായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ ആദർശവാക്യം. നാടെമ്പാടും മദ്യം കുത്തിയൊഴുക്കാൻ നടപടികൾ സ്വീകരിച്ചിട്ട് ലഹരിക്കെതിരെ ദീപം െതളിക്കുന്നതിനും എക്സൈസ് മന്ത്രിതന്നെ നേതൃത്വംകൊടുക്കുന്ന  വിചിത്രമായ ആചാരങ്ങളും നിലവിലുണ്ട്.


കഴിഞ്ഞ പത്തുവർഷംകൊണ്ട് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഹബ്ബായി കേരളം മാറിയിരിക്കുകയാണ്. ഇത് ഭരണനേട്ടമായി പിണറായി സർക്കാരിന് അവകാശപ്പെടാം. കേരളത്തിൽ ക്രിമിനൽ കേസുകൾ  ക്രമാതീതമായി വർദ്ധിച്ചതിന്റെ പ്രധാന കാരണം മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും യഥേഷ്ടമായ ലഭ്യതയാണ്. രാജ്യത്തെ ജനസംഖ്യയുടെ നാലുശതമാനത്തിൽ താഴെമാത്രമാണ് കേരളത്തിൽ ഉള്ളതെങ്കിലും മദ്യവിൽപ്പനയുടെ 16 ശതമാനം കേരളത്തിലാണ്. ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണ് കേരളത്തിലെ ഉപയോഗം. മുമ്പ് 300 പേരിൽ ഒരാൾ മദ്യപിച്ചിരുന്നിടത്ത് ഇപ്പോൾ 20 പേരിൽ ഒരാൾ മദ്യപിക്കുന്നു. ജനസംഖ്യയുടെ 5 ശതമാനം മദ്യത്തിന് അടിമകളാണത്രേ! 1980ൽ മദ്യ ഉപഭോക്താക്കളുടെ കുറഞ്ഞ പ്രായം 18 വയസ്സായിരുന്നുവെങ്കിൽ ഇന്ന് 11-12 ആയിരിക്കുന്നു. കേരളത്തിലെ മദ്യപരിൽ ഏറ്റവും കൂടുതൽ 21-45നും ഇടയിൽ പ്രായമുള്ളവരാണ്. പുരുഷൻമാരിൽ 60 ശതമാനവും സ്ത്രീകളിൽ 15 ശതമാനവും ലഹരി ശീലക്കാരാണ്. മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ പത്തുവർഷംകൊണ്ട് നാലിരട്ടി വർദ്ധനവുണ്ടായി. വാഹനാപകടങ്ങളിൽ 85 ശതമനവും മദ്യപാനംമൂലമാണ്. കേരളത്തിലെ റോഡുകളിൽ 40 ശതമാനവും ദേശീയപാതയിൽ 72  ശതമാനവും അപകടങ്ങൾ മദ്യപാനംമൂലമാണ്. മദ്യവിൽപ്പനശാലകൾക്ക് അവധിയുള്ള ദിവസങ്ങളിൽ റോഡപകടങ്ങളുട എണ്ണം കുറയുന്നുവെന്നും കണക്കുകൾ കാണിക്കുന്നു. ക്രിമിനൽ കുറ്റങ്ങളിൽ 87 ശതമാനത്തിനും പിന്നിൽ മദ്യവും മയക്കുമരുന്നുമാണ്. ഭാര്യമാരെ ഉപദ്രവിക്കുന്ന ഭർത്താക്കന്മാരിൽ 85 ശതമാനവും മദ്യപന്മാരാണ്. ഭക്ഷണാവശ്യങ്ങൾക്ക് ചെലവാക്കുന്നതിന്റെ മൂന്നിരട്ടിയാണ് മദ്യത്തിനുവേണ്ടി മലയാളി ചെലവാക്കുന്നത്. കേരളത്തിൽ ഒരു ദിവസം ശരാശരി 175 വിവാഹമോചനക്കേസുകൾ ഫയൽ ചെയ്യുന്നു. അതിൽ 80 ശതമാനത്തിന്റെയും കാരണം മദ്യപാനമാണ്. 2024ൽ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്തത് 27701 കേസുകളാണ്, അറസ്റ്റിലായത് 24517പേർ. ശരാശരി ഒരു ദിവസം 75 കേസുകൾ 67 പേർ അറസ്റ്റിലാകുന്നു. ഇതൊരു ചെറിയ കണക്കല്ല. എന്തുതരം ക്രൂരതയും ചെയ്യാൻ മടിയില്ലാത്ത അവസ്ഥയിലേക്ക് യുവതയെ എത്തിക്കുകയാണ് ലഹരിവസ്തുക്കൾ. (നാഷണൽ ക്രൈം റിക്കോർഡ്സ് ബ്യൂറോ, സ്റ്റേറ്റ് ക്രൈം റിക്കോർഡ്സ് ബ്യൂറോ, മാധ്യമം, ദി ഹിന്ദു, മാതൃഭൂമി റിപ്പോർട്ടുകൾ, ഓൺലൈൻ മാധ്യമങ്ങൾ).
മദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും ഉപഭോഗം വർദ്ധിക്കുന്നത് ലഭ്യതകൊണ്ടുമാത്രമാണ്. വിശേഷിച്ചും യുവാക്കളും വിദ്യാർത്ഥികളും സ്ത്രീകളും ഈ രംഗത്തേക്ക് കടന്നുവരുന്നത് എവിടെയും ഇത് സുലഭമാണ് എന്നതുകൊണ്ടാണ്. ഉപയോഗം കുറക്കണമെങ്കിൽ ലഭ്യത കുറക്കുകയാണ് സർക്കാർ ആദ്യം ചെയ്യേണ്ടത്. എന്നാൽ ഇവിടെ സംഭവിക്കുന്നത് നേരെ തിരിച്ചാണ്. നാടെമ്പാടും മദ്യവും ലഹരിയും കുത്തിയൊഴുകാൻ അവസരം സൃഷ്ടിച്ചിട്ട് വിമുക്തിയെന്ന് പ്രസംഗിച്ച് മെഴുകുതിരി കത്തിക്കുകയാണ് െചയ്യുന്നത്. ലഭ്യത കുറച്ചുകൊണ്ടു വന്നാൽ ഉപഭോഗം കുറയുമെന്നത് കോവിഡ് കാലത്തെ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.  സമൂഹത്തിൽ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നുവെന്നതിനെയും സ്ത്രീകൾക്കും ആൺ- പെൺഭേദമെന്യേ കുട്ടികൾക്കുംനേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നുവെന്നതിനെയും സ്ത്രീകളും കുട്ടികളും യുവാക്കളും പ്രതിസ്ഥാനത്തുവരുന്ന കുറ്റകൃത്യങ്ങൾ പെരുകുന്നു എന്നതിനെയും നിസ്സാരമായി കണ്ടുകൂടാ. ഇത് കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള ദുസ്സൂചനകളാണ്.

Share this post

scroll to top