എസ്‌യുസിഐ(സി) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് പുറപ്പെടുവിച്ച പ്രസ്താവന
സ്വകാര്യവൽക്കരണത്തിനായുള്ള നെട്ടോട്ടത്തിൽ, ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഇപ്പോൾ ഇന്ത്യൻ ഇൻഷുറൻസ് കമ്പനികളുടെ സമ്പൂർണ്ണ സ്വകാര്യവൽക്കരണത്തിന് വഴി തുറന്നിരിക്കുകയാണ്. 34 ലക്ഷം കോടിയിലധികം രൂപയുടെ ഫണ്ടുള്ള എൽഐസി ഉൾപ്പെടെയുള്ള ഇൻഷുറൻസ് മേഖലയിൽ 100% നേരിട്ടുള്ള വിദേശ നിക്ഷേപം (എ ഫ്ഡിഐ) അനുവദിക്കാനുള്ള തീരുമാനമെടുത്തുകൊണ്ടാണ് ഇത് ചെയ്തിരിക്കുന്നത്. മാത്രമല്ല, കുറഞ്ഞ പെയ്ഡ്-അപ്പ് മൂലധന ആവശ്യകതകൾക്കും (അംഗീകൃതമൂലധനത്തിന്റെ യഥാർത്ഥത്തിൽ അടച്ച ഭാഗം) അതുപോലെ സംയോജിത ലൈസൻസിംഗ് സംവിധാനത്തിനും (നിയന്ത്രണങ്ങൾ ലളിതമാക്കിയും ചെലവ് കുറച്ചും ജനറൽ, ലൈഫ് ഇൻഷുറൻസുകളിലേക്ക് പ്രവേശിക്കാനുള്ള ഒറ്റ പെർമിറ്റ്) അംഗീകാരം നൽകിയിട്ടുണ്ട്.
ഇതുവഴി വേഗത്തിലുള്ള ക്ലെയിം തീർപ്പാക്കൽ, വിപുലമായ ഉൽപ്പന്ന തിരഞ്ഞെടുപ്പുകൾ, മികച്ച ഡിജിറ്റൽ സേവനങ്ങൾ, കൂടുതൽ മത്സരാധിഷ്ഠിത വിലനിർണ്ണയം, ശക്തമായ നിയന്ത്രണസംരക്ഷണം എന്നിവ എളുപ്പമാകുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ, ഇത്തരം ആനുകൂല്യങ്ങൾ ഇൻഷ്വർ ചെയ്തവർക്ക് എങ്ങനെ ലഭിക്കുമെന്നതിനെക്കുറിച്ച് വ്യക്തമാക്കുന്നില്ല. നേരെമറിച്ച്, സ്വകാര്യ കമ്പനികൾ ലാഭം പരമാവധിയാക്കാൻ ശ്രമിക്കുന്ന തിനാൽ പ്രീമിയം വർദ്ധിപ്പിക്കാൻ ഈ തീരുമാനം കാരണമാകും. അവർ കൂടുതൽ ലാഭകരമായ നഗരമേഖലകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും, ക്ലെയിമുകൾ ശക്തമായി നിഷേധിക്കുകയും ചെയ്തേക്കാം, ഇത് കവറേജിന്റെ മൊത്തത്തിലുള്ള ചെലവിനെ പരോക്ഷമായി ബാധിച്ചേക്കാം. സർക്കാർ അവകാശവാദങ്ങൾക്ക് വിപരീതമായി, ഈ സമ്പൂർണ്ണ സ്വകാര്യവൽക്കരണം വിപണി ഏകീകരണത്തിലേക്ക് നയിക്കും. അതിലൂടെ ആധിപത്യമുള്ള ഏതാനും ചില ശക്തികൾ മാത്രമാകും രംഗത്ത് ഉണ്ടാകുക. തന്മൂലം ആരോഗ്യകരമായ മത്സരമില്ലായ്മ പ്രീമിയം വർദ്ധനവിന് കാരണമാകും. അമേരിക്ക, ജർമ്മനി, യു.കെ. എന്നിവിടങ്ങളിൽ വേരുകളുള്ള വിദേശ ഭീമൻ മൾട്ടിനാഷണലുകളെ ആകർഷിക്കാൻ വേണ്ടിയാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്.
ഇൻഷുറൻസ് വ്യവസായത്തിൽ കടുത്ത മത്സരം നിലനിൽക്കുന്ന അമേരിക്ക പോലുള്ള രാജ്യങ്ങളിൽ പോലും, ലാഭം വർദ്ധിപ്പിക്കുന്നതിനായി ക്ലെയിമുകൾ നിഷേധിക്കുകയും പേയ്‌മെന്റുകൾ വൈകിപ്പിക്കുകയും ചെയ്യുന്ന കുടില തന്ത്രങ്ങളിലും അധാർമ്മികപെരുമാറ്റങ്ങളിലും ഏർപ്പെട്ടതിലൂടെ നിരവധി വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്ന് എടുത്തുപറയേണ്ടതുണ്ട്. വലിയ സാമ്രാജ്യത്വരാജ്യങ്ങളിലെ ഡസൻ കണക്കിന് സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ ഊഹക്കച്ചവട നിക്ഷേപങ്ങളും അധാർമ്മികപ്രവർത്തനങ്ങളും കാരണം ഓരോ വർഷവും പാപ്പരായി പ്രഖ്യാപിക്കപ്പെടുന്നുണ്ട്.
അതുകൊണ്ട്, ബിജെപി സർക്കാരിന്റെ തികച്ചും ജനവിരുദ്ധവും ബഹുരാഷ്ട്ര കമ്പനികൾക്ക് അനുകൂലവുമായ ഈ നയത്തെ ഞങ്ങൾ ശക്തമായി എതിർക്കുന്നു. വിനാശകരമായതും അവിവേകപരവുമായ സ്വകാര്യവൽക്കരണ ശ്രമത്തെ ചെറുക്കാൻ, എല്ലാ വ്യവസായമേഖലകളിലുമുള്ള തൊഴിലാളിവർഗ്ഗം ഒരുമിക്കുകയും സുസംഘടിതവും ശക്തവുമായ പ്രക്ഷോഭം കെട്ടഴിച്ചുവിടുകയും ചെയ്യണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
